Showing posts with label Mansoor. Show all posts
Showing posts with label Mansoor. Show all posts

#തിരിച്ചറിവ്


"ഇന്ദു... ഇതിനെ ഞാനിപ്പോൾ ശരിയാക്കും..."
ഒന്ന് ബാത്ത് റൂമിൽ പോയി വന്നപ്പോഴേക്കും തോരൻ ഉണ്ടാക്കാൻ അരിഞ്ഞ് വെച്ച കാബേജ് വലിച്ചിട്ട് അതിൽ മൂത്രം ഒഴിച്ചിരിക്കുന്നു മോൻ..
രണ്ട് വയസ്സേ ഒള്ളൂ. പറഞ്ഞിട്ട് എന്ത് കാര്യം.വികൃതിയുടെ കാര്യത്തിൽ പ്രായം ഒന്നും ഒരു വിഷയമേ അല്ല അവന്.
മോനെയും എടുത്ത് റൂമിലെത്തി.അവൾ പനി പിടിച്ച് കിടക്കാൻ തുടങ്ങിയിട്ട് രണ്ട് ദിവസായി.. ഒരാഴ്ച്ച മുന്നെ തുടങ്ങിയതാ.. ഹോസ്പിറ്റലിൽ പോയി വന്ന് വീണ്ടും വീട്ടുപണിയും മോനുമായുള്ള ഗുസ്തിയും കാരണം പനി അധികമായി..
ഇന്നലെ വീണ്ടും കൊണ്ട് പോയി... ശരീരം അനക്കാതെ ഒരു ഭാഗത്ത് കിടക്കാതെ മാറില്ല എന്നാണ് ഡോക്ടറുടെ അന്ത്യശാസനം.. അഡ്മിറ്റാക്കുവാൻ പറഞ്ഞതാണ്.. വീട്ടിലെ കാര്യം ഓർത്ത് അത് വേണ്ടെന്ന് അവൾ തന്നെയാണ് പറഞ്ഞത്.
അവനെ അവളുടെ അടുത്ത് കിടത്തി...
"ചേട്ടൻ ആകെ ഇടങ്ങേറായി ലേ.."?
അതൊന്നും സാരമില്ലെടീ... വീട്ടുജോലികളൊന്നും പ്രശ്നമില്ല... പക്ഷെ... ഇവൻ.. എങ്ങനെയാ നീ ഇവനെ പൊറുപ്പിക്കുന്നത്?..
അവൾ ഒന്നും മിണ്ടാതെ ഒരു ചെറു ചിരിയോടെ എന്നെ ഒന്നു നോക്കി.
കുറച്ച് നേരം നോക്കിയപ്പോഴേക്കും നിങ്ങൾ മലങ്ങി ല്ലേ... അപ്പോൾ എല്ലാ ദിവസവും ഇവനെയും നോക്കാ വീട്ടിലെ എല്ലാ ജോലികളും ചെയ്യുന്ന ഞാനോ?... എന്നതാണ് ആ നോട്ടത്തിന്റെ അർത്ഥമെന്ന് ഞാൻ ഊഹിച്ച് പൂരിപ്പിച്ചു..
ഒന്നും മിണ്ടാതെ ഒന്ന് ചിരിച്ച് അവിടെ നിന്ന് പോന്നു..
പെട്ടെന്ന് ജോലികൾ തീർക്കണം.. അവനെ അവളുടെ അടുത്ത് കുറച്ച് നേരം നിർത്തിയാൽ എല്ലാം അവതാളത്തിലാവും.. കുറവായ പനിയും വേറെ കൂട്ടത്തിലെന്തേലും പുതിയ അസുഖം കൂടി വരും... അതാ അവന്റെ കയ്യിലിരുപ്പ്..
അയലത്തെ ചേച്ചിയുടെ കാല് പിടിച്ച് നേരത്തെ അലക്കി തന്ന തുണികൾ ഉണക്കിക്കൊടുന്ന് ഡൈനിംഗ് ടേബിളിൽ വെച്ചിരുന്നത് നേരത്തെ എടുത്തിട്ട് അതിൽ മൂത്രം ഒഴിച്ച് അവൻ ശരിയാക്കി തന്നിരുന്നു...
അഞ്ചാറ് ഗ്ലാസ്, കുറച്ച് പ്ലെയിറ്റ് ഇവയെല്ലാം ഉടക്കുക... അങ്ങനെയുള്ള കലാപരിപാടികൾ ഈ നേരത്തിനുള്ളിൽ തന്നെ അവൻ ചെയ്ത് തീർത്തിട്ടിണ്ട്...
അടുക്കളയിലെത്തി നേരത്തെ എടുത്തതിന്റെ ബാക്കി കാബേജ് എടുത്ത് അരിഞ്ഞു...
മീൻ നന്നാക്കി വെച്ചിട്ടുണ്ട് കറിവെക്കാൻ... ഒരു മുറി തേങ്ങയെടുത്ത് ചിരകി മിക്സിയിട്ടു അരക്കാൻ...
മിക്സിയിൽ അരച്ചത് കൊണ്ട് കറിക്ക് ടേസ്റ്റില്ല... നിനക്ക് തേങ്ങ അമ്മിയിൽ അരച്ച് കൂടെ എന്ന്, കഴിക്കുമ്പോൾ അവളോട് പറയുന്നത് വെറുതെ ഓർമ്മ വന്നു ഈ നേരത്ത്...
"അരുണേട്ടാ... മോന് അങ്ങോട്ട് വന്നില്ലേ?.. ഇവിടന്ന് ഇറങ്ങി പോന്നു... നോക്കിയേ...
ഇന്ദുവിന്റെ വിളി കേട്ട് പുറത്തിറങ്ങി നോക്കുമ്പോൾ...
എന്റെ ദൈവമേ...
ഹാളിൽ അതാ അപ്പിയിട്ട് അത് കൈ കൊണ്ട് വാരി മുഖത്തും ദേഹത്തും മൊത്തം തേച്ച് നിൽക്കുന്നു ലവൻ...
"നീ എന്റെ പുക കണ്ടേ അടങ്ങൂ ല്ലേ..
എന്തൊരു അക്രമം ആണെടാ..."
"ഇതിലും വലിയ വികൃതി ആയിരുന്നു നീ..."
ആരാ.അത്.?
പുറത്ത് സിറ്റൗട്ടിൽ മെലിഞ്ഞ്, കവിളുകളൊട്ടിയ ചുക്കിചുളിഞ്ഞ ശരീരവുമായി ഒരു രൂപം...
"അമ്മ"
പക്ഷെ അമ്മ എങ്ങനെ ഇവിടെ.. പെങ്ങളുടെ അടുത്താണല്ലോ... ഇങ്ങോട്ട് വരാൻ ഇനിയും 6 മാസം കഴിയണമല്ലോ...
വാതിൽ തുറന്ന് പുറത്ത് ഇറങ്ങി നോക്കി...ഇല്ല. ആരും ഇല്ല. തോന്നിയതാണ്..
കഴിഞ്ഞ ആഴ്ച്ചയാണ് അമ്മയെ പെങ്ങളുടെ അടുത്ത് കൊണ്ട് പോയി ആക്കിയത്..
അച്ഛന്റെ മരണശേഷം ഞങ്ങൾ ഏഴ് മക്കളിൽ ഓരോര്ത്തരുടെ വീട്ടിലും ഓരോ മാസമാണ് അമ്മ..
ഇത്തവണ വന്നപ്പോൾ അമ്മക്ക് അസുഖം കുറച്ച് കൂടുതലായിരുന്നു... അച്ഛന്റ മരണശേഷം മാനസികനില ആകെ താളം തെറ്റി അമ്മയുടെ.ഏത് നേരവും പിച്ചും പേയും പറച്ചിലും..ചിലപ്പോൾ നിർത്താത്തെ ചിരിച്ചും നേരത്ത് കരഞ്ഞും.
ചില നേരത്ത് ഒരു കുഴപ്പവുമില്ല... സാധാരണ രീതിയിൽ എല്ലാവരോടും സംസാരിക്കും.. കുട്ടികളെ എടുത്ത് കളിപ്പിക്കും..
ചികിത്സ ഒരുപാട് നടത്തി.. യാതൊരു കുറവുമില്ല..
ഇത്തവണ വന്നിട്ട് ഒരു മാസം ആവാൻ നിർത്തിയില്ല.. ഇന്ദുവിന് പനി തുടങ്ങിയപ്പോൾ പെങ്ങളെ വിളിച്ച് പറഞ്ഞ് അവിടെ കൊണ്ട് വിട്ടു.. ആദ്യം അവളും ഒന്ന് മടിച്ചു.. പിന്നെ വീട് പണിക്ക് അവൾ കടം ചോദിച്ചിരിന്ന കുറച്ച് പൈസ കൊടുക്കാമെന്ന് പറഞ്ഞപ്പോഴാണ് സമ്മതിച്ചത്..
കഴിഞ്ഞ തവണ അച്ഛന്റെ ആണ്ടിന് തറവാട്ടിൽ എല്ലാവരും ഒത്ത് കൂടിയപ്പോൾ ചെറിയ പെങ്ങളാണ് പറഞ്ഞത്. പ്രായമായ ആൾക്കാരെ നോക്കുന്ന സ്ഥലങ്ങളുണ്ട് അമ്മയെ അവിടെ കൊണ്ട് പോയി ആക്കാം എന്ന്. എന്നാൽ നാട്ടുകാര് എന്ത് പറയും എന്ന് വിചാരിച്ച് ആരും അതിന് സമ്മതിച്ചില്ല. അങ്ങനെയാണ് ഓരോ മാസവും ഓരോ മക്കളുടെ വീട്ടിൽ എന്ന തീരുമാനം ഉണ്ടായത്...
ഏറ്റവും വലിയ രസം എന്താണെന്ന് വെച്ചാൽ അമ്മക്ക് മക്കളിൽ ഏറ്റവും ഇഷ്ടം ആ പറഞ്ഞ മകളോട് ആയിരുന്നു എന്നതാണ്..
പോകുന്നതിന്റെ രണ്ട് ദിവസം മുമ്പാണ് അമ്മയുടെ അതേ പ്രായമുള്ള ഒരു ദേവകിയേട്ടത്തി വീട്ടിൽ വന്നിരുന്നത്.. അന്ന് അമ്മക്ക് നല്ല കുറവുണ്ടായിരുന്നു.കരച്ചിലും പിഴിച്ചിലും ബഹളവുമൊന്നുമില്ലാതെ ഇരുന്നു ചുരുക്കം ദിവസങ്ങളിൽ ഒന്ന്..
ദേവകിയേട്ടത്തിയുമായി അങ്ങനെ സംസാരിച്ച് ഇരിക്കുന്നതിനിടയിൽ അമ്മ പറയുന്നത് കേട്ടു..
"കെട്ടിയോൻ മരിച്ച് കഴിഞ്ഞാൽ പിന്നെ നമ്മുടെ ഒക്കെ കാര്യം പോക്കാണ് ദേവകീ.... എന്ത് മക്കളുണ്ടായിട്ടും കാര്യല്ല.."
എന്തിനാ അങ്ങനെയൊക്കെ ചിന്തിക്കണേ... നിനക്ക് ആറേഴ് മക്കളില്ലേ സാവിത്രിയേ.... അവരുടെ അടുത്ത് അങ്ങനെ മാറി മാറി നിന്നുടെ എന്ന ദേവകിയേട്ടത്തി യുടെ മറുപടിക്ക് അമ്മ ഒന്നും മിണ്ടാതെ ദൂരേക്ക് നോക്കി ഇരിക്കുന്നത് ഞാൻ കണ്ടിരുന്നു..
മോനെയും എടുത്ത് ബാത്ത് റൂമിൽ കൊണ്ട് പോയി കഴുകി ഹാളിൽ വെച്ച് അവന് ഉടുപ്പ് ഇട്ട് കൊടുക്കുമ്പോൾ കണ്ടു... പുറത്ത്...
ദേ അമ്മ... വീണ്ടും...
എന്നെ നോക്കി ചിരിക്കുന്നുവോ...
"നീ ഇതിനെക്കാൾ കഷ്ട്ടമായിരുന്നു ഈ പ്രായത്തിൽ... അപ്പിയിട്ടത് മുഖത്ത് ദേഹത്തും തേക്കുന്നതും പോരാഞ്ഞിട്ട് അത് എടുത്ത് തിന്നുമായിരുന്നു നീ. നിന്നെ കൊണ്ട് ഞാൻ കുറച്ച് കഷ്ട്ടപ്പെട്ടിട്ടുണ്ട്..."
പറയുന്നതിനോടൊപ്പം പൊട്ടി ചിരിക്കുന്നുമുണ്ട്....
മോനെ അവിടെ വെച്ച് പുറത്തേക്ക് ഓടിയിറങ്ങി..
ഇല്ല.. അമ്മയില്ല.
തോന്നലാണ്...വെറും തോന്നൽ...
മനസ്സിനകത്ത് എവിടെയോ ഒരു വിങ്ങൽ.. ഒരു നീറ്റൽ.. പൊക്കിൾ കുഴി വല്ലാതെ വേദനിക്കുന്നുവോ... പഴയ ഒരു ബന്ധത്തിന്റെ ബന്ധനത്തിൽ നിന്നും മോചിതനാവാതെ..
.............................................
മോന്റെ ഡ്രസ്സ് മാറ്റി ഇന്ദുവിനോട് ഫുഡ് പുറത്ത് നിന്ന് വാങ്ങിച്ച് വരാമെന്ന് പറഞ്ഞ് കാറിൽ കയറുമ്പോൾ ഞാൻ ഒന്നുറപ്പിച്ചിരുന്നു...
അമ്മ ഇനിയുള്ള കാലം എന്റെ കൂടെ...
എന്റെ കൂടെ മാത്രം.
ആ മടിത്തട്ട് എനിക്ക് വേണം. തല ചായ്ച്ച് കിടക്കാൻ...
മോനെ മടിയിൽ ഇരുത്തി വണ്ടിയിൽ സ്റ്റീരിയോ ഓണാക്കി..
"ഉമ്മാന്റെ കാലടി പാടിലാണ് സ്വർഗ്ഗം എന്നാർത്തോളിൻ.."
എന്ന മാപ്പിളപ്പാട്ടാണ് കേട്ടത്... എന്റെ മനം ഒന്നുകൂടി വിങ്ങി...
എത്രയും പെട്ടെന്ന് അമ്മയുടെ അടുത്ത് എത്തണം എന്ന ത്വരയിൽ ആക്സിലേറ്റർ ആഞ്ഞമർത്തി ഞാൻ...
കൊച്ചു കുട്ടികളെ കാണുമ്പോൾ ,അവരുടെ വികൃതികൾ കാണുമ്പോൾ, അവരെയും കൊണ്ട് അമ്മമാർ കഷ്ട്ടപ്പെടുന്നത് കാണുമ്പോൾ ഓർമ്മ വരട്ടെ.. അമ്മയെ വൃദ്ധസദനങ്ങളിൽ കൊണ്ട് തള്ളുന്നവർക്കും റെയിൽവേ സ്‌റ്റേഷനിൽ ഉപേക്ഷിച്ച് കടഞ്ഞ് കളയുന്നവർക്കും.
എല്ലാവർക്കും....
മൻസൂർ

ചില മോഹങ്ങൾ അങ്ങനെയാണ്..

Image may contain: 1 person

"ചേച്ചീ ഒന്ന് നിന്നേ.."
ചേന പറിക്കൽ കഴിഞ്ഞ പാടത്ത് ഒരു ചാക്കിൽ കുറച്ച് പൊട്ടും പൊടിയും മൂന്നാല് ചേനത്തണ്ടും എടുത്ത് മടങ്ങുമ്പോഴാണ് അയൽപക്കത്തെ വാസുവേട്ടന്റെ പ്ലസ്ടു ക്കാരൻ മോന്റെ വിളി...
എന്താ ഡാ നിനക്ക് വേണോ...
ചാക്കിൽ നിന്ന് കുറച്ചെടുത്ത് രണ്ട് ചേനത്തണ്ടും അവന്റെ നേരെ നീട്ടി...
"അയ്യേ... എനിക്കിതൊന്നും വേണ്ട... ഒരു മിനിറ്റ്.."
എന്നും പറഞ്ഞ് ചേനത്തണ്ടും വാങ്ങി അവൻ ചിറി കോട്ടിപ്പിടിച്ച് സെൽഫി എടുക്കാൻ തുടങ്ങി...
"ചേച്ചി... KFC എന്തിന് Chikkings എന്തിന് ഈ പ്രകൃതിയുടെ വരദാനമായ തുള്ളപ്പോൾ എന്ന് ഒരു ക്യാപ്ഷൻ കൊടുത്ത് ഫെയ്സ് ബുക്കിലിട്ടാലുണ്ടല്ലോ ഒര് അഞ്ഞൂറ് ലൈക്ക് ഉറപ്പാണ്" എന്നും പറഞ്ഞ് അവൻ നടന്നു...
നിനക്കിപ്പോൾ ഇത് ലൈക്ക് തെണ്ടാനുള്ള മാർഗ്ഗം.... ഇതുണ്ടെങ്കിൽ മൂന്നാല് ദിവസത്തിന് കറിവെക്കാനുള്ളതായി എന്നും മനസ്സിൽ പറഞ്ഞ് വീട്ടിലേക്ക് നടന്നു....
സകലമാന സാധനങ്ങൾക്കും വില... വിലയില്ലാത്തത് മനുഷ്യന് മാത്രമാണെന്ന് തോന്നുന്നു... കഴിഞ്ഞ മാസം വാങ്ങിയ വിറക് കഴിയാറായി... ഗ്യാസ് കഴിഞ്ഞിട്ട് രണ്ടാഴ്ച്ചയായി.... പറഞ്ഞിട്ട് കാര്യമില്ല... എല്ലാത്തിനും ആ മനുഷ്യൻ ഓട്ടോ ഉന്തിയിട്ട് വേണമല്ലോ... അതിനാണെങ്കിലും ഇപ്പോൾ പഴയ പോലെ ഓട്ടമില്ല... പാർക്കിൽ വെറുതെ തള്ളി ഇരിക്കൽ മാത്രം...
സാധാരണക്കാരന്റെ ജീവിതം കൂടുതൽ ദുസ്സഹമായിരിക്കുന്നു... ഉള്ളവന് പിന്നെയും പിന്നെയും ദൈവം കൊടുത്ത് കൊണ്ടേയിരിക്കുന്നു.... വാസുവേട്ടന്റെ മൂത്ത മോന് ഇന്നലെ രണ്ടാമതൊരു കാറും കൂടി വാങ്ങി എന്ന് ഇന്നലെ മോന് പറയുന്നത് കേട്ടിരുന്നു....
"അക്കരെ ഇക്കരെ നിന്നാലെങ്ങനെ
ആശ തിരും...
നമ്മുടെ ആശ തീരും.."
ദൂരെ നിന്ന് കേൾക്കുന്നുണ്ട് പ്രദിയേട്ടന്റെ ഓട്ടോയിലെ പാട്ട്... ഈ മനുഷ്യനോട് പലവട്ടം പറഞ്ഞതാ വീട്ടിലോട്ട് വരുമ്പോൾ ഈ പണ്ടാര പാട്ട് ഇടരുതെന്ന്... ഈ പാട്ടും വെച്ച് ഓട്ടോ വീടിന്റെ മുറ്റത്തേക്ക് കയറ്റിയാൽ അപ്പോൾ കാണാം അയൽവാസി നാണിത്തള്ളയുടെ മുഖത്ത് ഒരു വളിഞ്ഞ ചിരിയും ഒരു ആക്കിയ നോട്ടവും... അവരുടെ പുന്നാര മരുമോള് പുറത്തുണ്ടെങ്കിൽ അതിന്റെ മുഖത്തും കാണും... രണ്ടും ഏത് നേരവും കീരിയും പാമ്പും പോലെയാണ്.. എന്നാലും ഇതിന് രണ്ടും ഭയങ്കര ഒരുമയാ....
എന്താ ഈ മനുഷ്യൻ ഈ നേരത്ത് പോന്നിരിക്കുന്നത്... ഊണിന് വരുന്ന സമയം ആയില്ലല്ലോ... ഉം... നാല് ദിവസത്തെ വിരുന്ന് കഴിഞ്ഞ് ഇന്നലെയാ വന്നത്.. ഇന്നലെ രാത്രിയാണെങ്കിൽ ചെറിയ മോന് ജലദോഷം പിടിച്ച് ഒരു പോള കണ്ണടച്ചില്ല.. നേരം പോലെ ഒന്ന് മിണ്ടാനും പറയാനും കൂടി പറ്റിയില്ല എന്ന് പരാതി പറഞ്ഞിരുന്നു രാവിലെ.. അതിന്റെ ക്ഷീണം തീർക്കാനുള്ള വരവായിരിക്കും... കുട്ടികൾ മൂന്നായി... ഈ കണ്ട നാളും പ്രായവും ആയിട്ടും ഈ മനുഷ്യന്റെ വിചാരം ഇപ്പോഴും പതിനാറാണെന്നാണ്...
ചാക്ക് പുറകിലുള്ള ഷെഡ്ഡിൽ വെച്ച് കൈയും കാലും ഒന്ന് കഴുകി അടുക്കളയിൽ കയറി....
"ശ്രീയേ... എടീ ശ്രീയേ.."
മുറ്റത്ത് വണ്ടി നിർത്തി ഇറങ്ങിയപ്പോഴേ വിളി തുടങ്ങി...
അടുക്കളയിലേക്ക് വന്ന് പിറകിലൂടെ അടക്കം പിടിച്ച് മൂക്ക് കൊണ്ട് പിൻകഴുത്തിൽ ഉരസി....
"ദേ മനുഷ്യ ...നിക്ക് ഒരു പാട് പണിയുണ്ട്.. ഒന്നും ഒരുങ്ങിയിട്ടില്ല... കറി ഉണ്ടാക്കട്ടെ.... വിട്..."
കുതറി മാറാൻ ശ്രമിച്ചത് വക വെക്കാതെ വീണ്ടും ചേർത്ത് പിടിച്ചു...
"ഇന്ന് നീ ഒന്നും ഉണ്ടാക്കേണ്ട... നീ ഡ്രസ്സ് മാറ്റിക്കേ. നമുക്ക് പുറത്ത് പോകാം. ഭക്ഷണവും പുറത്ത് നിന്ന്. സ്കൂളിൽ നിന്ന് കുട്ടികളെയും കൂട്ടാം.എനിക്ക് പാർക്കിലെ ചിട്ടി കിട്ടിയെടീ.നീ ഇങ്ങ് വന്നേ.."
രണ്ട് തോളിലും കൈ വെച്ച് പുറകിൽ നിന്ന് തള്ളി റൂമിലെത്തിച്ചു. കട്ടിലിൽ പിടിച്ചിരുത്തി.
എന്റെ കാലെടുത്ത് കട്ടിലിൽ വെച്ച്...ഒരുകണ്ണി പൊട്ടിയത് കാരണം നൂല് ഇട്ട് കെട്ടിയ വെള്ളിയുടെ പാദസരം മൂപ്പര് അഴിച്ചെടുത്തു...
"ഇതൊന്നും ഇനി വേണ്ട ഡീ... നമ്മളിന്ന് പുറത്ത് പോകുമ്പോൾ സ്വർണ്ണത്തിന്റെ പാദസരം വാങ്ങുന്നു..."
സത്യാണോ...?
കുറെ കാലത്തെ ഒരാഗ്രഹമാണ്.ഒരു സ്വർണ്ണപാദസരം.. അയൽപക്കത്തുള്ളവരെല്ലാം സ്വർണ്ണപാദസരവും ഇട്ട് ഇങ്ങനെ പോകുന്നത് കൊതിയോടെ നോക്കി നിൽക്കാറുണ്ട്... ഇത് വരെ ഏട്ടനോട് പറഞ്ഞിട്ടില്ല... എങ്ങനെ പറയാനാ.. അന്നാന്നത്തെ ചിലവ് കഴിച്ച് കൂട്ടാൻ തന്നെ പെടുന്ന പാട്...
"അതേയ്... സാധനങ്ങളൊക്കെ കഴിഞ്ഞിരിക്കുന്നു... വിറകില്ല. ഗ്യാസില്ല... എല്ലാം തീർന്ന്.. പൈസ ഉണ്ടാകുമോ...
അതൊക്കെ തികയും.. നീ വേഗം ഒരുങ്ങെടീ...
ചേർത്ത് പിടിച്ച് നെറ്റിയിൽ ഉമ്മ തന്ന് കൊണ്ടാണ് പറഞ്ഞത്...
എന്നാലും ഒട്ടും പ്രതീക്ഷിക്കാതെ ഇങ്ങനെ... സത്യത്തിൽ നമ്മുടെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങളാണെങ്കിൽ പോലും അങ്ങോട്ട് ആവശ്യപ്പെടാതെ, നമ്മുടെ ആഗ്രഹങ്ങൾ തിരിച്ചറിഞ്ഞ് അപ്രതീക്ഷിതമായി ഴുണ്ടാകുന്ന സുഖമുണ്ടല്ലോ....
അതിന് വലിയ പ്രാധാന്യവുമാണ് ജീവിതത്തിൽ....
പെട്ടെന്ന് ബാത്ത് റൂമിൽ കയറി ഒന്ന് കുളിച്ചെന്ന് വരുത്തി.... ഡ്രസ്സ് മാറ്റുവാൻ തുടങ്ങുമ്പോഴേക്കും... വിളി വന്നു..
"ശ്രീയേ.... കഴിഞ്ഞില്ലേ.. വേഗം വാ..."
പെട്ടെന്ന് ഡ്രസ്സ് മാറി പുറത്തിറങ്ങിയപ്പോളുണ്ട് മൂപ്പര് ഹാളിൽ കസേരയിൽ താടിക്ക് കൈയ്യും കൊടുത്ത് ഇരിക്കുന്നു.. മുഖമൊക്കെ വല്ലാതെ ഇരിക്കുന്നു..
"എന്താ എന്തു പറ്റി?"
ഒന്നൂല്ലാ... സ്കൂളിൽ നിന്ന് മോന്റെ ടീച്ചറ് വിളിച്ചിരുന്നു.. അവൻ സ്റ്റപ്പ് ഇറങ്ങി വരുമ്പോൾ ഒന്ന് വീണുവെത്രെ.... ആശുപത്രിയിലേക്ക് കൊണ്ട് പോയിട്ടുണ്ട്... വേഗം ചെല്ലാൻ പറഞ്ഞു..
.............................................
മുകളിലത്തെ നിലയിൽ നിന്ന് കോണി ഇറങ്ങി വരുമ്പോൾ വീണതാത്രെ.. മുട്ടിന്റെ ചിരട്ട സ്ഥാനം തെറ്റി.. ഓപ്പറേഷൻ വേണ്ടി വന്നു...
റൂമിലേക്ക് മാറ്റി കണ്ണ് തുറന്ന ഉടനെ അവന് മസാല ദോശ വേണമെന്ന് പറഞ്ഞത് കേട്ട് അവിടെ കൂടി നിന്നവരിലെല്ലാം ചിരിയുണർത്തി.. എന്റെ മുഖത്തും വന്നു ഒരു വളിഞ്ഞ ചിരി....
മസാല ദോശയും വാങ്ങി വന്ന് ചേട്ടൻ മോന്റെ അടുത്ത് ഇരുന്നു... അവന്റെ തലമുടിലൂടെ ഇങ്ങനെ തലോടി....
ബെഡ്ഡിലിരുന്ന് ഞാൻ ബാഗിലുണ്ടായിരുന്ന, പാദസരം എടുത്ത് പൊട്ടിയത് ഒരു നൂല് കൊണ്ട് കാലിൽ അണിഞ്ഞു...
"ആഹാ.. ഇത് ഞാൻ ഊരി എറിഞ്ഞിരുന്നതല്ലേ... എപ്പോഴാ നീ എടുത്തേ?..."
അത് ഞാൻ നിങ്ങൾ മോൻ വീണു എന്ന് പറഞ്ഞപ്പോഴേ എടുത്തു. എനിക്കറിയാമായിരുന്നു ഇനിയിപ്പോൾ......?
"സാരല്യ... ട്ടൊ... സങ്കടായോ നിനക്ക്.."?
കീഴ്താടിയിൽ പിടിച്ച് മുഖം ഉയർത്തി കൊണ്ടാണ് ചോദിച്ചത്..
ഏയ് ഇല്ല... ഏട്ടാ... പാർക്കിലെ ചിട്ടി കഴിയാൻ ആയിലേ?... ഇനി പുതിയത് തുടങ്ങുമല്ലോ.. അപ്പോൾ കിട്ടുമ്പോൾ മതി...
അല്ലെങ്കിലും ചില ആഗ്രഹങ്ങൾ അത്ര പെട്ടെന്നൊന്നും സാധ്യമാകരുത്... മനസ്സിന്റെ ഒരു കോണിലിട്ട് അങ്ങനെ താലോലിച്ച് ,സ്വപ്നം കണ്ട് അങ്ങനെ കൊണ്ട് നടക്കണം...
മൻസൂർ...

മർമ്മാണി വിദ്യ



നി കാത്തിരുന്ന് കാത്തിരുന്ന് കണ്ണ് കടച്ചോ ദിനേശാ"..
അയൽവാസി സുമതി ചേച്ചീടെ ചോദ്യം കേട്ടാണ് വെളിയിലേക്ക് നോക്കിയത്. പെങ്ങളും സുമതി ചേച്ചിയും കൂടെ അവളെ ഉന്തി തള്ളി റൂമിലേക്ക് ആക്കി ഒരു ആക്കിയ ചിരിയും പാസ്സാക്കി വാതിലടച്ചു... രണ്ട് കൈയും കൊണ്ട് പാലും പിടിച്ച്, അടിയിലേക്ക് നോക്കി നാണിച്ച് അവൾ നിന്നു..
കുറച്ച് നേരായി ഈ കാത്തിരുപ്പ് തുടങ്ങിയിട്ട്.. പറയാൻ മറന്നു .... ഇന്ന് ഞങ്ങടെ ആദ്യ രാത്രിയാണ്...
അവളുടെ കയ്യിൽ നിന്ന് പാല് വാങ്ങി മേശപ്പുറത്ത് വെച്ച് അവളെ പിടിച്ച് കട്ടിലിൽ
പിടിച്ചിരുത്തി..
മടിച്ച് മടിച്ച് അവൾ ഇരുന്നു.... എന്ത് പറഞ്ഞ് തുടങ്ങണമെന്ന് ഒരു പിടിയും ഇല്ല..
ഞാൻ സംസാരിക്കാൻ തുടങ്ങുമ്പോഴേക്കും അവൾ പറഞ്ഞു...
"എനിക്കൊരു കാര്യം പറയാണ്ട്..."
ദൈവമേ.. എന്താന്നാവോ.. എവിടെയോ എന്താ ഒരു വശപ്പിശക്.
എന്താണെന്ന ഭാവത്തിൽ ഞാൻ അവളെ നോക്കി..
" ചേട്ടൻ എന്നോട് ക്ഷമിക്കണം.. ഞാൻ മറ്റൊരാളുമായി ഇഷ്ടത്തിലാണ്.. എന്നെ ഒന്നും ചെയ്യരുത്... എന്നെ അവന്റെ കൂടെ ജീവിക്കാൻ അനുവദിക്കണം.."..
"എന്ത്.. എന്താ പറഞ്ഞത്. ?,"
"ഞാൻ മറ്റൊരാളുമായി ഇഷ്ട്ടത്തിലാന്ന്.. അവൻ കുറച്ച് കഴിഞ്ഞാൽ വണ്ടിയും കൊണ്ട് വരും. ദയവ് ചെയ്ത് എന്നെ അവന്റെ കൂടെ പോകാൻ അനുവദിക്കണം.."
ഒരു ഞെട്ടലോടെയാണത് കേട്ടത്.. രണ്ട് ചെവികളിൽ നിന്നും എന്തോ ഒന്ന് പറന്ന് പോകുന്നത് പോലെ... ഇതായിരിക്കുമോ ഈ കിളി പോയി ന്ന് പറയുന്നത്.. അന്തരിഷത്തിൽ ഒരു തേപ്പിന്റെ മണം. കുറെയധികം വലിയ വണ്ടുകൾ ചെവിക്ക് ചുറ്റും മുരണ്ട് നടക്കുന്നത് പോലെ..
ഫർണിച്ചർ കടക്കാരൻ സൈനുപ്പാക്കാന്റെ ന്ന് കടം വാങ്ങിയ പുതിയ കട്ടിലിൽ തളർന്നിരുന്നു. റൂമിൽ ചങ്കുകൾ അണിയിച്ചൊരുക്കിയ ചമയങ്ങളും വർണ്ണങ്ങെളും എന്നെ നോക്കി കൊഞ്ഞനം കാട്ടുന്നുവോ.. ബെഡിൽ വിതറിയ മുല്ലപ്പൂവിനൊക്കെ ഒരു ചെമ്പരത്തി പൂവിന്റെ ചേല്..എന്തിന് പറയുന്നു പകുതി കാശിന് വിളിച്ച രണ്ട് ചിട്ടികൾ കൊണ്ട് തേച്ച്, വൈറ്റ് വാഷ് അടിച്ച ചുവരുകൾക്ക് പോലും ഒരു പുച്ഛം..
ഇരുപത്തിമൂന്ന് വയസ്സിന് മുമ്പ് കല്ല്യാണം കഴിക്കണമെന്ന് എന്റെ സ്വന്തം ജാതകത്തിൽ പറഞ്ഞത് കൊണ്ടാണ് ,വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഇത്ര ചെർപ്പത്തില് കല്ല്യാണം.... സത്യായിട്ടും .... അല്ലാതെ എനിക്ക് രെു കമ്പവുമുണ്ടായിട്ടല്ല..
അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.. ഇല്ലാത്ത ധൈര്യം സംഭരിച്ച് ഇത്രയൊക്കെയായിട്ടും ഒരു കൂസലുമില്ലാതെ റൂമിന്റെ ഒരു മൂലയിലെ അദ്യശ്യ ബിന്ദുവിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നിൽക്കുന്ന അവളോട് ഞാൻ ചോദിച്ചു..
"അപ്പോൾ അണക്ക് ഇത് കല്ല്യണത്തിന് മുമ്പ് പറഞ്ഞൂടായിരുന്നോ.?അന്ന് അന്റെ വായേല് എന്തായിരുരുന്നു?"....
"വീട്ടുകാര് സമ്മതിക്കൂല അതാ.."
"എന്നാ പിന്നെ നിങ്ങക്ക് ഒളിച്ചോടിക്കൂടായിരുന്നോ?..
"അതിന്.. അവന് ജോലിയൊന്നുമായിട്ടില്ല.. എന്റെ കൂടെ പഠിക്കുന്നവനാ... എന്തെങ്കിലും ജോലിയൊക്കെ കിട്ടുന്നത് വരെ കഴിഞ്ഞ് കൂടാൻ എന്റെ സ്വർണ്ണം എടുക്കാന്നാ അവൻ പറഞ്ഞിരിക്കുന്നത്.. കല്യാണത്തിന് മുമ്പ് പോയാൽ അത് കിട്ടൂലല്ലോ.? അതാ..
അത് ശരി എല്ലാരെയും നിരത്തി തേക്കാനുള്ള പരിപാടിയാ ല്ലേ.. അവളുടെ കൂടെ പഠിക്കുന്നവനാണെങ്കിൽ ഒരു പത്തൊമ്പതോ ഇരുപതോ വയസ്സ് കാണും..
"എനിക്കെന്താ പണിയെന്ന് അറിയാവോ നിനക്ക്?"
തേപ്പ് പണിയെന്ന് അല്ലേ പറഞ്ഞിരുന്നത്...
(ഉം.. അപ്പോൾ അണക്ക് അതൊക്കെ അറിയാം.. നീ ഇപ്പോൾ എന്നോട് ചെയ്യുന്നതും അത് തന്നെയാണല്ലോ എന്ന് മനസ്സിൽ പറഞ്ഞു.)
"എന്നാ ഇനി ഞാനൊരു കാര്യം പറയട്ടെ.. നാട്ടുകാരുടേന്ന് മുഴുവൻ കടം വാങ്ങി, ഇല്ലാത്ത പൈസ ഉണ്ടാക്കിയിട്ടാണ് ഞാൻ ഇതിനൊരുങ്ങിയത്.. പിന്നെ നി ഇപ്പോൾ ഇവിടന്നിറങ്ങി അവന്റെ കൂടെ പോയാൽ കമ്പോളത്തിൽ എന്റെ വില ഇടിഞ്ഞു. ഞാനൊരു രണ്ടാം കെട്ടുകാരനാകും.പിന്നെ ഊള നാട്ടുകാരുടെ പരിഹാസം വേറെയും.. ധനനഷ്ടം ,മാനഹാനി.... അത് കൊണ്ട് നടക്കൂല മോളെ..
നിനക്കൊക്കെ ഒരു വിചാരമുണ്ട് ഞങ്ങൾ ആണുങ്ങൾ വെറും മണുങ്ങന്മാരാണെന്ന്."
കരഞ്ഞ് കൊണ്ടാണ് അവൾ മറുപടി പറഞ്ഞത്..
"ഞാൻ ചേട്ടനെ ഇങ്ങനെയൊന്നുമല്ല കരുതീത്."
"പിന്നെ നീ എന്താ കരുതിയത്? ചില സീരിയലുകളിലും സിനിമകളിലുമൊക്കെ കാണുന്നത് പോലെ നീ ഒന്ന് കരഞ്ഞ് കണ്ണീരൊലിപ്പിക്കുമ്പോഴേക്കും എല്ലാം മറന്ന് ഏട്ടന്റെ സ്ഥാനത്ത് നിന്ന് നിങ്ങളുടെ കല്ല്യാണം നടത്തി തരുന്ന അന്ത മാതിരി നായകനാ കരുതിയാ.. ?
ഇത് വേറെ..ദിനേശൻ ഡീ..
അത് കൂടി കേട്ടപ്പോൾ അവൾ നിന്ന് മോങ്ങാൻ തുടങ്ങി. പുറത്ത് ഒരു വണ്ടി വന്ന് നിൽക്കുന്ന ശബ്ദം കേട്ടപ്പോൾ ജനൽ തുറന്ന് നോക്കി.. അവനാണെന്ന് തോന്നുന്നു.. മെല്ലെ വാതില് തുറന്ന് ആരും കാണാതെ പുറത്തിറങ്ങി.. അയൽവാസി പോലീസുകാരൻ ഗോപാലേട്ടൻ വീടിന് മുറ്റത്ത് കസേരയിൽ ഇരിക്കുന്നത് കണ്ട് അങ്ങോട്ട് ചെന്നു. എന്നെ കണ്ടപാടെ മൂപ്പര് ഒരു ചിരിയോടെയാണ് ചോദിച്ചത്..
"എന്താ ദിനേശാ ഈ നേരത്ത്.. വല്ല ക്രമസമാധാന പ്രശ്നവും?"
മൂപ്പരുടെ അടുത്തിരുന്ന് ഞാൻ കാര്യങ്ങളൊക്കെ ചുരുക്കി പറഞ്ഞു.. എല്ലാം കേട്ട മൂപ്പര് റോഡിലേക്ക് നോക്കി .. അവരായിരിക്കും അത് അല്ലേ..
റോഡിൽ വണ്ടിക്ക് ചുറ്റും ആ തെണ്ടിയും കൂട്ടുകാരും മണലീട്ട് സിമന്റിട്ട് വെള്ളം ഒഴിക്കാൻ പണിക്കാര് നിൽക്കുന്നത് പോലെ ഉണ്ട്.. തേപ്പ് തുടങ്ങാൻ..
ദിനേശാ.. ചെറിയ കുട്ടിയല്ലേ.. പ്രായത്തിന്റെയാ.. നീ വീട്ടിലേക്ക് ചെല്ല്.. അവളെ വഴിയെ പറഞ്ഞ് മനസ്സിലാക്കിയാ മതി.. എല്ലാം ശരിയാകും .. നീ സ്നേഹത്തോടെ നാല് വാക്ക് പറഞ്ഞ്, രണ്ടീസം കഴിഞ്ഞിട്ട് അവളെയും കൂട്ടി വല്ല ഊട്ടിയോ മൈസൂരോ ഒക്കെ ഒരു ട്രിപ്പും അടിച്ചാൽ തീരുന്ന പ്രണയ നൊമ്പരമൊക്കെയൊള്ളൂ ഇന്നത്തെ ഗുൽമോഹർ പൂത്തൂന്ന് ഒക്കെ പറഞ്ഞതിനൊള്ളു.. ഇവരുടെ കാര്യം ഞാനേറ്റു.. ഏതായാലും നമ്മുടെ സ്കൂളിലെ വിലാസിനി ടീച്ചറുടെ വീട്ടിൽ കയറിയ കള്ളനെ കിട്ടാതെ പുലിവാല് പിടിച്ച് നിൽക്കാണ്.. രണ്ടീസം ഇവരെ ഇട്ട് ചുറ്റിക്കാം..
ഗോപാലേട്ടന്റെ പറച്ചിൽ കേട്ടപ്പോൾ ചെറിയ ഒരു സമാധാനം..
"എന്നാ നി വിട്ടോ.നിന്റെ ചെവി ഇങ്ങട്ട് കൊണ്ടുവാ.. പെണ്ണുങ്ങളുടെ ഹൃദയം കവരാൻ ചെറിയ ഒരു മർമ്മാണി വിദ്യ പറഞ്ഞരാം..
മുപ്പര് ചെവിയിൽ ഒരു സൂത്രവും പറഞ്ഞ് തന്ന് യൂണിഫോമിടാനായി വീടിനകത്തേക്ക് പോയി.. ഞാൻ നേരെ വീട്ടിലേക്കും..
വീട്ടിലെത്തി പുറത്ത് നിന്ന് കൊളുത്തിട്ട വാതില് തുറന്ന് റൂമിലെത്തി.അവളപ്പോളും ഒരു മൂലയിൽ നിന്ന് ചിണുങ്ങുന്നുണ്ട്..
ദാഹം കാരണം തൊണ്ട വരണ്ടത് കൊണ്ട് മേശപ്പുറത്തിരിക്കുന്ന പാല് ഒറ്റ വലിക്ക് കുടിച്ച്, അവളെ പിടിച്ച് കട്ടിലിൽ ഇരുത്തി.. ഗോപാലേട്ടനെ മനസ്സിൽ ധ്യാനിച്ച് ലൈറ്റ് ഓഫാക്കി..
ഗോപാലേട്ടാ.. മർമ്മാണി ദൈവങ്ങളെ കാത്തോളണേ...

By: Mansoor Pmna

#വീട്ടുജോലി


നനവുള്ള എന്തോ നെറ്റിയിൽ തട്ടിയപ്പോഴാണ് ഉണർന്നത്.. ഫോണെടുത്ത് സമയം നോക്കി.. രണ്ട് മണി... വിക്സ് ഇട്ട് ചൂടാക്കിയ വെള്ളത്തിൽ മുക്കിയ ടവ്വല് നെറ്റിയിൽ വെച്ച് കെട്ടുന്ന അവളെ റൂമിലെ മങ്ങിയ വെളിച്ചത്തിൽ കണ്ടു.
കുറവുണ്ടോ പനി?... ഇപ്പോഴും ചൂട് ഉണ്ടല്ലോ?.. എണീക്ക്... കുറച്ച് കഞ്ഞി കുടിക്കാം... ഇന്നലെ ഒന്നും കഴിക്കാതെ കിടന്നതല്ലേ?...
ശരിയാണ്.. ഇന്നലെ രാത്രി ജോലി സ്ഥലത്ത് നിന്ന് മടങ്ങുമ്പോഴേ വല്ലാത്ത തലവേദന ഉണ്ട്.വീട്ടിൽ വന്ന് രണ്ട് ഗുളിക കഴിച്ച് നോക്കി... കുറവൊന്നുമില്ലാതെ പതിനൊന്ന് മണിക്ക് ആശുപത്രിയിലും പോയി വന്ന് കിടന്നതാ.. എപ്പോഴാ ഉറങ്ങിയത് എന്നറിഞ്ഞില്ല..
എണീക്കിം.. പറയുന്നതിനൊപ്പം കൈപിടിച്ച് എണീപ്പിച്ചു.. അടുക്കളയിലെത്തി.ഇപ്പോൾ ഉണ്ടാക്കിയതാണെന്ന് തോന്നുന്നു.. പൊടിയരി കഞ്ഞി... എവിടന്നാ പൊടിയരി കിട്ടിയെതെന്ന ഭാവത്തിൽ അവളെ നോക്കി..
വിലാസിനിചേച്ചിടെ അടുത്ത് നിന്ന് വാങ്ങീതാ.. ദാ അവരുണ്ടാക്കിയ വെളുത്തുള്ളി അച്ചാറാ... എന്ന് പറഞ്ഞ് കുറച്ച് അച്ചാറും...
നീ കഴിച്ചോ..?
ഇല്ല.. നിങ്ങൾ കഴിച്ചോളീം. ഞാൻ കഴിച്ചോളാം. എന്ന് പറഞ്ഞവൾ ചോറ് വിളമ്പി..
കഞ്ഞി കുടി കഴിഞ്ഞ് എണീറ്റ എന്നോട് നിങ്ങൾ കിടന്നോളിം.. ഞാൻ പാത്രങ്ങൾ കഴുകി വെച്ചിട്ട് വരാം... എന്ന് പറഞ്ഞു...
തല പൊളിയുന്നത് പോലെ.. പെട്ടെന്ന് വന്നു കിടന്നു... കുറച്ച് കഴിഞ് അവളും എത്തി..
നല്ല തലവേദനയുണ്ടല്ലേ..?.. തലമുടികളിലൂടെ ഇങ്ങനെ തലോടികൊണ്ടാണവൾ ചോദിച്ചത്...
മിണ്ടാൻ വയ്യ... കണ്ണുകൾ അടച്ച് കിടന്നു..
..............................................................................
രാവിലെ ചെറിയ മോന്റെ കരച്ചിൽ കേട്ടാണ് ഉണർന്നത്... സമയം നോക്കിയപ്പോൾ അഞ്ച് മണി.. എന്തൊക്കെയോ പാട്ട് ഒക്കെ പാടി പാലും കൊടുത്ത് അവനെ ഉറക്കി അവൾ എണീറ്റു...
എന്റെ നെറ്റിയിൽ തോട്ടു നോക്കി.... കുറവുണ്ട് പനി... എന്ന് പറഞ്ഞ് എണീറ്റു.... മുടി വാരി കെട്ടി റൂമിന് പുറത്തിറങ്ങി..
അടുക്കളയിൽ നിന്ന് പാത്രങ്ങളുടെ ശബ്ദം കേട്ട് തുടങ്ങി... കുറച്ച് കഴിഞ്ഞപ്പോൾ എന്നെ വന്ന് വിളിച്ചു.. എണീക്കീം.. ഒരു ഗ്ലാസ് ചായ കുടിച്ചോളിൻ.....
എണീറ്റ് പുറത്തിറങ്ങി പല്ല് തേച്ച് വന്ന്.. ചൂടുള്ള ചായ കുടിച്ച് സിറ്റൗട്ടിലെത്തി.ചെറിയ സമാധാനമുണ്ട് തലവേദനക്ക്..
"കിടന്ന് ചാവണ്ട.. ഇപ്പോൾ തുറക്കാം.. എന്നും പറഞ്ഞു കൊണ്ട് അവൾ കോഴിക്കൂട് തുറക്കുന്നത് കണ്ടു..
പിന്നെ ചൂലുമെടുത്ത് മുറ്റമടിക്കാൻ തുടങ്ങി.
കുറച്ച് കഴിഞ്ഞപ്പോഴേക്കും മോന്റെ കരച്ചിൽ കേട്ടു റൂമിൽ നിന്ന്.. ഞാൻ ചെന്ന് അവനെ എടുത്തു.. അവളെ കാണാഞ്ഞിട്ടാണെന്ന് തോന്നുന്നു കരച്ചിൽ നിർത്തുന്നില്ല..
നിർത്താതെയുള്ള കരച്ചിൽ കേട്ടിട്ട് അടിച്ച് വാരൽ തീരാതെ തന്നെ അവൾ വന്നു.. അവനെ എടുത്ത് ചായ കൊടുത്തു...
ഇവനെ കുറച്ച് നേരം നോക്കിം ട്ടൊ എന്ന് പറഞ്ഞ് പുറത്തെക്ക്..
ഈ പണ്ടാര കോഴികളെ കൊണ്ട് ഞാൻ മലങ്ങി...
എന്ന ഉച്ചത്തിലുള്ള സംസാരം കേട്ട് പുറത്ത് ചെന്ന് നോക്കുമ്പോൾ അടിച്ച് വാരി കൂട്ടിയതല്ലാം അടുത്ത വീട്ടിലെ കോഴികളയും കൂട്ടി വന്ന് മറ്റവർ ശരിയാക്കിയിരിക്കുന്നു. ആരോ ക്വട്ടേഷൻ കൊടുത്ത പോലെ.. അവളങ്ങനെ പിറുപിറുക്കുന്നത് കണ്ട് മെല്ലെ റൂമിലേക്ക് സ്കൂട്ടായി....
എണീക്കെടീ.... സ്കൂളിൽ പോകണ്ടേ..കുറച്ച് കഴിഞ്ഞ് വന്ന് മോളെ വിളിക്കുന്ന കണ്ടു. അവളെ എണീപ്പിച്ച് പുറത്തേക്ക്..
ദാ വന്ന് ചായ കുടിച്ചോളിം..
പുട്ടും കടലയും ചായയും റെഡിയായിരിക്കുന്നു. ഞങ്ങൾക്ക് വിളമ്പി തരുന്നതിനിടയിൽ റോഡിൽ നിന്ന് മീൻകാരന്റെ സൗണ്ട് കേട്ടപ്പോൾ തൊടുവിലൂടെ റോഡിലേക്ക് പായുന്നത് കണ്ടു.
മീനും വാങ്ങി വന്നപ്പോഴേക്കും മക്കൾ കഴിച്ച സ്ഥലം യുദ്ധക്കളമായിരിക്കുന്നു. അവിടെയെല്ലാം അടിച്ച് വൃത്തിയാക്കി തലേന്നത്തെ പാത്രങ്ങളുമായി കഴുകാൻ പുറത്തേക്ക്..
പാത്രങ്ങൾ കഴുകി വന്ന ഉടനെ മോളെ സ്കൂളിൽ പറഞ്ഞയക്കാനുള്ള ഒരുക്കങ്ങളായി. കുറച്ച് സമയത്തെ പരിശ്രമത്തിനൊടുവിൽ അവളെയും കൊണ്ട് സ്കൂളിലെക്ക്. ചെറിയ മോനെ എന്റെ അടുത്ത് നിർത്തി പോകാനുള്ള ശ്രമം അവന്റെ കരച്ചിൽ കാരണം നടന്നില്ല. അവനെ ഒക്കത്ത് വെച്ച് മോളുടെ കൈയ് പിടിച്ച് നടന്ന് പോകുന്നത് നോക്കി ഞാൻ നിന്നു.. ഞാൻ ഒപ്പം ചെല്ലുവാൻ മോള് സമ്മതിക്കൂല. അമ്മ തന്നെ വേണം എന്ന വാശി..
മോളെ വിട്ട് വന്ന് മോനെ എന്നെ ഏൽപ്പിച്ച് മീൻ നന്നാക്കാൻ പുറത്തേക്ക്..
ഇതിനിടയിൽ മോന്റെ കലാപരിപാടികൾ തുടർന്നുകൊണ്ടിരിന്നു.. കരച്ചിലും. അവൻ മുളളിയതും മറ്റും വൃത്തിയാക്കാൻ തന്നെ ഒരാളെ കൂലിക്ക് വെക്കേണ്ടി വരുമെന്നാണ് തോന്നുന്നത്. അടുക്കളയിലെ പണികൾക്ക് ഇടയിൽ അവൻ കരയുമ്പോൾ വന്ന് പാല് കൊടുത്ത്, എല്ലാം വൃത്തിയാക്കി പണികൾ തുടർന്ന് കൊണ്ടിരുന്നു.
ഉച്ച ആയപ്പോഴേക്കും ചോറും കറികളും റെഡിയായിരിക്കുന്നു. എനിക്ക് ചോറ് വിളമ്പി തന്ന്, മോന് ചോറ് കൊടുത്ത് അവനെ കിടത്തി ഉറക്കി.. പിന്നെ വീട് അടിച്ച് വാരലും തുടയ്ക്കലുമായി...
ഉറങ്ങി എണീറ്റിട്ട് ചെയ്യേണ്ട വികൃതികളും ആലോചിച്ച് ഉറങ്ങുന്ന മോനെയും നോക്കി തൊൻ കട്ടിലിൽ ഇരുന്നു.
സമയം മൂന്ന് മണി ആയപ്പോൾ തുണികൾ അലക്കലും കുളിയും കഴിഞവൾ വന്നു. ഒരു ദീർഘനിശ്വാസം വലിച്ച് എന്നെ ദയനീയമായി ഒന്ന് നോക്കി ചിരിച്ച് കട്ടിലിൽ ഇരുന്നപ്പോഴേക്കും മോൻ ഉണർന്നു.. അടുത്ത അങ്കത്തിനായി..
അപ്പോഴേക്കും മോളുടെ സ്കൂള് വിടാനായി. മോനെ എന്നെ ഏൽപ്പിച്ച് അവളെ കൊണ്ട് വരാൻ സ്കൂളിലേക്ക്..
അവനെ പത്ത് മിനിറ്റ് കൈകാര്യം ചെയ്തപ്പോഴേക്കും എന്റെ ഭേദമായ തലവേദന തിരിച്ചെത്തി. ദൂരെ നിന്ന് അവൾ വരുന്നത് കണ്ടപ്പോഴാണ് സമാധാനമായത്..
ന്നാ ഇവനെ പിടിച്ചാ എനിക്ക് വയ്യ നോക്കാൻ എന്തൊരു വികൃതിയാ..
മോനെ വാങ്ങി അവൾ എന്നെ ഒന്ന് നോക്കി. ഒന്നും പറഞ്ഞില്ല.. ഇരുപത്തിനാല് മണിക്കുറും അവനെ നോക്കുന്ന ഈ എന്നോടോ ബാലാ എന്ന ഭാവത്തിൽ..
മോളുടെ യൂണിഫോം അഴിച്ച് അവൾക്ക് ചായകൊടുത്ത് നിൽക്കുമ്പോൾ മഴ ചാറി.. ഇവനെ പിടി എന്ന് പറഞ്ഞ് അലക്കി അയയിൽ ഉണക്കാനിട്ട തുണികൾ എടുക്കാൻ പുറത്തേക്ക് ഓടി..
തുണികൾ എടുത്ത് വന്ന് ഉണങ്ങാത്തത് ഉള്ളിൽ വിരിച്ചു.. ബാക്കിയുള്ളത് കട്ടിലിൽ വെച്ചു.
അയ്യോ... പുറത്ത് ഇന്നലെ വെട്ടി കീറിയിട്ട വിറക് നനയുമല്ലോ എന്ന് പറഞ്ഞ് വീണ്ടും പുറത്തേക്ക്.കൂടെ ചെന്ന എന്നെ മഴ കൊള്ളണ്ട എന്ന് പറഞ്ഞ് വിലക്കി..
തിരിച്ച് റൂമിലെത്തിയ ഞാൻ അവിടത്തെ കാഴ്ച കണ്ട് തരിച്ച് നിന്നു. കട്ടിലിൽ വെച്ച ഉണങ്ങിയ തുണികളിൽ പഹയൻ മോൻ നിന്ന് മൂത്രമൊഴിച്ചിരിക്കുന്നു. അത് കാണാനുള്ള ശേഷി ഇല്ലാതെ പുറത്തിറങ്ങി ചായ കുടിച്ച് കൊണ്ടിരിക്കുന്ന മോളുടെ അടുത്തെത്തി. അവിടത്തെ കാര്യം അവളും തീരുമാനമാക്കിയിട്ടുണ്ട്.....
വിറക് എടുത്ത് വെച്ച്, കുറച്ച് നേരം എവിടെയെങ്കിലും ഒന്ന് ഇരിക്കണം എന്ന് കരുതി വരുന്ന അവളെയും കാത്ത് മോളുടെ വക അടുക്കളയും മോന്റെ വക തുണികളും.. തീർന്നില്ലല്ലോ.. ഇനി അവർ ഉറങ്ങുന്നത് വരെ എന്തെല്ലാം......
ഒരു ശരാശരി വീട്ടമ്മയുടെ ഒരു ദിവസം.. ഇതിന് അവധി ദിവസങ്ങളിൽ ഒഴിവില്ല.. പുട്ടിന് തേങ്ങ ഇടുന്നത് പോലെ നമ്മുടെ നാട്ടിൽ ലഭിക്കുന്ന ഹർത്താൽ ദിനങ്ങളിൽ പോലും...
ഇനിയിപ്പോൾ മക്കൾക്ക് സ്കൂൾ ഇല്ലാത്ത ദിവസമാണെങ്കിൽ പറയുകയും വേണ്ട.. അവരെ സ്കൂളിൽ വിടുന്നതിനും ഒരുക്കുന്നതിനും പകരം ഉള്ള ഇരട്ടി പണി അവർ തരും
പിന്നെ വേറെ ഒരു കാര്യം..
ചിലപ്പോൾ ഈ പറഞ്ഞ പണികളെല്ലാം ചെയ്യേണ്ടി വരുന്ന കെട്ടിയോൻമാരും ഉണ്ട്.അത്തരക്കാർ വന്ന് പൊങ്കാല ഇടരുത്. ബ്ലീസ്..
മൻസൂർ..

#കടം ...........


"ഓന് പെണ്ണ് കെട്ടാൻ വയ്യെങ്കിൽ രണ്ട് ലക്ഷം ഉണ്ടാക്കാൻ പറ ഓനോട്.. അല്ലാതെ എന്ത് കാട്ടാനാണ് .. കല്യാണത്തിന് ദിവസങ്ങൾ ഇങ്ങ് അടുത്ത് വന്നു കൊണ്ടിരിക്കുന്നു.. ഇരുപത്തി അഞ്ച് പവനും ഒരു ലക്ഷം ഉർപ്പിം വാണം.. എവിടെ അവൻ?..
"ഡാ.. സലീമേ..ബടെ വാ"...
ഉമ്മാന്റെ ആങ്ങള സൈദുക്കാന്റെ ഉച്ചത്തിലുള്ള വർത്താനം കേട്ടിട്ടാണ് ഞെട്ടി ഉണർന്നത്. പെങ്ങളുട്ടീടെ കല്യാണം ശരിയായിരിക്കുന്നു. അതിന്റെ കൂടെ എന്റെ കല്ല്യാണം കൂടി നടത്താനാണ് പരിപാടി.പണ്ടോം പണവും ഉണ്ടാക്കണ്ടേ. അതിന് വേണ്ടി.. എന്റെ സ്വപ്നങ്ങൾ, മഹത്തായ ആ ലക്ഷ്യം.. എല്ലാം തകരാൻ പോകുന്നു. ഇന്നലെ കൂടി ആ പ്രഭാഷണം കേട്ടതാണ്... സ്ത്രീധനത്തിനെതിരെ.. സ്ത്രീധനം വാങ്ങുന്നവൻ ആണല്ല... ആണും പെണ്ണും കെട്ടവൻ ആണെന്ന്... എനിക്ക് ഒരു ആണ് ആകണം.. പക്ഷ എങ്ങനെ.
+2 കഴിഞ്ഞ് തുടർന്ന് പഠിക്കാനാവാതെ, എല്ലാം ഒറ്റക്ക് പേറുന്ന ഉപ്പയുടെ കഷ്ടതകൾ കണ്ടിട്ട് പണിക്ക് ഇറങ്ങിയവനാണ് ഞാൻ.വയസ് ഇരുപത്തിരണ്ടായതെ ഒള്ളൂ... അതിന്നിടയിലാണ് പെങ്ങൾക്ക് ഈ കല്യാണം വന്നിരിക്കുന്നത്.. നല്ല ബന്ധമാണ്. എങ്ങനെയെങ്കിലും നടത്തണം എന്ന ഉറച്ച തീരുമാനത്തിലാണ് ഉറപ്പിച്ചത്. അവളുടെ കല്യാണം ശരിയായപ്പോൾ ഒരുപാട് സ്ന്തോഷിച്ചു.പക്ഷെ.. ഇത്കാരണം ഇങ്ങനെ ഒരു പുലിവാല് ഉണ്ടാകുമെന്ന് കരുതിയില്ല.
ഇല്ല. ഇതിൽ നിന്നും രക്ഷപ്പെടാനാകില്ല. എനിക്കും വില ഇട്ട് കഴിഞ്ഞു.. രക്ഷപ്പെടണമെങ്കിൽ രണ്ട് ലക്ഷം രൂപ..... എവിടെ നിന്ന് ഉണ്ടാക്കാനാണ്..
പതിയെ എണീറ്റ് അടുക്കള വഴി പുറത്തിറങ്ങി.. ഉമ്മയും ഉപ്പയും മാമനും എല്ലാം കോലായിൽ ആണ് .... കല്യാണത്തിനെ പറ്റിയുള്ള ചർച്ചകൾ. ആവലാതികൾ... അവരെയും കുറ്റം പറയാൻ പറ്റില്ല. വേറെ ഒരു മാർഗം അവർക്ക് മുമ്പിലും ഇല്ലല്ലോ...
പാടവരമ്പിലൂടെ നടന്ന് ഉണ്ണിയേട്ടന്റെ ചായപ്പീടികയിലെത്തിയപ്പോഴാണ് അവിടെ ആ കുരിശ്... ചന്ദ്രൻ ചേട്ടൻ.. ഉപ്പാന്റെ ഉറ്റ ചങ്ങായി.. ഇന്നലെ പറഞ്ഞിരുന്നു മൂപ്പരുടെ ഭാര്യ വീടിനടുത്ത് ഒരു കുട്ടിയുണ്ട്. പോയി നോക്കണം എന്ന്.. ഉപ്പ പറഞ്ഞ് ഏൽപ്പിച്ചതാണ് മൂപ്പരെ..
മൂപ്പരെ മാത്രമല്ല... ചായപ്പീടികക്കാരൻ ഉണ്ണിയേട്ടനെ, മ്മളെ ചങ്ങായിമാരെ, പലചരക്ക് കടക്കാരൻ കുഞ്ഞിക്കാനെ.. അങ്ങനെ ഒരുപാട് പേരെ... നാടാകെ വലവീശിയിരിക്കുകയാണ് എനിക്ക് വേണ്ടി...
ഇനി കീഴടങ്ങുകയല്ലാതെ രക്ഷയില്ല..
അവസാനം മനസ്സില്ലാ മനസ്സോടെ ആ പരിപാടി തുടങ്ങിക്കഴിഞ്ഞു... പെണ്ണ് കാണൽ..
അത് കണ്ടവർക്ക് അറിയാം അതിന്റെ വിഷമം.. ഒരു പ്രതീക്ഷകളും സ്വപ്നങ്ങളുടെ തന്റെ മുമ്പിലേക്ക് കയ്യിൽ ചായയോ ജ്യൂസുമായോ വന്ന് കാഴ്ചവസ്തുവായി നിൽക്കുന്നവളുടെ നൊമ്പരങ്ങൾ.. അവളുടെ മുഖത്തേക്ക് നോക്കി, പേര് ചോദിച്ച്, നിന്ന് വിയർക്കുന്നവർ.....
വല്ലാത്തൊരു മുഷിപ്പാണ് ഈ പരിപാടി... ഇന്നിപ്പോൾ ആറ് കുട്ടികളെ കണ്ടിരിക്കുന്നു... പക്ഷെ ... ഒന്നും മനസ്സിന് പിടിച്ചില്ലച്ചില്ല...
ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരിക്കുന്നു..
ഇന്ന് പതിനഞ്ചാം സുദിനത്തിലാണ് നാല് കുട്ടികളെ കണ്ടതിന് ശേഷം അഞ്ചാമത്തവളായി ഒരു നാല് മണിക്ക് അവളെ കണ്ടത്.. റജുലാ .. +2 കഴിഞ്ഞിരിക്കുന്നു.. ആദ്യനോട്ടത്തിൽ തന്നെ എവിടെയോ ഒരു സ്പാർക്ക്.. മനസ്സിൽ ഒരു സംതൃപ്തി. ഇവളാണ്. ഇവളെയാണ് ഇത്രയും ദിവസവും തേടിക്കൊണ്ടിരുന്നത് എന്നൊരു തോന്നൽ...
ഇഷ്ടപ്പെട്ട സ്ഥിതിക്ക് പരസ്പരം സംസാരിച്ചു.. അങ്ങനെ കൂടുതൽ ഒന്നുമില്ല... എന്താ പേര് ... എന്തിനാ പഠിക്കുന്നത്.... അങ്ങനെയൊക്കെ.. എന്തോ ഒരു വിറയൽ.ആണാണെന്ന് പറഞ്ഞിട്ടൊന്നും കാര്യല്ല... ചില സമയങ്ങളിൽ വല്ലാത്തൊരു നാണം... ഒരു മടി..
ഞങ്ങൾക്ക് പരസ്പരം ഇഷ്ട്ടപ്പെട്ടു..ഒപ്പം വന്നവർ അവരുടെ വീട്ടിലെ നംബർ വാങ്ങി പോന്നു.
എന്തായാലും സമാധാനമായി.. ഇനി ഒരുങ്ങിക്കെട്ടി ഈ പെണ്ണുകാണൽ എന്ന തെണ്ടലിന് നടക്കേണ്ടല്ലോ...
പക്ഷെ .. പിന്നെയും പ്രശ്നണ്ടളായിരുന്നു. അവളുടെ വീട്ടുകാർക്ക് അത്രയും സ്വർണ്ണം തരാൻ കഴിയില്ല.. പതിനഞ്ചേ തരൂ.. ഒരു ലക്ഷം രൂപയും..
വീണ്ടും പ്രശ്നങ്ങൾ.. അത് ശരിയാകൂല. നി വേറെ തിരയൂ... എന്നായി മാമനും കുടുംബക്കാരും..
ഇനി എന്നെ കൊന്നാലും ഞാൻ വേറെ ഒരു പെണ്ണ് കാണാൻ പോകുല.. ഇനി എന്നെ നിർബന്ധിച്ചാൽ എന്നെ നിങ്ങൾ കാണൂല... ഞാൻ എങ്ങട്ടെങ്കിലും നാട് വിടും... എന്ന മ്മടെ ഭീഷണിക്ക് മുമ്പിൽ അവരൊക്കെ പേടിച്ച് പിന്മാറി..
അങ്ങനെ കല്യാണം നടന്നു.. പുതിയ ഒരു ജീവിതം..
സൽക്കാരങ്ങൾ കാരണം നടുവൊടിഞ്ഞ് തുടങ്ങി. പണിക്ക് ആണെങ്കിൽ പോകാൻ ഒരു രക്ഷയും ഇല്ല. കല്യാണം കഴിഞ്ഞാൽ പ്രാരാബ്ധങ്ങളും കൂടും എന്നുള്ളത് എത്ര സത്യം.. അവളുടെ ഓരോ കുടുംബക്കാരുടെ വീട്ടിലും സൽക്കാരങ്ങൾ... പണി ലീവ്.. ബേക്കറി.. ഒലക്കടെ മൂട്..
അതിന്നിടയിൽ ബന്ധുക്കാരുടെ കുടുംബങ്ങളിൽ വരുന്ന കല്ല്യാണങൾ, കളിയാട്ടങ്ങൾ, കുട്ടിനെ കാണൽ, മരണം..
സംഗതി ദാമ്പത്യ ജീവിതം കുറച്ച് രസമൊക്കെ ഉണ്ടെങ്കിലും എന്തൊക്കെ ചിലവുകൾ.. അതും ഒരു മഴ ചാറിയാൽ പിന്നെ അന്ന് ലീവ്.. അയൽപക്കത്ത് ഒരു പന്തൽ കണ്ടാൽ അന്ന് ലീവ്. ചൂടു കൂടുതലായാൽ ലീവ്.. അങ്ങനെത്തെ ഞാനും...
അതിന്നിടയിൽ അതും സംഭവിച്ചു.. ഞണ്ടളുടെ ജീവിതത്തിലേക്ക് പുതിയ ഒരാള് കൂടി വരാൻ പോകുന്നു. സന്തോഷം കൊണ്ട് തുള്ളിച്ചാടിയ നിമിഷങ്ങൾ.
വീണ്ടും ചിലവുകൾ കൂടാൻ തുടങ്ങി. മാസാമാസം ചെക്കപ്പുകൾ.. മാസങ്ങൾ കഴിഞ്ഞ് കൊണ്ടിരിക്കുന്നു. ഇനിയിപ്പോൾ പ്രസവം.കുട്ടിക്ക് സ്വർണ്ണം ഉണ്ടാക്കൽ. കുട്ടിനെ കാണൽ.. നാൽപ്പത് ... അറുപത്... തൊണ്ണൂറ്..
അതൊക്കെ ആലോചിച്ച് അന്തം വിട്ട് നിൽക്കുന്ന സമയത്താണ് ആദ്യമായി ഗൾഫിൽ പോകാൻ ഒരു പുതി വന്നത്.പിന്നീട് വിസക്കുള്ള അന്വേഷണമായി..
അവസാനം വിസ ശരിയായി.... അതിനും വേണം ഒന്നര ലക്ഷം... നടുവൊടിഞ്ഞിരിക്കുന്ന എന്റെ ഓടക്കിശയിൽ എന്തുണ്ട്. ബാക്കിയുള്ള സ്വർണവും ബേങ്കിൽ കൊണ്ട് പോയി വെച്ച്, കിട്ടാവുന്നിടത്ത് നിന്നെല്ലാം കടവും വാങ്ങി അങ്ങനെ ഞാനും ഒരു പ്രവാസിയായി..
പ്രവാസം.. അറിയുന്തോറും അകലാൻ കൊതിക്കുന്ന.......
അയ്. അണ്ടനെയല്ല.... അഴിയുന്തോറും മുറുകുന്ന കുരുക്ക്...
രണ്ട് വർഷം നിന്നിട്ട് കടങ്ങൾ ഒക്കെ വീട്ടിയിട്ട് നിർത്തണം എന്ന് കരുതിയിരുന്നതാണ്.. എവിടെ.. ഇപ്പോൾ ഏഴ് വർഷം കഴിഞ്ഞിരിക്കുന്നു.. അതിന്നിടയിൽ മൂന്ന് തവണ ലീവിന് പോയി.. രണ്ട് മക്കൾ ആയിരിക്കുന്നു.
എല്ലാവരെയും പോലെ എനിക്കുമുണ്ട് ആഗ്രഹങ്ങൾ.. സ്വന്തമായി ഒരു അഞ്ചു സെന്റ് ഭൂമി.അതിൽ ഒരു കൊച്ചു വീട്..
പക്ഷെ അതിനൊക്കെ മുകളിൽ മഹത്തായ വലിയ ഒരു സ്വപ്നമുണ്ട്. ഒരു കടം വീട്ടാനുണ്ട്. തിരിച്ച് പിടിക്കാനുണ്ട് എന്റെ ആണത്തത്തെ. ആ വലിയ ലക്ഷ്യത്തിന് വേണ്ടി കൂടിയാണ് ഞാൻ പ്രവാസി ആയത്.
എല്ലാവരും ചോദിക്കാറുണ്ട്...ഈ ആറേഴ് വർഷം ഗൾഫിൽ നിന്നിട്ട് നി ഒരു വീട് പോലും ഉണ്ടാക്കായില്ലല്ലോ... അത് പോട്ടെ. ഒരു അഞ്ച് സെന്റ് സ്ഥലം പോലും വാങ്ങിയില്ലല്ലോ എന്ന്.
ഇല്ല .. അത് രണ്ടും നടന്നിട്ടില്ല.പക്ഷെ അതിലൊക്കെ വലിയ എന്റെ ആ മോഹം സാക്ഷാത്കരിക്കാൻ പോകുന്നു. നിവർത്തികേട് കൊണ്ട് പണ്ട് ഞാൻ പണയം വെച്ച എന്റെ ആണത്തം തിരിച്ചെടുക്കാൻ പോകുന്നു. അതെ അന്ന് ഞാൻ വാങ്ങിയ സ്ത്രീധനം തിരിച്ച് കൊടുക്കാൻ പോകുന്നു.
ഭാര്യയുടെ അനിയത്തിയുടെ കല്യാണമാണ് അടുത്ത ആഴ്ച.. അന്ന് ഞാൻ വാങ്ങിയ ഒരു ലക്ഷം രൂപയും സ്വർണവും തിരിച്ച് കൊടുക്കാൻ പോകുന്നു.ഇത് വരെ ഞാൻ സമ്പാദിച്ചതെല്ലാം ഇതിന് വേണ്ടി ആയിരുന്നു.
ഇന്നിപ്പോൾ സമൂഹം ഏറെക്കുറെ ഒരുപാട് മാറി എന്ന് തോന്നുന്നു.. സ്ത്രീധനം പണമായി അധികമാരും ചോദിക്കുന്നില്ല എന്ന് തോന്നുന്നു. ഭാര്യയുടെ അനിയത്തിക്കും പണം ഒന്നും ചോദിച്ചിട്ടില്ല. നിങ്ങളുടെ കുട്ടിക്ക് നിങ്ങൾക്ക് ഇഷ്ടമുള്ളത് കൊടുത്തോളൂ.. എന്നാണ് പറഞ്ഞിരിക്കുന്നത്.
പണവും സ്വർണ്ണവും ഭാര്യയെ കൊണ്ട് അവളുടെ ഉപ്പയുടെ കയ്യിൽ കൊണ്ട് പോയി ഏൽപ്പിച്ച് കഴിഞ്ഞു. വല്ലാത്ത ഒരാശ്വാസത്തിലാണിപ്പോൾ ഞാൻ.. വർഷങ്ങളോളം ചുമന്ന് കൊണ്ട് നടന്ന വലിയ ഒരു അസ്വസ്ഥത, ഒരു നീറ്റൽ ഇറക്കി വെച്ച പ്രതീതി..
പ്രവാസത്തിന്റെ ഒരുപാട് നഷ്ടങ്ങളിൽ അവളുടെ കല്യാണവും ചേർത്ത് വെക്കാം. എനിക്ക് പോകാൻ കഴിയില്ല. ഈ ഏഴ് വർഷം ചേർത്ത് വെച്ച ഒരുപാട് കല്യാണങ്ങൾ, മരണങ്ങൾ... എന്തിന് പറയുന്നു രണ്ട് മക്കളെയും ലേബർ റൂമിന് പുറത്ത് കാത്ത് നിന്ന് ,കൈകളിലേക്ക് വാങ്ങാൻ കഴിയാതെ പോയ നിമിഷങ്ങളെ പോലെ..
എന്നാലും ഞാൻ സംതൃപ്നാണ്...
( മറ്റൊരാളുടെ അനുഭവമാണ്)....
മൻസൂർ....

വീട് ഒരു സ്വർഗ്ഗം

Image may contain: 1 person, closeup and indoor

"അമ്മേ...ഉറക്കി താ"...
തൊടുവിൽ നിന്നും ഒരു പിടി മുരിങ്ങ ഇല പൊട്ടിച്ച് അടുക്കളയിലേക്ക് കയറുമ്പോഴാണ് ഇളയ മോന്റെ പറച്ചിൽ. പാവം. അവന് ഉറക്കം വന്നിട്ടുണ്ടാകും .അച്ഛനെയും കാത്ത് ഇരിക്കുകയായിരുന്നു ഇത്ര നേരം. സമയം ഒമ്പത് മണി കഴിഞ്ഞിരിക്കുന്നു.. രാവിലെ പോകുമ്പോൾ പറഞ്ഞതാണ് ആ മനുഷ്യനോട്.. കറിവെക്കാൻ ഒന്നുമില്ല... വരുമ്പോൾ എന്തെങ്കിലും കൊണ്ടുവരാൻ..
എവടെ. എന്നും ഏഴ് മണി ആകുമ്പോഴെങ്കിലും മുളയുന്നതാ.. എവിടെ പോയി.. ഇങ്ങോട്ട് വരട്ടെ. ഉച്ചക്ക് മുരിങ്ങ ഇല താളിച്ച് കറിയും നാല് കാന്താരി മുളകും രണ്ട് ചെറിയ ഉള്ളിയും ചേർത്ത് ചമ്മന്തി ഉണ്ടാക്കി കഴിച്ച് കൂട്ടി. കുട്ടികൾ സ്കൂളിൽ പോയിരുന്നത് കൊണ്ട് രക്ഷപ്പെട്ടു.
"നിക്കെടാ.. അമ്മ മുട്ട പൊരിക്കട്ടെ. ചോറ് കഴിച്ചിട്ട് കിടന്നാ മതി..
അതു് പറഞ്ഞ് അരി ഇട്ട് വെച്ച ബക്കറ്റിൽ തപ്പി നോക്കി... രണ്ടെണ്ണം തന്നെ ഒള്ളൂ. അതെങ്ങിനാ.. ആ തള്ളക്കോഴിയും ഇപ്പോൾ തരികിട തുടങ്ങിയിരിക്കുന്നു. ഏത് നേരം നോക്കിയായും ഇവിടെ തന്നെ കൊത്തിപ്പെറുക്കി ഉണ്ടാകും.. മുട്ട ഇടാൻ അന്യന്റെ തൊടുവിൽ എവിടേലും പോകണം ആ സാധനത്തിന്. എല്ലാം കണക്കാ..
ദൈവമെ... അരി ബക്കറ്റും കാലിയായിരിക്കുന്നല്ലോ.. എല്ലാം കഴിഞ്ഞ് കൊണ്ടിരിക്കുന്നു.. ഈ മനുഷ്യന് വല്ല വെളിവുമുണ്ടോ?...
ഇന്നലെ അമ്മയെ കാണാൻ വീട്ടിൽ പോയപ്പോഴാണ് സുരേഷിനെ കണ്ടത്. വലിയ നീളമുള്ള ഒരു കാറിൽ ചീറിപ്പാഞ്ഞു പോകുന്നത്.ഗൾഫിൽ നിന്ന് ഈയിടെ വന്നതാ ത്രെ.. അത് കണ്ടപ്പോൾ എന്തോ ഒരു നഷ്ടബോധം..പണ്ട് അവൻ എന്നെ പെണ്ണു കാണാൻ വന്നതാ.. അച്ഛനാണ് അത് വേണ്ടെന്ന് പറഞ്ഞത്. അവന്റെ സ്വഭാവം ശരിയല്ലാ... സകല തോന്നിവാസവും ഉണ്ട്.. എന്റെ മോൾക്ക് ആ ബന്ധം വേണ്ട..
പിന്നെയാണ് ഈ മനുഷ്യൻ വന്ന് കെട്ടിയത്.. നാരായണേട്ടൻ. തെങ്ങ് കയറൽ ആണ് പണി.. ഇടക്ക് ഒന്ന് മിനുങ്ങും എന്നല്ലാതെ വേറെ വലിയ കുഴപ്പമൊന്നുമില്ല..
എന്നാലും സുരേഷിന്റെ ഇപ്പോഴത്തെ നില ഒക്കെ കാണുമ്പോൾ എന്തോ ഒരു മാതിരി.. കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് അവൻ ഗൾഫിൽ പോയത്... പെട്ടന്നായിരുന്നു അവന്റെ വളർച്ച. വലിയ വിട്, കാറ്, കുറെയിടത്ത് സ്ഥലങ്ങൾ, ടൗണിൽ നാല് നില ബിൽഡിംഗ്....
നാട്ടിലെ വലിയ മുതലാളി ആയി ഇപ്പാൾ ആള്...അതൊക്കെ ഇങ്ങനെ കാണുമ്പോൾ ....... ആ.. എന്ത് ചെയ്യാൻ എന്റെ വിധി ഇതായിപ്പോയി..
മുട്ട പൊരിച്ച് അവന് ചോറ് കൊടുത്ത് ഉറക്കി.മൂത്ത രണ്ട് മക്കൾ കോലായിൽ ഇരുന്ന് പഠിക്കുന്നുണ്ട്..
"അമ്മൂ... ഡാ.. അച്ചൂ.. ഉള്ളത് കൂട്ടി ചോറ് കഴിച്ചോളിംളിം.. നിങ്ങടെ കൊച്ഛൻ ഇന്ന് വരും എന്ന് തോന്നുന്നില്ല... എവിടെ പോയി ആവോ..?
ഞങ്ങൾ അച്ഛൻ വന്നിട്ടേ കഴിക്കുന്നുള്ളൂ.. എന്നും പറഞ്ഞ് അവർ പഠിത്തം തുടർന്നു.
എന്നാലും ഈ മനുഷ്യൻ ഇതെവിടെ പോയി എന്ന് ഓർത്ത് കൊണ്ട് മുറ്റത്തേക്കിറങ്ങി. അയൽ വാസി ദാസേട്ടന്റെ വീടിന്റെ പുറത്ത് അവരുടെ മകൻ നിൽക്കുന്നുണ്ട്..
"ഡാ അജയാ.... നീ നാരായണേട്ടനെ കണ്ടോടാ"..?
ചേട്ടൻ ഷാപ്പിലോട്ട് കയറുന്നത് കണ്ടായിരുന്നു നേരത്തെ..
ആ... അപ്പോൾ അത് ശരി.മിനുങ്ങാൻ പോയിരിക്കാണല്ലേ?... കുറച്ച് കാലമായിട്ട് നിർത്തിയതാണല്ലോ. വീണ്ടും തുടങ്ങി പണ്ടാരടങ്ങാൻ. എന്നും മനസ്സിൽ പറഞ്ഞ് കൊണ്ട് പാടവരമ്പത്തേക്ക് നോക്കിയിരുന്നു.
ദൂരെ വരമ്പിലൂടെ ഒരു ബീഡിയുടെ വെളിച്ചം അടുത്തേക്ക് വരുന്നുണ്ട്. ആ... ഏട്ടൻ തന്നെയാണ്.. ഭാഗ്യം. തലയിൽ ഒരു സഞ്ചി ഉണ്ട്. സാധനങ്ങളായിരിക്കും ... മറന്നിട്ടില്ല എന്ന് തോന്നുന്നു..
"മക്കൾ ഉറങ്ങിയോടി..? എന്നും ചോദിച്ച് കൊണ്ട് മുറ്റത്തേക്ക് കയറി.
തലയിലുള്ള സഞ്ചി വാങ്ങിയിട്ടാണ് ഞാൻ പറഞ്ഞത്.
,"അഭി ഉറങ്ങി.. മറ്റവര് രണ്ടാളും നിങ്ങളെ കാത്തിരിക്കയാ.. എവിടെ ആയിരുന്നു ഇത്രയും നേരം?.. ഇന്ന് കുടിച്ചു ല്ലേ?"...
ഇല്ലെടി പെണ്ണെ.. ഇന്ന് നമ്മുടെ ബീരാനാജിടെ പറമ്പിലായിരുന്നു തേങ്ങ ഇടൽ.. അതും കഴിഞ്ഞ് അതൊക്കെ പെറുക്കിക്കൂട്ടാൻ നിന്നു. കുറച്ച് തേങ്ങ പൊളിക്കാനും ഉണ്ടായിരുന്നു.അങ്ങനെ നേരം വൈകി..
ഇനി നിനക്ക് വിശ്വാസമില്ലെങ്കി മണത്ത് നോക്ക് എന്നും പറഞ്ഞ് എന്റെ മുഖത്തേക്ക് ഊതി.
ഭാഗ്യം കുടിച്ചിട്ടൊന്നുമില്ല.
"പിന്നെ എന്തിനാ നിങ്ങൾ ഷാപ്പിൽ പോയിരുന്നത്?..
ഓ.. അതോ. നീ ഇന്നലെ പറഞ്ഞിരുന്നില്ലേ പരിപ്പ് വട തിന്നാൻ പുതി ഉണ്ടെന്ന്.. അച്ചുവേട്ടന്റെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി പോരുമ്പോഴാ അത് ഓർമ്മ വന്നത്.അപ്പാൾ പിന്നെ ഷാപ്പിലേക്ക് വിട്ടു. അവിടെ ചെന്നപ്പോൾ നല്ല ഞണ്ട് കറി ഉണ്ടാക്കാൻ തുടങ്ങുന്നു ഷാപ്പിലെ വാസു. അത് ആകുവോളം കാത്ത് നിന്നു.ആ കവറിലുണ്ട്.
നീ അത് ഒന്നൂടി ചൂടാക്ക്.. ഞാൻ ഒന്ന് മേല് കഴുകി വരാം..
പരിപ്പ് വട എടുത്ത് മക്കൾക്ക് കൊടുത്ത കറി ചീനച്ചട്ടിയിൽ അടുപ്പത്ത് വെച്ചു. കൊണ്ട് വന്ന സാധനങ്ങളൊക്കെ ഒരു ഭാഗത്ത് വെച്ച് ചോറ് വിളമ്പി. അപ്പോഴേക്കും ഏട്ടൻ കുളി കഴിഞ്ഞ് വന്നു. മക്കളെ വിളിച്ച് ഒരുമിച്ച് ഇരുന്ന് കഴിക്കാൻ തുടങ്ങി. ഉറങ്ങിയ ചെറിയ മോനെയും എണീപ്പിച്ച് കൊണ്ടുവന്നു മൂപ്പര്..
ചോറ് കഴിക്കൽ കഴിഞ്ഞ് മക്കൾക്ക് പായ വിരിച്ച് കൊടുത്ത് വീണ്ടും അടുക്കളയിലെത്തി. പാത്രങ്ങൾ കഴുകി വെച്ച് അടിച്ച് വാരി ,പുറത്ത് ബാത്ത് റൂമിൽ പോയി വന്നപ്പോൾ മുറ്റത്ത് ഇട്ട പൊട്ട കട്ടിലിൽ ഇരിക്കുന്നുണ്ട് മൂപ്പര്... ബീഡിയും വലിച്ച് ഒരു പാട്ടും മൂളി...
"ഇവിടെ ഇരിക്കാണോ?... ഇന്ന് കിടക്കുന്നൊന്നൂല്ലേ?....
നീ ഇവിടെ വാടീ.. കുറച്ച് കഴിയട്ടെ..
എന്നും പറഞ്ഞ് എന്നെ പിടിച്ച് ഇരുത്തി. എന്റെ മടിയിലേക്ക് തല വെച്ച് അങ്ങനെ കിടന്നു.നേരത്തെ കൊണ്ട് വന്ന പരിപ്പ് വട എടുത്ത് എന്റെ വായയിൽ വെച്ച് തന്ന് കണ്ണിറുക്കി.
"കല്ലായി കടവത്തെ
കാറ്റൊന്നും മിണ്ടീല"...
മുപ്പര് തുടങ്ങി. ഇനി ഇങ്ങനെയാണ് .. പഴയ കാല സിനിമാപ്പാട്ടുകളും നാടൻ പാട്ടുകളുമായി എന്റെ മടിയിൽ കിടന്ന് കട്ടിലിൽ താളം പിടിച്ച് അങ്ങനെ ഒരുപാട് നേരം കിടക്കും.
എന്ത് ഇല്ലായ്മയും വല്ലായ്മയും ആണെങ്കിലും ഈ ജീവിതത്തിനുമുണ്ടൊരു സുഖം.. പറഞ്ഞറിയിക്കാനാവാത്ത ഒരു സുഖം. ഇന്നലെ സുരേഷിനെ കണ്ടപ്പോളുണ്ടായിരുന്ന ആ നഷ്ടബോധമൊക്കെ എങ്ങോ പോയി മറഞ്ഞു.
ഉള്ളത് കൊണ്ട് പരസ്പരം സ്നേഹിച്ച് സന്തോഷത്തോടെ ജീവിതം മുന്നോട്ട്.. ഈ വീടും ഒരു സ്വർഗ്ഗമാണ്.
...........................................................................
ഈ സമയത്ത് സുരേഷിന്റെ ആ വലിയ രണ്ട് നില വിട്ടിൽ ഭാര്യ ജലജ കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ, കട്ടിലിൽ നിന്ന് എണീറ്റു.ഉറച്ച ഒരു തീരുമാനത്തോടെ ഫോൺ എടുത്തു. അമ്മയ്ക്ക് വിളിക്കാൻ..
ഇനി ഇവിടെ നിൽക്കാനാവില്ല.പലതും ഞാൻ കേട്ടു.സുരേഷിനെ പറ്റി.തോട്ടത്തിലെ സ്ത്രീകളുമായി ചേർത്ത്, ടൗണിലെ കടയിലെ ജോലിക്കാരികളുമായി ചേർത്ത്.... പക്ഷെ ഇന്ന് ഞാൻ പുറത്ത് പോയ സമയം നോക്കി ഈ വീട്ടിലും ആ ദുഷ്ടൻ....
ഇല്ല.. ഇനി വയ്യാ.. അല്ലെങ്കിൽ തന്നെ ഇനി ആർക്ക് വേണ്ടി ജീവിക്കണം?.. ജീവിതത്തിന് ഒരു പ്രതീക്ഷക്കായി മക്കളെ പോലും എനിക്ക് ദൈവം തന്നില്ലല്ലോ..
ഉറച്ച തീരുമാനത്തോടെ അവൾ അമ്മയുടെ നമ്പർ ഡയൽ ചെയ്തു....

By: Mansoor 

നിയോഗം

Image may contain: 1 person, closeup and indoor

വല്ലാത്ത ഒരു അഭിനിവേശത്തോടെ തീരത്തെ കെട്ടിപ്പുണരുവാൻ കൊഞ്ചി കുഴഞ്ഞ് വന്നെത്തുന്ന തിരമാലകളെയും നോക്കി ഈ കടൽക്കരയിൽ കുറെ നേരമായി ഇരിക്കുന്നു. യുഗാന്തരങ്ങളായി തുടരുന്ന ഇവരുടെ പ്രണയവും ആസ്വദിച്ച്...
സമയം സന്ധ്യ കഴിഞ്ഞിരിക്കുന്നു.. ഇവൾ ഇന്നു ഇനി വരില്ലെ?..
ഈ കടൽ തീരത്ത് വെച്ചാണല്ലോ അന്നാദ്യമായി അവളെ കണ്ടത്. എന്റെ നദീറ.. കടലിന്റെ പ്രണയിനി..
ആദ്യ കാഴ്‌ചയിൽ തന്നെ എന്തോ ഒരു ആകാർഷണം എനിക്ക് അവളിൽ തോന്നി.. സംസാരിച്ച് തുടങ്ങിയപ്പോൾ മനസ്സിലായി.അവൾക്കും എന്നെ പോലെ ഈ കടലും അസ്തമയ സൂര്യനും എല്ലാം ഇഷ്ടമാണ്.തിരയുടെ ഓരോ വരവിന് ഒപ്പവും ആർത്ത് വിളിച്ച് ബഹളം കൂട്ടി, തീരത്തെ ഒന്ന് കെട്ടിപ്പുണർന്ന് യാതൊരു വിഷമവുമില്ലാതെ തിരിച്ച് പോകുന്ന തിരയുടെ പ്രവർത്തിയിൽ വിഷമിച്ച് നിൽക്കുന്നവൾ..
പരിചയപ്പെട്ടതിന് ശേഷം ഒട്ടു മിക്ക ദിവസങ്ങളിലും ഞങ്ങൾ ഈ തീരത്ത് എത്തുമായിരുന്നു.. വാ തോരാതെ സംസാരിച്ച്, കടലിനെ കുറിച്ച്.. അവൾക്ക് വലിയ ഇഷ്ടമായിരുന്നു സംസാരിച്ച് ഇരിക്കാൻ..
പ്രണയം പരസ്പരം തുറന്ന് പറഞ്ഞതിന് ശേഷം ഞങ്ങളുടെ ഒത്തുചേരലുകൾ കൂടി.
ഞങ്ങളുടെ മനസ്സിന്റെ പാടത്ത് അനുരാഗത്തിന്റെ വിത്തുകൾ പാകി അത് മുളക്കുന്നതും തളിർക്കുന്നതും പച്ചപ്പിടുന്നതും അവസാനം പൊൻകതിരുകളായി വിടരുന്നതും സ്വപ്നം കണ്ട് ഒരു പാട് നേരം..
കടലിന്റെ അഗാധതയിലേക്ക് ഇറങ്ങി മറയുന്ന സൂര്യന്റെ വിരഹ ദു:ഖം കാണുമ്പോൾ അവൾക്ക് വല്ലാതെ സങ്കടം വന്നിരുന്നു..
ഞങ്ങളുടെ ഇഷ്ടം രണ്ട് പേരുടെയും വീട്ടിൽ അറിയിച്ചപ്പോഴും വലിയ പ്രശ്നങ്ങൾ ഒന്നുമുണ്ടായില്ല..
ഞങ്ങൾ കണ്ട കിനാവുകളെല്ലാം സാക്ഷാൽകരിച്ച് കൊണ്ട് വിവാഹവും നടന്നു.. സന്തോഷകരമായ ദിനങ്ങൾ. പരസ്പരം സ്നേഹിച്ച് കൊല്ലുകയായിരുന്നു ഞങ്ങൾ..
ഒട്ടു മിക്ക സന്ധ്യകളിലും ഈ കടൽ തീരത്ത് എത്തൽ ഞങ്ങൾ തുടർന്നു.. ഓരോ ദിവസവും ജീവിതം ആസ്വദിച്ച് ,സ്നേഹിച്ച് ...
പക്ഷെ ആർക്കൊക്കെയോ ഞങ്ങളുടെ ജീവിതം കണ്ട് അസൂയ തോന്നിയെന്ന് തോന്നുന്നു. അല്ലെങ്കിൽ എന്നെ തനിച്ചാക്കി അവളെ കൊണ്ട് പോകുമായിരുന്നില്ലല്ലോ...
അന്നൊരു ദിവസം ഒന്നാം വിവാഹ വാർഷികത്തിന്റെ അന്ന് രാത്രി .. പതിവ് പോലെ ഈ തീരത്ത് എത്തി ഞങ്ങൾ.. അവൾ വലിയ സന്തോഷത്തിലായിരുന്നു... പിറകിൽ നിന്നുള്ള എന്റെ വിളി കേൾക്കാതെ മടങ്ങുന്ന ഒരു തിര യോടൊപ്പം കടലിലേക്കിറങ്ങിയ അവൾ...
ഇനി മതി നമുക്ക് പോകാം... എന്ന എന്റെ പറച്ചിലിന് മുഖം കോട്ടി കൊണ്ട് നിൽക്കൂ..കുറച്ച് നേരം കൂടി എന്ന് കൊഞ്ചി പറഞ്ഞ് നിന്ന നേരത്ത്.. ആരോടോ ഉള്ള ദേഷ്യം കൊണ്ട് വന്യമായി വന്ന ഒരു തിര അവളെയും കൊണ്ട് പോകുമ്പോൾ പിറകെ ഓടിയ എന്നെ തനിച്ചാക്കി എങ്ങോ പോയി മറഞ്ഞു അവൾ..
കടലിലെ കാഴ്ചകൾ എല്ലാം കാണിച്ച് കൊടുത്ത് ആ തിര അവളെ തീരത്ത് എത്തിച്ചപ്പോൾ ദിവസം നാല് കഴിഞ്ഞിരുന്നു..
മരവിച്ച എന്റെ മനസ്സ് കാരണം ഒരു തുള്ളി കണ്ണീര് പോലും വന്നില്ല കണ്ണിൽ നിന്ന്.. ഹൃദയം തകർന്ന നിമിഷങ്ങൾ.. ഇനി എന്തിന് ഈ ജീവിതം ആർക്കു വേണ്ടി എന്ന ചിന്തയിൽ തന്നെയാണ് ചടങ്ങുകൾ കല്ലാം കഴിഞ്ഞ ആ ദിവസം വീണ്ടും ഞാൻ ഈ കടൽ തീരത്ത് എത്തി ജീവിതം അവസാനിപ്പിക്കുവാൻ..
വല്ലാത്ത ഒരാവേശത്തോടെ കടലിലേക്ക് ഇറങ്ങി ഞാൻ ... അവളുടെ അടുത്ത് എത്തുവാൻ മനസ്സ് തുടിക്കുന്നു. വന്യമായ ഒരു തിര എന്നെ കരയ്ക്ക് തന്നെ കൊണ്ട് ഇട്ടു.ഓരോ പ്രാവശ്യം ഞാൻ ഇറങ്ങുമ്പോഴും വാശിയോടെ വീണ്ടും എന്നെ കരയിലേക്ക് തന്നെ കൊണ്ടിട്ട് കൊണ്ടിരുന്നു ആ തിര.. അവസാനം ഞാൻ തോറ്റ് പിന്മാറും വരെ.. വളരെ നിരാശനായി ആണ് അവിടെ നിന്ന് മടങ്ങിയത്.
അന്ന് രാത്രി മരിക്കാനുള്ള വഴി ആലോചിച്ച് ഉറക്കമില്ലാതെ കിടക്കുന്ന സമയത്ത് ആണ് അവൾ വന്നത്. എന്റെ നദീറ.. ഒരു മാലാഖയുടെ ചിറകിലേറി.
" ഇന്ന് മരിക്കാൻ വേണ്ടിയാണോ കടലിൽ വന്നിരുന്നത്,,"..
ഞാൻ അതെ എന്ന അർത്ഥത്തിൽ തലയാട്ടി..
"ഞാൻ പറഞ്ഞിട്ടാണ് ആ തിര അങ്ങനെ ചെയ്തത്. നിങ്ങൾ എന്തിന് മരിക്കണം?... നിങ്ങൾ മരിച്ചാൽ ഉപ്പക്കും ഉമ്മാക്കും പിന്നെ ആരാ ഉള്ളത്.ജീവിതം സ്വയം അവസാനിപ്പിക്കാൻ ആർക്കും അവകാശമില്ല.. അറിയോ നിങ്ങൾക്ക്?.. എന്റെ കൂടെ വരൂ ഞാൻ ഒരൂട്ടം കാണിച്ച് തരാം"...
ഞാൻ ആ മാലാഖയുടെ പുറത്ത് കയറി അവരോടൊപ്പം ചെന്നു. അറബിക്കടലും കടന്ന് ദൂരെ അങ്ങ് ദൂരെ മരുഭുമിയുടെ നാട്ടിൽ. അവിടെ ഒരു റൂമിൽ മൂന്ന് നാല് പേർ കിടക്കുന്നു.. നാട്ടിലേക്ക് പോകാൻ ഒരുങ്ങിയ ഒരാളുണ്ട് കൂട്ടത്തിൽ എന്ന് തോന്നുന്നു. ഭംഗിയിൽ കയറ് കൊണ്ട് കെട്ടി പേര് എഴുതിയ രണ്ട് പെട്ടിട്ടികൾ റൂമിന്റെ ഒരു മൂലയിൽ ഉണ്ട്..
എന്താണിവിടെ? എന്ന ഭാവത്തിൽ ഞാൻ അവളെ നോക്കി..
മറുപടിയായി അവൾ എന്റെ ചെവിൽ മന്ത്രിച്ചു.
അതാ ആ അരികിൽ കിടക്കുന്ന മനുഷ്യനെ കണ്ടോ?... അയാളാണ് നാളെ നാട്ടിൽ പോകുന്നത്. ആളുടെ മോളുടെ വിവാഹമാണ് അടുത്ത ആഴ്ച്ച. പക്ഷെ അയാൾക്ക് പോകാൻ കഴിയില്ല നാളെ. അടുത്ത നിമിഷത്തിൽ മരണം അയാളെ കീഴടക്കും. ആളുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കൂ.
മുഖം വിളറി വെളുത്തിരിക്കുന്നു.
മോളുടെ വിവാഹം കഴിയുന്നത് വരെ ആയുസ്സ് നീട്ടി തരുമോ എന്ന് കേഴുകയാണ് അയാൾ.പക്ഷെ ഇല്ല.. അലംഘനിയമായ ആ സത്യത്തെ തടുക്കാൻ ആർക്കുമാവില്ലല്ലോ.. അവൾ തുടർന്നു. ഇങ്ങനെ ഒരുപാട് പേരുണ്ട് ഈ ലോകത്ത് ഒരു ദിവസം അല്ലെങ്കിൽ ഒരു മണിക്കൂർ നേരത്തെ ആയുസ്സിന് വേണ്ടി കേഴുന്നവർ മനസ്സിലായോ?... അപ്പോഴാണ് നിങ്ങൾ സ്വയം ജീവിതം അവസാനിപ്പിക്കാൻ നോക്കുന്നത്.
"എന്നോട് ഇത്തിരിയെങ്കിലും സ്നേഹമുണ്ടെങ്കിൽ നിങ്ങൾ ഒരു കാര്യം ചെയ്യണം. മറ്റൊരു വിവാഹം കഴിക്കണം. ഉപ്പയെയും ഉമ്മയെയും ശുശ്രൂഷിക്കാൻ ഒരാള് വേണ്ടേ?.ഒരു ജീവിതം തുടങ്ങി മക്കൾ ഒക്കെ ഉണ്ടാകുമ്പോൾ എല്ലാ വിഷമങ്ങളും മറക്കാൻ കഴിയും. ചെയ്യുമോ?...
അത് മാത്രം നീ പറയരുത് .. എന്റെ ജീവിതത്തിൽ ഇനി മറ്റൊരു പെണ്ണ് ഇല്ല.
" എന്നാൽ ഒരു കുട്ടിയെ ദത്ത് എടുക്കൂ. ഒരു പാട് കുട്ടികൾ ഉണ്ട് അച്ഛനമ്മമാരില്ലാതെ ,അവരുടെ സ്നേഹം കൊതിച്ച് നടക്കുന്നവർ ..അത് ചെയ്യുമോ?..
അത് ഞാൻ സമ്മതിച്ചു.സന്തോഷത്തോടെയാണ് അവൾ മടങ്ങിയത്. പിറകെ ചെന്ന എന്നെ അവൾ തടഞ്ഞു.
എനിക്ക് മടങ്ങാൻ സമയമായി.ഇനിയും വരാം.
പിറകെ ഓടാൻ നിന്ന ഞാൻ കട്ടിലിൽ നിന്ന് വീണപ്പോഴാണ് സ്വപ്നത്തിൽ നിന്ന് ഞെട്ടി ഉണർന്നത്. ഇല്ലാ ഞാൻ എവിടെയും പോയിട്ടില്ല. എല്ലാം എന്റെ തോന്നലുകളായിരുന്നോ?.
പിന്നീട് പല സന്ദർഭങ്ങളിലും അവൾ എന്റെ അരികിൽ വന്നു. ഒരു ദിവസം വന്നപ്പോൾ അവൾ വലിയ ദു:ഖത്തിലായിരുന്നു. എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ അവൾ എന്നെയും കൂട്ടി പുറത്തിറങ്ങി.
പുറത്ത് വിശാലമായ പറമ്പിൽ എത്തിയപ്പോഴാണ് അവൾ പറഞ്ഞ് തുടങ്ങിയത്.
" ഞാൻ ഇന്ന് വരുമ്പോൾ ഒരുപാട് മനസ്സിനെ മഥിക്കുന്ന കാഴ്ചകൾ കണ്ടു. എത്രയോ അക്രമങ്ങൾ ,കൊലപാതകങ്ങൾ.. എന്താ ഈ മനുഷ്യരെല്ലാം ഇങ്ങനെ...
നോക്കൂ ആകാശത്തിലേക്ക് നോക്കൂ.. മിന്നി തിളങ്ങുന്ന നക്ഷത്രങ്ങൾ കണ്ടോ?.. ആ കാണുന്ന ഒരു നക്ഷത്രം തന്നെ ഭൂമിയുടെ എത്രയോ ഇരട്ടി വലുപ്പമുണ്ട് എന്നറിയുമോ?.അങ്ങനെ എത്ര കോടി നക്ഷത്ര സമൂഹങ്ങൾ ഉണ്ട് ഈ പ്രപഞ്ചത്തിൽ. ഭൂമിയെ പോലെ മറ്റനേകം ഗ്രഹങ്ങളും ?.... അത്തരം ഗ്രഹങ്ങളിൽ പെട്ട ഒരു ഗ്രഹം മാത്രം ഈ ഭൂമി ലോകം. ഈ ഭൂമിയിൽ തന്നെ എത്രയധികം മറ്റ് ജീവനുകളുണ്ട്. മനുഷ്യരേക്കാൾ കരുത്തുള്ളവ?.. നിങ്ങൾക്ക് ഒരു കാര്യം അറിയുമോ? .മനുഷ്യന് അറിയാൻ കഴിയാത്ത മറ്റ് പലതും മനസ്സിലാക്കാൻ കഴിയുന്ന ജീവജാലങ്ങൾ ഉണ്ട് ഈ പ്രപഞ്ചത്തിൽ?. ഭൂകമ്പങ്ങളും മറ്റ് പ്രകൃതി ദുരന്തങ്ങളും മൃഗങ്ങൾക്ക് മുൻകൂട്ടി അറിയാൻ കഴിയുമത്രെ.. എന്നിട്ടും നിസാരക്കാരായ മനുഷ്യർക്കെന്തെ ഇത്ര അഹങ്കാരം?..
ഞാൻ ഒന്നും മിണ്ടാതെ നിന്നു. പിന്നീടും പല തവണ അവൾ വന്നു .ഒരിക്കൽ വലിയ ദേഷ്യത്തിലാണ് വന്നത്. വന്നപാടെ പൊട്ടിത്തെറിച്ച് കൊണ്ടാണ് ചോദിച്ചത്.
"നിങ്ങൾ അപ്പുറത്തെ വീട്ടുകാരോട് കിണറ്റിൽ നിന്ന് വെള്ളം എടുക്കണ്ട എന്ന് പറഞ്ഞിരുന്നോ?.
അതെ വെള്ളം കുറവാണ് അതാ പറഞ്ഞത്.
വെള്ളവും വായുവും പടച്ചവന്റെ അനുഗ്രഹങ്ങളാണ് അത് നിഷേധിക്കുവാൻ ആർക്കും അവകാശമില്ല. നിങ്ങളും ഉപയോഗം ചുരുക്കി അവർക്കും കൊടുക്കണം മനസ്സിലായോ.
ഞാൻ അനുസരണയോടെ തലയാട്ടി.
പിന്നെയും അവൾ ഇടക്ക് വന്ന് കുഞ്ഞിന്റ കാര്യം ഓർമ്മിപ്പിച്ചിരുന്നു. അവസാനം അവളുടെ നിർബന്ധത്തിന് വഴങ്ങി ഞാൻ ഒരു മോളെ ദത്തെടുത്തു..
മോള് കൂടി വന്നപ്പോൾ വീണ്ടും ജിവിതം പച്ച പിടിച്ചു. പക്ഷെ അവളുടെ കാര്യങ്ങൾ എന്നെ കൊണ്ട് ഒറ്റക്ക് നോക്കാൻ കഴിയാതെ വന്നു. അവസാനം അവൾക്ക് വേണ്ടി ഒരു വിവാഹം കഴിക്കേണ്ടി തന്നെ വന്നു.. ഭർത്താവ് ഒരു അപകടത്തിൽ മരിച്ച പാവപ്പെട്ട ഒരുവൾ.സലീഖ...
അവളെയും മോളെയും കൂട്ടിയാണ് ഞാൻ വന്നത് ഈ കടൽ തീരത്ത്.
കുറെ കാലമായി നദീറ സ്വപ്നത്തിൽ വന്നിട്ട്. ഇന്നെങ്കിലും അവൾ വരുമായിരിക്കും. ഇന്നത്തെ ദിവസം വരാതിരിക്കാനാവില്ല അവൾക്ക്.. ഇന്ന് ഞങ്ങളുടെ മൂന്നാം വിവാഹ വാർഷിക ദിനം..
ചിന്തയിൽ നിന്നുണർന്ന് പരന്ന് വിശാലമായി കിടക്കുന്ന കടലിലേക്ക് നോക്കി. അതാ അവൾ ഒരു തിരയുടെ ചുമലിലേറി വരുന്നു.തിളങ്ങുന്ന മുഖം. ഞാൻ കടലിലേക്ക് ഇറങ്ങി. അവളുടെ അടുത്തേക്ക്.ഒരു ചെറു ചിരിയോടെ എന്റെ കവിളിൽ തട്ടി കൊണ്ടാണവൾ പറഞ്ഞത്.
"എനിക്ക് സന്തോഷമായി ഇക്കാ. ഞാൻ മരിച്ചാലെന്താ. അത് കാരണം രണ്ട് ജിവനുകൾക്ക് ഒരു ജീവിതം കിട്ടിയല്ലോ.. നിങ്ങൾ അന്ന് മറ്റൊരു വിവാഹം കഴിക്കില്ല എന്ന് പറഞ്ഞപ്പോൾ ഞാൻ ഇതിനാണ് പറഞ്ഞത് ഒരു കുട്ടിയെ ദത്തെടുക്കാൻ.. കുട്ടിയെ എറ്റെടുത്താൽ അവൾക്കൊരു ഉമ്മയെ വേണ്ടി വരും എന്ന് എനിക്കറിയാമായിരുന്നു. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന്. അന്ന് നിങ്ങൾ ജീവിതം അവസാനിപ്പിച്ചിരുന്നെങ്കിൽ ഇവർക്ക് ഒരു ജീവിതം കിട്ടുമായിരുന്നോ... ഓരോ ജീവിതങ്ങൾക്കും ഒരു നിയോഗമുണ്ട്. ഇനി ഞാൻ പോവുകയാണ് .ഇനി വരില്ല ഒരിക്കലും.
അതും പറഞ്ഞ് അവൾ മടങ്ങുന്ന ഒരു തിര യോടൊപ്പം മടങ്ങി..
" ഉപ്പച്ചീ വാ പോകാം,"....
മോളുടെ വിളിയാണ് എന്നെ ഉണർത്തിയത്. ഇതും സ്വപ്നമായിരുന്നോ....
മൻസൂർ...

തിരിച്ചറിവുകൾ..


തിരിച്ചറിവുകൾ..
എന്തോ ദുസ്വപ്നം കണ്ടാണ് ഞെട്ടി ഉണർന്നത്. അല്ലെങ്കിലും ഈയിടെയായി വല്ലാത്ത സ്വപ്നങ്ങൾ.. മനസ്സിനെ മഥിക്കുന്നവ. സ്വപ്നത്തിലെങ്കിലും ഒന്ന് സന്തോഷിക്കുവാൻ വിധിയില്ലാത്തവരിൽ പെട്ട് പോയ ജന്മം..
ജനാല തുറന്ന് പതിയെ പ്രകൃതിയിലേക്ക് ചെവി തുറന്നു. അമ്മക്കിളിയുടെ ചൂട് പറ്റി കിടക്കുന്ന ഒരു കുഞ്ഞിക്കിളിയുടെ ചിലക്കൽ.. ഒറ്റ ചിലക്കൽ മാത്രം..
കുറച്ച് കഴിഞ്ഞ് മറ്റൊരു കിളി.. പിറകെ മറ്റൊന്ന്. കിളികളുടെ ചിലക്കൽ കൂടി വന്നു.. നനുത്ത പ്രഭാതം.ഇന്നലെ പെയ്ത മഴയിൽ ചെടികളുടെ ഇലകളിൽ മണ്ണിൽ വീഴാൻ മടിച്ച് നിൽക്കുന്ന വെള്ളത്തുള്ളികൾ..
അങ്ങകലെ പാടവരമ്പിലൂടെ ക്ഷീരസംഘത്തിന്റെ വാഹനത്തിലേക്ക് തൂക്കുപാത്രങ്ങളിൽ പാലുമായി പോകുന്ന സ്ത്രീകളുടെ ഉച്ചത്തിലുള്ള ശബ്ദം അലോസരപ്പെടുത്തിയിട്ടാണെന്ന് തോന്നുന്നു കിളികൾ ചിലക്കൽ നിർത്തിയിരിക്കുന്നു..
.
പതിവ് പോലെയുള്ള പ്രഭാതം..
പുതപ്പ് മാറ്റി എണീറ്റു.മുടി വാരിക്കെട്ടി ചുറ്റിയിട്ട് അലമാരയുടെ ഗ്ലാസിലേക്ക് നോക്കി. വല്ലാത്തൊരു ചേല്.
"സാവിത്രിക്കുട്ടി .എന്തൊരു കോലമാണെടീ ഇത്."... കണ്ണാടിയിൽ കണ്ട തന്റെ രൂപം തന്നാട് മന്ത്രിച്ചുവോ?...
എല്ലാവർക്കും ഇന്നത്തെ പ്രഭാതവും പതിവ് പോലെ.. പക്ഷെ എനിക്ക് അങ്ങനെയല്ലല്ലോ.. മിനിഞ്ഞാന്ന് രാത്രിവരെ എന്നോടൊപ്പമുണ്ടായിരുന്നവൾ എന്റെ നന്ദുട്ടി.. ഇന്നലെ കൂട്ടുകാരിയെ കാണാൻ എന്ന് പറഞ്ഞ് പോയവൾ.. സന്ധ്യ ആയിട്ടും കാണാതിരുന്നപ്പോഴാണ് കുഞ്ഞമ്പുവേട്ടനെ വിളിച്ച് അന്വേഷിച്ചത്.. അവളുടെ ഫോൺ ആണെങ്കിൽ സ്വിച്ച് ഓഫും.
രാത്രി ഏറെ വൈകി അന്വേഷണം കഴിഞ്ഞ് തളർന്ന് വന്ന എട്ടനാണ് പറഞ്ഞത്. അവളും സുനിലും കൂടി സുരേഷിന്റെ ഓട്ടോയിൽ കയറി പോകുന്നത് കണ്ടവരുണ്ട്.. ഏതായാലും ഞാൻ പോലീസ് സ്‌റ്റേഷനിൽ ഒരു പരാതി കൊടുത്തിട്ടുണ്ട്.
അത് കേട്ട ഞാൻ തളർന്നു. അപ്പോൾ അവൾ എന്നെ ചതിച്ചിരിക്കുന്നു. കഴിഞ്ഞ ആഴ്ചയാണ് അതിന്റെ പേരിൽ അവളുമായി വഴക്കിട്ടത്.
"സുനിലിനെ ഇനി കണ്ടു പോകരുത്.. കള്ള് കുടിച്ച് കൂത്താടി നടക്കുന്നവനെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലേ നിനക്ക്".. എന്ന് പറഞ്ഞ് അന്നാദ്യമായി ഒരു പാട് തല്ലി അവളെ..
പക്ഷെ എന്നിട്ടും അവൾ പിന്മാറിയില്ല. അമ്മ എന്തൊക്കെ പറഞ്ഞാലും എനിക്ക് സുനിലേട്ടനെ പിരിയാനാവില്ല. എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ് ഏട്ടനെ.
ഏത് സമയവും നാലു കാലിൽ നടക്കുന്നവൻ. സകല തെമ്മാടിത്തരങ്ങളും കയ്യിലുള്ളവൻ. അവനെയല്ലാതെ ആരെയും കിട്ടിയില്ലല്ലോ ഈശ്വരാ ഇവൾക്ക്.
"നീ വാതിലടച്ച് കിടന്നോ സാവിത്രി. ഞാൻ ഇറങ്ങുവാ.. ഇനി നേരം പുലരട്ടെ എന്നിട്ട് നോക്കാം".... അതും പറഞ്ഞ് കുഞ്ഞമ്പുവേട്ടൻ പോയി.. ആകെയുള്ള ഒരു ബന്ധുക്കളിൽ സഹായിക്കുന്ന ഒരേ ഒരാൾ.
എനിക്ക് സുനിലേട്ടനെ പിരിയാനാകില്ല അമ്മേ... എന്ന നന്ദുട്ടിയുടെ ശബ്ദം വീണ്ടും ചെവികളിൽ മുഴങ്ങുന്നു. എവിടെയോ കേട്ട് മറന്ന ഒരു വാചകം...
അതെ.. ഞാൻ പണ്ട് പറഞ്ഞൊരു വാചകം.ഏകദേശം ഇരുപത്തിരണ്ട് വർഷങ്ങൾക്ക് മുമ്പ്. അന്ന് പറഞ്ഞ അതേ വാചകം കൊണ്ട് തന്നെ കാലം ഇന്നൊരു കേൾവിക്കാരിയാക്കി എന്നെ..
സുനിലേട്ടനും ഞാനും തമ്മിലുള്ള ബന്ധം വീട്ടിൽ അറിഞ്ഞ രാത്രി. അതിന്റെ പേരിൽ അച്ഛനും അമ്മയും കൂടി എന്നോട് വഴക്കിട്ട രാത്രി. അന്ന് എനിക്ക് സുനിലേട്ടനെ പിരിയാനാകില്ല എന്ന് പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞ വാക്കുകൾ ഇപ്പോഴും ചെവികളിൽ മുഴങ്ങുന്നു..
രണ്ടോ മൂന്നോ മാസത്തെ പരിചയത്തിന്റെ മേൽ ഉള്ള ബന്ധം നിനക്ക് പിരിയാൻ ആകില്ലല്ലേ.. അപ്പോൾ ഈ ഇരുപത് വർഷക്കാലം ഞങ്ങളോടുള്ള ബന്ധം നിനക്ക് എങ്ങനെ അറുത്ത് മാറ്റാൻ കഴിയും?.. അവൻ നിനക്ക് ചേരില്ല.. പാർട്ടിയും രാഷ്ട്രീയവുമാണ് അവന് വലുത്. അതിന് വേണ്ടി തല്ലാനും കൊല്ലാനും ചാവാനും നടക്കുന്നവൻ.. ഇന്നല്ലെങ്കിൽ നാളെ ഒരു പിച്ചാത്തിപ്പിടിയിൽ തീരേണ്ടവൻ. ഈ അടുത്ത് കഴിഞ്ഞ രണ്ട് കൊലപാതകങ്ങളിലും അവന് പങ്കുണ്ട് എന്നാണ് ജനസംസാരം.അവരുടെ പാർട്ടിക്കാർ വെറുതെ ഇരിക്കുമെന്ന് നീ കരുതുന്നുണ്ടോ?...
പിന്നെയും ഒരു പാട് പറഞ്ഞു അച്ഛനും അമ്മയും .. പക്ഷെ അതൊന്നും .എന്റെ മനസ്സിനെ ഇളക്കാനായില്ല..
അടുത്ത ദിവസമാണ് സുനിലിന്റെ ഏട്ടൻ കുഞ്ഞമ്പുവേട്ടൻ എന്നെ കണ്ടത്.അദ്ധേഹവും ഒരുപാട് ഉപദേശിച്ചു.ഈ കണ്ട കാലമത്രയും .അവന് പാർട്ടിയും പാർട്ടിക്കാരും എന്നും പറഞ്ഞ് നടക്കുവാണ്.ഒരു അര കിലോ പഞ്ചസാര പോലും വിട്ടിലേക്ക് വാങ്ങിക്കൊണ്ട് വന്നിട്ടില്ല ഇത് വരെ. എന്ത് കണ്ടിട്ടാണ് നീ അവന്റെ കൂടെ ജീവിക്കാൻ വരുന്നത്?...
ഞാൻ അധ്വാനിച്ചിട്ടാണെങ്കിലും ഞങ്ങൾ ജീവിക്കും എന്നായിരുന്നു എന്റെ മറുപടി.
അല്ലെങ്കിലും ചില പ്രണയങ്ങൾ ഒരു ഉന്മാദാവസ്ഥയല്ലേ.. അവിടെ ബന്ധുക്കളില്ല. മാതാപിതാക്കളുടെ കണ്ണീരിന് വിലയില്ല. ചുറ്റുമുള്ളത് എല്ലാം മറന്ന് ഭ്രാന്തമായ ഒരു ആവേശത്തോടെ അലിഞ്ഞ് ഒന്നാവാൻ കൊതിക്കുന്നവർ..
ആ കാന്തിക ആകർഷണത്തിൽ ഒരു നാൾ വീട് വിട്ടിറങ്ങി രജിസ്റ്റർ ഓഫിസിൽ വെച്ച് ജീവിതം തുടങ്ങുമ്പോൾ വല്ലാത്തൊരു ആത്മവിശ്വാസമായിരുന്നു. സ്നേഹം കൊണ്ട് സുനിലേട്ടനെ മാറ്റിയെടുക്കാം.
പക്ഷെ അതൊരു തെറ്റായ വിശ്വാസമായിരുന്നു എന്ന് മാസങ്ങൾ കഴിഞ്ഞപ്പോൾ മനസ്സിലായി. ഒരു മാറ്റവുമില്ലാതെ പഴയത് പോലെ തന്നെ. അടിയും പിടിയും ബഹളവും. ഒരു ദിവസമെങ്കിലും പേടിയില്ലാതെ സമാധനത്തോടെ ഉറങ്ങാൻ കഴിയാതെ.. ഒരു പാട് നിർബന്ധിച്ചു. നമുക്ക് ഈ നാട് വിട്ട് പോകാം. എവിടെങ്കിലും പോയി സമാധാനത്തോടെ ജീവിക്കാം. എന്ന് ..പക്ഷെ ഫലമുണ്ടായില്ല.
ഇതിന്നിടയിൽ മറ്റൊരു വിശേഷമുണ്ടായി. ഒറ്റ മോളായ ഞാൻ ഈ ചെയ്തതിന്റെ പേരിൽ അച്ഛൻ വിടും പറമ്പും വിറ്റ് അമ്മയെയും കൂട്ടി നാടുവിട്ടു.ഇനിയുള്ള കാലം അമ്പലങ്ങളിൽ നിന്നും അമ്പലങ്ങളിലേക്കുള്ള തീർത്ഥയാത്രയാണെന്ന് ആരോ പറഞ്ഞ് അറിഞ്ഞു.. ആകെയുള്ള ഞാൻ ഉപേക്ഷിച്ചാൽ പിന്നെ അവർക്ക് ഈശ്വരൻമാരല്ലാതെ ആരാണ് തുണ..
മാസങ്ങൾ കുറെ വീണ്ടും കഴിഞ്ഞു. സുനിലേട്ടന്റെ സ്വഭാവങ്ങളിൽ മാറ്റമില്ലാതെ. അതിന്നിടയിൽ ഞാൻ നന്ദുട്ടിയെ ഗർഭം ധരിച്ചു.ഇതിന്റെ പേരിലെങ്കിലും ഏട്ടൻ മാറണം എന്ന് ഞാൻ കാലു പിടിച്ചു പറഞ്ഞു. ഫലമുണ്ടായില്ല.
രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തി കയറി കീറിപ്പൊളിച്ച ഏട്ടന്റെ ശരീരം വീട്ടിലേക്ക് കൊണ്ട് വന്നപ്പോൾ ആദ്യം ഓർമ്മ വന്നത് അച്ഛന്റെ വാക്കുകളായിരുന്നു.അമ്മയുടെ കലങ്ങിയ കണ്ണുകളും.. അന്നായിരുന്നു ആദ്യത്തെ തിരിച്ചറിവ്. മാതാപിതാക്കളുടെ മനസ്സ് വിഷമിപ്പിച്ച് തുടങ്ങുന്നത് ഒന്നും അധികം ആയുസ്സ് ഉണ്ടാകില്ല എന്ന വലിയ സത്യം. അത് ജീവിതമാണെങ്കിലും.
പണ്ട് എനിക്ക് സുനിലേട്ടനെ പിരിയാനാകില്ല എന്ന് പറഞ്ഞ നിമിഷം വീണ്ടും മകളിലൂടെ അതേ വാചകത്തിലൂടെ ആവർത്തിക്കപ്പെട്ടപ്പോൾ, അന്ന് അത് പറഞ്ഞ ഞാൻ മുകളിലൂടെ ഇന്ന് ഒരു കേൾവിക്കാരി ആയി മാറിയപ്പോൾ ,മകൾ എന്നതിൽ നിന്ന് ഒരു അമ്മ എന്ന നിലക്ക് മാറിയപ്പോൾ എനിക്ക് മനസ്സിലാകുന്നു അന്ന് അവർ അനുഭവിച്ച വേദന. മാതാപിതാക്കളെ വേദനപ്പിച്ചാൽ കാലം കണക്ക് ചോദിക്കുമെന്ന മറ്റൊരു തിരിച്ചറിവ്.
.....................................................................................
ചിന്തയിൽ നിന്നുണർന്ന് പുറത്തിറങ്ങി.. പാട വരമ്പത്ത് കൂടി ആരോ നടന്ന് വരുന്നു. അടുത്ത് വന്നപ്പോഴാണ് മനസ്സിലായത് കുഞ്ഞമ്പുവേട്ടനാണ്. അന്ന് അങ്ങനൊയൊക്കെ പറഞ്ഞ് എന്ന നിരുൽസാഹപ്പെടുത്തിയെങ്കിലും പിന്നീടുള്ള ജീവിതത്തിൽ ആകെയുള്ള കൈത്താങ്ങ് ആയിരുന്നു അദ്ധേഹം നന്ദൂട്ടിയെ പ്രസവിക്കുന്ന സമയം മുതൽ ഓരോ ഘട്ടങ്ങളിലും ,ജീവിതത്തിൽ ഇനിയെന്ത് എങ്ങനെ എന്ന് പകച്ച് നിൽക്കുന്ന സന്ദർഭങ്ങളിൽ ഒക്കെയും ശരിക്കും ഒരു ഏട്ടനെ പോലെ...
ഓടിക്കിതച്ച് വന്ന് മുറ്റത്തേക്ക് കയറി കിതച്ച് കൊണ്ടാണ് കുഞ്ഞമ്പുവേട്ടൻ പറഞ്ഞത്.
"ഈശ്വരൻ നമ്മളെ കാത്തു സാവിത്രിയേ..
നന്ദുട്ടി വീട്ടിലെത്തി.ഇപ്പോൾ വന്നതേ ഒള്ളൂ. അവളും സുരേഷും കൂടി സുനിലിനെ ഏതോ ഡി - അഡിക്ഷൻ സെന്ററിൽ കൊണ്ട് പോയി ആക്കാൻ പോയതായിരുന്നു. സുനിലിന്റെ സമ്മതപ്രകാരം. അവന് എല്ലാം നിർത്തണം എന്നുണ്ട്.എന്നിട്ടേ നന്ദൂട്ടിയെ കല്യാണം കഴിക്കൂ എന്ന്.. അവന്റെ എല്ലാ തെമ്മാടിത്തരങ്ങളും ഈ നശിച്ച മദ്യപാനം മൂലം ആണല്ലോ.. അത് നിർത്തിയാൽ എല്ലാം നിൽക്കും..
"നീ ഇനി അവളെ വഴക്കൊന്നും പറയണ്ട. പേടിച്ചിട്ടാ അവൾ ഇങ്ങോട്ട് വരാതെ അങ്ങോട്ട് വന്നത്.. എന്നാലും ഇന്നത്തെ കുട്ടികൾടെ ഒരു കാര്യം. എന്താ തന്റേടം..
ഏട്ടന്റെ വാക്കുകൾ കേട്ട് മനസ്സ് ഒന്നു വിതുമ്പി. കണ്ണുകൾ ചെറുതായി ഒന്ന് നനഞ്ഞു. സന്തോഷം കൊണ്ടാണ്.
നേരത്തെ പറന്ന് പോയ കിളികൾ ഭക്ഷണം തേടിപ്പിടിച്ച് തിരികെ മര ചില്ലകളിൽ തിരികെയെത്തി കല പില ചിലക്കൽ വീണ്ടും തുടങ്ങി.
ഞാൻ ഇറങ്ങട്ടെ. എനിക്ക് എത്രയും പെട്ടെന്ന് അവളുടെ അടുത്ത് എത്തണം. ചേർത്ത് പിടിച്ച് നെറ്റിയിൽ ഉമ്മ വെച്ച് ,കളിയായി അവളുടെ കവിളിൽ ഒരു നുള്ള് കൊടുത്ത് വെറുതെ ഒന്ന് കരയണം.
ഇന്നത്തെ തലമുറയിൽ കാര്യ ഗൗരവത്തോടെ, മുന്നോട്ടുള്ള ജീവിതത്തെ നോക്കി കണ്ട നല്ല പ്രണയങ്ങളും ഉണ്ട്.ഇത് എന്റെ മൂന്നാമത്തെ തിരിച്ചറിവ്.
തിരിച്ചറിവുകൾ തേടി ജീവിതം ഇനിയും മുന്നോട്ട്..
ശുഭം..
മൻസൂർ....

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo