നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വാട്ട്സ്ആപ്പ്


വാട്ട്സ്ആപ്പ്
................................
'ഞാനിപ്പോൾ ഏലപ്പാറ എത്തി മോളേ' ഏലപ്പാറയിൽ നിന്ന് വാഗമൺ തിരിയുന്ന വളവിൽ ബൈക്ക് നിറുത്തി അവൾക്ക് വാട്ട്സ് ആപ്പ് ചെയ്തു..
മൂന്നുദിവസമായി അവൾ മിണ്ടിയിട്ട്.. നിരന്തരം അവൾക്ക് മെസ്സേജ് അയക്കുന്നുണ്ട്.. മറുപടി കിട്ടുന്നില്ല.. വിളിച്ചുനോക്കുന്നുണ്ട്.. ഫോൺ എടുക്കുന്നില്ല.. ട്രൂകോളർ കാണിക്കുന്നത് അവളുടെ മൊബൈൽ സൈലന്റ് ആണെന്നാണ്.. ഇത്രയും ദിവസം പിണങ്ങിയിരിക്കാൻ അവൾക്കാവില്ല..
എന്തിനാണവൾ പിണങ്ങിയത്? ഒരു തമാശ.. അതവൾക്കിഷ്ടപ്പെട്ടില്ല.. കഴിഞ്ഞയാഴ്ചയാണവൾ ആ ഞെട്ടിപ്പിക്കുന്ന സത്യം പറഞ്ഞത്.. പീരീഡ് ആയില്ല.. അവൾ വളരെ സിമ്പിളായി പറഞ്ഞിട്ടും നെറ്റിയിൽനിന്ന് വിയർപ്പ് ചുണ്ടിലൂടെ വായിലൊട്ടൊഴുകി.. ഉപ്പുരസം.. തുപ്പിക്കളഞ്ഞു..
'ആരുടെയാടീ.. ?'
തമാശയ്ക്കാണ് അങ്ങിനെ ചോദിച്ചത്.. അതവൾക്ക് ഏറെ നൊന്തു.. സോറി പറഞ്ഞു... അവൾ കരഞ്ഞു..
കുട്ടിക്കാനത്ത് ഹോസ്റ്റലിൽ പഠിക്കുന്ന അവൾ പലപ്പോഴും തന്റെ സ്നേഹക്ഷണങ്ങൾ സ്വീകരിച്ച് തന്നോടൊപ്പം വന്നിട്ടുണ്ട്.. പ്രണയം തലയ്ക്കുപിടിച്ച ദിവസങ്ങളിൽ എപ്പോഴോ.. അതു സംഭവിച്ചിരിക്കാം.. അതിപ്പോൾ?
എന്താണവൾ ഹോസ്റ്റലിൽ പറയുന്നതെന്നോ എങ്ങനെയാണവൾ അവിടെനിന്ന് മുങ്ങുന്നതെന്നോ ഒരിക്കലും ചോദിച്ചിട്ടില്ല.. നാട്ടിൽനിന്ന് തിരിക്കുമ്പോൾ വാട്സ് ആപ്പ് ചെയ്യും.. ഹാൾട്ട് ചെയ്യുന്ന ഓരോ പോയിന്റിലും ഒരു മെസ്സേജ്.. ഏലപ്പാറ എത്തുമ്പോൾ അവൾ കാത്തുനിൽപ്പുണ്ടാവും.. അന്നും ഇന്നും എന്നും ഞങ്ങളുടെ ഇഷ്ടസ്ഥലം വാഗമണ്ണിലെ സൂയിസൈഡ് പോയന്റ് ആയിരുന്നു.. അവിടെയെത്തിയാൽ താഴെ സൂചിമുനപോലെ നിൽക്കുന്ന മുനമ്പിൽത്തന്നെ പോകണം.. സെൽഫി എടുക്കണം.. പ്രണയം പൂത്തതും കായ്ച്ചതും ഈ മൊട്ടക്കുന്നിന്റെ മടിത്തട്ടിൽവച്ചുതന്നെ..
അന്നവൾ സെൽഫി എടുത്തു.. അതെന്റെ ഫോണിലേക്ക് സെൻഡ് ചെയ്തു.. ഫോൺ എന്റെ കൈയിൽ തന്നു..
'വിശാഖ്.. നീ ... ' അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
അവളെ നെഞ്ചോട് ചേർത്തുപിടിച്ച് ആ നെറുകയിൽ ഉമ്മവച്ചു..
'മോളേ.. ഞാൻ ചുമ്മാ പറഞ്ഞതല്ലേ.. കുഞ്ഞുന്നാളിലേതൊട്ട് നിന്നെ അറിയുന്ന ഞാൻ.. പക്ഷേ നീ ഫസ്റ്റ് ഇയർ അല്ലേ... നിന്റെ പഠിത്തം?.. '
'ഞാൻ.. ഞാനുണ്ടാവില്ല.. ഇവിടെനിന്ന് താഴോട്ട് ചാടും... '
വളരെ കഷ്ടപ്പെട്ടാണ് അവളെ അനുനയിപ്പിച്ചു തിരികെ കയറ്റിയത്.. കുന്നുകയറി പാർക്കിങ്ങിൽ എത്തിയിട്ടും അവളൊന്നും സംസാരിച്ചില്ല.. തിരികെ ഏലപ്പാറയിൽ കൊണ്ടുവിടുമ്പോഴും അവൾക്ക് ശബ്ദമുണ്ടായിരുന്നില്ല.. ഒത്തിരി സങ്കടം തോന്നിക്കാണും...
അന്നുമുതൽ അയക്കുന്ന മെസ്സേജുകൾ.. ഒന്നിനും മറുപടിയില്ല.. ഇന്നലെമുതൽ വാഗമൺ പോകുന്ന കാര്യങ്ങളാണ് മെസ്സേജ് ചെയ്തത്.. സാധാരണഗതിയിൽ ഏലപ്പാറയിൽ അവൾ കാണേണ്ടതാണ്... എത്ര പിണക്കമാണെങ്കിലും അവൾ ഇവിടെവരും.. സഹികെട്ട് ഇന്നലെ അവൾക്ക് മെസ്സേജ് അയച്ചിരുന്നു . അഥവാ അവൾ വന്നില്ലെങ്കിൽ സൂയിസൈഡ് പോയന്റിൽനിന്നു ചാടുമെന്ന്.. അതൊരു വൃഥാ പറച്ചിലായിരുന്നില്ല.. അത്രയ്ക്കുണ്ട് മനസ്സിൽ വിഷമം.. അവളില്ലാത്ത ഓരോ നിമിഷവും ഓരോ യുഗമാണ്.. മനസ്സിനെ സമാധാനിപ്പിക്കുവാൻ കഴിയുന്നില്ല.. എന്താണവൾ തന്നോട് മിണ്ടാൻ കൂട്ടാക്കാത്തത്? താനല്ലാതെ അവൾക്കൊരാശ്രയം ഇനി വേറെയില്ല.. വീട്ടിൽ അറിഞ്ഞാൽ അവളെ അവരെല്ലാംകൂടെ തല്ലിക്കൊന്നുകളയും.. അഭിമാനികളാണ് അവർ..
അടുത്തുകണ്ട കടയിൽനിന്ന് ഒരു കിങ്‌സ് ലൈറ്റ്സ് വാങ്ങിക്കത്തിച്ചു.. ഒരു പുക എടുത്തപ്പോൾ അങ്ങകലെ അവളുടെ രൂപം തെളിഞ്ഞു.. സിഗരറ്റു വലിക്കുന്നതിന് അല്ലെങ്കിൽത്തന്നെ വഴക്കാ.. ഇനി ഇപ്പൊ കണ്ടാ.. അതുമതി..
സിഗരറ്റ് ഷൂവിനടിയിൽ ചതഞ്ഞരഞ്ഞു... കൈപ്പത്തി നിവർത്തി വായോടടുപ്പിച്ച് ഊതിനോക്കി.. നാശം നല്ല സിഗരറ്റ് മണം.. ഒരു വിക്സ് വാങ്ങി വായിലിട്ടു തിരിഞ്ഞുനോക്കി.. അവൾ? .... ഹോ ! അത് വേറൊരു പെൺകുട്ടിയായിരുന്നു.. ദൂരെനിന്ന് അവൾ നടന്നുവരുന്നതുപോലെ തോന്നി..
'മോളേ.... എന്റെ വിഷമങ്ങളെല്ലാം ഞാൻ രണ്ടുദിവസമായിട്ട് നിനക്ക് ടെക്സ്റ്റ് ചെയ്തുതരുന്നുണ്ട്.. ഇനിയും പിണങ്ങിയിരിക്കല്ലേ. ഒന്നുവാ.. ' വീണ്ടും മെസ്സേജ് ചെയ്തു..
ഇനി അവൾ നേരത്തെതന്നെ വാഗമൺ പോയിക്കാണുമോ? തന്നേ പറ്റിക്കാനോ മറ്റോ?...
ഹോസ്റ്റലിൽ വിളിക്കാൻ യാതൊരു മാർഗ്ഗവുമില്ല.. ഇന്നലെയും അവളുടെ അമ്മയെ വഴിയിൽവച്ചു കണ്ടതാണ്.. ചോദിച്ചപ്പോൾ അവൾ രണ്ടുദിവസമായി വിളിച്ചിട്ട് എന്നു പറഞ്ഞു.. പഠിക്കാനൊത്തിരി കാണും.. അവർ സ്വയമെന്നോണം പറഞ്ഞിട്ട് നടന്നകന്നു.. അയല്പക്കമാണ്.. എങ്കിലും അത്ര വലിയ അടുപ്പമൊന്നും ആ വീട്ടുകാരോട് ഇല്ല.. അവളുടെ അച്ഛൻ പട്ടാളത്തിലാണ്.. അതുകൊണ്ടായിരിക്കാം അധികമാരും അങ്ങോട്ട് അടുക്കാറില്ല..
വണ്ടി വാഗമണ്ണിന്‌ വിട്ടു.. വഴിയിൽ ഒരു നൂറുതവണ ഫോൺ എടുത്തുനോക്കി.. അവളുടെ മെസ്സേജ് മാത്രം വന്നില്ല....
വാഗമൺ അടുക്കുംതോറും അന്തരീക്ഷം മാറിക്കൊണ്ടിരുന്നു. ചന്നംപിന്നം പെയ്യുന്ന ചാറ്റൽമഴ.. കോടമഞ്ഞു പുതച്ച കുഞ്ഞൻ മലകൾ..
'മോളേ.. നമ്മൾ ലാസ്റ്റ് വന്നതിനേക്കാളും മഞ്ഞുണ്ട് ഇന്ന്.. എന്തു രസമാണെന്നോ .. ഞാൻ ഓർക്കിഡ് ഗാർഡനിൽ എത്തി..'
ഒന്നോ രണ്ടോ തവണ ഞാൻ താമസിച്ചപ്പോൾ അവൾ വെയിറ്റ് ചെയ്തത് ഇവിടെയായിരുന്നു.. സൂയിസൈഡ് പോയന്റിന് ഇനിയും പിന്നിലേക്കുപോകണം..
ഓർക്കിഡുകൾ അവൾക്കേറെയിഷ്ടമായിരുന്നു.. അതുകൂടാതെ ഒരു ചെടിയുണ്ട് 'ഹൈഡ്രാഞ്ച' വലിയ ഇലകളും ഇലമൂടി വട്ടത്തിൽ വളരെയധികം ദളങ്ങളോടുകൂടിയ പൂവും.. ഓർക്കിഡ് ഗാർഡനിലെ മുളകൊണ്ടുണ്ടാക്കിയ ഒറ്റബെഞ്ചിൽ ഇരുന്നു.. തൊട്ടടുത്ത് ഉണങ്ങിയ ഒരു മരം.. തന്റെ സ്വപ്‌നങ്ങൾപോലെതന്നെ കരിഞ്ഞുണങ്ങിയ ഒന്ന്.. അവളൊന്നു വന്നെങ്കിൽ?
മൊബൈലിൽ വിളിച്ചു.. ബെല്ലുണ്ട്.. എടുക്കുന്നില്ല...
'മോളേ... എനിക്കിപ്പോൾ ദേഷ്യം വരുന്നുണ്ട് കേട്ടോ'
മെസ്സേജ് മഞ്ഞിനെ വകവയ്ക്കാതെ പറന്നു.
'ഞാൻ സൂയിസൈഡ് പോയന്റിലേക്ക് പോകുവാ.. ഇപ്പോൾ സമയം 3.35.. അഞ്ചുമണിവരെ ഞാൻ നിന്നെ നോക്കിയിരിക്കും.. നമ്മൾ ഇപ്പോഴും ഇരിക്കാറുള്ള അങ്ങുതാഴത്തെ ചെറിയ പാറയിൽ...'
ഗേറ്റിൽ വണ്ടി നിറുത്തി. പാസ്സ് എടുക്കുമ്പോഴും കണ്ണുകൾ ദൂരെ അവളുടെ രൂപം പ്രതീക്ഷിക്കുകയായിരുന്നു...
'സുഹൃത്തേ, നല്ല മഞ്ഞുണ്ട്.. പോയന്റ് കാണാൻ പറ്റുമോന്ന് പറയാൻ കഴിയില്ല.. ' കൗണ്ടറിൽ ഇരുന്നയാൾ പറഞ്ഞു..
'ഞാൻ ഇവിടെ ആദ്യമല്ല.. കുഴപ്പമില്ല..' മഞ്ഞുണ്ടെങ്കിലേ രസമുള്ളൂ
റോഡിൽ പണി നടക്കുന്നു.. മെറ്റൽ വിരിച്ചിട്ടുണ്ട്.. വീതി കൂട്ടുകയാവും..
ശരിയാണ്.. കോടമഞ്ഞു കനത്തുകൊണ്ടിരുന്നു.. വഴി കാണുവാൻതന്നെ പ്രയാസം ... ഏകദേശം രണ്ടു കിലോമീറ്റർ ഉണ്ട്.. കുറെ കയറിയപ്പോൾ ഹെഡ് ലാംപ് തെളിച്ചുവരുന്ന വാഹനങ്ങൾ കടന്നുപോയി.. ദൂരെ മഞ്ഞിൽകുളിച്ച കുന്നുകൾ.. പ്രകൃതി മനോഹരി.. അരണ്ടവെട്ടത്തിൽ എങ്ങും നീട്ടിപ്പിടിച്ച കൈകൾ.. സെൽഫി സ്റ്റിക്കുകൾ.. എല്ലാവരും സെൽഫി എടുക്കാനുള്ള തിരക്കിലാണ്..
പാർക്കിങ്ങിൽ വണ്ടിവച്ചപ്പോൾ നീണ്ട താടിയുള്ള ഒരു കൊലുന്നചെക്കൻ ഓടിവന്നു..
'ചേട്ടാ.. ഇവിടെ ബസ് തിരിക്കുന്ന സ്ഥലമാ.. ഒന്ന് മാറ്റിവെക്ക്..' അവന്റെ പിതാവിനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ആ കർമ്മം നിർവ്വഹിച്ചു.
'മോളേ.. ഞാൻ കുന്നുകയറുവാ.. നീ വന്നോ.. എവിടാ? എന്നെ കളിപ്പിക്കാതെ ഒന്നുവാ.. '
കുന്നിറങ്ങി.. കുന്നുകയറി പോയന്റിലെത്തി.. ജീവനിൽ കൊതിയില്ലാത്ത ഒരു നൂറുപേരെയെങ്കിലും അവിടെക്കാണാം.. പോയന്റിന്റെ അറ്റത്തുനിന്നു സെൽഫി എടുക്കുന്നവർ.. ഒന്ന് കാലുതെന്നിയാൽ പടമായി എന്നെന്നേക്കും ഭിത്തിയെ അലങ്കരിക്കേണ്ടവർ.. കുഞ്ഞുകുട്ടികൾ മുതൽ എക്സ്പയറി ഡേറ്റ് കഴിഞ്ഞവർവരെ.. ഉയർത്തിപ്പിടിച്ച കൈകളും.. സെൽഫി സ്റ്റിക്കുകളും..
മഞ്ഞിനെ തൊടാൻപറ്റുമെന്നപോലെ കൈയെത്തും ദൂരത്തിൽ വെളുത്തുചമഞ്ഞു കിടക്കുന്നു.. താഴെ പോയന്റിൽ ആരൊക്കെയോ ഉണ്ടായിരുന്നു. മഞ്ഞു കനത്തപ്പോൾ അവർ കയറിപ്പോന്നു.. ഇനിയാരും ഇറങ്ങില്ല..
താഴേക്കിറങ്ങി..
'മോളേ.. ഞാൻ താഴേക്കിറങ്ങുവാ.. നിനക്കെന്നോട് മിണ്ടണ്ടാ അല്ലേ ? എന്നോട് പിണക്കമാ അല്ലേ ? നീ തീരുമാനിക്ക്.. ഞാൻ പറഞ്ഞസമയംവരെ എനിക്കിരിക്കാൻ പറ്റില്ല. അത്രയ്ക്ക് വിഷമമുണ്ട് മോളേ... തെറ്റാണ്.. വേണ്ടായിരുന്നു.. എല്ലാം.. നീയില്ലാതെ ഞാനില്ല.. '
ഒരു സെൽഫി എടുത്തു.. അവൾക്ക് സെൻഡ് ചെയ്തു.
'ഇതെന്റെ അവസാന സെൽഫി.. നീ വരില്ല.. നിനക്ക് വരാൻ കഴിയില്ല... ഞാൻ.... '
താഴേക്കുനോക്കി.. മഞ്ഞു പതിയെ മാഞ്ഞുപോകുന്നു കാറ്റിന്റെ ചിറകേറി പറന്നുപോകുന്നു.. ദൂരെ അഗാധതയിൽ എന്തൊക്കെയോ കാണാം.. കുറച്ചുകൂടെ ദൂരെ നോക്കിയാൽ ചില വീടുകളും മറ്റും കാണാം
'മോളേ അന്നത്തെപ്പോലെ മഞ്ഞു കുറയുന്നുണ്ട്.. താഴെ ദൂരെയുള്ള വീടിന്റെ ഭംഗി ഞാനും കാണുന്നുണ്ട്....ഞാൻ '
മഞ്ഞുകുറഞ്ഞപ്പോൾ ആൾകാർ കൂട്ടംകൂട്ടമായി താഴേക്കിറങ്ങി.. പോക്കെറ്റിൽനിന്നു അവൾ അന്ന് കൈമാറിയ ഫോൺ എടുത്തുനോക്കി.
അയച്ച മെസ്സേജുകളും, അവസാനം അയച്ച സെൽഫിയുംവരെ കിട്ടിയതായി കാണിക്കുന്നുണ്ട് അവളുടെ ഫോണിൽ... ഈ വാട്സ് ആപ്പിന്റെ ഒരു കാര്യമേ ? അയച്ചാൽ അപ്പോ കിട്ടും...
അന്നവളെ തള്ളിയിടുമ്പോൾ അവളുടെ മുഖത്തുണ്ടായിരുന്ന ഭീതിയുടെ ഒരു ഫോട്ടോ എടുക്കാൻ പറ്റിയിരുന്നില്ല... കഷ്ടമായിപ്പോയി..
മുകളിൽനിന്ന് ആൾകാർ മുനമ്പിലെത്തുംമുന്നേ ഞാൻ ആ ഫോൺ താഴേക്ക് വലിച്ചെറിഞ്ഞു തിരികെനടന്നു.. മഞ്ഞു വീണ്ടും കനക്കുന്നുണ്ട്.
വേണു 'നൈമിഷിക'

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot