നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തെറ്റുകാരി

Image may contain: 1 person, closeup


ഞങ്ങളുടെ ബാങ്കിൽ നിന്നും എനിക്ക് ട്രാൻസ്ഫർ ആയതു ഒരു ഗ്രാമത്തിലേക്കാണ്. ഗ്രാമം എന്നാൽ ഒത്തിരി പുഴകളും വയലുകളും ഒക്കെയുള്ളതാണ് മനസ്സിൽ വരിക, ഇവിടെയുമുണ്ട് അതുപോലെ. ശിവന്റെ വലിയ ഒരു അമ്പലവും അതിനോട് ചേർന്ന് ഒഴുകുന്ന ഒരു കുഞ്ഞു പുഴയും. വയലുകളൊന്നും അധികം അവിടെ കാണാൻ സാധിച്ചിരുന്നില്ല, മരച്ചീനി കൃഷി വ്യാപകമായി കണ്ടിരുന്നു, പിന്നെ വാഴത്തോപ്പുകളും, തെങ്ങുകളും. എനിക്ക് ആ ഗ്രാമത്തിനോട് ഒരു ചെറിയ ബന്ധം ഉണ്ടായിരുന്നതുകൊണ്ട് ട്രാൻസ്ഫർ അങ്ങോട്ടയപ്പോൾ വളരെ സന്തോഷം തോന്നിമനസ്സിന് . എന്റെ അമ്മയുടെ സ്ഥലമായിരുന്നു അത്. കുഞ്ഞിലേ അമ്മയുടെ കയ്യും പിടിച്ച് ഞാൻ അങ്ങോട്ടൊക്കെ പോയിട്ടുണ്ട്. അപ്പൂപ്പന്റെയും അമ്മൂമ്മയുടേയുമൊക്കെ കാലം കഴിഞ്ഞപ്പോൾ അങ്ങോട്ടുള്ള പോക്കും നിലച്ചു, അമ്മ ഒറ്റമോളായിരുന്നു അവർക്ക്. അമ്മയ്ക്ക് വളരെ സന്തോഷമായിരുന്നു എനിക്ക് ഈ സ്ഥലത്തോട്ടാണ് മാറ്റം എന്നറിഞ്ഞപ്പോൾ.
അമ്മ തന്നെ മുൻകൈ എടുത്ത് എന്റെ കൂടെ വന്നു, അമ്മയ്ക്ക് പരിചയമുള്ളവരെയൊക്കെ വീണ്ടും കണ്ടുമുട്ടി, അവിടെയുള്ള ഒരു വൃദ്ധ ദമ്പതികൾ താമസിക്കുന്ന വീട്ടിൽ അമ്മ എനിക്ക് താമസവും ശരിയാക്കി തന്നു, ചേച്ചിക്ക് പ്രസവത്തിന്റെ ഡേറ്റ് അടുത്തിരിക്കുന്നതുകൊണ്ട് തന്നെ അമ്മ തിരിച്ചുപോകാൻ വെപ്രാളം കൂട്ടി. എനിക്കും സമ്മതമായിരുന്നു.
ജോലിക്കു ജോയിൻ ചെയ്തതിനു ശേഷം ഞാൻ പഴയ ഓർമ്മകൾ പുതുക്കാനായി വൈകുന്നേരം നടക്കാനിറങ്ങി, ശിവന്റെ അമ്പലത്തിൽ പോയി തൊഴുതു, ഞാൻ തൊഴുത്തിട്ട് പ്രദക്ഷിണം വെക്കുമ്പോൾ എന്റെ മുന്നിൽ പോയിരുന്ന രണ്ട് സ്ത്രീകളുടെ സംഭാഷണം ഞാൻ കേൾക്കാൻ ഇടയായി. 'ദാ, വരുന്നുണ്ട്, പിഴച്ചവള്, ഞാൻ ഇത് കാരണമാ അമ്പലത്തിൽ പോലും വരാൻ മടിക്കുന്നത്? അവൾക്ക് വീട്ടിലിരുന്നു തൊഴുതാൽ പോരായിരുന്നോ? 'അതെയതേ, എനിക്കും ആ അസത്തിനെ കാണുന്നത് തന്നെ കലിയാ, പേര് ദേവിയുടെ, പാർവതി. പക്ഷെ സ്വഭാവം എന്ത് മോശമാണ്"
ഞാൻ തിരിഞ്ഞുനോക്കി, ഇത്രയ്ക്ക് കുറ്റവിചാരണ ചെയ്യപ്പെടുന്ന ആ വ്യക്തിത്വം ആരാണെന്നറിയാൻ. ഒരു മുപ്പത്തഞ്ചു നാൽപ്പത് വയസ്സ് തോന്നിക്കുന്ന അധികം വണ്ണമില്ലാത്ത, കാണാൻ നല്ല മുഖശ്രീയുള്ള ഒരു സ്ത്രീ. പക്ഷെ അവരെ കാണുമ്പോൾ മറ്റുള്ളവർ എന്തൊക്കെയോ അടക്കം പറയുന്നുണ്ട്. അവരാണെങ്കിൽ അതൊന്നും ശ്രദ്ധിക്കാതെ ഭഗവാന്റെ മുന്നിൽ ചെന്ന് കണ്ണടച്ച് നിൽക്കുകയാണ്. ഞാൻ പ്രദക്ഷിണം ചെയ്തിട്ട് അമ്പലത്തിൽ നിന്നും പുറത്തോട്ടുള്ള വാതിലിന്റെ അടുത്തായി അൽപനേരം ഇരുന്നു. അവർ തൊഴുന്നത് എനിക്ക് കാണാമായിരുന്നു.
കണ്ണുകളിൽ നിന്നും വെള്ളം അരുവി പോലെ കുതിച്ചുചാടുകയാണ്, ഭഗവാന് അവർ അഭിഷേകം ചെയ്യുകയാണോ എന്ന് തോന്നി. അവർ കണ്ണുകൾ തുറന്നു പ്രസാദത്തിനായി കൈ നീട്ടിയതും പോറ്റി അത് നൽകാതെ അകത്തേക്ക് കയറിപ്പോയി. അവർ ഒന്നും മിണ്ടാതെ പുറത്തേക്ക് പോകാനായി വന്നപ്പോൾ ഞാൻ എന്റെ കയ്യിലിരുന്ന പ്രസാദം അവർക്ക് നേരെ നീട്ടി. അവർ എന്നെ ശ്രദ്ധിച്ചു നോക്കി. ഞാൻ വീണ്ടും എടുക്കാനായി ആംഗ്യം കാണിച്ചു. അവർ ഒരു ചെറിയ ചിരിയോടെ പ്രസാദം എടുത്ത് നെറ്റിയിൽ തൊട്ടു. അപ്പോൾ അവരുടെ മുഖം കൂടുതൽ സുന്ദരവും പ്രകാശമയമുള്ളതുമായി എനിക്ക് അനുഭവപ്പെട്ടു.
ഞാൻ വീട്ടിൽ തിരിച്ചെത്തിയതും ഞാൻ താമസിക്കുന്ന വീട്ടിലെ അമ്മയോട് ചോദിച്ചു 'അമ്മേ, ഈ പാർവതി എന്ന് പറയുന്ന സ്ത്രീ ആരാ? എല്ലാവരും അവരെ പഴി പറയുന്നത് കണ്ടു? അവർ കരയുന്നതും കണ്ടു, എന്താ എല്ലാവരും കുറ്റപ്പെടുത്താൻ കാര്യം?. 'ങ്ഹേ, മോള് കണ്ടോ? കഷ്ട്ടാ, നല്ല കുട്ടിയായിരുന്നു, പറഞ്ഞിട്ടെന്താ കാര്യം? എല്ലാം വിധി. അല്ലാതെന്തു പറയാനാ? എങ്ങനെ ജീവിക്കേണ്ട പെണ്ണാ, ദാ ആ കാണുന്ന വീടില്ലേ, അവിടെയാ ആ കുട്ടി താമസിക്കുന്നത്. ഇഴയുന്നതിനെ പറക്കുന്നതാക്കുന്നതല്ലേ മനുഷ്യരുടെ നാക്ക്. ഞാനും കേട്ടു എന്തൊക്കെയോ കഥകൾ? ആരൊക്കെയോ വന്നുപോകുന്നുവെന്നോ, പലരും കണ്ടിട്ടുണ്ടെന്നോ ഒക്കെ. ഇവിടെ വരാറുണ്ട് ആ കുട്ടി. മോള് വരുന്നതിന്റെ തലേദിവസവും വന്നിരുന്നു.
അതിന്റെ അച്ഛനായിരുന്നു ഒരു കാലത്ത് ഇവിടുത്തെ പഞ്ചായത്ത് പ്രസിഡന്റ്. വലിയ കാശുകാരായിരുന്നു, ഒറ്റമോളായിരുന്നു ഈ പാർവതി. അവര് നല്ല രീതിയിൽ പഠിപ്പിച്ചു, ആ കുട്ടിക്ക് ഇവിടെയുള്ള തെങ്ങുവെട്ടുകാരൻ പരമുവിന്റെ മകനുമായി ഒരു ലോഹ്യമുണ്ടായിരുന്നു. അത് വീട്ടിൽ അറിഞ്ഞു, ആ ചെക്കനും നല്ല പഠിത്തമൊക്കെയുള്ളവനായിരുന്നു, പക്ഷെ, ജാതിയുടെ പേരും പറഞ്ഞ് എല്ലാവരും എതിർത്തു. അവസാനം, ആ ചെക്കൻ എങ്ങോട്ടേക്കോ നാട് വിട്ടു പോയി. പാർവതിയുടെ അച്ഛൻ ആ കുട്ടിയെക്കൊണ്ട് നിർബന്ധിച്ച് ഒരു വിവാഹം കഴിപ്പിച്ചു, നാടടച്ചു വിളിച്ചു, നല്ല കനത്തിൽ സ്ത്രീധനവും കൊടുത്തു. ആ വീട്ടുകാർക്ക് ഇവിടുത്തെ കാശിൽ ആയിരുന്നു കണ്ണ്. ഓരോരോ ആവശ്യങ്ങൾ പറഞ്ഞ് ആ കുട്ടിയുടെ ഭർത്താവും വീട്ടുകാരും കൂടി അതിനെ ഇടയ്ക്കിടയ്ക്ക് ഇങ്ങോട്ടു പറഞ്ഞുവിടും, അങ്ങനെ ഏകദേശം എല്ലാം കിട്ടി എന്നുറപ്പായപ്പോൾ അവർ പിന്നെ ഈ കുട്ടിയെ ഒഴിവാക്കനായി ശ്രമം. കുഞ്ഞുങ്ങൾ ഉണ്ടാകാത്തതിന്റെ പേരും പറഞ്ഞ് അതിനെ ബന്ധം വേർപെടുത്തി ഇവിടെക്കൊണ്ടാക്കീട്ടു പോയി.
മേനോൻ സ്ത്രീധനമായി കൊടുത്ത കാശും സ്വർണ്ണവും തിരിച്ചുകിട്ടാനുള്ള കേസുമായി കുറെ നടന്നു. ഒരു ദിവസം രാവിലെ കുളിക്കാനായി ആ പുഴയിലേക്കിറങ്ങിയതാ, മഴ പെയ്ത സമയമായിരുന്നു, പുഴയിൽ നല്ല ഒഴുക്കും. പിന്നെ അടുത്ത ദിവസമാണ് മേനോന്റെ ശരീരം കിട്ടിയത്. പാവം, അതോടെ ആ അമ്മയും കിടപ്പിലായി, ഈയിടയ്ക് അവരും മരിച്ചു, ആരുമില്ലാതെ ആ കുട്ടി ഒറ്റയ്ക്ക് ആ വീട്ടിൽ. അതാ കഥകൾ ഇങ്ങനെ കൊഴുക്കുന്നത് നാട്ടിൽ.
എനിക്ക് അവരോട് സംസാരിക്കാനും എല്ലാം അറിയാനും ആഗ്രഹം തോന്നി. ഞാൻ അവരുമായി അടുക്കാൻ ശ്രമിച്ചു, ആദ്യമൊക്കെ ഒഴിഞ്ഞുമാറിയെങ്കിലും പതുക്കെ പതുക്കെ എന്നോട് അവർ അടുക്കാൻ തുടങ്ങി. ഞാൻ ഒരു ദിവസം അവരോട് ആൾക്കാരുടെ പെരുമാറ്റത്തെക്കുറിച്ചും, അവരുടെ ജീവിതത്തിൽ സംഭവിച്ചതിനെക്കുറിച്ചും ചോദിച്ചു.
കോളേജിൽ പഠിക്കാൻ തുടങ്ങിയ സമയത്താണ് പാർവതി വേണുവിനെ കണ്ടുമുട്ടുന്നത്, നാട്ടിലെ തേങ്ങാവെട്ടുകാരൻ പരമുവിന്റെ മകൻ. അവർ ഒരേ കോളേജിലാണ് പഠിച്ചിരുന്നത്, അവളുടെ സീനിയർ ആയിരുന്നു വേണു. വേണുവിന്റെ കവിത എഴുത്ത് കോളേജിൽ വേണുവിനെ പ്രശസ്തനാക്കിയിരുന്നു. പാർവതിയുടെ കൂടെപഠിക്കുന്നവരിൽ പലരും വേണുവിന്റെ ആരാധകരായിരുന്നു, അതുകൊണ്ടുതന്നേ വേണുവിന്റെ നാട്ടുകാരിയാണ് പാർവതി എന്നതിൽ അവൾ വളരെ അഭിമാനിച്ചിരുന്നു.
കോളേജിൽ കലോത്സവം നടക്കുന്ന സമയം. പതിവുപോലെ വേണുവിന്റെ ഒരു കവിതയുമുണ്ടായിരുന്നു..
പ്രിയേ, പ്രണയമെന്ന
നീര് ഞാനും അറിയുന്നു
അതിൻ മാധുര്യവും കയ്പ്പും,
നീയാം തരുണിയെ
കണ്ടില്ലായിരുന്നെങ്കിൽ
ഞാൻ എന്നേ ഒരു
പാഴ്മരമായ് മാറിയേനെ
ഇതുവരെ കണ്ട പൂവുകളിൽ
അതിൻ നിറവും മണവും മാത്രം
അറിഞ്ഞിരുന്ന ഞാൻ
ഇന്നാദ്യമായ് അതിൻ സൗന്ദര്യം
നിന്നിൽ കണ്ടത്ഭുതപ്പെട്ടു
ഒരു പൂവിനോളം നൈർമ്മല്യമായവളെ
നിനക്കടിമയായ് കഴിയുവാൻ ഞാൻ അതിയായ്
ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു
എന്തിനു വേണ്ടിയെന്നറിയാതെ
ജീവിതം വെറുതെ
തള്ളിനീക്കുകയേ
നിവൃത്തിയുണ്ടാവുകയായിരുന്നുള്ളൂ
പ്രിയേ, മരണത്തിലും
എൻ കണ്ണുകളിൽ നിന്നെ കണ്ടുകൊണ്ടു
എനിക്ക് മരിക്കണം
എൻ ആദ്യവസന്തവും
അവസാന തുടിപ്പും നീ തന്നെ
ആ കവിത പാർവതിയെ വല്ലാതെ ആകർഷിച്ചു. അന്ന് വൈകുന്നേരം ബസിനു കാത്തു നിന്നപ്പോൾ വേണുവിനെ കണ്ടു, അവിടെവച്ച് സംസാരിക്കാൻ സാധിച്ചില്ലെങ്കിലും ബസിറങ്ങിയയുടൻ അവൾ വേണുവിന്റെ അടുത്തേക്ക് ചെന്നു. "വേണുവേട്ടാ, ഇന്നത്തെ കവിത നന്നായിരുന്നു, എത്ര മനോഹരമായാണ് ഒരു പെൺകുട്ടിയോടുള്ള പ്രണയത്തെ പറഞ്ഞിരിക്കുന്നത്, അത് അനുഭവിക്കാതെ പറയാൻ സാധിക്കുമോ? കോളേജിൽ എല്ലാവരും പറയുന്നത് വേണുവേട്ടന് ആരോടും പ്രണയമില്ല എന്നാണ്". "അത് വളരെ ശരിയാണ് കുട്ടി, എനിക്കാരോടും പ്രണയമില്ല, പക്ഷെ മറ്റുള്ളവർ പ്രണയിക്കുന്നത് കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു"
"കുട്ടിയോ? അതെന്താ അങ്ങനെ വിളിക്കാൻ?"
എനിക്ക് കുഞ്ഞിലേ മുതൽ അറിയാവുന്നതല്ലേ പാർവതിയെ? കുട്ടി എന്നെ വിളിക്കാൻ തോന്നുന്നുള്ളൂ." അതും പറഞ്ഞ് ഒരു ചിരിയോടെ വേണു പാർവതിയെ കടന്നുപോയി.
ആയിടയ്ക്കാണ് പാർവതിയുടെ കൂടെപഠിച്ചിരുന്ന കുട്ടിയുടെ വിവാഹം നടന്നത്, ആ കല്യാണത്തിന് പാർവതിയും കൂട്ടുകാരും വേണുവും കൂട്ടുകാരും ഒക്കെ പങ്കെടുത്തിരുന്നു. അവൾ അന്ന് ചൂടിയിരുന്നത് ഒരു റോസാപ്പൂവായിരുന്നു, നല്ല മണമുള്ള പനീർ റോസ. അന്ന് പാർവതി ഇടയ്ക്ക് കൂട്ടുകാരുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ വേണുവിനെ തിരിഞ്ഞുനോക്കി. വേണുവും കൂട്ടുകാരും പുറകിലായിരുന്നു ഇരുന്നിരുന്നത്. അപ്പോൾ വേണു അവളെത്തന്നെ നോക്കുന്നത് കണ്ടു, അവൾക്കും നോട്ടം മാറ്റാൻ തോന്നിയില്ല, അപ്പോഴാണ് പെൺകുട്ടിയുടെ വീട്ടുകാർ സദ്യ കഴിക്കാൻ എല്ലാവരെയും ക്ഷണിച്ചത്. ഇരുന്നുവന്നപ്പോൾ വേണുവിനും പാർവതിക്കും അടുത്തടുത്തായിട്ടാണ് സീറ്റ് കിട്ടിയത്. പാർവതി അടുത്തിരുന്ന കൂട്ടുകാരിയോട് സംസാരിച്ചിട്ട് ഇലയിൽ നോക്കിയപ്പോൾ പപ്പടം ഒരെണ്ണം കൂടുതൽ ഇരിക്കുന്നു, 'വേണുവേട്ടാ, ഇത് വേണുവേട്ടൻ വച്ചതല്ലേ, എങ്ങനെ മനസ്സിലായി, എനിക്ക് പപ്പടം വലിയ ഇഷ്ടമാണെന്നു?' വേണു ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
ബസിൽ തിരിച്ചുപോരാൻ നേരവും അവരുടെ കണ്ണുകൾ തമ്മിൽ തമ്മിൽ കഥകൾ പറഞ്ഞുകൊണ്ടേയിരുന്നു.. ബസിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ പാർവതി ചോദിച്ചു "സത്യം പറയു വേണുവേട്ടാ, എനിക്കാ കവിത വീണ്ടും വീണ്ടും വായിച്ചിട്ടും തോന്നുന്നു, ആരെയോ ആ ആളറിയാതെ തന്നെ വേണുവേട്ടൻ ഇഷ്ടപ്പെടുന്നു എന്ന്".. "ആണോ? അത്രയ്ക്കുറപ്പാണോ കുട്ടിക്ക്? എങ്കിൽ എന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കു, അറിയാൻ സാധിക്കും അവളെ!" ആ കണ്ണുകളിൽ അവൾ കണ്ടത് അവളെത്തന്നെയായിരുന്നു. "ഇത് ഞാനല്ലേ" ഒന്നും ഓർക്കാതെ പറഞ്ഞവൾ ഒന്ന് ഞെട്ടലോടെ മനസ്സിലാക്കി, ആ പ്രണയിനി താനാണെന്ന്. അവൾ അവിടെ നിന്നും ഒരു ചെറിയ ചിരിയോടെയും നാണത്തോടെയും പോകാനൊരുങ്ങിയപ്പോൾ വേണു വിളിച്ചു
"കുട്ടി, ദാ, ഇത് കൂടി കൊണ്ടുപൊയ്ക്കൊള്ളൂ" അവൾ നോക്കിയപ്പോൾ പനീർ റോസാ. അവൾ തലയിൽ തൊട്ടു നോക്കി. "സംശയിക്കേണ്ട, ആ പൂവ് തന്നെയാ ഇത്. മണ്ഡപത്തിൽ വച്ച് താഴെ വീണപ്പോൾ ഞാനെടുത്ത് വച്ചതാ. കുറെ നേരം ആലോചിച്ചു, ഈ പൂവിന്റെ ഭംഗിയെക്കുറിച്ച്, ഇത് നേരിട്ട് കാണുന്നതിനേക്കാളും കുട്ടിയുടെ മുടിയിൽ ചൂടിയിരിക്കുമ്പോഴാണ് അതിനു സൗന്ദര്യം കൂടുന്നത്". അവൾ തെല്ലു നാണത്തോടെ ആ പൂവും വാങ്ങി വേഗത്തിൽ ഓടിപ്പോയി. വീടിന്റെ ഗേറ്റ് തുറന്നു അകത്തോട്ടു കയറുമ്പോഴും അവൾ തിരിഞ്ഞു നോക്കി, ആ വഴിയിൽ തന്നെ നിന്ന് തന്നെത്തന്നെ നോക്കിക്കൊണ്ടു നിൽക്കുകയാണ് വേണുവേട്ടൻ!
അവൾക്ക് വല്ലാത്ത സന്തോഷവും പറയാൻ അറിയാത്ത ഒരു സുഖമുള്ള നെഞ്ചിടിപ്പും അനുഭവപ്പെട്ടു. അന്നവൾ അതീവ സന്തോഷവതിയായി കാണപ്പെട്ടു. "ഈ പെണ്ണിനിതെന്തു പറ്റി? ഇന്നിത്തിരി ഇളക്കം കൂടുതലാണല്ലോ? ഇതെന്താ, ഏതെങ്കിലും മത്സരത്തിൽ വല്ല സമ്മാനവും കിട്ടിയോ" അമ്മ ചോദിച്ചു. "അതെ, അമ്മെ വളരെ വിലപ്പെട്ട സമ്മാനം" അവൾ പറഞ്ഞു.
പിന്നീടുള്ള ദിവസങ്ങളിലെല്ലാം അവർ രണ്ടുപേരും കോളേജിൽ എപ്പോഴും ഒരുമിച്ചുതന്നെ കാണപ്പെട്ടു. ഒരിക്കൽ അവൾ ചോദിച്ചു, 'വേണുവേട്ടാ, എന്നെ ഇഷ്ടപ്പെടാനുള്ള കാരണമെന്താണ്? എത്രയോ പെൺകുട്ടികൾ വേണുവേട്ടന്റെ ആരാധികമാരായുണ്ട്? എന്നിട്ടും എന്തേ എന്നെ?
'എനിക്കറിയില്ല കുട്ടീ, എന്റെ കുഞ്ഞുനാള് മുതൽ ഞാൻ കാണാൻ തുടങ്ങിയതാ നിന്നെ. അന്ന് മുതൽ ഇന്ന് ഈ നിമിഷം വരെയും എനിക്ക് നിന്നോട് പറയാൻ പറ്റാത്തവിധം സ്നേഹം തോന്നുകയാണ്. കുഞ്ഞുനാളിലെ നിന്റെ ആ ചിരിയും കുസൃതികളും ഞാൻ മാറിനിന്നു നോക്കുമായിരുന്നു, ഞങ്ങൾ സമൂഹത്തിന്റെ കണ്ണിൽ നിങ്ങളെക്കാൾ താഴ്ന്നവർ ആയതുകൊണ്ടുതന്നെ അടുത്തുവന്നു നിന്ന് കൂടെകളിക്കാൻ എനിക്ക് സാധിച്ചിരുന്നില്ലല്ലോ? നിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും എനിക്ക് നിന്നോടുള്ള സ്നേഹം കൂടിക്കൂടി വന്നു. എത്രയോ ദിവസങ്ങളിൽ നീ സ്‌കൂളിൽ പോകുമ്പോൾ ഞാൻ വഴിയിൽ നിന്നോട് എന്റെ പ്രണയം പറയാൻ വേണ്ടി കാത്തുനിന്നിട്ടുണ്ടെന്നറിയാമോ? പക്ഷെ എനിക്ക് അതിനു സാധിച്ചിരുന്നില്ല, പക്ഷെ ഇപ്പോൾ ഈ കോളേജിൽ ഞാൻ കുറച്ചുകൂടി സ്വതന്ത്രനായി തോന്നി, നീ ഇവിടെ വന്ന ആദ്യദിവസം ഞാൻ അനുഭവിച്ച സന്തോഷം അത് വളരെ വളരെ വലുതാണ്.' അതും പറഞ്ഞുകൊണ്ട് വേണു ആദ്യമായി പാർവതിയുടെ കയ്യിൽ ഒരു മുത്തം കൊടുത്തു.
അവൾ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും നാണം ഞെട്ടലിനു വഴി മാറി. അവൾ ചിരിച്ചുകൊണ്ട് അവിടെനിന്നും ഓടിപ്പോയി.
പിന്നീടൊരിക്കൽ അവൾ ചോദിച്ചു "എനിക്കെന്തെങ്കിലും പറ്റിയാൽ വേണുവേട്ടൻ എന്ത് ചെയ്യും? മരിക്കുമോ?' വേണു ഒന്നും മിണ്ടാതെ കുറച്ചുനേരം ഇരുന്നു. 'ഇല്ല, ഞാൻ മരിക്കില്ല, കാരണം നീ ഇല്ലാതായാലും നിന്റെ ഓർമ്മകളും നീ എനിക്ക് തന്ന സ്നേഹവും എന്റെ മനസ്സിൽ എപ്പോഴും കാണും, ആ മനസ്സ് ഇല്ലാതാക്കാൻ എനിക്ക് കഴിയില്ല, പ്രണയിക്കാൻ ശരീരം ഇല്ലാതായാൽ പ്രണയം അവസാനിക്കുന്നുവെങ്കിൽ ആ പ്രണയം ശരീരത്തോട് മാത്രമായിരിക്കും, കുട്ടീ, എനിക്ക് നിന്നോട്, നിന്റെ ശബ്ദത്തോട്, നിന്റെ ആത്മാവിനോട്, ....എനിക്കറിയില്ല, ഞാൻ എന്തുമാത്രം നിന്നെ പ്രണയിക്കുന്നു എന്ന് നിന്നെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്ന്'.
അവരുടെ സ്നേഹം പതുക്കെ പതുക്കെ കോളേജിൽ പാട്ടാകാൻ തുടങ്ങി. അതോടെ അവളുടെ പഠിപ്പ് അവസാനിച്ചു. പാർവതിയുടെ അച്ഛൻ വേണുവിനെയും, വേണുവിന്റെ അച്ഛൻ പരമുവിനെയും ഭീഷണിപ്പെടുത്തി. പരമുവിന്റെ ഒരേയൊരു മകനായിരുന്നു വേണു. കുഞ്ഞിലേ അമ്മ മരിച്ചതാണ് വേണുവിന്റെ. പാർവതിയുടെ അച്ഛൻ വന്നിട്ട് പോയതിനു ശേഷം പരമു മകനെ വിളിച്ചു സംസാരിച്ചു "മോനെ, നിനക്ക് ആ കുട്ടിയെ വളരെ ഇഷ്ടമാണെന്നു എനിക്കറിയാം, പക്ഷെ, അവരൊക്കെ സമ്പത്തുകൊണ്ടും ജാതീയത കൊണ്ടും വലിയ ആൾക്കാരല്ലേ,"
'അച്ഛാ, അവർ എല്ലാത്തരത്തിലും വലിയ ആൾക്കാർ ആയിരിക്കാം, പക്ഷെ, അതിനു എന്താണ് വില? ഒന്നും അവരുടെ അധ്വാനത്തിന്റെ ഫലമല്ല! പൂർവികർ ചേർത്തുവച്ചതുകൊണ്ടു അവർ അനുഭവിക്കുന്നു. അങ്ങനെ നോക്കുമ്പോൾ നമ്മളല്ലേ അച്ഛാ വലിയവർ. എന്റെ അച്ഛൻ തെങ്ങു കയറിയും അദ്ധ്വാനിച്ചുമാണ് എന്നെ ഇത്രയും പഠിപ്പിച്ചത്. നമുക്ക് എന്തെങ്കിലും സ്വന്തമായിട്ടുണ്ടെങ്കിൽ അത് അച്ഛൻ സ്വന്തം വിയർപ്പു കൊണ്ടുണ്ടാക്കിയതാണ്. പാർവതിയോട് എനിക്ക് തോന്നുന്നത് ഒരു പുരുഷന് ഒരു സ്ത്രീയോട് തോന്നുന്ന സാധാരണ പ്രണയം മാത്രമല്ല, അവൾ ഇല്ലാതെ എനിക്ക് ഒരിക്കലും പൂർണനാവാൻ സാധിക്കില്ല അച്ഛാ, ചിലപ്പോൾ നിങ്ങളുടെയൊക്കെ നിർബന്ധത്തിന് വഴങ്ങി ഞാൻ അവളെ വേണ്ടെന്നു വച്ചാൽ അച്ഛൻ ഓർത്തോളൂ പിന്നെ ജീവിക്കുന്നത് ഞാനായിരിക്കില്ല, ജീവനുള്ള എന്റെ ശവം ആയിരിക്കും.!
"മോനെ, നീ അത്രയ്ക്ക് ആ കുട്ടിയെ സ്നേഹിക്കുന്നെങ്കിൽ അവളെയും കൊണ്ട് എങ്ങോട്ടെങ്കിലും പോകൂ, ഈ നാട്ടിൽ എന്തായാലും നിങ്ങളെ സ്വസ്ഥമായി ജീവിക്കാൻ ഇവിടെയുള്ളവർ സമ്മതിക്കില്ല."
അച്ഛന്റെ അനുഗ്രഹത്തോടെ അവർ അവിടം വിട്ടു പോകാനൊരുങ്ങി. ശിവന്റെ അമ്പലത്തിൽ തൊഴാനായി അമ്മയോടൊപ്പം വന്നപ്പോൾ വേണു നിൽക്കുന്നത് പാർവതി കണ്ടു. പ്രദക്ഷിണം വച്ചുവരുമ്പോൾ വേണുവിന്റെ കണ്ണുകൾ സംസാരിക്കുന്നത് അവൾ ശ്രദ്ധിച്ചു, അമ്പലത്തിനോട് ചേർന്ന് നിൽക്കുന്ന ആൽമരത്തിലോട്ടാണ് വേണുവിന്റെ കണ്ണുകൾ പാർവതിയെ കൂട്ടിക്കൊണ്ടുപോയത്. അമ്പലത്തിൽ നിന്നും പുറത്തുകടന്നപ്പോൾ ആൽമരത്തിന്റെ ചുവട്ടിൽ ചുരുട്ടിയിട്ടിരിക്കുന്ന ഒരു കടലാസ് തുണ്ട് അവൾ കണ്ടു. അവൾ അമ്മ കാണാതെ അത് എടുത്തു കയ്യിൽ ഇലയിൽ വച്ചിരിക്കുന്ന പ്രസാദത്തിന്റെ കീഴിൽ ഒളിപ്പിച്ചു,
വീട്ടിൽ ചെന്നതും അവൾ അത് തുറന്ന് വായിച്ചു'കുട്ടീ, എത്ര ദിവസമായി നിന്നെ കണ്ടിട്ട്? ഒന്ന് മിണ്ടിയിട്ട്, എനിക്ക് വിശ്വാസമുണ്ട്, എന്റെ ഇപ്പോഴത്തെ പഠിത്തം വച്ച് എവിടെപ്പോയാലും എന്തെങ്കിലും ഒരു ജോലി എനിക്ക് സംഘടിപ്പിക്കാൻ സാധിക്കും, പക്ഷെ, നീയില്ലാതെ എനിക്ക് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല, ഇന്ന് രാത്രി ഞാൻ അമ്പലത്തിന്റെ കോണിലുള്ള സർപ്പക്കാവിന്റെ അടുത്തായി കാത്തുനിൽക്കും, നീ വരണം ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ നിന്നോടൊപ്പം നടക്കണം എനിക്ക്.'
അവൾക്ക് ഹൃദയമിടിപ്പ് കൂടി. അവൾ വേണുവിനോടൊപ്പം പോകാൻ തന്നെ തീരുമാനിച്ചു. രാത്രി എല്ലാവരും ഉറങ്ങിയതിനുശേഷം അവൾ ഇറങ്ങി. സർപ്പക്കാവിന്റെ അരികിൽ നിന്നിരുന്ന വേണുവിനെ കണ്ടു, അവൾ വന്നതിലുള്ള സന്തോഷം ആദ്യമായി അവളെ ആശ്ലേഷിച്ചുകൊണ്ടു വേണു പ്രകടിപ്പിച്ചു. അവർ അവിടെനിന്നും പുറപ്പെട്ടു,
'കുട്ടീ, നമുക്ക് പുഴ കടന്നു പോകാം അക്കരെയെത്തിയാൽ പിന്നെ പേടിക്കേണ്ട, വരൂ' വേണു പാർവതിയുടെ കയ്യിൽ പിടിച്ചുകൊണ്ട് നടന്നു. പുഴയിൽ ഇറങ്ങി അവർ പതുക്കെ നടക്കാൻ തുടങ്ങി, നടക്കുന്ന സമയം വേണു പറഞ്ഞുകൊണ്ടിരുന്നു 'കുട്ടീ, ഞാൻ ഏറ്റവും സന്തോഷവാനാണ് ഇപ്പോൾ, കാരണം ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നിന്നെ, ഞാൻ ഏറ്റവും സമയം ചിലവഴിച്ചിട്ടുള്ള നമ്മുടെ ഈ പുഴയിലൂടെ കൈ പിടിച്ചു കൊണ്ടുപോകുന്നു എന്നത് എന്നെ സംബന്ധിച്ച് വളരെ വലുതാണ്. അവൾ നാണത്തോടെ ചിരിച്ചുകൊണ്ട് വേണുവിന്റെ കൂടെ നടന്നു,
സാധാരണ പുഴയായിരുന്നെങ്കിലും, പ്രതീക്ഷിക്കാതെ മലവെള്ളം ചിലനേരങ്ങളിൽ അവിടെ വരാറുണ്ടായിരുന്നു. അന്നും അത് തന്നെ സംഭവിച്ചു. വെള്ളത്തിന് വേഗത കൂടി. കരയിൽ കയറാനായി വേണുവും പാർവതിയും കൂടി ശ്രമിച്ചു.
വലിയ പാറയുടെ അടുത്തെത്തിയപ്പോൾ കാൽ തെന്നി വേണു പുഴയിലേക്ക് വീണു, പാർവതിയും വേണുവും കൂടി പിടിക്കാൻ ഒരു സ്ഥലം കിട്ടാതെ വെള്ളത്തിലൂടെ ഒഴുകാൻ തുടങ്ങി, അതിനിടയിൽ വെള്ളത്തിലോട്ട് ചാഞ്ഞുനിന്നിരുന്ന ഒരു മരത്തിന്റെ ശിഖരത്തിൽ പാർവതിക്ക് പിടിക്കാൻ സാധിച്ചു, അവൾ വേണുവിനെയും വേഗം കൈ കൊടുത്ത് പിടിച്ച് അങ്ങോട്ടേക്കെത്തിച്ചു, അപ്പോഴാണ് വേണുവിന്റെ തലയിലും വയറിലും രക്തത്തിന്റെ കറ അവൾ കണ്ടത്.
വേഗം അടുത്തുള്ള പാറയിലോട്ട് വേണുവിനെ വലിച്ചുകയറ്റിയശേഷം നോക്കിയപ്പോൾ വയറിൽ ഒരു മരത്തിന്റെ കൊമ്പ് ഒടിഞ്ഞു കേറിയിരിക്കുന്നതാണ് കണ്ടത്, അവൾ സങ്കടം അടക്കാൻ കഴിയാതെ കരയാൻ ആരംഭിച്ചു, 'വേണുവേട്ടാ, ഇതെങ്ങനെയാ സംഭവിച്ചെ?' 'അത്, അത് ഞാൻ വീണില്ലേ, അവിടെ ഒരു കമ്പ് ഒടിഞ്ഞിരിക്കുകയായിരുന്നു, തലയും ആ ഒഴുക്കിൽ ഒരു പാറയിൽ ഇടിച്ചു'. അവൾ വേഗം സഹായത്തിനായി ആളെ വിളിക്കാൻ എഴുന്നേറ്റു, വേണു അവളുടെ കയ്യിൽ പിടിച്ചു വിളിച്ചു 'കുട്ടീ, മലവെള്ളം കൂടി വരുന്നു, എനിക്ക് രക്ഷപെടാൻ പറ്റുമെന്ന് തോന്നുന്നില്ല, എനിക്ക് തീരെ വേദന സഹിക്കാൻ പറ്റുന്നില്ല, നീ രക്ഷപ്പെടണം'
'ഇല്ല, വേണുവേട്ടൻ ഇല്ലാതെ ഞാൻ പോവില്ല, മരണത്തിലായാലും നമ്മൾ ഒന്നിച്ച്'.
'ഇല്ല കുട്ടീ, പറയുന്നത് കേൾക്കൂ, നീ ജീവിക്കണം, ഒരു സഹായം ചെയ്യണം, ഇങ്ങനെയൊരു കാര്യം സംഭവിച്ചത് ആരും അറിയരുത്, ഞാൻ ഒരു ദിവസം ഒളിച്ചോടിപ്പോയതായെ നാട്ടിൽ അറിയാവൂ. കാരണം എന്റെ പാവം അച്ഛന് ഇത് സഹിക്കാൻ പറ്റില്ല, പോ, പോ' സംസാരിച്ചുകൊണ്ടിരുന്നതിനിടയിൽ തന്നെ വെള്ളത്തിന്റെ വേഗത കൂടി, വേണു സർവ്വശക്തിയുമെടുത്ത് പാർവതിയെ കരയുടെ അടുത്തോട്ടുള്ള പാറയിലോട്ട് തള്ളിവിട്ടു, പാർവതിയുടെ കൺമുന്നിൽ വച്ച് തന്നെ വേണു ഒഴുകിപ്പോയി. അവളും മരിക്കാനായി വെള്ളത്തിലോട്ട് ചാടാൻ ശ്രമിച്ചതും വേണുവിന്റെ വാക്കുകൾ ഓർമ്മ വന്നു "ഇല്ല, ഞാൻ മരിക്കില്ല, കാരണം നീ ഇല്ലാതായാലും നിന്റെ ഓർമ്മകളും നീ എനിക്ക് തന്ന സ്നേഹവും എന്റെ മനസ്സിൽ എപ്പോഴും കാണും, ആ മനസ്സ് ഇല്ലാതാക്കാൻ എനിക്ക് കഴിയില്ല, പ്രണയിക്കാൻ ശരീരം ഇല്ലാതായാൽ പ്രണയം അവസാനിക്കുന്നുവെങ്കിൽ ആ പ്രണയം ശരീരത്തോട് മാത്രമായിരിക്കും, കുട്ടീ, എനിക്ക് നിന്നോട്, നിന്റെ ശബ്ദത്തോട്, നിന്റെ ആത്മാവിനോട്, ....എനിക്കറിയില്ല, ഞാൻ എന്തുമാത്രം നിന്നെ പ്രണയിക്കുന്നു എന്ന് നിന്നെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും". അവൾ കണ്ണുകൾ തുടച്ചുകൊണ്ട് വീട്ടിലേക്ക് നടന്നു.
അടുത്ത ദിവസം രാവിലെയായപ്പോൾ പാർവതിയുടെ മുറിയുടെ കതക് തുറന്നു അവളുടെ അച്ഛനും അമ്മയും അകത്തേക്ക് ചെന്നു. 'ദേ, നോക്ക് പാർവതി, ഇപ്പൊ എങ്ങനെയുണ്ട്, നിനക്ക് ഒരുത്തനോട് ലോഹ്യമായിരുന്നല്ലോ? അവന്റെ തനിഗുണം പുറത്തായി, ഇന്നലെ അവൻ ഒരു കത്തും എഴുതിവച്ചിട്ട് കടന്നുകളഞ്ഞു, അവനെയും വിശ്വസിച്ച് നീ പോയിരുന്നെങ്കിലോ? ഇതാ പറയുന്നത് മൂത്തവർ ചൊല്ലും മുതുനെല്ലിക്ക എന്ന്.' അവൾ ഒന്നും പറയാതെ കുനിഞ്ഞിരുന്ന് കരയാൻ തുടങ്ങി. അമ്മ അവളെ ആശ്വസിപ്പിക്കാനായി അടുത്തോട്ടു ചെന്നപ്പോൾ അച്ഛൻ പറഞ്ഞു 'വേണ്ട, കരയട്ടെ, അവൾ രക്ഷപ്പെട്ടു എന്ന് മനസ്സിലാക്കട്ടെ'.
ഇത്രയും പറയുമ്പോഴും അവർ കരയുകയായിരുന്നു, കേട്ടിരുന്ന എന്റെ കണ്ണുകളും നിറയാൻ തുടങ്ങി. ഞാൻ പറഞ്ഞു 'ഒരേസമയം നിങ്ങൾ ഭാഗ്യവും നിർഭാഗ്യവും ഉള്ളവരാണ്, ഇത്രയും മനോഹരമായി പ്രണയിക്കപ്പെടാനും അത് കൈവിട്ടുപോകാനും. പക്ഷേ? അതിനെന്തിനാണ് നിങ്ങളെ എല്ലാവരും പഴിക്കുന്നത്?
അത്..ഇയാൾ താമസത്തിനു വരുന്നതിനു മുമ്പ് അവിടെ ഒരു പയ്യൻ താമസിച്ചിരുന്നു. കിഷോർ, എന്നെക്കാളും അഞ്ചാറു വയസ്സിനു ഇളയതായിരുന്നു അവൻ. ഇയാളെപ്പോലെതന്നെ അവനും എന്റെ പിന്നാലെ നടന്നു എന്റെ കഥകൾ മനസ്സിലാക്കി.
അടുത്ത ദിവസം രാവിലെ പാറുക്കുട്ടി എന്ന വിളി കേട്ട് ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ കിഷോർ,
ഇതെന്താ ഇങ്ങനെ എന്ന് ചോദിച്ച എന്നോട് 'വേണുവേട്ടന്റെ കുട്ടി വിളിയോട് ഞാൻ ഒരു പാറുവും കൂടി ചേർത്തു' എന്നാണവൻ പറഞ്ഞത്. ഞാൻ അതത്ര കാര്യമാക്കിയില്ല, പക്ഷെ അവൻ എല്ലാക്കാര്യത്തിലും അളവിൽ കൂടുതൽ സ്വാതന്ത്ര്യം കാണിക്കാൻ തുടങ്ങി, അവനെന്നോട് പ്രണയമാണെന്ന് പറഞ്ഞു പിന്നാലെ കൂടി. ഞാൻ എത്ര പറഞ്ഞിട്ടും കേട്ടില്ല, എപ്പോഴും എന്റെ പിന്നാലെയുണ്ടായിരുന്നു, അമ്പലത്തിൽ പോയാലും, കടയിൽ പോയാലും, പുറത്തോട്ടിറങ്ങിയാലും എപ്പോഴും. അത് കണ്ടു ആൾക്കാർ പുതിയ കഥകൾ പറയാൻ തുടങ്ങി, അവന്റെ അച്ഛനും അമ്മയും കൂടി എന്റെ വീട്ടിൽ വന്നു ബഹളമുണ്ടാക്കി. ഞാൻ അവരുടെ മകനെ വശീകരിച്ചു വച്ചിരിക്കുകയാണെന്നായിരുന്നു അവരുടെ പറച്ചിൽ. അവരുടെ പക്ഷത്തു നിന്ന് നോക്കുമ്പോൾ ദേഷ്യപ്പെടുന്നതിൽ അവരെ കുറ്റം പറയാൻ എനിക്ക് കഴിഞ്ഞില്ല. അതോടെ നാട്ടുകാർക്കും എന്നോട് വെറുപ്പായി. അവസാനം ഞാൻ അവന്റെ കാലിൽ പിടിച്ചു കരഞ്ഞു ഒന്ന് പോയിതരാൻ. അവസാനം എന്റെ കണ്ണുനീരിനു മുന്നിൽ അവൻ അലിഞ്ഞു. അവൻ അമേരിക്കയിൽ ഒരു ജോലി കിട്ടിപ്പോയി. ഇപ്പോഴും കത്തുകൾ അയക്കുന്നു, അച്ഛനമ്മമാരെ പറഞ്ഞു മനസ്സിലാക്കിയെന്നും, അവർക്കും സമ്മതമാണെന്നും ഒക്കെപ്പറഞ്ഞ്. പോകാൻ നേരവും പറഞ്ഞിട്ടാണ് പോയത്, തിരിച്ചുവരും കാത്തിരിക്കണം എന്ന്. പക്ഷെ, ഞാൻ മരിക്കാതിരിക്കുന്നത് തന്നെ വേണുവേട്ടന് കൊടുത്ത വാക്ക് എനിക്ക് മറികടക്കാൻ പറ്റില്ല അത് കൊണ്ട് അതുകൊണ്ടുമാത്രം.
എല്ലാം കേട്ടുകഴിഞ്ഞപ്പോൾ എനിക്ക് അവരോട് സഹതാപം കൂടിയതെയുള്ളൂ. ഞാൻ അവിടെനിന്നും യാത്ര പറഞ്ഞ് നേരെ വീട്ടിലെത്തി.
നാട്ടുകാർ പാർവതിയെക്കുറിച്ച് തെറ്റുകാരി എന്ന് പറയുന്നത് എന്തിനാണെന്ന് ഇപ്പോൾ മനസ്സിലായി. എല്ലാത്തിനും ഈ സമൂഹവും ആൾക്കാരും ഒരു കാണാൻ കഴിയാത്ത ചങ്ങല തീർത്തിട്ടുണ്ട്. ഓരോ നിയമവും വച്ചിട്ടുണ്ട്. അത് ആരെങ്കിലും മറികടന്നാൽ ഉടൻ വരും പേര്..ധിക്കാരി, തന്റേടി. ഒരു പയ്യൻ ഇങ്ങോട്ടു വന്നു പ്രണയം പറഞ്ഞു പിന്നാലെ നടന്നിട്ടും അത് ഉൾക്കൊള്ളാതെ അവനെ പിന്തിരിപ്പിക്കാൻ നോക്കിയതാണ് അവൾ ചെയ്ത കുറ്റം. താൻ ജീവനെപ്പോലെ കരുതിയിരുന്നവൻ കണ്മുന്നിൽ നിന്നും ഇല്ലാതായിട്ടും അവന്റെ വാക്കിന് വില കൊടുത്ത് ജീവിക്കുന്നതും കുറ്റമല്ലേ? കിട്ടേണ്ടതെല്ലാം കിട്ടിക്കഴിഞ്ഞപ്പോൾ തന്നെ ചവറ്റുകുട്ട പോലെ ഉപേക്ഷിച്ചവരുടെ പിന്നാലെ കരഞ്ഞുകൊണ്ട് പോകാതിരുന്നതും തെറ്റല്ലെ? ഒറ്റയ്ക്ക് ഒരു സ്ത്രീ താമസിക്കുമ്പോഴും അവളെ എങ്ങനെയെങ്കിലും ദുഷ്‌പേരുകാരിയാക്കി സ്വയം മാന്യയാണെന്നു ആരെയൊക്കെയോ ബോധ്യപ്പെടുത്താൻ വേണ്ടി ജീവിക്കുന്ന വ്യക്തിത്വങ്ങളോട് തന്റെ ഭാഗത്തെ സത്യം പറഞ്ഞു മനസ്സിലാക്കാൻ അവൾ മെനക്കെടാത്തതും തെറ്റല്ലേ? അതെ അവൾ തെറ്റുകാരിയാണ്. പക്ഷെ ഞാൻ മനസ്സ് കൊണ്ട് ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുകയും ചെയ്യുന്നു, കിഷോർ വരാനും വേണുവിന്റെ (കുട്ടിയെ) പാർവതിയെ കൊണ്ടുപോവാനും.

 ഉമാ രാജീവ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot