നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പറക്കാൻ മടിക്കുന്ന പറവകൾ



°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
" രാകേഷേട്ടാ ഒന്നിങ്ങട് വര്വോ..."
മീരയാണ് , അടുക്കളയിൽ നിന്ന്. പത്രത്തിലെ വാർത്തകളിലേക്ക് തല കുമ്പിട്ടിരുന്നതിൽ നിന്നും വേഗം എഴുന്നേറ്റു അല്ലെങ്കിൽ അടുത്തെത്തുന്നത് വരെ വിളിച്ചോണ്ടിരിക്കും.
" ദേ അമ്മയ്ക്കുള്ള ചായയാണ് ഇതൊന്ന് കൊണ്ടു പോയി കൊടുക്ക് "
" നിനക്കതങ്ങ് കൊണ്ടുപോയി കൊടുത്തുകൂടേ മീരേ... വെറുതെ എന്നെ വിളിക്കാതെ..."
രാകേഷിന്റെ മുഖത്തെ അതൃപ്തി കണ്ടത് കൊണ്ടാവാം ഉടൻ വന്നു മീരയുടെ പോംവഴി
" അല്ലെങ്കിൽ ഈ ചോറിന്റെ വെള്ളം വാർത്ത് കളയൂ ഞാൻ കൊടുത്തിട്ട് വരാം.."
രാകേഷ് വേഗം തന്നെ ചായ വാങ്ങി കാരണം തലേദിവസം കഞ്ഞിവെള്ളം വാർത്തു മാറ്റാൻ ശ്രമിച്ചപ്പോൾ ഉണ്ടായ പൊള്ളൽ കയ്യിൽ തിണർത്തു കിടക്കുന്നു.
അകത്തെ മുറിയിൽ അമ്മ ഉണർന്ന് കിടക്കുന്നു
" ചായ "
അതും പറഞ്ഞു ചായ ഗ്ലാസ് മേശപ്പുറത്ത് വെച്ച് രാകേഷ് തിടുക്കത്തിൽ പുറത്തേക്കിറങ്ങി. അടുക്കള വാതിലിൽ മീര നോക്കിക്കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. ' എന്തായിത് രാകേഷേട്ടാ ' എന്ന അർത്ഥത്തിൽ അവൾ കൈ കൊണ്ട് ആംഗ്യം കാട്ടി.
ഒന്നും മിണ്ടാതെ തലയും കുമ്പിട്ടു മുൻവശത്തേക്ക് നടക്കുന്നതിനിടയിൽ തന്നെ മനസ്സ് സ്വയം ആ ചോദ്യം ചോദിച്ചു തുടങ്ങിയിരുന്നു. എന്താണ് തനിക്ക്... സ്വന്തം അമ്മയാണ് അകത്ത് കട്ടിലിൽ നടക്കാനാവാതെ കിടക്കുന്നത് പക്ഷേ അമ്മയെ സ്നേഹിക്കുവാനോ എന്തെങ്കിലും സംസാരിക്കാനോ തനിക്ക് സാധിക്കുന്നില്ല. മീരയുടെ നിർബന്ധം സഹിക്കാതാകുമ്പോൾ കടമ നിർവ്വഹിക്കാൻ എന്നത് പോലെ ആ മുറിയിലേക്ക് ഒന്ന് പോകും അകത്തു കയറുന്നതിലും വേഗത്തിൽ തിരിച്ചിറങ്ങും. മോനേ എന്ന് അമ്മ വിളിക്കുന്നത് കേൾക്കുമ്പോൾ ശരീരത്തിലൂടെ ഏതോ ക്ഷുദ്രജീവി അരിച്ചു നടക്കുന്നത് പോലെയാണ് തോന്നുന്നത്.
തിരികെ വന്നു പത്രം നിവർത്തിയെങ്കിലും മനസ്സ് ചിന്തകൾ കൊണ്ട് കലുഷിതമാകുന്നു...
അമ്മ... സ്നേഹത്തിന്റെ പര്യായം... ഏതു ലിഖിതങ്ങളിലും അങ്ങിനെയെ കാണാൻ കഴിയൂ... പക്ഷേ... എന്താണ് തനിക്ക് അമ്മയെ സ്നേഹിക്കാൻ കഴിയാത്തത് എന്നതിന്റെ ഉത്തരം ഇന്ന് ഈ ലോകത്തിൽ സാധാരണമായിക്കൊണ്ടിരിക്കുന്ന അസാധാരണ സംഭവം തന്നെയാണ്.
ബാല്യത്തിന്റെ കളിച്ചിരികൾക്കിടയിലെവിടെയോ തന്നെയും അച്ഛനെയും തനിച്ചാക്കി വേറൊരുവന്റെ കൂടെ ഇറങ്ങി പോയപ്പോൾ തനിക്ക് അമ്മയെ വെറുപ്പായിരുന്നോ...? ഉണ്ടാവാൻ സാധ്യതയില്ല അല്ലെങ്കിൽ അമ്മയെ അന്വേഷിച്ചു താൻ എന്നും കരയുമായിരുന്നില്ലല്ലോ. വളരുന്നതിനിടയിലെവിടെയോ അമ്മയെവിടെ എന്നന്വേഷിക്കുമ്പോൾ കുനിയുന്ന അച്ഛന്റെ ശിരസ്സ് തന്നിൽ പാകിയ വികാരം ഒരുപക്ഷേ വെറുപ്പായിരുന്നിരിക്കും. അച്ഛന്റെ കുനിഞ്ഞ ശിരസ്സിൽ നിന്നും കണ്ണുനീർ തുള്ളികൾ പുറപ്പെടുന്നത് ഒരുപക്ഷേ താനായിരിക്കണം ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത്. അച്ഛന്റെ തണലിൽ വളർന്നു വലുതാകുന്നതിനിടയിൽ അച്ഛമ്മയുടെ ആത്മഗതങ്ങളിലൂടെ അമ്മ ദുഷ്ടയാകുകയായിരുന്നു. കൂട്ടുകാരുടെയും നാട്ടുകാരുടെയും പരിഹാസങ്ങൾ അതിന്റെ കനം കൂട്ടി. അമ്മ മരിച്ചു എന്ന് തന്നെ കരുതി. പിന്നീടൊരിക്കലും അച്ഛനോട് അമ്മയെവിടെ എന്ന് ചോദിച്ചിട്ടില്ല. എപ്പോഴാണോ ഒരു കുഞ്ഞിന് അമ്മ അത്യാവശ്യമുള്ളത് ആ സമയത്ത് കൂടെയില്ലാതിരുന്ന അമ്മയെ സ്വന്തം കാര്യം സ്വയം നോക്കാൻ കഴിയുന്ന സമയത്ത് എന്തിനാണ് അന്വേഷിക്കുന്നത്.
അച്ഛനെ നോക്കുമ്പോഴെല്ലാം ഉറപ്പിച്ചിരുന്ന ഒരു കാര്യമാണ് വിവാഹം എന്നത് തനിക്ക് വേണ്ട എന്നത്. പക്ഷേ മീര...
കൂട്ടുകാരന്റെ പെങ്ങൾ... ഒരിക്കൽ പോലും അടുത്തിടപഴകി സംസാരിച്ചിട്ടില്ല. പക്ഷേ അവൾക്ക് വരുന്ന വിവാഹാലോചനകൾ എല്ലാം ഒഴിവുകഴിവുകൾ പറഞ്ഞൊഴിവാക്കി കല്യാണം കഴിക്കുകയാണെങ്കിൽ ഞാൻ രാകേഷേട്ടനെ മാത്രമേ കഴിക്കൂ എന്ന ബോംബ് അവൾ വീട്ടിൽ പൊട്ടിച്ചപ്പോൾ അതിന്റെ ആഘാതം ഏറ്റവുമധികം പിടിച്ചു കുലുക്കിയത് തന്നെയാണ്. അപ്പോഴാണ് അവളെ ശ്രദ്ധിക്കുന്നത് തന്നെ.
അമ്പരന്നു എന്നത് നേര് തന്നെ. അതുവരെ കല്യാണം കുടുംബജീവിതം എന്നതിനെക്കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. അമ്മ ഒളിച്ചോടി പോയവൻ എന്നൊരു കുറവ് മാത്രമേ അവർ കണ്ടുള്ളൂ. അതാവാം അവരും അയഞ്ഞത്. സുഹൃത്ത് അവർക്ക് താൽപര്യമാണ് എന്ന തീരുമാനം അറിയിച്ചിട്ടും താൻ ഒഴികഴിവുകൾ പറഞ്ഞു ഒഴിഞ്ഞുമാറാൻ ഒരുപാട് ശ്രമിച്ചു. അവിടെയും മീര തന്നെയായിരുന്നു പ്രതിബന്ധം. എന്താണ് കുഴപ്പം എന്ന ചോദ്യത്തിന് തൃപ്തികരമായ ഒരു മറുപടി കൊടുക്കുവാൻ തനിക്ക് സാധിച്ചില്ല അല്ല എന്ത് മറുപടി കൊടുത്താലും അവൾ അതിനെ നിസ്സാരമായി തട്ടിയകറ്റി കൊണ്ടിരുന്നു. ഒടുവിൽ അമ്മ മൂലം മനസ്സിൽ ഉടലെടുത്ത പെണ്ണ് എന്നാൽ അർത്ഥം ചതി എന്നാണ് എന്ന ഉത്തരം കൊടുത്തു. ഒരു മരത്തിലേക്ക് വരുന്ന കിളികൾ എല്ലാം ഒരേതരത്തിൽ പെട്ടതാണോ എന്നതായിരുന്നു മറുചോദ്യം... മൗനം പാലിച്ചപ്പോൾ വാടി വീണ ഒരു മാങ്ങ കണ്ട് എല്ലാ മാങ്ങയും കേടാണ് എന്നു പറയുന്നതെങ്ങിനെ എന്നായി അടുത്ത ചോദ്യം... ഉത്തരം മുട്ടിപ്പോയി...
ഉള്ളിലെവിടെയോ ഒരിഷ്ടം തുടങ്ങി പിന്നെ അവളില്ലാതെ പറ്റില്ല എന്നായി. ശരിക്കും താൻ അറിയുകയായിരുന്നു സ്നേഹം എന്താണെന്ന്. ഇന്നേവരെ ഒരു നിമിഷം പോലും വേദനിപ്പിച്ചിട്ടില്ല. അവൾ തന്റെ അമ്മയും സഹോദരിയും കാമുകിയും ഭാര്യയും മോളും ഒക്കെയാകുന്നത് അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്.
ഈ ലോകത്ത് സ്ത്രീയ്ക്ക് മാത്രം സാധിക്കുന്ന മായാജാലം.. ഒരേസമയം ഒന്നിലധികം വേഷങ്ങൾ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ്... പിന്നീട് അങ്ങോട്ട് സന്തോഷത്തിന്റെ മാത്രം നാളുകൾ ആയിരുന്നു... അച്ഛൻ വിട്ടു പിരിഞ്ഞിട്ടും താൻ തളരാതെ പിടിച്ചു നിന്നത് മീരയെന്ന ചുമലിന്റെ താങ്ങുള്ളത് കൊണ്ടു തന്നെയാണ്...
ശരീരത്തിനും മനസ്സിനുമുണ്ടാകുന്ന ഏത് അസുഖത്തിനും ശരിയായ മരുന്ന് അതാണ് ഓരോ സ്ത്രീയും... പക്ഷേ അതിന് കൃത്യമായ 'പഥ്യമാകുന്ന കടമകൾ 'നോക്കണമെന്ന് മാത്രം അല്ലെങ്കിൽ ആ ഔഷധം ഈ ലോകത്തെ ഏറ്റവും കൊടിയ വിഷമായി മാറും...
അതുവരെ കിട്ടാതിരുന്ന എല്ലാ സന്തോഷവും വാരിക്കോരി കിട്ടിയതിൽ മതി മറന്ന് ജീവിക്കുകയായിരുന്നു. അതിനിടയിലാണ് ആ സ്ത്രീയുടെ ... അഥവാ അമ്മയുടെ തിരിച്ചുവരവ്...
കണ്ട ഓർമ്മ പോലുമില്ല ... തിരിച്ചറിഞ്ഞു കഴിഞ്ഞപ്പോൾ ആദ്യം മുഖത്തേക്ക് വന്നത് കോപമാണ്. ഇറങ്ങി പോ എന്നാണ് ആദ്യം ആക്രോശിച്ചത്... ജീവിതത്തിന്റെ നല്ല നാളുകൾ സുഖിച്ചു ജീവിച്ചു കഴിഞ്ഞിട്ട് അവസാനം കൊണ്ടുപോയവൻ ഉപേക്ഷിച്ചപ്പോൾ വലിഞ്ഞു കയറി വന്നിരിക്കുന്നു... കലി കയറാൻ ഇതിൽ കൂടുതൽ എന്ത് വേണം... അവർ മൂലം താൻ അനുഭവിച്ച നാണക്കേട്... അച്ഛൻ അനുഭവിച്ച വേദനകൾ ... എല്ലാം ഒരുനിമിഷം കൊണ്ട് മറക്കുവാൻ തനിക്ക് സാധിക്കില്ലയിരുന്നു... ഇനിയെനിക്ക് വേണ്ട എന്ന് തീരുമാനമെടുക്കാനും അത് തന്നെയായിരുന്നു കാരണം... പക്ഷേ മീര... അവൾ സമ്മതിച്ചില്ല. 'അമ്മ അങ്ങിനെ ഉപേക്ഷിച്ചു പോകണമെങ്കിൽ അതിനു തക്കതായ കാരണമുണ്ടാകും ' എന്നായിരുന്നു അവളുടെ മറുപടി കാമം കൊണ്ടു മാത്രം ഒരിക്കലും ഒരു പെണ്ണും എല്ലാം ഇട്ടെറിഞ്ഞു പോകില്ലത്രേ...
സ്ത്രീയെന്ന പിശാചിന് വേണ്ടി സ്ത്രീയെന്ന ദേവത വാദിച്ചപ്പോൾ താൻ ഒരുനിമിഷം പതറിപ്പോയി... പക്ഷേ അടുത്ത നിമിഷം അങ്ങിനെയാണെങ്കിൽ അന്തസ്സായി പിരിഞ്ഞു പോയിട്ടു വേറെ കെട്ടണമായിരുന്നു എന്ന തന്റെ മറുപടിയിൽ അവൾ തന്നെ അനുകൂലിച്ചു അതമ്മയുടെ തെറ്റ് തന്നെയാണ്... പിന്നെയും അവൾ വാദമുഖങ്ങൾ ഓരോന്നായി നിർത്തിയപ്പോൾ ഒടുവിൽ കൂടെ താമസിപ്പിക്കാൻ പറ്റില്ല ഏതെങ്കിലും ശരണാലയത്തിൽ കൊണ്ടു ചെന്നാക്കം എല്ലാ ചിലവും താൻ വഹിച്ചോളാം എന്ന വിട്ടുവീഴ്‌ചയ്ക്ക് താൻ തയ്യാറായി... ഗത്യന്തരമില്ലാതെ അവളും സമ്മതിച്ചു. പക്ഷേ പലപ്പോഴും അവൾ അമ്മയെ പോയി കണ്ടു വിശേഷങ്ങൾ അറിയാറുണ്ടായിരുന്നു. പലപ്പോഴും അതറിഞ്ഞിട്ടും താനത് അവഗണിച്ചു. തനിക്കിനി വേണ്ട എന്നത് തന്നെയായിരുന്നു തന്റെ നിലപാട്. അമ്പരപ്പിച്ചത് സ്നേഹിക്കാൻ മാത്രമറിയുന്ന മീരയുടെ പ്രവൃത്തികളായിരുന്നു.
ഒരുവശത്ത് നൊന്തു പെറ്റ കുഞ്ഞിനെ വരെ ഉപേക്ഷിക്കാൻ തയ്യാറായ സ്ത്രീ മറുവശത്ത് യാതൊരു വിധ അടുപ്പവുമില്ലെങ്കിലും അവശ ഘട്ടത്തിൽ സഹായിക്കാൻ മനസ്സ് കാണിക്കുന്ന സ്ത്രീ... സ്ത്രീയെന്ന ഉത്തരം കിട്ടാത്ത സമസ്യ...
അങ്ങിനെയാണ് അവൾ ആ കഥ അറിഞ്ഞതും തന്നോട് പറഞ്ഞതും...
അച്ഛൻ സ്നേഹിക്കാൻ മാത്രമറിയുന്നവനായിരുന്നു പക്ഷേ 'എങ്ങിനെയാണ് സ്ത്രീയെ സ്നേഹിക്കേണ്ടത് എന്നറിയാത്ത കോടാനുകോടി പുരുഷന്മാരിൽ ഒരാൾ' മാത്രമായിരുന്നു അച്ഛൻ...
എല്ലാ ഗുണങ്ങളും സ്ത്രീയ്ക്കുണ്ടെങ്കിലും ഒരിക്കലും ഒന്നിലും സംതൃപ്തമാകാത്ത മനസ്സാണ് സ്ത്രീയ്ക്കുള്ളത്.... അളവില്ലാത്ത സ്നേഹത്തിൽ മുക്കി കൂടെ കൊണ്ടു നടന്നാലും കുറച്ചു കഴിയുമ്പോൾ അവൾക്ക് മടുക്കും ആ സമയം മനസ്സിലാക്കി അവളോട് വഴക്കിടണം പിന്നീട് അതിനെ കുറിച്ചോർത്തു ദേഷ്യം മനസ്സിൽ വന്നു കരഞ്ഞിരിക്കുമ്പോൾ വീണ്ടും അടുത്തു ചെന്നു സ്നേഹിക്കണം അപ്പോൾ വീണ്ടും സ്നേഹത്തിന്റെ വഴിയേ വണ്ടി നീങ്ങിക്കോളും അല്ലാതെ എന്നും ഒരേ രീതിയിൽ തന്നെ സ്നേഹം മാത്രം അല്ലെങ്കിൽ വഴക്ക് മാത്രം നൽകിയാൽ അവളുടെ മനസ്സ് മടുക്കും കണ്ണുകൾ വഴി തെറ്റും അതാണ് അച്ഛന്റെ പോരായ്മയും അമ്മയുടെ വഴി തെറ്റലിന് ഇടയാക്കിയതും... പൊന്നു പോലെ കൊണ്ടു നടന്നിട്ടും അയൽവക്കത്തെ ആളുമായി അമ്മ അടുക്കാനുണ്ടായ സാഹചര്യം അതായിരുന്നു അത്രേ...
അച്ഛൻ സമൂഹത്തിന്റെ കണ്ണിൽ ശരിയാണ്. കുടുംബം നോക്കുന്നവനാണ് സ്നേഹിക്കാൻ മാത്രമറിയുന്നവനാണ്. പക്ഷേ സ്ത്രീയെ സ്നേഹിക്കേണ്ടത് എങ്ങിനെ എന്നത് പതിനായിരത്തിൽ ഒരു പുരുഷൻ മാത്രമായിരിക്കും ചിലപ്പോൾ ചെയ്യുന്നത്. അത് പറഞ്ഞപ്പോൾ മീര തന്നെയൊന്നു പാളി നോക്കി. ഒരുനിമിഷം താൻ ചെറുതായൊന്നു നടുങ്ങി ഇനി താനും...
അത് മനസ്സിലാക്കിയിട്ടാവും ഉടനെ വന്നു മീരയുടെ മറുപടി.
" വേറൊരു കാര്യം കൂടിയുണ്ട് രാകേഷേട്ടാ ഈ ലോകത്ത് എന്തും ഏറ്റവും കൂടുതൽ സഹനവും നിയന്ത്രണവും ഉള്ളത് സ്ത്രീയ്ക്കാണ്. പക്ഷേ അനുകൂല സാഹചര്യം വന്നാൽ എല്ലാം എളുപ്പത്തിൽ മറക്കുന്നതും സ്ത്രീ തന്നെയാണ്..." അമ്മയെ ന്യായീകരിച്ചു പറയുകയാണെങ്കിലും പറഞ്ഞത് തന്നോടും കൂടിയല്ലേ എന്നൊരു സംശയം തോന്നിയത് കൊണ്ടാവാം ചെറുതായൊന്നു വിയർത്തു... ഇതൊന്നും താൻ ചിന്തിച്ചിട്ടേയില്ല എന്നതാണ് സത്യം.
പിന്നെയും അവൾ പറയുന്നുണ്ടായിരുന്നു. ഓരോ സ്ത്രീയുടെയും ഉള്ളിൽ ഒരു കൊച്ചു കുഞ്ഞുണ്ട്... ഒരുപാട് ചിരിക്കാൻ ഇഷ്ടപ്പെടുന്ന , കൊഞ്ചിക്കപ്പെടാൻ കൊതിക്കുന്ന , കുസൃതി കാണിക്കാൻ ഇഷ്ടപ്പെടുന്ന , പിണങ്ങാൻ ഇഷ്ടപ്പെടുന്ന... അങ്ങിനെ അങ്ങിനെ... വിവാഹത്തിന്റെ ആദ്യ നാളുകളിൽ എല്ലാ പുരുഷന്മാർക്കും ഇതിനൊക്കെ സമയമുണ്ടാകും പിന്നീട് കുടുംബജീവിതത്തിന്റെ തിരക്കുകളിലേക്ക് വളരുമ്പോൾ ഓരോ പുരുഷനും സ്വയം മാറിപ്പോകുന്നു. പക്ഷേ സ്ത്രീ ഒരിക്കലും മാറുന്നില്ല. അവിടെയാണ് മൂന്നാമതൊരാൾ കടന്നു വരുന്നത്. യാന്ത്രികമായും അവളുടെ മനസ്സ് അങ്ങോട്ട് ചായുന്നു. കാരണം ആ വരുന്ന ആൾക്ക് ഒരുമിച്ചു താമസിക്കുന്ന കുടുംബം അതിന്റെ ബുദ്ധിമുട്ട് എന്ന നിലയിലുള്ള ദൈനംദിന കാര്യങ്ങളെക്കുറിച്ചു ആകുലതയില്ല അതുകൊണ്ടു തന്നെ അവന് അവളെ കൊഞ്ചിക്കാനും കളിപ്പിക്കാനും ചിരിപ്പിക്കാനും ഒരുപാട് സമയം കിട്ടുന്നു. യാന്ത്രികമായും സ്ത്രീ അതിൽ മുഴുകി പോകുന്നു. ഇതെല്ലാം പറയുന്ന മീരയെ അത്ഭുതത്തോട് കൂടെയാണ് താൻ നോക്കിയിരുന്നത്. തന്റെ അമ്പരപ്പ് നിറഞ്ഞ മിഴികൾ കണ്ടത് കൊണ്ടാവും അവൾ തന്റെ കൈത്തണ്ടയിൽ നുള്ളിക്കൊണ്ടാണ് പിന്നീട് പറഞ്ഞത്.
" പക്ഷേ രാകേഷേട്ടാ ഏറ്റവും വലിയ മണ്ടികൾ സ്ത്രീകളാണ് രാകേഷേട്ടാ... കല്യാണം കഴിഞ്ഞ ഒരു പെണ്ണിനോട് ഒരിക്കലും ഒരാണിന് പ്രണയം തോന്നില്ല തോന്നുന്നത് കാമം മാത്രമാണെന്ന് തിരിച്ചറിയാനുള്ള കഴിവ് സ്ത്രീയ്ക്കില്ല. അടുത്തവന്റെ വാക്കിൽ മയങ്ങുന്ന സ്ത്രീകൾ അവൻ രുചിച്ചു കഴിഞ്ഞാൽ ഇട്ടിട്ടു പോകും എന്ന കാര്യം അറിയാതെ പോകുന്നു. അവൻ സൃഷ്ടിക്കുന്ന കൃത്രിമ ലോകത്തിൽ അവൾക്കാവശ്യമുള്ളത് എല്ലാം കിട്ടുന്നു. പക്ഷേ ഇരുൾ കറുത്തു പകൽ വെളുക്കുമ്പോൾ ആ ലോകം തന്നെ നഷ്ടമാകുന്നു. ഒന്നിൽ മുഴുകിയാൽ സ്ത്രീയ്ക്ക് പിന്നെ അതാണ് ലോകം. വേറൊന്നുകൂടിയുണ്ട് ഒരിക്കലും ഒരാൾക്കും ഒരു സ്ത്രീയെ പറഞ്ഞു മനസ്സിലാക്കി പിന്തിരിപ്പിക്കാനാവില്ല. കണ്ടറിയുന്ന കാക്കയെക്കാൾ കൊണ്ടറിയുന്ന കൊക്കുകൾ മാത്രമാണ് ഓരോ സ്ത്രീയും..."
അവിടെ മാത്രം താനൊരു മറുചോദ്യം ചോദിക്കുകയാണ് ചെയ്തത്..
" വിവാഹത്തിന് ശേഷം ഉണ്ടാകുന്ന എല്ലാ പ്രണയങ്ങളും കാമം കൊണ്ട് ആകും എന്നു പറയുന്നത് തെറ്റല്ലേ... ആത്മാർഥമായ പ്രണയവും ഉണ്ടാകാമല്ലോ...? "
" ഉണ്ടാകാം ഇല്ലെന്ന് പറയുന്നില്ല. പക്ഷേ അതൊരുപക്ഷേ ആയിരത്തിൽ ഒന്നോ രണ്ടോ ആയിരിക്കും. പക്ഷേ എല്ലാ സ്ത്രീകളുടെയും ചിന്ത തന്റെ കൂടെയുള്ളവൻ തന്നെ ചതിക്കില്ല എന്ന അന്ധമായ വിശ്വാസം ആയിരിക്കും. അതാണ് ചതിയുടെയും വഞ്ചനയുടെയും ഒരായിരം കഥകൾ ഇവിടുണ്ടായിട്ടും വേറെ വേറെ പ്രണയകഥകൾ വീണ്ടും വീണ്ടും കേൾക്കുന്നത് "
തന്റെ മുഖഭാവം അറിയാതെ ഒന്ന് മാറി... അതറിഞ്ഞ മീര തന്നെ ചുറ്റിപ്പിടിച്ചു നെഞ്ചിലേക്ക് തല ചേർത്തു ഒരു പൂച്ചക്കുഞ്ഞിനെ പോലെ കുറുകിയെന്നോണം പറഞ്ഞു.
" വിവാഹം എന്നതിൽ സ്ത്രീയൊരു താഴാണെങ്കിൽ അതിന്റെ താക്കോൽ ഭർത്താവായ പുരുഷൻ മാത്രമാണ്. സ്വയം തുറക്കാൻ ശ്രമിക്കാതിരിക്കുമ്പോഴാണ് വേറെ താക്കോൽ ആ താഴിൽ വീഴുന്നതും താഴ് ആ താക്കോലിന് തുറക്കാൻ പാകത്തിൽ തയ്യാറാകുന്നതും. തുറക്കുകയും അടയ്ക്കുകയും കൃത്യമായി എണ്ണ കൊടുക്കുകയും പരിപാലിക്കുകയും ചെയ്യുന്ന താഴ് എത്ര കിണഞ്ഞു പരിശ്രമിച്ചാലും മറ്റൊരു താക്കോലിന് മുമ്പിൽ ഒരിക്കലും തുറക്കപ്പെടുകയില്ല. "
എല്ലാവരും കല്യാണം കഴിക്കുന്നു ഞാനും കഴിക്കുന്നു എന്ന പോലെ ചിന്തിക്കുന്ന ഒരുപാട് ചെറുപ്പക്കാരിൽ ഒരാളായ താൻ മനസ്സിലാക്കുകയായിരുന്നു കല്യാണം എന്നാൽ കുട്ടിക്കളിയല്ല ഉത്തരവാദിത്വങ്ങളുടെ വലിയൊരു ശൃംഖല തന്നെയാണ് വിവാഹം എന്നത്. സൂക്ഷ്മമായി ചിന്തിച്ചു തീരുമാനങ്ങളെടുക്കേണ്ട ഒന്ന്... അറിയപ്പെടാതെ പോകുന്ന പോരായ്മകൾ... താനെന്ന ഭാവം കൊണ്ട് എല്ലാം നശിപ്പിക്കുന്ന ആളുകൾ...
അപ്പോഴാണ് ഒരു സംശയം തോന്നിയത് പുരുഷന്മാരും ഇതുപോലെ വേറെ കര തേടി പോകുന്നത് സ്വൈര്യവും സമാധാനവും കൊടുക്കാത്ത സ്ത്രീകൾ മൂലമാവില്ലേ... ചോദിച്ചപ്പോൾ തീർച്ചയായും എന്നു തന്നെയായിരുന്നു മീരയുടെ മറുപടി. അപ്പോൾ എന്തും പരസ്പരം തുറന്നു സംസാരിക്കാവുന്ന ഒരു ബന്ധം ഭാര്യയ്ക്കും ഭർത്താവിനുമിടയിൽ ഉണ്ടാവണം. പരസ്പരം മനസ്സിലാക്കാൻ കഴിയണം. അല്ലെങ്കിൽ....
മീര പിന്നീട് പറഞ്ഞ കാര്യങ്ങൾ താൻ വളരെ ശ്രദ്ധാപൂർവ്വമാണ് കേട്ടത്.
" സ്വന്തം ഭർത്താവിനോട് തുറന്നു പറഞ്ഞാൽ എങ്ങിനെ പ്രതികരിക്കും എന്ന ഭയം കൊണ്ടു മാത്രം നിസ്സാര കാര്യങ്ങൾ മുതൽ ഇത്തിരി വലിയ കാര്യങ്ങൾ വരെ മനസ്സിൽ കൊണ്ടു നടക്കുന്ന സ്ത്രീകളുണ്ട്. രാകേഷേട്ടനറിയുമോ ... ഒരു രഹസ്യം ഉള്ളിൽ കൊണ്ടു നടക്കുന്നത് ഇപ്പോൾ പൊട്ടും എന്ന പോലുള്ള ഒരു ബോംബ് കയ്യിൽ കൊണ്ടു നടക്കുന്നത് പോലെയാണ്. പ്രത്യേകിച്ചു സ്ത്രീകൾക്ക്. അവിടെയാണ് മൂന്നാമതൊരാൾക്ക് നിഷ്പ്രയാസം കടന്നു ചെല്ലുവാൻ സാധിക്കുന്നത്. ഒരിത്തിരി വിശ്വാസം തോന്നിയാൽ അവനോട് സ്ത്രീകൾ ജനിച്ചത് മുതൽ അന്നേവരെയുള്ള എല്ലാ കാര്യങ്ങളും തുറന്നു പറയുന്നു. പക്ഷേ നൂറിൽ തൊണ്ണൂറ്റിയഞ്ചു സ്ത്രീകളും അതിന്റെ പേരിൽ ബലിയാടാക്കപ്പെടുകയാണ് ചെയ്യുന്നത്. ബാക്കി അഞ്ചു ശതമാനം. അതാണ് രസം. തനിക്ക് തിരിച്ചു പണി കിട്ടുന്നത് വരെ ഓരോ സ്ത്രീയുടെയും ചിന്ത തന്റെ കൂടെയുള്ളവൻ അങ്ങിനെയാവില്ല എന്നതാണ്. തെറ്റുകൾ ആർക്കും പറ്റാം അത് ക്ഷമയോടെ കേട്ട് തിരുത്താൻ അവസരം കൊടുക്കുക എന്നതാണ് അതിനുള്ള പോംവഴി അങ്ങിനെ ചെയ്തില്ലെങ്കിൽ മുള്ളു കയറിയ വിടവ് വലുതായി പിന്നെ മുള്ള് മരം തന്നെ കയറുന്ന വിധത്തിലാകും. "
ഇത്രയധികം കാര്യങ്ങൾ ഒക്കെ ഇനിമുതൽ ശ്രദ്ധിക്കണമല്ലോ എന്ന് മനസ്സ് കൊണ്ട് ഉറപ്പിക്കുന്നതിനിടയിലാണ് അവളുടെ അടുത്ത ചോദ്യം വന്നത്. അമ്മയുടെ കാര്യം പറഞ്ഞു തുടങ്ങിയ അവൾ ഇപ്പോൾ തന്നെ പഠിപ്പിക്കുകയാണ് എന്നത് താനും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.
" രാകേഷേട്ടാ... ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ ? "
" നീ ചോദിക്കെടി പെണ്ണേ "
താൻ മറുപടി അങ്ങിനെയാണ് കൊടുത്തത്
" രാകേഷേട്ടൻ ജോലി കഴിഞ്ഞു വന്നിട്ട് കൂട്ടുകാരുടെ കൂടെ സംസാരിക്കാൻ പുറത്തേക്ക് പോകുമ്പോൾ എവിടേയ്ക്കാ.. എപ്പോ വരും എന്നൊക്കെ ചോദിക്കുമ്പോ രാകേഷേട്ടന് ദേഷ്യം തോന്നിയിട്ടില്ലേ...? "
ആ ചോദ്യം കേട്ട താനൊന്നു സംശയിച്ചു അതാണ് അവളെയൊന്ന് നോക്കിയതും ഈശ്വരാ ഇതിനിയെന്ത് പുലിവാലാകുമോ എന്നൊരു നേരിയ സംശയം തോന്നാതിരുന്നില്ല. എങ്കിലും ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞു.
" ങ് ...ഹാ... ചിലപ്പോഴൊക്കെ... "
" രാകേഷേട്ടന് മാത്രമല്ല എല്ലാ ആണുങ്ങൾക്കും തോന്നും... വൈകുന്നേരം വരെയുള്ള ജോലിയുടെ മടുപ്പിൽ നിന്നും ഒരിത്തിരി ആശ്വാസം കൂട്ടുകാരുമായി സംസാരിക്കുമ്പോൾ കിട്ടും അതിനു വരെ ഈ ഭാര്യ തടസ്സമാണല്ലോ എന്നായിരിക്കും അപ്പോൾ അവരുടെ ഉള്ളിൽ.."
അറിയാതെ തന്റെ വായ് ഇത്തിരി തുറന്നു പോയി... സംഭവം സത്യമാണ്... താനും ചിന്തിച്ചിട്ടുണ്ട്.
" പക്ഷേ വീട്ടിലിരുന്ന് ഭർത്താവിനും മക്കൾക്കും ഇഷ്ടമുള്ള ആഹാരമുണ്ടാക്കി കാത്തിരിക്കുന്ന ഭാര്യമാരുടെ കാര്യമോ... അവൾക്കും കാണില്ലേ ആഗ്രഹങ്ങൾ. എപ്പോഴാണ് അവൾക്ക് ഒന്ന് മിണ്ടാൻ സമയം കിട്ടുക. രാവിലെ ജോലിക്ക് പോകാനുള്ള തിരക്ക് വൈകിട്ട് വന്നാൽ പുറത്തൊരു കറക്കം അല്ലെങ്കിൽ ടീവി അതുമല്ലെങ്കിൽ മൊബൈൽ . കിടപ്പുമുറിയിലെ ഇരുട്ടിലൊരു ആലിംഗനം. കഴിഞ്ഞു. വീണ്ടും അടുത്ത ദിവസവും ഇതൊക്കെ തന്നെ സ്ഥിതി... എവിടെയാണ് പരസ്പരം സംസാരിക്കുന്നത്. പിന്നെങ്ങനെ വീട്ടിലിരിക്കുന്ന സ്ത്രീ സംസാരിക്കാൻ വേറെ ആളെ തേടുന്നതിനെ കുറ്റം പറയാൻ സാധിക്കും. അവളും ഒരു മനുഷ്യ ജീവി തന്നെയല്ലേ. എന്നു കരുതി ജോലിക്ക് പോകാതെ വീട്ടിലിരിക്കണം എന്നല്ല പറയുന്നത്. കൂട്ടുകാരേ ഒഴിവാക്കുകയും വേണ്ട ആഴ്ച്ചയിൽ ഒരിക്കൽ അവരോട് കൂടെ കൂടാമല്ലോ... ഏത് സ്ത്രീയും കൊതിക്കുന്നത് ഭർത്താവിന്റെ സാമീപ്യമാണ്. അതവരെ ബോധ്യപ്പെടുത്തേണ്ടത് ഭർത്താവിന്റെ കടമയാണ്. ഇനി രാകേഷേട്ടൻ പറയ് ഒരു സ്ത്രീ വേലി ചാടുന്നതിൽ അവളുടെ ഭർത്താവിന് കൃത്യമായ പങ്കില്ലേ...? അവന്റെ പോരായ്മകൾ കൊണ്ട് തന്നെയല്ലേ അവൾ വേറൊരാളെ തേടി പോകുന്നത്...? "
വിയർത്തു പോയി... അറിയാതെ യാന്ത്രികമായി തലയാട്ടി.
ശരണാലയത്തിൽ ആയിരുന്ന അമ്മ വീട്ടിൽ അങ്ങിനെയാണ് എത്തിയത്.
എങ്കിലും അമ്മയെ എല്ലാം മറന്ന് സ്നേഹിക്കാൻ തനിക്ക് സാധിക്കുന്നില്ല എന്ന നിസ്സഹായാവസ്ഥ അവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. അതിന് സാരമില്ല പോകെപ്പോകെ എല്ലാം ശരിയായിക്കോളും എന്ന മറുപടി തന്നതും അവളാണ്. അതിനുള്ള അവളുടെ കുറുക്കുവഴികളാണ് ഈ ചായ കൊടുപ്പിക്കലും കാര്യങ്ങളുമൊക്കെ... ചിലപ്പോൾ കഴിയുമായിരിക്കും. കാത്തിരിക്കുക തന്നെ.
ചിന്തകൾ അത്രയുമായപ്പോഴാണ് അടുക്കളയിൽ പാത്രം കഴുകുന്നതിന്റെ ശബ്ദം ഉയർന്നത്. ഒട്ടും മടിച്ചില്ല പത്രം മടക്കി വെച്ചു എഴുന്നേറ്റു. നേരെ അടുക്കളയിലേക്ക് പോയി പിന്തിരിഞ്ഞു നിന്നു പാത്രം കഴുകുന്ന അവളുടെ പുറകിലൂടെ പോയി കെട്ടിപ്പിടിച്ചു. ഞെട്ടിപ്പോയ അവളിൽ നിന്നും ഉടൻ വന്നു മറുപടി
" ദേ കയ്യിൽ സോപ്പ് പതയാ... മുഖത്തു വെച്ചു തേയ്ക്കും ഞാൻ "
" പിന്നെ പിന്നെ നീ കുറേ തേയ്ക്കും... ഇങ്ങോട്ട് വാ ഞാൻ നിന്നു തരാം... "
അവൾ സോപ്പ് തേച്ചു വെച്ചിരുന്ന പാത്രങ്ങളിൽ വെള്ളമൊഴിച്ചു കഴുകി വൃത്തിയാക്കുമ്പോൾ ഒരു കൈക്കുമ്പിളിൽ ഇത്തിരി വെള്ളമെടുത്ത് അവളുടെ മുഖത്തേക്ക് എറിയാനും മറന്നില്ല...
" രാകേഷേട്ടാ... എന്തായിത്... " എന്നുള്ള അവളുടെ കൃത്രിമ ചിണുക്കം കാണാൻ തന്നെ ഒരഴകായിരുന്നു...
" മോൻ ഇന്ന് നല്ല സുഖിപ്പിക്കലാണല്ലോ..."
" എന്റെ ചക്കരയെ ഞാനല്ലാതെ ആരാടി സുഖിപ്പിക്കുക..."
" അയ്യടാ " എന്നു പറയുമ്പോൾ അവളുടെ മുഖത്തു വന്ന ചിരി അവൾ സന്തോഷവതിയാണ് എന്നുള്ളതിന് തെളിവായിരുന്നു. ആ സന്തോഷം കണ്ടപ്പോൾ എന്തോ എൻറെയുള്ളിലും ഒരു സന്തോഷം വന്നു... കൃത്രിമത്വത്തിന്റെ യാതൊരു അകമ്പടിയും കൂടാതെ...
മനസ്സ് നിറഞ്ഞത് പോലെ...
******
കുടുംബം എന്നത് എല്ലാവർക്കുമുണ്ടാകും. പക്ഷേ കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം എന്നത് തിരിച്ചറിഞ്ഞാൽ മാത്രമേ അതൊരു കുടുംബമാകൂ...
നാമെല്ലാവരും പറവകളാണ്. നല്ല ഭംഗിയുള്ള ചിറകുകളുള്ള പറവകൾ... ഒന്നു വീശിയാൽ എത്ര ദൂരം വേണമെങ്കിലും പറക്കാൻ കഴിയുന്നവർ... പക്ഷേ പറക്കാൻ മടിയാണെന്നു മാത്രം. അതാണ് വേടന്റെ കെണിയിൽ വീണു പോകുന്നതും...
തിരിച്ചറിവിന്റെ സൂര്യൻ ഉദിക്കുന്നത് കാർമേഘത്തിന്റെ ഉള്ളിലാവാതിരിക്കട്ടെ
ഏവർക്കും നല്ലത് മാത്രം വരട്ടെ.
ജയ്സൻ ജോർജ്ജ്.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot