Showing posts with label റസിയമജു. Show all posts
Showing posts with label റസിയമജു. Show all posts

ഒരു ചിന്ത.......

ഒരു ചിന്ത.......
നോമ്പ് എന്നു കേൾക്കുമ്പോൾതന്നെ വിവിധ തരം പലഹാരങ്ങളുടേയും വിഭവങ്ങളുടേയും ചിത്രമാണോ നമ്മുടെ കൺമുൻപിൽ തെളിയുക...? അതോ വ്രതശുദ്ധിയുടേയും, ആത്മനിയന്ത്രണത്തിന്റേയും നാളുകൾ എന്ന ചിന്തയോ.. ?എങ്കിൽ ആ ആത്മസംയമനം നാം എല്ലാ കാര്യത്തിലും പാലിക്കുന്നുണ്ടോ....? ഇല്ല എന്ന് ഉത്തരം നൽകേണ്ടിവരും അല്ലെ? കരണം ആഹാരക്കാര്യത്തിൽ നാമത് മനപൂർവ്വം ഒഴിവാക്കുന്നു.... ഇത്രയും മഹത്തരമായ ദിനങ്ങൾക്ക് എങ്ങനെയാണ് തീറ്റനോമ്പ് എന്നൊരു പേര് വന്നത്??? അങ്ങനെ പറയാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതെന്താണ്? നമ്മളിലോരോരുത്തരുമല്ലേ അതിനുത്തരവാദികൾ.....
സത്യത്തിൽ എന്താണ്റമളാൻ....? പുണ്യങ്ങളുടെ പൂക്കാലം.... എല്ലാവിധ തെറ്റുകുറ്റങ്ങളിൽ നിന്നും മനസ്സും, ശരീരവും നിയന്ത്രിച്ച് ,ഓരോ വാക്കുകളിലും , ചലനങ്ങളിൽ പോലും സൂക്ഷ്മത പുലർത്തുന്ന ദിനരാത്രങ്ങൾ..... ഒരു പൈതലിന്റെ മനസ്സെന്ന പോലെ നമ്മുടെ മനസ്സും നിഷ്കളങ്കമായിരിക്കണം എന്നാഗ്രഹിക്കുന്ന നന്മയുടെ ദിനങ്ങൾ....
അവിടെ ശത്രുതയില്ല, അഹങ്കാരമില്ല, കോപമില്ല, ദുഷ്പ്രവർത്തികളില്ല.. പകരം നന്മയും, സ്നേഹവും, വിനയവും, വിട്ടുവീഴ്ചയും, സഹതാപവും, കരുണയും മാത്രം.... ദാനധർമങ്ങളും, സൽപ്രവൃത്തികളും, പ്രാർത്ഥനകളും അധികരിപ്പിക്കുന്ന മാസം... ഇതിനെല്ലാം പുറകിൽ നമുക്കൊരുദ്ദേശമുണ്ട്.... അല്ലാഹുവിൽ നിന്ന് നമുക്ക് ലഭിക്കാൻ പോകുന്ന നന്മയേ കുറിച്ച്..
ഓരോ പ്രവർത്തിയിലും ലഭിക്കുന്ന നാൽപതിരട്ടി പ്രതിഫലത്തെക്കുറിച്ച്..... എന്നിട്ടുമെന്തേ ഈയൊരു കാര്യത്തിൽ മാത്രം നമുക്ക് തെറ്റ് പറ്റിപ്പോയി ??
ഒന്ന് ചിന്തിക്കു........
ഇത്രയും മഹത്തരമായ നോമ്പുദിനങ്ങളെ തീറ്റ നോമ്പ് എന്ന് വിളിപ്പിക്കുവാൻ പ്രേരിപ്പിച്ചതാരാണ്? മിതത്വവും, സംയമനവും പാലിക്കേണ്ടിടത്ത് ആർഭാടത്തിന്റെയും, അഹങ്കാരത്തിന്റെയും ദിനങ്ങളാക്കി മാറ്റുന്ന നമ്മൾ ഒന്ന് ചിന്തിക്കുക... നമ്മെ ആരാണിത് പഠിപ്പിച്ചത്..?ആരെയാണ് നാം പിൻ പറ്റുന്നത്?
താഴെ വീണുപോയ അൽപം ഭക്ഷണം കളയാൻ മനസ്സു വരാതെ അതെടുത്ത് വൃത്തിയാക്കി കഴിച്ചു കാണിച്ചു തന്ന നമ്മുടെ പ്രവാചകനേയോ? അതോ ഇതെല്ലാം
അല്ലാഹുവിന് ഇഷ്ടമായ പ്രവർത്തിയാണെന്ന് നാം ചിന്തിക്കുന്നുവോ?
തെറ്റാണെന്നറിഞ്ഞിട്ടും,ടേബിൾ മുഴുവൻ നിറക്കുന്ന വിവിധതരം ഭക്ഷണ പദാർത്ഥങ്ങളിൽ നിന്ന് ആവശ്യമുള്ളത് കഴിച്ച് ബാക്കി കുറേ അനാവശ്യമാക്കുന്ന പ്രവർത്തി ഈ മാസം തന്നെ ചെയ്യുന്നതിലെ അതിശയോക്തിയെന്താണ്? നമുക്ക് ചുറ്റുമുള്ള പട്ടിണി പാവങ്ങളെ നാം ഓർക്കുന്നുണ്ടോ?അതോ അത്തക്കാരെയെല്ലാം കുറച്ച് സഹായിച്ച ശേഷം എനിക്ക് ഇത്തരം ആർഭാടമെല്ലാം കാണിക്കാം എന്നാണോ ചിന്തിക്കുന്നത്? നമ്മുടെ നന്മകൾക്ക് ലഭിക്കുന്ന പ്രതിഫലം പോലെതന്നെ തെറ്റുകൾക്കും ലഭിക്കുന്ന ശിക്ഷ എത്ര ഇരട്ടിയാണെന്ന് ചിന്തിക്കാതെ പോകുന്നതെന്ത്? ഇതെല്ലാം വാരിവലിച്ചു കഴിക്കാൻ മാത്രം നമ്മളെല്ലാം പട്ടിണി കിടന്നു നരകിച്ചുവോ? സത്യത്തിൽ ഈ കാണിക്കുന്നതെല്ലാം ആഹാരത്തോടുള്ള അമിത താൽപര്യം മാത്രമാണോ?ആർഭാടത്തിന്റെ മനോവൈകല്യം ബാധിക്കുന്നതല്ലേ...? അല്ലെങ്കിൽ തന്നെ ഇക്കാര്യത്തിൽ പരസ്പരമൊരു മൽസരമെന്തിന്? മുൻകാലങ്ങളിൽ നമ്മുടെ മുൻഗാമികൾ ഇത്രയധികം ആർഭാടം കാണിച്ചിരുന്നുവോ? കഴിക്കുവാനുള്ള ഭക്ഷണമുണ്ടാക്കുമെന്നല്ലാതെ...
ഒരു സംശയം മാത്രം..........
നോമ്പു പിടിക്കുമ്പോൾ നമ്മൾ അത്ര പട്ടിണി അനുഭവിക്കുന്നുണ്ടോ? ഒരു വീട്ടമ്മയായ ഞാൻ എന്റെ ചിന്ത നിങ്ങളുമായി ഷെയർ ചെയ്യുക മാത്രമാണ് കേട്ടോ..?
ആ ചിന്ത ഇതാണ്....
സാധാരണ ഒരു മനുഷ്യന്റെ ഭക്ഷണ രീതി മൂന്നു നേരമാണ്... രാവിലെ, ഉച്ചക്ക്, രാത്രി...
അതിൽ രാവിലെ എട്ടിനുള്ളിൽ കഴിക്കുന്ന ഭക്ഷണം, നോമ്പുകാലത്ത് വെളുപ്പിന് നാലിനുള്ളിൽ കഴിക്കുന്നു.... ഉച്ചക്ക് ഒരു നേരം ഒഴിവാക്കുന്നുവെങ്കിലും വൈകുന്നേരം 6.30ന് ശേഷം കഴിക്കുന്നുമുണ്ട്.... അതായത് കുറച്ച് മണിക്കൂർ അങ്ങോട്ടുമിങ്ങോട്ടും മാറുന്നുവെന്നല്ലേയുള്ളു? രാത്രി ഭക്ഷണം ഒഴിവാക്കുന്നുമില്ല.... പിന്നെയെവിടെയാണ് ഈ പട്ടിണി? ഇത്രമാത്രം ആഹരിക്കുവാൻ..?
ആകെയുള്ള പ്രശ്നം പകൽ ഒഴിവാക്കുന്ന വെള്ളം മാത്രമാണ്.... അപ്പോൾ സത്യത്തിൽ നമ്മുടെ പ്രശ്നമെന്താണ്... മനസ്സിന്റെ നിയന്ത്രണമില്ലായ്മ മാത്രമല്ലേ അത്?....
അൽപസമയത്തെ വിശ്രമം കൊടുക്കുന്ന നമ്മുടെ ആമാശയത്തിന് അതിനു താങ്ങാവുന്നതിലധികം ആഹാരം ഒരുമിച്ചു നൽകി കഷ്ടപ്പെടുത്തുന്നു.സ്വന്തം ശരീരത്തോട് എന്തോ പ്രതികാരം ചെയ്യുന്ന പോലെയുള്ള ഭക്ഷണ രീതി ആരോഗ്യത്തെപോലും തകരാറിലാക്കും..
നോമ്പുകാലത്ത് ഭക്ഷണ നിയന്ത്രണമെങ്കിൽ ചിലവുകൾ കുറയുകയല്ലേ വേണ്ടത്? പകരം ചിലവുകളും ആർഭാടവും കുറക്കേണ്ടിടത്ത്
വീട്ട ചിലവുകൾ ഇരട്ടിയിലധികമാവുന്നു...
ഇതിനുവേണ്ടി കുടുംബനാഥൻമാർ നെട്ടോട്ടമോടുന്ന അവസ്ഥയും കാണേണ്ടി വരുന്നു... ഇക്കാര്യത്തിൽ സ്ത്രീകൾക്കും നല്ലൊരു പങ്കുണ്ട് നാം എന്തു കൊണ്ടാണിങ്ങനെയെന്ന് ഇരുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു...
ഈ മാസം നമ്മൾ 'എത്രയോ നല്ല കാര്യങ്ങൾ ചെയ്യുന്നു? അതിന്റെ പ്രതിഫലം ഇത്തരം പ്രവർത്തനങ്ങൾ കൊണ്ട് നമുക്ക് നഷ്ടപ്പെടാതിരിക്കട്ടെ..... മറ്റെല്ലാ കാര്യങ്ങളിലും മനസ്സും, ശരീരവും നിയന്ത്രിക്കുന്ന നമുക്ക് ഭക്ഷണകാര്യത്തിലും ആ നിയന്ത്രണം കൊണ്ടുവരാൻ സാധ്യമാകട്ടെ.....തീറ്റ നോമ്പ് എന്ന വാക്ക് തൂത്തെറിയപ്പെടട്ടെ.... പകരം 'നന്മയുടെയും, സ്നേഹത്തിന്റേയും, കാരുണ്യത്തിന്റേയും, നന്മാർഗ്ഗത്തിന്റേയും മാസമായിത് അറിയപ്പെടട്ടെയെന്നും ആഗ്രഹിക്കുന്നു.....
ഈ ചെറിയ ചിന്തകളിൽ തെറ്റുകുറ്റങ്ങൾ വന്നു പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക...
റമളാൻ ആശംസകളോടെ....
(Raziya Maju)
.,,,,,,,,,,,,,,,,,,,,,,,,,,,,,,

ജോബി

പുതിയ സെറ്റിപണിയുന്നതിന്റെ ഭാഗമായാണ് അവർ രണ്ടുപേരും ആദ്യമായി വീട്ടിലേക്ക് വരുന്നത്.... ജോബിയും, ഷബീറും......
വീട്ടിൽ തന്നെയിരുത്തി പണിയിപ്പിക്കുന്നതിനാൽ വിവരങ്ങൾ പറഞ്ഞുകൊടുക്കുന്നതിനുവേണ്ടിയാണ് ഞാനവരുമായി സംസാരിക്കാൻ ചെല്ലുന്നത്...
വീട്ടിൽ ലഡുപിടിക്കാൻ വരുന്ന സുഹറയുടെ സഹോദരനാണ് ഷബീർ... ആ പരിചയത്തിൽ
എന്നെക്കണ്ടതും അവൻ പരിചയഭാവത്തിൽ പുഞ്ചിരിച്ചുകൊണ്ട് സംസാരിച്ചുതുടങ്ങി.
വർക്കിനെക്കുറിച്ചും മോഢലിനെക്കുറിച്ചും സംസാരിക്കുന്നതിനിടയിൽ ഒന്നും മിണ്ടാതെ മാറിനിൽക്കുന്ന കൂടെവന്ന പയ്യനെ ഞാൻ ശ്രദ്ധിച്ചിരുന്നു..........
ഒരലസഭാവത്തിൽ നിൽക്കുന്ന അവന്റെ മുഖത്തെഴുതി വച്ചിട്ടുണ്ട് അവനിലെ ദു:സ്വഭാവങ്ങൾ.... പുകവലിച്ച് കറുത്ത ചുണ്ടുകൾ, നിഷേധിത്തരം വിളിച്ചോതുന്ന കണ്ണുകളിൽ എല്ലാത്തിനോടുമുള്ള ഒരുതരം പുച്ഛഭാവവും നിറഞ്ഞുനിന്നിരുന്നു... ഇവനത്ര ശരിയല്ലeല്ലാ എന്ന് മനസ്സിൽ ചിന്തിച്ചു... ഒരനിഷ്ടം തോന്നിയെങ്കിലുമത് പ്രകടിപ്പിച്ചില്ല..
ഷബീർ എപ്പോഴും ചിരിച്ചു സംസാരിക്കുന്ന ഉൽസാഹമുള്ള ഒരു പയ്യനായിരുന്നു... രാവിലെമുതൽ വൈകുന്നേരംവരെ വീട്ടിലിരുന്ന് പണിയുന്നതിനാൽ അവർക്കുള്ള ഭക്ഷണവും, വെളളവുവെല്ലാം കൊണ്ടുപോയി കൊടുക്കുന്നതിനിടയിൽ സ്വാഭാവികമായും അവരുമായി സംസാരിക്കുക പതിവായി.....
അതോടെ ജോബിയും ചേച്ചി എന്ന് വിളിച്ച് ഞാനുമായി ഓരോ കാര്യങ്ങൾ സംസാരിച്ചു തുടങ്ങി....
അപ്പോഴാണ് എനിക്കൊരു കാര്യം മനസിലാകുന്നത്... രണ്ടുപേരും നല്ല വർക്കേഴ്സാണെങ്കിലും കുടുംബത്തിനോട് വലിയ ഉത്തരവാദിത്വമൊന്നുമില്ല... കിട്ടുന്ന പണം മദ്യപാനം, പുകവലി, ചുറ്റിയടിക്കൽ എന്നിവക്കായാണ് വിനിയോഗിക്കുന്നതെന്ന്..
ഉച്ചക്കുളള വിശ്രമസമയവും ഇവർ പുറത്തു പോയി അൽപം കഴിച്ചിട്ടാണ് വരുന്നത്... ഇതെനിക്ക് മാനസികമായി വിഷമമുണ്ടാക്കുന്ന കാര്യമായിരുന്നു... ആരായാലും നശിക്കുന്നത് കണ്ടു നിൽക്കാൻ
കുറച്ച് ബുദ്ധിമുട്ടാണ്... എന്നെ സംബന്ധിച്ച് ഏത് തരക്കാരായാലും എങ്ങനെയുള്ളവരായാലും അവരിലെല്ലാം എന്തെങ്കിലുമൊരു നന്മ ഉണ്ടാകും എന്ന് വിശ്വസിക്കുവാനാണിഷ്ടം... അതിൽ ജാതിയോ, മതമോ ഒന്നുമില്ല... ആരേയും തരം തിരിച്ച് കാണുവാനും ആഗ്രഹമില്ല..എല്ലാവരും മനുഷ്യരാണല്ലോ...?
അതുകൊണ്ടുതന്നെ അവരുമായി പരിചയപ്പെട്ടു വന്നപ്പോൾ സഹോദരൻമാരില്ലാത്ത എനിക്ക് അവരെന്റെ കുഞ്ഞനുജന്മാരായിട്ടാണ്തോന്നിയത്... അതിനാൽ അവരോട് ഇതിനെ കുറിച്ച് സംസാരിക്കണമെന്ന് ഞാൻ തീരുമാനിച്ചു... അതവർക്ക് ഇഷ്ടമായാലും, ഇല്ലെങ്കിലും എന്റെയൊരു കടമയായി കണ്ടു...
ഇതിനിടയിൽ ഞങ്ങൾ തമ്മിൽ നല്ലൊരു സൗഹൃദം ഉടലെടുത്തിരുന്നു... ഇത് മുതലെടുത്ത് ഉച്ചയ്ക്ക് പുറത്തു പോകുന്നതിൽ നിന്നും ഞാനവരെ തടഞ്ഞു.... ഒന്നുമറിയാത്ത പോലെ ഞാനവരോട് ചോദിച്ചു,,, നിങ്ങളിപ്പോൾ എന്തിനാ
പുറത്ത് പോകുന്നത്? നമുക്ക് വല്ല വിശേഷവും പറഞ്ഞിരിക്കാം എന്ന് പറഞ്ഞപ്പോൾ എന്നോടുള്ള സ്നേഹം വച്ച് അവരതിനെ എതിർത്തില്ല... ആ അനുസരണ എനിക്ക് കുറച്ച് ആത്മവിശ്വാസം നൽകി.....
അധികം സംസാരിക്കാതിരുന്ന ജോബി പിന്നീട് അവന്റെ വീട്ടുവിശേഷങ്ങളെല്ലാം എന്നോട് പങ്കുവെച്ചു... ഉത്തരവാദിത്വമില്ലാത്ത അപ്പനും, അദ്ദേഹത്തിന്റെ മദ്യപാനവും, അമ്മയുടെ ശകാരവും അങ്ങനെ പല കാര്യങ്ങളും.. വീട്ടിൽ ചെന്ന്കയറുന്നതേ തലവേദനയാണെന്നും മറ്റും.... അപ്പോൾ ഞാനവന്റെ ദു:ശ്ശീലങ്ങളെക്കുറിച്ചും എന്ത് കൊണ്ട് നീ നന്നാവുന്നതിനു പകരം അപ്പന്റെ പാത പിന്തുരുന്നു എന്നും ചോദിച്ചു... ഇത്തരം പ്രവർത്തികൾ നിങ്ങൾക്ക് സമ്മാനിക്കുന്ന ദുരിതങ്ങളിൽ ആരും കൂട്ടിനുണ്ടാകില്ലെന്നും, അന്നും ഈ അമ്മ മാത്രമേ ആശ്രയമുണ്ടാകു എന്നും പറഞ്ഞു....
എന്നാൽ കുഞ്ഞിലെ മുതൽ വിശേഷാവസരങ്ങളിൽ കുട്ടികളായ ഞങ്ങൾക്ക് മദ്യം പകർന്ന് നൽകിയത് മാതാപിതാക്കൾ തന്നെയാണെന്നും ഇന്നതൊരു ശീലമായതിനാൽ പെട്ടെന്ന് നിർത്തുവാൻ കഴിയില്ല ചേച്ചി എന്നുമാണവനെന്നോട്
പറഞ്ഞത്.... സ്വന്തം മക്കളെ വഴിതെറ്റിക്കുന്ന മാതാപിതാക്കളെ കുറിച്ച് പിന്നെ ഞാനെന്ത് പറയാനാണ്... ഒരു നേരമ്പോക്കിന് ചെയ്യുന്ന കാര്യത്തിൽ പിന്നീടവർ അടിമപ്പെടുകയും തെറ്റാണെന്ന ചിന്ത ഇല്ലാതെപോകുകയും ചെയ്യുംന്നു.. വലുതാകുമ്പോൾ തിരുത്താൻ ശ്രമിക്കുന്നതിലെന്തർത്ഥമാണുള്ളത്?
എങ്കിലും ഞാനവനോട് പറഞ്ഞു.... വീട്ടിൽ ചെന്നു കയറുന്നതേ തലവേദനയാണ് എന്നു നീ പറയുന്നു.... അമ്മ എപ്പോഴും ശകാരിക്കുന്നുണ്ടെങ്കിൽ അതിന്റെ പുറകിലുള്ള കാരണം കാണാൻ നീ എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ? മദ്യപാനിയും, ഉത്തരവാദിത്വമില്ലാത്തവരുമായ നിങ്ങൾക്കിടയിൽ ആ സ്ത്രീ എങ്ങനെ സന്തോഷത്തോടെ ചിരിച്ചു സംസാരിക്കും... ആദ്യം നമ്മൾ നമ്മളിലെ തെറ്റുകളെ തിരിച്ചറിയണം ജോബി... എങ്കിലേ നമുക്കും എല്ലാവരോടും നന്നായി ഇടപെടാൻ കഴിയു.....
പതിയെ പതിയെ ഒന്നു ശ്രമിച്ചു നോക്കു... വീട്ടിലെ മാറ്റം നിനക്ക് കാണാൻ കഴിയും'...
എന്നോട് തർക്കിക്കാതെ തലയും കുമ്പിട്ടിരുന്ന് എല്ലാം അവൻ കേട്ടു..... ഞാൻ തുടർന്നു....
ജോബി മറ്റൊന്നുകൂടി മനസ്സിലാക്കുക..
നീ ഇപ്പോൾ ജീവിക്കുന്ന പോലെ നാടിനും വീടിനും ഗുണമില്ലാത്തവർക്ക് പ്രത്യേകിച്ചൊരു വിലയും സമൂഹത്തിൽ നിന്ന് ലഭിക്കുകയില്ല... ഏന്നാൽ നമ്മുടെ പ്രവർത്തികൾ കൊണ്ട് നാം നേടിയെടുക്കുന്ന ഒരു ബഹുമാനമുണ്ട്... അത് അനുഭവിച്ചറിഞ്ഞാലെ മനസ്സിലാവുകയുള്ളു...
നിങ്ങൾക്കിപ്പോൾ ഇത്രയേ പ്രായമായിട്ടുള്ളൂ.
തിരുത്താൻ ഇനിയും സമയമുണ്ട്... ജീവിച്ചു കാണിക്കുവാനും.....
പിറ്റേന്ന് ഞായറാഴ്ചയായിരുന്നു... അവർ ജോലിക്ക് വന്നില്ല... തിങ്കളാഴ്ച രാവിലെ ചേച്ചീ എന്നുളള ജോബിയുടെ വിളി കേട്ടാണ്
 മുൻവശത്തേക്ക് ചെല്ലുന്നത്... വളരെ സന്തോഷത്തോടെ ചിരിച്ചു കൊണ്ട് നിൽക്കുന്ന അവന്റെ മുഖം കണ്ടപ്പോൾ എനിക്കും സന്തോഷമായി..... അവനെന്നോട് പറഞ്ഞു.... ചേച്ചി ഞാനിന്നലെ രാവിലെ കറിക്കുള്ള ഇറച്ചി വാങ്ങി അമ്മയുടെ കയ്യിൽ കൊടുത്തു..... അമ്മയ്ക്ക് വലിയ സന്തോഷമായി .....ഞാൻ പറഞ്ഞു.. ഒരു ചെറിയ കാര്യം ചെയ്തപ്പോൾ തന്നെ നിയും അമ്മയും എത്ര സന്തോഷിച്ചു... ഇത് പോലെ ഓരോ കാര്യങ്ങളും ചെയ്യണം.... ഒറ്റയടിക്ക് ഒരു ശീലവും നിർത്താൻ ഞാൻ നിർബന്ധിക്കില്ല.. എന്നാൽ സാവകാശം എല്ലാ മോശമായ കാര്യങ്ങളിൽ നിന്നും നീ വിട്ടു നിൽക്കണം......
പിന്നീടങ്ങോട്ട് ഞങ്ങൾ സ്വന്തം സഹോദരങ്ങൾപോലെയായിരുന്നു... എപ്പോഴും ചിരിച്ചു സംസാരിക്കുന്ന അവനിലെ മാറ്റം എന്നെ അൽഭുതപ്പെടുത്തി.... എങ്കിലും ഇടക്ക് പറയും.. ചേച്ചി. എന്റെ ദു:സ്വഭാവം ഞാൻ പൂർണമായി ഒഴിവാക്കിയിട്ടില്ല എന്ന്....
അതിന് ഒരു പുഞ്ചിരി മാത്രമേ ഞാൻ മറുപടിയായി നൽകിയുള്ളു.കാരണം എനിക്ക്
അവനിൽ പ്രതീക്ഷയുണ്ടായിരുന്നു.....
രണ്ടാഴ്ച കഴിഞ്ഞ് പണിതീർത്ത് പോകാൻ നേരം ബാക്കി വന്ന മരത്തിൽ നിന്ന് താഴെ ഇരിക്കുന്നതിനുള്ള 2 പലകൾ ഉണ്ടാക്കി അതിലൊന്നിന്റെ അടിയിൽ അവന്റെ പേരെഴുതി അവനത് എനിക്ക് സമ്മാനിച്ചു.... ഇത് എന്റെ ഓർമക്കായി ചേച്ചിക്കിരിക്കട്ടെ എന്നും പറഞ്ഞ്.... യാത്രകൾക്കിടയിൽ അവന്റെ നാട്ടിലൂടെ കടന്നുപോകുമ്പോൾ അവിടുത്തെ ജംഗ്ഷനിൽ അവന്റെ സംസാരത്തിൽ കടന്നു വന്നിട്ടുള്ള കടകളിൽ എവിടെയെങ്കിലുമവൻ നിൽക്കുന്നുണ്ടോയെന്ന് വെറുതെ എന്റെ കണ്ണുകൾ പരതുമായിരുന്നു.... പിന്നെ ഞാൻ ചിന്തിക്കും..രണ്ടാഴ്ചത്തെ ജോലിക്കുവേണ്ടി
വന്നവർ.. എത്രയോ സ്ഥലങ്ങളിൽ പോകുന്നു.. എത്ര പേരെ പരിചയപ്പെടുന്നു... അതിലൊരാളായ എന്നെ അവർ ഓർത്തു വക്കുന്നതെന്തിന്? സ്നേഹിക്കുന്നവരെയെല്ലാം ഓർത്തു വക്കുന്ന എന്റെ സ്വഭാവമാണ് ആദ്യം മാറ്റേണ്ടത്...അങ്ങനെയെല്ലാം മനസ്സിനെ വിശ്വസിപ്പിച്ച് അത്തരം ചിന്തകൾക്ക്
ഞാൻ വിരാമമിട്ടു......
നാലഞ്ചുവർഷങ്ങൾ കഴിഞ്ഞു കാണും
ഞാനെന്റെ റെഡിമെയ്ഡ് ഷോപ്പിന്റെ മുൻവശത്തിട്ടിരിക്കുന്ന ഡിസ്പ്ലേ കറക്ട് ചെയ്യുകയായിരുന്നു..... ഒരു ബൈക്ക് നല്ല സ്പീഡിൽ പോകുന്നതിനിടെ പെട്ടെന്ന് അതിലെ പയ്യൻ ഒന്നുതിരിഞ്ഞുനോക്കി.... പിന്നീട് വണ്ടി സ്ളോ ചെയ്ത് തിരിച്ച് ഷോപ്പിനു മുൻപിൽ കൊണ്ടു വന്നുനിർത്തി.....
ഡിസ്പ്ലേയിൽ കണ്ട ഏതെങ്കിലും ഡ്രസ്സിന്റെ വിലയറിയാനാകും എന്നാണ് ഞാൻ വിചാരിച്ചത്...കോട്ടും,കൂളിംഗ് ഗ്ളാസും ധരിച്ച ആ പയ്യൻ എന്റെയടുത്തേക്കു നടന്നുവരുന്നത് കണ്ട് ഞാനൽഭുതപ്പെട്ടു.....
മുഖത്തു നിന്നും കൂളിംഗ് ഗ്ളാസ് മാറ്റിയ ശേഷം സന്തോഷത്തോടെ അവൻ ചോദിച്ചു...
ചേച്ചിക്കെന്നെ മനസ്സിലായില്ലെ... ഞാൻ ജോബിയാണ്... അപ്പോഴേക്കും ഞാനുമവനെ തിരിച്ചറിഞ്ഞിരുന്നു... നീ ആളാകെ മാറി പോയല്ലോ..കുറച്ച് വണ്ണവും വച്ചിട്ടുണ്ട്.....
എന്റെ വാക്കുകൾകേട്ട് ചിരിച്ചു കൊണ്ടവൻ പറഞ്ഞു.... ഞാനവിടന്ന് പോന്ന ശേഷമുള്ള കാര്യങ്ങളൊന്നും ചേച്ചിക്കറിയില്ലല്ലോ..?
മദ്യപാനം .നല്ലതുപോലെ കുറച്ചുവെങ്കിലും പൂർണമായി ഞാനത് ഉപേക്ഷിച്ചിരുന്നില്ല ചേച്ചീ..... ഒരു ദിവസം ഫ്രണ്ട്സിന്റെ നിർബന്ധം മുലം ഒരു പാർട്ടിക്ക് പോയി.. അത്യാവശ്യം നല്ലവണ്ണം കഴിക്കുകയും ചെയ്തു.... തിരിച്ചുവരുമ്പോൾ വണ്ടി ആക്സിഡന്റായി... വലതുകാൽ ചതഞ്ഞരഞ്ഞത് പോലെയായി .......
എറണാകുളത്തെ ഹോസ്പിറ്റലിൽ മാസങ്ങളോളം ചികിത്സ.... പഴുപ്പ് കയറിയതിനാൽ ഇനിയൊന്നും ചെയ്യാനില്ലെന്നും കാൽ മുറിച്ചു കളയണമെന്നും ഡോക്ടർമാർ പറഞ്ഞു.... ആ കിടപ്പിൽ ഞാൻ ചേച്ചിയെ ഓർത്തു.. ചേച്ചിയുടെ ഓരോ വാക്കുകളും.... എന്നോട് ഇത്രയും സ്നേഹത്തോടെ ആരും സംസാരിച്ചിട്ടില്ല, ഉപദേശമുണ്ടാകും വേണ്ടുവോളം... എന്നാൽ അതെല്ലാം വെറുപ്പിന്റെ രൂപത്തിലാണെന്ന് മാത്രം.. ചേച്ചി ഒരു കാര്യമില്ലാതിരുന്നിട്ടും ഒരനിയനോടെന്നപോലെ പെരുമാറി. നല്ലത് പറഞ്ഞു തന്നു... ആ വാക്കുകൾ സത്യമായി.. ചേച്ചി പറഞ്ഞ പോലെ ആ കിടപ്പിൽ എനിക്കെന്റെ കുടുംബം മാത്രമേ ഉണ്ടായിരുന്നുള്ളു.... പലതും വിറ്റും കടം വാങ്ങിയും അവരെന്നെ ചികിൽസിച്ചു.. അപ്പൻ മദ്യപാനം നിർത്തി എന്നോടൊപ്പം നിന്നു... അമ്മ പാവം എത്ര കഷ്ടപ്പെട്ടാണ് എന്നെ നോക്കിയത്... കണ്ണുനീരല്ലാതെ മറ്റൊന്നും എന്റെ പക്കൽ ഉണ്ടായിരുന്നില്ല ചേച്ചി..... കാൽ മുറിക്കാതെ മറ്റു വഴിയില്ലാത്ത അവസരത്തിൽ എന്റെ കുടുംബത്തിന്റെ പ്രാർത്ഥനയും ദൈവാനുഗ്രഹവുമാകാം ഒരാൾ ഞങ്ങൾക്കൊരു അഡ്രസ്സ് തന്നിട്ട് പറഞ്ഞു...നിങ്ങൾ ഇവിടെ കൂടെ ഒന്നുപോയി നോക്കു ....ഇത്തരം കേസുകളിൽ അവിടെ വിജയം കണ്ടിട്ടുണ്ട് എന്ന്.....
അവസാന പ്രതീക്ഷയെന്നവണ്ണം വീട് പണയപ്പെടുത്തി അവരെന്നെ അങ്ങോട്ട് കൊണ്ടുപോയി... വീണ്ടും മാസങ്ങളോളം ചികിത്സ... എങ്കിലും പ്രതീക്ഷയുണ്ടായി... പഴുപ്പ് കുറഞ്ഞു, മുറിവ് ഉണങ്ങിത്തുടങ്ങി..
അദ്ദേഹം നല്ല ഡോക്ടർ ആയിരുന്നു... നല്ല ആത്മവിശ്വാസം നൽകി. ഹോസ്പിറ്റൽ പോലെയല്ല, എല്ലാവരും ഒരു കുടുംബം പോലെയാണവിടെ.... കാൽ പൂർണമായും സുഖപ്പെട്ടു..ഇന്ന് ഞാൻ സന്തോഷത്തിലാണ് ചേച്ചി...കുറച്ച് കടങ്ങൾ ഉണ്ടെന്നേയുള്ളു... അത് ഞാൻ പണിയെടുത്ത് വീട്ടും.. എങ്കിലും വീട്ടിൽ സന്തോഷവും, സമാധാനവുമുണ്ട്... എന്റെ വീട്ടുകാരുടെ പ്രാർത്ഥനയാണ് ഇന്നത്തെ എന്റെ ജീവിതം.... അത് മതി ചേച്ചി എനിക്കിനി മുന്നോട്ട് പോകാൻ.....
യാത്ര പറഞ്ഞ് വണ്ടി സ്റ്റാർട്ട് ചെയ്യുന്ന അവനെ നോക്കി നിൽക്കെ ഞാൻ ചിന്തിച്ചു....
ആദ്യമായി കണ്ടപ്പോൾ ഒരു മോശക്കാരനാണെന്ന് വച്ച് ഞാനവനെ മാറ്റി നിർത്തി, എതിനു മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടണം എന്നെല്ലാം ചിന്തിച്ചിരുന്നെങ്കിൽ ഈ സ്നേഹവ്യം, സന്തോഷവും, എനിക്ക് കാണുവാൻ സാധിക്കുമായിരുന്നോ? ചില കാര്യങ്ങൾ അങ്ങനെയാണ്... വെറുതെ ഒന്ന് ശ്രമിക്കുക, ചിലപ്പോഴത് വലിയ മാറ്റങ്ങൾക്ക് വഴി തെളിക്കും... ആത്മാർത്ഥമായ ഒരു ശ്രമവും പാഴാകില്ല...ധാരാളം അനുഭവങ്ങൾ സാക്ഷി..
(Raziya Maju)

ഓർമ

ഓർമ
,,,,,,,,,,,,
മജുവിന്റെ തറവാട്ടിൽ താമസിക്കുന്ന സമയം..
വെളുപ്പിനെഴുന്നേറ്റ് കിച്ചണിൽ കയറുന്നത് ഞാനായിരുന്നു.. അംഗങ്ങൾ അധികമുള്ള തറവാട്ടിൽ ഓരോരുത്തർക്കും ഓരോ ജോലികളുണ്ട്.... ഇടക്കത് പരസ്പരം മാറുകയും ചെയ്യും....
അന്നത്തെ തറവാട് ഓടിട്ടതാണ്. അതിനാൽ മഴക്കാലത്ത് അടുക്കളയിലെ ഒരു ഓട്പൊട്ടി
വെള്ളം ചുമരിലൂടെ ഒഴുകിയിറങ്ങി സ്വിച്ച് നനയുന്നുണ്ടായിരുന്നു...ഇതറിയാതെ ലൈറ്റിടാൻ ചെന്ന എനിക്ക് നല്ലൊരടി കിട്ടി. കൈ തെറിച്ചു പോയതുപോലെയാണ് തോന്നിയത്... അതിനുശേഷം കത്തിക്കാൻ കൊണ്ടു വച്ചിരിക്കുന്ന ഉണക്കക്കമ്പ് ഉപയോഗിച്ചാണ് ഞാൻ സ്വിച്ചിട്ടിരുന്നത്.
ഈ വിവരം ഞാൻ എല്ലാവരോടും പറയുകയും നീളമുള്ള കമ്പ് ഉപയോഗിച്ച് സ്വിച്ചിട്ടാൽ മതിയെന്ന് നിർദ്ദേശിക്കുകയും ചെയ്തു....
രണ്ട് ദിവസം കഴിഞ്ഞ് അനിയന്റെ ഭാര്യയാണ് രാവിലെ കിച്ചണിൽ കയറിയത്....
പെട്ടെന്നൊരലർച്ചകേട്ട് ഞാനോടി ചെല്ലുമ്പോൾ അവൾ താഴെ വീണു കിടന്ന് കരഞ്ഞ് ശക്തിയായി കൈകുടയുന്നത് കണ്ടു
കാര്യം മനസിലാക്കിയ ഞാനോടിച്ചെന്ന് അവളെ എഴുന്നേൽപ്പിച്ചുകൊണ്ട് ചോദിച്ചു...
ഞാൻ നിന്നോട് പറഞ്ഞിരുന്നതല്ലേ നീളമുള്ള കമ്പ് ഉപയോഗിച്ച് സ്വിച്ച് ഇടണമെന്ന്... എന്നിട്ട് നീയത് മറന്നു പോയല്ലെ? കരച്ചിലിനിടയിൽ അവൾ പറഞ്ഞു.. ഇല്ല ഇത്തു ... ഞാൻ മറന്നിട്ടില്ല... അങ്ങനെ തന്നെയാ ചെയ്തത്... ദൂരെ നിന്നു തന്നെയാ സ്വിച്ചിട്ടത്.... ദാ നോക്ക് അത് കൊണ്ടാണ്...
അവൾ ചൂണ്ടിക്കാണിച്ചിടത്തേക്ക് നോക്കിയ ഞാൻ ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ നിന്നു പോയി.... പിന്നീടെന്റെ പൊട്ടിച്ചിരികേട്ടാണ് മറ്റുള്ളവർ ഓടിയെത്തിയത്.... അവളുപയോഗിച്ച വടി എന്താണെന്നല്ലേ..? വീട്ടിലെ നീളമുള്ള ഇരുമ്പിന്റെ ചട്ടുകം:... എന്തോ.. എന്തരോ....?ഇന്നും അതും പറഞ്ഞ് ഞാനവളെ കളിയാക്കാറുണ്ട് കേട്ടോ....
(Raziya Maju )
,,,,,,,,,,,,,,,,,,,,,,,,,,,,,,

ജീവിതത്തിലെ രാഷ്ടീയം


അയാളുടെ വായിലേക്കൊഴിച്ചു കൊടുത്ത കഞ്ഞിയുടെ അവശിഷ്ടങ്ങൾ അവൾ സ്വന്തം കൈക്കൊണ്ട് നീക്കം ചെയ്തു...നനഞ്ഞ തുണിയെടുത്ത് അയാളുടെ ചുണ്ടും മുഖവും തുടച്ചു വൃത്തിയാക്കി....ശേഷം ഉയർത്തി വച്ചിരുന്ന തലയിണ പതുക്കെ എടുത്തു മാറ്റി തലനേരെയാക്കി കിടത്തി.....
ചലിപ്പിക്കാൻ കഴിയാത്ത അയാളുടെ കാലുകൾ ഒതുക്കി വച്ച് പുതപ്പെടുത്ത് അര ഭാഗം വരെ മൂടിയശേഷം അവൾ അടുക്കളയിലേക്ക് നടന്ന് പോകുന്നത് നോക്കി അയാൾ കിടന്നു.....
വഴിയിലൂടെ കടന്നുപോകുന്ന ജാഥയിലെ
മുദ്രവാക്യങ്ങൾ അയാളുടെ ചെവികളിൽ വന്നലച്ചു...
വർഷങ്ങൾക്ക് മുൻപ് താനും അവരിലൊരാളായിരുന്നു... താൻ വിളിച്ചു പറയുന്ന മുദ്രാവാക്യങ്ങൾ മറ്റുള്ളവർ ഏറ്റ് പറയുമ്പോൾ തന്നിലെ ഉൻമേഷം വർധിക്കുകയായിരുന്നു....
രാപകലില്ലാതെ രഷ്ട്രീയത്തിനു വേണ്ടി പലയിടത്തും ഓടിനടന്ന് പ്രവർത്തിച്ചു.....
വീട്ടിലെ കാര്യങ്ങളിൽ വരുന്ന വീഴ്ചകളോ, ഭാര്യയുടെ ആവശ്യങ്ങളൊ പരാതികളൊ ഒന്നും ചെവിക്കൊണ്ടില്ല.... മക്കളുടെ വളർച്ചയോ, പുഞ്ചിരിയോ കാണാൻ സമയവുമുണ്ടായിരുന്നില്ല.... രാജ്യത്തിനു വേണ്ടി പ്രവർത്തിക്കുന്നവന് ഇതിനൊന്നിനും പ്രാധാന്യമില്ലെന്ന് വിശ്വസിച്ചു.....
അവന്റെ ചിന്ത നാട്ടിലെ ദാരിദ്യത്തെ കുറിച്ചും, വിലക്കയറ്റത്തെ കുറിച്ചും, തന്റെപാർട്ടിയുടെ ഉയർച്ചയെ കുറിച്ചുമെല്ലാമുള്ള ഉൽകണ്ഠയായിരുന്നു..... നാളെ യോഗത്തിൽ സംസാരിക്കേണ്ട വിഷയത്തേക്കുറിച്ചായിരുന്നു...
പാർട്ടി യോഗത്തിൽ തന്റെ പ്രവർത്തനങ്ങളെ വിലയിരുത്തി നേതാവ് പുകഴ്ത്തി സംസാരിക്കുന്നത് കേട്ടപ്പോൾ കൂടുതൽ ആവേശത്തോടെ മുന്നേറാൻ അവന്റെ മനസും ശരീരവും സജ്ജമായി..... എല്ലാ അണികളും തന്നെ കണ്ടു പഠിക്കണമെന്ന അദ്ദേഹത്തിന്റെ വാക്കുകളിൽ ആത്മനിർവ്യതി കണ്ടെത്തി......
തിരഞ്ഞെടുപ്പിന്റെ സമയം അടുത്ത് വരുന്തോറും തന്റെ തിരക്കു വർധിച്ചു.... ഓരോരോ നിർദ്ദേശങ്ങളുമായി എല്ലായിടത്തും ഓടിയെത്തി..
വീട്ടിലെത്തിയ തന്നോട്..... എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട് എന്ന് പറഞ്ഞ് മുന്നിലെത്തിയ ഭാര്യയെ തട്ടിമാറ്റി പുറത്തേക്ക് നടന്നു...... തന്റെ തളളലിൽ അവൾ വീഴുന്നത് കണ്ടെങ്കിലും... ശ്രദ്ധിക്കാതെ മുന്നോട്ട് പോയി..... കാരണം തന്റെ രാജ്യത്തിനും, പാർട്ടിക്കും മുൻപിൽ മറ്റൊന്നിനും സ്ഥാനമില്ല എന്നു താൻ ചിന്തിച്ചു..... അതൊരഹങ്കാരമായി തന്നിൽ വളർന്നിരുന്നു.....
ബാനറുകൾ വലിച്ചുകെട്ടാനും, പോസ്റ്റർ ഒട്ടിക്കാനുമെല്ലാം നിർദ്ദേശം നൽകിയും സഹായിച്ചും എല്ലാം കഴിഞ്ഞു വന്നപ്പോൾ സമയം വൈകിയിരുന്നു... എല്ലാവരേയും പറഞ്ഞു വിട്ടു....ഈ പാതിരാവിലിനി ഏതായാലും വീട്ടിലേക്കില്ല.... അവളുടെ പരാതികൾ കേൾക്കാനും വയ്യ... പാർട്ടിയോഫിസിൽ തന്നെ തങ്ങാം എന്ന് ചിന്തിച്ച് നടന്ന അയാൾക്ക്..... പെട്ടെന്നെന്തോ ശക്തിയായി തന്റെ തലയിൽ.... വന്നടിച്ചതായി തോന്നി......
എന്തോ ഒരു തരം മരവിപ്പ്... പൊത്തിപ്പിടിച്ച കൈയിലൂടെ വഴുവഴുപ്പോടെ ഒലിച്ചിറങ്ങിയത് രക്തമാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും അടുത്ത വെട്ട് നടുവിനായിരുന്നു.... കൂടാതെ ഭാരമേറിയ എന്തോ വന്നടിച്ചതു പോലെയും.....
പിന്നീട് ഓർമ വന്നപ്പോൾ ഹോസ്പിറ്റലിലാണെന്ന് മനസിലായി... ആദ്യം കണ്ടത് അവളുടെ കണ്ണിർ വറ്റി കുഴിഞ്ഞ കണ്ണുകളാണ്.... താൻ നോക്കിയപ്പോൾ ആ കണ്ണുകൾ തിളങ്ങി... മുഖത്ത് ഒരു പതിഞ്ഞ പുഞ്ചിരിയും..... അവൾ കുഞ്ഞുങ്ങളെ തന്റെയരികിലേക്ക് ചേർത്തു നിർത്തി.... ആ കുഞ്ഞിക്കണ്ണുകളിൽ യാതൊരു ഭാവമാറ്റവും ഉണ്ടായില്ല..... എങ്ങനെയുണ്ടാകും.? താനവരെ ചേർത്ത് നിർത്തി ലാളിക്കുകയോ ഒരുമ്മ നൽകുകയോ ചെയ്തതായി ഓർക്കുന്നില്ല.
ശരീരമാകെ നുറുങ്ങുന്ന വേദന.. ചലിക്കാനും കഴിയുന്നില്ല.... തന്റെ കണ്ണുകൾ ചുറ്റും പരതി... വേറെയാരേയും കാണുന്നില്ല.. തന്റെ നോട്ടത്തിന്റെ അർത്ഥം മനസിലാക്കിയ അവൾ പറഞ്ഞു..... ഒരു മാസമായി താനിവിടെ കിടക്കുന്നതെന്ന്..... ഈ സംഭവത്തിന്റെ പേരിൽ നാട്ടിൽ പ്രക്ഷോഭങ്ങളും മറ്റും ഉണ്ടായെങ്കിലും... ഇതിന് പിന്നിലുള്ളവരെ കണ്ടെത്താൻ കഴിഞ്ഞില്ലത്രേ..... സാക്ഷികളൊ., തെളിവുകളോ ഇല്ലായിരുന്നു പോലും....... എന്തായാലും തിരഞ്ഞെടുപ്പിൽ പാർട്ടി വൻഭൂരിപക്ഷത്തോടെ വിജയിച്ചുവെന്ന്........
പിന്നീട് സംസാരിക്കാമെന്നായപ്പോൾ ചോദിച്ചു.. നേതാവ്.. സുഹൃത്തുക്കൾ.?
അവളുടെ മുഖത്തൊരു പുച്ഛഭാവം നിറഞ്ഞു.. അവർ വന്നിരുന്നു... ക്യാമറക്കു മുൻപിൽ നിന്നെന്നെ ആശ്വസിപ്പിച്ചു..കുട്ടികളുടെ കാര്യം ചികിൽസയുടെ കാര്യം ഒന്നും പേടിക്കേണ്ടന്നും പറഞ്ഞു.... ഇത് കേട്ട തന്റെ മനസ് തണുത്തു... എന്തായാലും തന്റെ പാർട്ടി തന്നെ കൈവിട്ടില്ലല്ലോ..... അവൾ തുടർന്നു.... ജയിച്ച ശേഷം ഒന്നുകൂടി വന്നു..... ചാനൽ കാമറകൾ മിന്നുന്നതിനൊപ്പം അവളുടെ കയ്യിലൊരു പൊതിയും നൽകി... വീണ്ടും ആശ്വസിപ്പിക്കൽ..
അവിടെ തീർന്നു എല്ലാം... പിന്നീടാരും വന്നിട്ടില്ല....
നാട്ടുകാർ കുറച്ച് പണം പിരിച്ച് നൽകി... പിന്നെ ആകെയൊരാശ്വാസം.... ചേട്ടനോടൊപ്പം എപ്പോഴുമുണ്ടായിരുന്ന ബാബുവേട്ടനാണ്.... എല്ലാറ്റിനും കൂടെ നിന്നു... അങ്ങോട്ട് വന്ന ബാബുവിനെ കണ്ടവൾ സംസാരം നിർത്തി....
താനവനെ നന്ദിയോടെ നോക്കി.... ശരിയാണ്.. എന്തിനും ഏതിനും ഒപ്പമുണ്ടായിരുന്നവനാണ്... ഇത് സംഭവിച്ച അന്ന് അവൻ കൂടെയുണ്ടായിരുന്നില്ല.... എന്തോ കാര്യത്തിന് പെങ്ങളുടെ വീട്ടിൽ പോകുമെന്ന് പറഞ്ഞത് ഓർക്കുന്നു........
രണ്ടു ദിവസം കഴിഞ്ഞ് ഡിസ്ചാർജ് ആയി... ഡോക്ടർക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലത്രേ... എത്ര നാൾ കിടക്കുമെന്നും പറയാൻ കഴിയില്ലെന്ന്.
തന്റെ മലവും, മൂത്രവും നീക്കം ചെയ്യുന്ന അവളെ നോക്കി നിസ്സഹായതയോടെ കിടക്കാനെ തനിക്ക് കഴിഞ്ഞുള്ളു....... താനറിയാതെ തന്നെ യൂറിൻ പാസ് ചെയ്യുന്നത് കൊണ്ട് ഇടക്കിടെ വന്ന് നോക്കി നനഞ്ഞ തുണികൾ അവൾ നീക്കം ചെയ്തു... അതെല്ലാം കഴുകി വൃത്തിയാക്കി.....ഇപ്പോഴാണ് തന്റെ ഭാര്യയുടെ മഹത്വം താൻ തിരിച്ചറിയുന്നത്..
അവളുടെ ഒരു വാക്കിന് താൻ ചെവി കൊടുത്തിരുന്നില്ല..... സത്യത്തിൽ താനിവളെ സ്നേഹിച്ചിരുന്നോ? തനിക്കെല്ലാം തന്റെ പാർട്ടിയായിരുന്നു.... കുടുംബത്തിന്റെ മഹിമ എന്താണെന്ന് തിരിച്ചറിഞ്ഞില്ല... കുഞ്ഞുങ്ങളുടെ കൊഞ്ചൽ കേട്ടിരുന്നില്ല..... താഴെയിരുന്ന് കളിക്കുന്ന കുഞ്ഞുങ്ങളെ നോക്കിയപ്പോൾ അയാൾക്ക് സ്വയം നിയന്ത്രിക്കാനായില്ല..... ഈ ഒരു അവസ്ഥയിലേ തനിക്ക് തിരിച്ചറിവ് ലഭിച്ചുള്ളു എന്നതിലയാൾക്ക് തന്നോട് തന്നെ പുച്ഛം തോന്നി.......
കുട്ടികളോട് തന്റെയടുത്തേക്ക് വരാൻ ആംഗ്യം കാണിച്ചപ്പോൾ അവർ വന്നു.... ഒരുമ്മം നൽകാൻ ആവശ്യപ്പെട്ടപ്പോൾ അവർ നൽകിയ ഉമ്മക്ക് ഇത്രമാത്രം മാധുര്യമുണ്ടെന്ന് അന്നാദ്യമായയാൾ തിരിച്ചറിഞ്ഞു.... മനസ്സ് തേങ്ങുന്നതിനൊപ്പം കണ്ണുകൾ നിറഞ്ഞൊഴുകി...... കുറ്റബോധത്തിന്റെ ചുടുകണ്ണീരിന് യാതൊന്നും തിരിച്ചുനൽകാനാവില്ലയെന്നറിഞ്ഞിട്ടും .......
ദിവസങ്ങൾ ആഴ്ചകളിലേക്കും മാസങ്ങളിലേക്കും കൂടുമാറി കൊണ്ടിരുന്നു...... ഇടക്ക് വല്ല സഹായവുമായെത്തുന്നത് ബാബു മാത്രമാണ്....അവൻ വരുമ്പോൾ കുട്ടികൾക്കും സന്തോഷമാണ്..കാരണം അവർക്ക് മിഠായിയും മറ്റും കിട്ടുന്നത് അവൻ വരുമ്പോഴാണല്ലോ.....
തന്നെ നോക്കുന്നതിനാൽ അവൾക്കും ഒരു ജോലിക്കും പോകാൻ കഴിയുന്നില്ല.... വീട്ടിലെ അവസ്ഥ എത്ര പരിതാപകരമെന്ന് കണ്ടറിയുകയായിരുന്നു........
അന്ന് ബാബു വന്നപ്പോൾ ഇരുട്ടിയിരുന്നു... മദ്യത്തിന്റെ മണം പരന്ന പോലെ........
മിഠായി കിട്ടിയ സന്തോഷത്തിൽ കുട്ടികൾ അടുത്ത മുറിയിലേക്ക് പോയി... കയ്യിലിരുന്ന പൊതി അവളെ ഏൽപിക്കുന്നതിനൊപ്പം അവൻ അവളുടെ കയ്യിൽ പിടിക്കുന്നത് താൻ കണ്ടു..... എഴുന്നേൽക്കുവാനോ ചലിക്കുവാനോ കഴിയാത്ത ഈ പാഴ്ജന്മത്തോട് അങ്ങേയറ്റം വെറുപ്പ് തോന്നി..... എല്ലാത്തിനും കഴിവുണ്ടായിരുന്ന സമയത്തും താനവളെ സംരക്ഷിച്ചിരുന്നില്ല...,.. വീട്ടിലേക്കെന്തെങ്കിലും വാങ്ങി കൊടുത്താൽ തന്റെ കടമ അവസാനിച്ചു എന്ന് കരുതി.....എന്നാൽ ഇന്ന് ഒന്നിനും കഴിയാത്ത ഒരു മാംസപിണ്ഠം മാത്രമായി മാറി.......
അവൾ അവന്റെ കൈ തട്ടിമാറ്റിയതും കവർ താഴെ വീണു .... അവൻ അവളെ നോക്കി പറഞ്ഞു.... ഈ പാതി ചത്ത ശവത്തിന് കാവലിരുന്ന് നീ നിന്റെ യൗവ്വനം നശിപ്പിക്കരുത്...
ഞാൻ പറയുന്നതനുസരിച്ച് നിന്നാൽ പട്ടിണി കൂടാതെ നിങ്ങൾക്ക് ജീവിച്ചു പോകാം..... അല്ലാതെ ഒരുത്തനും നിന്നെയൊന്നും സഹായിക്കാനുണ്ടാവില്ല.... നീയൊക്കെ എത്ര നാൾ ഇങ്ങനെ മുന്നോട്ട് പോകുമെന്ന് കാണണം?
അതും പറഞ്ഞവൻ പുറത്തേക്ക് eപായി.....
ഒരു കണക്കിന് അവൻ പറഞ്ഞത് ശരിയല്ലേ.... എത്ര നാൾ അവൾക്കീ ഭാരം ചുമക്കാൻ കഴിയും? തനിക്കൽപം പോലും പരിഗണന നൽകാതിരുന്ന ഭർത്താവിനെ ....ഭാര്യയായി പോയെന്ന പേരിൽ മാത്രം സ്വന്തം ജീവിതം ഉഴിഞ്ഞ് വച്ച് എത്ര നാൾ ഇനിയും.........
കരഞ്ഞുകൊണ്ട് മുറിയിലേക്കോടിയ അവളെയൊന്ന് ആശ്വസിപ്പിക്കാൻ പോലും തനിക്ക് കഴിയുന്നില്ല.......തന്റെയീ ജീവിതം കൊണ്ട് താനെന്താണ് നേടിയത്? വീടിനും നാടിനും ഗുണമില്ലാത്തവനായതല്ലാതെ?
എല്ലാം എന്ന് കരുതിയ പാർട്ടി തന്നെ കൈവിട്ടു.....പാർട്ടി നന്നായതല്ലാതെ രാജ്യത്ത് ഒരു മാറ്റവും സംഭവിച്ചില്ല..... നേടുന്നവർ നേടിക്കൊണ്ടേയിരിക്കുന്നു...... സാധാരണക്കാർ നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ അതുപോലെ തന്നെ തുടരുന്നു....... എന്തിനുമേതിനും വില കൂടുന്നതല്ലാതെ കുറയുമെന്ന പ്രതീക്ഷയെ വേണ്ട.....
ഈ അവസ്ഥയിൽ തനിക്കൊന്നു മനസിലായി.....
സ്വന്തം വിഴ്ചകളിൽ കുടുംബം മാത്രമേ ഉണ്ടാകുകയുള്ളുവെന്ന്.......
സ്വന്തം കുടുംബത്തെ സ്നേഹിക്കാൻ
അറിയാത്തവനെങ്ങനെ നാടിനെ സ്നേഹിക്കാനാകും?
വീട്ടിലെ പ്രശ്നങ്ങൾ അറിയാത്തവനെങ്ങനെ നാട്ടിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും.....?
സ്വന്തം ഭാര്യയുടേയും കുഞ്ഞുങ്ങളുടേയും
കണ്ണീരൊപ്പാത്തവനെങ്ങനെ അന്യന്റെ കണ്ണീരൊപ്പും?
അതു കൊണ്ട് ആദ്യം നല്ലൊരു മനുഷ്യനാകാൻ പഠിക്കുക...സ്നേഹവും നന്മയും ദയയുമുള്ള നല്ലൊരു മനുഷ്യൻ...
എന്നിട്ടാകാം നാടിനേയും നാട്ടുകാരേയും നന്നാക്കുന്നത്......
എന്നിട്ടാകാം നാടിന് വേണ്ടി ജീവിതം ഉഴിഞ്ഞ് വക്കുന്നത്.....
ഇത്തരം അനുഭവങ്ങൾ അതാണ് നമ്മെ പഠിപ്പിക്കുന്നത്....
(Raziya Maju)

ഒരു നാൾ



റൂമിലിരുന്ന് .......മൊബൈലിൽ ടച്ച് ചെയ്യുന്നതിനിടയിൽ .....അടുക്കളയിൽ നിന്ന് അമ്മയുടെ ശബ്ദം ഉയർന്നു കേൾക്കുന്നുണ്ടായിരിന്നു.....
'ദൈവമേ.. ഇവനതെത്ര പറഞ്ഞാലും മനസിലാകുന്നില്ലല്ലോ....
ഓരോ വൃത്തികെട്ട കൂട്ടുകെട്ടും നടത്തവും.... ആളുകളെ കൊണ്ട് പറയിപ്പിച്ചു തുടങ്ങിയിരിക്കുന്നു.... എല്ലാത്തിൽ നിന്നും വിട്ടുമാറി അവരവരുടെ കാര്യം നോക്കി നടക്കാൻ പറഞ്ഞാൽ മനസിലാകില്ല... ഒരെണ്ണത്തിനെ ഇങ്ങോട്ടേക്കടുപ്പിക്കരുത് ..... പറഞ്ഞേക്കാം... സമയം സന്ധ്യയായാൽ ഇറങ്ങും.. എന്നിട്ട് പാതിരക്ക് വെളിവില്ലാത്ത വരവും... എന്നാണ് ഞാൻ പറയുന്നതൊക്കെ ഇവന് മനസിലാകുക..... ഹോ..... ഇതെല്ലാം കാണാതെ അദ്ദേഹത്തെ നീ നേരത്തെ വിളിച്ചല്ലോ........
ഹെഡ്സെറ്റെടുത്ത് ചെവിയിൽ തിരുകി അമ്മയുടെ ശബ്ദത്തെ മറച്ച് ....വീഡിയോയിൽ കണ്ണും നട്ടിരുന്നു...... അമ്മക്കെന്തറിയാം... ഈ പ്രായത്തിനെ പറ്റി....? കൂട്ടുകാരുമായി അടിച്ച് പൊളിക്കുന്നതിനെ പറ്റി..... മദ്യവും മദിരാക്ഷിയും... എല്ലാമെല്ലാം അനുഭവിച്ചറിയണം.... ലഹരിയുടെ ലോകത്ത് വിഹരിക്കണം..... ഇന്നത്തെ കാലത്ത് ഇതാണ് ശരി.... അല്ലാതെ പണ്ടത്തെ കാര്യങ്ങൾ പറയുന്നതെന്തിന്? ഇപ്പോഴേ ഉത്തരവാദിത്വങ്ങൾ തലയിലേറ്റി നടക്കാനൊന്നും തന്നേ കൊണ്ട് പറ്റില്ല....... മര്യാദ പഠിപ്പിക്കുവാൻ വരുന്നവർ പോയി തുലയട്ടെ........
കോൾ വരുന്നത് കണ്ട് നോക്കിയപ്പോൾ സുബിൻ ആണ്..... ആ.... എന്താട...?
നീ വേഗം വാ... ഒരു കോളൊത്തിട്ടുണ്ട്...
കോളോ...? നീയെവിടാ?
നമ്മുടെ ആ ആളൊഴിഞ്ഞ കെട്ടിടം തന്നെ..... നീ വേഗം വായോ.... ബാക്കി വന്നിട്ട് പറയാം... ഇവിടെ
സമീറും ജോബിയുമുണ്ട്.......
സന്ധ്യയായിരിക്കുന്നു..... വേഗം ബൈക്കെടുത്ത് പുറത്തിറക്കുന്നതിനിടയിൽ അമ്മയുടെ ശബ്ദം കേട്ടു.... എവിടേക്കാട ഈ മൂവന്തി നേരത്ത്.....
ആ ചോദ്യം കേൾക്കാത്ത മട്ടിൽ വണ്ടി പായിച്ച് വിട്ടു... കുറച്ച് ദൂരമുണ്ട്.. ആ കെട്ടിടത്തിലേക്ക്...
ഒരൊഴിഞ്ഞ സ്ഥലമാണ്.. ആരും പെട്ടെന്ന്എത്തിപെടില്ല......
പകൽ പോലും അധികം വെളിച്ചമെത്തില്ല...... എന്തിനും പറ്റിയ ഇടമാണ്.....അവിടെ കൂട്ടുകാരുമായി രഹസ്യമായി വല്ലപ്പോഴും കൂടാറുണ്ട്...എന്തും ഒളിക്കാൻ പറ്റിയ സ്ഥലം....
ബൈക്കൊതുക്കി അകത്തോട്ട് കയറിയപ്പോൾ
സുബിനും സമീറും കുപ്പി പകുതി കാലിയാക്കിയിട്ടുണ്ട്... എല്ലാം തീർത്തോട? എന്താ കോളുണ്ടന്ന് പറഞ്ഞത്.....
അതകത്തുണ്ട് .....യൂണിഫോമാടാ..... ട്യൂഷന് പോയി വരുന്ന വഴിയാണെന്ന് തോന്നുന്നു..... ഒറ്റക്ക് കണ്ടപ്പോൾ വണ്ടിയിലേക്ക് വലിച്ചിട്ടു കൊണ്ടു പോന്നു... ആരുടെ മകളായാലും പെങ്ങളായാലും നമുക്കെന്താടാ...... അതും പറഞ്ഞ് സുബിൻ പൊട്ടിച്ചിരിച്ചു.....
തന്റെ ചുണ്ടിലും ഒരു പുഞ്ചിരി പരന്നു...
കുപ്പിയിൽ നിന്നും പകർന്ന മദ്യം അകത്താക്കിയപ്പോഴേക്കും... ജോബി മുറിയിൽ നിന്നും പുറത്തേക്ക് വന്നു..... ഗ്ലാസ് കാലിയാക്കിയ ശേഷം ഒരു പുക കൂടിയെടുത്ത് അകത്തെ ഇരുട്ടിലേക്ക് നടന്നു.....
തിരിച്ച് വീട്ടിലെത്തിയപ്പോൾ അമ്മ ഉമ്മറത്തുണ്ട്.. തന്നെ കണ്ടതും ആധിയോടെ ഓടി വന്നു.. എടാ നീയെവിടായിരുന്നു...മൊബൈലിൽ വിളിച്ചപ്പോൾ Swich off ആണ്... ഓ... അത് ഓഫായതായിരിക്കും.. താൻ ഓഫാക്കി വച്ചതാണെന്ന് പറഞ്ഞാൽ പിന്നെ അത് മതി.... അടുത്ത ബഹളം തുടങ്ങാൻ... തല നേരെ നിൽക്കുന്നില്ല... ഒരു സ്ഥലത്ത് കിടക്കണം... മുന്നോട്ട് നടക്കാൻ തുടങ്ങിയ തന്നെ പിടിച്ചു നിർത്തി അമ്മ പറഞ്ഞു.... നീയെവിടെ പോകുവാ. നമ്മുടെ കുഞ്ഞാവ ഇത് വരെ എത്തിയിട്ടില്ലെടാ...
അവൾ വരേണ്ട സമയം കഴിഞ്ഞു.... അവളുടെ കൂട്ടുകാരിയെ വിളിച്ചപ്പോൾ പനികാരണം അവൾ ട്യൂഷന് പോയിട്ടില്ലത്രേ... ട്യൂഷൻ കഴിഞ്ഞ് പോന്നെന്ന് ടീച്ചറും പറഞ്ഞു...ദൈവമേ എന്റെ കുട്ടി എവിടെ പോയോ എന്തോ.... ഒന്നും വരുത്തല്ലേ ദൈവമേ...
അമ്മയുടെ ശബ്ദം കരച്ചിലായി പുറത്ത് വന്നു... വേഗം പോയ് നോക്കെടാ..... ഒരു നിമിഷം തന്റെ ലഹരിയെല്ലാം ആവിയായി പോകുന്നതു പോലെ..
ശരീരമാസകലം വിറകൊള്ളുന്ന പോലെ... തന്റെ കുഞ്ഞാവ..... അവൾ ഇത്ര സമയമായിട്ടും എത്തിയില്ലെന്നോ...?പത്താം ക്ലാസിലായതിനാൽ ട്യൂഷൻ കുറച്ചധിക സമയം ഉണ്ടാകും. എന്നാലും ഏഴരക്ക് എത്താറുണ്ടല്ലോ.... കുറച്ച് ദൂരമുള്ളതിനാൽ സൈക്കിളിലാണ് പോക്ക് വരവ്.
മനസിലൂടെ പല വിധ ചിന്തകൾ പാഞ്ഞു പോയി.. അതിനിടയിൽ സുബിൻ പറഞ്ഞ വാക്കോർമ വന്നു.... 'യൂണിഫോം'.... ഹേയ്.... ഇല്ല...... ഇല്ല....
ഒരിക്കലുമില്ല... അതെങ്ങനെ തന്റെ കുഞ്ഞാവയാകും? തന്റെ വിരലിൽ തൂങ്ങി നടന്ന തന്റെ കുഞ്ഞു പെങ്ങളല്ലേ... താനല്ലേ അവൾക്ക് കുഞ്ഞാവയെന്ന പേരിട്ടത്?
അറിയാതെ ദൈവത്തെ വിളിച്ചു പോയി.... ദൈവമേ..... അങ്ങനെയാവല്ലേ..... ഞാനിനി ജീവിതത്തിൽ ഒരു തെറ്റും ചെയ്യില്ല... ഒരു പെൺകുട്ടിയേയും ചതിക്കില്ല.....തന്റെ തെറ്റിന്റെ പേരിൽ തന്റെ കുഞ്ഞു പെങ്ങളെ നീ ശിക്ഷിക്കരുതേ.....
സുബിന്റെ വാക്കുകൾ ചെവിയിൽ മുഴങ്ങുന്നു.... ബോധമില്ലെങ്കിൽ ബോധം വരുമ്പോൾ എഴുന്നേറ്റ് പൊയ്ക്കൊള്ളും... നമുക്ക് പോകാമെടാ..... തലയാകെ പെരുത്ത് വരുന്നു...കണ്ണിൽ ഇരുട്ട് കയറുന്ന പോലെ.......
ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ ആ പഴയ കെട്ടിടം ശവക്കല്ലറയായി തോന്നി..... നിറഞ്ഞു വന്ന കണ്ണു തുടച്ചുകൊണ്ട് അകത്തേക്ക് കയറി.. കാലിന് ഭാരം വർധിച്ച പോലെ.... മുന്നോട്ട് വക്കാൻ കഴിയുന്നില്ല.... നെഞ്ച് പൊട്ടി പോകുമെന്ന് തോന്നി.... പ്രാർത്ഥനയോടെ കണ്ണിറുക്കി പിടിച്ച് അൽപസമയം നിന്നു.... പിന്നീടാ മുഖത്തേക്ക് Mbl ലെ ടോർച്ചടിച്ചു.....
ഒരു നിമിഷം... തന്റെ ജന്മത്തേയും ചെയ്തു പോയ പാപങ്ങളെയും സ്വയം ശപിച്ച നിമിഷം.... ഭൂമി പിളർന്ന് താഴോട്ടു പോകുവാനും തലപൊട്ടിത്തെറിച്ച് മരിക്കുവാനും തോന്നിയ നിമിഷം...... പിച്ചിചീന്തപ്പെട്ട കുഞ്ഞാവ തന്റെ കൺ മുൻപിൽ... നിശ്ചലമായ തുറന്ന കണ്ണുകൾ.
തന്നേ പോലെ ശപിക്കപ്പെട്ട ഒരു പാഴ്ജന്മം വേറെയില്ല... ആരു പറഞ്ഞിട്ടും തെറ്റുകൾ തെറ്റായി കണ്ടില്ല... അഹങ്കാരത്തോടെ ജീവിച്ചു.. നല്ലത് പറഞ്ഞു തന്നവരെ പുച്ഛിച്ചു തള്ളി..... തന്റെ സുഖങ്ങൾക്ക് മാത്രം പ്രാധാന്യം നൽകി.... മറ്റുള്ളവരുടെ വേദന കണ്ടില്ലെന്ന് നടിച്ചു....
ഇന്ന് തനിക്കും തന്റെ കുടുംബത്തിനും സംഭവിച്ചപ്പോൾ മാത്രം അതിന്റെ വേദന തിരിച്ചറിയുന്നു......പൊന്നുമോളെ.... നിന്നോടീ ഏട്ടൻ എത്ര വലിയ ചതി ചെയ്തെടീ.....ഞാൻ വേദനിപ്പിച്ചവരുടെ ശാപമാണോ ഇത്...... മാപ്പ്.... മോളേ ... മാപ്പ്...... ആ കാലിൽ വീണവൻ പൊട്ടിക്കരഞ്ഞു.....
പിറ്റേ ദിവസം ആ വീട്ടിലേക്ക് വന്ന ആംബുലൻസിൽ നിന്ന് പോസ്റ്റുമോർട്ടം ചെയ്ത കുഞ്ഞാവയുടെ ബോഢി താഴേക്കിറക്കുമ്പോൾ അകത്ത് തൂങ്ങിയാടുന്ന ഒരു ശവശരീരം പോലീസ് താഴേക്കിറക്കുകയായിരുന്നു..... മറ്റൊരു മുറിയിൽ ഇതൊന്നുമറിയാതെ രണ്ട് മക്കളും നഷ്ടപ്പെട്ട ഒരമ്മ.....ബോധമില്ലാതെ.... കിടക്കുന്നുണ്ടായിരുന്നു........
(Raziya Maju)

അബദ്ധം



ജീവിതത്തിൽ നമുക്ക് പല അബദ്ധങ്ങളും സംഭവിക്കാറുണ്ട്....
അത് ചിലപ്പോൾ നമുക്ക് ...മറ്റുള്ളവരിലുള്ള വിശ്വാസം കൊണ്ടൊ, അതോ മറ്റുള്ളവരോട് തോന്നുന്ന സിമ്പതി കൊണ്ടൊ ഒക്കെയാകാം...
നമ്മുടെയെല്ലാം വീടുകളിൽ പലതരം കച്ചവടക്കാർ വരാറുണ്ട്.... അവർ അവരുടെ പ്രൊഡക്ടുകളെ കുറിച്ച് വായ് തോരാതെ സംസാരിക്കും..... ഇതെല്ലാം അത്ര ഗുണമില്ലാത്തതാണെന്നറിയാമെങ്കിലും ചിലപ്പോഴെല്ലാം നാമത് വാങ്ങും... കാരണം കൈ നീട്ടാതെ ഒരു തൊഴിൽ ചെയ്യാനുള്ള മനസ് കാണിക്കുന്നുണ്ടല്ലോ എന്ന് കരുതി..... അതിലെ ലാഭവും നഷ്ടവുമൊന്നും നോക്കാതെ........
എന്നാൽ പുറത്ത് നിന്നും വന്ന് പലതരത്തിലുള്ള തൊഴിൽ ചെയ്യുന്നവരും ഉണ്ട്...... അതിലൊരാളുടെ വാക്ക് കേട്ട് പറ്റിയ ഒരു അബദ്ധമാണ് ഞാൻ ഇവിടെ പറയുന്നത്....
ഞങ്ങൾ തറവാട്ടിൽ താമസിക്കുന്ന സമയം...
മജു പുറത്ത് പോയിരിക്കയായിരുന്നു... ഷെസ്സിൽ ഞങ്ങളുടെ പണിക്കാരൻ ഷംസു ജോലിയിലാണ്... മജുവിന്റെ സഹോദരിക്ക് സുഖമില്ലാത്തതിനാൽ അവളേയും കൊണ്ട് ഹോസ്പിറ്റലിൽ പോകാൻ നിൽക്കുകയാണ് ഉമ്മയും ........ ആ സമയത്താണ് അവൻ വന്നത്.... ഹിന്ദി സംസാരിക്കുന്ന ഒരു പയ്യൻ.... എന്തെങ്കിലും സഹായത്തിന് വന്നതാണെന്നാണ് ആദ്യം വിചാരിച്ചത്..........
പിന്നീടാണ് മനസിലായത്....അവൻ എന്റെ കഴുത്തിൽ കിടക്കുന്ന മാല നിറം വപ്പിച്ച് തരാമെന്നാണ് പറയുന്നത്... രാവിലെയായത് കൊണ്ട് വീട്ടിലും ജോലിയുണ്ട്.... ഞാൻ വേണ്ട എന്ന് പറഞ്ഞ് അകത്തേക്ക് പോകാൻ നോക്കി.... അവൻ വീണ്ടും അപേക്ഷിച്ചു...
ആ മാല ഒന്ന് ഊരി തരൂ... ചേച്ചി പേടിക്കണ്ട.. ഇവിടെ തന്നെ നിന്നോളു... പെട്ടെന്ന് തന്നെ നിറം കിട്ടുന്നത് കാണാം എന്നൊക്കെ......
ഞാൻ വിശ്വാസം വരാത്ത പോലെ നിന്നപ്പോൾ പെങ്ങളുടെ കാലിലെ വെള്ളിപ്പാദസരം കഴുകികാണിക്കാം,,, എന്നിട്ട് ഇഷ്ടമായാൽ മാല കഴുകിച്ചാൽ മതിയെന്ന് പറഞ്ഞു... വെള്ളിയല്ലേ എന്ന് വിചാരിച്ച് ഊരി കൊടുത്തു.... അത് നല്ല കളറിൽ തിരകേ കിട്ടി..........
ഇനി മാല തരൂ എന്നവൻ പറഞ്ഞു....
ഉമ്മയും ഇത് കേട്ട് നിൽക്കുന്നുണ്ട്..... എന്തു ചെയ്യണം എന്ന് ചോദിച്ചപ്പോൾ എന്റെ ഇഷ്ടം പോലെ ചെയ്യാൻ പറഞ്ഞു.... അവൻ പ്രതീക്ഷയോടെ നിൽക്കുകയാണ്... എനിക്ക് പാവം തോന്നി...... ഞാൻ മാല ഊരുന്നത് കണ്ട അവന് സന്തോഷമായി..... എന്റെ മഹർ ആയിരുന്നു ആ മാല......
ഉമ്മയും പെങ്ങളും ഹോസ്പിറ്റലിലേക്ക് പോയി... ആ പയ്യൻ എന്നോടൊരു കപ്പ് ആവശ്യപ്പെട്ടു... ഞാനത് കൊടുത്തപ്പോൾ അവനതിൽ എന്തോ ഒന്നൊഴിച്ച ശേഷം എന്റെ മാലയതിൽ ഇട്ടു.... ശ് ശ് എന്നൊരു ശബ്ദം കേട്ടു..... നോക്കിയപ്പോൾ മാലയുടെ നിറം കറുപ്പ്......ഞാൻ ആകെ പേടിച്ചു.....
ഹയ്യോ ....എന്താ ഇത് എന്ന് ചോദിച്ചു...... അവൻ ചിരിച്ചു കൊണ്ട് കുഴപ്പമില്ല എന്ന് പറഞ്ഞു.... എന്നാലും എനിക്ക് എന്തോ ഒരു വേവലാതി പോലെ......
അൽപം കഴിഞ്ഞ് എടുക്കാം എന്ന് പറഞ്ഞപ്പോൾ ഞാൻ അപ്പുറത്ത് പോയി ഷംസുക്കാനോട് വിവരം പറഞ്ഞു....
അപ്പോൾ ആ ഇക്ക പറഞ്ഞു.... വല്ല തട്ടിപ്പും ആയിരിക്കും ആ വെള്ളം അവർ കൊണ്ടുപോകും അതിൽ നിന്ന് അവർക്ക് സ്വർണം എടുക്കാൻ കഴിയും എന്നൊക്കെ....
എനിക്ക് തല ചുറ്റുന്ന പോലെ തോന്നി... ഞാനോടി ആ പയ്യന്റെ അടുത്ത് വന്നു.... അവൻ എന്നോട് ഒരു പേപ്പറും കുറച്ച് മഞ്ഞൾ പൊടിയും കൊണ്ടുവരാൻ ആവശ്യപ്പെട്ടു... ഞാനത് കൊടുത്തപ്പോൾ ആ മാലയെടുത്ത് മഞ്ഞൾ പൊടിയിൽ ഉരുട്ടി പേപ്പറിൽ പൊതിഞ്ഞ് തന്നു.... എന്ത് ചെയ്തിട്ടാണെന്നിയില്ല അപ്പോഴേക്കും മാലയുടെ നിറം നല്ല സ്വർണ നിറം ആയിരുന്നു..... എനിക്ക് ആശ്വാസമായി... 15 മിനിട്ടിനു ശേഷം തുറന്നാൽ മതിയെന്ന് പറഞ്ഞു പൈസയും വാങ്ങി....പിന്നീട് ഒരു കുപ്പിയെടുത്ത് മാലയിട്ട വെള്ളം അതിലേക്ക് എടുത്തൊഴിക്കാൻ തുനിഞ്ഞപ്പോൾ ഞാൻ സമ്മതിച്ചില്ല.........
നിയെന്തിനാ ആ വെള്ളം എടുക്കുന്നത് എന്ന് ചോദിച്ചപ്പോൾ അവനൊന്ന് പരുങ്ങിയത് പോലെ തോന്നി...... എനിക്ക് ഷംസുക്ക പറഞ്ഞത് ഓർമ വന്നു..... ഞാനാ കപ്പെടുത്ത് വെള്ളം ചരിച്ചു കളഞ്ഞു...... അവൻ എന്നെയൊന്ന് നോക്കി തിരിഞ്ഞു നടന്നു..... ജോലി തീർത്ത ശേഷം ഞാൻ വന്ന് പൊതിയഴിച്ച് മാലയെടുത്തു......
ആ നിമിഷം എനിക്ക് കണ്ണിൽ ഇരുട്ടു കയറുന്ന പോലെ തോന്നി.... എന്റെ മാലയുടെ ഉള്ളിലൂടെ മറുവശം കാണുന്നു... നല്ല തിക്ക് ആയ മാലയായിരുന്നു... നിവർത്തി പിടിച്ചാൽ മറുവശം കാണില്ലായിരുന്നു... ഞാൻ ഷംസുക്കാ എന്ന് വിളിച്ചുകൊണ്ടോടി ചെന്നു... ആ ഇക്കാക്കും വിഷമമായി.... എന്ത് ചെയ്യാനാ... അവൻ സ്ഥലം വിട്ടിട്ടുണ്ടാകും.... ഇനിയിത് ആരോടും പറയാൻ നിൽക്കേണ്ട എന്ന് പറഞ്ഞു......
ഉമ്മ തിരിച്ചു വന്നപ്പോൾ ഞാൻ വിവരം പറഞ്ഞ് മാല കാണിച്ചു..... മജുവിന്റെ മുൻ കോപവും, ദ്യേഷ്യവും അറിയാവുന്ന ഉമ്മയും പെങ്ങളും ഇത് മജുവിനോട് പറഞ്ഞ് പ്രശ്നമാക്കണ്ട എന്ന് പറഞ്ഞു... പോയത് പോയി... ഇനിയിതന്റെ പേരിൽ കിട്ടുന്നത് കൂടി വാങ്ങി വെക്കേണ്ട എന്ന് ഉപദേശിച്ചു.....
ഞാൻ ജ്വല്ലറിയിൽ പോയി മാല തൂക്കി നോക്കി.... 1 പവൻ നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല അതിന്റെ മാറ്റും കുറഞ്ഞുവെന്ന് പറഞ്ഞു..
വൈകീട്ട് മജു വന്നപ്പോൾ മുതൽ എന്റെ മനസ്സിൽ പെരുമ്പറ മുഴങ്ങി തുടങ്ങി... സ്വർണമൊന്നും ശ്രദ്ധിക്കാത്ത ആളാണ്... ഞാൻ പറഞ്ഞില്ലെങ്കിൽ ഒരു കാലത്തും ഇതൊന്നും അറിയാനുംപോകുന്നില്ല..... എന്നാലും എന്റെ മനസിൽ ഭയങ്കര കുറ്റബോധം.... ഒരു കാര്യവും അങ്ങനെ മറച്ചു വക്കാറില്ല..... കൊന്നാലും വേണ്ടില്ല ഇത് പറയാതെ വയ്യ ...:.
ഈ ടെൻഷൻ താങ്ങാൻ പറ്റുന്നില്ല....
ഞാനെന്റെ മനസിനെ പാകപ്പെടുത്തി... തെറ്റ് ചെയ്തിട്ടല്ലെ... അത് കൊണ്ട് രണ്ട് കിട്ടിയാലും അത് വാങ്ങിക്കുന്നതാണ് ശരിയെന്ന് തോന്നി........
മുറിയിൽ വന്ന മജു എന്റെ മുഖത്തെ പരിഭ്രമം കണ്ടിട്ടാകണം എന്ത് പറ്റിയെന്ന് ചോദിച്ചു..... ഞാനൊരു വിധത്തിൽ കരച്ചിലിനൊപ്പം കാര്യം പറഞ്ഞൊപ്പിച്ചു.....
എല്ലാം കേട്ടിട്ടും യാതൊരു പ്രതികരണവുമില്ലാതെ കിടക്കുന്ന മജുവിനോട് എന്താ ഒന്നും മിണ്ടാത്തത് ..... എല്ലാം എന്റെ തെറ്റാണ്...... വേണമെങ്കിൽ ശിക്ഷിച്ചോളു എന്ന് പറഞ്ഞു....
അപ്പോൾ മജുവിന്റെ മറുപടി ഞങ്ങളാരും ഭയപ്പെട്ട രീതിയിൽ ആയിരുന്നില്ല.....
മറിച്ച് എന്നോട് പറഞ്ഞത്... നിന്നെ ശിക്ഷിച്ചാൽ നഷ്ടപ്പെട്ടത് ലഭിക്കില്ലല്ലോ? പോയത് പോയി......അത് കൊണ്ട് നീ സമാധാനമായി കിടന്നുറങ്ങിക്കോളു എന്ന്....
എന്റെ സങ്കടം മുഴുവൻ ഒരു പൊട്ടിക്കരച്ചിലായി മാറി.... മജു എന്നെ ആശ്വസിപ്പിച്ചു.... വിഷമിക്കേണ്ടെന്ന് പറഞ്ഞു.......എല്ലാം തുറന്ന് പറയാൻ തോന്നിയ ആ നിമിഷത്തിനും ,ദൈവത്തിനും മനസ്സിൽ ആയിരം വട്ടം നന്ദി പറഞ്ഞു.......
പിന്നീടാണ് ഞാനറിഞ്ഞത് പലരും ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടുവെന്നും.....
ഇത് പോലുള്ളവരിൽ ആരെയോ പോലീസ് പിടിച്ചുവെന്നും മറ്റും.....
ഞാനിതിന്ന് ഇവിടെ ഷെയർ ചെയ്തത് .... ഇത് പോലെ പല വിധത്തിലുള്ള തട്ടിപ്പുകൾ ഇനിയുമുണ്ടാകും........ .അതിനാൽ നിങ്ങൾക്കും ഒരു മുൻകരുതൽ എന്ന നിലക്കാണ്...
( റസിയ മജു)

അണ്ണാൻ കുഞ്ഞും തന്നാലായത്

ഞാനെപ്പോഴും എന്റെ കുട്ടിക്കാലത്തെ പറ്റി പറയുമ്പോൾ എന്റെ മാതാപിതാക്കൾ തന്ന സ്വാതന്ത്ര്യത്തെ കുറിച്ച് പറയാറുണ്ട്.... അതെനിക്ക് കൂടുതൽ ആത്മവിശ്വാസവും ധൈര്യവും നൽകിയിട്ടുണ്ട്... അത് കാരണം ഒരു കാര്യം എനിക്ക് കഴിയില്ല എന്ന് തോന്നി പിൻമാറാൻ മടിയാണ്... എന്നെ കൊണ്ട് കഴിയും എന്ന് ചിന്തിക്കാനാണെനിക്കിഷ്ടം.....
അന്നെല്ലാം ഞങ്ങളുടെ വീട്ടിൽ പെയിന്റിംഗിന് വന്നിരുന്ന ആളാണ് ഗോപാലേട്ടൻ... പുള്ളി പണി തുടങ്ങുമ്പോൾ ഞാൻ ചെന്ന് എനിക്കും പെയിന്റ് ചെയ്യണം എന്ന് പറയും...
എന്നെ വിഷമിപ്പിക്കണ്ട എന്ന് വിചാരിച്ച് ആ ചേട്ടൻ ഒരു പാത്രത്തിൽ
പെയിൻറും അതടിക്കാനുള്ള ബ്രഷും തന്നു.... ഞാൻ പെയിന്റിംഗ് തുടങ്ങി.....
കുറച്ച് കഴിഞ്ഞപ്പോൾ പുള്ളിക്കതങ്ങ് 'ക്ഷ 'പിടിച്ചു...... വാപ്പാനോട് പറഞ്ഞു..
മോള് നന്നായി പെയിന്റ് ചെയ്യുന്നുണ്ടല്ലോ ... എന്ന്... ..' വാപ്പാക്ക് സന്തോഷമായി.....
വാപ്പയും ഉമ്മയും ഞാൻ എന്ത് ചെയ്താലും പ്രോൽസാഹനം നൽകുന്നവരാണ്... ....
അതിനൊരു കാരണവുമുണ്ട് കേട്ടോ? അവർക്കുണ്ടായിരുന്ന ആറു മക്കളിൽ നാലുപേർ നഷ്ടപ്പെട്ടിട്ടാണ് ഞങ്ങളെ 2 പെൺകുട്ടികളെ കിട്ടിയത്.... അതും എന്റെ സഹോദരിയുടെ താഴെ മൂന്നു പേർ മരിച്ചിട്ടാണ് എന്നെ കിട്ടുന്നത്.... അത് കൊണ്ട് തന്നെ എനിക്ക് കുറച്ച് കൂടുതൽ പരിഗണന കിട്ടി......
ഒരാൺകുട്ടിക്ക് കിട്ടുന്ന പോലെ സ്വാതന്ത്ര്യവും... ഒരിക്കലും ഞാൻ വിഷമിക്കുന്നത് അവർക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല...... അത് കൊണ്ട് തന്നെ എല്ലായിടത്തും പരിഗണനയും, സ്നേഹവും കുറച്ച് കൂടുതലായി കിട്ടി..
അപ്പോൾ പറഞ്ഞ് വന്നത് പെയിന്റിംഗ്.......
ബ്രഷ് പിടിക്കേണ്ട രീതിയും, ശരീരത്തിൽ വീഴാതേയും, ഭിത്തിയിൽ ഒഴുകാതേയും എങ്ങനെ പെയിന്റംഗ് ചെയ്യണമെന്ന് ഗോപാലേട്ടൻ പഠിപ്പിച്ച് തന്നു.... അങ്ങനെ പണി തീരുന്നത് വരെ ഗോപാലേട്ടന്റെ ഹെൽപറായി കൂടി....
അത് പോലെ ഇലക്ട്രിക് വർക്കിന് വരുന്ന ആളാണ് പരമുവേട്ടൻ....
ആ ചേട്ടനും മോട്ടോറോ, ഇസ്തിരിപ്പെട്ടിയോ, സ്വിച്ചുകളോ എല്ലാം ശരിയാക്കാൻ വരുമ്പോൾ ഞാനും കൂടെ നിന്ന് ഇതെല്ലാം കാണും.... പിന്നീട് അതേ പ്രശ്നം വന്നാൽ ഞാനത് ചെയ്ത് നോക്കും........ മോട്ടോറെല്ലാം കിണറ്റിൽ നിന്ന് വലിച്ചു കേറ്റി ശരിയാക്കും... ഫാൻ ഫിറ്റിംഗ്, വേറെ സ്ഥലത്തേക്ക് ലൈറ്റിടൽ എന്നി്ങ്ങനെ ഓരോന്ന് ചെയ്തു തുടങ്ങി..
ഒരു ദിവസം ഞാൻ മോട്ടോർ അഴിച്ചു നോക്കുന്ന സമയത്ത് പരമുചേട്ടൻ അത് കണ്ടു കൊണ്ട് വന്നു.... എന്നിട്ട് ഉമ്മാനോട് വിളിച്ചു പറഞ്ഞു... ഉമ്മാ.... ഇവള് എന്റെ കഞ്ഞി കുടി മുട്ടിക്കോ എന്ന് പറഞ്ഞ് ചിരിച്ചു.....എന്നാൽ പുള്ളി ഗൾഫിൽ പോകാൻ നേരം കുറച്ച് പണി സാധനങ്ങൾ എനിക്കു തന്നിട്ടു പറഞ്ഞു.. ഇത് നീ വച്ചോ.... ഉപകാരപ്പെടുമല്ലോ എന്ന്......
എന്നാൽ ഇതിപ്പൊ ഇവിടെ പറഞ്ഞതിന് ഒരു കാരണമുണ്ട് കേട്ടോ....?
ഇപ്പോൾ എന്റെ വീടിന്റെ പെയിന്റിംഗ് തുടങ്ങുകയാണ്.. അപ്പോൾ എനിക്കൊരാഗ്രഹം... പഴയതെല്ലാം ഒന്ന് പൊടിതട്ടിയെടുത്താലോ എന്ന്... തോന്നിയാൽ പിന്നെ അടുത്ത പടി മജുവിനോട് പറയുന്നതാണ്..... എന്റെ സ്വാതന്ത്ര്യത്തിന് ഒട്ടും പിശുക്കു കാണിക്കാത്തത് കൊണ്ടും, എന്നെ അറിയാവുന്നതുകൊണ്ടും മജു ഉടനെ സമ്മതം തന്നു......
ഹോ.... പ്രശ്നം അതല്ല... പെയിൻറിംഗ് കാരനോട് പറഞ്ഞപ്പോൾ പുളളി കണ്ണും തള്ളി നിൽപ്പാണ്.... 'ശ്ശോ ... അത് ശരിയാവോ.... ഇതൊക്കെ അറിയാമോ... അതിനൊക്കെ കഴിയുമൊ' ഇത്തരം ചോദ്യങ്ങൾ ഒരുമിച്ച് വന്നു.....
മജു പറഞ്ഞു.. അതൊക്കെ അവൾക്കറിയാം... നിങ്ങൾ പെയിന്റ് കൊടുത്തേക്ക്.... എന്ന്...
ഇതു പോലൊരു സപ്പോർട്ട് ......ഒരു ഭാര്യയെ സംബന്ധിച്ച് മറ്റെന്ത് വേണം.. അല്ലേ.?
അങ്ങനെ പെയിന്റിംഗ് തുടങ്ങി കേട്ടോ..... ആദ്യം സൺ ഷെയ്ഡിന്റെ അടിഭാഗം ആയിരുന്നു..... ഞാൻ എണിയിൽ കയറിയപ്പോൾ മുതൽ പെയിന്റിംഗ്കാരന് ആധി തുടങ്ങി.....
വേണ്ട അവിടെ ഞാനടിച്ചോളാം... താഴെ ഭിത്തി വരുമ്പോൾ ചെയ്താൽ മതി.... എന്നൊക്കെ...... ഞാനൊരു കാര്യം തീരുമാനിച്ചാൽ പുറകോട്ടില്ലെന്ന് പുള്ളിക്കറിയില്ലല്ലോ....? അങ്ങനെ പണി തുടങ്ങി.... അതങ്ങടിച്ചു തീരുകയും ചെയ്തു...... ഇപ്പൊ പുള്ളിക്കാരനെന്നെ വിശ്വാസമായി തുടങ്ങി കേട്ടോ?
ഇനി ഉച്ചക്കുള്ള വിശ്രമം... ഇന്ന് ഇത്ര മതിയെന്നാണ് അയാളുടെ അഭിപ്രായം.... എന്നാലിനി ഭിത്തി തുടങ്ങുമ്പോൾ ചെയ്യാമെന്ന് വച്ചു.....മജു വരുന്നത് വെയിറ്റ് ചെയ്തിരിക്കാണ് ....... കാണിച്ചു കൊടുക്കണ്ടേ ഞാൻ പെയിന്റ് ചെയ്തത്.... അങ്ങനെയിരുന്നപ്പോഴാണ് തോന്നിയത്.....ഇതെല്ലാം നിങ്ങളുമായി ഷെയർ ചെയ്യാമെന്ന്.... അല്ലാതെ ഞാനാരോട് പറയാനാന്നേ....... എന്റെ ഫ്രണ്ട്സിനോടല്ലാതെ...?
ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാകും.. ''ഹോ... രക്ഷപ്പെട്ടു.... ഇനി കുറച്ച് ദിവസത്തേക്ക് എന്റെ ശല്യമുണ്ടാകില്ലല്ലോ.... എന്ന്....
ഒട്ടും ആശ്വസിക്കേണ്ട... കേട്ടോ..?.ഇത് പോലെ സമയം കിട്ടുമ്പോൾ ഞാൻ വന്ന് കത്തി വച്ചിരിക്കും......
എന്റെ ഫ്രണ്ടാവേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ....... ഇനി അനുഭവിക്കുക തന്നെ..... ട്രെയിനിനു മുൻപിൽ തലവച്ചു കൊടുത്തതുപോലെയായല്ലോ അല്ലെ?....

ചാലക്കുടി യാത്ര

എന്റെ നാട്ടിലേക്കൊരു യാത്ര വർഷങ്ങളായി മനസിലെ ശക്തമായ ആഗ്രഹമായിരുന്നു..
അവിടത്തെ ജീവിതമോ സ്നേഹമോ മറ്റെ വിടേയും ഞാൻ കണ്ടില്ല.അതിനാൽ ആ ഓർമകൾ എന്നെ വിട്ട് പോയതുമില്ല.....
എന്നും എപ്പോഴും എന്റെ മനസിലത് ഒരു സ്ക്രീനിലെന്ന പോലെ തെളിഞ്ഞു കൊണ്ടിരുന്നു...
അങ്ങനെ ഈ യാത്ര എനിക്ക് ഒഴിച്ചു കൂടാനാകാത്ത ഒന്നായി മാറി... കഴിഞ്ഞ ദിവസം ആ യാത്ര പുറപ്പെട്ടു...
(എന്നും എന്റെ ആഗ്രഹങ്ങൾക്ക് വിലകൽപിക്കുകയും, എനിക്ക് മതിയായ സ്വാതന്ത്ര്യവും, വിശ്വാസവും നൽകുന്ന എന്റെ ഭർത്താവ് മജുവിന് ഞാൻ നന്ദി അറിയിക്കുന്നു)
രാവിലെ യാത്ര പുറപ്പെടുമ്പോൾ .വർഷങ്ങൾ മനസിൽ സൂക്ഷിച്ചിരുന്ന ആഗ്രഹവും,സ്നേഹവും
ആ കാലത്തെ മുഖങ്ങളും മാത്രമായിരുന്നു മനസ്സിൽ. ആരുടേയും ഫോൺ നമ്പറോ അഡ്രസോ ഒന്നുമുണ്ടായിരുന്നില്ല.... എന്റെ വിവാഹം കഴിഞ്ഞ് അധികകാലം ഞങ്ങൾ അവിടെ താമസിച്ചിട്ടുണ്ടായിരുന്നില്ല. വാപ്പയും, ഉമ്മയും, ഒറ്റക്കായതിനാൽ സ്ഥലം വിറ്റ് അവരെ ഇങ്ങോട്ട് കൊണ്ടുപോന്നിരുന്നു.20 വർഷങ്ങൾക്ക് ശേഷമാണ് ഞാൻ എല്ലാവരേയും അന്വേഷിച്ച് പോകുന്നത്...... അതൊരു ചെറിയ കാലയളവല്ലല്ലോ..... ആരൊക്കെയുണ്ട്,.. ഞങ്ങളെ ഓർക്കുമോ എന്നെല്ലാമുള്ള ആശങ്കയുമുണ്ട്......എങ്കിലും എന്നുമെന്റെ കൂടെയുള്ള ധൈര്യവും,ആത്മവിശ്വാസവും, കൈമുതലാക്കി യാത്ര തിരിക്കാൻ തീരുമാനിച്ചു...... പ്രതീക്ഷ കുറവായത് കൊണ്ട് ഭക്ഷണവും എവിടെയെങ്കിലും ഇരുന്ന് കഴിക്കുവാനുള്ള സംവിധാനവും ഒരുക്കിയിരുന്നു...
എന്റെ ഇത്തയും, ഞാനും ,രണ്ട്മക്കളും ചേർന്നാണ് പുറപ്പെട്ടത്..... എപ്പോഴും ഓർമകൾ പങ്ക് വച്ച് മക്കൾക്കും ചാലക്കുടിയിലെ പലരും സുപരിചിതരാണ്..... നമ്മളെ ആരും തിരിച്ചറിഞ്ഞില്ലെങ്കിൽ വെറുതെയൊന്ന് കറങ്ങി തിരിച്ചുപോരാമെന്ന് പറഞ്ഞെങ്കിലും എന്റെ നാട് എന്നെ കൈവിടില്ല എന്നൊരു തോന്നൽ മനസിലുണ്ടായിരുന്നു...... മനസിലെ പ്രതീക്ഷകൾക്കൊപ്പം സന്തോഷത്താൽ ഇഷ്ടപ്പെട്ട പാട്ടെല്ലാം ഉറക്കെ വച്ച് കാഴ്ചകൾ കണ്ട് ആസ്വദിച്ച് ഡ്രൈവ് ചെയ്തു.....അവിടെയെത്താനുള്ള മനസിന്റെ കൃതിപ്പിനൊപ്പം ആക്സിലേറ്ററിൽ കാലമർന്നു...
അങ്ങനെ ചാലക്കുടിയെത്തി.എല്ലാം മാറിക്കഴിഞ്ഞിരിക്കുന്നു... സ്കൂളിൽ പോയ വഴി, വാപ്പാടെ കടയിൽ പോകുന്ന വഴി, സുരഭി, കണിച്ചായിസ് തീയേറ്ററുകൾ എല്ലാം കണ്ടു.... ഞങ്ങൾ താമസിച്ചിരുന്ന വഴിയിലേക്ക് തിരിഞ്ഞപ്പോൾ മനസ് വല്ലാതെ പിടക്കുന്നതറിഞ്ഞു..... കണ്ണുകൾ ചുറ്റിനും പരതി.
ഒരു പരിചിത മുഖം പോലും കണ്ടില്ല.... പ്രതീക്ഷ കൈവിടാതെ നേരെ മുന്നോട്ടു പോയി.മമ്മദ്ക്കാടെ വീടായിരുന്നു ലക്ഷ്യം.... ഗേറ്റിലെത്തിയപ്പോൾ വണ്ടി നി്റുത്തി നോക്കി. മമ്മദ്ക്കാനെ കണ്ടതും മനസിൽ ആശ്വാസവും ഒപ്പം സന്തോഷത്തിന്റെ പൂത്തിരിയും വിടർന്നു...
ഒരാളെയെങ്കിലും കണ്ടല്ലോ എന്ന ആശ്വാസം.....
വീട്ടിലേക്ക് കയറിയ വണ്ടിയിലേക്ക് നോക്കിയ മമ്മദ്ക്കയുടെ കണ്ണുകൾ ഒരു നിമിഷം എന്നിൽ
തട്ടി നിന്നു.... എന്താ മമ്മദ്ക്ക എന്നെ അറിയില്ലേ എന്ന ചോദ്യത്തിന് ... അല്ലാ.... ഇതാരാ.. സീനത്തേ ഇവിടെ വന്നേ..ആരാ വന്നിരിക്കുന്നതെന്ന് നോക്കു എന്നതായിരുന്നു മറുപടി...... ഒപ്പം അവരുടെ മകളും ഇറങ്ങി വന്നു.... ഞങ്ങളെ കണ്ട് അവരുടെ സന്തോഷത്തിന്നതിരില്ലായിരുന്നു. അപ്പോൾ തന്നെ അവരുടെ ആൺമക്കളെ ഫോൺ
ചെയ്ത് വിളിച്ചു വരുത്തി. ഞങ്ങൾക്ക് കാണുന്നതിന് വേണ്ടി...വിശേഷങ്ങൾ പങ്കുവക്കുന്നതിനിടക്ക് പഴയ അയൽവക്കക്കാരെ പറ്റിയെല്ലാം ഞാൻ ചോദിച്ചറിഞ്ഞു....
അപ്പോഴാണറിഞ്ഞത് കിട്ടേട്ടൻ മരിച്ചുവെന്ന്.... അത് ഞങ്ങൾക്ക് വലിയ ഒരു വേദനയായി.... പിന്നെ ചന്തുവും, ദിനേശേട്ടനും അവിടെ നിന്നും താമസം മാറി പോയി.... അടുത്തതായി എന്റെ കൂട്ടുകാരി ഓമനയുടെ വീട്ടിലാണ് പോയത്. അവളുടെ അപ്പച്ചനേയും, അമ്മച്ചിയേയും കണ്ടു..... അമ്മ വന്ന് കെട്ടിപ്പിടിച്ചു.... അവളുടെ ആങ്ങള രാജു ഗൾഫിൽ നിന്നും ഒരാഴ്ച ലീവിന് വന്നിരിക്കുന്നു... ഞങ്ങളുടെ ടീമംഗമാണ് അവനും... എന്നെ ചേച്ചി എന്ന് വിളിച്ച് പുറകെ നടന്നിരുന്നവൻ... സന്തോഷം കൊണ്ട് മനസ് നിറഞ്ഞു.... അവർ ഓമനയെ വിളിച്ച് ഫോൺ സ്പീക്കറിലിട്ടു... ഞാനവളോട് ചോദിച്ചു.... ഒരു പഴയ കൂട്ടുകാരിയാണ് ഒന്ന് ഓർക്കാമോ എന്ന്.... ഉടനെ മറുപടി വന്നു.. എനിക്ക് അടുത്ത ഒരു കൂട്ടുകാരി ഉണ്ടായിരുന്നത് റസിയയായിരുന്നുവെന്ന്.....
എന്നാൽ അവളാണ് നിന്നോട് സംസാരിക്കുന്നത്, ഞാനിപ്പോൾ നിന്റെ വീട്ടിൽ ഉണ്ട് എന്ന് പറഞ്ഞു..... അയ്യോ എന്ന ഉറക്കെയുള്ള ശബ്ദം മറുതലക്കൽ കേട്ടു എല്ലാവരും ചിരിച്ചു... പിന്നെ വിശേഷങ്ങളുടെ പെരുമഴയായിരുന്നു......
നാട്ടിൽ വന്ന മാറ്റവും ഓരോരുത്തർ മാറി താമസിച്ചതും എനിക്കവരെ കണ്ടെത്താൻ ചെറിയ ബുദ്ധിമുട്ടുണ്ടാക്കി.....രാജു പറഞ്ഞു.. ചേച്ചി കാറെടുത്തോ... ഞാൻ ടൂ വീലറിന് വന്ന് വഴികാണിച്ചു തരാം എന്ന്... അത് വേണ്ട... നീ വെറുതെ ബുദ്ധിമുട്ടേണ്ട എന്ന് ഞാൻ പറഞ്ഞു...
അതോടെ അവന്റെ മുഖം മാറി.. എന്താ ചേച്ചിയിത്? എന്റെ ചേച്ചിക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നത് എനിക്ക് ബുദ്ധിമുട്ടാണോ എന്ന അവന്റെ ചോദ്യം എന്റെ മനസിൽ സ്നേഹത്തിന്റെ വിങ്ങലുണ്ടാക്കി..... പിന്നെ ഞാനവനെ തടഞ്ഞില്ല.
അടുത്തത് ബേബി ചേച്ചി, തോമസു ചേട്ടൻ, മക്കൾ... വീട്ടിലില്ലാത്തവരുമായി ഫോണിലൂടെ സംസാരിച്ചു.... അവരുടെയെല്ലാം സ്നേഹം' വീണ്ടും അനുഭവിക്കാൻ സാധിച്ചത് എന്റെ ഭാഗ്യമായി കാണുന്നു .എല്ലാവരും സന്തോഷത്തോടെ യാത്രയാക്കി.. പിന്നീട് എന്റെ കൂട്ടുകാരി രതിയെ കണ്ടു.... ഒറ്റ നോട്ടത്തിൽ എന്റെ പേര് വിളിച്ച് ഓടി വന്നു കെട്ടിപ്പിടിച്ചു കരഞ്ഞു.... പിന്നെ മണി ചേച്ചി, മനോജ്, അമ്മിണി ചേച്ചി ,ചെല്ലമ്മക്ക, ഹനീഫണ്ണൻ അങ്ങനെ ഒത്തിരി പേരെ കണ്ടു....
എല്ലാവർക്കും ഞങ്ങളുടെ വരവ് സർപ്രൈസ് ആയിരുന്നു...... ഞാനവരെ തേടി മാത്രമാണ് വന്നത് എന്ന അറിവ് അവരിൽ വളരെയധികം സന്തോഷമുണ്ടാക്കി.....
എല്ലാവരുമായി ഫോട്ടോയെടുത്തു.... ഫോൺ നമ്പറുകൾ വാങ്ങി...പഴയ ഓർമകൾ പുതുക്കി... കാണാൻ കഴിയാത്തവരോട് ഞാൻ വന്നത് പറയണമെന്നും എന്റെ നമ്പർ കൊടുക്കണമെന്നും പറഞ്ഞേൽപിച്ചു.... തിരിച്ച് വണ്ടിയിൽ കയറാൻ നേരം മനോജ് വന്ന് ടിഷ്യു പേപ്പറിന്റെ 3 Box വണ്ടിയിൽ വച്ചു..... പെട്ടെന്ന് കണ്ടതിനാൽ എല്ലാവർക്കും എന്താ ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥ.... അവരുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കണമെന്ന നിർബന്ധം... വണ്ടിയിൽ ഭക്ഷണമുണ്ട് എന്ന് പറഞ്ഞ് എല്ലായിടത്തു നിന്നും സ്നേഹത്തോടെ പിൻവാങ്ങി..... എന്നാൽ മമ്മദ്ക്ക സമ്മതിച്ചില്ല....
അങ്ങനെ അവിടന്ന് കഴിക്കേണ്ടി വന്നു...... കൊണ്ടുപോയ ബിരിയാണി അവർക്ക് കൊടുത്ത് ഞങ്ങൾ തിരിച്ചു വന്ന് വണ്ടിയിൽ കയറി......
ശരിക്കും പറഞ്ഞാൽ ഒറ്റനോട്ടത്തിൽ തന്നെ എല്ലാവരും എന്നെ തിരിച്ചറിഞ്ഞത് എനിക്ക് അത്ഭുതമായിരുന്നു..... അന്ന് വണ്ണം കുറഞ്ഞ് ഉയരമുള്ള ഒരു കുട്ടിയായിരുന്നു ഞാൻ.. ഇന്ന് അത്യാവശ്യം വണ്ണമുണ്ട്.... വർഷങ്ങൾ എന്നിൽ വരുത്തിയ മാറ്റം ഇവർ കാണാത്തതെന്ത് എന്ന് എനിക്ക് മനസിലായില്ല.....
യാത്രയാക്കാൻ എല്ലാവരും വന്നു.... ഒരു ദിവസം എന്റെ വീട്ടിലേക്ക് വരുമെന്ന് പറഞ്ഞു. '.അപ്പോൾ അമ്മിണി ചേച്ചി പറഞ്ഞു... എന്നാലും മോളേ ഇത്ര വർഷത്തിനു ശേഷവും നീ ഞങ്ങളെയെല്ലാം ഓർത്ത് അന്വേഷിച്ച് വന്നല്ലോ....ഇതൊരു സിനിമാക്കഥ' പോലെയായല്ലോ എന്ന്..... ഇത് കേട്ട് എല്ലാവരുംചിരിച്ചു.... വണ്ടി നീങ്ങുമ്പോൾ
പുറകിൽ നിന്ന് എല്ലാവരും കൈ വീശി കാണിക്കുന്നുണ്ടായിരുന്നു.... വീട്ടിൽ വന്ന ശേഷം കിട്ടിയ നമ്പറുകളിൽ വിളിച്ചു... അർജുനേട്ടനെ കിട്ടി..... അവിടന്ന് ദിനേശേട്ടന്റെ നമ്പർ കിട്ടി...
ഇന്ന് രാവിലെ ദിനേശേട്ടനുമായി സംസാരിച്ചു... ഞാനാണെന്നറിഞ്ഞതും പുള്ളിക്ക് ഭയങ്കര സന്തോഷം...... മോളേ എന്നുള്ള ആ വിളിയിൽ ഞാനവരുടെ പഴയ കുഞ്ഞിപെങ്ങളായി മാറിയതു പോലെ തോന്നി..... ഇവർ രണ്ടു പേരും നിങ്ങളുടെ പെങ്ങൻമാരാണ്.. എന്ത് തെറ്റ് കണ്ടാലും ശിക്ഷിക്കാൻ അധികാരമുള്ള ആങ്ങളമാരാണ് എന്ന വാപ്പയുടെ വാക്ക് അവർ
അക്ഷരം പ്രതി' അനുസരിച്ചിട്ടുമുണ്ട്.. അത്രക്ക് സ്നേഹമായിരുന്നു.......
വർഗീസേട്ടന്റേയും, ചന്തുവിന്റേയും നമ്പർ അന്വേഷിച്ച് വാങ്ങി തരാം എന്ന് ദിനേശേട്ടൻ പറഞ്ഞു.. ഞങ്ങളുടെ സംസാരം ഒരു മണിക്കൂറോളം നീണ്ടു പോയി..... ഇനി മോള് വരുമ്പോൾ വിളിച്ചിട്ട് വന്നാൽ ആ നിമിഷം ഞാനവിടെ എത്തും എന്ന് പറഞ്ഞ് ഫോൺ വച്ചു..... ഞാനാകെ സന്തോഷത്തിലായിരുന്നു......
രാവിലെ ജോലിയെല്ലാം കഴിഞ്ഞ് കിച്ചണിൽ നിൽക്കുമ്പോൾ കോളിംങ്ങ് ബെൽ ശബ്ദിച്ചു..... വാതിൽ തുറന്ന് നോക്കിയപ്പോൾ താടിവച്ച ഒരാൾ ചിരിച്ചു കൊണ്ട് നിൽക്കുന്നു.'.. പരിചയം തോന്നാത്തതിനാൽ ഞാൻ ആരാ എന്ന് ചോദിച്ചു...ചിരിച്ചുകൊണ്ട് എന്നെ മനസിലായില്ലെ എന്ന് ചോദിച്ചപ്പോൾ ഞാൻ വല്ലാതായി. ആരാണാവോ ഇത്ര പരിചയത്തിൽ സംസാരിക്കുന്നത് .... എവിടെയോ കണ്ട പോലെ.?എനിക്കാണെങ്കിൽ ഓർമ കിട്ടുന്നില്ല...... എന്റെ പരിഭ്രമം കണ്ടിട്ടാകാം അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു ... ഞാൻ വർഗീസേട്ടനാണ് എന്ന്....
ഞാനന്വേഷിച്ച് ചെന്നതിൽ ഒരാൾ എന്നെ തേടിവന്നിരിക്കുന്നു.........
എന്റെ സന്തോഷത്തിനതിരില്ലായിരുന്നു.. ഞാനോടിച്ചെന്ന്‌ കൈപിടിച്ച് കയറിയിരിക്കാൻ ആവശ്യപ്പെട്ടു...ഇവരുടെ മുൻപൽ വീണ്ടും ചെറിയ കുട്ടിയായി മാറിയത് പോലെ....
അങ്ങനെ ഞാൻ മറ്റുള്ളവർക്ക് കൊടുത്ത സർപ്രൈസ് എനിക്കും തിരിച്ചുകിട്ടി..... ഞങ്ങൾ കുറേ നേരം സംസാരിച്ചു.... പറഞ്ഞിട്ടും തീരാത്തത്ര വിശേഷങ്ങൾ........
എങ്ങനെ ഇവിടെ എത്തി എന്ന എന്റെ ചോദ്യത്തിന് ചേട്ടൻ മറുപടി തന്നു...... ഇന്നലെ വഴിയിൽ വച്ച് വണ്ടി തടഞ്ഞു നിർത്തി രതി പറഞ്ഞുവത്രെ ഞങ്ങൾ ചെന്ന കാര്യവും, കാണണമെന്ന് ആവശ്യപ്പെട്ടതും മറ്റും..... സ്ഥലം പറഞ്ഞു വന്നപ്പോൾ വർഗീസേട്ടന്റെ മകളെ വിവാഹം കഴിച്ചയച്ചിരിക്കുന്നത് എന്റെ വീടിനടുത്തേക്കാണ്... അതിനാൽ രാവിലെ ഇവിടേക്ക് പുറപ്പെടുകയായിരുന്നുവത്രേ... ആ വീട്ടുകാരും, ഞങ്ങളും പരസ്പരം അറിയുന്നവരുമാണ്.... അങ്ങനെ എന്റെയടുത്ത് എത്തി. തിരിച്ച് ഞങ്ങളൊരുമിച്ച് ആ വീട്ടിൽ പോയി... എന്റെ തോളിൽ പിടിച്ച് വർഗീസേട്ടൻ അവർക്കെന്നെ പരിചയപ്പെടുത്തി..... ദാ... ഇവളെന്റെ കുഞ്ഞി പെങ്ങളാണ് എന്ന് ....
എന്നെ നേരത്തെ അറിയാമെങ്കിലും ഞങ്ങളുടെയാ സ്നേഹം അവരുടെ മുഖത്ത് അൽഭുതം പടർത്തുന്നത് ഞാൻ കണ്ടറിഞ്ഞു.......
അങ്ങനെ വർഷങ്ങളായി മനസ്സിൽ ഞാനടുക്കി വച്ചിരുന്ന ആഗ്രഹം സഫലമായി... അതിന്റെ സന്തോഷത്തിലാണ് ഞാനിപ്പോൾ .എത്ര പറഞ്ഞാലും തീരാത്ത കഥകളുമായി ഓരോ കുടുംബവും എന്റെ കൺമുൻപിൽ ഉണ്ട്...
ഞാൻ ഭയന്നിരുന്ന ഒരു കാര്യം കൂടി പ്രതീക്ഷിച്ച പോലെ സംഭവിച്ചു... പുത്തുപ്പാടത്തെ ഇളം കാറ്റും, ഇളവെയിലും ,നെൽ കതിരുമെല്ലാം നഷ്ടമായിരിക്കുന്നു..... പകരം കോൺക്രീറ്റ് കെട്ടിടങ്ങൾ മാത്രം...... അത് ഒരു വലിയ വേദനയായി അവശേഷിച്ചു....... സന്തോഷങ്ങൾക്കിടയിൽ ഒരു കുഞ്ഞു ദു:ഖം സ്വാഭാവികമാണ് എന്നാശ്വസിക്കാം അല്ലെ?
(Raziya Maju)

എന്റെ ചാലക്കുടി ഓർമകൾ,,,,, കിട്ടേട്ടൻ

House Insurance, Protect, Home, Care, Safe, Hands

ഞങ്ങളുടെ വീടിനു മുൻപിലൂടെ പോകുന്ന റോഡിന്റെ ഇരുവശവും വീടുകളുണ്ട് .... റോഡിനു കുറച്ച് താഴെയായിട്ടാണ് ഞങ്ങളുടെ വീട്...വീടിന് പുറകു വശത്തേക്ക് സ്ഥലവും അതിനു താഴെ വിസ്തൃതമായ പുത്തൂപാടവും..... റോഡിന് എതിർവശത്ത് മുകളിലായി താമസിച്ചിരുന്ന ഞങ്ങളുടെ ഒരു അയൽവാസിയായിരുന്നു കിട്ടേട്ടൻ....
കിട്ടു എന്നാണ് പേര്...കൽപ്പണിയാണ് ജോലി....
ഭാര്യ ശാന്തയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബം..... അതിനോടൊപ്പം പുള്ളിക്കാരന്റെ ഉത്തരവാദിത്വ ക്കുറവിൽ സ്വയം വരുത്തിവക്കുന്ന ദാരിദ്യവും കൂടെപിറപ്പായി കൂടെയുണ്ടായിരുന്നു......
ഞങ്ങൾ അയൽവാസികളെല്ലാം ജാതി മത ഭേദമന്യേ.... വളരെ സൗഹ്യദത്തിലും, സ്നേഹത്തിലുമാണ് അവിടെ കഴിഞ്ഞ് വന്നിരുന്നത്....... അവിടെ പണത്തിനോ, പദവിക്കോ, സ്ഥാനമാനങ്ങൾക്കോ. ഒന്നും പ്രത്യേകതയുണ്ടായിരുന്നില്ല...
എന്റെ നാട്ടിലുള്ളവരെല്ലാം തന്നെ പ്രായഭേദമന്യേ... എന്റെ വാപ്പാനെ സായ് വ് എന്നും, ഉമ്മാനെ ഞങ്ങൾ വിളിക്കുന്ന പോലെ ഉമ്മയെന്നുമാണ് വിളിച്ചിരുന്നത്..... എന്നെയാവട്ടെ.........'ആകിലുക്കാംപെട്ടിയെവിടെ 'എന്ന് പറഞ്ഞാണ് അന്വേഷിക്കുക....
എന്റെ ഇത്തയാണെങ്കിൽ നേരെ തിരിച്ചും.... ആ വീട്ടിൽ അങ്ങനെയൊരാൾ ഉണ്ടോയെന്ന് വിളിച്ചന്വേഷിക്കേണ്ടി വരും....
ഞങ്ങൾ കുട്ടികൾക്ക് എല്ലാ വീട്ടിലും ഒരുപോലെ സ്വാതന്ത്ര്യമുണ്ടായിരുന്നു..
എന്റെ വീട്ടുകാർ മാത്രമേ അവിടെ മുസ്ലിം കുടുംബമായിട്ടുള്ളു.... എല്ലാ ദുശ്ശീലങ്ങളിൽ നിന്നും വിട്ടു നിൽക്കുന്ന വാപ്പാനെ എല്ലാവർക്കും വലിയ കാര്യമായിരുന്നു.... വലിയ ബഹുമാനവും.... അത് കൊണ്ട് തന്നെ എന്ത് തെറ്റ് ആരിൽ കണ്ടാലും അത് പറഞ്ഞ് കൊടുക്കുവാനും, വഴക്ക് പറയാനുമുള്ള അവകാശം അവർ വാപ്പാക്ക് നൽകിയിരുന്നു.....
കൂടുതലും അന്യമതസ്ഥരായതിനാൽ അവർക്ക് ജോലി കഴിഞ്ഞാൽ അൽപം മദ്യപിക്കുന്ന സ്വഭാവമൊക്കെയുണ്ട്....
എന്നാൽ അവരെ സംബന്ധിച്ച് അതത്ര വലിയ തെറ്റൊന്നുമായിരുന്നില്ല...
പിന്നെ അത് മൂലം മറ്റുള്ളവർക്ക്...... അവരെ കൊണ്ട് ഒരുപദ്രവവും ഉണ്ടായിരുന്നില്ല....
ഇടക്ക് എന്തെങ്കിലും ഒരു പ്രശ്നം അവരുടെ വീടുകളിൽ തന്നെ ഉണ്ടായാൽ അതിന് സംസാരിക്കാനും, വഴക്കു പറയാനും ധൈര്യമായി ചെല്ലുന്നത് വാപ്പയായിരുന്നു...
ഉമ്മയാണെങ്കിൽ ധാനധർമം ജീവിതത്തിന്റെ ഭാഗമാക്കിയ വ്യക്തിയായിരുന്നു..... ഉമ്മാടെ ഭക്ഷണം പാകം ചെയ്യുന്നതിലെ കൈപ്പുണ്യവും, രുചിയും ഒന്ന് വേറെതന്നെയാണ്.... അവിടുള്ളവർക്ക് ഏറ്റവും പ്രിയപ്പെട്ടത് ഉമ്മയുണ്ടാകുന്ന പത്തിരിയും, ഇറച്ചിക്കറിയും തന്നെ......
ആർക്കെങ്കിലും വല്ല കഷ്ടപ്പാടും ഉണ്ടെന്നറിഞ്ഞാൽ പിന്നെ ഉമ്മ അവരുടെ വീട്ടിൽ ഇടക്കിടെ ചെന്ന് ഭക്ഷണമുണ്ടോയെന്നെല്ലാം അന്വേഷിക്കുo...... ഇന്നത്തെ പോലെയല്ല അന്ന്... മിക്കവീടുകളിലും കഷ്ടപ്പാടും ദാരിദ്ര്യവും ഒക്കെയുണ്ട്....
ഉമ്മാനെ കാണുമ്പോൾ അവർ പറയും.....' ഇല്ല ഉമ്മ ചോറൊക്കെ വച്ചിട്ടുണ്ട് .'.... അങ്ങനെ പറഞ്ഞാലും ഉമ്മ വിശ്വാസം വരാതെ അടുക്കളയിൽ ചെന്ന് പാത്രമെല്ലാം തുറന്ന് നോക്കും.......
ഉമ്മ ചിന്തിക്കുന്നത് മിക്കവാറും ശരിയായിരിക്കും.... അതിൽ ഒന്നു മുണ്ടാകില്ല...... ഉടനെ ഉമ്മ ഭക്ഷണവുമായി ചെന്ന് ദ്യേഷ്യപ്പെടും.... നിങ്ങൾ വേണമെങ്കിൽ പട്ടിണി കിടക്ക്... എന്നാൽ കുഞ്ഞുങ്ങളെ പട്ടിണിക്കിടാൻ പറ്റില്ല എന്ന് പറയും..... ഇത് കേട്ട് കണ്ണു നിറയുന്ന അമ്മമാരെ ഞാൻ കണ്ടിട്ടുണ്ട്............
ഉമ്മാക്ക് എല്ലാവരോടും സ്നേഹമായിരുന്നു.... ഞങ്ങളുടെ വീട്ടിലെ ഏതു വിശേഷാവസരങ്ങളിലും അയൽവക്കത്തെ എല്ലാവരും പങ്കെടുക്കുമായിരുന്നു...... ഒരു കുടുംബം പോലെ.....
വലിയ വാഴയില വെട്ടി ...വ്യത്തിയാക്കി അതിലാണ് ഭക്ഷണം വിളമ്പുക.... വാപ്പാക്ക് വീടിനു മുൻപിൽ തന്നെ പലചരക്ക് കടയാണ്... ആ സമയം കടയിൽ വരുന്നവരെ കൂടി ഭക്ഷണം കഴിക്കാൻ വാപ്പനിർബന്ധിക്കും.....
പറഞ്ഞ് വന്ന് കഥ മാറിപ്പോയല്ലേ....
അപ്പോൾ നമ്മൾ പറഞ്ഞ് വന്നത് കിട്ടേട്ടനെ കുറിച്ചാണ്.... പണിയുള്ള സമയങ്ങളിൽ പുള്ളിക്കാരൻ വീരശൂര പരാക്രമിയാണ് കേട്ടോ?അൽപം അകത്ത് കൂടിയുണ്ടെങ്കിൽ വാചാലനാകും... ഭാര്യയെ വഴക്ക് പറഞ്ഞ് തല്ലും, പ്രശ്നവുമുണ്ടാക്കും... ആ അവസരം പ്രശ്ന പരിഹാരത്തിന് ശാന്തേച്ചി ഓടി വരുന്നത് ഉമ്മാടെ അടുത്താണ്...... ഉമ്മ ചെന്ന് കിട്ടേട്ടനെ.. വഴക്കുപറയും...... 'എന്താടാ നിനക്ക്... നീയെന്തിനാ അവളേയും കുഞ്ഞുങ്ങളേയും വിഷമിപ്പിക്കുന്നെ.... ആ കുട്ടികൾ പേടിച്ച് നിൽക്കുന്നത് കണ്ടില്ലേ...' എന്നെല്ലാം ചോദിക്കും...
ഉമ്മ എന്ത് പറഞ്ഞാലും പറയുന്നതെല്ലാം കേട്ട് പുള്ളിക്കാരൻ തല കുമ്പിട്ടിരിക്കുകയേ ഉള്ളു....... ഒരു മറുപടിയും പറയില്ല....
അതു വരെ കാണിച്ച ദ്യേഷ്യമൊന്നും അപ്പോഴുണ്ടാകില്ല..... അങ്ങനെ ആ വഴക്കവിടെ തീരും......
ജോലിയുള്ള അവസരത്തിലാണെങ്കിൽ പുള്ളി വീട്ടിലേക്ക് സാധനങ്ങൾ എല്ലാം വാങ്ങിക്കൊണ്ട് പോകും.. മഴക്കാലത്ത് പണിയുണ്ടാകില്ല... അപ്പോൾ അവിടെ പട്ടിണിയും തുടങ്ങും....... ആ സമയം കഥ മാറും... അൽപം അകത്ത് ചെല്ലാത്ത കിട്ടേട്ടൻ ആ സമയങ്ങളിൽ മുൻവശത്ത് ചമ്രം പടിഞ്ഞിരുന്ന് ശാന്തേച്ചിയുടെ വായിൽ നിന്ന് വരുന്ന എല്ലാ വഴക്കും കേട്ട് മിണ്ടാതിരിക്കും..... അപ്പോൾ ഇത്രയും പാവമായ മനുഷ്യൻ വേറെയുണ്ടാകില്ല.
ഇത് കണ്ട് ഞങ്ങൾ പലതവണ ചിരിച്ചിട്ടുണ്ട്....... ആ സമയങ്ങളിൽ കിട്ടേട്ടന് ശബ്ദമുണ്ടാകില്ല.....
ഇങ്ങനെയൊക്കെയാണെങ്കിലും...... ആളൊരു നല്ല കലാകാരനാണ് കേട്ടോ? കിട്ടേട്ടൻ ഓണപ്പാട്ടുകൾ നന്നായി പാടുകയും ചുവട് വക്കുകയും ചെയ്യും.
നല്ല ഘനഗംഭീര സ്വരത്തിലുള്ള ആ പാട്ടിനൊപ്പമുള്ള ചുവടുവയ്പ് ആരും നോക്കി നിന്നു പോകും...
ഓണത്തിന് നാട്ടിൽ ഓണംകളി മൽസരങ്ങൾ നടക്കും.. അതിനു വേണ്ടി എല്ലാവരേയും ഓണം കളി പഠിപ്പിക്കുന്നത് കിട്ടേട്ടനാണ്.....
ആ സമയങ്ങളിൽ കിട്ടേട്ടനെ എല്ലാവരും കിട്ടുവാശാൻ എന്നാണ് വിളിക്കുക.. ദക്ഷിണ വച്ച് അനുഗ്രഹം വാങ്ങിയാണ് കളി തുടങ്ങുന്നത്.... ആ ഭാഗത്തുള്ള ചെറുപ്പക്കാരെയാണ് ഇതിന് തിരഞ്ഞെടുക്കുക...കളി പഠിപ്പിക്കൽ തുടങ്ങി മൽസരത്തിൽ പങ്കെടുക്കുന്നതുവരെ എല്ലാവരും നല്ല ഉൽസാഹത്തിലായിരിക്കും..
ഞങ്ങൾ കുട്ടികളെ സംബന്ധിച്ച് ഇത് വളരെ രസകരമായ കാലഘട്ടമാണ്...
വെക്കേഷനായതിനാൽ വേണ്ടുവോളം, സ്വാതന്ത്ര്യം... ഊഞ്ഞാലാട്ടവും കളികളുമായി മതി മറന്ന് നടക്കും...
മൽസരങ്ങൾ കാണാൻ ഞങ്ങളും പോകും... കിട്ടേട്ടന് നോട്ട് മാലയും മറ്റും കിട്ടും.... അവരുടെ കളി ജയിച്ച് ട്രോഫി കിട്ടിയാൽ പിന്നെ ഞങ്ങൾക്കെല്ലാം ഭയങ്കര സന്തോഷമാണ്.
അത് ഞങ്ങൾക്ക് കിട്ടിയ ഫീലിംങ്ങ് ആണ്....... കാരണം ഞങ്ങളെല്ലാം സന്തോഷത്തിലും, സങ്കടത്തിലും ഒരുമിച്ച് നിൽക്കുന്നവരാണ്....
ട്രോഫി കൊണ്ട് വന്ന് വാപ്പാടെ കടയുടെ മുൻപിൽ പ്രദർശിപ്പിക്കും.. പിന്നെ അന്നത്തെ കാര്യങ്ങളെ കുറിച്ചും അത്ര നാളത്തെ അധ്വാനത്തെ പറ്റിയെല്ലാം ചർച്ച നടക്കും.... തമാശയും, കളിയും, ചിരിയുമായി എല്ലാവരുമതിൽ പങ്കു ചേരും......
ഇത്രയും ദിവസംഒരു ഗുരുവിന്റെ സ്ഥാനത്ത് നിന്നിരുന്ന കിട്ടേട്ടൻ ഇതെല്ലാം കഴിയുന്നതോടു കൂടി വീണ്ടും പഴയ രീതിയിലേക്ക് മാറും...... എന്തൊക്കെയാണെങ്കിലും ആള് മനസുകൊണ്ടൊരു പാവമാണ്.
എല്ലാവരോടും സ്നേഹവുമാണ്... ഇടക്ക്
വീട്ടിൽ വന്നിരുന്ന് പറയും... ഉമ്മ എന്റെ സ്വന്തം അമ്മ തന്നെയാണ്.. എന്റെ മക്കളെ പട്ടിണിക്കിട്ടിട്ടില്ല. ഞാനത് മരിച്ചാലും മറക്കില്ല.. അത്ര കടപ്പാടുണ്ട് .......എന്നൊക്കെ പറഞ്ഞ് കരയും....
എന്നാൽ ഉമ്മ വഴക്ക് പറയുന്ന പോലെ സ്നേഹത്തോടെ പറയും... നീയൊന്ന് പോട ഞാനെന്ത് ചെയ്തുവെന്നാ നീ പറയുന്നേ......
അതൊക്കെ അയൽവക്കമായാൽ പതിവാണ്.... ഇതിലൊക്കെ എന്തായിത്ര പറയാനുള്ളത് എന്ന് പറഞ്ഞ് പുള്ളിയെ ആശ്വസിപ്പിക്കും.....
ഈ സ്നേഹമൊക്കെ കണ്ടാണ് ഞങ്ങൾ കുട്ടികൾ വളർന്നത്...
അതൊരു കാലം.....
സഹകരണത്തോടുംസന്തോഷത്തോടും, ഒരുമയോടും കൂടി ജീവിച്ച ആ കാലഘട്ടങ്ങൾ ഇന്ന് ഓർമ മാത്രമാണ്.... ഇതെല്ലാം എങ്ങനെ മറക്കാൻ കഴിയും?
ഇന്ന് അയൽവക്കം എന്ന വാക്കു പോലും കേൾക്കാനില്ല... ഓരോ വ്യക്തികളും അവരവരുടെ കാര്യങ്ങൾ മാത്രം നോക്കി ജീവിക്കുന്നു....
പരസ്പര സ്നേഹമോ, ഐക്യമോ ഒന്നുമില്ലാതെ....... ആരുടെ സന്തോഷവും ദു:ഖവും തന്നെ ബാധിക്കുന്നില്ല എന്ന മട്ടിൽ......
ഇന്ന് കിട്ടേട്ടൻ ജീവിച്ചിരുപ്പുണ്ടോ എന്നു പോലും എനിക്കറിയില്ല... ഒന്നു പോകണം.. എല്ലാവരേയും അന്വേഷിക്കണം.. എന്നെല്ലാം ആഗ്രഹമുണ്ട്..... പോകണമെന്നു തന്നെ വിചാരിക്കുന്നു...... അന്നത്തെ ഓർമകളിൽ ഇങ്ങനെ എത്രയോ പേർ ഇപ്പോഴും മനസിന്റെയുള്ളിൽ ഓർമകളായി മായാതെ കിടക്കുന്നു........
ഇന്ന് ജാതിയുടേയും, മതത്തിന്റേയും പേരിൽ വിരോധത്തോടെയുള്ള പെരുമാറ്റവും.... അതിന്റെ സൂചനകളും കാണുമ്പോൾ മനസിനുണ്ടാകുന്ന നൊമ്പരവും, വേദനയും ചെറുതല്ല തന്നെ.........
എന്നാലും ഒരാശ്വാസത്തിന്റെ കണിക ഇപ്പോഴും ബാക്കിയുണ്ട്...
സ്നേഹത്തിന്റെ ഉറവ വറ്റിയിട്ടില്ലെന്നും അത് നശിച്ചു കെട്ടുപോകാതെ കുറെ മനസുകളിൽ നിലനിൽക്കുന്നുണ്ടെ
ന്നതിന്റേയും തെളിവ് പരവൂരിൽ വെടിക്കെട്ടപകടത്തിൽ നാം കണ്ടു....
ജാതി മത ഭേദമന്യേ ......എല്ലാത്തിനുമതീ തരായി ഒറ്റക്കെട്ടായി സഹകരികരിച്ച്. സഹായങ്ങൾ ഒഴുകിയെത്തിയതും......
മനുഷ്യൻ മനുഷ്യനെ തിരിച്ചറിഞ്ഞതും.... നാം കണ്ടു.....
ഈ ചിന്തയും, മനസും മനുഷ്യരുള്ളിടത്തോളം കാലം നിലനിൽക്കുവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു......

By: Raziya Maju

മധുര പ്രതികാരം

എന്റെ ജീവിതത്തിൽ അടുത്തയിടെ സംഭവിച്ച ഒരു കാര്യമാണ് ഈ എഴുത്തിനാധാരം....ജീവിതത്തിൽ പ്രതിസന്ധികൾ ഇല്ലാത്തവരുണ്ടാകില്ല.... എന്നാൽ അതിനെ പലരും പല രീതിയിൽ കൈകാര്യം ചെയ്യുന്നുവെന്ന് മാത്രം...... ഇത്തരം ഒരു കാര്യത്തെ ഞാനെങ്ങനെ നേരിട്ടു എന്നതാണ് പറയുവാൻ ഉദ്ദേശിക്കുന്നത്.....
ഞങ്ങൾ താമസിക്കുന്നതിന്റെ അടുത്ത വീട് വാങ്ങി പുതിയ താമസക്കാർ വന്നു.... ഡ്രൈവർ സുബൈറും ഭാര്യ ബീവിയും 2 മക്കളും അടങ്ങുന്ന കുടുംബം... ഗൃഹനാഥനെ കുറിച്ച് സ്വഭാവത്തിന്റെ കാര്യത്തിൽ നാട്ടിൽ നല്ല അഭിപ്രായം ആയിരുന്നില്ല.... അൽപ്പം റൗഡിസവും സ്ത്രീവിഷയത്തിൽ കുറച്ച് പ്രശ്നങ്ങളിലും പെട്ടിട്ടുള്ള ആളാണ്...അധികം അടുക്കാതിരുന്നാൽ മതിയല്ലോ എന്ന് ഞങ്ങൾ ചിന്തിച്ചു..... എന്നാൽ അവർക്ക് പോകേണ്ട വഴി ഞങ്ങളുടെ വീടിനു മുൻപിലൂടെയാണ്......
തറവാട്ടിൽ നിന്ന് മാറിത്താമസിക്കുവാനായി ഞങ്ങളീ സ്ഥലം വാങ്ങിയപ്പോൾ ഈ വഴിയെ കുറിച്ച് ഉടമസ്ഥർ ഞങ്ങളെ അറിയിച്ചിരുന്നില്ല.
ബ്രോക്കറുടെ വാക്ധാരയിൽ മജുവും ഒന്നും ശ്രദ്ധിച്ചില്ല....തീറാധാരം എല്ലാം കഴിഞ്ഞ് 6 മാസത്തിനു ശേഷം അപ്പുറത്തെ വീട്ടുകാർ അവരുടെ സ്ഥലം വിൽക്കാനായി ഞങ്ങളെ സമീപിച്ചപ്പോൾ മാത്രമാണ് ഇത്തരമൊരു പ്രശ്നം അറിയുന്നത് തന്നെ....
4 സെന്റിൽ 2 മുറിയുള്ള ഒരു ചെറിയ വീടാണ് അതിലുള്ളത്. ആ വീട്ടിലേക്ക് നടന്നു പോകുവാനുള്ള അവകാശം മാത്രമേ അവർക്കുള്ളു... അതിനാൽ ഒരു സൈക്കിൾ കൊണ്ടു പോകുവാനുള്ള അവകാശം ഞങ്ങൾക്ക് നൽകണം എന്നതായിരുന്നു അവരുടെ ആവശ്യം.... അവകാശമായി എഴുതി തരാൻ കഴിയി്ല്ലെന്നും ഞങ്ങളവിടെ താമസിക്കും കാലംവരെ നിങ്ങൾ കൊണ്ടു പൊയ്ക്കൊള്ളു എന്നും മജു പറഞ്ഞു.... എന്നാൽ വാങ്ങാൻ വന്നവർ വിസമ്മതിച്ച് കച്ചവടം ഒഴിഞ്ഞു പോയ ശേഷമാണ് ഇവർ വന്ന് ആ വീടും സ്ഥലവും വാങ്ങുന്നത്....
വീടിനു മുൻപിലൂടെ നടന്നു പോകുന്നതിനാൽ സ്വാഭാവികമായും സംസാരിക്കാതിരിക്കാൻ കഴിയില്ലല്ലോ? ബീവിയാണെങ്കിൽ ഞങ്ങളോട് ഭയങ്കര അടുപ്പവും സ്നേഹവും കാണിക്കും... എങ്കിലും അയാളോട് ഞാൻ ഒട്ടും തന്നെ സംസാരിക്കുമായിരുന്നില്ല..... മനസിൽ പറഞ്ഞ് കേട്ട ഒരു ഭയം ഉണ്ടായിരുന്നു..... ഭാര്യയും മക്കളും എപ്പോഴും ഇവിടേക്ക് വരും... അവർക്ക് കിണറോ വെള്ളത്തിന് മറ്റു സൗകര്യങ്ങളോ ഇല്ലാത്തതിനാൽ ഞങ്ങളുടെ കിണറിൽ നിന്നാണ് വെള്ളം കോരുക.... എന്നാൽ എനിക്കത് കണ്ട് വിഷമം തോന്നി 2 നേരവും അവർക്കാവശ്യമായ വെള്ളം മോട്ടോർ അടിച്ചു കൊടുത്തു..... ഇടക്ക് ബീവിക്ക് ശക്തമായ ചുമ വരുമായിരുന്നു..... അന്നേരം അവർക്ക് ഭയങ്കര പ്രശ്നമാണ് ഒന്നും ചെയ്യാൻ കഴിയാറില്ല:...
അങ്ങനെ വരുമ്പോൾ കറിക്കരക്കാനുള്ളത് ഇവിടെ വന്ന് മിക്സിയിലരക്കാനും, അലക്കുവാനുള്ളത് വാഷിംങ്ങ് മെഷീനിൽ അലക്കിക്കൊള്ളുവാനും ഞാൻ സൗകര്യം ചെയ്ത് കൊടുത്തു.......
ഇതെല്ലാം അവരുമായി അടുക്കുവാൻ സഹായകമായി.... എങ്കിലും അയാളുമായി ഒരു അകൽച്ച നിലനിർത്തി..... ഇടക്കിടെ സുബൈർ പൈസയുടെ ആവശ്യങ്ങൾക്ക് ഭാര്യയെ പറഞ്ഞ് വിടുമ്പോൾ സഹായിക്കാറുണ്ടായിരുന്നു.. കുറച്ച് വൈകിയാലും തിരിച്ച് തരികയും ചെയ്യും... കുടുംബത്തിൽ വലിയ ഉത്തരവാദിത്വമില്ലാതിരുന്ന അയാൾക്ക് ഇവിടെ താമസമാക്കിയ ശേഷം കുറച്ച് മാറ്റങ്ങൾ കണ്ടുതുടങ്ങി..... എല്ലാ കാര്യങ്ങളും ബീവി എന്നോട് വന്ന് പറയുമായിരുന്നു..... ഒരു ദിവസം രാഷ്ട്രീയപാർട്ടി ഉൾപെട്ട ഒരു തല്ലു കേസിൽ രാത്രി സുബൈറിനെ വീട്ടിൽ കയറി തല്ലും എന്ന അവസ്ഥ വന്നു,.... പാർട്ടിക്കാർ മജുവിനെ കണ്ട് ഒരു രാത്രി ആ വീട്ടുകാർക്ക് ഇവിടെ അഭയം നൽകാൻ ആവശ്യപെട്ടു..... ഞങ്ങളുടെ വീട്ടിൽ കയറി ഒരു അക്രമം കാണിക്കാൻ മുതിരില്ല എന്നതാണ് അവർ പറഞ്ഞ കാരണം..... അയൽവക്കം എന്ന നിലയിൽ ഒരാപത്തിൽ സഹായിക്കണമല്ലൊ എന്ന ചിന്തയിൽ അവരോട് മജു സമ്മതിച്ചതിനാൽ മനസ്സില്ലാതിരുന്നിട്ടും എനിക്കതിനെ എതിർക്കാൻ കഴിഞ്ഞില്ല......
ഇത്തരത്തിൽ ഞങ്ങളുടെ സൗഹൃദം മുന്നോട്ട് പോകുന്നതിനിടയിൽ സുബൈർ പഞ്ചായത്തിൽ നിന്ന് സാങ്ങ്ഷൻ ഇല്ലാതെ ഒളിവിൽ മണൽകടത്തുന്നതിൽ ഉൾപ്പെട്ടു...... അങ്ങനെ പണം ലഭിച്ചു തുടങ്ങി..... പണത്തിനു വേണ്ടി ചില പോലീസുകാരും ഇവർക്കതിന് ഒത്താശ നൽകിയിരുന്നു...... അങ്ങനെ ജീവിത സൗകര്യങ്ങൾ കുറച്ച് മെച്ചപ്പെട്ടു.... സുബൈർ ഭാര്യയോടും മക്കളോടും കുറച്ച് അടുപ്പവും സ്നേഹവും പ്രകടിപ്പിച്ചു തുടങ്ങി... കിണർ കുഴിച്ചു......ബൈക്ക് വാങ്ങി.... വീടൊന്ന് പുതുക്കി........അവരുടെ ഉയർച്ച കണ്ട ഞങ്ങളും സന്തോഷിച്ചു.... എന്നാൽ സൗകര്യങ്ങൾ കൂടിയപ്പോൾ അവർക്ക് ഉപയോഗിക്കുന്ന വഴി പോരെന്നായി'..... കാരണം ബൈക്ക് അതിലെ കൊണ്ടു പോകുന്നത് ഞങ്ങളുടെ ഔദാര്യമാണല്ലോ... അത് അവകാശമായി ലഭിക്കുവാനുള്ള അവരുടെ ആഗ്രഹം ഞങ്ങളോടുള്ള ശത്രുതയിലേക്ക് വഴിമാറി.... എന്നാൽ അവരുടെ വീട്ടിലേക്ക് വണ്ടികൾ വരുന്നത് ഒരിക്കലും ഞങ്ങൾ തടഞ്ഞിരുന്നില്ല..... ഒരു കാര്യവുമില്ലാത്ത ഈ അകൽച്ച ഞങ്ങളെ വളരെയേറെ വിഷമിപ്പിച്ചു......
ഒരു ദിവസം ഞാൻ ബീവിയെ വിളിച്ച് സംസാരിച്ചു.
വഴി തർക്കത്തിൽ നമ്മൾ തമ്മിൽ ഒരു സ്വരചേർച്ചയില്ലായ്മ വരരുതെന്നും നിങ്ങൾ ചിന്തിക്കുന്ന തരത്തിൽ ഒരു അവകാശമുണ്ടെങ്കിൽ നിങ്ങൾക്കത് തീർച്ചയായും ലഭിക്കുമെന്നും അതിന്റെ പേരിൽ നമ്മൾ അകലരുതെന്നും പറഞ്ഞു.... എന്നാൽ അവരുടെ മുഖഭാവം മുൻപത്തെ പോലെ ആയിരുന്നില്ല.. അവിടെ അൽപം അഹങ്കാരവും, ഗർവ്വും ഞാൻ കണ്ടു.... പിന്നീടവർ മുൻപത്തെ പോലെ സംസാരിക്കാതായി... ഞങ്ങൾ വഴി പിടിച്ചു വച്ചിരിക്കുന്നു എന്ന രീതിയിൽ പുറത്ത് മറ്റുള്ളവരോട് പറഞ്ഞ് ഞങ്ങളെ മോശമാക്കാൻ ശ്രമിച്ചു.... കേൾക്കുന്ന ചിലർ ഇക്കാര്യം ഞങ്ങളെ അറിയിക്കുകയും ചെയ്തു....എന്നെ സംബന്ധിച്ച് ആരുമായും ഒരു മുഷിവും ഉണ്ടാക്കുന്നത് താൽപര്യമില്ലാത്തതിനാൽ എല്ലാം അറിയുന്നുണ്ടെങ്കിലും ഒന്നിനും പ്രതികരിച്ചില്ല...
പകരം കാര്യങ്ങൾ ബോധിപ്പിക്കാൻ മുന്നാധാരത്തിന്‌റെ കോപ്പിയെടുത്ത് സുബൈറിന്റെ ജേഷ്ഠനെ കാണിച്ച് കാര്യങ്ങൾ
ഞാൻ വിശദീകരിച്ചു കൊടുത്തു. അതനുസരിച്ച് അയാൾ ഇവരെ ഉപദേശിച്ചുവെങ്കിലും ഫലമുണ്ടായില്ല... വില്ലേജിൽ നിന്ന് സുബൈർ ആളെ കൊണ്ടുവന്നെങ്കിലും വന്നവർ ഞങ്ങൾക്കനുകൂലമായി സംസാരിച്ചത് അയാളിൽ വൈരാഗ്യം വളർത്തി....ഞങ്ങൾ പണം കൊടുത്ത് മറിച്ചതാണെന്ന് ആരോപിച്ചു.. സത്യത്തിൽ ഞങ്ങൾ മനസറിഞ്ഞ കാര്യമല്ല അത്..... ഇത്തരം കാര്യങ്ങളിൽ പൈസ ചിലവാക്കുന്നത് മജുവിന് ഇഷ്ടമുള്ള കാര്യവുമല്ല.....
പിന്നീട് ഈ ദേഷ്യം തീർക്കാൻ സുബൈർ ചെയ്തത് ഞാൻ ചെടികൾ വച്ചുപിടിപ്പിച്ചിരുന്ന ചെടിച്ചട്ടികൾ എല്ലാം രാത്രിയിൽ നശിപ്പിക്കുകയായിരുന്നു..... എനിക്ക് ചെടികളോടുള്ള സ്നേഹം അയാൾക്ക് നന്നായിട്ടറിയാമായിരുന്നു..... രാവിലെ നോക്കുമ്പോൾ പൊട്ടിക്കിടക്കുന്ന ചട്ടികൾ കണ്ട് ഞാനേറെ വിഷമിച്ചുവെങ്കിലും പ്രതികരിച്ചില്ല...
പിന്നീട് ഒരു ദിവസം രാത്രി എന്തോ ഒടിയുന്ന ശബ്ദം കേട്ട് ജനലിലൂടെ നോക്കിയപ്പോൾ ഞങ്ങൾ നട്ടുവളർത്തിയ നെല്ലിയുടെ കൊമ്പ് വട്ടം ഒടിച്ചിടുന്നതും ഞാൻ കണ്ടു.... തെങ്ങിൻതൈയുടെ കൂമ്പിൽ എന്തോ ഒഴിച്ച് അത് നശിപ്പിച്ചു കളയുകയും ചെയ്തു...ഇങ്ങനെയെല്ലാം
ചെയ്ത് ഞങ്ങളുടെ മനസിനെ തകർക്കുക
എന്ന ഉദ്ദേശത്തിൽ പലതും ചെയ്തു കൊണ്ടിരുന്നു... എന്നാൽ വഴക്കിന് താൽപര്യമില്ലാത്തതിനാൽ പല കാര്യങ്ങളും ഞാൻ മജുവിൽ നിന്നും മറച്ചു വച്ചു....കാരണം പുരുഷൻമാർ വൈരാഗികളായാൽ സംഭവിക്കുന്ന വിപത്ത് എന്താണെന്ന് എനിക്ക് ഊഹിക്കാൻ കഴിയുമായിരുന്നു.....
എന്നിട്ടും അയാൾ അടങ്ങിയിരുന്നില്ല... ക്രിമിനലുകളുടെ കേസ് വാദിക്കുന്നതിൽ മിടുക്കനായ ഹക്കീം എന്ന വക്കീലിനെ കേസ് ഏൽപിച്ചു.... ഞങ്ങൾക്ക് വക്കീൽ നോട്ടീസ് വന്നു..... അതിൽ ഞങ്ങൾ വഴി തടസ്സപെടുത്തുന്നു, അവകാശമുള്ളത് നൽകുന്നില്ല എന്നെല്ലാം ഉണ്ടായിരുന്നു.... അദ്ദേഹത്തെ ചെന്ന് കാണേണ്ട ദിവസവും സമയവും അതിൽ ഉണ്ടായിരുന്നു...... ഞാനാകെ ടെൻഷൻ ആയി..... എങ്കിലും സംഭവിച്ചതിനെ ഓർത്ത് വിഷമിക്കുന്നതിനേക്കാൾ നല്ലത് വരുന്നതിനെ എങ്ങനെ നേരിടാമെന്ന ചിന്തയാണെന്നുറപ്പിച്ച് മനസിനെ തയ്യാറാക്കി..... മുൻകോപക്കാരനായ മജുവിനെ ഒറ്റക്ക് വിടുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി.... കാരണം സുബൈർ കേസ് കൊടുത്തത് മജുവിനേയും ദ്വേഷ്യത്തിലാക്കിയിരുന്നു.... അവർ പരസ്പരം തർക്കത്തിൽ ഏർപ്പെടുന്നതിനെ ഞാൻ അങ്ങേയറ്റം ഭയപ്പെട്ടു... അതിനാൽ
ഞാൻ കൂടെ വരാമെന്ന് പറഞ്ഞ് ഞങ്ങൾ രണ്ടാളും ഓഫീസിലെത്തി......
വക്കീൽ ഞങ്ങളോട് ഇരിക്കാൻ ആവശ്യപ്പെട്ടു.... അപ്പോൾ സുബൈർ എത്തിയിരുന്നില്ല.......
തുടക്കത്തിൽ വക്കിൽ ഞങ്ങളോട് കുറച്ച് കർക്കശമായി സംസാരിച്ചു.... ഇതെല്ലാം കേട്ട് മജുവിന് പെട്ടെന്ന് ദേഷ്യം വരുമെന്നറിയാവുന്നതിനാൽ മജുവിന്റെ കൈ പിടിച്ചമർത്തി ഞാൻ സംസാരിക്കാം എന്ന് ആംഗ്യം കാണിച്ചു... പിന്നിട് അവർ ഞങ്ങൾക്കെതിരെ ആരോപിച്ചിരുന്ന ഓരോ കാര്യങ്ങളിലും സൗമ്യമായി അദ്ദേഹത്തിന് വിശദീകരണം നൽകി....... അദ്ദേഹതെല്ലാം സശ്രദ്ധം കേട്ടുകൊണ്ടിരുന്നു.... പിന്നിട് ഞാനദ്ദേഹത്തോട് പറഞ്ഞു.... സാറിന് ശരിയെന്ന് തോന്നുന്ന തീരുമാനം എടുക്കുക... അതാരുടെ ഭാഗത്താണ് ന്യായം എന്ന് മനസിലാക്കിയതിനു ശേഷം മാത്രം....
ഞങ്ങളുടെ ഭാഗത്താണ് തെറ്റെങ്കിൽ അത് തിരുത്തുവാൻ ഞങ്ങൾക്ക് യാതൊരു പ്രയാസമില്ല.... അവർക്ക് അങ്ങനെയൊരു അവകാശം ഉണ്ടെങ്കിൽ അത് പിടിച്ചു വക്കേണ്ട ആവശ്യവും ഞങ്ങൾക്കില്ല..... മരിച്ചു പോകുമ്പോൾ ഇതെല്ലാം കൊണ്ടു പോകുമെന്ന് വിശ്വസിക്കുന്നുമില്ല..... അതു കൊണ്ട് തന്നെയാണ് ഇത്രയെല്ലാം ഉപദ്രവം ചെയ്തിട്ടും ഞങ്ങൾ പ്രതികരിക്കുകയോ അവർക്കെതിരെ ആരോടും സംസാരിക്കുകയോ ചെയ്യാതിരുന്നത്...അവർ കടന്നു പോകുമ്പോൾ അറിയാതെ പോലും പൊട്ടിച്ചിരിക്കരുത് എന്നാണ് ഞാൻ മക്കളേട് പറഞ്ഞിട്ടുള്ളത്...
കാരണം അതവരെ പരിഹസിച്ചാണെന്ന് അവർ തെറ്റിദ്ധരിക്കും എന്ന് കുട്ടികളെ പറഞ്ഞ് മനസിലാക്കിയിട്ടുമുണ്ട്..... ഇതിൽ കൂടുതൽ എന്താണ് ഞങ്ങൾ ചെയ്യേണ്ടത്?നല്ലൊരു തീരുമാനമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.
എല്ലാം കേട്ട ശേഷം അദ്ദേഹം മജുവിനോട് ചോദിച്ചു.... നിങ്ങൾ തമ്മിൽ നേരിട്ട് വഴക്ക് ഉണ്ടായിട്ടുണ്ടോ എന്ന്...ഇല്ല എന്ന മറുപടിക്ക് ഉത്തരമായി അദ്ദേഹം തുടർന്നു...... ഞാനനേകം കേസുകൾ കൈകാര്യം ചെയ്യുന്ന ആളാണ്...... മിക്കകേസുകളിലും പ്രശ്നങ്ങൾ ഒതുക്കി കൊണ്ടു വരുമ്പോൾ അവിടെയെല്ലാം സ്ത്രീകളാണ് പരസ്പരം കുത്തുവാക്കുകൾ പറഞ്ഞും ഓരോന്ന് ഇരട്ടിയാക്കി പെരുപ്പിച്ച് ഭർത്താവിനോട് പറഞ്ഞ് അത് കൊലപാതകം വരെ കൊണ്ടെത്തിക്കുന്നതും........ഈ കേസിൽ
നിങ്ങളുടെ ഭാര്യയുടെ സംയമനമാണ് പ്രശ്നത്തെ ഒതുക്കി നിർത്തിയത്.... സത്യം പറഞ്ഞാൽ സുബൈർ എന്നെ കാണാൻ വന്നപ്പോൾ തന്നെ എന്റെ ഫീസ് നിർബന്ധമായി എന്നെ ഏൽപ്പിച്ചിരുന്നു... അതു കൊണ്ട് തന്നെ ഞാൻ അയാളുടെ കൂടെയാണ് നിൽക്കേണ്ടതും...... നിങ്ങളെ ഒന്ന് വിരട്ടി എല്ലാം അയാൾക്കനുകൂലമായി കൊണ്ടുവരാൻ തീരുമാനിക്കുകയും ചെയ്തതാണ്..എന്നാൽ നിങ്ങളുടെ കാര്യത്തിൽ ഞാനൊന്ന് മാറ്റി ചിന്തിക്കുകയാണ്... എന്ന് പറഞ്ഞ് അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു.........
അൽപം കഴിഞ്ഞ് സുബൈർ വന്നു... വക്കീൽ അയാളുമായി സംസാരിച്ചു..... അവസാനം അദ്ദേഹം പറഞ്ഞു.... ഞാനെല്ലാം വായിച്ചു സുബൈർ... ഇവരുടെ കയ്യിലുള്ള മുന്നാധാരത്തിൽ കൃത്യമായി കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്... അതിനാൽ നിങ്ങൾ 2 വീട്ടുകാരും സഹകരിച്ച് ഒത്തു പോകുന്നതാണ് നല്ലത്....ഇവർക്കതിന് യാതൊരു ബുദ്ധിമുട്ടുമില്ല.....നിങ്ങളെ അവർ ബുദ്ധിമുട്ടിക്കുകയുമില്ല..ഇനിയും തനിക്കതിന് പ്രശ്നമാണെങ്കിൽ താനാ സ്ഥലം ഇവർക്ക് വിറ്റിട്ട് വേറെ സ്ഥലത്ത് താമസമാക്കുന്നതല്ലേ നല്ലത്? വക്കീലിന്റെ സംസാരം കേട്ട് സുബൈർ ആകെ വല്ലാതായി.... അയാൾക്ക് മറുപടി ഉണ്ടായിരുന്നില്ല.... കാരണം ക്രിമിനൽ കേസുകൾ വാദിക്കുന്ന വക്കീലാണ്... എത്ര വലിയ കളവിലൂടെയും കാര്യം നേടുന്നയാൾ..... എന്നിട്ടും എന്തു പറ്റിയെന്നയാൾ അൽഭുതപ്പെട്ടു........
അങ്ങനെ ഒരു പൈസ പോലും ചിലവില്ലാതെ ഞങ്ങളതിൽ വിജയിച്ചു തിരിച്ചു പോന്നു.....
പീന്നീടെന്താകുമെന്ന് ചിന്തിക്കാമല്ലോ... സുബൈറിന് ഞങ്ങളോട് വൈരാഗ്യം ഒന്നുകൂടി കൂടി..... പ്രത്യേകിച്ച് എന്നോട്..... ഞാനാണ് മജുവിന്റെ ശക്തി എന്ന ചിന്തയായിരുന്നു അത്.... ആ വൈരാഗ്യത്തിൽ അയാൾ പലരോടടും പറഞ്ഞതായറിഞ്ഞു.... ഞാനീ വീട് ആണുങ്ങളുടെ ഹോസ്റ്റലാക്കും, റസിയയും,വളർന്നു വരുന്ന 3 പെൺകുഞ്ഞുങ്ങൾ ഉണ്ടല്ലോ അവിടെ.... ഞാൻ കാണിച്ചു തരാം എന്ന്..... ഇത് കേട്ട് എന്റെ മനസ് വേദനിച്ചത് എത്രയെന്നറിയില്ല... കാരണം സ്നേഹത്തിലായിരുന്നപ്പോൾ അവർ കൊഞ്ചിച്ചു കൊണ്ടു നടന്നിരുന്ന മക്കളാണവർ... അവർക്കും ഒരു മകൾ ഉള്ളത് അയാൾ ഓർത്തില്ലല്ലോ എന്ന് ചിന്തിച്ച് എനിക്ക് വല്ലാത്ത വിഷമം തോന്നിയെങ്കിലും എല്ലാം ദൈവത്തിൽ അർപ്പിക്കുന്നതാണ് നല്ലതെന്ന് വിശ്വസിച്ചു...
എന്റെ മക്കളാണെങ്കിലോ... ഞങ്ങൾക്ക് ഇരുകൂട്ടർക്കും ഒരു പേരും. നൽകി....
ഞങ്ങൾ ഇന്ത്യയും അവർ പാക്കിസ്ഥാനും...
ഒരുമിക്കാൻ യാതൊരു ചാൻസുമില്ലാത്ത ബന്ധം.
വഴിയുടെ കാര്യത്തിൽ പിന്നീട് വേറെ മാർഗമില്ലാതെ വന്നപ്പോൾ അവർ ആ സ്ഥലം വിറ്റു അവിടെ നിന്നും പോയി.... നാലഞ്ചു വർഷങ്ങൾ കഴിഞ്ഞു....
പിന്നീട് ഞാനറിയുന്നത് അവരുടെ മകൾ ഒരു പയ്യനുമായി ഒളിച്ചോടിപോയി എന്നതാണ്....... വാപ്പാക്കെതിരെ മകൾ കോടതിയിൽ സംസാരിക്കുകയും ചെയ്തത്രേ.... എങ്ങനെയോ ആ കുട്ടിയെ അവിടെ നിന്നും കൊണ്ട് വന്ന് മറ്റൊരു വിവാഹം കഴിപ്പിച്ചയക്കേണ്ടിയും വന്നു..... അതിനു ശേഷം അവർക്ക് രണ്ടു പേർക്കും എവിടെയെങ്കിലും വച്ച് എന്നെ കണ്ടാൽ നേരിടാൻ ബുദ്ധിമുട്ടായി തുടങ്ങി... എവിടെയെങ്കിലും വച്ച് കണ്ടാലുടനെ തലതാഴ്ത്തും.... മജുവിന്റെ ജ്യേഷ്ഠന്റെ വീട്ടിൽ ചെന്ന് അവർക്ക് തെറ്റുപറ്റിയെന്നും ഞാനായിരുന്നു ശരി എന്നും സുബൈർ പറഞ്ഞത്രേ.....അവരുടെ ആ വിഷമം എനിക്ക് മനസിൽ വേദനയുണ്ടാക്കി...... കാരണം ഞാനെന്റെ ജീവിതത്തിൽ ആരേയും വെറുതെ സ്നേഹിക്കാറില്ല..... ഒരു സമയത്ത് ഞാനവരേയും സ്നേഹിച്ചിരുന്നതാണല്ലോ..?
ഒന്നും പ്രതീക്ഷിക്കാതെ തന്നെ എല്ലാവരേയും സ്നേഹിക്കാനാണ് എന്റെ മാതാപിതാക്കളെന്നെ പഠിപ്പിച്ചിട്ടുള്ളത്ത്..... അവരുടെ നിഷ്കളങ്കമായ സ്നേഹമാണെന്റെ മാതൃക......
പിന്നീട് ഒരു ദിവസം ഞാൻ ഹോസ്പിറ്റലിൽ പോയപ്പോൾ അവിടെ സുബൈറിന്റെ ഉമ്മ സുഖമില്ലാതെ കിടക്കുന്നുണ്ടെന്നറിഞ്ഞ് അവരെ പോയി കണ്ടു... ആ സമയം അവിടെ ബീവിയുണ്ടായിരുന്നു... ഉമ്മാനോട് സംസാരിച്ച ശേഷം ഞാൻ തിരിഞ്ഞപ്പോൾ ഞങ്ങൾ പരസ്പരം കണ്ടു... ഒരു പരുങ്ങലോടെ നിന്ന അവരുടെ അടുത്ത് ചെന്ന് ഞാൻ കൈ പിടിച്ചു.... അത് കാത്തുനിന്ന പോലെ എന്റെ കൈയിൽ മുറുകെ പിടിച്ച് ഒന്നും മനസിൽ വക്കല്ലേട്ടോ എന്നു പറഞ്ഞപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു..... അതെല്ലാം കഴിഞ്ഞു പോയതല്ലെ... സാരമില്ല എന്ന് പറഞ്ഞ് തോളിൽ തട്ടി ഞാൻ തിരിഞ്ഞു നടന്നു... ഇതിനിടെ ഭർത്താവുപേക്ഷിച്ച ഒരു സ്ത്രീയെ സുബൈർ രജിസ്റ്റർ മാര്യേജ് ചെയ്തതായും അറിഞ്ഞു..... ബീവിയുടെ ദുഃഖം എനിക്കൂഹിക്കാമായിരുന്നു.....
അവരെത്ര വേദനിച്ചിട്ടുണ്ടാകും എന്നത് എന്നെ അസ്വസ്ഥയാക്കി....കാരണം അയാൾക്ക് മുൻപിൽ പ്രതികരിക്കാൻ അവർ അശക്തയാണെന്ന് എനിക്ക് നന്നായിട്ടറിയാമായിരുന്നു..... ഒന്നിനും കാത്തു നിൽക്കാതെ ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു....
രണ്ടാഴ്ച മുൻപ് മജുവിന്റെ വിളി കേട്ടാണ് ഞാൻ മുൻവശത്തേക്ക് ചെല്ലുന്നത്... അവിടെ കണ്ട ആളെ കണ്ട് യഥാർത്ഥത്തിൽ ഞാൻ വല്ലാതായി... സുബൈർ.... പെട്ടെന്ന് തന്നെ പരിഭ്രമം മാറ്റി വച്ച്... ഇരിക്കുവാൻ ഞാനയാളോട് ആവശ്യപ്പെട്ടു....... മജുവും കൂടെ ഇരുന്നു.... അപ്പോൾ അയാൾ തുടർന്നു..... മകന്റെ വിവാഹമാണ്... നിങ്ങൾ വരണം... തലേ ദിവസവും അന്നേ ദിവസവും പങ്കെടുക്കണം....
ഒരു നിമിഷം എന്റെ മനസിലൂടെ പഴയ കാര്യങ്ങൾ
കടന്നു പോയെങ്കിലും വിവേകം കൊണ്ട് അതിനെ അടിച്ചമർത്തി കൊണ്ട് ഞാൻ പുഞ്ചിരിച്ചു......
എഴുന്നേൽക്കാൻ പോയ അയാളെ തടഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു...... ഇരിക്കു ഒരു ഗ്ലാസ് ജ്യുസ് എടുക്കട്ടെ..എന്നാൽ സന്തോഷത്തോടെ
എന്നെ തടഞ്ഞു കൊണ്ടയാൾ പറഞ്ഞു...... ഒന്നും വേണ്ട... എന്നിട്ട് എന്റെ മുഖത്ത് നോക്കി....... ഒരു ഗ്ലാസ് പച്ചവെള്ളം തരു... അത് മതി... എനിക്ക് വിഷമം തോന്നേണ്ട എന്നു കരുതിയാകണം......... അത് വാങ്ങി കുടിച്ച ശേഷം യാത്ര പറഞ്ഞ് ഇറങ്ങി പോയി.......
മജു എന്നോട് ചോദിച്ചു... എന്ത് വേണം? ആ ചോദ്യത്തിന് ഒരു കാരണവുമുണ്ട്... വഴക്കായിരുന്ന സമയത്ത് മജുവിന്റെ അനിയന്റെ കല്യാണത്തിന് മജു അവരെ ക്ഷണിച്ചിരുന്നെങ്കിലും അവർ വന്നില്ലെന്ന് മാത്രമല്ല വിളിച്ചതിന് പരിഹസിച്ച് സംസാരിച്ചതും അറിഞ്ഞിരുന്നു.... ഞങ്ങളന്ന് ചിന്തിച്ചത് ആദ്യം വഴക്ക് തീർക്കുന്നവർക്കാണ് അല്ലാഹു പ്രതിഫലം നൽകുക എന്നത് മാത്രമാണ്..... അല്ലാതെ അവർക്ക് മുൻപിൽ താഴേണ്ട യാതൊരു ആവശ്യവുമുണ്ടായിട്ടല്ല..... അത് മനസിലാക്കാതെ അന്നത്തെ അഹങ്കാരത്തിൽ അവരത് പുച്ഛിച്ച് തള്ളി..... അപ്പോഴതിൽ വേദന തോന്നിയെങ്കിലും പിന്നീട് അതും വിട്ടു കളയാൻ തീരുമാനിച്ചിരുന്നു....
ഞാൻ മജുവിനോട് പറഞ്ഞു.... വിവാഹ ദിവസം എന്ത് പ്രതിസന്ധികൾ ഉണ്ടായിരുന്നാലും എനിക്ക് അതിൽ പങ്കെടുക്കണം..... ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കുന്നതാണ് മര്യാദ.... ഇല്ലെങ്കിൽ നമ്മളും അവരും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്? അത് കേട്ട മജു ചിരിച്ചു കൊണ്ട് തലയാട്ടി...
കല്യാണത്തിന്റയന്ന് മോൾക്ക് നല്ല പനിയും ഛർദ്ദിയും... തൽക്കാലം പനിയുടെ ഗുളിക കൊടുത്ത് തിരിച്ച് വന്ന് ഹോസ്പിറ്റലിൽ പോകാം എന്നും പറഞ്ഞ് ഞാൻ കല്യാണത്തിന് പോയി... എന്നെയവിടെ കണ്ട നാട്ടുകാരിൽ പലരും അൽഭുതത്തോടെ നോക്കുകയും, പിന്നീട് വളരെ സന്തോഷത്തിൽ വന്ന് എന്നോട് സംസാരിക്കുകയും ചെയ്തു... കാരണം ഞങ്ങൾക്കിടയിലെ പ്രശ്നങ്ങൾ എല്ലാവർക്കുമറിയുന്നതാണല്ലോ?
ഈ സമയമാണ് ബീവി എന്നെ കാണുന്നത്... വേഗം വന്ന് എന്നെ കെട്ടിപ്പിടിച്ചു .... സന്തോഷവും, സങ്കടവും കൊണ്ട് ആ കണ്ണുകൾ നിറഞ്ഞിരുന്നു. എന്നിട്ടെന്നോട് പറഞ്ഞു....... വീട്ടിൽ കല്യാണം വിളിച്ചത് സുബൈർ പറഞ്ഞിരുന്നു... എന്നാൽ വരുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
എന്നാലും നീ വന്നല്ലോ... സന്തോഷമായി... നമ്മൾ എങ്ങനെ ജീവിച്ചിരുന്നവരായിരുന്നു... തെറ്റുകൾ പറ്റിപ്പോയി... പൊറുത്തേക്കണേ......
ഞാനവരോട് പറഞ്ഞു...എനിക്ക് കുഴപ്പമില്ലാത്തതു കൊണ്ടല്ലെ വന്നത്...... പിന്നെന്തിനാണ് ഇതെല്ലാം വീണ്ടും ആവർത്തിക്കുന്നത്.... എനിക്ക് നിങ്ങളോടൊന്നും യാതൊരു വിഷമവുമില്ല.....
എന്റെ വാക്കുകൾ അവർക്ക് നൽകിയ സന്തോഷം നല്ലൊരു ചിരിയായി ആ മുഖത്ത് വിടർന്നു...... ഉടനെ ബീവിയുടെ വീട്ടുകാരെല്ലാം എനിക്കു ചുറ്റും കൂടി .... അവർക്കെല്ലാം ഞങ്ങളുടെ പഴയ സ്നേഹം അറിയാമായിരുന്നല്ലോ ?എത്ര നാളായി കണ്ടിട്ട് 'എന്നെല്ലാം പറഞ്ഞ് വിശേഷങ്ങൾ പങ്കുവെച്ചു...
ബീവി എന്നെ കൈപിടിച്ച് സ്റ്റേജിലേക്ക് കൊണ്ടുപോയി ....മകനോട് ദാ.... ഇതാരാ വന്നിരിക്കുന്നത് എന്ന് നോക്കു എന്ന് പറഞ്ഞ് എന്നെ മരുമകൾക്കും പരിചയപ്പെടുത്തി.....
എന്നിട്ട് പറഞ്ഞു... ഇവരേയും കൂട്ടി ഞാനങ്ങോട്ടേക്ക് വരാം കേട്ടോ... ഞാനത് സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു...
മനസിലെ ഭാരങ്ങളെല്ലാം പെയ്തൊഴിഞ്ഞതുപോലെ.... ഒരപ്പൂപ്പൻ താടി പോലെ മനസ് പാറി പറക്കുന്ന പോലൊരനുഭവം...
തിരിച്ചു നടക്കുന്നതിനിടയിൽ ഞാൻ ചിന്തിച്ചു... എന്റെ മാതാപിതാക്കൾ പഠിപ്പിച്ച പാഠങ്ങൾ തന്നെയാണ് ശരിയെന്ന് ഒരിക്കൽ കൂടി അനുഭവം തെളിയിച്ചിരിക്കുന്നു.... അതെ അതാണ് ശരി. നന്മയും സ്നേഹവും മുറുകെ പിടിക്കുക.. ആരിൽ നിന്നും ഒന്നും ആഗ്രഹിക്കാതെ തന്നെ ......
ശരിക്കും ഇതല്ലേ യഥാർത്ഥ പ്രതികാരം.... ആർക്കും ദോഷം വരാത്ത പ്രതികാരം... എല്ലാവർക്കും സന്തോഷവും, സമാധാനവും നൽകുന്ന പ്രതികാരം...
ഒരു മധുരമായ പ്രതികാരം
(Raziya Maju)

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo