Slider

ജിം

0

നിനക്ക് വല്ലാണ്ട് വണ്ണം വെച്ചുട്ടോ",വണ്ണമോ എനിക്കോ ? അതല്ലേലും അങ്ങനെ ആണ് നാട്ടുകാർ പറയുമ്പോളാണ് പലരും അതിനെ കുറിച്ച് ബോധവാന്മാർ ആകുന്നത്. വീട്ടിലെ കണ്ണാടി നമുക്ക് വല്ലാത്ത ആത്മവിശ്വാസം തന്നു കളയും. ഒരുങ്ങി കെട്ടി കണ്ണാടിടെ മുന്നിൽ പോയി നിക്കുമ്പോ ചിലപ്പോ തോന്നും ഐശ്വര്യ റായ് ആണെന്ന് അല്ലേൽ കരീന കപൂർ ആണെന്ന്. അങ്ങനെ ഇച്ചിരി ഗമയിൽ പുറത്തു പോകുമ്പോളാണ് പറയുന്നത് വണ്ണം വെച്ചു,ഭംഗി പോയി എന്നൊക്കെ.
അങ്ങനെ വണ്ണം കൂടിന്നു തോന്നിയപ്പോളാണ് ,എന്ന സൈസ് സീറോ ആയിട്ടേ ഉള്ളു വേറെ കാര്യം എന്ന് പറഞ്ഞു വണ്ടി ഞാൻ നേരെ അടുത്തുള്ള ജിമ്മിലേക്കു വിട്ടു. ആദ്യം ഒക്കെ ഒടുക്കത്തെ ആത്മവിശ്വാസം ആണ്. ജിമിന്റെ ഉള്ളിൽ കേറിയ തന്നെ വണ്ണം കുറഞ്ഞോളും എന്ന മട്ട്. ട്രെയിനിങ് ഇന്സ്ട്രക്ടർ വന്നു ഇതിലും വല്യ വണ്ണം ഉണ്ടായിരുന്ന ആളിനെ പുഷ്പം പോലെ സ്ലിം ബ്യൂട്ടി ആക്കിട്ടുണ്ട്ന്ന് അയാൾ പറഞ്ഞപ്പോൾ എന്റെ കോൺഫിഡൻസ് ഡബിൾ ആയി. ആദ്യത്തെ ദിവസം ചെറിയ വാമ് അപ്പ് ഒക്കെ ചെയ്യിപ്പിച്ചിട്ട് നിരത്തി വെച്ചിരിക്കുന്ന ട്രേഡ് മില്ലിലോ സൈക്കിളിലിലോ ഇഷ്ട൦ ഉള്ള അത്രയും വർക്ക് ഔട്ട് ചെയ്യാൻ പറഞ്ഞിട്ട് അയാൾ പോയി.
അങ്ങനെ ജിം എനിക്ക് ഇഷ്ടമാവാൻ തുടങ്ങി.വല്ലാത്ത ആർത്തി ആണ്. ട്രേഡ് മില്ലിൽ കയറുന്നു,സൈക്കിൾ ചവുട്ടുന്നു,ഡ൦ബൽ എടുക്കുന്നു.ഈ ജിം എന്നൊക്കെ പറഞ്ഞാൽ ഇത്രേ ഉള്ളു.ഇതൊക്കെ എന്ത് എന്ന മട്ടിലായി ഞാൻ
ഞാൻ ജിമ്മിൽ ജോയിൻ ചെയ്തിട്ട് ഒരാഴ്‌ച കഴിഞ്ഞു. പതിവ് പോലെ വാം അപ്പ് കഴിഞ്ഞിട്ട് ഇൻസ്‌ട്രക്ടർ എന്നോട് സൈക്ലിംഗ് ചെയ്യാൻ പറഞ്ഞു. ചാടി കയറി സൈക്കിളിൽ ഇരുന്നപ്പോളാണ് സാദാരണ ചവുട്ടുന്ന പോലെ ചവിട്ടാൻ പറ്റണില്ല. വല്ല കുഴപ്പവും കാണും എന്ന് കരുതി ഇൻസ്‌ട്രക്ടറിനെ വിളിച്ചു.ഒരു ചിരിയോടെ ആണ് അയാൾ അത് പറഞ്ഞത് "അതെ സൈക്കിളിന്റെ ലെവൽ ഞാൻ കൂട്ടിയിട്ടുണ്ട്,ആദ്യത്തെ ഒരാഴ്ച ബോഡി അധികം സ്‌ട്രെയിൻ ചെയ്യിപ്പിക്കാറില്ല,ഇനീപ്പോ ഇച്ചിരി സ്‌ട്രെയിൻ ഒക്കെ ചെയേണ്ടി വരും ട്ടോ". അത് ശെരി അപ്പൊ പഴശ്ശിയുടെ യുദ്ധം കമ്പനി കാണാൻ പോകുന്നതേ ഉള്ളു. അന്നത്തെ യുദ്ധം കഴിഞ്ഞു പോവാൻ നേരം ഇൻസ്‌ട്രക്ടർ ഒരു പേപ്പർ കയ്യിൽ തന്നിട്ട് പറഞ്ഞു "അഞ്ജലി ഇതു തന്റെ ഡയറ്റാണ്‌ ഇതു സ്ട്രിക്ട് ആയിട്ട് ഫോളോ ചെയ്യണം"
അങ്ങനെ പാവം ഇൻസ്‌ട്രക്ടറിനെ പ്രാകിയും,ജിമ്മിൽ പോകാൻ തോന്നിയതിനു എന്നെ സ്വയം പഴിച്ചും ഞാൻ വല്ലാണ്ട് കഷ്ടപ്പെടാൻ തുടങ്ങി. തുടക്കം മുതൽ ഒടുക്കം വരെ ഇൻസ്‌ട്രുക്ടർ കൂടെ തന്നെ കാണും. വെള്ളം ഒക്കെ റേഷൻ പോലെ ആണ് പുള്ളി ചെറിയ ഒരു ഗ്ലാസിൽ കുറച്ചു തരും. എല്ലാം കഴിഞ്ഞു പോകുന്നത് വരെ വെള്ളം കിട്ടാക്കനി ആണ്.
അങ്ങനെ ഒരു ദിവസം ആണ് ഞാൻ അവനെ ആദ്യമായിട്ട് ശ്രെദ്ധിക്കുന്നത്. ജിമ്മിലെ തൂപ് തുടപ്പ് പണികൾ ആണ് അവനു. പതിനഞ്ചു വയസ്സ് മറ്റോ ആണ് പ്രായം. ഇൻസ്‌ട്രക്ടർ മാറിയ സമയം നോക്കി ഞാൻ അവനോട് കുറച്ചു വെള്ളം ചോദിച്ചു. കുറച്ചു മടിച്ചാണെങ്കിലും അവൻ എനിക്ക് വെള്ളം കൊണ്ട് വന്നു തന്നു. അങ്ങനെ ഞാനും അവനും വലിയ കൂട്ടായി.വീട്ടിൽ അമ്മയും ഒരനിയത്തിയും ഉണ്ട്,അച്ഛൻ മരിച്ചു പോയി. അമ്മക്ക് അസുഖങ്ങൾ ഒഴിഞ്ഞ നേരം ഇല്ലാ,അവനും അനിയത്തിയും പഠിപ്പു നിർത്തി ജോലി ചെയ്താണ് കുടുംബം കഴിയുന്നത്
അവനും ഞാനും കഷ്ടപ്പെടുകയാണ്. ഞാൻ ചാടിയ വയർ എങ്ങനെ എങ്കിലും ഒന്ന് ചൊട്ടിക്കാനും,അവൻ ഒട്ടിയ വയർ ദിവസവും രണ്ടു നേരമെങ്കിലും ഒന്ന് നിറയ്ക്കാനും

By Anjali Kini
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo