ഇരുളിന്റെ കൂട്ട്
--------------------------
--------------------------
സ്നേഹിച്ച പുരുഷന്റെ കയ്യുംപിടിച്ച് പാതിരാത്രിക്ക് ഇറങ്ങി തിരിച്ച അവൾക്കറിയില്ലാരുന്നു ആ കൈ അധിക കാലമൊന്നും തന്നെ സംരക്ഷിക്കാൻ ഉണ്ടാവില്ലെന്ന കാര്യം. നാടും വീടും വീട്ടുകാരെ വെറുപ്പിച്ചും ദേവു രവിയുടെ കൂടെ ഇറങ്ങി പോന്നത് രവിയിൽ ഉള്ള സ്നേഹവും വിശ്വാസവും മാത്രമായിരുന്നു.
ഒരു ആൺകുട്ടിയെയും രണ്ടു പെൺക്കുട്ടികളെയുo ദേവൂന് കൊടുത്ത് രവി യാത്രയാകുമ്പോൾ പത്ത് വയസ്സുകാരൻ പയ്യനും എട്ട് വയസ്സുകാരി പെൺകുട്ടിയും തൊട്ടിലിൽ ഒന്നുമറിയാതെ കിടന്നിരുന്ന ഒരു പിഞ്ചോമനയും മാത്രമായിരുന്നു ദേവുവിന്റെ കൂടെ ഉണ്ടായിരുന്നത്.
പിന്നീട് ദേവു തോപ്പിൽ പണിക്ക് പോയും അടുത്തുള്ള വീടുകളിൽ ജോലി ചെയ്തും കഷ്ടപ്പെട്ടും മക്കളെ വളർത്തിയുണ്ടാക്കി. ദേവുവിന്റെ സൗന്ദര്യത്തിൽ മതിമറന്ന പല നാട്ടിലെ മാന്യന്മാരും രാത്രികാലങ്ങളിൽ ദേവുവിന്റെ കുടിലിന്റെ വാതിൽക്കൽ ചെന്നു.
"ദേവൂന് ആണൊരുത്തൻ ഇല്ല.. ഈ ദേഹത്തു ആ ആണൊരുത്തൻ മാത്രേ തൊട്ടിട്ടുള്ളൂ ഏമാനെ.. ദേവൂന് രണ്ട് പെൺകുട്ടികളാണ്. ഞാൻ ഇച്ചിരി കഷ്ട്ടപ്പെട്ടിട്ട അവരെ വളർത്തുന്നത്. പൈസക്കും നല്ല അത്യാവശ്യമുണ്ട്. എന്നാലും ദേവു ശരീരം വിറ്റ് ആ പൈസകൊണ്ട് എന്റെ കുട്ടികൾക്ക് ചോറുണ്ടാക്കി കൊടുക്കില്ല. ഏമാൻ ചെല്ല്.. അതിനു പറ്റിയ പെണ്ണുങ്ങൾ ഈ നാട്ടിൽ തന്നെയുണ്ടല്ലോ"
ചുവന്ന നോട്ട് വെള്ള ഷർട്ടിന്റെ പോക്കറ്റിൽ ഇട്ട് ചെന്നവർക്കൊക്കെ ഇത് തന്നെയായിരുന്നു മറുപടി. അത് സ്ഥിരമായപ്പോൾ പിന്നീട് ആരും പോവാതായി. ആ നടത്തവും ആഗ്രഹവും വെറുതെയാകുമെന്നു എല്ലാവരും മനസ്സിലാക്കി.
അച്ഛന്റെ തണൽ ഏതൊരു മക്കൾക്കും ആവശ്യമാണ്. ചീത്ത വഴി കാണുമ്പോൾ അച്ഛനെ പേടിയുള്ള മക്കൾ ആ മുഖമോന്നോർത്താൽ ആ വഴിയിലേക്ക്‌പിന്നെ ഒരു കാലെടുത്തുവെക്കില്ല. പിന്നിലോട്ട് നടക്കും.
ദേവൂന്റെ മകൻ വലുതായി. സ്വന്തം തീരുമാനവും വഴികളും സ്വയം നിശ്ചയിക്കാൻ പ്രാപ്തനായിണ്. പ്രായംകൊണ്ടല്ല. മനസ്സുകൊണ്ട്. നിയന്ത്രിക്കാൻ ആരുമില്ലേൽ ആർക്കും പ്രായത്തിൽ കവിഞ്ഞ പക്വതയാണല്ലോ.
രാത്രികാലങ്ങളിൽ അമ്മയും രണ്ടു ചെറിയ അനിയത്തിമാരും മാത്രമാണ് ആ കുടിലിൽ എന്നുള്ള ചിന്തപോലും അവൻ പലപ്പോഴും മറക്കാറുണ്ട്. കൂട്ടുകെട്ടുകൾ അളവുകളെ ഭേദിച്ചു കൊഞ്ഞനം കാട്ടി. സ്വഭാവത്തിലും ശീലങ്ങളിലും മാറ്റങ്ങൾ വന്നു. അവനെക്കാൾ വലിയവൻ ആരുമില്ല എന്നുള്ള അവസ്ഥയായി.
"ദേവൂന്റെ മോനല്ലേ ആ തെങ്ങിന്തോപ്പിൽ പുക വലിച്ചു ബോധംപോയി കിടക്കുന്നെ? ഹഹഹ എന്തായിരുന്നു അവളുടെ ഒരു അഹങ്കാരം. നമ്മളൊന്ന് തൊടാൻ ചോദിച്ചപ്പോൾ അവൾ ഒടുക്കത്തെ ഭർത്താവ് സ്നേഹിയായി. ഓസിനൊന്നുമല്ലല്ലോ നല്ല പെടക്കണ നോട്ടുകൾ കൊടുത്തിട്ടല്ലേ. വല്ലവരുടെയും ചട്ടിയും കലവും കഴുകാൻ പോവേണ്ട വല്ല കാര്യമുണ്ടോ. ദിവസ വരുമാനത്തിനുള്ള വഴിയല്ലേ അവൾ പുറംകാൽ കൊണ്ട് തട്ടിമാറ്റിയത്. എന്നിട്ടിപ്പോൾ എന്തായി. ആറ്റുനോറ്റ് വളർത്തിയ ആൺതരിയതാ കണ്ട പാടത്തും പറമ്പിലും കള്ള് കുടിച്ചും കഞ്ചാവ് വലിച്ചു ബോധംപോയി കിടക്കുന്നു. അവൾക്കങ്ങനെത്തന്നെ വേണം"
കൂടെ കിടക്കാൻ ചോദിച്ചിട്ട് കിട്ടാത്ത അമർഷം നാട്ടുകാരിൽ ഇങ്ങനെയും വാർത്തയുണ്ടാക്കി.
ഇന്ന് അവൻ ദേവുനോട് പൈസ ചോദിച്ചു. ചോദിക്കുമ്പോൾ തന്നെ അവന്റെ കണ്ണുകൾ കലങ്ങി ചുവന്നിരുന്നു. മദ്യം അല്ലെങ്കിൽ കഞ്ചാവ് വാങ്ങാൻ അല്ലാതെ അവനെന്തിനാ പൈസ. ദേവു കൊടുത്തില്ല. അവനിൽ ഒരു പ്രാന്തൻ ഉണർന്നു. കയ്യിൽ കിട്ടിയ സകലതും വലിച്ചെറിഞ്ഞു ചെറ്റ ചുമരിൽ ചവിട്ടിയും കുത്തിയും അമർഷം തീർത്ത് അവൻ ഇറങ്ങിപ്പോയി.
ദേവൂന്റെ ഉള്ളിൽ ഭയംവന്നു. ഇങ്ങനെ ആദ്യമായിട്ടാ. അരികിൽ പുൽപായയിൽ കിടന്നുറങ്ങുന്ന ചെറിയ മോളെ നോക്കി നെടുവീർപ്പിട്ടു. എന്നെവിട്ട് എന്റെ കെട്ട്യോൻ പോകുമ്പോൾ പറഞ്ഞത് നിന്നേം കുട്ടികളെയും എന്റെ ഈ മോൻ നോക്കും എന്നാണ്. എന്നിട്ടിപ്പോൾ അവൻ പോയത് കണ്ടോ. ദേവൂന്റെ കണ്ണിലൂടെ നീരൊഴുകി.
വല്ലവരുടെയും ചട്ടിയും കലവും ഉടുത്താടകളും കഴുകാൻ പോയത് എന്നേം ഈ പെൺകുട്ടികളെയും നോക്കാൻ ഇവൻ ഉണ്ടാകുമെന്നോർത്തായിരുന്നു. എന്റെ പെൺകുട്ടികൾക്ക് കൊടുത്ത സ്ഥാനത്തേക്കാൾ വലിയ സ്ഥാനമാണ് ആ പഹയന് ഞാൻ കൊടുത്തത്. എന്നിട്ടിപ്പോൾ പോയപോക്ക് കണ്ടാ. ഞങ്ങൾ ഇനി ആരെ കണ്ടാണ് ജീവിക്കേണ്ടത്. ആർക്കുവേണ്ടിയാണ് ജീവിക്കേണ്ടത്.
ദേവു ഇരുന്നിടത്തുനിന്നു കൈകുത്തി എഴുന്നേൽക്കാൻ ശ്രമിച്ചു. കുപ്പിഗ്ലാസ്സിന്റെ കഷ്ണങ്ങൾ കയ്യിൽ മുറിവുണ്ടാക്കി. മക്കളെക്കണ്ടും മാമ്പൂ കണ്ടും കൊതിക്കരുതെന്നു പറഞ്ഞെ എത്ര ശരിയാ. വയസ്സാൻകാലത്തു അവൻ കൂടെയുണ്ടാകും എന്നൊരു വിശ്വാസം കുറച്ചൊന്നുമല്ല ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെയാ അവനെ ഞാനിങ്ങനെ തുറന്നുവിട്ട് വളർത്തിയത്. ഇപ്പോൾ അവൻ എന്നെക്കാൾ വളർന്നിരിക്കുന്നു.
മറിഞ്ഞു കിടന്നിരുന്ന കസേരയും സ്റ്റാന്റുമെല്ലാം ദേവു നേരെ എടുത്തുവെച്ചു. മകൾ ഭീതിയോടെ ഒരു മൂലയിൽ ഇരിക്കുന്നു. പെറ്റുവളർത്തിയ മകന്റെ നന്ദിയാണ് ഇപ്പോൾ അവൻ കാണിച്ചുതന്നത്. ഒരു ജീവിതകാലം മുഴുവൻ വിശ്വസിച്ചും ധൈര്യത്തോടെയും കൂടെ കഴിയേണ്ടവനാ എല്ലാം ഒരു നിമിഷം കൊണ്ട് തകർത്തുപോയത്.
ഒന്നുറപ്പായി കഴിഞ്ഞു.. ഇനിയുള്ള ഇരുൾവീണ കൂരക്കിനി ഉറങ്ങാത്ത ഒരമ്മ മനത്തിന്റെ കൂട്ട് മാത്രമേ കാണൂ..
രചന
വിപിൻദാസ് അയിരൂർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക