Slider

'' ആകാശവാണി തിരുവനന്തപുരം "

0

'' ആകാശവാണി തിരുവനന്തപുരം "
ഇന്നും കാതുകളിൽ മുഴങ്ങുന്ന ആ പഴയ കാല
അനൗൺസ്മെന്റ് !! ന്യൂ ജൻ എംഫ് എം അരങ്ങുതകർക്കുന്ന ഇക്കാലത്ത്, പഴയ എ എം ഓർമ്മകൾ അയവിറക്കുക എന്നത് അരോചകം ആണെങ്കിലും ഓർക്കാതിരിക്കാൻ വയ്യ.
കുന്നും പ്രദേശമായിരുന്നത് കൊണ്ട് ഞങ്ങൾക്ക് തിരുവനന്തപുരം റേഡിയോ സ്റ്റേഷൻ മാത്രമേ വ്യക്തമായി കിട്ടാറുള്ളു
രാവിലെ 5.50 നുള്ള സുഭാഷിതം തുടങ്ങി കഴിഞ്ഞാൽ ഓൺ ആകുന്ന പഴയ ഫിലിപ്സ്
റേഡിയോ ഞങ്ങൾ സ്ക്കൂളിലേക്ക് പോകും വരെ തുടർന്നുകൊണ്ടിരിക്കും.
സുഭാഷിതം, ഭക്തിഗാനങ്ങൾ, വാർത്ത വിശകലനുമായി പ്രഭാതഭേരി, പിന്നെ ഡൽഹി മലയാളം വാർത്ത. കൃഷ്ണകുമാർ ( ഇപ്പോൾ K K Hitfm വാർത്ത), ജോൺ ബ്രിട്ടാസ് (കൈരളി ടിവി) ഇവരുടെ പ്രത്യേക രീതിയിലുള്ള വാർത്താ വായന. അതു കഴിഞ്ഞാൽ പിന്നെ സംസ്‌കൃത വാർത്തകൾ
" ഈയം ആകാശവാണി പ്രവാചക ബൽദേവ് ആനന്ദ് ..........." ഒന്നും മനസ്സിലാവില്ലെങ്കിലും
കേട്ടുകൊണ്ടിരിക്കും. വിദ്യാഭ്യാസ രംഗം 7.5ന് ആണെന്ന് തോന്നുന്നു. അതിൽ തന്നെ
സാക്ഷരത ക്ലാസ് ,ഖാൻ കാവിൽ വക്കം സക്കീർ... ഇതൊക്കെ മറക്കാൻ പറ്റാത്ത ശബ്ദവീചികൾ ആണ്. 7.25 ന്റ വാർത്ത
കേരളത്തിന്റെ രാഷ്ടീയ, സാഹിത്യ സാംസ്ക്കാരിക തുടിപ്പുകൾ അറിയുന്ന ഏക മാർഗ്ഗം.പ്രതാപന്റെയും, രാമചന്ദ്രന്റെയും, വെൺമണി വിഷ്ണുവിന്റെയും വാക് വിസ്മയത്തിൽ എത്രയെത്ര എസ്ക്ലൂസിവ്
വാർത്തകൾ കേട്ടിരിക്കുന്നു.!!
വെള്ളിയാഴ്ച്ചകളിലെ ഗാന്ധിമാർഗ്ഗം....
ഗാന്ധിയൻ ജീവിതം, ചിന്തകൾ ചെറുപ്പത്തിൽ ഒരു പാട് സ്വാധീനിച്ച പരിപാടി.അവസാനം ഒരു ദേശഭക്തിഗാനം ഉണ്ടാവും.
ഞായറാഴ്ച്ചകളിലെ ചലചിത്ര ശബ്ദരേഖ....
അതിനായ് റേഡിയോവിന്റെ മുന്നിൽ സാകൂതമിരിക്കും, അമ്മ, ചേച്ചി, ചേട്ടൻ.........
ഫുട്ബോൾ കമന്ററി..... : മറക്കാൻ പറ്റാത്ത
അനുഭവമാണ്. സതീഷ് ചന്ദ്രൻ എന്ന പ്രതിഭാവിലാസത്തിന്റെ വാക്ദ്ധോരണിയിൽ '
കൺമുന്നിൽ കളി കാണുന്ന പ്രതീതി.സന്തോഷ് ട്രോഫി, സേട്ട് നാഗ്ജി, നെഹ്രുട്രോഫി... അങ്ങനെ എത്ര മത്സരങ്ങൾ.
അതുപോലെ പുന്നമടക്കായലിൽ നടക്കുന്ന
നെഹ്രുട്രോഫി വള്ളംകളിയുടെ ആവേശം
നാഗവള്ളി ആർ എസ്സ് കുറുപ്പ്......... അവാച്യമായ അനുഭൂതിയിൽ ഓളപരപ്പിലെ
പ്രകമ്പനങ്ങൾ ശ്രോതാക്കളെ തേടിയെത്തുമ്പോൾ...... നമ്മൾ പുന്നമടക്കായലിൽത്തന്നെയാണ്. " ഒന്നാം ട്രാക്കിൽ കരിനാഗത്തെപ്പോലെ പായിപ്പാട് ചുണ്ടൻ.........
ഒരു പാട് ചുണ്ടൻ വള്ളങ്ങളുടെ പേര് ഹൃദിസ്ഥമായിരുന്നു. ആനാരി, ചമ്പക്കുളം ചുണ്ടൻ, കരുവാറ്റ ചുണ്ടൻ, അബ്ദേക്കർ ചുണ്ടൻ..... അങ്ങനെ അങ്ങനെ
വൈകുന്നേരം കൃഷിപ്പാടവുമായി വയലും വീടും.പിന്നെ യുവവാണി, ഇന്നും ഓർക്കുന്നു
ഫ്ലവേർസ് ചാനൽ ആർ ശ്രീകണ്ഠൻ സാറിന്റെ
"ഒരു നിമിഷം " എന്ന പരിപാടി. ഒരു മിനിറ്റിൽ നിർത്താതെ,വിക്കാതെ, റിപ്പിറ്റേഷൻ ഇല്ലാതെ സംസാരിക്കണം. ജി എസ് പ്രദീപ്, ആയിഷ, അമരവിള സതീഷ്..... അങ്ങനെ പരിചിതരായവർ....
പിന്നെ തുടർന്നാടകങ്ങൾ, ഖാൻ കാവിൽ, രാധ മണി, രാധാദേവി മാർ അമ്മയും മകളുമായി വന്നാൽ
ചിരിയുടെ മാലപ്പടക്കമായിരിക്കും.
തുടർ നാടകങ്ങൾ കേട്ട് കണ്ണീർപ്പൊഴിക്കുന്ന
ചേച്ചിയെ അമ്മ എപ്പോഴും കളിയാക്കും.
അത്രയ്ക്കും മനോഹരവും വികാര തീവ്രവുമായിരുന്നു റേഡിയോ നാടകങ്ങൾ.
വർഷങ്ങളായിരിക്കുന്നു റേഡിയോ കേട്ടിട്ട്.
വീട്ടിൽ ഇപ്പോൾ റേഡിയോ ഇല്ല. ടെലിവിഷൻ ആണ് എല്ലാം. പിന്നെ കുറെ മാഗോയും, ചുവപ്പും, പച്ചയുമായി ന്യൂ ജെൻ എഫ് എമ്മുകൾ......
ഇപ്പോൾ "എഴുത്തുപ്പെട്ടിയിൽ " സ്ഥിരമായി കത്തയക്കാറുള്ള ചാപ്രയിൽ കുട്ടപ്പനില്ല, ഷൗക്കത്ത് മൊയ്തീൻ NR സിറ്റിയില്ല. വാട്ട്സ് അപ്പ്, ഫെസ് ബുക്ക്, ട്വീറ്ററുകൾ മാത്രം......
ഗതകാല സ്മരണകൾക്ക്
കണ്ണീരിന്റ നനവെങ്കിലും, ഓർമ്മിക്കുമ്പോൾ
ഒരു ചാരിതാർത്ഥ്യം തോന്നുന്നു.
അക്കാലത്തെ സുവർണ്ണ നിമിഷങ്ങൾ ഓർത്ത്.

By 
James Vinod TK
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo