നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചാലക്കുടി യാത്ര

എന്റെ നാട്ടിലേക്കൊരു യാത്ര വർഷങ്ങളായി മനസിലെ ശക്തമായ ആഗ്രഹമായിരുന്നു..
അവിടത്തെ ജീവിതമോ സ്നേഹമോ മറ്റെ വിടേയും ഞാൻ കണ്ടില്ല.അതിനാൽ ആ ഓർമകൾ എന്നെ വിട്ട് പോയതുമില്ല.....
എന്നും എപ്പോഴും എന്റെ മനസിലത് ഒരു സ്ക്രീനിലെന്ന പോലെ തെളിഞ്ഞു കൊണ്ടിരുന്നു...
അങ്ങനെ ഈ യാത്ര എനിക്ക് ഒഴിച്ചു കൂടാനാകാത്ത ഒന്നായി മാറി... കഴിഞ്ഞ ദിവസം ആ യാത്ര പുറപ്പെട്ടു...
(എന്നും എന്റെ ആഗ്രഹങ്ങൾക്ക് വിലകൽപിക്കുകയും, എനിക്ക് മതിയായ സ്വാതന്ത്ര്യവും, വിശ്വാസവും നൽകുന്ന എന്റെ ഭർത്താവ് മജുവിന് ഞാൻ നന്ദി അറിയിക്കുന്നു)
രാവിലെ യാത്ര പുറപ്പെടുമ്പോൾ .വർഷങ്ങൾ മനസിൽ സൂക്ഷിച്ചിരുന്ന ആഗ്രഹവും,സ്നേഹവും
ആ കാലത്തെ മുഖങ്ങളും മാത്രമായിരുന്നു മനസ്സിൽ. ആരുടേയും ഫോൺ നമ്പറോ അഡ്രസോ ഒന്നുമുണ്ടായിരുന്നില്ല.... എന്റെ വിവാഹം കഴിഞ്ഞ് അധികകാലം ഞങ്ങൾ അവിടെ താമസിച്ചിട്ടുണ്ടായിരുന്നില്ല. വാപ്പയും, ഉമ്മയും, ഒറ്റക്കായതിനാൽ സ്ഥലം വിറ്റ് അവരെ ഇങ്ങോട്ട് കൊണ്ടുപോന്നിരുന്നു.20 വർഷങ്ങൾക്ക് ശേഷമാണ് ഞാൻ എല്ലാവരേയും അന്വേഷിച്ച് പോകുന്നത്...... അതൊരു ചെറിയ കാലയളവല്ലല്ലോ..... ആരൊക്കെയുണ്ട്,.. ഞങ്ങളെ ഓർക്കുമോ എന്നെല്ലാമുള്ള ആശങ്കയുമുണ്ട്......എങ്കിലും എന്നുമെന്റെ കൂടെയുള്ള ധൈര്യവും,ആത്മവിശ്വാസവും, കൈമുതലാക്കി യാത്ര തിരിക്കാൻ തീരുമാനിച്ചു...... പ്രതീക്ഷ കുറവായത് കൊണ്ട് ഭക്ഷണവും എവിടെയെങ്കിലും ഇരുന്ന് കഴിക്കുവാനുള്ള സംവിധാനവും ഒരുക്കിയിരുന്നു...
എന്റെ ഇത്തയും, ഞാനും ,രണ്ട്മക്കളും ചേർന്നാണ് പുറപ്പെട്ടത്..... എപ്പോഴും ഓർമകൾ പങ്ക് വച്ച് മക്കൾക്കും ചാലക്കുടിയിലെ പലരും സുപരിചിതരാണ്..... നമ്മളെ ആരും തിരിച്ചറിഞ്ഞില്ലെങ്കിൽ വെറുതെയൊന്ന് കറങ്ങി തിരിച്ചുപോരാമെന്ന് പറഞ്ഞെങ്കിലും എന്റെ നാട് എന്നെ കൈവിടില്ല എന്നൊരു തോന്നൽ മനസിലുണ്ടായിരുന്നു...... മനസിലെ പ്രതീക്ഷകൾക്കൊപ്പം സന്തോഷത്താൽ ഇഷ്ടപ്പെട്ട പാട്ടെല്ലാം ഉറക്കെ വച്ച് കാഴ്ചകൾ കണ്ട് ആസ്വദിച്ച് ഡ്രൈവ് ചെയ്തു.....അവിടെയെത്താനുള്ള മനസിന്റെ കൃതിപ്പിനൊപ്പം ആക്സിലേറ്ററിൽ കാലമർന്നു...
അങ്ങനെ ചാലക്കുടിയെത്തി.എല്ലാം മാറിക്കഴിഞ്ഞിരിക്കുന്നു... സ്കൂളിൽ പോയ വഴി, വാപ്പാടെ കടയിൽ പോകുന്ന വഴി, സുരഭി, കണിച്ചായിസ് തീയേറ്ററുകൾ എല്ലാം കണ്ടു.... ഞങ്ങൾ താമസിച്ചിരുന്ന വഴിയിലേക്ക് തിരിഞ്ഞപ്പോൾ മനസ് വല്ലാതെ പിടക്കുന്നതറിഞ്ഞു..... കണ്ണുകൾ ചുറ്റിനും പരതി.
ഒരു പരിചിത മുഖം പോലും കണ്ടില്ല.... പ്രതീക്ഷ കൈവിടാതെ നേരെ മുന്നോട്ടു പോയി.മമ്മദ്ക്കാടെ വീടായിരുന്നു ലക്ഷ്യം.... ഗേറ്റിലെത്തിയപ്പോൾ വണ്ടി നി്റുത്തി നോക്കി. മമ്മദ്ക്കാനെ കണ്ടതും മനസിൽ ആശ്വാസവും ഒപ്പം സന്തോഷത്തിന്റെ പൂത്തിരിയും വിടർന്നു...
ഒരാളെയെങ്കിലും കണ്ടല്ലോ എന്ന ആശ്വാസം.....
വീട്ടിലേക്ക് കയറിയ വണ്ടിയിലേക്ക് നോക്കിയ മമ്മദ്ക്കയുടെ കണ്ണുകൾ ഒരു നിമിഷം എന്നിൽ
തട്ടി നിന്നു.... എന്താ മമ്മദ്ക്ക എന്നെ അറിയില്ലേ എന്ന ചോദ്യത്തിന് ... അല്ലാ.... ഇതാരാ.. സീനത്തേ ഇവിടെ വന്നേ..ആരാ വന്നിരിക്കുന്നതെന്ന് നോക്കു എന്നതായിരുന്നു മറുപടി...... ഒപ്പം അവരുടെ മകളും ഇറങ്ങി വന്നു.... ഞങ്ങളെ കണ്ട് അവരുടെ സന്തോഷത്തിന്നതിരില്ലായിരുന്നു. അപ്പോൾ തന്നെ അവരുടെ ആൺമക്കളെ ഫോൺ
ചെയ്ത് വിളിച്ചു വരുത്തി. ഞങ്ങൾക്ക് കാണുന്നതിന് വേണ്ടി...വിശേഷങ്ങൾ പങ്കുവക്കുന്നതിനിടക്ക് പഴയ അയൽവക്കക്കാരെ പറ്റിയെല്ലാം ഞാൻ ചോദിച്ചറിഞ്ഞു....
അപ്പോഴാണറിഞ്ഞത് കിട്ടേട്ടൻ മരിച്ചുവെന്ന്.... അത് ഞങ്ങൾക്ക് വലിയ ഒരു വേദനയായി.... പിന്നെ ചന്തുവും, ദിനേശേട്ടനും അവിടെ നിന്നും താമസം മാറി പോയി.... അടുത്തതായി എന്റെ കൂട്ടുകാരി ഓമനയുടെ വീട്ടിലാണ് പോയത്. അവളുടെ അപ്പച്ചനേയും, അമ്മച്ചിയേയും കണ്ടു..... അമ്മ വന്ന് കെട്ടിപ്പിടിച്ചു.... അവളുടെ ആങ്ങള രാജു ഗൾഫിൽ നിന്നും ഒരാഴ്ച ലീവിന് വന്നിരിക്കുന്നു... ഞങ്ങളുടെ ടീമംഗമാണ് അവനും... എന്നെ ചേച്ചി എന്ന് വിളിച്ച് പുറകെ നടന്നിരുന്നവൻ... സന്തോഷം കൊണ്ട് മനസ് നിറഞ്ഞു.... അവർ ഓമനയെ വിളിച്ച് ഫോൺ സ്പീക്കറിലിട്ടു... ഞാനവളോട് ചോദിച്ചു.... ഒരു പഴയ കൂട്ടുകാരിയാണ് ഒന്ന് ഓർക്കാമോ എന്ന്.... ഉടനെ മറുപടി വന്നു.. എനിക്ക് അടുത്ത ഒരു കൂട്ടുകാരി ഉണ്ടായിരുന്നത് റസിയയായിരുന്നുവെന്ന്.....
എന്നാൽ അവളാണ് നിന്നോട് സംസാരിക്കുന്നത്, ഞാനിപ്പോൾ നിന്റെ വീട്ടിൽ ഉണ്ട് എന്ന് പറഞ്ഞു..... അയ്യോ എന്ന ഉറക്കെയുള്ള ശബ്ദം മറുതലക്കൽ കേട്ടു എല്ലാവരും ചിരിച്ചു... പിന്നെ വിശേഷങ്ങളുടെ പെരുമഴയായിരുന്നു......
നാട്ടിൽ വന്ന മാറ്റവും ഓരോരുത്തർ മാറി താമസിച്ചതും എനിക്കവരെ കണ്ടെത്താൻ ചെറിയ ബുദ്ധിമുട്ടുണ്ടാക്കി.....രാജു പറഞ്ഞു.. ചേച്ചി കാറെടുത്തോ... ഞാൻ ടൂ വീലറിന് വന്ന് വഴികാണിച്ചു തരാം എന്ന്... അത് വേണ്ട... നീ വെറുതെ ബുദ്ധിമുട്ടേണ്ട എന്ന് ഞാൻ പറഞ്ഞു...
അതോടെ അവന്റെ മുഖം മാറി.. എന്താ ചേച്ചിയിത്? എന്റെ ചേച്ചിക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നത് എനിക്ക് ബുദ്ധിമുട്ടാണോ എന്ന അവന്റെ ചോദ്യം എന്റെ മനസിൽ സ്നേഹത്തിന്റെ വിങ്ങലുണ്ടാക്കി..... പിന്നെ ഞാനവനെ തടഞ്ഞില്ല.
അടുത്തത് ബേബി ചേച്ചി, തോമസു ചേട്ടൻ, മക്കൾ... വീട്ടിലില്ലാത്തവരുമായി ഫോണിലൂടെ സംസാരിച്ചു.... അവരുടെയെല്ലാം സ്നേഹം' വീണ്ടും അനുഭവിക്കാൻ സാധിച്ചത് എന്റെ ഭാഗ്യമായി കാണുന്നു .എല്ലാവരും സന്തോഷത്തോടെ യാത്രയാക്കി.. പിന്നീട് എന്റെ കൂട്ടുകാരി രതിയെ കണ്ടു.... ഒറ്റ നോട്ടത്തിൽ എന്റെ പേര് വിളിച്ച് ഓടി വന്നു കെട്ടിപ്പിടിച്ചു കരഞ്ഞു.... പിന്നെ മണി ചേച്ചി, മനോജ്, അമ്മിണി ചേച്ചി ,ചെല്ലമ്മക്ക, ഹനീഫണ്ണൻ അങ്ങനെ ഒത്തിരി പേരെ കണ്ടു....
എല്ലാവർക്കും ഞങ്ങളുടെ വരവ് സർപ്രൈസ് ആയിരുന്നു...... ഞാനവരെ തേടി മാത്രമാണ് വന്നത് എന്ന അറിവ് അവരിൽ വളരെയധികം സന്തോഷമുണ്ടാക്കി.....
എല്ലാവരുമായി ഫോട്ടോയെടുത്തു.... ഫോൺ നമ്പറുകൾ വാങ്ങി...പഴയ ഓർമകൾ പുതുക്കി... കാണാൻ കഴിയാത്തവരോട് ഞാൻ വന്നത് പറയണമെന്നും എന്റെ നമ്പർ കൊടുക്കണമെന്നും പറഞ്ഞേൽപിച്ചു.... തിരിച്ച് വണ്ടിയിൽ കയറാൻ നേരം മനോജ് വന്ന് ടിഷ്യു പേപ്പറിന്റെ 3 Box വണ്ടിയിൽ വച്ചു..... പെട്ടെന്ന് കണ്ടതിനാൽ എല്ലാവർക്കും എന്താ ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥ.... അവരുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കണമെന്ന നിർബന്ധം... വണ്ടിയിൽ ഭക്ഷണമുണ്ട് എന്ന് പറഞ്ഞ് എല്ലായിടത്തു നിന്നും സ്നേഹത്തോടെ പിൻവാങ്ങി..... എന്നാൽ മമ്മദ്ക്ക സമ്മതിച്ചില്ല....
അങ്ങനെ അവിടന്ന് കഴിക്കേണ്ടി വന്നു...... കൊണ്ടുപോയ ബിരിയാണി അവർക്ക് കൊടുത്ത് ഞങ്ങൾ തിരിച്ചു വന്ന് വണ്ടിയിൽ കയറി......
ശരിക്കും പറഞ്ഞാൽ ഒറ്റനോട്ടത്തിൽ തന്നെ എല്ലാവരും എന്നെ തിരിച്ചറിഞ്ഞത് എനിക്ക് അത്ഭുതമായിരുന്നു..... അന്ന് വണ്ണം കുറഞ്ഞ് ഉയരമുള്ള ഒരു കുട്ടിയായിരുന്നു ഞാൻ.. ഇന്ന് അത്യാവശ്യം വണ്ണമുണ്ട്.... വർഷങ്ങൾ എന്നിൽ വരുത്തിയ മാറ്റം ഇവർ കാണാത്തതെന്ത് എന്ന് എനിക്ക് മനസിലായില്ല.....
യാത്രയാക്കാൻ എല്ലാവരും വന്നു.... ഒരു ദിവസം എന്റെ വീട്ടിലേക്ക് വരുമെന്ന് പറഞ്ഞു. '.അപ്പോൾ അമ്മിണി ചേച്ചി പറഞ്ഞു... എന്നാലും മോളേ ഇത്ര വർഷത്തിനു ശേഷവും നീ ഞങ്ങളെയെല്ലാം ഓർത്ത് അന്വേഷിച്ച് വന്നല്ലോ....ഇതൊരു സിനിമാക്കഥ' പോലെയായല്ലോ എന്ന്..... ഇത് കേട്ട് എല്ലാവരുംചിരിച്ചു.... വണ്ടി നീങ്ങുമ്പോൾ
പുറകിൽ നിന്ന് എല്ലാവരും കൈ വീശി കാണിക്കുന്നുണ്ടായിരുന്നു.... വീട്ടിൽ വന്ന ശേഷം കിട്ടിയ നമ്പറുകളിൽ വിളിച്ചു... അർജുനേട്ടനെ കിട്ടി..... അവിടന്ന് ദിനേശേട്ടന്റെ നമ്പർ കിട്ടി...
ഇന്ന് രാവിലെ ദിനേശേട്ടനുമായി സംസാരിച്ചു... ഞാനാണെന്നറിഞ്ഞതും പുള്ളിക്ക് ഭയങ്കര സന്തോഷം...... മോളേ എന്നുള്ള ആ വിളിയിൽ ഞാനവരുടെ പഴയ കുഞ്ഞിപെങ്ങളായി മാറിയതു പോലെ തോന്നി..... ഇവർ രണ്ടു പേരും നിങ്ങളുടെ പെങ്ങൻമാരാണ്.. എന്ത് തെറ്റ് കണ്ടാലും ശിക്ഷിക്കാൻ അധികാരമുള്ള ആങ്ങളമാരാണ് എന്ന വാപ്പയുടെ വാക്ക് അവർ
അക്ഷരം പ്രതി' അനുസരിച്ചിട്ടുമുണ്ട്.. അത്രക്ക് സ്നേഹമായിരുന്നു.......
വർഗീസേട്ടന്റേയും, ചന്തുവിന്റേയും നമ്പർ അന്വേഷിച്ച് വാങ്ങി തരാം എന്ന് ദിനേശേട്ടൻ പറഞ്ഞു.. ഞങ്ങളുടെ സംസാരം ഒരു മണിക്കൂറോളം നീണ്ടു പോയി..... ഇനി മോള് വരുമ്പോൾ വിളിച്ചിട്ട് വന്നാൽ ആ നിമിഷം ഞാനവിടെ എത്തും എന്ന് പറഞ്ഞ് ഫോൺ വച്ചു..... ഞാനാകെ സന്തോഷത്തിലായിരുന്നു......
രാവിലെ ജോലിയെല്ലാം കഴിഞ്ഞ് കിച്ചണിൽ നിൽക്കുമ്പോൾ കോളിംങ്ങ് ബെൽ ശബ്ദിച്ചു..... വാതിൽ തുറന്ന് നോക്കിയപ്പോൾ താടിവച്ച ഒരാൾ ചിരിച്ചു കൊണ്ട് നിൽക്കുന്നു.'.. പരിചയം തോന്നാത്തതിനാൽ ഞാൻ ആരാ എന്ന് ചോദിച്ചു...ചിരിച്ചുകൊണ്ട് എന്നെ മനസിലായില്ലെ എന്ന് ചോദിച്ചപ്പോൾ ഞാൻ വല്ലാതായി. ആരാണാവോ ഇത്ര പരിചയത്തിൽ സംസാരിക്കുന്നത് .... എവിടെയോ കണ്ട പോലെ.?എനിക്കാണെങ്കിൽ ഓർമ കിട്ടുന്നില്ല...... എന്റെ പരിഭ്രമം കണ്ടിട്ടാകാം അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു ... ഞാൻ വർഗീസേട്ടനാണ് എന്ന്....
ഞാനന്വേഷിച്ച് ചെന്നതിൽ ഒരാൾ എന്നെ തേടിവന്നിരിക്കുന്നു.........
എന്റെ സന്തോഷത്തിനതിരില്ലായിരുന്നു.. ഞാനോടിച്ചെന്ന്‌ കൈപിടിച്ച് കയറിയിരിക്കാൻ ആവശ്യപ്പെട്ടു...ഇവരുടെ മുൻപൽ വീണ്ടും ചെറിയ കുട്ടിയായി മാറിയത് പോലെ....
അങ്ങനെ ഞാൻ മറ്റുള്ളവർക്ക് കൊടുത്ത സർപ്രൈസ് എനിക്കും തിരിച്ചുകിട്ടി..... ഞങ്ങൾ കുറേ നേരം സംസാരിച്ചു.... പറഞ്ഞിട്ടും തീരാത്തത്ര വിശേഷങ്ങൾ........
എങ്ങനെ ഇവിടെ എത്തി എന്ന എന്റെ ചോദ്യത്തിന് ചേട്ടൻ മറുപടി തന്നു...... ഇന്നലെ വഴിയിൽ വച്ച് വണ്ടി തടഞ്ഞു നിർത്തി രതി പറഞ്ഞുവത്രെ ഞങ്ങൾ ചെന്ന കാര്യവും, കാണണമെന്ന് ആവശ്യപ്പെട്ടതും മറ്റും..... സ്ഥലം പറഞ്ഞു വന്നപ്പോൾ വർഗീസേട്ടന്റെ മകളെ വിവാഹം കഴിച്ചയച്ചിരിക്കുന്നത് എന്റെ വീടിനടുത്തേക്കാണ്... അതിനാൽ രാവിലെ ഇവിടേക്ക് പുറപ്പെടുകയായിരുന്നുവത്രേ... ആ വീട്ടുകാരും, ഞങ്ങളും പരസ്പരം അറിയുന്നവരുമാണ്.... അങ്ങനെ എന്റെയടുത്ത് എത്തി. തിരിച്ച് ഞങ്ങളൊരുമിച്ച് ആ വീട്ടിൽ പോയി... എന്റെ തോളിൽ പിടിച്ച് വർഗീസേട്ടൻ അവർക്കെന്നെ പരിചയപ്പെടുത്തി..... ദാ... ഇവളെന്റെ കുഞ്ഞി പെങ്ങളാണ് എന്ന് ....
എന്നെ നേരത്തെ അറിയാമെങ്കിലും ഞങ്ങളുടെയാ സ്നേഹം അവരുടെ മുഖത്ത് അൽഭുതം പടർത്തുന്നത് ഞാൻ കണ്ടറിഞ്ഞു.......
അങ്ങനെ വർഷങ്ങളായി മനസ്സിൽ ഞാനടുക്കി വച്ചിരുന്ന ആഗ്രഹം സഫലമായി... അതിന്റെ സന്തോഷത്തിലാണ് ഞാനിപ്പോൾ .എത്ര പറഞ്ഞാലും തീരാത്ത കഥകളുമായി ഓരോ കുടുംബവും എന്റെ കൺമുൻപിൽ ഉണ്ട്...
ഞാൻ ഭയന്നിരുന്ന ഒരു കാര്യം കൂടി പ്രതീക്ഷിച്ച പോലെ സംഭവിച്ചു... പുത്തുപ്പാടത്തെ ഇളം കാറ്റും, ഇളവെയിലും ,നെൽ കതിരുമെല്ലാം നഷ്ടമായിരിക്കുന്നു..... പകരം കോൺക്രീറ്റ് കെട്ടിടങ്ങൾ മാത്രം...... അത് ഒരു വലിയ വേദനയായി അവശേഷിച്ചു....... സന്തോഷങ്ങൾക്കിടയിൽ ഒരു കുഞ്ഞു ദു:ഖം സ്വാഭാവികമാണ് എന്നാശ്വസിക്കാം അല്ലെ?
(Raziya Maju)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot