Showing posts with label AadiWarrier. Show all posts
Showing posts with label AadiWarrier. Show all posts

ഭാവി I AadhiWarrier

 ഭാവിയിൽ ആരാകണമെന്നാണ്
ആഗ്രഹമെന്നാണ് ചോദ്യം ...
കറുത്ത ബോർഡിൽ നല്ല കയ്യക്ഷരത്തോടെ
മാലിനി ടീച്ചർ അതെഴുതിവച്ചു ....
എല്ലാവരും നാളെ മറക്കാതെ ഇതെഴുതികൊണ്ടുവരണം ...
നല്ല കുറിപ്പുകൾക്കു സമ്മാനമുണ്ട് ......
ബെല്ലടിയുടെ ആരംഭത്തിനു മുമ്പേതന്നെ
സഞ്ചിയിലേക്കു ബുക്ക് തിരുകുന്ന
തിരക്കിലായിരുന്നു അപ്പുണ്ണി .....
ഇനിയിപ്പൊ നേരെ പോവേണ്ടത് അമ്മ
വേലയ്ക്കു നിക്കണ വീട്ടിലേക്കാണ്..
അവിടെ എണ്ണയാട്ടുന്ന ഒരു ചക്കുണ്ട് ....
അവിടെനിന്നു എണ്ണയൊക്കെ പാത്രത്തിലാക്കി
കവലയിലെ തോമസ്സുമാഷിന്റെ കടയിൽ
കൊടുക്കണം എന്നിട്ട് വയ്‌ക്കോലെടുത്തു
തിരിച്ചെത്തി പശൂനെ കുളിപ്പിക്കണം ....
അപ്പുണ്ണിയ്ക്ക് പേടിയാണ് പശൂനെ ....
പക്ഷെ അങ്ങനെ ചെയ്തിലെല് നാരായണിത്തള്ള
അനാവശ്യം വിളിച്ചു പറയും ....
അമ്മയെ പണ്ടേതോ പണ്ടിച്ചെക്കൻ
കെട്ടിക്കൊണ്ടു വന്നിട്ട് ഇവിടെ ഉപേക്ഷിച്ചതാണെത്രെ ....
അങ്ങാനാവുമ്പോ അപ്പുണ്ണിടെ
അച്ഛനൊരു തമിഴനാത്രേ .....
അതിലൊന്നും അപ്പുണ്ണിക്ക് സങ്കടമില്ല ...
പക്ഷെങ്കി മൂപ്പരിന്നേവരെ അപ്പുണ്ണിയെ കാണാൻ വന്നിട്ടേയില്ലത്രേ ....അപ്പുണ്ണിയുടെ ചങ്ങായിയുണ്ട്
അവന്റെ അച്ഛനങ് തമിഴ്നാട്ടിലാണ് ...
അവിടെയുള്ളോരൊക്കെ വല്യ ദേഷ്യക്കാരാണത്രെ .....
അങ്ങനെ വരുമ്പൊ അപ്പുണ്ണിടെ അച്ഛനും വല്യ ദേഷ്യക്കാരനാകും ......
ചക്കിലേക്കുള്ള ഓട്ടത്തിൽ
വെള്ളാട്ടുകടവിലെ വല്യ മരത്തിന്റെ
വേരില് തട്ടി അപ്പുണി വീണു ....
കരയാനൊന്നും നേരമില്ല ...
അല്ലേലും അപ്പുണ്ണി കരയാറില്ല ....
അമ്മ പറഞ്ഞേക്കുന്നത് ഒന്നിനും
കരയരുതെന്നാണ് ...
പരിയാരം വീടിനോടു ചേർന്നുള്ള
തോട്ടുവക്കില് തത്തപ്പച്ച നിറത്തിലെ
ചെടി പറിച്ചെടുത്തു വച്ചാല് മുറിവൊക്കെ വേഗം ഉണങ്ങുമെന്നു അപ്പുണ്ണിയ്ക്കറിയാം ....
ഇന്നാളൊരു ദീസം പണിചെയ്യുന്ന
വീട്ടിലെ ഓട്ടുരുളി ആരാണ്ടൊ കട്ടോണ്ടു
പോയപ്പൊ അവിടത്തെ പണിക്കരമ്മാവൻ
അമ്മെടെ പുറത്തു ചൂരലു കൊണ്ടു തല്ലുന്നത്
അപ്പുണ്ണിയും കണ്ടു നിന്നതാണ് .....
തൊണ്ടയിലേക്കു വന്ന നിലവിളി
പുറത്തേക്കു വരാതെ അമ്മയെന്ന്
കണ്ണുകളൊക്കെ ഇറുക്കിയടച്ചു നിന്നതാണ് .....
രാത്രി പെരുമഴ പെയ്യുമ്പോ പൊട്ടിയ
ഓലകീറിലൂടെ വെള്ളമിങ്ങനെ താഴേക്കു വീഴും ...
അവിടെയാ സ്ഥാനത്തു അമ്പാട്ടിലെ
പഴയൊരു ഇഡ്ഡലിപാത്രം വച്ചിട്ട് വെളളം പിടിക്കും ...
മഴയെക്കാൾ അമ്മെടെ കണ്ണീരുണ്ടെന്നു
അപ്പുണ്ണിക്ക്‌ തോന്നി ....
ബ്ലൗസ് മാറ്റി പുറം തിരിഞ്ഞു നിന്നിട്ട് അമ്മ
അപ്പുണ്ണിയോട് ചോയ്ക്കും ...
" ചോയ്പ്പുണ്ടോ ഉണ്ണിയേയ് .....
അപ്പുണ്ണി മൂളികൊണ്ടു തലയാട്ടും ....
തറയിലൂടെ അട്ട പോവുന്നപോലെയാണ്
അമ്മെടെ പുറത്തു പാടുകൾ ....
"ഉണ്ണീ പോയി പരിയാരത്തെ
ഇലയെടുത്തുവാ ...
നനയാതെപോകാൻ അപ്പുണ്ണിക്കു
കഴിയാറില്ല ...നനഞ്ഞ തോർത്തെടുത്തു
തലയിട്ടു ചെമ്മനത്തെ പഴയ വാറുപൊട്ടിയ
ചെരുപ്പ് ഒരണ്ണം കാലിലും മറ്റേതു
വാറുകയറ്റിക്കൊണ്ടും ഇരുട്ടിലേക്കു
അപ്പുണ്ണി ഓടിമറയും ......
തല്ലിയെടുത്ത ഇലച്ചാറിടുത്തു
അമ്മെടെ പുറകിലേക്കൊഴിക്കുമ്പോ
അപ്പുണ്ണി ശബ്ദമിടറിക്കൊണ്ട് ചോയിക്കും ...
"നീറ്റലുണ്ടോ അമ്മെ ....."
വിങ്ങിപ്പൊട്ടിയ ശബ്ദത്തോടെ
ഇറുക്കെ കണ്ണുകളടച്ചു
അമ്മ നുണപറയും ......
അവധിദിവസങ്ങളിൽ പരിയാരത്തെ
തൊടിയിലെ കശുമാവിൻ ചുവട്ടിലാണേൽ
കുട്ട്യോളൊക്കെ കാണാറുണ്ട് ....
എന്നാലവരൊന്നും അപ്പുണ്ണിയെ കളിക്കാൻ കൂട്ടാറില്ല ....എന്നുവച്ചാല് അന്നൊന്നും
കളിച്ചുനടക്കാനൊന്നും അപ്പുണ്ണിക്കു
സമയമില്ല ...
തൊടിയിലെ ഉണങ്ങിയ ഓലയും
വീണുകിടക്കുന്ന തേങ്ങയുമൊക്കെ
പെറുക്കികൂട്ടി അങ്ങേക്കില്ലേ പഴയ
ഓടുകെട്ടിടത്തിൽ കൊണ്ടിടണം ..
ഉച്ചവെയിലത്തു ഊരണതെന്തെലും
കാണുമെന്നു പറഞ്ഞു അപ്പുണ്ണിയുടെ
അമ്മയും കൂടെകാണും ...
അന്നാണ് അപ്പുണ്ണിക്കു പണിക്കത്തു
നിന്നു ചോറും കൂട്ടാനും കിട്ടുന്നത് ....
വക്കുപൊട്ടിയ ഒരു പ്ലാസ്റ്റിക് പാത്രമുണ്ട് ...
നിറയെ പൂക്കളുടെ ചിത്രമുള്ള ഒരു പാത്രം ...
അതിന്റെ നിറമൊക്കെ മങ്ങിത്തുടങ്ങിയിട്ടുണ്ട് എന്നാലും അപ്പുണി പറയണത് അതിനു അവന്റെ വീട്ടിലെ പാത്രങ്ങളേക്കാൾ ഭംഗിയുണ്ടെന്നാണ് .....
പഴകിയ ചോറും കൂട്ടത്തില് ഇന്നലത്തെ
കറികളുമൊക്കെ ഒരുമിച്ചാക്കി
അപ്പുണ്ണിക്കു കൊടുക്കും ....
അവനതു ഒരു പറ്റുപോലും ബാക്കിവയ്ക്കാതെ കഴിക്കും ....ഒന്നിനും പരാതി പറയാൻ അവനാകുമായിരുന്നില്ല ....
പാത്രം കഴുകുന്ന നേരത്തു
അമ്മയവനോടു ചോയ്ക്കും ..
ഉണ്ണീ ...ചോറു മതിയോ ...
ഇല്ലെന്നു പറഞ്ഞാലും ചൊറിനി
കിട്ടില്ലാന്നു അവനു നന്നായറിയാം ...
ചിരിച്ചുകൊണ്ട് അവനും നുണപറയും .....
സന്ധ്യയ്ക്കു മഴപെയ്യുന്നത് നന്നല്ലെന്നു
അവനോടു അമ്മ പറഞ്ഞിട്ടുണ്ട് ...
പക്ഷെ നല്ലതായുള്ള എന്താണു
അപ്പുണ്ണിയ്ക്കുള്ളതെന്നു ചിന്തിക്കാറുണ്ട് .....
കവലയില് എണ്ണ കൊടുക്കാൻ പൊവുന്ന നേരത്തൊക്കെ വാസുവേട്ടന്റെ ചായക്കടയില് തമിഴര് പൊറോട്ട കഴിക്കുന്നത് കണ്ടിട്ടുണ്ട് ...
അപ്പുണ്ണി വെറുതെയെങ്കിലും അവിടെയാ കഴുക്കോലിന്റെ അറ്റത്തു പിടിച്ചോണ്ട് നില്ക്കും ...
"കൊതിക്കാണ്ട് പോടാ ചെറുക്കാ ...."
വാസുവേട്ടന്റെ പണിക്കാരൊക്കെ
ആട്ടും ....
അപ്പുണ്ണിക്കു കൊതിയായിട്ടല്ല ...
അക്കൂട്ടത്തിൽ അപ്പുണ്ണിയുടെ അച്ഛനെങ്ങാനുമുണ്ടാകുമോ
എന്നോർത്താണ്‌ അവനവിടെ നില്ക്കുന്നത് തന്നെ .....
ഇന്നാളൊരു ദീസം അമ്പലത്തിലെ
എംബ്രാന്തിരി അവിടെ പറയണത് കേട്ടുവത്രെ ...
മോൾക്ക് വിശേഷമുണ്ടെന്നും ഇപ്പൊ പലഹാരങ്ങളൊക്കെ ഒത്തിരി വരുന്നുണ്ടെന്നും ....
പഞ്ചറായ കീറിയ ടയറുമുരുട്ടി അപ്പുണ്ണി
അമ്മെടെ അടുത്തേക്കു ഓടിച്ചെന്നു ചോദിച്ചു ....
"അമ്മെ വയറ്റിൽ വിശേഷമുണ്ടച്ചാ എന്തിനാ ഇങ്ങനെ പലഹാരങ്ങൾ കൊടുക്കണേ ....."
"അതോ ...അതവർ സ്നേഹം കൊണ്ടല്ലേ ഉണ്ണിയേയ് ....."
"അപ്പൊ അമ്മയ്ക്കു കിട്ടീട്ണ്ട ....."
മറുപടിയായി അമ്മയൊന്നും പറഞ്ഞില്ല ....
നാളെ മാലിനി ടീച്ചർ പറഞ്ഞ
കുറിപ്പിന് അപ്പുണ്ണി രണ്ടു വാചകമേ
എഴുതിയുള്ളൂ ....
അമ്മെടെ ദീനം മാറ്റണം ....പണിക്കത്തു വീട്ടിലെ ചോറു കൂടുതല് കിട്ടണം ...
തമിഴ്‌നാട്ടിലേക്ക് പോവാൻ അച്ഛനെ കണ്ടുപിടിക്കാൻ അപ്പുണ്ണി ഇനീം വലുതാവണമെന്നാണ് കടവിലെ
ചേട്ടനും പറഞ്ഞത് അതോണ്ട് പെട്ടെന്നു വലുതാവണം ...
പിറ്റേന്നു മാലിനി ടീച്ചർ
അവനെയെഴുന്നേല്പിച്ചു നിർത്തി എന്നിട്ട് അപ്പുണ്ണിയോടു ചോയ്ച്ചു ...
"ഡാ നിനക്കാരാകണമെന്നാണ്
ആഗ്രഹമെന്നല്ലേ ചോദിച്ചത് ...
അല്ലാതെ നിന്റെ മോഹങ്ങളല്ലലോ ...."
തലതാഴ്ത്തി നിന്ന അപ്പുണ്ണി പെട്ടെന്നു
ടീച്ചറോട് പറഞ്ഞു ....
"ടീച്ചറെ അമ്മ പറഞ്ഞത് ഭാവിയില്
ആരായാലും എല്ലാവരോടും സ്നേഹം കാണിക്കണമെന്നാണ് ...."
"എന്നിട്ട് നീയതെന്താ എഴുതാത്തെ ....."
"അത് ...അമ്മ പറഞ്ഞത് ...
അച്ഛനു അമ്മയെ ഒരുപാടു
സ്നേഹമുണ്ടെന്നാണ് ...
എന്നിട്ട് അച്ഛൻ എന്നെയോ
അമ്മയെയോ കാണാൻ ഇന്നുവരെ വന്നില്യ ...അതോണ്ട് എനിക്കാരേം സ്നേഹിക്കണ്ട ......
അങ്ങനെയുള്ള സ്നേഹോം വേണ്ട ......"
അപ്പുണ്ണി കരഞ്ഞുതുടങ്ങി ......
കരയാൻ പാടില്ലായെന്ന
അമ്മയുടെ വാക്കുകൾ അവനപ്പോ ഓർത്തു .....
കണ്ണുനീർ തുടച്ചവൻ കവിളുകളും അമർത്തിതുടച്ചു .....
പരിയാരത്തെ തത്തപ്പച്ചയിലകൾ
അപ്പാടെ മണ്ണിലടിയിലാവുന്ന തരത്തില്
തോട്ടിലെ വെളളം കരയ്ക്കു കയറി ....
മഴ പെയ്തുകൊണ്ടേയിരുന്നു ........
By Aadhi Warrier

#ഇന്നലെ ........


No automatic alt text available.
രാവിലെ ഓഫിസിലേക്ക് പോകാനായി ബൈക്കെടുക്കുമ്പോൾ പുതിയ അസൈമെന്റ് എന്തായിരിക്കും എന്ന് അറിയില്ലായിരുന്നു.
എഡിറ്റർ കൃഷ്ണൻ സാറാണു വിളിച്ചത്. വായിൽ മുറുക്കാനും ഇട്ടുകൊണ്ടാണു സാർ എപ്പോഴും നടക്കുക. അതുകൊണ്ടുതന്നെ ഫോണെടുത്തു കഴിഞ്ഞാൽ ഇടക്കിടെ ഒന്നു പുറത്തേക്ക് തുപ്പിയോ അകത്തേക്ക് ഒന്നിറക്കിയോ അല്ലാതെ സംസാരം കേൾക്കില്ല.
ഫോണിൽ സാറിന്റെ നമ്പർ സൂക്ഷിച്ചിട്ടുള്ളതുകൊണ്ട് കോളു വന്നപ്പോഴെ മനസ്സിലായി. എന്തെങ്കിലും പ്രത്യേക കാര്യത്തിനല്ലാതെ സാര്‍ വിളിക്കില്ല. ഇതിനു മുൻപ് വിളിച്ചിട്ട് ആറുമാസമായി.
കഴിഞ്ഞ ബോട്ടുദുരന്തം കഴിഞ്ഞപ്പോൾ കേരളത്തിൽ ഉടനീളം ഉള്ള ബോട്ടുകളുടെ സുരക്ഷിതതത്വത്തെക്കുറിച്ചുള്ള ഒരു ഫീച്ചറിനു പടം എടുക്കാനായിരുന്നു ഫോട്ടോ എടുത്തു കൊടുത്തുകഴിഞ്ഞാൽ എന്റെ പണി കഴിഞ്ഞു. ഒരു മാസത്തേക്കു നല്ല പണിയും ആവശ്യത്തിനു പണവും കിട്ടി. ഇങ്ങനെ ഇടക്കിടെ വർക്കില്ലെങ്കില്‍ തന്റെ പഴയ സ്റ്റുഡിയോ കൊണ്ട് കാര്യങ്ങൾ നടക്കില്ലെന്ന് ഈശ്വരനറിയാം.
എന്നാലും ആ സ്റ്റുഡിയോ അടക്കാൻ പറ്റില്ലല്ലോ.
കൃഷ്ണൻ സാർ എനിക്ക് അച്ഛനെപ്പോലെയാണ്. സ്വീകരണമുറിയിലെ ഭിത്തിയിൽ മാലയിട്ട് തൂക്കിയിരിക്കുന്ന ഇരട്ടവാലൻ പകുതിയിലേറെ തിന്നിരിക്കുന്ന അച്ഛന്റെ ഫോട്ടോയ്ക്ക് കൃഷ്ണൻ സാറിന്റെ സാദൃശ്യമുണ്ടെന്ന് ചിലപ്പോൾ തോന്നാറുണ്ട്..
ഓര്‍മ്മയുറക്കും മുമ്പേ തനിക്ക് അച്ഛൻ നഷ്ടപ്പെട്ടതാണ്. അതുകൊണ്ടാവും അച്ഛനെന്നതു ഫോട്ടോയിൽ കണ്ടുള്ള പരിചയവും അതിനുതക്കതായ അടുപ്പവുമേയുള്ളൂ. അതല്ലാതെ, അച്ഛനുമായി തന്നെ ബന്ധിപ്പിക്കുന്ന ഘടകം തന്റെ മൂന്നാമത്തെ വയസ്സിൽ അച്ഛൻ എങ്ങോട്ടോ പോകുമ്പോൾ ബാക്കിവെച്ച ആ പഴയ സ്റ്റുഡിയോയും പിന്നെക്കുറെ പഴയ ഫിലിം റോളുകളും മാത്രം. അച്ഛൻ പോയതിനുശേഷം കുറെ നാൾ സ്റ്റുഡിയോ വാടകക്കു കൊടുത്തിരുന്നു. പിന്നെ കുറെനാൾ അടച്ചു കിടന്നു.
അമ്മക്കും എന്തോ സെന്റിമെന്റൽ വാല്യൂ ഉള്ളതു കൊണ്ടാവാം അതു വിൽക്കാനൊ പൊളിച്ചുകളയാനോ തോന്നാഞ്ഞത്. ഒരു പക്ഷേ വീടിന്റെ മുന്നിലെ സ്റ്റുഡിയോയിൽ ഒരു കാവൽക്കാരനെപ്പോലെ അച്ഛൻ ഉണ്ടാവും എന്ന ആശ്വാസമാവും അമ്മയെ ബുദ്ധിമുട്ടുകൾ പലതും വന്നിട്ടും ചുറ്റിനും പല പുതിയ കടകൾ വന്നിട്ടും താൻ പ്രായമാവും വരെ ഒരു നിധികാക്കും ഭൂതം പോലെ ആ കെട്ടിടം കാക്കാൻ പ്രേരിപ്പിച്ചത്.
അമ്മ അത് എന്നിലേക്ക് കൈമാറി. ഇപ്പോൾ തനിക്കും അച്ഛൻ അവിടെവിടെയൊക്കെയോ ഉണ്ടെന്നൊരു തോന്നൽ. വല്ല വിസക്കുവേണ്ടിയോ പാസ്പോർട്ടിനുവേണ്ടിയോ അല്ലാതെ ഇപ്പോൾ ആരും സ്റ്റുഡിയോയിൽ വരാറില്ല. കുഗ്രാമങ്ങളിൽ പോലും എല്ലാവരും ഡിജിറ്റൽ ക്യാമറകളും സെൽ ഫോണുകളും ഉപയോഗിച്ച് ശീലിച്ചു പോയി. പ്രിന്റിംഗ് തീരെ ഇല്ലെന്നു പറയാം.
ബൈക്ക് ഓഫിസിന്റെ മുന്നിൽ നിന്നതോടെ, ചിന്തകൾക്കും ബ്രേക്ക് വീണു. നേരേ കൃഷ്ണൻ സാറിന്റെ മുറിയിലേക്ക് നടന്നു. സാറിന്റെ മുറിയിൽ സുമിയും ഉണ്ടായിരുന്നു. സ്വതസിദ്ധമായ ചിരിയോടെ വായിലേ മുറുക്കാൻ താഴെയിരുന്ന കോളാമ്പിയിലേക്ക് നീട്ടി തുപ്പി.
മുഖം തുടച്ചുകൊണ്ട്,
‘‘ഹാ, ഇരിക്കെടോ. തന്നെ കാണാനില്ലല്ലോ’’.
മറുപടി പെട്ടെന്നായിരുന്നു
, ‘‘സാറു വിളിക്കേണ്ടയോ’’.
സാറിന്റെ ചിരി അൽപം ഉച്ചത്തിലായി, എന്നിട്ട് തലകുലുക്കിക്കൊണ്ട്,
‘‘അതല്ലിയോ വിളിച്ചത്, ഇത് സുമിയുടെ പ്രോജക്ടാ. താൻ തന്നെ വേണം ഫോട്ടോയെടുക്കാനെന്ന് സുമിയ്ക്ക് നിർബന്ധം.’’
നന്ദി സൂചകമായി ഒരു ചിരി സുമിയ്ക്ക് നൽകിക്കൊണ്ട് അടുത്ത കസേരയിൽ ഇരുന്നു.
സാർ കാര്യങ്ങൾ വിവരിക്കാൻ തുടങ്ങി
. ‘‘ഇതൊരു സോഷ്യലി ആൻഡ് പൊളിറ്റിക്കലി പ്രധാനപ്പെട്ട പ്രശ്നമാണ്. ആലപ്പുഴയ്ക്കടുത്ത്, കോട്ടക്കൽ എന്ന ഗ്രാം, ഗ്രാമം എന്നു പറയാൻ പറ്റില്ല. ഒരു ചെറിയ ടൗൺ. സുമി കുറെയൊക്കെ ഡീറ്റെയിൽസ് കളക്റ്റ് ചെയ്തിട്ടുണ്ട്.’’
സാറിനു മുറുക്കാൻ തുപ്പാൻ സമയം കൊടുക്കാനെന്നോണം ബാക്കി പറഞ്ഞത് സുമിയാണ് ....
‘‘അവിടമാണു ഇപ്പോൾ കേരളത്തിലെ ഏറ്റവും കൂടുതൽ ഹോലസ് ആളുകൾ ഉള്ള സ്ഥലം. അവിടെ രാജ്യത്തിന്റെ എല്ലാ കോണീന്നും ഉള്ള ആളുകളെ കാണാം. ഈ ഒഴുക്ക് തുടങ്ങിയിട്ട് ഏതാണ്ടു അഞ്ചു വർഷത്തോളമായിക്കാണും. പക്ഷേ കഴിഞ്ഞ രണ്ടുവർഷമായിട്ടാണു ഇത്രയും കൂടിയത്. ആരോരും ഇല്ലാത്ത അനാഥർ. അവർക്കായി ഒന്നുരണ്ടു ഷെൽട്ടറുകൾ ഈ സർക്കാർ തുടങ്ങിയിട്ടുണ്ട്. ആളുകളുടെ എണ്ണം ദിവസം പ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആളുകൾ റോഡിലും കടത്തിണ്ണകളിലും തീരത്തുമായി അലഞ്ഞു തിരിഞ്ഞു നടക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഇവരുടെ മറവിൽ നടക്കുന്ന മോഷണവും മറ്റു സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുമാണു ഇപ്പോഴത്തെ പ്രധാന പ്രശ്നം. നാട്ടുകാർ എന്തുചെയ്യണമെന്ന് അറി യാതെ വലയുന്നു. വർഷങ്ങളായി താമസിച്ചു വരുന്ന നാട്ടുകാരിൽ പലരും അവിടം വിട്ടൊഴിഞ്ഞു പോകാൻ തുടങ്ങുന്നു. ഇങ്ങനെ പോയാൽ ഒരു വർഷത്തിനുള്ളിൽ അവിടുത്തെ സ്ഥിതി എന്താവുമെന്ന് ഊഹിക്കുന്നതിനും അപ്പുറത്താണ്’’
വളരെ കാലിക പ്രാധാന്യമുള്ള വിഷയം.
ഒരു പൊതു താത്പര്യത്തിന്റെ പേരിലോ, മാസികയുടെ വരിക്കാരെ കൂട്ടുന്നതിന്റെ ഭാഗമായിട്ടോ, അതിലുമപ്പുറം വഴിമുട്ടി നിന്ന ജീവിതത്തിൽ അല്പം കാശു സമ്പാദിക്കാമെ ന്നോർത്തിട്ടോ, ഞാൻ കോട്ടക്കൽ ഗ്രാമത്തിലെത്തി
പറഞ്ഞുകേട്ടതിലും ഭീകരമായിരുന്നു അവിടുത്തെ സ്ഥിതി. ഒരു നേരത്തെ പോലും ആഹാരം കഴിക്കാൻ വകയില്ലാത്തവർ. പലവിധമായ അസുഖങ്ങളായി ഒന്നു നിവർന്നു നിൽക്കാൻ പോലും ത്രാണിയില്ലാത്തവർ. തെണ്ടിയും മോഷ്ടിച്ചും ജീവൻ കിടക്കാനായി എന്തെങ്കിലും കിട്ടുമോയെന്ന് പരതി നടക്കുന്ന വീടും വീട്ടുകാരും ഇല്ലാത്ത കുറെ ജന്മങ്ങൾ. സ്വന്തം അസ്ഥിത്വം പോയിട്ട് സ്വന്തം പേരുകൂടി ഓർമ്മയില്ലാത്ത പലരും. അവരുടെ ഓരോരുത്തരുടേയും കഥകൾ അല്ല ജീവിതങ്ങള്‍ കിട്ടാവുന്നിടത്തോളം പകർത്താനായി സുമി ഓടിനടന്നു. ഒപ്പം ഞാനും.
ആദ്യം ഞങ്ങളുടെ മുന്നിൽ വന്നുപെട്ടത് അയാളായിരുന്നു. അയാളെന്നു പറയാനെ കഴിയു. അയാൾക്കു പോലും അയാളുടെ പേരറിയില്ലായിരുന്നു. സ്ഥലത്തെത്തിയ ഞങ്ങളുടെ വണ്ടിയുടെ മുന്നിലേക്ക് ഒരു മുന്നറിയിപ്പും കൂടാതെ അയാൾ ചാടിയപ്പോഴാണു ആദ്യമായി അയാളെ കണ്ടത്.
ഡ്രൈവർ വേണു ആഞ്ഞു ബ്രേക്കു ചവിട്ടിയെങ്കിലും വണ്ടി അയാളെ ചെറുതായി തട്ടി. അയാൾ മുന്നോട്ട് മറിഞ്ഞു വീണെങ്കിലും ഒന്നും തിരിച്ചു പറയാൻ പോലും കൂട്ടാക്കാതെ മെല്ലെ എഴുന്നേറ്റ് മുന്നോട്ടു നടന്നു പോയി
സുമിയും വേണുവും നന്നായി പേടിച്ചു.
പേടിക്കപ്പുറം അയാളുടെ പ്രതികരണമാണു എന്നെ ചിന്തിപ്പിച്ചത്. ആരോടും പരാതിയോ പരിഭവങ്ങളോ ഇല്ലാതെ എന്തിനോ വേണ്ടി ജീവിക്കുന്ന സാധുമനുഷ്യൻ. പിന്നീടുള്ള ദിവസങ്ങളിൽ ആ കവലയിലെ കടൽത്തീരത്തേക്കു കടക്കുന്നതിനുമുമ്പുള്ള ഇടിഞ്ഞ മതിൽകെട്ടിൽ ചാരിയിരിക്കുന്ന അയാളെ ഞാനെന്നും ശ്രദ്ധിച്ചു.
നീണ്ട താടിയും, പകുതി മുഖം മറച്ച് മുന്നിലേക്ക് കിടന്നിരുന്ന വെട്ടിവെടിപ്പാക്കാത്ത മുടിയും വായിച്ചു മറന്ന ഏതോ കഥയിലെ നിരാശാകാമുകനെ ഓർമ്മിപ്പിച്ചു. ചെളിപുരണ്ട നിറം മാറിയ വെള്ളമുണ്ടും, ചെറിയ നീളത്തിലുള്ള വരകളോടുകൂടിയ കൈയിറക്കമുള്ള ഷർട്ടും എന്റെ മനസ്സിൽ ഇടം പിടിച്ചു.
മിക്കവാറും ദിവസങ്ങളിൽ സുമി പ്രതിഫലമായെന്നോണം ഭക്ഷണ പൊതികളുമായാണ് ഓരോരുത്തരുടേയും കഥകൾ കേൾക്കാനായി എത്തിയത്. എന്തുചോദിച്ചാലും മറുപടി പറയുകയോ തിരിച്ച് ചോദിക്കുകയോ ചെയ്യാത്ത അയാൾക്കും അതിൽ നിന്നൊരു പൊതി കൊടുക്കാൻ ഞാൻ മറന്നില്ല.
എന്തോ മുൻജന്മ ബന്ധം പോലെ അയാൾ എന്റെ മനസ്സിൽ കടന്നുകൂടി. മറുപടിയൊന്നും കിട്ടില്ലന്നറിയാമെങ്കിൽ കൂടി രാവിലെ ചെല്ലുമ്പോഴും വൈകിട്ട് തിരികെ പോകുമ്പോളും അയാളോട് പുഞ്ചിരിച്ച് എന്തെങ്കിലും കുശലം ചോദിക്കാതിരിക്കാൻ കഴിയാതെയായി.
എന്തോ ഏറ്റവും കൂടുതൽ ഫോട്ടോകൾ എടുത്തതും അയാളുടേതാണെന്നു തോന്നുന്നു.
സുമിയും അതു ശ്രദ്ധിച്ചു. പക്ഷേ അവൾ അതിനെ വേറൊരു തലത്തിലാണു കണ്ടത്.
‘‘രവിക്ക് പ്രായമുള്ളവരെ കാണുമ്പോൾ ഒരു പ്രത്യേക താത്പര്യമാണല്ലോ’’
അവളോടും ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല. അവൾ ഉടനെ അച്ഛന്റെ തിരോധാനത്തെക്കുറിച്ച് ചോദിക്കുമെന്ന് കരുതി.
ഇതിനുമുൻപും പലവട്ടവും അവൾ ചോദിച്ചറിയാൻ ശ്രമിച്ചിട്ടുണ്ട്. എനിക്കറിയാത്തത് ഞാൻ എങ്ങനെ പറയും. ആരുടെ ഫോട്ടോയാണെടുക്കേണ്ടത് എന്നു ചോദിച്ച് ക്യാമറയുടെ ലെൻസും മാറ്റിക്കൊണ്ട് ഞാൻ മുന്നോട്ട് നടന്നു.
വീട്ടിലെത്തിയിട്ടും അയാളെ ഓർക്കാതിരിക്കാൻ സാധിച്ചില്ല. അമ്മയോടും അയാളെപ്പറ്റി പറഞ്ഞു. അമ്മ മൂളിക്കേട്ടിരുന്നു. അമ്മയും തന്റെ അച്ഛനില്ലാതെ വളർന്നതുകൊണ്ടുള്ള മനസ്സിന്റെ വിഷമം ഓർത്തു കാണും.
പെട്ടെന്നാണു ക്യാമറയിൽ അയാളുടെ ഫോട്ടോ ഓർത്തതും അമ്മയ്ക്ക് കാണിച്ചു കൊടുത്തതും.
അമ്മയുടെ മുഖത്തെ മാറിമറിയുന്ന ഭാവങ്ങൾ ഞാൻ പെട്ടെന്ന് ശ്രദ്ധിച്ചു
ഞാനെന്തെങ്കിലും ചോദിക്കും മുമ്പ് അമ്മ പറഞ്ഞു
‘‘നിന്റെ അച്ഛന്റെ ഒരു ഛായയുണ്ട്.’’
അമ്മ അച്ഛനെപ്പറ്റി ഒരുപാടു നാളുകൾക്കുശേഷമാണു സംസാരിക്കുന്നത്. അമ്മയും അച്ഛനെ നഷ്ടപ്പെട്ടതിൽ ഇപ്പഴും വിഷമിക്കുന്നുണ്ടെന്ന് മനസ്സിലായി.
തനിക്ക് മൂന്നു വയസ്സുള്ളപ്പോൾ കാണാതായതാണ്
പലയിടത്തും അമ്മയുടെ ആങ്ങളമാര്‍ അന്വേഷിച്ചു. പക്ഷേ, പിന്നീട് ഒരു വിവരവും കിട്ടിയില്ല.
ഭിത്തിയിലെ അച്ഛന്റെ ഫോട്ടോയിലേക്കും ക്യാമറയിലേക്കും മാറി മാറി നോക്കി.
എനിക്ക് ഒരു സാദൃശ്യവും തോന്നിയില്ല.
ഒറ്റ നോട്ടത്തിൽ അമ്മക്ക് തോന്നിയതാവാം.
പിന്നീടൊന്നും പറയാതെ അമ്മ ക്യാമറ തിരികെ തന്നിട്ട് അടുക്കളയിലെ ജോലിയിൽ മുഴുകി.
എന്റെ സംശയം എവിടൊക്കെയോ ഉടക്കി.
ഭിത്തിയിലെ ഫോട്ടോയിലെ പടം കല്യാണത്തിനു എടുത്ത പടത്തിൽ നിന്നാണ്. ഏകദേശം ഇരുപത്തിയഞ്ച് വർഷങ്ങൾക്കു മുമ്പുള്ള ചിത്രം. പെട്ടെന്നാണു സ്റ്റുഡിയോയില്‍ വച്ച് ആദ്യമായും അവസാനമായും അച്ഛൻ എന്നെ മടിയിലിരുത്തി എടുത്ത ഫോട്ടോയുടെ കാര്യം ഓർമ്മ വന്നത്.
നേരേ സ്റ്റുഡിയോയിലേക്ക് പോയി.
എനിക്കേതാണ്ട് രണ്ടു വയസ്സുള്ളപ്പോഴുള്ള ചിത്രം. അച്ഛനു അൽപം കൂടി പ്രായം തോന്നിക്കുന്നു. കുറ്റിത്താടിയും ഉണ്ട്. പക്ഷേ ആ ചിത്രത്തിനും അയാളുമായി ഞാനൊരു സാമ്യവും കണ്ടില്ല.
പക്ഷേ പിറ്റേന്ന് അയാളെ കാണാൻ പോയത് തികച്ചും വേറിട്ടൊരു മനസ്സോടെയാണു മറക്കാൻ ശ്രമിക്കുമ്പോൾ അല്ലെങ്കിൽ വേണ്ടാന്നു വിചാരിക്കുന്നിടത്തേക്ക് വലിച്ചടിപ്പിക്കുന്ന മനസ്സിന്റെ പ്രഹേളിക.
ഓരോ ഫോട്ടോ ഷൂട്ടും കഴിയുമ്പോഴും ‌അയാളുടെ അരികിൽ ചെന്നിരുന്നു. എന്തിനാണെന്ന് എനിക്കു തന്നെ തിട്ടമില്ല. ഒരു പക്ഷേ അയാൾ എന്തെങ്കിലും ഓർത്തെടുത്തെങ്കിലോ എന്നൊരു ചിന്ത മനസ്സിന്റെ അടിത്തട്ടിൽ ഉണ്ടായിരുന്നിരിക്കണം.
വൈകിട്ട് വീട്ടിൽ എത്തിയപ്പോൾ അമ്മ അയാളെപ്പറ്റി ചോദിച്ചു.
ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
കഴിഞ്ഞ ഇത്രയും കാലം ഒരിക്കൽ അച്ഛനെ തിരയണമെന്ന് തോന്നിയിട്ടില്ല.
എന്നിട്ടിപ്പോൾ.
അമ്മയ്ക്ക് എന്റെ നീറ്റൽ മനസ്സിലായി.
‘‘നിനക്ക് അത്രയ്ക്ക് സംശയം തോന്നുന്നെങ്കിൽ. നിന്റെ അച്ഛന്റെ മുതുകത്ത് ഒരു രൂപാ തുട്ടിന്റെ വലുപ്പത്തിൽ ഒരു കറുത്തു തടിച്ച മറുകുണ്ട്. നിന്റെ സംശയം മാറ്റാമല്ലോ’’.
അന്നുരാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. രാവിലെ പതിവിലും നേരത്തെ സുമിയുടെ വീടിനു മുന്നിലെത്തി ബൈക്ക് വച്ച് കാത്തിരുന്നു. സുമിയോട് ഒന്നും പറയാൻ തോന്നിയില്ല. പോകുന്ന വഴിക്കും അധികം സംസാരിക്കാൻ തോന്നിയില്ല.
മനസ്സില്‍ നിറയെ, അയാളുടെ ഉടുപ്പു മാറ്റി പുറത്ത് മറുകുണ്ടോ എന്ന് നോക്കുന്നതിനെപ്പറ്റിയുളള ചിന്തകളായിരുന്നു.
അമ്പലപ്പുഴ കഴിഞ്ഞപ്പോൾ വേണുവിനോട് ഏതെങ്കിലും ഒരു തുണിക്കടയുടെ മുന്നിൽ നിർത്താൻ പറഞ്ഞു. കടയിലേക്കു പോയി അയാൾ ഇട്ടിരിക്കുന്നതുപോലെയൊരു വരയൻ ഷർട്ടു വാങ്ങി തിരികെയെത്തിയപ്പോൾ സുമിയോട് ഷർട്ട് അയാൾക്ക് മേടിച്ചതാണെന്നു മാത്രം പറഞ്ഞു.
തന്നോടുള്ള മതിപ്പു കൂടിക്കാണും. പ്രായംചെന്ന ഒരനാഥനോടുള്ള മാനുഷിക പരിഗണന അത്രമാത്രമായിട്ടേ സുമി കണ്ടൊള്ളൂ.
ആ ഷർട്ട് അയാൾക്ക് നൽകുമ്പോൾ ഇതുവരെ കണ്ടിട്ടില്ലാത്ത അച്ഛനു സമ്മാനം കൊടുക്കുന്നതുപോലൊരു വികാരം.
കൈകൾ വിറച്ചുവോ.
അതു മേടിച്ച് ചുരുട്ടി മടിയിൽ വെച്ചതല്ലാതെ അയാൾ ഒന്നും പറഞ്ഞില്ല.
ഒന്നു ചിരിക്കുക കൂടി ചെയ്തില്ല.
എന്തു പറയണമെന്ന് അറിയാതെ നില്‍ക്കുമ്പോഴാണു സുമി പറഞ്ഞത്,
‘‘ഇട്ടിരിക്കുന്നത് മാറിയിട്ട് ഇതിട്. ഇട്ടിരിക്കുന്ന ഒരുപാട് അഴുക്കാ.’’
മടിച്ചു മടിച്ച് കൈയ്യിലെ കവര്‍ അയാൾ മതിലിന്റെ പുറത്ത് വെച്ചിട്ട് സാവധാനം ഇട്ടിരിക്കുന്ന മുഷിഞ്ഞ ഷർട്ടിന്റെ ബട്ടനുകൾ സാവധാനം അഴിക്കാൻ തുടങ്ങി.
എന്റെ നെഞ്ചിടിപ്പിന്റെ വേഗത ഇരട്ടിച്ചു.
നിന്നിടത്തു നിന്ന് പിന്നിലേക്ക് മാറി അയാളുടെ മുതുകു കാണത്തക്കവണ്ണം നീങ്ങി നിന്നു.
ആ മുതുകത്തെ മറുക് ഉണ്ടെങ്കിൽ എന്താണു ചെയ്ക എന്നൊരു തിട്ടവുമില്ല.
സുമിയോടു എന്താ പറയുക.
വൈകിട്ട് വീട്ടിലെത്തി അമ്മയോട് എന്താ പറയുക
ചിന്തകള്‍ കാടു കയറി.
അയാൾ ഷർട്ട് വലി ച്ചൂരി കുനിഞ്ഞ് പുതിയ ഷർട്ടെടുത്തു.
അയാളുടെ പുറകുവശം മുഴുവൻ കാണാം.
ഇല്ല,
അങ്ങനെയൊരു മറുകില്ല.
മനസ്സിൽ പെട്ടൊന്നൊരു വിഷാദം തളം കെട്ടിയതു പോലെ.
നഷ്ടപ്പെട്ട അച്ഛനെ കണ്ടുകിട്ടിയെന്ന് അറിയാതെ ആശിച്ചുവോ.
വർഷങ്ങൾക്കു മുൻപ് തനിച്ചാക്കി യാത്രയായ അച്ഛനെ പെട്ടെന്ന് കൈയെത്തും ദൂരത്ത് തിരികെകിട്ടുമെന്ന് വെറുതേ മോഹിച്ചുവോ.
‘‘രവി. ഇന്നുകൊണ്ട് തീര്‍ക്കണം, വാ’’.
സുമിയുടെ വാക്കുകൾ കാതിൽ വീണപ്പോഴാണു മനസ്സ് തിരിച്ചെത്തിയത്. അയാൾ പുതിയ ഉടുപ്പിട്ടു കഴിഞ്ഞു. പഴയ ഉടുപ്പ് ആ കവറിനുള്ളിൽ തിരുകി ചുരുട്ടി കൈയ്യിൽ പിടിച്ച് അയാൾ മിണ്ടാതെ നിന്നു. നടന്നകലുമ്പോൾ ഒന്നു തിരിഞ്ഞുനോക്കി.
അപ്പഴും ആ പൊളിഞ്ഞ മതിലിനരികിൽ കൈയ്യിൽ പിടിച്ച പൊതിയുമായി തിരമാലകളെ നോക്കി അയാൾ വെറുതെ നിൽക്കുന്നുണ്ടായിരുന്നു. പക്ഷേ അയാൾ ആദ്യമായി പുഞ്ചിരിച്ചതു പോലെ തോന്നിച്ചു.........
#ആദി...

ബാധ്യത

.
.........
നാലാം ക്ലാസിലെ അസംബ്ലിയിൽ പ്രതിജ്ഞ ചൊല്ലിക്കൊണ്ട് നിന്നപ്പോഴാണ് നിക്കറിന്റെ പിന്നാമ്പുറത്തൊരു ദ്വാരം കൂട്ടുകാർ കണ്ടത് ...
നനഞ്ഞൊലിച്ച കൂരയ്ക്ക് കീഴെ പാതിരാ വരെ ഷീറ്റു മൂടി ഉറക്കമിളച്ചിരുന്ന രാത്രികളിലൊക്കെയും സൂചിയും നൂലുമായി അതിനോട് മത്സരിക്കുമായിരുന്നു .....
പഠിത്തം പകുതിക്കു നിർത്തി പല പണിക്കു പോയി പാതിരാവോളം പണി ചെയ്‌തു വീട്ടിലേക്കു വരുമ്പോൾ ഉച്ചയ്ക്ക് വച്ച കഞ്ഞിയുടെ വെളളത്തിൽ ഉപ്പും നാരങ്ങ അച്ചാറുമിട്ടൊരു മോന്തലാണ് ....
ഇളയ സഹോദരന്മാരുടെ പഠിപ്പും അമ്മയ്ക്കുള്ള അപസ്മാരത്തിന്റെ മരുന്നിനും അന്തിക്ക് കിട്ടുന്ന കൂലി തികയാതെ വന്നപ്പോളാണ് പാതിരാവിൽ പെട്രോൾ പമ്പിലെ ജോലിക്കും അയാൾ പോയി തുടങ്ങിയത് .....
ബാധ്യതകളോരോന്നായി തീർത്തു വന്നൊരു കാലയളവിലൊക്കെയും അയാളുടെ കണ്ണുകളിലെ പ്രകാശം അതീവ തീവ്രതയുള്ളതായി തോന്നിയിരുന്നു ....
ഇളയ സഹോദരങ്ങൾക്ക് മംഗല്യ പ്രായമായപ്പോൾ തലയ്ക്ക് മൂത്തയാൾ ഒരു ബാധ്യതയായി മാറിയത്രെ .....
ബാധ്യതകൾ പലകുറി വീട്ടിൽ ചർച്ചയായി മാറിയപ്പോ നിശബ്ദനായി അയാൾ കിണറ്റിൻ വക്കത്തു പോയിരുന്നു ....
തുള്ളിയ്‌ക്കൊരു കുടം പോലെ പെയ്തുവീണ മഴചാറ്റലോക്കെയും അയാളുടെ കണ്ണിൽ നിന്നടർന്നു വീണ രണ്ടു തുള്ളി കണ്ണുനീരായി തോന്നി ....
വർഷങ്ങൾക്ക്‌ മുമ്പു ചോർന്നൊലിച്ച കൂരയിൽ ഇളയ സഹോദരങ്ങളെയും അമ്മയെയും ഒരു പുതപ്പിനുള്ളിൽ നനയാതെ കാത്തുവച്ച ഒരാളുടെ തോൽവിയായിരുന്നു ഇന്നത്തെ ബാധ്യത ......
രണ്ടുമുഴം കയറിൽ ശീമപ്ലാവിന്റെ തെക്കേമൂലയിലെ ചാഞ്ഞകൊമ്പിൽ അയാളുടെ ബാധ്യതകളോടൊപ്പം അയാളും തൂങ്ങിയാടി .....
മഴ പെയ്തു തോർന്നൊരു സന്ധ്യയ്ക്കു അയാളുടെ മരണാനന്തര ചടങ്ങുകളോടൊപ്പം അയാളും ഓർമ്മയായി .......
പറയാതെ പോയ ഒരുപാടു കഥകളുണ്ട് ....
തീർച്ചയായും മുകളിൽ വിവരിച്ച കഥാനായകന്റെ പേര് ബോധപൂർവം എഴുതാത്തതാണ് ....
കാരണം
നമുക്ക് ചുറ്റുമുണ്ടാകും കുടുംബത്തിനു വേണ്ടി പ്രയത്നിച്ചു ഒടുവിൽ കുടുംബാംഗങ്ങൾക്ക് ബാധ്യതയായി മാറുന്നൊരാൾ .....
ഒടുവിലെ കണക്കു പുസ്‌തകത്തിൽ അവർ ബാധ്യതകളാണ് .....
തികച്ചും ..........
കഥയില്ലാതെ പേരില്ലാതെ നമുക്കവരെ കാണാം ...........
നമുക്ക് ചുറ്റും .......
#ആദി

ചുംബനം



ഓർമ്മകളുടെ ആ അങ്ങേയറ്റത്ത്, ആദ്യം അറിഞ്ഞ എന്തെന്തെല്ലാം അനുഭവങ്ങളും അനുഭൂതികളുമുണ്ട്! പക്ഷേ, പേരെടുത്തു ചോദിച്ചാല്‍ അതിനൊന്നിനെക്കുറിച്ച് പറയാന്‍, ശേഷിക്കുന്ന ഓര്‍മയുടെ ചില്ലുകള്‍ക്ക് വ്യക്തത പോര.......
ഓര്‍ക്കായ്കകള്‍, ഓര്‍ത്തെടുത്താലും ഉടഞ്ഞു ചിതറിക്കിടക്കുന്നവയാണേറെയും. ആദ്യ ചുംബനത്തെക്കുറിച്ച്, ഇതാ എന്ന് തുടങ്ങാന്‍ വെമ്പുന്ന മനസ്സില്‍ ഏതാണാദ്യം?
സ്‌നേഹവാത്സല്യങ്ങളുടെ ആയിരം
ചുംബനപരാഗങ്ങള്‍ അലിഞ്ഞലിഞ്ഞ് ആര്‍ദ്രമായതാണ് ഓരോ ജീവകോശവും. അതില്‍ത്തന്നെ നിലാവുള്ള രാത്രിയില്‍ , കൂമ്പിനിന്ന ഒരു പനിനീര്‍ മൊട്ടിന്റെ വിടരാന്‍ തുടങ്ങുന്ന ശോണദളം പോലെ ഒരു ചുംബനം അതിലെവിടെയോ ഉണ്ടാകും.......,
ശരീരത്തെ ആ ചുംബനം ആര്‍ദ്രമാക്കിയപ്പോള്‍ ആത്മാവിനെയത് കിളിത്തൂവല്‍ പോലെ ഭാരമില്ലാതാക്കുകയായിരുന്നു. ...
പുറകോട്ടുപായുന്ന നൂറായിരം ദൃശ്യങ്ങള്‍, ഒരു ചലച്ചിത്രത്തിന്റെ അനന്തമായ ഫ്രെയിമുകള്‍ പോലെ ഇപ്പോള്‍ നിലയ്ക്കാതെ കണ്‍മുമ്പില്‍,..... ഇതിലേതാണ് ആ സുന്ദരസുരഭിലമായ അനുഭവം?
തീരെ പ്രതീക്ഷിക്കാത്തൊരു നിമിഷം, .....ഒരു ഞൊടിയില്‍ കവിളിലൂടെ ആത്മാവില്‍ മുത്തി ഓടിയകലുമ്പോള്‍, പാതിവഴിയില്‍ ഒളികണ്ണിട്ട് ചിരിച്ചുചിതറിയ ആ പ്രണയം. ''#അന്നെന്നോട് #ചോദിച്ചില്ലേ, #അതിതാ.....''
എന്നൊരാമന്ത്രണത്തോടെ കവിളിലോ അതോ ചൊടിയില്‍ത്തന്നെയോ മുത്തിപ്പറിച്ചെടുത്ത ഹൃദയത്തിന്റെ ഒരു തൂവല്‍. .......
അതിപ്പോഴും ആത്മാവിന്റെ അപാരഗഗനത്തില്‍ നിലംതൊടാതെ തത്തിപ്പറക്കുന്നുണ്ടാവണം.
അങ്ങനെത്തന്നെയാണോ ആ മന്ത്രണമെന്നറിയില്ല. ..........അടുത്തപ്പോള്‍, എങ്ങനെയെന്നറിയാതെ, എപ്പോഴാണാവോ ചോദിച്ചത്; വാക്കില്ലാത്ത, വാക്കിനേക്കാള്‍ തരംഗദൈര്‍ഘ്യം കൂടിയ ഒരാംഗ്യത്തിലോ അതല്ലെങ്കില്‍ നോക്കിലോ- അതെന്തായാലും അതിന്റെ പൊരുള്‍ മധുരചുംബനമെന്നായിരുന്നു. എന്നിട്ട്?
ഒന്നുമുരിയാടാതെ, പക്ഷേ, പിടച്ച നെഞ്ചകത്തിന്റെ തുടിപ്പും അടക്കിപ്പിടിച്ച നിശ്വാസത്തില്‍ തുടലുപൊട്ടാത്തൊരു കാറ്റിന്റെ മര്‍മരവും പൊടുന്നനെ ഉതിര്‍ന്നുപോയ ഒരു ദീര്‍ഘശ്രുതിയുടെ ഊഷ്മളതയും ഇപ്പോഴും ഹൃദയത്തെ പരിരംഭണം ചെയ്യുന്നുണ്ട്. ...
അവസാനം അതിന്റെ ഉഷ്ണം വാടാത്ത തിളപ്പില്‍ ഉരുകിയൊലിച്ചത് ഞാന്‍ തന്നെയായിരുന്നു. പിന്നെ ഉരുകിയും വീണ്ടും ഉറഞ്ഞും പിന്നേയും ഉരുകിയും ഉറഞ്ഞും കൈവന്ന നിര്‍വൃതിയുടെ നക്ഷത്ര സ്​പര്‍ശങ്ങള്‍...
"പൂനിലാവിറ്റിയാല്‍ പൊള്ളുന്ന നെറ്റിയില്‍ ആദ്യത്തെ ചുംബനം സൂക്ഷിക്കുന്നു"എന്ന് എന്റെ രഹസ്യങ്ങളെ കവി കട്ടെടുത്തത് ഏത് ഇടനാഴിയില്‍വെച്ചായിരുന്നു?
ഒരു ഉച്ചതിരിഞ്ഞ നേരം, പോക്കുവെയില്‍ പൊന്നുരുക്കി പുല്ലിലും പൂക്കളിലുമെല്ലാം പൂശുന്ന പുറംലോകത്തുനിന്ന്, വെളിച്ചം കടന്നുവരാന്‍ മടിച്ചുനിന്ന അകത്തെ ഇടനാഴി. അകമുറികളില്‍ ഉച്ചയുടെ ആലസ്യം മയക്കിക്കിടത്തിയവരൊന്നും അറിയാതെ, ഇടനാഴി തളത്തിലേക്ക് തിരിയുന്നിടത്തുവെച്ച്, വിറയാര്‍ന്ന്, ശബ്ദത്തിനുപോലും ശബ്ദമില്ലാതെ, കൈയും കണ്ണും കരളും ദേഹമാകെയും ശബ്ദമാക്കി ചോദിച്ച ആ ചുംബനം. മടിച്ചുമടിച്ച്, സുരക്ഷയുടെ ആ ഇരുള്‍പ്പൊത്തിലും പതറി പരതിനോക്കി, വേഗത്തേക്കാള്‍ വേഗത്തില്‍, അവളും ഞാനും അറിയാതെ തന്ന ചുംബനത്തിന്റെ അനുഭൂതിദായകമായ അനുഭവം പറയുന്നതെങ്ങനെ?
പറഞ്ഞാലും അറിയുന്നതെങ്ങനെ?
ആ മധുരാര്‍ദ്രമായ അനുഭവത്തിനുമീതെ മിടിച്ച ഹൃദയം, ആരും കാണാന്‍ ഇടയില്ലെങ്കിലും കരുതിയ ഭയത്തിന്റെ പുതപ്പിനുള്ളില്‍ ഞൊടിയിടയില്‍ പതിഞ്ഞ ആ കൊടും തീവ്രമായ കനല്‍പ്പൊള്ളലിന്റെ തിളക്കം. ചുമരിലെ കാലണവട്ട തുളയിലൂടെ ഇടനാഴിയുടെ കിഴക്കെ അറ്റത്ത് വട്ടമിട്ട ഒറ്റവെയില്‍മുട്ട അന്നേരം കണ്ണുപൊത്തിയത് എന്തിനാണാവോ?
കുതറി ഓടുമ്പോലെ ഇടനാഴിയുടെ അറ്റത്തെവിടെയോ മറഞ്ഞുപോയ അവളും അവള്‍തന്ന ആ പൊള്ളുന്ന മധുരവും ഒരു സ്വപ്നമെന്നുതന്നെ തോന്നി, അവള്‍ പിന്നെ എത്രനാള്‍ മുഖംതരാതെ മാഞ്ഞും മറഞ്ഞും...
മലയാളം ക്ലാസില്‍ ലജ്ജയെ വിശദീകരിക്കുമ്പോള്‍ പറയാന്‍ തോന്നി ലജ്ജ എന്താണെന്ന്, എങ്ങനെയാണെന്ന് എനിക്കറിയാം, ഞാന്‍ കണ്ടിട്ടുണ്ട്, അന്നവളുടെ മുഖത്ത് കളമെഴുതിയ, ഒരു വാക്കിലും ഒതുങ്ങാത്ത ഭാവമാണ് ലജ്ജയെന്ന്! അതവളെ കൂടുതല്‍ സുന്ദരിയാക്കിയില്ലേ
അതിനുമേലെ നിറംചാര്‍ത്തിയ ആയിരം ചുംബനങ്ങള്‍ക്കും ആ ചുംബനത്തിന്റെ താരള്യത്തെ മായ്ക്കാനും മറയ്ക്കാനും മറക്കാനും കഴിയാതെ പോയതില്‍ അദ്ഭുതമില്ല.
ഒരുനാളും വിടര്‍ന്നുപൊഴിയാത്ത അടരാത്ത രണ്ടിതളുകളാക്കി ചുംബിച്ചത് ആയിരം ചുണ്ടുകളും ചുംബനം കൊണ്ടത് ഒരേയൊരുടലുമെന്നാലും ചുംബിച്ചതെല്ലാം ഒരേയൊരു ചൊടിയും അതുകൊണ്ട് പൊള്ളിപ്പിളര്‍ന്നത് ഒരായിരം ഉടലും ആത്മാവുമായതെങ്ങനെയാവോ?
ചുംബിച്ചത് ചുണ്ടുകൊണ്ടല്ലല്ലോ, ആദ്യം, കണ്‍മുനകൊണ്ടും വിരല്‍ത്തുമ്പുകൊണ്ടും നിറഞ്ഞ മാറിടംകൊണ്ടും യൗവനം കൊണ്ടും കൗമാരം കൊണ്ടും ദേഹമാകെക്കൊണ്ടും പിന്നെ ആത്മാവുകൊണ്ടുതന്നെയുമല്ലോ! രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നുവെന്നല്ല ഈ ലോകമാകെയും പൂത്തുലയുന്നതല്ലേ കണ്ടത്... ഓരോ ചുംബനവും സ്‌നേഹം മാത്രമാണ്
ജീവിതത്തിന്റെ കൊടും ശീതളിമയില്‍ ജീവനെ ഊഷ്മളമാക്കിയ മാസ്മരികാനുഭൂതികള്‍. ഇനിയും എത്രയോ ചുംബനങ്ങള്‍ക്ക് ആത്മാവ് ത്രസിക്കുന്നുണ്ട്, ഓരോ ഇതളിലും. ഒടുവില്‍ ചുംബിച്ചും ചുംബനമേറ്റും മരിച്ചുതീരുമ്പോളും ആ ചുംബനങ്ങളുടെ, വിരമിക്കാത്ത വസന്തസൗരഭങ്ങള്‍ ശേഷിക്കും. പ്രണയത്തിന്റെ മാസ്മരികത മുറ്റിനില്‍ക്കുന്ന ഈ ജീവപ്രപഞ്ചത്തില്‍ നിന്ന് ആ ദിവ്യാനുഭൂതിയെ ആവോളം കോരിക്കുടിക്കാന്‍. ...
പരസ്​പരം ചുംബിക്കാന്‍ ആഞ്ഞുനില്‍ക്കുന്ന, ഇനിയും ചുംബിച്ചിട്ടില്ലാത്ത കാമിനിമാരുടെ ശില്പം, 'നിങ്ങളെത്ര ഭാഗ്യവാന്മാരെ'ന്ന ആഹ്ലാദമല്ല തീര്‍ത്തത്, ഉള്ളിന്റെയുള്ളില്‍ കണ്ണീരാണുതിര്‍ത്തത്. മധ്യവേനലവധിയിലേക്ക് ചായുന്ന ഒരു മധ്യാഹ്നത്തില്‍ കാമ്പസ് വരാന്തയുടെ കല്‍ത്തൂണുകളെ സാക്ഷിനിര്‍ത്തി ഒടുവില്‍ തന്ന ആദ്യ ചുംബനത്തിന്റെ, ആ ഓര്‍മച്ചുംബനത്തിന്റെ തിരുമുറിവില്‍ തലോടി, ....
അനിവാര്യമായ വേര്‍പാട് ആത്മാവിനെ കീറിമുറിക്കാന്‍ ഒരുങ്ങവേ: ''രാവിലെ തമ്മില്‍ പിരിയും. വീണ്ടും കാണുക എന്നൊന്നില്ല. നീ മരിച്ചതായി ഞാനും ഞാന്‍ മരിച്ചതായി നീയും കണക്കാക്കണം. ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക''- എന്നു തേങ്ങിയ ഹൃദയത്തിന്റെ നിലവിളിയാണോ ആ ശില്പം ഉള്ളിലുണര്‍ത്തിയത്
ആയിരമായിരം ചുംബനങ്ങള്‍ക്കുള്ളിലും സ്വപ്നത്തില്‍പ്പോലും കൊടുക്കാതെയും കിട്ടാതെയും പോയ ആ ഏതോ ഒരു ചുംബനം തന്നെയാണ് ഏറ്റവും മധുരതരമായ ചുംബനമെന്ന് ഇപ്പോഴും അറിയുന്നു. ഒരു ദാഹമാണ് ചുംബനം. മോഹം തീരാത്ത ആത്മാക്കള്‍ക്ക് ചുംബിക്കുവാനും ചുംബനമേല്‍ക്കാനും പുനര്‍ജനിക്കാതിരിക്കാന്‍ ആവില്ല. അതുകൊണ്ട് നമുക്ക് പുനര്‍ജനിക്കാം, എണ്ണമറ്റ ജന്മങ്ങള്‍... ഇപ്പോള്‍ ഒരു കടം ബാക്കിയാവുന്നു, അമൃതുപോലൊരു ചുംബനത്തിന്റെ വീട്ടാക്കടം.....
#ആദി

സുധാകരേട്ടാ ... #സുനിതേച്ചി #വിളിക്കുന്നു ....

#സുധാകരേട്ടാ ...
#സുനിതേച്ചി #വിളിക്കുന്നു ....
മോഹൻലാൽ പ്രിയദർശൻ ശ്രീനിവാസൻ കൂട്ടുകെട്ടിൽ വർഷങ്ങൾക്കു മുമ്പ് ദൃശ്യമായൊരു സിനിമാപടത്തിന്റെ പേരിനോട് സാമ്യം തോന്നാമെങ്കിലും ഈ കഥയ്ക്ക് ആ സിനിമകഥയുമായി ബന്ധമൊന്നുമില്ല .....
ഇതെന്റെ നാട്ടിലെ പ്രിയപെട്ട പഞ്ചായത്തു മെമ്പർ സുധാകരേട്ടന്റെയും അദ്ദേഹത്തിന്റെ പ്രിയപത്‌നി സുനിത സുധാകരന്റെയും കഥയാണ് ......
കഥ നടക്കുന്നത് ഒരു ആറു വർഷം പിന്നിലാണ് ....
അന്നു സുധാകരേട്ടന്റെ ഭാര്യ സുനിതേച്ചിയുടെ പിതാവിന് തൊടുത്തുമൂല അണ്ടിയാപ്പീസിലാണ് ജോലി ...
ദേ ഒരു കാര്യം ഇപ്പോഴേ പറഞ്ഞേക്കാം ....
തനി നാട്ടുമ്പുറത്തുകാരനായ ഞാനൊരു കഥ പറയുമ്പോൾ ...എന്റെ നാട്ടിലെ ചില പദങ്ങൾക്ക് നിങ്ങളുടെ നാട്ടില് മറ്റു അർത്ഥതലങ്ങൾ ഉണ്ടെങ്കിൽ സഭ്യമായ അർത്ഥം തിരഞ്ഞെടുത്തു വായിക്കേണ്ടതാണ് ......
ഞാൻ അശ്ലീലം എഴുതിയെന്നു പറഞ്ഞു എന്റെ മെക്കിട്ടു കയറരുത് എന്നു സാരം ......
ആഹ് കഥയിലേക്ക്‌ വരാം ....
അണ്ടിയാപ്പീസിലെ ജോലിയും കഴിഞ്ഞു സുധാകരേട്ടന്റെ അമ്മായിയപ്പൻ വരമ്പത്തൂടെ ഒരു വരവുണ്ട് ....
അന്നൊക്കെ നാട്ടിൽ തുരുത്തുമലയിൽ നല്ല നാടൻ പട്ട കിട്ടും ....
അതുമടിച്ചു വരമ്പത്തൂടെ ആടിയുലഞ്ഞു ഒരു വരമ്പുണ്ട്‌ ....
ആ വരവ് കണ്ടാലറിയാം മൂപ്പർക്ക് അണ്ടിയാപ്പീസിലാ ജോലിയെന്ന് ......
ചില രാത്രികളിൽ മൂപ്പർക്ക്‌ ചില ബോധോദയം ഉണ്ടാകും ...
നാട്ടിലെ അറിയപ്പെടുന്ന സഹകരണ സംഘ സ്വയം തൊഴിൽ വ്യവസായിയായ നാരായണിയേടത്തിയുമായി ചെറിയ കരമിടപാടുകൾ മൂപ്പർക്കുമുണ്ട് .....
ഒരു ദിവസം സുധാകരേട്ടനെ വഴിയിൽ വച്ചു കണ്ട ഭാസ്കരൻ മൂപ്പീന്ന് ..അമ്മായിയച്ഛന്റെ ഈ കൊള്ളരുതായ്മ പറഞ്ഞു ബോധിപ്പിച്ചു ...
ഇന്നു വെള്ളിയാഴച അല്ലേ ...
എന്തായാലും ഇന്നു നാരായണിയുടെ വീട്ടിൽ കാണുമത്രെ ....
ആഹാ ....അത്രയ്ക്കായോ ...
ഒരു പൊതുപ്രവർത്തകന്റെ അടുത്ത ബന്ധു ഇങ്ങനെയായാലോ ...
ഇതും പറഞ്ഞു സുധാകരേട്ടൻ നാരായണിയേടത്തിയുടെ വീട്ടിലേക്കു പോയി ...
കാര്യം ഇങ്ങനെയാണേലും ആ വെള്ളിയാഴച സുധാകരെട്ടന്റെ അമ്മായിയപ്പൻ നാരായണിയേടത്തിയുടെ വീട്ടിൽ പോയില്ല ...
പോരാത്തതിന് സുധാകരേട്ടന് അങ്ങോട്ട് കയറുന്നത് മൂപ്പര് കാണുകയും ചെയ്തു ....
പോരെ ..പൂരം ....
അമ്മായിയപ്പനേം പ്രതീക്ഷിച്ചു അവിടെ കാത്തിരുന്ന സുധാകരേട്ടൻ അമ്മായിയപ്പനെ ഇനിയിവിടെ കയറ്റരുതെന്നും ....
മാനവും മര്യാദയ്ക്കും ജീവിക്കണമെന്നും നാരായണിയേടത്തിയെ ഉപദേശിച്ചു കൊണ്ടിരിക്കെ .....നാരായണിയേടത്തിയുടെ വീട്ടിലെ കോളിങ് ബെൽ ശബ്ദിച്ചു ...
വാതിൽ തുറന്നു പുറത്തേക്കു നോക്കിയ നാരായണി ഏടത്തി ഇപ്രകാരം അകത്തേക്ക് വിളിച്ചു പറഞ്ഞു ...
"സുധാകരേട്ടാ സുനിതേച്ചി വിളിക്കുന്നു "
ബാക്കി കഥ ഞാൻ പറയണോ .....
വേണ്ട ...അല്ലേ .....
ആഹ് വേണ്ടാന്നേ ...നിങ്ങളുദ്ദേശിച്ച പോലെ തന്നെ .....
സുധാകരെട്ടന്റെ വീട്ടിൽ ചിരവ പുതിയത് വാങ്ങി ......
#സ്‌നേഹത്തോടെ #ആദി

#ആദ്യരാത്രിയുടെ #പിറ്റേന്ന്

#ആദ്യരാത്രിയുടെ #പിറ്റേന്ന്
*******************
ഒരു തുലാമാസം ....
തിമിർത്തു പെയ്ത മഴയോടൊപ്പം എന്റെ കൈ പിടിച്ചു കൊണ്ടവൾ എന്റെ വീട്ടിലേക്കു വലതുകാൽ വച്ചു ....
പ്രണയം നിറമേകിയ മൂന്നു വർഷങ്ങൾ ...
സ്വപ്ന സാഫല്യം പോലെയൊടുവിൽ മംഗല്യം .......
കണ്ണുകളിൽ കണ്മഷി കൊണ്ടു കവിതയെഴുതിയവൾ ........
എന്റെ #പാറു ....
#വിവാഹനിശ്ചയം ....
*********
ആദ്യമായി കാണുന്നതു പോലെ അന്നവൾ നാണത്തോടെ എന്റെ അരികിലിരുന്നു ....
വിരലുകളിൽ മോതിരമണിയുമ്പോ അവളുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി നിലാവിനേക്കാൾ മനോഹരമായിരുന്നു ....
#വിവാഹം ...
******
തിക്കും തിരക്കുമായി തുലാമാസ പൂജകൾ ....
അമ്പലനടയിൽ അവളുടെ കഴുത്തിലേക്ക് താലി ചാർത്തുമ്പോ ഒരനുഗ്രഹം പോലെ പുറത്തൊരു മഴയുടെ സാന്നിധ്യം ഉണ്ടായിരുന്നു ...
കുങ്കുമം അവളുടെ സിന്ദൂരരേഖയിൽ നിറം ചാർത്തുമ്പോ ..
സന്തോഷം കൊണ്ടാവണം രണ്ടു തുള്ളി കണ്ണുനീർ അവളുടെ കവിളുകളെ നനയിച്ചു ......
#ആദ്യരാത്രി ....
******
പതിവു സിനിമ കഥകളിലെ പോലെ പാലു കുടിച്ചായിരുന്നില്ല തുടക്കം ..
ഒരു വെറൈറ്റിയ്ക്ക് വേണ്ടി കട്ടൻ ചായ കുടിച്ചു കൊണ്ട് ജീവിതം ആരംഭിച്ചു ....
പുറത്തു തുലാവർഷം തകർക്കുമ്പോ ..എന്റെ നെഞ്ചോടു ചേർന്നവൾ ......
സ്‌നേഹം ...
ഇനിയാണ് കഥ ആരംഭിക്കുന്നത് ....
പിറ്റേന്നു രാവിലെ എട്ടു മണി ...
**********************
രാവിലെ എഴുന്നേറ്റു പതിവു കാര്യങ്ങളൊക്കെ കഴിഞ്ഞു ഞാൻ മുറ്റത്തേക്ക് ഇറങ്ങി ...
അതാ വരുന്നു അളിയൻ ...അല്ല ..
#അളിയൻ തെണ്ടി ....
"എങ്ങനെയുണ്ടായിരുന്നു "?
അവന്റെ ചോദ്യം കേട്ടാൽ ഞാനാണ് ലോകത്തിൽ ആദ്യം കല്യാണം കഴിച്ചതെന്ന് തോന്നും ...
"പൊന്നളിയാ ഞാനിന്നലെ ലാലേട്ടന്റെ പുതിയ സിനിമയ്ക്കല്ലലോ കയറിയത് എങ്ങനെ ഉണ്ടെന്നു ചോദിക്കാൻ ...."
ഒരു വിധം അവിടെ നിന്നു തടിയൂരി ഉമ്മറത്ത് വന്നിരുന്നു പേപ്പർ നോക്കി ...
പന്തലുകാരും രാമേട്ടനും ഉമ്മറിക്കയും ജാഫ്‌റും ...അവിടെ നിന്നു എന്നെ നോക്കി എന്തൊക്കെയൊ പറഞ്ഞു ചിരിക്കുന്നുണ്ട് ......
ദൈവമേ ....
അതാ വരുന്നു എന്റെ നായിക ...കയ്യിലൊരു ഗ്ലാസ്സുമുണ്ട് ...
പൊതുവെ രാവിലെ ചായ പതിവാണ് ....
അമ്മ ഇന്നു മുതൽ അതവളെ ഏല്പിച്ചു കാണും ....
സന്തോഷത്തോടെ വാങ്ങി ...
"ഇതെന്താ #പാറു ...ഹോർലിക്‌സോ ...ഞാൻ ഇതൊന്നും കുടിക്കാറില്ലലോ ...
ചായയാണ് പതിവ് ......"
"അത് ആദിയേട്ടാ ....ഏടത്തി പറഞ്ഞു ഇന്നു ഇതു കൊണ്ടു കൊടുക്കാൻ ....."
"ദൈവമേ ഞാനെന്താ ഇന്നലെ പറമ്പു കിളയ്ക്കാനോ മറ്റൊ പോയിരുന്നോ ....
ഇവരെല്ലാവരും കൂടി ..എന്നേ നാണം കെടുത്തിയേ അടങ്ങൂ ...."
രാമേട്ടന്റെ കമന്റും ഉടനെ വന്നു ...
"എടാ വിരുന്നിനു വരുമ്പോ ചായയ്ക്ക് പകരം ഹോർലിക്‌സ്‌ മതിയോ ...."
അല്ല ...ഞാനറിയാൻ വയ്യാത്തോണ്ട് ചോദിക്കുവാ .....
എന്തൊരു പരീക്ഷണമാണ് ....
തലേന്ന് മഴ തകർത്തപ്പോ കറന്റും പോയി
ദേ ഇപ്പോ എന്റെ കാര്യവും അതേപോലെയായി .....
പ്രേമിച്ച പെണ്ണിനെത്തന്നെ കെട്ടുന്നതും
ആറെണ്ണം അടിച്ചു ലവലായി നടക്കുന്നതും
അഞ്ചെട്ടു പേരെ ഒറ്റയ്ക്ക് ഇടിച്ചു നിലംപരിശാക്കുന്നതും ഒന്നുമല്ല
ഹീറോയിസം ...
കല്യാണം കഴിഞ്ഞു ..പിറ്റേദിവസം .ബന്ധുക്കളുടെയും വീട്ടുകാരുടെയും നാട്ടുകാരുടെയും കൂട്ടുകാരുടെയും മുമ്പിലൂടെ കൂസലില്ലാതെ നടക്കുന്നതാണ് ..ഹീറോയിസം ...
നല്ല കട്ട ഹീറോയിസം ......
#സ്‌നേഹത്തോടെ #ആദി

#പാലടയും #മത്തി പൊരിച്ചതും

#പാലടയും #മത്തി പൊരിച്ചതും
***********************
ഇതൊരു കഥയാണ് ...ദയവായി ഒരു വാര്യർക്കെന്താ മത്തി പൊരിച്ച സ്ഥലത്തു കാര്യമെന്ന് തിരിച്ചു ചോദിക്കരുത്‌ .......അങ്ങനെ ചോദിച്ച അനുഭവമുണ്ടെന്നു വച്ചോളൂ ....
കഥയിലേക്ക് വരാം .....
ചിങ്ങമാസത്തിലെ അത്തം നക്ഷത്രത്തിലാണ് ഈയുള്ളവന്റെ പിറന്നാൾ മഹോത്സവം ...
അതിനും ഒരാഴ്ച മുമ്പു തന്നെ ആഘോഷ പരിപാടികളും സദ്യവട്ടങ്ങളെ കുറിച്ചും എന്റെ അമ്മയും ...പിന്നെയെന്റെ പത്നിയും ചില തീരുമാനങ്ങളിൽ എത്തിയിരുന്നു .....
അന്നു പ്രഭാതം പൊട്ടിവിരിഞ്ഞത് രണ്ടു സ്ഫോടന വാർത്തകളും കൊണ്ടായിരുന്നു ......
ഒന്ന്‌ ....
ഇന്ത്യയിലെ വടക്കേ വശത്തു ശക്തമായ മേഘ വിസ്ഫോടനം ....
രണ്ട് ....
വീട്ടിൽ അമ്മയും ഭാര്യയും തമ്മിലൊരു സ്ഫോടനം ....
പിറന്നാൾ ദിനമായ ഇന്നു രണ്ടു ഭക്ഷണ പദാർത്ഥങ്ങൾ തമ്മിലുളള ഏറ്റക്കുറച്ചിലാണ് വിഷയം ...
ചെറുപ്പം തൊട്ടു മത്തി വറുത്തത് ഇഷ്ടമായതിനാൽ ഇന്നു അതാണു കഴിക്കേണ്ടതെന്നു അമ്മയും ...
പിറന്നാൾ ദിനത്തിൽ അവൾ അവളുടെ പ്രണയം കൊണ്ടു മധുരം തീർത്ത പാലട കുടിച്ചാൽ മതിയെന്നവളും ....
കാര്യം ഒന്നോർത്താൽ നിസ്സാരമാണ് ..
പക്ഷെ .....
ഇനി മത്തി കഴിക്കണ്ട എന്നു ഞാൻ തീരുമാനിച്ചാൽ ..
പത്തുമാസം ചുമന്നതും ...ഞാൻ പാൽക്കുപ്പി തറയിൽ ഇട്ടു പൊട്ടിച്ചതും ..
ചെറുപ്പത്തിൽ സൂപ്പർമാനാവാൻ ജട്ടി പാന്റ്സിനു വെളിയിൽ ഇട്ടോണ്ട് സ്കൂളിൽ പോയതുമടക്കം ഇപ്പോ തുടങ്ങും പ്രസംഗം .....
ഇനി പാലട കഴിക്കണ്ടാന്നു വച്ചാലോ ...
രണ്ടാമതൊരു കുഞ്ഞിനു വേണ്ടി ആത്മാർത്ഥമായി ശ്രമിക്കുന്ന എന്നിലെ കലാകാരനെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നത് സമമാണ് ......
ദാമ്പത്യ ജീവിതത്തിൽ ഏകാന്തത വല്ലാത്തൊരു നൊമ്പരമാണ് .....
ഇലയിട്ട് ചോറും വിളമ്പിയിട്ട് പത്തുദിവസം കഴിഞ്ഞേ കഴിക്കാനാവൂ എന്ന് പറഞ്ഞാൽ എങ്ങനെയുണ്ടാവും ......
ബെഡ്‌റൂം തത്ക്കാലം കലാപ ഭൂമിയാക്കുന്നില്ല .....
രണ്ടും കല്പിച്ചു ഞാനൊരു തീരുമാനം എടുത്തു ...
പൊരിച്ച മത്തിയും പാലടയും ഒരുമിച്ചു അങ്ങട് കഴിച്ചു ...
ആർക്കും പരാതിയില്ല എന്നാലോ ...
രണ്ടാളും ഒരേ അഭിപ്രായം പറഞ്ഞു ...
"ഇതെന്തോന്ന് ജന്മം ..."
കുറച്ചു സമയങ്ങൾക്ക് ശേഷം ...
നേരത്തേ രണ്ടു വിസ്ഫോടനങ്ങളെ പറ്റി പറഞ്ഞിരുന്നുവല്ലോ .....അതിനേക്കാളും ശക്തിയായ വിസ്ഫോടനമുണ്ടായത് എന്റെ വയറിൽ നിന്നായിരുന്നു .....
മഴ ഉണ്ടായിരുന്നത് കൊണ്ടു വെള്ളത്തിനു ബുദ്ധിമുട്ടില്ലായിരുന്നു .....
അല്ലെങ്കിൽ തന്നെ സുനാമിയ്ക്ക് മുമ്പില് എന്തോന്ന് ചാറ്റൽ മഴ അല്ലേ ......?
ഏതൊരു പുരുഷന്റെ വിജയത്തിനു പിന്നിലും സ്ത്രീകളുണ്ടെന്നു ആരോ പറഞ്ഞതായി കേട്ടു ...
എന്നാലൊരു പുരുഷന്റെ പിറന്നാൾ ദിനത്തിൽ തന്നെ അവന്റെ #പിന്നിൽ ഇങ്ങനെ പണി കൊടുക്കണ്ടായിരുന്നു .....
നോട്ടീസ് ബോർഡ്‌ ...
**************
ഈ കഥയ്ക്ക് ഞാനുമായോ വേറെ ആരെങ്കിലുമായോ സാദൃശ്യം തോന്നുവാണേൽ അതു സാങ്കല്പികമായി കാണേണ്ടതാണ് അല്ലാത്ത പക്ഷം ..വയർ ഇളകാനുള്ള മരുന്നു തന്നിട്ട് ബാത്‌റൂം ഇല്ലാത്ത മുറിയിൽ പൂട്ടിയിടുന്നതാണ് ....
#സ്നേഹപൂർവം #ആദി

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo