നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഗ്രേസിചേച്ചി

Image may contain: 1 person

ജൂൺ തീയതി ആയിരുന്നു ഗ്രേസി ചേച്ചിയുടെ മൂന്നാം ചരമ വാർഷികം. ഇന്നും എനിക്കതു വിശ്വസിക്കാനാവുന്നില്ല. ചേച്ചിയുടെ മുഖം ഓർക്കാതെ ഒരു ദിവസം പോലും എന്നെ കടന്നു പോകുന്നില്ല. ചിരിക്കുന്ന മുഖം. അമ്മയുടെ മുഖം.
ബന്ധം കൊണ്ട് ചേച്ചി തന്നെ, അപ്പച്ചന്റെ പെങ്ങളുടെ മകൾ, പക്ഷെ എനിക്ക് 'അമ്മയായിരുന്നു. ആരും അറിയാതെ ആരും കേൾക്കാതെ ഞാൻ വിളിച്ചിരുന്നു “അമ്മേ” എന്ന്. പറഞ്ഞിരുന്നു ചെവിയിൽ ‘എന്റമ്മയാ’ എന്ന്. അപ്പോൾ ആ മുഖം വിടരുന്നത് കാണേണ്ടത് തന്നെയായിരുന്നു

എന്നാണ് ഞാൻ ആദ്യമായി എന്റമ്മയാ എന്ന് പറഞ്ഞത്. എനിക്കോർമ്മയില്ല, അന്ന് ഞാൻ കുഞ്ഞല്ലേ. കേട്ടറിവാണു, എനിക്ക് ഒരു വയസ്സ് പോലും ആകുന്നതിനു മുൻപേ എന്റെ 'അമ്മ വീണ്ടും ഗർഭിണിയായി. അമ്മയുടെ ആരോഗ്യം പ്രമാണിച്ചു എന്നെ നോക്കാൻ ചേച്ചിയെ വീട്ടിൽ കൊണ്ടുവന്നു. എന്നെ കുളിപ്പിക്കാൻ, ഭക്ഷണം തരാൻ, ഉറക്കാൻ, കളിപ്പിക്കാൻ എന്ന് വേണ്ട എല്ലാം ഗ്രേസിചേച്ചി തന്നെ.
വീട്ടിൽ വരുന്ന ബന്ധുക്കൾ ഗ്രേസിചേച്ചിയെ കളിയാക്കാൻ എന്നോട് ചോദിക്കും , "മോളെ ഇതാരാ?" എന്ന്. ഗ്രേസിചേച്ചിയുടെ ഒക്കത്തിരുന്നു ഞാൻ കൊഞ്ചിക്കൊണ്ടു പറയും "എന്റമ്മയാ". അതുകേട്ടു എല്ലാരും ചിരിക്കും. അവർക്കു തമാശയായിരുന്നു, പക്ഷെ, കല്യാണപ്രായമെത്തിയ, സ്വപ്‌നങ്ങൾ നെയ്തു തുടങ്ങിയ ഗ്രേസിചേച്ചിക്ക് മുള്ളുകൾ ആയിരുന്നു. അന്ന് അറിയാതെ ഞാൻ പറഞ്ഞത് ആ മനസിനെ നോവിച്ചിരുന്നോ? അത് അറം പറ്റിപ്പോയോ?
മാസങ്ങൾ കടന്നുപോയി, 'അമ്മ എന്റെ അനുജനെ പ്രസവിച്ചു, കുറച്ചു മാസങ്ങൾ കൂടി കടന്നു പോയപ്പോൾ, ഗ്രേസിചേച്ചി തിരിച്ചുപോയി. വലുതായപ്പോൾ, മറ്റു ചേച്ചിമാരോട് ഇല്ലാത്ത ഒരു അടുപ്പം എനിക്ക് ഗ്രേസിചേച്ചിയോട് വന്നിരുന്നു, ഞാൻ അറിയാതെ തന്നെ.
കുറെ കൂടി വലുതായതിനു ശേഷം ഞാൻ ഇടയ്ക്കു അമ്മായിടെ വീട്ടിൽ നില്ക്കാൻ പോകും സ്കൂൾ അവധിക്ക്. അന്നൊക്കെ ഗ്രേസിച്ചേച്ചീടെ കൂടെയാണ് ഉറങ്ങാൻ കിടക്കുക. ഗ്രേസിചേച്ചി എന്നെ കെട്ടിപിടിച്ചു കിടക്കും. അത് എനിക്കും ഇഷ്ടമായിരുന്നു. ഒരു ദിവസം രാത്രിയിൽ, എന്റെ പാതിയുറക്കത്തിൽ ഗ്രേസിചേച്ചി ഒരു സാധനം എന്റെ വായിൽ വച്ചുതന്നു, എന്നിട്ടു എന്റെ ചെവിയിൽ പറഞ്ഞു "ചപ്പിക്കൊ". ഞാൻ ചപ്പി നോക്കി. ഗ്രേസിചേച്ചിയുടെ മുലക്കണ്ണ്, ഇരുട്ടിൽ ഞാൻ ഗ്രേസിചേച്ചിയെ നോക്കി. ഗ്രേസിചേച്ചി എന്നോട് ചോദിച്ചു " എന്താ പറ്റിയെ? എന്തൂട്ടാത്?" ഞാൻ ഒന്നും മിണ്ടിയില്ല, ഗ്രേസിചേച്ചിയുടെ നെഞ്ചിൽ തല ചേർത്ത് വച്ച് കിടന്നു, ഗ്രേസിചേച്ചി എന്നെ ഒന്നുകൂടി ചേർത്ത് പിടിച്ചു. ഗ്രേസിചേച്ചി ഒന്ന് തേങ്ങിയോ? അറിയില്ല. അന്നത്തെ പ്രായത്തിൽ ഗ്രേസിചേച്ചിയോട് ഒന്നും പറയാൻ എനിക്കറിയില്ലാരുന്നു.
പണത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിൽ സ്വപ്നങ്ങളുടെ കൂമ്പരിയപ്പെട്ട പെണ്ണിന്റെ തേങ്ങൽ മനസിലാക്കാൻ പിന്നെയും വർഷങ്ങൾ എടുത്തു എനിക്ക്. ഞാൻ ഒരു പെണ്ണായതിനപ്പുറം.....
പിന്നെയും വർഷങ്ങൾ കഴിഞ്ഞു ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ഗ്രേസിചേച്ചിയെ യോഹന്നാൻ ചേട്ടൻ കല്യാണം കഴിച്ചത്. അസുഖം മൂലം ഭാര്യയെ നഷ്ടപെട്ട ചേട്ടന്, ഗ്രേസിചേച്ചി ഒരു തുണയായി, ചേട്ടന്റെ മകളുടെ അമ്മയായി, റെനി, അവളെ ഗ്രേസിചേച്ചി സ്വന്തം മകളാക്കി. അവളോട് സ്നേഹം കൂടുതലാണെന്നു എനിക്ക് തോന്നുമ്പോഴൊക്കെ ഞാൻ കുശുമ്പ് കുത്തി പറയും, "ഞാൻ മൂത്ത മോളാ ട്ടോ" എന്ന്. "അതുപിന്നെ എനിക്കറിയില്ലേടി" എന്ന് എന്നെ ചേർത്ത് പിടിച്ചു പറയും ഗ്രേസിചേച്ചി.
"ദൈവം എനിക്കൊരു അവസരം തന്നില്ലേലും നിങ്ങൾ രണ്ടു മക്കളെ എനിക്ക് തന്നിട്ടുണ്ടല്ലോ സ്നേഹിക്കാൻ, മത്സരിച്ചു സ്നേഹിക്കാൻ" ഗ്രേസിചേച്ചി ഇടയ്ക്കു പറയാറുണ്ട്. കണ്ണുകൾ നിറയുന്നത് കണ്ടിട്ടില്ലെങ്കിലും മനസ്സ് തേങ്ങുന്നതു ഞാൻ കണ്ടിട്ടുണ്ട്, അറിഞ്ഞിട്ടുണ്ട്, എന്റെ അമ്മയെപ്പോലെ എനിക്ക് മനസ് തുറക്കാൻ ഗ്രേസിച്ചേച്ചിയോട്‌ മാത്രേ പറ്റിയിട്ടുള്ളൂ.
കാലം കഴിഞ്ഞു, ഗ്രേസിചേച്ചിയുടെ മോൾടെ കല്യാണം കഴിഞ്ഞു, എന്നേക്കാൾ ഇളയതാണ് എന്നാലും. അവൾക്കു മക്കളുണ്ടായി. ഒരു കുഞ്ഞിനെ പ്രസവിക്കാൻ കഴിഞ്ഞില്ലേലും റെനിയുടെ മക്കളെ കുളിപ്പിച്ചും കളിപ്പിച്ചും ഗ്രേസിചേച്ചി സന്തോഷിച്ചു. എന്റെ കല്യാണം കഴിഞ്ഞു. പുതിയ ജീവിതവും സാഹചര്യങ്ങളുമായി ഞാൻ കുവൈറ്റിലേക്ക് പറിച്ചുനടപ്പെട്ടു. ഇടയ്ക്കു വിളിയിലൊതുങ്ങി ഞങ്ങളുടെ ബന്ധം. പല കാരണങ്ങളാൽ അവധി നീട്ടിവയ്ക്കപ്പെട്ടതിനാൽ കുറെ വർഷങ്ങൾ കണ്ടതേയില്ല. ഒരു ദിവസം 'അമ്മ പറഞ്ഞു "ഗ്രേസിച്ചേച്ചിയുടെ മുലയിൽ ഒരു തടിപ്പ് ഉണ്ട് , ഹോസ്പിറ്റലിൽ പോയി കുഴപ്പം ഇല്ല എന്ന പറഞ്ഞെ. ഒരു ഓപ്പറേഷൻ നടത്തി തടിപ്പ് കളഞ്ഞു' എന്ന്. ഓ കുഴപ്പം ഒന്നും ഇല്ലാലോ ആരും കാര്യമാക്കിയില്ല. പക്ഷെ എന്റെ മനസ്സിൽ എന്തോ ഒരു കരട് വീണിരുന്നു. ഞാൻ അമ്മയുടെ പറഞ്ഞു അവർക്കു വേറെ എന്തേലും ടെസ്റ്റ് ചെയ്യാമായിരുന്നു എന്ന്.
പിന്നെ ഒരുഅവധിക്കു നാട്ടിൽ വന്നപ്പോൾ അറിഞ്ഞു കാൻസർ എന്ന ഭീകരൻ എന്റെ ഗ്രേസിച്ചേച്ചിയേയും ആക്രമിച്ചു എന്ന്, ഇനി ഒന്നും ചെയ്യാൻ വയ്യാത്ത അവസ്ഥ, സ്റ്റേജ് 2 കഴിഞ്ഞു, മറ്റു ഭാഗങ്ങളെ ആക്രമിച്ചു തുടങ്ങിയിരിക്കുന്നു. കീമോ തുടങ്ങി. ഞാൻ പോയി കണ്ടു, "ഒരു കുഴപ്പോം ഇല്ലാടി, ഇത് കഴിഞ്ഞാൽ എല്ലാം മാറും' പതിവ് ചിരിയോടെ പറഞ്ഞു. ഞാനും ചിരിയോടെ കടിച്ചു പിടിച്ചു നിന്നു. എന്റെ അനിയന്റെ കല്യാണത്തിന് വന്നു ഗ്രേസിചേച്ചി, മുടി കൊഴിഞ്ഞ തലയിൽ ഷാൾ ചുറ്റിക്കൊണ്ടു. അപ്പോഴും എല്ലാവരോടും ചിരിച്ചു വർത്തമാനം പറയുന്ന ഗ്രേസിചേച്ചി എനിക്ക് അത്‍ഭുതമായി.
പിന്നെയും ഒന്നോ രണ്ടോ വർഷങ്ങൾ കടന്നു പോയി, ഇടയ്ക്കു ഫോണിൽ വിളിച്ചു സംസാരിക്കും, എപ്പോഴുമെന്നപോലെ ചിരിച്ചുകൊണ്ടുതന്നെ, എന്റമ്മയാ എന്ന് ഞാൻ പറയുമ്പോൾ അതെയോ എന്ന് പറയും. ആ മനസിന്റെ വിങ്ങലും എന്നോടുള്ള വാത്സല്യവും പറയാതെ തന്നെ എനിക്കനുഭവിക്കാൻ കഴിയുമായിരുന്നു. 2015മാർച്ചിൽ ഞാൻ വെക്കേഷന് നാട്ടിൽ പോയി, ഗ്രേസിച്ചേച്ചിയെ കണ്ടപ്പോൾ കുറെ സംസാരിച്ചു വേദന, കീമോയുടെ പ്രയാസങ്ങൾ എല്ലാം ഉണ്ടെങ്കിലും പ്രസന്നമായ മുഖത്തോടെ. യോഹന്നാൻ ചേട്ടന്റെ കാര്യമോർത്തു മാത്രം കണ്ണ് നിറഞ്ഞു, ഞാൻ കൂടെ പോയാൽ ചേട്ടൻ ഒറ്റക്കാവും തകർന്നു പോകും എന്ന് പറഞ്ഞു കണ്ണുകൾ ചോർന്നു.
"എനിക്കൊരു വിഷമവും ഇല്ലാടി, ദൈവം എനിക്ക് എല്ലാം തന്നു എല്ലാ സന്തോഷവും തന്നു സമാധാനമായി എനിക്ക് പോകാം" ഞാൻ ആ മുഖത്തേക്ക് നോക്കി, അപ്പോൾ എന്നോട് പറഞ്ഞു "എനിക്ക് നിന്നേം റെനിയെം തന്നില്ലേ മക്കളായിട്ടു" ഒന്നും പറയാൻ കഴിഞ്ഞില്ല എനിക്ക്. "അമ്മയാ" എന്ന് പറഞ്ഞു കെട്ടിപിടിച്ചു. ഫോട്ടോയെടുത്തു.
നാട്ടിൽനിന്നു തിരിച്ചുവന്നു, ജൂൺ 8 നു ചേട്ടൻ വിളിച്ചു പറഞ്ഞു "ഗ്രേസിചേച്ചി മരിച്ചു പോയി" എന്ന്. രാവിലെ ഉറക്കമുണർന്നു പ്രഭാതകൃത്യങ്ങൾ നടത്തി ബെഡിൽ ഇരുന്നു ശാന്തമായി എന്റെ ഗ്രേസിചേച്ചി യാത്രയായി.
ഞാൻ പോയില്ല.........., അവധി കഴിഞ്ഞു വന്നു ഉടനെ പോകാൻ സാധിച്ചില്ല, അല്ലെങ്കിലും ചേതനയറ്റ ആ ശരീരം, ചിരിയില്ലാത്ത ഗ്രേസിച്ചേച്ചിയുടെ മുഖം കാണാൻ എനിക്ക് കഴിയുമായിരുന്നില്ല............... പിന്നീടിതുവരെ ആ വീട്ടിലേക്കു പോയിട്ടില്ല............. ആ വീടിനെയും അവിടെയുള്ളവരെയും കാണാൻ എനിക്കാവില്ല................ ഗ്രേസിചേച്ചി അവിടെ ഇപ്പോഴും ഉണ്ടെന്ന പോലെ തന്നെ ഇരിക്കട്ടെ........... ആ ശൂന്യത കാണാൻ എനിക്ക് വയ്യ..................

By Trincy Shaju

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot