നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വീട്ടിലെ കലാപരിപാടികൾ

ഹോ....വല്ലാത്ത ഒരു ആശ്വാസം...ഇന്നത്തെ ഡ്യൂട്ടി കഴിഞ്ഞു..HOD യുടെ വർക്ക് പ്രഷർ അങ്ങേരു മാനേജരെ ചീത്ത പറഞ്ഞു തീർത്തു,മാനേജർ അത് എന്റെ മേൽ കുറവൊട്ടും കൂടാതെ ചൊരിഞ്ഞു...ഞാൻ വിട്ട് കൊടുത്തില്ല...മുകളിൽ നിന്നുള്ള കലിപ്പ് തീർത്തത് മുഴുവൻ എന്റെ സൂപ്പർവൈസറിന്റെ അടുത്തു,അയാൾ അത് നേരെ ലേബേഴ്സിനോടും തീർത്തു..അവർ അത് സിമെന്റിനോടും കല്ലിനോടും ഒക്കെ തീർത്തു അവസാനിപ്പിച്ചു ....ചുട്ടു പൊള്ളുന്ന വെയിലും പൊടിയും എല്ലാവരെയും നന്നേ അവശരാക്കിയിരുന്നു...ഇനി എത്രയും പെട്ടന്ന് വീടണയണം..
വാട്സ് ആപ്പ് എടുത്തു നോക്കി..ശ്രീമതി കടയിൽ നിന്ന് വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് എന്തെങ്കിലും ഇട്ടിട്ടുണ്ടോ എന്ന് നോക്കി...ഒന്നും ഇല്ല..ഒരു വോയിസ് മെസ്സേജ്..ആ കുറുമ്പി ആയിരിക്കും..
'വാപ്പി എനിച്ചു ലോലിപോപ് വേണം.. ഐസ് കീമും..'
"2 വയസ്സായപ്പോളേക്കും പെണ്ണ് വാട്സാപ്പിൽ വോയിസ് മെസ്സേജ് അയക്കാൻ പഠിച്ചു.. കുറച്ചും കൂടി കഴിഞ്ഞാൽ എന്താവും എന്തോ"
അങ്ങിനെ മോളുടെ ലിസ്റ്റിലുള്ളതും അല്ലാത്തതുമായി അവൾക്ക് കുറച്ചു ഫുഡ് ഐറ്റംസുമായി ഞാൻ വാതിൽ മുട്ടി...അകത്തു നല്ല ബഹളം...അതുകൊണ്ട് കയ്യിലുള്ള സ്പെയർ താക്കോൽ കൊണ്ട് വാതിൽ തുറന്നു...ഉമ്മയും മോളും പതിവ് കലാ പരിപാടിയിലാണ്...കയ്യിൽ പുട്ട് കുത്തുന്ന വടിയുമായി ഉമ്മി...പെരുച്ചാഴിയെ വിഴുങ്ങിയ പാമ്പിന്റെ പോലെ മോളുടെ വായിൽ ചോറുരുള്ള..തൊണ്ട കുഴലിൽ നിന്ന് ചോറ് താഴോട്ട് ഇറങ്ങുന്നില്ല..അതാണ് ഇന്നത്തെ കലാപരിപാടി... എന്നത്തേയും...കണ്ണുരുട്ടിയും വടി കാണിച്ചും ഉമ്മ പേടിപ്പിക്കുന്നു..മോളുന്റെ കണ്ണീർ സാഗരം താഴോട്ട് ഇട തടവില്ലാതെ ഒഴുകുന്നുണ്ടെങ്കിലും ചോറുരുള്ളയിൽ നിന്ന് ഒരു മണി പോലും തൊണ്ടയിൽ നിന്ന് താഴോട്ടു ഇറങ്ങിയില്ല...
ഈ സീനിലോട്ടാണ് നിർഭാഗ്യവശാൽ ഞാൻ കാലെടുത്തു വെച്ചത്..എന്നെ കണ്ടതും മോള് മേശ പുറത്തുന്നു ചാടി ഇറങ്ങി ഓടി വന്നു രണ്ടു കൈകളും പൊക്കി എടുക്കാൻ അഭ്യർത്ഥിച്ചു...സംസാര ശേഷി ഇല്ലാഞ്ഞിട്ടല്ല കേട്ടോ...ചോറുരുള്ള വായിൽ ഉള്ളപ്പോൾ എന്റെ മോൾക്ക് മൗന വ്രതം ആണ്...സംസാരിച്ചാൽ ചോറെങ്ങാനും ഇറങ്ങി പോയാലോ...
കെട്ടി പിടിച്ചു അവൾ കരച്ചിൽ ആയി..കെട്യോള് ആണെങ്കിൽ കലി തുള്ളിയും...
"പുന്നാരിച്ചോ.. പുന്നാരിച്ചോ വശാളാക്കിക്കോ...പെണ്കുഞ്ഞാണു.ഓർത്തോ...കോലം കണ്ടോ...
അപ്പുറത്തെ ഫ്ളാറ്റിലെ പുതിയ താമസക്കാർ ചോദിയ്ക്കാ മോൾക്ക് എത്ര മാസമായി എന്ന്...2 വയസ്സ് എന്ന് പറയുമ്പോൾ എന്റെ തൊലി ഉരിഞ്ഞു പോയി.."
"നിനക്കു 24 മാസം എന്ന് പറയാർന്നില്ലേ...പ്രശനം തീർന്നില്ലേ"ഇതും പറഞ്ഞു
ഞാൻ മോളെയും കൊണ്ട് ബെഡ്റൂമിലോട്ടു ഓടി സീൻ ക്ലിയർ ചെയ്തു.....കാരണം അവളുടെ പരാതി കെട്ട് ഇപ്പളെങ്ങും തീരൂല്ല... അടുക്കളയിൽ നിന്നു നല്ല തട്ടും മുട്ടും കേൾക്കുന്നുണ്ട്..പ്രതിഷേധം ആണ്..ചോറ് കൊടുക്കുന്നതിനിടയിൽ കുഞ്ഞിനെ കൊണ്ട് പോയതിനും എന്റെ വളിഞ്ഞ കോമടിക്കും..റൂമിൽ എത്തിയതും കുറുമ്പിയുടെ കരച്ചിൽ നിന്നു,ചോറും ഇറങ്ങി..കാരണം വാപ്പിയുടെ കയ്യിലെ പൊതി തന്നെ...ലോലിപോപ് മാറ്റി വെച്ചു അവൾ ഐസ് ക്രീം നുണയാൻ തുടങ്ങി...ഇടയ്ക്കു എനിക്ക് ഒരു സ്പൂൺ കോരി എനിക്കും തന്നു.....ശ്രീമതിയുടെ കാലടി ശബ്ദം അടുത്തടുത്ത് വരുന്നുണ്ട്..
"ചായ ."...മേശ പുറത്തു ചായ ഗ്ലാസ് ഉറക്കെ വെച്ച് വീണ്ടും പ്രതിഷേധം...
കുഞ്ഞിനെ കണ്ടതും വീണ്ടും കലി ഇളകി..വായിലും മൂക്കിലും ഒക്കെ ഐസ് ക്രീം ആയി ഇരിക്കുന്ന കുഞ്ഞൂസ്...."കണ്ടോ അപ്പൊ തൊണ്ട കൊഴലിന് കുഴപ്പൊന്നും ഇല്ല...ഞാൻ വെച്ചുണ്ടാക്കുന്നത് മാത്രമേ ഇറങ്ങാതുള്ളൂ...നിങ്ങൾ ഇങ്ങനെ ഓരോന്നും വാങ്ങി കൊടുത്ത് കൊച്ചിനെ വഷളാക്കിക്കോ.. പാടത്തു കൊണ്ടോയി വെക്കാൻ പറ്റിയ കോലം ആയിട്ടുണ്ട്..."
വികട സരസ്വതി വിളയാടിയ പോലെ എന്റെ നാവു പിഴച്ചു.."അല്ലേലും അവൾ രുചിയുള്ളത് കഴിക്കാറുണ്ട്"
ശ്രീമതി ഭദ്ര കാളിയുടെ രൂപം പ്രാപിച്ചു...കണ്ണ് രണ്ടും ഉരുട്ടി...നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്ന മട്ടിൽ തിരിഞ്ഞു നടന്നു..ഫ്ലാറ്റ് മുഴുവൻ കുലുങ്ങി...
ഇതൊന്നും കേട്ടിട്ടും ഒരു കൂസലുമില്ലാതെ മോള് ഐസ് ക്രീമിൽ മുഴുകി ..എന്തൊക്കെയോ പിറു പിറുക്കൽ ഇപ്പോളും കേൾക്കുന്നുണ്ട്..
സീൻ ശാന്തമാക്കുവാൻ ഞാൻ അടുക്കളയിലോട്ടു നടന്നു...പഴയ സോപ്പ് ഒന്നും പതയൂല..പുതിയ എന്തേലും ഐറ്റം വേണം...ഇത് വരെ ഡയലോഗ് ഒന്നും ഇല്ലാതിരുന്ന ഒരു നാടക നടൻ ഊഴം കാത്തിരുന്നു വന്ന പോലെ ഞാൻ തുടങ്ങി..
"ഞാനും പണ്ട് ഇങ്ങനെ ആയിരുന്നു..ഭക്ഷണം കഴിപ്പിക്കാൻ എന്റെ ഉമ്മ കൊറേ പാട് പെട്ടിരുന്നു"
ഡയലോഗ് മുഴുമ്മിപ്പിക്കാൻ സമ്മതിക്കാതെ അവൾ ഇടയിൽ കേറി കൌണ്ടർ ഇട്ടു."വിത്ത് ഗുണം പത്തു...പിന്നെങ്ങാനാ...മോൾക്ക് വക്കാലത്തും കൊണ്ട് വന്നിരിക്കയാ.."
പ്രതീക്ഷിച്ച പോലെ അവളുടെ ഡയലോഗിന് നീളം കുറവായിരുന്നു..ഞാൻ തുടർന്നു..
"പണ്ട് ഞാൻ നമ്മുടെ മോളെ പോലെ ഭക്ഷണം കഴിക്കാൻ മടി കാണിച്ചത് കൊണ്ടാണ് ഇപ്പൊ നീ പറയുന്നതൊക്കെ കേൾക്കാൻ ഞാൻ ബാക്കി ആയതു..കണ്ണീരിൽ കുതിർന്ന കണ്ണുകളോടെ ഉമ്മ അന്ന് വാരി തന്ന അവസാന ചോറുരുള്ള ,ഉമ്മ കാണാതെ തുപ്പി കളഞ്ഞത് കൊണ്ട് എന്റെ ഉമ്മക്കും കൂടപിറപ്പിന്റെയും കൂടെ വെള്ള പുതച്ചു കിടക്കാൻ എനിക്ക് കഴിഞ്ഞില്ല...അതിൽ വിഷം കലർത്തിയിരുന്നെന്നു എന്റെ കുഞ്ഞി മനസ്സിന് മനസ്സിലായുമില്ല..കാരണം കുറച്ചു ദിവസങ്ങളായി എപ്പോളും ഉമ്മയുടെ കണ്ണുകൾ നിറഞ്ഞേ ഞാൻ കണ്ടിരുന്നുള്ളൂ...നിന്റെ ഉപ്പയുടെ നല്ല മനസ്സ് കൊണ്ട് ഈ അനാഥനെ പഠിപ്പിച്ചു നല്ല നിലയിലാക്കി..നിന്നെ എന്റെ കൈകളിൽ ഏല്പിച്ചു എന്നെ സനാഥനാക്കി."
ഞാൻ ഇടം കണ്ണിട്ടു നോക്കി...സംഭവം ഏറ്റു...അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ പൊടിഞ്ഞു..ഇനി ശാന്തമായിക്കോളും..
പെട്ടന്ന് കാലിൽ ഒരു വേദന അനുഭവപെട്ടു...കുട്ടി കുറുമ്പിയുടെ 8 പല്ലിന്റെ അടയാളം കാലിൽ പതിഞ്ഞിരിക്കുന്നു..."ഉമ്മിനെ ചീത്ത പയ്യണ്ടാട്ടാ..."
നല്ലൊരു കടിയും തന്നു അവൾ ഉമ്മാന്റെ മേത്ത് വലിഞ്ഞു കേറി കണ്ണ് രണ്ടും തുടച്ചു..കൂടെ ഡയലോഗും.."ഉമ്മി കരയല്ലേ.. മോൾക് ചങ്കടാവും... വാപ്പിനെ ഞമ്മക്ക് തല്ലാം.."
സീൻ കോൺട്രാ...ഞാൻ ഔട്ട് ആയി..ഉമ്മിയും മോളും സെറ്റ് ആയി..അവൾ അല്ലേല്ലും എന്റെ പോലെയാ..അല്ല എന്നെക്കാൾ വലിയ സോപ്പ് ആണ്...
അങ്ങിനെ സൈറ്റിലെ ഡ്യൂട്ടിയും വീട്ടിലെ ഡ്യൂട്ടിയും കഴിഞ്ഞ ഒരാശ്വാസത്തോടെ ഞാൻ ഫോൺ എടുത്തു...ഒരു കഥയെഴുതി എഫ് ബി യിൽ ഇടാൻ..."വീട്ടിലെ കലാപരിപാടികൾ"..
നാസ്നി ജുനൈദ്..
25/04/2017

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot