നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

യാത്രക്കപ്പുറം.

Image may contain: 1 person, closeup

എന്തൊക്കെ പരാതികൾ പറഞ്ഞാലും ചുവപ്പും മഞ്ഞയും അടിച്ച് ഭംഗി കുട്ടിയ പഴയ മോഡൽ കെ.സ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുന്നത് ഒരു പ്രത്യേക സുഖം തന്നെയാണ്...അധികം തിരക്കില്ലാത്ത ..ഇരു വശവും പച്ച വയലുകളാൽ നിറഞ്ഞ റോഡിലൂടെ സർക്കാരിന്റെ ഓമന വണ്ടിയിലങ്ങനെ ഇരുന്ന് തണുത്ത കാറ്റൊക്കെ കൊണ്ട് പോവണം.. വിശാലമായ സീറ്റുകൾ.. നല്ല വായു സഞ്ചാരം.. കാല് വെക്കാനുള്ള സ്ഥല സൗകര്യം.. എന്തോ വല്ലാത്ത ഇഷ്ടമാണ് ആന വണ്ടിയോട്..
ആ നാട്ടിലേക്ക് ആദ്യമായി ഒരു കെ.സ്.ആർ.ടി.സി ബസ് സേവനം ആരംഭിച്ചപ്പോൾ വലിയ ആഘോഷമായിരുന്നു.പുറം മോഡി മാത്രമുള്ള ഇടുങ്ങിയ ശ്വാസം മുട്ടിക്കുന്ന പ്രൈവറ്റ് ബസുകളിൽ നിന്ന് ഒരു നേരമെങ്കിലും മോചനം.. നഗരത്തിലേക്കുള്ള എന്റെ യാത്രകളിൽ അൽപ നേരം കാത്തിരുന്നായാലും തിരഞ്ഞെടുക്കുന്നത് സർക്കാർ ബസ് തന്നെയായിരിക്കും..
അന്ന് കയറിയപ്പോൾ താരതമ്യേന തിരക്ക് കുറവായിരുന്നു.. ഒഴിഞ്ഞ ഒരു സീറ്റിലെ അരിക് വശം ചേർന്ന് പുറം കാഴ്ചകൾ ആസ്വദിച്ച് ഞാൻ അലസമായി ഇരുന്നു. നാലഞ്ച് സ്റ്റോപ്പുകൾ പിന്നിട്ടപ്പോൾ സീറ്റുകളൊക്കെ പതിയെ ഫുൾ ആവാൻ തുടങ്ങി. അപ്പോഴാണ് ഒരു പെൺകുട്ടി കയറി വന്നത്.. നല്ല സുന്ദരി തന്നെ.. സീറ്റിനാവണം വിടർന്ന കണ്ണുകളാൽ അവളാകെ പരതുന്നുണ്ടായിരുന്നു. ഞാൻ നല്ലോണം ഒന്ന് ഒതുങ്ങി ഇരുന്നു.. ഭാഗ്യം നോക്കണേ.. പെണ്ണ് എന്റെ അടുത്ത് തന്നെ വന്നിരുന്നു. ഒരു കാര്യവുമില്ലാഞ്ഞിടും വല്ലാത്തൊരു പരവേശം..എന്തായാലും മുഖത്ത് പോലും നോക്കാതെ എന്നിലെ മാന്യൻ ബലം പിടിച്ചങ്ങനെ ഇരുന്നു.
അൽപം കഴിഞ്ഞപ്പോൾ ഒരു പ്രായമായ വല്ല്യമ്മ കയറി വന്നു... അവൾക്ക് കണ്ട ഭാവമില്ല... എനിക്ക് ചിരി വന്നു.. വിൻഡോ സീറ്റിലായിട്ടും ഞാൻ എണീറ്റ് കൊടുത്തപ്പോൾ പെണ്ണിന്റെ ചമ്മിയ മുഖം കാണാൻ രസമായിരുന്നു. അധികം വൈകാതെ അവൾക്കും അവസരം കിട്ടി ..ഒക്കത്ത് ഒന്നിനേയും വെച്ച് കയ്യിൽ തൂങ്ങി മറ്റൊരു കുട്ടിയുമായൊരു യുവതി... ഇത്തവണ എണീക്കാൻ അവൾക്ക് മടിയുണ്ടായില്ല... എന്നെ നോക്കി നല്ലൊരു ചിരിയും ചിരിച്ച് തൊട്ട് മുന്നിലായി തന്നെ വന്ന് നിന്നു. ഇടതൂർന്ന കറുത്ത മുടികളെ കൗതുകത്തോടെ നോക്കിയപ്പോൾ.. മനോഹരമായ ഇളം മഞ്ഞ നിറമുള്ള ദുപ്പട്ട കാറ്റിൽ മുഖത്ത് തട്ടി. വല്ലാതെ മനം മയക്കുന്ന ഒരു സുഗന്ധം.സീറ്റില്ലെങ്കിൽ അസ്വസ്ഥനാകുന്ന എനിക്ക് എന്തോ..ഇപ്പോൾ ഈ യാത്ര തീരാതിരുന്നെങ്കിൽ എന്നാണ് തോന്നിയത്.
ഇടക്ക് കണ്ടക്ടർ വന്നു ടിക്കറ്റ് തരാൻ തുടങ്ങി. സീറ്റിലിരുന്ന യുവതി പൈസ ലാഭിക്കാൻ കുട്ടിയുടെ പ്രായം കുറച്ച് പറഞ്ഞത് വലിയ തമാശയുണ്ടാക്കി. പിള്ള മനസ്സിൽ കള്ളമില്ല എന്നാണല്ലോ.. കുട്ടി അമ്മയുടെ കള്ളം മനോഹരമായി പൊളിച്ച് കൊടുത്തു.. നിയന്ത്രണം വിട്ട് അവളും ഞാനും പരസ്പരം നോക്കി കുലുങ്ങി ചിരിച്ചു.. എനിക്കവളെ പരിചയപ്പെടാൻ കടുത്ത ആഗ്രഹം തോന്നി. അൽപം മുമ്പ് കണ്ടതേ ഉള്ളൂ.. എങ്കിലും എന്തോ അടുപ്പം പോലെ. നഗരത്തിലെത്തിയിട്ടാവാം എന്ന് വെച്ചു.
ഇപ്പോൾ ഭൂപ്രകൃതി തനി മലയോരമാണ്... വീശിയടിക്കുന്ന തണുത്ത കാറ്റേറ്റ് കുളിര് കോരി...ബസ്സ് ഒരു വലിയ വളവെടുക്കുമ്പോൾ ആണ് അത് സംഭവിച്ചത്. എതിരെ അതിവേഗത്തിൽ വന്ന കാറിൽ നിന്ന് വെട്ടിച്ച് മാറ്റിയതാവാം.. നിയന്ത്രണം വിട്ട് താഴെ അഗാധമായ ചെരിവിലേക്ക് മലക്കം മറിഞ്ഞ് ...പിന്നീട് അൽപ സമയം ഒന്നും ഓർമ്മയില്ല.
ബോധം വന്നപ്പോൾ ഒരു പുൽത്തകിടിയിൽ കിടക്കുകയായിരുന്നു. തലക്ക് വല്ലാത്ത പെരുപ്പ്. കാര്യമായി ഒന്നും പറ്റിയില്ല എന്ന് തോന്നുന്നു. മറിഞ്ഞ ബസ്സിൽ നിന്ന് ആരൊക്കെയോ രക്ഷാ പ്രവർത്തനം നടത്തുന്നുണ്ട്. അവരോടൊപ്പം
ഞാനും കൂടി. വേദനയുടെ ഞരക്കങ്ങൾ.. എത്ര മരണം സംഭവിച്ചു എന്നറിയില്ലായിരുന്നു. രക്ഷാപ്രവർത്തനത്തിനൊടുവിൽ മൃതശരീരങ്ങൾ നിരത്തിയിട്ടത് നിസംഗതയോടെ നോക്കി നിന്നപ്പോൾ കണ്ടു ...അതിലൊന്നിന്റെ മുഖം പൊതിഞ്ഞത് ഒരു ഇളം മഞ്ഞ ദുപ്പട്ട കൊണ്ടായിരുന്നു.. കൺ കോണിലൂറിയ ഒരു നീർ തുള്ളി കവിളിലൂടെ അറിയാതെ ഒഴുകിയപ്പോൾ എവിടുന്നോ വന്ന ഒരു ഇളം കാറ്റ് എന്നെ തഴുകി കടന്ന് പോയി.
- യൂനുസ് മുഹമ്മദ്.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot