"ഓന് പെണ്ണ് കെട്ടാൻ വയ്യെങ്കിൽ രണ്ട് ലക്ഷം ഉണ്ടാക്കാൻ പറ ഓനോട്.. അല്ലാതെ എന്ത് കാട്ടാനാണ് .. കല്യാണത്തിന് ദിവസങ്ങൾ ഇങ്ങ് അടുത്ത് വന്നു കൊണ്ടിരിക്കുന്നു.. ഇരുപത്തി അഞ്ച് പവനും ഒരു ലക്ഷം ഉർപ്പിം വാണം.. എവിടെ അവൻ?..
"ഡാ.. സലീമേ..ബടെ വാ"...
ഉമ്മാന്റെ ആങ്ങള സൈദുക്കാന്റെ ഉച്ചത്തിലുള്ള വർത്താനം കേട്ടിട്ടാണ് ഞെട്ടി ഉണർന്നത്. പെങ്ങളുട്ടീടെ കല്യാണം ശരിയായിരിക്കുന്നു. അതിന്റെ കൂടെ എന്റെ കല്ല്യാണം കൂടി നടത്താനാണ് പരിപാടി.പണ്ടോം പണവും ഉണ്ടാക്കണ്ടേ. അതിന് വേണ്ടി.. എന്റെ സ്വപ്നങ്ങൾ, മഹത്തായ ആ ലക്ഷ്യം.. എല്ലാം തകരാൻ പോകുന്നു. ഇന്നലെ കൂടി ആ പ്രഭാഷണം കേട്ടതാണ്... സ്ത്രീധനത്തിനെതിരെ.. സ്ത്രീധനം വാങ്ങുന്നവൻ ആണല്ല... ആണും പെണ്ണും കെട്ടവൻ ആണെന്ന്... എനിക്ക് ഒരു ആണ് ആകണം.. പക്ഷ എങ്ങനെ.
+2 കഴിഞ്ഞ് തുടർന്ന് പഠിക്കാനാവാതെ, എല്ലാം ഒറ്റക്ക് പേറുന്ന ഉപ്പയുടെ കഷ്ടതകൾ കണ്ടിട്ട് പണിക്ക് ഇറങ്ങിയവനാണ് ഞാൻ.വയസ് ഇരുപത്തിരണ്ടായതെ ഒള്ളൂ... അതിന്നിടയിലാണ് പെങ്ങൾക്ക് ഈ കല്യാണം വന്നിരിക്കുന്നത്.. നല്ല ബന്ധമാണ്. എങ്ങനെയെങ്കിലും നടത്തണം എന്ന ഉറച്ച തീരുമാനത്തിലാണ് ഉറപ്പിച്ചത്. അവളുടെ കല്യാണം ശരിയായപ്പോൾ ഒരുപാട് സ്ന്തോഷിച്ചു.പക്ഷെ.. ഇത്കാരണം ഇങ്ങനെ ഒരു പുലിവാല് ഉണ്ടാകുമെന്ന് കരുതിയില്ല.
ഇല്ല. ഇതിൽ നിന്നും രക്ഷപ്പെടാനാകില്ല. എനിക്കും വില ഇട്ട് കഴിഞ്ഞു.. രക്ഷപ്പെടണമെങ്കിൽ രണ്ട് ലക്ഷം രൂപ..... എവിടെ നിന്ന് ഉണ്ടാക്കാനാണ്..
പതിയെ എണീറ്റ് അടുക്കള വഴി പുറത്തിറങ്ങി.. ഉമ്മയും ഉപ്പയും മാമനും എല്ലാം കോലായിൽ ആണ് .... കല്യാണത്തിനെ പറ്റിയുള്ള ചർച്ചകൾ. ആവലാതികൾ... അവരെയും കുറ്റം പറയാൻ പറ്റില്ല. വേറെ ഒരു മാർഗം അവർക്ക് മുമ്പിലും ഇല്ലല്ലോ...
പാടവരമ്പിലൂടെ നടന്ന് ഉണ്ണിയേട്ടന്റെ ചായപ്പീടികയിലെത്തിയപ്പോഴാണ് അവിടെ ആ കുരിശ്... ചന്ദ്രൻ ചേട്ടൻ.. ഉപ്പാന്റെ ഉറ്റ ചങ്ങായി.. ഇന്നലെ പറഞ്ഞിരുന്നു മൂപ്പരുടെ ഭാര്യ വീടിനടുത്ത് ഒരു കുട്ടിയുണ്ട്. പോയി നോക്കണം എന്ന്.. ഉപ്പ പറഞ്ഞ് ഏൽപ്പിച്ചതാണ് മൂപ്പരെ..
മൂപ്പരെ മാത്രമല്ല... ചായപ്പീടികക്കാരൻ ഉണ്ണിയേട്ടനെ, മ്മളെ ചങ്ങായിമാരെ, പലചരക്ക് കടക്കാരൻ കുഞ്ഞിക്കാനെ.. അങ്ങനെ ഒരുപാട് പേരെ... നാടാകെ വലവീശിയിരിക്കുകയാണ് എനിക്ക് വേണ്ടി...
ഇനി കീഴടങ്ങുകയല്ലാതെ രക്ഷയില്ല..
അവസാനം മനസ്സില്ലാ മനസ്സോടെ ആ പരിപാടി തുടങ്ങിക്കഴിഞ്ഞു... പെണ്ണ് കാണൽ..
അത് കണ്ടവർക്ക് അറിയാം അതിന്റെ വിഷമം.. ഒരു പ്രതീക്ഷകളും സ്വപ്നങ്ങളുടെ തന്റെ മുമ്പിലേക്ക് കയ്യിൽ ചായയോ ജ്യൂസുമായോ വന്ന് കാഴ്ചവസ്തുവായി നിൽക്കുന്നവളുടെ നൊമ്പരങ്ങൾ.. അവളുടെ മുഖത്തേക്ക് നോക്കി, പേര് ചോദിച്ച്, നിന്ന് വിയർക്കുന്നവർ.....
വല്ലാത്തൊരു മുഷിപ്പാണ് ഈ പരിപാടി... ഇന്നിപ്പോൾ ആറ് കുട്ടികളെ കണ്ടിരിക്കുന്നു... പക്ഷെ ... ഒന്നും മനസ്സിന് പിടിച്ചില്ലച്ചില്ല...
ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരിക്കുന്നു..
ഇന്ന് പതിനഞ്ചാം സുദിനത്തിലാണ് നാല് കുട്ടികളെ കണ്ടതിന് ശേഷം അഞ്ചാമത്തവളായി ഒരു നാല് മണിക്ക് അവളെ കണ്ടത്.. റജുലാ .. +2 കഴിഞ്ഞിരിക്കുന്നു.. ആദ്യനോട്ടത്തിൽ തന്നെ എവിടെയോ ഒരു സ്പാർക്ക്.. മനസ്സിൽ ഒരു സംതൃപ്തി. ഇവളാണ്. ഇവളെയാണ് ഇത്രയും ദിവസവും തേടിക്കൊണ്ടിരുന്നത് എന്നൊരു തോന്നൽ...
ഇഷ്ടപ്പെട്ട സ്ഥിതിക്ക് പരസ്പരം സംസാരിച്ചു.. അങ്ങനെ കൂടുതൽ ഒന്നുമില്ല... എന്താ പേര് ... എന്തിനാ പഠിക്കുന്നത്.... അങ്ങനെയൊക്കെ.. എന്തോ ഒരു വിറയൽ.ആണാണെന്ന് പറഞ്ഞിട്ടൊന്നും കാര്യല്ല... ചില സമയങ്ങളിൽ വല്ലാത്തൊരു നാണം... ഒരു മടി..
ഞങ്ങൾക്ക് പരസ്പരം ഇഷ്ട്ടപ്പെട്ടു..ഒപ്പം വന്നവർ അവരുടെ വീട്ടിലെ നംബർ വാങ്ങി പോന്നു.
എന്തായാലും സമാധാനമായി.. ഇനി ഒരുങ്ങിക്കെട്ടി ഈ പെണ്ണുകാണൽ എന്ന തെണ്ടലിന് നടക്കേണ്ടല്ലോ...
പക്ഷെ .. പിന്നെയും പ്രശ്നണ്ടളായിരുന്നു. അവളുടെ വീട്ടുകാർക്ക് അത്രയും സ്വർണ്ണം തരാൻ കഴിയില്ല.. പതിനഞ്ചേ തരൂ.. ഒരു ലക്ഷം രൂപയും..
വീണ്ടും പ്രശ്നങ്ങൾ.. അത് ശരിയാകൂല. നി വേറെ തിരയൂ... എന്നായി മാമനും കുടുംബക്കാരും..
ഇനി എന്നെ കൊന്നാലും ഞാൻ വേറെ ഒരു പെണ്ണ് കാണാൻ പോകുല.. ഇനി എന്നെ നിർബന്ധിച്ചാൽ എന്നെ നിങ്ങൾ കാണൂല... ഞാൻ എങ്ങട്ടെങ്കിലും നാട് വിടും... എന്ന മ്മടെ ഭീഷണിക്ക് മുമ്പിൽ അവരൊക്കെ പേടിച്ച് പിന്മാറി..
അങ്ങനെ കല്യാണം നടന്നു.. പുതിയ ഒരു ജീവിതം..
സൽക്കാരങ്ങൾ കാരണം നടുവൊടിഞ്ഞ് തുടങ്ങി. പണിക്ക് ആണെങ്കിൽ പോകാൻ ഒരു രക്ഷയും ഇല്ല. കല്യാണം കഴിഞ്ഞാൽ പ്രാരാബ്ധങ്ങളും കൂടും എന്നുള്ളത് എത്ര സത്യം.. അവളുടെ ഓരോ കുടുംബക്കാരുടെ വീട്ടിലും സൽക്കാരങ്ങൾ... പണി ലീവ്.. ബേക്കറി.. ഒലക്കടെ മൂട്..
അതിന്നിടയിൽ ബന്ധുക്കാരുടെ കുടുംബങ്ങളിൽ വരുന്ന കല്ല്യാണങൾ, കളിയാട്ടങ്ങൾ, കുട്ടിനെ കാണൽ, മരണം..
സംഗതി ദാമ്പത്യ ജീവിതം കുറച്ച് രസമൊക്കെ ഉണ്ടെങ്കിലും എന്തൊക്കെ ചിലവുകൾ.. അതും ഒരു മഴ ചാറിയാൽ പിന്നെ അന്ന് ലീവ്.. അയൽപക്കത്ത് ഒരു പന്തൽ കണ്ടാൽ അന്ന് ലീവ്. ചൂടു കൂടുതലായാൽ ലീവ്.. അങ്ങനെത്തെ ഞാനും...
അതിന്നിടയിൽ അതും സംഭവിച്ചു.. ഞണ്ടളുടെ ജീവിതത്തിലേക്ക് പുതിയ ഒരാള് കൂടി വരാൻ പോകുന്നു. സന്തോഷം കൊണ്ട് തുള്ളിച്ചാടിയ നിമിഷങ്ങൾ.
വീണ്ടും ചിലവുകൾ കൂടാൻ തുടങ്ങി. മാസാമാസം ചെക്കപ്പുകൾ.. മാസങ്ങൾ കഴിഞ്ഞ് കൊണ്ടിരിക്കുന്നു. ഇനിയിപ്പോൾ പ്രസവം.കുട്ടിക്ക് സ്വർണ്ണം ഉണ്ടാക്കൽ. കുട്ടിനെ കാണൽ.. നാൽപ്പത് ... അറുപത്... തൊണ്ണൂറ്..
വീണ്ടും ചിലവുകൾ കൂടാൻ തുടങ്ങി. മാസാമാസം ചെക്കപ്പുകൾ.. മാസങ്ങൾ കഴിഞ്ഞ് കൊണ്ടിരിക്കുന്നു. ഇനിയിപ്പോൾ പ്രസവം.കുട്ടിക്ക് സ്വർണ്ണം ഉണ്ടാക്കൽ. കുട്ടിനെ കാണൽ.. നാൽപ്പത് ... അറുപത്... തൊണ്ണൂറ്..
അതൊക്കെ ആലോചിച്ച് അന്തം വിട്ട് നിൽക്കുന്ന സമയത്താണ് ആദ്യമായി ഗൾഫിൽ പോകാൻ ഒരു പുതി വന്നത്.പിന്നീട് വിസക്കുള്ള അന്വേഷണമായി..
അവസാനം വിസ ശരിയായി.... അതിനും വേണം ഒന്നര ലക്ഷം... നടുവൊടിഞ്ഞിരിക്കുന്ന എന്റെ ഓടക്കിശയിൽ എന്തുണ്ട്. ബാക്കിയുള്ള സ്വർണവും ബേങ്കിൽ കൊണ്ട് പോയി വെച്ച്, കിട്ടാവുന്നിടത്ത് നിന്നെല്ലാം കടവും വാങ്ങി അങ്ങനെ ഞാനും ഒരു പ്രവാസിയായി..
പ്രവാസം.. അറിയുന്തോറും അകലാൻ കൊതിക്കുന്ന.......
അയ്. അണ്ടനെയല്ല.... അഴിയുന്തോറും മുറുകുന്ന കുരുക്ക്...
രണ്ട് വർഷം നിന്നിട്ട് കടങ്ങൾ ഒക്കെ വീട്ടിയിട്ട് നിർത്തണം എന്ന് കരുതിയിരുന്നതാണ്.. എവിടെ.. ഇപ്പോൾ ഏഴ് വർഷം കഴിഞ്ഞിരിക്കുന്നു.. അതിന്നിടയിൽ മൂന്ന് തവണ ലീവിന് പോയി.. രണ്ട് മക്കൾ ആയിരിക്കുന്നു.
എല്ലാവരെയും പോലെ എനിക്കുമുണ്ട് ആഗ്രഹങ്ങൾ.. സ്വന്തമായി ഒരു അഞ്ചു സെന്റ് ഭൂമി.അതിൽ ഒരു കൊച്ചു വീട്..
പക്ഷെ അതിനൊക്കെ മുകളിൽ മഹത്തായ വലിയ ഒരു സ്വപ്നമുണ്ട്. ഒരു കടം വീട്ടാനുണ്ട്. തിരിച്ച് പിടിക്കാനുണ്ട് എന്റെ ആണത്തത്തെ. ആ വലിയ ലക്ഷ്യത്തിന് വേണ്ടി കൂടിയാണ് ഞാൻ പ്രവാസി ആയത്.
എല്ലാവരും ചോദിക്കാറുണ്ട്...ഈ ആറേഴ് വർഷം ഗൾഫിൽ നിന്നിട്ട് നി ഒരു വീട് പോലും ഉണ്ടാക്കായില്ലല്ലോ... അത് പോട്ടെ. ഒരു അഞ്ച് സെന്റ് സ്ഥലം പോലും വാങ്ങിയില്ലല്ലോ എന്ന്.
ഇല്ല .. അത് രണ്ടും നടന്നിട്ടില്ല.പക്ഷെ അതിലൊക്കെ വലിയ എന്റെ ആ മോഹം സാക്ഷാത്കരിക്കാൻ പോകുന്നു. നിവർത്തികേട് കൊണ്ട് പണ്ട് ഞാൻ പണയം വെച്ച എന്റെ ആണത്തം തിരിച്ചെടുക്കാൻ പോകുന്നു. അതെ അന്ന് ഞാൻ വാങ്ങിയ സ്ത്രീധനം തിരിച്ച് കൊടുക്കാൻ പോകുന്നു.
ഭാര്യയുടെ അനിയത്തിയുടെ കല്യാണമാണ് അടുത്ത ആഴ്ച.. അന്ന് ഞാൻ വാങ്ങിയ ഒരു ലക്ഷം രൂപയും സ്വർണവും തിരിച്ച് കൊടുക്കാൻ പോകുന്നു.ഇത് വരെ ഞാൻ സമ്പാദിച്ചതെല്ലാം ഇതിന് വേണ്ടി ആയിരുന്നു.
ഇന്നിപ്പോൾ സമൂഹം ഏറെക്കുറെ ഒരുപാട് മാറി എന്ന് തോന്നുന്നു.. സ്ത്രീധനം പണമായി അധികമാരും ചോദിക്കുന്നില്ല എന്ന് തോന്നുന്നു. ഭാര്യയുടെ അനിയത്തിക്കും പണം ഒന്നും ചോദിച്ചിട്ടില്ല. നിങ്ങളുടെ കുട്ടിക്ക് നിങ്ങൾക്ക് ഇഷ്ടമുള്ളത് കൊടുത്തോളൂ.. എന്നാണ് പറഞ്ഞിരിക്കുന്നത്.
പണവും സ്വർണ്ണവും ഭാര്യയെ കൊണ്ട് അവളുടെ ഉപ്പയുടെ കയ്യിൽ കൊണ്ട് പോയി ഏൽപ്പിച്ച് കഴിഞ്ഞു. വല്ലാത്ത ഒരാശ്വാസത്തിലാണിപ്പോൾ ഞാൻ.. വർഷങ്ങളോളം ചുമന്ന് കൊണ്ട് നടന്ന വലിയ ഒരു അസ്വസ്ഥത, ഒരു നീറ്റൽ ഇറക്കി വെച്ച പ്രതീതി..
പ്രവാസത്തിന്റെ ഒരുപാട് നഷ്ടങ്ങളിൽ അവളുടെ കല്യാണവും ചേർത്ത് വെക്കാം. എനിക്ക് പോകാൻ കഴിയില്ല. ഈ ഏഴ് വർഷം ചേർത്ത് വെച്ച ഒരുപാട് കല്യാണങ്ങൾ, മരണങ്ങൾ... എന്തിന് പറയുന്നു രണ്ട് മക്കളെയും ലേബർ റൂമിന് പുറത്ത് കാത്ത് നിന്ന് ,കൈകളിലേക്ക് വാങ്ങാൻ കഴിയാതെ പോയ നിമിഷങ്ങളെ പോലെ..
എന്നാലും ഞാൻ സംതൃപ്നാണ്...
( മറ്റൊരാളുടെ അനുഭവമാണ്)....
മൻസൂർ....

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക