Showing posts with label ജയിംസ് വിനോദ് ടി കെ. Show all posts
Showing posts with label ജയിംസ് വിനോദ് ടി കെ. Show all posts

........പെണ്ണ് കാണൽ അവസാന ഭാഗം.......


........പെണ്ണ് കാണൽ അവസാന ഭാഗം.......
ദുബായിന്ന് വന്നതിന്റെ പിറ്റെ ദിവസം തന്നെ അമ്മ ഓടിച്ചു വിട്ടു പെണ്ണ് കാണാൻ.
'എൻക്ക് കയ്യിന്നില്ല കുഞ്ഞി, പ്രായായി, മൻസ്സ് എത്ത്ന്ന്ട്ത്ത് കൈയ്യുത്തുന്ന്ല്ല, നീ എയ്നീങ്കിലും കൈയ്യും പിട്ച്ചിറ്റ് ബന്നറ്..... ''
അമ്മയ്ക്ക് പ്രായമേറി വരികയാണ്.പിന്നെ, പശു, ആട്, കോഴി, വാഴ, കവുങ്ങ്, തെങ്ങ് ഇതിനൊക്കെ ചെലവിന് കൊടുക്കുന്നത് അമ്മ ഒറ്റക്കാണ്. ജോലിക്കാരെ വെക്കാൻ പറഞ്ഞ കേൾക്കൂല്ല. എല്ലായിടത്തും ഒപ്പിടാനറിയാത്ത ചുണ്ടൊപ്പിടുന്ന അമ്മയുടെ 'സിഗ്നേച്ചർ' വേണം. മോനങ്ങ് ദുബായിൽ മെച്ചപ്പെട്ട ജോലിയാണെന്നു പറഞ്ഞിട്ട് കാര്യമില്ല. ഒരു ഗ്ലാസ്സ് പച്ചവെള്ളം കുടിക്കണമെങ്കിൽ അമ്മ അതിന്റെ പണി എടുത്തിരിക്കും.
കുറച്ച് ക്യാഷും ഇച്ചിരി ലോണുമായി ഒരു 'വെളള സ്വിഫ്റ്റ് ', വരുമ്പോഴേക്കും ഞാൻ തന്നെ റെഡിയാക്കി വച്ചിരുന്നു. ബ്രോക്കർ ദാമോദരേട്ടനേയും കൂട്ടി രാവിലെ പുറപ്പെട്ടു.മൂപ്പരാണേൽ ഒടുക്കത്തെ 'മുറുക്ക് ' ആണ്. വെറ്റില മുറുക്കി ഓട്ടത്തിനിടയിൽ തന്നെ ഗ്ലാസ്സ് താഴ്ത്തി പുറത്തേക്ക് ഒരു ചാറ്റൽ മഴ പെയ്യിക്കും. എന്റെ വെളുത്ത സ്വിഫ്റ്റ് രക്ത വർണ്ണ ബിന്ദുക്കളാൽ മനോഹരിയായി. ആദ്യത്തെ പെണ്ണു നോട്ടത്തിൽ ' സർക്കാർ ഉദ്യോഗ'മെന്ന പൊതു കാഴ്ച്ചപ്പാടിൽ ഞാൻ കാഴ്ച്ചക്കാരനായി. 'തോട്ടി പണി ' ആയാലും, സർക്കാർ പണി തന്നെ വേണമത്രേ. രണ്ടാമത്തെ പെണ്ണ് സീനിൽ ' അവൾക്ക് MBA കംപ്ലിറ്റാക്കണം, വീട്ട് പണി ചെയ്യാൻ പറ്റില്ല, പുക അലർജിയായത് കാരണം അടുക്കളയിൽ 'നോ എൻട്രി ' പിന്നെ വിയർപ്പിന്റെ അസുഖമുള്ളത് കൊണ്ട് 'അലക്കൽ പരിപാടി 'നടക്കൂല്ല.പക്ഷെ ഒരു ഓഫർ തന്നിരുന്നു. സ്വന്തം ഡ്രസ്സ് വേണേൽ അലക്കുമത്രേ. ഡിമാന്റ് അംഗീകരിച്ചാൽ ഇവൾ മൊത്തത്തിൽ തേച്ചിട്ട് പോകുമെന്ന് അശരീരി ഉണ്ടായതിനാൽ അതും ഗോവിന്ദാ....
ആറ്, എട്ട്, പന്ത്രണ്ട്, പതിനഞ്ച്, പതിനേഴ് ഇത്രയും പെണ്ണിലൊന്നും 'ദുബായ്' ഡിഗ്രി പാസ്സായില്ല. മൂന്നാഴ്ച്ച കഴിഞ്ഞു. ഓരോ പെണ്ണ് കാണലിനും എഴുന്നൂറ് രൂപ വച്ച് ദാമോദർജിക്ക് നൽകണം. കള്ള് വേറെ, മുറുക്കാൻ വേറെ. ഓരോ പോക്കിലും 'രക്തവർണ്ണ ബിന്ദു'ക്കൾ മായ്ച്ച് കളയാൻ സർവ്വീസ് സെൻററിൽ കൊടുക്കുന്നത് വേറെയും.ഒരു ദിവസം രണ്ടിൽ കൂടുതൽ പെണ്ണ് കാണിക്കാൻ ' ബ്രോക്കേഴ്സ് യൂണിയൻ' സമ്മതിക്കില്ല. പതിനെട്ടാമെത്തെ പെണ്ണുകാണലിന് ' ദാമോദർജി' പത്തൊൻപതാമത്തെ അടവ് പറഞ്ഞു തന്നു.
''മോനെ നീ ഇന്നു മുതൽ സി.എ ക്കാരനാണ്. ചാർട്ടേഡ് അക്കൗണ്ടന്റ്.''
''ഏയ് അതു നടക്കൂല്ല ദാമോദർജി ,BA പോലും കംപ്ലീറ്റാക്കാത്ത ഞാൻ എങ്ങനെ CA...?"
''പെണ്ണ് കിട്ടണോ, ഇങ്ങനെ ചില ബിരുദാനന്തര വിരുത് വേണം.മഹാഭാരതത്തിലെ യുധിഷ്ഠിരൻ പോലും കള്ളം പറഞ്ഞിട്ടുണ്ട്. പിന്നെയാ വെറും ദുബായ്ക്കാരനായ നീ..... ''
ഇനിപ്പോ CA ഇല്ലാത്തോണ്ട് പെണ്ണ് കിട്ടാതിരിക്കേണ്ട'അശ്വസ്തമാവ് ഹതോ ഹഥ: '
(അശ്വസ്തമാവെന്ന ആന ')
പത്ത് നാൽപ്പത് കിലോമീറ്റർ ദൂരെയുള്ള സ്ഥലത്തേക്കാണ് പോക്ക്.ദാമോദർജി പതിവുകൾ തെറ്റിച്ചില്ല.'രക്തവർണ്ണബിന്ദുക്കൾ ' കൊണ്ട് വെളുത്ത സ്വിഫ്റ്റിൽ ചിത്ര പണി തുടങ്ങി. അതു കൊണ്ട് തന്നെ വണ്ടി വീടിന്റെ ഗെയിറ്റിന് മുന്നിൽ ഇട്ട് അകത്തേക്ക് നടന്നു..
നാട്ടുവിശേഷവും ഭാവി അമ്മായിഅച്ഛന്റെ ക്രോസ് വിസ്താരവും കഴിഞ്ഞ് പെണ്ണിനെ വിളിച്ചു. റാംപിൽ മോഡലുകൾ വരുന്ന പോലെ നല്ല സ്പീഡിൽ വന്ന് ചായയും വച്ച് 'ഒന്നങ്ങോട്ടും, ഒന്നിങ്ങോട്ടും തിരിഞ്ഞ് നിന്ന് അപ്രത്യക്ഷമായി.പെണ്ണ് കൊള്ളാം കാണാനിച്ചിരി പാങ്ങുണ്ട്.
'' അപ്പോന്നാ ഇവർക്ക് വല്ലതും സംസാരിക്കണമെങ്കിൽ.... ''
ദാമോദർ ജിയുടെ പതിവ് സംഭാഷണം.
ഞാൻ പതുക്കെ അകത്തേക്ക് വലതുകാൽ വച്ച് തന്നെ കയറി.അവിടെ ഒരു മേശ, അതിന് അഭിമുഖമായി രണ്ട് കസേര .നേരത്തെ കണ്ട 'മോഡൽ' ഒരു കസേരയിൽ ഇരുന്നിട്ടുണ്ട്, കൈയ്യിൽ ഒരു പേനയും ഒരു നോട്ടുബുക്കുമുണ്ട്. എന്നോട് കസേരയിൽ ഇരിക്കാൻ പറഞ്ഞു. ഞാൻ മനസ്സിൽ പറഞ്ഞു നല്ല മര്യാദയുണ്ട്.
''നിങ്ങൾക്ക് മാസം എത്ര ശമ്പളം കിട്ടും..?
" അതിപ്പോ ഏകദേശം 4000, 4500.. '' (ബുക്കിൽ കുറിച്ചിട്ടു) '
അവിടെ റൂമിനൊക്കെ നല്ല വാടകയല്ലേ.? ഏകദേശം എത്ര വരും....?
''. നല്ല വാടകയുണ്ട് ,പക്ഷെ എനിക്ക് കമ്പനി റൂം ആന്റ് ' അക്കമോഡേഷൻ ഉണ്ട്.. "(ബുക്കിൽ കുറിച്ചിട്ടു )
''അതല്ല കല്യാണം കഴിഞ്ഞ് എന്നെ കൊണ്ടുപോവുമല്ലോ, അപ്പോൾ വെളിയിൽ താമസിക്കണം. കമ്പനി റൂം അലവൻസ് തരുവോ?"
''നിന്റെമ്മേടെ കമ്പനിയല്ലേ. കെട്ടി കൊണ്ട് പോകുന്നത് സുഖവാസത്തിനല്ലടി" എന്ന് ചോദിക്കാൻ തോന്നിയെങ്കിലും, പത്തൊൻമ്പതാമത്തെ, ചടങ്ങും, ദാമോദർജിയുടെ ' രക്തവർണ്ണബിന്ദു'വും വിചാരിച്ച് ആത്മസംയമനം പാലിച്ചു.ഇതെങ്കിലും നേരെയാവണം
'' കമ്പനി പകുതി കാശ് ചിലപ്പോൾ തരും'' (അതും കുറിച്ചിട്ടു)
പിന്നെ ക്വസ്റ്റ്യനു പകരം നോട്ടുബുക്കിൽ നിന്നും ഒരു വലിയ കടലാസ് എടുത്ത് എനിക്ക് നീട്ടി.
''നമ്മുടെ വീടിന്റെ പ്ലാൻ, മൂന്ന് ബാത്ത് റൂം അറ്റാച്ച്ഡ് ബെഡ് റൂം ഒന്ന് നമ്മൾക്ക്, ഒന്ന് മക്കൾക്ക്, ഒന്ന് ഗെസ്റ്റുകൾക്ക്, മേലെ ഒരു ബെഡ് റൂം അതും ബാത്ത്റും അറ്റാച്ഡ്, അത് എന്റെ അച്ഛനും, അമ്മയ്ക്കും, ഏകദേശം ആയിരത്തി എണ്ണൂറ് സ്ക്വയർ ഫീറ്റ്...... "
" പന്ന പു....... ''തൊട്ട് ഞാനിന്നു വരെ പറയാത്തതും, സ്വന്തമായി കണ്ടു പിടിച്ചതുമായ ഒരു ഭരണിപ്പാട്ട് സ്തുതി പാടി രംഗം ഒന്നു കൊഴുപ്പിച്ചു. ഇറങ്ങി പോകുന്ന പോക്കിൽ ആ കുറുപ്പിന്റെ കണക്ക് ബുക്ക് അവളുടെ തിരു മോന്തയിൽ ശക്തിയായി അർപ്പിച്ചു.
''ഓനൊന്നും പെണ്ണ് ഈ ജന്മത്തി കിട്ടില്ല, പത്തു നാൽപ്പത് കിലോമീറ്റർ ദൂരെ ഒറ്റക്കാക്കി, അവിടെത്തെ ആൾക്കാരുടെ തല്ലും കൊണ്ട്, തിരിച്ച് വരാൻ വണ്ടീക്കൂലിയില്ലാതെ നടന്ന് വന്ന എന്റെ ശാപം അവന് തീർത്താ തീരില്ല." ദാമോദർജിയുടെ ശാപം അടുത്തെങ്ങാനും തീരാനും പോകുന്നില്ല. തിരിച്ച് പോകാനുള്ള ദിവസം നാളെയാണ്.

By
James Vinod

'' ആകാശവാണി തിരുവനന്തപുരം "


'' ആകാശവാണി തിരുവനന്തപുരം "
ഇന്നും കാതുകളിൽ മുഴങ്ങുന്ന ആ പഴയ കാല
അനൗൺസ്മെന്റ് !! ന്യൂ ജൻ എംഫ് എം അരങ്ങുതകർക്കുന്ന ഇക്കാലത്ത്, പഴയ എ എം ഓർമ്മകൾ അയവിറക്കുക എന്നത് അരോചകം ആണെങ്കിലും ഓർക്കാതിരിക്കാൻ വയ്യ.
കുന്നും പ്രദേശമായിരുന്നത് കൊണ്ട് ഞങ്ങൾക്ക് തിരുവനന്തപുരം റേഡിയോ സ്റ്റേഷൻ മാത്രമേ വ്യക്തമായി കിട്ടാറുള്ളു
രാവിലെ 5.50 നുള്ള സുഭാഷിതം തുടങ്ങി കഴിഞ്ഞാൽ ഓൺ ആകുന്ന പഴയ ഫിലിപ്സ്
റേഡിയോ ഞങ്ങൾ സ്ക്കൂളിലേക്ക് പോകും വരെ തുടർന്നുകൊണ്ടിരിക്കും.
സുഭാഷിതം, ഭക്തിഗാനങ്ങൾ, വാർത്ത വിശകലനുമായി പ്രഭാതഭേരി, പിന്നെ ഡൽഹി മലയാളം വാർത്ത. കൃഷ്ണകുമാർ ( ഇപ്പോൾ K K Hitfm വാർത്ത), ജോൺ ബ്രിട്ടാസ് (കൈരളി ടിവി) ഇവരുടെ പ്രത്യേക രീതിയിലുള്ള വാർത്താ വായന. അതു കഴിഞ്ഞാൽ പിന്നെ സംസ്‌കൃത വാർത്തകൾ
" ഈയം ആകാശവാണി പ്രവാചക ബൽദേവ് ആനന്ദ് ..........." ഒന്നും മനസ്സിലാവില്ലെങ്കിലും
കേട്ടുകൊണ്ടിരിക്കും. വിദ്യാഭ്യാസ രംഗം 7.5ന് ആണെന്ന് തോന്നുന്നു. അതിൽ തന്നെ
സാക്ഷരത ക്ലാസ് ,ഖാൻ കാവിൽ വക്കം സക്കീർ... ഇതൊക്കെ മറക്കാൻ പറ്റാത്ത ശബ്ദവീചികൾ ആണ്. 7.25 ന്റ വാർത്ത
കേരളത്തിന്റെ രാഷ്ടീയ, സാഹിത്യ സാംസ്ക്കാരിക തുടിപ്പുകൾ അറിയുന്ന ഏക മാർഗ്ഗം.പ്രതാപന്റെയും, രാമചന്ദ്രന്റെയും, വെൺമണി വിഷ്ണുവിന്റെയും വാക് വിസ്മയത്തിൽ എത്രയെത്ര എസ്ക്ലൂസിവ്
വാർത്തകൾ കേട്ടിരിക്കുന്നു.!!
വെള്ളിയാഴ്ച്ചകളിലെ ഗാന്ധിമാർഗ്ഗം....
ഗാന്ധിയൻ ജീവിതം, ചിന്തകൾ ചെറുപ്പത്തിൽ ഒരു പാട് സ്വാധീനിച്ച പരിപാടി.അവസാനം ഒരു ദേശഭക്തിഗാനം ഉണ്ടാവും.
ഞായറാഴ്ച്ചകളിലെ ചലചിത്ര ശബ്ദരേഖ....
അതിനായ് റേഡിയോവിന്റെ മുന്നിൽ സാകൂതമിരിക്കും, അമ്മ, ചേച്ചി, ചേട്ടൻ.........
ഫുട്ബോൾ കമന്ററി..... : മറക്കാൻ പറ്റാത്ത
അനുഭവമാണ്. സതീഷ് ചന്ദ്രൻ എന്ന പ്രതിഭാവിലാസത്തിന്റെ വാക്ദ്ധോരണിയിൽ '
കൺമുന്നിൽ കളി കാണുന്ന പ്രതീതി.സന്തോഷ് ട്രോഫി, സേട്ട് നാഗ്ജി, നെഹ്രുട്രോഫി... അങ്ങനെ എത്ര മത്സരങ്ങൾ.
അതുപോലെ പുന്നമടക്കായലിൽ നടക്കുന്ന
നെഹ്രുട്രോഫി വള്ളംകളിയുടെ ആവേശം
നാഗവള്ളി ആർ എസ്സ് കുറുപ്പ്......... അവാച്യമായ അനുഭൂതിയിൽ ഓളപരപ്പിലെ
പ്രകമ്പനങ്ങൾ ശ്രോതാക്കളെ തേടിയെത്തുമ്പോൾ...... നമ്മൾ പുന്നമടക്കായലിൽത്തന്നെയാണ്. " ഒന്നാം ട്രാക്കിൽ കരിനാഗത്തെപ്പോലെ പായിപ്പാട് ചുണ്ടൻ.........
ഒരു പാട് ചുണ്ടൻ വള്ളങ്ങളുടെ പേര് ഹൃദിസ്ഥമായിരുന്നു. ആനാരി, ചമ്പക്കുളം ചുണ്ടൻ, കരുവാറ്റ ചുണ്ടൻ, അബ്ദേക്കർ ചുണ്ടൻ..... അങ്ങനെ അങ്ങനെ
വൈകുന്നേരം കൃഷിപ്പാടവുമായി വയലും വീടും.പിന്നെ യുവവാണി, ഇന്നും ഓർക്കുന്നു
ഫ്ലവേർസ് ചാനൽ ആർ ശ്രീകണ്ഠൻ സാറിന്റെ
"ഒരു നിമിഷം " എന്ന പരിപാടി. ഒരു മിനിറ്റിൽ നിർത്താതെ,വിക്കാതെ, റിപ്പിറ്റേഷൻ ഇല്ലാതെ സംസാരിക്കണം. ജി എസ് പ്രദീപ്, ആയിഷ, അമരവിള സതീഷ്..... അങ്ങനെ പരിചിതരായവർ....
പിന്നെ തുടർന്നാടകങ്ങൾ, ഖാൻ കാവിൽ, രാധ മണി, രാധാദേവി മാർ അമ്മയും മകളുമായി വന്നാൽ
ചിരിയുടെ മാലപ്പടക്കമായിരിക്കും.
തുടർ നാടകങ്ങൾ കേട്ട് കണ്ണീർപ്പൊഴിക്കുന്ന
ചേച്ചിയെ അമ്മ എപ്പോഴും കളിയാക്കും.
അത്രയ്ക്കും മനോഹരവും വികാര തീവ്രവുമായിരുന്നു റേഡിയോ നാടകങ്ങൾ.
വർഷങ്ങളായിരിക്കുന്നു റേഡിയോ കേട്ടിട്ട്.
വീട്ടിൽ ഇപ്പോൾ റേഡിയോ ഇല്ല. ടെലിവിഷൻ ആണ് എല്ലാം. പിന്നെ കുറെ മാഗോയും, ചുവപ്പും, പച്ചയുമായി ന്യൂ ജെൻ എഫ് എമ്മുകൾ......
ഇപ്പോൾ "എഴുത്തുപ്പെട്ടിയിൽ " സ്ഥിരമായി കത്തയക്കാറുള്ള ചാപ്രയിൽ കുട്ടപ്പനില്ല, ഷൗക്കത്ത് മൊയ്തീൻ NR സിറ്റിയില്ല. വാട്ട്സ് അപ്പ്, ഫെസ് ബുക്ക്, ട്വീറ്ററുകൾ മാത്രം......
ഗതകാല സ്മരണകൾക്ക്
കണ്ണീരിന്റ നനവെങ്കിലും, ഓർമ്മിക്കുമ്പോൾ
ഒരു ചാരിതാർത്ഥ്യം തോന്നുന്നു.
അക്കാലത്തെ സുവർണ്ണ നിമിഷങ്ങൾ ഓർത്ത്.

By 
James Vinod TK

പ്രേമേച്ചി

Image may contain: 1 person, closeup and outdoor

രണ്ട് അനിയന്മാരെയും, ഒരനിയത്തിയേയും ചേർത്ത് പിടിച്ച് കരഞ്ഞ് കലങ്ങിയ കണ്ണുമായി പ്രേമേച്ചി ഒരു കൊച്ച് വെളുപ്പാൻ കാലത്ത് ഞങ്ങൾ താമസിക്കുന്ന തറവാട്ട് വീട്ടിലേക്ക് വന്ന കഥ അമ്മ പറഞ്ഞ് തന്നത് ഓർമ്മയുണ്ട്.
വല്യഛനും കുടുംബവും തറവാട് വീടിന് അര കിലോമീറ്റർ മാറിയാണ് താമസം. അന്ന് രാത്രിയിൽ എന്തോ കശപിശയുണ്ടായി വെളുപ്പിന് 4 വയസ്സ് മാത്രം പ്രായമുള്ള നാലാമത്തെ മകനേയും കൂട്ടി സ്വന്തം വീട്ടിലേക്ക് പിണങ്ങി പോയി.നേരം പുലർന്നപ്പോൾ മദ്യാസക്തിയിൽ മറ്റു മക്കളോട് " നിങ്ങളും പോയ്ക്കോ എവിടേക്കെങ്കിലും ", എന്ന് പറഞ്ഞപ്പോൾ അവർക്ക് പോകാൻ ആകെ ഉണ്ടായിരുന്നത് തറവാട് വീട് മാത്രമായിരുന്നു.
അങ്ങനെ തറവാട്ട് വീട്ടിൽ ഞങ്ങൾ മൂന്നും നാലും ചേർന്ന് 7 മക്കളായി. ഏറ്റവും മൂത്തത് സീമേച്ചിയായിരുന്നു. ചെറുപ്പത്തിൽ തന്നെ നല്ല നിശ്ചയദാർഡ്യവും, വാശിയും ആരേയും കൂസാത്ത പ്രകൃതവുമായിരുന്നു.അതു കൊണ്ട് തന്നെ ഞങ്ങൾക്കെല്ലാം പ്രേമേച്ചിയെ വല്ലാത്ത പേടിയുണ്ട്. എന്നാൽ ശാസിക്കുന്നതിനോടൊപ്പം സ്നേഹിക്കാനുമറിയാം ചേച്ചിക്ക്.
നന്നായി പഠിക്കുമായിരുന്ന ചേച്ചി കുടുബത്തിലെ എന്നല്ല ആ പ്രദേശത്തെ തന്നെ ആദ്യത്തെ MA ബിരുദധാരിയായിരുന്നു. എട്ടും പത്തും കിലോമീറ്ററുകൾ നടന്ന് ചിമ്മിണി വെളിച്ചത്തിൽ പഠിച്ച് മിടുക്കിയായി വളർന്നു.മുഖത്ത വലിയ ഫ്രെയിമുള്ള കണ്ണടയും, ചുവന്ന ബ്ലൗസ്സും, പുള്ളികൾ ഉള്ള നീളൻപാവാടയും ഉടുത്ത് കയ്യിൽ ഒരു കെട്ട് പുസ്തകവും, ഉച്ചയ്ക്കുള്ള ഭക്ഷണ പൊതിയുമായി പോകുന്ന പ്രേമേച്ചിയുടെ ചിത്രം ഇപ്പോഴും മനസ്സിൽ മായാതെയുണ്ട്. കോളേജ് വിട്ട് വന്ന് കുട്ടുകാരികളായ, പുഷ്പമാരുടെയും, റാണിയുടെയും കഥകൾ എന്റെ അമ്മയോട് പറയുന്നത് കേൾക്കാറുണ്ട്.
പ്രേമേച്ചിയുടെ വിവാഹം കുറച്ച് വടക്കുള്ള ഒരു സ്ക്കൂൾ മാഷുമായി ഉറപ്പിച്ചു.അന്ന് തൊട്ട് വല്യമ്മയുടെ വീട്ടുകാർ കലിപ്പിലായി.അവർ ഞങ്ങളുടെ അടുത്ത ബന്ധുക്കൾ ആണ്. അവരോടൊന്നും പറയാത്തത് അവർക്ക് ഇഷ്ട്ടപ്പെട്ടില്ല. അതിന് കാരണവും ഉണ്ട്. വരന്റെ വീട്ടുകാരോട് 'അമ്മയില്ല.' എന്നാണ് പറഞ്ഞ് വച്ചത്. കല്യാണദിവസം അവർ രണ്ട് മൂന്ന് വാഹനങ്ങളിൽ കല്യാണം കൂടാൻ വന്നെങ്കിലും അവർക്ക് അമ്പലം മാറിപ്പോയതിനാൽ വലിയൊരു വഴക്ക് ഒഴിവായി.
അമ്മ ഇടയ്ക്കിടെ ചോദിക്കും
" മോളെ അമ്മയെ തിരികെ വിളിച്ചു കൊണ്ടുവന്നുടേന്ന്... "
അപ്പോഴേക്കെ പ്രേമേച്ചിയുടെ മുഖത്ത് ഒരു തരം അറപ്പാണ് കാണാറ്.
" എളയമ്മേ നാലു മക്കളെ കളഞ്ഞ് പോയതാണ്, അമ്മ എന്ന സാധനം. ഇതു വരെ തിരിഞ്ഞു നോക്കിയോ.?. എന്റെ ജീവിതത്തിൽ അങ്ങനെ ഒരു വാക്കില്ല എളയമ്മേ.."അങ്ങനെയാണ് പ്രേമേച്ചി.
പലപ്പോഴായി വല്യമ്മയെ തിരിച്ചുവിളിക്കാൻ പല ബന്ധുക്കളും ശ്രമിച്ചപ്പോഴേല്ലാം വല്യച്ചൻ പറഞ്ഞത്
'' പ്രേമ പറയട്ടേ" എന്നാണ്. ഒട്ടുമിക്ക ആൾക്കാരും അനുകൂല നിലപാട് എടുത്തപ്പോഴും പ്രേമേച്ചിയുടെ ഒരിക്കലും ഉണങ്ങാത്ത മുറിവിനെ മറികടക്കാൻ അവർക്കൊന്നുമായില്ല.പ്രേമേച്ചി കരയുന്നത് ഞാനിതുവരെ കണ്ടിട്ടില്ല.
വേക്കഷന് നാട്ടിൽ പോകുമ്പോഴോക്കെ ഒരു ദിവസം പ്രേമേച്ചിയുടെ വീടിനായി മാറ്റിവെക്കും. അവരുടെ കൈ പുണ്യം ആവോളം ആസ്വദിച്ചേ ഞാൻ മടങ്ങാറുള്ളൂ. ഒരു പക്ഷെ എനിക്ക് ഏറ്റവും ബഹുമാനവും, കുറച്ച് അല്ല കുറച്ചല്ല നല്ല പേടിയുള്ള ഒരേ ഒരാൾ പ്രേമേച്ചിയാണ്.
പ്രേമേച്ചിക്കുള്ള ആകെയുള്ള സങ്കടം ഒരു സർക്കാർ ജോലി ആയിരുന്നു. MA കഴിഞ്ഞ് ബിഎഡ് ഒക്കെ എടുത്തിട്ടും അന്നത്തെ കാലത്ത് ഒരു ജോലി കിട്ടിയില്ല. ഇപ്പോൾ പ്രശസ്തമായ ഒരു മാനേജ്മെന്റ് സ്ക്കൂളിൽ അധ്യാപികയാണ്. ഭർത്താവ് ഹെഡ്മാസ്റ്ററായി റിട്ടയർ ചെയ്തു. ഇപ്പോൾ ഒരു പ്രൈവറ്റ് സ്ക്കൂളിന്റെ പ്രിൻസിപ്പൽ ആണ്. സ്വസ്തം അവരുടെ ജീവതം.

By: James Vinod TK

നാരാണൻ.

Image may contain: 1 person, beard, outdoor and closeup

'ബാ..... ഉം...... നേരെ.. അരികെ.. അരികേ പോ ...കാളേ..... '' നാരാണൻ(നാരായണൻ) പുലർച്ചേ തന്നെ 'വിരിപ്പി' (വിരിപ്പ് കൃഷി) നുള്ള നിലമൊരുക്കുന്നതിന്റെ തയ്യാറെടുപ്പ് തുടങ്ങി. അവൻ ഉഴുവാൻ തുടങ്ങിയാൽ പിന്നെ വയലിന് സമീപവാസികൾക്കൊന്നും ഉറങ്ങാൻ പറ്റില്ല. നന്നേ ഉച്ചത്തിൽ തന്റെ കാളകൾക്കുള്ള നിർദ്ദേശങ്ങൾ പറഞ്ഞു കൊടുക്കും.ഉഴവ് അവസാനം വരെ നാരാണന്റ ശബ്ദം കൊണ്ട് വയലേലകൾ മുഖരിതമാവും.
നാരാണനും ഞാനും സഹപാഠികളാണ്.സ്ക്കൂളിലേക്കൊന്നിച്ചാണ് പോക്കും വരവും. ആ പോക്ക് വരവിലൊക്കെ തന്നെ തന്റെ കാളകളെ കുറിച്ചും, അവറ്റകളുടെ ഗുണ ഗണങ്ങളെ കുറിച്ചും വാതോരാതെ സംസാരിക്കും. വിരിപ്പും, പുഞ്ചയും തുടങ്ങിയാൽ വേല തീരുന്നത് വരെ നാരാണൻ സ്ക്കൂളിലേക്ക് വരാറില്ല. അതിരാവിലെ എഴുന്നേറ്റ് തലേന്ന് തയ്യാറാക്കി പുറത്തെ അടുപ്പിൽ വച്ചിരിക്കുന്ന പുഴുങ്ങിയ നെല്ലും അതിൽ കുറച്ച് തേങ്ങ പിണ്ണാക്കും വെള്ളവും ചേർത്ത് കാളകളുടെ വയർ നിറക്കും. എന്നിട്ടേ നാരാണൻ പച്ച വെള്ളം പോലും കുടിക്കു.
ഞങ്ങളൊക്കെ വൈകുന്നേരം വിശാലമായ പുഴയോരത്ത് മണലിൽ ഫുട്ബോൾ കളിക്കുമ്പോൾ, നാരാണൻ തന്റെ സന്തത സഹചാരികളെ മേയ്ച്ച് നടക്കുന്നുണ്ടാവും. ആ മേയ്പ്പ് തന്നെ കാണാനും കേൾക്കാനും നല്ല രസമാണ്. അവനും, കാളകൾക്കുമായിട്ടുള്ള പ്രത്യേക ഭാഷയിൽ അവയോട് സംവദിച്ചുകൊണ്ടിരിക്കും. ഏത് പുൽനാമ്പ് നിന്നാന്നും ഏത് പച്ചില തിന്നാനും അവൻ പറഞ്ഞ് കൊടുക്കും. നേരം ഇരുട്ടാവുമ്പോൾ കാളകളെ പുഴയിലേക്ക് കുളിപ്പിക്കാൻ കൊണ്ടുവരും. തേങ്ങാ തൊണ്ട് കൊണ്ട് അവറ്റകളുടെ ചാണകം പുരണ്ട പുറവും, വയറ്റടിയും, കാലുകളുമൊക്കെ നന്നായി ഉരച്ച് കുളിപ്പിക്കും. കാളകളെ വൃത്തിയിൽ കുളിപ്പിക്കുമെങ്കിലും അവന്റെ കുളി വെറും കാക്ക കുളിയായിരുന്നു. ഒന്ന് മുങ്ങി നിവർന്ന് കരയ്ക്ക് വന്ന് തോർത്തി കുളി തീർക്കും.
അവന്റെ പ്രിയപ്പെട്ട കാളകളായിരുന്നു, ഊക്കുകാരനും, കാരിയും. എണ്ണം പറഞ്ഞ ലക്ഷണമൊത്ത കാളകൾ. ഊക്കു കാരന് ആ പേര് വീഴാൻ കാരണമുണ്ട് ഇളംതവിട്ട് നിറത്തിൽ നല്ല വലുപ്പമുള്ള വളഞ്ഞ കൊമ്പുകൾ ഉള്ള ആ കാളയെ കുത്തി തോൽപ്പിക്കാൾ നാട്ടിലെ മറ്റൊരു കാളകൾക്കോ, കാളക്കുട്ടങ്ങൾക്കോ കഴിഞ്ഞിരുന്നില്ല.അത്രയ്ക്കും ശക്തിമാനായിരുന്നു.കാരി ഒരു പാവം കാള കറുകറുത്ത നിറം തന്നെയായിരുന്നു അവന്റ അഴക്.വീതി കുറഞ്ഞ് നീളത്തിലുള്ള കൊമ്പും' അവനെ കൂടുതൽ സുന്ദരനാക്കിയിരുന്നു. ഊക്കുകാരനേക്കാൾ നന്നായി പണിയെടുക്കുന്നതും കാരിയായിരുന്നു. ഉഴുവുമ്പോൾ നുകത്തിന്റെ വലത് വശത്തായിരുന്നു കാരിയുടെ സ്ഥാനം.
നാരാണന്റെ കടുംപിടത്തം ഒന്ന് കൊണ്ട് മാത്രമാണ് തുടർച്ചയായി മൂന്നാം വർഷവും കാരിയും, ഊക്കുകാരനും വിൽപ്പന ചരക്കാവാതെ തൊഴുത്തിൽ തന്നെ ഇരിക്കാൻ കാരണം.നാരാണന്റ അച്ഛൻ വർഷം തോറും, തന്റെ കാളകളെ മാറ്റി മാറ്റി വാങ്ങിക്കും. സ്ഥിരമായി ഒരു കാളയേയും വച്ചിരുന്നില്ല. നല്ല വില വരുമ്പോൾ ആവിശ്യക്കാർക്ക് വിറ്റ് ,മറ്റൊരു കൂട്ടം കാളകളെ വാങ്ങും.
പതിവുപോലെ സ്ക്കൂളിലേക്ക് പോകുകയായിരുന്ന ഞാൻ ,നാരാണനെ കുറേ നേരം കാത്തിരുന്നിട്ടും കാണാഞ്ഞ് അവന്റെ വീട്ടിലേക്ക് പോയി. അവിടെ കരഞ്ഞ് കലങ്ങിയ കണ്ണുമായി അവൻ മുറ്റത്ത് കുത്തിയിരിക്കുന്നു. അച്ഛൻ എന്തക്കയോ വഴക്ക് പറയുന്നു. ഞാൻ അമ്മയോട് കാര്യം അന്വേഷിച്ചു.
'' എന്റെ കുഞ്ഞി..... ഓന്റെ ഊക്കുകാരനേം, കാരിയേയും കായിഞ്ഞിക്ക് ( കാലിക്കച്ചവടക്കാരൻ ) വിറ്റു.ഇവൻ രാവിലെ കാടി കൊടുക്കാൻ എണീറ്റപ്പോൾ അവറ്റങ്ങളെ കണ്ടില്ല. കായിഞ്ഞി അതിരാവിലെ വന്നിറ്റ് അയിച്ചോണ്ട് ( അഴിച്ച്) പോയി. ഓനർഞ്ഞാല് (അവനറിഞ്ഞാൽ ) സമ്മയിക്കില്ലാന്ന് ഓർക്കറിയാം.അയിന്റ പുകിലാണ് ആ കുത്തീർത്തം (കുത്തിയിരിപ്പ്) കുഞ്ഞി പോയ്ക്കോ ഓനിന്ന് സ്ക്കൂളിലെക്ക് വരുന്നു തോന്നുന്നില്ല.''
അന്നു വൈകുന്നേരം പുഴക്കരയിൽ ചെമ്പൻ നിറമുള്ള രണ്ട് വലിയ കാളകളുമായി നാരാണൻ ,അവനും കാളകൾക്കുമറിയാവുന്ന ഭാഷയിൽ സംവദിച്ചുകൊണ്ടിരിക്കുന്നു. രാവിലെ കണ്ട നാരാണനല്ലേയല്ല. തികച്ചും സന്തോഷവാൻ, കാരിയുടെയും, ഊക്കുകാരന്റെയും കഥകൾ ഇനി പറഞ്ഞ് ചിരിക്കാൻ മാത്രം. ഇനി പുതിയ കാളകൾക്ക് പേരിടലും ,അവരുടെ വീര ചരിത്രം രചിക്കലും, കുറച്ച് കാലത്തിന് ശേഷം അവറ്റകളും, പറഞ്ഞ് ചിരിക്കാൻ പറ്റിയ കഥയായി മാറും.

by: JamesVinod 

കേയ പുത്രി

Image may contain: 1 person, beard, outdoor and closeup

സ്വർണ്ണ നിറമുള്ള പട്ടു മുലക്കച്ചയോടപ്പം റാണിയുടെ ഉത്തരീയവും അഴിഞ്ഞു വീണു. പൂർണ്ണ നഗ്നതയിൽ തച്ചൻ കൊത്തിവച്ച ദേവി ശിൽപ്പം പോലെ അന്തപുരത്തിലെ അരണ്ട വെളിച്ചത്തിലും കേയ സാമ്രാജ്യത്തിലെ മഹാറാണി രത്ന ദേവി തിളങ്ങി നിന്നു. നിതംബം വരെ എത്തുന്ന കാർക്കുന്തൽ ജനൽ വഴി ഒഴുകി എത്തുന്ന മന്ദമാരുതനിൽ ഇളകിയാടി. ചന്ദന കട്ടിലെ പതുപതുത്ത ഉന്ന കിടക്കയിൽ രത്ന ദേവി വലത് കാൽ അൽപ്പമൊന്നുർത്തി വികാരപരവശയായി മുറുമുറുത്തു. ഊർദ്ധസ്ഥായിലുള്ള റാണിയുടെ ശ്വാസഗതിയിൽ രതിദേവിയുടെ മലർശരം ലക്ഷ്യസ്ഥാനത്ത് തന്നെ പതിച്ചു.
'കേയ സാമ്രാജ്യ'ത്തിന്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കാൻ മഹാരാജാവ് കണ്ടെത്തിയ മാർഗ്ഗം, തനിക്കൊരു പുത്ര ഭാഗ്യമില്ലെന്ന് കൊട്ടാരം വൈദ്യനും, ജ്യോതിഷിയും ഗണിച്ചു പറഞ്ഞതാണ്. ഏക പത്നി സംമ്പ്രാദായ രാജ്യമായ കേയ സാമ്രാജ്യം തന്റെ കാലശേഷം സാമ്രാജ്യം നശിച്ചു പോകുമല്ലോ എന്ന് തപിച്ചപ്പോൾ രാജഗുരു പറഞ്ഞ് തന്ന മാർഗ്ഗം. ഉന്നതകുലജാതനും,ആരോഗ്യ ദൃഡ ഗാത്രനും, സർവ്വ ഗുണ സമ്പന്നനുമായി റാണി രഹസ്യ വേഴ്ച്ച ചെയ്ത് തിരുവയർ പുഷ്പ്പിക്കുക.
മഹാറാണി രത്ന ദേവിക്ക് ഇംഗിതം പോലെ ആ ബീജദാതാവിനെ തിരഞ്ഞെടുക്കാം. ആ ബീജദാതാവാണ് ഇന്ന് റാണിയുടെ അന്തപുരത്തിൽ അരണ്ട വെളിച്ചത്തിൽ രഹസ്യ വേഴ്ച്ചക്കെത്തിയത്.കുടമുല്ലപ്പൂവും, സർവ്വ സുഗന്ധിയും, മനം മയക്കുന്ന സുഗന്ധദ്രവ്യങ്ങളുടെ വാസനയും ആരുടെ വികാരത്തേയാണ് ഉത്തേജിപ്പിക്കാതിരിക്കുന്നത്. ചന്ദന കട്ടിലിലെ ഉന്നക്കിടക്കയിലെ കുടമുല്ല പൂക്കൾ ഞെരിഞ്ഞമർന്നു. സീൽക്കാരങ്ങൾ കൊണ്ട് അന്തപ്പുരം മുഖരിതമായി. മൂടിക്കെട്ടിയ കാർമേഘം വർഷം ഉഗ്രശബ്ദത്തോടെ വരണ്ട മണ്ണിലേക്ക് കുതിച്ചിറങ്ങി.തരിശ്ശു ഭൂമി ജലധാരയാൽ തരളിതമായി. അനിർവചീയ നിർവൃതിയിൽ രത്ന ദേവി മിഴിപ്പൂട്ടി കിടന്നു. മഴ ചിന്നൽ തെറിച്ച പോലെ വിയർപ്പ് കണങ്ങൾ തിരുനെറ്റിയിൽ നിന്ന് നിലംപുൽകാൻ വെമ്പൽ കൊണ്ടു. തുറന്ന് കിടക്കുന്ന ജനൽ വഴി അങ്ങ് ദൂരെ മലമടക്കുകളിൽ നിന്ന് കുയിൽ നാദം കേൾക്കുന്നു. സൂര്യോദയത്തിന് സമയമായിരിക്കുന്നു. കേയ സാമ്രാജ്യത്തിന്റെ പാരമ്പര്യം നിലനിർത്താൻ പര്യാപ്തമായ ഒരുദയം കൂടി മഹാറാണി രത്ന ദേവിയുടെ തിരു വയറിൽ തെളിഞ്ഞു.
രത്നസിംഹൻ. സിംഹഗർജ്ജനം പോലെ ശബ്ദമുള്ളവൻ, ദേവേന്ദ്രന്റെ സൗന്ദര്യം, യുദ്ധതന്ത്ര വിദ്യകളിൽ അതിനിപുണൻ' കേയ സാമ്രാജ്യ'ത്തിന്റെ യുവരാജാവ്.മഹാറാണി രത്ന ദേവിയുടെ മകൻ. ഇനി കേയ സാമ്രാജ്യത്തിന്റെ പ്രതാപം ഉദ്ഘോഷിക്കുന്നത് രത്നസിംഹനിലൂടെയാണ്. തന്റെ പൂർവ്വിക രേക്കാൾ രാജനീതിയും, രാജതന്ത്രവും, രാജ്യ വിസ്തൃതിയും വർദ്ധിപ്പിക്കാൻ രത്നസിംഹന് കഴിഞ്ഞിട്ടുണ്ട്.
ആയുധ പരിശീലനവും, യുദ്ധ നീതിയും തന്ത്രവും സ്വായത്തമാക്കിയത്, അച്ഛൻ മഹാരാജാവിന്റെ കാലത്തെ സർവ്വസൈന്യാധിപൻ വീര ധർമ്മനിൽ നിന്നാണ്. തന്റെ നയതന്ത്രജ്ഞത ഉദ്ദീപിപ്പിക്കുന്നതിൽ വീര ധർമ്മൻ ചെലുത്തിയ സ്വാധീനം ചെറുതല്ല. അതോടൊപ്പം തന്നെ വീര ധർമ്മന്റെ പുത്രി ദീക്ഷണയുമായി പ്രണയത്തിലുമായി രത്നസിംഹൻ.
മഹാറാണി രത്ന ദേവി ആ പ്രണയം എങ്ങനെയോ മണത്തറിഞ്ഞു. സർവ്വസൈന്യാധിപൻ വീര ധർമ്മനെ രഹസ്യമായി അന്തപുരത്തിലേക്ക് വിളിച്ചു വരുത്തി.
''കേയ സാമ്രാജ്യത്തിന്റെ സർവ്വസൈന്യാധിപാ വീര ധർമ്മാ.... രാജ്യത്തിന്റെ യശസ്സും വിസ്തൃതിയും നാൾക്കുനാൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വീരപുത്രൻ രത്നസിംഹന്റെ കഴിവും, നൈപുണ്യവും അക്കാര്യത്തിൽ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. അവന്റെ ദൃഡനിശ്ചയവും, ധൈര്യവും താങ്കൾക്കറിയാവുന്നതല്ലേ..''
മഹാറാണി ഒന്ന് നിശ്വസിച്ച് വീണ്ടും തുടർന്നു.
'' വീര ധർമ്മാ.. കാര്യത്തിലേക്ക് വരാം.താങ്കളുടെ പുത്രി ദീക്ഷണയുമായി രത്നസിംഹൻ പ്രണയത്തിലാണ്. ചാരന്മാർ രഹസ്യമായി അറിയിച്ച കാര്യം. താങ്കൾക്ക് തോന്നുന്നുണ്ടോ ഈ ബന്ധം സ്വാർത്ഥകമാകുമെന്ന് ?ഈ പ്രണയബന്ധം പൂവണിയണമെന്ന് താങ്കൾക്ക് ആഗ്രഹമുണ്ടോ..? ദൃഡ ചിത്തനായ രത്നസിംഹൻ ഒരിക്കലും ഈ ബന്ധത്തിൽ നിന്ന് പിന്മാറില്ലെന്ന് എനിക്കും, താങ്കൾക്കുമറിയാം. അതു കൊണ്ട് ഉചിതമായ ഒരു തീരുമാനം താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു. കേയ സാമ്രാജ്യത്തിന്റെ കീർത്തി നിലനിർത്തേണ്ടത് താങ്കളുടെയും കടമയാണ്.. '' രത്ന ദേവി പറഞ്ഞു നിർത്തി.
" കേയ സാമ്രാജ്യം അതിന്റെ പ്രതാപത്തിലൂടെ തന്നെ അറിയപ്പെടും, മഹാറാണി.രാജ്യത്തിന് ഹാനി വരുത്തുന്ന ഒന്നും തന്നെ അടിയന്റെ കുടുംബത്തിൽ നിന്നും ഉണ്ടാവില്ല.ഞാൻ നോമ്പു നോറ്റ് കാത്തിരുന്നു കിട്ടിയ, ആ അമ്മയില്ലാത്ത കുഞ്ഞ് ദീക്ഷണയായാലും ഞാനതിന് അനുവദിക്കില്ല. രാജ്യമാണ് വലുത്, രാജ്യത്തിന്റെ നീതിയാണ് വലുത്, വരും തലമുറകൾ കേയ സാമ്രാജ്യത്തിന്റെ വീരഗാഥകൾ ഏറ്റു പാടുമ്പോൾ ' ദീക്ഷണ' എന്ന അപശ്രുതി ഉണ്ടാവാൻ പാടില്ല, മഹാറാണി. " അവസാന വാചകങ്ങൾ പൂർത്തിയാക്കുമ്പോൾ വിസ്തൃതിയേറിയ കേയ സാമ്രാജ്യത്തിന്റെ സർവ്വസൈന്യാധിപന്റ കണ്ണിൽ നിന്ന് ഉതിർന്ന കണ്ണീർ കണങ്ങൾ ആരും കണ്ടില്ല.
മട്ടുപാവിൽ നൃത്തചുവടുകൾ പരിശീലിക്കുന്ന പ്രിയപുത്രി ദീക്ഷണയുടെ അടുത്തേക്ക് വീര ധർമ്മൻ നടന്നു വന്നു. അച്ഛനെ കണ്ടപാടെ പരിശീലനം മതിയാക്കി ഓടി വന്ന് കാൽതൊട്ട് വന്ദിച്ചു. മകളെ അയാൾ സ്നേഹത്തോടെ കെട്ടിപ്പിടിച്ച് മൂർദ്ധാവിൽ ചുംബിച്ചു.
"പ്രിയപുത്രി... നിന്റെ ജനനത്തോടെ ഇഹലോകവാസം വെടിഞ്ഞ അമ്മ, അമ്മയുടെ ഒരു കുറവും വരുത്താതെ ഞാൻ വളർത്തി വലുതാക്കി. നമ്മുടെ എല്ലാ സൗഭാഗ്യങ്ങളും കേയ സാമ്രാജ്യത്തിന്റെ ദയാവായ്പാണ്.രാജ്യ ഹിതത്തിനും, രാജ ഹിതത്തിനും എതിരായി നമ്മൾ ഒന്നും ചിന്തിക്കുക പോലും ചെയ്യരുത്. പ്രിയപുത്രി എന്നോട് പൊറുക്കണം, കേയ സാമ്രാജ്യത്തിന്റെ, കീർത്തിക്ക് ഭംഗം വരുത്തുന്നത് ഒന്നും നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടാവരുത്.''
പറഞ്ഞ് തീർന്നതും മട്ടുപ്പാവിന്റെ ഉയരം കുറഞ്ഞ കൈവരികൾക്ക് മുകളിലൂടെ വീര ധർമ്മൻ മകളെ താഴേക്ക് തള്ളിയിട്ടു. നിലവിളിയോടെ താഴേക്ക് തെന്നി പറന്ന് പോകുന്ന മകളെ നോക്കി നിറഞ്ഞ മിഴിയോടെ കേയ സാമ്രാജ്യത്തിന്റെ സർവ്വസൈന്യാധിപൻ ഉരുവിട്ടു.
''സഹോദരിയെ സ്വയംവരം ചെയ്ത രത്നസിംഹൻ എന്ന പേരിലറിയപ്പെടരുത് കേയ സാമ്രാജ്യം..''

By: James Vinod

നന്ദിനി

Image may contain: 1 person, closeup and outdoor

" മയങ്ങി പോയി ഒന്നു മയങ്ങി പോയ്
അപ്പോൾ മധുമാസ ചന്ദ്രൻ വന്ന് മടങ്ങി പോയി
പാദവിന്യാസമൊട്ടും കേൾപ്പിക്കാതെത്തിയ
പാതിരാപൂത്തിങ്കളും മടങ്ങിപ്പോയി..........
കോളേജ് ഓഡിറ്റോറിയത്തിലെ ശബ്ദ കൂജയിൽ നിന്നും വിശ്വനാഥന്റെ ശബ്ദം കുടിയേറിയത് നന്ദിനിയുടെ ഹൃദയത്തിലേക്കായിരുന്നു. അവന്റെ സ്വരമാധുരിയിൽ അവളെല്ലാം മറന്നു. കോളേജിലെ ഇടനാഴികളിൽ കാണുമ്പോഴുള്ള ചെറുപുഞ്ചിരിയിൽ തുടങ്ങിയ പ്രണയം. പരസ്പരം ഉരിയാടതെയുള്ള പ്രണയം.
നന്ദിനി, പ്രശസ്തമായ പുതിയാകൊടി തറവാട്ടിലെ ഇളംതലമുറ. സമ്പത്തിനും, പ്രൗഡിക്കും കോട്ടം തട്ടാതെ വണ്ണം കാത്തു സൂക്ഷിക്കുന്ന തലമുറ.കുഞ്ഞമ്പു നായരുടെയും, കല്യാണിയമ്മയുടെയും രണ്ട് പെൺമക്കളിൽ ഇളയവൾ നന്ദിനി. വെളുത്ത് കൊലുന്നനെയുള്ള പെൺകുട്ടി. ഇടതൂർന്ന ,നിതംബം മറയ്ക്കുന്ന കാർകൂന്തൽ, മിഴിയിണകൾക്ക് താമരയഴക്. എല്ലാം കൊണ്ടും ഒരു തമ്പുരാട്ടി കുട്ടി.
തറവാട്ടിൽ നിന്നും ആദ്യമായാണ് ഒരു പെൺകുട്ടി ദൂരെയുള്ള പട്ടണത്തിലേക്ക് പഠിക്കാൻ പോകുന്നത്. ആണുങ്ങൾ പഠിച്ച് ഉദ്യോഗസ്ഥരായിട്ടുണ്ടെങ്കിലും, പെൺകുട്ടികളെ പത്താംതരം കഴിഞ്ഞാൽ വീട്ടിൽ തന്നെ നിർത്തിക്കും, പിന്നെ ഒന്നോ രണ്ടോ കൊല്ലത്തിനുള്ളിൽ കല്യാണം കഴിച്ചു വിടും. നന്ദിനി പഠിക്കാൻ മിടുക്കിയാണ്.പിന്നെ ചെറിയ തോതിൽ സാഹിത്യവാസനയൊക്കെ ഉണ്ട്. അമ്മമ്മയുടെ മടിയിൽ തല ചായ്ച്ച് കഥകൾ കേൾക്കാനിഷ്ടമുള്ള നന്ദിനി, അതൊക്കെ തന്നെ ഡയറിയിലേക്ക് പകർത്തി. തെയ്യവും, വെളിച്ചപ്പാടും,കൊയ്ത്തും, പൂരക്കളിയും, പൂരവുമെല്ലാം അവളുടെ വിരൽ തുമ്പിലൂടെ അക്ഷരരൂപം കൊണ്ടു. തറവാട്ടിലെ കുലദൈവങ്ങൾക്ക് അടിച്ച് തെളിച്ച് വിളക്ക് വെക്കുമ്പോഴൊക്കെ, വിഷ്ണു മൂർത്തിയുടെയും, പൊട്ടൻ ദൈവത്തിന്റയും, പുതിയാക്കൊടി ഭഗവതിയുടെയും ചൈതന്യ കഥകളായിരുന്നു മനസ്സിൽ.
മീനം പതിനാലിനാണ് പുതിയാ കൊടി തറവാട്ടിൽ തെയ്യം കൂടുന്നത്. മൂന്ന് ദിവസത്തെ തെയ്യം കെട്ട് ഉത്സവം. തറവാട് കുലദൈവങ്ങൾക്ക് പുറമേ, ഉഗ്രമൂർത്തിയായ, വൈരജാതൻ, ധൂമാവതി, പൂമാരുതൻ, മൂവാളംകുഴി ചാമുണ്ഡി, രക്തേശ്വരി തുടങ്ങി, മൂന്ന് ദിവസം കൊണ്ട് കെട്ടിയാടേണ്ടത് ഇരുപത്തിമൂന്ന് തെയ്യക്കോലങ്ങൾ. വണ്ണാനും, മലയനും, മാവിലനും ഉറഞ്ഞാടേണ്ട ഇരുപത്തിമൂന്ന് തെയ്യക്കോലങ്ങൾ.
കോലക്കാർ തറവാട് മുറ്റത്ത് നിരന്ന് നിന്നു. തെയ്യം കെട്ടിയാടുന്നവരെ തിരഞ്ഞെടുക്കാനുള്ള 'അടയാളം' കൊടുക്കൽ ചടങ്ങ്. ആദ്യം വിളിക്കുന്നത് ധർമ്മദൈവമായ 'പുതിയകോടി ഭഗവതി ' യെ കോലം കെട്ടാനുള്ളയാളെയാണ്. കാലാകാലങ്ങളായി രാമൻ കർണ്ണമൂർത്തിയാണ് ആ തിരുക്കോലം കെട്ടിയാടാൻ ഭാഗ്യം സിദ്ധിച്ചിരുന്നത്. ഇപ്രാവിശ്യം തറവാട്ട് കാരണവർ രാമനെ വിളിച്ചപ്പോൾ
" ഇക്കൊല്ലം എനിക്ക് കയ്യപ്പാ പ്രായം കൊറെ ആയിപ്പാ. മോന് ഭഗോതിരെ കോലം കെട്ടാൻ പൂതീ ണ്ട് കൈക്ലോറെ(കൈക്ലോർ ബഹുമാന പുരസരം നായന്മാരെ വിളിക്കുന്നത്) "
'' എന്നാ ഓനെ ബിളിക്ക് " കാരണവർ സമ്മതിച്ചു.
''ഉണ്ണീ '
' രാമൻ കർണ്ണമൂർത്തി മകനെ മുന്നിലേക്ക് മാറ്റി നിർത്തി.
''ഉണ്ണി.... എന്റെ വിശ്വേട്ടൻ..... എന്റെ വിശ്വേട്ടനാണോ ഉണ്ണീ.. നന്ദിനി അൽഭുതപ്പെട്ടു. അപ്പോൾ വിശ്വേട്ടൻ വണ്ണാ ചെക്കനാണോ?.
നോറ്റിരിക്കുന്നയാൾ തിരിയിട്ട് കത്തിച്ച കൊടിയിലയും അരിയും കൊടുത്തു. വിശ്വൻ ഭക്തിയോട് കൂടി അത് വാങ്ങിച്ച് നാല് ദിക്കിലേക്കും അരിയിട്ട് തൊഴുതു.തലയെണ്ണയും വാങ്ങി അണിയറയിലേക്ക് നടന്നു.
''ഉണ്ണിയേട്ട....
വിശ്വൻ തിരിഞ്ഞ് നോക്കി. നന്ദിനി .
ചന്ദന നിറമുള്ള നീളൻപാവാടയ്ക്ക് ചാരുതയേകുന്ന സ്വർണ്ണ കസവ്, അതേ നിറത്തിൽ തന്നെ ബ്ലൗസും കഴുത്തിൽ മുല്ലമൊട്ടുമാല, കൈയ്യിൽ ചുവന്ന കുപ്പിവള.
''എന്റെ വീടാ ഇത് എന്റെ തറവാട്. ഞാനേറ്റവും ആരാധിക്കുന്ന എന്റെ 'പുതിയായികോടിയമ്മയുടെ കോലം കെട്ടുന്നത് വിശ്വേട്ടനാണല്ലേ."
'' നന്ദിനിയുടെ തറവാടെന്നറിഞ്ഞില്ലാട്ടോ... നീലേശ്വരം രാജാവിൽ നിന്നും പട്ടും വളയും കിട്ടിയതിന് ശേഷം ആദ്യമായി കെട്ടുന്ന കോലമാണ് ഇവിടെത്തെ.അച്ഛന്റെ പാരമ്പര്യം കാക്കണം. നന്ദിനി പ്രാർത്ഥിക്കണം എനിക്ക് വേണ്ടി...'' വിശ്വന്റ കണ്ണിൽ ' പുതിയകോടി ഭഗവതിയുടെ രൗദ്രഭാവമായിരുന്നില്ല അപ്പോൾ.
" ഞാനെന്നാ അസ്തമനം കൊള്ളട്ടെ തറവാട്ട് പൈതങ്ങളെ... വിശ്വസിച്ചവനെ ചതിക്കൂല, ചതിച്ചവനെ വിശ്വസീക്കൂല., ആയത് കൊണ്ട് .തറവാടാധാരമായ എല്ലാ കർമ്മങ്ങളും ഈ അമ്മ അറിയുന്നുണ്ട്. ആയത് കൊണ്ട് അധികം ആടി വിഷമിപ്പിക്കുന്നില്ല. അസ്തമനം കൊള്ളട്ടെ........''
പുതിയകോടി ഭഗവതിയുടെ ചടുല പാദ ചലനത്തിനനുസരിച്ച് ചെണ്ടമേളം മുറുകി.ഒറ്റക്കാലിൽ പെരുവിരലൂന്നി വട്ട മുടി വട്ടം കറക്കി വിശ്വന്റ പുതിയ കൊടി ഭവവതി കോലം തിരുനടയിൽ തിരുമുടി മുട്ടിച്ച് അസ്തമനം കൊണ്ടു.തിരുമുടി അഴിച്ച് കൈകൾകൂപ്പി പ്രാർത്ഥിച്ചു. നോറ്റിരുന്നയാൾ കൊടുത്ത ഇളനീർ കുടിച്ച് ദാഹം തീർത്തു.
'' ഇത്രയും കാലത്തിന്റെടെക്ക് ഇങ്ങൻത്തൊരു തെയ്യം ഞാൻ കണ്ടീറ്റാ എന്താ ആ ഉറയലും വാക്കുരിയും രാമനേക്കാളും ഉസാറാക്കും ഓൻ...'' തറവാട്ട് മൂപ്പന്മാർ ആശംസകളും, ആശീർവാദങ്ങളും കൊണ്ട് വിശ്വനെ മൂടി.സത്യത്തിൽ പുതിയ കൊടി ഭഗവതിയുടെ രൂപത്തിൽ നന്ദിനിയെ ആവാഹിച്ച് ഉറഞ്ഞാടുകയായിരുന്നു വിശ്വൻ.ചെണ്ടയുടെ ദ്രുതതാളത്തിലൂടെ പ്രണയനിയുടെ ഇഷ്ട്ട ദേവതയെ കെട്ടിയാടുകയായിരുന്നു വിശ്വൻ.
പിന്നീട് വിശ്വൻ കെട്ടിയാടുന്ന തെയ്യക്കോലങ്ങളിലൊക്കെ കാഴ്ച്ചക്കാരിയായി നന്ദിനിയും ഉണ്ടായിരുന്നു. താൻ കെട്ടിയാടുന്ന ഒരോരോ കോലത്തിലും നന്ദിനി മാത്രമായിരുന്നു. ആളികത്തുന്ന ആറ് തീപന്തങ്ങൾ കൊളുത്തിയാടുന്ന പുതിയ ഭഗവതി കോലത്തിലും, നന്ദിനിയുടെ പ്രതിബിംബം മാത്രം, നാൽപത്തീരടി നീളമുള്ള പടക്കത്തി ഭഗവതിയുടെ കോലമേറ്റപ്പോഴും മനസ്സിൽ നന്ദിനിയായിരുന്നു.
'' കത്തിച്ച് കളയും ഞാൻ തറവാടിനെയും നിന്നെയും."
അച്ഛന്റെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. വിശ്വനോടുള്ള പ്രണയം വീട്ടിലറിഞ്ഞപ്പോൾ, കോലായിൽ തിരുകി വച്ച പോത്തിനെ തല്ലുന്ന ചുരൽ വടിയുടെ താണ്ഡവത്തിൽ നിന്നും നന്ദിനിയെ രക്ഷിച്ചത് ചെറിയമ്മയായിരുന്നു. അച്ഛന്റെ അനിയത്തി.
''മോളെ... നമ്മൾ നമ്മുടെ കുലമഹിമ നോക്കണം. 34 പൊതി ( ഒരു പൊതി, 3 പറ നെല്ല്) വിത്തിടുന്ന നെൽവയൽ, നീലേശ്വരം തമ്പുരാന്റെ പടനായകരാണ് നമ്മുടെ പൂർവ്വികർ, കുഞ്ഞമ്പുവേട്ടന്റെ നിലയും, വിലയും നോക്കെണ്ടേ.?, താഹസിൽദാരായ നിന്റെ വല്യമ്മാവൻ, സബ് കോടതിയിലെ ജഡ്ജായ വല്യച്ചൻ ഇവരെയൊക്കെ മറന്ന് മോള് ആ വണ്ണാ ചെക്കന്റ കൂടെ പൊറുതി തുടങ്ങിയാൽ പിന്നെ നിന്റെ പ്രിയപ്പെട്ട ദേവി ' പുതിയാ കോടി 'അമ്മ പൊറുക്കുമോ...? ഭഗവതി എപ്പോഴും കാരണവന്മാരുടെ കൂടെ തറവാടിന് നന്മയും, കീർത്തിയും, സൽപ്പേരുണ്ടാക്കാനെ ഉണ്ടാവൂ.കാരണവന്മാരെ ധിക്കരിക്കാന്നു വച്ചാൽ ഭഗവതിയെ ധിക്കരിച്ചുന്ന് അർത്ഥം. അമ്മയുടെ ശാപം കിട്ടിയാൽ പിന്നെ, വേറൊരു ജീവിതമുണ്ടോ എന്റെ കുട്ടിയേ...? അതു കൊണ്ട് എന്റെ മോള് ഈ കല്യാണത്തിന് സമ്മതിക്കണം''
പട വീരൻ തെയ്യക്കോലം കെട്ടാൻ മൂപ്പത്തി ഏഴ് ദിവസത്തെ ഉപാസന വേണം. അതി കഠിനമായ ആയുധ പരിശീലനവും, ഏകാഗ്രമനസും കൈമുതലായുള്ളവനെ പട വീരന്റ തെയ്യക്കോലം കെട്ടാൻ അടയാളം കൊടുക്കാറുള്ളൂ. വാളും, ഉറുമിയും മാറി മാറി വിശണം. ഏഴടി പൊക്കത്തിലും അഞ്ചടി നീളത്തിലുമുള്ള തീക്കുമ്പാരത്തിലൂടെ അറുപത്തിമൂന്ന് പ്രാവിശ്യം അഗ്നി പ്രവേശം ചെയ്യണം. പകൽ വെളിച്ചത്തിൽ അഗ്നിപ്രവേശനം നടത്തുന്ന അപൂർവ്വം കെട്ടിയാടുന്ന തെയ്യക്കോലം പട വീരൻ. മുപ്പത്തി ഏഴ് ദിവസത്തെ ഉപാസനയിൽ ഒരിക്കൽ പോലും നന്ദിനിയുടെ രൂപം വിശ്വന്റ മനസ്സിൽ തെളിഞ്ഞില്ല. അസുരഗണങ്ങളെ വാളാലും, ഉറുമിയിലും അരിഞ്ഞ് വീഴ്ത്തുന്ന പടവീരന്റെ രക്തവർണ്ണം മാത്രം.
"വരണ്ട മണ്ണിൽ കലപ്പ കൊണ്ട് ഉഴുത് മറിച്ച്, വിത്തിട്ട്, വളമിട്ട് നിലമൊരുക്കി, കാർമേഘത്തെ കാത്തിരുന്നു. പെയ്യാനോങ്ങിയ കാർമേഘത്തെ കാറ്റാൽ വകഞ്ഞ് മാറ്റി, വരൾച്ച സൃഷ്ടിച്ചു. ആയത് കൊണ്ട്, സ്നേഹിക്കപ്പെടുന്നവനെ വെറുക്കാതെ വണ്ണം ഗുണം വരണം പൈതങ്ങളെ.... ''
പടവീരൻ ദൈവം പ്രസാദമായ മഞ്ഞക്കുറി ആ പെൺകുഞ്ഞിന്റെ തലയിൽ തൊടുവിച്ചു.ആലിലയിൽ അരിയും മഞ്ഞക്കുറിയും അമ്മയ്ക്കും കൊടുത്തു. നിറഞ്ഞൊഴുകിയ കണ്ണുനീർ ആരും കാണാതെ തുടച്ചുവെങ്കിലും, അതിൽ നിന്നും രണ്ട് മൂന്ന് തുള്ളികൾ വീണ് മഞ്ഞക്കുറിയിൽ നനവ് പടർന്നു. ആ നനവോടെ ഒരു നുള്ള് കുറിയെടുത്ത് നന്ദിനി നെറ്റിയിൽ തൊടുവിച്ചു..

By: 
James Vinod TK

മരുമക്കത്തായത്തിന്റെ കാലത്തെ കഥയാണ്

Image may contain: 1 person, beard, outdoor and closeup

'വരിക വരിക വേണം
വയനാട്ട് കുലവൻ ദൈവം
വയനാടഞ്ചും മുന്നൂറ് കാതവും
അവിടെയും പന്തീരുകാതം
ഇവിടെയും പന്തീരുകാതം
അകമല പന്ത്രണ്ടു കാതം
പുറ മലപതിനെട്ടു കാതം.......
മെടഞ്ഞ ഉണക്ക തെങ്ങോലയിൽ ചമ്രം പടിഞ്ഞിരുന്ന് കണ്ണൻ പെരുവണ്ണാൻ തോറ്റം തുടങ്ങി. ചിറക്കൽ തറവാട്ടിൽ 'പുതിയോട്ക്കൽ'. തറവാട്ടംഗമായ ചിരുത ചടങ്ങിനെത്താൻ വൈകി. കിഴക്ക് പെയ്ത മഴയിൽ അന്ന് കരിച്ചേരി പുഴയിൽ അസാമാന്യ ഒഴുക്കായിരുന്നു.ചെറിയമ്മാവൻ തോണി കടത്താം എന്നെറ്റതാണ്, എത്താൻ വൈകി. ചിരുതയും മക്കളും കാത്തിരുന്ന് മുഷിഞ്ഞു. ചൂട്ടും കെട്ടി അഞ്ചിടങ്ങഴി അരിയും, അഞ്ച് തേങ്ങയും, 25 വാഴയിലയും, കുലദൈവമായതൊണ്ടച്ചന് കലശം വെക്കാനുള്ള ഒരു കുപ്പി കള്ളും കൊണ്ട് മല കടന്ന് ചിറക്കൽ എത്താൻ മൂന്ന് നാല് മണിക്കൂറെടുക്കും.
.......................
വെളിച്ചപ്പാടിന്റെയും, കുലദൈവം തൊണ്ടച്ചന്റയം അനുഗ്രഹം വാങ്ങി ചോറും കഴിച്ച് പുതിയോട്ക്കലിന്റ പ്രസാദമായ അടയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്.
"വൈകി വന്നവർക്ക് അട കുറച്ച് കൊടുത്താ മതി"
തറവാട്ട് കാരണവരുടെ ഉത്തരവ്.കൊടിയിലയിൽ ശർക്കരയും, തേങ്ങയും ചേർത്ത നാല് അടയായിരുന്നു.കഴിഞ്ഞ വർഷം വരെ ചിരുതയ്ക്ക് കൊടുത്തിരുന്നത്. ഇപ്രാവിശ്യം രണ്ടാക്കി ചുരുക്കി.
''എന്തേ ചീരു കരയുന്നത്. " ?
വല്യമ്മാവനാണ്. തണ്ടും, തടിയും, സമ്പത്തുമുള്ള വല്യമ്മാവൻ. മരുമക്കളെ മക്കളെ പോലെ നോക്കുന്നയാൾ. മരുമോളുടെ സങ്കടത്തിന്റെ കാരണമാരാഞ്ഞു.
"തറവാട്ടീന്ന് രണ്ട് കഷണം അടയേ തന്നുള്ളൂ വല്യമ്മാവാ. ഇതിനെ ഞാൻ എവിടൊക്കൊക്കെ വീതിച്ച് കൊടുക്കും..? നേരം താമസിച്ചത് കൊണ്ട് തറവാട്ട് കാർന്നോർ ഇത്ര കൊടുത്താ മതീന്ന് പറഞ്ഞു.''
" കുമാരാ.... ( ചെറിയമ്മാവനെയാണ് ) നാളെന്നെ കോതോർമ്മൻ ആശാരിനെ കാണണം. വളപ്പിലെ പടിഞ്ഞാറെ മൂലക്ക് തെങ്ങിന് താഴെയുള്ള തേക്ക് മരം നോക്കിക്കണം. ഒരു കൊട്ടിലിന്റെ മരം കിട്ടും(കൊട്ടിൽ തൊണ്ടച്ചൻ ദൈവത്തിന്റെ ആ യുധങ്ങളും, വിളക്കും വെക്കാനുള്ള മരത്തിന്റെ ശിൽപ്പം 6 അടിയോളം നീളം 5 അടിയോളം വീതിയുമുള്ള കൊത്തുപണികൾ ഉള്ള ശിൽപ്പം). ഞാൻ പോയി ഇരിയയിലെ തന്ത്രിനെ കാണാം. നല്ലൊരു ദിവസം നോക്കി കുറ്റിയിടണം. എന്റെ കുഞ്ഞിക്ക് (ചിരുതയെ അങ്ങനെയാണ് വിളിക്കുന്നത് ) ഞാൻ തന്നെ തൊണ്ടച്ചനെ കുടിയിരുത്തി കൊടുക്കും. ഇനി കൈതേരിയിലേക്ക് പോവേണ്ട."
അഭിമാനത്തിനും, വാശിക്കും വല്യമ്മാവനെ കവച്ച് വെക്കാൻ ആരുമില്ല. പെങ്ങളുടെ വീടിന്റെ (ചിരുതയുടെ അമ്മ ) തൊട്ടടുത്ത് 'കുഴിഞ്ഞടി' യിൽതന്നെ തറവാട് പണിതു കൊടുത്തു.ഇരിയയിലെ തന്ത്രിയെ കൊണ്ട് കുലദൈവമായ തൊണ്ടച്ചൻ ദൈവത്തിന്റെയും, ഉറ്റ ചങ്ങാതി വിഷ്ണുമൂർത്തിയുടെയും സാന്നിദ്ധ്യം പ്രതിഷ്ഠിച്ചു. തറവാട്ടിന് സമീപത്ത് തന്നെ ഗുളികനേയും പ്രതിഷ്ഠിച്ചു.
ചിറക്കൽ കാർന്നോരുടെ എതിർപ്പ് ഉണ്ടായിരുന്നെങ്കിലും വല്യമ്മാവന്റെ നിശ്ചയദാർഠ്യത്തിനും, കരുത്തിനും മുന്നിൽ അതൊക്കെ നിഷ്പ്രഭമായി.ചിരുതയും മക്കളും ശിഷ്ടകാലം കുഴിഞ്ഞടിയിലെ തറവാട്ടിൽ ' പുതിയോട്ക്കൽ' ഗംഭീരമായി തന്നെ കൊണ്ടാടി.
മരുമക്കത്തായത്തിന്റെ കാലത്തെ കഥയാണ്. മാനത്തിനും, അഭിമാനത്തിനും വലിയ പ്രാധാന്യം കൊടുത്തിരുന്ന കാലം.
(പുതിയോട്ക്കൽ..... അത്യുത്തരകേരളത്തിലെ ഒരു പ്രത്യേക സമുദായം തങ്ങളുടെ തറവാട്ട് കുലദൈവമായ തൊണ്ടച്ചൻ (വയനാട്ട് കുലവൻ) ദൈവത്തിന് പ്രസാദം നേദിക്കുന്ന ചടങ്ങ്)

By: James TK

ഗ്രാസിയർ

Image may contain: 1 person, beard, outdoor and closeup

ലൂസിയ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ രാവേറേയായാൽ ആവണക്കെണ്ണയുടെ മണമാണ്. തെരുവോര വിളക്കുകളിൽ പകരുന്നത് ആവണക്കിന്റെ എണ്ണയാണ്.'നിയാർഷ്യ ' മരത്തിൽ തീർത്ത സാമാന്യം വലുപ്പമുള്ള വിളക്ക് കുറ്റികൾ, ചിതലും, വെയിലും മഴയുമേറ്റാലും ഒരു പോറൽ പോലുമേൽക്കാത്ത നിയാർഷ്യ മരം.അതിൽ വെങ്കലത്തിൽ തീർത്ത വിളക്ക് കുത്തിവച്ചിരിക്കുന്നു. ഒരു ലിറ്ററോളം വ്യാപ്തിയുള്ള ആ വിളക്കിൽ തിരിയായ് വെക്കുന്നത് ,' എറുവ' വള്ളികളാണ്. എറുവ വള്ളിമുറിച്ചെടുത്ത് എരുക്കിൻ നീര് കലർത്തിയ വെള്ളത്തിൽ ആഴ്ച്ചകളോളം ഇട്ട് ചീഞ്ഞളികിക്കും. വെള്ളത്തിൽ നിന്നു എടുത്ത് നാരുകളാക്കി വെയിലത്ത് ഇട്ട് ഉണക്കി മൂന്നിഞ്ചോളം വ്യാസമുള്ള തിരിയുണ്ടാക്കുന്നു.
ലൂസിയ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങൾ വൃത്തിയും വെടിപ്പുള്ളതാണ്. ചെങ്കലിൽ തീർത്ത പ്രധാന വീഥികൾ, കണ്ടാൽ ഒറ്റക്കല്ലെന്നേ പറയു. അത്രയ്ക്ക് കണിശതയാർന്ന കല്ലുപാകൽ. ഒരു വിടവ് പോലും ദൃശ്യമാകില്ല. വീഥിയോട് ചേർന്ന് ഒരു മീറ്റർ ആഴത്തിലും മുക്കാൽ മീറ്റർ വീതിയിലുമുള്ള ഓവ്ചാൽ അത് കരിങ്കൽ പാളികൾ കൊണ്ട് മൂടിയിരിക്കുന്നു. വീടുകളിലെ മലിനജലം ഓവ് ചാലിലേക്ക് എത്തിക്കാൻ പ്രത്യേകം തയ്യാറാക്കിയ കുഴലുകൾ ഉണ്ട്.
കല്ലും, വേരുകളും മാറ്റിയ കളിമണ്ണിൽ വെള്ളത്തോടൊപ്പം മൂടില്ലാ താളിയുടെ മിശ്രിതം ചേർത്ത് ഒരടി വീതിയിലും ഉയരത്തിലും രണ്ടടി നീളത്തിലുമുള്ള അച്ചിൽ 'കട്ടകൾ 'വാർക്കുന്നു.ഇത് ചുട്ടെടുത്ത് വീടിന്റെ ചുമരുകൾ തീർക്കുന്നു. പന പോലുള്ള 'ലുദ്ധു ' ഒറ്റത്തടി മരത്തിന്റെ ഓലകളും, തടിയും വീടിന്റെ മേൽക്കുരയ്ക്ക് പ്രധാനപ്പെട്ടതാണ്.
'അവോർന്നു' മരത്തിന്റെ ചുവട്ടിൽ കല്ലുകൊണ്ട് ഉണ്ടാക്കിയ ഇരിപ്പിടത്തിൽ ഗ്രസിയർ ഇരുന്നു. നന്നേ ക്ഷീണിച്ചിട്ടുണ്ട്. താടിയും മുടിയും നീണ്ട് വളർന്നിരിക്കുന്നു. കുളിക്കാതെയും അലക്കാതെയും മാസങ്ങളായെന്ന് തന്നെ പറയാം. ചതുമ്പൽ കെട്ടിയ കൺപോളകളിൽ ഈച്ചയാർക്കുന്നു. ഇടക്കിടെ ചിരിക്കുമ്പോൾ പല്ലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണ ശകലങ്ങൾ നാവ് കൊണ്ട് നുണഞ്ഞിറക്കുന്നു. കീറിപറിഞ്ഞ വസ്ത്രങ്ങൾ. കണ്ടാൽ നാൽപ്പത്തഞ്ച് വയസ്സ് തോന്നിക്കുമെങ്കിലും യാഥാർത്ഥ്യത്തിൽ ഇരുപത്തി ഏഴ് വയസ്സിൽ കൂടില്ല. ഗ്രസിയറിന്റെ അച്ഛൻ കൊട്ടാരത്തിലെ ആസ്ഥാന കവിയാണ്. ഊണിലും ഉറക്കത്തിലും കവിതകളും, കവിതകൾക്കിണങ്ങുന്ന ഈണവുമിട്ട് കൊട്ടാരത്തെ രാഗാതുരമാക്കുന്ന കൊട്ടാരം കവി.രാജാവിന് എന്ത് വിഷമം വന്നാലും കവിയുടെ പാട്ടുകൾ കേട്ടാൽ എല്ലാം ശാന്തമാവും. മനസ്സ് സമാധാനപ്പെടും. അതു കൊണ്ട് തന്നെ കൊട്ടാരത്തിലെ വേണ്ടപ്പെട്ടവരിൽ പ്രമുഖനായിരുന്നു കവി.
ഗ്രാസിയറിന്റെ അമ്മ കവിയുടെ വർണ്ണന പോലെ
'' മാനിനേറും മിഴിയഴകേ.....
തേനിനേറും മൊഴിയഴകേ.....
കുങ്കുമച്ചുവപ്പേകുമധരങ്ങൾ
കാർമേഘം തോറ്റോടുംകൂന്തൽ...
നടപ്പിന അഴക് ഇരുപ്പിനഴക്......
സൗന്ദര്യത്തിന്റെ അങ്ങേയറ്റമാണ് കവിയുടെ ഭാര്യ. തന്റെ സൗന്ദര്യം കൈകളിൽ ആവാഹിച്ച് വസ്ത്രങ്ങളിൽ വിസ്മയം തീർക്കുക കൂടി ചെയ്യുമായിരുന്നു അവർ. രാജ്ഞിയുടെയും, യുവറാണിയുടെയും ഉടുപ്പുകൾ തയ്ച്ച് കൊടുക്കുന്നതും അവരാണ്. ആ വസ്ത്രങ്ങളിൽ പോലും കവിയുടെ കവിത നിഴലിക്കാറുണ്ട്.
ഗ്രാസിയറിന് ഒരു പെങ്ങൾ ഉണ്ട്.കവിതയ്ക്ക് സൗന്ദര്യത്തിൽ ഉണ്ടായ ബാക്കിപത്രം.നൃത്ത, പഠന കാര്യങ്ങളിൽ നിപുണ.കൊട്ടാരത്തിൽ യുവറാണിയോടും, യുവരാജാവിനൊടൊപ്പം പഠിക്കാൻ ഭാഗ്യം സിദ്ധിച്ച അപൂർവ്വ ജന്മം. അവളുടെ നൃത്തം കണ്ട് കൊട്ടാരസദസ്സ് കോരിത്തരിച്ചിട്ടുണ്ട്. വാദ്യക്കാരുടെ ഓരോ വായനയ്ക്കും വ്യത്യസ്തമായ ചുവടുകൾ വച്ച് ദൃശ്യവിരുന്നൊരുക്കാറുണ്ട് വിശേഷ ദിവസങ്ങളിൽ. അവളുടെ പാദ ചലനങ്ങൾക്കൊപ്പരം എത്താൻ വിദദ്ധരായ വാദ്യകലാകാരന്മാർ പോലും പ്രയാസപ്പെട്ടു. പാഠ്യവിഷയങ്ങളിൽ ഗുരുവിനെ പോലും അമ്പരപ്പിച്ചു. അവളുടെ സംശയങ്ങളും, ഗ്രാഹ്യ പ്രാവീണ്യവും ഗുരുവിന് പോലും താൻ ഇനിയും ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു എന്ന ചിന്തയിലേക്ക് എത്തിച്ചു.
കവിയുടെ മകളും യുവരാജാവും പ്രണയത്തിലാണ്. കൊട്ടാരത്തിലെ കൽത്തൂണുകൾക്കും, വെണ്ണക്കൽ പ്രതലങ്ങൾക്കും വെയിലിനെ മറയ്ക്കാൻ വിരിച്ച ജനൽവരികൾക്കു പോലും ആ പ്രണയത്തിന്റെ ശക്തിയും, ആഴവുമറിയാം.പഠനത്തിന്റെ ഇടവേളകളിൽ യുവരാജാവും കവിയുടെ മകളും പ്രണയസല്ലാപങ്ങളിൽ ഏർപ്പെടും. വിശാലമായ കൊട്ടാരത്തിലെ പൂന്തോട്ടങ്ങളിൽ വിരിഞ്ഞ് നിൽക്കുന്ന സുഗന്ധി പൂക്കളും മറ്റു രാജ്യങ്ങളിൽ നിന്നും കൊണ്ടുവന്ന പേരറിയാത്ത പ്രണയോത്തേജനങ്ങളായ നിരവധി പുഷ്പങ്ങൾ. എരിഞ്ഞി പോലുള്ള 'ദ്രാവ്റാ' മരത്തിന്റെ പൂവിന് ലഹരിയുടെ മണമാണ്. തന്റെ മദ വികാരങ്ങളെ തൊട്ടുണർത്തി ഫണം വിരിച്ചാടാൻ പ്രാപ്തമാക്കുന്ന മണം. ആ മരച്ചോട്ടിൽ യുവരാജാവിന്റെ പ്രണയ ചേഷ്ടകൾ പ്രതിരോധിക്കാൻ കവിയുടെ മകൾക്ക് നന്നേ പണിപ്പെടേണ്ടി വന്നു. താനൊരു രാജ്യം ഭരിക്കാൻ പ്രാപ്തനാ വേണ്ടവനാണെന്ന ബോധം പോലും ഇടയ്ക്കിടെ മറക്കും. വികാരത്തിന്റെ തീവ്രത കുറയുമ്പോൾ യുവരാജാവ് പറയും
''ഞാൻ അധികാരമേറ്റാൽ ആദ്യം ചെയ്യുന്നത് ' ദ്രാവ്റാ' മരത്തിനെ മുറിച്ചുമാറ്റാനുള്ള ഉത്തരവായിരിക്കും. അല്ലെങ്കിൽ നീയും ഞാനും ഇതിന്റെ തണലിൽ, ഇതിന്റെ ലഹരിയിൽ രാജ്യഭരണം മറക്കും രാജ്യത്തെ മറക്കും...'' യുവരാജാവ് കവിയുടെ മകളുടെ ചെവിയിൽ മന്ത്രിച്ചു.
വളരെ അടുത്ത് തന്നെ അവരുടെ സ്വയംവരം നടക്കും. അതിന്റെ മുന്നൊരുക്കങ്ങൾ നടക്കുന്നു. രാജ്യം മുഴുവൻ അതിന്റെ പ്രകംഭനങ്ങൾ അലയടിക്കുന്നുണ്ട്. കൊട്ടാരത്തിലെ ചുമരുകൾക്കും, കൽത്തൂണുകൾക്കും നിറം ചാർത്താനും, പുതിയ ശിൽപങ്ങൾ നിർമ്മിച്ച് സ്ഥാപിക്കാനും രാജ്യത്തിലെയും, പുറന്നാട്ടിലെയും, ശിൽപ്പികളും, ചുമർചിത്രകാരന്മാരും കൊട്ടാരത്തിലേക്ക് വന്നു കൊണ്ടേയിരുന്നു. രാജ്യം കാണാൻ പോകുന്ന ഏറ്റവും വലിയ ആഘോഷം. അതായിരിക്കും യുവരാജാവും, കവിയുടെ മകളും തമ്മിലുള്ള സ്വയംവരം.
ഗ്രാസിയർ എപ്പോഴാണ് അവന്റെ മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്.? അതിന് വ്യക്തമായ ഉത്തരമില്ല. കൊട്ടാരകവിയും, അഭൗമ സൗന്ദര്യത്തിനുടമയുമായ ഭാര്യയ്ക്കും പിറന്ന ആദ്യ ഗ്രാസിയർ എന്ന ആദ്യ സന്താനത്തിന് സൗന്ദര്യമില്ലാത്ത കറുത്ത രൂപമായിരുന്നു.പുറത്തേക്കുന്തിയ കണ്ണുകൾ, തലയോട്ടിയോട് ഒട്ടിപിടിച്ച വലത്തേ ചെവി, നെറ്റിയിൽ നിന്ന് നേരെ താഴേക്ക് കണ്ണിനിടയിൽ ഒരു വളവ് പോലും ഇല്ലാത്ത വലിയ മൂക്ക്.ആകെക്കൂടി അവലക്ഷണം പിടിച്ച സന്താനം.
ഒരിക്കൽ പോലും സ്നേഹത്തോടെയോ, ഇഷ്ട്ടത്തോടെയോ, കവിയോ, ഭാര്യയോ ആ കുഞ്ഞിനെ പരിചയച്ചില്ല. രണ്ട് മൂന്ന് വർഷങ്ങൾക്ക് ശേഷം സർവ്വം തികഞ്ഞ ഒരു പെൺകുഞ്ഞ് അവർക്ക് പിറന്നു. സൂര്യതേജസ്സുറ്റിയ ആ പൈതലിനെ കാണാൻ രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും പ്രമുഖർ സമ്മാനപൊതികളുമായി എത്തിയിരുന്നു. നിലത്തും, തലയിലും വെക്കാതെ, പ്രത്യേകം ഏർപ്പാടക്കിയ അഞ്ച് പരിചരികമാർ ആ കൊച്ചു സുന്ദരിയെ ചുറ്റിലുമുണ്ട്. അവളുടെ ജനനത്തിലുണ്ടായ സന്തോഷത്തിൽ കവി രചിച്ച ഉൽകൃഷ്ട്ട കവിത കൊട്ടാരത്തിലെ നടുമുറ്റത്ത് ചില്ലിട്ട് പ്രദർശിപ്പിച്ചിട്ടുണ്ട്.
വീട്ടിലെ അടുക്കള പരിചാരകന്മാർ വളർത്തിയ ഗ്രാസിയർക്ക് തന്റെ മനോനിലയുടെ നിയന്ത്രണം നഷ്ട്ടപ്പെട്ടതെന്ന് എപ്പോഴാണെന്ന് എങ്ങനെ ഊഹിക്കും. അവഗണനയും, ആട്ടും തുപ്പും ഏറ്റ് അധികനാൾ ഗ്രാസിയർക്ക് ആ വീട്ടിൽ നിൽക്കാൻ പറ്റിയില്ല.തന്റെ പത്താമത്തെ വയസ്സിൽ തന്നെ വീട് വിട്ട ഗ്രാസിയർ, തെരുവുകളിൽ ഭിക്ഷയെടുത്ത് അന്നന്നെത്തെ വിശപ്പടക്കി. കുളിക്കാതെയും, ചിലപ്പോൾ ഭക്ഷണം കഴിക്കാതെയും, ആ തെരുവിലെ ആദ്യത്തെ ഭ്രാന്തനായി.അസഭ്യങ്ങൾ പുലമ്പിയും, ആളുകളെ കളിയാക്കിയും ഗ്രാസിയർ ജീവിതം തള്ളിനീക്കി. കൊട്ടാരംകവിയുടെ മകനായതിനാൽ ജനങ്ങൾ അയാളെ ഉപദ്രവിച്ചില്ല.അവർ അവന് ആഹാരങ്ങൾ കൊടുക്കുമായിരുന്നു.
''ഹ ഹ ഹ ഹ.... ഹേ മനുഷ്യാ... നിനക്ക് മക്കളുണ്ടായത് എങ്ങനെ.? നിന്റെ വികാരവായ്പ്പുകൾ നിക്ഷേപിക്കാൻ അതാണ് പെണ്ണിന്റെ ഗർഭപാത്രം.അവൾക്കും തന്റെ ലഹരി അകത്തേക്ക് സന്നിവേശിപ്പിക്കാൻ പുരുഷൻ വേണം.. ഹ ഹ ഹ ഹ...... അതിന്റെ ബാക്കിപത്രമാണ്. കുഞ്ഞ്. അല്ലാതെ ഒരു കുഞ്ഞിനെ പോറ്റി വളർത്താനുള്ള ആഗ്രഹമല്ല.തന്റെ വികാര തള്ളിച്ചയിൽ സംഭവിച്ച അബദ്ധം......... അതിനെ കുഞ്ഞെന്ന് വിളിക്കുന്ന നിങ്ങൾക്കാണ് ഭ്രാന്ത്.
അവോർന്നു മരത്തിന്റെ കൽപ്പടവിൽ ഇരുന്നു പുലഭ്യം പറയുന്ന ഗ്രാസിയറുടെ ശബ്ദം.ഇരുട്ടിനെ കീറി മുറിച്ച് അന്തരീക്ഷത്തിൽ പ്രതിധ്വനിച്ചു. ഉറങ്ങാത്ത കുട്ടികളുടെ ചെവി പൊത്തിപിടിച്ചു കൊണ്ട് ആളുകൾ പിറുപിറുത്തു.
''ഇവിടെ ആരുമില്ലേ...''
ശബ്ദം കേട്ട് കൊട്ടാരം കവിയുടെ വീടിന്റെ കാവൽക്കാർ തിരിഞ്ഞ് നോക്കി.
ഗ്രാസിയർ.
''ഇവിടെ ആരുമില്ല, യജമാനനും, പത്നിയും കൊട്ടാരത്തിൽ വിരുന്നിന് പോയിരിക്കുവാണ്. നേരം വെളുത്തിട്ടെ വരു.''
കാവൽക്കാരുടെ ഉത്തരം കേട്ട് ഗ്രാസിയർ ഒന്ന് പൊട്ടി ചിരിച്ചു.
'' കൊട്ടാരം കവിയുടെ മകളില്ലെ.....?
ഗ്രാസിയർ വീണ്ടും ചോദിച്ചു.
'' കൊച്ചെജമാനത്തിക്ക്, സുഖമില്ല.'
''ഒന്നു വിളിക്കുമോ സഹോദരൻ ആണെന്ന് പറഞ്ഞാൽ മതി" ഗ്രാസിയർ വിടുന്ന ഭാവമില്ല.
കാവൽക്കാരിൽ ഒരാൾ മടിച്ച് മടിച്ച് അകത്തേക്ക്
പോയി.ഗ്രാസിയർ ചുറ്റും ഒന്ന് കണ്ണോടിച്ചു. സഹോദരിയുടെ സ്വയംവരത്തിന്റെ ഒരുക്കങ്ങൾ നടക്കുന്നെണ്ടെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാക്കി. പണ്ട് തനിക്ക് ഭക്ഷണം തന്നിരുന്ന പുറം പുര ഇപ്പോഴില്ല.പരിചാരകർക്ക് നൽകുന്ന പാത്രങ്ങൾ അവിടെ നിര നിരയായി വച്ചിട്ടുണ്ട്. അതിൽ താൻ ഭക്ഷണം കഴിച്ച പാത്രവും ഉണ്ടാവും. ഗ്രാസിയർ മട്ടുപാവിലേക്ക് നോക്കി.ഒരിക്കൽ അവിടെ കയറിയിരുന്ന് 'സിയാരു 'നദിയുടെ ഭീകര സൗന്ദര്യം നോക്കിയതിന്റെ ശിക്ഷ. കുപ്പായത്തിന്റെ കീറിയ ഭാഗത്തിലൂടെ വയറിന്റെ ഇടതുഭാഗത്തായി വാരിയെല്ലിനോട് ചേർന്ന ആ പാട് ഇപ്പോഴും മുഴച്ച് നിൽക്കുന്നു. ആ പാടിൽ തടവികൊണ്ടിരുന്നപ്പോൾ
'' എന്താ.. എന്ത് വേണം ഈ പാതിരാത്രിക്ക്.."
കൊട്ടാരം കവിയുടെ മകൾ, സൗന്ദര്യത്തിന്റെ മറുവാക്കായാ കവിയുടെ ഭാര്യയുടെ മകൾ. വിരൂപിയായ ഞാൻ ജനിച്ച കവിയുടെ ഭാര്യയുടെ ഗർഭപാത്രം കൊട്ടാരം വൈദ്യനെ വരുത്തി ശുദ്ധി ചെയ്ത് പിറവികൊണ്ട തന്റെ സഹോദരി. വർഷങ്ങൾക്ക് ശേഷം കാണുകയാണ്.രാജ്യത്തിന്റെ യുവറാണിയാകുവാൻ പോകുന്നവൾ.
''ഒന്നിറങ്ങി വരുമോ ? കുറച്ച് സംസാരിക്കാനുണ്ട്."
കവി പുത്രി മനസ്സില്ലാ മനസ്സോടെ പടിക്കെട്ടിറങ്ങി വന്നു.
'' കുറച്ച് മാറിയിരുന്ന് സംസാരിക്കാം...'' ഗ്രാസിയർ കുറച്ച് ദൂരത്തേക്ക് വിജനമായ സ്ഥലം ലക്ഷ്യമാക്കി നടന്നു. പിറകെ കവി പുത്രിയും. ഗ്രാസിയറുടെ അസഹ്യമായ നാറ്റം സഹിക്കാൻ കഴിയാതെ അവൾ വസ്ത്ര തലപ്പു കൊണ്ട് മൂക്ക് പൊത്തി. പെട്ടെന്ന് ഗ്രാസിയർ ഒന്ന് നിന്നു. അവളെ അടിമുടി നോക്കി .
''നാളെ രാജ്യം ഭരിക്കേണ്ട യുവരാജാവിന്റെ പ്രിയതമേ.... ഹ ഹ ഹ ഹ...... ജനിച്ചന്ന് മുതൽ സ്വന്തം മാതാപിതാക്കളുടെ ആട്ടും തുപ്പുമേറ്റ് വളർന്ന ഒരു ഭ്രാന്തൻ സഹോദരൻ ആണ് ഞാൻ ഗ്രാസിയർ.. ഹ ഹ ഹ കൊട്ടാരം കവി എനിക്ക് പറ്റിയ പേര് തന്നെ വിളിച്ചു.'ഗ്രാസിയർ 'അസുര ഗുണമുള്ള മനുഷ്യൻ. ഞാൻ വിരൂപനാണ്, കറുത്തിട്ടാണ്. ഞാൻ ഒരു മനുഷ്യൻ കൂടിയാണ്. തെരുവിൽ ' എച്ചിൽ തിന്ന് വിശപ്പടക്കിയപ്പോൾ, നീ തീൻമേശയിൽ വിഭവങ്ങളുടെ എണ്ണം എടുക്കുകയായിരുന്നു. സർവ്വാഭരണവിഭൂഷിതയായി വെള്ളക്കുതിരയെ കെട്ടിയ തേരിൽ പോകുമ്പോൾ എന്നെ അവജ്ഞയോടെ നോക്കുന്ന നിന്റെ കണ്ണിൽ വെറുപ്പും ഞാൻ കണ്ടു. നിന്റെ നൃത്താരങ്ങേറ്റത്തിന് നഗരം മുഴുവനും കൊട്ടാരാങ്കണം നിറഞ്ഞപ്പോൾ ,നിന്റെ അറിവോടെ അനുചരന്മാർ എന്നെ ആട്ടിയോടിച്ചു.
എന്റെ കൂടെ പിറപ്പ്, എന്റെ രക്തം, ഒന്നൊമനിക്കാൻ, ഒന്നു തലോടാൻ ഞാൻ ഏറെ കൊതിച്ചിട്ടുണ്ട്.എല്ലാവരും ചേർന്ന് എനിക്ക് ഭ്രഷ്ട്ട് കൽപ്പിച്ചു. ഭ്രാന്തനാക്കി "
അവസാന വാക്കുകൾക്ക് ഇടർച്ചയുടെ സ്വരം.തേങ്ങലിന്റ നൊമ്പരം.
ഗ്രാസിയറുടെ ഭാവം മാറി. കണ്ണുകളിൽ ക്രൗര്യത്തിന്റെ രൗദ്രത നിറഞ്ഞു.കവിളുകൾ വരിഞ്ഞ് മുറുകി. ജഡ പിടിച്ച തലമുടിയിൽ പോലും ക്രൂരത നിറഞ്ഞു. അസാമാന്യ കരുത്തോടെ സഹോദരിയെ കടന്നുപിടിച്ചു. ഒരു നിലവിളിക്ക് പോലും അവസരം കൊടുക്കാതെ തന്റെ കീറി പറിഞ്ഞ കുപ്പായത്തിൽ നിന്ന് ഒരു തുണ്ട് കീറി അവളുടെ വായിൽ തിരുകി.വസ്ത്രങ്ങൾ ഓരോന്നായി ഗ്രാസിയർ വലിച്ചു കീറി എറിഞ്ഞു.' ദ്രാവ്റാ' മരത്തിന്റെ പൂവിന്റെ ലഹരിക്ക് പോലും കീഴടങ്ങാത്ത തന്റെ കന്യാകാത്വം ഇതാ നശിക്കാൻ പോകുന്നു.
" എന്നെ നശിപ്പിക്കല്ലെ..... നി എന്റെ സഹോദരനാണ്. എന്നെ വെറുതെ വിടൂ......."
അവളുടെ ശബ്ദം കണ്ഠനാളത്തിന് പുറത്ത് വന്നില്ല.
വന്യമായ ആവേശത്തോടെ ഗ്രാസിയർ സഹോദരിയെ പ്രാപിച്ചു.കുലംകുത്തിയൊഴുകുന്ന മഴവെള്ളപാച്ചിൽ മഹാസാഗരത്തിൽ വിലയം പ്രാപിച്ചു. അണച്ചണച്ച് സഹോദരിയുടെ നഗ്നമായ ശരീരത്തിൽ നിന്നും ഗ്രാനിയർ എഴുന്നേറ്റ്, അഴുക്ക് പുരണ്ട വിയർപ്പ് തുടച്ച് മാറ്റി പൊട്ടിച്ചിരിച്ച് കൊണ്ട് ഓടി.ആ ഓട്ടം നിന്നത് 'സിയാരു ' നദിയുടെ കരയിൽ. നിലാവെളിച്ചത്തിൽ ആർത്തലച്ച് ഒഴുകുന്ന സിയാരു.ഇന്ന് വരെ ആരും അതിന്റെ അടിത്തട്ട് കണ്ടിട്ടില്ല. മട്ടുപാവിലിരുന്ന് ആദ്യം കണ്ടത് ഈ നദിയുടെ കുത്തൊഴുക്കാണ്. അതിലേക്ക് തന്നെ ആവട്ടെ എന്റെ അവസാനവും. കുതിച്ചുയർന്ന ഓളങ്ങളിലേക്ക് ഗ്രാസിയർ ഊളിയിട്ടു.

By: 

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo