നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പെങ്ങളൂട്ടി



രാത്രി പത്തുമണി കഴിഞ്ഞാൽ പെങളുടെ മൊബൈൽ വിറയലിലാകും..!
അല്ലേൽ അമ്മ വിറച്ച് തുള്ളും..
എന്റെ കോൾ വരുന്നത് ആ സമയത്തിനു ശേഷമാണല്ലോ..!
ഒരു മിസ്ഡ് കോളടിച്ച്,
ബിയർ മണക്കുന്ന
ശ്വാസത്തെ ച്യൂയിങ്ഗം
മണപ്പിച്ച് മയക്കിക്കിടത്തി ,
പുളിച്ച പുളിശ്ശേരിപ്പരുവത്തിലുള്ള ചിരിയുടെ സ്റ്റിക്കർ ചുണ്ടിലൊട്ടിച്ച്
അടുക്കള വാതിൽ
വാപൊളിക്കുന്നതും കാത്ത്
ഞാൻ പുറത്ത് നിൽക്കും..!
ഉടൻ രണ്ടുണ്ടക്കണ്ണിൻ തിളക്കം മുന്നിൽ പ്രത്യക്ഷപ്പെടും..!
ശബ്ദമൊതുക്കി പറയും..
"നാളെ നോക്കിക്കോ , സിറ്റൗട്ടിൽ കിടക്കും..മണി ഒന്നരയായി..."...
ഒച്ചപോലും കേട്ടിട്ടുണ്ടാകില്ല
അവൾ പറഞ്ഞത്...
പക്ഷേ എനിക്കത് കേൾക്കാാം..!
മുഖത്തെ ചിരിയുടെ പുളിപ്പ്
ടോപ്പ് ഗിയറിലാക്കി
ഞാനവളുടെ മൂക്കിൻ തുമ്പ് പിടിച്ചുലയ്ക്കും...!
കീശയിലെ ചോക്ലേറ്റിലൊന്ന്
പൊളിച്ച് അവളുടെ
വായിലേയ്ക്കിട്ട് പൂട്ടും..!
ബാക്കിയവളുടെ കൈയ്യിൽ തിരുകി
ഊണു മേശയ്ക്കരുകിലിരിക്കും...!
ഞാൻ കഴിക്കുന്നതും നോക്കി
ഊണു മേശയിൽ തലചായ്ച്ച്
ചോക്ലേറ്റ് ഒരോന്നായ് നുണഞ്ഞു കൊണ്ട് എന്റെ ഇളയമുയൽക്കുഞ്ഞിരിക്കും...
തൂങുന്ന മിഴികൾ ഉറക്കത്തെ തൊട്ടു തൊട്ടില്ലാ മട്ടിൽ അടഞ്ഞും,തുറന്നും..!
ഒരിക്കൽ പോലും പുറത്തൂന്ന് കഴിച്ചെന്ന് പറഞ്ഞ് ഞാനവളുടെ
കാത്തിരുപ്പിന്റെ ഭംഗി കുറച്ചിരുന്നില്ല മൂന്നുരുളപ്പരുവത്തിൽ അവൾ
വിളമ്പുന്ന ചോറിനുള്ള ഇടം ഞാൻ വയറിൽ എന്നും‌ ബാക്കിവയ്ക്കാറുണ്ട് ...!
പാത്രം കഴുകി,
ഉറങുന്ന അവളെ തട്ടിയുണർത്തി വീഴാതെ ചേർത്ത് പിടിച്ച് മുറിയിലാക്കി ഞാനെന്റെ മുറിയിലയിയും...!
**
പതിവു പോലെ എഞ്ചിൻ
ഓഫ് ചെയ്ത് ഗേറ്റിനെ ഉണർത്താതെ
വിടവുണ്ടാക്കി ബൈക്കുരുട്ടി പോർച്ചിലെത്തിയപ്പോൾ...ഓർത്തു...!
പെങളേ...ഇനി അടുക്കളവാതിൽക്കൽ
വിടരാൻ നിന്റെ ഉണ്ടക്കണ്ണില്ലല്ലോ..!..
പെട്ടെന്ന് മുൻ വാതിൽ തുറന്ന്
രണ്ട് തീക്കണുകൾ
എന്നെ പൊള്ളിച്ചു...!
കുമ്പിട്ട തലയുമായ് ഞാൻ അകത്തേയ്ക്ക്...
വാതിൽ ഒരു ബോംബ് വീണപോൽ പൊട്ടിച്ചിതറിയടഞ്ഞു...!
"നാളെ പുറത്തൊരു വിരിയും തലയിണയുമുണ്ടാകും...!
എന്നും കാത്തിരിക്കുന്നോൾക്ക് കാത്തിരിക്കാൻ മറ്റൊരാളെ കണ്ട് കല്ല്യാണം ഉറപ്പിച്ചത് നീയും കൂടിയല്ലേ...?.
കത്തുന്ന നോട്ടം ഇത്രയും പറഞ്ഞ്
മുറിയിലേയ്ക്ക് കയറി വാതിലടച്ചു...
ആ വാതിലിന്റെ‌‌ ചെവിക്കല്ല് തകർന്നിട്ടുണ്ടാകും...ഉറപ്പ്..!
"രക്ഷയില്ലാാ...രാത്രിക്കുള്ള ഊരുചുറ്റൽ പത്തുമണയിലേയ്ക്ക് പരിമിതപ്പെടുത്തേണ്ടിയിരിക്കുന്നു...!!!
പെങളേ...!!!....നീ മുത്തായിരുന്നല്ല്യോഡീ...!!!"
തുറക്കാൻ പെങൾ വരുമെന്ന്
കാത്തിരിക്കുന്ന
അടുക്കള വാതിൽ ഞാൻ
വെറുതേ തുറന്നടച്ചു..!
വിളമ്പി വച്ച ചോറ് പാത്രത്തിനു
മുന്നിലിരുന്ന് നേരേ നോക്കി...
കസേര ശൂന്യം..!
നീയുണ്ടായിരുന്നു ഇന്നലെ വരെ...!
ചോക്ലേറ്റ് കീശയിൽ നിന്നെടുത്ത്
ആ ശൂന്യതയ്ക്ക് മുന്നിൽ വച്ചു...
കണ്ണ് നിറഞ്ഞൊരു തുള്ളി
കുഴച്ച ഉരുളയിൽ വീണു....
ആ ഉരുളതിന്നതും വയർ നിറഞ്ഞു!
കട്ടിലിൽ കിടന്നു നെടുവീർപ്പിടവേ..
മനസ്സ് മൊഴിഞ്ഞു,
"പെങളേ...നീ സന്തോഷമായ്
നിറഞ്ഞ ചിരിയൂറും മുഖത്തോടെ സുഖമായ് ജീവിക്ക്..
നിന്റെ പുഞ്ചിരിയാണെഡീ ഏട്ടന്റെ മധുരം."
ഇനി ഞാൻ നേരത്തേ വീടണയും..,
"കാത്തിരുന്ന് ചോറു
വിളമ്പാൻ നീയില്ലാതെ,
എന്റെ വൈകിവരലിനെന്ത് ചന്തമാണുള്ളത്.... ..!!"

By: Syam varkkala

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot