Showing posts with label AskarSha. Show all posts
Showing posts with label AskarSha. Show all posts

.അന്ത്യ ചുംബനം

Image may contain: ocean, sky and outdoor

ഭാര്യയുടെ മയ്യത്ത് മറവ്‌
ചെയ്യാനെടുക്കുകയാണ് ... അവളെ
അവസാനമായൊരു നോക്ക് കാണാൻ എന്റെവീട്ടുകാരും അവളുടെ വീട്ടുകാരും തിരക്ക് കൂട്ടുന്നുണ്ട് ... ഡാ അവസാനമായി അവളെ ..അവളെ ഒന്ന് കാണണ്ടേഡാ നിനക്ക് ഉപ്പ നിറകണ്ണുകളോടെ ചോദിച്ചു .,
-------- ഒന്നും മിണ്ടാതെ ഞാൻ ഹാളിലേക്ക്
ചെന്നു , പുഞ്ചിരിച്ചുള്ള ആ കിടപ്പ് കണ്ടപ്പോൾ
വിവവം കഴിഞ്ഞു അവളെ ആദ്യമായി
ചുംബിച്ചത് എന്റെ മനസ്സിലേക്ക് വന്നു...
ചുംബിക്കാൻ കൊതിപ്പിക്കുന്ന ഒരു സൗന്ദര്യം ആ
കിടത്തിലും അവൾക്കുണ്ടായിരുന്നു ,
ചുംബിക്കാൻ അടുത്തതും ആരോ എന്നെ
തടഞ്ഞു
_____വേണ്ട ഇനിയിപ്പോ തൊടണ്ട വുളൂഹ്
മുറിയും, ഞാൻ അവളുടെ മുഖത്തേക്ക്
ദാഹനീയമായൊന്ന് നോക്കി പിൻവാങ്ങി .,ഞാൻ
എത്തിയപോയേക്കും വൈകിയിരുന്നു ,
വൈകും എന്നറിഞ്ഞത് കൊണ്ടുതന്നെ
വിവാഹത്തിന് ഒരുക്കിയപോലെ
ആരൊക്കെയോ ചേർന്ന് അവളെ
ഒരുക്കിയിരിക്കുന്നു , അന്നെന്റെ
കയ്യിലെത്തിക്കാനായിരുന്നെങ്കിൽ ഇന്ന് അവളെ
കൊണ്ട് പോകാനാണ് ,ഇനി ഞാൻ തൊട്ടാൽ
വുളൂഹ് മുറിയുമത്രെ ...,വേണ്ട ശുദ്ധിയോട്കൂടി
തന്നെ പൊയ്ക്കോട്ടേ
പക്ഷേ അവസാനമായി
നിനക്ക് .. നിനക്ക് ഒരു ചുംബനം പോലും
എനിക്ക് നൽകാൻ പറ്റിയില്ലല്ലോ മോളെ ...
എനിക്ക് കരച്ചിൽ നിയന്ത്രിക്കാൻ കഴിയാതെ
ഞാൻ വിങ്ങിപ്പൊട്ടി , ഉപ്പ എന്നെ അവിടെ നിന്നും
ഒരു റൂമിലേക്ക് കൊണ്ട് പോയി
__________
അതെ , മധുവിധു തീരുമുൻബേ രണ്ട് മാസത്തെ
ദാമ്പത്യം സാക്ഷി നിറുത്തി നാളെ
പ്രവാസത്തിലേക്ക് കുടിയേറാൻ തയാറായിരുന്ന
ആ രാത്രി, അന്നാണ് ഞാൻ ഒരു ഉപ്പയാകാൻ
പോകുന്ന വിവരം അവൾ പറഞ്ഞത്
പ്രവാസത്തിലേക്ക് തിരിച്ചു പോകുന്നതിന്റെ
സങ്കടങ്ങളെ തല്ലിക്കെടുത്താൻ ശക്തി
ഉള്ളതായിരുന്നു ആ വാർത്ത...,ആരാത്രി
നിറകണ്ണുകളോടെ ആ നെറുകയിൽ നൽകിയ
ചുംബനം അതെ അതായിരുന്നു ഞാൻ എന്റെ
മുത്തിന് നൽകിയ അവസാന ചുംബനം..
പിന്നെ അങ്ങോട്ട് സന്തോഷങ്ങളും സ്വപ്നങ്ങളും
പരസ്പരംഫോണിലൂടെ പങ്കുവെച്ച
വിരഹത്തിന്റെ 4 മാസങ്ങൾ,
അതിനിടയിലായിരുന്നു പടച്ചോൻ ആക്സിഡന്റ്
രൂപത്തിൽ അവളെ എന്നിൽ നിന്നും
വേർപെടുത്തിയത് ...
ഇന്നലെ പതിവില്ലാതെ എളാപ്പ വന്ന് ടിക്കറ്റ് തന്ന്
നാട്ടിലേക്ക് പറഞ്ഞുവിടുകയായിരുന്നുഫ്ലൈറ്റ്
കയറി നാട്ടിൽ എത്തിയപ്പോഴും വേണ്ടപെട്ട
ആർകെങ്കിലും അത്യാഹിതം എന്നേ
വിചാരിചോള്ളൂ ,
പക്ഷേ നഷ്ടപെട്ടത് അത് .. അതെന്റെ
പ്രിയസഖിയും അവളുടെ വയറ്റിലുള്ള ജീവന്റെ
തുടിപ്പുമാണെന്ന സത്യംവീട്ടിലെത്തിയിട്ടാ ഞാൻ അറിഞ്ഞത്...
_____
ഡാ മാനോ.... മയ്യത്ത് എടുത്തു വാടാ
പള്ളിയിൽ പോകണ്ടേ വാ
ഉപ്പാന്റെ കൂടെ വികാരമില്ലാതെ അവളെയും
അനുകമ്പിച്ചു നടന്നു , അവിടെ അവളുടെ
സുന്ദരമായ മുഖം മണ്ണിൽ ചേർത്ത് വെച്ചപ്പോൾ
നെഞ്ചോന്നു പിടഞ്ഞു അവളെ നോക്കി
എപ്പോയും പറയുമായിരുന്നു ഇക്കാന്റെ
നെഞ്ചിൽ മുഖം ചേർത്ത് വെച്ച് ഉറങ്ങാൻ
പൂതിയാവൺ കാക്കോന്ന്..,
അവസാന കല്ലും അവളുടെ
മുഖത്തുവെക്കുമ്പോൾ ഫോണിലൂടെ അവൾ
ചോദിച്ചിരുന്നപോലെ മൗനമായി ഞാൻ
ചോദിച്ചു ,ഞമ്മള് ...ഞമ്മളിനിയെന്ന കാണാ മുത്തേ ...
_________
യന്ത്രികമായായിരുന്നു അവളെ
പള്ളിക്കാട്ടിലെ മൈലാഞ്ചികൾക്ക് കീഴിൽ
തനിച്ചാക്കി വീട്ടിലേക്ക് തിരിച്ചെത്തിയത്
ഞാൻ ഞങ്ങളുടെ റൂമിലേക്ക് വന്നു ... റൂം തിങ്ങി
നിറഞ്ഞുനിൽക്കുന്ന അവളുടെ ഗന്ധം ,അവൾ-
വിരിച്ചിട്ട ബെഡ് ,അവൾ ഉപയോഗിച്ച
സാധനങ്ങൾ ,അഴിച്ചു വെച്ച മുടിപിന്നുകൾ ,
ആങ്കറിൽ തൂങ്ങുന്ന അവളുടെ ഡ്രെസ്സുകൾ,
അങ്ങനെ ആറൂമിലുള്ളതെല്ലാം എന്റെ
കണ്ണീരിന്റെ ശക്തി കൂട്ടി
______
ഞാൻ പ്രവാസത്തിലേക്ക് പോകാൻ
നില്കുന്നയന്ന് കരഞ്ഞുകലങ്ങിയ
കണ്ണുകളോടെ അവൾ ആവശ്യപ്പെട്ടത്
ഞാൻ തലേദിവസം ധരിച്ച ഷർട്ട് മാത്രമാണ്
എനിക്ക് ...എനിക്ക് രാത്രിയിൽ അതും
ധരിച്ചുകിടക്കാനാണ് ഇക്കാ എന്നും പറഞ്ഞു
മാറിലേക്ക് ചാഞ്ഞ അവളെ അന്ന്
എന്തുപറഞ്ഞാണ് സമാധാനിപ്പിച്ചത് എന്ന്
എനിക്ക് അറിയില്ല...
പിന്നീട് അവൾ എപ്പോയും പറയുമായിരുന്നു
ഇങ്ങളില്ലാഞ്ഞിട്ടു ഒരു രസോല്ല്യ ,നമ്മുടെ
റൂമൊരു ശവപ്പറമ്പായി മാറി കാക്കോ
ഇനിയിതൊരു റൂമാകണമെങ്കിൽ ഞാനും
ഇങ്ങളും ഒരുമിച്ച് തന്നെ റൂമിൽ വേണമെന്നും
അന്ന് നീ പറഞ്ഞത് ശെരിയാ പെണ്ണെ ...,
ഇനി...ഇനിയൊരിക്കലും ഇതൊരു റൂമാകില്ല
ശവപ്പറമ്പാണ് ,ശവപ്പറമ്പ് ....
നിന്റെ കാക്കു ജീവിക്കുന്ന ശവപ്പറമ്പ് .
മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ കട്ടിലിൽ മുഖം
പൊത്തികിടന്നു ....
____________
എങ്കിലും അവൾ ആഗ്രഹിച്ചിട്ടുണ്ടാകില്ലേ
അവസാനമായൊരു ചുംബനം
,അത് കിട്ടും എന്ന പ്രതീക്ഷയിലല്ലേ
അവൾ .,അവൾ അങ്ങനെ പുഞ്ചിരിച്ചുകിടന്നത് .
…………… ക്ഷമിക്ക് പെണ്ണെ വൈകാതെ നിന്റെ
ഇക്കയും എത്തും നിന്നരികിൽ ...
"ആ ബാക്കി വെച്ച അന്ത്യ ചുംബനം സമ്മാനിക്കാൻ "………!
**** END ****
രചന :- Askar sha

ആമിനതാത്താന്റെ മോള് ദേവൂട്ടി


ഉമ്മാ ഇങ്ങളെ മോനേ എന്തിനാ ന്റെ തലയിൽ കെട്ടിവെച്ചത് ഇങ്ങളെല്ലാരും
ആ ഇതാപ്പോ നന്നായെ ഇങ്ങള് രണ്ടാളും തന്നെയല്ലേ പ്രേമിച്ചത്.ഒടുക്കം കെട്ടാണെങ്കിൽ ഓനെ തന്നെ കെട്ടോള്ളൂന്ന് പറഞ് ഒറ്റക്കാലിൽ നിന്നതും ഇയ്യല്ലേ സജ്‌നാ
പ്രേമിച്ചുയെന്ന് വെച്ച് ഇങ്ങക്ക് എതിർത്തുടെയ്‌ന,
എല്ലാ ഉമ്മമാരും പ്രേമത്തിന് എതിര്നിക്കാറല്ലേ
പതിവ്.അപ്പോ ഇങ്ങളും നിക്കണേനു
ന്റെ കുട്ടിന്റെ ഒരു ആഗ്രഹത്തിനും എതിര്നിക്കാൻ നിക്ക് പറ്റൂല.അല്ല എന്താപ്പോ അതിന് മാത്രം ഇവടെണ്ടായി ഇജ്ജ് ഇങ്ങനെ ചാടികളിക്കാന്
ഇന്നേ രാവിലെ ന്റെ കൂടീൽ കൊണ്ടാക്കിത്തരാന്ന് കാക്കു പറഞ്ഞതാ എന്നിട്ടിപ്പോ പോത്തുപോലെ കിടക്കാ. ഞാൻ വിളിച്ചിട്ടാണെങ്കിൽ എണീക്ക്ണില്ല്യാ,ഇങ്ങളൊന്ന് വിളിക്കി .ഇങ്ങള് വിളിച്ചാ മൂപ്പര് എണീക്കും .നല്ല ഉമ്മച്ചിയല്ലേ. പ്ലീസ്....
രാവിലെ തന്നെ അടുക്കളയിൽ ഉമ്മാനോട് പരാതി പറയണ സജ്‌നാന്റെ തേന്മൊഴി കേട്ടാണ് അന്ന് ഉണർന്നത്.ശെരിയാ ഇന്ന് ഓളെ അനിയൻ ദുബായിന്ന് വരുന്ന ദിവസമാണ്,രാവിലെ വീട്ടിൽ
കൊണ്ടാക്കിത്തരാന്ന് പറഞ്ഞതാ.അനിയനെ കാണാനുള്ള സന്തോഷത്തിലാ ഓള്,
എണീറ്റ് കോലായീൽ എത്തിയപ്പോയേക്കും ഉമ്മ പതിവ് കട്ടനുമായി അടുത്തേക്ക് വന്നു .പുറകെ സജ്നയും.കല്യാണം കഴിഞ്ഞിട്ട് വർഷം ഒന്ന് കഴിഞ്ഞെങ്കിലും രാവിലത്തെ കട്ടൻ അത് ഉമ്മാന്റെ കയ്യിന്ന് വാങ്ങി കുടിച്ചാലേ ഞമ്മക്ക്
മനസ്സിനൊരു ഉന്മേഷം കിട്ടു.അതിന്റെ ചെറിയൊരു കുശുമ്പ് സജ്നക്കില്ലാതില്ല...
"ഇങ്ങള് എന്ത് പണിയാ കാക്കോ ചെയ്തത്.നേരം നോക്കി 9 മണികഴിഞ്ഞു. ഇനിയെപ്പോ പോകാനാ"
"ഇജ്ജോന്ന് സബൂറാക്ക് സജ്‌നാ ഇപ്പൊ പോകാം ഞാനൊന്ന് കുളിച്ചാട്ടെ"
(ഓൾ മോന്തകൊണ്ട് കോനിഷ്ട്ടം കാണിച്ചു അടുക്കളയിലേക്ക് പോയി )
സത്യം പറഞ്ഞാ ഓളെ വീട്ടിൽ പോകാൻ എനിക്ക് തീരെ താല്പര്യം ഇല്ല,ഓളെ ഇത്താത്താന്റെ കെട്ടിയോന് എന്നെ കാണുമ്പോ ഒരു തരം പുച്ഛമാണ്.കാശുള്ളവർക്ക് കാശില്ലാത്തവരെ കാണുമ്പോഴുള്ള ആ പുച്ഛം
അങ്ങനെ പാവങ്ങളുടെ ഇന്നോവയും കൊണ്ട്
(ഓട്ടോ) ഓളെ വീട്ടിൽ കൊണ്ടാക്കി തിരിച്ചു സ്റ്റാൻഡിൽ വന്നിരുന്നാണ്പത്രം നോക്കിയത്.
ഓണം പ്രമാണിച്ചു പത്രത്തിന്റെ ഫ്രണ്ട് പേജ് പരസ്യക്കാര് കൊണ്ടുപോയിട്ടുണ്ട് .
മറിച്ചുനോക്കിയപ്പോഴാണ് ഒരു അനാഥാലയത്തിലെ കുട്ടികളുടെ ഓണാഘോഷ പരിപാടിയുടെ ഫോട്ടോ ശ്രദ്ധിച്ചത്. നിഷ്കളങ്കമായി ചിരിക്കുന്ന ഒരു പെൺകുട്ടി.
നല്ല പരിചയമുള്ള മുഖമായത് കൊണ്ടാണ്
ആഫോട്ടോയിൽ ഒന്ന് കൂടി സൂക്ഷിച്ചു നോക്കിയത്.തലചുറ്റുന്നത് പോലെയാണ് തോന്നിയത്.അതെ അവൾ തന്നെ , എന്റെ പെങ്ങളുട്ടി...ഉപ്പാക്ക് അന്യമതകാരിയിലുണ്ടായ എന്റെ ചോര....
പേടിപ്പെടുത്തുന്ന ഓർമ്മകൾ മാത്രമാണ് ഉപ്പയെ കുറിച്ചുള്ളത്.സ്ഥിരം കള്ളും കുടിച് വന്ന് എന്നെയും ഉമ്മയെയും ഉപദ്രവിക്കുന്ന ഒരു ആൾരൂപം അതാണ് എന്റെ മനസ്സിൽ ഉപ്പ. ഉപ്പാന്റെ മർദ്ദനത്തിൽനിന്ന് എന്നെ രക്ഷിക്കാൻ രാത്രിയിൽ പലപ്പോഴും എന്നെ അടുത്തുള്ള വീട്ടിൽ കൊണ്ടാകാറാണ് ഉമ്മ ചെയ്തിരുന്നത്.
ഉപ്പാന്റെ ഉപദ്രവം സഹിക്കവയ്യാതെ ആത്മഹത്യാ ചെയ്താലോ എന്ന്പലവട്ടംഉമ്മആലോചിച്ചിട്ടുണ്ട്
അന്നെല്ലാംഉമ്മാനെ അതിൽനിന്ന് പിന്തിരിപ്പിച്ചത് എന്റെ മുഖമാണെന്ന് ഉമ്മ ഇപ്പോഴും പറയാറുണ്ട്.
ആ ഇടക്കാണ് ഉപ്പാക്ക് അന്യമതക്കാരിയുമായി അടുപ്പമുണ്ടാകുന്നതും നാടുവിടുന്നതും.പിന്നീട് കുറേകാലത്തേക്ക് ഉപ്പയെ കുറിച് ഒരു വിവരവും ഇല്ലായിരുന്നു.ആ സ്ത്രീയിൽ ഉപ്പാക്ക് ഒരു മകളുണ്ടായെന്ന് പലരും പറഞ് ഞങ്ങളും അറിഞ്ഞിരുന്നു.അവസാനം അമിത മദ്യപാനം മൂലം രോഗബാധിതനായി തിരിച്ചെത്തിയ ഉപ്പ കൂടുതൽനാൾ ജീവിച്ചില്ല.ഉപ്പാന്റെ മരണ ദിവസമാണ് ഞാൻ ആദ്യമായി ആ സ്ത്രീയെയും അവരുടെ കൂടെ വന്ന 6 വയസ്സുകാരിയെയും കാണുന്നത്...
അന്ന് അവരോടും മകളോടും വളരെ ക്രൂരമായി പെരുമാറുകമാത്രമാണ് ഞാൻ ചെയ്തത്.
ഉമ്മയുടെ കണ്ണിൽ പെടാതിരിക്കാൻ ഞാൻ അവരെ അവിടെനിന്നും പറഞ്ഞു
വിടുകയായിരുന്നു.അവർക്ക് നേരെ കുരച്ചുചാടിയ എന്നെ ഭയത്തോടെയായിരുന്നു ആ കുഞ്ഞുകണ്ണുകൾ നോക്കിയത്.അതിന് ശേഷം രണ്ടു മൂന്ന് തവണ എന്നെക്കാണാൻ അവർ ശ്രമിച്ചിരുന്നെങ്കിലും ഞാൻ മനപൂർവം ഒഴിഞ് മാറുകയായിരുന്നു.പക്ഷേ ഇന്നവൾ അനാഥാലയത്തിൽ....
സുഹൃത്തും പഞ്ചായത്തു പ്രസിഡന്റുമായ മജീദിക്കാനേ വിളിച്ചു അവളെ കാണാനുള്ള സഹായം ആവശ്യപ്പെട്ട് അവളുടെ അടുത്തേക്ക്
പോകുമ്പോഴും അവളെങ്ങനെ എത്തി അനാഥാലയത്തിൽ.? അപ്പോ അവളുടെ അമ്മ എവിടെ? അങ്ങനെ ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ മാത്രമായിരുന്നു എന്റെ മനസ്സിൽ...
അവിടുത്തെ വാർഡൻ മുകേനെയാണ് രണ്ടു
വർഷങ്ങൾക്ക് മുൻപ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന് തീ പിടിച് അവളുടെ അമ്മയടക്കം നാല് സ്ത്രീകൾ മരണപെട്ടന്നും ചൈൽഡ് ലൈൻ വഴിയാണ് അവളിവിടെ എത്തിയതെന്നും അറിയാൻ കഴിഞ്ഞത്
അവളെ എന്റെ അടുത്തേക്ക് വിളിച്ചപ്പോൾ അന്ന്
ഞാൻ കണ്ട അതെ ഭയം തന്നെയാണ് അവളുടെ കണ്ണുകളിൽ കാണാൻ കഴിഞ്ഞത്.
എന്താ മോളുടെപേര്...ദേവൂട്ടി....മോൾക്ക് എന്നെ മനസ്സിലായോ? മനസ്സിലായി എന്നർത്ഥത്തിൽ അവൾ തലയാട്ടി ..
എന്നാ പറ ആരാ...? എന്റെ ഏട്ടൻ ചിരിച്ചുകൊണ്ടാണവൾ മറുപടി പറഞ്ഞത്...
അവളുടെ ആ മറുപടി കേട്ടപ്പോൾ ഏട്ടനെന്ന വിളിക്ക് എത്രമാത്രം മധുരമുണ്ടെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു..
അവളെ ചേർത്ത് പിടിച്ചു... ദേവൂട്ടി വരുന്നോ ഈ ഏട്ടന്റെ കൂടെ ഏട്ടന്റെ വീട്ടിലേക്ക്‌ .....
ഒന്നും മിണ്ടാതെ തറയിലേക്ക് നോക്കി
നിൽക്കുയാണ് അവള് ചെയ്തത്
അവളെ കൂടെ കൂട്ടാൻ വേണ്ടി ആവശ്യമായ അവിടുത്തെ എല്ലാ നിയമാവലികളും ചെയ്തു തന്നിരുന്നത് മജീദിക്കയായിരുന്നു.
അവിടുത്തെ മറ്റുകുട്ടികളോട് ഇതെന്റെ ഏട്ടനാ..
എന്നെ കൊണ്ടുപോകാൻ വന്നതാ എന്നൊക്കെ പറഞ് തുള്ളിച്ചാടുകയായിരുന്നു ദേവൂട്ടി...
യാത്ര പറഞ് ഇറങ്ങുബോൾ ഞാൻ അനാഥയല്ല എനിക്കൊരു ഏട്ടനുണ്ട് എന്നർത്ഥത്തിൽ എന്റെ കൈകൾ മുറുകെ പിടിച്ചിരുന്നവൾ..
വീട്ടിലേക്കുള്ള ദൂരം കുറയുന്തോറും ഉമ്മയും സജ്നയും എങ്ങനെ പ്രതികരിക്കും എന്നറിയാത്തത് കൊണ്ട് ഹൃദയമിടിപ്പിടിന്റെ വേഗത കൂടുകയായിരുന്നു.
ദേവൂട്ടിയെ പുറത്തു വണ്ടിയിൽ ഇരുത്തിയാണ് ഞാൻ അകത്തേക്ക് പോയത്
നീ എവടെആയിര്ന്ന് ഉച്ചക്ക് ചോറിനും കണ്ടില്ല നിന്നെ.വരൂലെങ്കിൽ വിളിച്ചുപറയണ്ടേ.ഞാൻ കുറെകാത്തിരുന്നു.അവസാനം ഞാൻ ബെയ്ച്ചു.ഇജ്ജ് കയ്യ് കഴികിവാ.ഞാൻ ചോർ എടുത്തുവെക്കാം.സജ്നാനെ ഓളെ അനിയൻ ഇവടെകൊടുന്നാക്കി പോയി.അളിയനെ കാണാൻ കുറെ ഇരുന്നു ആ പാവം.എന്നൊക്കെ പറയുകയാരിന്നു ഉമ്മ.
സജ്‌നയെയും ഉമ്മാനേയും അടുത്തിരുത്തി കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ ഉമ്മാന്റെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചു. ഉമ്മാന്റെ ഭാവം കണ്ടിട്ടാകണം സജ്നയും ഒന്നും മിണ്ടാഞ്ഞത്.
അൽപ്പനേരത്തെ മൗനത്തിന് ശേഷമാണ് എന്നിട്ട് അവളെവിടെയെന്ന് ഉമ്മചോദിച്ചത്...പുറത്തു വണ്ടിയിലുണ്ടെന്ന് പറഞ്ഞപ്പോൾ സജ്‌ന ഇയ്യ്‌ പോയി അവളെ അകത്തേക്ക് കൊണ്ടുവായെന്ന്
ഉമ്മപറഞ്ഞപ്പോഴാണ് ശ്വാസം നേരെവീണത്....
ഉമ്മാ ...അവളെ അവളുടെയമ്മ വളർത്തിയിരുന്നത് അവരുടെ രീതിയിലും വിശ്വാസത്തിലുമാണ് ഇനിയിപ്പോ എങ്ങനെയാ?നാട്ടുകാരുടെ ഇടയിൽ..
അതിനെന്താടാ..ഇതുവരെ റംസാനും പെരുന്നാളും മാത്രമാഘോഷിച്ച നമ്മളിനി ഓണവും വിഷുവുംകൂടി ആഘോഷിക്കണം അത്രേയൊള്ളൂ .പിന്നെ നാട്ടുകാര്..നിന്റെ ഉപ്പ നിന്നെയും എന്നെയും വിട്ട് പോകുമ്പോഴും ഇവൾ അനാഥാലയത്തിലായപ്പോഴും ഒരു നാട്ടുകാരെയും കണ്ടില്ലല്ലോ ഞമ്മള്...കുറച് ദിവസം ചൂടും പുകയുമൊക്കെയുണ്ടാകും പതിയെ അത് മാറിക്കോളും സജ്നയുടെ കയ്യും പിടിച്ചു അകത്തേക്ക് കയറിവരുന്ന അവളെ നോക്കിയാണ് ഉമ്മപറഞ്ഞത്
നാട്ടുകാരുടെയും ബന്ധുക്കാരുടെയും അഭിപ്രായങ്ങൾക്ക് ചെവികൊടുക്കാതെ വീട്ടിൽ നമസ്കാരമുറിക്ക് അടുത്തുതന്നെ പൂജാ മുറിയും വന്നു...
ഇന്നവൾക്ക് ഭക്ഷണം വിളമ്പികൊടുക്കുമ്പോഴും അവളുടെ കൊച്ചുകൊച്ചു കുസൃതികൾക്ക് അവളെ ശാസിക്കുമ്പോഴും കൂടെയിരുത്തി പാഠങ്ങൾ പഠിപ്പിക്കുമ്പോഴും സജ്നയും ഒരു ഉമ്മയായി മാറുകയായിരുന്നു.....
ആമിനതാത്താന്റെ മോള് ദേവൂട്ടിയെന്ന് നാട്ടുകാര് കളിയാക്കി വിളിക്കുമ്പോഴും ആ വിളി ഞങ്ങൾക്ക് ഒരുപാട് സന്തോഷം തന്നിരുന്നു.....
(ശുഭം)
Askar Sha

സന്താന ഭാഗ്യം

വിവാഹത്തിന് ശേഷം ഞാനും ഹരിയേട്ടനും ബാംഗ്ലൂരായിരുന്നു താമസം ഹരിയേട്ടന് ഇവിടുത്തെ ഐ ടി കമ്പനിയിലായിരുന്നു ജോലി .ഞാനും കുറച്ചുകാലം പഠിച്ചതും ഇവിടെ തന്നെയായിരുന്നു.അത്കൊണ്ട് എനിക്കും ആവശ്യത്തിന് കൂട്ടുകാരികൾ ഇവിടെ ഉണ്ടായിരുന്നു
പഠിക്കുന്ന കാലത്താണ് ഹരിയേട്ടനെ പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും .ഏട്ടന് അമ്മ മാത്രമേ ഉള്ളൂ.വലിയ തറവാട്ടുകാരായത് കൊണ്ടുതന്നെ ഇരുവീട്ടിലും കല്യാണത്തിന് ഏതൊരു വിധ എതിർപ്പും ഉണ്ടായിരുന്നില്ല.കല്യാണത്തിന് ശേഷം അമ്മയുടെ നിര്ബന്ധപ്രകാരമാണ് ഹരിയേട്ടൻ എന്നെയും ഇങ്ങോട്ട് കൊണ്ടുവന്നത്
ഹരിയേട്ടൻ ജോലിക്ക് പോകുമ്പോൾ എന്നെ എന്റെ കൂട്ടുകാരി മാളുവിന്റെ ഫ്ലാറ്റിൽ കൊണ്ടാക്കാറാണ് പതിവ് . ജോലി കഴിഞ് രാത്രി എന്നെയും കൂട്ടി പുറത്തുനിന്ന് ഭക്ഷണം കഴിച്ചിട്ടാണ് വീട്ടിൽ തിരിച്ചെത്താറ്. ഒഴിവ് ദിവസങ്ങളിൽ സിനിമ ,പാർക്ക് , ഷോപ്പിംഗ് , ബ്യൂട്ടി പാർലർ അങ്ങനെ അടിച്ചുപൊളിച്ചാണ് ഞങ്ങൾ ഇവിടെ കഴിഞ്ഞിരുന്നത്
ഒരുദിവസം ഹരിയേട്ടന് സുഹൃത് ഒരു അപകടം പറ്റി ആശുപത്രിയിലാണെന്ന് പറഞ് നാട്ടിൽ നിന്നും ഫോൺ വന്നത് .അത്യാവശ്യമായി ഞാൻ നാട്ടിൽ പോകുകയാണെന്നും തൽകാലം നീ മാളുവിന്റെ കൂടെ നിൽക്കണം .മൂന്ന് ദിവസം കൊണ്ട് ഞാൻ തിരിച്ചു വരും എന്നും പറഞ്ഞപ്പോൾ ഞാൻ മറുത്തൊന്നും പറഞ്ഞില്ല..
ഹരിയേട്ടൻ ഇവിടെ ഇല്ലാത്ത മൂന്ന് ദിവസം
പഴയ കൂട്ടുകാരികളുടെ കൂടെ അടിച്ചു പൊളിക്കാമെന്നും ഞാൻ മനസ്സിൽ കരുതിയിരുന്നു
മാളുവിനെ വിളിച് മൂന്ന് ദിവസം അവളുടെ കൂടെ താമസിക്കാനുണ്ടാകുമെന്ന് പറഞ്ഞപ്പോൾ അവൾക്കും സന്തോഷമായിരുന്നു .ഏട്ടനെ യാത്രയാക്കി കൂട്ടുകാരികളുടെ കൂടെ സൗഹൃദം ആഘോഷിക്കുമ്പോഴായിരുന്നു ചെറിയ തലകറക്കത്തിലൂടെ ഞാൻ ഗർഭിണി ആണെന്നറിഞ്ഞത്.ഒന്ന് കൂടി ഉറപ്പ് വരുത്താൻ വേണ്ടി അടുത്തുള്ള ലാബിൽ പോയി ടെസ്റ്റ് ചെയ്തു .റിസൾട്ട് പോസിറ്റീവ് തന്നെ ആയിരുന്നു
സന്തോഷം കൊണ്ട് ഹരിയേട്ടനെ ഫോൺ വിളിക്കാനിരുന്നഎന്നെ മാളു തടയുകയായിരുന്നു
കാര്യം മനസ്സിലാകാതെ അവളെ നോക്കിയ എന്നോട് നീ ഒന്ന് കൂടി ആലോചിച്ചിട്ട് ഹരിയെ വിളിച്ചാമതി. ഇപ്പൊ ഈ കുഞ്ഞിനെ നിനക്ക് വേണോ, വിവാഹം കഴിഞ്ഞിട്ട് ആകെ നാല് മാസമല്ലേ ആയിട്ടുള്ളു അതിനിടക്ക് ഒരു കുഞ്ഞെന്നൊക്കെ പറഞ്ഞാൽ.....
നമ്മൾ പെണ്ണുങ്ങൾ പ്രസവിച്ചു കഴിഞ്ഞാൽ പിന്നെ ഭർത്താക്കന്മാർക്ക് പഴയ പോലെ നമ്മളോട് സ്നേഹമോ താല്പര്യമോ ഇപ്പോ ഉള്ള പോലെ അടിച്ചുപൊളി ജീവിത ശൈലിയോ ഒന്നും തന്നെ ഉണ്ടാകില്ല.കുഞ്ഞിനേയും നോക്കി വീട്ടിലെ നാല് ചുവരുകൾക്കുള്ളിൽ തീരും നമ്മുടെ ജീവിതം
നീ എന്നെയും ഏട്ടനേയും നോക്ക്, എന്ത് സന്തോഷത്തിലാ ഞങ്ങൾ ജീവിക്കുന്നത് അതിന്
കരണമെന്താ ഞാൻ ഇപ്പോഴും ചെറുപ്പമാ.
കല്യാണം കഴിഞ്ഞ അതെ ആനന്ദത്തിലാ ഞങ്ങൾ ഇപ്പോഴും ജീവിക്കുന്നത് നമ്മൾസ്ത്രീകൾക്ക് ഒരു പ്രസവത്തോട് കൂടി നമ്മുടെ സൗന്ദര്യവും ശരീരവടിവും നഷ്ട്ടമാകും പിന്നെ ഭർത്താക്കന്മാർക്ക് നമ്മളോട് പഴയപോലെ താല്പര്യം ഉണ്ടാവില്ല.അങ്ങനെയാണ് പല പുരുഷന്മാർക്കും പരസ്ത്രീ ബന്ധം പോലും
ഉണ്ടാകുന്നത് .അത് കൊണ്ടാണ് ഞങ്ങളുടെ ജീവിതത്തിൽ ഉടനെ ഒരു കുഞ് വേണ്ടന്ന് ഞങ്ങൾ തീരുമാനിച്ചത് .
ഞാൻ പറയാനുള്ളത് പറഞ്ഞു ബാക്കി നിന്റെ ഇഷ്ട്ടം പോലെ ചെയ്യ് ഇപ്പോഴാണെങ്കിൽ ഹരി ഇവിടെ ഇല്ല ആരും ഒന്നും അറിയില്ല എന്നവൾ പറഞ്ഞപ്പോഴാണ് അവൾ പറഞ്ഞത് ശെരിയാണെന്ന് എനിക്കും തോന്നിയത്
അങ്ങനെയാണ് അടിച്ചുപൊളി ജീവിതവും.ആരെയും ആകർഷിക്കുന്ന തന്റെ ശരീര വടിവും നഷ്ടമാവാതിരിക്കാൻ എന്റെ വയറ്റിൽ വളരുന്ന ജീവന്റെ തുടിപ്പിനെ കൊല്ലാൻ ഞാൻ തീരുമാനിച്ചത്...
അതിന് വേണ്ടിയാണ് ഡോക്ടറായ മാളുവിന്റെ
സുഹൃത്തിന്റെ സഹായം തേടിയത്
മാളുവിനോട് പുറത്തു നിൽക്കാൻ ആവശ്യപ്പെട്ട് ഡോക്ടർഎന്നോട് അകത്തേക്ക് വരാൻ പറഞ്ഞു.കൂടെ റൂമിലേക്ക് ഒരു മലയാളി ചേച്ചിയെയും ഭർത്താവിനെയും വിളിച്ചുവരുത്തി ,
അവരെ ചൂണ്ടി കാണിച് എന്നോട് പറഞ്ഞു .
നോക്ക് മോളെ ഇവരുടെ കല്യാണം കഴിഞ്ഞിട്ട് 22വർഷമായി ഇതുവരെ സന്താനഭാഗ്യം ഉണ്ടായിട്ടില്ല അതിന്റെ പേരിൽ കയറിഇറങ്ങാതെ അമ്പലങ്ങളോ ആശുപത്രികളോ ഇല്ല.
ഇവർ ഒരു കുഞ്ഞിന് ജന്മം കൊടുക്കാനുള്ള ആഗ്രഹത്തിൻമേലാണ് ഇപ്പോഴുംഎന്റെ അടുത്തുവന്നിട്ടുള്ളത്.
സന്താനഭാഗ്യമെന്ന് പറയുന്നത് ദൈവം തരുന്ന ഒരു സമ്മാനമാണ് അത് നമ്മളിപ്പോ വേണ്ടന്ന് വെച്ചാൽ ചിലപ്പോ പിന്നീട് ഒരിക്കലും ആ ഭാഗ്യം നമുക്ക് ഉണ്ടായെന്ന് വരില്ല,മോള് ആലോചിച്ചു ഒരു തീരുമാനമെടുക്ക്. എന്റെ മകളെ പോലെ കണ്ടിട്ടാണ് ഞാൻ മോളോട് ഇത്രെയും പറഞ്ഞത് എന്നിട്ടും അബോർഷൻ ചെയ്യണമെന്നാണ് നിന്റെ തീരുമാനമെങ്കിൽ നമുക്ക് ചെയ്യാം
ഡോക്ടറുടെ ആ വാക്കുകൾ കേട്ടപ്പോഴാണ് ഒരു കുഞ്ഞിനെ കൊല്ലാൻ മാത്രം ക്രൂരയായി പോയല്ലോ ഞാനെന്ന് തിരിച്ചറിഞ്ഞത്...,
വേണ്ട ഡോക്ടർ ഇപ്പോഴത്തെ സന്തോഷ ജീവിതത്തിന് വേണ്ടി എന്റെ വയറ്റിൽ വളരുന്ന ഹരിയേട്ടന്റെ കുഞ്ഞിനെ എനിക്ക് കൊല്ലണ്ട എന്റെ അവിവേകത്തിന് ഡോക്ടർ ക്ഷമിക്കണം എന്ന് പറഞ്ഞിറങ്ങുമ്പോഴും ഒരു നിമിഷമെങ്കിലും എന്റെ കുഞ്ഞിനെ കൊല്ലാൻ ഞാൻ ആഗ്രഹിച്ചല്ലോ എന്നോർത് എന്നോട് തന്നെ വെറുപ്പുതോന്നിയിരുന്നു
ഹരിയേട്ടനെ വിളിച് ഒരച്ഛനാകാൻ പോകുന്നു എന്ന് പറഞ്ഞപ്പോഴുള്ള ഹരിയേട്ടന്റെ ആഹ്ലാദം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു
താൻ ഗർഭിണിയാണെന്നറിഞ്ഞത് കൊണ്ട് ഹരിയേട്ടന്റെ കൂടെ അമ്മയും വന്നിരുന്നു .ഒരു കൊച്ചു കുട്ടിയെ പോലെ അമ്മയും ഹരിയേട്ടനും എന്നെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുമ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട്
വയറ്റിൽ ചെവിവെച്ചു കുഞ്ഞാവയുടെ അനക്കമുണ്ടോന്ന് ഹരിയേട്ടൻ നോക്കുമ്പോഴും ഉറക്കമില്ലാത്ത രാത്രികളിൽ എനിക്ക് വേണ്ടി കൂട്ടിരിക്കുമ്പോഴും ഒരു ഭർത്താവിന് ഭാര്യയോട് ഏറ്റവും കൂടുതൽ സ്നേഹവും താല്പര്യവും തോന്നുന്നത് അവളൊരു അമ്മയാകാൻ പോകുന്നു എന്നറിയുബോഴാണെന്ന് ഞാൻ മനസ്സിലാക്കുകയായിരുന്നു....
അറിയാതെയാണെങ്കിൽ പോലുംഞാൻ ചെയ്യാനിരുന്ന മഹാപാപം ഏട്ടനോട്പറഞ്ഞാലോ എന്ന് പലപവട്ടം ആലോചിച്ചിട്ടുണ്ട്.ഹരിയേട്ടന്റെ പ്രതികരണം എങ്ങനെയാകും എന്നറിയാത്തത് കൊണ്ട് ഉള്ളിൽ ഭയമായിരുന്നു. അത്കൊണ്ട്തന്നെയാണ് പറയാതിരുന്നതും...
കാത്തിരിപ്പിനൊടുവിൽ ഞാൻ ഒരു പെൺകുഞ്ഞിന് ജന്മം കൊടുത്തതറിഞ് ഓടി കിതച്ചെത്തിയ ഏട്ടന്റെ കയ്യിലേക്ക് അമ്മ കുഞ്ഞിനെ കൊടുക്കുമ്പോൾ ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാൻ താനാണെന്ന പോലെയായിരുന്നു ഏട്ടന്റെ മുഖത്തെ സന്തോഷം
ഒരമ്മയാകുമ്പോയാണ് ഒരു സ്ത്രീയുടെ ജീവിതം പൂർണ്ണമാകുന്നത് ,സുന്ദരമാകുന്നതെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു .ദൈവം തരുന്ന സമ്മാനം തന്നെയാണ് കുഞ്ഞുങ്ങൾ അതിനെ വേണ്ടെന്ന് വെച്ചാൽ പിന്നെ നമ്മളാഗ്രഹിക്കുന്ന സമയത്തു ദൈവം തന്നെന്നുവരില്ല
അത്കൊണ്ട് തന്നെയായിരിക്കും വർഷമേറെ കഴിഞ്ഞിട്ടും ഒരുകുഞ്ഞിന് വേണ്ടി ഇന്ന് മാളുവും ഭർത്താവും കയറിഇറങ്ങാതെ അമ്പലങ്ങളോ ആശുപത്രികളോ ഇല്ലാത്തത്
ഹരിയേട്ടനോടും ഞങ്ങളുടെ മോളോടും ഞാൻ ചെയ്യാനിരുന്ന തെറ്റ് എന്നോടൊപ്പം തന്നെ മൺമറയട്ടെ ചില സത്യങ്ങൾ മറച്ചുവെക്കുന്നത് തന്നെയാണ് സന്തോഷമുള്ള കുടുംബ ജീവിതത്തിന് നല്ലത് .....!
എല്ലാവർക്കും സന്താന ഭാഗ്യം ഉണ്ടാവട്ടെ എന്ന
പ്രാർത്ഥനയോടെ ..... (ശുഭം )
__രചന :Askar sha_________________

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo