Slider

നിറമണിയുന്ന ജീവിതങ്ങൾ

0

അവൾ തന്റെ ഛായക്കൂട്ട് തുറന്നു.. മനുഷ്യരും പ്രകൃതിയും അവളുടെ ക്യാൻവാസിൽ വർണ്ണമഴ തീർത്തു... ചിത്രങ്ങളായിരുന്നു അവളുടെ ലോകം.. പല തരത്തിലുള്ള നിറങ്ങൾ ചാലിച്ച് മനോഹരമായ ചിത്രങ്ങൾക്ക് അവൾ ജീവൻ നൽകി..
അവൾ മലീഹ....
പനക്കൽ മൊയ്തീന്റെയും ആയിഷയുടെയും ഇളയ സന്തതി.. പാതി തളർന്ന ശരീരവുമായാണ് മലീഹയുടെ ജനനം.. മരുന്നുകൾ അവളുടെ നിത്യ കൂട്ടുകാരിയാണ്...
ഒരു പക്ഷേ ഭക്ഷണത്തേക്കാൾ കൂടുതൽ മരുന്നുകളാവും അവൾ കഴിച്ചിട്ടുണ്ടാവുക..
റൂമിൽ കളിപ്പാട്ടങ്ങൾക്ക് പകരം ഒഴിഞ്ഞ് കിടക്കുന്ന മരുന്ന് കുപ്പികളായിരുന്നു കൂട്ട്...
നിരവധി ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല.. അവളുടെ തളർന്ന ശരീരം കുടുംബത്തിന് എന്നും ഒരു ഭാരമായിരുന്നു..
മലീഹയുടെ ചികിത്സാ ചെലവ് ഭീമമായിരുന്നു.. അതിന്റെ പേരിൽ ഉമ്മയും ഉപ്പയും വഴക്കുകൂടുന്നത് ആ കുഞ്ഞു കണ്ണുകൾക്ക് സ്ഥിരം കാഴ്ചയായി മാറി..
അവസാനം സ്വന്തം പിതാവ് വരെ രണ്ടാം വയസ്സിൽ അവളെ ഉപേക്ഷിച്ചു പോയി....അപ്പോഴും തളർന്നില്ല ഉമ്മ ആയിഷ... തയ്യൽ ജോലിയെടുത്ത് മകൾക്കാവശ്യമായ മരുന്നുകൾ വാങ്ങി...
പല തവണ ആ ഉമ്മ പട്ടിണി കിടന്നിട്ടുണ്ട് ആ വയറൊന്ന് നിറയാൻ.... ആ കുഞ്ഞിക്കണ്ണുകൾ നിറയുന്നത് കാണാൻ ആ മാതൃത്വത്തിന് കഴിയില്ലായിരുന്നു...
ഹൃദയത്തെ കീറി മുറിക്കാൻ ഉതകുന്ന പരിഹാസത്തിന്റെ മൂർച്ചയുള്ള വാക്കുകൾ സഹോദരങ്ങളിൽ നിന്നും അവൾക്ക് കേൾക്കേണ്ടി വന്നു.. അവഗണനയുടെ കൈപ്പുനീരിലും അവൾക്ക് താങ്ങായി തളരാത്ത മനസ്സുമായി ഉമ്മ ആയിഷ മാത്രമേ കൂട്ടിനുണ്ടായിരുന്നുള്ളൂ.......
രാത്രിയുടെ യാമങ്ങളിൽ ഒരു പാട് തവണ അവൾ പൊട്ടിക്കരഞ്ഞിട്ടുണ്ട്.. ശപിച്ചിട്ടുണ്ട് തന്റെ ഈ ജന്മത്തെ....
ആർക്കും ഉപകാരമില്ലാതെ, ഒന്നിനും കൊള്ളാതെ, ജീവച്ഛവമായി കിടക്കാനാണോ തന്നെ ഈ ഭൂമിയിലേക്ക് അയച്ചത് എന്നോർത്ത് ഹൃദയം നൊന്ത് ദൈവത്തോട് ചോദിച്ചിട്ടുണ്ട്...
വാടക വീടാണ് മലീഹയുടേത്.. തയ്യൽ ജോലിയിൽ നിന്നും കിട്ടുന്ന തുച്ഛ വരുമാനം കൊണ്ട് വാടക അടക്കാൻ ആ ഉമ്മ പാടുപെടുന്നത് മലീഹ ക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു..
അപ്പോഴാണ് തന്റെ കാലുകൾക്ക് നടക്കാനായെങ്കിൽ എന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചത്..
പ്രാഥമിക കർത്തവ്യങ്ങൾ നിർവ്വഹിക്കാൻ പോലും ഉമ്മയുടെ സഹായം വേണമായിരുന്നു അവൾക്ക്...
ആ ഉമ്മ മകൾക്ക് താങ്ങും തണലുമായി കൂടെ നിന്നു...
പിച്ച വെച്ച് നടക്കാൻ പോലും മലീഹക്ക് വയ്യ.. ആഗ്രഹമില്ലാഞ്ഞിട്ടല്ല.. ശരീരം അനുവദിക്കുന്നില്ല...
രണ്ട് കൈകൾ മാത്രം ചലിക്കുന്ന തനിക്ക് അതിനേ സാധിക്കൂ... എങ്കിലും വിധിയെ പഴിച്ച് ഒരു മൂലയിലൊതുങ്ങാൻ അവളുടെ മനസ്സ് സമ്മതിച്ചില്ല...
നിറങ്ങൾ കൊണ്ട് അവൾ വിസ്മയം തീർത്തു..
തന്റെ എല്ലാമായ ഉമ്മയുടെ ചിത്രം പേനകൊണ്ട് ചുവരിൽ വരച്ചായിരുന്നു ചിത്രരചനയുടെ തുടക്കം.. മകളുടെ കഴിവ് കണ്ടറിഞ്ഞ ഉമ്മ അവൾക്ക് വരക്കാൻ ഛായവും ബ്രഷും വാങ്ങിക്കൊടുത്തു.. കണ്ടതും കൺമറഞ്ഞതും പേപ്പറിൽ പകർത്തി..
എല്ലാം ജീവൻ തുടിക്കുന്ന ചിത്രങ്ങൾ..
ചിത്രങ്ങളുടെ മനോഹാരിത കണ്ട് ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും ഉമ്മ ആയിഷ പൊന്നുമോൾക്ക് പ്രോത്സാഹനം നൽകി..
വിരൽ തുമ്പുകൾ കൊണ്ട് അവൾ മായാജാലം തീർത്തു... ഇരു കൈൾ കൊണ്ടും അങ്ങോട്ടും ഇങ്ങോട്ടും എഴുതാനുള്ള കഴിവ് അവളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കി..
ചിത്രത്തോടൊപ്പം അക്ഷരങ്ങളും അവൾക്കായി ആയിഷ പകർന്നു നൽകി.. നാലാം ക്ലാസുവരെ വീട്ടിലിരുന്ന് പഠിച്ചു.. പിന്നെ അടുത്തുള്ള ഹയർ സെക്കന്ററി സ്കൂളിൽ ചേർന്നു.. ആദ്യമൊക്കെ വിദ്യാർത്ഥികൾ സഹതാപത്തോടെ നോക്കി... അവളുടെ കഴിവുകൾ അടുത്തറിഞ്ഞപ്പോൾ മലീഹ അവർക്കെല്ലാം മാലാഖയായിരുന്നു... ക്യാൻവാസിൽ വർണ്ണങ്ങൾ കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന മാലാഖ..
അവൾ പഠനത്തിലും ഒന്നാമതായി മാറി. പിന്നീടങ്ങോട്ട് അവൾക്ക് സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു..
സ്കൂളിൽ ചിത്രരചനയിൽ പങ്കെടുത്തു ഒന്നാം സ്ഥാനം നേടിയെങ്കിലും തുടർന്നുള്ള മത്സരങ്ങളിൽ പങ്കെടുക്കാൻ ശരീരം അവളെ അനുവദിച്ചില്ല..
മലീഹയുടെ ചിത്രങ്ങൾ തേടി നിരവധി പേർ സ്കൂളുകളിലും അവളുടെ വീട്ടിലുമെത്തി.. അത് വരെ തന്റെ ശാരീരിക വൈകല്യങ്ങളെ പുച്ഛിച്ച, സഹതാപത്തോടെ നോക്കിയവർ വരെ പ്രശംസിക്കാൻ തുടങ്ങി..
വലിയ വില വരുന്ന ഛായക്കൂട്ടുകളായിരുന്നു പലപ്പോഴും വരക്കാനായി വേണ്ടിയിരുന്നത്.. പലപ്പോഴും പണം തികയാത്തത് കാരണം പെയിന്റുകൾ വാങ്ങാൻ കഴിഞ്ഞില്ല...
എങ്കിലും ലഭിക്കുന്ന വർണ്ണങ്ങൾ വെച്ച് അവൾ അതി മനോഹരമായി ചിത്രങ്ങൾ വരച്ചു.. അവളുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു ആ ചിത്രങ്ങളിൽ മുഴുവൻ...
കഷ്ടത നിറഞ്ഞ ജീവിതങ്ങൾക്കിടയിൽ തല ചായ്ക്കാൻ സ്വന്തമായൊരു വീട് മലീഹയുടെ സ്വപ്നമായിരുന്നു..
ഭാഗികമായി തളർന്ന കൈൾ അവൾക്കിന്ന് അനുഗ്രഹമാണ്...
തന്റെ സ്വപ്ന സാക്ഷാത്കരത്തിനായി മലീഹ ഇന്നും പ്രയാണത്തിലാണ്..
തളരാത്ത മനസുമായി...
ജ്വലിക്കുന്ന പ്രഭയായ്....
- fathimashabana--
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo