Slider

ശുദ്ധജാതകം

0
Image may contain: 1 person, indoor

ഇന്നാട്ടിലെ പെണ്ണുങ്ങളായ പെണ്ണുങ്ങള്‍ക്കൊക്കെ മംഗലസൂത്രം പൂജിച്ചു കൊടുത്തത് മുപപ്തു വര്‍ഷത്തിലേറെ തൃക്കോവിലെ ശാന്തിക്കാരനായ തിരുമേനി ആണ്. ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും വേണ്ടി സ്വയംവരപൂജ വിധിയാം വണ്ണം ചയ്തതും അവരുടെ കുട്ടികളുടെ ചോറൂണിന് പൗരോഹിത്യം വഹിച്ചതും അയാള്‍ തന്നെയായിരുന്നു.
എല്ലാ സദ്യകള്‍ക്കും ആദ്യത്തെ ഇല മാന്യസ്ഥാനത്തിരൂന്ന അയാള്‍ക്കു തന്നെയായിരുന്നു. 
നല്ലവനും ഈശ്വരഭയമുള്ളവനുമായ അയാള്‍ക്ക് വാരിക്കോരി ദക്ഷിണ കൊടുക്കാന്‍ നല്ലവരായ നാട്ടുകാര്‍ ഒട്ടും മടികാട്ടിയില്ല
രണ്ടായിരം ചതുരശ്ര അടി വിശാലമായ പുത്തന്‍ ഇല്ലവും ,മുറ്റത്ത് രണ്ടുകാറും കയ്യില്‍ ഒതുങ്ങുന്നതിലധികം ഫോണുകളും സ്വന്തമായ തിരുമേനിയെ പക്ഷെ സത്യത്തിലാരും തിരച്ചറിഞ്ഞില്ല.
ശുദ്ധജാതകക്കാരനായ സാത്വികന്‍ തിരുമേനിക്ക് യോജിച്ച സ്ത്രീജാതകം ഒരു ജ്യോത്സ്യനും കണ്ടെത്താനായിട്ടില്ലെന്നത് നാട്ടുകാരുടേയോ തിരുമേനിയുടേയോ കുറ്റംകൊണ്ടല്ല. പെണ്‍കിടാങ്ങളുടെ ജാതകങ്ങള്‍ പാപജാതകങ്ങളായത് കലികാലത്തിന്റെ ഒരു കളിയാണെന്ന് തിരുമേനിക്കറിയാമായിരുന്നു. പാപികളായ പെണ്‍കിടാങ്ങള്‍ക്ക് അന്യസമുദായക്കാരോടാണ് പ്രിയം. അതങ്ങനയാവുമെന്ന് ഭാഗവതപുരാണത്തില്‍ അനേക കാലങ്ങള്‍ക്കുമുമ്പ് പ്രവചിച്ചത് ആര്‍ക്കാണ് തിരുത്താനാവുക? ഇക്കാലത്ത് കുലസ്ത്രീകള്‍ക്ക് കുലീനത നഷ്ടപ്പെടുമെന്ന് ഭഗവാന്‍ പറഞ്ഞിട്ടുണ്ടല്ലോ.
എന്നിട്ടും എവിടെയെങ്കിലും തനിക്ക് അനുകൂലമായ ഒരു ശ്ലോകം ഭാഗവതത്തില്‍ കാണാതിരിക്കില്ല എന്ന് വൃഥാ മോഹിച്ചുകണ്ട് ആ പുരാണം ആവര്‍ത്തിച്ചാവര്‍ത്തിച്ച് വായിക്കുന്ന പതിവ് അമ്പതു കഴിഞ്ഞിട്ടും അയാള്‍ തുടര്‍ന്നുകൊണ്ടിരുന്നു രുഗ്മിണീസ്വയംവരം ഓരോ ദിവസവും മൂന്നാവര്‍ത്തി പാരായണം ചെയ്തു.അതു വായിക്കുമ്പോഴൊക്കെ തനിക്ക് കടമിഴിക്കണ്ണുകൊണ്ട് പലവട്ടം സന്ദേശം അയച്ച വാരസ്യാരെ ഓര്‍ക്കും.അവളുടെ നോട്ടത്തില്‍ നിന്ന് രക്ഷപ്പെടാന്‍, സങ്കോചത്തോടെ ശ്രീകോവിലിലേക്ക് ഉള്‍വലിഞ്ഞ ആ കാലം അയാളെ നുള്ളി നോവിച്ചു.
ശുദ്ധജാതകത്തിന്റെ കള്ളികളില്‍ കുടുങ്ങിക്കിടക്കുന്ന തനിക്ക് മോചനം ഏകുവാന്‍ അയാള്‍ മായാമനുഷ്യനായ കൃഷ്ണനോടു കേണു. ഹൃദയത്തില്‍ നിന്നുയര്‍ന്ന ആ രോദനം ഒടുവില്‍ ഭഗവാന്‍ കേട്ടിട്ടുണ്ടാവുമെന്ന് ഒരു പുലര്‍ച്ചക്ക് ഇനിയൊരിക്കലും ഉണരാതെ ഉറങ്ങിക്കിടന്ന അയാളെ നോക്കി നമൂക്കത്തു വിരല്‍ വെച്ചുകൊണ്ട് നാട്ടുകാര്‍ അടക്കം പറഞ്ഞു.

by: rajan paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo