Showing posts with label Ismail Pattasseri. Show all posts
Showing posts with label Ismail Pattasseri. Show all posts

ആളൊഴിഞ്ഞ ഒരിടം കളങ്ക_പ്രണയം

Image may contain: 1 person, sitting, child, outdoor, water and nature
അച്ചൂ.....
എത്ര നേരമായി ഞാൻ നിന്നെ കാത്തിരിക്കുന്നു.
എടാ അതിന് കൂടെയുള്ളവർ എന്നെ ഒന്ന് തനിച്ചു വിടണ്ടേ.....
വലിച്ചോണ്ട് ബസ് സ്റ്റോപ്പിലേക്ക് കൊണ്ട് പോകുവായിരുന്നു.ഒരു വിധത്തിൽ ബുക്കെടുക്കാൻ മറന്നു,അതെടുത്തിട്ട് ഇപ്പോ വരാമെന്ന് പറഞ്ഞു നിന്റെ അടുത്തേക്ക് ഓടി പോന്നതാണ്.
നിനക്ക് അറിയുന്നതല്ലേ...
അവർക്കൊന്നും നമ്മുടെ ഈ ബന്ധത്തിൽ വലിയ താല്പര്യം ഇല്ല എന്നുള്ളത്.
ഇനി അവർ നിന്നെ പുറത്ത് കാത്തിരിക്കുന്നുണ്ടോ....?
ഇല്ല,
അവർ ബസ്റ്റോപ്പിലേക്ക് നടക്കുന്നത് കണ്ടിട്ടാണ് ഞാൻ ഇങ്ങോട്ട് പോന്നത്.
നീ ഇങ്ങോട്ട് വരുന്നത് ആരെങ്കിലും കണ്ടോ ?
ഇല്ല,
എന്തേയ്... ?
ഹോ,
ആശ്വാസമായി..
ഒന്നുമില്ല.
എന്നെ ഇനി കാണാതാകുമ്പോൾ തിരക്കി വരുമോ എന്നറിയില്ല.
അല്ല,
എന്തിനാ കാണണം എന്ന് പറഞ്ഞത്..... ?
അച്ചൂ...
എത്ര ദിവസമായെന്നറിയോ നിന്നെ ഒറ്റക്കൊന്ന് കിട്ടാൻ ഞാൻ ആഗ്രഹിക്കുന്നു.
അതെന്തെയ്,
നമ്മൾ എന്നും കാണാറും,സംസാരിക്കാറും ഒക്കെ ഉള്ളതല്ലേ...
പിന്നെ എന്താ ഇന്ന് ഇങ്ങനെയൊക്കെ പറയുന്നത്.
എന്തിനാണ് ആരുമില്ലാത്ത ഇങ്ങോട്ട് വരാൻ പറഞ്ഞത്.. ?
സ്ഥിരമായി ഇരിക്കാറുള്ള മാവിൻ ചുവട്ടിലല്ലേ നല്ലത്.
കാട് പിടിച്ചു നിൽക്കുന്ന ഇവിടെയൊക്കെ വല്ല പാമ്പോ മറ്റോ കാണും.
ജിത്തൂ.....
ഇവിടെ നിന്നിട്ട് എനിക്ക് പേടി തോന്നുന്നു.
ഞാൻ പോവാണ്,അവർ കാത്തു നിൽക്കുന്നുണ്ടാകും.
ഏയ്..,
നിന്നെ കാണാതാകുമ്പോൾ അവർ പൊക്കോളും.
പിന്നെ ഇന്ന് സ്ട്രൈക്ക് അല്ലേ...
നേരത്തെ വീട്ടിൽ പോയിട്ട് അവിടെ എന്താക്കാനാ ചക്കരേ...
നീ പേടിക്കണ്ട.
കുറച്ചു കഴിഞ്ഞിട്ട് എന്റെ കാറിൽ നിന്റെ വീട്ടിൽ ഞാൻ തന്നെ നിന്നെ കൊണ്ടാക്കിത്തരാം.
അത് പോരേ....
അതല്ല ജിത്തൂ....
എന്തല്ലാന്ന്...
ക്ലാസ്സ് വിട്ടിട്ട് എന്നെ കാണാതായാൽ വീട്ടുകാർ വിഷമിക്കും.
ക്ലാസ്സ് നേരത്തെ കഴിഞ്ഞത് അവർ അറിഞ്ഞിട്ടൊന്നുമുണ്ടാകില്ല.സ്ഥിരമായി വീട്ടിലെത്തുന്ന സമയത്ത് ഞാൻ നിന്നെ കൊണ്ടാക്കിത്തരാം എന്ന് പറഞ്ഞില്ലേ....
പിന്നെന്താ....
എടാ...
എന്നാലും...
ഒരെന്നാലുമില്ല...
അച്ചൂ....,
ഇവിടെ നമ്മൾ തനിച്ചേ ഉള്ളൂ,കുറച്ചൊക്കെ മിണ്ടിയും പറഞ്ഞും ഇരുന്നിട്ട് സാവധാനം പോയാൽ മതി.
ജിത്തു അവളുടെ കൈത്തണ്ടയിൽ പിടിച്ചു തഴുകി കൊണ്ട് അവിടെ ഉണ്ടായിരുന്ന ചുമരിനോട് ചേർത്തു നിർത്തി.
കുറച്ചു സമയമല്ലോ,കൈ പിടിച്ചു കളിക്കുന്നു.എന്റെ കയ്യിലിത്ര പിടിച്ചു തഴുകാൻ എന്താ അതിന്മേൽ വല്ല കുസൃതിയും ഒപ്പിക്കാനാണോ........?
അച്ചൂ.. ....
നിന്റെ കൈകൾക്കല്ല പ്രതേകത.
ചിരിക്കുമ്പോൾ വിരിയുന്ന നിന്റെ അധരങ്ങളാണ് എന്നെ കൂടുതൽ ആകൃഷ്ടനാകുന്നത്.
ഇത് പറയുമ്പോൾ ജിത്തുവിന്റെ കണ്ണിലെ തിളക്കം അശ്വതി കാണാതെ പോയി.
അയ്യട.....
മോനേ..
വാക്കുകൾ കൊണ്ട് സുഖിപ്പിച്ചു
എങ്ങോട്ടേക്കാ ഈ കേറിപ്പോകുന്നത്.
പറയാനുള്ളത് പെട്ടെന്ന് പറ.
നേരത്തെ വീട്ടിൽ പോയിട്ട് വേണം സെമിനാർ എഴുതി തീർക്കാൻ.
ഞാൻ സത്യം പറഞ്ഞതാടീ...
ജിത്തു അവളുടെ അടുത്തേക്ക് ഒന്ന് കൂടി ചേർന്ന് നിന്നു.നിന്നോട് സംസാരിച്ചിരിക്കുമ്പോൾ എന്നും മുത്തു മണികൾ പൊഴിയുന്ന നിന്റെ ഈ അധരങ്ങൾ എന്നെ മത്തു പിടിപ്പിക്കാറുണ്ട്.
മോനേ.....
വേണ്ടാട്ടോ..,
ഉയർന്നു വന്ന അവന്റെ കൈ തണ്ട തട്ടി മാറ്റിക്കൊണ്ടവൾ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.
ജിത്തൂ....
നിന്റെ സംസാരം അതിരു കടക്കുന്നുണ്ട്......
ജിത്തുവിന്റെ ശ്വാസത്തിന്റെ വേഗത കൂടുന്നതും,അത് തന്റെ കഴുത്തിൽ പ്രതിഫലിക്കുന്നതും അവൾ അറിഞ്ഞു.
അച്ചൂ...
ഇവിടെ ഇപ്പോ ആരുമില്ല.
എത്ര നാളായിട്ടുള്ള എന്റെ മനസ്സിലുള്ള ഒരു ആഗ്രഹമാണ് എന്നറിയുമോ......
എന്ത്... ?
അച്ചൂ...
കളിക്കല്ലേ...
ഒന്നും അറിയാത്ത പോലെ,
നമ്മളിപ്പോ ഇവിടെ വെച്ച് എന്ത് ചെയ്താലും ആരും അറിയില്ല.സ്ട്രൈക്ക് കാരണം എല്ലാവരും നേരത്തെ കോളേജ് വിട്ട് പോയിട്ടുണ്ടാകും.
നീ ഒന്ന് കൊണ്ടും പേടിക്കണ്ട,
നിന്റെ സേഫ്റ്റിക്കുള്ള എല്ലാ കാര്യങ്ങളും ഞാൻ കൊണ്ടു വന്നിട്ടുണ്ട്.
ജിത്തൂ...
നിന്റെ സംസാരം അതിരു കടക്കുന്നുണ്ട്. എന്നെ വിട്ടേക്ക്,നീ ഉദ്ദേശിച്ച ഒരു പെണ്ണല്ല ഞാൻ.
ഞാനും അത് ഉദ്ദേശിച്ചു പറഞ്ഞതല്ല,സത്യമായിട്ടും ഞാൻ നിന്നെ ചതിക്കില്ല.കോളേജ് പഠനം കഴിഞ്ഞാൽ ഞാൻ ഉറപ്പായും നിന്റെ വീട്ടിൽ വന്നു പെണ്ണ് ചോദിച്ചോളാം...
പക്ഷേ....
ഇപ്പോ നീ എനിക്ക് വഴങ്ങി തരണം.വേറൊരാളുടെ മുന്നിലൊന്നുമല്ലല്ലോ നിന്നെ സ്നേഹിക്കുന്ന,നീ സ്നേഹിക്കുന്ന എന്റെ മുന്നിലല്ലേ...
അല്ല,
ഞാൻ സ്നേഹിക്കുന്ന ജിത്തു ഇങ്ങനെ അല്ലായിരുന്നു.അവൻ നല്ലവനായിരുന്നു,എന്നോട് അനാവശ്യമായി പെരുമാറാറില്ലായിരുന്നു.
അച്ചൂ....
എത്ര പേരാണെന്നോ ഇങ്ങനെ ചെയ്യുന്നത്.
കൂട്ടുകാരൊക്കെ എന്നെ കളിയാക്കി തുടങ്ങി.ഇത്രേയും ബന്ധമുണ്ടായിട്ടും ഇതുവരെ നീ അവളെ ഒന്നും ചെയ്തിട്ടില്ലേ എന്നും പറഞ്ഞോണ്ട്.
നീ എന്ത് പറഞ്ഞാലും ഇതിന് മാത്രം ഞാൻ സമ്മതിക്കില്ല.
നിനക്ക് കൂട്ടുകാരുണ്ടാകും,അവർക്ക് കാമുകിമാരും.മോഹവാക്കുകൾ പറഞ്ഞു കൊണ്ട് അവർ അവരെ പുണർന്നിട്ടുമുണ്ടാകും.
പക്ഷേ...
ആ പറഞ്ഞവരുടെ കൂട്ടത്തിൽ നീ എന്നെ കൂട്ടണ്ട.നല്ലതും ചീത്തയും വേർതിരിച്ചു കാണാൻ പഠിപ്പിച്ച ഒരമ്മയുടെ മകളാണ് ഞാൻ.അവർക്ക് ചീത്തപ്പേരുണ്ടാക്കുന്ന ഒരു കാര്യവും ഞാൻ ചെയ്യില്ല.
പിന്നെ...
നിനക്കിന്ന് ഞാൻ വഴങ്ങി തന്നാൽ നാളെ ഇതിന്റെ പേരിൽ വീണ്ടും എന്നെ ഭീഷണിപ്പെടുത്തി എന്നെ ചവച്ചരക്കില്ല എന്ന് പറയാൻ പറ്റുമോ ?
നിനക്ക് ഇപ്പോൾ ഞാൻ പറഞ്ഞത് അനുസരിക്കാൻ പറ്റുമോ ?
ഇല്ലെങ്കിൽ ഇറങ്ങിപ്പൊക്കോ.
ജിത്തുവിന്റെ സംസാരം ഉയരാൻ തുടങ്ങിയപ്പോൾ,ചതിക്കപ്പെടുകയാണെന്ന് തോന്നിയ അശ്വതി ഉറക്കെ ശബ്ദമുണ്ടാക്കാൻ തുടങ്ങി......,
ഒച്ചവെച്ചു നാറ്റിക്കാനാണ് നിന്റെ ഭാവമെങ്കിൽ,മാനം പോകുന്നത് നിന്റേത് തന്നെ ആയിരിക്കും.അവളുടെ വായ പൊത്തിപ്പിടിച്ചു കൊണ്ട് ജിത്തു മുരണ്ടു.

കുതറി മാറിക്കൊണ്ട് അവൾ അവനോടായി പറഞ്ഞു...
ഞാൻ പോകുക തന്നെയാണ്.ശെരീരം കാഴ്ചവെച്ചു കൊണ്ട് നിന്നോടുള്ള പ്രണയം തെളിയിച്ചു തരാൻ ചീത്ത കൂട്ടുകെട്ടിലല്ല ഞാൻ നടക്കുന്നത്.തെറ്റുകൾ ചൂണ്ടി കാണിച്ചു കൊണ്ട് കൂടെ നടക്കുന്ന നല്ല കൂട്ടുകാരാണ് ഇന്ന് എനിക്ക് ചുറ്റുമുള്ളത്.
പിന്നെ...
ജിത്തൂ....
നീ മിടുക്കനാണ്.....
വിദഗ്ധമായി നിനക്ക് എന്നെ ഇങ്ങോട്ട് കൊണ്ടുവരാൻ കഴിഞ്ഞു.
നിന്റെ വായിൽ നിന്നും രൂക്ഷമായ കള്ളിന്റെ ഗന്ധം വന്നപ്പോയേ ഞാൻ നിന്നെ തടയേണ്ടതായിരുന്നു.നിന്നോടുള്ള എന്റെ വിശ്വാസം അതിന് സമ്മതിച്ചില്ല.

നിന്റെ ആത്മാർത്ഥ പ്രണയം വിശ്വസിപ്പിച്ചു ഈ ഒഴിഞ്ഞ ഇടത്തേക്ക് എന്റെ ശരീരം പങ്കിടാൻ വിളിച്ചു വരുത്തി നീ നിന്റെ മനസ്സിലിരിപ്പ് ഇപ്പോയെങ്കിലും തുറന്ന് കാണിച്ചു തന്നത് നന്നായി.അല്ലെങ്കിൽ ഞാൻ നിന്നെ സ്നേഹിച്ചു വീണ്ടും വഞ്ചിക്കപ്പെടുമായിരുന്നു.
ഇനി നമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ല.നിനക്ക് നിന്റെ വഴി,എനിക്ക് എന്റെ വഴി.നീ കാരണം മനസ്സിനേറ്റ മുറിവ് ചെറുതല്ലെങ്കിലും,എന്റെ മാനം എനിക്ക് നഷ്ടപ്പെട്ടിട്ടില്ല എന്ന കാര്യത്തിൽ ഞാൻ സംതൃപ്തയാണ്.
ആത്മാർത്ഥ പ്രണയം ആളൊഴിഞ്ഞ മൂലയിലേക്ക് ശരീരം പങ്കിടാൻ എത്തിച്ചതിൽ മനം നൊന്ത് തേങ്ങിക്കൊണ്ടവൾ നടന്നകലുമ്പോൾ കുറ്റിക്കാട്ടിൽ നിന്നും മൊബൈൽ ക്യാമറയുമായി ഉറ്റ സുഹൃത്ത് നിരാശയോടെ ജിത്തുവിന്റെ അടുത്തേക്ക് നീങ്ങുന്നുണ്ടായിരുന്നു.

പുണ്യം ചെയ്തവൾ

Image may contain: 1 person, sitting, child, outdoor, water and nature

വികാരത്തെ അടക്കി പിടിച്ചു കൊണ്ട് അവൻ അവളുടെ അടുത്തേക്ക് നടന്നടുത്തു.
എന്തിനാണ് മനുഷ്യാ നിങ്ങൾക്ക് ഇത്ര ആക്രാന്തം.ഈ ജന്മം മുഴുവൻ ഞാൻ നിങ്ങൾക്കുള്ളത് തന്നെയല്ലേ.....?
അല്ല മോന് ഇന്ന് എന്തു പറ്റി,പതിവില്ലത്ത ഒരു വെപ്രാളവും,കാട്ടിക്കൂട്ടലുമൊക്കെ....?
മര്യാതക്കവിടെ എവിടേലും ഒന്ന് അമർന്നിരിക്ക്.ഞാനൊന്ന് കുളിച്ചിട്ടു വരാം,അപ്പിടി വിയർത്തിരിക്കുകയാണ്.
അതൊന്നും സാരമില്ല,നീ ഇങ്ങോട്ട് അടുത്തേക്ക് വാടീ ചക്കരേ.....
എടീ നിന്റെ വിയർപ്പിന്റെ ഗന്ധം എന്നെ ഒരിടത്തു അടക്കിപ്പിടിച്ചു നിർത്തുന്നില്ല.
ഉവ്വ്,
മോനേ അതികം സുഗിപ്പിക്കല്ലേ,
അഞ്ചു ദിവസം മുമ്പ് ഇങ്ങനെയൊക്കെ പറഞ്ഞോണ്ട് ഊരി കൊണ്ടു പോയത് രണ്ട് പവന്റെ രണ്ട് വളകളാണ്.എന്നിട്ടോ നിങ്ങൾക്ക് കിട്ടാനുള്ളത് കിട്ടിയപ്പോൾ ദുഷ്ട്ടൻ എന്നെ ഒന്നും ചെയ്യാതെ പോകുകയും ചെയ്തു.ഇന്നും അതാണ് മോന്റെ ഉദ്ദേശമെങ്കിൽ ഈ സോപ്പ് അതികം പതക്കില്ല.
എടീ,
അത് എനിക്ക് അത്യാവശ്യമായി കുറച്ചു കാശിന് ആവശ്യം വന്നത് കൊണ്ടല്ലേ...
അടുത്ത മാസം എടുത്തു തരാം.നിനക്ക് എന്നെ വിശ്വാസമില്ലേ ചക്കരേ...
വിശ്വാസം ഇല്ലാതില്ല,
കഴിഞ്ഞ ദിവസം അച്ഛനും അമ്മയും വന്നപ്പോൾ കയ്യിലെ വളകൾ എവിടെ എന്ന് അവര് ചോദിച്ചു.ഇത്തിരി പരുങ്ങിയാണെങ്കിലും കള്ളം പറഞ്ഞു ഒപ്പിച്ചു പിടിച്ചു നിന്നു.മര്യാദക്ക് അടുത്ത ആഴ്ച എടുത്തു തന്നില്ലെങ്കിലുണ്ടല്ലോ അച്ഛനും അമ്മയും എന്നെ അരച്ച് കുടിക്കും.
നീ ഒന്ന് അടങ്ങി നിൽക്ക് പെണ്ണേ...
നമുക്ക് എടുക്കാം.
അല്ല നിന്റെ അച്ഛന്റെ കയ്യിൽ പൂത്ത കാശില്ലേ....
എനിക്ക് കുറച്ചു
പണം തരാൻ നിനക്ക് ഒന്ന് പറഞ്ഞൂടെ ചക്കരേ..
അല്ല നിങ്ങൾക്ക് എന്തിനാ ഇത്ര പണം, ?
ചുമ്മാ,
പണമല്ലേ ചക്കരേ..,
വെറുതേ കിട്ടിയാൽ എന്തൊക്കെ ആവശ്യങ്ങളുണ്ട് മോളേ.......
അങ്ങനെ ചുമ്മാ കിട്ടണ്ട,
ഞാനിപ്പോൾ കുളിച്ചു വരാം,അത് വരെ മോൻ തലയിണയും കെട്ടിപ്പിടിച്ചോണ്ട് പലകയിൽ തോണ്ടി ഇരി.
ഹ്മ്മ്,
മുഷിമിപ്പിക്കാതെ തമ്പുരാട്ടി പെട്ടെന്ന് ഇങ്ങോട്ട് എഴുന്നള്ളിയാൽ മതിയായിരുന്നു.
ഉത്തരവ് പ്രഭോ....
അല്ല,
ഇത് പതിവില്ലാത്ത റൊമാൻസ് ആണല്ലോ. ഈ സ്നേഹന പ്രകടനത്തിന് ഉള്ളിൽ ഒരു പന്തികേട് ഒളിഞ്ഞു കിടക്കുന്നുണ്ടല്ലോ.
ആ,
എവിടേക്കാ പോകുന്നത് എന്ന് നമുക്ക് കണ്ടറിയാം.
വികാര നിമിഷങ്ങൾ കെട്ടടങ്ങി അവൾ അവന്റെ മാറിൽ വിരലോടിച്ചു കിടക്കുമ്പോൾ അവൻ അവളോടായി പറഞ്ഞു.
എടീ.....
ഒരു കാര്യം പറഞ്ഞാൽ നിനക്ക് വിഷമം ആകുമോ ?
എന്താ ഏട്ടാ കാര്യം.. ?
പണത്തിന്റെ ഒരു ബുദ്ധിമുട്ടുമില്ലാഞ്ഞിട്ടും നിന്റെ സ്വർണ്ണം പണയം വെച്ചത് എന്തിനാണെന്ന് നിനക്കറിയുമോ ?
ഞാൻ കഴിഞ്ഞ ദിവസം അവളെ കണ്ടിരുന്നു.....
ആരെ,മാളവികയെയോ... ?
മാറിലെ രോമങ്ങളിൽ വിരലോടിച്ചു കൊണ്ടുള്ള പ്രിയതമയുടെ ചോദ്യത്തിന് അവനൊന്ന് മൂളി.
അവരുടെ കുടുംബം ഇപ്പോ നല്ല കഷ്ടപ്പാടിലാണ്.അച്ഛന് മരുന്ന് വാങ്ങാൻ വന്നതായിരുന്നു അവൾ.
അയാൾ എന്തോ ആക്സിഡന്റ് പറ്റി കിടപ്പിലാണ്.
കെട്ടിയോന്റെ വീട്ടുകാർ സ്ത്രീധനത്തിന്റെ ബാക്കി കൊടുക്കാനുണ്ടായിട്ട് അവളെ വീട്ടിലാക്കി പോയിരിക്കുകയാണ് പോലും.ഇതറിഞ്ഞിട്ടും അവളുടെ ഭർത്താവാണെങ്കിൽ ഒന്ന് തിരിഞ്ഞു പോലും നോക്കിയിട്ടില്ല.ഓപ്പറേഷൻ നടത്താൻ മുട്ടാത്ത വാതിലുകളില്ല എന്നൊക്കെ കരഞ്ഞു കൊണ്ട് പറഞ്ഞപ്പോൾ ഒരു വിഷമം തോന്നി.
എന്തൊക്കെ പറഞ്ഞാലും ആത്മാർത്ഥമായി മൂന്ന് വർഷം പ്രണയിച്ചു നടന്നതല്ലായിന്നോ ഞാൻ.അധികനേരം ആ കണ്ണ് നീര് കണ്ടു നിൽക്കാൻ കെല്പില്ലാത്തത് കൊണ്ട് നേരെ നിന്റെ അടുത്തേക്ക് ഓടുകയായിരുന്നു.
നിന്റെ സ്വർണ്ണം പണയം വെച്ച് കിട്ടിയ പണം ആ കയ്യിൽ കൊണ്ടുപോയി കൊടുക്കുമ്പോൾ തൊഴു കൈകളാൽ അവൾ എന്റെ കാൽക്കൽ വീണപ്പോൾ എന്തായിരുന്നു എന്റെ മനസ്സിൽ മാറിമറിഞ്ഞ വികാരം എന്ന് ഇപ്പോഴും എനിക്കറിയില്ല.
ഒഴിഞ്ഞു പോകില്ല എന്ന് പറഞ്ഞിട്ട് തനിച്ചാക്കി പോയവളോടുള്ള പ്രധികാരമാണോ ?
അതോ കാൽകാശിന് കൊള്ളാത്ത ഇവന് എന്റെ മോളെ കെട്ടിച്ചു കൊടുക്കില്ല എന്ന് പറഞ്ഞ അവളുടെ അച്ഛന് ഇന്ന് ഞാൻ കൊടുക്കുന്ന പിച്ചയാണോ എന്നൊന്നും എനിക്കറിയില്ലായിരുന്നു.
നിനക്ക് വിഷമം ആകുമെന്ന് കരുതിയാണ് ഞാൻ ഇത് പറയാതിരുന്നത്.
ഏത് രീതിയിലാണ് നീ എന്നെ കാണുക എന്ന ഭയവും എനിക്കുണ്ടായിരുന്നു.
അതിന് ശേഷം ഞാൻ ശെരിക്കൊന്ന് ഉറങ്ങിയിട്ടില്ല.
ഇന്ന് ഈ കോപ്രായങ്ങൾ കാണിച്ചത് മുഴുവൻ നിന്നോട് ഇത് തുറന്ന് പറയാൻ വേണ്ടിയായിരുന്നു.
ഉറക്കം നഷ്ടപ്പെട്ട രാത്രികൾ തള്ളിനീക്കിയത് എനിക്കേ അറിയത്തുള്ളൂ...,
മോളേ.....
ഈ ഏട്ടനെ നീ മനസ്സിലാക്കില്ലേ..
വിവാഹം കഴിഞ്ഞ അവിടുന്ന് ഇങ്ങോട്ടുള്ള ഇത്രേയും ദിവസങ്ങളിൽ ആത്മാർത്ഥമായി നിന്നെ സ്നേഹിച്ചിട്ടേയുള്ളൂ.അറിഞ്ഞും അറിയാതെയും ഇന്നുവരെ ഞാൻ നിന്നെ വഞ്ചിച്ചിട്ടില്ല.
നിങ്ങൾ എന്താ എന്നോട് ഇങ്ങനെയൊക്കെ പറയുന്നത്.എനിക്ക് എന്റെ ഏട്ടനെ നല്ലത് പോലെ അറിഞ്ഞൂടേ.
ഒരു കള്ളത്തരവും ഒളിച്ചു വെക്കാൻ അറിയാത്ത ഒരു ശുദ്ധനാണ് എന്റെ ഏട്ടനെന്ന്.
ഞാനിത് നിങ്ങൾ കൊണ്ടു കൊടുത്ത പിറ്റേ ദിവസം തന്നെ അറിഞ്ഞിരുന്നു.അറിഞ്ഞപ്പോൾ എന്നോട് പറയാഞ്ഞതിലല്ലായിരുന്നു വിഷമം.പൂർവ്വകാമുകിയോട് വീണ്ടും അടുപ്പം തുടങ്ങിയോ എന്ന ചെറിയ ഒരു വേവലാതി ഉണ്ടായിരുന്നു.അതിന്റെ കാരണം കൂടി വായിച്ചപ്പോൾ ആ വേവലാതി മാറുകയും ചെയ്തു.ഇപ്പോ എന്റെ മനസ്സിൽ ഒരു വിഷമവും ഇല്ല.
ഒരുപാട് വിഷമങ്ങൾ സമ്മാനിച്ച അവരോട് മറ്റാരും കാണിക്കാത്ത ദയ നിങ്ങൾ പഴയതൊന്നും തന്നെ മനസ്സിൽ വെക്കാതെ കാണിച്ചു എന്നറിഞ്ഞപ്പോൾ ഞാൻ നിങ്ങളിൽ കൂടുതൽ ആകൃഷ്ടനാകുകയാണ് ചെയ്തത്.
നീ എങ്ങനെയാ ഇത് അറിഞ്ഞത്,എന്നിട്ടെന്തേ എന്നോടൊന്നും ചോദിക്കുകയും പറയുകയും ചെയ്യാതിരുന്നത്.. ?
അതോ.. ?
അത്...,
പതിവിലും വിപരീതമായി ഏട്ടന്റെ ഡയറി മേശപ്പുറത്തു കണ്ടപ്പോൾ ഒരു നേരം പോക്കിന് ചുമ്മാ ഒരു കൗതുകത്തിന് എടുത്തു വായിക്കുകയുണ്ടായി.അന്ന് തന്നെ ഞാൻ എല്ലാം മനസ്സിലാക്കിയിരുന്നു.
നിങ്ങളുടെ വിഷമം എനിക്ക് മനസ്സിലായത് കൊണ്ട് തന്നെയാണ് ഇത്രേയും ദിവസം ഞാൻ നിങ്ങളെ ശല്യപ്പെടുത്താതിരുന്നതും.
എന്നോട് ഇത് എങ്ങനെ പറയും എന്ന വിഷമത്തിൽ നിങ്ങൾ നടക്കുമ്പോൾ,പല രാത്രികളിലും ഞാൻ ഇത് നിങ്ങളിൽ നിന്ന് തന്നെ കേൾക്കാൻ ഉറക്കം കളഞ്ഞിട്ടുണ്ട്. അത് ഒരു വാശിക്കായിരുന്നില്ല.
മറിച്ച്....,
ദാ ഈ ഒരു സുന്ദര നിമിഷത്തിന് വേണ്ടി മാത്രമായിരുന്നു.
എടീ...,
സത്യം പറ.,
ഇതറിഞ്ഞിട്ടും നിനക്ക് എന്നോട് ഒരു ദേഷ്യവും ഇല്ലേ...?
ഇതിന്റെ പേരിൽ ഞാൻ എന്തിന് നിങ്ങളോട് ദേഷ്യപ്പെടണം... ?
ഏട്ടാ...
ഒരു ഭാര്യയോട് അവർ ഇഷ്ടപ്പെടാത്തത് ചെയ്യുകയും,മറച്ചു വെക്കുന്നതിനേക്കാളും അത് തന്മയത്തിൽ അവതരിപ്പിക്കുന്ന ഭർത്താക്കന്മാരോട് ഒരിക്കലും അവർക്ക് മുഖം തിരിച്ചു സംസാരിക്കാനോ പിണങ്ങി ഇരിക്കാനോ തോന്നിപ്പിക്കില്ല.
ഏട്ടാ...,
ഇതുപോലുള്ള സന്ദർഭങ്ങളിലാണ് ദാമ്പത്യജീവിത്തിന് കെട്ടുറപ്പ് വെക്കുന്നതും
അതിന് ഒരു അർത്ഥം വെക്കുന്നതും.
നിങ്ങൾ ഇപ്പോ അവർക്ക് ചെയ്തു കൊടുത്ത സഹായം ഉണ്ടല്ലോ അതൊരിക്കലും വെറുതേ ആയിപ്പോകില്ല.ഒരു ദിവസം അതിന്റെ പ്രതിഫലം നമ്മെളെ തേടി വരിക തന്നെ ചെയ്യും.
മ്മ്.,
എടീ....,
നിനക്ക് വിരോധമില്ലെങ്കിൽ നമുക്ക് നാളെ അവിടം വരെ ഒന്ന് പോയി വന്നാലോ... ?
തീർച്ചയായും നാളെ നമുക്ക് അവിടെ പോകാം ഏട്ടാ...
നമ്മളെ കൊണ്ട് ചെയ്യാൻ പറ്റുന്ന എല്ലാ സഹായങ്ങളും അവർക്ക് ചെയ്തു കൊടുക്കുകയും ചെയ്യാം....
അവർ പണത്തിനു മുൻ‌തൂക്കം കൊടുത്ത കാരണം എനിക്കിന്ന് കിട്ടിയത് എന്നെ മനസ്സിലാക്കുന്ന ജീവനേക്കാളേറെ സ്നേഹിക്കുന്ന ഉത്തമയായ ഒരു ഭർത്താവിനെയാണ്.അവര് കാരണമല്ലേ ഏട്ടാ എനിക്ക് ഇന്ന് ഈ മാറിൽ തല ചായ്ക്കാൻ കഴിഞ്ഞത്.
അപ്പോ നിങ്ങളെക്കാൾ കടപ്പാട് അവരോട് ഇന്ന് എനിക്കുണ്ട്.
മോളെ...
എന്നെ മനസ്സിലാക്കുന്ന നിന്നെ കെട്ടാൻ മാത്രം ഉള്ള എന്ത് വലിയ പുണ്യമാണ് ഞാൻ ഈ ജന്മത്തിൽ ചെയ്തത് എന്നറിയുന്നില്ലല്ലോ.
ഏട്ടാ,
ഞാനല്ലേ ഇത് പറയേണ്ടത്.കാലിനു സുഖമില്ലാത്ത എന്നെ വില പേശലില്ലാതെ കെട്ടിയതും,പോരാഞ്ഞിട്ട് ഒരു വാക്ക് കൊണ്ടു പോലും നോവിക്കാതെ പൊന്ന് പോലെ നോക്കുന്ന നിങ്ങളെ ഭർത്താവായി കിട്ടിയതിൽ ഞാനല്ലേ പുണ്യം ചെയ്തവൾ.
****-----*****-----****
ദാമ്പത്യം അതൊരു തടാകം പോലെയാണ്,
ചില മൗനങ്ങൾ അത് മലിനമാക്കും.തുറന്നു പറച്ചിലുകൾ അതിന്റെ മാറ്റുകൂട്ടുകയും ചെയ്യും.
തന്റെ മനസ്സിലാക്കുന്ന ഒരു ഭാര്യ,ഭർത്താവ് ആണ് ഏതൊരു പുരുഷന്റെയും സ്ത്രീയുടെയും മനസ്സിലുള്ള സങ്കല്പം.
അതിന് വേണ്ടത് പരസ്പര വിശ്വാസമാണ്.
സന്തോഷം നിറഞ്ഞ ദാമ്പത്യ ജീവിതം നിലനിൽക്കുന്നത് തുറന്നു പറച്ചിലുകളും പരസ്പരം വിട്ടു വീഴ്ച ചെയ്യുന്നിടത്തു മാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.
ദാമ്പത്യമെന്ന തടാകത്തിൽ തിമിർക്കുക്കുന്ന ഭാര്യ ഭർത്താക്കന്മാർക്കും,തെളിനീര് കണ്ടു അതിലേക്ക് കാലെടുത്തു വെക്കാൻ നിൽക്കുന്ന പ്രിയ വായനക്കാർക്ക് ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ സന്തോഷകരമായ ദാമ്പത്യ ജീവിതം ആശംസിച്ചു കൊണ്ട് പിരിയുന്നു.
നല്ല രചനകളുമായി വീണ്ടും കാണാം എന്ന് പ്രധീക്ഷിച്ചു കൊണ്ട്
സ:സ്നേഹം

ഇസ്മായിൽ_കൊടിഞ്ഞി

#പെണ്ണൊരുത്തി

തേക്കാനും വാർക്കാനും ഒന്നും എനിക്ക് താല്പര്യമില്ല.മര്യാദക്കുള്ള ഒരു ജോലിയുണ്ടെങ്കിൽ വീട്ടിൽ വന്നു പെണ്ണ് ചോദിച്ചോ...
അവർക്ക് സമ്മതമാണെങ്കിൽ എനിക്ക് ഒരു എതിർപ്പും ഇല്ല.
ആ പിന്നെ...
എനിക്ക് ആകെയുള്ള ഒരു ഡിമാൻഡ് ഡിഗ്രി കംപ്ലീറ്റ് ആക്കണം എന്നുള്ളതാണ്.അത് കല്യാണം കഴിഞ്ഞിട്ടാണെങ്കിലും കല്യാണത്തിന് മുമ്പാണെങ്കിലും.
കല്യാണത്തിന് മുമ്പാകുന്നതാകും എനിക്കും നിങ്ങൾക്കും ഉത്തമം.അതാകുമ്പോൾ ഭാവിയിൽ ഒരു സംശയ രോഗം ഒഴിവാക്കാലോ....
എടീ കാന്താരീ......
നീ ആള് കൊള്ളാല്ലോ ...
ഞാൻ നിന്നോട് ഇഷ്ട്ടം പറഞ്ഞപ്പോയെക്കും നീ ഭാവി വരെ പറഞ്ഞു കഴിഞ്ഞല്ലോ....
അതെ,
ഞാൻ അങ്ങനെയാണ് മാഷേ....
എനിക്കിപ്പോ പ്രായം പതിനെട്ട് കഴിഞ്ഞു.പിന്നെ വിവാഹത്തെ കുറിച്ചുള്ള സങ്കൽപ്പം ഒന്നുമില്ലാത്ത ഒരാളും ഭൂമിയിൽ ഉണ്ടാകില്ല.അതിൽ പെട്ട ഒരാളാണ് ഈ ഞാനും.
മറ്റുള്ളവർ പ്രണയിച്ചു നടക്കുന്നത് കാണുമ്പോൾ എന്റെ മനസ്സും കൊതിക്കാറുണ്ട്,ഞാനും ഒരു പെണ്ണല്ലേ മാഷേ.....
അതൊക്കെ കാണുമ്പൊൾ പ്രണയവും ചെക്കന്റെ കൈപിടിച്ചു നടക്കലും ഒക്കെ എന്റെ കുഞ്ഞു മനസ്സിലും അതുപോലുള്ള ആഗ്രഹങ്ങൾ തോന്നിയിട്ടുണ്ട്.
പക്ഷേ......
അതൊരു പൈങ്കിളി ആക്കി ചുറ്റുമുള്ളവരെ ത്രസിപ്പിക്കുന്ന പ്രണയമല്ല.
എന്റെ പ്രണയവും എന്റെ ശരീരത്തിലെ ഓരോ സ്പർശനവും അത് എന്റെ കഴുത്തിൽ താലി കെട്ടുന്നവനായുള്ളതാണ്.എന്റെ അവസാന ശ്വാസം വരെ അയാളെ ഞാൻ പ്രണയിക്കും,അയാളെമാത്രമേ ഞാൻ പ്രണയിക്കുകയുള്ളൂ...
നിങ്ങളെപ്പോലെ ഒരുപാട് പേര് ഇങ്ങനെ എന്നോട് ഇഷ്ട്ടം പറഞ്ഞിട്ടുള്ളതാണ്.അവരൊന്നും തന്നെ എന്റെ ഈ ആവശ്യം അംഗീകരിക്കരിക്കാൻ കെല്പില്ലാത്തവരായിട്ടോ,അല്ലെങ്കിൽ മറ്റുള്ളവരുടെ വാക്കുകൾ കേട്ട് വീട്ടിലെത്താത്ത അവരെ പോലെ നിങ്ങൾക്കും ആകാം.എനിക്ക് ഒരു വിഷമവും ഇല്ല.
കാരണം ഇഷ്ടമാണെന്ന് പറഞ്ഞത് ഞാനല്ല,നിങ്ങളാണ്.
പിന്നെ ഞാനിതൊക്കെ പറയാൻ കാരണവുമുണ്ട്.ഇന്ന് ഞാൻ നിങ്ങളോട് ഇഷ്ടമാണെന്ന് പറയുകയും പിന്നീട് എന്റെ വീട്ടുകാർ എനിക്ക് ഒരു ആലോചന കൊണ്ട് വന്നാൽ നിങ്ങൾ പറയും എന്റെ കൂടെ ഇറങ്ങി വരാൻ.ജോലിയും കൂലിയുമില്ലാത്ത ഒരാളോടൊപ്പം പൊന്നു പോലെ പോറ്റി വളർത്തിയ എന്റെ രക്ഷിതാക്കളെ നാണം കെടുത്തി വരാൻ താല്പര്യം ഇല്ലാ എന്ന് പറഞ്ഞ് കൊണ്ട് ഞാൻ അയാളെ വിവാഹം കഴിച്ചു പോകുമ്പോൾ നാളെ നിങ്ങളുടെ മുന്നിൽ ഒരു തേപ്പു കാരി ആകാൻ പാടില്ലല്ലോ....
അപ്പൊ പോട്ടേ മാഷേ...
നിങ്ങൾക്ക് താൽപ്പര്യം ഉണ്ടെങ്കിൽ
ദാ....
ആ കാണുന്നതാണ് എന്റെ വീട്,ആരെയാണെന്നു വെച്ചാൽ കൊണ്ടുവന്നു നിങ്ങൾക്ക് പെണ്ണ് ചോദിക്കാം.
എന്റെ അച്ഛൻ നല്ല അഭിമാനിയാണ്.ഉശിരുള്ള ആണുങ്ങളെ അവർക്കും ഇഷ്ടമാണ്.അവർക്ക് സമ്മതമാണെങ്കിൽ എത്രയാണെന്ന് വെച്ചാൽ കാത്തിരിക്കാൻ ഞാൻ തയ്യാറുമാണ്.
പെണ്ണേ....
നീയാണ് പെണ്ണ്.നിന്നെ കണ്ടതും,എനിക്ക് നിന്നോട് ഇഷ്ട്ടം പറയാൻ തോന്നിയതും ഒരു ഭാഗ്യമാണ്.അത് കൊണ്ട് നിന്നെ തള്ളി കളയുന്നത് എന്റെ ജീവിതത്തിലെ വലിയ നഷ്ടമായിരിക്കും.
എനിക്കൊരാളെയും ബോധിപ്പിക്കേണ്ട ആവശ്യം ഇല്ല.നിങ്ങൾ വീട്ടിലേക്ക് പൊക്കോളൂ,അച്ഛനെ കാണാൻ പിറകിൽ ഞാനും വരുന്നുണ്ട്.
ഈ പെണ്ണൊരുത്തിയെ എനിക്ക് കെട്ടിച്ചു തരുമോ എന്ന് ചോദിക്കാൻ.ഡിഗ്രി അല്ല,ഇനി pg കഴിയുന്നത് വരെ കാത്തിരിക്കാനും ഞാൻ തയ്യാറാണ്.
കാരണം നിങ്ങളെപ്പോലുള്ള പെൺ കുട്ടികൾ മുപ്പതിൽ ഒന്നേ കാണൂ...
അങ്ങനെയുള്ള ഒരാളെ കെട്ടാൻ കഴിയുക എന്നുള്ളത് വലിയ ഭാഗ്യം തന്നെയാണ്.
ഓഹോ,
എന്നാ പിറകേ പോര്,ഈ സമയം അച്ഛൻ എന്നേയും കാത്ത് ഉമ്മറത്തിരിക്കുന്നുണ്ടാകും.
ആരാ
മനസ്സിലായില്ല.... ?
എന്റെ പേര് അക്ഷയ്,
നാട് ഇവിടെ അല്ല,കുറച്ചു ദൂരെയാണ്.
ഈ നാട്ടിൽ ഒരു ജോലി ആവശ്യാർഥം വന്നതാണ്.
ഞാൻ നിങ്ങളുടെ മകളെ പെണ്ണ് ചോദിക്കാൻ വന്നതാണ്.
ഞങ്ങൾ കുറച്ചു അപ്പുറത്ത് ഒരു വീട് വാടകക്കെടുത്തു താമസിക്കുകയാണ്.കൂടെ അമ്മയും അച്ഛനും പെങ്ങളുമുണ്ട്.നിങ്ങൾക്ക് സമ്മതമാണെങ്കിൽ നാളെ ഞാൻ വീട്ടുകാരെയും കൊണ്ട് പെണ്ണ് കാണാനും ഉറപ്പിക്കാനും വരാം.
അല്ല,
മോന് ഇവിടെ എന്താ ജോലി.. ?
മോളെ എങ്ങനെയാണ് പരിജയം ?
ജോലി എന്ന് പറഞ്ഞാൽ ഈ സിറ്റിയിലെ പോലീസ് സ്റ്റേഷനിലെ പുതിയ si ആണ്.ഇവരുടെ കോളേജിന് മുന്നിൽ ഡ്യൂട്ടി നോക്കുമ്പോൾ രണ്ട് മൂന്ന് ദിവസമായി കാണുന്നു.ഐശ്വര്യം നിറഞ്ഞ മുഖം കണ്ടപ്പോൾ ഒന്ന് പോയി ചോദിച്ചതാണ്.അപ്പൊ അവളാണ് പറഞ്ഞത് അച്ഛനോട് ചോദിക്കാൻ.
മോനേ....
അവളുടെ മുഖം പോലെ തന്നെ ഈ വീടിന്റെ ഐശ്വര്യം തന്നെയാണവൾ.അമ്മയുടെ അതേ പ്രകൃതമാണ് അവൾക്കും.ഒരാളെയും വിഷമിപ്പിക്കുന്നത് അവൾക്ക് ഇഷ്ടമല്ല.....
ഞാനും അവളും നല്ല കൂട്ട് ആയോണ്ട് കോളേജിലെ വിശേഷങ്ങൾ എല്ലാം പറയാറുണ്ട്.ഓരോരുത്തർ പിറകേ നടക്കുന്നതും,വന്നു പ്രപ്പോസ് ചെയ്യുന്നതും,അവരോട് വീട്ടിൽ വന്നു പെണ്ണ് ചോദിക്കാൻ പറയുന്നതൊക്കെ വൈകുന്നേരത്തെ ചായകുടിയിൽ ഉള്ള ചർച്ചയിൽ സംസാരിക്കുന്നത് ഇവിടെ പതിവാണ്.
പക്ഷേ....
ആദ്യമായാണ് ഇങ്ങനെ ഒരാൾ പെണ്ണ് ചോദിച്ചു വരുന്നത്.അതും ഒരു പോലീസുകാരൻ.
ഒരു ഗവണ്മെന്റ് ജോലിക്കാരന് പെണ്ണിനെ കെട്ടിച്ചു കൊടുക്കാൻ ഇന്ന് ഏതൊരു അച്ഛനും ആഗ്രഹം കാണും.
മോനേ...
ഞാനൊരു പാവം പ്രവാസി ആയിരുന്നു.കാര്യമായിട്ട് ഒന്നും സമ്പാദിച്ചിട്ടില്ല.ഇന്നത്തെ കാലത്ത് നിങ്ങൾക്കൊക്കെ നല്ല മാർക്കറ്റണല്ലോ.....
ഒപ്പം സ്ത്രീധനമായും ഞാൻ നിങ്ങൾക്ക് ഒരു വലിയ സംഖ്യ തന്നെ തരേണ്ടി വരും.എന്നെ സമ്പന്തിച്ചിടത്തോളം നിങ്ങളുമായുള്ള ബന്ധം കൂട്ടിയാൽ കൂടുന്ന ഒന്നല്ല.
കല്യാണം കഴിഞ്ഞിട്ട് എന്റെ മോളുടെ കണ്ണീര് കാണാൻ എനിക്ക് പറ്റില്ല.അത് കൊണ്ട് ഇത് നടക്കില്ല മോനേ...
മോന് അത്യാവശ്യം സാമ്പത്തികം ഉള്ള വല്ല കുടുമ്പത്തിൽ നിന്നും നോക്കുന്നതല്ലേ നല്ലത്.
അയ്യോ....
അച്ഛാ,ഞാൻ നിങ്ങളുടെ മകളെ മാത്രമാണ് ചോദിക്കുന്നത്.അല്ലാതെ അതിന്റെ കൂടെ നിങ്ങളുടെ വീടും പറമ്പും എഴുതി തരാൻ പറയുന്നില്ല.നിങ്ങൾ എന്താണോ മകൾക്കായി കരുതി വെച്ചിട്ടുള്ളത് അത് കൊടുത്താൽ മതി.എനിക്കല്ല നിങ്ങളുടെ മകൾക്ക് തന്നെ.
നിങ്ങൾക്ക് സമ്മതമാണെങ്കിൽ ഞാൻ നാളെ വീട്ടുകാരുമായി വരാം...
അത് മോനേ....
മ്മ്,
നാളെ വീട്ടുകാരുമായി വരൂ,അവർക്ക് എതിർപ്പില്ലെങ്കിൽ നമുക്ക് ഉറപ്പിക്കാം.
എന്നാ ശെരി അച്ഛാ,
ഞാൻ നാളെ അവരുമായി വരാം.
********** **********
ഇവൻ രണ്ട് മൂന്ന് ദിവസമായി ഇവളെ കുറിച്ചു പറയുന്നു.
അപ്പൊ ഇവന്റെ അച്ഛനാണ് പറഞ്ഞത് ആദ്യം പോയി പെണ്ണിനോട് ചോദിക്കാൻ.
കലികാലമല്ലേ,കുട്ടികളുടെ മനസ്സിൽ വേറെ മോഹം എന്തെങ്കിലും ഉണ്ടോന്ന് പറയാൻ പറ്റില്ലല്ലോ.....
ഇന്നലെ മോളുടെ സംസാരം ഒക്കെ റെക്കോർഡ് ചെയ്തു കൊണ്ട് വന്നു കേൾപ്പിച്ചപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചതാണ് ഇവൾ തന്നെയാണ് എന്റെ മരുമോളെന്ന്.
മോളേ...
പഠിപ്പ് തീരുന്നത് വരെ കാത്തിരിക്കേണ്ട എന്നാണ് അക്ഷയ് പറയുന്നത്.വിവാഹം കഴിഞ്ഞിട്ടും തുടർന്ന് പഠിച്ചോട്ടെ എന്നാണ് അവന്റെ പക്ഷം.ഞങ്ങൾക്കും അതിൽ എതിർപ്പില്ല.നിന്റെ പ്രായത്തിൽ ഒരു മോള് ഞങ്ങൾക്കും ഉണ്ടല്ലോ.അപ്പോ മോളുടെ ഇങ്ങനെയുള്ള ഒരു ആഗ്രഹത്തിനും ഞങ്ങൾ എതിരല്ല.
ചായ കുടിയൊക്കെ കഴിഞ്ഞ സ്ഥിതിക്ക് അവർക്കെന്തെങ്കിലും ഒക്കെ ചോദിക്കാനോ പറയാനോ ഉണ്ടെങ്കിൽ നടക്കട്ടെ.
അല്ലേ....
അക്ഷയ് അച്ഛനെ ഒന്ന് കണ്ണ് കൊണ്ട് നമസ്കരിച്ചു.മനസ്സിലെ ആഗ്രഹം എത്ര എന്ന് വെച്ചാ പിടിച്ചു വെക്കുക.
അതേ...
നീ പറഞ്ഞപോലെ ഞാൻ വാക്ക് പാലിച്ചു.
നിന്റെ അച്ഛനോട് പെണ്ണ് ചോദിച്ചു.എന്റെ വീട്ടുകാരെ കൊണ്ട് വന്നു അത് ഉറപ്പിക്കുകയും ചെയ്തു.
ഒക്കെ സമ്മതിച്ചു.
പക്ഷേ,എന്റെ തുടർ പഠനത്തിന്റെ കാര്യത്തിൽ എനിക്ക് ഒരു വിശ്വാസം പോരാ.....
എടീ,
ഞാൻ പറഞ്ഞില്ലേ,കല്യാണം കഴിഞ്ഞിട്ട് നീ എത്രയാണെന്ന് വെച്ചാ പഠിച്ചോ.എനിക്ക് ഒരു വിരോധവും ഇല്ല,ദയവ് ചെയ്തിട്ട് പഠിപ്പ് കഴിഞ്ഞിട്ട് മതി കല്യാണം എന്ന് മാത്രം പറയരുത്.അത് വരെ കാത്തിരിക്കാനുള്ള ക്ഷമ ഒന്നും എനിക്കില്ല.
നിങ്ങൾ വാക്കിനു വില കല്പിക്കുന്ന ആളാണെങ്കിൽ കല്യാണത്തിന് എനിക്ക് സമ്മതമാണ്.
ആണോ...
എങ്കിൽ ഒരു കാര്യം കൂടി പറയട്ടെ,കല്യാണം കഴിഞ്ഞു വർഷം ഒന്നാകുമ്പോഴത്തേക്ക് ഒരു കുറുമ്പത്തിയേ ഈ കയ്യിൽ തന്നാൽ അതോടെ തീരില്ലേ നിന്റെ പഠിപ്പിന്റെ കാര്യം.
അയ്യേ...
നാണക്കേട്,
പെണ്ണ് കാണാൻ വന്നിട്ട് ഇങ്ങനെ പറയുന്നോ,ആരെങ്കിലും കേട്ടാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ.... ?
മോനേ...
പോലീസ് ചേട്ടാ...
പഞ്ചാര അടിച്ചത് മതിയായില്ലേ..... ?
നിന്നോട് ആരാണെടീ ഇപ്പോ ഇങ്ങോട്ട് കേറി വരാൻ പറഞ്ഞത്.
നിങ്ങളെ അറിയുന്നതോണ്ട് ഇങ്ങോട്ട് കേറി വന്നതാണ്.കൂടുതൽ സമയമായിട്ടും കാണാതായപ്പോൾ നാറ്റിച്ചു കയ്യിൽ തരും എന്ന് എനിക്ക് തോന്നി.
ഏട്ടത്തീ.....
ഒന്നും തോന്നരുത് ട്ടോ,
ഞാനാ ഇത് പറഞ്ഞു കൊടുത്തത്.അത് ഒരു ഉളുപ്പുമില്ലാതെ നിങ്ങളോട് പറയുമെന്ന് ഞാൻ കരുതിയില്ല.
അതേ...
ഞാനും ഓപ്പണാണ്,
ആ സമയത്ത് തുടർന്ന് പഠിക്കുന്ന കാര്യം നമുക്ക് പരിഗണിക്കാം.
ഇപ്പോ മോൻ പൊക്കോ ട്ടോ......
ചെവിയിൽ അവൾ പറഞ്ഞത് കേട്ട് തിരിഞ്ഞു നോക്കിയപ്പോയേക്കും അവനെ പെങ്ങൾ വലിച്ചു മുറിയിൽ നിന്നും പുറത്തേക്കെത്തിയിരുന്നു.
കാറിൽ കേറി യാത്ര തുടങ്ങവേ അക്ഷയ് അവളെ ഉമ്മറത്തു ഒരുപാട് തിരഞ്ഞു.നിരാശയോടെ കാർ മുന്നോട്ടെടുക്കുമ്പോൾ മുകളിലെ മുറിയിലെ ജനാലകൾക്കിടയിൽ വിടർന്ന രണ്ട് കരിനീലക്കണ്ണുകൾ അവരെ യാത്രയാക്കുന്നുണ്ടായിരുന്നു.

#തേങ്ങുന്ന_ഹൃദയം


"പെണ്ണെന്നാൽ കാമം തീർക്കാനുള്ളവെറും ഒരു ഉപാധി മാത്രമാണോ" ?
ഡോക്ടറോട് നീന ചോദിച്ചത് കേട്ട് ഞെട്ടിയത് അർജുനാണ്.കാരണം അവരുടെ കല്യാണം കഴിഞ്ഞിട്ട് ഒരു മാസം കഴിയുന്നതേയുള്ളൂ.
കണ്ണുമിഴിച്ചു നിൽക്കുന്ന അർജുനെ നോക്കി നിൽക്കുന്ന ഡോക്ടർക്കും തന്നെ ഒന്നും മനസ്സിലായില്ലെങ്കിലും നീനയുടെ കണ്ണുകളിൽ ഡോക്ടറോട് പറയാൻ ഒരുപാടുണ്ടെന്ന് മനസ്സിലാക്കിയ അർജുൻ ഡോക്ടറോട് കൈകൊണ്ടു പുറത്തുണ്ടാകുമെന്ന് ആംഗ്യം കാണിച്ചു മെല്ലെ പുറത്തേക്കിറങ്ങിപ്പോയി.
ചുമരിനോട് ചേർത്തിട്ടിരിക്കുന്ന ചാരുകസേരയിലിരുന്ന് കൊണ്ട്
അർജുൻ ആലോചനയിലേക്ക് മുഴുകി.
എവിടെയാണ് തനിക്ക് പിഴച്ചതെന്ന് അവന് ഒരു പിടുത്തവും കിട്ടുന്നില്ലായിരുന്നു.
നാട്ടിൽ തന്നെ സ്വന്തമായി ഒരു വർക്ക്ഷോപ്പ് നടത്തിക്കൊണ്ടിരിക്കുന്ന അവൻ വീട്ടുകാരുടെ നിർബന്ധം കൊണ്ടാണ് ഒരു പെണ്ണുകെട്ടാൻ തീരുമാനിച്ചത്.കൂടുതൽ ചായ കുടിച്ചു നടക്കാൻ താല്പര്യമില്ലാത്തതുകൊണ്ടും പിന്നെ ദൈവാനുഗ്രഹം കൊണ്ടും മൂന്നാമത്തെ പെണ്ണുകാണലോടുകൂടി വീട്ടുകാർ മുകേനെ കെട്ടിയതാണവളെ.
പെണ്ണുകാണാൻ പോയ അന്നത്തെ ചിരിയും ഫോൺ വിളിക്കുമ്പോഴുള്ള സന്തോഷമൊന്നും കല്യാണം കഴിഞ്ഞ അന്നുമുതൽ അവളുടെ മുഖത്തു കണ്ടിട്ടില്ല.വീട്ടുകാരോടും അർജുനോടുമൊന്നും അവൾ കാര്യമായി സംസാരിക്കാറില്ല.എന്നാൽ വീട്ടുജോലി ചെയ്യുന്നതിലൊന്നും അവൾക്കൊരു മടിയും ഇല്ലതാനും.പെങ്ങളുടെ അന്വേഷണത്തിൽ അവൾ ഒരു വായാടിയാണെന്നാണ് കിട്ടിയ അറിവ്, വായാടിയായ അവളാണ് ഒരാളോടുപോലും ഒന്നും മിണ്ടാതെ നടക്കുന്നത്.ഫോണിലൂടെ അവളുടെ വീട്ടുകാരോടവൾ വാ തോരാതെ എന്തൊക്കെയോ പറയുന്നതും ഇടക്ക് കണ്ണു തുടക്കുന്നതുമൊക്കെ കാണാം.
രാത്രികളിൽ അർജുൻ അവളോടടുക്കാനും മറ്റും ശ്രമിക്കുമ്പോൾ അവൾ ഒഴിഞ്ഞു മാറും.പുതിയ വീട്ടിലേക്കുള്ള ഒരു പറിച്ചുനടലുകൊണ്ട് അവൾക്ക് പെട്ടെന്ന് പൊരുത്തപ്പെടാനുള്ള പ്രയാസം കൊണ്ടാകുമെന്ന് കരുതി അവൻ വിട്ടുകളഞ്ഞു.
അവളുടെ സ്വഭാവത്തിൽ വീട്ടുകാരുകൂടി മുറുമുറുപ്പ് തുടങ്ങിയതോടെ അർജുൻ ഒരു പ്രശ്ന പരിഹാരത്തിനായി ഉറ്റ കൂട്ടുകാരനെ സമീപിച്ചപ്പോൾ അവൻ ആദ്യമൊന്ന് കളിയാക്കിയെങ്കിലും,കാര്യം സീരിയസാണെന്ന് മനസ്സിലാക്കി അവൻ പറഞ്ഞത് പുതിയ വീടുമായും നിന്നെയുമായുമൊക്കെ ഇടപഴകാനുള്ള പ്രയാസം കൊണ്ടാകുമെന്നാണെന്ന് പറഞ്ഞെങ്കിലും അർജുന് അതുകൊണ്ടൊരു സംതൃപ്തി കിട്ടിയിട്ടില്ലെന്ന് തോന്നിയിട്ടാണ് പരിചയത്തിലുള്ള ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കാൻ പറഞ്ഞത്.
അതിനവൾക്ക് മെന്റൽ പ്രശ്നമില്ല എന്ന അർജുന്റെ വാക്കിന് കൂട്ടുകാരൻ ചിരിച്ചു കൊണ്ട് ഭ്രാന്തൻമാർ മാത്രമല്ല ഇപ്പോൾ സൈക്യാട്രിസ്റ്റിനെ കാണിക്കുന്നത് നിന്നെപ്പോലുള്ള ഭാര്യ ഭർത്താക്കൻമ്മാരും പഠനകാരണങ്ങളാൽ രക്ഷിതാക്കൾ വിദ്യാർത്ഥികളെയും മറ്റും അവരെ കാണിക്കാറുണ്ടെന്ന് പറഞ്ഞു അർജുനെ സമാധാനിപ്പിച്ചു.
ഒരു കൗൺസലിങ് കൊണ്ട് ചിലപ്പോൾ അവൾ മാറുമായിരിക്കുമെന്ന് പറഞ്ഞു അർജുന്റെ ചുമലിൽ തട്ടി യാത്ര പറഞ്ഞുകൊണ്ട് കൂട്ടുകാരൻ പോയി.അങ്ങനെ മനസ്സില്ലാ മനസ്സോടെ ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കാൻ തീരുമാനിച്ചതാണ്.
കിടത്തവും ഉറക്കവും ഒരു മുറിയിൽ ഒരു കട്ടിലിലാണെങ്കിലും ഇന്നുവരെ നീനയെ തൊട്ടിട്ടുപോലുമില്ല എന്ന് അർജുൻ ഓർത്തു.ഒരു പെണ്ണിന്റെ സമ്മതമില്ലാതെ അവളുടെ ശെരീരത്തിൽ തൊടാൻ അവന്റെ ആത്മാഭിമാനം സമ്മതിച്ചിരുന്നില്ല എന്നതാണ് സത്യം.
ആ അവളാണ് ഡോക്ടറോട് പറയുന്നത് പുരുഷന്റെ കാമം തീർക്കാനുള്ള ഉപാധിയാണോ സ്ത്രീ എന്ന്.
അതും ആലോചിച്ചിരിക്കുമ്പോഴാണ് ഡോക്ടർ വിളിക്കുന്നെന്ന് പറഞ്ഞു ഒരു നേഴ്‌സ് വന്നു അർജുനെ ഡോക്ടറുടെ റൂമിലേക്ക്‌ ചെല്ലാൻ പറഞ്ഞു.
ഡോക്ടറുടെ റൂമിലേക്ക്‌ കേറുമ്പോൾ കണ്ണീരു തുടച്ചു കൊണ്ട് ഇറങ്ങിവരുന്ന നീനയെയാണ് അർജുൻ കണ്ടത്.തിരികെ നീനയുടെ അടുത്തേക്ക് നടക്കാൻ നിന്നപ്പോൾ ഡോക്ടർ അർജുനെ ക്യാബിനിലേക്ക് വിളിപ്പിച്ചു.
മുന്നിലെ കസേരയിൽ ഇരിക്കാൻ പറഞ്ഞിട്ട് ഡോക്ടർ അർജുനോട് നീനയുടെ വീട്ടിൽ ആരൊക്കെയുണ്ടെന്നും അവരെ കല്യാണം കഴിക്കാനുള്ള കാരണവും ചോദിച്ചപ്പോൾ ആദ്യം അർജുനൊന്ന് ഞെട്ടിയെങ്കിലും അവൻ പറഞ്ഞു തുടങ്ങി.
അവളുടെ വീട്ടിൽ അമ്മയും ഇവളും രണ്ടനിയത്തിമാരുമാണ് ഉള്ളത്.അച്ഛൻ മരിച്ചിട്ട് ആറു വർഷം കഴിഞ്ഞെന്നു തോന്നുന്നു.അമ്മ അടുത്തുള്ള വീട്ടു ജോലിക്ക് പോകും.നീന ടൗണിൽ ഒരു തുണിക്കടയിലും പോയിരുന്നു.വിവാഹം ഉറപ്പിച്ചതിനു ശേഷം അവളോട് ഇനി കടയിൽ പോകണ്ട എന്ന് പറഞ്ഞു.
കല്യാണം കഴിക്കാനുള്ള സാഹചര്യം അവളുടെ പെരുമാറ്റവും മറ്റും കണ്ടിഷ്ടപ്പെട്ടിട്ടാണെന്ന് പറഞ്ഞു. എന്താണ് ഡോക്ടർ നിങ്ങൾ ചോദിക്കാനുള്ള കാരണം എന്ന അർജുന്റെ ചോദ്യത്തിന് ഡോക്ടർ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു തുടങ്ങി.
അവൾക്ക് മാനസിക പരമായോ ശാരീരിക പരമായോ ഒരു പ്രശ്നവുമില്ല.അവളുടെ മനസ്സുമുഴുവൻ അവളുടെ അമ്മയും അനിയത്തിമാരുമാണ്.അവരെ കുറിച്ചുള്ള ചിന്തയാണ് നീനയെ മൗനിയാക്കുന്നത്.
അവളുടെ അമ്മക്ക് വയസ്സായി വരികയാണ്.അമ്മയ്ക്കും അനിയത്തിമാർക്കും ഒരു താങ്ങും തണലുമായി ജോലിക്കൊക്കെ പോയി അവരെ സംരക്ഷിക്കുന്ന സമയത്താണ് നിങ്ങളുടെ ആലോചന അവൾക്ക് വരുന്നത്.
സ്ത്രീധനം ചോദിക്കാതെ വന്ന ആലോചന ആയതുകൊണ്ട് നിസ്സഹായരായ അമ്മയുടെ മാനസികാവസ്ഥ മനസ്സിലാക്കിയത് കൊണ്ടുമാണ് നീന നിങ്ങളുമായുള്ള കല്യാണത്തിന് സമ്മതിച്ചത്.
മനസ്സുകൊണ്ട് നിങ്ങളുമായി അടുത്തുവരുമ്പോഴാണ് നിങ്ങൾ ഇനി ജോലിക്ക് പോകണ്ട എന്നു പറയുന്നതും അവൾ അപ്‌സെറ്റാകുകയും ചെയ്തത്.
അവൾക്ക് അവളുടെ അമ്മയുടെ കഷ്ടപ്പെടുന്ന മുഖം മനസ്സിൽ തെളിഞ്ഞു നിൽക്കുന്നിടത്തോളം അവൾ ഇങ്ങനെ തന്നെയായിരിക്കും.കാരണം അവൾ അമ്മയുടെ കഷ്ടപ്പാട് കണ്ടു വളർന്ന കുട്ടിയാണ്.
എനിക്കറിയാം.ഉത്തമ ബോധമുള്ള ഒരു മകളാണവൾ,അവൾക്ക് ഒരു നല്ല മരുമകളും ഒരു ഭാര്യയും ആകാനാകും.
അവളുടെ മനസ്സിൽ ഒരു രൂപപോലും സ്ത്രീധനമായോ മറ്റോ വാങ്ങാതെ കഷ്ടപ്പാട് കണ്ടും,മനസ്സിലാക്കിയും കെട്ടിയ നിങ്ങൾക്ക് ഒരു ദൈവത്തിന്റെ സ്ഥാനമാണുള്ളത്.നിങ്ങൾക്കുവേണ്ടി മനമുരുകി പ്രാർത്ഥിക്കാത്ത ഒരു ദിവസം പോലും അവൾക്കില്ല.ആ അവൾക്കുവേണ്ടി നിങ്ങൾക്കൊന്നു മനസ്സ് വെച്ചുകൂടെ അർജുൻ ?
ഇതിനു ഞാനെന്തു ചെയ്യണമെന്ന അർജുന്റെ സൗമ്യമായുള്ള ചോദ്യത്തിന് ഡോക്ടർ എണീറ്റു വന്നുകൊണ്ട് അർജുനെ എഴുന്നേല്പിച്ചു കൊണ്ട് ക്യാബിന്റെ പുറത്തേക്കു നടന്നുകൊണ്ട് പറഞ്ഞു
സ്ത്രീധനം വാങ്ങാതെ കെട്ടിയ നിങ്ങൾക്ക് അവളുടെ അമ്മയ്ക്കും കൂടെപ്പിറപ്പുകൾക്കും വേണ്ടി ജോലിക്ക് പോകാൻ അവളെ വിട്ടുകൂടെ ?
അതുകൂടി നിങ്ങൾ അവളെ അനുവദിക്കുകയാണെങ്കിൽ നിങ്ങൾക്ക് അവൾ എന്നും ഒരു ഉത്തമ ഭാര്യയും.അവളുടെ മനസ്സിലുള്ള ആഗ്രഹം പോലെ ആ അമ്മക്കും,കൂടെപ്പിറപ്പുകൾക്കും ഒരു കൈത്താങ്ങായി നിൽക്കാനുമാകും. അതോടെ അവളുടെ മനസ്സിലെ ഇപ്പോഴുള്ള ആ പിടിമുറുക്കം അവസാനിക്കുകയും ചെയ്യും.
നിങ്ങളോട് ഇത് പറയാൻ അവൾ ഒരുപാട് ശ്രമിച്ചിട്ടുണ്ടെങ്കിലും കേട്ടുകേൾവിയുള്ള അമ്മായിയമ്മപ്പോര് ഭയന്ന് അവൾ ഉള്ളിൽ കൊണ്ടുനടക്കുകയാണ്.
നിങ്ങൾക്ക് ഞാൻ പറഞ്ഞത് അംഗീകരിക്കുവാൻ കഴിയുമെങ്കിൽ നിങ്ങൾ നിങ്ങളുടെ ഭാര്യക്ക് കൊടുക്കുന്ന ഏറ്റവും വലിയ വിവാഹ സമ്മാനം ഇതായിരിക്കും എന്ന് പറഞ്ഞു കൊണ്ട് ഡോക്ടർ അർജുന് ഒരു ഷെയ്ഖ് ഹാൻഡ് കൊടുത്തു കൊണ്ട് വരാന്തയിലൂടെ നടന്നു നീങ്ങി.
മനസ്സിൽ ഉണ്ടായിരുന്ന ഒരു വലിയ ഭാരം ഇറക്കിവെച്ച അർജുൻ നേരെ നീനയുടെ അടുത്ത് ചെന്ന് അവളോടായി പറഞ്ഞു നിനക്ക് നിന്റെ കൂടെപ്പിറപ്പുകളും അമ്മയുമാണ് വലുതെങ്കിൽ എനിക്ക് വലുത് ഇപ്പോൾ നിന്റെ സന്തോഷമാണെന്ന് പറഞ്ഞു കൊണ്ട് നീനയുടെ രണ്ട് കയ്യും പിടിച്ചു കൊണ്ട് എഴുന്നേല്പിച്ചു കൊണ്ട് നടക്കാൻ നിന്നപ്പോൾ അർജുന്റെ കൈത്തണ്ടയിൽ അവളുടെ സന്തോഷത്തിന്റെ രണ്ടുതുള്ളി കണ്ണീര് വന്നു പതിച്ചു.
ഒരു ജോലിക്കാരിയായി നിന്നെ പറഞ്ഞുവിടാനൊന്നും എന്നെക്കിട്ടില്ല എന്നു പറഞ്ഞപ്പോൾ നീനയുടെ മുഖം വീണ്ടും കാർമേഘം പോലെ കറുത്തിരുളാൻ തുടങ്ങി.
അവളുടെ മുഖം കണ്ടു ചുണ്ടിൽ ചെറു ചിരി വരുത്തിക്കൊണ്ട് അർജുൻ അവളെ ചേർത്തുപിടിച്ചു കൊണ്ട്.വർക്ക് ഷാപ്പിന്റെ അടുത്തൊരു രണ്ടുമുറി കടയുണ്ട് അവിടെ നമുക്കൊരു ചെറിയ തുണിക്കട തുടങ്ങാമെന്ന് പറഞ്ഞു കൊണ്ട് അവളെ നേരെ നിർത്തിപ്പിടിച്ചപ്പോൾ അർജുൻ അവളുടെ മുഖത്തു കണ്ടു നിറക്കണ്ണുകളോടെ നിൽക്കുമ്പോഴും അന്ന് പെണ്ണുകാണാൻ പോയ അന്നുണ്ടായിരുന്ന ഉള്ളറിഞ്ഞുകൊണ്ടുള്ള അതേ ചിരി.
സമർപ്പണം :-
കൂടെപ്പിറപ്പുകൾക്കും നൊന്ത് പ്രസവിച്ച സ്വന്തം അമ്മയുടെ കഷ്ടപ്പാടുകൾക്ക് ഒരു പരിധിവരെ തന്നാലാകുന്ന വരുമാനം കണ്ടെത്തി കൊടുക്കുന്ന എന്റെ സഹോദരിമാർക്കും .
ഒപ്പം സ്ത്രീധനമെന്ന കൊടും പാപക്കറ പറ്റാത്ത നെഞ്ചൂക്കുള്ള സഹോദരമ്മാർക്കും

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo