നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

*ഓപ്പ്ളോടത്തെ അമ്മൂമ്മ*


*ഓപ്പ്ളോടത്തെ അമ്മൂമ്മ*
"നിൻക്ക് വലുതായാൽ ആരാ ആവണ്ടേ "
"ഇൻച്ച് വൽതാവുമ്പൊ മൊകലാലായാ മതി. സാഗഏല്യാച്ചാക്കി - ചൻ ചൻ ചാൻ ....
ചക ചക ചാൻ... ചൻ ചൻചൻ ജങ്കൻചാൻ".
" ഈ ചെക്കന് മോനാല് മോനാല് ന്ന്ള്ള ഒരു വിചാരം മാത്രള്ളോ എന്റെ മീനാഷ്യമ്മെ. കണ്ടില്യെ ആ കുട്ടീടെ പോലെ അവന്റെ ചെരിച്ചിള്ള തോള് പിടുത്തം."
അമ്മൂമ്മ ഉച്ചവർത്താനത്തിലാണ്. യോഗാധ്യക്ഷ അയൽപ്പക്കത്തെ മീനാക്ഷി അമ്മ ആണ്. സജീവോദാഹരണ സഹിതം ഇത്തിരിപോന്ന എന്റെ ലാലാരാധന വിവരിച്ചു കൊടുക്കാൻ സാധിച്ച നിർവൃതിയിലാണ് അമ്മൂമ്മ . മീനാക്ഷി അമ്മയുടെ മകൾ തങ്കമണി കുറ്റുമുക്കു ക്കാരുടെ 'ഓപ്പോൾ ' ആണ്. എത്ര പ്രായം കൂടിയവരും അവരെ 'ഓപ്പോൾ ' എന്നേ വിളിക്കൂ. ഞാനും ചേട്ടന്മാരും മീനാക്ഷി അമ്മയെ 'ഓപ്പ്ളോടത്തെ അമ്മൂമ്മ ' എന്നു വിളിച്ചു പോന്നു. മീനാക്ഷി അമ്മൂമ്മയുടെ പൊന്നുങ്കട്ട ആണ് ഞാൻ . ഏതൊരു ദിക്കിൽ പോയി വരുമ്പോഴും ഏത് സദ്യക്ക് പോയി വരുമ്പോഴും ഓപ്പ്ളോടത്തെ അമ്മൂമ്മയുടെ കയ്യിൽ പൊന്നുങ്കട്ടയ്ക്ക് ഉള്ള ഒരു വീത് ഉണ്ടായിരിക്കും. മുറുക്കാൻ ചതക്കുമ്പോൾ ഒരു പങ്ക് പഞ്ചസാര ചേർത്ത് പൊന്നുങ്കട്ടക്ക് മാറ്റി വക്കും.
അക്കാലത്ത് ദൂരദർശനിൽ ഞായറാഴ്ച്ചകളിൽ മഹാഭാരതം സീരിയൽ സംപ്രേക്ഷണം ചെയ്തിരുന്നു. നിധീഷ് ഭരദ്വാജ് ആയിരുന്നു അതിൽ കൃഷ്ണനായി വേഷമിട്ടിരുന്നത്. പരമ്പരാഗത സ്വർണ്ണാഭരണ നിർമ്മാതാക്കളായ പരമേശ്വരേട്ടന്റെ വീട്ടിൽ മാത്രമേ അന്ന് ടി.വി ഉള്ളൂ. ആയതിനാൽ ഞായർ ആയാൽ ഒരു പൂരത്തിനുള്ള ആളുണ്ടാകും അവരുടെ വീട്ടിൽ . ഓപ്പ്ളോടത്തെ അമ്മൂമ്മയ്ക്ക് പരമേശ്വരേട്ടൻ ആദരപൂർവ്വം ഒരു സ്റ്റൂൾ ഇട്ട് കൊടുക്കും. ബാക്കിയുള്ളോർ നിലത്ത് .ഹാളിൽ അത്യാവശം ആളായാൽ പരമേശ്വരട്ടേന്റെ വക ഒരു എലിമിനേഷൻ റൗണ്ട് ഉണ്ട്. " അതേയ് സൂചി കുത്താൻ സ്ഥലല്ല്യ ഇഞ്ഞി . ബാക്കിള്ളോരൊക്കെ ഒന്ന് പോയേൻ ഇവ്ട്ന്ന്. ഹൗ".
ആ നിർഭാഗ്യവാന്മാരിൽ ചിലർ വാതിലിനു വെളിയിൽ തങ്ങി നിൽക്കും. ആരെങ്കിലും ഇടയിൽ മൂത്രമൊഴിക്കാനോ മറ്റോ പുറത്തിറങ്ങുമ്പോൾ ആ ഗ്യാപ്പിൽ കയറാൻ . ചിലർ കാണാൻ ഒത്തില്ലെങ്കിലും ശബ്ദരേഖ കേൾക്കാനായും നിൽക്കും -ഹിന്ദി അറിയില്ലെങ്കിലും. ഈ എലിമിനേറ്റേർമാരുടെ അസൂയയും പ്രാക്കും ഒന്നൊഴിയാതെ ഏറ്റുവാങ്ങുന്ന ഒരാളുണ്ട്. ഹൗസ്ഫുൾ ആയിട്ടും വൈകി എത്തിയിട്ടും എപ്പോഴും ഇരിപ്പിടം കിട്ടുന്ന ആൾ .വിഐപി യുടെ വിഐപി - ഈ ഞാൻ തന്നെ . എത്ര തിരക്കുണ്ടേലും എനിക്ക് സീറ്റ് ഉറപ്പാണ്. ഓപ്പ്ളോടത്തെ അമ്മൂമ്മയുടെ മടിയിൽ.
പിന്നീട് അമ്മാവൻ ഒരു ബ്ലാക്ക് & വൈറ്റ് ടി.വി വാങ്ങിയപ്പോൾ മീനാക്ഷി അമ്മൂമ്മ ഞങ്ങളുടെ വീട്ടിലെ ടി.വി കാണിയായി പരമേശ്വരന്റെ വീട്ടിൽ നിന്നും ഔദ്യോഗികമായി ട്രാൻസ്ഫർ വാങ്ങി. ചിത്രഗീതം പരിപാടിയിൽ 'ഞാൻ ഗന്ധർവ്വൻ' സിനിമയിലെ പാട്ടു വരുന്ന വേളയിൽ നായകൻ നിധീഷ് ഭരദ്വാജ് വരുമ്പോൾ മഹാഭാരത ചിന്തയിൽ "കൃഷ്ണാ ഗുരുവായൂരപ്പാ കാക്കണേ'' എന്ന നാമാർച്ചന ഓപ്പ്ളോടത്തെ അമ്മൂമ്മയുടെ നാവിൽ നിന്നുയരും. കാര്യമറിയില്ലെങ്കിലും അമ്മൂമ്മയും അതിൽ കമ്പനി കൂടും.
ആയിടക്കാണ് അച്ഛൻ പൂച്ചട്ടിയിൽ വീടു വച്ചത്. പിന്നെ, കുറ്റുമുക്കിലേക്കുള്ള വരവ് കഷ്ടിയായി. അമ്മാവനും അവിടുത്തെ വീട് വിറ്റു മുണ്ടത്തിക്കോട്ടേക്ക് മാറി. പക്ഷേ, എന്റെ എല്ലാ പിറന്നാളിനും വിളിക്കാതെ വരുന്ന അതിഥിയുണ്ട് - കുറ്റുമുക്കമ്പലത്തിൽ ഓപ്പ്ളോടത്തെ അമ്മൂമ്മ കഴിപ്പിച്ച പ്രസാദവുമായി എത്തുന്ന ഓപ്പോൾ.
ഇക്കഴിഞ്ഞ വിഷുവിനു മുൻപായി ഒരു ദിവസം, കൈനീട്ടം നൽകുന്നതിനായി ഞാൻ ഓപ്പ്ളോടത്തെ അമ്മൂമ്മയുടെ വീട്ടിൽ പോയിരുന്നു. തൊണ്ണൂറു വയസ്സ് ഓപ്പ്ളോടത്തെ അമ്മൂമ്മയുടെ ഓർമ്മകൾക്കും നര വരുത്തി തുടങ്ങിയിരുന്നു.
"ആരേ അത് "
"ഞാനാ അരുൺ."
ഏതരുണൻ ?
അമ്മൂമ്മേ , പൊന്നുങ്കട്ട്യാ . അമ്മൂമേടെ പൊന്നുങ്കട്ട.
ആഹാ, അമ്മൂമ്മെടെ പൊന്നുങ്കട്ടട്ത്തൂ, വായോ. നീയിപ്പൊ എത്രേലാ പഠിക്കണ?
ഞാപ്പൊ പോലീസിലാ ഓപ്പ്ളോടത്തമ്മൂമ്മെ . കല്യാണത്തിന് വന്നതൊക്കെ മറന്നോ ?
" ഓർമ്മ കിട്ടൺല്യ മോനേ, മീനത്തിലെ ഉത്രാടത്തില് നെൻക്ക് 34 തെകഞ്ഞില്ലേ"?
" ഉവ്വമ്മൂമ്മെ "
" ആ , അപ്പൊ നീയിപ്പൊ എത്രേൽക്കായി ? നല്ലോണം പഠിക്കിൻണ്ടോ ? ബാ, മുർക്കാൻ തരാം. നന്നായി പഠിച്ച് വല്യ ബി.എക്കാരനാവണം ട്ടോ"
എനിക്ക് തിരുത്താൻ തോന്നിയില്ല.
അമ്മൂമ്മ വെറ്റിലയും ചുണ്ണാമ്പും അടക്കയും ചേർത്ത് മുറുക്കാൻ ഇടിച്ച് തുടങ്ങി. പിന്നെ കുറച്ച് ഭാഗം മാറ്റി വച്ച് വായിലിട്ടു. അടുക്കളയിൽ പോയി പഞ്ചസാര ചേർത്ത് ബാക്കി ഭാഗം എന്റെ വായിൽ വച്ചു.
"പൊന്നുങ്കട്ട നന്നായി പഠിക്കണം ട്ടോ. ന്നാലെ ഞായറാഴ്ച്ച മാഭാരതം ടി.വി ല് കാണാൻ വിടൂ".
ഞാൻ അപ്പോൾ മുതൽ ഓടുകയായിരുന്നു. ഓർമ്മകളിലൂടെ പുറകിലേക്ക് ഉള്ള ഓട്ടം. വർത്തമാനവും വിവാഹവും യൗവ്വനവും കൗമാരവും കടന്ന് ഓടി ഞാൻ ബാല്യമെത്തി.
ഇപ്പോൾ ഞാൻ ഓപ്പ്ളോടത്തെ അമ്മൂമ്മയുടെ മടിയിൽ ആണ് - മഹാഭാരതം സീരിയൽ കാണുന്നു.
നിത്യഹരിതമായ ഒരു നിശ്ചലാവസ്ഥ ഞാൻ അഗാധമായി കൊതിച്ചു.
_അരുൺ കുന്നമ്പത്ത്_

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot