നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിയോഗം

Image may contain: 1 person, closeup and indoor

വല്ലാത്ത ഒരു അഭിനിവേശത്തോടെ തീരത്തെ കെട്ടിപ്പുണരുവാൻ കൊഞ്ചി കുഴഞ്ഞ് വന്നെത്തുന്ന തിരമാലകളെയും നോക്കി ഈ കടൽക്കരയിൽ കുറെ നേരമായി ഇരിക്കുന്നു. യുഗാന്തരങ്ങളായി തുടരുന്ന ഇവരുടെ പ്രണയവും ആസ്വദിച്ച്...
സമയം സന്ധ്യ കഴിഞ്ഞിരിക്കുന്നു.. ഇവൾ ഇന്നു ഇനി വരില്ലെ?..
ഈ കടൽ തീരത്ത് വെച്ചാണല്ലോ അന്നാദ്യമായി അവളെ കണ്ടത്. എന്റെ നദീറ.. കടലിന്റെ പ്രണയിനി..
ആദ്യ കാഴ്‌ചയിൽ തന്നെ എന്തോ ഒരു ആകാർഷണം എനിക്ക് അവളിൽ തോന്നി.. സംസാരിച്ച് തുടങ്ങിയപ്പോൾ മനസ്സിലായി.അവൾക്കും എന്നെ പോലെ ഈ കടലും അസ്തമയ സൂര്യനും എല്ലാം ഇഷ്ടമാണ്.തിരയുടെ ഓരോ വരവിന് ഒപ്പവും ആർത്ത് വിളിച്ച് ബഹളം കൂട്ടി, തീരത്തെ ഒന്ന് കെട്ടിപ്പുണർന്ന് യാതൊരു വിഷമവുമില്ലാതെ തിരിച്ച് പോകുന്ന തിരയുടെ പ്രവർത്തിയിൽ വിഷമിച്ച് നിൽക്കുന്നവൾ..
പരിചയപ്പെട്ടതിന് ശേഷം ഒട്ടു മിക്ക ദിവസങ്ങളിലും ഞങ്ങൾ ഈ തീരത്ത് എത്തുമായിരുന്നു.. വാ തോരാതെ സംസാരിച്ച്, കടലിനെ കുറിച്ച്.. അവൾക്ക് വലിയ ഇഷ്ടമായിരുന്നു സംസാരിച്ച് ഇരിക്കാൻ..
പ്രണയം പരസ്പരം തുറന്ന് പറഞ്ഞതിന് ശേഷം ഞങ്ങളുടെ ഒത്തുചേരലുകൾ കൂടി.
ഞങ്ങളുടെ മനസ്സിന്റെ പാടത്ത് അനുരാഗത്തിന്റെ വിത്തുകൾ പാകി അത് മുളക്കുന്നതും തളിർക്കുന്നതും പച്ചപ്പിടുന്നതും അവസാനം പൊൻകതിരുകളായി വിടരുന്നതും സ്വപ്നം കണ്ട് ഒരു പാട് നേരം..
കടലിന്റെ അഗാധതയിലേക്ക് ഇറങ്ങി മറയുന്ന സൂര്യന്റെ വിരഹ ദു:ഖം കാണുമ്പോൾ അവൾക്ക് വല്ലാതെ സങ്കടം വന്നിരുന്നു..
ഞങ്ങളുടെ ഇഷ്ടം രണ്ട് പേരുടെയും വീട്ടിൽ അറിയിച്ചപ്പോഴും വലിയ പ്രശ്നങ്ങൾ ഒന്നുമുണ്ടായില്ല..
ഞങ്ങൾ കണ്ട കിനാവുകളെല്ലാം സാക്ഷാൽകരിച്ച് കൊണ്ട് വിവാഹവും നടന്നു.. സന്തോഷകരമായ ദിനങ്ങൾ. പരസ്പരം സ്നേഹിച്ച് കൊല്ലുകയായിരുന്നു ഞങ്ങൾ..
ഒട്ടു മിക്ക സന്ധ്യകളിലും ഈ കടൽ തീരത്ത് എത്തൽ ഞങ്ങൾ തുടർന്നു.. ഓരോ ദിവസവും ജീവിതം ആസ്വദിച്ച് ,സ്നേഹിച്ച് ...
പക്ഷെ ആർക്കൊക്കെയോ ഞങ്ങളുടെ ജീവിതം കണ്ട് അസൂയ തോന്നിയെന്ന് തോന്നുന്നു. അല്ലെങ്കിൽ എന്നെ തനിച്ചാക്കി അവളെ കൊണ്ട് പോകുമായിരുന്നില്ലല്ലോ...
അന്നൊരു ദിവസം ഒന്നാം വിവാഹ വാർഷികത്തിന്റെ അന്ന് രാത്രി .. പതിവ് പോലെ ഈ തീരത്ത് എത്തി ഞങ്ങൾ.. അവൾ വലിയ സന്തോഷത്തിലായിരുന്നു... പിറകിൽ നിന്നുള്ള എന്റെ വിളി കേൾക്കാതെ മടങ്ങുന്ന ഒരു തിര യോടൊപ്പം കടലിലേക്കിറങ്ങിയ അവൾ...
ഇനി മതി നമുക്ക് പോകാം... എന്ന എന്റെ പറച്ചിലിന് മുഖം കോട്ടി കൊണ്ട് നിൽക്കൂ..കുറച്ച് നേരം കൂടി എന്ന് കൊഞ്ചി പറഞ്ഞ് നിന്ന നേരത്ത്.. ആരോടോ ഉള്ള ദേഷ്യം കൊണ്ട് വന്യമായി വന്ന ഒരു തിര അവളെയും കൊണ്ട് പോകുമ്പോൾ പിറകെ ഓടിയ എന്നെ തനിച്ചാക്കി എങ്ങോ പോയി മറഞ്ഞു അവൾ..
കടലിലെ കാഴ്ചകൾ എല്ലാം കാണിച്ച് കൊടുത്ത് ആ തിര അവളെ തീരത്ത് എത്തിച്ചപ്പോൾ ദിവസം നാല് കഴിഞ്ഞിരുന്നു..
മരവിച്ച എന്റെ മനസ്സ് കാരണം ഒരു തുള്ളി കണ്ണീര് പോലും വന്നില്ല കണ്ണിൽ നിന്ന്.. ഹൃദയം തകർന്ന നിമിഷങ്ങൾ.. ഇനി എന്തിന് ഈ ജീവിതം ആർക്കു വേണ്ടി എന്ന ചിന്തയിൽ തന്നെയാണ് ചടങ്ങുകൾ കല്ലാം കഴിഞ്ഞ ആ ദിവസം വീണ്ടും ഞാൻ ഈ കടൽ തീരത്ത് എത്തി ജീവിതം അവസാനിപ്പിക്കുവാൻ..
വല്ലാത്ത ഒരാവേശത്തോടെ കടലിലേക്ക് ഇറങ്ങി ഞാൻ ... അവളുടെ അടുത്ത് എത്തുവാൻ മനസ്സ് തുടിക്കുന്നു. വന്യമായ ഒരു തിര എന്നെ കരയ്ക്ക് തന്നെ കൊണ്ട് ഇട്ടു.ഓരോ പ്രാവശ്യം ഞാൻ ഇറങ്ങുമ്പോഴും വാശിയോടെ വീണ്ടും എന്നെ കരയിലേക്ക് തന്നെ കൊണ്ടിട്ട് കൊണ്ടിരുന്നു ആ തിര.. അവസാനം ഞാൻ തോറ്റ് പിന്മാറും വരെ.. വളരെ നിരാശനായി ആണ് അവിടെ നിന്ന് മടങ്ങിയത്.
അന്ന് രാത്രി മരിക്കാനുള്ള വഴി ആലോചിച്ച് ഉറക്കമില്ലാതെ കിടക്കുന്ന സമയത്ത് ആണ് അവൾ വന്നത്. എന്റെ നദീറ.. ഒരു മാലാഖയുടെ ചിറകിലേറി.
" ഇന്ന് മരിക്കാൻ വേണ്ടിയാണോ കടലിൽ വന്നിരുന്നത്,,"..
ഞാൻ അതെ എന്ന അർത്ഥത്തിൽ തലയാട്ടി..
"ഞാൻ പറഞ്ഞിട്ടാണ് ആ തിര അങ്ങനെ ചെയ്തത്. നിങ്ങൾ എന്തിന് മരിക്കണം?... നിങ്ങൾ മരിച്ചാൽ ഉപ്പക്കും ഉമ്മാക്കും പിന്നെ ആരാ ഉള്ളത്.ജീവിതം സ്വയം അവസാനിപ്പിക്കാൻ ആർക്കും അവകാശമില്ല.. അറിയോ നിങ്ങൾക്ക്?.. എന്റെ കൂടെ വരൂ ഞാൻ ഒരൂട്ടം കാണിച്ച് തരാം"...
ഞാൻ ആ മാലാഖയുടെ പുറത്ത് കയറി അവരോടൊപ്പം ചെന്നു. അറബിക്കടലും കടന്ന് ദൂരെ അങ്ങ് ദൂരെ മരുഭുമിയുടെ നാട്ടിൽ. അവിടെ ഒരു റൂമിൽ മൂന്ന് നാല് പേർ കിടക്കുന്നു.. നാട്ടിലേക്ക് പോകാൻ ഒരുങ്ങിയ ഒരാളുണ്ട് കൂട്ടത്തിൽ എന്ന് തോന്നുന്നു. ഭംഗിയിൽ കയറ് കൊണ്ട് കെട്ടി പേര് എഴുതിയ രണ്ട് പെട്ടിട്ടികൾ റൂമിന്റെ ഒരു മൂലയിൽ ഉണ്ട്..
എന്താണിവിടെ? എന്ന ഭാവത്തിൽ ഞാൻ അവളെ നോക്കി..
മറുപടിയായി അവൾ എന്റെ ചെവിൽ മന്ത്രിച്ചു.
അതാ ആ അരികിൽ കിടക്കുന്ന മനുഷ്യനെ കണ്ടോ?... അയാളാണ് നാളെ നാട്ടിൽ പോകുന്നത്. ആളുടെ മോളുടെ വിവാഹമാണ് അടുത്ത ആഴ്ച്ച. പക്ഷെ അയാൾക്ക് പോകാൻ കഴിയില്ല നാളെ. അടുത്ത നിമിഷത്തിൽ മരണം അയാളെ കീഴടക്കും. ആളുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കൂ.
മുഖം വിളറി വെളുത്തിരിക്കുന്നു.
മോളുടെ വിവാഹം കഴിയുന്നത് വരെ ആയുസ്സ് നീട്ടി തരുമോ എന്ന് കേഴുകയാണ് അയാൾ.പക്ഷെ ഇല്ല.. അലംഘനിയമായ ആ സത്യത്തെ തടുക്കാൻ ആർക്കുമാവില്ലല്ലോ.. അവൾ തുടർന്നു. ഇങ്ങനെ ഒരുപാട് പേരുണ്ട് ഈ ലോകത്ത് ഒരു ദിവസം അല്ലെങ്കിൽ ഒരു മണിക്കൂർ നേരത്തെ ആയുസ്സിന് വേണ്ടി കേഴുന്നവർ മനസ്സിലായോ?... അപ്പോഴാണ് നിങ്ങൾ സ്വയം ജീവിതം അവസാനിപ്പിക്കാൻ നോക്കുന്നത്.
"എന്നോട് ഇത്തിരിയെങ്കിലും സ്നേഹമുണ്ടെങ്കിൽ നിങ്ങൾ ഒരു കാര്യം ചെയ്യണം. മറ്റൊരു വിവാഹം കഴിക്കണം. ഉപ്പയെയും ഉമ്മയെയും ശുശ്രൂഷിക്കാൻ ഒരാള് വേണ്ടേ?.ഒരു ജീവിതം തുടങ്ങി മക്കൾ ഒക്കെ ഉണ്ടാകുമ്പോൾ എല്ലാ വിഷമങ്ങളും മറക്കാൻ കഴിയും. ചെയ്യുമോ?...
അത് മാത്രം നീ പറയരുത് .. എന്റെ ജീവിതത്തിൽ ഇനി മറ്റൊരു പെണ്ണ് ഇല്ല.
" എന്നാൽ ഒരു കുട്ടിയെ ദത്ത് എടുക്കൂ. ഒരു പാട് കുട്ടികൾ ഉണ്ട് അച്ഛനമ്മമാരില്ലാതെ ,അവരുടെ സ്നേഹം കൊതിച്ച് നടക്കുന്നവർ ..അത് ചെയ്യുമോ?..
അത് ഞാൻ സമ്മതിച്ചു.സന്തോഷത്തോടെയാണ് അവൾ മടങ്ങിയത്. പിറകെ ചെന്ന എന്നെ അവൾ തടഞ്ഞു.
എനിക്ക് മടങ്ങാൻ സമയമായി.ഇനിയും വരാം.
പിറകെ ഓടാൻ നിന്ന ഞാൻ കട്ടിലിൽ നിന്ന് വീണപ്പോഴാണ് സ്വപ്നത്തിൽ നിന്ന് ഞെട്ടി ഉണർന്നത്. ഇല്ലാ ഞാൻ എവിടെയും പോയിട്ടില്ല. എല്ലാം എന്റെ തോന്നലുകളായിരുന്നോ?.
പിന്നീട് പല സന്ദർഭങ്ങളിലും അവൾ എന്റെ അരികിൽ വന്നു. ഒരു ദിവസം വന്നപ്പോൾ അവൾ വലിയ ദു:ഖത്തിലായിരുന്നു. എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ അവൾ എന്നെയും കൂട്ടി പുറത്തിറങ്ങി.
പുറത്ത് വിശാലമായ പറമ്പിൽ എത്തിയപ്പോഴാണ് അവൾ പറഞ്ഞ് തുടങ്ങിയത്.
" ഞാൻ ഇന്ന് വരുമ്പോൾ ഒരുപാട് മനസ്സിനെ മഥിക്കുന്ന കാഴ്ചകൾ കണ്ടു. എത്രയോ അക്രമങ്ങൾ ,കൊലപാതകങ്ങൾ.. എന്താ ഈ മനുഷ്യരെല്ലാം ഇങ്ങനെ...
നോക്കൂ ആകാശത്തിലേക്ക് നോക്കൂ.. മിന്നി തിളങ്ങുന്ന നക്ഷത്രങ്ങൾ കണ്ടോ?.. ആ കാണുന്ന ഒരു നക്ഷത്രം തന്നെ ഭൂമിയുടെ എത്രയോ ഇരട്ടി വലുപ്പമുണ്ട് എന്നറിയുമോ?.അങ്ങനെ എത്ര കോടി നക്ഷത്ര സമൂഹങ്ങൾ ഉണ്ട് ഈ പ്രപഞ്ചത്തിൽ. ഭൂമിയെ പോലെ മറ്റനേകം ഗ്രഹങ്ങളും ?.... അത്തരം ഗ്രഹങ്ങളിൽ പെട്ട ഒരു ഗ്രഹം മാത്രം ഈ ഭൂമി ലോകം. ഈ ഭൂമിയിൽ തന്നെ എത്രയധികം മറ്റ് ജീവനുകളുണ്ട്. മനുഷ്യരേക്കാൾ കരുത്തുള്ളവ?.. നിങ്ങൾക്ക് ഒരു കാര്യം അറിയുമോ? .മനുഷ്യന് അറിയാൻ കഴിയാത്ത മറ്റ് പലതും മനസ്സിലാക്കാൻ കഴിയുന്ന ജീവജാലങ്ങൾ ഉണ്ട് ഈ പ്രപഞ്ചത്തിൽ?. ഭൂകമ്പങ്ങളും മറ്റ് പ്രകൃതി ദുരന്തങ്ങളും മൃഗങ്ങൾക്ക് മുൻകൂട്ടി അറിയാൻ കഴിയുമത്രെ.. എന്നിട്ടും നിസാരക്കാരായ മനുഷ്യർക്കെന്തെ ഇത്ര അഹങ്കാരം?..
ഞാൻ ഒന്നും മിണ്ടാതെ നിന്നു. പിന്നീടും പല തവണ അവൾ വന്നു .ഒരിക്കൽ വലിയ ദേഷ്യത്തിലാണ് വന്നത്. വന്നപാടെ പൊട്ടിത്തെറിച്ച് കൊണ്ടാണ് ചോദിച്ചത്.
"നിങ്ങൾ അപ്പുറത്തെ വീട്ടുകാരോട് കിണറ്റിൽ നിന്ന് വെള്ളം എടുക്കണ്ട എന്ന് പറഞ്ഞിരുന്നോ?.
അതെ വെള്ളം കുറവാണ് അതാ പറഞ്ഞത്.
വെള്ളവും വായുവും പടച്ചവന്റെ അനുഗ്രഹങ്ങളാണ് അത് നിഷേധിക്കുവാൻ ആർക്കും അവകാശമില്ല. നിങ്ങളും ഉപയോഗം ചുരുക്കി അവർക്കും കൊടുക്കണം മനസ്സിലായോ.
ഞാൻ അനുസരണയോടെ തലയാട്ടി.
പിന്നെയും അവൾ ഇടക്ക് വന്ന് കുഞ്ഞിന്റ കാര്യം ഓർമ്മിപ്പിച്ചിരുന്നു. അവസാനം അവളുടെ നിർബന്ധത്തിന് വഴങ്ങി ഞാൻ ഒരു മോളെ ദത്തെടുത്തു..
മോള് കൂടി വന്നപ്പോൾ വീണ്ടും ജിവിതം പച്ച പിടിച്ചു. പക്ഷെ അവളുടെ കാര്യങ്ങൾ എന്നെ കൊണ്ട് ഒറ്റക്ക് നോക്കാൻ കഴിയാതെ വന്നു. അവസാനം അവൾക്ക് വേണ്ടി ഒരു വിവാഹം കഴിക്കേണ്ടി തന്നെ വന്നു.. ഭർത്താവ് ഒരു അപകടത്തിൽ മരിച്ച പാവപ്പെട്ട ഒരുവൾ.സലീഖ...
അവളെയും മോളെയും കൂട്ടിയാണ് ഞാൻ വന്നത് ഈ കടൽ തീരത്ത്.
കുറെ കാലമായി നദീറ സ്വപ്നത്തിൽ വന്നിട്ട്. ഇന്നെങ്കിലും അവൾ വരുമായിരിക്കും. ഇന്നത്തെ ദിവസം വരാതിരിക്കാനാവില്ല അവൾക്ക്.. ഇന്ന് ഞങ്ങളുടെ മൂന്നാം വിവാഹ വാർഷിക ദിനം..
ചിന്തയിൽ നിന്നുണർന്ന് പരന്ന് വിശാലമായി കിടക്കുന്ന കടലിലേക്ക് നോക്കി. അതാ അവൾ ഒരു തിരയുടെ ചുമലിലേറി വരുന്നു.തിളങ്ങുന്ന മുഖം. ഞാൻ കടലിലേക്ക് ഇറങ്ങി. അവളുടെ അടുത്തേക്ക്.ഒരു ചെറു ചിരിയോടെ എന്റെ കവിളിൽ തട്ടി കൊണ്ടാണവൾ പറഞ്ഞത്.
"എനിക്ക് സന്തോഷമായി ഇക്കാ. ഞാൻ മരിച്ചാലെന്താ. അത് കാരണം രണ്ട് ജിവനുകൾക്ക് ഒരു ജീവിതം കിട്ടിയല്ലോ.. നിങ്ങൾ അന്ന് മറ്റൊരു വിവാഹം കഴിക്കില്ല എന്ന് പറഞ്ഞപ്പോൾ ഞാൻ ഇതിനാണ് പറഞ്ഞത് ഒരു കുട്ടിയെ ദത്തെടുക്കാൻ.. കുട്ടിയെ എറ്റെടുത്താൽ അവൾക്കൊരു ഉമ്മയെ വേണ്ടി വരും എന്ന് എനിക്കറിയാമായിരുന്നു. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന്. അന്ന് നിങ്ങൾ ജീവിതം അവസാനിപ്പിച്ചിരുന്നെങ്കിൽ ഇവർക്ക് ഒരു ജീവിതം കിട്ടുമായിരുന്നോ... ഓരോ ജീവിതങ്ങൾക്കും ഒരു നിയോഗമുണ്ട്. ഇനി ഞാൻ പോവുകയാണ് .ഇനി വരില്ല ഒരിക്കലും.
അതും പറഞ്ഞ് അവൾ മടങ്ങുന്ന ഒരു തിര യോടൊപ്പം മടങ്ങി..
" ഉപ്പച്ചീ വാ പോകാം,"....
മോളുടെ വിളിയാണ് എന്നെ ഉണർത്തിയത്. ഇതും സ്വപ്നമായിരുന്നോ....
മൻസൂർ...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot