മോൻ പഠിച്ചൊരു ജോലി വാങ്ങണം '
ഇത്തിരി സമയം ഒറ്റയ്ക്കു കിട്ടുമ്പോഴക്കെ ആശാൻ ഉപദേശിക്കുന്നത് പതിവായിരുന്നു. പ്രായം എൺപതിനോടടുത്ത, നരച്ച അലസമായി എപ്പോഴും പറക്കുന്ന മുടിയും, കുറ്റിത്താടിയും, മുഷിഞ്ഞ ജുബയും മുണ്ടും മാത്രമുടുത്തു മാത്രം ഞാൻ കണ്ടിട്ടുള്ള രാമചന്ദ്രക്കുറുപ്പ് എന്ന നമ്മളെല്ലാം സ്നേഹത്തോടെ പ്രായത്തിന്റെയും സൗഹൃദത്തിന്റെയും പേരിൽ ആശാനെന്നു വിളിക്കുന്ന ഈ കഥയിലെ കേന്ദ്ര ബിന്ദു.
ആ സമയത്തൊക്കെ വൈകുന്നേരങ്ങളിൽ ദാസപ്പണ്ണന്റെ ചായക്കടയിൽ ഒത്തുകൂടുക പതിവായിരുന്നു. കുറച്ചു രാഷ്ട്രീയവും സാമൂഹിക പ്രവർത്തനവുമായി നടക്കുന്ന സമയം. ആ പ്രദേശത്തെ സമാന ചിന്താഗതിക്കാരുടെ ഒരു കേന്ദ്രമായിരുന്നു അവിടം. സാദാരണക്കാരും കൃഷിക്കാരും ഉദ്യോഗസ്ഥരും അടക്കം പഞ്ചായത്തിന്റെ പ്രതിനിധികൾ പോലും അതിൽ പെടും. പലപല കോണുകളിൽ നിന്നും വൈകുന്നേരങ്ങളിൽ അവിടെ എത്തുന്നവർ രാത്രി ഏറെ വൈകിയാവും പിരിയുക. ഭൂമിക്കു താഴെയുള്ള എന്തിനെക്കുറിച്ചും അവിടെ അഭിപ്രായങ്ങൾ ഉണ്ടാവും. പില്കാലത് നമുക്ക് നഷ്ടപ്പെട്ടതും ആരോഗ്യകരമായ ഇത്തരം ഒത്തുചേരലുകളാണ് എന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. കൂട്ടത്തിൽ ഇരുപത്തിരണ്ട് വയസുള്ള ഞാനും എൺപതിനടുത്തു പ്രായമുള്ള ആശാനും ഉണ്ടായിരിന്നു.
ഇനി നമുക്ക് കാര്യത്തിലേക്കു വരാം.
വൈകുന്നേരങ്ങളിൽ ഒത്തുകൂടുന്ന നമ്മളെല്ലാവരും പോയാലും പോകാത്ത ഒരാളാണ് ആശാൻ. എവിട പോകാനാണ്.നാല് തൂണുകളിൽ ടാർപോളിൻ വിരിച്ചുണ്ടാക്കിയ ആ ചെറിയ ചായക്കടയിലെ ബഞ്ചിന്മേലാണ് ആശാന്റെ ഉറക്കം. ആ നാട്ടുകാരൻ തന്നെ. കുറച്ചു കഥകളൊക്കെ ഞാനും കേട്ടിരുന്നു. ഒരുകാലത്തു പ്രതാപത്തോടെ ജീവിച്ചിരുന്ന ഒരാൾ. ഭാര്യ മരണപ്പെട്ടതിനു ശേഷം അവശേഷിക്കുന്ന സ്വത്തുക്കളുമായി ഏക മകൾ അവളുടേതായ സാമ്രാജ്യം തേടിപ്പോയപ്പോൾ വാർധക്യത്തിൽ നടതള്ളുന്ന പുതിയ കാല കുടുംബ സംസ്‍കാരത്തിലെഎനിക്ക് മുന്നിലെ ജീവിക്കുന്ന ഒരു ഉദാഹരണമായി അദ്ദേഹം മാറി.പക്ഷേ ഈ ഒറ്റപ്പെടലുകളൊന്നും അദ്ദേഹത്തെ അത്രകണ്ട് തളർത്തിയിരുന്നില്ല എന്നുവേണം പറയാൻ. അന്നന്നത്തെ ഉപജീവനത്തിനായി ലോട്ടറി ടിക്കറ്റ് വിൽക്കും. അതിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ആഹാരം കഴിഞ്ഞു പോകും. പ്രായത്തിൽ എത്രകണ്ട് അന്തരംഉണ്ടായിരുന്നെങ്കിലും പെട്ടന്നു നമ്മൾ സുഹൃത്തുക്കളായി. പലപ്പോഴും പഴയകാല ചരിത്രങ്ങളും ആൾകാരെക്കുറിച്ചു പറയുന്നതും ഞാൻ ശ്രദ്ധയോടെ കെട്ടിരിക്കും. കാര്യങ്ങൾ പറയുന്നതിനിടയിൽ പലകുറി ഉച്ചത്തിൽ ചിരിക്കും ഖഫത്തിന്റെ കുറുകലോഡ് കൂടിയ ആ ചിരി ചുമച്ചു ചുമച്ചായിരിക്കും പലപ്പോഴും അവസാനിപ്പിക്കുക. അതെ കുടുംബത്തിൽ നിന്നും ഒറ്റ പ്പെട്ട ആ മനുഷ്യൻ നമുക്കിടയിൽ നിറഞ്ഞു നിൽക്കുകയായിരുന്നു.
പെട്ടന്നായിരുന്നു മാരകമായ ക്യാന്സറിന്റെ രൂപത്തിൽ വിധി വീണ്ടും അദ്ദേഹത്തെ ഒറ്റപ്പെടുത്താൻ നോക്കിയത്. ചെറുപ്പത്തിൽ സുഖിച്ചതിന്റെയും ചെയ്തതിന്റെയും ഫലമാണ് ഇയാൾ അനുഭവിക്കുന്നത് എന്നുപലരും അടക്കം പറയുന്നത് ഞാൻ കേട്ടു. തൊണ്ടയിൽ കാൻസർ ബാധിച്ചു അവശതയനുഭവിക്കുന്ന ആ പടു വൃദ്ധന്റെ കഴിഞ്ഞ കാല ചരിത്രം എന്തു തന്നെ ആയിരുന്നാലും എനിക്ക്ത് ആ അവസരത്തിൽ അറിയേണ്ടിയിരിന്നില്ല. സുമനസ്സുകളിൽ നിന്നും സമാഹരിച്ച തുകകൊണ്ട് ചികിത്സ ആരംഭിച്ചു. നാൾക്കുനാൾ രോഗം മൂർച്ഛിച്ചു വന്നു. റേഡിയേഷൻ ചെയ്ത് മുഖമാകെ വികൃതമായി തുടങ്ങി. ആളുകൾ ഒരു തരം അറപ്പോടെ അദ്ദേഹത്തെ നോക്കിത്തുടങ്ങി. ആ ചായക്കടിലായിരുന്നു ആ സമയത്തും അദ്ദേഹത്തിന്റെ കിടത്തം. അതുകൊണ്ട് തന്നെ ആളുകൾ അങ്ങോട്ടേക് കയറാതെ ആയി. ദാസപ്പണ്ണന്റെ കച്ചവടം വഴിമുട്ടി.
ആശാന്റെ കാര്യത്തിൽ അടിയന്തിരമായി ഒരു തീരുമാനത്തിൽ എത്തിച്ചേരാൻ എല്ലാവരും ഒത്തുകൂടി. പഞ്ചായത്തിന്റെ ഇടപെടലിലൂടെ സർകാർ അഗതി മന്ദിരത്തിലെത്തിച്ചാൽ സംരക്ഷണവും ചികിത്സയും ലഭ്യമാക്കാം എന്ന തീരുമാനത്തിൽ എല്ലാവരും എത്തിച്ചേർന്നു.
അങ്ങനെ ആ ദിനം വന്നെത്തി. അന്നും പതിവുപോലെ എല്ലാവരും ആ ചായക്കടയിൽ ഒത്തുകൂടി. പോകാനുള്ള കാറും എത്തി. എല്ലാവരും അവരുടെ വിഷമം പുറത്തുകാട്ടാതെ എന്നത്തേയും പോലെ ഇടപെടാൻ ശ്രമിച്ചെങ്കിലും പലരുടെയും കണ്ണുകളും മുഖവും അതിനു തടസമായി. ആ യാത്രചോദിപ്പു ഒരുതരം ഹൃദയം കീറിമുറിക്കുന്ന ഒന്നായി തോന്നി. കൂട്ടത്തിലൊരാൾ തന്റെ അരയിൽ നിന്നും ഒരു പൊതിയെടുത് തുറന്നു. ഒരു പുതിയ ജുബ്ബയും മുണ്ടും. അന്നാദ്യമായി മുഷിഞ്ഞതല്ലാത്ത ഒരു വസ്ത്രമിട്ടു ഞാൻ അദ്ദേഹത്തെ കണ്ടു. എല്ലാവരോടും യാത്രപറഞ്ഞു പുറത്തുതട്ടി അയാൾ കാറിൽ കയറി. 'അപ്പൊ ശെരി... ഇനിയൊരു ഒത്തുകൂടലില്ല നമ്മൾ അല്ലേ '. എന്നു പറഞ്ഞു കാറിന്റെ പിൻസീറ്റിലേക് അമർന്നു. ചുറ്റും കൂടിനിന്ന പലരുടെയും കണ്ണുകൾ ഈറനണിയുന്നത് ഞാൻ കണ്ടു. ഞാനും ദാസപ്പെണ്ണനും പഞ്ചായത്ത് മെമ്പറും കൂടിയാണ് ആശാനെ കൊണ്ടുപോയത്. അങ്ങെത്തുന്നവരെ കാറിനുള്ളിൽഅദ്ദേഹം എന്തെന്നില്ലാത്ത സംസാരമായിരുന്നു. വെള്ളത്തീന്നു കരയിൽ പിടിച്ചിട്ട മീൻ കണക്കെ അദ്ദേഹത്തിന്റെ മനസു പിടയുന്നത് വ്യക്തമായിരുന്നു. അദ്ദേഹത്തെ മാനസികമായി പിടിച്ചു നിർത്താൻ നമ്മളും വളരെ നോര്മലായി സംസാരിച്ചോണ്ടിരുന്നു. അവിടെ എത്തി എഴുത്തുകുത്തുകൾ പൂർത്തിയാക്കി അദ്ദേഹത്തെ അവരെ ഏൽപ്പിച്ചു. അന്ധേവാസികളിൽ ചിലരെ അതിനിടയിൽ നമ്മൾ പരിചയപ്പെട്ടു ആശാനുമായി പരിചയപ്പെടുത്തിച്ചു.
പോകാൻ നേരം അദ്ദേഹം ഒരിക്കൽ കൂടി എന്നെ ഓർമിപ്പിച്ചു. " നന്നായി പഠിക്കണം കേട്ടോ.. പഠിച്ചൊരു ജോലി വാങ്ങണം " തിരിഞ്ഞു നില്കാതെ ഞാൻ നടന്നു. അതുവരെ പിടിച്ചുനിന്ന എന്റ മനസും ഇടറി. കണ്ണുകൾ നിറഞ്ഞൊഴുകി. ഓടിവന്നു കാറിൽ കയറി ഒരറ്റം പിടിച്ചിരിപ്പായി. നമ്മുടെ കാർ ദൂരേക്ക് മായുന്നതും നോക്കി ആ വൃദ്ധൻ ആ വരാന്തയിൽ തന്നെ നില്പുണ്ടായിരുന്നു. അങ്ങൊട് പോയപ്പോൾ സംസാരിച്ചു ഒച്ചവെച്ചുപോയ നമ്മൾ മൂന്നുപേരും ആ വാഹനത്തിൽ ഒരു വല്ലാത്ത നിശബ്ദത അനുഭവിച്ചു. ആരും പരസ്പരം ഒന്നും മിണ്ടിയില്ല. വണ്ടി എന്റ വീടിന്റെ മുന്നിലെത്തിയപ്പോൾ യാത്രപോലും പറയാതെ ഞാൻ വീട്ടിലേക്കു നടന്നുപോയി..
ഒരാഴ്ചയ്ക്കിപ്പുറം അദ്ദേഹത്തിന്റെ മരണവാർത്ത വിളിച്ചുപറഞ്ഞത് ദാ സപ്പെണ്ണനായിരുന്നു.അപ്പോഴും എന്റ കാതുകളിൽ നന്നായി പഠിക്കണം കേട്ടോ എന്നുള്ള ആശാന്റെ വാക്കുകളായിരുന്നു.
By: Chanduraj
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക