Showing posts with label അരുൺ കുന്നമ്പത്ത്. Show all posts
Showing posts with label അരുൺ കുന്നമ്പത്ത്. Show all posts

സൈക്കിൾ


സൈക്കിൾ
"അതേയ് ഇൻക്ക് ഇഞ്ഞി ഒര് സൈക്കിള് വേണം."
പൊടുന്നനെയുള്ള ആവശ്യം കേട്ടപ്പാടെ അച്ഛൻ അടിമുടി എന്നെ ഒന്നു നോക്കി.
"ന്താ, പ്പൊ ഒര് സൈക്ക്ള് പൂതി ?"
"അത് പിന്നെ, ഞാൻ പ്പൊ പത്തിൽക്കായില്ലേ? ഞ്ഞി ഇൻക്ക് നടന്നു പൂവ്വാൻ വയ്യ. ഡിജേഷിനും ബിനോജിനും ഒക്കെ സൈക്കിളായി. ഇക്ക് മാത്രം ഇല്ല്യാ. ഞാൻ ഇപ്പഴും നടന്നു പോണം ച്ചാൽ ഇക്കത് പ്രയാസണ്ട്. " ഒരു വിധത്തിൽ ഞാൻ പറഞ്ഞൊപ്പിച്ചു.
" പിന്നേ, ഞങ്ങളൊക്കെ സേക്ക്ളുമ്മെ പോയ്ട്ടാൺല്ലോ വൽതായേ ? നിനക്കറിയ്യോ? രണ്ട് രണ്ടര കിലോമീറ്റർ നടക്കണം. ന്നട്ട് വേണം സ്ക്കൂളിൽക്കെത്താൻ."
"നീയ് കഴിഞ്ഞ കൊല്ലത്തെ പോലെ നടന്നെന്നെ പോയാ മതി."
അച്ഛൻ അടുക്കണ ലക്ഷണമില്ല .
പോരാത്തേനു ബ്ലാക്ക് ആന്റ് വൈറ്റ് സറ്റോറീസും .
ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ഇച്ചിരി സെന്റി മേമ്പൊടിക്ക് ചേർത്താൽ അമ്മ വഴി കാര്യം നടക്കാറുണ്ട്. ആ പ്രതീക്ഷയിൽ അമ്മയുടെ അടുത്തെത്തി. പക്ഷെ, അവിടെയും മറുപടി നിഷ്കരുണമായിരുന്നു.
" ഇല്യാത്ത കാശ്ണ്ടാക്കി പഠിപ്പിക്കണതും പോരാ, ഇനി ച്ചക്ക്ളും കൂടി വേണത്രെ ചെക്കന് . അച്ഛൻ പറേണതെന്ന്യേ എൻക്ക് പറയാൻ ള്ളൂ."
നിരാശ മനസ്സിൽ കൂടുകൂട്ടാൻ തുടങ്ങി. അതിൽ അസൂയ പെറ്റുപെരുകാൻ തുടങ്ങി.
ഹൊ, സ്കൂളു തുറക്കുമ്പൊ അവന്മാർ വല്ല്യ പവറും കാട്ടി സൈക്കിളും ചവിട്ടി പോണ കാഴ്ച്ച കാണേണ്ടി വരൂലോ ഭഗവാനേ."
ആലോചിക്കും തോറും തല തരിക്കുന്നു.
ഇല്ല. അങ്ങനെ സംഭവിക്കാൻ അനുവദിക്കില്ല. അവകാശങ്ങൾ നേടിയെടുക്കാൻ സമരം അനിവാര്യമെങ്കിൽ അത് ചെയ്തേ മതിയാകൂ.
" എല്ലാരും കേക്കാൻ വേണ്ടി പറയ്യാ, എൻക്ക് സൈക്കിള് കിട്ടീല്ലിങ്ങെ ഞാൻ സ്കൂളിൽ പോണ പ്രശ്നല്ല്യട്ടാ" അന്നു വൈകീട്ടു തന്നെ ഞാൻ സമരത്തിന്റെ "മോഡസ് ഓപ്പരാണ്ടി [Modus Operandi] പ്രഖ്യാപിച്ചു.
" അത് നീയ്യ് വിവരറിയാൻ ള്ളതാ." കേട്ടപാതി അച്ഛൻ പറഞ്ഞു.
ഞാൻ കുലുങ്ങിയില്ല. ലക്ഷ്യം നേടാൻ, അവിടേക്ക് നടന്നെത്താൻ ഉള്ള പാത ദുർഘടമായിരിക്കും എന്ന് മനസ്സിനെ പഠിപ്പിക്കയായിരുന്നു അപ്പോൾ ഞാൻ.
ഒടുവിൽ ആ ദിനം വന്നെത്തി. സ്കൂൾ തുറപ്പ് ദിനം. സമരമുഖത്ത് ശക്തമായ നിലപാടുമായി നിന്ന എന്റെ മുന്നിലേക്ക് ഒരു വലിയ വടിയുമായി അച്ഛനെത്തി.
" ഇത്രേം ഫീസും കൊടുത്ത് പഠിക്കാൻ വിടണത് ഒന്നും കയ്യില് ണ്ടായിട്ടല്ലാ, നിനക്കൊക്കെ ഭാവീണ്ടാവട്ടേന്നു കരുതീട്ടാ. അപ്പ് ഴാ അവന്റെ ഒര് സമരം'' . നീയ്യ് പഠിക്കാൻ പോണില്യാന്നാ ഭാവം ച്ചാൽ നീയ്യിന്നിവിടെ അടി കൊണ്ട് മരിക്കും "
അച്ഛന്റെ നിശ്ചയദാർഢ്യം എനിക്കറിയാം. ഒരു ചോരപ്പുഴ ഒഴുക്കാൻ ഞാനും ആഗ്രഹിക്കുന്നില്ല. ആയതിനാൽ സമരത്തിന്റെ മുഖം മാറ്റാൻ ഞാൻ തീരുമാനിച്ചു.
" സ്കൂളിൽ പോകാം, പക്ഷെ സൈക്കിൾ കിട്ടും വരെ നിരാഹാരം ". ഞാൻ സമരപദ്ധതിയുടെ ഭേദഗതി പ്രഖ്യാപിച്ചു.
" ആ, അതെന്ത് വേണേൽ ആയ്ക്കോ. കഷ്ടപ്പെട്ടാണ് ഫീസടക്കണേ. അത് വെർതെ കളയാൻ ഞാൻ സമ്മതിക്കില്ല. പിന്നെ നിന്റെ നിരാഹാരം - കുടുംബത്തെ കലവറയില് പത്ത് പറക്കുള്ള അരി ലാഭം." എന്ന് മറുപടിയായി അച്ഛൻമൊഴി.
സത്യത്തിൽ ഏറ്റവും ബുദ്ധിമുട്ടേറിയ സമരമുറയായിരുന്നു അത്. സ്കൂളിൽ നിന്നും കത്തുന്ന വയറുമായാണ് വീട്ടിൽ തിരിച്ചെത്തിയത്. " അമ്മേ, ന്തായീ വാങ്ങണോ അത് ?വാങ്ങാണ്ട് ഞാൻ ഒന്നും കഴിക്കില്ലാട്ടോ" ഞാൻ പ്രതീക്ഷയോടെ ചോദിച്ചു. നിലപാടും ആവർത്തിച്ചു .
" ആ വെള്ളം മോൻ വാങ്ങി വച്ചേക്ക് . ഇല്ലേൽ നീയ്യ് പട്ടിണി കെടന്ന് മരിക്ക്യേള്ളൂ."
അമ്മയും നിലപാട് ആവർത്തിച്ചു.
അടുക്കളയിൽ നിന്നും ദോശ ഉണ്ടാക്കണതിന്റെ മണം മൂക്കിലടിച്ചു.
വടംവലി - ആദർശവും പശിയും തമ്മിൽ .
ഒരു വിധത്തിൽ വിശപ്പിനെ ആദർശം മെരുക്കി നിർത്തി.
രാത്രി .അച്ഛൻ ജോലി കഴിഞ്ഞെത്തിയതിന്റെ കലമ്പൽ കേൾക്കുന്നു.ഞാൻ മുറിയിലായിരുന്നു. കൂട്ടിനു വിശപ്പും സങ്കടവും പുസ്തകസഞ്ചിയും മാത്രം.
" അവൻ വല്ലോം കഴിച്ചോടീ? "
"ഇല്ല്യാ ,അവനത് കിട്ടാണ്ട് ജലപാനം ഇല്ലെന്നാ പറേണെ "
"ന്നാ, ഒന്നും തിന്നാണ്ട് അവടെ കെടന്ന് ചാവട്ടെ."
"അതെന്ന്യാ ഞാനും അവനോട് പറഞ്ഞത് ."
ചെവി വട്ടം പിടിച്ച് കേട്ട ശബ്ദരേഖ ഹൃദയഭേദകമായിരുന്നു . "ഹൊ, കണ്ണിൽ ചോരയില്ലാത്ത , സ്നേഹമില്ലാത്ത വർഗ്ഗം. ബാക്കിയുള്ളോൻ പട്ടിണി കിടന്നു ചത്തോട്ടെ പോലും."
"ഇല്ല. എന്തു വന്നാലും ഇനി പിന്നോട്ടില്ല. ലക്ഷ്യം നേടും വരെ അല്ലെങ്കിൽ മരണം വരെ സമരം."
സമരം രണ്ടാം ദിനം.
ഞാൻ ഒരു വിധത്തിലാണ് സ്കൂളു വിട്ട് വീട്ടിലെത്തിയത്. വയറിൽ വിശപ്പ് ചിന്നം വിളിച്ചേറുന്നു.
അമ്മ ഉമ്മറത്ത് തന്നെ നിൽപ്പുണ്ട്.
അമ്മയെ കണ്ടതും വിശപ്പും നിരാശയും കണ്ണിൽ താളം പിടിച്ചു . കണ്ണീർ ധാരയായി പെയ്തു.
"ന്തിനാ ഈ ധാര ? വെശ്ക്ക്ണ്ടെങ്ങെ സമരം നിർത്തി വല്ലതും പോയി കഴിച്ചൂടെ ?"
അമ്മ ചൊടിച്ചു.
" ഇല്ല്യ, ഞാൻ കഴിക്കില്ല. ഞാൻ പട്ടിണി കെടന്ന് ചാവട്ടെ."
"ഡാ, അച്ഛൻ ണ്ട് അകത്ത്. ഒച്ച കൂട്ടണ്ട . അടീടെ സദ്യയാവും പിന്നെ ഇവ്ടെ."
അതുകൂടി കേട്ടതോടെ ഞാൻ തകർന്നു പോയി. അവഗണന പൊട്ടിക്കരച്ചിലായി.
"പത്തിൽക്കായ ചെക്കനാ ത്രെ. നീയ്യ് ഞ്ഞീളല് നിർത്തി ആ ചായ്പ്പിലേക്കൊന്നു നോക്ക്യേ "
അമ്മ ചായ്പിലേക്ക് വിരൽ ചൂണ്ടി.
അമ്മയുടെ ചൂണ്ടുവിരലും കടന്ന് എന്റെ കണ്ണുകൾ ചായ്പ്പിലേക്ക് പാഞ്ഞു.
സ്വപ്നനിമിഷം . സമരം വിജയിച്ചിരിക്കുന്നു. ചായ്പ്പിൽ അതാ ഒരു പുതിയ "ഹെർക്കുലീസ് MTB" സൈക്കിൾ. വിജയം. പരിപൂർണ്ണ വിജയം. അഭിമാന നിമിഷം.
" ഇഞ്ഞി തിന്നാലോ എന്തെങ്കിലും ? ബാഗ് കൊണ്ട് വച്ച് കയ്യും മൊഖവും കഴുകി വാ . ദോശ ണ്ടാക്കി വച്ച് ണ്ട്. അച്ഛൻ നീയ് വന്നട്ട് കഴിക്കാച്ചട്ട് ഇരിക്ക്യാ."
അമ്മ മാലാഖയാകുന്നു .
ദോശ കഴിച്ചോണ്ടിരിക്കുമ്പോഴാണ് അത് ശ്രദ്ധിച്ചത്. അച്ഛന്റെ വലതു മോതിരവിരലിനു കടയ്ക്കൽ ആയി ഒരു വെളുത്ത നിറം.
അവിടെ ഉണ്ടായിരുന്ന വിവാഹമോതിരം കാണാനില്ല . ഒട്ടേറെ സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും പണയം വെക്കാത്തതും ,ഒരിക്കലും അച്ഛൻ ഊരി കണ്ടിട്ടില്ലാത്തതുമായ ആ മോതിരം കാണാനില്ല.
" അച്ഛന്റെ മോതിരമെവിടെപ്പോയി ?"
രണ്ടു ദിവസത്തെ ലീവിനു ശേഷം എന്നിലെ സ്നേഹനിധിയായ മകന്റെ ക്ഷേമമണ്ഡലമുണർന്നു.
" ആ , നീയ്യ് ഒര് ദോശ കൂടി കഴിക്ക് ട്ടാ. ഞാൻ എണീക്കുണു." ഞാൻ ചോദിച്ചത് കേട്ടില്ലെന്നു തോന്നുന്നു. അച്ഛൻ എണീറ്റു.
സംശയദുരീകരണത്തിന്റെ ത്വര എന്റെ വിശപ്പിനു മുന്നിൽ വഴി മാറി. നാല് ദോശ കൂടി ഞാൻ ക്ഷണനേരം കൊണ്ട് അകത്താക്കി.
കുൽകുഴിഞ്ഞ് കയ്യും കഴുകി അമ്മയുടെ സാരിത്തലപ്പിൽ കൈ തുടക്കവേ ഞാൻ അമ്മയോട് ആ ചോദ്യം വീണ്ടും ചോദിച്ചു.
" അച്ഛന്റെ മോതിരമെവിടെപ്പോയി ?"
അമ്മ പുഞ്ചിരിച്ചു.
"അതിവിടെ തന്നെ ഉണ്ടല്ലോ. ബാ, കാണിച്ചു തരാം." അമ്മ എന്നെ ഉമ്മറത്തേക്ക് കൂട്ടികൊണ്ട് പോയി. എന്നിട്ട് ചായ്പ്പിലെ സൈക്കിളിലേക്ക് വിരൽ ചൂണ്ടി.
"ദേ, അതാ ഇരിക്കുന്നു നിന്റെ അച്ഛന്റെ മോതിരം"
"അയ്യോ, ഈ ചെക്കനോട് വർത്താനം പറഞ്ഞ് ഞാനത് മറന്നു .അടുപ്പത്ത് കാച്ചാൻ വച്ചേക്കണ പാലിപ്പൊ തിളച്ച് തൂവീട്ടുണ്ടാവൂലോ ഈശ്വരാ..."
അതും പറഞ്ഞ് അമ്മ അടുക്കളയിലേക്ക് ഓടി.
എന്റെ മനസ്സിലെ അടുപ്പിൽ അപ്പോഴേക്കും പലവിധ ഭാരങ്ങൾ തിളച്ചു തൂവാൻ തുടങ്ങിയിരുന്നു. മിഴികളിൽ രൂപപ്പെട്ട ജലധാര എന്റെ കാഴ്ച്ച മറച്ചു.
അരുൺ കുന്നമ്പത്ത്.

*ഓപ്പ്ളോടത്തെ അമ്മൂമ്മ*


*ഓപ്പ്ളോടത്തെ അമ്മൂമ്മ*
"നിൻക്ക് വലുതായാൽ ആരാ ആവണ്ടേ "
"ഇൻച്ച് വൽതാവുമ്പൊ മൊകലാലായാ മതി. സാഗഏല്യാച്ചാക്കി - ചൻ ചൻ ചാൻ ....
ചക ചക ചാൻ... ചൻ ചൻചൻ ജങ്കൻചാൻ".
" ഈ ചെക്കന് മോനാല് മോനാല് ന്ന്ള്ള ഒരു വിചാരം മാത്രള്ളോ എന്റെ മീനാഷ്യമ്മെ. കണ്ടില്യെ ആ കുട്ടീടെ പോലെ അവന്റെ ചെരിച്ചിള്ള തോള് പിടുത്തം."
അമ്മൂമ്മ ഉച്ചവർത്താനത്തിലാണ്. യോഗാധ്യക്ഷ അയൽപ്പക്കത്തെ മീനാക്ഷി അമ്മ ആണ്. സജീവോദാഹരണ സഹിതം ഇത്തിരിപോന്ന എന്റെ ലാലാരാധന വിവരിച്ചു കൊടുക്കാൻ സാധിച്ച നിർവൃതിയിലാണ് അമ്മൂമ്മ . മീനാക്ഷി അമ്മയുടെ മകൾ തങ്കമണി കുറ്റുമുക്കു ക്കാരുടെ 'ഓപ്പോൾ ' ആണ്. എത്ര പ്രായം കൂടിയവരും അവരെ 'ഓപ്പോൾ ' എന്നേ വിളിക്കൂ. ഞാനും ചേട്ടന്മാരും മീനാക്ഷി അമ്മയെ 'ഓപ്പ്ളോടത്തെ അമ്മൂമ്മ ' എന്നു വിളിച്ചു പോന്നു. മീനാക്ഷി അമ്മൂമ്മയുടെ പൊന്നുങ്കട്ട ആണ് ഞാൻ . ഏതൊരു ദിക്കിൽ പോയി വരുമ്പോഴും ഏത് സദ്യക്ക് പോയി വരുമ്പോഴും ഓപ്പ്ളോടത്തെ അമ്മൂമ്മയുടെ കയ്യിൽ പൊന്നുങ്കട്ടയ്ക്ക് ഉള്ള ഒരു വീത് ഉണ്ടായിരിക്കും. മുറുക്കാൻ ചതക്കുമ്പോൾ ഒരു പങ്ക് പഞ്ചസാര ചേർത്ത് പൊന്നുങ്കട്ടക്ക് മാറ്റി വക്കും.
അക്കാലത്ത് ദൂരദർശനിൽ ഞായറാഴ്ച്ചകളിൽ മഹാഭാരതം സീരിയൽ സംപ്രേക്ഷണം ചെയ്തിരുന്നു. നിധീഷ് ഭരദ്വാജ് ആയിരുന്നു അതിൽ കൃഷ്ണനായി വേഷമിട്ടിരുന്നത്. പരമ്പരാഗത സ്വർണ്ണാഭരണ നിർമ്മാതാക്കളായ പരമേശ്വരേട്ടന്റെ വീട്ടിൽ മാത്രമേ അന്ന് ടി.വി ഉള്ളൂ. ആയതിനാൽ ഞായർ ആയാൽ ഒരു പൂരത്തിനുള്ള ആളുണ്ടാകും അവരുടെ വീട്ടിൽ . ഓപ്പ്ളോടത്തെ അമ്മൂമ്മയ്ക്ക് പരമേശ്വരേട്ടൻ ആദരപൂർവ്വം ഒരു സ്റ്റൂൾ ഇട്ട് കൊടുക്കും. ബാക്കിയുള്ളോർ നിലത്ത് .ഹാളിൽ അത്യാവശം ആളായാൽ പരമേശ്വരട്ടേന്റെ വക ഒരു എലിമിനേഷൻ റൗണ്ട് ഉണ്ട്. " അതേയ് സൂചി കുത്താൻ സ്ഥലല്ല്യ ഇഞ്ഞി . ബാക്കിള്ളോരൊക്കെ ഒന്ന് പോയേൻ ഇവ്ട്ന്ന്. ഹൗ".
ആ നിർഭാഗ്യവാന്മാരിൽ ചിലർ വാതിലിനു വെളിയിൽ തങ്ങി നിൽക്കും. ആരെങ്കിലും ഇടയിൽ മൂത്രമൊഴിക്കാനോ മറ്റോ പുറത്തിറങ്ങുമ്പോൾ ആ ഗ്യാപ്പിൽ കയറാൻ . ചിലർ കാണാൻ ഒത്തില്ലെങ്കിലും ശബ്ദരേഖ കേൾക്കാനായും നിൽക്കും -ഹിന്ദി അറിയില്ലെങ്കിലും. ഈ എലിമിനേറ്റേർമാരുടെ അസൂയയും പ്രാക്കും ഒന്നൊഴിയാതെ ഏറ്റുവാങ്ങുന്ന ഒരാളുണ്ട്. ഹൗസ്ഫുൾ ആയിട്ടും വൈകി എത്തിയിട്ടും എപ്പോഴും ഇരിപ്പിടം കിട്ടുന്ന ആൾ .വിഐപി യുടെ വിഐപി - ഈ ഞാൻ തന്നെ . എത്ര തിരക്കുണ്ടേലും എനിക്ക് സീറ്റ് ഉറപ്പാണ്. ഓപ്പ്ളോടത്തെ അമ്മൂമ്മയുടെ മടിയിൽ.
പിന്നീട് അമ്മാവൻ ഒരു ബ്ലാക്ക് & വൈറ്റ് ടി.വി വാങ്ങിയപ്പോൾ മീനാക്ഷി അമ്മൂമ്മ ഞങ്ങളുടെ വീട്ടിലെ ടി.വി കാണിയായി പരമേശ്വരന്റെ വീട്ടിൽ നിന്നും ഔദ്യോഗികമായി ട്രാൻസ്ഫർ വാങ്ങി. ചിത്രഗീതം പരിപാടിയിൽ 'ഞാൻ ഗന്ധർവ്വൻ' സിനിമയിലെ പാട്ടു വരുന്ന വേളയിൽ നായകൻ നിധീഷ് ഭരദ്വാജ് വരുമ്പോൾ മഹാഭാരത ചിന്തയിൽ "കൃഷ്ണാ ഗുരുവായൂരപ്പാ കാക്കണേ'' എന്ന നാമാർച്ചന ഓപ്പ്ളോടത്തെ അമ്മൂമ്മയുടെ നാവിൽ നിന്നുയരും. കാര്യമറിയില്ലെങ്കിലും അമ്മൂമ്മയും അതിൽ കമ്പനി കൂടും.
ആയിടക്കാണ് അച്ഛൻ പൂച്ചട്ടിയിൽ വീടു വച്ചത്. പിന്നെ, കുറ്റുമുക്കിലേക്കുള്ള വരവ് കഷ്ടിയായി. അമ്മാവനും അവിടുത്തെ വീട് വിറ്റു മുണ്ടത്തിക്കോട്ടേക്ക് മാറി. പക്ഷേ, എന്റെ എല്ലാ പിറന്നാളിനും വിളിക്കാതെ വരുന്ന അതിഥിയുണ്ട് - കുറ്റുമുക്കമ്പലത്തിൽ ഓപ്പ്ളോടത്തെ അമ്മൂമ്മ കഴിപ്പിച്ച പ്രസാദവുമായി എത്തുന്ന ഓപ്പോൾ.
ഇക്കഴിഞ്ഞ വിഷുവിനു മുൻപായി ഒരു ദിവസം, കൈനീട്ടം നൽകുന്നതിനായി ഞാൻ ഓപ്പ്ളോടത്തെ അമ്മൂമ്മയുടെ വീട്ടിൽ പോയിരുന്നു. തൊണ്ണൂറു വയസ്സ് ഓപ്പ്ളോടത്തെ അമ്മൂമ്മയുടെ ഓർമ്മകൾക്കും നര വരുത്തി തുടങ്ങിയിരുന്നു.
"ആരേ അത് "
"ഞാനാ അരുൺ."
ഏതരുണൻ ?
അമ്മൂമ്മേ , പൊന്നുങ്കട്ട്യാ . അമ്മൂമേടെ പൊന്നുങ്കട്ട.
ആഹാ, അമ്മൂമ്മെടെ പൊന്നുങ്കട്ടട്ത്തൂ, വായോ. നീയിപ്പൊ എത്രേലാ പഠിക്കണ?
ഞാപ്പൊ പോലീസിലാ ഓപ്പ്ളോടത്തമ്മൂമ്മെ . കല്യാണത്തിന് വന്നതൊക്കെ മറന്നോ ?
" ഓർമ്മ കിട്ടൺല്യ മോനേ, മീനത്തിലെ ഉത്രാടത്തില് നെൻക്ക് 34 തെകഞ്ഞില്ലേ"?
" ഉവ്വമ്മൂമ്മെ "
" ആ , അപ്പൊ നീയിപ്പൊ എത്രേൽക്കായി ? നല്ലോണം പഠിക്കിൻണ്ടോ ? ബാ, മുർക്കാൻ തരാം. നന്നായി പഠിച്ച് വല്യ ബി.എക്കാരനാവണം ട്ടോ"
എനിക്ക് തിരുത്താൻ തോന്നിയില്ല.
അമ്മൂമ്മ വെറ്റിലയും ചുണ്ണാമ്പും അടക്കയും ചേർത്ത് മുറുക്കാൻ ഇടിച്ച് തുടങ്ങി. പിന്നെ കുറച്ച് ഭാഗം മാറ്റി വച്ച് വായിലിട്ടു. അടുക്കളയിൽ പോയി പഞ്ചസാര ചേർത്ത് ബാക്കി ഭാഗം എന്റെ വായിൽ വച്ചു.
"പൊന്നുങ്കട്ട നന്നായി പഠിക്കണം ട്ടോ. ന്നാലെ ഞായറാഴ്ച്ച മാഭാരതം ടി.വി ല് കാണാൻ വിടൂ".
ഞാൻ അപ്പോൾ മുതൽ ഓടുകയായിരുന്നു. ഓർമ്മകളിലൂടെ പുറകിലേക്ക് ഉള്ള ഓട്ടം. വർത്തമാനവും വിവാഹവും യൗവ്വനവും കൗമാരവും കടന്ന് ഓടി ഞാൻ ബാല്യമെത്തി.
ഇപ്പോൾ ഞാൻ ഓപ്പ്ളോടത്തെ അമ്മൂമ്മയുടെ മടിയിൽ ആണ് - മഹാഭാരതം സീരിയൽ കാണുന്നു.
നിത്യഹരിതമായ ഒരു നിശ്ചലാവസ്ഥ ഞാൻ അഗാധമായി കൊതിച്ചു.
_അരുൺ കുന്നമ്പത്ത്_

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo