Showing posts with label ChanduRaj. Show all posts
Showing posts with label ChanduRaj. Show all posts

കുട്ടി കഥ


എനിയ്കന്നു ഏകദേശം ഒരു ഏഴു വയസുകാണും. പുറത്തു അധികം കൂട്ടുകാരില്ലെങ്കിലും വീട്ടിൽ കളിക്കൂട്ടുകാരായി ഒരുപാട് പേരുണ്ട്. കറുത്തുരുണ്ട തിളങ്ങുന്ന കണ്ണുകളോട് കൂടിയ ഒരു പൂച്ചയും അവളുടെ രണ്ട് കുഞ്ഞുങ്ങളും, കൈസർ എന്ന നായയെയും കൂടാതെ പാത്തുമ്മായുടെ ആടിലെ ആടിനെ പോലെ വെളുത്തു സുന്ദരിയായ എന്റ അമ്മിണിയും മകളും. അമ്മുമ്മയാണ് അവൾക് അമ്മിണിയെന്നു പേരിട്ടതു. എനിക്ക് അന്നതത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും എന്റ ശബ്ദം കേക്കുമ്പോഴും എന്റ തലവട്ടം കാണുമ്പോഴും അവളുടെ ഒരു വിളിയും സ്നേഹപ്രകടനവും എല്ലാം കൊണ്ട് അമ്മിണി എനിക്ക് കൂടപ്പിറപ്പായി. ഒരുപക്ഷേ ആ സമയത്തു മനുഷ്യരേക്കാൾ കൂടുതൽ ഞാൻ സംസാരിച്ചിട്ടുള്ളതും അവളോടാവാം.
ഈയടുത്ത കാലത്താണ് അവൾക്കൊരു കുട്ടി പിറന്നത്. പക്ഷേ അതിനു ഞാൻ തന്നെ പേരിട്ടു കേട്ടോ; ലക്ഷമി - അതാണവളുടെ പേരു ജനിക്കുന്നതിനുമുന്നെ തന്നെ ആണാണെങ്കിൽ മണിക്കുട്ടനെന്നും പെണ്ണാണെങ്കിൽ ലെക്ഷ്മിയെന്നും ഞാൻ നേരത്തേ തീരുമാനിച്ചിരുന്നു. അവളും ഒരുസുന്ദരിയാണ്. പക്ഷേ അമ്മയെപ്പോലെ വെളുത്തിട്ടല്ലന്നെ ഉള്ളൂ.. ഒരുതരം ചാരനിറം. എന്നാലും എന്റ നോട്ടത്തിൽ ഒരു കൊച്ചു സുന്ദരിക്കുട്ടി തന്നാണവളും. 
ഒരു ദിവസം രാവിലെ മുതൽ അമ്മിണിക് എന്തോ ദിനം പിടിപെട്ടു. ആഹാരം കഴിക്കുന്നില്ല. എഴുന്നേൽക്കുന്നില്ല. ആകെ വിഷമമായി എല്ലാര്ക്കും. എനിക്കാണേൽ അത് സഹിക്കുന്നതിനപ്പുറമായിരുന്നു. അമ്മ്മുമ്മ തടവിയും തലോടിയുമെല്ലാം അവളോടുള്ള സ്നേഹം പ്രകടിപ്പിച്ചു. ഏതോ ആഹാര പദാർത്ഥത്തിൽ 'കൊതി 'പെട്ടതാണെന്ന് ആരോ അഭിപ്രായപ്പെട്ടു. അമ്മുമ്മ അതു കേൾക്കേണ്ട താമസം ഉടൻ തന്നെ അടുക്കളയിൽ നിന്നും മുളകും ഉപ്പുമായി മിണ്ടാതെ ഉരിയാടാതെ വന്നു അവളുടെ വയറിനു മൂന്നു വട്ടം ഉഴിഞ്ഞു. കൂട്ടത്തിൽ ഒരു നാണയവും തലയ്ക്കു ചുറ്റി മാറ്റി. അത് അപ്പുപ്പൻ നടയിൽനേർച്ചയാണ്. അമ്മുമ്മയുടെ അവസാന കൈ പ്രയോഗമാണത്. മുൻപ് പലതവണ എനിക്ക് പനി വന്നപ്പോഴും അമ്മൂമ്മയുടെ പ്രയോഗമാണത്. ബാക്കി മൂപ്പര് നോക്കിക്കൊള്ളും എന്നാണ് അവരുടെ വിശ്വാസം.ഉഴിഞ്ഞു മാറ്റിയ മുളകും ഉപ്പും കൊണ്ടുപോയി അടുപ്പത് കൊണ്ട് ഇട്ടതിനു ശേഷമേ ഉരിയാടാതുള്ളു. പക്ഷേ ഇത്തവണ അമ്മുമ്മയുടെ പ്രയോഗമൊന്നും ഫലം കണ്ടില്ല. നേരം ചെല്ലുംതോറും അമ്മിണിയുടെ ദീനംകൂടി കൂടി വന്നു. അന്നു ആ വീട്ടിൽ ആരും അത്താഴമുണ്ടില്ല. അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ചു നേരം വെളുപ്പിച്ചു. നേരം പുലർന്നപ്പോൾ അമ്മിണി എഴുന്നേറ്റു നിൽക്കുന്നു. പക്ഷേ വയ്യായ്ക ഉണ്ട്. പഴയപോലെ ഉഷാറില്ല. എന്തായാലും ഒന്നു ഡോക്ടറെ കാണുന്നത് നല്ലതായിരിക്കും എന്നു അപ്പുറത്തവീട്ടിലെ അപ്പുമാമൻ പറഞ്ഞു. പക്ഷേ അമ്മുമ്മ അതിനു വഴങ്ങിയില്ല. അവളുടെ അസുഖം 'അപ്പുപ്പൻ ' മാറ്റിത്തരുമെന്ന ഉറച്ച നിലപാടിലാണ് കക്ഷി ഇപ്പോഴും. 
പക്ഷേ ഞാനൊരു ഭാഗ്യ പരീക്ഷണത്തിന് തയ്യാറായിരുന്നില്ല. ഡോക്ടറെ കാണണം. ഞാൻ തീരുമാനിച്ചു. പക്ഷേ' മൃഗാശുപത്രി ' ഉണ്ടന്നല്ലാതെ എവിടെയാണന്നോ എന്താണന്നോ എനിക്കറിയില്ല. എങ്കിലും ഞാൻ മൃഗാശുപത്രി തേടി യാത്ര ആയി. മൂന്നു നാലു കിലോമീറ്ററിനുള്ളിൽ തന്നെ ഒരു പരിചയക്കാരന്റെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചേർന്നു. എന്താ വന്നേ ഡോക്ടർ തിരക്കി. "എന്റെ അമ്മിണിക്ക് തീരെ സുഹമില്ല ഡോക്ടറെ അവളെ എങ്ങനെയെങ്കിലും രക്ഷിക്കണം " വിതുമ്പുന്ന ശബ്ദത്തോടെ ഞാനിത് പറഞ്ഞു മുഴുവിപ്പിച്ചപ്പോൾ എനിക്ക് കരച്ചിൽ വന്നിരുന്നു. നല്ലവനായ ആ ഡോക്ടർ അതിനെന്താണ് നമുക്ക് ശെരിയാക്കലോ എന്നു പറഞ്ഞപ്പോഴാണ് എനിക്ക് തെല്ലു ആശ്വാസം തോന്നിയത്. അയ്യേ അതിനു ആൺകുട്ടികൾ ഇങ്ങനെ കരയുകയാണോ ചെയ്യേണ്ടേ എന്നു ചോദിച്ചു പുറത്തു തട്ടി. ശെരി നമുക്ക് ഇപ്പൊ പോയി ശെരിയാക്കിക്കളയാം എന്നു പറഞ്ഞു കമ്പോണ്ടറുടെയടുത് പറഞ്ഞു വിട്ടു. അദ്ദേഹം കാഴ്ച്ചയിൽ തന്നെ വയസായ ഒരു ഒരു ഗൗരവക്കാരനായിരുന്നു. മൂക്കിൻ തുമ്പിൽ പതിയുറച്ച കണ്ണാടി കുറച്ചു താഴ്ത്തി പാക്കും വെറ്റ ചവയ്ക്കുന്നിതിടയിൽ ഒന്നു ചോദിച്ചു. എന്താ പേരു. "അമ്മിണി " ഞാൻ പറഞ്ഞു. അതു കേട്ടതും അയാൾ ഇരുത്തിയൊന്നു മൂളിയതിനു ശേഷം കുറച്ചു ദേഷ്യഭാവത്തിൽ അയാൾ ഒന്നുനോക്കി എന്നെ." പേരു പറയാൻ...... " 
അമ്മിണി.. ഞാൻ വീണ്ടും പറഞ്ഞു. അയാൾ ഇത്തവണ ദേഷ്യത്തോടെ 'നീയെന്താ പെങ്കൊച്ചാണ '. അത് ഞാൻ... എന്റ ആടിന്റെ പേരാണ് അമ്മിണി എന്നു വളരെ പേടിച്ചു പറഞ്ഞൊപ്പിച്ചു. ഞാൻ എന്തോ വലിയ അപരാധം ചെയ്ത പോലെ ഡോക്ടറും അറ്റെൻഡറും അവിടെ ചുറ്റും കൂടി നിന്നവരും വീക്ഷിക്കുന്നപോലെ എനിക്ക് തോന്നി. ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക് ശേഷം ആ ഗൗരവക്കാരനായ അറ്റൻഡർ പൊട്ടിച്ചിരിക്കാൻ തുടങ്ങി. കൂടെ ഡോക്ടറും അവിടെ നിന്ന ആൾക്കാരും.. അപ്പോഴും എനിക്ക് മനസിലായില്ലായിരുന്നു. ഡോക്റ്റർ വന്നു ചേർത്ത് പിടിചു ചിരിച്ചുകൊണ്ട് പറഞ്ഞു മൃഗാശുപത്രി ആണെങ്കിലും പട്ടിയുടെയും പൂച്ചയുടെയും പേരും അഡ്രസ്സും അല്ല മോനെ അതിന്റെ ഉടമസ്ഥന്റെ പേരും അഡ്രെസ്സുമാ വേണ്ടതെന്നു. അപ്പോഴും അവിടെ കൂടി നിന്നവർ ചിരിക്കുന്നുണ്ടായിരുന്നു.

by: 
Chandu Raj

നേരിന്റെ നോവ്


 മോൻ പഠിച്ചൊരു ജോലി വാങ്ങണം '
ഇത്തിരി സമയം ഒറ്റയ്ക്കു കിട്ടുമ്പോഴക്കെ ആശാൻ ഉപദേശിക്കുന്നത് പതിവായിരുന്നു. പ്രായം എൺപതിനോടടുത്ത, നരച്ച അലസമായി എപ്പോഴും പറക്കുന്ന മുടിയും, കുറ്റിത്താടിയും, മുഷിഞ്ഞ ജുബയും മുണ്ടും മാത്രമുടുത്തു മാത്രം ഞാൻ കണ്ടിട്ടുള്ള രാമചന്ദ്രക്കുറുപ്പ് എന്ന നമ്മളെല്ലാം സ്നേഹത്തോടെ പ്രായത്തിന്റെയും സൗഹൃദത്തിന്റെയും പേരിൽ ആശാനെന്നു വിളിക്കുന്ന ഈ കഥയിലെ കേന്ദ്ര ബിന്ദു. 
ആ സമയത്തൊക്കെ വൈകുന്നേരങ്ങളിൽ ദാസപ്പണ്ണന്റെ ചായക്കടയിൽ ഒത്തുകൂടുക പതിവായിരുന്നു. കുറച്ചു രാഷ്ട്രീയവും സാമൂഹിക പ്രവർത്തനവുമായി നടക്കുന്ന സമയം. ആ പ്രദേശത്തെ സമാന ചിന്താഗതിക്കാരുടെ ഒരു കേന്ദ്രമായിരുന്നു അവിടം. സാദാരണക്കാരും കൃഷിക്കാരും ഉദ്യോഗസ്ഥരും അടക്കം പഞ്ചായത്തിന്റെ പ്രതിനിധികൾ പോലും അതിൽ പെടും. പലപല കോണുകളിൽ നിന്നും വൈകുന്നേരങ്ങളിൽ അവിടെ എത്തുന്നവർ രാത്രി ഏറെ വൈകിയാവും പിരിയുക. ഭൂമിക്കു താഴെയുള്ള എന്തിനെക്കുറിച്ചും അവിടെ അഭിപ്രായങ്ങൾ ഉണ്ടാവും. പില്കാലത് നമുക്ക് നഷ്ടപ്പെട്ടതും ആരോഗ്യകരമായ ഇത്തരം ഒത്തുചേരലുകളാണ് എന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. കൂട്ടത്തിൽ ഇരുപത്തിരണ്ട് വയസുള്ള ഞാനും എൺപതിനടുത്തു പ്രായമുള്ള ആശാനും ഉണ്ടായിരിന്നു. 
ഇനി നമുക്ക് കാര്യത്തിലേക്കു വരാം. 
വൈകുന്നേരങ്ങളിൽ ഒത്തുകൂടുന്ന നമ്മളെല്ലാവരും പോയാലും പോകാത്ത ഒരാളാണ് ആശാൻ. എവിട പോകാനാണ്.നാല് തൂണുകളിൽ ടാർപോളിൻ വിരിച്ചുണ്ടാക്കിയ ആ ചെറിയ ചായക്കടയിലെ ബഞ്ചിന്മേലാണ് ആശാന്റെ ഉറക്കം. ആ നാട്ടുകാരൻ തന്നെ. കുറച്ചു കഥകളൊക്കെ ഞാനും കേട്ടിരുന്നു. ഒരുകാലത്തു പ്രതാപത്തോടെ ജീവിച്ചിരുന്ന ഒരാൾ. ഭാര്യ മരണപ്പെട്ടതിനു ശേഷം അവശേഷിക്കുന്ന സ്വത്തുക്കളുമായി ഏക മകൾ അവളുടേതായ സാമ്രാജ്യം തേടിപ്പോയപ്പോൾ വാർധക്യത്തിൽ നടതള്ളുന്ന പുതിയ കാല കുടുംബ സംസ്‍കാരത്തിലെഎനിക്ക് മുന്നിലെ ജീവിക്കുന്ന ഒരു ഉദാഹരണമായി അദ്ദേഹം മാറി.പക്ഷേ ഈ ഒറ്റപ്പെടലുകളൊന്നും അദ്ദേഹത്തെ അത്രകണ്ട് തളർത്തിയിരുന്നില്ല എന്നുവേണം പറയാൻ. അന്നന്നത്തെ ഉപജീവനത്തിനായി ലോട്ടറി ടിക്കറ്റ് വിൽക്കും. അതിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ആഹാരം കഴിഞ്ഞു പോകും. പ്രായത്തിൽ എത്രകണ്ട് അന്തരംഉണ്ടായിരുന്നെങ്കിലും പെട്ടന്നു നമ്മൾ സുഹൃത്തുക്കളായി. പലപ്പോഴും പഴയകാല ചരിത്രങ്ങളും ആൾകാരെക്കുറിച്ചു പറയുന്നതും ഞാൻ ശ്രദ്ധയോടെ കെട്ടിരിക്കും. കാര്യങ്ങൾ പറയുന്നതിനിടയിൽ പലകുറി ഉച്ചത്തിൽ ചിരിക്കും ഖഫത്തിന്റെ കുറുകലോഡ് കൂടിയ ആ ചിരി ചുമച്ചു ചുമച്ചായിരിക്കും പലപ്പോഴും അവസാനിപ്പിക്കുക. അതെ കുടുംബത്തിൽ നിന്നും ഒറ്റ പ്പെട്ട ആ മനുഷ്യൻ നമുക്കിടയിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. 
പെട്ടന്നായിരുന്നു മാരകമായ ക്യാന്സറിന്റെ രൂപത്തിൽ വിധി വീണ്ടും അദ്ദേഹത്തെ ഒറ്റപ്പെടുത്താൻ നോക്കിയത്. ചെറുപ്പത്തിൽ സുഖിച്ചതിന്റെയും ചെയ്തതിന്റെയും ഫലമാണ് ഇയാൾ അനുഭവിക്കുന്നത് എന്നുപലരും അടക്കം പറയുന്നത് ഞാൻ കേട്ടു. തൊണ്ടയിൽ കാൻസർ ബാധിച്ചു അവശതയനുഭവിക്കുന്ന ആ പടു വൃദ്ധന്റെ കഴിഞ്ഞ കാല ചരിത്രം എന്തു തന്നെ ആയിരുന്നാലും എനിക്ക്ത് ആ അവസരത്തിൽ അറിയേണ്ടിയിരിന്നില്ല. സുമനസ്സുകളിൽ നിന്നും സമാഹരിച്ച തുകകൊണ്ട് ചികിത്സ ആരംഭിച്ചു. നാൾക്കുനാൾ രോഗം മൂർച്ഛിച്ചു വന്നു. റേഡിയേഷൻ ചെയ്ത് മുഖമാകെ വികൃതമായി തുടങ്ങി. ആളുകൾ ഒരു തരം അറപ്പോടെ അദ്ദേഹത്തെ നോക്കിത്തുടങ്ങി. ആ ചായക്കടിലായിരുന്നു ആ സമയത്തും അദ്ദേഹത്തിന്റെ കിടത്തം. അതുകൊണ്ട് തന്നെ ആളുകൾ അങ്ങോട്ടേക് കയറാതെ ആയി. ദാസപ്പണ്ണന്റെ കച്ചവടം വഴിമുട്ടി. 
ആശാന്റെ കാര്യത്തിൽ അടിയന്തിരമായി ഒരു തീരുമാനത്തിൽ എത്തിച്ചേരാൻ എല്ലാവരും ഒത്തുകൂടി. പഞ്ചായത്തിന്റെ ഇടപെടലിലൂടെ സർകാർ അഗതി മന്ദിരത്തിലെത്തിച്ചാൽ സംരക്ഷണവും ചികിത്സയും ലഭ്യമാക്കാം എന്ന തീരുമാനത്തിൽ എല്ലാവരും എത്തിച്ചേർന്നു. 
അങ്ങനെ ആ ദിനം വന്നെത്തി. അന്നും പതിവുപോലെ എല്ലാവരും ആ ചായക്കടയിൽ ഒത്തുകൂടി. പോകാനുള്ള കാറും എത്തി. എല്ലാവരും അവരുടെ വിഷമം പുറത്തുകാട്ടാതെ എന്നത്തേയും പോലെ ഇടപെടാൻ ശ്രമിച്ചെങ്കിലും പലരുടെയും കണ്ണുകളും മുഖവും അതിനു തടസമായി. ആ യാത്രചോദിപ്പു ഒരുതരം ഹൃദയം കീറിമുറിക്കുന്ന ഒന്നായി തോന്നി. കൂട്ടത്തിലൊരാൾ തന്റെ അരയിൽ നിന്നും ഒരു പൊതിയെടുത് തുറന്നു. ഒരു പുതിയ ജുബ്ബയും മുണ്ടും. അന്നാദ്യമായി മുഷിഞ്ഞതല്ലാത്ത ഒരു വസ്ത്രമിട്ടു ഞാൻ അദ്ദേഹത്തെ കണ്ടു. എല്ലാവരോടും യാത്രപറഞ്ഞു പുറത്തുതട്ടി അയാൾ കാറിൽ കയറി. 'അപ്പൊ ശെരി... ഇനിയൊരു ഒത്തുകൂടലില്ല നമ്മൾ അല്ലേ '. എന്നു പറഞ്ഞു കാറിന്റെ പിൻസീറ്റിലേക് അമർന്നു. ചുറ്റും കൂടിനിന്ന പലരുടെയും കണ്ണുകൾ ഈറനണിയുന്നത് ഞാൻ കണ്ടു. ഞാനും ദാസപ്പെണ്ണനും പഞ്ചായത്ത് മെമ്പറും കൂടിയാണ് ആശാനെ കൊണ്ടുപോയത്. അങ്ങെത്തുന്നവരെ കാറിനുള്ളിൽഅദ്ദേഹം എന്തെന്നില്ലാത്ത സംസാരമായിരുന്നു. വെള്ളത്തീന്നു കരയിൽ പിടിച്ചിട്ട മീൻ കണക്കെ അദ്ദേഹത്തിന്റെ മനസു പിടയുന്നത് വ്യക്തമായിരുന്നു. അദ്ദേഹത്തെ മാനസികമായി പിടിച്ചു നിർത്താൻ നമ്മളും വളരെ നോര്മലായി സംസാരിച്ചോണ്ടിരുന്നു. അവിടെ എത്തി എഴുത്തുകുത്തുകൾ പൂർത്തിയാക്കി അദ്ദേഹത്തെ അവരെ ഏൽപ്പിച്ചു. അന്ധേവാസികളിൽ ചിലരെ അതിനിടയിൽ നമ്മൾ പരിചയപ്പെട്ടു ആശാനുമായി പരിചയപ്പെടുത്തിച്ചു. 
പോകാൻ നേരം അദ്ദേഹം ഒരിക്കൽ കൂടി എന്നെ ഓർമിപ്പിച്ചു. " നന്നായി പഠിക്കണം കേട്ടോ.. പഠിച്ചൊരു ജോലി വാങ്ങണം " തിരിഞ്ഞു നില്കാതെ ഞാൻ നടന്നു. അതുവരെ പിടിച്ചുനിന്ന എന്റ മനസും ഇടറി. കണ്ണുകൾ നിറഞ്ഞൊഴുകി. ഓടിവന്നു കാറിൽ കയറി ഒരറ്റം പിടിച്ചിരിപ്പായി. നമ്മുടെ കാർ ദൂരേക്ക് മായുന്നതും നോക്കി ആ വൃദ്ധൻ ആ വരാന്തയിൽ തന്നെ നില്പുണ്ടായിരുന്നു. അങ്ങൊട് പോയപ്പോൾ സംസാരിച്ചു ഒച്ചവെച്ചുപോയ നമ്മൾ മൂന്നുപേരും ആ വാഹനത്തിൽ ഒരു വല്ലാത്ത നിശബ്ദത അനുഭവിച്ചു. ആരും പരസ്പരം ഒന്നും മിണ്ടിയില്ല. വണ്ടി എന്റ വീടിന്റെ മുന്നിലെത്തിയപ്പോൾ യാത്രപോലും പറയാതെ ഞാൻ വീട്ടിലേക്കു നടന്നുപോയി.. 
ഒരാഴ്ചയ്ക്കിപ്പുറം അദ്ദേഹത്തിന്റെ മരണവാർത്ത വിളിച്ചുപറഞ്ഞത് ദാ സപ്പെണ്ണനായിരുന്നു.അപ്പോഴും എന്റ കാതുകളിൽ നന്നായി പഠിക്കണം കേട്ടോ എന്നുള്ള ആശാന്റെ വാക്കുകളായിരുന്നു.

By: Chanduraj

മഴ


ഇന്നെനിക്ക് അവളോട് പ്രണയമാണ്. ഒരു പക്ഷേ പ്രകൃതിയും മനുഷ്യനും രണ്ടല്ല എന്നു വിശ്വസിക്കുന്നതിനാലാവാം അവൾ എന്റമേൽ ഇത്രയും ആഴ്ന്നിറങ്ങുന്നതിന്നു. അതെ ഇന്നവളെന്റ കാമുകിമാരിൽ ഒരാളാണ്. ചെറുപ്പം മുതൽ എന്റെ കളിക്കൂട്ടുകാരി ആയിരുന്നെങ്കിലും അന്നെനിക്ക് അവളോട് അത്ര ഇഷ്ടമായിരുന്നില്ല. അതിനു കാരണവുമുണ്ട് അവളെ കുറ്റപ്പെടുത്താൻ ഇന്നെനിക്കു തോന്നുന്നില്ല... ഇന്നവളെൻറ കാമുകിയാണല്ലോ.. 
ഇടയ്ക് വച്ചു ഒരടുത്ത സൗഹൃദം നമ്മളിൽ രൂപപ്പെട്ടു എപ്പോഴോ. ജീവിതയാത്രയിൽ മനസൊന്നിടറുന്ന നേരത്തെല്ലാം ഞാൻ നേരെ ആ ചെങ്കുത്തായ കുന്നിൻ മുകളിൽ ഒഴിഞ്ഞ ഒരിടത്തിരുത്തമുറപ്പിക്കും. മുന്നിൽ നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന സമുദ്രത്തിൽ നിന്നും എന്നിലേക്ക് വീശിയടിക്കുന്ന ഇളം കാറ്റിൽ ഞാൻ എന്നും പതിവുപോലെ ഒരു മടിപ്പുമില്ലാതെ തീരത്തിന്റെ നെഞ്ചിലേക്ക് ആഞ്ഞടിക്കുന്ന ആ തിരമാലകളെ നോക്കിയിരിക്കും. അവർ പണ്ടു മുതലേ എന്റ ചങ്ങാതി മാരാണല്ലോ.. ഞാൻ എന്നും അവരോട് കിന്നാരം പറയും നിങ്ങളെപ്പോലൊരു കാമുകിയെ എനിക്കും ലഭിക്കുമോ... കാലമെത്ര പിന്നിട്ടാലും ഈ പ്രപഞ്ചമുള്ളിടത്തോളം ഓരോനിമിഷവും എന്നിലേക്ക് പാഞ്ഞടുക്കുന്ന ഒരു കാമുകി... നിന്നെപ്പോലെ.... ഇതുപറഞ്ഞു നിൽകുമ്പോൾ പലപ്പോഴും ശക്തമായ തിരയുടെ രൂപത്തിൽ അവൾ എന്റെ കാൽപാദങ്ങളെ തഴുകിയിരിക്കും. തിരിച്ചു പോരുമ്പോൾ കാൽച്ചുവട്ടിലെ മണൽത്തരികൾ ഓരോന്നായി ഒഴുകിപോകുന്നത് ഞാനറിയും. എന്നെ അവളിലേക്ക് പിടിച്ചടുപ്പിക്കുന്ന പോലെ... പാവം കരയെപ്പോലെ ഞാനും അവളെ പറ്റിച്ചു. എങ്കിലും ആ ആലിംഗനം ഒരു പുതുമണവാട്ടിയുടെ നാണത്തോടെ അവൾ ഇന്നും തുടരും.. ഇല്ല ഒരുദിവസം ഞാൻ നിന്നെ പറ്റിക്കില്ല കേട്ടോ എന്നു സ്വകാര്യം പറഞ്ഞു ഞാൻ ആ കുന്നിൻ ചരുവിൽ കേറി ഇരുന്നു അവളെ ഇങ്ങനെ ആസ്വദിക്കും...
. അപ്പൊ ഞാൻ പറഞ്ഞുവന്നത് തുടരാം.... ആ കുന്നിൻ ചരുവിലിരിക്കുമ്പോൾ ഞാൻ ശെരിക്കും അവളോട് സംസാരിക്കും എന്റ സന്തോഷവും ദുഖവുമെല്ലാം പങ്കുവെക്കും.
സന്തോഷമാണെങ്കിൽ ഒരു നനുത്ത കാറ്റായി പിന്നാലെ ഒന്നുരണ്ടു തുള്ളികളായി അവളെന്നിൽ ചൊരിയും ഞാൻ മുഖമൊന്നുയർത്തി കണ്ണടചിരിക്കും ഇത്തിരി വലിയൊരു തുള്ളി എന്റ കവിളത്തു വീണാലേ ഞാൻ കണ്ണു തുറക്കത്തുള്ളൂട്ടോ.. അത് നമ്മൾ തമ്മിലുള്ള ഒരു ധാരണയാണ് കേട്ടോ.എന്റെ സന്തോഷത്തിൽ അവൾ അടുത്ത് വന്നു കെട്ടിപ്പിടിച്ചൊരുമ്മ തരുന്ന ഫീൽ ആണ് ആ മഴത്തുള്ളികൾ എനിക്ക് കവിളിൽ പതിക്കുമ്പോൾ....
മറ്റു ചിലപ്പോൾ മനസ്സാകെ വരിഞ്ഞു മുറുകുമ്പോൾ അവളും ആകെ അസ്വസ്ഥമാകാറുണ്ട്. ശക്തമായ കാറും കോളും അവളിൽ രൂപപ്പെടും. ആകാശം ഇരുണ്ട് കൂടും.. എന്റ നെഞ്ചുപിടയുന്നകണ്ടു മനസുവിങ്ങുന്ന ഒരു കുട്ടിയെപ്പോലെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകും.. ആ തുള്ളികൾക് ശക്തിയും ഘനവും ഉപ്പും ഉള്ളതായി എനിക്ക് തോന്നും അവളെന്നിലേക് പെയ്തിറങ്ങും.. ശക്തമായി എന്റെ കണ്ണുനീർ തുള്ളികളെ കഴുകിക്കളയും.. ശരീരത്തിനും മനസിനും കുളിരുപകരും... എന്റ മനസു ശാന്തമായേ അവളും നിലയ്ക്കുള്ളൂ.. ഹൃദയ താളം നിലക്കുന്നവരെ അവളും എന്നിലേക്കു പെയ്തിറങ്ങട്ടെ.... അവളെൻറ്റെ കാമുകിയല്ലേ......

കുഞ്ഞാറ്റ


അപ്പുവിനെ രാവിലെ 4 മണിക്ക് വിളിച്ചുണർത്തുമ്പോഴേക്കും 'അമ്മ എല്ലാം ഒതുക്കിക്കഴിഞ്ഞിരിക്കും. ഹോ.. അപ്പുവിന് ഒട്ടും ഇഷ്ടമല്ലാത്ത സംഗതിയും രാവിലെ ഉള്ള ആ വിളിച്ചുണർത്തൽ ആണ്. ഒരു കിലോമീറ്റർ അപ്പുറമുള്ള പാക്കളതാണ് രാവിലെ കയർ പിരിക്കാൻ പോകേണ്ടത്. അപ്പുവിന്റെ അനിയനും അമ്മയും മാത്രമടങ്ങുതാണ് ആ കുടുംബം. അനി യാനാണേൽ മൂന്നുവയസേ ആയിട്ടുള്ളൂ. അതുകൊണ്ടു അവനെക്കാൾ മൂന്നു വയസിനു മൂത്തതായ അപ്പുവിനെ മുതിർന്ന കുട്ടിയാണ് നീയ് എന്ന് 'അമ്മ ഇടയ്കിടക് പറയുമ്പോൾ എന്തോ ഒരു വികാരം അന്നേ അവനിൽ ഉണ്ടയിരുന്നു. അവന്റെ അമ്മ രാവിലെ മൂന്നു മണിക്കെങ്കിലും എഴുന്നേറ്റിട്ടുണ്ടാവണം. ഇനി കയർ പിരി കഴിഞ്ഞു തിരിച്ചെത്തുന്നത് വൈകുന്നേരം ആണ്.വൈകുന്നേരങ്ങളിൽ ആണ് ശെരിക്കും ആ കുടിലിൽ അടുപ്പു പുകഞ്ഞു തുടങ്ങുന്നതും. വൈകുന്നേരം പണി കഴിഞ്ഞു തിരികെ വരുന്ന നേരം ദാസേട്ടന്റെ പലചരക്കുകടയിൽ നിന്നും വാങ്ങുന്ന അരി തിളയ്ക്കുന്നതിനു സമീപം അപ്പുവും അനിയനും രാത്രി വൈകിയും പ്ലേറ്റും കരണ്ടിയുമായി കാവലിരിക്കും.ആ കരണ്ടിയും പ്ലേറ്റും തമ്മിൽ മുട്ടിച്ചു ശബ്ദമുണ്ടാക്കുക എന്നത് അവരുടെ വിനോദവും. പറഞ്ഞിട്ടും നിർത്താതെയുള്ള ആ കുസൃതി ഓർക്കാപ്പുറത്തുള്ള അമ്മയുടെ അടിയോടും തുടർന്നുള്ള കരച്ചിലിലുമായിരിക്കും അവസാനിക്കുക. രാത്രികളിൽ മാത്രമാണ് അവർ ചൂടോടെ ആഹാരം കഴിക്കുക. ആ സമയം പാകം ചെയ്യുന്ന ചോറും കറികളും പിറ്റേന്നു രാവിലത്തേയും ഉച്ചകത്തേയും ആഹാരമായി ആണ് ഉപയോഗിക്കുക. അതിനായി അമ്മയ്ക്കു മൂന്നു തൂക്കുപാത്രവുമുണ്ട് താനും. രാവിലെ എഴുന്നേറ്റു തലേദിവസം വെള്ളമൊഴിച്ചിട്ടിരുന്ന ചോറ് ഈ തൂക്കു പാത്രങ്ങളിൽ ഭദ്രമാക്കി നിറയ്ക്കുക എന്നതാണ് പ്രധാന ജോലി.. അതിൽ ഒരു പാത്രത്തിലെ ആഹാരം അപ്പുവിനും അനി യനുമുള്ളതാണ്‌. ഇങ്ങനെയാണ് ദിനചര്യയെങ്കിലും ചില ദിവസങ്ങളിൽ അപ്പുവിനും അണിയനുമായി മാത്രം പലഹാരവും ഉണ്ടാക്കാറുണ്ട്.. ഇന്നെന്തായാലും 'അമ്മ രാവിലെ പുട്ടുണ്ടാക്കി എന്നു പറഞ്ഞു. അപ്പുവിന്റെ ഉറക്കക്ഷീണമെല്ലാം അതോടെ പമ്പ കടന്നു. പെട്ടന്നു എഴുന്നേറ്റു മുഖം കഴുകി തന്റെ പുസ്തക സഞ്ചി എടുത്തു. അടുത്തിരുന്ന അവനേറ്റവും ഇഷ്ടപ്പെട്ട പുള്ളിക്കുടയും എടുത്തു. സ്കൂൾ തുറന്നപ്പോൾ അവൻ ആകെ അമ്മയോട് ആവശ്യപ്പെട്ടു വാങ്ങിയത് അതു മാത്രമാണ്. കുടയുടെ തുണിയിൽ നിറയെ മൃഗങ്ങളുടെ ചിത്രങ്ങളാണ്. പിടിയിൽ ഒരു വിസിലും കുറെ നാളത്തെ ആഗ്രഹത്തിന് ശേഷമാണ് അവൻ അത് സ്വന്തമാക്കിയത്. 
സഞ്ചിയിൽ പിന്നെ ഒരു സ്ലേറ്റും ഉച്ചയ്ക്കു കഞ്ഞികുടിക്കാനുള്ള ചോറ്റുപാത്രവും മാത്രമേ ഉള്ളൂ.. പിന്നെ അവൻ ഭദ്രമായി സൂക്ഷിച്ചിരുന്ന കന്യാകുമാരി പെന്സിൽ രണ്ടെണ്ണം എടുത്തു സഞ്ചിയിലിട്ടു. അപ്പുറത്തെ രാധ ചേച്ചി കന്യാകുമാരിയിൽ പോയി വന്നപ്പോൾ കൊണ്ടുവന്നതാണ് ഒരു തരം പെൻസിൽ. ക്ലാസിൽ ആ സമയത്തു അവനു മാത്രേ അത് ഉണ്ടായിരുന്നുള്ളൂ. 
അങ്ങനെ പതിവുപോലെ അതിരാവിലെ ആ കുടുംബം അതിജീവനത്തിനായി നടന്നു നീങ്ങി. അമ്മയുടെ ഒക്കത് അപ്പോഴും അനിയൻ ഉറങ്ങുന്നുണ്ടായിരുന്നു. മറുകയ്യിൽ ചോറ്റുപാത്രങ്ങൾ നിറഞ്ഞ കവറും.. അമ്മയുടെ കൂടെ നടന്നെത്താൻ അപ്പു എന്നും ഇടതു തോളിൽ ആ സഞ്ചിയും വലതുകയിൽ ആ വിസിലുള്ള കുടയും കറക്കി മത്സരിക്കുമായിരുന്നു. 
പത്തിരുപത് മിനുട് കൊണ്ട് അവർ പാക്കലത്തെത്തി. 'അമ്മ പണി തുടങ്ങുന്നതിനു മുന്നേ ചോറ്റുപാത്രവുംഎന്റെ തുണിസഞ്ചിയും ഭദ്രമായി അടുത്തുള്ള ഒരു ചെറിയ മരത്തിന്റെ കൊപ്പിൽ കൊരുത്തിട്ടു. അനിയൻ ആ സമയവും ഉറക്കം തന്നെ. ഒരു പഴയ തോർത്തു എടുത്തു കൂട്ടിയിട്ടിരുന്ന ചകിരി ഒന്നു തട്ടി നിരത്തി അതിൽ കിടത്തി. അതിന്റ അറ്റത്തായി അപ്പുവും കിടന്നുറങ്ങാറാണ് പതിവു. പക്ഷേ എന്തോ തൊട്ടടുത്ത മരക്കൊമ്പിൽ തൂങ്ങിയാടുന്ന ആ പലഹാര പാത്രത്തിൽ ആയിരുന്നു അവന്റെ ശ്രദ്ധ മുഴുവൻ അന്നേരം. പതിവിനു വിരുദ്ധമായി ഇന്നു പലഹാരമാണല്ലോ. സാധാരണ തൊട്ടടുത്തുള്ള സ്കൂളിൽ എത്താൻ സമയത്തിനും അൽപ നേരം മുന്നേ മാത്രമാണ് അടുത്ത തോട്ടിൽ പോയി കുളിച്ചു വന്നു രാവിലത്തെ കഞ്ഞി കുടിക്കുക. പക്ഷേ ഇന്നു നേരം പുലർന്നു തുടങ്ങിയാൽപ്പോൾ തന്ന അപ്പു ഒറ്റ ഓട്ടം തോട്ടിലേക്ക്. നിമിഷങ്ങൾക്കകം കുളിച്ചു റെഡി ആയി തിരിച്ചെത്തി എന്നും ആഹാരം കഴിക്കാൻ ഇരിക്കുന്ന സ്ഥലത്തു പോയി നേരെ ഇരിപ്പുറപ്പിച്ചു. അമ്മയ്ക്കു കാര്യം മനസിലായി. പക്ഷേ പണി നടക്കുന്നതിനിടയിൽ പെട്ടന്നു പറ്റില്ലല്ലൊ. അപ്പുവിന് കയ്യെത്തുന്നിടത്തല്ല താനും. കൂടെ കയര്പിരിയക്ക്‌ണ ശകുന്തളച്ചേച്ചി അപ്പിവിന്റെ മുഖത്തു നോക്കിയിട്ടാവും പറഞ്ഞു. നീ അവനു കാപ്പി കൊടുക്ക് പെണ്ണേ.... പെട്ടന്നു ആ ജോലിക്കിടയിൽ 'അമ്മ ഓടിവന്നു ആ കവറിൽ നിന്നും ചോറ്റുപാത്രം എടുത്തു തുറന്നു.. അതിൽ ചെറിയ രണ്ട് കഷ്ണം പുട്ടു അതിന്റെ തന്നെ അടപ്പിൽ വച്ചു. ആ കവറിൽ തന്ന കരുതിയിരുന്ന ഒരു പൊതിയിൽ പുട്ടിലിടാനുള്ള പഞ്ചസാര ആയിരുന്നു. അതു നിറയെ ചോനൻ ഉറുമ്പ് കേറിയിരുന്നു 'അമ്മ ആ പൊതി തുറന്നു നല്ലതു പോലെ ഒന്നു ഊതി. പക്ഷേ എന്നിട്ടും ഉറുമ്പുകൾ തീർന്നിരുന്നില്ല. അപ്പുവിന് മുന്നിൽ വച്ച പുട്ടിന്റെ കൂടെ ഈ പൊതിയും സ്വൽപം വെയിൽ തട്ടുന്നിടത്തു വച്ചിട്ട് 'അമ്മ വീണ്ടും കയര്പിരിക്കൽ തുടങ്ങി...... പഞ്ചസാരയിൽ നിന്നുള്ള ഉറുമ്പു പെറുക്കികളഞ്ഞു ആ ആഹാരം കഴിക്കുമ്പോഴും ആ കുഞ്ഞു മുഖത്തെ പുഞ്ചിരി എന്നെ ഒരുപാട് ചിന്തിപ്പിക്കുന്നു...

By: chanduraj

ചിലർ അങ്ങനെയാണ്.


എത്രയൊക്കെ നാളുകൾ പിന്നിട്ടാലും ഓർമയിൽ ഇടയ്കിടയ്ക് മിന്നിമറയും. ഒരുതരം അരിച്ചിറങ്ങുന്ന വിങ്ങലോടെ, വേദനയോടെ,.. ഇടയ്ക് ആരയക്കയോ നഷ്ടമായീന്നും ജീവിതത്തിൽ ഒറ്റപ്പെട്ടുപോയീന്നുമുള്ള ചിന്തകൾ അപ്പോഴെല്ലാം കടന്നുവരും.... 
ഉച്ചയ്‌ക്കൊന്നു മയങ്ങിയതാണ്. പെട്ടന്നു ഉണർന്നു. അപ്പുമാമൻ വിളിച്ചു. നേരെ കതക് തുറന്നു നാലുപാടും നോക്കി. ഉറക്കവും സ്വപ്നവും വിട്ടുമാറാത്തൊണ്ടാവാം. ഒരു ദീർഘനിശ്വാസത്തോടെ വീണ്ടും കിടന്നു. 

അപ്പുമാമൻ -ഒര്കുമ്പോഴെല്ലാം ഒരു സുരക്ഷിതത്വമാണ്, സുഖമാണ്, നോവാണ് മനസിന്. ഇനി ഉറക്കം വരില്ലെന്ന് മനസിലായി എഴുന്നേറ്റ് ചാരിയിരുന്നു.
അപ്പുമാമനെക്കുറിച്ചു പറയുമ്പോൾ എനിക്ക് ആയിരം നാവാണെന്നെല്ലാരും പറയാറുണ്ട്, അതെ എത്ര പറഞ്ഞാലും എനിക്ക് മതിവര്ത്തു്മില്ല.എട്ടു വയസുള്ളപ്പോൾ കൂടെ കൂടിയതാണ്. എനിക്കെന്നും കൗതുകമായിരുന്നു ആ മനുഷ്യനോട്. എന്റെ രീതിയിൽ പറഞ്ഞാൽ പച്ച മനുഷ്യൻ. മനുഷ്യരോട് മാത്രമല്ല തൊടിയിലെ ഓരോ മരങ്ങളും മണ്ണും തൊഴുത്തിലെ പൂവാലിയും നമ്മുടെ കൈസറും എല്ലാം അടങ്ങുന്ന സുഹൃത് വലയത്തിനുടമയാണ് മാമൻ. അധികം താമസിക്കാതെ ഞാനും അക്കൂട്ടത്തിൽ ഒരാളാവുകയും അവരെല്ലാം എന്റെയും സുഹൃത്തുക്കളായി മാറുകയും ചെയ്തു. 


വളരെകുറച് സമയത്തിനുള്ളിൽ അവരെല്ലാം ഇന്നു എന്റെ മനസിലൂടെ കടന്നു പോയി. അവരോരുത്തരെക്കുറിച്ചും ഒന്നിൽക്കൂടുതൽ ദിവസം ചിലവഴിച്ചാലും തീരാത്തത്ര കഥകളുണ്ട് പറയാൻ. ഇത്തവണ തിരുവോണത്തിന് ഞാനെത്തുമെന്നു സാവിത്രി 'അമ്മ പ്രതീക്ഷിച്ചിരുന്നു. അങ്ങനാണല്ലോ കഴിഞ്ഞ പത്തിരുപത് കൊല്ലത്തെ പതിവ്. അയൽക്കാരാണെങ്കിലും അതെന്റേയും കുടുംബമായിരുന്നു. ജീവിതത്തിന്റെ എല്ലാ പ്രതിസന്ധി ഘട്ടത്തെയും ഞാൻ അതിജീവിച്ചതിൽ ആ കുടുംബത്തിനും അപ്പുമാമനുമുള്ള പങ്ക് ചെറുതല്ല.
തിരുവോണ ദിവസം ഞാൻ നേരത്തേ വീട്ടിൽ ഊണു വിളമ്പിക്കും. പേരിനു മാത്രം ഒരുപിടി ചോറുണ്ടിട്ട് ദ്രിതിപ്പെട്ടു ഓടിച്ചെല്ലുമ്പോഴേക്കും ആ വലിയ കുടുംബത്തിന് വിളമ്പിയ വരിവെച്ച ഓണസദ്യയിൽ ഒരു തൂശനില എനിക്കായുണ്ടാവും. അതാണ് ഇന്നും എനിക്ക് സദ്യ. കഴിഞ്ഞ പത്തിരുപത് കൊല്ലത്തെ പതിവാണ് ഇക്കുറി തെറ്റിയത്. കഴിഞ്ഞില്ല. ജീവിതത്തിന്റെ തിരക്കുകളിൽ ഇന്നു ഞാനത് വിട്ടുപോയി. പാടില്ലാത്തതാണ് വാക്കുകൾ കൊണ്ട് വിവരിക്കാനാകാത്തതാണ് അതിന്റെ വികാരം.. ആ വലിയ കുടുംബം ഇന്നു വെറും ഒരാളിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഉച്ചയൊന്നു മയങ്ങിയപ്പോൾ ഇടറിയ ശബ്ദത്തിൽ സാവിത്രി 'അമ്മ ഫോൺചെയ്തു ചോദിച്ചു. എനിക്ക് മക്കൾ മൂന്നുപേരുണ്ട്. പക്ഷേ ഇന്നു ഉച്ചയ്ക്കു തിരുവോണസദ്യ ഞാൻ രണ്ടിലയിൽ വിളമ്പി. ഒരെണ്ണം നിന്റെ മാമന്റെ പടത്തിനു താഴെ വെച്ചു കൊടുത്തു. നിന്നെ കാണാണ്ടായപ്പോൾ ഞാൻ കഴിച്ചു. നിന്റെ മാമന്റെ കയ്യിൽ നിന്നും ആഹാരം കഴിക്കുന്നതിൽ നീയെന്നും വാശികാണിക്കുമായിരുന്നല്ലോ ?.. അതുകൊണ്ട് അത് നിനക്കായി മാറ്റിവെച്ചു. പക്ഷേ.... പറഞ്ഞു മുഴുവിക്കും മുന്നേ അവരുടെ സ്വരമിടറി.... എനിക്ക് ഒരക്ഷരം ആ നിമിഷം മിണ്ടാൻ കഴിഞ്ഞില്ല.. മാമന് എന്നോടുള്ള സ്നേഹക്കൂടുതൽ മക്കൾക്ക് മാത്രമല്ല സാവിത്രിയമ്മയ്ക്കും ഉണ്ടായിരുന്നൂന്നു ഞാൻ പലപ്പോഴും ആലോചിച്ചു. അതെല്ലാം എന്റെ തോന്നലുകൾ ആയിരുന്നു. സ്കൂളിൽ പഠിക്കാൻ പോകുമ്പോൾ വണ്ടിക്കൂലി ഇല്ലാതെ വീട്ടിൽ വഴക്കിടുമ്പോൾ അതുകേട്ടു അനങ്ങാതെ വന്ന്‌ ആരും കേൾക്കാതെ കിഴക്കേമുറിയിൽ അയയിൽ തൂക്കിയ മഞ്ഞ ഷിർട്ടിന്റെ പോക്കറ്റിനുള്ളിൽ നോക്കാൻ രഹസ്യം പറഞ്ഞു നടന്നകലുന്ന മാമൻ ഒരിക്കൽ കൂടി മുന്നിലൂടെ കടന്നു പോയി..


By: chanduRaj

ഓർമയിൽ എപ്പോഴും........


കാലമാം ജീവിത സായന്തനത്തിലും ഇളം കാറ്റിലും നിൻ സ്വരം തേടുന്നു ഞാൻ... ഈരാവെനിക്കിന്നു കൂട്ടിനുണ്ട്..... ഈറനാം തെന്നലെൻ കൂട്ടിനുണ്ട്. ആർത്തിരമ്പും കടൽത്തീരത്തുനാം നെയ്തൊരായിരം കനവുകൾ കൂട്ടിനുണ്ട്..
ചിരിമാറി അഴലിന്റെ നേർത്തൊരംശം നിന്റെ മുഖമൊന്നുതഴുകിത്തലോടിയെന്നാൽ...... അറിയാതെപിടയുന്ന ഹൃദയമുണ്ടിന്നെനിക്കറിയാതെ- യുരുകുന്ന ഹൃദയമുണ്ട്....
അകലയാണെങ്കിലും കാലമേ നീയന്നു - നല്കീയൊരോർമ്മകൾ മതിയെനിക്ക്.... ഇനിവരും ജന്മത്തിലെങ്കിലും കാലമേ - അരികത്തണയുവാനായീടണെ........
ചിതകത്തിയുയരുന്ന നേരത്തും എന്റെ കണ്ണുകൾ നിന്നെത്തിരഞ്ഞിരിക്കും..
ആ... കണ്ണുനീർകൊണ്ടെന്റെ
ചിതയിലെ കനലുകൾ കെട്ടിരിക്കും......

By: 
Chandu Raj

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo