നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കാർക്കൂന്തലിലൊളിപ്പിച്ച രഹസ്യം

Image may contain: 1 person, closeup

"നീയറിഞ്ഞോടി....വടക്കേലെ സുമിത്രേച്ചി തൂങ്ങി മരിച്ചെന്ന്" , ഇതും പറഞ്ഞുകൊണ്ട് അയൽവക്കത്തെ സീത ചേച്ചി ജാനകിയമ്മയുടെ വീട്ടിലേക്കോടി.
ഉറക്കത്തിൽ നിന്നുമെഴുന്നേറ്റു വന്ന ഞാൻ കേട്ട വാർത്ത എന്നെ വാതിൽപ്പടിയിലേക്ക് തളളിയിട്ടു. അമ്മ ഓടി വന്നെന്നെ പിടിച്ചെഴുന്നേൽപ്പിച്ച് അകത്ത് കൊണ്ട് കിടത്തി. ഞാൻ കിടക്കാൻ കൂട്ടാക്കിയില്ല.
"എനിക്ക് സുമിത്രേച്ചിയെ കാണണം.... അമ്മ മാറി നിൽക്കൂ... എന്റെ സുന്ദരിച്ചേച്ചി എന്തിനാ അങ്ങിനെ ചെയ്തേ ...? ഇനി ആരുടെ കൂടെയാ ഞാൻ അമ്പലത്തിൽ പോവുക...?"
അമ്മയെ തളളിമാറ്റി കവിളുകളിലേക്ക് ഉതിർന്നു വീണ നീർതുളളികളെ കൈപ്പത്തിയുടെ പുറം ഭാഗം കൊണ്ട് തുടച്ചു കൊണ്ട് ഞാനോടി. 'അമ്മ വീട് പൂട്ടി ഇറങ്ങുമ്പോഴേക്കും നേരം വൈകും, അച്ഛൻ ജോലിയ്ക്കു പോവുകയും ചെയ്തു.
ജാനകിയമ്മയുടെ മുറ്റം നിറയെ ജനക്കൂട്ടമാണ്, വരാന്തയിൽ നിൽക്കുന്ന മുക്കാൽ ട്രൗസർ ഇട്ട കൊമ്പൻ മീശക്കാരൻ പോലീസുകാരനെ കണ്ടപ്പോഴേ എനിക്ക് പേടിയായി. അല്ലങ്കിലേ പൊലീസുകാരെ എനിക്ക് പേടിയാണ്. രാമേട്ടന്റെ ചായക്കടയിൽ പാല് കൊടുക്കാൻ പോകുമ്പോൾ പോലീസ് ജീപ്പ് ഉണ്ടാകും കടയ്ക്ക് മുൻപിൽ, കടയ്ക്ക് മുൻപിൽ ആരെങ്കിലും സംസാരിച്ചു നിൽക്കുന്നത് കണ്ടാൽ അവരുടെ തലയ്ക്കിട്ടു കൊട്ടി "പോയിനടാ എല്ലാം..." എന്ന ഉച്ചത്തിലുള്ള അലർച്ച കേൾക്കുമ്പോഴേ എന്റെ നെഞ്ചിടിക്കും. പാൽപ്പാത്രത്തിനായ് കാത്തു നിൽക്കുന്ന സമയം അയാളുടെ ഒരു നോട്ടമുണ്ട്, കൊമ്പൻ മീശ പിരിച്ചുകൊണ്ടു ചോരക്കണ്ണാൽ ശരീരത്തെയാകെ ഉഴിഞ്ഞ നോട്ടം. അത് കാണുമ്പോഴേ ആകെ ഉരുകിയൊലിക്കും . പാത്രം കൈയിൽ കിട്ടിയാൽ പിന്നെ തിരിഞ്ഞു നോക്കില്ല, ഒരൊറ്റ ഓട്ടമാണ്.
ഈ പോലീസ് ഉളളപ്പോൾ എങ്ങിനെയാ സുമിത്രേച്ചിയെ കാണുന്നത്. ഏതായാലും മുൻവശത്തൂടെ പോകേണ്ടെന്നു തീരുമാനിച്ചു. ഞാൻ അടുക്കള വാതിലിലൂടെ അകത്തേയ്ക്ക് കയറി, അവിടെയെല്ലാം തിരക്കാണ്. തിരക്കിനിടയിലൂടെ അകത്തേയ്ക്ക് കയറുമ്പോൾ അയൽവക്കത്തെ കുശുമ്പിപ്പെ ണ്ണുങ്ങളുടെ പതം പറച്ചിൽ കേൾക്കാമായിരുന്നു.
"എന്തായിരുന്നു ഗമ, ലോക സുന്ദരിയാണെന്നായിരുന്നു ഭാവം. എന്നിട്ടിപ്പൊ എന്തായി, ഒരു മുഴം തുണിയിൽ തൂങ്ങിനിൽക്കുന്നത് കണ്ടില്ലേ? ആരെയെങ്കിലും കണ്ണും കൈയും കാണിച്ചു വലയിലാക്കി പളേളൽ ആയിക്കാണും."
ആ പറഞ്ഞവളുടെ മുഖത്തേയ്ക്ക് ഞാനൊന്നിരുത്തി നോക്കി, അവൾ വേഗം മുഖം വെട്ടിച്ചു. ഒന്നും മിണ്ടാതെ ഞാൻ അകത്തേയ്ക്ക് നടന്നു. കീറിമുറിച്ചു കൊണ്ട് വരും മുൻപേ എനിക്കൊന്നു കാണണം.
 എത്തി വലിഞ്ഞു ഞാൻ മുറിയിലേക്ക് നോക്കി,
രണ്ടു പേർ സുമിത്രേച്ചിയെ താഴെ ഇറക്കാൻ ശ്രമിക്കുവാണ്. മുഖം കാണുന്നില്ല... പനം കുല പോലെയുള്ള മുടി അഴിച്ചിട്ടിരിക്കുന്നു. ചന്തിയിറങ്ങി മുട്ടു വരെ നീണ്ടു കിടക്കുന്ന മുടി. ചേച്ചിയെ പിടിക്കുന്ന ആൾ മുടി കൈയിലൊതുക്കി നിർത്താൻ പാടുപെടുന്നുണ്ടായിരുന്നു.
നല്ല കറുത്ത ചെറിയ ഒടിവുള്ള നീണ്ട മുടിയായിരുന്നു ചേച്ചിയുടേത്. മുടി അഴിച്ചിട്ടാൽ നല്ല ഭംഗിയിൽ പരന്നു കിടക്കും, ഒരു തുളസിക്കതിർ എപ്പോഴും ആ തലമുടിയിൽ ഉണ്ടാകും. ചേച്ചിയുടെ മുടി കാണാനായി മാത്രം ചെക്കന്മാർ അമ്പലത്തിൽ പോകുമ്പോൾ മുൻപേ നടക്കാതെ പുറകിൽ നടക്കുമായിരുന്നു.
കെട്ടഴിച്ചു അവർ സുമിത്രേച്ചിയെ താഴെ കിടത്തി . താഴെയാകെ മലമൂത്രവിസർജ്യം കിടക്കുന്നതിനാൽ നീക്കിയാണ് കിടത്തിയത്.
ചന്ദനനിറമുള്ള ആ വട്ടമുഖത്തെ പ്രഭ ഇപ്പോഴും കുറഞ്ഞില്ലെന്നു എനിക്ക് തോന്നി. മാൻപേടക്കണ്ണുകൾ പുറത്തേക്ക് തുറിച്ചിരിക്കുന്നു, കണ്ണിലെ കരിമഷി പടർന്നിട്ടുണ്ട്, "ചേച്ചി കരഞ്ഞിട്ടുണ്ടാകുമോ ....? ഉണ്ടാകും പാവത്തിന് വേദനിച്ചു കാണും . കഴുത്തു മുറുകിയപ്പോൾ നിലവിളിക്കാൻ ശ്രമിച്ചു കാണും. ഒരുറുമ്പിനെ പോലും വേദനിപ്പിക്കാത്ത എൻറെ സുമിത്രേച്ചിയ്ക്ക് എങ്ങിനാ സ്വയം വേദനിപ്പിക്കാൻ സാധിച്ചത്?"
മനസ്സിലെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനാകാതെ ഞാൻ വീടിനു പുറത്തേക്കു നടന്നു.
അടുത്ത ഗ്രാമത്തിൽ നിന്നൊക്കെ ആൾക്കാർ വന്നിട്ടുണ്ട്, എങ്ങിനെ വരാതിരിക്കും ചേച്ചിയുടെ സൗന്ദര്യം പരിസര ഗ്രാമത്തിലെ വണ്ടുകളെയെല്ലാം ആകർഷിച്ചിരുന്നു. ചേച്ചിയുടെ ഒരു നോട്ടം കിട്ടാൻ ആഗ്രഹിക്കാത്ത ഒരു പുരുഷകേസരിയും അവിടെയൊന്നും ഇല്ലായിരുന്നു എന്നതാണ് സത്യം. ചേച്ചി പക്ഷെ ഒന്നിലും വഴുതി വീഴാതെ നടന്നു. ഞാനായിരുന്നു സന്തത സഹചാരി, ആ ഞാൻ കാരണം തന്നെ എന്റെ സുന്ദരിച്ചേച്ചി അറിയാതെ ശിവേട്ടന്റെ പ്രണയത്തിൽ വീണു. എങ്ങിനെ വീഴാതിരിക്കും ചേച്ചിയെ പറ്റി ശിവേട്ടൻ എഴുതിയ കവിതകൾ അത്ര മനോഹരമായിരുന്നു. ആ കവിതകളെല്ലാം കൂടെ ഒരു പുസ്തകമാക്കി ചേച്ചിയെ ഏല്പിക്കാനായി എന്റെ കൈവശം തന്നപ്പോൾ ഞാൻ അറിഞ്ഞില്ല ഇതിന്റെ അവസാനം ഇങ്ങിനെ ആകുമെന്ന്. ആ കവിതകൾ മുഴുവൻ അന്ന് രാത്രി തന്നെ ചേച്ചി വായിച്ചു തീർത്തു. അതിലൊരു എഴുത്തും ഉണ്ടായിരുന്നു ,
"എന്റെ ഹൃദയരക്തത്താൽ എഴുതിയ ഇതിലെ ഓരോ വരിയും എന്റെ മനസ്സാണ്, എനിക്ക് നിന്നൊടുളള പ്രണയമാണ്.... എന്റെ ഹൃദയം ആ ഹൃദയത്തിലേക്ക് ആവാഹിക്കാൻ തയ്യാറാണെങ്കിൽ ഈ പുസ്തകം എനിക്ക് തിരിച്ചു തരരുത്."
എന്ന്,
ശിവൻ
ആ വരികൾ ചേച്ചിയുടെ ഹൃദയത്തിലാണ് തുളച്ചു കയറിയത്. പിന്നീടവർക്കിടയിലെ ഹംസം ഞാനായിരുന്നു. ശിവേട്ടനും നല്ല സുമുഖൻ ആയിരുന്നു, നാട്ടിലെ പ്രമാണിയുടെ മകൻ.
ക്ഷയിച്ചു പോയ പഴയ നായർ തറവാടാണ് സുമിത്രേച്ചിയുടേത്. വീടും ചുറ്റുമുള്ള അൻപത് സെന്റ് സ്ഥലവും. അവിടുന്ന് കിട്ടുന്ന തുച്ഛമായ ആദായമാണ് അമ്മയുടെയും സുമിത്രേച്ചിയടക്കം താഴെയുള്ള മൂന്നു പെണ്മക്കളുടെയും വിശപ്പടക്കുന്നത്. പണ്ടത്തെ തറവാടാണെന്നു ചിത്രകൂടകല്ലുറങ്ങുന്ന ആ നാഗകോട്ട കണ്ടാലേ അറിയൂ. ബാക്കിയെല്ലാം നശിച്ചു.അച്ഛനില്ലാതെ വളർത്തുന്നത് കൊണ്ടാകും ജാനകിയമ്മ മക്കളെ അച്ചടക്കത്തിലാണ് വളർത്തിയത്. നാല് പെണ്മക്കൾ ആണവർക്ക്, മൂത്തതാണ് സുമിത്ര ചേച്ചി, താഴെ മൂന്നു പെൺകുട്ടികൾ. നാല് പെൺകുട്ടികളെ പറ്റിയും നാട്ടിൽ നല്ല പേരാണ്, നടക്കുമ്പോൾ തല ഉയർത്തിപ്പോലും ആരെയും നോക്കില്ല. അവർക്കറിയാം അമ്മയുടെ കഷ്ടപ്പാട്. എന്നും 'അമ്മ അവർക്കു പറഞ്ഞു കൊടുക്കുന്നത് ആത്മാഭിമാനം നശിപ്പിക്കരുത് എന്നാണു. സുമിത്രേച്ചിയും പാവം ആയിരുന്നു, ഞാൻ അന്ന് ആ പുസ്തകം കൊടുത്തില്ലായിരുന്നെങ്കിൽ.... ഒരുപക്ഷേ ...!!
"എന്നാലും എന്തിനായിരിക്കും ചേച്ചി ഇത് ചെയ്തത്.....? ശിവേട്ടൻ എന്തെങ്കിലും പറഞ്ഞോ... ?"
ചോദ്യങ്ങൾ മനസ്സിനെ തളർത്തികൊണ്ടിരുന്നു, വീടെത്തിയതറിഞ്ഞില്ല, മുറിയിൽ പോയി കിടന്നു. സുമിത്രേച്ചി ഇല്ലാതെ ഒരാഴ്ച്ച ഞാൻ ആ മുറിയിൽ നിന്നും പുറത്തിറങ്ങാതെ കഴിച്ചുകൂട്ടി. ജനവാതിലിലൂടെ നോക്കുമ്പോൾ ചേച്ചിയുടെ മുറി കാണാം, ജനവാതിലിനിടയിലൂടെ കൈ നീട്ടി മാടി വിളിക്കുന്നത് പോലെ തോന്നും. ഉറക്കം കണ്ണുകളോട് പിണങ്ങിയിട്ട് ഒരാഴ്ചയായി .. അമ്മ നിർബന്ധിച്ചാണ് അമ്മാവന്റെ വീട്ടിൽ കൊണ്ട് പോയാക്കിയത്. അവിടെ ഒരാഴ്ച്ച എങ്ങിനെയോ തളളി നീക്കി, പക്ഷേ മനസ്സ് പതുക്കെ സ്വസ്ഥമായി. വീട്ടിൽ പോകണമെന്ന് വാശി പിടിച്ചപ്പോൾ അമ്മാവനാണെന്നെ വീടിനത്തുള്ള സരസ്വതി ചേച്ചിയുടെ കൂടെ പറഞ്ഞയച്ചത്.
വീട്ടിലെത്തിയപ്പോൾ അമ്മയില്ല, വാതിൽ പൂട്ടിയിരിക്കുന്നു. "എന്നെ അമ്മാവന്റെ വീട്ടിൽ ആക്കി അച്ഛനും അമ്മയും കൂടെ എവിടെയെങ്കിലും പോയോ ഇനി...? ". എന്തായാലും ജാനകി അമ്മയുടെ വീട്ടിൽ പോയി ഇരിക്കാം, സുമിത്രേച്ചിയുടെ മരണശേഷം അങ്ങോട്ട് പോയിട്ടേയില്ല. 'അമ്മ ചിലപ്പോൾ അവിടെ ഉണ്ടായിരിക്കാം എന്നും തോന്നി. അമ്മയോടാണ് ജാനകിയമ്മ വിഷമങ്ങൾ പറയുന്നത്.
ഞാൻ പതുക്കെ സുമിത്രേച്ചിയുടെ വീട്ടിലേക്ക് നടന്നു. അമ്മയുടെ ശബ്ദം കേൾക്കുന്നുണ്ട്, കോലായുടെ അരികിലെ ചാരുപടിയിൽ ഇരുന്നാണ് സംസാരം . സുമിത്രേച്ചി എന്ന് കേട്ടപ്പോൾ ഞാൻ ഒച്ചയെടുക്കാതെ അവർ കാണാത്ത വിധം ചുമരിന് മറഞ്ഞു നിന്നു. ജാനകി അമ്മ പറയുകയാണ്......
"ഒരു ദിവസം കോട്ടയിൽ പതിയെ ഉളള സംസാരം ഞാൻ കേട്ടതാ, പോയി നോക്കുകയും ചെയ്തു ആരെയും കണ്ടില്ല. കോട്ടയിൽ ആരും കയറാറില്ല, വിളക്ക് കത്തിക്കാൻ പോലും ഞാൻ മക്കളെ അങ്ങോട്ട് പറഞ്ഞയക്കാറില്ല. അവിടുത്തെ ദോഷം കൊണ്ടാണ് എനിക്കീ ഗതി എന്നാണ് എല്ലാവരും പറയുന്നത്. പ്രതിവിധി ചെയ്യാൻ പറയുന്ന പൂജയ്ക്ക് എന്റെ കൈയിൽ എവിടെയാണ് പണം. ഓരോ ദിവസം തള്ളി നീക്കുന്ന ബുദ്ധിമുട്ട് എനിക്കെ അറിയൂ. പിന്നീടൊരിക്കലും കോട്ടയിൽ അതുപോലെ ശബ്ദം ഞാൻ കേട്ടിട്ടില്ല. എന്നും പുലർച്ചെ സുമിത്രയാ മുറ്റം തൂത്ത് വാരുന്നത്. അന്ന് അവൾ മുറ്റം തൂക്കുമ്പോൾ ഞാൻ പുറത്തേക്കിറങ്ങി വന്നു, തലേന്ന് വിറകെടുത്തു വെക്കാൻ മറന്നു പോയി, വിറകുപുരയിലേക്ക് പോകാൻ ചെന്നതാ, സുമിത്രയ്ക്ക് എന്തോ ഒരു പരുങ്ങൽ. എന്താടീ..... ഇന്നെന്താ എഴുന്നേൽക്കാൻ വൈകിയത്എന്നും ചോദിച്ചു ഞാൻ അടുത്തേക്ക് ചെന്നപ്പോൾ അവളുടെ മുടിയുടെ പുറകിൽ നിന്നും ആരോ ഓടിപ്പോയി. ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത കാഴ്ച്ച. മുടി അഴിച്ചിട്ടു മുറ്റം അടിക്കരുതെന്നു ഞാൻ പറയുന്നതാ... അന്നാണ് മുടി അഴിച്ചിട്ട് മുറ്റം തൂക്കുന്നതിന്റെ രഹസ്യം എനിക്ക് മനസ്സിലായത്. അവളെ പിടിച്ചു വലിച്ചു ഞാൻ വിറകുപുരയിലേക്ക് കൊണ്ട് പോയി. ..... ഇളയതുങ്ങൾ അറിയരുതല്ലോ ഒന്നും. കുറെ തല്ലിയപ്പോഴാ അവൾ എല്ലാം പറഞ്ഞത്, പറയുന്നതെല്ലാം കേട്ട് ഞാൻ ഞെട്ടി തരിച്ചിരുന്നു.
കുറെ നാളായി തുടങ്ങിയതാണത്രെ .... രാത്രി അവളോടൊപ്പം കിടക്കുന്ന അവൻ രാവിലെ ഇറങ്ങിപ്പോകും..... അവളൊറ്റയ്ക് നടുമുറിയിൽ ആണ് കിടന്നിരുന്നത്, ഇളയതുങ്ങൾ മൂന്നും അടുത്ത മുറിയിലും, ഞാൻ ഇടനാഴിയിലും. അവളുടെ മുടിയുടെ മറ പിടിച്ച അവൻ വരുന്നതും പോകുന്നതും , അന്നവർ എഴുന്നേൽക്കാൻ വൈകി..... അതുകൊണ്ട് എന്റെ കണ്മുമ്പിൽ പെട്ടു.
ആളാരാണെന്ന് ആദ്യമവൾ പറഞ്ഞില്ല, ഞാൻ നെഞ്ചത്തടിച്ചു കരഞ്ഞപ്പോഴാ അവൾ ആ നശിച്ച പേര് പറഞ്ഞത്. വാരിയത്തെ ശിവൻകുട്ടി. ആ നായരുടെ മോൻ."
അത് പറഞ്ഞതും അവർ പൊട്ടിക്കരയുന്നതും അമ്മ ആശ്വസിപ്പിക്കുന്നതും ഞാൻ കേട്ടു . ശ്വാസം പിടിച്ചിരിക്കവേ കരച്ചിലിനിടയിൽ അവരുടെ സംസാരം തുടരുന്നത് ഞാൻ ശ്രദ്ധിച്ചു.
"വേറെ ആരാണെങ്കിലും ഞാൻ സമ്മതിച്ചേനെ നിർമ്മലേ..... ശിവൻ. അവൻ നല്ല കുട്ടിയാ, പക്ഷേ നിനക്കറിയാമോ എന്നെനിക്കറിയില്ല അവന്റെ അച്ഛനാ എന്റെ ആദ്യ സംബന്ധക്കാരൻ..... വേളി ആയിട്ടൊന്നും നടത്തിയിട്ടില്ല, സംബന്ധം കൂടിയതാ. രാത്രികളിൽ വരും പോകും. പിന്നീട് പതുക്കെ വരാതെ ആയി. സുമിത്ര ഉണ്ടായിട്ടും അയാൾ വന്നില്ല. സുമിത്രയ്ക്ക് അഞ്ചു വയസ്സായപ്പോഴാ അറിഞ്ഞത് അയാൾ വേറെ പണക്കാരിയെ സംബന്ധം ചെയ്തെന്നു. എന്റെ ശല്യം ഒഴിവാക്കാൻ ആങ്ങളമാർ എന്നെ ഭാര്യ മരിച്ച എന്നെക്കാൾ 25 വയസ്സ് മൂപ്പുള്ള രാമൻ നായരെക്കൊണ്ട് വീണ്ടും സംബന്ധം ചെയ്യിച്ചു, മൂന്ന് മക്കളെയും തന്നു അങ്ങേര് കാശിയ്ക്കെന്നും പറഞ്ഞു പോയി. ജീവനുണ്ടോ മരിച്ചോ എന്നൊന്നും ഇതുവരെ അറിവില്ല. ഈ നാട്ടിലേക്ക് സുമിത്രയുടെ അച്ഛൻ വന്നത് ഞാൻ അറിഞ്ഞത് തന്നെ കഴിഞ്ഞ ഓണത്തിന് പാണൻമാർ വന്നപ്പോഴാ.
ആ ബന്ധം നടക്കില്ലെന്ന്ഞാൻ അവളോട് കട്ടായം പറഞ്ഞതാ.... അവളെന്റെ കാലിൽ പിടിച്ചു കരഞ്ഞു കൊണ്ട് പറയുകയാ അവളുടെ കുഞ്ഞിന് അച്ഛനില്ലാതാക്കല്ലേ എന്ന്. എന്റെ നെഞ്ച് തകർന്നു പോയി നിർമ്മലേ ..... ഒരിക്കലും നടക്കാത്ത ബന്ധം. എനിക്കെല്ലാം അവളോട് എല്ലാം പറയേണ്ടി വന്നു . എല്ലാം കേട്ട് അവൾ ഒന്നും മിണ്ടാതെ 'അമ്മ എന്നോട് ക്ഷമിക്കണം എന്നും പറഞ്ഞു മുറിയിൽ കേറിക്കിടന്നു. ഞാനും വിളിച്ചില്ല. പക്ഷേ ഇങ്ങനൊരു കടും കൈ........"
ജാനകിയമ്മയുടെ കരച്ചിൽ ഉച്ചത്തിലായി, അവരെ സമാധാനിപ്പിക്കാൻ 'അമ്മ ശ്രമിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു. ഞാൻ അവിടുന്ന് ഇറങ്ങി നടന്നു. വീടിന്റെ വേലിയ്ക്കരുകിൽ ശിവേട്ടൻ നിൽക്കുന്നത് ഞാൻ കണ്ടു, എന്റെ നെഞ്ചിടിക്കാൻ തുടങ്ങി. കേട്ടതെല്ലാം പറയണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിൽ ഞാൻ നിന്നപ്പോൾ ശിവേട്ടൻ അടുത്തേയ്ക്കു വന്നു.
"മോളെ, സുമിത്ര എന്തിനിത് ചെയ്‌തെന്ന് സത്യമായും എനിക്കറിയില്ല. മോളോട് വല്ലതും പറഞ്ഞിരുന്നോ...? "
ഇല്ലായെന്ന് ഞാൻ തലയാട്ടി.
"അവളില്ലാത്ത ഈ നാട്ടിൽ എനിക്ക് നിൽക്കാൻ വയ്യ. ഞാൻ പോവുകയാണ്, തിരിച്ചെന്ന് വരുമെന്ന് അറിയില്ല. ചിലപ്പോൾ ഇനിയൊരു തിരിച്ചു വരവുണ്ടാകില്ല. നീ വരുന്നത് ഞാൻ കണ്ടിരുന്നു. പോകുമ്പോൾ മോളോടെങ്കിലും പറയണം എന്ന് തോന്നി. "
കേട്ടതൊന്നും പറയാതെ ഞാൻ ശിവേട്ടനു മുൻപിൽ തലകുനിച്ചു നിന്നു. തിരിഞ്ഞു നോക്കാതെ ശിവേട്ടൻ സുമിത്രേച്ചിയ്ക്ക് വേണ്ടി എഴുതിയ വരികൾ പാടിക്കൊണ്ടു നടന്നകന്നു.... പാട്ടിന്റെ അലയടികൾ എന്റെ ചെവിയിലും വന്നു പതിച്ചു.
" പ്രിയതേ .... എങ്ങു പോയ് മറഞ്ഞു നീ....
കാച്ചിയെണ്ണ മണക്കും നിൻ കാർക്കൂന്തലിൽ
പ്രിയനേയൊളുപ്പിച്ച മനോഹരീ ......."
***രേഷ്മ***

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot