Slider

പ്രഭ

0
Image may contain: 1 person

ഒരിക്കൽ കൂടി കാണുകയാണെങ്കിൽ പറയാതെ പോയൊരു ഇഷ്ടം അവളോട് പറയണമെന്ന് ഞാൻ കരുതിയിരുന്നു..
അന്നു പറയാൻ ധൈര്യമില്ലായിരുന്നു എന്ന സത്യം എനിക്ക് മാത്രമറിയുന്ന ഒന്നായിരുന്നു..
മീശ കിളിർത്തിട്ടും ധൈര്യമില്ല എന്ന് ആരെങ്കിലും അറിയുന്നതും ഒരു കുറച്ചിലല്ലേ..
അതു കൊണ്ടു ആരുമറിയാതെ ഞാൻ ആ രഹസ്യം സൂക്ഷിച്ചു..
വളരെ നാളുകൾക്ക് ശേഷമാണ് ഞാൻ അവളെ വീണ്ടും കാണുന്നത്
ഒരു തുണിക്കടയിൽ വെച്ചായിരുന്നു അത്.
എന്നെ കണ്ടതും ഒരു ചിരിയോടെയാണവൾ എതിരേറ്റത്..
കണ്ട പാടെ എന്താ ഇവിടെ എന്ന് ഞാൻ ചോദിക്കുമ്പോൾ അവൾ മറുപടി തന്നത്..
ഇപ്പോ ഇവിടെയാണ് ജോലി എന്നാണ്..
വിശേഷങ്ങൾ തിരക്കിയ കൂട്ടത്തിൽ ഞാൻ ചോദിച്ചു തന്റെ പഠിപ്പിനൊത്ത ജോലിയൊന്നുമല്ലല്ലോ ഇത് ഇതിലും നല്ലൊരു ജോലിക്ക് ശ്രമിച്ചു കൂടെ എന്ന്..
ശ്രമിക്കുന്നുണ്ട് പിന്നെ കൂലിപ്പണിക്കാരനായ അച്ഛന്റെ മകളുടെ ആഗ്രഹങ്ങൾക്കും കാത്തിരിപ്പുകൾക്കും ഒരു പരിധി ഇല്ലേ മാഷേ..
അവൾ മുഖം നോക്കി പറഞ്ഞതു കേട്ടപ്പോൾ..
വിഷമം തോന്നി..
എന്നെ അതിൽ നിന്നും തൊട്ടുണർത്തുമാറ് അവൾ പറഞ്ഞു
സിമ്പതി പണ്ടേ ഇഷ്ടമല്ല എന്നറിഞ്ഞു കൂടെ എന്ന്..
അതു പറഞ്ഞപ്പോഴാണ് ഞാൻ അടുത്ത ചോദ്യം ചോദിച്ചത്..
കല്യാണം? എന്ന്
അവൾ ഉത്തരം പറഞ്ഞത് കാണാൻ വരുന്നവർക്ക് വീടു പോരാ സ്ഥലം പോരാ എന്നൊക്കെയുള്ള പരാതികളാണ് എന്നാണ്..
കാര്യങ്ങൾ വെട്ടി തുറന്നു പറയണ പ്രകൃതം ഇന്നും മാറിയിട്ടില്ല എന്ന് എനിക്ക് തോന്നി..
പണ്ടും അവൾ ഇങ്ങനെ തന്നെ എനിക്ക് തോന്നി..
കോളേജിലേക്ക് പോവുമ്പോൾ ബാക്കി അമ്പത് പൈസക്കായി ബസ്സിൽ വെച്ച് കണ്ടക്ടറോട് ബഹളം വെച്ചതെല്ലാം എന്റെ ഓർമ്മയിലേക്കെത്തി..
'' അതേയ് ഈ അമ്പത് പൈസ അങ്ങനെ വെറുതെ കിട്ടണതൊന്നുമല്ലെന്നവൾ പറയുമ്പോൾ
അമ്പത് പൈസക്കാണോ ഇത്രക്ക് ബഹളം എന്ന് പറഞ്ഞ് പലരും അവളെ കളിയാക്കി ചിരിച്ചിട്ടും ഒരു കുറച്ചിലായി കാണാതെ നിന്നവളാണവൾ..
ഇടക്കെപ്പോഴോ ഈ അമ്പത് പൈസ കാര്യം ഞാൻ ചോദിച്ചപ്പോൾ അവൾ പറഞ്ഞത്
അമ്പത് പൈസ അങ്ങനെ വെറുതെ കിട്ടണതൊന്നുമല്ല മാഷേ ശരിയാണ് ഞാൻ അന്ന് പറഞ്ഞത്.
അതിൽ എന്റെ അച്ഛന്റെ വിയർപ്പുണ്ട് എന്ന് മനസ്സിലാക്കിയാണ് ഞാൻ പറഞ്ഞത് ..
രാവിലെ കൈക്കോട്ടെടുത്തു തോളത്ത് വെച്ച് പണിക്ക് പോകുന്ന അച്ഛനെ കുഞ്ഞിലെ കണ്ടു വളർന്നവളാണ് ഞാൻ ..
എന്നെ നോക്കി കളിയാക്കി പൊട്ടിച്ചിരിച്ചവർക്കറിയില്ല ഈ കളിയാക്കലിൽ ഉരുകി പോകുന്നവളല്ല ഞാനെന്ന്.
നാണമാവില്ലേ എന്ന് കരുതിയവർക്കറിയില്ല കഷ്ടപ്പാടുകൾ അറിഞ്ഞു വന്ന എനിക്കിതൊന്നും നാണക്കേടായി തോന്നില്ലെന്ന്..
ചെറു പ്രായത്തിൽ തന്നെ പരിഹാസമെല്ലാം കേട്ടു ശീലമായി ..
അച്ഛൻ സ്നേഹത്തോടെ മേടിച്ചു തരുന്ന ചാന്തും കരിമഷിയും ഇന്നും കിട്ടുന്നത് വല്ലാത്ത സന്തോഷമാണ് ..
അന്നത്തെ അവളുടെ വാക്കുകൾ ഓരോന്നും ആലോചിച്ച് അങ്ങനെ നിൽക്കുമ്പോഴാണ്
എന്താ ആലോചിക്കണത് എന്ന് അവൾ ചോദിച്ചത്..
അപ്പോഴാണ് ഞാൻ ഓർമ്മയിൽ നിന്ന് തിരികെ വന്നത്..
ഞാൻ അവളോട് ചോദിച്ചു'' അച്ഛൻ ?
അവൾ കുറച്ചു മൂകമായി പറഞ്ഞു അച്ഛനൊന്നു കിടപ്പിലായപ്പോഴാണ്
ഒരു ജോലി ഒക്കെ വേണ്ടെ എന്ന് കരുതി ഇവിടെ എങ്കിൽ ഇവിടെ എന്ന് കരുതി നിൽക്കണതെന്ന്..
ഞാൻ എന്തു പറയണമെന്നറിയാതെ നിന്നു..
അപ്പോഴാണ് അവൾ പറഞ്ഞത് പിന്നെ നമ്മൾ പഠിച്ച പഠിപ്പെന്നും ഒരു പഠിപ്പല്ല .ഇപ്പോഴാണ് ശരിക്കും വേണ്ടതെല്ലാം പഠിക്കുന്നതെന്ന്..
അതിരിക്കട്ടെ നിന്റെ വിശേഷം എന്താ എന്നവളെന്നോട് ചോദിക്കുമ്പോൾ എനിക്ക് പറയാൻ പ്രത്യേകിച്ച് ഉത്തരമൊന്നും ഉണ്ടായില്ല
ഇങ്ങനെ പോകുന്നു എന്ന് പറഞ്ഞതും..
ജോലി? അവൾ വീണ്ടും ചോദിച്ചു..
ഒന്നു രണ്ടിടത്ത് ജോലി ചെയ്തിരുന്നു. എന്തോ അതൊന്നും മനസ്സിന് തൃപ്തി തന്നില്ല. ഇപ്പൊ വേറെ നോക്കുന്നു..
അവളോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ എനിക്ക് തോന്നി..
പ്രാരാബ്ദങ്ങളുടെ കെട്ടുകൾ അവൾ ചിരിച്ചു കൊണ്ട് ഏറ്റെടുത്തിരിക്കുന്നു..
അവളുടെ വാക്കുകൾ ഓർത്തപ്പോൾ നല്ല ജോലി കിട്ടിയാലേ ജോലിക്ക് പോകുകയുള്ളു എന്ന് കരുതിയ ഞാൻ ഒന്നുമല്ലാതെയായ പോലെ..
സ്വയംപ്രഭ എന്ന അവളുടെ പേര് വിളിച്ച് അന്ന് കളിയാക്കിയതിപ്പോഴും എനിക്കോർമ്മയുണ്ട്
പക്ഷേ ഇപ്പോഴാണ് ശരിക്കും അവൾ പ്രഭ പരത്തിയതെന്ന് ഞാനറിഞ്ഞു..
ശരിയാണ് അവൾ ജീവിതം പഠിച്ചു തുടങ്ങിയിരിക്കുന്നു ഞാൻ ഇനിയും ജീവിതം പഠിച്ചു തുടങ്ങിയിട്ടില്ല..
എന്തോ പറയാൻ കരുതിയതെല്ലാം തൊണ്ടയിൽ കുടുങ്ങി...
ഞാൻ എന്നിലേക്ക് ഒന്നു നോക്കി എവിടെയും എത്തിയിട്ടില്ല ഒന്നിനും പ്രാപ്തി ആയിട്ടില്ല എന്ന് മനസ്സിലായി
വീട്ടിലച്ഛന്റെ ചുമ അച്ഛനു വയസ്സായി എന്ന് അറിയിക്കുന്നതിന്റെയായിരുന്നു എന്നെനിക്കിപ്പോഴാണ് തോന്നിയത്..
അമ്മയുടെ പ്രാർത്ഥനകൾ കൂടി കൂടി വരുന്നതിന്റെ അർത്ഥം ഇപ്പോഴാണ് അറിയുന്നത്..
തിരിച്ചു വീട്ടിലേക്ക് കയറുമ്പോൾ ഞാൻ ഉറപ്പിച്ചിരുന്നു
എനിക്കും ജീവിതം പഠിക്കണമെന്ന്..
കിട്ടിയ ജോലിക്ക് പോയി തുടങ്ങിയപ്പോൾ അവളോടെനിക്ക് തോന്നി തുടങ്ങിയത് ആരാധനയാണോന്നറിയില്ല..
എങ്കിലും എല്ലാം ഒത്തു വന്ന് കെട്ടു കാര്യം വീട്ടുകാർ പറയുമ്പോൾ എനിക്കവളെ ഇനിയൊന്ന് ചൂണ്ടിക്കാട്ടണം...
എന്റെ വഴികളിൽ വെളിച്ചമായ്
ഇനിയങ്ങോട്ട് ജീവിതം ഒരുമിച്ച് പഠിച്ചു തീർക്കാൻ മനസ്സിൽ ഞാനവളുടെ പേരറിയാതെ കുറിച്ച് തുടങ്ങി..
എ കെ സി അലി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo