Slider

ഏഴാമത്തെ പ്രപഞ്ചദിനം (ചെറുകഥ )

0
Image may contain: 1 person, closeup


"ഞാൻ ഇപ്പോൾ ഏഴാമത്തെ പ്രപഞ്ചദിനത്തിന്റെ അവസാനം പിന്നിട്ടു. അല്പസമയത്തിനുള്ളിൽ അറിയാം എന്റെ വിധി. "
വെളിച്ചത്തിനു നീല നിറമാണ്. ആ നീല വെളിച്ചത്തിന്റെ അഗാധതയിൽ ഇരുണ്ട ശൂന്യത. ശരീരത്തിൽ നിന്നും വേർപെട്ട ജീവനുകൾ ഭൂമിയിൽ നിന്നും ആദ്യം എത്തപ്പെടുന്നത് ഭൂമിയിൽ നിന്നും അനേക പ്രകാശവർഷം ദൂരമുള്ള ഈ ഇടനാഴിയിലാണ് . അനന്തമാണ് ഇവിടം. അനന്തതയുടെ അപ്പുറമുള്ള അന്ധകാരത്തിൽ നിന്നെവിടെനിന്നോ ഭീമാകാരമായ ഒരു ഗോളം ഭ്രമണം ചെയ്യുന്നത് പോലെയുള്ള മുരൾച്ച കേൾക്കാം. ഇവിടെ നീല വെളിച്ചത്തിൽ നിഴലുകളില്ല. ശരീരമില്ലാത്തവർക്കു നിഴലുകൾ അന്യമാണ്, ഭൂമിയിൽ ജീവിച്ചപ്പോൾ ഒരുപാട് നിഴലുകൾ ഉണ്ടായിരുന്നു.
ഇവിടെ എല്ലാ ജീവനുകളും ഊർജ്ജരൂപങ്ങൾ മാത്രമാണ് . എത്തപ്പെടുന്നവർക്കെല്ലാം അവർ ഭൂമിയിൽ ജീവിച്ച ശരീരമനുസരിച്ചു ഓരോ ഊർജ്ജ കവചങ്ങൾ നൽകപ്പെടും. ഈ കവചത്തിനുള്ളിൽ ഏഴ് പ്രപഞ്ചദിനങ്ങൾ കഴിച്ചുകൂട്ടണം. അവസാന ദിവസം ഈ കവചം മാറി പുതിയതു നൽകപ്പെടും . ആദ്യമൂന്ന്‌ ദിനങ്ങളിൽ എല്ലാ ജീവനുകളും ഇടകലർന്നു കഴിയണം. പുഴുവും പൂമ്പാറ്റയും, എലിയും പാമ്പും, മാനും മയിലും, മനുഷ്യനും ഒക്കെയായി ഭൂമിയിൽ ജീവിച്ച ജീവനുകളെല്ലാം പരസ്പരം ആശയപ്രകടനം നടത്തണം എന്നാണ് നിയമം. അതിനു ഭാഷയോ ശരീരമോ ആവശ്യമില്ല. ആർക്കും ആരോടും ഇടപഴകാം. മൂന്നാം ദിനം ഭൂമിയിൽ ഏല്പിക്കപ്പെട്ടിരുന്ന ഉത്തരവാദത്വങ്ങളുടെയും കടമകളുടെയും അടിസ്ഥാനത്തിൽ തരം തിരിക്കപ്പെടുന്നു. പിന്നീട് ലഭിച്ച ഊർജ്ജ കവചത്തിനുള്ളിൽ മൂന്നു ദിവസം പ്യൂപ്പയെ പോലെ കഴിയേണ്ടി വരും. ഈ ഊർജ്ജസമാധിയിൽ ഓരോ ജീവനുകളും രഹസ്യവിചാരണക്ക് വിധേയരാകും. അവസാന പ്രപഞ്ചദിനമായ ഏഴാം ദിനത്തിൽ , ഓരോ ജീവനുകൾക്കും അടുത്ത ജനന ശരീരങ്ങൾ നിശ്ചയിക്കപ്പെടുന്നു. അതാണ് പ്രപഞ്ചനിയമം. അതനുസരിച്ചു നിർദ്ദേശിക്കപ്പെടുന്ന കാലം, ദിനം, സമയം ഭൂമിയിൽ പോയി ശരീരത്തിൽ ജനിക്കണം. ജനിച്ചു കഴിഞ്ഞാൽ സാധാരണ മുജ്ജ്ന്മത്തിലെ ഓർമ്മകൾ ഉണ്ടാകാറില്ല.
ഭൂമിയിൽ അനേക ജന്മങ്ങൾ പിന്നിട്ടു കർമങ്ങൾ
 പൂർത്തിയാക്കിയവരും ഒരു ജന്മം കൊണ്ടു പൂർത്തിയാക്കിയവരും ഉണ്ട്, അവർക്കു ഇനി ജന്മമില്ല. അവരെ നീല വെളിച്ചമുള്ള ഈ ഇടനാഴിയിൽ നിന്ന് വെളുത്ത പ്രകാശമുള്ള വിശാലമായ ഒരു ലോകത്തിലേക്ക് കൂട്ടിക്കൊണ്ട് പോകും,അവിടെ ശീതവും ശാന്തവുമായ അന്തരീക്ഷമാണ്‌ . മൃദുവായ കാറ്റും നേർത്ത സംഗീതവും പടരുന്ന സുഗന്ധവുമാണ് അവിടെ.
നരകം എന്നൊന്നില്ല, ഭൂമിയിലെ ജന്മാന്തരങ്ങളിലെ അനുഭവ പാഠങ്ങളിൽ നരകം എന്ന അവസ്ഥ സൃഷ്ഠിക്കപ്പെടുകയും അനുഭവിച്ചു തീർക്കുകയുമാണ്.
ഈ ഇടനാഴിയിലെ ആദ്യ മൂന്നു പ്രപഞ്ചദിനങ്ങളിൽ ഊർജ്ജരൂപങ്ങളായ ജീവനുകൾ പരസ്പരം പരിചയപ്പെട്ടത് വിചിത്രമായ അനുഭവമായിരുന്നു.
" ഭൂമിയിൽ നിങ്ങൾ ആരായിരുന്നു. ?"
" ഞാൻ ഒരു വൈറസ് "
" നിങ്ങളോ...? "
"ഞാനൊരു തിമിംഗലമായിരുന്നു "
"എങ്ങനെയായിരുന്നു അന്ത്യം...? "
"മനുഷ്യരുടെ തിമിംഗലവേട്ടയിൽ "
" താങ്കളോ..... ?"
" വൈറസായ ഞാൻ... യുഗങ്ങളായി ഒരു മഹാമാരിയായി മനുഷ്യരുടെ ഇടയിൽ പടർന്നു പടർന്നു പിടിച്ചുകൊണ്ടിരുന്നു, പക്ഷെ അവർ എനിക്കെതിരെ ഒരു വാക്സിൻ കണ്ടെത്തി. അങ്ങനെ ഞാൻ ഭൂമുഖത്തു നിന്ന് തുടച്ചു നീക്കപെട്ടു. "
മറ്റൊരു ജീവൻ അവരുടെ സമീപത്തു വന്നു. " ഞാൻ ഒരു മനുഷ്യനായിരുന്നു "
വൈറസിന്റെ ജീവന് പുച്ഛവും തിമിംഗലത്തിന്റെ ജീവന് ദേഷ്യവും തോന്നി. ഭയം തോന്നിയില്ല കാരണം മരിച്ചു കഴിഞ്ഞവരല്ലേ.
" എന്നോട് ദേഷ്യം തോന്നരുത് ഞാൻ ഒരു പാവപ്പെട്ട കൃഷിക്കാരനായിരുന്നു, "
" നിങ്ങൾക്ക് ശരീരം നഷ്ടപെട്ടത് എങ്ങനെ.....?".... തിമിംഗലത്തിന്റെ ജീവന് അറിയുവാനുള്ള ആകാംഷ.
" കടം കയറി മണ്ണു കൈവിട്ടു പോയി, പെണ്ണായ മക്കളിലൊന്നിനെ ആരോക്കെയോ ചേർന്ന്...... എല്ലാം നഷ്ട്ടപ്പെട്ടപ്പോ പിന്നെ... സ്വയം.... "
" ഞാനിവിടെ ആയിരത്തിലധികം തവണ വന്നു പോയിരിക്കുന്നു... എല്ലാ ജന്മങ്ങളും ഏകകോശ ശരീരങ്ങളായിരുന്നു.... ജന്മമെടുത്തു മടുത്തു.... എങ്കിലും..... ഒരു മനുഷ്യജന്മമായി ഭൂമിയിൽ പിറക്കണം.....ഈ കൃഷിക്കാരനെപ്പോലെ പാവപ്പെട്ടവനായിട്ടല്ല .... സമ്പന്നനും .. കഴിവുകളും കീർത്തിയും ,അധികാരവും ഉള്ള മനുഷ്യനായി "... വൈറസിന്റെ ജീവൻ തന്റെ ആഗ്രഹം പറഞ്ഞു.
" അതൊക്കെ സാധിക്കുമോ ..... ഇവിടുത്തെ നിയമം പാലിച്ചല്ലെ പറ്റൂ " മനുഷ്യന്റെ ജീവൻ പറഞ്ഞു.
" എന്ത് നിയമം, ഭൂമിയിൽ നിങ്ങൾ മനുഷ്യർ.. പണം കൊണ്ടും സ്വാധീനം കൊണ്ടും പലതും പലതും ചെയ്യുന്നില്ലേ.... ആയിരം ജന്മങ്ങൾ പിന്നിട്ട എനിക്ക് അത്യാവശ്യം ചില ബന്ധങ്ങളും പിടിപാടുകളും ഇവിടെയുമുണ്ട് " വൈറസിന്റെ ജീവൻ അവകാശപ്പെട്ടു.
"എന്റെ ആദ്യജന്മമായിരുന്നു ഇത്‌... ഇനി എന്താണാവോ സംഭവിക്കാൻ പോകുന്നത്.... "തിമിംഗലത്തിന്റെ ജീവന് ആകാംഷ.
വൈറസ്, നീലവെളിച്ചമുള്ള ഈ പ്രപഞ്ച ഇടനാഴിയിലെ നിയമ നടപടികളെക്കുറിച്ചു വിവരിച്ചു കൊണ്ടിരുന്നു..
ജീവനുകൾ ഇവിടേയ്ക്ക് എത്തിക്കൊണ്ടിരുന്നു. ഭൂമിയിൽ ഗർഭചിദ്രം നടത്തപ്പെട്ട ഭ്രൂണങ്ങളിൽ നിന്നും പുറത്താക്കപ്പെട്ട ജീവനുകൾ, മനുഷ്യനൽ കൊന്നു തിന്നപ്പെട്ട പക്ഷികളുടെയും മൃഗങ്ങളുടെയും ജീവനുകൾ, നശിപ്പിക്കപ്പെട്ട കാടുകളുടെ, കടലിൽ നിന്ന് പിടിക്കപ്പെട്ട മത്സ്യങ്ങളുടെ, യുദ്ധത്തിൽ മരിച്ചവരുടെ, നാടിനു വേണ്ടി മരിച്ചവരുടെ, സ്വന്തം നാടിനുള്ളിൽ അന്യോന്യം ഏറ്റുമുട്ടി മരിച്ചവരുടെ ഒക്കെ ജീവനുകൾ എത്തിക്കൊണ്ടിരുന്നു
ഇത്രയും വിവരങ്ങൾ നിങ്ങൾക്ക് നൽകിയ ഞാനിപ്പോൾ ഞാൻ ഇപ്പോൾ ഏഴാമത്തെ പ്രപഞ്ചദിനത്തിന്റെ അവസാനം പിന്നിട്ടു. എന്റെ വിധി വന്നു. ഈ ഇടനാഴിയിൽ നിന്ന് വെള്ള വെളിച്ചമുള്ള ശീതമായ അന്തരീക്ഷവും ശാന്തതയുമുള്ള ആ ലോകത്തേക്ക് പോകാനാണ് എനിക്ക് ലഭിച്ച പ്രപഞ്ച വിധി. അതായത് ഇനി ജന്മമില്ല....ഭൂമിയിലേക്കു ഇനി തിരികെപോകേണ്ട. എന്നെ ഞാൻ പരിചയപെടുത്തിയില്ല. ക്ഷമിക്കണം...ഞാനും ഒരു ജീവനാണ്. ഭൂമിയിൽ അനേകവർഷം ജീവിച്ചിരുന്ന ഒരു ഫല വൃക്ഷത്തിന്റെ ജീവൻ ... കൊടുങ്കാറ്റും പേമാരിയും ഭൂചലനവും ഉരുൾപൊട്ടലും എന്നെ കടപുഴക്കിയില്ല... ഭൂമിയിൽ ഞാൻ എന്തെല്ലാം അതിജീവിച്ചു....സഹിച്ചു. ഞാൻ എല്ലാ ജീവജാലങ്ങളെയും സ്നേഹിച്ചു... പക്ഷെ മനുഷ്യർ എന്റെ ശരീരത്തിന് വിലയിട്ടു.. എന്റെ ശിഖരങ്ങൾ പലതവണമുറിച്ചു. എങ്കിലും ഞാൻ പൊട്ടിക്കിളിർത്തു. എല്ലാവർക്കും തണൽ നൽകി.. ജീവികൾക്ക് കൂടായി, വീടായി, വിശപ്പ് മാറ്റി. എന്നിട്ടും മനുഷ്യർ എന്റെ വേരറുത്തു. ഞാൻ കടപുഴകി വീണു. ഞാൻ നിന്നയിടത്തു മാനം മുട്ടെ കോൺക്രീറ്റ് കൂടുകൾ പണിതുയർത്തി.... എനിക്ക് പരാതിയില്ല. പറഞ്ഞുവെന്നു മാത്രം. ഞാൻ പോകുന്നു... ഇനിയും ജന്മങ്ങളില്ലാത്ത, ആ വെളുത്ത വെളിച്ചമുള്ള ലോകത്തേക്ക് കൂട്ടികൊണ്ടു പോകുന്നതിനുള്ള ഊർജ്ജകവചം അതാ ഈ നീല വെളിച്ചമുള്ള ഇടനാഴിയുടെ കവാട ത്തിനരികിൽ എത്തിക്കഴിഞ്ഞു.
പ്രമോദ് കൃഷ്ണൻ
വള്ളിക്കോട്‌ കോട്ടയം
പത്തനംതിട്ട
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo