Showing posts with label Fahad. Show all posts
Showing posts with label Fahad. Show all posts

വീഡിയോഗ്രാഫി

കാലങ്ങൾക്ക് മുൻപേ എന്റെ മനസ്സിൽ കയറിക്കൂടിയ വികാരമാണ് വീഡിയോഗ്രാഫി..... കാരണം മറ്റൊന്നുമല്ല സിനിമ ഒരു ലക്ഷ്യമായിരുന്നു....
ആ ലക്ഷ്യത്തിലേക്കുള്ള പാത പാതിയിൽ ഡിവേർട്ട് ചെയ്ത് ആദ്യം മലേഷ്യയിലും പിന്നെ പല രാജ്യങ്ങളിലും ഇപ്പോ സൗദിയിലും എന്നെക്കൊണ്ടെത്തിച്ചു... ജീവിതത്തിലെ കഷ്ടപ്പാടുകൾ തന്നെയാണതിന് കാരണമെന്നും പറയാം....
പ്രവാസത്തിനിടയിലെ അവധിക്കാലങ്ങളിൽ നാട്ടിലെത്തിയാൽ വീഡിയോഗ്രാഫി പൊടി തട്ടി എടുക്കും.... മിക്കവാറും വിവാഹങ്ങളുടെ കവറേജ് തന്നെയാവും ഉണ്ടാവുക..... വട്ടച്ചിലവുകൾക്കുള്ള കാശ് സമ്പാദിക്കാനുള്ള വഴിയുമാണത്.....
എന്റെ അനുഭവത്തിൽ ഏറ്റവും കോമഡി അരങ്ങേറുന്നത് കല്യാണ വീടുകളിലാണ്.... അങ്ങനെ ഒരനുഭവം നിങ്ങൾക്കായി കുറിക്കുന്നു.....
ക്വോലാ ലംപൂരിൽ നിന്നുള്ള Air Asia AK 37 ഫ്ലൈറ്റ് രാവിലെ കൃത്യം 7:35 ന് തന്നെ കൊച്ചി ഇൻറർനാഷണൽ Airport ൽ ലാന്റ് ചെയ്തു.... കസ്റ്റംസ് ക്ലിയറൻസും മറ്റും കഴിഞ്ഞ് 8:10 ഓടെ ഞാൻ പുറത്തിറങ്ങി ... പേഴ്സിലെ ചെറിയ ഉറയിൽ സൂക്ഷിച്ച !dea സിം എടുത്ത് ഫോണിലിട്ട് സ്വിച്ച് ഓൺ ചെയ്ത് തിരികെ ജീൻസിന്റെ പോക്കറ്റിൽ നിക്ഷേപിച്ച് ഞാൻ Money Exchange ന് മുന്നിലെത്തി.... ക്വോന്താനിൽ നിന്നും ക്വോലാ ലംപൂരിലേക്കുള്ള യാത്ര ബസിലായതിനാൽ കുറച്ച് റിങ്കിറ്റ് ഇന്ത്യൻ മണിയാക്കാതെ ഞാൻ സൂക്ഷിച്ചിരുന്നു... ക്വോലാ ലംപൂരിലെ എയർപോർട്ടിൽ Coffee യും മറ്റും കഴിച്ചതിന്റെ ബാക്കി ഇന്ത്യൻ രൂപയാക്കി മാറ്റുകയായിരുന്നു ലക്ഷ്യം.... പേഴ്സെടുത്ത് റിങ്കിറ്റ് എണ്ണിത്തുടങ്ങി... സത്തു... ടു അ.... തിഗ... അംമ്പ.. ലിമ... അന്നം... ലിമാപ്ലൂ..... അന്നം റാത്തൂസ് ലിമാപ്ലൂ റിങ്കിറ്റ് .... അതായത് 650 റിങ്കിറ്റ്... കൗണ്ടറിലിരുന്ന ചേട്ടന് റിങ്കിറ്റ് നൽകി ഒരു നിമിഷം കാത്തു നിന്നു...
ചേട്ടൻ റിങ്കിറ്റ് എണ്ണി തിട്ടപ്പെടുത്തി കാൽക്കുലേറ്ററിനെ കുത്തിനോവിച്ചുകൊണ്ടിരുന്നപ്പോൾ എന്റെ ഫോൺ റിംഗ് ചെയ്തു '' ഉരുഗുതേ... മരുഗുതേ.... നമ്മടെ ശ്രേയപെണ്ണിന്റെ ഗാനം......
ഞാൻ ഫോൺ ജീൻസിന്റെ പോക്കറ്റിൽ നിന്നെടുത്തു... Swarajettan Calling...... ശ്ശെടാ ഈ മനുഷ്യനെങ്ങനറിഞ്ഞു ഞാൻ വരുന്ന കാര്യം ചിന്തകൾ പല വഴിക്ക് സഞ്ചരിക്കാൻ ഒരുങ്ങവേ ഓടുന്ന പട്ടിയെ കുരുക്കിട്ട് വലിക്കുന്ന പോലെ... സർ.. എന്ന് കൗണ്ടറിലെ ചേട്ടന്റെ വിളി വന്നു.... Please take ur Cash... ഞാൻ ക്യാഷും വാങ്ങി പേഴ്സിൽ തിരുകി ഒരു നന്ദിയും പറഞ്ഞ് തിരിയവെ പിന്നെയും ശ്രേയ പെണ്ണ് പാടാൻ തുടങ്ങി... ഞാൻ മൊബൈലിന്റെ പച്ച ബട്ടണിൽ വിരലമർത്തി ഫോൺ ചെവിയോട് ചേർത്തു...
ടാ നീ എത്തിയില്ലേ..??
ഇല്ല ചേട്ടാ കസ്റ്റംസ് ക്ലിയറൻസും മറ്റ് കാര്യങ്ങളും കഴിഞ്ഞ് ഇറങ്ങുന്നതേയുള്ളൂ......
വേഗം വാ ഒരു കാര്യം ണ്ട്.....
ശരി ചേട്ടാ..... ഞാൻ Call കട്ട് ചെയ്ത് മൊബൈൽ പോക്കറ്റിൽ തിരുകി പുറത്തേക്കുള്ള ചില്ലുവാതിൽ ലക്ഷ്യമാക്കി നീങ്ങി....
വാതിലിന് തൊട്ടു മുന്നിലായ് കാക്കി യൂണിഫോം ധരിച്ച ഉദ്യോഗസ്ഥന്റെ നോട്ടം Duty free Shop ന്റെ പേരുള്ള പോളിത്തീൻ ബാഗിലാണ്...
അയാളുടെ മുന്നിലെത്തിയപ്പോൾ എന്നോടയാൾ Passport കാണിക്കാൻ പറഞ്ഞു.. ഞാൻ പാസ്പോർട്ട് നൽകി....
പ്ലാസ്റ്റിക് ബാഗിലെന്താ....?
ഒരു Glenfiddich ആണ്
അയാൾ Passport ലേക്കും എന്റെ മുഖത്തേക്കും മാറി മാറി നോക്കി .... അതിന്റെ അർത്ഥം മനസ്സിലാക്കിയ ഞാൻ പറഞ്ഞു..... '' ഫ്രണ്ട്സിനാ....,,
ഒന്നല്ലേയുള്ളൂ....
ഉം.... അയാൾ തിരികെ പാസ്പോർട്ട് തന്നിട്ട് വഴിമാറിതന്നു......
ഞാൻ ചില്ലുവാതിലും കടന്ന് വെളിയിലേക്ക് വന്നു..... വീട്ടിൽ നിന്ന് എന്നെ സ്വീകരിക്കാനെത്തിയവരെ പരതി.... ആരെയും കാണാനില്ല.....
കുറച്ചു കൂടി മുന്നിലേക്ക് നടന്നപ്പോൾ ജ്യേഷ്ഠത്തിയുടെ ഭർത്താവ് നിൽക്കുന്നത് കണ്ടു..... ഞാൻ അങ്ങോട്ട് നടന്നു ചെന്നു...... എന്നെ ആദ്യം ചേട്ടന് മനസ്സിലായില്ല..... പിന്നെ വീട്ടിൽ നിന്ന് വന്ന എല്ലാരേയും വിളിച്ച് കൂട്ടി.... ആർക്കും ആദ്യം എന്നെ മനസ്സിലായില്ല..... കാരണം അങ്ങോട്ട് പോയ ഞാനല്ല തിരിച്ച് വന്നത്.... മുടിയൊക്കെ വളർത്തി സ്ട്രെയ്റ്റൻ ചെയ്ത്..... വീട്ടുകാരുടെ അഭിപ്രായത്തിൽ കോലം കെട്ടല്ലേ വരവ്.....
എല്ലാപേരും വണ്ടിയിൽ കയറി.... വീട്ടിലേക്ക് യാത്ര തുടങ്ങി......
യാത്രയിലുടനീളം എന്റെ തലമുടിയും തൊപ്പിയുമായിരുന്നു സംസാരവിഷയം.........
വീണ്ടും ശ്രേയ പെണ്ണ് പാടിത്തുടങ്ങി..... Swarajettan Calling ...ഞാൻ കോൾ അറ്റൻഡ്......
ടേയ് എവിടായെടേയ്.....?
ചേർത്തല......
വന്നാലുടൻ സ്റ്റുഡിയോയിലേക്ക് പോരേയ്......
OK......... ay..
സ്വരാജേട്ടൻ നുമ്മടെ ചങ്ക് ബ്രോയാണ് ..... സ്റ്റിൽ ഫോട്ടോഗ്രാഫർ....... പരിസ്ഥിതി പ്രവർത്തകൻ... Wild Life Photographer..... ഒന്നും പറയണ്ട ആള് പുലിയാണ്....
ഞാൻ നാട്ടിലുള്ളപ്പോൾ സ്വരാജേട്ടൻ എന്നെ വർക്കിന് വിളിക്കും......
ഞങ്ങൾ പോയ വർക്കിലെല്ലാം എന്തെങ്കിലും കോമഡി കണ്ട് ചിരിച്ച് മരിക്കാതെ വരവില്ല.....
ഞങ്ങൾ വീട്ടിലെത്തി...... ഞാൻ പെട്ടെന്ന് ബാത്റൂമിൽ കയറി കുളിയൊക്കെ പാസാക്കി ഡ്രെസ് ചെയിഞ്ച് ചെയ്യുമ്പോൾ സ്വരാജേട്ടൻ വീട്ടുപടിക്കലെത്തി........
ഞാനിറങ്ങി ചെന്നു.....
ടാ നാളെ ഒരു വർക്കുണ്ട്..... പത്തനംതിട്ടയിലാ...... വെളുപ്പിനെ പോകണം.... കരുനാഗപ്പള്ളിയിൽ പോയി ക്യാമറ എടുക്കണം...... നീ വണ്ടിയിൽ കേറ്..... ഒറ്റ ശ്വാസത്തിൽ എല്ലാം പറഞ്ഞു തീർത്തൂ .....
ഞാൻ ബൈക്കിൽ കയറി .....
കരുനാഗപ്പള്ളിയിൽ പോയി ക്യാമറയും എടുത്ത് തിരിച്ചു വന്നു..... എന്നെ വീട്ടിൽ വിട്ടിട്ട് രാവിലെ 3 മണിക്ക് റെഡിയായിരിക്കാൻ പറഞ്ഞ് സ്വരാജേട്ടൻ പോയി...........
ഞാൻ ക്ഷീണത്താൽ പെട്ടെന്ന് തന്നെ കിടന്നുറങ്ങി...
രാവിലെ രണ്ട് മണിക്ക് തന്നെ എഴുന്നേറ്റ് കുളിയും തേവാരവും മറ്റും നടത്തി സ്വരാജേട്ടനെ കാത്തിരുന്നു......
2:45 ന് ആളെത്തി..... ഞങ്ങൾ പത്തനംതിട്ടയിലേക്ക് യാത്രയായി..... ചെക്കൻ വീട്ടുകാരുടെ വർക്കാണ്..... 5:30 ന് ചെറുക്കൻ ഇറങ്ങും അതാണ് ഇത്ര വെളുപ്പിന് പോകാൻ കാരണം......
ഞങ്ങൾ 4:05 ന് പത്തനംതിട്ടയിലെത്തി..... ഫോൺ വിളിച്ച് വഴിയൊക്കെ ചോദിച്ച് കല്യാണവീടിന് അടുത്തെത്തി....
വീടിന് കുറച്ചകലെയായി വണ്ടി പാർക്ക് ചെയ്ത് ഞങ്ങൾ വീട്ടിലേക്ക് നടന്നു......
കല്യാണവീടിന്റെ ഒരു ലക്ഷണങ്ങളും കാണാനില്ല....
എല്ലാപേർക്കും ഒരു മൂകത...
സംശയം തീർക്കാനായി ഒരു വല്യപ്പച്ചനോട് ഞാൻ ചോദിച്ചു.... അപ്പാ ഇത് രാജേഷിന്റെ കല്യാണവീട് തന്നല്ലേ.......
അതെ ...... നിങ്ങളകത്തോട്ട് ചെന്നാട്ട്......
ഞങ്ങൾ അകത്തേക്ക് കയറി....... അവിടെയും സ്ഥിതി മറിച്ചല്ല.... കൂട്ടം കൂടി നിൽക്കുന്ന പെണ്ണുങ്ങൾ എന്തോ അടക്കം പറയുന്നുണ്ട്...... എല്ലാരുടേയും മുഖത്ത് വലിയ വിഷമഭാവം.....
കല്യാണ ചെക്കൻ വന്ന് ഞങ്ങളെ ചായ കുടിക്കാൻ വിളിച്ചു..... ഞങ്ങൾ വരുന്ന വഴിക്ക് ചായ കുടിച്ചതിനാൽ സ്നേഹത്തോടെ നിരസിച്ചു......
ലൈറ്റും മറ്റും സെറ്റ് ചെയ്ത്....... ഞങ്ങൾ വർക്കിന് തയ്യാറെടുത്തു....
നിലവിളക്ക് തെളിക്കുന്നതും ..... ചെറുക്കന്റെ വസ്ത്രധാരണവും മറ്റും ഷൂട്ട് ചെയ്ത ശേഷം ദക്ഷിണ കൊടുക്കുന്നതിന്റെ ഷൂട്ടിലേക്ക് തിരിഞ്ഞു......
ദക്ഷിണ നൽകുന്നതിനിടയിൽ കൂടി ഒരു ചേച്ചി തൊട്ടടുത്ത റൂമിലേക്ക് കയറി പോവുകയും കുറച്ച് സമയം കഴിഞ്ഞ് കരഞ്ഞുകൊണ്ട് കണ്ണും തുടച്ച് മൂക്കും ചീറ്റി ഇറങ്ങി അടുക്കള ഭാഗത്തേക്കും പോകുന്നത് ഞാൻ ശ്രദ്ധിച്ചു..... ഇത് പല പ്രാവശ്യം തുടർന്നപ്പോൾ ഞാൻ ആ ചേച്ചിയോട് കാര്യം തിരക്കി......
ചേച്ചി എന്റെ കയ്യും പിടിച്ച് ആ മുറി ലക്ഷ്യമാക്കി നടന്നു.... ഞാൻ തിരിഞ്ഞ് സ്വരാജേട്ടനോട് വരാൻ കണ്ണുകൊണ്ട് സിഗ്നൽ നൽകി.....
ചേച്ചി മുറിക്കുള്ളിലേക്ക് കയറി...... ഞാനും..... എന്റെ പിന്നാലെ സ്വരാജേട്ടനും.....
അവിടെ ആ മുറിക്കുള്ളിൽ ഒരാൾ ദേഹമാസകലം പ്ലാസ്റ്ററുമായി ഒരു കാൽ കട്ടിലിൽ ഉറപ്പിച്ച സ്റ്റാന്റിലെ വള്ളിയിൽ തൂക്കിയിട്ടു കൊണ്ട് കിടപ്പുണ്ടായിരുന്നു......
ഞാൻ ചോദിച്ചു....... ആരാ ചേച്ചി ഇത്.....?
കല്യാണ ചെക്കന്റെ ഒരേ ഒരളിയനാ..... എന്റെ കെട്ടിയോൻ......
എന്ത് പറ്റീതാ.......?
അത് മേനേ ...... ഇടയ്ക്കിടയ്ക്ക് കണ്ണുനീർ തുടച്ചു കൊണ്ട് ചേച്ചി പറഞ്ഞു തുടങ്ങി..... കഴിഞ്ഞാഴ്ചയായിരുന്നു ഈ വീടിന്റെ പാല് കാച്ച്....... അന്ന് വൈകിട്ട് അളിയനും കൂട്ടുകാർ എല്ലാരും കൂടെ ടെറസിൽ ഇരുന്നൊന്ന്കൂടി......... ചേട്ടൻ അവിടെ തന്നെ കിടന്നുറങ്ങി ..... വെളുപ്പിനെ ഒന്ന് മൂത്രമൊഴിക്കാനിറങ്ങീതാ......... പാരപ്പെറ്റ് കെട്ടീട്ടില്ലാരുന്നു.........
ബാക്കി പറയുന്നത് കേൾക്കാൻ നിൽക്കാതെ വന്ന ചിരി കൈകളാൽ മറച്ച് ഞാൻ തിരിച്ചിറങ്ങി..... ഓടി എന്നു തന്നെ പറയാം........
വെളിയിൽ വന്ന് ഞാൻ നോക്കുമ്പോൾ സ്വരാജേട്ടൻ ഒരു തെങ്ങിനോട് ചേർന്ന് നിന്ന് മുഖം പൊത്തി കിതയ്ക്കുകയാണ്.....
ഞാൻ സ്വരാജേട്ടനെ വിളിച്ചു....... ചേട്ടാ കരയാതെ........ ചേട്ടാ.....
ഒന്ന് പോടാ അവിടുന്ന് ഇത്രേം വലിയ കോമഡി കേട്ടിട്ട് ഞാൻ കരയാനോ.......? എന്ന് പറഞ്ഞ് ചേട്ടൻ പൊട്ടി പൊട്ടി കരഞ്ഞു....... sorry ചിരിച്ചു ആരും കാണാതെ.............
ഫഹദ് ലവ്ഷോർ....

ഞാന്‍ പത്താം തരത്തില്‍ പഠിയ്ക്കുന്ന കാലം..

ഞാന്‍ പത്താം തരത്തില്‍ പഠിയ്ക്കുന്ന കാലം..
ഹിന്ദിയിലെ ABCD പോലും അറിയാന്‍ വയ്യാത്ത ഞാന്‍ .... Ohh.. Sorry ഹിന്ദിയില്‍ ABCD ഇല്ലല്ലോ...! അതെന്തെങ്കിലുമായിക്കോട്ടെ, അതറിയാന്‍ വയ്യാത്ത ഞാന്‍ , സ്കൂള്‍ യുവജനോത്സവത്തില്‍ ഹിന്ദി പദ്യവും പാട്ടുമൊക്കെ പാടി Famous ആയി നില്‍ക്കുന്ന കാലം... പണ്ടേ പാവം പയ്യന്‍ ഇമേജ് ഉള്ളതിനാല്‍ പെണ്‍കുളന്തൈകള്‍ക്ക് നമ്മളോട് വലിയ കാര്യമായിരുന്നൂ...
ശാര്‍ങ്ങാധരന്‍ സാറിന്റെ ക്ലാസിലിരുന്ന് 60° ചരിഞ്ഞ് നോക്കിയാല്‍ 8 B യിലെ തരുണീമണികളുടെ ഇരിപ്പിടങ്ങളിലേക്കാവും നോട്ടം പോവുക... ശര്‍മ്മ സാര്‍ Mathematics ന്റെ രസതന്ത്രം പഠിപ്പിയ്ക്കുകയാണ്.... Mathematics ന്റെ രസതന്ത്രമോ ? ഹാ..അങ്ങിനെയൊന്നുണ്ട്...
ഇടയ്ക്കെപ്പോഴോ എന്റെ നോട്ടം 60° ചരിഞ്ഞുപോയി....സത്യം അറിയാതെ ചരിഞ്ഞുപോയി....
8B യില്‍ രണ്ട് നക്ഷത്രക്കണ്ണുകള്‍ എന്നെത്തന്നെ നോക്കുന്നൂ....എന്നെ തന്നെയാണോ ? സംശയം തീര്‍ക്കുവാനായി ഇടത്തും വലത്തും പിന്നിലും ഇരിയ്ക്കുന്നവന്മാരെ തല കറക്കി ഒന്ന് നോക്കി.... ഹേയ് അവന്മാരെയല്ല...
പിന്നെയും എന്റെ നോട്ടം 8B യിലേക്കായി... അവള്‍ എന്നെ തന്നെ നോക്കുകയാണ്.... ഞാന്‍ അതൊന്നു ഉറപ്പാക്കുവാന്‍ വേണ്ടി ഒന്നു പുഞ്ചിരിച്ചു കാട്ടി... അവളും എന്നെ നോക്കി ഒന്നു മന്ദഹസിച്ചൂ.... മോനേ...യ് മനസ്സില്‍ ലഡ്ഡു പത്ത് പതിനഞ്ചെണ്ണം ഒരുമിച്ച് പൊട്ടി....
പിന്നെപ്പിന്നെ ഈ നോട്ടവും ചിരിയും സ്ഥിരമായി.... പക്ഷെ പ്രണയാഭ്യര്‍ത്ഥന നടത്താനുള്ള ചങ്കുറപ്പ് ഇല്ലാത്തതിനാല്‍ അതിന് മാത്രം മുതിര്‍ന്നില്ല....
ആയിടയ്ക്കാണ് കൂട്ടുകാരന്‍ അജിയ്ക്ക് ഒരുവളോട് അസ്ഥിയ്ക്ക് പിടിച്ച പ്രേമം തോന്നിയത്... അത് ഞാന്‍ അവളോട് അവതരിപ്പിയ്ക്കണമെന്ന് പറഞ്ഞ് അവന്‍ നിര്‍ബന്ധിച്ച് പിടിച്ച് കൊണ്ടുപോയി... അല്ലേലും അത് അങ്ങിനെയാണല്ലോ..? സ്വന്തം പ്രേമം അവതരിപ്പിയ്ക്കാന്‍ പേടിയും മറ്റുള്ളവരുടെ പ്രേമം അവതരിപ്പിയ്ക്കാന്‍ വലിയ ധൈര്യവുമാണല്ലോ..!
അങ്ങിനെ അവന്റെ പ്രേമം പ്രണയിനിയോട് അവതരിപ്പിയ്ക്കാന്‍ ആനക്കൊട്ടിലിനും ( മംഗലം ഹൈസ്കൂളിന്റെ പഴയ കെട്ടിടം അങ്ങിനെ അറിയപ്പെട്ടിരുന്നൂ ) പുതിയ കെട്ടിടത്തിനും ഇടയില്‍ നില്‍ക്കുമ്പോള്‍ അതാ വരുന്നൂ.... മ്മടെ നക്ഷത്ര കണ്ണുള്ള പ്രിയങ്കരി....
അവളെ കണ്ടയുടന്‍ തന്നെ ഞാന്‍ അജിയോട് ഒരു കണ്ടീഷന്‍ വെച്ചൂ... '' അളിയാ ...ആ വരുന്ന പെണ്ണിനെ എനിയ്ക്ക് ഇഷ്ടമാണ് നീ അവളോട് അതൊന്നു പറഞ്ഞാല്‍ നിന്റെ കാര്യം ഞാനേറ്റു '' അത്രേയുള്ളോ... അത് ഞാനേറ്റൂ... അവന്‍ പറഞ്ഞൂ... പറഞ്ഞത് പോലെ അവളോട് അവതരിപ്പിയ്ക്കുകയും ചെയ്തു...
ചിരികള്‍ പരസ്പരം നല്‍കി , ഞാന്‍ അജിയോടൊപ്പം നടന്നു നീങ്ങി....
ഒരിയ്ക്കലും ഞാനവള്‍ക്ക് പ്രണയലേഖനം നല്‍കിയില്ല... കാരണം പല കാമുകന്മാരുടേയും പ്രണയലേഖനങ്ങളുടെ എഴുത്തച്ഛന്‍ ഞാനായിരുന്നൂ , അതിനാല്‍ ഞാനെഴുതിയ പ്രണയലേഖനം അവള്‍ കണ്ടിട്ടുണ്ടെങ്കില്‍ .... പണി പാളിയേക്കാം...
അങ്ങനെയിരിയ്ക്കേ....വീട്ടുകാരെന്റെ താമസം അമ്മവീട്ടിലാക്കി...കാരണം അമ്മാവന്‍ യൂണിവേഴ്സിറ്റിയിൽ പ്രൊഫസര്‍ ആയതിനാല്‍ പഠിത്തത്തില്‍ എന്നെ സഹായിക്കും... അത് എനിയ്ക്ക് വലിയ ഉപകാരമായി... കാരണം എന്റെ കാമുകിയുടെ വീടും തൃക്കുന്നപ്പുഴയ്ക്ക് അടുത്താണല്ലോ...?..
നാലു മണിയ്ക്ക് സ്കൂള്‍ വിട്ട് കഴിഞ്ഞാല്‍ അവളോടും കൂട്ടുകാരികളോടും സംസാരിച്ച് ഞാന്‍ തൃക്കുന്നപ്പുഴയിലേക്ക് പോകും .. അതിലുമുണ്ട് രണ്ട് ഗുണങ്ങള്‍ ...1. അവളോടൊപ്പം സംസാരിച്ച് നടക്കാം 2. ബസ് കൂലി ലാഭം .. ആ കാശ് കൊണ്ട് ഇന്റര്‍വെല്ലിന് ഉള്ളിവട കഴിയ്ക്കാം
ഒരു ദിവസം അവളോടൊപ്പം നടന്നുപോകവേ അവളെന്റെ ഒരു ഫോട്ടോ ചോദിച്ചൂ... പിറ്റേന്ന് ഞാനത് മറക്കാതെ കൊടുത്തൂ...
രണ്ട് മൂന്ന് ആഴ്ചകള്‍ കടന്നുപോയി... അമ്മ അപ്പച്ചിയുടെ വീട്ടില്‍ എന്തോ ആവശ്യത്തിന് പോയി.......
തിരിച്ചു വന്നിട്ട് എന്നെ ക്വസ്റ്റ്യന്‍ ചെയ്യാൻ തുടങ്ങി.... എന്റെ പ്രേമമാണ് കഥാതന്തു...
ഈശ്വരാ ഞാനിത്ര രഹസ്യമായികൊണ്ട് നടന്ന ഇത് ഇവരെങ്ങനെ അറിഞ്ഞൂ....
എന്തായാലും ഇനി ഈ പരിപാടിയ്ക്ക് പോവില്ലാന്ന് സത്യം ചെയ്ത് വാങ്ങി....അങ്ങിനെ അതും ഗുവാ ഹതാ...
Twist :- അപ്പച്ചിയുടെ വീടിന് അടുത്തായിരുന്നൂ അവളുടെ വീട്, അപ്പച്ചി എന്തോ കാര്യത്തിന് അവളുടെ വീട്ടില്‍ ചെന്നപ്പോള്‍ , അവള്‍ കാര്യമായി പഠിച്ചുകൊണ്ടിരിയ്ക്കുന്നു... അവള്‍ കൈയ്യില്‍ പിടിച്ചിരിയ്ക്കുന്ന ബുക്കില്‍ ചുമ്മാതെ അപ്പച്ചി ഒന്ന് പാളി നോക്കി ....അതില്‍ അപ്പച്ചിയുടെ മുഖം കണ്ട എന്റെ പോട്ടം വിളറി വെളുത്തിരിയ്ക്കുന്നൂ.... അപ്പച്ചി നേരെ മാതാശ്രീയെ വിളിച്ച് പൊടിപ്പും തൊങ്ങലും വെച്ചങ്ങ് അവതരിപ്പിച്ചു.........
ഇവള്‍ക്കൊന്നും ഒരു പോട്ടം സൂക്ഷിക്കാനറിയില്ലേ.....?കഷ്ടം !
ഫഹദ് ലവ്ഷോർ.........

താമസസ്ഥലത്തേക്ക് പോകാനായി ഫോൺ ചാർജ്ജറും

താമസസ്ഥലത്തേക്ക് പോകാനായി ഫോൺ ചാർജ്ജറും ഡയറിയും മറ്റും ബാഗിൽ ധൃതി പിടിച്ച് നിറയ്ക്കുന്നതിനിടയിലാണ് കസ്റ്റമർ കെയർ ഡെസ്കിലെ ഫോൺ റിംഗ് ചെയ്തത്....
അടുത്ത ഷിഫ്റ്റിലെ കസ്റ്റമർ കെയർ എക്സിക്യുട്ടീവ് രാജീവ് വന്നതേയുള്ളൂ.... ഇതിവന്റെ സ്ഥിരം കലാപരിപാടിയായി മാറിയിരിക്കുകയാണ്....
ഫഹൂ ഒന്നെടുക്കെടാ... രാജീവിന്റെ സോപ്പിടൽ...
പോടാ പുല്ലേ എന്ന് മുഖഭാവം നൽകി ഞാൻ റിസീവർ കയ്യിലെടുത്തു..
ഗുഡ് ഈവനിംഗ് .... ഐഡിയാ കസ്റ്റമർ കെയറിലേക്ക് സ്വാഗതം....
ഞാൻ ഫഹദ്... പറയൂ എങ്ങനെയാണ് ഞാൻ താങ്കളെ സഹായിക്കേണ്ടത്.....?
ഹലോ സർ, മൃദുസ്വരം കാതിലേക്ക് ഒഴുകിയെത്തി...
പറയൂ...
ഞാൻ ഒരു സിം എടുത്തിട്ട് ഇന്നേക്ക് നാല് നാളായി.. ഇതുവരെ അത് ആക്ടീവായിട്ടില്ല... എന്താ കാരണം.....?
നമ്പരൊന്ന് പറയാമോ
ഉം പറയാം 97..... 47.... 3344.. 29
ഓക്കേ...യ്... ആരുടെ പേരിലാ സിം എടുത്തത്...? ആളുടെ പേരൊന്ന് പറയാമോ ?
ജ്യോതി....
ഓക്കേയ് മാഡം..... ഞാൻ റിക്വസ്റ്റ് ഫോർവേഡ് ചെയ്തിട്ടുണ്ട് ... രണ്ട് മണിക്കൂറിനുള്ളിൽ Active ആകും....
ഇത് ഞാൻ കഴിഞ്ഞ മൂന്ന് ദിവസമായി കേൾക്കുന്നതാ....
മാഡം..... ക്ഷമിക്കുക... ഞാൻ ഫോർവേഡ് ചെയ്തിട്ടുണ്ട്.... ഉടൻ തന്നെ ആക്ടീവാകുന്നതാണ്....
ശരി....
ഐഡിയായെ കുറിച്ച് മറ്റെന്തെങ്കിലും അറിയുവാനുണ്ടോ....?
റൂമിലേക്ക് പോകുവാനുള്ള വ്യഗ്രതയിൽ ഞാൻ സംഭാഷണം അവസാനിപ്പിക്കാൻ ശ്രമിച്ചു....
എന്താ പേര് ?
ഫഹദ്....
OK.. ay
ഐഡിയയിലേക്ക് വിളിച്ചതിന് നന്ദി ...... ശുഭരാത്രി.....
call കട്ട് ചെയ്ത് , രാജീവിനെ നോക്കി എന്തോന്നടേയ് ഇത് എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചിട്ട് ബാഗും എടുത്ത് തോളിൽ തൂക്കി ഞാൻ ഓഫീസ് വിട്ടിറങ്ങി....
ഫോൺ സ്വിച്ച് ഓൺ ചെയ്തപ്പോഴേക്കും മനുവിന്റെ കോൾ വന്നു.....
ഹലോ .... മനൂ...
എവിടാ ടാ.... ടിക്കറ്റ് കൊടുത്തു തുടങ്ങി......
ദാ ഞാനെത്തി.... ഷേണായീസിൽ മൂവി കാണാൻ പോകുന്ന കാര്യം അപ്പോഴാണ് ഓർമ്മ വന്നത്.... നേരെ ഒരു ഓട്ടോ പിടിച്ച് ഷേണായീസിലെത്തി.....
രാത്രി പന്ത്രണ്ടരയായി റൂമിലെത്തിയപ്പോൾ.....
വന്നപാടെ കട്ടിലേക്ക് ചാഞ്ഞു.....
-------------------- ----------------------- ---------------------
ഓഫീസിലെ രാവിലത്തെ തിരക്കൊക്കെ കഴിഞ്ഞ് സഹപ്രവർത്തക സൂര്യയുമായി നർമ്മരസത്തിൽ മുഴുകിയിരിക്കുമ്പോൾ സൂര്യയുടെ ക്യാബിനിൽ ഫോൺ റിംഗ് ചെയ്തു..... അവൾ സംസാരിച്ച് തുടങ്ങി അൽപ്പം കഴിഞ്ഞ് എന്നെ നോക്കിയിട്ട് പറഞ്ഞു '' നിനക്കുള്ള ക്വട്ടേഷനാ.... ഞാൻ കണക്ട് ചെയ്യാം......
ആദ്യ റിംഗിൽ തന്നെ ഞാൻ ഫോണെടുത്തു...
പ്രഥമ ചടങ്ങുകൾ കഴിയുന്നതിന് മുൻപ് തന്നെ കംപ്ലയിന്റ് വന്നു....
ഫഹദ് സാറല്ലേ....
അതെ.....,
ഞാൻ ജ്യോതി.... ഇതുവരെ സിം ആക്ടീവായിട്ടില്ല
ഒരു മിനിട്ട് ഞാനൊന്ന് ചെക്ക് ചെയ്തോട്ടെ ..... ലൈനിൽ തുടരുക....
Activation സെക്‌ഷനിലെ ബിബിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു...
ബിബിൻ ID പ്രൂഫ് കിട്ടാത്തതിനാലാണ് Active ആകാത്തത് എന്ന് Reply നൽകി.....
ഹലോ മാഡം.......
Yes ......
മാഡത്തിന്റെ ID Proof ലഭിച്ചിട്ടില്ല അതിനാൽ SIM Active ചെയ്യാൻ സാദ്ധ്യമല്ല...... ദയവായി നിങ്ങൾ സിം വാങ്ങിയ ഷോപ്പുമായി ബന്ധപ്പെടുക......
ഫഹദിന്റെ e -mail ID ഒന്നു തരാമോ ഞാനുടൻ Send ചെയ്യാം....
ശരി ഞാൻ ഈ നമ്പരിൽ sms അയച്ചേക്കാം....
ജ്യോതിയും ഞാനുമായുള്ള സൗഹൃദം അവിടെ തുടങ്ങുകയായിരുന്നു...........
ദിവസം ഒരു നേരമെങ്കിലും അവൾ വിളിക്കാറുണ്ടായിരുന്നു........
അവളുടെ വീട്ടിലെ എല്ലാപേരെയും എനിക്കവൾ ഫോണിലൂടെ പരിചയപ്പെടുത്തിയിരുന്നു.........
അവളുടെ നാല് വയസ്സുള്ള മകൾ നീതു ആയിരിക്കും കൂടുതൽ നേരവും എന്നോട് സംസാരിക്കുക.......
കാലങ്ങളായ് നേരിട്ടറിയാവുന്ന / അടുത്ത കൂട്ടുകാരനെപ്പോലെയാണവൾക്ക് ഞാൻ.........
ഏത് വിഷമഘട്ടത്തിലും എനിക്ക് താങ്ങായ് ധൈര്യം പകർന്നു തന്നിരുന്നു അവൾ.....
പക്ഷേ ഒരിക്കലും അവളുടെ വിഷമങ്ങൾ എന്നോട് പറഞ്ഞിരുന്നില്ല....
അവളുടെ ജീവിത പങ്കാളിയുടെ മരണം പോലും അവളുടെ അമ്മയിലൂടെയാണ് ഞാനറിഞ്ഞത്......
ഒരു ഞായറവധിയുടെ പകൽ ഉച്ചയുറക്കത്തിന്റെ ആലസ്യത്തിൽ കിടക്കുമ്പോൾ എന്റെ ഫോൺ റിംഗ് ചെയ്തു....
ജ്യോതിയാണ്..........
ഹായ് ജ്യോതി.......
ടാ നീയെവിടെയാ..........?
ഞാൻ റൂമിലാ....... ന്തേ?
നീ ഇടപ്പള്ളി വരെ ഒന്നു വരാമോ ?
അതിനെന്താ ... ഒരു 20 മിനിട്ട്....... ഞാൻ ദാ എത്തി...
ഞാനവിടെ എത്തിയപ്പോഴേക്കും 25 മിനിട്ടോളമായി....
ആദ്യമായ് നേരിട്ടു കാണുകയാണ് ....... നീതുവിന് സമ്മാനമായി നൽകുവാൻ പോലും ഒന്നും വാങ്ങിയിട്ടില്ല.......
ഫോണിലൂടെ മാത്രമേ പരിചയമുള്ളൂ എങ്കിലും വർഷങ്ങളായുള്ള ബന്ധുവിനെ പോലെയാണ് അമ്മയും അച്ഛനും എന്നോട് സംസാരിച്ചത്....
അവർ ഒരു ബന്ധുവിന്റെ വീട്ടിൽ പോയി മടങ്ങും വഴിയാണ്....
അടുത്ത ഹോട്ടലിൽ നിന്ന് ചായയും കുടിച്ച് വിടപറയുമ്പോൾ നീതു അവരോടൊപ്പം പോകാൻ കൂട്ടാക്കിയില്ല.....
അങ്കിൾ നാളെ വരാം എന്ന് ഉറപ്പു നൽകിയപ്പോൾ മനസ്സില്ലാമനസോടവൾ വണ്ടിയിൽ കയറി....
ക്ഷണിച്ചപ്പോഴൊന്നും എനിക്ക് ജ്യോതിയുടെ വീട്ടിലേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല....
വർഷങ്ങൾക്ക് ശേഷം ഡൽഹിയിൽ നിന്നും നാട്ടിലെത്തിയ സമയത്ത് , ഒരു വെള്ളിയാഴ്ച അപ്രതീക്ഷിതമായി ജ്യോതിയുടെ അച്ഛൻ വിളിച്ചു...
ജ്യോതിക്ക് തീരെ വയ്യാ എന്നും ... കാണുവാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞു...
ഞാൻ വേഗം തന്നെ ജ്യോതിയുടെ സ്വന്തം നാടായ വയനാട്ടിലേക്ക് ബസ് കയറി......
ICU വിലേക്ക് കയറുമ്പോൾ എന്റെ ശരീരമാകെ തണുത്തിരുന്നു.......
പല തവണ കീമോതെറാപ്പിക്ക് വിധേയയായതിനാലാവാം അവളുടെ തലമുടികളെല്ലാം കൊഴിഞ്ഞിരുന്നു...
ശരീരം ആകെ മെലിഞ്ഞിരുന്നു....
ഞാനടുത്തെത്തിയതും പ്രയാസപ്പെട്ടവൾ കണ്ണുകൾ തുറന്നു...
പുഞ്ചിരിക്കുവാനുള്ള അവളുടെ ശ്രമം വിഫലമായി...... കണ്ണുകളിലുടെ മിഴിനീർ തുള്ളികളായ് അടർന്നു വീണു.....
നീ.....തു..... അവൾ ചുണ്ടനക്കി....
ഇവിടുണ്ട്.......
ഞാൻ ICU വിന് വെളിയിലിറങ്ങി നീതുവിനെയും എടുത്ത് വീണ്ടും അകത്തേക്ക് കയറി....
നീ ഇവളെ ആഴ്ചയിൽ ഒരു തവണയെങ്കിലും വിളിക്കണം....
അമ്മയോടും അച്ഛനോടും നിന്നോടുമൊപ്പം ഞാനിവളെ ഏൽപ്പിക്കുകയാണ്.... അസ്പഷ്ടമായി അവൾ പറഞ്ഞു...
കരച്ചിൽ ഞാൻ കൈകളാൽ നിയന്ത്രിച്ചു.....
നീതുവിനേയും എടുത്ത് ഞാൻ ICU വിന് വെളിയിലേക്ക് നടന്നു....
പ്രാർത്ഥനകളാൽ ദിനങ്ങൾ കടന്നു പോയി......
ടാ ..... പോത്തേയ് , നീ അവധിക്ക് നാട്ടിൽ വന്നിട്ട് എന്റെ നീതൂനെ കാണാനോ വിളിക്കാനോ ശ്രമിച്ചില്ല അല്ലേടാ....
ഇത്രേ ഉള്ളൂ അല്ലേടാ............
ജ്യോതിയുടെ മെസ്സേജാണ്.......
ചില സൗഹൃദങ്ങൾ അങ്ങനെയാണ് മരണത്തേപ്പോലും തോൽപ്പിച്ച് നമ്മുടെ കൂടെയുണ്ടാകും.......
ഇന്ന് അവൾ ക്യാൻസറിനെതിരെ പടപൊരുതി പൂർണ്ണ ആരോഗ്യവതിയായ് ചങ്ക് സുഹൃത്തായി എപ്പോഴും എന്നോടൊപ്പമുണ്ട്....
അവൾക്കുള്ള മറുപടി ഇനി എന്ത് കള്ളം പറഞ്ഞ് അയയ്ക്കുമോ ന്തോ ?
Fahad Loveshore typing..........


ഹൊറര്‍ സിനിമ


ഹൊറര്‍ സിനിമ എനിയ്ക്ക് എപ്പോഴും ഹരമായിരുന്നൂ... ( മലയാള സിനിമയില്‍ പോലും വരുന്ന വെട്ട് , കുത്ത് / വൈകാരിക സീനുകള്‍ കാണാന്‍ കരുത്തില്ലാതെ കണ്ണടച്ചിരിയ്ക്കുന്ന ലോലഹൃദയനാണെങ്കിലും ) ഡ്രാക്കുള , ദ മമ്മി റിട്ടേണ്‍സ് തുടങ്ങിയ സിനിമകളൊക്കെ കണ്ണടച്ചിരുന്ന് ഛെ.. കണ്ണ് തുറന്നുപിടിച്ചിരുന്നു ഇന്നും ഞാന്‍ കാണാറുണ്ട്.............
എന്റെ കുട്ടിക്കാലത്തെ വേനലവധികള്‍ മിക്കപ്പോഴും അമ്മയുടെ തൃക്കുന്നപ്പുഴയിലെ വീട്ടിലായിരിയ്ക്കും... അവിടെയാണ് എനിയ്ക്ക് കൂടുതല്‍ കളിക്കൂട്ടുകാര്‍ ഉള്ളതും...
അമ്മയുടെ കുടുംബത്തിലെ കൊച്ചുമക്കളില്‍ ആദ്യത്തെ ആള് ഞാനായത് കൊണ്ടും എല്ലാപേരുടേയും കണ്ണിലുണ്ണിയായതുകൊണ്ടും എനിയ്ക്ക് അത്യാവശ്യം സ്വാതന്ത്ര്യമൊക്കെ തന്നിരുന്നു.....
കൂട്ടുകാരുമായി കൂടിയാല്‍ പിന്നെ എന്നെ കണികാണാന്‍ പോലും ആര്‍ക്കും കിട്ടില്ലായിരുന്നൂ... കണ്ട മാവിലും പറങ്കിമാവിലും പ്ലാവിലുമൊക്കെ കേറി അങ്ങിനെ നടക്കും... ഉച്ചയൂണ് കഴിയ്ക്കുവാന്‍ പോലും മെനക്കെടാറില്ലായിരുന്നൂ...
അപ്പോഴൊക്കെ ഞങ്ങളുടെ വൈകിട്ടത്തെ പരിപാടി സിനിമ കാണാന്‍ പോകലാണ്...
അങ്ങിനെ ഒരു ദിവസം മഹാദേവികാട് ശ്രീകൃഷ്ണ തിയേറ്ററില്‍ ( ഇപ്പോള്‍ ആ തിയേറ്റര്‍ ഇല്ല, അതൊക്കെ പൊളിച്ച് അവിടെയിപ്പോള്‍ നൃത്ത വിദ്യാലയം നടത്തുകയാണെന്ന് തോന്നുന്നൂ ) ഡ്രാക്കുള സിനിമ പ്രദര്‍ശനം നടക്കുന്നു .. ഞങ്ങള്‍ കൂട്ടൂകാരെല്ലാം പോകാന്‍ പ്ലാന്‍ ചെയ്തു...
എനിയ്ക്ക് സ്വന്തമായി സൈക്കിള്‍ ഇല്ലാത്തതിനാല്‍ കൂട്ടകാരെ സോപ്പിട്ട് അവരുടെ സൈക്കിളില്‍ വേണം പോകാന്‍, അങ്ങിനെ അവന്മാരെ സോപ്പിടാനായി കൂട്ടുകാരന്‍ ഷാഫിയുടെ ബാപ്പായുടെ കടയില്‍ നിന്നും 20 പൈസയ്ക്ക് ഉണ്ടശര്‍ക്കരയും പച്ചകപ്പലണ്ടിയും വാങ്ങി ( ബാപ്പായ്ക്ക് എന്നോട് വലിയ സ്നേഹമാണ്, കപ്പലണ്ടിയും ഉണ്ടശര്‍ക്കരയും തരുന്നതിന് മുന്‍പ് എന്നെക്കൊണ്ട് പാട്ട് പാടിപ്പിച്ചിട്ടേ തരൂ..) കൂട്ടുകാരുമായി പോകും... പോകുന്നതിന് മുന്‍പ് എല്ലാപേരും നല്ല ബലമുള്ള കുറച്ച് നീളം കൂടിയ കമ്പ് കയ്യില്‍ കരുതും.... കാരണം തിരിച്ച് വരുമ്പോള്‍ പട്ടികളെ ഓടിയ്ക്കാനാണ് , മഹാദേവികാട് -തൃക്കുന്നപ്പുഴ റോഡില്‍ രാത്രിയില്‍ വലിയ പട്ടിശല്യമാണ്... ഇപ്പോഴും അതിന് വലിയ മാറ്റമൊന്നുമില്ല.. ഈ അടുത്തും എനിയ്ക്കൊരു പണികിട്ടി അത് ഞാന്‍ പിന്നീട് പറയാം...
അങ്ങിനെ ഞങ്ങള്‍ സിനിമ കാണാന്‍ പോയി... സിനിമ കണ്ട് തിരിച്ച് വന്നു... എല്ലാ കൂട്ടുകാരും തൃക്കുന്നപ്പുഴ ജംഗ്ഷന് അടുത്തുള്ളവരാണ് ...എല്ലാപേര്‍ക്കും സിനിമ കണ്ടതിന് ശേഷം നല്ല ധൈര്യമുള്ളതിനാല്‍ ആരും എന്നെ വീടുവരെ കൊണ്ടാക്കാന്‍ മെനക്കെട്ടില്ല...
കൈയ്യില്‍ വടിയുള്ള ഒരേയൊരു ധൈര്യത്തില്‍ ഞാന്‍ വീട്ടിലേക്ക് വിറയ്ക്കാതെ നടന്നൂ...( ചുമ്മാ ) വീടിന് കുറച്ച് മുന്‍പായി ഒരു തോടുണ്ട് ... കുറുകെ ഒരു തെങ്ങിന്‍ തടിപ്പാലവും.... അത് കടക്കുന്നതിന് മുന്‍പായി ഞാന്‍ വെറുതെയൊന്ന് പിന്നിലേക്ക് തിരിഞ്ഞ് നോക്കി.... വെറും....വെറുതെ...
ദാണ്ടെടാ .... അവിടെ .... പത്ത് പന്ത്രണ്ടടി പൊക്കത്തില്‍ ഒരു സാധനം... അത് അതിന്റെ വീതിയുള്ളതും നീളമുള്ളതുമായ കൈ കൊണ്ടെന്നെ മാടി വിളിയ്ക്കുന്നൂ... ഓ എനിയ്ക്ക് ചുമ്മാ തോന്നിയതായിരിയ്ക്കും.... രണ്ട് കണ്ണുകളും തിരുമ്മിതുറന്ന് ഒന്നും കൂടി നോക്കി ... ദേ പിന്നെയും അതെന്നെ വിളിയ്ക്കുന്നൂ..... എന്റെ മുട്ടുകള്‍ തമ്മില്‍ ശിങ്കാരി മേളം കൊട്ടി .... പുണ്യാഹം തളിച്ചോ....ന്നൊരു തംശയം...
കണ്ണടച്ച്തുറന്ന് ഒന്നും കൂടി നോക്കി .... ദേ പിന്നേം അത് വിളിയ്ക്കുന്നൂ.... ഒന്നും നോക്കിയില്ല ഇല്ലാത്ത ധൈര്യം എവിടുന്നോ കടം വാങ്ങി ... കൈയിലിരുന്ന വടികൊണ്ട് കറക്കി ഒരടിയും കാല് കൊണ്ടൊരു തൊഴിയും കൊടുത്ത് പറന്ന് ചന്ദ്രനില്‍ പോയ ജീവന്‍ ചാടിപിടിച്ച് ആ തെങ്ങിന്‍ തടി പാലത്തിലൂടെ ഞാന്‍ വീട്ടിലേക്ക് പറന്നൂ......
വീട്ടില്‍ ചെന്നപാടെ ... പായയിലേക്ക് വീണ് ഞാന്‍ തളര്‍ന്നുറങ്ങി....
രാവിലെ തന്നെ അപ്പന്റെ ( അമ്മയുടെ അച്ഛന്റെ അനുജന്‍ ) വര്‍ത്തമാനം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്.. എന്താണെന്നറിയാന്‍ കാത് കൂര്‍പ്പിച്ചു.... '' ഏത് കഴ്വര്‍ടാ മോനാണെന്നറിയില്ല .... കയ്യില്‍ കിട്ടിയാലവന്റെ എല്ലു ഞാനൂരും... കുലച്ചു നിന്ന എന്റെ ഏത്തവാഴയാ മഹാപാപി ചവിട്ടി ഒടിച്ചത്....''
പുതപ്പ് വലിച്ച് തലവഴി മൂടി ഞാൻ മിണ്ടാതങ്ങനെ കിടന്നു ....
Mind it :- വാഴ ചവിട്ടി ഒടിച്ചത് ഞാനാണെന്ന് ഇത് എഴുതും വരെ അപ്പനറിയില്ല........... ഇതിന് ശേഷം എനിക്ക് എന്ത് സംഭവിച്ചാലും ഉത്തരവാദികൾ ഇത് വായിച്ചവർ മാത്രമായിരിക്കും........
ഫഹദ് ലവ്ഷോർ.........

ഫിർ മിലേംഗേ ഭായി


ഡൽഹിയുടെ തെരുവോരങ്ങളിൽ റിക്ഷ ചവിട്ടിയും ഢാബകളിൽ പാത്രം കഴുകിയും ജീവിച്ച എത്ര ബാല്യങ്ങൾ.. ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി മുതലാളിമാരുടെ ആട്ടും തുപ്പും പീഢനവുമേറ്റ് വാങ്ങുന്ന പാഴ്ജന്മങ്ങൾ..
ഞാൻ ഡൽഹിയിൽ ജോലി ചെയ്യുന്ന കാലം.. കമ്പനി ആവശ്യങ്ങൾക്കായി പുറത്ത് പോയതാണ്... നല്ല ഉഷ്ണകാലം ... ഉച്ചയൂണിന്റെ സമയം കഴിഞ്ഞിരിക്കുന്നു... യാത്രാ ക്ഷീണവും വിശപ്പും ദാഹവും എന്നെ വല്ലാതെ വലച്ചിരിയ്ക്കുന്നു.. കുറച്ചുകലെയായി ഒരു ഢാബ കാണാം ... ഞാൻ ബൈക്ക് നേരെ അതിനെ ലക്ഷ്യമാക്കി വിട്ടു...
ബൈക്ക് സ്റ്റാന്റിൽ വെച്ച് മുഖവും കയ്യും കഴുകി നിമിഷം നേരം കൊണ്ട് ടേബിളിന് മുന്നിലായി ഇരുപ്പുറപ്പിച്ചു....
ക്യാ ചാഹിയേ സാബ് ? ( എന്താണ് സാർ വേണ്ടത് ) പിന്നിൽ നിന്ന് ഒരു കുഞ്ഞ് സ്വരം
ഞാൻ പറഞ്ഞു :- പെഹലേ മുഛേ ഏക് ഗ്ലാസ് പാനീ ദോ ( ആദ്യം എനിക്ക് ഒരു ഗ്ലാസ് വെള്ളം തരൂ )
അവൻ പെട്ടെന്ന് ഒരു ഗ്ലാസ് വെള്ളവുമായ് വന്നു... ദാഹം കാരണം ഞാൻ പെട്ടെന്ന് അത് വാങ്ങി കുടിച്ചു.. ( സത്യത്തിൽ വിശപ്പിന്റെയും ദാഹത്തിന്റേയും കാഠിന്യത്തിൽ ഞാൻ അവനെ ശ്രദ്ധിച്ചില്ല എന്ന് തന്നെ പറയാം )
ക്യാ ഘാഓഗേ ആപ് ? ( താങ്കൾ എന്താണ് കഴിക്കുക ) അവൻ പിന്നെയും ചോദിച്ചു
ഇപ്പോഴാണ് ഞാൻ അവനെ ശ്രദ്ധിയ്ക്കുന്നത്...
ഒരു 9-10 വയസ്സുണ്ടാകും അവന് ... വട്ട മുഖം, ചീകി ഒതുക്കിയില്ലെങ്കിലും നല്ല വൃത്തിയായി ഒതുങ്ങി കിടക്കുന്ന ചെമ്പൻ തലമുടി... വെളുത്ത മെലിഞ്ഞ ശരീരം .. ഢാബയുടെ ഉടമസ്ഥൻ ഇവനെക്കൊണ്ട് എല്ലു മുറിയെ പണിയെടുപ്പിക്കുന്നുണ്ടെന്ന് അവനെ കണ്ടാൽ തന്നെ അറിയാം.. പക്ഷെ അവന്റെ മുഖത്തെ ഭാവം എന്താണെന്ന് എനിക്ക് മനസ്സിലാക്കുവാൻ പറ്റാത്തതായിരുന്നു...
ഇവന് മാതാപിതാക്കൾ ഉണ്ടായിരിക്കുമോ ? അവരായിരിക്കുമോ ഇവനെ ഈ ജോലിക്ക് പറഞ്ഞ് വിട്ടത് ? സഹോദരങ്ങൾ ഉണ്ടാവുമോ ? അതോ ഇവൻ അനാഥനാണോ ? ഈശ്വരാ എന്റെ ഒരു അനുജന്റെ പ്രായമില്ലല്ലോ ഇവന്...? ഈ പ്രായത്തിൽ ഇവനെ ഈ കഷ്ടപ്പാടിലേക്ക് തള്ളിയിട്ടതാര്..?
സാബ് (സർ) പെട്ടെന്ന് അവന്റെ വിളി എന്നെ ചിന്തയിൽ നിന്നുണർത്തി...
ആപ് കുച്ഛ് ബോലാ നഹി ( താങ്കൾ ഒന്നും പറഞ്ഞില്ല )
ഞാൻ :- ക്യാ ഹേ ഘാനേ കേ ലിയേ ? ( എന്താണ് കഴിക്കാൻ ഉള്ളത് ?
അവൻ :- രാജ്മചാവൽ, ഛോലെ ഭട്ടൂരെ , ബിരിയാണി, റൊട്ടി സബ്ജി....
ഞാൻ :- ഏക് രാജ്മ ചാവൽ ദോ (ഒരു രാജ്മ ചാവൽ തരൂ (രജ്മ എന്നത് ഒരു തരം വലിയ പയറാണ് ) രാജ്മയും ചോറും തരൂ...
നിമിഷങ്ങൾക്കുള്ളിൽ അവൻ അത് ടേബിളിൽ കൊണ്ട് വെച്ചു...
ഞാൻ കഴിച്ചു തുടങ്ങിയെങ്കിലും എന്റെ ശ്രദ്ധ അവനിലായിരുന്നു..
മറ്റുള്ളവർക്ക് ഭക്ഷണം കൊടുക്കാനും ഓർഡർ എടുക്കാനും ടേബിൾ വൃത്തിയാക്കാനും അവൻ ഓടി നടക്കുന്നത് എന്നെ അൽഭുതപ്പെടുത്തി.. മൂന്നാളുടെ ജോലി അവൻ ഒറ്റയ്ക്ക് ചെയ്യുന്നു...
എനിക്ക് ഭക്ഷണം കഴിക്കൽ മുഴുമിപ്പിക്കാനായില്ല.. മനസ്സിൽ നിറയെ അവൻ മാത്രമാണ്.. ഞാനെഴുന്നേറ്റ് കൈ കഴുകി.... ഒരു സിഗററ്റും പുകച്ച് വെളിയിലായ് നിന്നു...
അൽപ്പം കഴിഞ്ഞ് കടയിൽ തിരക്കൊഴിഞ്ഞു....
ഞാൻ ഭക്ഷണത്തിന്റെ ബില്ലടച്ച് വെളിയിലേക്ക് വന്നു....
ഇപ്പോഴും എന്റെ കണ്ണ് അവനിൽ തന്നെ.....
ഞാൻ അവനെ എന്റെ അടുത്തേക്ക് വിളിച്ചു....
ഞാൻ :- ക്യാ നാം ഹേ ആപ് കാ ? ( താങ്കളുടെ പേരെന്താണ് )
അവൻ :- ജീവൻ...
ഞാൻ :- ക്യാ ആപ് കാ മാ ബാപ് ഹേ ? ( താങ്കൾക്ക് അമ്മയും അച്ഛനുമുണ്ടോ.) '
അവൻ :- മാ ഹേ ( അമ്മയുണ്ട് )
ഞാൻ :- ആപ് ക്യോം സ്കൂൾ നഹി ജാത്തേ ? (താങ്കൾ എന്താണ് സ്കൂളിൽ പോകാത്തത്..)
അവൻ ഒന്നും മിണ്ടിയില്ല ( തല കുനിച്ച് നിന്നു )
ഞാൻ :- ആപ് മേരേ സാത്ത് ആഓഗേ... മേം ആപ് കോ സ്കൂൾ ഭേജേംഗേ... സബ് സമാലേംഗേ ...? ( താങ്കൾ എന്റെ കൂടെ വരുന്നോ ? ഞാൻ സ്കൂളിൽ വിടാം , എല്ലാ കാര്യങ്ങളും നോക്കാം..)
അവൻ മുഖമുയർത്തി എന്നെ ഒന്നു നോക്കി എന്നിട്ട് ദൂരേക്ക് കൈ ചൂണ്ടി എന്നോട് ചോദിച്ചു.. തോ ഉസ്കോ കോൻ ദേഖേഗാ...? (എങ്കിൽ അവളെ ആര് നോക്കും) അകലെയായി ഒരു അഞ്ചു വയസ്സുകാരി എന്നെ നോക്കിയൊന്ന് ചിരിച്ചു.....
അവന്റെ ചോദ്യത്തിന് രണ്ട് തുള്ളി കണ്ണീരല്ലാതെ എനിക്ക് മറുപടി ഇല്ലായിരുന്നു.....
പോകാൻ നേരം, അവൻ വിസമ്മതിച്ചെങ്കിലും നൂറ് രൂപ ഞാൻ നാലായി മടക്കി അവന്റെ പോക്കറ്റിൽ വെച്ച് കൊടുത്ത് .... കവിളിൽ മൃദുവായി തട്ടിയിട്ട് ഞാൻ പറഞ്ഞു
ഫിർ മിലേംഗേ ഭായി... ( വീണ്ടും കാണാം സഹോദരാ..)
കണ്ണീരിൽ അവന്റെ ചിരി മാഞ്ഞ് പോയിരുന്നു......
ഫഹദ് ലവ്ഷോർ...

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo