
****** **** **** **** **** *** **** ***
ഈ വീഴ്ച അതു ഒരു വീഴ്ചയാണ്. ഒരു ഒന്നൊന്നര വീഴ്ച.
പ്രീഡിഗ്രി കഴിഞ്ഞുള്ള വലിയ ലീവ് വന്നതും അച്ഛൻ ടൈപ്പ് ക്ലാസ്സിൽ കൊണ്ട് പോയി ചേർത്തു. പ്ലസ് വൺ ചേരാതെ അടുത്തുള്ള മാഹി കോളേജിൽ ചേർന്നത് കളർ ഡ്രസ് ഇട്ടു പോവാനുള്ള ഒടുക്കത്തെ ആഗ്രഹം കൊണ്ടാണ്. അവിടെ എത്തിയപ്പോൾ മലയാളം മീഡിയം ഞാനും ഇംഗ്ലീഷിൽ ഉള്ള ക്ലാസ്സും തമ്മിൽ കട്ടയ്ക്ക് യുദ്ധം. അമ്മയോട്ടു ദൂരെ ട്യൂഷന് വിടുന്നുമില്ല, ഞാനൊട്ട് വീട്ടിൽ മര്യാദയ്ക്ക് പഠിക്കുന്നുമില്ല. എങ്ങനെയൊക്കെയോ കോളേജിൽ നിന്നും രക്ഷപെട്ടു. അതു കഴിഞ്ഞുള്ള ലീവിനാണ് ടൈപ്പ് പഠനം തുടങ്ങിയത്.
കുട്ടിക്കാലത്തെ വില്ലത്തിയായ എന്നെ അപ്പോഴേക്കും 'അമ്മ അടിച്ചമർത്തി ഒരാളോട് മിണ്ടാൻ പോലും പേടിയുള്ള പരുവത്തിലാക്കിയിരുന്നു. മിണ്ടാൻ പാടില്ല, ചിരിക്കാൻ പാടില്ല, ആണ്കുട്ടികളെ കണ്ടാൽ തല താഴ്ത്തി പോവണം, എന്റമ്മോ ശരിക്കും പട്ടാളചിട്ട തന്നെ.
അങ്ങനെ ഞാനും എന്റെ രണ്ട് കൂട്ടുകാരികളും ക്ലാസ്സിനു പോവാൻ തുടങ്ങി. രാവിലെ മുതൽ ഉച്ചവരെ ക്ലാസ്. ഉച്ചയ്ക്ക് ഇരുപത് മിനിറ്റ് നടന്ന് വീട്ടിലേക്കും. കൈയ്യിൽ രണ്ട് നോട്ടുബുക്ക്, അതിൽ നിറയെ ടൈപ്പ് ചെയ്ത പേപ്പറുകൾ.
അങ്ങനെ ഒരു ഉച്ചനേരം, വിശന്ന് ഒരു വഴിയായി, അതു കൊണ്ട് തന്നെ സെന്ററിലെ മൂന്ന് നിലയും ചാടിയിറങ്ങി വീട്ടിലേക്ക് ആഞ്ഞു വലിഞ്ഞു നടന്നു. അങ്ങനെ നടന്നു നടന്നു ഒരു ഇറക്കത്തിനു എത്തി.
ഇറക്കം ഇറങ്ങി തുടങ്ങുമ്പോഴായിരുന്നു അതു സംഭവിച്ചത്, റോഡിൽ ഉള്ള ഒരു കയറിൽ കാൽ കുരുങ്ങി കമിഴ്ന്നടിച്ചു റോഡിലേക്ക് വീണു. നോട്ട് ബുക്കും പേപ്പറും എല്ലാം റോഡിൽ ചിതറി. കയ്യിലെ കുപ്പിവളകൾ ഉടഞ്ഞു കൈയ്യിൽ തറച്ചു. കൂടെയുള്ളവരുടെ അപാര സ്നേഹം പൊട്ടിച്ചിരിയായി അപ്പോൾ ചുറ്റിലും നിറയുന്നുണ്ടായിരുന്നു.
ഒരു നൂറു വട്ടം കയറിനെ ശപിച്ചു ചോരയൊലിക്കുന്ന കൈമുട്ടും, കാൽമുട്ടും പേപ്പറെടുത്തു തുടച്ചു വീട്ടിലേക്ക് നടന്നു.
പിറ്റേന്ന് ക്ലാസ് കഴിഞ്ഞു പോകുമ്പോൾ ഒരു ബൈക്ക്കാരൻ എന്നെ നോക്കി ഒരു മന്ദസ്മിതം. ദൈവമേ... എന്നോടൊ.. ഇതാര്..!!!?
പൊതുവെ ഇങ്ങനെ സംഭവിക്കറില്ല.
പൊതുവെ ഇങ്ങനെ സംഭവിക്കറില്ല.
പിറ്റേന്നും പിറ്റേന്നും അങ്ങനെ ആഴ്ചകൾ ആ ചിരി എനിക്ക് കിട്ടിക്കൊണ്ടിരുന്നു. കണ്ണുമിഴിച്ചു അന്തം വിട്ടു, അടിവയറ്റിൽ നിന്നും പൊങ്ങുന്ന ഒരു മിന്നലോടെ ഞാൻ ആ ചിരി കണ്ടു കൊണ്ടിരുന്നു എന്നും.
ഒടുവിൽ കൂടെ ഉള്ളവരോട് അവൻ ചിരിക്കുന്ന കാര്യം പറഞ്ഞു. അവര് പറഞ്ഞു ഇനി നീയും അങ്ങോട്ട് ചിരിച്ചോ എന്നു.
വീട്ടിലെ പട്ടാളച്ചിട്ട കാതിൽ മുഴങ്ങി, എന്റമ്മേ ചിരിയല്ല തടിയാണ് വലുത്. വേണ്ട വേണ്ടാന്ന് മനസ്സ് പറഞ്ഞോണ്ടിരിക്കുന്നു.
ഒരു ദിവസം നടന്നു പോകുമ്പോൾ ഞാൻ വെറുതെ പറഞ്ഞു 'എന്നാലും അവനെന്തിനാ എന്നെ നോക്കി ഇങ്ങനെ ചിരിക്കുന്നെ, എന്നെ അറിയുക പോലും ഇല്ലാലോ"
അപ്പോഴായിരുന്നു കൂടെ നടന്ന നയവഞ്ചകികൾ ആ കാര്യം മൊഴിഞ്ഞത്
"അത് പിന്നെ നിന്നോടുള്ള ദയ കൊണ്ടാകാം"
ദയ കൊണ്ടോ..!!?
അതേ... അന്ന് നീ കമിഴ്ന്നടിച്ചു വീണത് കണ്ട ഒരേ ഒരു പുരുഷജന്മം ആണ് മോളെ അവൻ"
അത് കേട്ട് ചമ്മി നാശമായി തലയുയർത്തി നോക്കിയത് ആ ചിരിയിലേക്കായിരുന്നു. അപ്പോൾ എന്റെ മുഖത്തെ ഭാവം എന്താണ് എന്ന് പടച്ചോന് പോലും അറിയില്ല. ഇത്രനാളും അവൻ തന്ന ചിരിയൊക്കെ എന്നെ കളിയാക്കിയ ചിരിയാണല്ലോ ന്റെ കൃഷ്ണാ
വർഷങ്ങൾക്ക് ശേഷം അമ്പലത്തിലെ ഉത്സവത്തിന് ദൂരെ നിന്നും പരസ്പരം കണ്ടപ്പോഴും അവന്റെ ചുണ്ടിൽ കളിയാക്കിയ ആ ചിരി ഉണ്ടായിരുന്നു. ചമ്മിയ ചിരിയോടെ മോളുടെ കൈപിടിച്ചു ബഹളത്തിലേക്ക് അകന്ന് പോകുമ്പോൾ മനസ്സിൽ ഉടഞ്ഞു വീണ കുപ്പിവള കിലുക്കം ഉയരുന്നുണ്ടായിരുന്നു, ഏറെ ഇഷ്ടത്തോടെ...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക