
മെഡിക്കൽകോളേജിൽ ആക്സിഡന്റ് പറ്റി അഡ്മിറ്റായ സുഹൃത്തിന് കൂട്ടിരിക്കാൻപോയതായിരുന്നു ഞാൻ..
രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ബഹളത്തിൽ വീർപ്പുമുട്ടിയ ഹോസ്പിറ്റൽ വരാന്ത..
സുഹൃത്തിന്റെ ബെഡിനടുത്തിരുന്നു ഫേസ്ബുക് ഓപ്പൺ ചെയ്തു കൊതുകുകടിയുംകൊണ്ട് ഇരിക്കുമ്പോളാണ് നമ്മുടെ നായകന്റെ വരവ്...
സ്കൈബ്ലൂ ജീൻസും ബ്ലാക് ടിഷർട്ടും ഇട്ടോണ്ട് തലമുടി രണ്ട് കൈകൊണ്ടും മുകളിലേക്ക് ഒതുക്കി പാട്ടും മൂളി നടന്നു വരുന്നു... തോളത്തു ഒരു ബാഗും...
അവൻ നേരെ നടന്നു വന്നത് അടുത്ത ബെഡിൽ കിടക്കുന്ന തമിഴന്റെ അടുത്തേക്കാണ് അവർ എന്തൊക്കെയോ ചിരിച്ചുകൊണ്ട് സംസാരിക്കുന്നുണ്ട് ഇടക്ക് ഫ്രീക്കൻ ആ തമിഴന്റെ കാൽ പൊക്കി മുറിവിലൊക്കെ നോക്കി എന്തൊക്കെയോ ചോദിക്കുന്നു.തമിഴന്റെ ഭാര്യ എന്തൊക്കെയോ വിശദീകരിച്ചുകൊടുക്കുന്നു.. തമിഴന്റെ ആരെങ്കിലും ആയിരിക്കും അവനെന്ന് കരുതി ഞാൻ ആ സീൻ വിട്ടു പുറത്തേക്കു നടക്കവേ ഫ്രീക്കൻ ബാഗിൽ നിന്റെ നിന്നും രണ്ട് പൊതിയെടുത്തു അവർക്ക് കൊടുത്തു അവിടെ ഇന്നും പുറത്തേക്കു വന്നു...
എന്റെ വീക്ഷണം അവൻ കണ്ടിട്ടാണെന്ന് തോനുന്നു പുറത്തേക്കു വന്ന അവൻ.. എന്നോട് "" ഹായ് ബ്രോ....
ഒരു ഹായ് പറഞ്ഞ സ്ഥിതിക്ക് ഞാനും തിരിച്ചൊരു ഹായ് കൊടുത്തു..
""ആരാ ബ്രോ കൂടെയുള്ളത്..
എന്റെ ഒരു സുഹൃത്താണെന്നും ആക്‌സിഡന്റ് പറ്റി കാൽ പൊട്ടിയതാണെന്നും പറഞ്ഞപ്പോൾ ഓക്കേ ബ്രോ കാണാം എന്നും പറഞ്ഞു അവൻ ന്യൂറോ വാർഡിലേക്ക് പോയി.... !
വരാന്തയിൽ വലിയ ജോലിയൊന്നുമില്ലാത്തത്കൊണ്ട് ഞാൻ നടന്നു നടന്നു ന്യൂറോ വാർഡിനു മുന്പിലെത്തിയപ്പോൾ ഒരു ചെറിയ കുട്ടിയേയും എടുത്തു അവൻ ഒരു സ്ത്രീയുമായി സംസാരിച്ചു നില്കുന്നു..
ആ കുട്ടി അവനുമായി നല്ല കൂട്ടാണെന്ന് കുട്ടി അവനോടു കളിക്കുന്നത് കണ്ടപ്പോൾ മനസിലായി.. കുട്ടിയുടെ കയ്യിൽ ഒരു ചെറിയ പാവക്കുട്ടി ഉണ്ട് അവൻ കൊടുത്തതാണെന്ന് തോന്നുന്നു ആ കുട്ടി അതുമായി കളിചോണ്ടിരിക്കുമ്പോൾ അവൻ പോക്കറ്റിൽ നിന്നും കുറച്ചു പണം എടുത്തു ആ സ്ത്രീയുടെ കയ്യിൽക്കൊടുത്ത് അവിടെ നിന്നും പുറത്തേക്കു വന്നു... എന്നെ കാണേണ്ട എന്ന് കരുതി അവിടെ നിന്നും ഞാൻ തിരിച്ചു നടക്കാൻ തുടങ്ങിയപ്പോൾ പിന്നിൽ നിന്നും ഒരു വിളി..
""ബ്രോ...,, !!
തിരിഞ്ഞു നോക്കിയപ്പോൾ അവനാണ്... ചിരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നു...
""ഏന്താ അകത്തു വരാതിരുന്നത്...?
അവൻ ഞാൻ അവനെ നോക്കുന്നത് കണ്ടു എന്ന് മനസിലായി..
""ഒന്നുമില്ല ബ്രോ.... അവനുള്ള മറുപടിയിൽ ഒരു ബ്രോ എന്റെവകയും കൊടുത്തു...
ബ്രോ... സുഹൃത്തിന്റെ അടുത്ത് കാര്യമായിട്ട് പരിപാടികൾ ഒന്നുമില്ലെങ്കിൽ വാ... നമുക്ക് കാർഡിയാക് വാർഡിൽ പോകാം...
അവൻ വിളിച്ചപ്പോൾ എന്തോ... അവനോടൊപ്പം പോകാൻ തോന്നി...
കാർഡിയാക് വാർഡിൽ എത്തിയപ്പോൾ അവൻ വേഗം അകത്തേക്ക് പോയി.. ഞാൻ പിന്നാലെയും...
""സഫിയത്താ... ഞാൻ കുറച്ച് ലേറ്റ് ആയി.. ഇപ്പോൾ ബസ്സ് കിട്ടുമോ...
ഒരു പ്രായമുള്ള ഉമ്മയുടെ അടുത്തേക്കാണ് പോയത് അടുത്ത് കട്ടിലിൽ അവരുടെ ഭർത്താവ് കിടപ്പുണ്ട്...
""സാരമില്ല മോനെ.. ബസ്സൊക്കെ കിട്ടും.. മോന് ബുദ്ധിമുട്ടായോ ..?
""ഏയ്.. അതെന്ത് ചോദ്യമാണ് സഫിയത്താ.. ഇന്നലെ സവാദ് വന്നിരുന്നില്ലേ... ഇന്ന് ഞാൻ... നിങ്ങൾ സമയം വൈകിക്കേണ്ട..
അവർ ഭർത്താവിന് രാത്രി കൊടുക്കേണ്ട ഗുളികകൾ കാണിച്ചു കൊടുത്തു അവിടെ നിന്നും ഇറങ്ങി....
""ബ്രോ... വാ.. ഇവിടെ ഇരിക്ക്...
ഞാൻ അവിടെ ഇരുന്നു... അവനോടു സംസാരിക്കാൻ തുടങ്ങി...
അവന്റെ പേര് അർജുൻ... ഒരു സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയി വർക്ക് ചെയ്യുന്നു..
അവർ ആരാണ് അവന്റെ എന്ന ചോദ്യത്തിന് അവന്റെ ചിരിച്ചുകൊണ്ട് മറുപടി പറയാൻ തുടങ്ങി...
ആദ്യം കണ്ട തമിഴൻ... പളനി സാമി.. റോഡ്‌സൈഡിൽ കേബിളിന് കുഴിവെട്ടുമ്പോൾ പിക്കാസ് തെന്നി കാലിൽ കൊണ്ടു.. ആഴത്തിലുള്ള മുറിവ്.. എല്ലിൽ പൊട്ടൽ ഉണ്ട് പക്ഷെ മുറിവ് ഉണങ്ങാതെ പ്ലാസ്റ്റർ ഇടാൻ പറ്റില്ല... ജോലിക്ക് പോകാൻ പറ്റാത്തത് കൊണ്ട് കാശിനു കുറച്ചു ബുദ്ധിമുട്ടി.. അവരെ പരിചയപെട്ടപ്പോൾ തന്നാൽ കഴിയുന്ന സഹായം ചെയ്യുന്നു...
രണ്ടാമത് കണ്ട കുട്ടിയുടെ കഥ കുറച്ചുകൂടി സങ്കടം ആയിരുന്നു.. മരിയ.. അഞ്ചു വയസ് തലയിൽ ചെറിയ ഒരു ഓപറേഷൻ വേണം... ബ്ലെഡ്ഡ്കൗണ്ട് കുറവായത് കൊണ്ട് ഓപറേഷൻ നീണ്ടുപോകുന്നു... റാണി ചേച്ചിയുടെ പ്രേമ വിവാഹം വീട്ടുകാർ എതിർത്തപ്പോൾ വീടുവിട്ടിറങ്ങി.. മരിയ ജനിച്ചു മൂന്നു വയസ് ആയപ്പൾ അയാൾ ഒരു ആക്‌സിഡന്റിൽ മരണപെട്ടു.. ഇപ്പോൾ കൂട്ടിനു ആരുമില്ലാതെ വിഷമിക്കുന്നു.. വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും കിട്ടിയ സഹായം അവർക്ക് നൽകുന്നതാണ് ബ്രോ കണ്ടത്.....
പിന്നെ ഇത് മൂസക്ക.. സ്‌ട്രോക് വന്നതാണ്.. രണ്ട് പെൺകുട്ടികൾ ആണ് മൂത്തവൾ പ്രസവിച്ചു കിടപ്പായത് കൊണ്ട് സഫിയതാ വൈകിട്ട് വീട്ടിലേക് പോകും.. ഇന്നലെ എന്റെ ഒരു സുഹൃത് ആയിരുന്നു നിന്നത്.. ഇന്ന് എനിക്കാണ് ഡ്യൂട്ടി... അവൻ പറഞ്ഞു നിർത്തി...
തന്റെ സുഹൃത്തിനൊപ്പമായിട്ട്പോലും അവിടെ നില്കാൻ വലിയ താല്പര്യം ഇല്ലാതിരുന്ന എനിക്ക് അവന്റെ സംസാരം കേട്ടപ്പോൾ എന്നോട് തന്നെ ലജ്ജ തോന്നി..
സംസാരത്തിനിടെ എന്ത്കൊണ്ട് ഇങ്ങനെ ഒരു തീരുമാനം എടുത്തു എന്ന് ചോദിച്ച എനിക്ക് അതിനുള്ള മറുപടിയും അവൻ തന്നു...
കട്ടാ ഫ്രീക്കനായി നടന്നിരുന്ന സമയം.. ഫ്രണ്ടിന് ഒരപകടം പറ്റിയപ്പോൾ കൂട്ടിരിക്കാൻ വന്നതായിരുന്നു അവനും അവന്റെ രണ്ട് ഫ്രണ്ട്സും... അന്ന് അവിടെ കൂട്ടിനു ആരുമില്ലാത്ത ഒരു വൃദ്ധൻ രാത്രി ബാത്‌റൂമിൽ പോകാൻ ബുദ്ധിമുട്ടുന്നത് കണ്ടു അവൻ സഹായിക്കാൻ പോയി... ബാത്‌റൂമിൽ നിന്നും തിരിച്ചു വന്ന വൃദ്ധൻ അവനെ സ്നേഹത്തോടെ തലോടിക്കൊണ്ട് ""മോന് നല്ലതേ വരൂ.. എന്ന് അനുഗ്രഹിച്ചു വിട്ടു.. അവനെ അത് വല്ലാതെ സന്തോഷിപ്പിച്ചു എന്ന് അവൻ പറഞ്ഞു.. പിന്നെ കുറച്ചു നാളുകൾക്കു ശേഷം അവനും സുഹൃത്തുക്കളും ചേർന്നു ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി.. അവരാൽ കഴിയുന്ന സഹായം ചെയ്യുന്നു...
ഒറ്റ കാഴ്ച്ചയിൽ ഒരു " യോ.. യോ.. അയി അടിച്ചുപൊളിച്ചു നടക്കുന്ന ഫ്രീക്കൻ എന്ന് കരുതിയ അവൻ എന്റെ കണക്ക് കൂട്ടലുകൾ തെറ്റിച്ചുകളഞ്ഞിരുന്നു...
രാത്രി മൊബൈലും നോക്കി പുതപ്പും മൂടി പുതച്ചുറങ്ങേണ്ട സമയം തന്റെ ആരുമല്ലാത്ത ഒരാൾക്ക് കൊതുക് കടിയുംകൊണ്ട് കൂട്ടിരിക്കാൻ ഒരു മടിയും കൂടാതെ വന്നു തന്നെക്കൊണ്ട് കഴിയുന്ന രീതിയിൽ മറ്റുള്ളവരെ സഹായിക്കുന്ന അവന്റെ മുന്നിൽ ഞാൻ ഒന്നുമല്ലാതായി തീർന്നിരിക്കുന്നു...
എന്തിനാണ് വെറുതെ മറ്റുള്ളവരുടെ ടെൻഷൻ ഞാൻ തലയിൽ എടുക്കുന്നത് എന്ന ഒരു ശരാശരി മലയാളിയുടെ ചിന്തയായിരുന്നു അവനും എങ്കിൽ അന്ന് എനിക്ക് അവനെ പരിചയപ്പെടാൻ കഴിയില്ലായിരുന്നു...
പക്ഷെ തന്നെക്കൊണ്ട് ആവുംവിധം മറ്റുള്ളവർക്ക് സഹായം ചെയ്യണം എന്ന ആ ഫ്രീക്കന്റെ മനസ്സാണ് നമ്മളിൽ പലർക്കും ഇല്ലാതെ പോയത്.....
അബ്ദു
Raoof...
Raoof...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക