നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നേരം പുലർന്നുവരുന്നതേയുള്ളൂ..


നേരം പുലർന്നുവരുന്നതേയുള്ളൂ..
മുടി വാരിക്കെട്ടി എഴുന്നേറ്റ് കുളിച്ച് വൃത്തിയായി സിന്ദൂരവും തൊട്ട് മുറിയിലേക്കെത്തി ഞാൻ...
സുജിത്തേട്ടൻ ഇടിവെട്ടിയാൽ പോലും അറിയാത്ത രീതിയിൽ പുതച്ചു മൂടിക്കിടപ്പാണ്....!!!
പൂജാമുറിയിൽ നിന്നും എം എസ് സുബ്ബലക്ഷ്മിയുടെ വെങ്കിടേശ്വര സുപ്രഭാതം ഒഴുകി വരുന്നതുകേൾക്കാം...
അടുക്കളയിൽ പാത്രങ്ങൾ അനങ്ങുന്നതും പെണ്ണുങ്ങൾ പരസ്പരം കലപില സംസാരിക്കുന്നതുമൊക്കെ കേട്ടു തുടങ്ങി...
തലേന്ന് ഞങ്ങളുടെ കല്യാണത്തിനെത്തിയ ബന്ധുക്കളുടെ തിരക്ക് ...!!! വടക്കേന്ത്യയിലും നാട്ടിലുമൊക്കെയായി ഏട്ടന് എണ്ണിയാൽ തീരാത്തത്ര ബന്ധുക്കളുണ്ടെന്ന് കേട്ടിരുന്നു...
ഏട്ടന്റമ്മയോടാണേൽ ഒന്നു ശരിയ്ക്ക് മിണ്ടിയിട്ട് പോലുമില്ല... കല്യാണത്തിരക്കിനിടയിൽ എല്ലാവരോടും ഓടിനടന്ന് മിണ്ടുന്നത് കണ്ട് "നല്ല ചൊണയൊള്ള അമ്മായിഅമ്മ ആണല്ലോടീ കൊച്ചേ.... എന്തായാലും നിന്റെ കാര്യം പോക്കാന്ന്"!! ശാന്തക്കുഞ്ഞമ്മ ചെവിയിൽ പറഞ്ഞത് ഞാനോർത്തു...
" എടീ... രാവിലെ എന്ത് കിനാവ് കാണുകയാ എന്റെ ഭാര്യ"??
"ഓ... ഒന്നൂല്ല".. ഞാൻ മറുപടി നൽകി.
"എന്തേ കുളിച്ച് സുന്ദരിയായി ഇവിടെത്തന്നെ നിൽക്കാനാണോ ഭാവം"????
അമ്മേടെ പുതിയ മരുമകളല്ലേ... അടുക്കളേലോട്ട് ചെല്ല്..
ഏട്ടൻ ദേഹത്തു നിന്നും പുതപ്പു വലിച്ചു മാറ്റി ഒരു വശം ചരിഞ്ഞു കിടന്ന് എന്നെ നോക്കിക്കൊണ്ട് പറഞ്ഞു...
" ഞാൻ പൊയ്ക്കോളാം" ... "പിന്നെന്താ മടിച്ച് നിൽക്കണേ"????..
"സുജിത്തേട്ടാ അത് .. പിന്നെ".. ഞാൻ നിന്നു വിക്കി..
"പറയെടോ?? ..
"എനിക്ക് സത്യം പറഞ്ഞാ പേടിയാ... എല്ലാർടേം മുന്നിൽ ചെല്ലാൻ... അതിനേക്കാളും പേടിയാ ഏട്ടന്റമ്മേ"!!!...
"ഒത്തിരി ഉച്ചത്തിലൊക്കെ മിണ്ടുന്ന കേട്ടപ്പോ മുതല് തുടങ്ങിയ പേടി"!!!! ഞാൻ പറഞ്ഞു നിർത്തി.. "ഇത്രേയുള്ളോ കാര്യം"!!!!!
"താനൊന്നു പോടോ മണ്ടൂസേ.. എന്റമ്മയൊരു പാവമാടോ.. പിന്നെ ഈ സംസാരവും ചുണയുമൊക്കെ"..
അക്കഥ മോള് കേട്ടോ..
ഏട്ടനെന്നെ അടുത്ത് പിടിച്ചിരുത്തി...
"അഛൻ മരിച്ച ശേഷം ഞങ്ങൾ രണ്ടു പേരും പഠിപ്പ് പൂർത്തിയാക്കിയതും വീട് ബാക്കി പണി തീർത്തതുമൊക്കെ അമ്മയൊറ്റ ഒരാളുടെ പ്രയത്നം കൊണ്ടാണ്..
"ആരോടും മിണ്ടാതെ ഒതുങ്ങിയ പ്രകൃതക്കാരിയായിരുന്ന അമ്മ"..!.
"അഛന്റെ കുറവുകൂടെ നികത്തി... ഞങ്ങളെയൊന്നുമറിയിക്കാതെ വളർത്തി വലുതാക്കി"..
"ഒറ്റയ്ക്കായി പോയ അവസ്ഥയിൽ ദൈവമവർക്കു കൊടുത്ത മനക്കരുത്താണ് അവരെ അല്പമെങ്കിലും പരുക്കൻ സ്വഭാവക്കാരിയാക്കിത്തീർത്തത്".. !!
"ഞാനിന്ന് ജീവിതത്തിൽ എന്തെങ്കിലും ആയിത്തീർന്നിട്ടുണ്ടെങ്കിൽ അതിനു കാരണം എന്റെ അമ്മ മാത്രമാണ്.".!!
പറഞ്ഞു തീരുമ്പോഴേക്കും ഏട്ടന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു ...
മനസ്സിന് ഒരു പുത്തനുണർവ്വു കിട്ടിയതുപോലെ... ഒരു സന്തോഷം ...!!!
ഞാൻ പതിയെ അടുക്കളയിലേക്കു നടന്നു...
മറ്റുള്ളവർക്ക് കാപ്പിയിട്ടു കൊടുക്കുന്ന തിരക്കിലായിരുന്നു അമ്മ..
അഴുക്കുപുരണ്ട പ്രാത്രങ്ങളിലൊന്ന് കഴുകാനെടുത്തപ്പൊഴേക്കും അമ്മയോടി വന്ന് എന്റെ കൈയ്യിൽ പിടിച്ചു..
" വേണ്ട മോളിതവിടിട്ടേരേ അമ്മ കഴുകിക്കോളാം... കൈ കഴുകി കുഞ്ഞ് ഈ ചായ കുടിച്ചേ"....
അമ്മയെന്നെ സ്നേഹത്തോടെ ചേർത്തുനിർത്തി വലതു കൈ കൊണ്ടെന്റെ നെറുകയിൽ തലോടി...
"ഓ തനുജേടത്തിക്ക് പുത്യ മരുമോളെ കിട്ടിയപ്പോ ഇനി നമ്മളെയാരേം വേണ്ട"!!..
അകന്ന ബന്ധത്തിലുള്ള ഒരു സ്ത്രീ ഒരല്പം കുശുമ്പു കലർത്തി പറഞ്ഞു....
"അതേടീ സുജാതേ എനിക്കിനി നിങ്ങളെയാരേം വേണ്ട എന്റെ മോളെ മതി".. അമ്മയവർക്ക് ഒരു ചെറു ചിരിയോടെ മറുപടി നൽകി..
ഈശ്വരാ ഈ അമ്മയെ ആണല്ലോ ഭയങ്കരിയെന്ന് ഞാൻ തെറ്റിദ്ധരിച്ചത്...!!! കുറ്റബോധത്തോടെ ഞാൻ മനസ്സിലോർത്തു.
********* ********** **********
അന്നു മുതലിന്നോളം ഞാനനുഭവിച്ചത്...
ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നത്... എനിക്കു ലഭിക്കാതെ പോയ ഒരമ്മയുടെ സ്നേഹമാണ്...
തെറ്റുകളെയൊക്കെ സൗമ്യമായി തിരുത്തുന്ന.. മരുമകളെ മകളായി കാണുന്ന എന്റെ അമ്മ....
അമ്മാവി അമ്മയെപ്പറ്റി കാതിൽ കുശുമ്പോതിയവർക്ക് ഞാൻ മറുപടി കൊടുത്തു
അവരെനിക്ക് എന്റെ സ്വന്തം അമ്മയാണെന്ന്....
ഒരു ദിവസം ഫോൺ വിളിക്കാതെ വിട്ടു പോയാൽ.. സംസാരിയ്ക്കുമ്പോൾ സ്വരമൊന്നിടറിയാൽ ആധിപിടിയ്ക്കുന്ന.....
അവൻ വന്നില്ലെങ്കിലും എന്റെ മോൾ അമ്മയുടെ കൂടെ വന്നൊന്ന് നിൽക്കെന്നു വിതുമ്പുന്ന...
ലീവ് കിട്ടി ഞങ്ങൾ നാട്ടിലെത്തുവാൻ വഴിക്കണ്ണുമായി കാത്തിരിയ്ക്കുന്ന അവരെ ഞാൻ എന്റെ അമ്മയെന്നല്ലാതെ പിന്നെയെന്തു വിളിക്കണം??
ഭർത്താവിന്റെ അമ്മയെപ്പറ്റി കൂട്ടുകാരികൾ നൂറു കുറ്റങ്ങൾ വിളമ്പുമ്പോൾ ഞാൻ പറയും... ഭർത്താവിനൊപ്പം ദൈവമെനിയ്ക്കു നൽകിയ ഭാഗ്യമാണെനിക്ക് അദ്ദേഹത്തിന്റെയമ്മയെന്ന്.....
ഒരു പക്ഷേ ഞാനെന്റെ പെറ്റമ്മയെപ്പോലും ഇത്രയധികം സ്നേഹിച്ചിട്ടുണ്ടാവില്ല...
' എന്റെ 'പൊന്നമ്മ'...
എന്നെ പ്രസവിക്കാതെ എന്റെ അമ്മയായ സ്ത്രീ!!
എന്നിൽ നിന്ന് ഒരു മകളുടെ
സ്നേഹമാവോളമനുഭവിച്ച് ഒരു നൂറു വർഷക്കാലം ജീവിച്ചിരിയ്ക്കട്ടെയെന്നാഗ്രഹിച്ചു പോകുന്നു .....

By Anju

1 comment:

  1. കേട്ടുകേൾവികളും മുൻധാരണകളും “സീരിയലുകളിലെ അമ്മായിയമ്മ പാർട്ടുകളും” നവവധുവിനു ലഭിയ്ക്കുന്ന ജനറൽ നോളെജ്... കൊടുക്കുന്നതിനേക്കാൾ കൂടുതൽ കിട്ടുന്നതാണെവിടെയും സ്നേഹം. നന്ദിയുണ്ട് അഞ്ജു,

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot