Slider

പൊടിമഴ

0

സ്കൂളുവിട്ട് വീട്ടിലെത്തിയപ്പോൾ പുതിയ സൈക്കൾ എത്തിയിട്ടുണ്ടായിരുന്നു.
ഉത്സാഹം കൂടി,
പാലിനു പോകാനും, കടയിൽ പോകാനുമൊക്കെ...
സ്കൂളിൽ പോക്ക് പുതിയ സൈക്കിളിലായി... 
വളവുകളിലൂടെ പാഞ്ഞ് പോകുമ്പോൾ മുടിയിൽ കാറ്റു തട്ടിപ്പാറി പറന്ന്....
ഹായ് അതൊരു സുഖംതന്നെയായിരുന്നു....
ഒരു ദിവസം വൈകിട്ടുവീടെത്തി ,
നല്ല വിശപ്പുണ്ട്,
പക്ഷെ!
അരി പൊടിക്കണം,
അതിന് ഒത്തിരി ദൂരെ! വളരെ ദൂരെ പൂച്ചാക്കൽ വരെ പോകണം
ഏകദേശം ഒരു കിലോമീറ്റർ!
എന്നാലും സൈക്കിളിൽ പോകാല്ലോ..
പോയേക്കാം,
പോയി,
മഹാനഗരത്തിലേക്കെത്തി!പൂച്ചാക്കൽ ക്കാരുടെ പാപനാശിനി,
പൂച്ചാക്കൽതോട് !!!
അതിന്റെ ഇങ്ങേക്കരയിൽ,
നിരത്തിയുള്ള കെട്ടിടങ്ങൾ, പലതിലും പ്രൗഢിയുള്ള പഴയ കാല മുതലാളിമാരുടെ, തുണിക്കടകളും, മൺചട്ടി വിൽപ്പനയും, പലചരക്കു മൊത്ത വിപണിയുമൊക്കെ ഉണ്ടായിരുന്നതാണ് ....
ഇന്നവിടെ ചുവരുകളിൽ, പേരാലിന്റെ വേരുകൾ ചുവർചിത്രം തീർത്തിരിക്കുന്നു,
ഭാവനാ വൈഭവമുള്ളവർക്ക്,അതിൽ മഹാസന്യാസിമാരെയും, അശോക ചക്രവർത്തിയേയും, ബുദ്ധനേയുമൊക്കെ കാണാം!
അതിലൊരു കെട്ടിടത്തിലാണ്, സകലതും തവിടുപൊടിയാക്കുന്ന പൊടിമിൽ " സുദർശന ".
വൈകിട്ടത്തെ കച്ചവടം കഴിഞ്ഞ്, മിച്ചം വന്ന പുൽക്കെട്ടുകളുമായി ചെറുവള്ളങ്ങൾ വേമ്പനാട്ടു കായൽ ലക്ഷ്യമാക്കി കിഴക്കോട്ടു നീങ്ങി.
അരിയുടെ കിറ്റ് ,ഓപ്പറേറ്ററുടെ നേരേ വച്ചുനീട്ടി,
സന്ധ്യ മയങ്ങിത്തുടങ്ങി!ചെറിയ മഴക്കു കോളുണ്ട്,
കുടയില്ല!
അഥവാ കുടയുണ്ടെങ്കിൽത്തന്നെ ഒരു കൈയ്യിൽ കുട പിടിച്ച് സൈക്കിളോടിക്കാനറിയില്ല!
ഹൊ!
മഴ തുടങ്ങി!
ഞാൻ കടയിൽത്തന്നെ നിന്നു.
മഴ കുറഞ്ഞു ,ഞാൻ വീട്ടിലേക്കു പോയി, പകുതിയെത്തിയപ്പോൾ വീണ്ടും മഴ!
അരിപ്പൊടി കിറ്റ് ഹാൻഡിലിൽ തൂക്കി,നനയാതിരിക്കാൻ ,വലത്തോട്ട് പിരിച്ച്, മുറുക്കി വീണ്ടും മുന്നോട്ട്:
വീട്ടിലെത്തി !
അരിപ്പൊടി സൈക്കിളിൽ നിന്നെടുത്തു,....
എന്റെ ചങ്കുപിടഞ്ഞു,
കിറ്റിനുള്ളിൽ എങ്ങനേ യോ വെള്ളം കയറി പൊടി നനഞ്ഞു,
അടി ഒറപ്പായി!
അന്ന് വൈകിട്ട് "!!
തേങ്ങാ പീരയും, ശർക്കരയും, ജീരകവും, ഏലക്കായും, നെയ്യുംഉള്ളിൽ വച്ച നല്ല അട!
അടിക്കു പകരം അട!
"പൊടി......മഴ"യിൽ നനഞ്ഞതു കൊണ്ട്, നല്ല അട തിന്നു.
ഒത്തിരി മധുരമുള്ള സ്നേഹത്തിന്റെ അട.....

By: SVKaniyarJyothisree

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo