നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നന്ദിനി

Image may contain: 1 person, closeup and outdoor

" മയങ്ങി പോയി ഒന്നു മയങ്ങി പോയ്
അപ്പോൾ മധുമാസ ചന്ദ്രൻ വന്ന് മടങ്ങി പോയി
പാദവിന്യാസമൊട്ടും കേൾപ്പിക്കാതെത്തിയ
പാതിരാപൂത്തിങ്കളും മടങ്ങിപ്പോയി..........
കോളേജ് ഓഡിറ്റോറിയത്തിലെ ശബ്ദ കൂജയിൽ നിന്നും വിശ്വനാഥന്റെ ശബ്ദം കുടിയേറിയത് നന്ദിനിയുടെ ഹൃദയത്തിലേക്കായിരുന്നു. അവന്റെ സ്വരമാധുരിയിൽ അവളെല്ലാം മറന്നു. കോളേജിലെ ഇടനാഴികളിൽ കാണുമ്പോഴുള്ള ചെറുപുഞ്ചിരിയിൽ തുടങ്ങിയ പ്രണയം. പരസ്പരം ഉരിയാടതെയുള്ള പ്രണയം.
നന്ദിനി, പ്രശസ്തമായ പുതിയാകൊടി തറവാട്ടിലെ ഇളംതലമുറ. സമ്പത്തിനും, പ്രൗഡിക്കും കോട്ടം തട്ടാതെ വണ്ണം കാത്തു സൂക്ഷിക്കുന്ന തലമുറ.കുഞ്ഞമ്പു നായരുടെയും, കല്യാണിയമ്മയുടെയും രണ്ട് പെൺമക്കളിൽ ഇളയവൾ നന്ദിനി. വെളുത്ത് കൊലുന്നനെയുള്ള പെൺകുട്ടി. ഇടതൂർന്ന ,നിതംബം മറയ്ക്കുന്ന കാർകൂന്തൽ, മിഴിയിണകൾക്ക് താമരയഴക്. എല്ലാം കൊണ്ടും ഒരു തമ്പുരാട്ടി കുട്ടി.
തറവാട്ടിൽ നിന്നും ആദ്യമായാണ് ഒരു പെൺകുട്ടി ദൂരെയുള്ള പട്ടണത്തിലേക്ക് പഠിക്കാൻ പോകുന്നത്. ആണുങ്ങൾ പഠിച്ച് ഉദ്യോഗസ്ഥരായിട്ടുണ്ടെങ്കിലും, പെൺകുട്ടികളെ പത്താംതരം കഴിഞ്ഞാൽ വീട്ടിൽ തന്നെ നിർത്തിക്കും, പിന്നെ ഒന്നോ രണ്ടോ കൊല്ലത്തിനുള്ളിൽ കല്യാണം കഴിച്ചു വിടും. നന്ദിനി പഠിക്കാൻ മിടുക്കിയാണ്.പിന്നെ ചെറിയ തോതിൽ സാഹിത്യവാസനയൊക്കെ ഉണ്ട്. അമ്മമ്മയുടെ മടിയിൽ തല ചായ്ച്ച് കഥകൾ കേൾക്കാനിഷ്ടമുള്ള നന്ദിനി, അതൊക്കെ തന്നെ ഡയറിയിലേക്ക് പകർത്തി. തെയ്യവും, വെളിച്ചപ്പാടും,കൊയ്ത്തും, പൂരക്കളിയും, പൂരവുമെല്ലാം അവളുടെ വിരൽ തുമ്പിലൂടെ അക്ഷരരൂപം കൊണ്ടു. തറവാട്ടിലെ കുലദൈവങ്ങൾക്ക് അടിച്ച് തെളിച്ച് വിളക്ക് വെക്കുമ്പോഴൊക്കെ, വിഷ്ണു മൂർത്തിയുടെയും, പൊട്ടൻ ദൈവത്തിന്റയും, പുതിയാക്കൊടി ഭഗവതിയുടെയും ചൈതന്യ കഥകളായിരുന്നു മനസ്സിൽ.
മീനം പതിനാലിനാണ് പുതിയാ കൊടി തറവാട്ടിൽ തെയ്യം കൂടുന്നത്. മൂന്ന് ദിവസത്തെ തെയ്യം കെട്ട് ഉത്സവം. തറവാട് കുലദൈവങ്ങൾക്ക് പുറമേ, ഉഗ്രമൂർത്തിയായ, വൈരജാതൻ, ധൂമാവതി, പൂമാരുതൻ, മൂവാളംകുഴി ചാമുണ്ഡി, രക്തേശ്വരി തുടങ്ങി, മൂന്ന് ദിവസം കൊണ്ട് കെട്ടിയാടേണ്ടത് ഇരുപത്തിമൂന്ന് തെയ്യക്കോലങ്ങൾ. വണ്ണാനും, മലയനും, മാവിലനും ഉറഞ്ഞാടേണ്ട ഇരുപത്തിമൂന്ന് തെയ്യക്കോലങ്ങൾ.
കോലക്കാർ തറവാട് മുറ്റത്ത് നിരന്ന് നിന്നു. തെയ്യം കെട്ടിയാടുന്നവരെ തിരഞ്ഞെടുക്കാനുള്ള 'അടയാളം' കൊടുക്കൽ ചടങ്ങ്. ആദ്യം വിളിക്കുന്നത് ധർമ്മദൈവമായ 'പുതിയകോടി ഭഗവതി ' യെ കോലം കെട്ടാനുള്ളയാളെയാണ്. കാലാകാലങ്ങളായി രാമൻ കർണ്ണമൂർത്തിയാണ് ആ തിരുക്കോലം കെട്ടിയാടാൻ ഭാഗ്യം സിദ്ധിച്ചിരുന്നത്. ഇപ്രാവിശ്യം തറവാട്ട് കാരണവർ രാമനെ വിളിച്ചപ്പോൾ
" ഇക്കൊല്ലം എനിക്ക് കയ്യപ്പാ പ്രായം കൊറെ ആയിപ്പാ. മോന് ഭഗോതിരെ കോലം കെട്ടാൻ പൂതീ ണ്ട് കൈക്ലോറെ(കൈക്ലോർ ബഹുമാന പുരസരം നായന്മാരെ വിളിക്കുന്നത്) "
'' എന്നാ ഓനെ ബിളിക്ക് " കാരണവർ സമ്മതിച്ചു.
''ഉണ്ണീ '
' രാമൻ കർണ്ണമൂർത്തി മകനെ മുന്നിലേക്ക് മാറ്റി നിർത്തി.
''ഉണ്ണി.... എന്റെ വിശ്വേട്ടൻ..... എന്റെ വിശ്വേട്ടനാണോ ഉണ്ണീ.. നന്ദിനി അൽഭുതപ്പെട്ടു. അപ്പോൾ വിശ്വേട്ടൻ വണ്ണാ ചെക്കനാണോ?.
നോറ്റിരിക്കുന്നയാൾ തിരിയിട്ട് കത്തിച്ച കൊടിയിലയും അരിയും കൊടുത്തു. വിശ്വൻ ഭക്തിയോട് കൂടി അത് വാങ്ങിച്ച് നാല് ദിക്കിലേക്കും അരിയിട്ട് തൊഴുതു.തലയെണ്ണയും വാങ്ങി അണിയറയിലേക്ക് നടന്നു.
''ഉണ്ണിയേട്ട....
വിശ്വൻ തിരിഞ്ഞ് നോക്കി. നന്ദിനി .
ചന്ദന നിറമുള്ള നീളൻപാവാടയ്ക്ക് ചാരുതയേകുന്ന സ്വർണ്ണ കസവ്, അതേ നിറത്തിൽ തന്നെ ബ്ലൗസും കഴുത്തിൽ മുല്ലമൊട്ടുമാല, കൈയ്യിൽ ചുവന്ന കുപ്പിവള.
''എന്റെ വീടാ ഇത് എന്റെ തറവാട്. ഞാനേറ്റവും ആരാധിക്കുന്ന എന്റെ 'പുതിയായികോടിയമ്മയുടെ കോലം കെട്ടുന്നത് വിശ്വേട്ടനാണല്ലേ."
'' നന്ദിനിയുടെ തറവാടെന്നറിഞ്ഞില്ലാട്ടോ... നീലേശ്വരം രാജാവിൽ നിന്നും പട്ടും വളയും കിട്ടിയതിന് ശേഷം ആദ്യമായി കെട്ടുന്ന കോലമാണ് ഇവിടെത്തെ.അച്ഛന്റെ പാരമ്പര്യം കാക്കണം. നന്ദിനി പ്രാർത്ഥിക്കണം എനിക്ക് വേണ്ടി...'' വിശ്വന്റ കണ്ണിൽ ' പുതിയകോടി ഭഗവതിയുടെ രൗദ്രഭാവമായിരുന്നില്ല അപ്പോൾ.
" ഞാനെന്നാ അസ്തമനം കൊള്ളട്ടെ തറവാട്ട് പൈതങ്ങളെ... വിശ്വസിച്ചവനെ ചതിക്കൂല, ചതിച്ചവനെ വിശ്വസീക്കൂല., ആയത് കൊണ്ട് .തറവാടാധാരമായ എല്ലാ കർമ്മങ്ങളും ഈ അമ്മ അറിയുന്നുണ്ട്. ആയത് കൊണ്ട് അധികം ആടി വിഷമിപ്പിക്കുന്നില്ല. അസ്തമനം കൊള്ളട്ടെ........''
പുതിയകോടി ഭഗവതിയുടെ ചടുല പാദ ചലനത്തിനനുസരിച്ച് ചെണ്ടമേളം മുറുകി.ഒറ്റക്കാലിൽ പെരുവിരലൂന്നി വട്ട മുടി വട്ടം കറക്കി വിശ്വന്റ പുതിയ കൊടി ഭവവതി കോലം തിരുനടയിൽ തിരുമുടി മുട്ടിച്ച് അസ്തമനം കൊണ്ടു.തിരുമുടി അഴിച്ച് കൈകൾകൂപ്പി പ്രാർത്ഥിച്ചു. നോറ്റിരുന്നയാൾ കൊടുത്ത ഇളനീർ കുടിച്ച് ദാഹം തീർത്തു.
'' ഇത്രയും കാലത്തിന്റെടെക്ക് ഇങ്ങൻത്തൊരു തെയ്യം ഞാൻ കണ്ടീറ്റാ എന്താ ആ ഉറയലും വാക്കുരിയും രാമനേക്കാളും ഉസാറാക്കും ഓൻ...'' തറവാട്ട് മൂപ്പന്മാർ ആശംസകളും, ആശീർവാദങ്ങളും കൊണ്ട് വിശ്വനെ മൂടി.സത്യത്തിൽ പുതിയ കൊടി ഭഗവതിയുടെ രൂപത്തിൽ നന്ദിനിയെ ആവാഹിച്ച് ഉറഞ്ഞാടുകയായിരുന്നു വിശ്വൻ.ചെണ്ടയുടെ ദ്രുതതാളത്തിലൂടെ പ്രണയനിയുടെ ഇഷ്ട്ട ദേവതയെ കെട്ടിയാടുകയായിരുന്നു വിശ്വൻ.
പിന്നീട് വിശ്വൻ കെട്ടിയാടുന്ന തെയ്യക്കോലങ്ങളിലൊക്കെ കാഴ്ച്ചക്കാരിയായി നന്ദിനിയും ഉണ്ടായിരുന്നു. താൻ കെട്ടിയാടുന്ന ഒരോരോ കോലത്തിലും നന്ദിനി മാത്രമായിരുന്നു. ആളികത്തുന്ന ആറ് തീപന്തങ്ങൾ കൊളുത്തിയാടുന്ന പുതിയ ഭഗവതി കോലത്തിലും, നന്ദിനിയുടെ പ്രതിബിംബം മാത്രം, നാൽപത്തീരടി നീളമുള്ള പടക്കത്തി ഭഗവതിയുടെ കോലമേറ്റപ്പോഴും മനസ്സിൽ നന്ദിനിയായിരുന്നു.
'' കത്തിച്ച് കളയും ഞാൻ തറവാടിനെയും നിന്നെയും."
അച്ഛന്റെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. വിശ്വനോടുള്ള പ്രണയം വീട്ടിലറിഞ്ഞപ്പോൾ, കോലായിൽ തിരുകി വച്ച പോത്തിനെ തല്ലുന്ന ചുരൽ വടിയുടെ താണ്ഡവത്തിൽ നിന്നും നന്ദിനിയെ രക്ഷിച്ചത് ചെറിയമ്മയായിരുന്നു. അച്ഛന്റെ അനിയത്തി.
''മോളെ... നമ്മൾ നമ്മുടെ കുലമഹിമ നോക്കണം. 34 പൊതി ( ഒരു പൊതി, 3 പറ നെല്ല്) വിത്തിടുന്ന നെൽവയൽ, നീലേശ്വരം തമ്പുരാന്റെ പടനായകരാണ് നമ്മുടെ പൂർവ്വികർ, കുഞ്ഞമ്പുവേട്ടന്റെ നിലയും, വിലയും നോക്കെണ്ടേ.?, താഹസിൽദാരായ നിന്റെ വല്യമ്മാവൻ, സബ് കോടതിയിലെ ജഡ്ജായ വല്യച്ചൻ ഇവരെയൊക്കെ മറന്ന് മോള് ആ വണ്ണാ ചെക്കന്റ കൂടെ പൊറുതി തുടങ്ങിയാൽ പിന്നെ നിന്റെ പ്രിയപ്പെട്ട ദേവി ' പുതിയാ കോടി 'അമ്മ പൊറുക്കുമോ...? ഭഗവതി എപ്പോഴും കാരണവന്മാരുടെ കൂടെ തറവാടിന് നന്മയും, കീർത്തിയും, സൽപ്പേരുണ്ടാക്കാനെ ഉണ്ടാവൂ.കാരണവന്മാരെ ധിക്കരിക്കാന്നു വച്ചാൽ ഭഗവതിയെ ധിക്കരിച്ചുന്ന് അർത്ഥം. അമ്മയുടെ ശാപം കിട്ടിയാൽ പിന്നെ, വേറൊരു ജീവിതമുണ്ടോ എന്റെ കുട്ടിയേ...? അതു കൊണ്ട് എന്റെ മോള് ഈ കല്യാണത്തിന് സമ്മതിക്കണം''
പട വീരൻ തെയ്യക്കോലം കെട്ടാൻ മൂപ്പത്തി ഏഴ് ദിവസത്തെ ഉപാസന വേണം. അതി കഠിനമായ ആയുധ പരിശീലനവും, ഏകാഗ്രമനസും കൈമുതലായുള്ളവനെ പട വീരന്റ തെയ്യക്കോലം കെട്ടാൻ അടയാളം കൊടുക്കാറുള്ളൂ. വാളും, ഉറുമിയും മാറി മാറി വിശണം. ഏഴടി പൊക്കത്തിലും അഞ്ചടി നീളത്തിലുമുള്ള തീക്കുമ്പാരത്തിലൂടെ അറുപത്തിമൂന്ന് പ്രാവിശ്യം അഗ്നി പ്രവേശം ചെയ്യണം. പകൽ വെളിച്ചത്തിൽ അഗ്നിപ്രവേശനം നടത്തുന്ന അപൂർവ്വം കെട്ടിയാടുന്ന തെയ്യക്കോലം പട വീരൻ. മുപ്പത്തി ഏഴ് ദിവസത്തെ ഉപാസനയിൽ ഒരിക്കൽ പോലും നന്ദിനിയുടെ രൂപം വിശ്വന്റ മനസ്സിൽ തെളിഞ്ഞില്ല. അസുരഗണങ്ങളെ വാളാലും, ഉറുമിയിലും അരിഞ്ഞ് വീഴ്ത്തുന്ന പടവീരന്റെ രക്തവർണ്ണം മാത്രം.
"വരണ്ട മണ്ണിൽ കലപ്പ കൊണ്ട് ഉഴുത് മറിച്ച്, വിത്തിട്ട്, വളമിട്ട് നിലമൊരുക്കി, കാർമേഘത്തെ കാത്തിരുന്നു. പെയ്യാനോങ്ങിയ കാർമേഘത്തെ കാറ്റാൽ വകഞ്ഞ് മാറ്റി, വരൾച്ച സൃഷ്ടിച്ചു. ആയത് കൊണ്ട്, സ്നേഹിക്കപ്പെടുന്നവനെ വെറുക്കാതെ വണ്ണം ഗുണം വരണം പൈതങ്ങളെ.... ''
പടവീരൻ ദൈവം പ്രസാദമായ മഞ്ഞക്കുറി ആ പെൺകുഞ്ഞിന്റെ തലയിൽ തൊടുവിച്ചു.ആലിലയിൽ അരിയും മഞ്ഞക്കുറിയും അമ്മയ്ക്കും കൊടുത്തു. നിറഞ്ഞൊഴുകിയ കണ്ണുനീർ ആരും കാണാതെ തുടച്ചുവെങ്കിലും, അതിൽ നിന്നും രണ്ട് മൂന്ന് തുള്ളികൾ വീണ് മഞ്ഞക്കുറിയിൽ നനവ് പടർന്നു. ആ നനവോടെ ഒരു നുള്ള് കുറിയെടുത്ത് നന്ദിനി നെറ്റിയിൽ തൊടുവിച്ചു..

By: 
James Vinod TK

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot