സ്വന്തം മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ കഴിയാത്ത പ്രവാസിയായ ഒരു പിതാവ് മകൾക്ക് എഴുതിയ കത്ത്..
എന്താ മോളെ ഇത്... നീയാ കണ്ണുകൾ തുടച്ച് ആളുകളുടെ മുന്നിലേക്ക് ചെന്നെ...അവിടെ എല്ലാവരും നിന്നെ ചോദിക്കുന്നുണ്ട്... ഇപ്പോൾ തന്നെ എത്ര പേരോട് ഞാൻ കള്ളം പറഞ്ഞു.. നീ നിസ്കരിക്കുകയാണ് എന്നും മറ്റുമൊക്കെ..
ഉമ്മച്ചി ... വാപ്പി ഇത്തവണയും എന്നെ പറ്റിച്ചില്ലേ...
അങ്ങനെ പറയല്ലേ മോളെ... മറ്റാരെക്കാളും ഇന്നത്തെ ദിവസത്തെ കുറിച്ച് സ്വപ്നം കണ്ടത് നിന്റെ വാപ്പിയായിരിക്കും...
ഹും എനിക്ക് കേൾക്കണ്ട... എന്റെ ജനനം മുതൽ കേൾക്കാൻ തുടങ്ങിയതാ ഞാനീ സംസാരം.. എനിക്കും ഇല്ലേ ഉമ്മച്ചി സ്വപ്‌നങ്ങൾ...എന്റെ ജീവിതത്തെ കുറിച്ച്... നാളെ ഞാൻ മറ്റൊരാളുടെ മഹറിന്റെ അവകാശിയായി ഈ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ കൈ പിടിക്കാൻ വാപ്പി ഉണ്ടാകുമെന്ന് എനിക്ക് വാക്ക് തന്നതല്ലേ...
എന്നിട്ടും...
അവൾക്ക് തേങ്ങലടക്കാനായില്ല...
എന്റെ എല്ലാ സ്വപ്നങ്ങളെപ്പോലെയും പോലെ ഇതും ഞാൻ നോവുകളുടെ ശവപ്പറമ്പിൽ അടക്കം ചെയ്തോളാം...
മോളെ... നീ നിന്റെ വാപ്പിയെ അറിയാതെ കുറ്റപ്പെടുത്തരുത്... സ്വപ്നം കണ്ട ജീവിതത്തെക്കാൾ വലിയ കടമകൾ ദൈവത്തിന്റെ തിരക്കഥയിൽ ആടാൻ വിധിച്ചപ്പോൾ നാടും വീടും വിറ്റ് പിറന്ന നാടിനോട് യാത്ര പറഞ്ഞതാണ് നിന്റെ വാപ്പി...
അല്ലെങ്കിലും ഞാൻ എന്ത് പറഞ്ഞാലും ഉമ്മി വാപ്പിയെ സപ്പോർട്ട് ചെയ്യും.. എന്റെ വേദനകളെല്ലാം അല്ലെങ്കിലും ആര് കാണാൻ...
നിന്നോട് തർക്കിക്കാൻ ഞാൻ ഇല്ല മോളെ...
ന്നാ ഇത് വായിച്ച് നോക്ക്... ഇന്നലെ നിന്റെ വാപ്പി നിനക്കയച്ച കത്ത്...ഇത് വായിച്ച് ഇന്നലെ ഒരു പോള കണ്ണടക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല...ഞാൻ മനപ്പൂർവാ ഇത് നിന്നെ കാണിക്കാതിരുന്നത്... എന്റെ മോൾ ഈ സമയത്ത് സങ്കടപ്പെടുതരുല്ലോ എന്ന് കരുതി...
പക്ഷെ എനിക്കു തെറ്റി മോളെ... നിന്റെ വാപ്പി അതെല്ലാം മുൻകൂട്ടി കണ്ടിരുന്നു... ഈ ചുടു നിണം പുരണ്ട അക്ഷരങ്ങളെ കുറിച്ച്...
നിറഞ്ഞു തൂവുന്ന മിഴികളെ സാരിത്തലപ്പ് കൊണ്ട് ഒപ്പിയെടുത്തു അവർ പുറത്തേക്ക് നടന്നു..
അവൾ പതുക്കെ ആ തുണ്ട് പേപ്പർ തുറന്നു...
വാപ്പിയുടെ സിനു മോൾക്ക്...
വാപ്പിയുടെ പൊന്നുമോൾ നാളെ മറ്റൊരാളുടെ രാജകുമാരി ആകുകയാണ് അല്ലേ...കൈ നിറയെ മൈലാഞ്ചിയണിഞ്ഞ് മേനി നിറയെ സ്വർണ്ണം പൂശി സ്വർഗത്തിലെ ഹൂറിയെ പോലെ ചായം പൂശി അലങ്കരിച്ച പന്തലിലൂടെ നീയിങ്ങനെ പാറി നടക്കുന്നത് കാണുകയാ നിന്റെ വാപ്പിയിപ്പോൾ...നിന്റെ ഇഷ്ട്ടപ്പെട്ട പിങ്ക് സാരി തന്നെയല്ലേ ഉമ്മച്ചി നിനക്ക് വാങ്ങിത്തന്നത്... നീ പറഞ്ഞ പോലെ നിന്റെ എല്ലാ കൂട്ടുകാരികളെയും വിളിച്ചില്ലേ നീ.. വാപ്പി അടുത്തില്ലാ എന്ന് കരുതി എന്റെ മോളുടെ ഒരാഗ്രഹവും നിറവേറ്റാതെ പോകരുത്... എല്ലാം ഞാൻ ഉമ്മയോട് പ്രത്യേകം പറഞ്ഞേൽപ്പിച്ചിട്ടുണ്ട്..
പരിഭവം കൊണ്ട് ചുവന്നു തുടുത്ത എന്റെ സുന്ദരിയുടെ മുഖം വല്ലാതെ വാടിപ്പോയല്ലോ മോളെ..
എനിക്കറിയാഞ്ഞിട്ടല്ല മോളെ... ആ കുഞ്ഞു മുഖം തെളിയണമെങ്കിൽ നിന്റെ സ്വപ്‌നങ്ങൾക്ക് കൂടുതൽ നിറം പകരണമെങ്കിൽ മറ്റെന്തിനെക്കാളും നീ ആഗ്രഹിക്കുന്നത് ഈ വാപ്പിയുടെ സാമീപ്യം മാത്രമാണെന്ന്...
നിന്റെ പല ആഗ്രഹങ്ങളെപ്പോലെയും ഇതും നിറവേറ്റി തരാൻ കഴിയാത്ത ഒരു നിർഭാഗ്യവാനായ ഒരു പ്രവാസി ആയിപ്പോയി ല്ലേ ടീ നിന്റെ ഉപ്പ... നിനക്കറിയോ നിങ്ങൾ വന്നില്ലെങ്കിൽ സിനു പന്തലിൽ നിന്നും ഇറങ്ങില്ലെന്ന് അന്ന് നിന്റെ ഉമ്മപറഞ്ഞപ്പോൾ ഞാൻ എന്ത് മാത്രം കരഞ്ഞെന്നോ.. ദാ ഇപ്പോൾ പോലും തോരാതെ പെയ്യുകയാണ് രണ്ടു മിഴികളും...
ഒരിക്കലും ഈ പ്രവാസത്തിലെ പ്രയാസങ്ങൾ പറഞ്ഞു എന്റെ മോളെ ഞാൻ സങ്കടപ്പെടുത്തിയിട്ടില്ല.. കാരണം ഒരു പ്രവാസിയുടെ ഏറ്റവും വലിയ ധൈര്യം നാട്ടിൽ സന്തോഷത്തോടെ കഴിയുന്ന ഞങ്ങളുടെ കുടുംബമാണ്... അതും കൂടെ നഷ്ട്ടമായാൽ പിന്നെ ഈ ജീവിതത്തിനോക്കെ എന്തർത്ഥമാനുള്ളത്..പക്ഷെ ഇനി എന്റെ മോൾ കുറച്ചൂടെ വിശാലമായി ചിന്തിക്കേണ്ടതുണ്ട്...ജീവിതത്തെ കുറിച്ച് അറിയേണ്ടതുണ്ട്... ഒരു കുടുംബം ജീവിതം സന്തോഷകരമാവണമെങ്കിൽ ഒരു പെണ്ണിന്റെ പങ്ക് ചെറുതല്ല.. നിന്റെ രാജകുമരനും നാളെ പ്രവാസത്തിലേക്ക് കാലെടുത്തു വെക്കാനുള്ളതാണ്...അന്നേരം നീ അറിയേണ്ട പഠിക്കേണ്ട ചിലതുണ്ട്...ഒരു പ്രവാസി ഭാര്യയും ഭർത്താവും അനുഭവിച്ചു തീർക്കുന്ന മൗനമായ വേദനകളെ കുറിച്ച്...
നിന്റെ വാപ്പിയുടെ കഷ്ട്ടപ്പാടുകൾ കേട്ട് കണ്ണുകൾ നിറക്കുന്നതിനേക്കാൾ ഈ എഴുത്ത് കൊണ്ട് വാപ്പി ആഗ്രഹിക്കുന്നത് എന്റെ മോളുടെ ജീവിതം സന്തോഷകരമാക്കാൻ ഒരു പിതാവ് നൽകുന്ന ഉപദേശങ്ങളായി നീ ഇതിനെ കാണണമെന്നാണ് ..
പെറ്റമ്മയിൽ നിന്നും പോറ്റമ്മയുടെ മടിത്തട്ടിലേക്ക് നിറം മങ്ങിയ ജീവിതത്തിന് ചായം പൂശാൻ കണ്ണീരിനു വില കൊടുക്കാതെ കാണാ മറയത്തേക്ക് നിധി തേടി പ്പോന്ന മനുഷ്യ ജന്മങ്ങൾ...ആഗ്രഹങ്ങളെയും സ്വപ്‌നങ്ങളെയും പെട്ടിയിലാക്കി അരി നാഴി ചോറിനായി പുഞ്ചിരിയുടെ മുഖം മൂടി അണിയുന്നൊരു കൂട്ടം ജീവനുകളാണ് പ്രവാസികൾ...
മോളെ എന്റെ അഭാവം മൂലം നിനക്ക് നിന്റെ ഏറ്റവും വലിയ നഷ്ട്ടമാണ് ഇന്നീ ദിനമെങ്കിൽ ഇതുപോലെ ഒരുപാട് രാവുകൾ നഷ്ട്ടപ്പെട്ടവനാ നിന്റെ വാപ്പി...
പ്രാരാബ്ധങ്ങൾക്ക് നടുവിൽ മരവിച്ച മനസ്സുമായി മധുവിധു വിട്ടു മാറും മുമ്പ് ഈ നെഞ്ചിലെ ചൂടേറ്റ് കൊതി തീർന്നില്ലെന്ന് പറഞ്ഞ നിന്റെ ഉമ്മയുടെ നിറഞ്ഞ മിഴികൾ കണ്ടിട്ടും കാണാതെ പ്രവാസത്തിലേക്ക് ഇറങ്ങി നടന്ന അന്ന് തുടങ്ങി നഷ്ട്ടങ്ങളുടെ കണക്ക്...
കാത്തു കാത്തിരുന്നു മാസങ്ങൾക്ക് ശേഷം നിന്റെ ഉമ്മയുടെ എഴുത്ത് കിട്ടിയപ്പോൾ അതിൽ പുരണ്ട കണ്ണുനീർ തുള്ളികളായിരുന്നു അടുത്ത നഷ്ട്ടം...
എന്റെ ജീവന്റെ തുടിപ്പ് ആ ഉദരത്തിൽ വളരുന്നുണ്ടെന്ന സത്യം അവൾ തെല്ലു നാണത്തോടെ കുറിച്ചപ്പോൾ വാത്സല്യ പൂർവ്വം കെട്ടിപിടിച്ചു ആ നെറ്റിയിലൊന്നു ഉമ്മ വെക്കാൻ പോലുമാവാതെ എന്റെ നഷ്ട്ടങ്ങളുടെ കണക്ക് പുസ്തകം വിശാലമാകാൻ തുടങ്ങി....
നിറവയറിന്റെ പരവശതകൾ വേണ്ടുവോളം അരോസരപ്പെടുത്തുമ്പോഴും തന്റെ ജീവന്റെ നിസ്വനങ്ങൾക്ക് കാതോർക്കാൻ പ്രിയ്യപ്പെട്ടവനില്ലാത്ത വേദന കടിച്ചമർത്തുന്ന എന്റെ ജീവന്റെ പാതിക്ക് ഒരു കൂട്ട് കൊടുക്കാൻ പോലും കഴിയാതെ വീണ്ടും ആ കണക്ക് നീണ്ടു...
കാത്തു കാത്തിരുന്നു ലേബർ റൂമിന്റെ പുറത്ത് ഡോക്ടർ വന്ന് ഹസീന പ്രസവിച്ചു എന്ന് കേൾക്കുമ്പോൾ കുട്ടി എന്താണെന്ന് പോലും ചോദിക്കുന്നതിനു മുന്നേ അവൾക്കു കുഴപ്പമൊന്നുമില്ലല്ലോ എന്ന് ചോദിക്കുന്ന എന്റെ ശ്വാസം നിലച്ചു പോയ നിമിഷങ്ങൾ സ്വപ്നത്തിൽ മാത്രം കാണാൻ വിധിക്കപ്പെട്ട ദിനങ്ങൾ വീണ്ടും നഷ്ട്ടങ്ങളുടെ ഭാണ്ഡത്തിൻ ഭാരം കൂട്ടി...
ആറ്റു നോറ്റുണ്ടായ കണ്മണിയുടെ കിളിക്കൊഞ്ചലുകൾ മാസങ്ങൾ കാത്തു കിട്ടുന്ന എഴുത്തുകളിലൂടെ മാത്രം ആസ്വദിക്കാൻ വിധിക്കപ്പെട്ടവന്റെ നഷ്ട്ട ക്കണക്കുകളൊക്കെ ഏതു പട്ടികയിൽ എഴുതി സൂക്ഷിക്കും...
എണ്ണി ചുട്ടു കിട്ടുന്ന പരോൾ മതിയാകാതെ പ്രിയ്യപ്പെട്ടവരോട് യാത്ര പറഞ്ഞിറങ്ങേണ്ടി വരുന്ന ഒരു പ്രവാസിയുടെ ഹൃദയം പിടഞ്ഞൊരു ദയനീയവസ്ഥയുണ്ട്.. മരണത്തെ പോലും തോൽപ്പിച്ച് കളയുന്നൊരു വേദന...നഷ്ട്ടങ്ങൾ എന്നും നഷ്ട്ടങ്ങൾ തന്നെ...
പൊന്നു മോളെ നിന്റെ ഓരോ വളർച്ചയും ഏഴു കടലിനിപ്പുറത്ത് നിന്നും മാത്രം നോക്കി കാണേണ്ടി വരുന്നൊരു പിതാവിന്റെ വേദനയൊക്കെ വെറും നഷ്ട്ടങ്ങളായി മാത്രം എണ്ണിയാൽ മതിയോ...
കൗമാര കാലത്തിന്റെ ആദ്യ ഘട്ടം മുതൽ ഇന്ന് ഈ അവസ്ഥ വരെ നിന്നെ ഒരു പേര് പോലും കേൾപ്പിക്കാതെ ഏറ്റവും നല്ലൊരു കുട്ടിയായി വളർത്താൻ പാടുപെട്ട നിന്റെ ഉമ്മിക്ക് രണ്ടു വർഷത്തിൽ രണ്ടു മാസമല്ലാതെ ഒപ്പമിരുന്നു ധൈര്യം കൊടുക്കാൻ കഴിയാത്തൊരു പ്രവാസിയുടെ ഹൃദയ നൊമ്പരത്തിന്റെ കണക്ക് മോൾക്ക് മനസ്സിലാകുമോ...
ആഴ്ചയിൽ വിളിക്കുന്നൊരു ഫോൺ കാളിൽ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നിന്റെ കല്യാണത്തിന്റെ ഓരോ വ്യാകുലതകളും നിന്റെ ഉമ്മ പങ്കു വെക്കുമ്പോൾ സമാധാന വാക്കുകൾ ചൊരിഞ്ഞു അല്ലാഹുവിനു മുന്നിൽ രണ്ടു കൈകളും ഉയർത്താൻ മാത്രം നെറികെട്ട ഒരാളുടെ നഷ്ട്ടം നിനക്ക് കാണാൻ കഴിയുമോ മോളെ....
ഈ സുന്ദര മുഹൂർത്തത്തിൽ ന്റെ മോളുടെ കൈ പിടിക്കാൻ ഒരു നിലക്കും എന്റെ സാഹചര്യം അനുവദിക്കാത്തത് കൊണ്ടാണ് മോളെ ഞാൻ വരാത്തത്. വാപ്പി ഒരിക്കലും നിന്റെ ആഗ്രഹങ്ങൾക്ക് വില കല്പിക്കാത്തവനാണെന്ന് ഒരിക്കൽ പോലും നീ ചിന്തിക്കരുത്..
ഇനിയാ നിറഞ്ഞ കണ്ണുകളൊക്കെ തുടച്ച് ന്റെ മോള് പന്തലിലേക്ക് ചെന്നെ....അവിടെ എന്റെ അഭാവം കൂടി നികത്തേണ്ടവളാ നീ.....
എന്റെ കുസൃതിക്കുടുക്കയുടെ ഏറ്റവും സന്തോഷം നിറഞ്ഞ ഈ രാവിൽ ആ നക്ഷത്രത്തിളക്കമുളള കണ്ണുകൾ നിറഞ്ഞൊലിക്കുന്നത് കാണാനല്ല ഈ വാപ്പി ഇന്ന് ഇതൊക്കെ കുറിച്ചത്...ഈ കഷ്ട്ടപ്പാടുകൾ ഒക്കെ സഹിക്കുന്നത് നിന്റെ ജീവിതം സന്തോഷകരമാവുന്നത് കാണാൻ വേണ്ടി മാത്രമാണ്... അത്കൊണ്ട് എന്റെ മോൾ ജീവിതത്തെ നല്ല പോലെ പഠിച്ചു മനസ്സിലാക്കി സന്തോഷത്തോടെ ആബിദ് മോന്റെ കൈകൾ പിടിച്ചു ഇറങ്ങണം.... അവന്റെ ജീവിതത്തിൽ പ്രകാശിക്കുന്ന വിളക്കാവണം... ഈ വാപ്പിക്ക് വേണ്ടി...
എന്റെ കുസൃതിക്കുടുക്കയുടെ ഏറ്റവും സന്തോഷം നിറഞ്ഞ ഈ രാവിൽ ആ നക്ഷത്രത്തിളക്കമുളള കണ്ണുകൾ നിറഞ്ഞൊലിക്കുന്നത് കാണാനല്ല ഈ വാപ്പി ഇന്ന് ഇതൊക്കെ കുറിച്ചത്...ഈ കഷ്ട്ടപ്പാടുകൾ ഒക്കെ സഹിക്കുന്നത് നിന്റെ ജീവിതം സന്തോഷകരമാവുന്നത് കാണാൻ വേണ്ടി മാത്രമാണ്... അത്കൊണ്ട് എന്റെ മോൾ ജീവിതത്തെ നല്ല പോലെ പഠിച്ചു മനസ്സിലാക്കി സന്തോഷത്തോടെ ആബിദ് മോന്റെ കൈകൾ പിടിച്ചു ഇറങ്ങണം.... അവന്റെ ജീവിതത്തിൽ പ്രകാശിക്കുന്ന വിളക്കാവണം... ഈ വാപ്പിക്ക് വേണ്ടി...
ഇരു കൈകളും നീട്ടി പ്രാർത്ഥിച്ചു കൊണ്ട് നിന്റെ വാപ്പി എല്ലാം ഇവിടെ നിന്നും കാണുന്നുണ്ടാകും...
ന്റെ മോളുടെ കണ്ണുകൾ ഒരിക്കലും നിറയാതിരുന്നാൽ മാത്രം മതി ഈ വാപ്പിക്ക്...
ന്റെ മോളുടെ കണ്ണുകൾ ഒരിക്കലും നിറയാതിരുന്നാൽ മാത്രം മതി ഈ വാപ്പിക്ക്...
ഇനി ഞാൻ നിർത്തട്ടെ മോളെ.....ഒരുപാട് സ്നേഹത്തോടെ
സിനു മോളുടെ വാപ്പി
😍
😘
😘
😘
😘
😘
സിനു മോളുടെ വാപ്പി






അസ്സലാമുഅലൈകും...
M@h!m@j
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക