Showing posts with label AKCAli. Show all posts
Showing posts with label AKCAli. Show all posts

കണക്ക്

 


ഇത്തവണ തേങ്ങ മറിച്ചു വിറ്റ കണക്കാണ് അമ്മ ചോദിച്ചത്...

എന്റെ കാര്യം കൂടി നടക്കണ്ടേ അമ്മേ എന്ന് ഞാന് ചോദിച്ചതിന്..
അമ്മയുടെ സ്ഥിരമുത്തരം തന്നെ
അതിനു സ്വന്തമായി അധ്വാനിച്ചുണ്ടാക്കണമെന്നായിരുന്നു
പരിഹാസ ഭാവം വേറെയും...
സ്വന്തമായി അധ്വാനിച്ച് വല്ലതും ഉണ്ടാക്കിയ ഈ ഓണം കേറാ മൂലയിൽ താമസിക്കോ പറക്കില്ലേ എങ്ങോട്ടെങ്കിലും എന്ന് ഞാന് പറഞ്ഞതിന്..
റേഷന് കാര്ഡിൽ നിന്ന് പേര് വരെ വെട്ടുമെന്നായിരുന്നു പെറ്റ തള്ളയുടെ ഭീഷണി...
കണക്കിൽ വലിയ പിടിയില്ലേലും ഞാൻ മറിച്ചു വിക്കണതിൻ കണക്കൊക്കൊ അമ്മ കണ്ടു പിടിക്കാൻ തുടങ്ങീക്കണ്...
പല കള്ളത്തരവും പിടിക്കപ്പെട്ടു തുടങ്ങിയ സ്ഥിതിക്ക് ഇനി അതീവ ശ്രദ്ധയോടെ വേണം കാര്യങ്ങള് ചെയ്യാന് എന്ന് തീരുമാനിച്ചു..
മട്ട് കണ്ടിട്ട് ഇത്തവണ ഞാന് പ്ലാൻ ചെയ്ത ഊട്ടി ട്രിപ്പ് ഓട്ട വീണ ജട്ടി പോലെയാവാനുള്ള സാധ്യതയാണ് കാണണത്..
പോകാത്ത അമ്പലങ്ങളുടെ പേര് പറഞ്ഞു ഇത്തവണയും അമ്മയുടെ കയ്യിൽ നിന്നും കുറച്ചു പൈസ കൂടി തരപ്പെടുത്തി എടുക്കണം...
തിരുപ്പതി പറഞ്ഞൊരു വട്ടം വാങ്ങി വീട്ടില് വന്നപ്പോള് കള്ളക്കളി പിടിക്കപ്പെട്ടത് തല മൊട്ടയടിക്കാത്തത് കണ്ടായിരുന്നു..
ഇത്തവണ ആചാര ചടങ്ങ് നോക്കി തന്നെ ബുദ്ധിയിറക്കണം..
ഊട്ടിയില് പോകാന് ഞങ്ങള് കൂട്ടുകാരെല്ലാരും പ്ലാൻ ചെയ്തതാണ് അതിലേക്ക് ചേർക്കാൻ ഇനിയും വേണം പൈസ..
ഊട്ടിയില് പോണ കാര്യം പറഞ്ഞ അമ്മ ആ വഴി ഓടിക്കും അതിനാല് എന്തെങ്കിലും കള്ളം പറഞ്ഞ് കയ്യിൽ നിന്നും കുറച്ചു പൈസ കൂടി തരപ്പെടുത്തി എടുക്കണം...
അങ്ങനെ ഊട്ടിയില് പോകാന് വീട്ടില് നിന്നും ഇറങ്ങുമ്പോഴാണ് അമ്മ പറഞ്ഞത് ആ തണുപ്പ് മുഴുവന് കൊണ്ട് ഇവിടെ വന്ന് കിടന്നാൽ നോക്കാൻ ഒരാളെ കൂടി കൊണ്ട് വന്നേക്കണമെന്ന്...
അമ്മക്ക് മനസ്സിലായി എന്റെ പോക്ക് ഊട്ടിക്ക് തന്നെയുള്ള പെടാപ്പാടാണെന്ന്..
വരണ വഴി ഒരു തമിഴത്തിയെ കൊണ്ട് വന്നാലോ അമ്മേ എന്ന് ചോദിച്ചതിന് കേട്ടതെല്ലാം ലേറ്റസ്റ്റ് ചീത്തകളായിരുന്നു...
എന്തായാലും കൂട്ടാരുടെ കൂടെ ഊട്ടിക്ക് വിട്ടു
ഊട്ടിയിലെ കുളിരും കാഴ്ചകളും കണ്ട് മതി മറന്നു പോയ നിമിഷങ്ങള്...
ഊട്ടി മൊത്തം കറങ്ങി ഒരു വിധം തളർന്നപ്പോൾ വീട്ടിലേക്ക് തിരിച്ചു പിടിക്കാന് ഞങ്ങള് തീരുമാനിച്ചു....
പാതി രാത്രിയാണ് വീടെത്തിയത്
ആ പാതി രാത്രി തന്നെ അമ്മയെ വാതിലിൽ മുട്ടി വിളിച്ചു...
സാധാരണ ങ്ങോട്ടേലും തെണ്ടാന് പോയ വരാന്തയിൽ കിടന്നു നേരം വെളുപ്പിക്കാറാണ് പതിവ്..
ഇന്ന് നല്ല വിശപ്പുണ്ട് എന്തേലും കഴിക്കണം വെള്ളമൊഴിച്ച് വെച്ച ചോറായാലും മതി എന്ന ചിന്തയോടാണ് വാതിലിൽ തട്ടി അമ്മയെ വിളിച്ചത്...
ഏറെ വിളിച്ചിട്ടും മറുപടി ഒന്നും കിടാഞ്ഞപ്പ ഒന്ന് കൂടി ഉച്ചത്തില് വിളിച്ചു കൂവി ഞാൻ..
അതു കേട്ടാണ് അയലത്തെ വീട്ടിലെ സരളേടത്തി ഉണർന്നതെന്ന് തോന്നുന്നു സരളേച്ചി പുറത്തിറങ്ങി വന്നു..
എന്നെ കണ്ടപ്പോ തന്നെ സരളേടത്തി രണ്ട് ചീത്ത വിളിച്ചു..
പിന്നെയാണ് പറഞ്ഞത് അമ്മ ഒന്ന് തലകറങ്ങി വീണതും ആശുപത്രിയില് കൊണ്ടുപോയിരിക്കാണ് എന്ന കാര്യവും..
എന്റെ ഉള്ളില് ഒരു പിടച്ചിൽ പാഞ്ഞു കയറി
ഞാൻ പോയാല് അമ്മ തനിച്ചാണ് വീട്ടില് എന്നത് ഞാന് മറക്കാന് പാടില്ലാത്തൊരു കാര്യമായിരുന്നു.....
ഞാൻ ഉടനെ ഒരു ഓട്ടോ തരപ്പെടുത്തി ആശുപത്രിയിലേക്ക് തിരിച്ചു....
ആശുപത്രിയിലേക്ക് പോകുമ്പോൾ എന്റെ കണ്ണുകള് നിറഞ്ഞൊഴുകിയിരുന്നു...
എന്നെ വിട്ടാല് അമ്മക്കാരാ എന്നതൊരിക്കലും ഞാനോർത്തിട്ടില്ല ചിന്തിച്ചിട്ടില്ല...
എല്ലാമറിയാമായിരുന്നിട്ടും അമ്മ ഒരിക്കലും എന്റെ സന്തോഷങ്ങൾക്ക് എതിരു നിന്നിട്ടില്ല..
എന്നും അമ്മയുടെ രണ്ട് വഴക്ക് കേട്ടില്ലേൽ ആ ദിവസം തന്നെ ഒരു സുഖമില്ലാത്ത പോലായിരുന്നു..
എപ്പോഴും എന്റെ ഉയർച്ച മാത്രം ചിന്തിക്കുന്ന അമ്മയെ ഞാന് എവിടെയും കാണാൻ ശ്രമിച്ചില്ല...
ഞാനൊരു കര പറ്റുന്നതാണ് അമ്മയുടെ സ്വപ്നമെന്ന് അമ്മ പറയുമ്പോഴെല്ലാം ഞാനൊരു ചിരിയോടെ അതു മറു ചെവിയിലൂടെ പുറത്തേക്ക് വിട്ടിരുന്നു...
ഒരു ഇടർച്ചയോടെ ഞാൻ എന്നോട് തന്നെ ചോദിച്ചു അമ്മ കൂടി ഇല്ലേൽ പിന്നെ ഞാൻ തനിച്ചല്ലേ....
എന്റെ കണ്ണുകളിൽ ഇരുട്ട് പടരുന്നത് പോലെ തോന്നി..
ആശുപത്രിയില് എത്തിയ പാടെ ഞാൻ അമ്മയെ കിടത്തിയ ഇടം കണ്ടെത്തി..
അമ്മയുടെ അടുത്ത് എത്തും വരെ എന്റെ മനസ്സിന് ഒരു സമാധാനവും ഉണ്ടായിരുന്നില്ല..
അമ്മയുടെ അടുത്തേക്ക് ഞാൻ നടന്നു അമ്മയെ കിടത്തിയിരുക്കുന്ന റൂമിന്റെ വാതില് ഞാൻ തുറന്നു..
എന്റെ വരവ് പ്രതീക്ഷിച്ചെന്ന പോലെ അമ്മ വാതിൽക്കലേക്ക് നോക്കി കിടക്കുന്നതാണ് ഞാൻ കണ്ടത്..
ആ കാഴ്ച കണ്ടപ്പോള് എന്റെ കണ്ണുകള് ഒന്ന് കൂടി നിറഞ്ഞു...
അതു കൊണ്ടാവണം അമ്മ പറഞ്ഞത് അമ്മക്ക് ഒന്നുമില്ല വീട്ടില് പോയി കിടക്കാം എന്ന്
പിന്നെ ഈ കൊണ്ട് വന്ന ഈ മാത്തുകുട്ടി സമ്മതിച്ചില്ല എന്നൊക്കെ..
നീ എന്തേലും കഴിച്ചോ എന്നായിരുന്നു പിന്നെ അമ്മ ചോദിച്ചത്...
ഞാൻ നിറ കണ്ണുമായി അമ്മയുടെ അടുത്തിരുന്നു...
എന്നെ സമാധാനപ്പെടുത്താൻ അമ്മ ഓരോന്നും പറഞ്ഞു കൊണ്ടിരുന്നു..
പിറ്റേ ദിവസം ഡിസ്ചാര്ജ് ചെയ്തു അമ്മയേയും കൂട്ടി പോകുമ്പോൾ അടുത്തുള്ള അമ്പലത്തില് അമ്മയേയും കൂട്ടിയിറങ്ങി ഒന്ന് പ്രാർത്ഥിച്ചു...
പിന്നീടുള്ള ദിവസങ്ങളില് വീട്ടിൽ തന്നെ ഞാനിരിക്കണത് കണ്ടമ്മ ചോദിച്ചു നീ പുറത്തൊന്നും പോണില്ലേ എന്ന്..
എനിക്ക് അമ്മയോട് പറയണമെന്നുണ്ട് ഞാൻ പോയാല് അമ്മ തനിച്ചല്ലേ ഇവിടെ എന്ന് എങ്കിലും ഞാൻ അമ്മയോടത് പറഞ്ഞില്ല..
അമ്മയോടൊപ്പം തന്നെ ഇനി ഇപ്പൊ..
വീട്ടിലൊരുത്തി വരും വരെ എന്ന് പറയുമ്പോള് അമ്മ അത്ഭുത പൂർവ്വം എന്നെ നോക്കുന്നുണ്ടായിരുന്നു...
അമ്മയുടെ ആഗ്രഹങ്ങളിലേക്കുള്ള പുലരികളെ ചേർത്തു പിടിച്ചായിരുന്നു പിന്നെയുള്ള എന്റെ ചുവടുകൾ....
അമ്മയുടെ സന്തോഷം എന്നിലൂടെയാണേൽ അതല്ലേ ഇനി ഞാൻ പൂർത്തിയാക്കേണ്ടത്...
എങ്കിലും അമ്മയുടെ രണ്ട് ചീത്ത കേൾക്കാൻ ഞാൻ ഇപ്പോഴും നിന്ന് കൊടുക്കും...
അതാണ് എനിക്കിഷ്ടവും...
എ കെ സി അലി

മച്ചി

Image may contain: 1 person, selfie and closeup
അമ്മിണിപ്പശു  പ്രസവിച്ചതായിരുന്നു അതിരാവിലെ വേലിക്കൽ നിന്ന് വീട്ടുകാരുടെ ചർച്ച...
ചൂലെടുത്ത് മുറ്റമടിക്കാൻ പോയവൾ കലങ്ങിയ കണ്ണുകളുമായി അകത്തേക്ക് കയറി പോവുമ്പോൾ ഞാൻ മനസ്സിലാക്കിയിരുന്നു ആരെങ്കിലും മുനവെച്ച് അവളോട് സംസാരിച്ചു കാണും എന്ന്..
ഒരു കുഞ്ഞിനായി നേർച്ചകൾ പ്രാർത്ഥനകൾ പരിഹാര ക്രിയകൾ എന്തിന് ശത്രു സംഹാര പൂജവരെ നടത്തി നോക്കി..
അവൾക്ക് വിശേഷമുണ്ടെന്നൊരു ശുഭ വാര്‍ത്ത പ്രതീക്ഷിച്ചങ്ങനെ കാത്തിരുന്നു എല്ലാ ദിവസവും അതു പോലെ തന്നെ കടന്നു പോയി..
കെട്ടിക്കൊണ്ട് വന്നു വർഷമെത്രയായി ഒരു കുഞ്ഞിക്കാലെന്ന സ്വപ്നം ആരും കാണാതെ ഉള്ളിലിട്ടു പൂട്ടിയത് അവളുടെ കണ്ണീരു കുറയാനായിരുന്നു അവൾ തളരാതിരിക്കാൻ വേണ്ടിയായിരുന്നു..
പേരക്കുട്ടിയെ ലാളിക്കാനും താലോലിക്കാനുമുള്ള അമ്മയുടെ ആഗ്രഹങ്ങൾ അവളുടെ കാലെടുത്തു വെച്ചതോടെ ഇല്ലാതെയായി എന്നുള്ള വാക്കുകൾ കേട്ട് പാതി മരിച്ചു തുടങ്ങിയവൾ..
കുടുംബ വേര് അറ്റു പോകുമോ എന്നൊരാധി പുറമെ കാണിക്കാതെയുള്ള അച്ഛന്റെ മൗനങ്ങളിൽ
അവൾ വിഷമിച്ചു പോകാൻ തുടങ്ങിയിട്ടുണ്ട്..
എന്റെ സ്വന്തം പെങ്ങന്മാരാണേൽ മച്ചിയെന്ന വിളികളോടെ അവളെ എതിരേൽക്കാൻ തുടങ്ങിയിരിക്കുന്നു..
വന്നു കയറിയ ചേച്ചിയമ്മമാരണവൾക്ക് അടുക്കളയിൽ പിടിച്ചു നിൽക്കാൻ ഇത്തിരിയെങ്കിലും കരുത്ത് നൽകിയത്..
കുടുംബ ചടങ്ങുകളിൽ അവൾ വന്നിട്ടുണ്ടെന്നറിയിക്കാനെങ്കിലും ചെന്നു നിൽക്കുമ്പോൾ വിശേഷമൊന്നുമായില്ലേ എന്ന പലരുടെയും തിരക്കി നോക്കലുകളിൽ അവളുടെ ഉള്ളം കലങ്ങി വീണിട്ടുണ്ട്..
എന്റെ ആശ്വാസ വാക്കുകളിൽ പോലും ഇപ്പൊ അവളുടെ കണ്ണീർ ശമിക്കാതെയായി വരുന്നുണ്ട്..
അവളും ഒരു പെണ്ണാണ് ചോരയും നീരുമുള്ള നല്ല മനസ്സുള്ളൊരു പെണ്ണ് ..
കുറ്റപ്പെടുത്തിയുള്ള വാക്കുകൾ കേൾക്കുമ്പോൾ മറുത്ത് പറയാൻ പഠിക്കാത്ത പെണ്ണ്..
കുത്തു വാക്കുകൾക്കു മുമ്പിൽ കണ്ണു കലക്കി നിൽക്കാൻ പഠിച്ച പെണ്ണ്..
ഇന്നവളെ ഞാൻ അടുത്ത് പിടിച്ചിരുത്തി എന്നിട്ട് പറഞ്ഞു
ഞാൻ നിന്നെ കെട്ടി കൊണ്ട് വന്നത് ജീവിതാവസാനം വരെ കൈ വിടില്ല എന്ന ഉറച്ച വിശ്വാസത്തോടെയാണ്
ഒരു കുഞ്ഞു ജനിച്ചില്ല എന്ന് വെച്ച് നിന്നെ ഞാൻ പാതിയിലിട്ടു പോവില്ല ആ കാര്യം പറഞ്ഞു നോവിക്കില്ല..
കുത്തി നോവിക്കുന്നവർക്ക് മുമ്പാകെ നാം ജീവിച്ചു കാണിക്കണം..
ഒരു മുറിയിൽ ഞങ്ങളും ചിരിക്കാൻ തുടങ്ങി ഉള്ളതെല്ലാം വീണ്ടും പങ്കിട്ടു കൊണ്ട് ജീവിതത്തിന്റെ കയ്പ്പും മധുരവുമെല്ലാം നുകർന്ന് കാലം തള്ളി നീക്കി..
ഒരു ദിവസം വീട്ടിലെത്തിയ ഞാൻ അവൾക്ക് വിശേഷം ഉണ്ടെന്ന് അറിഞ്ഞപ്പോൾ ആഹ്ലാദ ഭരിതനായില്ല പ്രാർത്ഥനയിൽ നനഞ്ഞ മിഴിയോടെ ഞാനവളെ ചേര്‍ത്തു പിടിക്കുകയായിരുന്നു..
അവളും ആഹ്ലാദത്തിലായില്ല സന്തോഷത്തിന്റെ പൊട്ടിക്കരച്ചിലോടെയാണ് കുഞ്ഞിനെയവൾ എതിരേറ്റത്..
ആ കുഞ്ഞിനെ അമ്മയുടെ കൈകളിൽ വെച്ച് കൊടുത്തു കൊണ്ടാണ് അമ്മ ശപിച്ച വാക്കുകൾ അവൾ തിരികെയെടുപ്പിച്ചത്
ആ കുഞ്ഞിനെ അച്ഛന്റെ മടിയിൽ വെച്ച് കൊടുത്താണ് മൗനത്തിലായ അച്ഛന്റെ ഹൃദയം തുറപ്പിച്ചത്
ആ കുഞ്ഞിന്റെ കരച്ചിൽ കേൽപ്പിച്ചു കൊണ്ടാണ് മച്ചിയെന്ന് വിളിച്ച എന്റെ പെങ്ങന്മാർക്കവൾ മറുപടി കൊടുത്തത്..
കുഞ്ഞെന്ന സന്തോഷത്തിന് മിഴികൾ നിറച്ചാണ് ദൈവത്തിനും ഞാനും നന്ദി അറിയിച്ചത്..
ഇന്നവൾ ചാരത്തിരുന്ന് എന്നോട് പറഞ്ഞു പത്തുമാസത്തെ വേദന ഒന്നുമല്ലായിരുന്നു ഏട്ടാ അതിനേക്കാളേറെ വേദന ഞാൻ മുമ്പ് അനുഭവിച്ചിരുന്നു ഇനി ഈ കുഞ്ഞിലൂടെ വേണം ആ വേദനകൾ മറന്നു തുടങ്ങാനെന്ന്..
അവളിലെ സഹനത്തെ ഞാൻ അറിഞ്ഞിരുന്നു
ഇനി ഞാനവൾക്ക് താങ്ങാവുക മാത്രമല്ല വേണ്ടത് അവളുടെ സ്വപ്നങ്ങളിലേക്ക് കൈ ചേര്‍ത്ത് പിടിച്ചു കൊണ്ട് പോകണം കാരണം ഇനിയെങ്കിലും അവളൊന്നു മനസ്സ് നിറഞ്ഞു ചിരിച്ചു തുടങ്ങട്ടെ..
ഭൂമിയോളം ക്ഷമയുള്ള ആ പെണ്ണുമൊന്നു ചിരിച്ചു തുടങ്ങട്ടെ..
---------------
എ കെ സി അലി

സമ്പാദ്യം

Image may contain: 1 person, smiling
നാല്പതു കഴിഞ്ഞ വയസ്സിലൊരു വിവാഹമോ...
കേട്ട പാടെ കെട്ടിച്ചു വിട്ട അനിയത്തിമാരുടെ മുഖം ചുളിയുന്നത് ഞാൻ കണ്ടിരുന്നു..
അനിയന് മാത്രം സന്തോഷമായിരുന്നു കാരണം ഏട്ടനിരിക്കുമ്പോ അവനു കെട്ടാനാവാത്തതിന്റെ പരാതികൾ തെല്ലൊന്നുമല്ല അവനെന്നോട് പറഞ്ഞിട്ടുള്ളത്..
ആ പരാതികൾക്ക് ഇതോടെ അന്ത്യമാകുകയാണ്..
കതിർ മണ്ഡപത്തിലേക്ക് കയറുമ്പോൾ നര വീണ എന്നെ കണ്ട പലരുടെയും ഉള്ളിലെ ഒരു ചോദ്യം ഇത്ര കാലം ഞാനെന്താ കെട്ടാൻ വൈകിയതെന്നതായിരുന്നു..
വീട്ടിലെല്ലാവർക്കുമറിയുന്ന കാര്യമാണത്..
വാത്സല്യം സിനിമ പോലെ തന്നെയാണെന്ന് പറയാം..
അച്ഛൻ നിസ്സാഹായവസ്ഥയിലാക്കി കിടപ്പിലായപ്പോൾ..
അച്ഛന്റെ തിരിച്ചു വരവുകൾ കാത്തു നിന്നപ്പോൾ...
കെട്ടിക്കാൻ രണ്ട് പെങ്ങന്മാർ വീട്ടിൽ പുര നിറഞ്ഞു നിന്നപ്പോൾ
അവരെയെല്ലാം കെട്ടിച്ചു വിട്ടിട്ടേ കെട്ടൂ എന്നൊരു തീരുമാനം പല ഏട്ടൻമാരെപ്പോലെ ഞാനുമെടുത്തു..
അവരെ കെട്ടിച്ചു വിട്ടിട്ടും എന്റെ തീരുമാനം മാറ്റാനായില്ല..
കെട്ടിച്ചു കൊടുത്ത അളിയന്മാരാണേൽ തീരെ ക്ഷമയില്ലാത്തവരായിരുന്നു
ഒന്നിന് പിറകെ ഒന്നായി പെങ്ങന്മാരുടെ പ്രസവങ്ങൾക്കായി വീട് സാക്ഷ്യം വഹിച്ചു കൊണ്ടിരുന്നു..
അങ്ങനെ കാലങ്ങൾ പിന്നെയും കടന്നു പോയി.. അതിനിടക്കാണ് ചോർന്നു തുടങ്ങിയ വീടൊന്നു പുതുക്കി പണിതത്..
ഇപ്പോ ഏതാണ്ട് എല്ലാം കഴിഞ്ഞപ്പോളാണ് അമ്മ എന്റെ തല നരച്ച കഥ പറയാൻ തുടങ്ങിയത്..
അമ്മക്ക് എന്റെ കല്യാണം കഴിഞ്ഞു കാണണമെന്ന മോഹം തോന്നിയത്..
എനിക്കും തോന്നി ഇനിയൊരു തുണയൊക്കൊ ആവാമെന്ന്..
അച്ഛന്റെ സ്ഥാനത്ത് നിന്ന് എല്ലാം ചെയ്യുന്ന അമ്മവാൻ കണ്ടെത്തിയത് ഒരു രണ്ടാം കെട്ടുകാരിയേയും..
ഈ പ്രായത്തിലിതൊക്കൊ കിട്ടു എന്നമ്മാവന്റെ വാക്കുകളും പെണ്ണിനെ കുറിച്ചുള്ള വർണ്ണനകളും കേട്ടറിഞ്ഞപ്പോൾ എതിരഭിപ്രായം എനിക്കുമുണ്ടായില്ല കെട്ടാൻ തന്നെ തീരുമാനിച്ചു..
അല്ലേലും ഈ പ്രായത്തിൽ കെട്ടാൻ പോകുന്ന പെണ്ണിനെ കുറിച്ച് ഇനിയെന്ത് സങ്കൽപ്പങ്ങൾ..
എല്ലാം ഓട്ടവീഴ്ത്തി കാലം കടന്നു പോയില്ലേ..
നരവീണ ജീവിതത്തിന്റെ ഇടനാഴിയിലേക്ക് അവളെ ഞാൻ താലി കെട്ടി കൊണ്ട് വന്നു..
വലതു കാലെടുത്തു വന്നവളോടുമൊത്ത് വർഷം രണ്ട് കടന്നു പോയി..
അനിയനും ഒരുവളുമായി ജീവിതം പങ്കിട്ടു തുടങ്ങി...
നല്ലൊരു ബന്ധം തന്നെ അവനു കിട്ടിയതിൽ സന്തോഷം ഏറെയായിരുന്നു എനിക്കും..
ഞാൻ കെട്ടിക്കൊണ്ട് വന്നവളിലെ പ്രതീക്ഷകളിലേക്ക് ജീവിതം കുറച്ചു തിരിച്ചു വിട്ടപ്പോഴാണ് ഏട്ടനായ ഞാൻ വീട്ടിൽ കർക്കശക്കാരനായും.. അധികാരം പിടിച്ചു വെക്കുന്നവനായും... സ്വന്തം കാര്യം നോക്കുന്നവനുമൊക്കെയായി മാറിയത്..
അമ്മയുടെ മൗനങ്ങൾ കൂടി ആയപ്പോൾ എന്റെ ചുവടുകൾ പതറിയിരുന്നു..
പല ചടങ്ങുകളിലും കർക്കശക്കാരനായ ഏട്ടന്റെ സാന്നിധ്യം പലരും ആഗ്രഹിക്കാതെയായി..
പെങ്ങന്മാരുടെയും അനിയന്റെയും ഏട്ടാ എന്ന വിളികൾക്കെല്ലാം അവർക്കോരോ ആവശ്യങ്ങളുണ്ടായിരുന്നു..
ഇപ്പോഴവർക്ക് ആവശ്യങ്ങളില്ല ഏട്ടാ എന്ന വിളികളില്ല..
അങ്ങിനെയാണ് വീടും പറമ്പുമെല്ലാം അളന്നു ഭാഗം വെക്കാൻ ഞാൻ അമ്മയോട് പറഞ്ഞത്..
എല്ലാവർക്കും സമാസമം വീതിച്ച് അമ്മ നീതി കാണിക്കാൻ ശ്രമിച്ചെങ്കിലും..
മുൻഭാഗത്തുള്ള സ്ഥലത്തിന് വേണ്ടി അളിയന്മാരും പെങ്ങന്മാരും അമ്മയോട് കയർത്തു സംസാരിച്ചു
അതു കണ്ടപാടെ എന്റെ നിയന്ത്രണം വിട്ടതാണ് ഞാൻ സംയമനം പാലിച്ചു..
അങ്ങനെയാണ് എതിരഭിപ്രായം എനിക്കുണ്ടാവില്ല എന്നറിഞ്ഞ് അമ്മ വീടിനു പിറകു വശത്തുള്ള സ്ഥലം എന്റെ പേരിൽ എഴുതി നൽകിയത്..
അനിയന് നാട്ടുനടപ്പ് പോലെ തറവാടു വീടും സ്ഥലവും നൽകി..
ഒരു പരാതിയില്ലാതെ പേരിലാക്കികിട്ടിയ സ്ഥലത്ത് കെട്ടിയവളുടെ ഉള്ള തരി പൊന്നു വിറ്റും ലോണെടുത്തും ഒരു വീട് പണിതു..
ഇന്ന് വീടുമാറ്റമാണ്
തറവാട്ടു മുറ്റത്ത് ഞാൻ ഒഴുക്കിയ വിയർപ്പുകൾ ആരോടും പറയാതെ ഞാനപ്പോഴും സൂക്ഷിച്ചിരുന്നു..
എന്റെ യൗവ്വനം... എന്റെ സ്വപ്നങ്ങൾ.. എന്റെ പാതി ജീവിതം... ഞാൻ ബലിയര്‍പ്പിച്ചതെല്ലാം..
തറവാട്ടു വീട്ടിൽ നിന്ന് എത്ര നിമിഷം കൊണ്ടാണ് പെങ്ങന്മാരും അനിയനും എല്ലാവരും പറിച്ചെറിഞ്ഞത്..
പാലുകാച്ചി സ്വന്തം വീട്ടിലേക്ക് കയറുമ്പോൾ എന്റെ മാത്രം സ്വപ്നങ്ങളുടെ ഭാര ചുമട് എന്റെ തോളിലുണ്ടായിരുന്നു..
കൂടെ കൈ കോർത്ത് പരാതിയില്ലാതെ കണ്ണുകൾ നിറച്ച് ഒരു പെണ്ണും..
നാല്പതാം വയസ്സിലെ സമ്പാദ്യമായി കിട്ടിയവളിൽ ഞാനെന്റെ സങ്കടമെല്ലാം ഇറക്കി വെച്ചു..
അവളിൽ നിന്ന് മാത്രമാണ് ഒന്നും പ്രതീക്ഷിക്കാതെയുള്ള ഏട്ടാ എന്ന വിളി എനിക്ക് ഇപ്പോൾ കേൾക്കാനാവുന്നത്...
സ്റ്റോറി ഓഫ്-
എ കെ സി അലി

പകരക്കാരി

Image may contain: 1 person
സാധാരണ ഉച്ചയൂണിന് ഒരു ഉണക്കമീൻ വറുത്തതെങ്കിലും കാണും
ഇന്ന് ഉച്ചയൂണിനു ചെന്നപ്പോ ഇന്നലെ വെച്ച കറിയും ചോറും മുന്നിലേക്ക് വെച്ച് നിരത്തിയിട്ടമ്മ പറഞ്ഞു ഇന്ന് ഇതേയുള്ളു എന്ന്..
ഞാൻ മനംമടുത്ത് ചോദിച്ചു വറുത്തതൊന്നുമില്ലേ എന്ന്..
വറുത്തത് വല്ലതും വേണെങ്കിൽ മേടിച്ചു കൊണ്ട് വരണം,, അമ്മയുടെ മറുപടി വളരെ ഉച്ചത്തിലുള്ളതായിരുന്നു..
ഇനി ഞാൻ വല്ലതും മിണ്ടിയാ ഇപ്പൊ കിട്ടണതും മുടങ്ങുമെന്നോർത്ത് ഉള്ളത് കഴിച്ച് കൈ കഴുകി..
അമ്മ പറഞ്ഞത് എത്ര നേരാണ് ഉപ്പ് മുതൽ കർപ്പൂരം വരെ ഇപ്പോഴും വാങ്ങണത് അച്ഛൻ തന്നെ..
ഓരോന്നും ആലോചിച്ചിരിക്കുമ്പോഴാണ് പെങ്ങൾ വരാന്തയിൽ ചോദ്യചിഹ്നം പോലിരിക്കണത് കണ്ടത്
കണ്ട പാടെ ഞാൻ ചോദിച്ചു ഉം എന്താ ടി ഈ ഇരിപ്പെന്ന്..
അവൾ നാലു തുള്ളലും രണ്ട് ചാട്ടവും നടത്തി അകത്തേക്ക് കയറി പോവുമ്പോൾ പറഞ്ഞു എന്റെ കാര്യത്തിലിടപെടാത്തവർ അതറിയേണ്ടെന്ന്..
ശരിയാണ് ഞാനവളുടെ കാര്യങ്ങൾ തിരക്കാറില്ല
തിരക്കിയാൽ തന്നെ അവളുടെ കൊഞ്ഞനം കുത്തൽ എനിക്ക് സഹിക്കാനാവില്ല ഒരു അടി പിടിയിലെ പിന്നെ അതവസാനിക്കാറുള്ളു..
വന്നു വന്നവൾക്കും ബഹുമാനം തെല്ലുമില്ലാതെയായി...
ഞാൻ കൊണ്ട് വന്നു കൂട്ടിനകത്താക്കിയ നായ വരെ വീട്ടിലേക്ക് കയറുമ്പോൾ ഒന്നു ഇളിക്കാൻ തുടങ്ങിയിരിക്കണ്..
പച്ച വെള്ളം ആ സാധനത്തിന് ഞാനിപ്പോ കൊടുക്കാറില്ല..
വീട്ടിൽ വിരുന്ന് കാർ ആരേലും വന്നാ എന്റെ കാര്യമാവും അമ്മയുടെ പ്രധാന ചർച്ചാ വിഷയം.. ഓനുള്ളതും ഇല്ലാത്തതും കണക്കാ എന്നൊക്കെ പറഞ്ഞ് അവസാനം പറയും
ആ അവന്റെ സമയം തെളിയാറായിട്ടില്ല എന്ന്..
അതു കേൾക്കുമ്പോൾ എനിക്ക് തോന്നാറുണ്ട് തള്ള എരി തീയ്യിൽ എണ്ണയൊഴിക്കാണെന്ന്..
കാര്യങ്ങൾ ഒരു പന്തികേടിലേക്കാണ് പോണതെന്ന് തോന്നി തുടങ്ങി..
പല ജോലികളിലും കൊണ്ട് പോയി തലയിട്ടു ഒടുക്കം പെയിന്റിംഗ് ജോലിയിൽ ഉറച്ചു നിന്നു അതു കൊണ്ട് കാലം തള്ളി നീക്കി..
വീട്ടിലെ കാര്യങ്ങളെല്ലാം ഒരു വിധമിപ്പോ തെറ്റില്ലാതെ പോണുണ്ട്
വറുത്തതിനും പൊരിച്ചതിനുമിപ്പോ കുറവില്ല
എല്ലാമിപ്പോ വീട്ടിലെന്റെ പേരിലെത്തണുണ്ട്..
അങ്ങനെ കടന്നു പോവുമ്പോഴാണ് പെങ്ങളുടെ കല്യാണമുറപ്പിച്ചത്..
ചെറുക്കൻ പത്തരമാറ്റാണെന്നറിഞ്ഞപ്പോൾ അവൾ നിലത്തൊന്നുമല്ലായിരുന്നു..
മുമ്പവൾക്ക് വന്ന പല ആലോചനകളും ആസ്തി നോക്കി മുടങ്ങിയതായിരുന്നു..
അതു കൊണ്ട് തന്നെയാവും അവൾക്ക് ഇങ്ങനെ ഒരു ബന്ധം കിട്ടിയത് എന്നെനിക്കും തോന്നി..
പക്ഷേ ചെക്കന്റെ വീട്ടുകാർക്ക് ഒരു ഡിമാന്റ് ഉണ്ടായിരുന്നു ഞാൻ ചെക്കന്റെ പെങ്ങളെ കെട്ടണമെന്ന ഡിമാന്റ്..
വിവാഹത്തെ കുറിച്ച് ഞാൻ ആലോചിച്ചതല്ല എങ്കിലും വട്ട മുഖത്തിന് മുടിയൊരഴകുള്ള പെണ്ണ്, എന്നൊക്കെയുള്ള
എന്റെ വിവാഹ സങ്കൽപ്പങ്ങളിൽ ഇടിത്തീ വീണ പോലെയായി കാര്യങ്ങൾ..
അച്ഛൻ രാവിലെ പതിവില്ലാതെ എനിക്ക് മുമ്പിൽ നിന്ന് തല ചൊറിയുന്നത് കണ്ടപ്പോൾ തന്നെ ഞാൻ മനസ്സിലാക്കി അച്ഛനെന്റെ സമ്മതം ചോദിക്കാനുള്ള നിപ്പാണെന്ന്..
അച്ഛൻ ഒരു വിധം കാര്യമെന്നോട് പറഞ്ഞു
ഞാൻ അച്ഛനോട് പറഞ്ഞു "ആ പെണ്‍കുട്ടിയെ ഞാൻ പോയി കണ്ടിട്ടില്ല പക്ഷേ അമ്മയും അച്ഛനും കണ്ടതാണ് നല്ല കുട്ടി ആണെന്നും ഇത്തിരി നിറം കുറവുണ്ടെന്നും പറഞ്ഞു
അവളുടെ കല്യാണം നടക്കാനല്ലെ എനിക്ക് സമ്മതമാണച്ഛാ എന്നും പറഞ്ഞ് ഞാൻ ജോലിക്കിറങ്ങി..
എന്റെ മനസ്സിലെ വിവാഹ സങ്കൽപ്പങ്ങൾ ഞാൻ അവൾക്ക് വേണ്ടി കുഴിച്ചു മൂടി..
എനിക്കവൾക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്യാനായി എന്ന ചിന്തയായിരുന്നു എന്നിലപ്പോൾ..
എന്തായാലും കല്യാണം അടുത്തെത്തി ഞാൻ സമ്പാദ്യമായി വെച്ച കുറച്ചു പൈസയും പിന്നെ വിളിക്കാതെ വെച്ച കുറികളും അവിടന്നുമിവിടന്നുമെല്ലാം കിട്ടാവുന്നത് മേടിച്ചു കാര്യങ്ങൾ മുന്നോട്ടു നീക്കി..
അതു വരെ എന്നിൽ കാണാത്ത മാറ്റങ്ങളാണ് വീട്ടുകാർ കണ്ടു തുടങ്ങിയത് വീട് ഭംഗി കൂട്ടൽ മുതൽ പെങ്ങൾക്കുള്ള സ്വർണ്ണം വരെ ഞാൻ തന്നെയെടുത്തു..
ഓരോന്നും ചെയ്തു തീർക്കുമ്പോൾ എന്തോ അമ്മയുടെ കണ്ണുകൾ ഇടക്കൊക്കെ നിറയുന്നത് ഞാൻ കണ്ടു..
ഞാൻ അമ്മയോട് ചോദിച്ചു എന്താ കാര്യം എന്ന്..
അമ്മ പറഞ്ഞു നിന്റെ ഇഷ്ടമൊക്കെ മാറ്റി വെച്ച് ഇങ്ങനെ ഓടണത് കാണുമ്പോ അമ്മക്ക് സങ്കടം വരണുണ്ട്..
അതു കേട്ടതും ഞാൻ പറഞ്ഞു ഇത്ര കാലം ഞാൻ ഇവിടെ തന്നെയായിരുന്നു ഇപ്പൊ ആണോ അമ്മ എന്നെ കണ്ടത്..
അമ്മ ചൂലെടുത്തില്ല എന്നേയുള്ളൂ..
ഞാൻ മനപ്പൂര്‍വ്വം അത് പറഞ്ഞൊഴിഞ്ഞതാണ് ഇല്ലേൽ അമ്മ ഈ സീനൊക്കൊ കരഞ്ഞു വഷളാക്കും എന്ന് തോന്നി..
ഒരു പന്തലിൽ രണ്ട് വിവാഹം അരങ്ങേറി ഞാനെന്റെ പെണ്ണിന്റെ കൈ പിടിച്ചു വലം വെച്ച് തിരിയുമ്പോൾ..
കൂടിയവരുടെ കുശു കുശുക്കൽ അവളുടെ നിറത്തെ ചൊല്ലിയാണെന്നെനിക്ക് മനസ്സിലായി...
പെങ്ങൾ ഇടക്കൊക്കെ നോക്കി കണ്ണുകൾ നിറക്കുന്നുണ്ടായിരുന്നു..
അവൾക്ക് മനസ്സിലായി അവളുടെ കല്യാണം നടക്കാനായി ഞാൻ നിന്ന് കൊടുത്തതാണെന്ന്...
ശരിയാണത് പക്ഷെ താലി കെട്ടിയവളുടെ കൈ ചേര്‍ത്ത് പിടിച്ച നിമിഷം ആ ചിന്ത ഞാൻ കരിച്ചു കളഞ്ഞിരുന്നു..
പെങ്ങൾ കതിർ മണ്ഡഭത്തിൽ നിന്നുമിറങ്ങുമ്പോൾ എന്നെ ചേര്‍ത്ത് ഓരോന്നും പറഞ്ഞു പൊട്ടിക്കരഞ്ഞു എന്റെ കണ്ണിലെ കലക്കം അറിയിക്കാതെ അവളെ യാത്രയാക്കി..
എല്ലാ മേളവും കഴിഞ്ഞ ആ രാത്രിയിൽ ചെറിയ വെട്ടമുള്ള മുറിയിൽ കണ്ണുകൾ നിറച്ചിരിക്കുന്നു എന്റെ ഭാര്യയായി കടന്നു വന്നവൾ..
അവൾക്കറിയാം പെങ്ങളുടെ കല്യാണം നടക്കാൻ ഞാൻ അവളെ കെട്ടിയതാണെന്ന്...
ഒരു കണക്കിൽ ശരിയാണത് പക്ഷെ താലി കെട്ടി കഴിഞ്ഞ പിന്നെ അതെല്ലാം ഞാൻ മറക്കണം
അവളെ ഒരു കണക്കിന് പറഞ്ഞു സമാനപ്പെടുത്തി..
അവളെന്റെ കാലുകളിൽ വീണ് അനുഗ്രഹം വാങ്ങുമ്പോൾ അവളുടെ മനസ്സിന്റെ നിറം ഞാൻ അറിഞ്ഞിരുന്നു
അതു മാത്രം മതി ഉള്ള കാലമൊപ്പം കഴിയാൻ എന്നെനിക്കു തോന്നി...
മുറിയിലെ വെട്ടമണയുമ്പോൾ പെങ്ങൾക്ക് പകരമല്ല അവളെ കെട്ടിയതെന്ന് അവളെ ബോധ്യപ്പെടുത്തുന്ന തിരക്കിലേക്ക് ഞാനും കടന്നു..
എ കെ സി അലി

രണ്ടാംജന്മം

Image may contain: 1 person, smiling, closeup

തൂങ്ങിച്ചാവാനുള്ള വെപ്രാളത്തിൽ മര ക്കൊമ്പിന് ബലം നോക്കാൻ മറന്നതാണോ..
അതോ പ്രണയ ഭാരം കൂടിപ്പോയതാണോ..
ദൈവം കാത്തതാണോ എന്നൊന്നുമറിയില്ല..
തൂങ്ങി ചാവാൻ നോക്കിയ ഹരി മരക്കൊമ്പൊടിഞ്ഞ് മൂക്കും കുത്തി താഴെ വീണു..
എന്തോ പൊട്ടി വീഴുന്ന ശബ്ദം കേട്ട് അയലത്തെ തൊടിയിൽ പണിയെടുത്തു കൊണ്ടിരിക്കുന്ന പണിക്കാരാണ് ഓടി വന്നെത്തി നോക്കിയത്..
ബോധം പോയി കിടക്കണ ഹരിയെ കണ്ടതും അവരാണ് കക്ഷിയെ പൊക്കിയെടുത്ത് ഹോസ്പിറ്റലിൽ എത്തിച്ചത്..
ബോധം വന്നപ്പോളവൻ കണ്ടത്
നെഞ്ചു പൊട്ടി കരയണ അമ്മയെയും കണ്ണുകൾ കലങ്ങി നിൽക്കുന്ന കുഞ്ഞു പെങ്ങളേയും ഒരു പിടച്ചിലോടെ ഇരിക്കുന്ന അച്ഛനേയുമാണ്..
തൊട്ടടുത്ത് മൊഴി എടുക്കാൻ ചുറ്റിലും നിന്ന പോലീസുകാരെ കണ്ടപ്പോൾ ഹരിയുടെ വന്ന ബോധം വീണ്ടും പോയി..
വീണ്ടും ബോധം വന്നപ്പോൾ വള്ളി പുള്ളി തെറ്റാതെ എല്ലാം തുറന്നു പറഞ്ഞവൻ..
പ്രണയ നൈരാശ്യം മൂലം ചെയ്ത ആത്മഹത്യയാണെന്നറിഞ്ഞ പോലീസുകാരൻ ഹരിയെ നോക്കി ഒരു ചിരി ചിരിച്ചു എന്നിട്ട് പറഞ്ഞു 'ഇനി ഇങ്ങനത്തെ മണ്ടത്തരം ഒന്നും ചെയ്യരുത് ട്ടോ രണ്ട് ദിവസം കഴിഞ്ഞ് സ്റ്റേഷൻ വരെ ഒന്ന് വരണം എന്ന് പറഞ്ഞവർ ഇറങ്ങി..
മുറിയിൽ അമ്മയുടെ നെഞ്ചത്തടി അപ്പോഴും നടക്കുന്നുണ്ടായിരുന്നു..
പോത്തുപോലെ വളർന്ന നിന്നെ എന്തു പറയാനാ എന്ന മട്ടിൽ അച്ഛൻ ഒരക്ഷരം പോലും മിണ്ടാതെ ഇരിക്കുന്നു..
ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് എത്തുമ്പോൾ ഒരു പരിഹാസ കഥാപാത്രമായി ഹരി മാറിയിരുന്നു..
വീട്ടിൽ ഹരിയെ തനിച്ചിരുത്തി പുറത്തേക്ക് പോവാൻ അമ്മക്കിപ്പോ പേടിയാണ്..
ചുറ്റിലും നിൽക്കുന്ന മര കൊമ്പിലേക്കൊക്കൊ ഹരി നോക്കണത് കാണുമ്പോൾ സോമന്റെ അമ്മക്കൊരാന്തൽ ഉള്ളിൽ വരും..
കൂട്ടുകാരായ ഞങ്ങൾ അവനെ ഇടക്കൊക്കെ ചെന്നു കാണുമ്പോൾ അവൻ പതിയെ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് അവളെ എങ്ങാനും നിങ്ങൾ കണ്ടിരുന്നോ എന്ന്..
ഇനി അഥവാ അവളെ കണ്ടാലും ഇല്ല കണ്ടില്ല എന്നേ ഞങ്ങൾ പറയൂ..
കാരണം അവന്റെ ചിന്തകൾ കാടു കയറി പോകണ്ട എന്ന് കരുതിയാണ് അത്..
അവളുടെ കല്യാണം ഉറപ്പിച്ചതറിഞ്ഞ്
അവളെ വിളിച്ചിറക്കാൻ പോയത് തന്നെ വലിയ പുകിലായി മാറിയിരുന്നു..
വെട്ടും കുത്തും നടക്കാതിരിക്കാൻ ഞങ്ങൾ അവനെ പറഞ്ഞു മനസ്സിലാക്കി സമാധാനിപ്പിച്ചു..
അന്നു കരഞ്ഞു കൊണ്ട് വീട്ടിലേക്ക് പോയതാണവൻ..
അവളുടെ കെട്ടു നടക്കുന്ന അന്നാണ് അവനീ കടുംകൈ ചെയ്യാൻ നോക്കിയത്
അവൻ ആത്മഹത്യ ചെയ്യാനൊക്കൊ നിൽക്കുമെന്ന് ഞങ്ങൾ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല..
പ്രണയിക്കണമെങ്കിൽ നാട്ടുകാരിയെ തന്നെ പ്രണയിക്കണം സ്ഥിരം കണ്ടു കൊണ്ടിരിക്കാമല്ലോ എന്ന് പറഞ്ഞ കക്ഷിയാണ് ഈ മണ്ടത്തരമെല്ലാം കാട്ടികൂട്ടിയത്..
പ്രണയമെതിർത്തവളുടെ വീട്ടുകാർ അവളെ പിടിച്ച പിടിയാലേ കെട്ടിച്ചു വിട്ടതാണെന്നൊക്കൊ ഞങ്ങൾ അറിഞ്ഞിരുന്നു എതിർക്കാനായില്ല ഞങ്ങൾക്ക്..
അതെല്ലാം ഓർത്തപ്പോൾ ആ സ്നേഹത്തിന്റെ ആഴം ഞങ്ങൾക്ക് മനസ്സിലായി ഞങ്ങൾക്ക് തന്നെ ഒന്നും ചെയ്യാനായില്ലല്ലോ എന്ന കുറ്റബോധം തോന്നി..
എല്ലാം കഴിഞ്ഞു ഇനി എന്തായാലും നീ വീട്ടുകാരെ ഇങ്ങനെ കഷ്ടപ്പെടുത്തരുത് നീ ഒന്ന് ഉഷാറോടെ വരാൻ നോക്ക് ഹരി..
പല തരം ഉപദേശങ്ങൾ ഞങ്ങൾ നടത്തി നോക്കി..
എന്തു പറഞ്ഞു ചെവിയിൽ കയറ്റി കൊടുത്താലും ഒരു കുലുക്കവും അവനില്ല
ഞങ്ങൾ അവനെ ഉപദേശിച്ചു മടുത്തു..
എന്തായാലും രണ്ട് മൂന്ന് മാസമെടുത്തു കക്ഷി ഒന്നു പുറത്തേക്ക് ഇറങ്ങി വരാൻ..
ഒരു ദിവസം വൈകിട്ട് ക്രിക്കറ്റ് കളി മുറുകുന്ന നേരത്താണ് ഹരി ഗ്രൗണ്ടിൽ വന്നു നിന്നത്..
പഴയ ആ ഹരിയായല്ല അവൻ വന്നു നിന്നത്..
കട്ടത്താടിയും നീട്ടി വളർത്തിയ മുടിയും ഒരു വല്ലാത്ത ജാതി ലുക്കുമായാണ് കക്ഷി പുറത്തേക്ക് വന്നത്..
ഇതൊക്കെ വടിച്ചു കളഞ്ഞു വരുമെന്നാണ് ഞങ്ങൾ കരുതിയത്..
അതു കൊണ്ടാണ് ഈ ഭ്രാന്തൻ ലുക്ക് ഒന്നു കളഞ്ഞു കൂടെ എന്ന് ഞാൻ ചോദിച്ചപ്പോൾ..
'' മുഴു ഭ്രാന്ത് പിടിപ്പിച്ചവളുടെ ഓർമ്മക്കാണ് ഈ ലുക്കെന്ന് പറഞ്ഞവൻ മീശ പിരിച്ചത്..
നിന്റെ തലക്ക് ഓളമല്ലേ അപ്പൊ ഇത് തന്നെ നല്ലതെന്ന് പറഞ്ഞു ഞങ്ങൾ അവനെയും കൂട്ടി ക്രിക്കറ്റ് കളി തുടർന്നു..
കളിക്കിടെ അവൻ ഗ്രൗണ്ടിന്റെ വടക്കേ ഭാഗത്തേക്ക് നോക്കണത് ഞങ്ങൾ ശ്രദ്ധിച്ചിരുന്നു..
കാരണം ഈ ഗ്രൗണ്ടിന്റെ വടക്കേ ഭാഗത്താണ് അവനെ ഭ്രാന്ത് പിടിപ്പിച്ചവളുടെ വീട്
ഇടക്കൊക്കെ ഓരോ സിക്സ് അങ്ങോട്ട് അടിക്കുന്നവൻ ഇന്ന് ദ്രാവിഡായിരുന്നു..
അങ്ങനെ ഹരി ജോലിക്ക് പോയി തുടങ്ങി വീട്ടിലമ്മക്ക് ശ്വാസം നേരെ വീണു തുടങ്ങി അച്ഛന് മകന്റെ മാറ്റത്തിൽ സന്തോഷം തോന്നി തുടങ്ങി..
അങ്ങനെ ഒരു ദിവസം വൈകീട്ട് ക്രിക്കറ്റ് കളിയും കഴിഞ്ഞ് ഓരോന്നും പറഞ്ഞിരിക്കുമ്പോഴാണ് ഞാൻ ചോദിച്ചത് ഇനി ഒരു കല്യാണമൊക്കെ കഴിച്ചൂടെടാ എന്ന്..
ആകെ നാറിയവന് ഇനി പെണ്ണു കിട്ടാൻ പ്രയാസമാടാ എന്നും പറഞ്ഞവൻ ആ ചോദ്യം ചിരിച്ചു തള്ളി..
എങ്കിലും അവന്റെ വീട്ടുകാർ അവനു വേണ്ടി പെണ്ണു നോക്കി..
അവനെ വീട്ടുകാർ ഉന്തി തള്ളി പെണ്ണു കാണാൻ വിട്ടാൽ തന്നെ ഈ ആത്മഹത്യ കാര്യം അവൻ പെണ്ണിനോട് പറയും..
അങ്ങനെ വരുന്നവൾ മതി എന്നുമവൻ പറയും..
പല പെണ്ണു കാണലും ആ കാരണത്താൽ മുടങ്ങി..
അങ്ങനെ എല്ലാം മനസ്സിലാക്കി ഒരുവൾ അവന്റെ ജീവിതത്തിലേക്ക് കടന്നു വന്നു..
അവൾക്കും പറയാൻ ഒരു കഥയുണ്ടായിരുന്നു..
പൊന്നും പണവും കുറഞ്ഞതിനാൽ വീട്ടിലിരിക്കേണ്ടി വന്ന കഥ..
വയസ്സേറി വരുമ്പോൾ അമ്മയുടെ നേർച്ചകൾ കൂടി വരണ കഥ..
മകളെ ഓർത്ത് അച്ഛന്റെ ഉള്ളു നീറണ കഥ..
അവളെ ഓർത്ത് അച്ഛനും അമ്മയും സങ്കടപ്പെടുമ്പോൾ ചിരിക്കാൻ മറന്നു തുടങ്ങിയ അവളുടെ ആ കഥയെല്ലാം മനസ്സിലാക്കി ഹരി പൊന്നും പണവും നോക്കാതെ പൊന്നു പോലെയവളെ ചേർത്തു പിടിച്ച് കതിർ മണ്ഡപത്തിൽ നിൽക്കുന്നത് കണ്ടപ്പോൾ ഞങ്ങൾക്ക് സന്തോഷം തോന്നി..
ഒരുവളെ ഓർത്ത് അവസാനിപ്പിക്കാനുറച്ച ജീവിതം രണ്ടാം ജന്മമായി തിരിച്ചു കിട്ടിയപ്പോൾ
നല്ല പാതിയായി വന്നവൾക്കായ് അവൻ ജീവിതം മാറ്റിയെഴുതുകയായിരുന്നു..
അച്ഛനും അമ്മയും തന്നിൽ കണ്ട പ്രതീക്ഷകൾ അസ്തമിച്ചിട്ടില്ലെന്നവൻ അവളുടെ കരം ചേർത്തു പിടിച്ച് വീട്ടിലേക്ക് കയറുമ്പോൾ പറയാതെ പറഞ്ഞിരുന്നു..
ഇന്ന് ക്രിക്കറ്റ് കളിക്കുമ്പോൾ അവൻ പഴയ പ്രണയിനിയുടെ വീട് ലക്ഷ്യമാക്കി ഒരു സിക്സർ അടിച്ചു..
ആ സിക്സറിലൂടെ ജീവിതം അവസാനിച്ചിട്ടില്ലെന്നവൻ അറിയിക്കുകയായിരുന്നു..
പോയവൾ പോയി വന്നവൾക്കായി അവൻ ചിരിച്ചു തുടങ്ങുമ്പോൾ ആദ്യ ജന്മം അവനെ നോക്കി ആശംസകൾഅറിയിച്ചിരുന്നു..
എ കെ സി അലി

വാഴ

Image may contain: 1 person
പകരം വാഴ വെച്ചാ മതിയെന്ന് കരുതിയ അച്ഛൻ ഈ വിഷയത്തിൽ കയറി തലയിടുമെന്ന് ഞാൻ വിചാരിച്ചില്ല..
കണിശക്കാരനായ അച്ഛൻ എനിക്ക് വേണ്ടി കണ്ടു വെച്ചത് വലിയ കൊമ്പത്തെ വീട്ടിലെ ബന്ധമാണെന്ന് അറിഞ്ഞപ്പോൾ തന്നെ വേണ്ട എന്ന് വെച്ചതാണ്..
പിന്നെ അച്ഛനെ നാണം കെടുത്തണ്ടന്നു കരുതിയാണ് ഞാൻ പെണ്ണു കാണാൻ പോയത്..
വന്നവൾ ചായ കൊണ്ടു വന്നു വെച്ച് നാണമൊട്ടിച്ചു കളിക്കാൻ നിക്കാതെ എനിക്കെതിരെയുള കഴിഞ്ഞ കസേരയിൽ ഇരിന്നു..
പിന്നെ എന്നോട് ചോദിച്ചു ഏതു വരെ പഠിച്ചു എന്ന്
ഞാൻ ഗമയൊന്നും കാണിക്കാതെ പറഞ്ഞു പത്താംക്ലാസ് എന്ന്..
മുന്നോട്ടു വന്ന അവളുടെ തല പിറകോട്ട് പോയൊരു പോക്ക് ഞാൻ ശ്രദ്ധിച്ചു..
പിന്നെ ചടങ്ങല്ലേ എന്ന് വെച്ചാവും അവൾ അടുത്ത ചോദ്യം ചോദിച്ചത് ജോലി എന്താ എന്ന്..
ഞാൻ ഒട്ടും മോശമാക്കാതെ പറഞ്ഞു ഒരു വർഷോപ്പ് സ്വന്തമായി ഉണ്ട് അതു തന്നെയാണ് പണിയൊന്നും..
പിന്നെയവൾ ചോദിക്കാൻ നിന്നില്ല അവളുടെ അകത്തേക്കുള്ള പോക്ക് കണ്ടാൽ അറിയാം ഇന്ന് അച്ഛനേയോ അമ്മയേയോ അവൾ പഞ്ഞിക്കിടുമെന്ന്..
അടുക്കളയിൽ പാത്രങ്ങൾ അതിരു കടക്കുമ്പോൾ തന്നെ പന്തികേട് മനസ്സിലാക്കി ഞാൻ സ്ഥലം കാലിയാക്കി..
വീട്ടിലെത്തിയ ഞാനാണേൽ അച്ഛനോട് പറഞ്ഞു എനിക്ക് വല്ല പെണ്ണും നോക്കുന്നെങ്കിൽ കൊക്കിലൊതുങ്ങന്ന പെണ്ണു മതി എന്ന്..
അച്ഛൻ നിലപാട് കടുപ്പിച്ച് മുഖത്ത് നോക്കാതെ പറഞ്ഞു നല്ല തറവാട്ടിൽ നിന്ന് മതി എന്ന്..
എന്തു കണ്ടിട്ടാണ് ഈ തറവാട് നോക്കണത് എന്ന് ഞാൻ അമ്മയോട് ചോദിച്ചപ്പോൾ അമ്മ പറഞ്ഞു നിന്റെ പെങ്ങളെ കെട്ടിച്ചത് വലിയ ഒരു കുടുംബത്തിലേക്കാണ്
നിന്റെ അനിയൻ പഠിച്ചൊരു ഒരു ഡോക്ടറുമായി
അതു കൊണ്ട് അച്ഛൻ പറയണത് തന്നെയാണ് ശരി എന്ന്..
അതും ഇതും തമ്മിലെന്ത് ബന്ധമെന്ന് ഞാൻ വീണ്ടും അമ്മയോട് ചോദിച്ചു..
അമ്മ ആ അതൊക്കെ അങ്ങനൊക്കൊ തന്നേന്നും പറഞ്ഞ് അടുക്കളയിലേക്ക് നടന്നു..
ഒരു കാര്യം ഉറപ്പായി ഇങ്ങേരെന്റെ അച്ഛനും ദേ ആ പോണത് എന്റെ അമ്മയുമായിരിക്കുമ്പോൾ എന്റെ കെട്ട് ഈ അടുത്തൊന്നും നടക്കുമെന്ന് തോന്നണില്ല എന്ന്..
പണ്ട് എനിക്ക് പകരം വാഴ വെച്ചാൽ മതി എന്ന് പറഞ്ഞ കക്ഷിയാണച്ഛൻ..
പത്തിൽ രണ്ട് വട്ടം കറക്കി കുത്തി നോക്കി
ആ വഴി രക്ഷപ്പെടില്ല എന്ന് അറിഞ്ഞ അച്ഛൻ അന്നു മുഖം തിരിച്ചതാണെന്നോട്..
വീട്ടിലിരുന്ന് മടുത്തപ്പോൾ
അമ്മാവന്റെ വീട്ടിൽ നിന്ന് വർഷോപ്പ് പണി പഠിക്കാൻ പോയി തുടങ്ങി..
ഞാൻ അങ്ങനെ പോയത് അച്ഛനൊരു കുറച്ചിലായിരുന്നു
അന്നതിനച്ഛൻ പറഞ്ഞത് അച്ഛന്റെ മുഖത്ത് കരി വാരി തേക്കാൻ ഞാൻ മന:പൂർവ്വം ചെയ്യുന്നതാണെന്നായിരുന്നു..
ഇപ്പോഴും അച്ഛന്റെ ആ മനോഭാവം മാറിയിട്ടില്ല..
ഒടുക്കം ഞാൻ പെണ്ണു കാണാൽ അങ്ങട്ട് അവസാനിപ്പിച്ചു..
അനിയന്റെ കല്യാണം ഇത്തിരി വൈകുമെന്നും അമ്മയോട് പറഞ്ഞു..
ഒരു മാസം തികയണതിനു മുമ്പ് തന്നെ അച്ഛനും അമ്മയും വാശി ഉപേക്ഷിച്ച് പറഞ്ഞു..
നീ ആരെ വേണമെങ്കിലും കെട്ടിക്കോ എന്ന്
പക്ഷേ ഒരു ചില്ലി കാശ് എന്റെ കല്യാണത്തിന് ചിലവാക്കില്ലെന്ന ഭീഷണി അച്ഛൻ നിരത്തി..
ഒരു വർഷോപ്പ് തുടങ്ങാൻ പൈസ ചോദിച്ചപ്പോൾ തരാത്ത അച്ഛൻ തന്നെയല്ലേ അതു കൊണ്ട് എനിക്കും വലിയ പ്രതീക്ഷ ആ കാര്യത്തിലുമില്ല...
എങ്കിലും അന്നും ഇന്നും തേനും പാലുമൊഴുക്കുന്നത് അനിയന് മാത്രം
എന്തായാലും അവൻ ഇപ്പൊ ഡോക്ടറായി..
മ്മ ലോണെടുത്താണേലും ഇപ്പൊ വർഷോപ്പ് മുതലാളിയുമായി...
അങ്ങനെ ഞാൻ പെണ്ണു കാണൽ തുടങ്ങി വലിയ വലിയ സങ്കൽപ്പങ്ങളും ഡിമാന്റുമില്ലാത്തതു കൊണ്ട് തന്നെ പെണ്ണു തിരഞ്ഞതികം നടക്കേണ്ടി വന്നില്ല..
ചെന്നു കണ്ട പെണ്ണിന്റെ കുടുംബം ഒരു സാധാരണ കുടുംബം
അവളുടെ അച്ഛനും ഒരു സർക്കാർ ജോലിക്കാരൻ തന്നെ
അതും കേന്ദ്ര സർക്കാർ ജോലി
പോസ്റ്റ് മാൻ
എന്റെ അച്ഛന്റെ സർക്കാറിനേക്കാൾ ഒരു പടി മുകളിൽ വരും അവളുടെ അച്ഛന്റെ സർക്കാർ..
അങ്ങനെ പെങ്ങളെ വിളിച്ചു വരുത്തി
ഈ കാര്യം കേട്ടവൾ ആദ്യം മുഖം തിരിച്ചെങ്കിലും വളരെ നിർബന്ധിപ്പിച്ച് ഒരു ചടങ്ങ് പോലെ അവളെയും അമ്മയേയും അവളെ കാണാൻ വിട്ടു..
അവർ പോയി വന്നു എന്തൊക്കെയോ കുറ്റവും കുറവും നിരത്തി ഞാൻ അതൊന്നും കേട്ടതായി ഭാവിച്ചില്ല..
അങ്ങനെ എന്റെ കല്യാണത്തിനും വീട്ടിൽ പന്തലുയർന്നു
കൊട്ടും കുരവയുമുയർന്നു..
ഞാൻ കല്യാണ ചെക്കനായി അണിഞ്ഞൊരുങ്ങി..
നാട്ടുകാരെ കൊണ്ട് പറയിപ്പിക്കേണ്ട എന്ന അമ്മയുടെ വാക്കുകൾ കേട്ടാണ് അച്ഛൻ കല്യാണത്തിന് മുമ്പിൽ നിന്നതും ചടങ്ങുകൾ നടത്തിയതും...
കെട്ടു കഴിഞ്ഞ് വലതു കാലെടുത്തു വെച്ചവൾക്ക് കുടുംബ മഹിമയില്ലാത്തതിനാൽ വീട്ടിൽ പുല്ലു വിലയായിരിന്നു..
അവൾ നടുവൊടിഞ്ഞു ചെയ്യുന്ന ജോലികൾക്കൊന്നും ഒരു വിലയും ഉണ്ടായിരുന്നില്ല..
ഓരോന്നും പറഞ്ഞവളെ ഒന്നു കണ്ണു നിറയിച്ചില്ലേൽ അമ്മക്ക് ഉറക്കം വരാത്ത പോലെയാണ്..
ഇന്ന് അനിയൻ അച്ഛനും അമ്മയും പറഞ്ഞത് പോലെ ഒരു വലിയ കുടുംബത്തിൽ നിന്ന് തന്നെ ഒരുവളെ കെട്ടി കൊണ്ട് വന്നു..
അന്നച്ഛൻ നല്ല ഗമയോടെ എന്നെ നോക്കി..
എന്റെ മോൻ അനുസരണയുള്ളവനാണ് എന്ന് പറഞ്ഞവന്റെ ഗുണഗണങ്ങളും എനിക്ക് മുമ്പിൽ നിരത്തി എന്നെ പുച്ഛത്തോടെ നോക്കി..
അവളു കൂടി വന്നതോടു കൂടി അമ്മ തരം തിരിവ് വീട്ടിൽ കാട്ടി തുടങ്ങി..
എന്നിട്ടും അവൾ ഏങ്ങലടിച്ചുള്ള പരാതി പറച്ചിലുണ്ടാക്കിയില്ല
വീട് രണ്ടാക്കാൻ മിടുക്ക് കാണിച്ചില്ല..
ഒരു മണ്ടിയെ പോലെ എല്ലാം കണ്ടും കേട്ടും നടന്നു..
ഇന്നിപ്പോ എന്തോ അനിയന്റെ ഭാര്യയും അമ്മയും തമ്മിൽ മുഷിപ്പ് തുടങ്ങി..
അമ്മ ഒന്ന് പറഞ്ഞാൽ അവൾ രണ്ട് പറയും
അമ്മക്കിപ്പൊ കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും പറ്റാത്ത അവസ്ഥയിലായി..
വീട്ടിൽ പലപ്പോഴും കലഹമായി അനിയന്റെ സ്വസ്ഥത നഷ്ടപ്പെട്ടു തുടങ്ങി..
ഇന്നും എന്തോ പറഞ്ഞവളും അമ്മയും വാക്കേറ്റമായി
അതിനിടക്കാണ് അവൾ അമ്മയോട് പറഞ്ഞത് എന്റെ അച്ഛൻ എന്നെ ഈ വീട്ടിലെ അടുക്കള പണിക്കായി കെട്ടിച്ചു വിട്ടതൊന്നുമല്ലന്ന്..
അതു കേട്ടതും അമ്മ കലി തുള്ളി വേഗം അനിയനെ വിളിച്ചു പറഞ്ഞു
ഈ തലതെറിച്ചവളെ അവളുടെ വീട്ടിൽ കൊണ്ട് പോയി വിടെടാന്ന്..
അമ്മ അനിയനോടത് പറയുമ്പോൾ ഞാൻ അമ്മയോട് ചോദിച്ചു..
അവൾ പറഞ്ഞതിൽ എന്താണ് അമ്മേ ഒരു തെറ്റ് അവളുടെ അച്ഛൻ അവളെ ഇങ്ങോട്ട് പറഞ്ഞു വിടുമ്പോൾ ഇവിടുള്ളവരും അവളെ പൊന്നു പോലെ നോക്കും എന്ന് കരുതി തന്നെയല്ലേ വിട്ടത്..
അമ്മയുടെ ശത്രുക്കളായൊന്നുമല്ലല്ലോ ഇവർ വന്നു കയറിയത് മക്കളായല്ലേ? ..
ഞാൻ ചോദിച്ചതിനൊന്നും അമ്മക്ക് ഉത്തരമുണ്ടായില്ല..
ഒരു നിമിഷം കൊണ്ട് അമ്മക്ക് അമ്മയുടെ തെറ്റ് മനസ്സിലായി..
അമ്മ അവളെ ചേർത്തു നിർത്തി നെറുകിൽ തലോടി..
ആ തലോടലിൽ എല്ലാം മറക്കാനുള്ള ശക്തി ഉണ്ടായിരുന്നു പൊറുക്കാനുള്ള മനസ്സുണ്ടായിരുന്നു..
എല്ലാം കണ്ടും കേട്ടും കൊണ്ട് മിഴി നിറച്ചു നിൽക്കണ എന്റെ പെണ്ണിനെ അപ്പോഴാണ് അമ്മ ശ്രദ്ധിച്ചത്..
അമ്മ അവളുടെ അരികിൽ ചെന്ന് അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു കൊണ്ട് പറഞ്ഞു ഇനി നീയാണ് ഈ വീട്ടിലെ മൂത്ത മകൾ എന്ന്..
അതു കേട്ടവൾ ചിരിക്കുമ്പോൾ അവളുടെ സന്തോഷം എത്രയെന്നു ഞാൻ കണ്ടിരുന്നു..
അനിയന്റെ ഏട്ടനായി വീട്ടിലെ മൂത്ത മകനായി ഞാനൊന്നു നിവർന്നു നിന്നു..
എനിക്ക് പകരം വാഴ വെച്ചാ മതി എന്ന് കരുതിയ അച്ഛൻ ഉമ്മറത്തു നിന്ന് ഒന്നും ഉരിയാടില്ല ഇന്ന്..
പുറത്തേക്ക് ഇറങ്ങുമ്പോൾ വളരെ നാളുകൾക്ക് ശേഷമുള്ള ഒരു ചിരി മൂപ്പര് കാച്ചിയിരുന്നു..
എന്തോ വാഴയിപ്പോ അച്ഛൻ തന്നെ വെട്ടി കളഞ്ഞ് എന്നെ മൂത്ത മകനായി കാണാൻ തുടങ്ങിയിരിക്കുന്നു..
എ കെ സി അലി

കുഞ്ഞനുജത്തി.

Image may contain: 1 person, closeup

വീട്ടിൽ കൊണ്ട് വരുന്ന ബേക്കറി പലഹാരവും ചായപ്പൊടിയും പഞ്ചസാരയും തീരുന്നതല്ലാതെ വന്നു കണ്ട ചെക്കന്മാരെ ഒന്നും പെങ്ങൾക്ക് പിടിക്കണില്ല...
ഇതിപ്പോ അവളുടെ ഇഷ്ടം നോക്കിയേ കെട്ടിച്ചു വിടു എന്ന് പറഞ്ഞതിനാൽ ഒന്നും പറയാനും മേല..
ഇനിയിവൾ വല്ല പ്രണയ ഏടാകൂടത്തിലും ചെന്നു ചാടിയതായി അറിവുമില്ല..
അങ്ങനെ വല്ലതും ഉണ്ടോ എന്നറിയാൻ അവളുടെ മനസ്സിളക്കി നോക്കി..
ഇല്ല അങ്ങനെ ഒന്നും ഇല്ല എന്ന് അവൾ തറപ്പിച്ചു പറയുകയും പിണങ്ങുകയും ചെയ്തപ്പോൾ ആ സംശയം മാറി..
ഇവളെ ഒന്നു കെട്ടിച്ചു വിട്ടിട്ടു വേണം എനിക്കൊരുത്തിയെ കൊണ്ട് വരാനെന്ന് കണക്കു കൂട്ടിയതെല്ലാം ദേ നീണ്ടും പോണു..
സമ പ്രായക്കാരൊക്കൊ കെട്ടി കൊച്ചിനെ കളിപ്പിച്ചു കൊണ്ടിരിപ്പു തുടങ്ങി..
തെക്കേതിലെ ബ്രോക്കർ നാരയണേട്ടൻ നല്ല ഒരു കുട്ടിയുണ്ടെന്ന കാര്യം പറഞ്ഞെന്റെ മുമ്പിൽ വന്നതിപ്പോ ഏഴാം തവണയാണ്..
ഒടുക്കം പെങ്ങളുടെ കല്യാണമൊന്നു കഴിയട്ടെ എന്നിട്ട് നോക്കാം എന്ന് പറഞ്ഞത് മുതൽ പുള്ളി എന്നെ കാണാനുള്ള വരവും നിർത്തി..
ഇന്നലെ അവളെ കാണാൻ വന്നവരുടെ കുറ്റവും കുറവും അമ്മക്ക് മുമ്പിൽ അവൾ നിരത്തിയപ്പോ അമ്മയവളുടെ കാരണമടക്കി ഒന്നു കൊടുത്ത്
പറഞ്ഞത് 'ഇത് കുട്ടിക്കളിയല്ല നിന്റെ താളത്തിനൊത്ത് തുള്ളാൻ ' എന്നാണ്..
അമ്മയുടെ വക ആവോളം കിട്ടിയ വഴക്കിനെല്ലാം അവൾ വടക്കേപ്പുറത്തെ ചായ്പ്പിലിരുന്നു കരഞ്ഞു തീർത്ത് ഞാനും കാണുന്നുണ്ടായിരുന്നു..
അങ്ങനെ എങ്കിലും അവൾക്കൊരു മന:മാറ്റം ഉണ്ടാവട്ടെ എന്നും ഞാനും കരുതി..
അച്ഛൻ സമയമാകുമ്പോൾ എല്ലാം നടക്കുമെന്ന സ്ഥിരം വാചകത്തിൽ ഒതുക്കുമ്പോഴും ഒരു നോവ് മുഖത്തുണ്ടായിരുന്നു..
അമ്മയുടെ ശകാരവും അച്ഛന്റെ ഉപദേശങ്ങളും ദിവസവും അവൾക്ക് ഏറ്റുവാങ്ങേണ്ടി വന്നു..
എന്നിട്ടും അവൾക്കൊരു കുലുക്കവും വരാഞ്ഞത് കണ്ടാണ്
അവസാനം ഞാനവളോട് നേരിട്ട് ചോദിച്ചത്..
വന്നു കണ്ട ചെക്കന്മാരെ ഒന്നും പിടിക്കാത്തത് നീ പഠിച്ച പഠിപ്പിനൊത്ത ആളല്ലാത്തതു കൊണ്ടാണോ? എന്ന്
ഞാനിതു ചോദിച്ചപ്പോൾ
പഠിപ്പിലൊക്കൊ എന്ത് എന്നാണവൾ പറഞ്ഞത്..
അതോ കാണാൻ സുന്ദരനായ ഒരുവനെയാണോ നീ കാത്തിരിക്കുന്നത്?
എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞു അതിലൊക്കൊ എന്തിരിക്കുന്നു എന്ന്..
നല്ല ജോലി ഉള്ള ഒരാളെയാണോ നീ പ്രതീക്ഷിക്കണത് എന്ന് ചോദിച്ചപ്പോൾ
ജോലി.. നോക്കിയൊന്നുമല്ലെന്നവളുടെ മറുപടി കേട്ട് അരിശം തുള്ളി ഞാൻ ചോദിച്ചു..
പിന്നെ എന്തു കണ്ടിട്ടാടി വരുന്നവരെയൊന്നും നിനക്ക് പിടിക്കാത്തത്.. ?
ഇനി നിന്നെ പിടിച്ചങ്ങോട്ട് കെട്ടിച്ചു വിടും
തലപ്രാന്തെടുത്തു തുടങ്ങി മനുഷ്യന്..
ദേഷ്യത്തോടെയുള്ള എന്റെ ശകാരങ്ങളും നയത്തിലുള്ള എന്റെ ഉപദേശവും കേട്ട് മടുത്താണവൾ പറഞ്ഞത് വീട് വിട്ട് പോവാൻ മടിയാണെന്ന്..
അതും പറഞ്ഞവൾ മുറിയിലേക്ക് കയറി കണ്ണു നിറച്ചതെന്തിനാണന്ന് എനിക്കിപ്പോൾ മനസ്സിലായി..
വീട് വിട്ടു പോവാനുള്ള മനസ്സില്ലാഞ്ഞാണ് അവൾ ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞു മാറിയതെന്ന് ഞാനറിഞ്ഞു..
അവളുടെ മുഖത്തെ വാട്ടം കൂടി വരുമ്പോൾ ആരോടൊക്കെയോ ഉള്ള ദേഷ്യം കണക്കെ ഇന്നു വന്നു കണ്ടയാളെ ഇഷ്ടപ്പെട്ട കാര്യം അമ്മയോട് അറിയിച്ചു..
അമ്മ വടി എടുത്താൽ അടുക്കളയിൽ കയറുന്നവൾ ഇപ്പൊ ഒന്നും പറയാതെ തന്നെ അമ്മയോടൊപ്പം അടുക്കളയിൽ കാണുന്നതിന്റെ കാരണം ഞാൻ അറിഞ്ഞു..
അച്ഛനോട് ഇപ്പൊ എന്റെ കുറ്റങ്ങൾ നിരത്താതെ മറക്കാതെ കഴിക്കേണ്ട മരുന്നുകൾ എടുത്ത് കൊടുത്ത് ഉപദേശിക്കുന്നതെല്ലാം എന്തു കൊണ്ടെന്നറിഞ്ഞത് ഇപ്പോഴാണ്..
മുറ്റത്തവൾ നട്ട ജമന്തിയോടും റോസിനോടും മുല്ലയോടുമെല്ലാം പരാതി പറയാതെ തലോടിയതെല്ലാം ഒരു തരം വേർപാടിന്റെ നൊമ്പരം അവൾ മനസ്സിൽ കണ്ടായിരുന്നു എന്ന് ഞാൻ അറിഞ്ഞു..
എന്തായാലും ഒരുവനെ അവൾക്ക് ഇഷ്ടപ്പെട്ടു
കൈ കോർക്കാൻ അവൾ കണ്ടെത്തിയത് ഒരു സാധാരണക്കാരനെയായിരുന്നു..
എല്ലാം ഒത്തു വന്നപ്പോൾ അവളുടെ കെട്ടു നടത്താനുറച്ചു..
കല്യാണ തീയ്യതി അടുത്തു വരുമ്പോളവളിൽ ഒരു വിഷമം കണ്ടിരുന്നു..
കണ്ട് ഉള്ള് പൊടിഞ്ഞെങ്കിലും
കണ്ടില്ലെന്ന് നടിച്ചത് ഞാനും അച്ഛനും അമ്മയുമായിരുന്നു..
അവൾ പടിയിറങ്ങുമ്പോൾ കരഞ്ഞു തുടങ്ങിയത് അമ്മയും കൂടി ആയിരുന്നു .
ഒരു തരം വിങ്ങൽ പുറത്തു കാണിക്കാതെ ഞാനവളെ യാത്രയാക്കുമ്പോൾ അച്ഛനിൽ അതു വരെ കാണാത്ത ഒരു പിടച്ചിൽ ഞാൻ കണ്ടിരുന്നു..
എല്ലാം ഒരു സന്തോഷത്തിലേക്ക് എന്ന് ഓർത്തു രാത്രി മായുമ്പോൾ വീടുറങ്ങിയിരുന്നു..
ഒരു ദിവസം അളിയനും അവളും കൂടി വീട്ടിലേക്ക് വന്നപ്പോൾ അവളെ പെണ്ണു കാണാൻ വന്നവരുടെ എണ്ണം പറഞ്ഞവളെ ഞാൻ കളിയാക്കി..
അപ്പോഴാണ് അളിയൻ പറഞ്ഞത് ഇവളെ കാണാൻ വന്നപ്പോൾ ഇവൾ എന്നോട് പറഞ്ഞത് ഒന്നേ ഒന്നാണ് അത് അച്ഛനെയും അമ്മയെയും കാണാൻ തോന്നിയാൽ അപ്പൊ തന്നെ എന്നെ വീട്ടിലേക്ക് പോകാൻ അനുവദിക്കണമെന്നാണ്..
അതു കേട്ട് ആദ്യമൊന്നു പകച്ചെങ്കിലും
ഞാനും ഇതു പോലെ ഒരു വീട്ടിൽ നിന്ന് വന്നതല്ലേ പിന്നെ സമ്മതിക്കാനെനിക്ക് മുന്നും പിന്നും നോക്കേണ്ടി വന്നില്ലെന്ന്
അളിയൻ പറഞ്ഞു നിർത്തിയതും..
വാതിൽക്കൽ ചാരി നിന്നിരുന്ന അമ്മ അവളെ ഒന്ന് ചേർത്തു പിടിച്ച് കണ്ണുകൾ നിറച്ചു..
അച്ഛൻ ചുണ്ടിൽ ഒരു ചിരി പടർത്തി ഉള്ളിൽ സന്തോഷ കണ്ണീർ പൊടിച്ചു..
ഞാൻ അവളെ അത്ഭുതത്തോടെ നോക്കി
അവളെ കുറിച്ചൊരു ഒരു അഭിമാനം തോന്നി..
എത്രത്തോളം ഇഷ്ടമാണ് ഈ വീടവൾക്ക് എന്ന് ഞാനറിഞ്ഞു..
ഏറെ ദേഷ്യപ്പെട്ടിട്ടുണ്ട് ഞാനവളോട് എല്ലാം അവളുടെ നല്ലതിനെങ്കിലും ഒരു നീറ്റൽ മനസ്സിൽ..
അവളുടെ മുഖത്തെ ചിരി അതു മായരുതേ എന്നൊരു പ്രാർത്ഥനയോടെ ഞാൻ അവളെ അമ്മയുടെ അടുത്ത് ചേർത്ത് നിർത്തി..
എനിക്ക് തോന്നി അവൾക്കെങ്ങനെ പറയാതിരിക്കാനാവും ?
അമ്മ അവൾക്ക് വേണ്ടി എപ്പോഴും വീട്ടിൽ വാദിക്കാറുള്ളതല്ലേ..
ചെറുതെന്ന് പറഞ്ഞ് ലാളിക്കാറുള്ളതല്ലേ..
അച്ഛൻ അവളുടെ ഇഷ്ടങ്ങൾക്ക് വലിയ വില കൊടുത്ത് കൂടെ നിന്ന് കുഞ്ഞേ എന്ന് വിളിച്ചിരുന്നതല്ലേ
അതെല്ലാം അവൾക്ക് വിലപ്പെട്ടതാണ്..
ഞാനവൾക്ക് ചക്കിയും മാക്രിയുമെന്നൊക്കൊ പേരിട്ടുണ്ടെങ്കിലും
അവൾ ഞങ്ങൾക്കിപ്പോഴും കുഞ്ഞാണ്..
അതേ അവളുടെ ആ കുഞ്ഞു സ്ഥാനത്തിന് കീഴെയാണ് ഈ വീട് പോലും..
കാരണം അവൾ പലപ്പോഴും സ്നേഹം കൊണ്ട് ഞങ്ങളെ തോൽപ്പിച്ചിരുന്നു..
#കുഞ്ഞനുജത്തി..
എ കെ സി അലി

പ്രഭ

Image may contain: 1 person

ഒരിക്കൽ കൂടി കാണുകയാണെങ്കിൽ പറയാതെ പോയൊരു ഇഷ്ടം അവളോട് പറയണമെന്ന് ഞാൻ കരുതിയിരുന്നു..
അന്നു പറയാൻ ധൈര്യമില്ലായിരുന്നു എന്ന സത്യം എനിക്ക് മാത്രമറിയുന്ന ഒന്നായിരുന്നു..
മീശ കിളിർത്തിട്ടും ധൈര്യമില്ല എന്ന് ആരെങ്കിലും അറിയുന്നതും ഒരു കുറച്ചിലല്ലേ..
അതു കൊണ്ടു ആരുമറിയാതെ ഞാൻ ആ രഹസ്യം സൂക്ഷിച്ചു..
വളരെ നാളുകൾക്ക് ശേഷമാണ് ഞാൻ അവളെ വീണ്ടും കാണുന്നത്
ഒരു തുണിക്കടയിൽ വെച്ചായിരുന്നു അത്.
എന്നെ കണ്ടതും ഒരു ചിരിയോടെയാണവൾ എതിരേറ്റത്..
കണ്ട പാടെ എന്താ ഇവിടെ എന്ന് ഞാൻ ചോദിക്കുമ്പോൾ അവൾ മറുപടി തന്നത്..
ഇപ്പോ ഇവിടെയാണ് ജോലി എന്നാണ്..
വിശേഷങ്ങൾ തിരക്കിയ കൂട്ടത്തിൽ ഞാൻ ചോദിച്ചു തന്റെ പഠിപ്പിനൊത്ത ജോലിയൊന്നുമല്ലല്ലോ ഇത് ഇതിലും നല്ലൊരു ജോലിക്ക് ശ്രമിച്ചു കൂടെ എന്ന്..
ശ്രമിക്കുന്നുണ്ട് പിന്നെ കൂലിപ്പണിക്കാരനായ അച്ഛന്റെ മകളുടെ ആഗ്രഹങ്ങൾക്കും കാത്തിരിപ്പുകൾക്കും ഒരു പരിധി ഇല്ലേ മാഷേ..
അവൾ മുഖം നോക്കി പറഞ്ഞതു കേട്ടപ്പോൾ..
വിഷമം തോന്നി..
എന്നെ അതിൽ നിന്നും തൊട്ടുണർത്തുമാറ് അവൾ പറഞ്ഞു
സിമ്പതി പണ്ടേ ഇഷ്ടമല്ല എന്നറിഞ്ഞു കൂടെ എന്ന്..
അതു പറഞ്ഞപ്പോഴാണ് ഞാൻ അടുത്ത ചോദ്യം ചോദിച്ചത്..
കല്യാണം? എന്ന്
അവൾ ഉത്തരം പറഞ്ഞത് കാണാൻ വരുന്നവർക്ക് വീടു പോരാ സ്ഥലം പോരാ എന്നൊക്കെയുള്ള പരാതികളാണ് എന്നാണ്..
കാര്യങ്ങൾ വെട്ടി തുറന്നു പറയണ പ്രകൃതം ഇന്നും മാറിയിട്ടില്ല എന്ന് എനിക്ക് തോന്നി..
പണ്ടും അവൾ ഇങ്ങനെ തന്നെ എനിക്ക് തോന്നി..
കോളേജിലേക്ക് പോവുമ്പോൾ ബാക്കി അമ്പത് പൈസക്കായി ബസ്സിൽ വെച്ച് കണ്ടക്ടറോട് ബഹളം വെച്ചതെല്ലാം എന്റെ ഓർമ്മയിലേക്കെത്തി..
'' അതേയ് ഈ അമ്പത് പൈസ അങ്ങനെ വെറുതെ കിട്ടണതൊന്നുമല്ലെന്നവൾ പറയുമ്പോൾ
അമ്പത് പൈസക്കാണോ ഇത്രക്ക് ബഹളം എന്ന് പറഞ്ഞ് പലരും അവളെ കളിയാക്കി ചിരിച്ചിട്ടും ഒരു കുറച്ചിലായി കാണാതെ നിന്നവളാണവൾ..
ഇടക്കെപ്പോഴോ ഈ അമ്പത് പൈസ കാര്യം ഞാൻ ചോദിച്ചപ്പോൾ അവൾ പറഞ്ഞത്
അമ്പത് പൈസ അങ്ങനെ വെറുതെ കിട്ടണതൊന്നുമല്ല മാഷേ ശരിയാണ് ഞാൻ അന്ന് പറഞ്ഞത്.
അതിൽ എന്റെ അച്ഛന്റെ വിയർപ്പുണ്ട് എന്ന് മനസ്സിലാക്കിയാണ് ഞാൻ പറഞ്ഞത് ..
രാവിലെ കൈക്കോട്ടെടുത്തു തോളത്ത് വെച്ച് പണിക്ക് പോകുന്ന അച്ഛനെ കുഞ്ഞിലെ കണ്ടു വളർന്നവളാണ് ഞാൻ ..
എന്നെ നോക്കി കളിയാക്കി പൊട്ടിച്ചിരിച്ചവർക്കറിയില്ല ഈ കളിയാക്കലിൽ ഉരുകി പോകുന്നവളല്ല ഞാനെന്ന്.
നാണമാവില്ലേ എന്ന് കരുതിയവർക്കറിയില്ല കഷ്ടപ്പാടുകൾ അറിഞ്ഞു വന്ന എനിക്കിതൊന്നും നാണക്കേടായി തോന്നില്ലെന്ന്..
ചെറു പ്രായത്തിൽ തന്നെ പരിഹാസമെല്ലാം കേട്ടു ശീലമായി ..
അച്ഛൻ സ്നേഹത്തോടെ മേടിച്ചു തരുന്ന ചാന്തും കരിമഷിയും ഇന്നും കിട്ടുന്നത് വല്ലാത്ത സന്തോഷമാണ് ..
അന്നത്തെ അവളുടെ വാക്കുകൾ ഓരോന്നും ആലോചിച്ച് അങ്ങനെ നിൽക്കുമ്പോഴാണ്
എന്താ ആലോചിക്കണത് എന്ന് അവൾ ചോദിച്ചത്..
അപ്പോഴാണ് ഞാൻ ഓർമ്മയിൽ നിന്ന് തിരികെ വന്നത്..
ഞാൻ അവളോട് ചോദിച്ചു'' അച്ഛൻ ?
അവൾ കുറച്ചു മൂകമായി പറഞ്ഞു അച്ഛനൊന്നു കിടപ്പിലായപ്പോഴാണ്
ഒരു ജോലി ഒക്കെ വേണ്ടെ എന്ന് കരുതി ഇവിടെ എങ്കിൽ ഇവിടെ എന്ന് കരുതി നിൽക്കണതെന്ന്..
ഞാൻ എന്തു പറയണമെന്നറിയാതെ നിന്നു..
അപ്പോഴാണ് അവൾ പറഞ്ഞത് പിന്നെ നമ്മൾ പഠിച്ച പഠിപ്പെന്നും ഒരു പഠിപ്പല്ല .ഇപ്പോഴാണ് ശരിക്കും വേണ്ടതെല്ലാം പഠിക്കുന്നതെന്ന്..
അതിരിക്കട്ടെ നിന്റെ വിശേഷം എന്താ എന്നവളെന്നോട് ചോദിക്കുമ്പോൾ എനിക്ക് പറയാൻ പ്രത്യേകിച്ച് ഉത്തരമൊന്നും ഉണ്ടായില്ല
ഇങ്ങനെ പോകുന്നു എന്ന് പറഞ്ഞതും..
ജോലി? അവൾ വീണ്ടും ചോദിച്ചു..
ഒന്നു രണ്ടിടത്ത് ജോലി ചെയ്തിരുന്നു. എന്തോ അതൊന്നും മനസ്സിന് തൃപ്തി തന്നില്ല. ഇപ്പൊ വേറെ നോക്കുന്നു..
അവളോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ എനിക്ക് തോന്നി..
പ്രാരാബ്ദങ്ങളുടെ കെട്ടുകൾ അവൾ ചിരിച്ചു കൊണ്ട് ഏറ്റെടുത്തിരിക്കുന്നു..
അവളുടെ വാക്കുകൾ ഓർത്തപ്പോൾ നല്ല ജോലി കിട്ടിയാലേ ജോലിക്ക് പോകുകയുള്ളു എന്ന് കരുതിയ ഞാൻ ഒന്നുമല്ലാതെയായ പോലെ..
സ്വയംപ്രഭ എന്ന അവളുടെ പേര് വിളിച്ച് അന്ന് കളിയാക്കിയതിപ്പോഴും എനിക്കോർമ്മയുണ്ട്
പക്ഷേ ഇപ്പോഴാണ് ശരിക്കും അവൾ പ്രഭ പരത്തിയതെന്ന് ഞാനറിഞ്ഞു..
ശരിയാണ് അവൾ ജീവിതം പഠിച്ചു തുടങ്ങിയിരിക്കുന്നു ഞാൻ ഇനിയും ജീവിതം പഠിച്ചു തുടങ്ങിയിട്ടില്ല..
എന്തോ പറയാൻ കരുതിയതെല്ലാം തൊണ്ടയിൽ കുടുങ്ങി...
ഞാൻ എന്നിലേക്ക് ഒന്നു നോക്കി എവിടെയും എത്തിയിട്ടില്ല ഒന്നിനും പ്രാപ്തി ആയിട്ടില്ല എന്ന് മനസ്സിലായി
വീട്ടിലച്ഛന്റെ ചുമ അച്ഛനു വയസ്സായി എന്ന് അറിയിക്കുന്നതിന്റെയായിരുന്നു എന്നെനിക്കിപ്പോഴാണ് തോന്നിയത്..
അമ്മയുടെ പ്രാർത്ഥനകൾ കൂടി കൂടി വരുന്നതിന്റെ അർത്ഥം ഇപ്പോഴാണ് അറിയുന്നത്..
തിരിച്ചു വീട്ടിലേക്ക് കയറുമ്പോൾ ഞാൻ ഉറപ്പിച്ചിരുന്നു
എനിക്കും ജീവിതം പഠിക്കണമെന്ന്..
കിട്ടിയ ജോലിക്ക് പോയി തുടങ്ങിയപ്പോൾ അവളോടെനിക്ക് തോന്നി തുടങ്ങിയത് ആരാധനയാണോന്നറിയില്ല..
എങ്കിലും എല്ലാം ഒത്തു വന്ന് കെട്ടു കാര്യം വീട്ടുകാർ പറയുമ്പോൾ എനിക്കവളെ ഇനിയൊന്ന് ചൂണ്ടിക്കാട്ടണം...
എന്റെ വഴികളിൽ വെളിച്ചമായ്
ഇനിയങ്ങോട്ട് ജീവിതം ഒരുമിച്ച് പഠിച്ചു തീർക്കാൻ മനസ്സിൽ ഞാനവളുടെ പേരറിയാതെ കുറിച്ച് തുടങ്ങി..
എ കെ സി അലി

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo