നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു വേനൽ പകൽ

Image may contain: 1 person, outdoor

ജൂലൈ മാസത്തിലെ ഈ കൊടും ചൂടിനെതടുക്കുവാൻ കാലപ്പഴക്കം ചെന്ന ഈ വണ്ടിയിലെ ശീതികരണ ഉപകരണത്തിന് ത്രാണിയില്ലാതായിരിക്കുന്നു.
പലവട്ടം കമ്പനിയെ അറിയിച്ചു ...പക്ഷെ വെറും ഡ്രൈവറായ എന്റെ ശബ്ദത്തെ തിരക്ക് അഭിനയിച്ച് കൊണ്ട് മാനേജർ തഴഞ്ഞു കൊണ്ടേയിരുന്നു.
സൈഡ് ഗ്ലാസ് പതിയെതാഴ്ത്തി .അല്പം കാറ്റെങ്കിലും കടന്നു വന്നെങ്കിൽ എന്നാശിച്ചു പോയി.
പക്ഷെ അഗ്നിയുടെ തലോടലേറ്റപോലെ ശരീരം പുകഞ്ഞു. വേഗം ഗ്ലാസുകളുയർത്തി.
തിളച്ചുമറിയുന്ന പാതയിലൂടെ കിഴവനായ എന്റെ പിക്കപ്പ് വാൻ കിതച്ചുകൊണ്ട് നക്ഷത്ര സൗധങ്ങളെ പിന്നിലാക്കി, വിജനമായ തരിശുനിലങ്ങളിലൂടെ ദൂരങ്ങൾ താണ്ടിക്കൊണ്ടിരുന്നു.
ചൂടിന്റെ അളവ് 55 ഡിഗ്രി കഴിഞ്ഞതിനാൽ ഖത്തർ ഭരണകൂടം ജോലിക്കാരുടെ ജോലിസമയം പുതുക്കി. പകൽ പതിനൊന്ന് മണിക്ക് ജോലി നിർത്തുക.
സ്വാഗതാർഹമായ തീരുമാനം. ഇവിടുത്തെ സർക്കാർ സാധാരണക്കാരോട് കാണിക്കുന്ന ഈ കാരുണ്യത്തിന്റെ കാരണംഎന്തുമാവട്ടെ, തൊഴിലാളികൾക്ക് ശരിക്കും ഇതൊരാശ്വാസമാണ്. അവരെ ജോലി സ്ഥലത്ത് എത്തിക്കുക,
ജോലി കഴിഞ്ഞിറങ്ങുന്നവരെ റൂമിൽ എത്തിക്കുക ഇതാണ് ഒരു ഡ്രൈവറായ എന്റെ ജോലി.
നാട്ടിൽ ഇപ്പോൾ മഴക്കാലം. ഇവിടെ ഉഷ്ണകാലവും ....കാലത്തിന്റെ വികൃതികൾ.
"മഴക്കാലമേഘം മലരൂഞ്ഞാലാട്ടിയത്.." ചുണ്ടിൽ ഈ പാട്ട് തത്തിക്കളിച്ചു.ആ ചൂടിൽഅല്പം കുളിരു തോന്നി.
പെട്ടെന്നാണ് വണ്ടി ഒന്നുലഞ്ഞത്.ഒപ്പം ഒരു ശബ്ദവും.
സ്റ്റിയറിംങ്ങ് കൈയ്യിൽ നിന്നും വഴുതി.
ഒരു വിധം വണ്ടി നിയന്ത്രണത്തിൽ കൊണ്ടു വന്നു.
ടയർ പഞ്ചറായിരിക്കുന്നു എന്ന് മനസ്സിലായി. വണ്ടി സുരക്ഷിതമായി ഒരുവശത്ത് ഒതുക്കി .
ഹസാർഡ് ഇന്റിക്കേറ്റർ ഓൺ ചെയ്തു.
വണ്ടി ഓഫ് ചെയ്തു. ഡോർ തുറന്നതും തീയിൽ ചവിട്ടിയ പോലെചൂട് വന്നു പൊതിഞ്ഞു.
പിന്നിൽ ഇടതുഭാഗത്തെ ടയറാണ്പഞ്ചർ.
ആരെയാണോ ഇന്ന് കണി കണ്ടത്...? അവനെ തന്നെ നാളെയും കാണണം. മനസ്സിൽ അവനെ ശപിച്ചു.
ഈ തീച്ചൂടിലിരുന്ന് ടയർ മാറ്റണം. ഓർത്തപ്പോൾ തന്നെ ഒരു വിറയൽ അനുഭവപ്പെട്ടു..!!
ജാക്കി എടുത്ത് പുറത്ത് വച്ചു.
സ്റ്റെപ്പിനി എടുക്കാൻ വണ്ടിയുടെ പിന്നിലെത്തി.
ഞെട്ടിപ്പോയി..
സ്റ്റെപ്പിനി ഇല്ല.
അപ്പോഴാണ് ഓർമ്മ വന്നത്...,സ്റ്റെപ്പിനി ടയറിൽ കാറ്റ് കുറവായതിനാൽ
കാറ്റ് നിറയ്ക്കാൻ സുഹൃത്തിന്റെ വണ്ടിയിൽ ഇന്നലെ രാത്രി കൊടുത്തയച്ച കാര്യം.
ഇനി ഇപ്പോൾ എന്താ ചെയ്യുക..?
കമ്പനിയെ അറിയിക്കാം. ഫോൺ എടുത്ത് നോക്കിയതും വീണ്ടും ഞെട്ടി .മൊബൈൽ സ്വിച്ച് ഓഫായിരുന്നു. ബാറ്ററി ചാർജ് തീർന്നിരിക്കുന്നു.
അടുത്തൊന്നും ഒരു തണൽ പോലുമില്ല. നിവർന്ന് കിടക്കുന്ന സുന്ദരിയാംമരുഭൂമിയും,
ഇടയ്ക്കിടെചീറിപ്പായുന്ന വാഹനങ്ങളും മാത്രം.
അറിയാതെ കൈ പാന്റിന്റെ കീശയിൽ പരതി .
പിന്നെയും ഞെട്ടി.
ഇല്ല. പേഴ്സും എടുത്തിട്ടില്ല.
മനസ്സിൽ ഒരു തരിപ്പ് അനുഭവപ്പെട്ടു.
'മനുഷ്യൻ എത്ര നിസ്സഹായനാണ് 'എന്ന സത്യം അറിഞ്ഞു.
വസ്ത്രങ്ങൾ വിയർപ്പിൽ നനഞ്ഞു.
ഹൈവേയിലൂടെ വാഹനങ്ങൾ ചീറിപ്പാഞ്ഞ് പൊയ്ക്കൊണ്ടിരുന്നു.
അല്പം മാറി പച്ച നിറമുള്ള സ്ഥലസൂചികാ ബോർഡിൽ - അൽഖോർ 29 KM - എന്ന് അറബിയിലും ,ഇംഗ്ലീഷിലും കണ്ടു.
അടുത്ത ടൗൺ ഇനി 29 km മുന്നിലേയ്ക്ക് പോകണം.
ദാഹത്താൽ തൊണ്ട വറ്റിവരണ്ടു..
കൂടെ വിശപ്പും .. പ്രഭാത ഭക്ഷണം പോലും മറന്നുള്ള ഓട്ടമായിരുന്നു.
ഈ ചൂടിൽ തളർന്ന് വീണുപോകുമോ..?
റോഡിലേയ്ക്ക് അല്പംകയറി നിന്ന് വരുന്ന വാഹനങ്ങൾക്ക് കൈ വീശി. ....സഹായത്തിന് വേണ്ടി.
ആരും ശ്രദ്ധിച്ചതേയില്ല.ചിലയാളുകൾ ഒന്നു ചിരിച്ചിട്ട് ആക്സിലേറ്റർ ഒന്നൂടെ അമർത്തി വേഗം പോയിമറയുന്ന കാഴ്ച ദയനീയമായി നോക്കി നിന്നു.
ഇത് പോലെ എത്ര പേർ തനിക്ക് നേരേ കൈ നീട്ടിയിട്ടുണ്ട്...? പക്ഷെ അവരെ ശ്രദ്ധിക്കാതെ പോവുകയാണ് പതിവ്. ചിലനേരങ്ങളിൽ വണ്ടി വേഗം കുറയ്ക്കുന്ന പോലെ ഭാവിക്കും. അത് കണ്ട് അവർ ഓടി വരും. ആ സമയം വണ്ടി വീണ്ടും മുന്നോട്ട് എടുക്കും. ഇളിഭര്യയായ് നിൽക്കുന്നവരെ കാണുമ്പോൾ മനസ്സിലൊരു സന്തോഷം തോന്നിയിരുന്നു. അതിന്റെയൊക്കെ ആകെ ഫലമാണ് ഈ അവസ്ഥ .അവരുടെയെല്ലാം ശാപമേറ്റായിരിക്കാം തനിക്കും ഈ അനുഭവം.
ദൂരെ എരിയുന്ന തീ കുണ്ഡത്തിൽനിന്നും പുറത്ത് വരുന്ന വാഹനങ്ങൾ വീണ്ടും തീകുണ്ഡത്തിൽ തന്നെ അലിഞ്ഞ് ചേരുന്നു.
രണ്ട് മണിക്കൂർ കഴിഞ്ഞിരിക്കുന്നു ഈ നിൽപ് തുടങ്ങിയിട്ട്.
വസ്ത്രങ്ങൾ വിയർപ്പിനാൽ ശരീരത്തോട് ഒട്ടിപ്പിടിച്ചിരിക്കുന്നു.
ഈ അവസ്ഥ ആർക്കും വരുത്തല്ലേയെന്ന് ദൈവത്തോട് പ്രാർത്ഥിച്ചു.
ഒരു കറുത്ത ആഢംബര കാറ് വരുന്നത് കണ്ട് അതിനും കൈ കാണിച്ചു.അതും കടന്ന് പോയി....
തളർച്ചയോടെ മുട്ടുകുത്തി ഇരുന്നു പോയി.
അപ്പോഴാണ് കണ്ടത് തന്നെ കടന്ന് പോയ വാഹനം പിന്നിലേയ്ക്ക് വരുന്നു.
വിശ്വാസം വരാതെ പിന്നെയും നോക്കി. സത്യമാണ്.
ഓടിയാണ് അതിനടുത്തെത്തിയത്.
കറുത്ത ഫിലിം ഒട്ടിച്ച സൈഡ് ഗ്ലാസ് പതിയെതാഴ്ന്നു.
വണ്ടിക്കുള്ളിലെ തണുത്ത കാറ്റ് അല്പം വഴി തെറ്റി എന്നിൽ പതിഞ്ഞു.
വേനലിലെ മഴ പോലെ അനുഭൂതി പകർന്നു.
സുമുഖനായ ഒരു ചെറുപ്പക്കാരൻ. പുഞ്ചിരിച്ച് കൊണ്ട് ഡ്രൈവർ സീറ്റിൽ... ഖത്തറിയാണെന്ന് വേഷം പറയുന്നു.
"എബ്ബി ,ഷോയ് മോയബാബ .. " [ എനിക്ക് അല്പം വെള്ളംതരു ..] അറിയാവുന്ന അറബിയിൽ യാചിച്ചു.
ആ സമയം ഞാനൊരു സാധാ മനുഷ്യൻ മാത്രമാണെന്ന് തിരിച്ചറിഞ്ഞു.
ആ ചെറുപ്പക്കാരൻ വേഗം വണ്ടിയിൽ നിന്നും ചെറിയ ബോട്ടിൽ വെള്ളം എടുത്ത് തന്നു.
ഒരു വിധം ബോട്ടിലിന്റെ അടപ്പ് തുറന്ന് വായിലേയ്ക്ക് കമഴ്ത്തി.
ജീവിതത്തിലിന്നേവരെ അറിയാത്ത സ്വാദോടെ വറ്റിവരണ്ട ഉഷ്ണമേഘലകളിലൂടെ അമൃതായി ആ ജലം ഒഴുകിയിറങ്ങി.
ബോട്ടിൽ കാലിയായി...ഒരു ദീർഘനിശ്വാസം എന്നിൽ നിന്നുയർന്നു.
അത് ശ്രദ്ധയിൽപ്പെട്ട് കൊണ്ടാവണം.
'ഇനിയും വേണോ ..?' എന്നാ ചെറുപ്പക്കാരൻ ആഗ്യ ഭാഷയിൽ ചോദിച്ചു.
മതി .. എന്ന് പറയുമ്പോൾ എന്റെ കണ്ണുകളിൽ നന്ദിയുടെ പൂക്കൾകണ്ണീരായ് നിറഞ്ഞ്നിന്നിരുന്നു.
'എന്താണ് സംഭവിച്ചത് ' ആ ചെറുപ്പക്കാരൻ അറബിയിൽ ചോദിച്ചു, 1
അറിയാവുന്ന ഭാഷയിൽ പറഞ്ഞ് ഒപ്പിച്ചു.
ചെറുപ്പക്കാരൻ വണ്ടിയിൽ നിന്നിറങ്ങി.
ഉടുത്തിരുന്ന തോപ്പ് ,[അറബി വസ്ത്രം] മുണ്ട് കയറ്റി കുത്തുന്ന പോലെ കുത്തി.
എന്നെ കാഴ്ചക്കാരനായി നിർത്തിയിട്ട് ജാക്കി വച്ച് വണ്ടി ഉയർത്തി. ഒരു മെക്കാനിക്കിന്റെ മെയ് വഴക്കത്തോടെ പഞ്ചറായ ടയർ അഴിച്ചെടുത്ത് ചെറുപ്പക്കാരന്റെ കാറിന്റെ ഡിക്കിയിൽ വച്ചു.
വില കൂടിയ പെർഫ്യൂമിന്റെ സുഗന്ധം വഹിക്കുന്ന ആ ദൈവദൂതൻ ,എന്നെയും കാറിൽ കയറ്റി പഞ്ചർ കട ലക്ഷ്യമാക്കി കുതിച്ചു.
സ്വർഗ്ഗത്തിൽ കടന്ന പോലെ തോന്നി ആ കാറിനുള്ളിൽ കയറിയപ്പോൾ..
വിയർപ്പ് താണു ..
ശ്വാസം നേരെയായി..
പതിയെ തണുപ്പ് അസ്ഥികളിലേയ്ക്ക് അരിച്ചിറങ്ങിത്തുടങ്ങി.
ചെറുപ്പക്കാരൻ അറബിയിൽ വിശേഷങ്ങൾ ചോദിച്ച് കൊണ്ടിരുന്നു.
അറിയാവുന്ന അറബിയിൽ ഉത്തരവും കൊടുത്തു..
പെട്രോൾ പമ്പിനുള്ളിലെ പഞ്ചർ ഒട്ടിക്കുന്ന കടയിൽ ടയറിന്റെ പഞ്ചറും ഒട്ടിച്ചു.അതിന്റെ പൈസയും ത്തചെറുപ്പക്കാരൻ തന്നെ കൊടുത്തു.
പിന്നെ എന്നെയും കൂട്ടി അടുത്ത കഫ്റ്റീരിയായിലെത്തി. രണ്ട് സാൻവിച്ച് ഓർഡർ ചെയ്തു.
അടുത്തടുത്തുള്ള കസേരയിൽ സാൻവിച്ചിനായ് കാത്തിരിക്കുമ്പോൾ ആ ചെറുപ്പക്കാരൻ എന്നെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് നല്ല ശുദ്ധമായ പച്ചമലയാളത്തിൽ പറഞ്ഞു തുടങ്ങി.
"സഹോദരാ.. ഞാനും മലയാളി തന്നെയാണ്."
കണ്ണ് മിഴിച്ചിരുന്നു പോയി ഞാൻ. ചെറുപ്പക്കാരൻ തുടർന്നു.
"ഇവിടെ ഒരു അറബി വീട്ടിൽ ഹൗസ് ഡ്രൈവറായ് ജോലി നോക്കുന്നു. കഫീലിന് ഒരേ നിർബന്ധം ഈ വേഷം ധരിക്കണമെന്ന്..... അതാണ് താങ്കൾ എന്നെ അറബിയായി തെറ്റിദ്ധരിച്ചത് എന്ന് മനസ്സിലായി. "
ഈ സമയം സാൻവിച്ച് എത്തിയിരുന്നു.
എന്റെ കണ്ണുകളിലെ വിശപ്പ് കണ്ടാവണം
" കഴിക്കൂ.. "
എന്ന് ആ ചെറുപ്പക്കാരൻ പറയാൻ കാത്ത് നിന്നപോലെ ഞാൻ തീറ്റി ആരംഭിച്ചു.
" കഴിഞ്ഞ ദിവസം ഷിമാൽ റോഡിൽവച്ച് ഇത് പോലെ ബാറ്ററി ഡൗണയതിനാൽ എന്റെ വണ്ടി ഓഫായിപ്പോയിരുന്നു. ആ വെയിലിൽ നിന്ന് ഞാൻ എല്ലാ വണ്ടിക്കും കൈ കാണിച്ചു.
ഒരു വണ്ടി നിർത്തി .ഞാൻ ഓടി അടുത്തെത്തിയതും ,ആ വണ്ടി വീണ്ടും കുറച്ചുകൂടി മുന്നോട്ട് പോയി... വീണ്ടും ഞാൻ ഓടി അടുത്തെത്തിയതും ആ വണ്ടി പിന്നെയും മുന്നോട്ട് പോയി.. അപ്പോഴാണ് എനിക്ക് മനസ്സിലായത് ആ വണ്ടിക്കാരൻ എന്നെ കബളിപ്പിക്കുകയാണെന്ന്... മനസ്സ് നൊന്താണ് ഞാൻ മടങ്ങിയത്.."
ചെറുപ്പക്കാരൻ ഗ്ലാസിൽ വെള്ളമെടുത്ത് കുടിച്ച് കൊണ്ട് തുടർന്നു.
"എന്തൊരവസ്ഥയാണ് അല്ലെ..അത്..?"
അതൊരു ചോദ്യമായ് എന്നിൽ തറച്ചു.
" പക്ഷെ ,അന്ന് ഞാൻ ആ വണ്ടി നമ്പർ ശ്രദ്ധിച്ചിരുന്നു .വേഗം മറക്കാനാവാത്ത ഒരു നമ്പറായിരുന്നു അത്. "
ചെറുപ്പക്കാരൻ ഒന്ന് നിർത്തി ...എന്നിട്ട് എന്റെ മുഖത്തേയ്ക്ക് നോക്കി തുടർന്നു.
" - 101 101 - ഈ നമ്പർ പെട്ടന്ന് മറക്കുവാനാകുമോ.. സുഹൃത്തെ..??"
ആ നമ്പർകേട്ട് ,ഞാൻ സ്തബ്ധനായി ഇരുന്നു പോയി .സാൻവിച്ച് അറിയാതെ കയ്യിൽ നിന്നും ഊർന്ന് താഴെ വീണു.
-101 101 - ഈ നമ്പർ എന്റെ വണ്ടിയുടെതായിരുന്നു...
- - - - - - - ശുഭം -------
By
✍Nizar vh .

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot