നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അപരിചിതൻ

Image may contain: 1 person, eyeglasses, beard, selfie, closeup and indoor

"പടച്ചവൻ അല്ലെങ്കിൽ ദൈവം അങ്ങനെ ഒരാൾ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. ഭാഗ്യവും നിർഭാഗ്യവും ഓരോ മനുഷ്യരുടെയും ജീവിതത്തിലും ഉണ്ടാകും. എന്റെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഭാഗ്യവും നിർഭാഗ്യവും വന്നു പോയിട്ടുണ്ട്". അതും പറഞ്ഞു നവാസ് എന്നെ നോക്കി പുഞ്ചിരിച്ചു. തിരിച്ചു ഞാനും
നാട്ടിലേക്ക് ലീവിന് പോകുന്ന അവസരത്തിലാണ് എയർ ഇന്ത്യാ എക്സ്പ്രസ്സ്‌ വിമാനത്തിൽ വെച്ച് സഹയാത്രികനായ മലപ്പുറം സ്വദേശിയായ നവാസിന്റെ പരിചയപ്പെടുന്നതും എന്നാൽ ഞാൻ പോലും ചോദിക്കാതെ സംസാര പ്രിയനായ അവൻ സ്വന്തം ജീവിത കഥ എനിക്ക് മുന്നിൽ നിരത്തി. നാല് മണിക്കൂർ യാത്രയിൽ മുഷിയില്ലെന്ന് വിചാരിച്ചു ഞാൻ ഒരു കേൾവിക്കാരനായി.
ബിരിയാണി വെപ്പുകാരൻ ഹസ്സന്റെയും, ആമിനയുടെയും നാല് മക്കളിൽ മൂത്തവൻ. നവാസിന് താഴെ മൂന്ന് പെൺമക്കൾ.
പത്ത് സെന്റ്‌ സ്ഥലത്ത് ഓല മേഞ്ഞ ഒരു മുറിയും, ഹാളും, അടുക്കളയും അടങ്ങുന്ന ഒരു കൊച്ചു വീട്. വീടിന്റെ പിൻവശം നോക്കാത്ത ദൂരം പരന്നുകിടക്കുന്ന പാടശേഖരം . വീടിന്റെ ഇരുവശത്ത് കൂടെയും ഒഴുകുന്ന തോടുകൾ. ഒരു മീറ്റർ വീതിയിലുള്ള ഇരു തൊടുകൾക്കും മദ്ധ്യേ നീണ്ടു കിടക്കുന്ന ഒരറ്റയടിപ്പാത അതായിരുന്നു റോഡിൽ നിന്നും വീട്ടിലേക്കുള്ള വഴി.
കല്യാണത്തിനും, വിരുന്നുകൾക്കും ബിരിയാണി ഉണ്ടാക്കി കൊടുക്കുക അതായിരുന്നു ഉപ്പയുടെ ജോലി. ബിരിയാണിയുടെ വ്യത്യസ്തമായ രുചിമയം കാരണം ഒരുപാട് ആവശ്യക്കാർ ഉണ്ടായിരുന്നു എങ്കിലും വരുമാനം കുറവായിരുന്നു.
സ്കൂളിന് ഒഴിവുള്ള സമയങ്ങളിൽ ഉപ്പാനെ സഹായിക്കാൻ ഞാൻ പോയിരുന്നു. കല്യാണ വീട്ടിൽ രണ്ടു ദിവസമായിരുന്നു ഭക്ഷണം ഉണ്ടാക്കൽ അതായത് തലേദിവസവും പിറ്റേദിവസവും. ഉപ്പയുടെ കൂടെ പോകുന്ന അവസരങ്ങളിൽ രാത്രികാല ഉറക്കങ്ങൾ കൂടുതലും കല്യാണ വീട്ടിലെ ഭക്ഷണ ശാലയുടെ ഏതെങ്കിലും ഒരു മൂലയിൽ മേശകൾ ചേർത്തിട്ട്, കല്യാണ പന്തൽ മറക്കാൻ ഉപയോഗിക്കുന്ന വിരികൾ പുതച്ചാണ് ഉറങ്ങാറ്.
ഉപ്പയുടെ വരുമാനം കൊണ്ട് മാത്രം ഞങ്ങളുടെ വീട്ടിലെ സാമ്പത്തികമായ ചിലവുകൾ തികയാതെ വന്നപ്പോളാണ് ഉമ്മ അടുത്തുള്ള പണക്കാരുടെ വീടുകളിൽ അടുക്കള പണിക്ക് പോയി തുടങ്ങിയത്. സ്കൂൾ വിട്ടു വൈകുന്നേരങ്ങളിൽ വരുന്ന ഞങ്ങൾക്ക് ഉമ്മ പണിക്ക് പോയിരുന്ന വീടുകളിലെ ബാക്കി വരുന്ന ഭക്ഷണം കൊണ്ടുവന്നിരുന്നു. സ്കൂൾ വിട്ടു വരുമ്പോൾ ഉമ്മ ഇന്നു എന്ത് വിത്യസ്ത ഭക്ഷണമാണ് കൊണ്ട് വന്നിരിക്കുക എന്ന ആകാംഷ എപ്പോഴും ഉണ്ടായിരുന്നു ഞങ്ങൾ കുട്ടികൾക്ക്.
പഠനത്തിൽ ഒരുപാട് പിന്നിലായിരുന്ന ഞാൻ പത്താം ക്ലാസ്സിൽ തോറ്റപ്പോൾ കഷ്ടപ്പാടുകളും, പണ ലഭ്യതയും ഇല്ലാത്ത കാരണം തുടർ പരീക്ഷകൾക്കോ, പഠിക്കുവാനോ കഴിയാതെ പന്തലുപണിക്കും, കല്പണിക്കും പിന്നെ ഒഴിവു ദിവസങ്ങളിൽ ഉപ്പയെ ജോലിയിൽ സഹായിക്കാനും പോയിരുന്നു. എന്റെ പ്രായത്തിലുള്ളവർ ക്രിക്കറ്റോ, ഫുട്‌ബോളോ കളിച്ചും, സിനിമക്ക് പോയിരുന്ന അവസരങ്ങളിൽ ഞാൻ മാത്രം ഒരു ദിവസം പോലും ഒഴിവു ഇല്ലാതെ ജോലി ചെയ്തു. ഞാൻ ജോലിക്ക് പോയി തുടങ്ങിയതിനു ശേഷം അന്നുവരെയുണ്ടായിരുന്ന വീടിന്റെ അവസ്ഥയിൽ നിന്ന്‌ വലിയ മാറ്റങ്ങൾ വരുത്താൻ ആയില്ലെങ്കിലും എന്നാൽ പട്ടിണിയില്ലാത്ത ചെറിയ മാറ്റം വരുത്താൻ കഴിഞ്ഞു.
എന്നാൽ അവിടെയും തീരുന്നതായിരുന്നില്ല എന്റെ കുടുംബ പ്രശ്നങ്ങൾ. വലിയ പ്രശ്നങ്ങൾ വരാൻ ഇരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ. അതിൽ ഒന്ന് വളർന്ന് വലുതായി കൊണ്ടിരിക്കുന്ന പെങ്ങന്മാർ. നിശ്ശബ്ദമായ രാത്രികളിൽ ഉറക്കം വരാതെ ഉമ്മറ കോലായിൽ ആകാശത്തിലെ നക്ഷത്രങ്ങളെ എണ്ണികിടക്കുമ്പോൾ ഒരു നേരിയ ശബ്ദമായി മരത്തിന്റെ ജനൽ പാളി വിളവിലൂടെ ഉപ്പയും ഉമ്മയും എന്നെ ഓർമ്മിപ്പിച്ചിരുന്നു ദിവസവും നടക്കുമോ എന്നറിയാനാവാത്ത സ്വപ്നങ്ങളുടെ ഒരു നീണ്ട പട്ടിക അവർ എന്നിലൂടെ നടക്കുമെന്ന് ആഗ്രഹിച്ചു. അവകൾ ഓരോന്നായി പറയുകയാണെങ്കിൽ നല്ല ടെറസിട്ട വീട്, പെൺമക്കളുടെയും, ആൺമകന്റെയും കല്യാണം അവരുടെ മക്കൾ അങ്ങനെ അവസാനിക്കാത്തവ. ആ സമയങ്ങളിൽ നക്ഷത്രങ്ങളുടെ എണ്ണം തെറ്റി ഞാൻ ഉറക്കത്തിലേക്ക് വഴുതിവീഴും.
എന്റെ പതിനെട്ടാമത്തെ വയസ്സിൽ ഉപ്പയും ഉമ്മയും സ്വപ്നങ്ങളുടെ പട്ടികയിലെ ആദ്യത്തെ പേജ് നിവർത്തി. എന്റെയും എനിക്ക് താഴെയുള്ള സെലീനയുടെയും കല്യാണം. സെലീനക്ക് വയസ്സ് പതിനാറ്. ഒരു മാറ്റ കല്യാണത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല.
നല്ലൊരു തുക സ്ത്രീധനവും, ഗൾഫിലേക്ക് ഒരു വിസയും ടിക്കറ്റും കൂടിയൊരു ലോട്ടറി ടിക്കറ്റിന്റെ രൂപത്തിൽ ഒരു ആലോചന വന്നു. അത്യാവശ്യം പണമുള്ള ഗൾഫുകാരനായ അബ്ദുവിന്റെയും ഭാര്യ നഫീസയുടെയും മകൾ മെഹ്റു എന്ന മെഹറുനിസ്സ. ഇതൊരു ചതിയാണെന്നു കുടുംബാംഗങ്ങൾ പലരും പറഞ്ഞു ഒഴിയാൻ എന്നാൽ ഇത് തനിക്കൊരു കച്ചിത്തുരുമ്പാണെന്നും, ഇതുകൊണ്ട് പല കാര്യങ്ങൾ നടക്കുമെന്ന് പറഞ്ഞു ഉപ്പ തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു.
ഓല പുരയിൽ നിന്ന് ടെറസിട്ട വീടിന്റെ മുറിയിൽ ആദ്യരാത്രിയും ആദ്യത്തെ ഉറക്കവും എന്നെ അത്ഭുദപ്പെടുത്തിയെങ്കിലും ആ അത്ഭുദം കുറച്ചു ദിവസമായിരുന്നു. മെഹ്റു സുന്ദരിയായിരുന്നു. നിഷ്കളങ്കമായ സ്വഭാവം. എന്റെ ഭാര്യ മെഹ്റു ഒരു മാനസിക രോഗിയായിരുന്നെന്നും, ഗുളികകൾ കഴിക്കുന്നുണ്ടന്നും വളരെ വൈകിയാണ് ഞാൻ അറിഞ്ഞത്. ഞാനെന്ന ഭർത്താവിനെ അവൾ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. അതിനു ഉദാഹരണം ഒരിക്കൽ നിസ്സാര കാര്യത്തിന് ഉമ്മ എന്നെ കുറ്റപ്പെടുത്തുകയും, വഴക്ക് പറയുകയും ചെയ്യുമ്പോൾ തീരെ ആരും പ്രതീക്ഷിക്കാതെ അവൾ ഉമ്മയോട് പൊട്ടിത്തെറിച്ചു.
മെഹ്റു ഗർഭിണിയായി. ഞാനൊരു ഉപ്പയാകാൻ പോകുന്നൊരു വല്ലാത്ത നിർവൃതിയായിരുന്നു. ഗർഭത്തിന്റെ ആരംഭഘട്ടത്തിൽ ഒരു കുഴപ്പവും ഇല്ലാതിരുന്ന അവൾക്ക് എപ്പോഴോ മാറ്റങ്ങൾ പതിയെ വന്നു തുടങ്ങി എന്നാൽ ആരും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. താൻ ഒരു ഗർഭിണിയാണെന്നും തന്റെ ഉള്ളിൽ ഒരു കുഞ്ഞു വളരുന്നുണ്ടന്നുമുളള സത്യം അവളിൽ നിന്ന് പതിയെ അടർന്ന് മാറി ഒരു കുട്ടിയെപ്പോലെ സ്വഭാവ മാറ്റം വന്നു. അശ്രദ്ധമായ പെരുമാറ്റങ്ങളും, പ്രവൃത്തികളും അവൾ ഗർഭച്ഛിദ്രമായി. പിന്നീട് അവൾ എന്റെ പഴയ മെഹ്റു ആയില്ല. ആരെയും തിരിച്ചറിയാനാവാത്ത നിലയിൽ മാറിയിരുന്നു.
മൊഴി ചൊല്ലുവാൻ എന്റെ മാതാപിതാക്കളും ബന്ധുക്കളും, നാട്ടുകാരും നിർബന്ധിച്ചു കൊണ്ടിരുന്നു എന്നാൽ അവളെ ഉപേക്ഷിക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല.
ഗൾഫിൽ ഹോട്ടൽ ജോലി ആയിരുന്നു. അവളുടെ വീട്ടുകാരുടെ സ്ത്രീധനത്തിലെ ലോട്ടറി. വെപ്പുകാരന്റെ മകന് വേറെന്തു തൊഴിൽ അറിയാം. എന്നാൽ നല്ലൊരു ജോലിക്ക് ആവശ്യമായ വിദ്യാഭ്യാസവുമില്ല. തുച്ഛമായ വരുമാനത്തിൽ രാപകൽ ഇല്ലാതെ വർഷങ്ങൾ അധ്വാനിച്ചത് പെങ്ങന്മാരുടെ കല്യാണത്തിന്റെ കടം വീട്ടാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു.
ഒരിക്കലും അണയാത്ത വെളിച്ചമുള്ള സുന്ദരിയായ രാത്രിയിലെ ദുബായ് നഗരം ഒരെറ്റ കാഴ്ചയിൽ ഞങ്ങൾ താമസിക്കുന്ന ബിൽഡിങ്ങിന്റെ മട്ടുപ്പാവിൽ നിന്നു പാതിരാത്രിയിൽ കാണുമ്പോൾ നിശ്ശബ്ദമായ ഇരുട്ടിലൂടെ നേരിയ ശബ്ദത്തിൽ വന്ന ഉപ്പയുടെയും ഉമ്മയുടെയും സ്വപ്നങ്ങളുടെ ഭാണ്ഡമാണ് വിരക്തി തോന്നിയിരുന്ന ജീവിതത്തിൽ പുത്തൻ ഉണർവ് നൽകിയിരുന്നത്.
ഗതി കിട്ടാത്തവന് എവിടെപ്പോയാലും അതോ ഗതി എന്ന് പറഞ്ഞത് പോലെയാണ് പിന്നീടുണ്ടായ കാര്യങ്ങൾ. ഗർഫിലെ കടകൾ നടത്താനുള്ള നിയമ മാറ്റങ്ങളും, സാമ്പത്തിക മാന്ദ്യവും, ബിസിനസ്സ് തകർച്ചയും എന്റെ മുതലാളിയെ എന്നേക്കുമായി ബിസിനസ്സ് നിർത്തുവാനും, നാട്ടിലേക്ക് പോകാനും തീരുമാനിച്ചു.
എന്റെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും അറിയാവുന്ന സുഹൃത്ത് ജമാൽക്ക വഴി വേറൊരു ജോലി ശെരിയാക്കി തന്നു.
എല്ലാ കയറ്റങ്ങൾക്കെല്ലാം ഒടുവിൽ ഇറക്കങ്ങൾ ഉണ്ടാവുമല്ലോ. ലോകപ്രശസ്ത ഒരു കമ്പ്യൂട്ടർ കമ്പനിയുടെ ദുബൈയിലെ ശാഖയിലെ ഇംഗ്ലീഷുകാരനായ എം.ഡിയുടെ വീട്ടിലെ കാര്യസ്ഥനായും പിന്നീടു ഡ്രൈവിംഗ് ലൈസെൻസ് എടുത്തു തരുമെന്നുമുള്ള വക്താനത്തിൽ നല്ല ശംബളത്തിൽ ജോലിക്ക് കയറി.
പിന്നീടുള്ള ജീവിതം, എന്റെ സ്വപ്‌നങ്ങൾ ഒന്നൊന്നായി നിറവേറ്റി അതായത് പുതിയ സ്ഥലം വാങ്ങി അതിൽ ടെറസിട്ട വീട്, പെങ്ങന്മാരുടെ കല്യാണവും കടവും വീട്ടി. മെഹ്റുവിനെ മൊഴി ചൊല്ലാത്തതിൽ എല്ലാവരും പുതിയൊരു ഉപാധിയുമായി മുന്നോട്ടു വന്നു. രണ്ടാമതൊരു കല്യാണം.
മെഹ്റു എന്നെ സ്നേഹിച്ചിരുന്നോ എന്ന് ചോദിച്ചാൽ ഉണ്ടന്നോ ഇല്ലന്നോ തീർത്തു പറയാൻ അവൾക്കു കഴിയില്ലായിരുന്നു. എന്നാൽ അവൾക്കു എന്നോട് ഇഷ്ടമുണ്ടന്ന് ഉറപ്പായിരുന്നു. ജീവിതത്തിൽ കിട്ടിയ ഇണ ഇങ്ങനെ ആയല്ലോ. ഓരോ ദിവസത്തെയും നമസ്‍കാരങ്ങൾക്ക് ശേഷവും പടച്ചവനോട് ഉത്തരം കിട്ടില്ലാന്നു ഉറപ്പുള്ള ഇമ്മാതിരി ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട് തന്റെ തന്നെ സമാധാനത്തിന്.
ആഗ്രഹിച്ചിരുന്ന പലതും നടന്ന സന്തോഷത്തിൽ തുടർച്ചയായ എട്ട് വർഷത്തെ പ്രവാസത്തിന് ശേഷം നാട്ടിലേക്ക് ലീവിന് പോയി. രണ്ടു പെങ്ങന്മാരുടെ കല്യാണത്തിനോ, പുതിയ വീടിന്റെ പാൽ കാച്ചലിനോ പങ്കെടുക്കുവാൻ കഴിഞ്ഞിട്ടില്ല. പല പുതിയ മാറ്റങ്ങളും നാട്ടിൽ കാണാനായെങ്കിലും തന്നെ കൂടുതൽ കാണാൻ ആഗ്രഹിപ്പിച്ചത് വീടും മെഹറുവും ആയിരുന്നു.
മെഹ്റുവിനെ മൊഴി ചൊല്ലുന്ന കാര്യത്തിൽ അവർക്ക് ഞാൻ വഴങ്ങില്ലെന്ന് മനസ്സിലാക്കി എന്റെ എതിർപ്പിനെ അംഗീകരിച്ചു കൊണ്ട് തന്നെ എല്ലാവരും രണ്ടാമതൊരു കല്യാണത്തിന് നിർബന്ധിക്കുകയും കൂടാതെ അവർ എനിക്കായി ഒരു പെണ്ണിനെയും മുൻകൂട്ടി കണ്ട്‌ വച്ചിരുന്നു. മാതാപിതാക്കളുടെ തീർത്താൽ തീരാത്ത നിർബന്ധത്തിന് വഴങ്ങി ഞാൻ വീണ്ടും കല്യാണം കഴിച്ചു റസിയയെ.
പിന്നീടങ്ങോട്ട് എന്റെ നല്ല കാലമായിരുന്നു. മെഹ്റുവിനെ ചികിൽസിപ്പിക്കാനും, രണ്ടു ഭാര്യമാരെ ഇടവിട്ട്‌ ദുബായിലേക്ക് കൊണ്ട് പോകാനും പിന്നീട് ഉപ്പയെയും ഉമ്മയെയും ഹജ്ജിനു അയക്കാനും കഴിഞ്ഞു. ഇന്നെനിക്കു റസിയയിലൂടെ രണ്ടു മക്കളുണ്ടായി. അസുഖം മാറിയ മെഹ്റു ഞാൻ ചെയ്ത കാര്യങ്ങളിൽ പരാതിയോ, പരിഭവമോ തീർത്തും ഇല്ലാതെ എന്നെ അത്ഭുതപ്പെടുത്തിയത് റസിയയെ അവൾ അംഗീകരിക്കുകയും ഒരു സഹോദരിയെ പോലെ സ്നേഹിക്കുന്നു.
നവാസ് പറഞ്ഞു നിർത്തി പുഞ്ചിരിച്ചു എങ്കിലും അവന്റെ ചിരികൾക്കിടയിൽ ഒരു വിഷാദം നിഴലിച്ചു നിൽക്കുന്നതായി എനിക്ക് ഊഹിക്കാൻ കഴിഞ്ഞു. അതിനെപറ്റി ചോദിക്കാൻ തുനിയുന്ന സമയത്താണ് വിമാനം കൊച്ചിയിൽ ലാൻഡ്‌ ചെയ്യാൻ വേണ്ടി താഴ്ന്നു പറക്കുകയും കൂടെയുള്ള ചെവിയടച്ചുള്ള ശബ്ദത്താൽ എന്റെ ചോദ്യത്തെ വിഴുങ്ങി.
വിമാനം നിർത്തുന്നതിന് മുൻപേ സീറ്റുകളിൽ നിന്ന് യാത്രക്കാർ ചാടി എഴുന്നേറ്റു തങ്ങളുടെ ബാഗേജ് വലിച്ചെടുക്കുന്ന തിരക്കുകളിലേക്ക് സാധാരണ മലയാളിലെ പോലെ ഞാനും നവാസും വ്യാപൃതരായി. സ്വന്തം ബാഗ് കിട്ടിയ ശേഷം ഞാൻ അവനെ തിരഞ്ഞെങ്കിലും കണ്ടില്ല.
എമിഗ്രേഷന്റെ നീണ്ട ലൈനിൽ നിൽക്കുമ്പോൾ ഞാൻ നവാസിനെ പല ലൈനുകളിലും തിരഞ്ഞു എന്നാൽ എനിക്ക് മുന്നേയുള്ള രണ്ടു ആളുകൾക്ക് അപ്പുറം ഞാൻ അവനെ കണ്ടു. എന്തോ ഒരു ബന്ധവും അടുപ്പവും അറിയാതെ എനിക്ക് അവനോടു തോന്നി.
ലഗേജുകൾക്കായി കാത്തു നിൽക്കുന്നേരം അവൻ എന്റെ അടുത്ത് വന്നു എനിക്കായി കാത്തു നിന്നിരുന്ന പോലെ.
"ഞാൻ പോവട്ടെ... എനിക്ക് ലഗേജ് ഒന്നും ഇല്ല, ഒന്നും വാങ്ങിക്കാൻ പറ്റിയ സമയം അല്ലല്ലോ... " യാത്രയിൽ ഉടനീളം ചിരിച്ചു സംസാരിച്ചിരുന്ന അവന്റെ മുഖം കാർമേഘം മൂടിയ ആകാശം പോലെ ഇരുണ്ടിരുന്നു.
നവാസ് പറഞ്ഞതിന്റെ പൊരുൾ ഒന്നും വ്യക്തമായി മനസ്സിലാവാതെ ഞാൻ അവനെ മിഴിച്ചു നോക്കി.
"ഇന്നലെ വൈകുന്നേരം ഞാൻ ഏറെ സ്നേഹിച്ചിരുന്ന എന്റെ പ്രിയപ്പെട്ട ഉപ്പ എന്നെ വിട്ടുപോയി."
ഒരു തുള്ളി കണ്ണുനീർ വീഴാൻ ഭവിക്കുന്നേരം അവൻ സ്വയം കൈകൊണ്ടു തടുത്ത് നിർത്തി പെട്ടന്ന് പിന്തിരിഞ്ഞു നടന്ന് പോയി.
'ഇന്നാ ലില്ലാഹി വാ ഇന്നാ ഇലയ്ഹി രാജിഹൂൻ ' എന്ന് സ്വയം ഉള്ളിൽ പറഞ്ഞു എന്ത് ചെയ്യണമെന്നു അറിയാതെ അവൻ നടന്ന് പോകുന്നതും നോക്കി ഞാൻ മരവിച്ചു നിന്നു.
======================
നിഷാദ് മുഹമ്മദ്.... "

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot