Slider

എന്റെ ചാലക്കുടി ഓർമകൾ,,,,, കിട്ടേട്ടൻ

0
House Insurance, Protect, Home, Care, Safe, Hands

ഞങ്ങളുടെ വീടിനു മുൻപിലൂടെ പോകുന്ന റോഡിന്റെ ഇരുവശവും വീടുകളുണ്ട് .... റോഡിനു കുറച്ച് താഴെയായിട്ടാണ് ഞങ്ങളുടെ വീട്...വീടിന് പുറകു വശത്തേക്ക് സ്ഥലവും അതിനു താഴെ വിസ്തൃതമായ പുത്തൂപാടവും..... റോഡിന് എതിർവശത്ത് മുകളിലായി താമസിച്ചിരുന്ന ഞങ്ങളുടെ ഒരു അയൽവാസിയായിരുന്നു കിട്ടേട്ടൻ....
കിട്ടു എന്നാണ് പേര്...കൽപ്പണിയാണ് ജോലി....
ഭാര്യ ശാന്തയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബം..... അതിനോടൊപ്പം പുള്ളിക്കാരന്റെ ഉത്തരവാദിത്വ ക്കുറവിൽ സ്വയം വരുത്തിവക്കുന്ന ദാരിദ്യവും കൂടെപിറപ്പായി കൂടെയുണ്ടായിരുന്നു......
ഞങ്ങൾ അയൽവാസികളെല്ലാം ജാതി മത ഭേദമന്യേ.... വളരെ സൗഹ്യദത്തിലും, സ്നേഹത്തിലുമാണ് അവിടെ കഴിഞ്ഞ് വന്നിരുന്നത്....... അവിടെ പണത്തിനോ, പദവിക്കോ, സ്ഥാനമാനങ്ങൾക്കോ. ഒന്നും പ്രത്യേകതയുണ്ടായിരുന്നില്ല...
എന്റെ നാട്ടിലുള്ളവരെല്ലാം തന്നെ പ്രായഭേദമന്യേ... എന്റെ വാപ്പാനെ സായ് വ് എന്നും, ഉമ്മാനെ ഞങ്ങൾ വിളിക്കുന്ന പോലെ ഉമ്മയെന്നുമാണ് വിളിച്ചിരുന്നത്..... എന്നെയാവട്ടെ.........'ആകിലുക്കാംപെട്ടിയെവിടെ 'എന്ന് പറഞ്ഞാണ് അന്വേഷിക്കുക....
എന്റെ ഇത്തയാണെങ്കിൽ നേരെ തിരിച്ചും.... ആ വീട്ടിൽ അങ്ങനെയൊരാൾ ഉണ്ടോയെന്ന് വിളിച്ചന്വേഷിക്കേണ്ടി വരും....
ഞങ്ങൾ കുട്ടികൾക്ക് എല്ലാ വീട്ടിലും ഒരുപോലെ സ്വാതന്ത്ര്യമുണ്ടായിരുന്നു..
എന്റെ വീട്ടുകാർ മാത്രമേ അവിടെ മുസ്ലിം കുടുംബമായിട്ടുള്ളു.... എല്ലാ ദുശ്ശീലങ്ങളിൽ നിന്നും വിട്ടു നിൽക്കുന്ന വാപ്പാനെ എല്ലാവർക്കും വലിയ കാര്യമായിരുന്നു.... വലിയ ബഹുമാനവും.... അത് കൊണ്ട് തന്നെ എന്ത് തെറ്റ് ആരിൽ കണ്ടാലും അത് പറഞ്ഞ് കൊടുക്കുവാനും, വഴക്ക് പറയാനുമുള്ള അവകാശം അവർ വാപ്പാക്ക് നൽകിയിരുന്നു.....
കൂടുതലും അന്യമതസ്ഥരായതിനാൽ അവർക്ക് ജോലി കഴിഞ്ഞാൽ അൽപം മദ്യപിക്കുന്ന സ്വഭാവമൊക്കെയുണ്ട്....
എന്നാൽ അവരെ സംബന്ധിച്ച് അതത്ര വലിയ തെറ്റൊന്നുമായിരുന്നില്ല...
പിന്നെ അത് മൂലം മറ്റുള്ളവർക്ക്...... അവരെ കൊണ്ട് ഒരുപദ്രവവും ഉണ്ടായിരുന്നില്ല....
ഇടക്ക് എന്തെങ്കിലും ഒരു പ്രശ്നം അവരുടെ വീടുകളിൽ തന്നെ ഉണ്ടായാൽ അതിന് സംസാരിക്കാനും, വഴക്കു പറയാനും ധൈര്യമായി ചെല്ലുന്നത് വാപ്പയായിരുന്നു...
ഉമ്മയാണെങ്കിൽ ധാനധർമം ജീവിതത്തിന്റെ ഭാഗമാക്കിയ വ്യക്തിയായിരുന്നു..... ഉമ്മാടെ ഭക്ഷണം പാകം ചെയ്യുന്നതിലെ കൈപ്പുണ്യവും, രുചിയും ഒന്ന് വേറെതന്നെയാണ്.... അവിടുള്ളവർക്ക് ഏറ്റവും പ്രിയപ്പെട്ടത് ഉമ്മയുണ്ടാകുന്ന പത്തിരിയും, ഇറച്ചിക്കറിയും തന്നെ......
ആർക്കെങ്കിലും വല്ല കഷ്ടപ്പാടും ഉണ്ടെന്നറിഞ്ഞാൽ പിന്നെ ഉമ്മ അവരുടെ വീട്ടിൽ ഇടക്കിടെ ചെന്ന് ഭക്ഷണമുണ്ടോയെന്നെല്ലാം അന്വേഷിക്കുo...... ഇന്നത്തെ പോലെയല്ല അന്ന്... മിക്കവീടുകളിലും കഷ്ടപ്പാടും ദാരിദ്ര്യവും ഒക്കെയുണ്ട്....
ഉമ്മാനെ കാണുമ്പോൾ അവർ പറയും.....' ഇല്ല ഉമ്മ ചോറൊക്കെ വച്ചിട്ടുണ്ട് .'.... അങ്ങനെ പറഞ്ഞാലും ഉമ്മ വിശ്വാസം വരാതെ അടുക്കളയിൽ ചെന്ന് പാത്രമെല്ലാം തുറന്ന് നോക്കും.......
ഉമ്മ ചിന്തിക്കുന്നത് മിക്കവാറും ശരിയായിരിക്കും.... അതിൽ ഒന്നു മുണ്ടാകില്ല...... ഉടനെ ഉമ്മ ഭക്ഷണവുമായി ചെന്ന് ദ്യേഷ്യപ്പെടും.... നിങ്ങൾ വേണമെങ്കിൽ പട്ടിണി കിടക്ക്... എന്നാൽ കുഞ്ഞുങ്ങളെ പട്ടിണിക്കിടാൻ പറ്റില്ല എന്ന് പറയും..... ഇത് കേട്ട് കണ്ണു നിറയുന്ന അമ്മമാരെ ഞാൻ കണ്ടിട്ടുണ്ട്............
ഉമ്മാക്ക് എല്ലാവരോടും സ്നേഹമായിരുന്നു.... ഞങ്ങളുടെ വീട്ടിലെ ഏതു വിശേഷാവസരങ്ങളിലും അയൽവക്കത്തെ എല്ലാവരും പങ്കെടുക്കുമായിരുന്നു...... ഒരു കുടുംബം പോലെ.....
വലിയ വാഴയില വെട്ടി ...വ്യത്തിയാക്കി അതിലാണ് ഭക്ഷണം വിളമ്പുക.... വാപ്പാക്ക് വീടിനു മുൻപിൽ തന്നെ പലചരക്ക് കടയാണ്... ആ സമയം കടയിൽ വരുന്നവരെ കൂടി ഭക്ഷണം കഴിക്കാൻ വാപ്പനിർബന്ധിക്കും.....
പറഞ്ഞ് വന്ന് കഥ മാറിപ്പോയല്ലേ....
അപ്പോൾ നമ്മൾ പറഞ്ഞ് വന്നത് കിട്ടേട്ടനെ കുറിച്ചാണ്.... പണിയുള്ള സമയങ്ങളിൽ പുള്ളിക്കാരൻ വീരശൂര പരാക്രമിയാണ് കേട്ടോ?അൽപം അകത്ത് കൂടിയുണ്ടെങ്കിൽ വാചാലനാകും... ഭാര്യയെ വഴക്ക് പറഞ്ഞ് തല്ലും, പ്രശ്നവുമുണ്ടാക്കും... ആ അവസരം പ്രശ്ന പരിഹാരത്തിന് ശാന്തേച്ചി ഓടി വരുന്നത് ഉമ്മാടെ അടുത്താണ്...... ഉമ്മ ചെന്ന് കിട്ടേട്ടനെ.. വഴക്കുപറയും...... 'എന്താടാ നിനക്ക്... നീയെന്തിനാ അവളേയും കുഞ്ഞുങ്ങളേയും വിഷമിപ്പിക്കുന്നെ.... ആ കുട്ടികൾ പേടിച്ച് നിൽക്കുന്നത് കണ്ടില്ലേ...' എന്നെല്ലാം ചോദിക്കും...
ഉമ്മ എന്ത് പറഞ്ഞാലും പറയുന്നതെല്ലാം കേട്ട് പുള്ളിക്കാരൻ തല കുമ്പിട്ടിരിക്കുകയേ ഉള്ളു....... ഒരു മറുപടിയും പറയില്ല....
അതു വരെ കാണിച്ച ദ്യേഷ്യമൊന്നും അപ്പോഴുണ്ടാകില്ല..... അങ്ങനെ ആ വഴക്കവിടെ തീരും......
ജോലിയുള്ള അവസരത്തിലാണെങ്കിൽ പുള്ളി വീട്ടിലേക്ക് സാധനങ്ങൾ എല്ലാം വാങ്ങിക്കൊണ്ട് പോകും.. മഴക്കാലത്ത് പണിയുണ്ടാകില്ല... അപ്പോൾ അവിടെ പട്ടിണിയും തുടങ്ങും....... ആ സമയം കഥ മാറും... അൽപം അകത്ത് ചെല്ലാത്ത കിട്ടേട്ടൻ ആ സമയങ്ങളിൽ മുൻവശത്ത് ചമ്രം പടിഞ്ഞിരുന്ന് ശാന്തേച്ചിയുടെ വായിൽ നിന്ന് വരുന്ന എല്ലാ വഴക്കും കേട്ട് മിണ്ടാതിരിക്കും..... അപ്പോൾ ഇത്രയും പാവമായ മനുഷ്യൻ വേറെയുണ്ടാകില്ല.
ഇത് കണ്ട് ഞങ്ങൾ പലതവണ ചിരിച്ചിട്ടുണ്ട്....... ആ സമയങ്ങളിൽ കിട്ടേട്ടന് ശബ്ദമുണ്ടാകില്ല.....
ഇങ്ങനെയൊക്കെയാണെങ്കിലും...... ആളൊരു നല്ല കലാകാരനാണ് കേട്ടോ? കിട്ടേട്ടൻ ഓണപ്പാട്ടുകൾ നന്നായി പാടുകയും ചുവട് വക്കുകയും ചെയ്യും.
നല്ല ഘനഗംഭീര സ്വരത്തിലുള്ള ആ പാട്ടിനൊപ്പമുള്ള ചുവടുവയ്പ് ആരും നോക്കി നിന്നു പോകും...
ഓണത്തിന് നാട്ടിൽ ഓണംകളി മൽസരങ്ങൾ നടക്കും.. അതിനു വേണ്ടി എല്ലാവരേയും ഓണം കളി പഠിപ്പിക്കുന്നത് കിട്ടേട്ടനാണ്.....
ആ സമയങ്ങളിൽ കിട്ടേട്ടനെ എല്ലാവരും കിട്ടുവാശാൻ എന്നാണ് വിളിക്കുക.. ദക്ഷിണ വച്ച് അനുഗ്രഹം വാങ്ങിയാണ് കളി തുടങ്ങുന്നത്.... ആ ഭാഗത്തുള്ള ചെറുപ്പക്കാരെയാണ് ഇതിന് തിരഞ്ഞെടുക്കുക...കളി പഠിപ്പിക്കൽ തുടങ്ങി മൽസരത്തിൽ പങ്കെടുക്കുന്നതുവരെ എല്ലാവരും നല്ല ഉൽസാഹത്തിലായിരിക്കും..
ഞങ്ങൾ കുട്ടികളെ സംബന്ധിച്ച് ഇത് വളരെ രസകരമായ കാലഘട്ടമാണ്...
വെക്കേഷനായതിനാൽ വേണ്ടുവോളം, സ്വാതന്ത്ര്യം... ഊഞ്ഞാലാട്ടവും കളികളുമായി മതി മറന്ന് നടക്കും...
മൽസരങ്ങൾ കാണാൻ ഞങ്ങളും പോകും... കിട്ടേട്ടന് നോട്ട് മാലയും മറ്റും കിട്ടും.... അവരുടെ കളി ജയിച്ച് ട്രോഫി കിട്ടിയാൽ പിന്നെ ഞങ്ങൾക്കെല്ലാം ഭയങ്കര സന്തോഷമാണ്.
അത് ഞങ്ങൾക്ക് കിട്ടിയ ഫീലിംങ്ങ് ആണ്....... കാരണം ഞങ്ങളെല്ലാം സന്തോഷത്തിലും, സങ്കടത്തിലും ഒരുമിച്ച് നിൽക്കുന്നവരാണ്....
ട്രോഫി കൊണ്ട് വന്ന് വാപ്പാടെ കടയുടെ മുൻപിൽ പ്രദർശിപ്പിക്കും.. പിന്നെ അന്നത്തെ കാര്യങ്ങളെ കുറിച്ചും അത്ര നാളത്തെ അധ്വാനത്തെ പറ്റിയെല്ലാം ചർച്ച നടക്കും.... തമാശയും, കളിയും, ചിരിയുമായി എല്ലാവരുമതിൽ പങ്കു ചേരും......
ഇത്രയും ദിവസംഒരു ഗുരുവിന്റെ സ്ഥാനത്ത് നിന്നിരുന്ന കിട്ടേട്ടൻ ഇതെല്ലാം കഴിയുന്നതോടു കൂടി വീണ്ടും പഴയ രീതിയിലേക്ക് മാറും...... എന്തൊക്കെയാണെങ്കിലും ആള് മനസുകൊണ്ടൊരു പാവമാണ്.
എല്ലാവരോടും സ്നേഹവുമാണ്... ഇടക്ക്
വീട്ടിൽ വന്നിരുന്ന് പറയും... ഉമ്മ എന്റെ സ്വന്തം അമ്മ തന്നെയാണ്.. എന്റെ മക്കളെ പട്ടിണിക്കിട്ടിട്ടില്ല. ഞാനത് മരിച്ചാലും മറക്കില്ല.. അത്ര കടപ്പാടുണ്ട് .......എന്നൊക്കെ പറഞ്ഞ് കരയും....
എന്നാൽ ഉമ്മ വഴക്ക് പറയുന്ന പോലെ സ്നേഹത്തോടെ പറയും... നീയൊന്ന് പോട ഞാനെന്ത് ചെയ്തുവെന്നാ നീ പറയുന്നേ......
അതൊക്കെ അയൽവക്കമായാൽ പതിവാണ്.... ഇതിലൊക്കെ എന്തായിത്ര പറയാനുള്ളത് എന്ന് പറഞ്ഞ് പുള്ളിയെ ആശ്വസിപ്പിക്കും.....
ഈ സ്നേഹമൊക്കെ കണ്ടാണ് ഞങ്ങൾ കുട്ടികൾ വളർന്നത്...
അതൊരു കാലം.....
സഹകരണത്തോടുംസന്തോഷത്തോടും, ഒരുമയോടും കൂടി ജീവിച്ച ആ കാലഘട്ടങ്ങൾ ഇന്ന് ഓർമ മാത്രമാണ്.... ഇതെല്ലാം എങ്ങനെ മറക്കാൻ കഴിയും?
ഇന്ന് അയൽവക്കം എന്ന വാക്കു പോലും കേൾക്കാനില്ല... ഓരോ വ്യക്തികളും അവരവരുടെ കാര്യങ്ങൾ മാത്രം നോക്കി ജീവിക്കുന്നു....
പരസ്പര സ്നേഹമോ, ഐക്യമോ ഒന്നുമില്ലാതെ....... ആരുടെ സന്തോഷവും ദു:ഖവും തന്നെ ബാധിക്കുന്നില്ല എന്ന മട്ടിൽ......
ഇന്ന് കിട്ടേട്ടൻ ജീവിച്ചിരുപ്പുണ്ടോ എന്നു പോലും എനിക്കറിയില്ല... ഒന്നു പോകണം.. എല്ലാവരേയും അന്വേഷിക്കണം.. എന്നെല്ലാം ആഗ്രഹമുണ്ട്..... പോകണമെന്നു തന്നെ വിചാരിക്കുന്നു...... അന്നത്തെ ഓർമകളിൽ ഇങ്ങനെ എത്രയോ പേർ ഇപ്പോഴും മനസിന്റെയുള്ളിൽ ഓർമകളായി മായാതെ കിടക്കുന്നു........
ഇന്ന് ജാതിയുടേയും, മതത്തിന്റേയും പേരിൽ വിരോധത്തോടെയുള്ള പെരുമാറ്റവും.... അതിന്റെ സൂചനകളും കാണുമ്പോൾ മനസിനുണ്ടാകുന്ന നൊമ്പരവും, വേദനയും ചെറുതല്ല തന്നെ.........
എന്നാലും ഒരാശ്വാസത്തിന്റെ കണിക ഇപ്പോഴും ബാക്കിയുണ്ട്...
സ്നേഹത്തിന്റെ ഉറവ വറ്റിയിട്ടില്ലെന്നും അത് നശിച്ചു കെട്ടുപോകാതെ കുറെ മനസുകളിൽ നിലനിൽക്കുന്നുണ്ടെ
ന്നതിന്റേയും തെളിവ് പരവൂരിൽ വെടിക്കെട്ടപകടത്തിൽ നാം കണ്ടു....
ജാതി മത ഭേദമന്യേ ......എല്ലാത്തിനുമതീ തരായി ഒറ്റക്കെട്ടായി സഹകരികരിച്ച്. സഹായങ്ങൾ ഒഴുകിയെത്തിയതും......
മനുഷ്യൻ മനുഷ്യനെ തിരിച്ചറിഞ്ഞതും.... നാം കണ്ടു.....
ഈ ചിന്തയും, മനസും മനുഷ്യരുള്ളിടത്തോളം കാലം നിലനിൽക്കുവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു......

By: Raziya Maju
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo