നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കന്യക

 നീതൂ ഇത് കുറേതവണയായി നീയിങ്ങനെ ബ്രേക്കപ്പിനെക്കുറിച്ച് സംസാരിക്കുന്നു നിനക്ക് എന്നെ ഇഷ്ടമാകുന്നില്ലെങ്കില്‍ അത് തുറന്ന് പറഞ്ഞാല്‍ മതി . ഇങ്ങനെ ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് കഷ്ടപ്പെടണ്ട''
കടലിനോട് ചേര്‍ന്ന് കിടക്കുന്ന ഒരു ഓപ്പണ്‍ റസ്റ്റോറന്റില്‍ ഒരേ ടേബിളില്‍ എതിര്‍ കസേരയിലിരുന്ന മനു നീതുവിനോട് പൊട്ടിത്തെറിച്ചു.
അവന്റെ കോപത്തിന്റെ കാരണം തികച്ചും ന്യായമായിരുന്നു.
എഞ്ചിനിയറിംഗ് കോളേജില്‍ തന്റെ ജൂനിയറായിരുന്ന സുന്ദരിയായ ആ പാവാടക്കാരിയുടെ പിറകെ രണ്ട് വര്‍ഷം നടന്ന ശേഷമാണ് അവള്‍ തന്റെ ഇഷ്ടം അവനെ അറിയിച്ചത്
പിന്നീട് അവരുടെ നാളുകള്‍ ആയിരുന്നു . അവര്‍ എല്ലാം മറന്ന് സ്നേഹിച്ചു. അവന് അവള്‍ ജീവനായിരുന്നു. അവളെ നേടാന്‍ വേണ്ടിയാണ് പൊതുവേ ഉഴപ്പനായിരുന്നിട്ടും കഷ്ടപ്പെട്ട് പഠിച്ച് പാസായി ക്യാമ്പസ് ഇന്റെര്‍വ്യൂവില്‍ തന്നെ സെലക്ഷന്‍ നേടിയത്. ഇപ്പോള്‍ തരക്കേടില്ലാത്ത ജോലിയും നല്ല ശമ്പളവുമായിരിക്കുന്നു മാത്രമല്ല നീതുവിന്റെ കോഴ്സ് തീരാന്‍ ഇനി മാസങ്ങള്‍ മാത്രമേ ഉള്ളൂ. ഒരേപോലത്തെ കുടുംബക്കാരും പയ്യന് ജോലിയും ഉള്ളതിനാല്‍ കല്ല്യാണത്തിന് വേറെ തടസങ്ങളൊന്നുമില്ല. അക്കാര്യം പറയാനാണ് കാണണമെന്ന് പറഞ്ഞ് അവള്‍ക്കേറെയിഷ്ടപ്പെട്ടയിടത്തേക്കുതന്നെ വിളിച്ചുവരുത്തിയത് . എന്നാല്‍ കല്ല്യാണക്കാര്യം പറഞ്ഞപ്പോള്‍ പതിവ് പോലെ ഓരോ കാരണങ്ങള്‍ പറഞ്ഞ് അവള്‍ ഒഴിഞ്ഞു മാറുകയാണുണ്ടായത്.
അപ്പോഴാണ് ദേഷ്യം നിയന്ത്രിക്കാനാവാതെ അവന്‍ ഒച്ചയെടുത്തത് . എന്നാല്‍ അവള്‍ തലതാഴ്ത്തിയിരുന്നതല്ലാതെ ശബ്ദിച്ചില്ല.
''നീതൂ..'' തെല്ലൊന്ന് ശാന്തനായ ശേഷം അവന്‍ പറഞ്ഞു, '' നീ പറ ശരിക്കും എന്താ നിന്റെ പ്രശ്നം .. എത്ര നാള്‍ വേണമെങ്കിലും നിനക്കായി കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ നീയത് പറയണം.''
'' കാത്തിരിക്കണ്ട ..''
അവളുടെ ശബ്ദം ഇടറിയിരുന്നു.
''വാട്ട്? ഇതിനാണോ നമ്മള്‍ ഇത്രയും നാള്‍ സ്നേഹിച്ചു നടന്നത്. നീയെന്നെ കുരങ്ങ് കളിപ്പിക്കുകയായിരുന്നോ? കാര്യം എനിക്കറിയണം അതെന്തായാലും''
''ഞാന്‍ കന്യകയല്ല''
അവളുടെ ശബ്ദം ഇടിത്തീ പോലെ അവന്റെ നെഞ്ചില്‍ തറച്ചു.
ശബ്ദിക്കാനാവാതെ അവനിരുന്നപ്പോള്‍ അവള്‍ തുടര്‍ന്നു
'' എനിക്കറിയാം ഒരു ആണിനും സഹിക്കാന്‍ ആവാത്ത കാര്യമാണിത്. നിന്നോട് പറയണമെന്ന് പലവട്ടം ഒരുങ്ങിയതാണ് . എന്നാല്‍ നിന്റെ സ്നേഹം നഷ്ടപ്പെടുമോ എന്ന ഭയം ആയിരുന്നു എനിക്ക്. കന്യകാത്വം എന്തെന്നറിയുന്നതിനു മുന്‍പെ അത് നഷ്ടപ്പെട്ടവളാണ് ഞാന്‍. അയല്‍ വീട്ടിലെ കൗമാരക്കാരനായ പയ്യന്റെ കൗതുകം അവന്‍ തീര്‍ത്തത് ആറ് വയസ് പോലും തികഞ്ഞിട്ടില്ലാത്ത എന്റെ ശരീരത്തോടായിരുന്നു. വേദന കൊണ്ടന്ന് കരഞ്ഞുവെങ്കിലും എനിക്ക് സംഭവിച്ചത് എന്താണെന്ന ബോധം വരുന്ന പ്രായം വന്നതോടെ ആ ഓര്‍മകള്‍ എന്നും എന്നെ കരയിച്ചു. ഞാന്‍ സ്വയം വെറുക്കുകയായിരുന്നു . എന്നാല്‍ നീ എനിക്ക് തന്ന കളങ്കമില്ലാത്ത സ്നേഹം എന്നില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാക്കി. അത് നഷ്ടമാവാതിരിക്കാനാണ് ഞാന്‍ നിന്നോട് ഇത്രയും നാളും നിന്നോടിത് മറച്ചുവെച്ചത്.
എനിക്കറിയാം നീയെന്നല്ല ഒരാണിനും ഇത്തരം ഒരു പെണ്ണിനെ സ്വീകരിക്കാന്‍ പറ്റില്ല. നിനക്ക് വേറെ നല്ല ..''
'' നിര്‍ത്ത്.. ''
മനുവിന്റെ ശബ്ദം കേട്ട് അവള്‍ ഞെട്ടി എഴുന്നേറ്റു. അവനും എഴുന്നേറ്റ് അവളുടെയരികില്‍ ചെന്നു
'' നീ കന്യകയല്ലെന്നാരാ പറഞ്ഞേ.. എല്ലാം തുറന്ന് പറയാന്‍ നീ കാണിച്ച ഈ മനസുണ്ടല്ലോ, എന്നെ ചതിക്കുകയാണോ എന്നോര്‍ത്ത് നീറിപ്പുകഞ്ഞ ഈ മനസ് , അതിന്റെ വിശുദ്ധിക്ക് പകരം വയ്ക്കാന്‍ ഒന്നുമില്ല എനിക്കത് മതി. ചെറുപ്പത്തില്‍ നിന്നെയൊരു നായ കടിച്ചു അതിന്റ് മുറിവ് ഇത്രേം വര്‍ഷം നീയൊഴുക്കിയ കണ്ണുനീരില്‍ കരിഞ്ഞു . അത്രേയുള്ളൂ . നീ എന്റെ പെണ്ണാ എന്റെ മാത്രം .. എന്ത് വന്നാലും ഞാന്‍ ഉപേക്ഷിക്കില്ല..''
നീതുവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അവന്‍ അവളെ ചേര്‍ത്തു പിടിച്ചു. അവള്‍ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
'' നാളെ അച്ഛനും അമ്മയും നിന്റെ വീട്ടിലേക്കു വരും എന്റെ പെണ്ണിനെ കാണാന്‍.. ഒരുങ്ങി നിന്നോളണം''
അവളുടെ കാതോരം അവന്‍ മന്ത്രിച്ചു.
മുഖത്തു വിരിഞ്ഞ പുഞ്ചിരിയില്‍ അവളുടെ മിഴികളിലെ കണ്ണുനീര്‍ത്തുള്ളികള്‍ തിളങ്ങി
-അഞ്ജു നെല്ല്യാടന്‍

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot