നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്റെ ഭർത്താവ്...(കഥ)

Image may contain: 1 person, outdoor

വിറയ്ക്കുന്ന കൈകളോടെ സൗമ്യമൊബൈൽ എടുത്ത് ചെവിയിൽ ചേർത്തു. അങ്ങേ അറ്റത്ത് നിന്ന് തീയുണ്ടകൾ പോലെ മനോജിന്റെ വാക്കുകൾ അവളുടെ ചെവിയിൽ വീണു.
"എന്തു തീരുമാനിച്ചു നീ, എന്തായാലും ഒരു മറുപടി നീ ഇന്നു തരണം. നിനക്ക് നിന്റെ ഇപ്പോഴത്തെ ജീവിതം വേണമെന്നുണ്ടെങ്കിൽ ഞാൻ പറയുന്നത് നീ അനുസരിക്കും.മറിച്ച് പറ്റില്ല എന്നാണെങ്കിൽ നീ ഉറപ്പിച്ചോ, നിന്റെ ജീവിതം ഇവിടെ തീർന്നു ".
മറുപടിയായ് ഒരു പൊട്ടിക്കരച്ചിലാണ് മനോജ് കേട്ടത്.കൂടെ അവളുടെ ഏങ്ങലടിച്ചുള്ള സംസാരവും.
" മനോജ്, നിനക്ക് ഇനിയും മതി ആയില്ലേ, ഞാൻ നിന്റെ കാലു പിടിക്കാം, ഇനിയും എന്നെ ഉപദ്രവിക്കരുത്.ഞങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ.. കുറച്ച് മുമ്പായിരുന്നെങ്കിൽ നീ ഇങ്ങനെ പറഞ്ഞതെങ്കിൽ തീർത്തു കളഞ്ഞേ നേ എന്റെ ജീവിതം.ഇപ്പോൾ അതിനെനിക്ക് കഴിയില്ല. മനോജ് പ്ലീസ്..... "ബാക്കി പറയാൻ കരച്ചില് കൊണ്ടവൾക്ക് കഴിഞ്ഞില്ല.
" വേണ്ടാ, കൂടുതലൊന്നും പറയണ്ടാ.....". ഞാൻ പറഞ്ഞ രണ്ട് ആവശ്യങ്ങളും നിനക്ക് സമ്മതിക്കാവുന്നതേ, ഉള്ളൂ. ഒരിക്കൽ കൂടി എനിക്ക് നിന്റെ ശരീരം വേണം. ഇതു വരെ എന്റെ ജീവിതത്തിൽ കടന്നു പോയിട്ടുള്ള ഒരു പെണ്ണിനും നിന്റെ ഉടലഴക് ഞാൻ കണ്ടിട്ടില്ല. പിന്നെ ഞാൻ ചോദിച്ചത് കുറച്ച് പണമാണ്. അത് ഒരിക്കലും നിനക്ക് ഒരു വലിയ തുകയല്ലാന്ന് എനിക്കറിയാം.നിന്റെ ഭർത്താവിന്റെ ഒരു മാസത്തെ സാലറി അത്രേ ഉള്ളൂ. ഇതിനു നീ സമതിച്ചാൽ ഇപ്പോൾ കഴിയുന്നത് പോലെ നിനക്ക് ഹാപ്പിയായ് കഴിയാം, ഇല്ലെങ്കിൽ എല്ലാം അവസാനിച്ചിരിക്കും." അവൾ എന്തെങ്കിലും തിരിച്ച് പറയുന്നതിനു മുമ്പ് അവൻ ഫോൺ കട്ട് ചെയ്തു.ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞ് അവൾ തലയണയിൽ മുഖമമർത്തി പൊട്ടിക്കരഞ്ഞു. കുറച്ച് നേരത്തെ ആലോചനക്ക് ശേഷം അവൾ മനസിലുറപ്പിച്ചു - ആത്മഹത്യ ചെയ്താലും ശരി, അവൻ പറഞ്ഞതൊന്നും നടക്കാൻ പോകുന്നില്ല.
കോളേജിൽ പഠിക്കുന്ന സമയത്തുണ്ടായ പ്രണയമായിരുന്നു - മനോജുമായിട്ട്. കോളേജിലെ ഹീറോ യോട് തോന്നിയ ഒരു ആരാധന.ശരിയാണ്.... താനാണ് അവന്റെ പുറകിൽ നടന്ന് പ്രണയിച്ചത്.പിന്നീടെപ്പോഴോ അവനും പ്രണയിച്ചു.കല്യാണം കഴിച്ചോളാമെന്ന് ഒരിക്കലും അവൻ തന്നോട് പറഞ്ഞിരുന്നില്ല.ദിവ്യ പ്രണയം ഉണ്ടായിരുന്നത് തനിക്കു മാത്രമാണ്. സ്നേഹത്തിലൂടെ അവന്റെ മനസ്സ് മാറ്റിയെടുക്കാമെന്ന് വിചാരിച്ചു.അതിന് കൊടുക്കേണ്ടി വന്നത് സ്വന്തം ശരീരം ആയിരുന്നു'. അതിനായ് അവനൊരുക്കിയ കെണിയിൽ താൻ ചെന്നു വീഴുകയായിരുന്നു. ആദ്യം എതിർത്തെങ്കിലും അവൻ സ്നേഹംഅഭിനയിക്കുകയായിരുന്നു, ഒറ്റത്തവണ എന്നു പറഞ്ഞ്.." അവസാന നിമിഷം വരെ ശ്രമിക്കും ഞാൻ നിന്നെ വിവാഹം കഴിക്കാൻ, എന്നു പറഞ്ഞ് കരഞ്ഞ് ചേർത്ത് പിടിച്ചപ്പോൾ അതുവരെ കരുതി വെച്ചിരുന്ന ധൈര്യം ചോരു കയായിരുന്നു. ഒരു പുരുഷന്റെ കരവലയത്തിലകപ്പെട്ട ഒരു പെണ്ണ് മാത്രമായ് മാറുകയായിരുന്നു.
ഒടുവിൽ എല്ലാം കഴിഞ്ഞപ്പോൾ അവൻ കാലു മാറി. കണ്ടാൽ മിണ്ടാതായി. എന്നെ ചതിക്കരുതേയെന്ന് കാല് പിടിച്ച് പറഞ്ഞിട്ടും അവന്റെ മനസലിഞ്ഞില്ല." ഞാനല്ല, നിന്റെ പുറകെ നടന്നത്, നീയാണ് എന്റെ പുറകെ വന്നത്. പിന്നെ എന്റെ ജീവിതത്തിലെ ആദ്യത്തെ പെണ്ണ് നീയൊന്നുമല്ല -ഒരു കല്യാണം, കുടുംബ ജീവിതം ഇതൊന്നും ഞാൻ ആഗ്രഹിക്കുന്നുമില്ല. നിനക്ക് വേണമെങ്കിൽ ഇത് തുടരാം - പക്ഷേ കൂടുതൽ ഒന്നും നീ ആഗ്രഹിക്കരുത് " .ഇതായിരുന്നു അവന്റെ മറുപടി. അന്നു ആത്മഹത്യ മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്. ചാകാൻ വേണ്ടി തന്നെയാണ് ഓടിച്ചിരുന്ന സ്കൂട്ടർ പാലത്തിന്റെ മുകളിൽ നിന്ന് താഴോട്ട് ചാടിയത്. പക്ഷേ ആരൊക്കെയോ ചേർന്ന് രക്ഷിച്ചു. ഹോസ്പിറ്റലിലും വീടിലുമായി പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ ആറു മാസം.ആക്സിഡന്റിന്റെ ആഘാതമെന്ന് എല്ലാവരും കരുതി. പക്ഷേ സത്യം തനിക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ. പിന്നീടങ്ങോട്ട് സ്നേഹിക്കാൻ മാത്രം അറിയാവുന്ന വീട്ടുകാരും, കൂട്ടുകാരും, കൂടി തന്നെ മാറ്റി എടുക്കുകയായിരുന്നു. ഉപേക്ഷിച്ച കളിയും ചിരിയും മെല്ലെ ജീവിതത്തിലേക്ക് തിരിച്ചു വന്നു. അങ്ങനെയാണ് സതീഷേട്ടന്റെ അച്ഛൻ വിവാഹാലോചനയുമായി വീട്ടിലേക്ക് വന്നത്. എതിർക്കാവുന്നതിന്റെ പരമാവധി എതിർത്തു.അമ്മയുടേയും അച്ഛന്റെയും കണ്ണുനീരിനു മുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞതെല്ലാം മറന്ന് പുതിയൊരു ജീവിതത്തിനു താനും തയ്യാറായി.സതീഷേട്ടനുമായുള്ള വിവാഹം നടന്നു.
ആദ്യത്തെ ദിവസം തന്നെ മനസിലായി ഉള്ളിൽ സ്നേഹം മാത്രമുള്ള ഒരാളാണെന്ന്.തരുന്ന സ്നേഹത്തിന്റെ ആയിരം ഇരട്ടിതിരിച്ചു കൊടുത്ത് ഒരിക്കൽ പറ്റിയ തെറ്റിന് പ്രായശ്ചിത്തം ചെയ്തു കൊണ്ടിരിക്കുകയാണ് ഇന്നലെ വരെ. കല്യാണം കഴിഞ്ഞ് ഇത്രേം നാളായിട്ടും സതീഷേടനോട് ഒരു ചെറിയ കള്ളം പോലും പറഞ്ഞ് വഞ്ചന കാട്ടിയിട്ടില്ല. മനോജ് വിളിച്ച കാര്യം അറിഞ്ഞാൽ ഇത്രേം നാള് കൊണ്ടുണ്ടാക്കിയ ഈ സമാധാന ജീവിതം തകരുമെന്ന് ഉറപ്പാണ്.സതീഷേട്ടനില്ലാതെ ഇനി തനിക്ക് ജീവിക്കാനും കഴിയില്ല. ചെറുതായി വലുപ്പം വെച്ചു വരുന്ന വയറിൽ അവളൊന്ന് തടവി.
കുറച്ച് നേരത്തെ ആലോചനക്ക് ശേഷം അവൾ മൊബൈൽ എടുത്ത് മനോജിനെ വിളിച്ചു.
" മറ്റന്നാൾ രാവിലെ മനോജിന് എന്റെ വീട്ടിലേക്ക് വരാം. മറ്റെന്തിനേക്കാളും വലുത് ഇപ്പോ എനിക്കെന്റെ ജീവിതമാണ്. "
അവളുടെ ഉറച്ച സ്വരം കേട്ട് മനോജ് ഒന്നു പുഞ്ചിരിച്ചു.
"നീ സമ്മതിക്കും എന്ന് എനിക്കറിയാമായിരുന്നു. ഞാൻ വരും .. "
അവർ സംസാരിച്ചു തീരുമ്പോഴേക്കും കോളിംഗ് ബെൽ അടിക്കാൻ തുടങ്ങിയിരുന്നു. വേഗം മുഖം കഴുകിത്തുടച്ച് അവൾ വാതിൽ തുറന്നു.കൈയിൽ ബേക്കറി പലഹാരങ്ങളുടെ കവറുമായ് നിൽക്കുന്ന സതീഷ്.ഒരു പുഞ്ചിരിയോടെ അവളത് വാങ്ങി, അവളെയും ചേർത്ത് പിടിച്ച് അയാൾ ഉള്ളിലേക്ക് നടന്നു.
പറഞ്ഞ ദിവസം രാവിലെ 10 മണിയായപ്പോൾ മനോജിൻ്റെ ബെെക്ക് സൗമ്യയുടെ വീടിൻ്റെ ഗേറ്റ് കടന്ന് അകത്തേക്ക് വന്നു.ബെല്ലിൽ കെെ അമർത്തി അയാൾ പുറത്ത് നിന്നു.കുറച്ചു സമയം കഴിഞ്ഞപ്പോൾ വാതിൽ തുറന്ന് സൗമ്യ പുറത്തേക്കു വന്നു.അവൾ ഇപ്പോൾ കുളി കഴിഞ്ഞു വന്നതേയുള്ളുവെന്ന് അയാൾക്ക് മനസ്സിലായി.മുടി അവൾ തോർത്തോടുകൂടി പുറകിൽ കെട്ടിവെച്ചിരിക്കുന്നു.അവൾ എന്തിനും റെഡിയായി നിൽക്കുകയാണെന്ന് അയാൾക്ക് തോന്നി.മനോജിന് അകത്തോട്ടിരിക്കാം അവൾ പറഞ്ഞു.സൗമ്യയെ നോക്കി ഒന്നു പുഞ്ചിരിച്ച് അയാൾ ഉളളിൽ കടന്ന് സോഫയിൽ ഇരുന്നു ."നീ മുമ്പത്തേതിലും വെച്ച് സുന്ദരിയായിട്ടുണ്ട് ഇപ്പൊ നിന്നെ വിട്ടുകളഞ്ഞതിൽ എനിക്കിത്തിരി വിഷമം തോന്നുന്നുണ്ട്"സൗമ്യ അവനെ തിരെയിരുന്ന കസേരയിലിരുന്നു.അവൻ്റെ മുഖത്തേക്കുതന്നെ സൂക്ഷിച്ചുനോക്കീ. ഇവനെ കൊന്നു കളഞ്ഞാലോന്ന് അവൾക്ക് തോന്നി.
"കുറച്ചു പെെസക്ക് ആവശ്യം വന്നു.ഞാൻ നോക്കിയിട്ട് വേറെ വഴിയൊന്നും കണ്ടില്ല.പിന്നെ പഴയ കാര്യങ്ങൾ ഓർത്തപ്പോൾ മനസ്സിൽ വീണ്ടുമൊരു മോഹം."
അ വളെ നോക്കി കീഴ്ചുണ്ട് കടിച്ച് അവനൊന്നു പുഞ്ചിരിച്ചു.
"ഇവിടെ ബെഡ്റൂം മോളിലാണല്ലേ "എന്ന് അവൻ ചോദിച്ചു. അവനെ നോക്കി ചെറുതായൊന്ന് ചിരിച്ച് അവൾ പറഞ്ഞു."ബെഡ്റൂമിൽ പോവുന്നതിനു മുൻപ് മനോജിന് കുടിക്കാനെന്തെങ്കിലുമെടുത്താലോ..ഇത്രേം ദൂരം ബെെക്ക് ഓടിച്ച് വന്നതല്ലേ "ആവാം എന്നർത്ഥത്തിൽ അയാൾ തലയാട്ടി.
പെട്ടെന്നാണ് അടുക്കളയിൽ നിന്നും കെെയ്യിൽ ട്രേയുമായ് 3 ഗ്ലാസിൽൽ ജ്യൂസുമായി സതീഷ് ഹാളിലേക്ക് വന്നത്. കെെലി മുണ്ടും ഹാഫ് ബനിയനും ധരിച്ച ഒരു സാധാരണ മനുഷ്യൻ.മനോജിന് മുന്നിൽ ട്രേ വെച്ച് സതീഷ് അയാളുടെ നേർക്ക് കെെ നീട്ടികൊണ്ട് പറഞ്ഞു."ഞാൻ സതീഷ് സൗമ്യയുടെ ഭർത്താവാണ്. മനോജ് ന്നല്ലെ പേര്.സൗമ്യയുടെ മുൻപത്തെ കാമുകൻ.ഒന്ന് കാണണമെന്ന് പറഞ്ഞിരിക്കുകയായിരുന്നു.മനോജ് തന്നെ വന്നത് സന്തോഷം" .വിറക്കുന്ന കെെകളോടെ മനോജും കെെ നീട്ടി.അവൻ്റെ ഷർട്ട് വിയ്ർപ്പിൽ കുതിർന്നിരുന്നു.എന്തു ചെയ്യണമെന്ന് അവനൊരു പിടിയും കിട്ടിയില്ല.അവിടെ സതീഷ് കാണുമെന്ന് അയാൾ സ്വപ്നത്തിൽകൂടെ കരുതിയില്ല.എഴുന്നേറ്റ് ഓടിയാലോയെന്ന് അയാൾ ഒരു നിമിഷം ചിന്തിച്ചു.അയാളുടെ പരവേശം കണ്ടിട്ടാവണം സതീഷ് ഒരു ചെറുചിരിയോടെ അയാളെ നോക്കി പറഞ്ഞു"മനോജ് പേടിക്കൊന്നും വേണ്ട എനിക്ക് മനോജിനോട് ദേഷ്യമൊന്നുമില്ല അല്ലെങ്കിൽതന്നെ ദേഷ്യപ്പെടാൻ മനോജ് എന്നെയൊന്നും ചെയ്തില്ലല്ലോ.. ചെയ്യ്തതിവളെയല്ലേ.കുറേ കാലം പ്രണയം എന്ന് പറഞ്ഞ് ഇവളെ നീ പററിച്ചു എനിക്ക് ദേഷ്യമൊന്നുമില്ലെങ്കിലും ഇപ്പൊ മനോജിനോട് ഒരുപാട് നന്ദിയുണ്ട്. എന്തിനാന്ന് വെച്ചാൽ ഇവളെ ഇങ്ങനെ എനിക്കു തന്നതിന്. ഭാര്യ കന്യക ആയിരിക്കണം ന്ന് നിർബന്ധം പിടിക്കുന്ന ഒരു പഴഞ്ചൻ ഭർത്താവൊന്നും അല്ലെ ടോ ഞാൻഅല്ലെങ്കിൽ തന്നെ എന്തടിസ്ഥാനത്തിലാണ് അങ്ങനെ വാശി പിടിക്കുന്നത്. 90% പെൺകുട്ടികൾക്കും കല്യാണത്തിനു മുമ്പ് ഇങ്ങനെ സംഭവിക്കന്നത് നിന്നെപ്പോലെയുള്ള ചെറ്റകളെ വിശ്വസിച്ചിട്ടാണ്.പെട്ടു പോവുകയാണ് പാവങ്ങൾ. ഒരു നിമിഷത്തിൽ പറ്റിയ തെറ്റോർത്ത് അവർ ജീവിതകാലം മുഴുവൻ കരയണംന്ന് ഒരു നിർബന്ധവുമില്ല. ഒരിക്കൽ പറ്റിയ തെറ്റ് നീ ഒരു ഫ്രോഡാണെന്നറിഞ്ഞിട്ടും ഇവൾ ആവർത്തിച്ചെങ്കിൽ ഉറപ്പായും ഞാൻ പറയും ഇവൾ തെറ്റുകാരി ആണെന്ന്.
താൻ ഇവളെ ഭീഷണിപ്പെടുത്തിയല്ലോ.. എല്ലാം എന്നോട് പറയുംന്ന് പറഞ്ഞ്. അവിടെ ആണ് തനിക്ക് തെറ്റ് പറ്റിയത്, കല്യാണം കഴിഞ്ഞ ദിവസം തന്നെ ഇവളിതെല്ലാം എന്നോട് പറഞ്ഞതാണ്. അന്ന് ഞാൻ ഇവളോട് പറഞ്ഞത് ഇനി നിനക്കൊന്നും സംഭവിച്ചിട്ടില്ലാ എന്നിരിക്കട്ടെ ഇന്ന് രാത്രി കൊണ്ട് ഞാൻ മൂലം നീ കന്യക അല്ലാതാവും. എന്ന് കരുതി നാളെ എനിക്ക് നിന്നെ ഉപേക്ഷിക്കാൻ പറ്റുമോ, ഓമനിച്ചു വളർത്തുന്ന ഒരു പട്ടി യോ പൂച്ചയോ സ്നേഹത്തോടെ ഒന്നു കടിച്ചു. എന്താ ചെയ്യാവലിയ മുറിവ് ആണെങ്കിൽ ഡോക്ടറെ കാണണം. അല്ലെങ്കിൽ ഡെറ്റോൾ എടുത്ത്നല്ല പോലെ കഴുകി മരുന്നു വെക്കണം. ഇതും അങ്ങനെ കരുതിയാ മതി എന്നാണ്. ഇനി എനിക്കും വിശ്വാസം വരുന്ന രീതിയിൽ ജീവിക്കേണ്ടത് നീയാണ് അങ്ങനെ ആണെങ്കിൽ നമുക്ക് ഈ ബന്ധം തുടരാം എന്ന് പറഞ്ഞപ്പോൾ ആ രീതിയിൽ തന്നെ ഈ നിമിഷം വരെ ജീവിച്ചു കാണിച്ചതാണിവൾ.കാരണം അവൾക്കറിയാം ഒരിക്കൽ ചതിയിൽപ്പെട്ടത്. സ്നേഹം നിഷേധിക്കുമ്പോ ഉള്ള വേദന അറിയാൻ കഴിഞ്ഞത് കാരണം ഇപ്പോ ഞാൻ കൊടുക്കുന്ന ചെറിയ സ്നേഹം പോലും ഇവൾക്ക് വലുതാണ്. അതിന്റെ ആയിരം ഇരട്ടി എനിക്ക് തിരിച്ചു കിട്ടുന്നുമുണ്ട്. അതിന്റെ തെളിവാണ് ഇപ്പോ ഇവളുടെ വയറ്റിൽ വളരുന്ന ഞങ്ങളുടെ കുഞ്ഞ്.മനോജ് ചോദിച്ച രണ്ട് കാര്യത്തിൽ ഒന്നേ എനിക്ക് തരാൻ കഴിയൂ.. പൈസ മാത്രം. ചോദിച്ചതിന്റെ ഇരട്ടി ഞാൻ ഈ ചെക്കിൽ എഴുതിട്ടുണ്ട്. പിന്നെ ഇവളുടെ ശരീരം അത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സൗമ്യ തന്നെയാണ്.അത് അവളോട് ചോദിച്ചോളൂ.. എനിക്ക് കുറച്ച് പണി ഉണ്ട് ഞാൻ പോട്ടെ.."
മനോജിനെ നോക്കി ചിരിച്ച് സതീഷ് സ്റ്റെയർകേസ് കേറി മോളിലോട്ട് പോയി. പകുതി വഴി ആയപ്പോളെ അയാൾ കേട്ടു .പടക്കം പൊട്ടുന്ന പോലെ ഒരു ശബ്ദം. ഒന്നു പുഞ്ചിരിച്ച് അയാൾ തിരിഞ്ഞു നോക്കാതെ ബെഡ് റൂമിലേക്ക് കയറി. ചെവി പൊത്തിപ്പിടിച്ചിരിക്കുന്ന മനോജിനെ നോക്കി കൈയിലിരുന്ന ചെരുപ്പ് താഴോട്ട് ഇട്ട് സൗമ്യ പല്ലു ഞെരിച്ചുകൊണ്ട് പറഞ്ഞു.
"ഇറങ്ങിക്കോണം നാറി ഇവിടെ നിന്നും. നിന്നെ ഞാൻ ഇങ്ങോട്ട് വിളിച്ചു വരുത്തിയത് ആണ് എന്ന് പറഞ്ഞാ എന്താണെന്ന് നിന്നെ കാണിക്കാൻ വേണ്ടിയാണ്.ഒരിക്കൽ കൂടി നിന്റെ ശരീരത്തിൽ തൊടാൻ എനിക്ക് അറപ്പാണ്. അതു കൊണ്ടാണ് ചെരുപ്പ് കൊണ്ട് നിന്നെ അടിച്ചത്."
കത്തുന്ന കണ്ണുകളോടെ അവൾ പുറത്തേക്ക് വിരൽ ചൂണ്ടി... അപമാനം കൊണ്ട് ശവമായ് മാറിയ ശരീരവുമായ് ശിരസ്സ് താഴ്ത്തി മനോജ് പുറത്തേക്ക് നടന്നു...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot