Slider

മുഖംമൂടി

0

മുഖംമൂടി
-----------------
ഉറക്കം എഴുന്നേറ്റ് പതിവു പോലെ അവള്‍ കണ്ണാടിയില്‍ നോക്കി..
ഒരു ഭാവവും തിരിച്ചറിയാനാവാത്ത തന്‍റെ മുഖം കണ്ട് അവള്‍ ഞെട്ടിയില്ല..
എത്രയോ വര്‍ഷങ്ങളായി കാണുന്ന കാഴ്ചയാണല്ലോ..
പെട്ടെന്ന് തന്നെ അലമാരയില്‍ നിന്നും ഒരു മുഖംമൂടി എടുത്തണിഞ്ഞ് അടുക്കളയിലേക്ക് നടന്നു..
ചായയുണ്ടാക്കി ഭര്‍ത്താവിന് കൊടുത്തപ്പോള്‍ അയാള്‍ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ചോദിച്ചു..
''എന്താടി ഇന്നിത്ര തെളിച്ചം .. നിന്‍റെ മറ്റവന്‍ വിളിച്ചോ?''
അവള്‍ വേഗം ചെന്നു ഒന്നുകൂടി കണ്ണാടിയില്‍ നോക്കി..
ധൃതിയില്‍ ധരിച്ചപ്പോള്‍ മുഖംമൂടി മാറിപ്പോയി.. പുറത്തു പോകുമ്പോള്‍ ഉപയോഗിക്കുന്നതാണ് ധരിച്ചിരിക്കുന്നത്..
''ഇനിയിപ്പോള്‍ മാറ്റാനൊന്നും വയ്യ.. ഇതു തന്നെ ഇരിക്കട്ടെ.''.
അവള്‍ വിചാരിച്ചു..
കസ്റ്റമര്‍ കെയറില്‍ നിന്നു മാത്രം വിളി വരുന്ന തന്‍റെ ഫോണ്‍ കെെയ്യിലെടുത്തു തലോടിക്കൊണ്ട് അവള്‍ വെറുതേ ആശിച്ചു..
''പേരിനെങ്കിലും വിളിക്കാന്‍ ഒരു മറ്റവന്‍ ഉണ്ടായിരുന്നെങ്കില്‍''..
പെട്ടെന്ന് ജോലിയൊക്കെ തീര്‍ത്തു ഓഫീസില്‍ പോകാന്‍ റെഡിയായി..
''ഇനിയിപ്പോള്‍ മുഖംമൂടി മാറ്റാന്‍ നില്‍ക്കണ്ടല്ലോ.. ആ സമയം ലാഭമായി..''
അവള്‍ ചിരിച്ചു..
ജീവിതത്തിന്‍റെ വിരസതയില്‍നിന്നും രക്ഷനേടാനുള്ള ഒരിടത്താവളമായിരുന്നു അവള്‍ക്ക് ഓഫീസ്..
ആ ഓഫീസിലെ ഏറ്റവും ചുറുചുറുക്കുള്ള ജോലിക്കാരിയായിരുന്നു അവള്‍..
അവിടെയണിഞ്ഞിരുന്ന മുഖംമൂടി അവള്‍ക്ക് ഏറെ പ്രശംസ വാങ്ങിക്കൊടുത്തു..
വെെകുന്നരം തിരിച്ചു വരുമ്പോള്‍ വീടിന്‍റെ ഗേറ്റ് കടക്കുന്നതിനു മുന്‍പ് മുഖംമൂടി മാറ്റി അണിയാന്‍ അവള്‍ മറന്നില്ല..
വീട്ടിനുള്ളിലേക്ക് കയറുമ്പോള്‍ ടി.വി കാണുകയായിരുന്ന ഭര്‍ത്താവ് ചോദിച്ചു
'' എന്താടീ ഇത്ര ദുഃഖം .. നിന്‍റെ മറ്റവന്‍ ചത്തോ''..
''മറ്റവനല്ല.. ഞാനാണ് ചാവുന്നത്.. ഒാരോ തവണ ഈ വീടിനുള്ളിലേക്ക് കയറുമ്പോഴും..
അവള്‍ മനസ്സില്‍ പറഞ്ഞു..
അജിന സന്തോഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo