Showing posts with label Sadique Ponnani. Show all posts
Showing posts with label Sadique Ponnani. Show all posts

#Ride to DREAMS


#Ride to DREAMS
ഒരുപാട് നാളത്തെ മോഹമായിരുന്നു കേരളത്തിനു പുറത്തേക്ക് ഒരു ബൈക്ക് യാത്ര .അപ്പോഴാണ് മുൻപ് പോയ ഊട്ടി മനസ്സിൽ വന്നത് ഒരുപാട് ദൂരെ പോകാൻ ആ ഗ്രഹമുണ്ടായിരുന്നെങ്കിലും ആദ്യമായത് കൊണ്ട് ഊട്ടി വരെയാക്കാമെന്ന് തീരുമാനിച്ചത്. പോകുന്ന വഴികളെപ്പറ്റി ഗൂഗിൽ മാപ്പിൽ നോക്കി മനസ്സിലാക്കി. ഇനിയുള്ളത് നല്ല ഒരു ബൈക്ക് തിരഞ്ഞെടുക്കുക എന്നതിയിരുന്നു . അങ്ങിനെ അതിനായി ഹോണ്ട യുണിക്കോൺ തയ്യാറാക്കി. യാത്ര തുടക്കത്തിൽ ഒറ്റക്കായിരുന്നു പ്ലാൻ ചെയ്തത്. പക്ഷേ ഇങ്ങനെയൊരു യാത്രയെപ്പറ്റി സുഹൃത്തായ നാസറിനോട് പറഞ്ഞപ്പോൾ അവനും വരാൻ തയ്യാറായി. അങ്ങിനെ നേരത്തെ തീരുമാനിച്ച പോലെ രാവിലെ ഏഴുമണിക്ക് നാസറിനെ വീട്ടിൽ നിന്നും വിളിച്ചെഴുന്നേൽപ്പിച്ച് യാത്ര തുടങ്ങി. രാവിലെ ആയതിനാൽ ഒരു ചായ കുടിക്കാനായി സിവി ജംഗ്ഷനിൽ ആദ്യ ബ്രേക്ക് എടുത്തു. അവിടെ നിന്നും ചായ കുടിച്ച് കുറ്റിപ്പുറം ഹൈവേയിലൂടെ യാത്രയായി. റോഡ് വിജനമായിരുന്നു അതുകൊണ്ട് ബൈക്കിന്റെ വേഗതയും ഞങ്ങൾ ആസ്വദിച്ചു. കുറ്റിപ്പുറവും വളാഞ്ചേരിയും കഴിഞ്ഞ് ഒരു ചെറിയ ബ്രേക്ക് എടുത്തു . പിന്നീട് പെരിന്തൽമണ്ണ വഴി നിലമ്പൂരിലേക്ക് യാത്രയായി. ഏകദേശം വണ്ടൂരെത്തിയപ്പോൾ വിശക്കാൻ തുടങ്ങി . അങ്ങിനെ അടുത്തു കാണുന്ന ഹോട്ടലിൽ കയറാമെന്നു കരുതി കുറച്ചു കൂടി യാത്ര ചെയ്തു അപ്പോഴാണ് കുഞ്ഞാകാന്റെ ഹോട്ടൽ എന്ന ബോർഡ് കണ്ടത് അവിടെ കയറി പ്രാതൽ കഴിച്ചു. കുഞ്ഞാക്കയുമായി കളിതമാശകൾ പറഞ്ഞു അവിടെ നിന്നും ഇറങ്ങി. ഇനി അടുത്ത ബ്രേക്ക് ഗൂഡല്ലൂരാണ് എന്ന് വിചാരിച്ചാണ് ഇറങ്ങിയത് പക്ഷേ നിലമ്പൂരിൽ എത്തിയപ്പോൾ സഞ്ചാരികൾക്കായി തേക്ക് മ്യൂസിയവും ആട്യൻ പാറ വെള്ളച്ചാട്ടവും സമയക്കുറവു മൂലം വെള്ളച്ചാട്ടത്തിലേക്ക് യാത്രതിരിച്ചു. കുറച്ചു ദൂരം പിന്നിട്ടപ്പോൾ വെള്ളച്ചാട്ടമെത്തി. രണ്ടു മണിക്കുർ അവിടെ ചിലവഴിച്ചു . അവിടെ നിന്നും ഞങ്ങൾ ഗൂഡല്ലൂർ റോഡിലേക്ക് പ്രവേശിച്ചു. പിന്നീട് ചുങ്കത്തറ വഴി ഗൂഡല്ലൂരെത്തി. അവിടെക്ക് പ്രവേശിക്കുന്നതിന് മുൻപ് ഒരു ചെക്ക്പോസ്റ്റ് ഉണ്ട് തമിഴ്നാട് പോലീസിന്റെ. വണ്ടിയുടെ പേപ്പറുകളും ഞങ്ങളുടെ വിവരങ്ങളും എഴുതി കൊടുത്തു. പുക പരിശോധനയുടെ പേപ്പറില്ലാത്തതിനാൽ 100 രൂപയും പോയി കിട്ടി. അപ്പോഴേക്കും ഉച്ചയായി അടുത്തു കണ്ട മലബാർ ഹോട്ടലിൽ കയറി ചോറും കറിയും കഴിച്ചു. ഇത്തിരി സമയം അവിടെ ഇരുന്ന് ഞങ്ങൾ യാത്ര തുടങ്ങി. ഇനി ലക്ഷ്യം ഊട്ടിയാണ്. ഗൂഡല്ലൂർ കഴിഞ്ഞതോടെ മലകയറ്റം തുടങ്ങി കാടിന്റെ നടുവിലൂടെ ഒരു മലകയറ്റം അങ്ങിങ്ങായി കുരങ്ങന്മാരുടെ കുസൃതികൾ. വഴിയിൽ ഇടക്കിടെ കാണുന്ന സഞ്ചാരികൾ. ഉയരം കൂടുന്തോറും തണുപ്പ് ശരീരത്തിലേക്ക് കയറാൻ തുടങ്ങി. ഇടക്കിടെ ചെറിയ നീർച്ചാലുകൾ വലിയ വടവൃക്ഷങ്ങൾ ആനകൾ ഇറങ്ങുന്ന സ്ഥലം എന്നെഴുതിയ ബോർഡുകൾ ആ കാനന ഭംഗി ആസ്വദിച്ച് സമയം പോയതറിഞ്ഞില്ല . ഏകദേശം നാലു മണി ആയിട്ടുണ്ടാകും ഊട്ടി എന്ന പ്രകൃതിരമണീയത ഞങ്ങൾ ദൂരെ നിന്നും കണ്ടു തുടങ്ങി. അഞ്ചു മണിയോടെ ഞങ്ങൾ ഊട്ടിമാർക്കറ്റിൽ എത്തി .അടുത്ത ഊഴം ഏതെങ്കിലും ഒരു താമസസൗകര്യം നോക്കണം. അതിനായി ഞങ്ങൾ അവിടെ ഒക്കെ കറങ്ങി . അങ്ങിനെ 600 രൂപ വാടകക്ക് റൂം കിട്ടി. ബാഗ് ഉള്ളിൽ വെച്ച് വേഗം പുറത്തിറങ്ങി സമയം വൈകിയതു കൊണ്ട് അന്ന് എവിടെയും കറങ്ങാൻ കഴിഞ്ഞില്ല എല്ലാം 5 മണി വരെ ഉള്ളു . ഊട്ടിമാർക്കറ്റും ഷോപ്പിഗുമായി രാത്രി കഴിച്ചുകൂട്ടി. സമയം ഒമ്പതായി നേരത്തെ കിടക്കാനായി ഭക്ഷണവും കഴിച്ച് റൂമിലേക്ക് നടന്നു. യാത്രയുടെ ക്ഷീണമാകാം ഉറക്കം ശരീരത്തെ കീഴ്പ്പെടുത്താൻ തയ്യാറായി. രാവിലെ ചെയ്യേണ്ട കാര്യങ്ങളെല്ലാം തീരുമാനിച്ച ഞങ്ങൾ ഉറക്കത്തിലായി. ഊട്ടിയിലെ ഒരു പ്രഭാതത്തിന്റെ സ്വപനവും കണ്ട് .
പിറ്റേദിവസം പ്രഭാതം .എന്നെത്തേയും പോലെ 5 മണിക്ക് തന്നെ എഴുന്നേറ്റു ബാത്ത് റൂമിൽ കയറിയപ്പോൾ തണുത്ത വെള്ളം. ചൂടുവെള്ളം കിട്ടാൻ 9 മണിയാകും . അതിനു കാത്ത് നിൽക്കാൻ തോന്നിയില്ല പെട്ടന്ന് റെഡിയായി .നാസർ ഉറക്കത്തിലാണ് ഞാൻ പുറത്തിറങ്ങി. ബൈക്ക് തണുത്തു കിടക്കുന്നു പുറത്ത് നല്ല തണുപ്പുണ്ട് സെൽഫ് എടുക്കുന്നില്ല കിക്കർ അടിച്ച് സടാർട്ടാക്കി ഒരു പുലർക്കാല സവാരി ഊട്ടി പട്ടണത്തിലൂടെ കൈ മരവിക്കുന്നു അടുത്തു കണ്ട കടയിൽ കയറി ഒരു ചായ കുടിച്ചു കൈകൾക്ക് തണുപ്പ് താങ്ങാൻ പറ്റാതായപ്പോൾ ഒരു ഗ്ലൗസ് മേടിച്ചു. ഊട്ടി തടാകത്തിനടുത്തുള്ള റെസിടൻസി കോളനികളും പ്രകൃതിരമണീയമായ പുൽമേടുകളും കാരറ്റ് കാബേജ് കൃഷിത്തോട്ടങ്ങളും ആസ്വദിച്ച് ഇരിക്കേ നാസറിന്റെ ഫോൺ വന്നു . അവൻ റെഡിയായി പുറത്തിറങ്ങി ചായ കുടിക്കുന്നു .അതോടെ ആ കറക്കം മതിയാക്കി തിരിച്ചു റൂമിനടുത്തേക്ക് പോയി. അവനെയും കൂട്ടി ഊട്ടി ബോട്ടാണിക്കൽ ഗാർഡനിൽ പോയി .മുൻപ് കണ്ട ഭംഗിയൊന്നും തോന്നിയില്ല അതിലും നല്ല കാഴ്ചകൾ വഴിയിൽ കണ്ടതുകൊണ്ടാകും. അവിടെ നിന്നും ഊട്ടി റെയിൽവേ സ്റ്റേഷനിലേക്ക് ഊട്ടി Toy Train കാണാനായി . പണ്ടത്തെ കൽക്കരി വണ്ടിയൊക്കെ മാറി ഇപ്പോൾ പുകയില്ലാത്ത ടീസൽ വണ്ടിയാണ്. അവിടെ നിന്നും വീണ്ടും കാഴ്ചകളിലേക്ക് തിരിഞ്ഞു.അപ്പോഴേക്കും വിശക്കാൻ തുടങ്ങി. എവിടെപ്പോയാലും മലയാളി ഹോട്ടൽ കാണും .അടുത്തു കണ്ട ഹോട്ടലിൽ കയറി പ്രഭാതഭക്ഷണം. അപ്പോഴേക്കും 9 മണി ആയി .തിരികെ റൂമിലെത്തി റൂംവെക്കെറ്റ് ചെയ്തു. ഇനി അടുത്ത ലക്ഷ്യം Love Dale ആണു. ഡെയ്സി സിനിമ കണ്ടതു മുതൽ ആഗ്രഹിച്ചതാണ് അവിടെ പോകണമെന്ന്. തലേ ദിവസം ഊട്ടി എത്തിയ ഉടനെ വണ്ടി പഞ്ചറായി .അത് ഊട്ടി എത്തിയതു കാരണം ഞങ്ങൾ രക്ഷപ്പെട്ടു. അല്ലങ്കിൽ വഴിയിൽ കിടന്നേനെ. ബൈക്ക് യാത്രയിലെ ഏറ്റവം വലിയ പ്രോബ്ലം അതാണ്. ഊട്ടി മുതൽ പ്രകൃതിയുടെ ഭംഗി ശരിക്കും ആസ്വദിച്ച് ഞങ്ങൾ LOVEDALE എത്തി . വളരെ മനോഹരമായ പ്രദേശം. വലിയ സ്കൂളുകളുടെ കമാനങ്ങൾ . ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന വഴിയാത്രക്കാർ. പ്രകൃതി അതിന്റെ മനോഹാരിത കൊണ്ട് അനുഗ്രഹിച്ച ഒരു പ്രദേശം .വലിയ കുന്നുകൾ നിറയെ തേയിലത്തോട്ടങ്ങൾ പുൽമേടുകൾക്കിടയിൽ കൊച്ചു വീടുകൾ. കാഴ്ച കണ്ടും മൊബൈലിൽ പകർത്തിയും സമയം കടന്നുപോയി. 12 മണിയായപ്പോഴേക്കും തിരിച്ചു യാത്ര തുടങ്ങി. വരുന്ന വഴിയിൽ ബൈക്കിൽ രാത്രി മുഴുവൻ ചുരം കയറിയ രണ്ടുപേരെ പരിചയപ്പെട്ടു. തിരൂരിൽ നിന്നും വന്നവരാണ് രാത്രിയിൽ മരം കോച്ചുന്ന തണുപ്പിൽ വന്ന അവർക്ക് യാത്ര മതിയാക്കി തിരിച്ചു പോകുകയാണന്നു പറഞ്ഞു തിരിച്ചുപോയി. ഊട്ടിപ്പട്ടണം ഞങ്ങളുടെ കാഴ്ചയിൽ നിന്നും മറഞ്ഞു തുടങ്ങി. വഴിയിൽ പൈക്കര ഡാം കാണാൻ ഇത്തിരി സമയം നിറുത്തി. പിന്നീടങ്ങോട്ട് മലയിറക്കം തുടങ്ങി വളരെ കഷ്ടപ്പെട്ട് കയറി വന്ന ആ വഴിയിലൂടെ വണ്ടി കുതിച്ചു പാഞ്ഞു. കറുത്ത വലിയ രോമങ്ങളുള്ള ഒരു കുരങ്ങിനേയും കണ്ടു. ഒരു വളവിൽ എത്തിയപ്പോൾ മുന്നിൽ ഒന്നും കാണാനാകാത്ത അത്രയും മഞ്ഞു മേഘങ്ങൾ ഞങ്ങളെ മൂടി. ഏകദേശം 2 മണിയോടെ ഗൂഡല്ലൂരെത്തി ഭക്ഷണം കഴിച്ചു. പിന്നീട് ഒരു നീണ്ട യാത്ര നിലമ്പൂർ വരെ. അവിടെ ഇത്തിരി സമയം ഇരുന്നു. അവിടെ നിന്നും നേരെ വളാഞ്ചേരി വരെ. അവിടെ നാസറിനെ ഇറക്കി ഒറ്റക്ക് പൊന്നാനിയിലേക്ക്. കുറ്റിപ്പുറത്തെത്തുമ്പോൾ ഇരുട്ടിത്തുടങ്ങി. കണ്ണുകളിൽ ഉറക്കത്തിന്റെ ക്ഷീണം. രാത്രിയി വാഹനങ്ങളുടെ പ്രഭാപൂരം. കണ്ണുകൾക്ക് ശരിക്ക് കാണാൻ പോലും കഴിയുന്നില്ല .വീട്ടിലെത്താനുള്ള തിരക്കു കാരണം എവിടെയും നിറുത്തിയില്ല. മുന്നിൽ പൊന്നാനി CV Junction മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം. എത്ര ദൂരെ പോയാലും സ്വന്തം നാട് കാണുമ്പോളുള്ള ആവേശം അത് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് .അവിടെ നിന്നും നേരെ വീട്ടിലേക്ക് .ബൈക്ക് നിറുത്തി ദൈവത്തിനെ സ്തുതിച്ചു. യാത്രയിൽ ഒരുപാട് കാര്യങ്ങൾ കണ്ടു .ചെറിയ സ കൂട്ടറുകളിൽ യാത്ര ചെയ്യുന്നവരും അതിലുണ്ട് .ഏത് വണ്ടി എന്നുള്ളതല്ല ഓടിക്കുന്ന ആളുടെ മനസ്സാണ് പ്രധാനം. യാത്രയാണ് പ്രധാനം നൽകുന്നതെങ്കിൽ ഓരോ കാഴ്ചയും ആസ്വദിച്ച് പോകുക. ഒരു പ്രത്യേക സ്ഥലമാണ് പ്രധാനമെങ്കിൽ ഇടക്ക് ആവശ്യമില്ലാതെ സമയം കളയരുത്. അങ്ങിനെ പ്രവാസത്തിനിടയിലെ ഒരു ചെറിയ അവധിയിൽ ഒരു പാട് ഓർമകളുടെ ഒരു യാത്ര. ഒരു യാത്ര അവസാനിക്കുന്നിടത്ത് അടുത്തത് തുടങ്ങുന്നു കൂടുതൽ ദൂരങ്ങൾ കീഴടക്കാനായി. 

K V S പൊന്നാനി

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo