എന്റെ ഭർത്താവ്...(കഥ)

Image may contain: 1 person, outdoor

വിറയ്ക്കുന്ന കൈകളോടെ സൗമ്യമൊബൈൽ എടുത്ത് ചെവിയിൽ ചേർത്തു. അങ്ങേ അറ്റത്ത് നിന്ന് തീയുണ്ടകൾ പോലെ മനോജിന്റെ വാക്കുകൾ അവളുടെ ചെവിയിൽ വീണു.
"എന്തു തീരുമാനിച്ചു നീ, എന്തായാലും ഒരു മറുപടി നീ ഇന്നു തരണം. നിനക്ക് നിന്റെ ഇപ്പോഴത്തെ ജീവിതം വേണമെന്നുണ്ടെങ്കിൽ ഞാൻ പറയുന്നത് നീ അനുസരിക്കും.മറിച്ച് പറ്റില്ല എന്നാണെങ്കിൽ നീ ഉറപ്പിച്ചോ, നിന്റെ ജീവിതം ഇവിടെ തീർന്നു ".
മറുപടിയായ് ഒരു പൊട്ടിക്കരച്ചിലാണ് മനോജ് കേട്ടത്.കൂടെ അവളുടെ ഏങ്ങലടിച്ചുള്ള സംസാരവും.
" മനോജ്, നിനക്ക് ഇനിയും മതി ആയില്ലേ, ഞാൻ നിന്റെ കാലു പിടിക്കാം, ഇനിയും എന്നെ ഉപദ്രവിക്കരുത്.ഞങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ.. കുറച്ച് മുമ്പായിരുന്നെങ്കിൽ നീ ഇങ്ങനെ പറഞ്ഞതെങ്കിൽ തീർത്തു കളഞ്ഞേ നേ എന്റെ ജീവിതം.ഇപ്പോൾ അതിനെനിക്ക് കഴിയില്ല. മനോജ് പ്ലീസ്..... "ബാക്കി പറയാൻ കരച്ചില് കൊണ്ടവൾക്ക് കഴിഞ്ഞില്ല.
" വേണ്ടാ, കൂടുതലൊന്നും പറയണ്ടാ.....". ഞാൻ പറഞ്ഞ രണ്ട് ആവശ്യങ്ങളും നിനക്ക് സമ്മതിക്കാവുന്നതേ, ഉള്ളൂ. ഒരിക്കൽ കൂടി എനിക്ക് നിന്റെ ശരീരം വേണം. ഇതു വരെ എന്റെ ജീവിതത്തിൽ കടന്നു പോയിട്ടുള്ള ഒരു പെണ്ണിനും നിന്റെ ഉടലഴക് ഞാൻ കണ്ടിട്ടില്ല. പിന്നെ ഞാൻ ചോദിച്ചത് കുറച്ച് പണമാണ്. അത് ഒരിക്കലും നിനക്ക് ഒരു വലിയ തുകയല്ലാന്ന് എനിക്കറിയാം.നിന്റെ ഭർത്താവിന്റെ ഒരു മാസത്തെ സാലറി അത്രേ ഉള്ളൂ. ഇതിനു നീ സമതിച്ചാൽ ഇപ്പോൾ കഴിയുന്നത് പോലെ നിനക്ക് ഹാപ്പിയായ് കഴിയാം, ഇല്ലെങ്കിൽ എല്ലാം അവസാനിച്ചിരിക്കും." അവൾ എന്തെങ്കിലും തിരിച്ച് പറയുന്നതിനു മുമ്പ് അവൻ ഫോൺ കട്ട് ചെയ്തു.ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞ് അവൾ തലയണയിൽ മുഖമമർത്തി പൊട്ടിക്കരഞ്ഞു. കുറച്ച് നേരത്തെ ആലോചനക്ക് ശേഷം അവൾ മനസിലുറപ്പിച്ചു - ആത്മഹത്യ ചെയ്താലും ശരി, അവൻ പറഞ്ഞതൊന്നും നടക്കാൻ പോകുന്നില്ല.
കോളേജിൽ പഠിക്കുന്ന സമയത്തുണ്ടായ പ്രണയമായിരുന്നു - മനോജുമായിട്ട്. കോളേജിലെ ഹീറോ യോട് തോന്നിയ ഒരു ആരാധന.ശരിയാണ്.... താനാണ് അവന്റെ പുറകിൽ നടന്ന് പ്രണയിച്ചത്.പിന്നീടെപ്പോഴോ അവനും പ്രണയിച്ചു.കല്യാണം കഴിച്ചോളാമെന്ന് ഒരിക്കലും അവൻ തന്നോട് പറഞ്ഞിരുന്നില്ല.ദിവ്യ പ്രണയം ഉണ്ടായിരുന്നത് തനിക്കു മാത്രമാണ്. സ്നേഹത്തിലൂടെ അവന്റെ മനസ്സ് മാറ്റിയെടുക്കാമെന്ന് വിചാരിച്ചു.അതിന് കൊടുക്കേണ്ടി വന്നത് സ്വന്തം ശരീരം ആയിരുന്നു'. അതിനായ് അവനൊരുക്കിയ കെണിയിൽ താൻ ചെന്നു വീഴുകയായിരുന്നു. ആദ്യം എതിർത്തെങ്കിലും അവൻ സ്നേഹംഅഭിനയിക്കുകയായിരുന്നു, ഒറ്റത്തവണ എന്നു പറഞ്ഞ്.." അവസാന നിമിഷം വരെ ശ്രമിക്കും ഞാൻ നിന്നെ വിവാഹം കഴിക്കാൻ, എന്നു പറഞ്ഞ് കരഞ്ഞ് ചേർത്ത് പിടിച്ചപ്പോൾ അതുവരെ കരുതി വെച്ചിരുന്ന ധൈര്യം ചോരു കയായിരുന്നു. ഒരു പുരുഷന്റെ കരവലയത്തിലകപ്പെട്ട ഒരു പെണ്ണ് മാത്രമായ് മാറുകയായിരുന്നു.
ഒടുവിൽ എല്ലാം കഴിഞ്ഞപ്പോൾ അവൻ കാലു മാറി. കണ്ടാൽ മിണ്ടാതായി. എന്നെ ചതിക്കരുതേയെന്ന് കാല് പിടിച്ച് പറഞ്ഞിട്ടും അവന്റെ മനസലിഞ്ഞില്ല." ഞാനല്ല, നിന്റെ പുറകെ നടന്നത്, നീയാണ് എന്റെ പുറകെ വന്നത്. പിന്നെ എന്റെ ജീവിതത്തിലെ ആദ്യത്തെ പെണ്ണ് നീയൊന്നുമല്ല -ഒരു കല്യാണം, കുടുംബ ജീവിതം ഇതൊന്നും ഞാൻ ആഗ്രഹിക്കുന്നുമില്ല. നിനക്ക് വേണമെങ്കിൽ ഇത് തുടരാം - പക്ഷേ കൂടുതൽ ഒന്നും നീ ആഗ്രഹിക്കരുത് " .ഇതായിരുന്നു അവന്റെ മറുപടി. അന്നു ആത്മഹത്യ മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്. ചാകാൻ വേണ്ടി തന്നെയാണ് ഓടിച്ചിരുന്ന സ്കൂട്ടർ പാലത്തിന്റെ മുകളിൽ നിന്ന് താഴോട്ട് ചാടിയത്. പക്ഷേ ആരൊക്കെയോ ചേർന്ന് രക്ഷിച്ചു. ഹോസ്പിറ്റലിലും വീടിലുമായി പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ ആറു മാസം.ആക്സിഡന്റിന്റെ ആഘാതമെന്ന് എല്ലാവരും കരുതി. പക്ഷേ സത്യം തനിക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ. പിന്നീടങ്ങോട്ട് സ്നേഹിക്കാൻ മാത്രം അറിയാവുന്ന വീട്ടുകാരും, കൂട്ടുകാരും, കൂടി തന്നെ മാറ്റി എടുക്കുകയായിരുന്നു. ഉപേക്ഷിച്ച കളിയും ചിരിയും മെല്ലെ ജീവിതത്തിലേക്ക് തിരിച്ചു വന്നു. അങ്ങനെയാണ് സതീഷേട്ടന്റെ അച്ഛൻ വിവാഹാലോചനയുമായി വീട്ടിലേക്ക് വന്നത്. എതിർക്കാവുന്നതിന്റെ പരമാവധി എതിർത്തു.അമ്മയുടേയും അച്ഛന്റെയും കണ്ണുനീരിനു മുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞതെല്ലാം മറന്ന് പുതിയൊരു ജീവിതത്തിനു താനും തയ്യാറായി.സതീഷേട്ടനുമായുള്ള വിവാഹം നടന്നു.
ആദ്യത്തെ ദിവസം തന്നെ മനസിലായി ഉള്ളിൽ സ്നേഹം മാത്രമുള്ള ഒരാളാണെന്ന്.തരുന്ന സ്നേഹത്തിന്റെ ആയിരം ഇരട്ടിതിരിച്ചു കൊടുത്ത് ഒരിക്കൽ പറ്റിയ തെറ്റിന് പ്രായശ്ചിത്തം ചെയ്തു കൊണ്ടിരിക്കുകയാണ് ഇന്നലെ വരെ. കല്യാണം കഴിഞ്ഞ് ഇത്രേം നാളായിട്ടും സതീഷേടനോട് ഒരു ചെറിയ കള്ളം പോലും പറഞ്ഞ് വഞ്ചന കാട്ടിയിട്ടില്ല. മനോജ് വിളിച്ച കാര്യം അറിഞ്ഞാൽ ഇത്രേം നാള് കൊണ്ടുണ്ടാക്കിയ ഈ സമാധാന ജീവിതം തകരുമെന്ന് ഉറപ്പാണ്.സതീഷേട്ടനില്ലാതെ ഇനി തനിക്ക് ജീവിക്കാനും കഴിയില്ല. ചെറുതായി വലുപ്പം വെച്ചു വരുന്ന വയറിൽ അവളൊന്ന് തടവി.
കുറച്ച് നേരത്തെ ആലോചനക്ക് ശേഷം അവൾ മൊബൈൽ എടുത്ത് മനോജിനെ വിളിച്ചു.
" മറ്റന്നാൾ രാവിലെ മനോജിന് എന്റെ വീട്ടിലേക്ക് വരാം. മറ്റെന്തിനേക്കാളും വലുത് ഇപ്പോ എനിക്കെന്റെ ജീവിതമാണ്. "
അവളുടെ ഉറച്ച സ്വരം കേട്ട് മനോജ് ഒന്നു പുഞ്ചിരിച്ചു.
"നീ സമ്മതിക്കും എന്ന് എനിക്കറിയാമായിരുന്നു. ഞാൻ വരും .. "
അവർ സംസാരിച്ചു തീരുമ്പോഴേക്കും കോളിംഗ് ബെൽ അടിക്കാൻ തുടങ്ങിയിരുന്നു. വേഗം മുഖം കഴുകിത്തുടച്ച് അവൾ വാതിൽ തുറന്നു.കൈയിൽ ബേക്കറി പലഹാരങ്ങളുടെ കവറുമായ് നിൽക്കുന്ന സതീഷ്.ഒരു പുഞ്ചിരിയോടെ അവളത് വാങ്ങി, അവളെയും ചേർത്ത് പിടിച്ച് അയാൾ ഉള്ളിലേക്ക് നടന്നു.
പറഞ്ഞ ദിവസം രാവിലെ 10 മണിയായപ്പോൾ മനോജിൻ്റെ ബെെക്ക് സൗമ്യയുടെ വീടിൻ്റെ ഗേറ്റ് കടന്ന് അകത്തേക്ക് വന്നു.ബെല്ലിൽ കെെ അമർത്തി അയാൾ പുറത്ത് നിന്നു.കുറച്ചു സമയം കഴിഞ്ഞപ്പോൾ വാതിൽ തുറന്ന് സൗമ്യ പുറത്തേക്കു വന്നു.അവൾ ഇപ്പോൾ കുളി കഴിഞ്ഞു വന്നതേയുള്ളുവെന്ന് അയാൾക്ക് മനസ്സിലായി.മുടി അവൾ തോർത്തോടുകൂടി പുറകിൽ കെട്ടിവെച്ചിരിക്കുന്നു.അവൾ എന്തിനും റെഡിയായി നിൽക്കുകയാണെന്ന് അയാൾക്ക് തോന്നി.മനോജിന് അകത്തോട്ടിരിക്കാം അവൾ പറഞ്ഞു.സൗമ്യയെ നോക്കി ഒന്നു പുഞ്ചിരിച്ച് അയാൾ ഉളളിൽ കടന്ന് സോഫയിൽ ഇരുന്നു ."നീ മുമ്പത്തേതിലും വെച്ച് സുന്ദരിയായിട്ടുണ്ട് ഇപ്പൊ നിന്നെ വിട്ടുകളഞ്ഞതിൽ എനിക്കിത്തിരി വിഷമം തോന്നുന്നുണ്ട്"സൗമ്യ അവനെ തിരെയിരുന്ന കസേരയിലിരുന്നു.അവൻ്റെ മുഖത്തേക്കുതന്നെ സൂക്ഷിച്ചുനോക്കീ. ഇവനെ കൊന്നു കളഞ്ഞാലോന്ന് അവൾക്ക് തോന്നി.
"കുറച്ചു പെെസക്ക് ആവശ്യം വന്നു.ഞാൻ നോക്കിയിട്ട് വേറെ വഴിയൊന്നും കണ്ടില്ല.പിന്നെ പഴയ കാര്യങ്ങൾ ഓർത്തപ്പോൾ മനസ്സിൽ വീണ്ടുമൊരു മോഹം."
അ വളെ നോക്കി കീഴ്ചുണ്ട് കടിച്ച് അവനൊന്നു പുഞ്ചിരിച്ചു.
"ഇവിടെ ബെഡ്റൂം മോളിലാണല്ലേ "എന്ന് അവൻ ചോദിച്ചു. അവനെ നോക്കി ചെറുതായൊന്ന് ചിരിച്ച് അവൾ പറഞ്ഞു."ബെഡ്റൂമിൽ പോവുന്നതിനു മുൻപ് മനോജിന് കുടിക്കാനെന്തെങ്കിലുമെടുത്താലോ..ഇത്രേം ദൂരം ബെെക്ക് ഓടിച്ച് വന്നതല്ലേ "ആവാം എന്നർത്ഥത്തിൽ അയാൾ തലയാട്ടി.
പെട്ടെന്നാണ് അടുക്കളയിൽ നിന്നും കെെയ്യിൽ ട്രേയുമായ് 3 ഗ്ലാസിൽൽ ജ്യൂസുമായി സതീഷ് ഹാളിലേക്ക് വന്നത്. കെെലി മുണ്ടും ഹാഫ് ബനിയനും ധരിച്ച ഒരു സാധാരണ മനുഷ്യൻ.മനോജിന് മുന്നിൽ ട്രേ വെച്ച് സതീഷ് അയാളുടെ നേർക്ക് കെെ നീട്ടികൊണ്ട് പറഞ്ഞു."ഞാൻ സതീഷ് സൗമ്യയുടെ ഭർത്താവാണ്. മനോജ് ന്നല്ലെ പേര്.സൗമ്യയുടെ മുൻപത്തെ കാമുകൻ.ഒന്ന് കാണണമെന്ന് പറഞ്ഞിരിക്കുകയായിരുന്നു.മനോജ് തന്നെ വന്നത് സന്തോഷം" .വിറക്കുന്ന കെെകളോടെ മനോജും കെെ നീട്ടി.അവൻ്റെ ഷർട്ട് വിയ്ർപ്പിൽ കുതിർന്നിരുന്നു.എന്തു ചെയ്യണമെന്ന് അവനൊരു പിടിയും കിട്ടിയില്ല.അവിടെ സതീഷ് കാണുമെന്ന് അയാൾ സ്വപ്നത്തിൽകൂടെ കരുതിയില്ല.എഴുന്നേറ്റ് ഓടിയാലോയെന്ന് അയാൾ ഒരു നിമിഷം ചിന്തിച്ചു.അയാളുടെ പരവേശം കണ്ടിട്ടാവണം സതീഷ് ഒരു ചെറുചിരിയോടെ അയാളെ നോക്കി പറഞ്ഞു"മനോജ് പേടിക്കൊന്നും വേണ്ട എനിക്ക് മനോജിനോട് ദേഷ്യമൊന്നുമില്ല അല്ലെങ്കിൽതന്നെ ദേഷ്യപ്പെടാൻ മനോജ് എന്നെയൊന്നും ചെയ്തില്ലല്ലോ.. ചെയ്യ്തതിവളെയല്ലേ.കുറേ കാലം പ്രണയം എന്ന് പറഞ്ഞ് ഇവളെ നീ പററിച്ചു എനിക്ക് ദേഷ്യമൊന്നുമില്ലെങ്കിലും ഇപ്പൊ മനോജിനോട് ഒരുപാട് നന്ദിയുണ്ട്. എന്തിനാന്ന് വെച്ചാൽ ഇവളെ ഇങ്ങനെ എനിക്കു തന്നതിന്. ഭാര്യ കന്യക ആയിരിക്കണം ന്ന് നിർബന്ധം പിടിക്കുന്ന ഒരു പഴഞ്ചൻ ഭർത്താവൊന്നും അല്ലെ ടോ ഞാൻഅല്ലെങ്കിൽ തന്നെ എന്തടിസ്ഥാനത്തിലാണ് അങ്ങനെ വാശി പിടിക്കുന്നത്. 90% പെൺകുട്ടികൾക്കും കല്യാണത്തിനു മുമ്പ് ഇങ്ങനെ സംഭവിക്കന്നത് നിന്നെപ്പോലെയുള്ള ചെറ്റകളെ വിശ്വസിച്ചിട്ടാണ്.പെട്ടു പോവുകയാണ് പാവങ്ങൾ. ഒരു നിമിഷത്തിൽ പറ്റിയ തെറ്റോർത്ത് അവർ ജീവിതകാലം മുഴുവൻ കരയണംന്ന് ഒരു നിർബന്ധവുമില്ല. ഒരിക്കൽ പറ്റിയ തെറ്റ് നീ ഒരു ഫ്രോഡാണെന്നറിഞ്ഞിട്ടും ഇവൾ ആവർത്തിച്ചെങ്കിൽ ഉറപ്പായും ഞാൻ പറയും ഇവൾ തെറ്റുകാരി ആണെന്ന്.
താൻ ഇവളെ ഭീഷണിപ്പെടുത്തിയല്ലോ.. എല്ലാം എന്നോട് പറയുംന്ന് പറഞ്ഞ്. അവിടെ ആണ് തനിക്ക് തെറ്റ് പറ്റിയത്, കല്യാണം കഴിഞ്ഞ ദിവസം തന്നെ ഇവളിതെല്ലാം എന്നോട് പറഞ്ഞതാണ്. അന്ന് ഞാൻ ഇവളോട് പറഞ്ഞത് ഇനി നിനക്കൊന്നും സംഭവിച്ചിട്ടില്ലാ എന്നിരിക്കട്ടെ ഇന്ന് രാത്രി കൊണ്ട് ഞാൻ മൂലം നീ കന്യക അല്ലാതാവും. എന്ന് കരുതി നാളെ എനിക്ക് നിന്നെ ഉപേക്ഷിക്കാൻ പറ്റുമോ, ഓമനിച്ചു വളർത്തുന്ന ഒരു പട്ടി യോ പൂച്ചയോ സ്നേഹത്തോടെ ഒന്നു കടിച്ചു. എന്താ ചെയ്യാവലിയ മുറിവ് ആണെങ്കിൽ ഡോക്ടറെ കാണണം. അല്ലെങ്കിൽ ഡെറ്റോൾ എടുത്ത്നല്ല പോലെ കഴുകി മരുന്നു വെക്കണം. ഇതും അങ്ങനെ കരുതിയാ മതി എന്നാണ്. ഇനി എനിക്കും വിശ്വാസം വരുന്ന രീതിയിൽ ജീവിക്കേണ്ടത് നീയാണ് അങ്ങനെ ആണെങ്കിൽ നമുക്ക് ഈ ബന്ധം തുടരാം എന്ന് പറഞ്ഞപ്പോൾ ആ രീതിയിൽ തന്നെ ഈ നിമിഷം വരെ ജീവിച്ചു കാണിച്ചതാണിവൾ.കാരണം അവൾക്കറിയാം ഒരിക്കൽ ചതിയിൽപ്പെട്ടത്. സ്നേഹം നിഷേധിക്കുമ്പോ ഉള്ള വേദന അറിയാൻ കഴിഞ്ഞത് കാരണം ഇപ്പോ ഞാൻ കൊടുക്കുന്ന ചെറിയ സ്നേഹം പോലും ഇവൾക്ക് വലുതാണ്. അതിന്റെ ആയിരം ഇരട്ടി എനിക്ക് തിരിച്ചു കിട്ടുന്നുമുണ്ട്. അതിന്റെ തെളിവാണ് ഇപ്പോ ഇവളുടെ വയറ്റിൽ വളരുന്ന ഞങ്ങളുടെ കുഞ്ഞ്.മനോജ് ചോദിച്ച രണ്ട് കാര്യത്തിൽ ഒന്നേ എനിക്ക് തരാൻ കഴിയൂ.. പൈസ മാത്രം. ചോദിച്ചതിന്റെ ഇരട്ടി ഞാൻ ഈ ചെക്കിൽ എഴുതിട്ടുണ്ട്. പിന്നെ ഇവളുടെ ശരീരം അത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സൗമ്യ തന്നെയാണ്.അത് അവളോട് ചോദിച്ചോളൂ.. എനിക്ക് കുറച്ച് പണി ഉണ്ട് ഞാൻ പോട്ടെ.."
മനോജിനെ നോക്കി ചിരിച്ച് സതീഷ് സ്റ്റെയർകേസ് കേറി മോളിലോട്ട് പോയി. പകുതി വഴി ആയപ്പോളെ അയാൾ കേട്ടു .പടക്കം പൊട്ടുന്ന പോലെ ഒരു ശബ്ദം. ഒന്നു പുഞ്ചിരിച്ച് അയാൾ തിരിഞ്ഞു നോക്കാതെ ബെഡ് റൂമിലേക്ക് കയറി. ചെവി പൊത്തിപ്പിടിച്ചിരിക്കുന്ന മനോജിനെ നോക്കി കൈയിലിരുന്ന ചെരുപ്പ് താഴോട്ട് ഇട്ട് സൗമ്യ പല്ലു ഞെരിച്ചുകൊണ്ട് പറഞ്ഞു.
"ഇറങ്ങിക്കോണം നാറി ഇവിടെ നിന്നും. നിന്നെ ഞാൻ ഇങ്ങോട്ട് വിളിച്ചു വരുത്തിയത് ആണ് എന്ന് പറഞ്ഞാ എന്താണെന്ന് നിന്നെ കാണിക്കാൻ വേണ്ടിയാണ്.ഒരിക്കൽ കൂടി നിന്റെ ശരീരത്തിൽ തൊടാൻ എനിക്ക് അറപ്പാണ്. അതു കൊണ്ടാണ് ചെരുപ്പ് കൊണ്ട് നിന്നെ അടിച്ചത്."
കത്തുന്ന കണ്ണുകളോടെ അവൾ പുറത്തേക്ക് വിരൽ ചൂണ്ടി... അപമാനം കൊണ്ട് ശവമായ് മാറിയ ശരീരവുമായ് ശിരസ്സ് താഴ്ത്തി മനോജ് പുറത്തേക്ക് നടന്നു...

ഉമ്മാ


ഒരലർച്ചയോടെ ഞാൻ ബെഡിലേക്ക് മറിഞ്ഞു വീണു..
അബോധാവസ്ഥയിലും ആരൊക്കെയൊ ഓടിവരുന്ന ശബ്ദം കേൾക്കുന്നുണ്ട്..
വീഴ്ചക്കിടയിൽ കയ്യിലുണ്ടായിരുന്ന മൊബൈലെവിടെക്കോ തെറിച്ചു പോയിരുന്നു..
അല്ലാഹ് എനിക്കെന്താണ് സംഭവിക്കുന്നത്..
ഇക്കായെന്ന് വിളിച്ചു അരികിലേക്കു വന്നെന്റെ മുഖം കുലുക്കി വിളിക്കുന്നതവളല്ലേ..
എന്റെ പ്രിയപ്പെട്ട ഭാര്യ..
കണ്ണു തുറന്നു അവളോടെന്തൊക്കെയോ പറയണമെന്നുണ്ട്..
നാവു ചലിക്കുന്നില്ല..
കൈ ഉയർത്തിയവളെ തൊട്ടാശ്വസിപ്പിക്കണമെന്നുണ്ട്..
അല്ലാഹ് മരവിച്ചിരിക്കയാണല്ലോ എന്റെ കൈവിരലുകൾ..
ആരൊക്കെയൊ വന്നവളേ പിടിച്ചു മാറ്റുന്നുണ്ട്..
കുതറിമാറിയവൾ വീണ്ടുമെന്നിലേക്കു തന്നെ വീഴുന്നു..
എനിക്കൊന്നു ചേർത്തു പിടിക്കാൻ പോലും കഴിയുന്നില്ലാലോ റബ്ബേ..
ആളുകൾ കൂടിക്കൂടി വരികയാണു..
അതിനിടയിൽ ഒന്നുരണ്ടുപേർ ചേർന്നവളെ എന്നിൽനിന്നടർത്തി മാറ്റി..
ഡോക്ടറെന്നു തോന്നിക്കുന്ന ഒരാൾ വന്നെന്റെ കയ് ഉയർത്തി നിരാശയോടെ ചുറ്റും കൂടിനിന്നവരെ നോക്കുന്നു..
അവസാന ശ്രമമെന്ന നിലക്കു സ്റ്റെതസ്ക്കോപ്പ് കൊണ്ടു നെഞ്ചിലമർത്തി നോക്കി മുഖം കുനിച്ചു തിരികെ നടക്കുന്നു..
എവിടെനിന്നോ കൂട്ടക്കരച്ചിലുകൾ കേൾക്കുന്നുണ്ട്‌..
അതിലൊന്നെന്റെ ഉമ്മയുടേതാണല്ലോ..
അടുത്തേക്കു ചെന്നു "കരയാതെ ഉമ്മാ എനിക്കൊന്നും സംഭവിച്ചില്ലാ"ന്നു പറയണമെന്നുണ്ട്..
പക്ഷെ..
അതിനിടയിലാരോ വന്നു രണ്ടു പഞ്ഞിക്കഷ്ണമെടുത്തു എന്റെ മൂക്കിലേക്ക് വെച്ചു..
കാൽവിരൽ തുമ്പ് ചേർത്ത് കെട്ടുന്നയാളുടെ കണ്ണിൽ നിന്നൊരു തള്ളി കണ്ണീരടർന്നു കാൽക്കലിലേക്കു വീണുവോ..
ആരാണത്..
യാ റബ്ബേ..
എന്റെ പൊന്നിക്കാക്ക..
അവനെന്തിനാ കരയുന്നത്..
എനിക്കൊന്നും സംഭവിച്ചിട്ടില്ലാലോ..
കൂടിനിന്നവരൊക്കെ എന്തിനാണെന്നേ നോക്കി അടക്കം പറയുന്നത്..
കട്ടിലിനടിയിൽ നിന്നു മൊബൈൽ റിങ് ചെയ്യുന്ന ശബ്ദമല്ലേ കേൾക്കുന്നത്..
അതെന്റെ മൊബൈലാണല്ലോ..
ആരോ കുനിഞ്ഞതെടുക്കുന്നുണ്ട്..
അരുതേയെന്നു പറയാൻ കൊതിച്ചു നാവുയർത്തി..
എനിക്കു കഴിയുന്നില്ല..
ആ മൊബൈൽ..
അല്ലാഹ്..
അതിലായിരുന്നു എന്റെ ലോകം..
അവൾപോലുമറിയാതെ എത്രയെത്ര പേർ വന്നുപോയിരിക്കുന്നു അതിലേക്കു..
എത്ര പേരോട് മനസ്സു പങ്കിട്ടിരിക്കുന്നു..
വീഡിയോ കാളിലൂടെ പ്രണയം കൈമാറിയിരിക്കുന്നു..
അതൊക്കെ പിടിക്കപ്പെടാൻ പോവുകയാണിപ്പോ..
മൊബൈൽ കയ്യിലെടുത്തു നോക്കുന്നതാരാണ്..
എന്റെ മകനല്ലേ അതു..
കരഞ്ഞു തളർന്ന കണ്ണുകളോടെയവനാ കാൾ നോക്കുന്നത് തടയാൻ എനിക്കാവില്ല..
എത്രതവണ സമർത്ഥമായി അവരെയൊക്കെ പറ്റിച്ചിരിക്കുന്നു..
ഇന്നിതാ എല്ലാമവസാനിക്കാൻ പോവുകയാ..
അല്ല !! അവസാനിച്ചു കഴിഞ്ഞിരിക്കുന്നു..
മൊബൈലിലെ കാഴ്ചകളിലേക്ക് കണ്ണോടിക്കുന്തോറും ആ കണ്ണുകളിൽ തീപടരുന്നതും ദേഷ്യത്തോടെ അതിലുപരി വെറുപ്പോടെയെന്നെ നോക്കുന്നതും ഞാനറിയുന്നുണ്ടായിരുന്നു..
അവനതുമായി എങ്ങോട്ടേക്കാണ് പോവുന്നത്..
ഭാര്യയുടേ അടുത്തേക്കോ..
എന്താണവൻ ചെയുന്നത്..
"മോനെ വേണ്ടാടാ...
ഈ വാപ്പാനോട് പൊറുക്കു മോനെ.."
ഇല്ല അവനതു കേൾക്കാനാവില്ല..
തളർന്നിരിക്കുന്ന അവൾക്കരികിൽ ചെന്നിരുന്നു അവനെന്തൊക്കെയോ പറയുന്നുണ്ടല്ലോ..
എനിക്കു കേൾക്കാനാവുന്നില്ല..
പതിയെ അവളിരുന്നിടത്തുന്നു എഴുന്നേറ്റു മോന്റെ കയ്യും പിടിച്ചു അകത്തേക്ക് പോവുകയാ..
ഇപ്പൊഴാ മുഖത്ത് ദുഃഖമല്ല..
നിർവികാരതയാണ്..
വിശ്വസിച്ചവളെ ചതിച്ചവന് വേണ്ടി ഒരുപെണ്ണും കരയില്ല..
കരയേണ്ട കാര്യവുമില്ല..
പോവല്ലെന്നു ഉറക്കെ വിളിച്ചു പറയണോന്നുണ്ട്..
കഴിയുന്നില്ല..
അപ്പൊഴേക്കും ആരൊക്കെയൊ എന്നെ എടുത്തുയർത്തി..
കുളിപ്പിക്കാനുള്ള തയാറെടുപ്പാവണം..
തണുത്തു മരവിച്ച ശരീരത്തിലേക്ക് വെള്ളമൊഴിച്ചപ്പോൾ കരിങ്കൽച്ചീളുകൾ വന്നു പതിക്കുന്നതുപോലെ തോന്നി..
അസഹ്യമായ വേദനയാൽ ഞാൻ പുളയുന്നത് ഇവരാരും കാണുന്നില്ലേ..
വെള്ളപുതപ്പിച്ചു മയ്യത്തു കട്ടിലിലേക്ക് മാറ്റും മുമ്പെ അവസാന ചുംബനത്തിനായൊരു കാത്തുനിൽപ്പ്..
പക്ഷെയാരും വന്നീല..
ഉമ്മപോലും..
എല്ലാമെല്ലാം എന്റെ തെറ്റായിരുന്നല്ലോ..
പടച്ചവനെ ഇനിയൊന്നു മാപ്പുചോദിക്കാൻ പോലും കഴിയില്ലെനിക്ക്..
"എന്നാ എടുക്കല്ലേ.."?
ആരോ ശബ്ദമുയർത്തി ചോദിക്കുന്നുണ്ട്..
സമ്മതമെന്നോണം ചുറ്റിനും കനംപിടിച്ച മൗനം മാത്രം..
കട്ടിലുയർത്തുമ്പോ ഞാനുറക്കെ നിലവിളിക്കാൻ ശ്രമിച്ചു ..
ശബ്ദം വരുന്നില്ല..
ഒന്നുടെ ഉറക്കെ ഉറക്കേ...
"ഉമ്മാ..."
○●
"എന്താ എന്തെലും കണ്ടുപേടിച്ചോ.."?
പരിഭ്രമത്തോടെ എന്റെ നെറ്റിയിൽ തൊട്ടുനോക്കുന്ന അവളുടെ കൈകളെടുത്തു ഞാൻ കണ്ണുകളോട് ചേർത്ത് വെച്ചു..
നിറഞ്ഞൊഴുകുന്ന കണ്ണുകൾക്കൊപ്പം ചുണ്ടുകളും മന്ത്രിക്കുന്നുണ്ടായിരുന്നു..
"പെണ്ണേ എന്നോടു പൊറുക്കണേ.."

ശവംതീനിയുറുമ്പുകൾ

Image may contain: 1 person

തണുത്തു വിറങ്ങലിച്ചു കിടക്കുന്ന തൻ്റെ കാൽപ്പാദത്തിലൂടെ വരിവരിയായി ശവംതീനിയുറുമ്പുകൾ ഇഴഞ്ഞുനീങ്ങുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.കാലുവലിച്ചുകുടഞ്ഞു ഉറുമ്പിനെ തൂത്തെറിയാൻ അവൾ ശ്രമിച്ചെങ്കിലും ചത്തുമലച്ചുകിടക്കുന്ന തൻ്റെ ഉടലിലൂടെ ഇഴഞ്ഞുനീങ്ങുന്ന ഉറുമ്പിനെ ഭീതിയോടെ നോക്കിനിൽക്കാൻ മാത്രമേ അവൾക്കായുള്ളൂ. ഉടലിലൂടെ ഇഴഞ്ഞുനീങ്ങിയ ഉറുമ്പ് അവളുടെ വെളുത്തുനീണ്ട കഴുത്തിൽ അല്പനേരം വിശ്രമിച്ചു.ഉറുമ്പ് തൻ്റെ കാലുകൾ മെല്ലെ ഇളക്കിയപ്പോൾ അവൾക്ക് പെട്ടെന്ന് സിബിച്ചനെ ഓർമ്മവന്നു.
സേവ്യറങ്കിളിൻ്റെ പുസ്തകഷെൽഫിൽ നിന്ന് ബഷീറിൻ്റെ ബാല്യകാലസഖി നോവൽ തപ്പിയെടുത്ത് മറിച്ചുനോക്കി നിൽക്കുമ്പോഴാണ് സിബിച്ചൻ പൂച്ചയെപ്പോലെ പതുങ്ങിവന്ന് അവളുടെ പിൻ കഴുത്തിൽ ആദ്യമായി ചുണ്ടമർത്തിയത്.അന്നുമുതൽ എത്രയോ വട്ടം ആ ചുണ്ടുകൾ അവളുടെയീ കഴുത്തിലമർന്നിരിക്കുന്നു.പക്ഷേ അവൾക്കൊർമ്മയുണ്ട്, സിബിച്ചൻ തൻ്റെ കഴുത്തിൽ ചുണ്ടുകളമർത്തിയ അതേ നിമിഷം തന്നെ അവളുടെ കെെത്തണ്ടയിൽ ബാല്യകാലസഖിയിൽ നിന്നൂർന്നിറങ്ങിവന്ന ഒരു ഉറുമ്പ് ശക്തിയായി കടിച്ചു.സിബിച്ചൻ ഉമ്മവച്ച ഞെട്ടലിനെക്കാളുപരി ഞരമ്പുകളിലേക്കാഴ്ന്നിറങ്ങിയ ഉറുമ്പിൻ്റെ കാലുകളേൽപ്പിച്ച വേദനയിൽ അവൾ ചെറുതായി നിലവിളിച്ചുപോയി.കാരണം അത്ര തീക്ഷണമായി ഒരു ഉറുമ്പും അവളെ അതുവരെ കടിച്ചിട്ടില്ലായിരുന്നു.ഒന്ന് ഉമ്മവച്ചപ്പോഴേക്ക് ഇങ്ങനെ നിലവിളിക്കാൻ തുടങ്ങിയാൽ കെട്ടുകഴിഞ്ഞാൽപ്പിന്നെ നിനക്കു നിലവിളിക്കാനേ സമയം കാണൂ പെണ്ണേ എന്നു പറഞ്ഞ് സിബിച്ചൻ തന്നെ ചേർത്തുപിടിച്ചപ്പോഴും അവൾക്ക് ആദ്യ ചുംബനത്തിൻ്റെ ലഹരിയെക്കാളുപരി തൻ്റെ കെെത്തണ്ടയിൽ കടിച്ച ഉറുമ്പിനെ ഭീതിയോടെ നോക്കിനില്ക്കാനേ കഴിഞ്ഞുള്ളൂ .സിബിച്ചൻ്റെ കരവലയത്തിലൊതുങ്ങി നാണത്താൽ കണ്ണുകൾ കൂമ്പാൻ തുടങ്ങുന്നതിനിടയിലവൾ കണ്ടു പുസ്തകഷെൽഫിനിടയിലേക്ക് ഊർന്നുകയറിപോകുന്ന ശവംതീനിയുറുമ്പിനെ,പക്ഷെ അന്നവൾക്കറിയില്ലായിരുന്നു അത് ശവമതീനിയുറുമ്പാണെന്നും അതിലും ക്രൂരമായി തന്നെ ശവംതീനികൾക്ക് വലിച്ചെറിയാൻ പോകുന്ന രാക്ഷസൻ്റെ കരവലയത്തിലാണ് താനപ്പോഴെന്നും.
വിവാഹം കഴിഞ്ഞ രാത്രിയിലും അവൾക്കോർമ്മയുണ്ട് മുറിയിലെ ചുമരിലൂടെ വരിവരിയായി നീങ്ങുന്ന തടിയൻ ഉറുമ്പുകളെകണ്ട് അവൾ അയ്യോ ഉറുമ്പെന്ന് പറഞ്ഞപ്പോഴും അവൻ അവളെ കളിയാക്കി. "കഷ്ടം ഉറുമ്പിനെ കണ്ടിട്ടാണോ ഇങ്ങനെ ഒച്ചവയ്ക്കണത്,ഇതൊക്കെ ഇവിടെ എപ്പഴും ഉള്ളതാ.വലിയ മണിമാളികയിൽ ജീവിച്ച നിങ്ങൾക്കൊക്കെ ഇതൊക്കെ കാണുമ്പോൾ പേടിയാകൂ,ഞങ്ങൾ പാവങ്ങൾക്ക് ഇതൊക്കെ സ്ഥിരം കാഴ്ചയാ" എന്നുപറഞ്ഞുകൊണ്ടവൻ കട്ടിലിനടിയിൽ നിന്നും ചൂലു വലിച്ചെടുത്ത് ചുവരിലെ ഉറുമ്പുകളെ തട്ടിത്തൂത്ത് താഴെയിട്ടു."ഇങ്ങുതാ സിബിച്ചാ ഞാൻ തൂത്തുവാരാം "എന്നവൾ പറഞ്ഞെങ്കിലും സിബിച്ചൻ സമ്മതിച്ചില്ല.
"ഇല്ലിക്കാട്ടിൽ വർഗ്ഗീസിൻ്റെ മകൾ സോന എന്ന സയനോര രാജകുമാരി അവിടിരുന്നാലും ആരോരുമില്ലാത്ത അനാഥനായ ഈ പാവം ഡ്രെെവറുചെക്കൻ തൻ്റെ രാജകുമാരിക്കായി പട്ടുമെത്ത ഒരുക്കിയില്ലെങ്കിലും ഉറുമ്പുകടിയേൽക്കാത്ത കിടക്ക ഒരുക്കാനെങ്കിലും ബാധ്യസ്ഥനാണ് "എന്ന് വളരെ നാടകീയമായി പറഞ്ഞുകൊണ്ട് ഉറുമ്പിൻ കൂട്ടങ്ങളെ തൂത്ത് പുറത്തേക്കെറിഞ്ഞ് വാതിലടച്ചു.
മുറിയിലാകെയുണ്ടായിരുന്ന മെഴുകുതിരി വെട്ടം ഊതിക്കെടുത്തിയപ്പോഴും ആ ഒറ്റമുറി വീട്ടിൻ്റെ മൂലയിൽ കൂട്ടിയ അടുപ്പിലെ തീക്കനലുകൾ അവരുടെ പ്രണയലീലകൾക്ക് സാക്ഷിയായി.ഇടക്കെപ്പോഴോ ആവൾ ശക്തിയായി കാലുകുടഞ്ഞപ്പോൾ അവളുടെ കാൽവിരൽത്തുമ്പിൽ കടിച്ചുപിടിച്ചിരുന്ന ശവംതീനിയുറുമ്പിനെ കെെകൊണ്ടു തട്ടിയെറിഞ്ഞുകൊണ്ടവൻ ആ വിരൽത്തുമ്പിൽ ചുണ്ടുകളമർത്തി.
മദ്യപിച്ചെത്തിയ സിബിച്ചൻ്റെ തല്ലുകളേറ്റുവാങ്ങി നിലത്ത് വാടിത്തളർന്നിരിക്കുമ്പോഴുമവൾ കണ്ടു തൻ്റെ ഓരംപറ്റി നിലത്തൂടെ വരിവരിയായി പുറത്തേക്കൂനീങ്ങുന്ന ശവംതീനിയുറുമ്പുകളെ .അവസാനത്തെയുറുമ്പും പോയികഴിയുംവരെ അവൾ അവയെത്തന്നെ നോക്കിയിരുന്നെങ്കിലും അവയിന്ന് അവളെ തൊട്ടതേയില്ല.അവസാനത്തെയുറുമ്പും പടികടന്നുപോയപ്പോഴാണ് പുറത്ത് കാറുവന്നുനിന്ന ശബ്ദംകേട്ടത്.തൻ്റെ വീർത്തുന്തിയ വയറും താങ്ങി വേച്ചുവേച്ചവൾ പുറത്തേക്കുവന്നു.പുറത്തെ വാതിലിൽ തൻ്റെ ദയനീയരൂപം കണ്ട് ഞെട്ടിത്തരിച്ചുനിൽക്കുന്ന ഡാഡിയെകണ്ട് അവളാകെ തകർന്നുപോയി.എങ്കിലും തൻ്റെ പ്രവൃത്തിക്കുള്ള ഫലം താൻതന്നെ അനുഭവിക്കണമെന്ന് തീരുമാനം എന്നോ മനസിലുറപ്പിച്ച അവൾ കൂടെച്ചെല്ലാനൂള്ള ഡാഡിയുടെ ആവശ്യം സ്നേഹപൂർവ്വം നിരസിക്കയായിരുന്നു.സിബിച്ചനെ കാണാൻ കാത്തിരുന്ന ഡാഡിയെ നിർബ്ബന്ധപൂർവ്വം തിരികെ അയക്കുമ്പോൾ അവൾക്ക് ഒറ്റ ലക്ഷ്യമേയുണ്ടായിരുന്നുള്ളു പണത്തിനുവേണ്ടി തന്നെ ചതിച്ച ആ രാക്ഷസന് തനിക്കവകാശപ്പെട്ട ഒറ്റനാണയം പോലും കിട്ടരുതെന്ന്.ഡാഡിയുടെ കാറു മടങ്ങിയ പുറകേ വരിവരിയായി വീട്ടിലേക്കു മടങ്ങാൻ തുടങ്ങിയ ശവംതീനിയുറുമ്പുകളെ അവൾ ചൂലുകൊണ്ടു തൂത്തെറിയാൻ ശ്രമിച്ചെങ്കിലും അവ കൂട്ടം വിട്ട് മുറിയിൽ പലയിടത്തായി ഓടിനടന്നു.
രാത്രി വെെകി കെെയിലൊരു പൊതിയുമായി കടന്നുവന്ന സിബിച്ചനെക്കണ്ട് അവൾ ഞെട്ടി.വളരെ നാളുകൾക്കുശേഷമായിരുന്നു അവൾ സിബിച്ചനെ സ്വബോധത്തിൽ കാണുന്നത്.ഇതിലൊരു സാരിയും മുല്ലപൂവുമാ നീ അതൊക്കെ അണിഞ്ഞൊന്നു വന്നേ ഞാനൊന്നു കാണട്ടേ,കെെയിലെപൊതി അവൾക്കുനേരേ നീട്ടി അയാൾ പറഞ്ഞു.എന്നതാ സിബിച്ചാ കാര്യം എന്നവൾ ചോദിച്ചെങ്കിലും അയാൾ തൻ്റെ മറുപടി ഒരു വൃത്തികെട്ട ചിരിയിലൊതുക്കി.പോയി ഉടുത്തിട്ടുവാടീ എന്ന അയാളുടെ ആജ്ഞയിൽ അവൾ വീട്ടിനുള്ളിലേക്കുകയറി വാതിലടച്ചു.ചുവരിനോടു ചേർത്തുകെട്ടിയ അയയിൽ നിന്ന് ചുവന്നസാരിക്ക് ഏകദേശം ചേരുന്ന ഒരു പാവാടയെടുത്ത് തൻ്റെ വീർത്തുന്തിയ വയറിനുകുറുകേ കെട്ടി സാരി ഞൊറിഞ്ഞുടുക്കാൻ തുടങ്ങുമ്പോഴാണ് പാവടയുടെ കെട്ടിലിരുന്ന ശവംതീനിയുറുമ്പ് അവസാനമായി അവളുടെ ജീവനുള്ള ഉടലിൽ കടിക്കുന്നത്.നാശം ഉറുമ്പെന്ന് പ്രാകിക്കൊണ്ടവൾ ഉറുമ്പിനെ ഞെരടിയെടുത്ത് നിലത്തേക്കെറിഞ്ഞു.മുല്ലപൂവും ചൂടി പുറത്തേക്കിറങ്ങുമ്പോൾ തൻ്റെയുള്ളിൽ നിന്ന് ദിവസങ്ങൾക്കകം പുറത്തേക്കുവരുന്ന കുഞ്ഞും സിബിച്ചനുമൊത്തുള്ള പുതിയൊരു ജീവിതമായിരുന്നു മനസുനിറയെ.
"നാശം ബാലൻസുതീരാൻ കണ്ടനേരം!നീയങ്ങു സുന്ദരിയായിട്ടുണ്ടല്ലോ ടീ!ഞാൻ പോയി അവരെ കൂട്ടീട്ടു വരാം ,നീ ബഹളമെങ്ങാനുമുണ്ടാക്കിയാലോന്നു കരുതി ഞാനവരെ ജംഗ്ഷനിൽ വണ്ടിയിലിരുത്തിയിട്ടാ വന്നത്" സിബിച്ചൻ ആവേശത്തോടെ പറഞ്ഞു.
"അരെ കൂട്ടിക്കൊണ്ടു വരുന്ന കാര്യമാ സിബിച്ചൻ ഈ പറയണത് ,ഡാഡിയെ ആണോ?"അവൾ സംശയത്തൊടെ ചോദിച്ചു.
"ഫൂൂൂ ഡാഡി.....ആ നാറീടെ കാര്യം ഇവിടെ മിണ്ടിപ്പോകരുത്.കോടീശ്വരനാണത്രേ കോടീശ്വരൻ! ആകെയുള്ള മോളാണല്ലോന്നുകരുതിയാ പ്രേമോം മണ്ണാങ്കട്ടെമെന്നൊക്കെ പറഞ്ഞ് കൂടെകൂട്ടിയത്.എന്നിട്ടിപ്പോൾ കണ്ടില്ലേ കോടിപോയിട്ട് ഒരു കോടിത്തുണിക്ക് പോലും ഗതിയില്ലാതായില്ലേ.അയാളെ ഞാൻ നാണംകെടുത്തും.നീ ചോദിച്ചില്ലേ ആരാ കാത്തിരിക്കണതെന്ന് ,നമ്മടെ ബ്ളേഡു തോമ്മാച്ചനില്ലെ അങ്ങേരാ.അതിയാനു പണ്ടേ നിന്നെ നോട്ടമുണ്ടായിരുന്നതാ.ഇന്നലെയാ ഞാനാ സത്യമറിഞ്ഞത്.രൂപാ അൻപതിനായിരമാ തന്നത്.നിൻ്റെ തൊലിവെളുപ്പ് കണ്ടിട്ടൊന്നുമല്ല അത്രേം കിട്ടിയത്.നിൻ്റെ തന്തക്കോടീശ്വരൻ്റെ പേരുപറഞ്ഞ് വിലപേശിയാ അത്രയും ഒപ്പിച്ചത്.നിൻ്റെ പേറു കഴിഞ്ഞ് കൊണ്ടുചെല്ലാമെന്നു പറഞ്ഞപ്പോൾ അയാൾക്ക് അതുവരെ കാക്കാൻ വയ്യെന്ന് ഇന്നുതന്നെ വേണമെന്ന്,ഞാൻ പോയി അവരെ കൂട്ടിയിട്ടുവരാം".പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടയാൾ പുറത്തേക്കുനടന്നു.
കേട്ടതൊക്കെ സത്യമൊ മിഥ്യയോ എന്ന് തിരിച്ചറിയാനാകാതെ അവൾ ഒരു നിമിഷം പകച്ചുനിന്നു.പിന്നെ വേഗത്തിൽ മുറിക്കുള്ളിലേക്കുകയറി വാതിലടച്ചു.തറയിൽ നിറയെ ചിതറിയോടുന്ന ശവംതീനിയുറുമ്പുകളെ കണ്ടവൾ ഒരു നിമിഷം പകച്ചു നിന്നു.പിന്നെ വേഗത്തിൽ ചെന്ന് മടക്കിവച്ചിരുന്ന തുണികൾക്കിടയിൽ ഒളിപ്പിച്ചു വച്ചിരുന്ന കുപ്പിതുറന്ന് വായിലേക്കു കമിഴ്ത്തി.
അവളുടെ കഴുത്തിൽ വിശ്രമിച്ച ഉറുമ്പ് മെല്ലെ അവളുടെ കാതുകൾ ലക്ഷ്യമാക്കി നീങ്ങി.പിന്നെ അവളുടെ കാതിൽ മൃദുവായി മൊഴിഞ്ഞു,
"ഞങ്ങൾ ഇനി നിന്നെ കടിക്കില്ല.ഇപ്പോൾ നീയും ഞങ്ങളിലൊരുവളായി.ഭൂമിയിൽ ചതിക്കപ്പെടുന്ന മനുഷ്യരാ ശവംതീനിയുറുമ്പുകളായി ജനിക്കുന്നത്.അവർ തങ്ങളെപ്പോലെ ചതിക്കപ്പെടാൻപോകുന്നവരെ പല സൂചനകൾകാട്ടി പിന്തിരിപ്പിക്കാൻ നോക്കും പക്ഷേ ആരും ഞങ്ങടെ സൂചനകൾ തിരിച്ചറിയില്ല.നിന്നെപ്പോലെ മരിച്ചുകിടന്നിട്ട് ഞങ്ങളുടെ ഓരോ സൂചനയും ഓർത്ത് നെടുവീർപ്പിടും.നീയും ഏതാനും നിമിഷങ്ങൾ കഴിയുമ്പോൾ ശവംതീനിയുറുമ്പായി പുനർജനിക്കും.പിന്നെ നിൻ്റെ ജീവിതമൊരു കാത്തിരിപ്പാണ്.നിന്നെ ചതിച്ചവൻ്റെ മരണത്തിനായി.അവൻ്റെ ശവത്തോടാണ് നീ നിൻ്റെ പകതീർക്കേണ്ടത്.അവൻ്റയുടലിലെ അവസാനത്തെ മാംസത്തരിയും കൊത്തിയെടുക്കും നീയും നിൻ്റെ പടയാളികളും.വെറും അസ്ഥിമാത്രമാകുന്ന അവൻ്റെയുടലിനെ ആത്മനിർവൃതിയൊടെ നോക്കിനിന്നശേഷം നീ അവൻ്റെ തലയോട്ടിക്കുള്ളിൽ സമാധിയാകും.അതുവരെ ശവംതീനിയുറുമ്പായി നീ ഞങ്ങൾക്കിടയിൽ ജീവിക്കും. പ്രിയകൂട്ടുകാരീ....സ്വാഗതം ഞങ്ങളുടെ പ്രതികാരത്തിനായുള്ള കാത്തിരിപ്പിൻ്റെ ലോകത്തേക്ക്".
അവൾ മെല്ലെയൊരു കുഞ്ഞുറുമ്പായി അവർക്കിടയിലേക്ക് തെന്നിനീങ്ങി,തൻ്റെ പകപോക്കലിൻ്റെ നാളും സ്വപ്നംകണ്ടുകൊണ്ട്.
വിജിത വിജയകുമാർ

പുനർജ്ജന്മം


ജീവിതത്തിൽ നാലാമത്തെ പുനർ ജന്മത്തിലാണ് ഞാൻ,
മൂന്ന് മരണങ്ങൾ കഴിഞ്ഞുളള ഉയർത്തെഴുന്നേല്പ് എന്ന് തന്നെ പറയാം,
കുട്ടിക്കാലത്തായിരുന്നു ആദ്യത്തെ മരണം
ബാല്യത്തിന്റെ മരണം ഒരു ഞെട്ടലോടെയല്ലാതെ എനിക്കോർമ്മിക്കാനാവില്ല,
ഞാനിന്നും ഓർക്കുന്നു ,
ആഴ്ചവസാന ദിവസമായ ഒരു ശനിയുടെ പകലിലാണ് ബാല്ല്യം എന്നെ വിട്ട് പിരിഞ്ഞത്, ജീവിതത്തിന്റെ
അതിരുകൾക്കപ്പുറത്തെ അനന്തവും അക്ഞാതവുമായ വിഹായസ്സിലേക്ക് ഒരു ചെറു പുഞ്ചിരിയോടെ ബാല്ല്യം പറന്നു പോയി,
'' തൊടിയിലെ മൂവാണ്ടൻ മാവാണെത്രേ ബാല്ല്യത്തിന്റെ മരണം ആദ്യമറിഞ്ഞത്,
മൂവാണ്ടൻ മാവിന്റെ ചില്ലയിൽ ന്യത്തം ചെയ്യാനെത്തിയ കാറ്റാണ് തുളസിയോടും, സൂര്യകാന്തിയോടും പേരമരത്തിനോടും, നെല്ലിമരത്തിനോടും വിവരം പറഞ്ഞത്,
നാല് മണിക്കാണ് മരണ വിവരം നാല് മണി പൂക്കളറിഞ്ഞത്, !
തൊടിയിലെ പേരമരത്തിൽ കെട്ടിയിരുന്ന ഊഞ്ഞാലിനടിയിൽ കിടന്ന് ഓല പന്തും, തെറ്റാലിയും മൗനമായി തേങ്ങുന്നത് വീടിന്റെ കഴുക്കോലിനിടയിലിരുന്ന് ചൂണ്ട കണ്ടെത്രേ, !!
കണ്ണാരം പൊത്തി കളിയും, അക്ക് കളിയും, അക്കിക്കുത്ത് കളിയും, വീട് വിട്ട് പോകുന്നത് ഇടവഴിയിൽ വച്ച് തുമ്പി കൾ
കണ്ടെത്രേ, !!
മുറ്റം നിറയെ തുളളിച്ചാടി നടന്ന മണിക്കിടാവ് അന്ന് തൊഴുത്തിൽ നിന്നെഴുന്നേറ്റതു പോലുമില്ലാ, !!
അഴയിൽ കിടന്നിരുന്ന വളളി നിക്കർ കാറ്റാത്താടി താഴേക്ക് വീണ് കിടന്നു,
ശരിക്കും ഒരു മരണ വീട് പോലെ, !!
അന്തരിച്ച ബാല്ല്യത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ആരും എത്തിയില്ലാ !!
ആത്മാവിന്റെ മോർച്ചറിയിൽ തണുത്ത് വിറങ്ങലിച്ച് കിടന്ന ബാല്ല്യത്തിന്റെ മ്യതദേഹം , ആ കാഴ്ച താങ്ങാവുന്നതിലുമപ്പുറമായിരുന്നു, !!
ബാല്ല്യം മരിച്ചതെങ്ങനെ എന്ന ചോദ്യത്തിന് പിറ്റേന്നാണ് എനിക്ക് ഉത്തരം കിട്ടിയത്, !
ബാല്ല്യത്തിന് കൗമാര രോഗമായിരുന്നത്രേ,
കൗമാരത്തിന്റെ രോഗ ലക്ഷണങ്ങൾ കണ്ടതു മുതൽ ബാല്ല്യം അതീവ ദുഃഖത്തിലും, കടുത്ത നിരാശയിലുമായിരുന്നത്രേ, !
ആത്മാവിന്റെ
 മോർച്ചറിയിൽ നിന്ന് ബാല്ല്യത്തിന്റെ മ്യതദേഹം ഏറ്റ് വാങ്ങി ഹ്യദയത്തിന്റെ പുറം പോക്കിൽ ഞാൻ ചിതയൊരുക്കി, !
പിറ്റേന്ന്,
ബാല്ല്യത്തിന്റെ ചിതാഭസ്മവുമായി ഓർമ്മയുടെ തീരങ്ങളിൽ കൊണ്ടൊഴുക്കി കളഞ്ഞപ്പോൾ ,ആ നിഷ്ക്കളങ്കമായ ബാല്ല്യ കാലം എന്നന്നേയ്ക്കുമായി എന്നിൽ നിന്ന് അകലുകയായിരുന്നു,
അതെ ഞാനറിയാതെ ഞ നൊരു കൗമാരക്കാരനാകുകയായിരുന്നു,
പൊടി മീശക്കാരനായ കൗമാരക്കാരൻ, !!
സ്വപ്നങ്ങൾ വാരി വിതറി കൗമാരം വന്നെങ്കിലും, കടുത്ത പ്രണയത്തിന്റെ ശ്വാസം മുട്ടലിൽ യൗവ്വന രോഗം പിടി പെട്ട് കൗമാരവും വേഗം വിട പറഞ്ഞു, !!
പിന്നീട്,
യൗവ്വനമെന്ന വന ത്തിൽ ജീവിത യാഥാർത്ഥ്യങ്ങളുടെ മുന്നിൽ പകച്ച് നിന്നു, ! ഒടുവിൽ, യൗവ്വന മെന്ന വന ത്തിൽ സീതയെ ഉപേക്ഷിച്ച രാമനായി ഞാൻ പ്രവാസത്തിലേക്ക് ചേക്കേറി, !
സീത യൗവ്വന വനത്തിൽ പ്രവാസിയുടെ ഭാര്യയായി നാട്ടിലും !
ഇന്ന്,
യൗവ്വനവും വിട പറയുന്ന തിരക്കിലാണ്,
അതെ,
മൂന്ന് മരണങ്ങൾ കഴിഞ്ഞുളള മദ്ധ്യവയസ്ക്കന്റെ ഉയിർത്തെഴുന്നേല്പ്പ്പ് !
ഈ ഉയിർത്തെഴുന്നേല്പ്പിലും, എന്റെ മനം
എന്നോട് തന്നെ ചോദിക്കും,
സർ, ഇനിയൊരങ്കത്തിന് കൂടി ബാല്ല്യമുണ്ടോ ???!
=============
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്, !

പെയ്തൊഴിഞ്ഞ ഇടവപ്പാതി


Water, Priroda, Drops, Rain

'' ആരാ അത് ''
ഉമ്മറത്ത് ആരുടേയോ നിഴലനക്കം കണ്ട് ശാരദ പുറത്തേക്ക് നടന്നു ...
ഉമ്മറത്ത് നില്‍ക്കുന്ന ആളെ കണ്ട് അവര്‍ ഒന്നമ്പരന്നു
'' ആമീ '' അവരുടെ ചുണ്ടുകള്‍ മന്ത്രിച്ചു ...
അവര്‍ ഓടി അവളുടെ അരികിലെത്തി
'' ന്താ കുട്ടി ഇത് ... ഒന്ന് വിളിക്ക പോലും ചെയ്യാണ്ട് പുറത്ത് തന്നെ ഇങ്ങനെ നിന്നത് ''
ആമി മറുപടി പറയാതെ
താഴേക്ക് തന്നെ നോക്കി നിന്നു .... ശാരദ അവളുടെ കൈപിടിച്ച് അകത്തേക്ക് നടന്നു
'' ഇവിടെ ഇരിക്ക് '' അവരവളെ സെറ്റിയില്‍ പിടിച്ചിരുത്തി ... പിന്നെ അവളോട് ചേര്‍ന്നിരുന്നു
ശാരദയ്ക്ക് മുഖം കൊടുക്കാതെ ആമി താഴേക്ക് തന്നെ നോക്കിയിരുന്നു ... ഒരുതരം നിര്‍വികാരതയോടെ
'' ആമീ ... '' അവര്‍ വിളിച്ചു ... ആര്‍ദ്രമായ് ...
ശാരദ ആമിയുടെ മുഖം പിടിച്ചുയര്‍ത്തി ... അവളുടെ കണ്ണുകളിലേക്ക് നോക്കി
'' സങ്കടപ്പെടരുത് .... ഒക്കെ നല്ലതിനാണെന്ന് മാത്രം കരുതാ ... കൂടെ ണ്ടാവും എന്നും ഈ അമ്മേടെ പ്രാര്‍ത്ഥന ''
ശാരദയുടെ ശബ്ദം ഇടറിയിരുന്നു
ആ അമ്മയില്‍ നിന്നും മുഖം തിരിച്ച് ആമി അലക്ഷ്യമായ് എങ്ങോട്ടോ നോക്കി ...
ഒരല്‍പനേരം രണ്ട്പേരും ഒന്നും സംസാരിച്ചില്ല
'' നിക്ക് ... അനന്തൂനെ ഒന്ന് കാണണം അമ്മേ ... ''
ആ നിശബ്ദതയ്ക്ക് അവസാനമെന്നവണ്ണം ആമിയുടെ സ്വരം ഇടറി വീണു
ശാരദ ആമിയെ ഒന്ന് നോക്കി ... പിന്നെ മുകളിലേക്കുള്ള മരത്തിന്‍റെ ഗോവണിപ്പടികള്‍ ചൂണ്ടിക്കാട്ടി കൊണ്ട് പറഞ്ഞു
'' ഉം ... ചെല്ല് ''
ശാരദയുടെ മുഖത്ത് നോക്കാതെ ആമി ഗോവണിക്ക് നേരെ നടന്നു
പടികള്‍ കയറി അവള്‍ അനന്തുവിന്‍റെ മുറിയുടെ മുന്നില്‍ ചെന്ന് നിന്നു ... അടഞ്ഞ് കിടന്ന വാതിലില്‍ ആമി കൈപത്തി വച്ച് പതിയെ തള്ളി ...
ഒരു നേര്‍ത്ത കരച്ചിലോടെ വാതില്‍ പാളികള്‍ അവള്‍ക്ക് നേരെ തുറന്നു ... പതിയെ മുറിക്കകത്തേക്ക് ആമി കാലെടുത്ത് വച്ചു
അവള്‍ കണ്ടു ... ചുമരിനോട് ചേര്‍ന്നിട്ടിരിക്കുന്ന കട്ടിലില്‍ കണ്ണുകളടച്ച് അനന്തു കിടക്കുന്നു ...
ഉറങ്ങുകയാണെന്ന് തോന്നുന്നു
അവള്‍ ആ മുറിയില്‍ ചുറ്റുമൊന്ന് കണ്ണോടിച്ചു
മുറിയുടെ മൂലയിലായ് ചിട്ടയോടെ പുസ്തകങ്ങള്‍ നിറഞ്ഞിരിക്കുന്ന ഒരു ഷെല്‍ഫ് ... ഷെല്‍ഫിന് മുകളില്‍ ചെറുതും വലുതുമായ്
നിരവധി ട്രോഫികള്‍
മുറിയുടെ ചുവരില്‍ വെണ്ണ തിന്നുന്ന അമ്പാടികണ്ണന്‍റെ ഒരു ഫാബ്രിക് പെയിന്‍റിംഗ്
കണ്ണന്‍റെ ചിത്രത്തിന് അരുകില്‍ തന്നെ ഫ്രെയിം ചെയ്ത ഒരു വലിയ ഫോട്ടോ ... അനന്തുവിന്‍റെ ...
ആമി ആ ഫോട്ടോയ്ക്ക് നേരെ പതിയെ ചുവടുകള്‍ വച്ചു ... ആ ചിത്രത്തിനരുകിലെത്തി
അതിലേക്കവള്‍ ഉറ്റ്നോക്കി ...
അനന്തുവിന്‍റെ മുഖത്തേക്ക്
അലസമായ് നെറ്റിയില്‍ വീണ് കിടക്കുന്ന
കോലന്‍ മുടികള്‍ ... ചിരിച്ചപ്പോള്‍ ഇറുകിപ്പോയ
ചാരനിറ കണ്ണുകള്‍ ... തുടുത്ത കവിളില്‍ തെളിഞ്ഞ് വന്ന നുണക്കുഴി
കണ്ണെടുക്കാതെ ആ ചിത്രത്തിലേക്ക് നോക്കി നിന്നപ്പോള്‍ ... അനന്തു കണ്ണിറുക്കി ചിരിക്കുന്നത് തന്നെ നോക്കിയാണെന്ന് ആമിക്ക് തോന്നി
'' അനന്തൂ ... '' ആ ഫോട്ടോയില്‍ പതിയെ വിരലുകളോടിച്ച് ശബ്ദമില്ലാതെ അവള്‍ വിളിച്ചു
അനന്തുവിന്‍റെ മുഖത്തേക്കുറ്റ് നോക്കി നില്‍ക്കുമ്പോള്‍ അവളുടെ മനസൊന്ന് പിടഞ്ഞു
അനന്തു .... വാശിയോടെ തന്നെ സ്നേഹം കൊണ്ട് തോല്‍പിച്ചവന്‍
' നീയാണെന്‍റെ ലോകം ' എന്ന് ഓരോ സെക്കന്‍റിലും ഭ്രാന്തമായ് വിളിച്ച് പറഞ്ഞവന്‍
' നിന്നോളം ലഹരി ഈ ഭൂമിയില്‍ മറ്റൊന്നിനുമില്ല '
എന്ന് പറഞ്ഞവന്‍
'' ആമീ ... ഞാന്‍ മരിച്ചാ നീ വേറെ വിവാഹം കഴിക്കോ ''
'' ഉം ... ഞാന്‍ കഴിക്കും ... മരിച്ച് പോയവരെ ഓര്‍ത്ത് ജീവിതം നശിപ്പിക്കലല്ലെ ന്‍റെ പണി ''
'' ദുഷ്ടേ ... കണ്ണില്‍ ചോരയുണ്ടോടി നിനക്ക് ...
അങ്ങനെയെങ്ങാനും നീ ചെയ്താ ... പ്രേതമായ് വന്ന് നിന്നെ ഞാന്‍ കൊല്ലും ... നോക്കിക്കോ ''
തന്‍റെ കഴുത്തില്‍ കൈ വച്ച് അനന്തു ഒരിക്കല്‍ തന്നോട് പറഞ്ഞു
സ്നേഹമെന്നാല്‍ എന്താണെന്ന ചോദ്യത്തിന് തന്‍റെ ഹൃദയം വിളിച്ച് പറഞ്ഞ ഉത്തരം 'അനന്തു '
എന്നായിരുന്നു
ഓര്‍മ്മകളുടെ തിരയിളക്കത്തില്‍ ആമി ഒന്നാടിയുലഞ്ഞു
താനും അനന്തുവുമായുള്ള ബന്ധത്തെ കുറിച്ചറിഞ്ഞപ്പോള്‍ തന്‍റെ ഒരിഷ്ടത്തിനും എതിര് നില്‍ക്കാത്ത അച്ഛനും അമ്മയും മറ്റൊന്നും നോക്കാതെ ആ ബന്ധത്തിന് സമ്മതം മൂളി
പക്ഷെ ... വിധി വിളയാടി തന്‍റേയും അനന്തുവിന്‍റേയും ജീവിതത്തില്‍ ...
വിവാഹക്ഷണക്കത്തിലെ സ്വര്‍ണ്ണലിപികളില്‍ അച്ചടിച്ച തന്‍റേയും അനന്തുവിന്‍റേയും പേരുകളില്‍ വിരലോടിച്ച് നില്‍ക്കുമ്പോള്‍ തന്നെ തേടി ആ വാര്‍ത്തയെത്തി
അനന്തുവിന്‍റെ ബൈക്ക് ആക്സിഡന്‍റായി എന്ന് ..
' അനന്തു മരിച്ചു ' ഡോക്ടര്‍മാര്‍ വിധിയെഴുതി ...
' അനന്തൂ ' എന്നലറി വിളിച്ച് ICU വിന്‍റെ ഇടനാഴിയില്‍ താന്‍ കുഴഞ്ഞ് വീണു
പക്ഷെ ... വിധി ക്രൂരമായി വിളയാട്ടം തുടരുകയായിരുന്നു
മരണത്തെ തോല്‍പിച്ച് അനന്തുവിന്‍റെ ശരീരം ജീവന്‍ തിരിച്ച് പിടിച്ചു ... തളര്‍ന്ന് പോയ ശരീരത്തോടെ അനന്തു ജീവിതത്തിലേക്ക് തിരിച്ച് വന്നു ... ആ ശരീരത്തില്‍ ജീവന്‍ ബാക്കിയുണ്ടെന്ന് അനന്തുവിന്‍റെ ഹൃദയമിടിപ്പുകള്‍ മാത്രം വിളിച്ച് പറഞ്ഞു
പിന്നീടെപ്പോഴോ അനന്തു സംസാരിച്ച് തുടങ്ങി ...
അപ്പോഴും ആ ശരീരം ചലനമറ്റ് തന്നെ കിടന്നു
ശരീരം തളര്‍ന്ന് കിടക്കുന്ന ഒരുത്തനോടൊപ്പം മകള്‍ ജീവിതം ജീവിച്ച് തീര്‍ക്കുന്നത് കാണാനുള്ള മഹാമനസ്ക്കത തന്‍റെ അച്ഛനും അമ്മയ്ക്കും ഇല്ലാതെ പോയി
'' അന്നേ പറഞ്ഞതാ ... ഈ ബന്ധം ഉറപ്പിക്കണേലും മുന്ന് ജാതകം ഒന്ന് നോക്കാന്‍ ... കേട്ടില്ലല്ലോ രണ്ട് പേരും ... അതിനെങ്ങന്യാ ...
അവള് കൊട്ടുന്ന താളത്തിനനുസരിച്ചല്ലെ രണ്ടാളും തുള്ളണത് ''
വാര്യത്തിന്‍റെ അകത്തളത്തില്‍ അമര്‍ഷത്തോടെ പലരും തന്‍റെ അച്ഛനും അമ്മയ്ക്കും നേരെ വിരല്‍ ചൂണ്ടി
'' താലി കെട്ടുന്നവന്‍റെ തലയെടുക്കാനുള്ള യോഗവും കൊണ്ടാ മോള് പിറന്നിരിക്കുന്നത് ''
അച്ഛന്‍റെ മുന്നിലേക്ക് തന്‍റെ ജാതകം വലിച്ചെറിഞ്ഞ് കൊണ്ടുള്ള വല്യച്ഛന്‍റെ ഗര്‍ജ്ജനത്തില്‍ വാര്യത്തിന്‍റെ മുക്കും മൂലയും വിറച്ചു
തന്‍റെ ജാതകത്തില്‍ വൈധവ്യയോഗമുണ്ടത്രേ ...
തറവാട്ടിലെ മറ്റുള്ളവരുടെ കണ്ണുകള്‍ അനിഷ്ടത്തോടെ തന്‍റെ നേര്‍ക്ക് നീളുന്നത് പലപ്പോഴും കണ്ടു
പിന്നീട് അച്ഛനും അമ്മയും ഉണ്ണുന്ന ഓരോ ഉരുളയിലും അവരുടെ കണ്ണീര്‍ വീണ് തെറിച്ചു ...
രാശിപലകയിലെ കവടികള്‍ മംഗല്യഭാഗ്യം നിഷേധിച്ച മകളെയോര്‍ത്ത്
പക്ഷേ .... എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് മറ്റൊന്ന് സംഭവിച്ചു ...
മഹേഷ് എന്ന് വിളിക്കുന്ന മഹീ ... അനന്തുവിന്‍റെ ഉറ്റസുഹൃത്ത് ... അച്ഛനെ കാണാനായ് വന്നു ...
ചുറ്റുമുള്ള എതിര്‍പ്പുകളെയെല്ലാം തട്ടിയെറിഞ്ഞ് കൊണ്ട് തന്നെ വിവാഹം ചെയ്ത് തരണമെന്ന ആവശ്യവുമായ് ...
'' ആമീ ... ജാതകദോഷള്ള പെണ്ണിനെ താലി കെട്ടി നാല് പേരുടെ മുന്നില്‍ ഹീറോ ആവാന്‍ വേണ്ടിയൊന്നുമല്ല തന്നെ വിവാഹം ചെയ്ത് തരാന്‍ ആവശ്യപെട്ടത് ... തനിക്ക് വേണ്ടി ത്യാഗം ചെയ്യുകയാണെന്നൊന്നും കരുതണ്ട ... തന്നെ എനിക്ക് ഇഷ്ടമാണ് ശരിക്കും ''
മഹേഷ് തനിക്ക് മുന്നില്‍ വന്ന് നിന്ന് പറഞ്ഞ വാക്കുകള്‍
പിന്നീട് താന്‍ കണ്ടത് തന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ മഹേഷിന് വാക്ക് കൊടുക്കുന്ന അച്ഛനെയാണ്
തങ്ങള്‍ ഈ ഭൂമിയില്‍ നിന്നും ഇല്ലാതാവും മുന്‍പ്
മകളെ സുരക്ഷിതമായ ഒരു കൈകളില്‍ ഏല്‍പിക്കാനുള്ള വ്യഗ്രതയായിരുന്നു താന്‍ അച്ഛന്‍റേയും അമ്മയുടേയും മുഖത്ത് അന്ന് കണ്ടത്
' ജന്മം നല്‍കിയവരെ വേദനിപ്പിക്കാതിരിക്കുക '
ഏതൊരു മക്കളുടേയും കടമ ... എതിര്‍ത്തില്ല അവരുടെ ആഗ്രഹത്തിന് ... വേദനിക്കാതിരിക്കട്ടെ അവര്‍ താന്‍ കാരണം
'' ആമീ ... ''
ശബ്ദം കേട്ട് അവള്‍ ഞെട്ടി തിരിഞ്ഞ് നോക്കി
തല ചെരിച്ച് പിടിച്ച് തന്നെത്തന്നെ നോക്കി കിടക്കുന്നു അനന്തു
'' വന്നിട്ട് ഒരുപാട് നേരായോ ''
അനന്തുവിന്‍റെ ചോദ്യത്തിന് അവള്‍ മറുപടി പറഞ്ഞില്ല
'' വിളിക്കാരുന്നില്ലെ ഒന്ന് ''
അതിനും അവള്‍ നിശബ്ദത പാലിച്ചു
'' വിവാഹമാണല്ലെ നാളെ ''
അനന്തുവില്‍ നിന്നും ഒരു ദീര്‍ഘനിശ്വാസമുയര്‍ന്നു
'' മനസില്‍ ഒരു ഭയം ഉണ്ടായിരുന്നു ... ഒന്നിനും കൊള്ളാത്ത എന്നെയോര്‍ത്ത് താന്‍ തന്‍റെ ജീവിതം നശിപ്പിക്കോ എന്ന് ...
ന്തായാലും എടുത്ത തീരുമാനം നന്നായി ...
ആമി സന്തോഷായിട്ടിരിക്കണത് കണ്ടാ മതി ...
എവിടെ ആയാലും ''
അനന്തുവിന്‍റെ വാക്കുകളില്‍ പതര്‍ച്ച ഉണ്ടായിരുന്നു
ആമി അനന്തുവിനെ ഒന്ന് നോക്കി ...
ആ മിഴികള്‍ പരസ്പരം ഇടഞ്ഞപ്പോള്‍ ആമിയുടെ നെഞ്ചിലൂടെ ഒരു മിന്നല്‍ പിണര്‍ പാഞ്ഞു
പെട്ടന്ന് അവള്‍ തിരിഞ്ഞ് നടന്നു
'' ആമീ ... '' അനന്തുവിന്‍റെ ഇടറിയ സ്വരം അവളെ പിടിച്ച് നിര്‍ത്തി ... അവള്‍ നിന്നു ...
തിരിഞ്ഞ് നോക്കാതെ
'' ന്നോട് .... ന്തേലും ഒന്ന് മിണ്ടീട്ട് പോ ''
യാചനയുടേതായിരുന്നു അനന്തുവിന്‍റെ സ്വരം
അവന്‍റെ വാക്കുകള്‍ക്ക് കാത് കൊടുക്കാതെ അവള്‍ നടന്നു .... അനന്തുവിനെ ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ
പിറ്റേദിവസം ....
തീരുമാനിച്ച ശുഭമുഹൂര്‍ത്തത്തില്‍ മഹേഷ് ആമിയുടെ കഴുത്തില്‍ താലി ചാര്‍ത്തി
വിവാഹദിവസം .... ആദ്യരാത്രി ...
റൂമിന്‍റെ വാതില്‍ തുറന്ന് മഹേഷ് അകത്ത് കയറി ... മഹേഷിനെ കണ്ടതും കട്ടിലില്‍ ഇരുന്ന ആമി എഴുന്നേറ്റ് നിന്നു
മഹേഷ് ആമിയെ നോക്കി പുഞ്ചിരിച്ചു
അവള്‍ ടേബിളില്‍ വച്ചിരുന്ന പാല്‍ഗ്ളാസ് എടുത്ത് അവന് നേരെ നീട്ടി
മഹേഷ് ഒരു ചിരിയോടെ അവള്‍ക്ക് നേരെ വന്ന് അവളുടെ കയ്യില്‍ നിന്നും പാല്‍ഗ്ളാസ് വാങ്ങി
'' ഓ .... ആദ്യരാത്രിയിലെ ആചാരമാണല്ലോ
ലെ ഇത് ''
മഹേഷ് ചിരിച്ച് കൊണ്ട് ചോദിച്ചു
പാതി കുടിച്ച പാല്‍ഗ്ളാസ് അവന്‍ അവള്‍ക്ക് നേരെ നീട്ടി
ഗ്ളാസ് വാങ്ങി അവള്‍ ടേബിളില്‍
തന്നെ തിരികെ വച്ചു
മഹേഷ് ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ നിന്നും മൊബൈലെടുത്ത് ടേബിളില്‍ വച്ചു ... ഒപ്പം താനിട്ടിരുന്ന ഷര്‍ട്ട് ഊരിയെടുത്ത് തൊട്ടടുത്ത് കിടന്ന ചെയറിലേക്കിട്ടു
മഹേഷ് ആമിയുടെ കണ്ണുകളിലേക്കുറ്റ് നോക്കി ..
പതിയെ അവളുടെ അരികിലേക്ക് നടന്നടുത്തു
ആമിയുടെ തൊട്ട് മുന്നിലായ് അവന്‍
ചെന്ന് നിന്നു .... അവന്‍റെ ശ്വാസം അവളുടെ മുഖത്ത് വീണ് കിടക്കുന്ന മുടിയിഴകളില്‍
ചെന്ന് മുട്ടി
'' ആമീ ...'' തനിക്ക് മുന്നില്‍ മുഖം കുനിച്ച് നില്‍ക്കുന്ന അവളെ വിറയാര്‍ന്ന ശബ്ദത്തോടെ അവന്‍ വിളിച്ചു
ആമി മഹേഷിനെ നോക്കി ... കണ്ണിമ ചിമ്മാതെ
'' എന്നെ സ്വന്തമാക്കാന്‍ വേണ്ടിയാണോ നീ അനന്തുവിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചത് ''
ഒട്ടും പ്രതീക്ഷിക്കാതെയുള്ള ആമിയുടെ ചോദ്യത്തില്‍ മഹേഷ് ഞെട്ടി പുറകോട്ട് മാറി
ആമിയുടെ കണ്ണുകള്‍ ഒന്ന് ചെറുതായി
ശ്വാസമെടുക്കാന്‍ പോലും മറന്ന് മഹേഷ് അവളെ തന്നെ നോക്കി നിന്നു
'' ഒരിക്കലും ആരുമൊന്നും അറിയില്ലെന്ന് നീ കരുതി ... അല്ലെ ... എങ്കില്‍ നിനക്ക് തെറ്റി ... അനന്തുവിന്‍റെ ബൈക്കിന്‍റെ ബ്രേക്ക് വയര്‍ കട്ട് ചെയ്യുമ്പോള്‍ നീ ഓര്‍ത്തില്ല ...
ആ വീട്ടിലെ CCTV ക്യാമറയെ കുറിച്ച് ... അല്ലെ ..''
ആമി തല ചെരിച്ച് പിടിച്ച് മഹേഷിനെ നോക്കി
'' ആമീ ... അത് ... അത് ... ഞാന്‍ ...''
മഹേഷ് വാക്കുകള്‍ കിട്ടാതെ ഉഴറി
അവന്‍റെ കണ്ണുകളില്‍ ഭയത്തിന്‍റെ നിഴല്‍ പടരുന്നത് അവള്‍ കണ്ടു
ആമി പൊട്ടിച്ചിരിച്ചു
'' എന്താ ... പേടിയാവുന്നുണ്ടോ നിനക്ക് ...
ആരും ഈ നിമിഷം വരെ ഒന്നുമറിഞ്ഞിട്ടില്ല ..
അനന്തുവും അമ്മയും പോലും ...
ആരേയും ഒന്നുമറിയിക്കാതെ ഉള്ളില്‍ ഒരു കനല്‍ പോലെ കൊണ്ട് നടന്നത് ഈ ഒരു നിമിഷത്തിന് വേണ്ടിയായിരുന്നു ''
ആമിയുടെ കണ്ണുകളിലൂടെ പകയുടെ തിളക്കം കടന്ന് പോകുന്നത് മഹേഷ് ഭീതിയോടെ കണ്ടു
'' ഒരു കൂടപ്പിറപ്പിനെ പോലെ നിന്നെ സ്നേഹിച്ച അനന്തുവിനോടാണ് നീ ഈ ക്രൂരത ചെയ്തത് ...
ഒരു നിയമത്തിനും നിന്നെ ഞാന്‍ വിട്ട് കൊടുക്കില്ല ..
നരകിക്കണം നീ ... കൊല്ലാതെ നിന്നെ ഞാന്‍ കൊല്ലും ... ഇഞ്ചിഞ്ചായി ... അണുഅണുവായി ...
മരണത്തിന് വേണ്ടി നീ യാചിക്കും
എന്‍റെ മുന്നില്‍ ''
ആമിയുടെ കണ്ണുകളില്‍ പക ആളിക്കത്തി
തന്‍റെ മുന്നില്‍ നില്‍ക്കുന്ന ആമിയുടെ രൂപം മങ്ങുന്നത് പോലെ മഹേഷിന് തോന്നി ... തന്‍റെ കൈകാലുകള്‍ കുഴയുന്നത് അവന്‍ അറിഞ്ഞു ..
താനിപ്പോള്‍ വീണ് പോകുമെന്ന് തോന്നിയ അവന്‍ ചുമരിലേക്ക് ചാരി നിന്നു
അത് കണ്ട് ആമി പൊട്ടിച്ചിരിച്ചു
'' പേടിക്കണ്ട ... നിന്നെ അത്ര പെട്ടന്ന് മരണത്തിന് ഞാന്‍ വിട്ട് കൊടുക്കില്ല ... സ്ളോ പോയ്സണ്‍ ... നീ കുടിച്ച പാലില്‍ ഞാന്‍ ചേര്‍ത്തിട്ടുണ്ട് ... എന്നെ സ്വന്തമാക്കാന്‍ വേണ്ടി അനന്തുവിനോട് നീ ചെയ്ത ദ്രോഹത്തിന് നീ ശിക്ഷ അനുഭവിക്കണം
ആഗ്രഹിച്ചത് സ്വന്തമാക്കാനുള്ള തത്രപ്പാടില്‍ നീ മറന്ന് പോയൊരു സത്യമുണ്ട് ...
സ്നേഹം ... അതൊരിക്കലും പിടിച്ച് വാങ്ങാന്‍ കഴിയില്ല ... അത് മനസ് കൊണ്ട് തോന്നേണ്ട വികാരമാണ് ... എന്‍റെ നിഴല്‍ പോലും തൊടാനുള്ള യോഗ്യത നിനക്കില്ല ... വെറുപ്പാണ് നിന്നെ .... അറപ്പാണ് എനിക്ക് നിന്നോട് തോന്നുന്ന വികാരം ... ''
പറഞ്ഞ് നിര്‍ത്തുമ്പോള്‍ ആമി വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു
'' ആമീ .... ഞാന്‍ .... നിന്നെ ...''
മഹേഷിന്‍റെ നാവ് കുഴഞ്ഞു ... പാതിമയക്കത്തിലെന്നവണ്ണം അവന്‍ തളര്‍ന്ന് താഴേക്കിരുന്നു
ആമി പുച്ഛത്തോടെ അവനെ നോക്കി ചിരിച്ചു
പിറ്റേദിവസം .... രാവിലെ ...
'' അമ്മേ .... '' ആരുടേയോ അലര്‍ച്ച കേട്ട് ആമി ഞെട്ടിയെഴുന്നേറ്റു
റൂമിന്‍റെ പുറത്ത് ആരൊക്കേയോ ഓടുന്ന ശബ്ദം .... ആരുടേയൊക്കേയോ കരച്ചില്‍ ...
താനെവിടെയാണെന്നും സംഭവിക്കുന്നത് എന്താണെന്നും തിരിച്ചറിയാന്‍ അവള്‍ക്ക് നിമിഷങ്ങള്‍ വേണ്ടി വന്നു
അവള്‍ ചുറ്റും നോക്കി ... മഹേഷെവിടെ ...
കാണാനില്ല ... റൂമിന്‍റെ ഡോര്‍ അടഞ്ഞ് തന്നെ കിടക്കുന്നു
പെട്ടന്ന് ഒരു കൂട്ടക്കരച്ചില്‍ അവളുടെ
കാതില്‍ വന്നലച്ചു
ശബ്ദം കേട്ട ദിക്കിലെ ജനലരുകിലേക്ക് അവള്‍ ഓടിയടുത്തു ... ജനല്‍ പാളികള്‍ തള്ളിത്തുറന്നു..
ജനലഴികള്‍ക്കിടയിലൂടെ അവള്‍ കണ്ടു ...
തൊടിയിലെ മാവിന്‍കൊമ്പില്‍ തൂങ്ങിയാടുന്നു മഹേഷിന്‍റെ ശരീരം ...
അവളുടെ കണ്ണുകള്‍ ഇറുക്കിയടച്ച് ചുവരിലേക്ക് ചാരി നിന്നു ... വര്‍ദ്ധിച്ച ഹൃദയമിടിപ്പോടെ
ദിവസങ്ങള്‍ക്ക് ശേഷം
'' ഒരെണ്ണത്തിനെ പാതി ചത്ത നിലയിലാക്കി ..
ഒരെണ്ണത്തിനെ ദേ കൊന്നു ... അന്നേ പറഞ്ഞതാ അവള്‍ക്ക് മാംഗല്യം വിധിച്ചിട്ടില്യാന്ന് ''
ഉമ്മറക്കോലായില്‍ വല്യച്ഛന്‍റെ വാക്കുകള്‍ തീ പോലെ കോരിച്ചെരിയുകയാണ് അച്ഛന് മുന്നില്‍
മറുപടി പറയാന്‍ വാക്കുകളില്ലാതെ വല്യച്ഛന് മുന്നില്‍ നിറക്കണ്ണുകളോടെ നില്‍ക്കുകയാണ് ആ സാധു
അകത്തെ മുറിയില്‍ നിന്നും അമ്മയുടെ അടക്കി പിടിച്ച തേങ്ങല്‍ ഇടയ്ക്കിടെ ഉയരുന്നുണ്ട്
പുറത്തെ ശൂന്യതയിലേക്ക് നോക്കി മരത്തിന്‍റെ ജനലഴികളില്‍ പിടിച്ച് ആമി നിന്നു
അവള്‍ പതിയെ തിരിഞ്ഞു ... ഒരു ബാഗില്‍ തന്‍റെ ഡ്രെസ്സുകള്‍ നിറച്ചു
ബാഗും തോളിലിട്ട് അവള്‍ നടന്നു ... ഉമ്മറത്തിരിക്കുന്ന അച്ഛനും വല്യച്ഛനും മുന്നിലൂടെ
'' ആമീ .. '' വല്യച്ഛന്‍റെ രോഷം പൂണ്ട സ്വരം കേട്ട് അവള്‍ നിന്നു
'' എങ്ങോട്ടാ നീ '' അയാള്‍ എരിയുന്ന കണ്ണുകളോടെ അവളെ നോക്കി
ആമി വല്യച്ഛന് നേരെ തിരിഞ്ഞ് നിന്നു
'' കാണിക്കണത് ധിക്കാരാണെങ്കില്‍ വല്യച്ഛന്‍ പൊറുക്കണം ... മാഗല്യം നിഷേധിക്കപ്പെട്ട ജാതകദോഷക്കാരി തറവാടിന് ഒരു ശാപാ ...
മറ്റുള്ളവരുടെ ഭാവി ന്‍റെ പേരില് ബാധിക്കപ്പെടരുത് ''
വല്യച്ഛന്‍റെ മറുപടിക്ക് കാത്ത് നില്‍ക്കാതെ തറവാടിന്‍റെ പടിക്കെട്ടുകള്‍ അവളിറങ്ങി
'' മോളേ ... '' അമ്മയുടെ ആര്‍ത്തലച്ച നിലവിളി അവളെ പിടിച്ച് നിര്‍ത്തി
തനിക്ക് മുന്നില്‍ നിറഞ്ഞൊഴുകുന്ന മിഴികളുമായ് നില്‍ക്കുന്ന അമ്മയെ നോക്കി ആമി പുഞ്ചിരിച്ചു
'' അമ്മ പേടിക്കണ്ട ... അമ്മേടെ ആമി പെരുവഴിയിലേക്കല്ല ഇറങ്ങി പോണത് ... കയറി ചെല്ലാന്‍ അവകാശമുള്ള ഒരിടം ണ്ട് .... അങ്ങോട്ടാണ് ''
അമ്മയുടെ നെറുകയില്‍ ഒരു മുത്തം കൊടുത്ത് ആമി നടന്നു .... തിരിഞ്ഞ് നോക്കാതെ
റോഡില്‍ തനിക്ക് മുന്നിലൂടെ കടന്ന് പോയ ഒരു ഓട്ടോയ്ക്ക് അവള്‍ കൈകാണിച്ചു
ആമിയേയും കൊണ്ട് ആ ഓട്ടോ വന്ന് നിന്നു ...
അനന്തുവിന്‍റെ വീട്ട് മുറ്റത്ത്
ഓട്ടോയില്‍ നിന്നിറങ്ങി ആമി നേരെ അനന്തുവിന്‍റെ മുറിയിലേക്ക് കയറി ചെന്നു
അപ്രതീക്ഷിതമായ് ആമിയെ കണ്ട അനന്തുവും ശാരദയും ഒന്ന് പകച്ചു
അവള്‍ അനന്തുവിന് അരികിലേക്ക് ചെന്നു ...
തറയില്‍ മുട്ട് കുത്തി അവന്‍റെ കട്ടിലിനരികില്‍ ചേര്‍ന്ന് നിന്നു
അനന്തുവിന്‍റെ മുടിയിഴകളില്‍ അവള്‍ പതിയെ വിരലോടിച്ചു
'' ആമീ ... '' ആര്‍ദ്രതയോടെ അവന്‍ വിളിച്ചു
അവന്‍റെ കണ്ണുകളില്‍ കണ്ണീരിന്‍റെ തിളക്കം അവള്‍ കണ്ടു
'' ന്‍റെ അനന്തൂനെ ഈ നിലയിലാക്കിയ ആ ദ്രോഹിയോട് ഇത്രയെങ്കിലും ഞാന്‍ ചെയ്യണ്ടെ അനന്തൂ ''
'' വിട്ടിട്ട് പോവില്ലെന്ന് ആയിരംവട്ടം മനസ് പറഞ്ഞതാണ് .... പക്ഷേ ... മറ്റൊരാളുടെ മുന്നില്‍ താലിക്ക് തല കുനിച്ചെന്നറിഞ്ഞപ്പോ മനസൊന്ന് പിടഞ്ഞു ....പിന്നീട് സത്യമെന്തെന്ന് അറിഞ്ഞപ്പോഴാ ആ പിടച്ചില് ഒന്ന് നിന്നത് ''
അനന്തു ചിരിച്ചു ... അവന്‍റെ കവിളില്‍ തലോടി അവനെ നോക്കി ചിരിച്ച ആമിയുടെ കണ്ണുകള്‍ തുളുമ്പാനൊരുങ്ങി നിന്നു
ആമി എഴുന്നേറ്റ് ശാരദയുടെ മുന്നില്‍ ചെന്ന് നിന്നു
'' ഒരു ജീവിതംണ്ടെങ്കില്‍ അത് അനന്തൂനോടൊപ്പം ആവുംന്ന് ഒരിക്കല്‍ തീരുമാനിച്ചതാ ... താലി കെട്ടുന്നവന് ആയുസുണ്ടാവില്യാന്നാ ജാതകയോഗം പറഞ്ഞത് ... അനന്തൂനോടൊപ്പം ജീവിക്കാന്‍ നിക്കൊരു താലീടെ ബലം ആവശ്യല്യ ... മനസ് കൊണ്ടൊരു താലി എന്‍റെ കഴുത്തില്‍ എന്നേ കെട്ടി കഴിഞ്ഞു അനന്തു ...
പേടീണ്ടോ .... അമ്മയ്ക്ക് മകനെയോത്ത് ''
ശാരദ ആമിയെ നോക്കി ചിരിച്ചു
'' ആമീ .... ജനിച്ചാല്‍ ഒരുനാള്‍ എല്ലാവരും മരിക്കും ''
അവരൊന്ന് നിര്‍ത്തി ... അവളുടെ തോളില്‍ അവര്‍ കൈവച്ചു
'' തിരിച്ച് കൊണ്ട് വാ അനന്തൂനെ ... അവനെ തിരികെ കൊണ്ട് വരാന്‍ നിനക്ക് കഴിയും ....
നിനക്കേ കഴിയൂ ... ന്നിട്ട് പുച്ഛിച്ച് തള്ളിയവര്‍ക്ക് മുന്നില്‍ ജീവിച്ച് കാണിച്ച് കൊടുക്ക് ''
ആമി ശാരദയെ കെട്ടിപിടിച്ചു ... നിറഞ്ഞ് തൂവിയ മിഴികളോടെ ...
അവരവളെ തന്നോട് ചേര്‍ത്ത് പിടിച്ച് അവളുടെ മുടിയിഴകളില്‍ തഴുകി .... ഒരമ്മയുടെ മുഴുവന്‍ വാത്സല്യവും പകര്‍ന്ന് കൊടുക്കും പോലെ ...
( കാലവും കാഴ്ച്ചകളും മാറി .... പക്ഷെ ....
ഇന്നും പലരുടേയും ജീവിതം തീരുമാനിക്കുന്നത് ജ്യോത്സ്യന്‍റെ കവടിപലകയില്‍ തിരിഞ്ഞും മറിഞ്ഞും വീഴുന്ന കവടികള്‍ തന്നെയാണ് )
ഗൗരി പാര്‍വ്വതി 

എന്റെ മരണക്കുറിപ്പ്

Image may contain: 1 person, closeup

ഒരുപാട് ആലോചിച്ചശേഷം ഒടുവിൽ ഞാൻ തീരുമാനിച്ചു, മരിക്കാം. ഇങ്ങനെ ജീവിക്കുന്നതിലും ഭേദം മരണമാണ്. ശരിയാ, മരിക്കാം. എങ്ങനെ മരിക്കണം? പുഴയിൽ ചാടിയാലോ..? വേണ്ട, വെള്ളം കുടിച്ചു മരിക്കണം. അതും പോരാതെ മീനൊക്കെ കൊത്തിപറിച്ചു എന്റെ ശരീരം വൃത്തികേടാക്കും. എന്നാൽപിന്നെ കൈ മുറിച്ചാലോ.. അതാകുമ്പോ രൂപത്തിനു വലിയ മാറ്റം ഉണ്ടാവില്ല. പക്ഷേ അവിടെയും ഒരു പ്രശ്‍നമുണ്ട്‌. കൈ മുറിച്ചാൽ പെട്ടെന്നു മരിക്കില്ല. ആ നേരത്തിനുള്ളിൽ ഒരു വീണ്ടുവിചാരം ഉണ്ടായാൽ തീർന്നു! അത്‌ മാത്രമല്ല, ചോര കണ്ടു തലകറങ്ങിയാലോ.. നാണക്കേടാണ്, പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല.
ഒരുപാട് ആലോചിക്കേണ്ടി വന്നില്ല. കുറെപേർ മാതൃക കാണിച്ചിട്ടുള്ള ഏരിയ ആയതുകൊണ്ട്‌ കാര്യം കുറച്ചു എളുപ്പമായി, തൂങ്ങിമരിക്കാം!! തൂങ്ങിമരണത്തിൽ ഒരു ഗുണമുണ്ട്. വേണ്ടായിരുന്നു എന്ന് തോന്നുമ്പോഴേക്കും കാര്യം കഴിഞ്ഞിട്ടുണ്ടാകും! എന്നാൽപിന്നെ ഇനി ഒന്നും ആലോചിക്കാനില്ല, അത്‌ തന്നെ. പക്ഷേ എവിടെ തൂങ്ങും? മുറിയിൽ വേണ്ട, വീട്ടുകാർക്ക്‌ ഇനിയും ഈ വീട്ടിൽ ജീവിക്കണമല്ലോ. എങ്കിൽപിന്നെ മുറ്റത്തെ മാവിൽ തൂങ്ങിയാലോ..? വേണ്ട, അതിൽ ഒരുപാട് ഊഞ്ഞാലാടിയിട്ടുള്ളതാ.. പ്ലാൻ എ-യും പ്ലാൻ ബി-യും നടക്കാത്ത സ്ഥിതിക്ക്‌ കുറച്ചു ദൂരെ എവിടേക്കെങ്കിലും പോകാം.
രാത്രി മൂന്ന് മണി കഴിഞ്ഞിട്ടുണ്ടാകണം. എല്ലാവരും നല്ല ഉറക്കമാണ്. ശബ്ദം ഉണ്ടാക്കാതെ പതുക്കെ വാതിൽ തുറന്ന് പുറത്തു കടന്നു. അച്ഛ്ന്റേയും അമ്മയുടെയും അനുഗ്രഹം വേണമായിരുന്നോ..? ഏയ് എന്തിന്! അനുഗ്രഹമൊക്കെ വാങ്ങി സുഖമായി ജീവിക്കാൻ ഒന്നുമല്ലലോ പോകുന്നത്‌..! അങ്ങനെ ഞാൻ പതുക്കെ നടന്നു തുടങ്ങി. കുന്നിൻപുറത്ത് ആരും നടാതെ തന്നെ മുളച്ച ആ മൂവാണ്ടന്മാവിന്റെ തുഞ്ചത്തെ ചില്ല തന്നെയാണ് ഉദ്ദേശം. എനിക്കിഷ്ടമാണ് അവിടെ ഒറ്റയ്ക്കിരിക്കാൻ. അവിടേക്കുള്ള തണൽ നിറഞ്ഞ വഴിയും. പക്ഷേ സൂര്യനസ്തമിച്ചാൽ ആ വഴി ഇത്ര ഭയാനകമാണെന്ന് ഇപ്പോഴാണ്‌ മനസ്സിലായത്‌.
ഇരുട്ട്‌ എനിക്ക് പേടിയാണ്. ഇരുട്ടിൽ ഞാൻ ഒറ്റയ്ക്ക്കായപോലെയും ആരെങ്കിലും എന്നെ ഉപദ്രവിക്കാൻ വരുന്ന പൊലെയും ഒക്കെ തോന്നും. ചെറിയ കാറ്റ്. വാഴയിലയൊക്കെ അനങ്ങുന്നുണ്ട്. മനസ്സിൽ ചെറിയൊരു ഭയം തോന്നുന്നുണ്ടോ? ഏയ്.. മരിക്കാൻ പോകുന്ന ആൾക്കാണോ പേടി! ച്ചെ.. എനിക്ക് പേടിയൊന്നും തോന്നുന്നില്ല.
നിലാവുണ്ട്, ഒരു തണുത്ത കാറ്റും. പ്രകൃതിയുടെ ഈ 'കോമ്പിനേഷൻ' ഞാൻ ഇതുവരെ ആസ്വദിച്ചിട്ടില്ല. അതെങ്ങനെയാ.. ഈ നേരത്തൊക്കെ പെൺപിള്ളേർക്ക് പുറത്തിറങ്ങി നടക്കാൻ പറ്റ്വൊ.. അതൊക്കെ ആൺകുട്ട്യോൾടെ ഭാഗ്യാണ്. എന്തായാലും മരിക്കാൻ പോവണല്ലോ.. അടുത്ത ജന്മത്തിലെങ്കിലും ആൺകുട്ടിയായി ജനിച്ചാമതിയായിരുന്നു.
നിലാവെട്ടത്തിൽ നോക്കി നടന്നപ്പോൾ പള്ളിയും സെമിത്തേരിയും 'ഭാർഗ്ഗവിനിലയവും' പിന്നെ ചെക്കന്മാരുടെ സ്ഥിരം കഞ്ചാവ്‌ കേന്ദ്രവും ഒക്കെ കഴിഞ്ഞത്‌ അറിഞ്ഞില്ല. മാവിൻചോട്ടിലെത്തി. നിലാവെട്ടത്തിൽ സുന്ദരിയായിട്ടുണ്ട്‌ അവൾ. ഒരുപാട് അഹങ്കരിക്കണ്ട, വൈകാതെ വല്ല പാറമടക്കാർ തീരുമാനം ആക്കിക്കോളും. ഇനിയിപ്പോ ഇതിന്റെ മുകളിൽ കയറുന്നത് എങ്ങനെയാ!! ഞാൻ വളരെ സത്ഗുണസമ്പന്നയായിരുന്നതിനാലും സ്ത്രീമൂർത്തീഭാവം ആവാഹിച്ചിരുന്നതിനാലും ചെറുപ്പത്തിൽ പോലും ഒരു മാവിൻകൊമ്പിൽ കയറിയിട്ടില്ല. ഹാ.. ഇനിയിപ്പോ എന്തു നോക്കാനാ.. ആരു കാണാനാ.. എന്തായാലും മരിക്കാൻ തീരുമാനിച്ചല്ലോ. കുന്നിൻമുകളിൽ ആയതുകൊണ്ട് വീണാലും നേരെ താഴെ പൊയ്ക്കോളും.
അങ്ങനെ കഷ്ടപ്പെട്ട്‌ എങ്ങനെയൊക്കെയോ മാവിന്റെ കൊമ്പിൽ വലിഞ്ഞു കയറി. തുഞ്ചത്തെത്തി താഴേക്ക് നോക്കി. ചെറുതായി തല കറങ്ങുന്നുണ്ടോ.. ഏയ്, അങ്ങനെയൊന്നും പറയരുത്‌, ചാടാനുള്ളതാണ്! സൂര്യനുദിച്ചുതുടങ്ങി. ഇപ്പോൾ എത്ര ഉയരത്തിലാണ് ഞാൻ! കുന്നിന്റെ മുകളിൽ മരത്തിന്റെ തുഞ്ചത്ത്‌!! ഇവിടെനിന്നു നോക്കിയാൽ എല്ലാം കാണാം എനിക്ക്. ആ കാണുന്ന കൊച്ചുവെട്ടങ്ങളിൽ ഒന്ന് എന്റെ വീടായിരിക്കും! എല്ലാവരും ഉറക്കമാകും.
ഞാൻ വന്ന വഴിയല്ലേ അത്‌..? സെമിത്തേരി കടന്നല്ലേ ഞാൻ വന്നത്‌.. ഇത്തവണ അവിടെ എത്തിയപ്പോൾ ഞാൻ അറിഞ്ഞില്ലാലോ. പേടിയും തോന്നിയില്ല. അല്ലെങ്കിൽ പകൽ പൊലും അതിലേ ഒറ്റയ്ക്ക് പോകാൻ പേടിയാണ്. സന്ധ്യ കഴിഞ്ഞാൽ മുറ്റത്തിറങ്ങാൻ പേടിയുള്ള ഞാനാണ്. വല്ല ഇഴജന്തുക്കൾ കടിച്ചാലോ.. പക്ഷേ ഇപ്പോഴെന്തേ ഞാൻ അതൊന്നും ഓർത്തില്ല..? ഒട്ടും പേടിയും തോന്നിയില്ല..! അപ്പോൾ പ്രേതം ഒന്നും ഉണ്ടാകില്ലേ? എല്ലാം പറ്റിക്കൽ ആയിരിക്കോ? അതോ മരിക്കാൻ തീരുമാനിച്ചാൽ ഇത്ര ധൈര്യം കിട്ടുമോ..?
ശരിയാ കിട്ടും.. ഇനി ഒന്നിനെയും കുറിച്ച്‌ ആലോചിക്കണ്ടാലോ. ആരെങ്കിലും എന്തെങ്കിലും പറയുമോ എന്നു നോക്കണ്ടാലോ! ഞാൻ ഒന്നും അറിയില്ലലോ.. അപ്പോൾ എന്തായിരുന്നു ശരിക്കും എന്റെ പ്രശ്‍നം? ഇരുട്ടിനെ പേടിയുള്ള ഞാൻ, ഉയരത്തിനെ പേടിയുള്ള ഞാൻ.. എന്തിനു പറയുന്നു, എല്ലാത്തിനെയും എല്ലാവരേയും പേടിയുള്ള ഞാൻ.. ഇപ്പോൾ ഒറ്റയ്ക്കാണ്! ഇരുട്ടിലാണ്! ഉയരത്തിലാണ്! ഇത്രയും ധൈര്യം എനിക്കുണ്ടെങ്കിൽ എന്തുകൊണ്ട് എനിക്ക്‌ ജീവിച്ചുകൂടാ..?
നാം എപ്പോഴും ഒറ്റയ്ക്കാണ്, ഇരുട്ടിലാണ്! ഇരുട്ടിനെ വെളിച്ചമാക്കാൻ കഴിയുന്നതും എകാന്തതയെ സ്നേഹിക്കാൻ കഴിയുന്നതും ഒരു ഭാഗ്യമാണ്. ഞാൻ എന്നെ സ്നേഹിക്കുന്നു. ഈ കുന്നിനെയും പുഴയെയും കാറ്റിനെയും പൂക്കളെയും സ്നേഹിക്കുന്നു. ഇനിയെന്തിനു ഞാൻ മരിക്കണം..? എനിക്കുവേണ്ടി നിലാവ്‌ നൽകിയ രാത്രിയും കുളിരായ്‌ പുണർന്ന കാറ്റും മരിക്കാനൊരിടം നൽകിയ ആർക്കും വേണ്ടാത്ത മാവിൻചില്ലയും എന്നെ സ്നേഹിക്കുന്നു.. ഞാൻ അവരെയും..! എനിക്ക് ജീവിക്കണം... ഇവയെയൊക്കെ കണ്ടും സ്നേഹിച്ചും ജീവിക്കണം!
പുലരുവോളം ഞാനീ ചില്ലയിലിരിക്കട്ടെ.. പുലർക്കാലസൂര്യൻ നീട്ടുന്ന രശ്മീവിരലുകളാൽ എന്നെ പുണരട്ടെ.. കുയിലിണകൾ എനിക്കൊപ്പം പാടട്ടെ.. വരും പുലരിക്കൊപ്പം ഞാനും പുനർജ്ജനിക്കട്ടെ, പെണ്ണായിത്തന്നെ..!!

By: 

മൃഗമെന്ന് മുദ്രകുത്തപ്പെട്ട പെൺകുട്ടി


[Short story Inspired from a real incident]

ഔദ്യോഗികജീവിതം ഇവിടെ വീണ്ടും ആരംഭിക്കുകയാണെന്നെനിക്കു തോന്നി. പോലീസ് ഡിപാർട്മെൻ്റിൽ പ്രവർത്തിച്ച ഇരുപത് വർഷങ്ങളിൽ ഒരിക്കൽപ്പോലും കൃത്യനിർവഹണസമയത്ത് ഇത്രയധികം വികാരാധീനനായിട്ടില്ല ഞാൻ .നിയമം മൃഗമെന്ന് മുദ്രകുത്തിയ പെൺകുട്ടിയെ കാണുവാനായി ആളുകൾ വഴിയരുകിൽ തടിച്ചുകൂടിയിരിക്കുന്നു. അത്തരമൊരു സംഭവം ആദ്യമായായിരുന്നു . ആൾക്കൂട്ടത്തിനിടയിൽ ആ പിഞ്ചുബാലികയെ മുമ്പോട്ട് എത്തിക്കുവാൻ വളരെ കഷ്ടപ്പെട്ടു. തിക്കും ,തിരക്കിനുമിടയിലും കറുത്ത സൺഗ്ലാസിനിടയിലൂടെ കണ്ണീർത്തുള്ളികൾ പുറത്തുവരാതിരിക്കുവാനായി ചുറ്റും കൂടിനിന്നവരോട് ഞാൻ ആക്രോശിച്ചുകൊണ്ടിരുന്നു.
കൂടെയുള്ള പോലീസുകാർ വാഹനം കുറേക്കൂടെ അടുത്തേക്ക് കൊണ്ടുവന്നു. എത്രയും വേഗം പെൺകുട്ടിയെ പോലീസ് വാഹനത്തിനകത്ത് എത്തിച്ചു.സൺഗ്ലാസിനകത്തുനിന്നു വരുന്ന നീർത്തുള്ളികൾ പോലീസുകാർ കണ്ടില്ല എന്ന് നടിച്ചു.നിയമം മൃഗമെന്ന് പ്രഖ്യാപിച്ച മനുഷ്യക്കുട്ടിയെ കാണുവാനായി പത്രവാർത്തകൾ വായിച്ചറിഞ്ഞ് ഒഴുകിയെത്തിയ ആളുകൾ അപ്പോഴും പോലീസ് -വാഹനത്തിനു ചുറ്റും കൂടിനിന്നു.
ആൾക്കൂട്ടത്തെ രണ്ടായി പകുത്തുകൊണ്ട് പോലീസ് വാഹനം കോടതി ലക്ഷ്യമാക്കി പാഞ്ഞു.കോടതിയിൽ വിസ്താരത്തീയതി നിശ്ചയിക്കപ്പെട്ട ശേഷം പെൺകുട്ടിയെ അടുത്തുള്ള അനാഥാലയത്തിലാക്കിയ ശേഷം വീട്ടിലെത്തി .എട്ടുവയസ്സുകാരി മകളുടെ കളികൾ കണ്ടുനിൽക്കുമ്പോഴും എൻ്റെ ചിന്തകളിൽ ഇന്ന് കണ്ട പെൺകുട്ടിയായിരുന്നു. ഏതാനും ദിവസങ്ങൾക്കുമുമ്പ് ഒരു മിനിഷനറിപ്രവർത്തക കാണാൻ വന്നിരിക്കുന്നുവെന്ന് കീഴുദ്യോഗസ്ഥൻ പറഞ്ഞപ്പോൾ ഇത്ര സങ്കീർണ്ണപ്രശ്നമായിരിക്കുമതെന്ന് കരുതിയിരുന്നില്ല .
താൻ പ്രവർത്തിക്കുന്ന പ്രദേശത്തെ ഒരു വീട്ടിൽ ഒരു പെൺകുട്ടിയെ വീട്ടുകാർ ക്രൂരമായി മർദ്ദിക്കുന്നുണ്ടോയെന്ന സംശയം ചില അയൽവാസികൾ പറഞ്ഞതിൻ പ്രകാരം അവർ അതിനുപിന്നാലെ കുറേദിവസങ്ങൾ നടന്നുവെന്നും ,ആരും നേരിൽക്കണ്ടിട്ടില്ലാത്തതിനാൽ നിജസ്ഥിതി ഉറപ്പാക്കുവാനാകാതെ കുഴങ്ങിയെന്നുമായിരുന്നു ആ സ്ത്രീ പറഞ്ഞത്. ഏതാനും ദിവസങ്ങൾക്കുശേഷം അയൽവീട്ടിലെ രോഗിണിയായ വൃദ്ധയ്ക്ക് സഹായം വേണമെന്ന വ്യാജേന ആ വീട്ടിൽ കയറാനായെന്നും പെൺകുട്ടിയെ കാണാനായെന്നുമവർ പറഞ്ഞു.
" എൻ്റെ സാറേ, ഞാൻ ഇത്തരമൊരു കാഴ്ച എൻ്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല .അഞ്ചുവയസ്മാത്രമുള്ള പെൺകൊച്ച്‌ .കൈയിലും ,കാലിലും എന്നു മാത്രമല്ല മുഖത്തുവരെ മുറിവേറ്റ പാടുകൾ. മുഖത്ത് വലിയ ഒരു മുറിവ് .കൈകാലുകൾ അടിയേറ്റ് നീലിച്ചുകിടക്കുന്നു.സംഗതി കണ്ടില്ലായെന്നു നടിച്ച് ഞാൻ വീട്ടിൽനിന്നു പുറത്തുകടന്നു. ഇതിൽ എന്തെങ്കിലും സഹായം പോലീസ് ചെയ്തു തരണം .ഭൂരിഭാഗം സമയത്തും ക്ലോസറ്റിലെ ഇരുട്ടിലാണവൾ കഴിയുന്നത് . മരം കോച്ചുന്ന തണുപ്പിലും ഒരു ചെരുപ്പ് പോലും ധരിക്കാത്ത അവസ്ഥയിലാണവളെ കണ്ടത് "
"നിങ്ങൾ പറയുന്നത് സത്യമാണെങ്കിൽക്കൂടെ കുട്ടികളുടെ രക്ഷിതാക്കളിൽനിന്നു അവരെ മാറ്റാൻ നിയമമനുവദിക്കുന്നില്ല" എന്നിലെ നിയമജ്ഞൻ ഉണർന്നു.
" അപ്പോൾ ആ കുട്ടി നരകിച്ചു മരിക്കട്ടേയെന്നാണോ നിങ്ങൾ പറയുന്നത്?"
" ഇക്കാര്യത്തിൽ എൻ്റെ സുഹൃത്തായ വക്കീലിനോട് അഭിപ്രായം തേടൂ. എന്നിട്ട് എന്നെ വന്നു കാണൂ. " ഞാൻ അന്നവർക്ക് നൽകിയ മറുപടി അവരെ തൃപ്തരാക്കിയില്ലെന്നെനിക്കു തോന്നി.എങ്കിലും ആ സ്ത്രീ പിന്നോട്ട് പോകുവാൻ ഒതക്കമല്ലായിരുന്നു. ഒരാഴ്ചയ്ക്കു ശേഷം അവർ വീണ്ടും എൻ്റെ മുൻപിലെത്തി.
"കുട്ടികളെ ഉപദ്രവിക്കുന്നത് തടയുവാൻ നിയമമില്ലായിരിക്കാം ,എന്നാൽ മൃഗങ്ങളെ ഉപദ്രവിക്കുന്നത് തടയുവാൻ നിയമമുണ്ടെന്നറിയാമോ?''
"ഉവ്വ്. അതിന്?"
" അതിൻപ്രകാരം പെൺകുട്ടിയെ നിങ്ങൾ നിയമപരമായി ആ വീട്ടിൽനിന്നു മാറ്റി കോടതിയിലെത്തിക്കണം"
" എന്തസംബന്ധമാണീ പറയുന്നത് ,മനുഷ്യർ മൃഗങ്ങളല്ല. ഇതൊക്കെ പറയുവാൻ ഇതു മൃഗാശുപത്രിയുമല്ല "
"മൃഗങ്ങളേക്കാൾ മോശമായ മനുഷ്യരുമുണ്ട് സാറേ ,താങ്കളുടെ സുഹൃത്തായ വക്കീലിനെ ഞാൻ കണ്ടിരുന്നു. മനുഷ്യരെല്ലാവരും ജീവശാസ്ത്രപരമായി മൃഗങ്ങളാണ് .സസ്യങ്ങളോ ,അചേതനവസ്തുക്കളോ അല്ല. അതിനാൽ സാങ്കേതികപരമായി ആ പെൺകുട്ടിയെ മൃഗമായി കരുതി മൃഗസംരക്ഷണനിയമപ്രകാരം അവിടെനിന്നു രക്ഷിക്കുവാനുള്ള അനുമതി ഞാൻ മേടിച്ചിട്ടുണ്ട്. അതു നിയമപരമായി നടപ്പിലാക്കുക മാത്രമേ വേണ്ടൂ." ഇത്രയും പറഞ്ഞ് ഒരു കടലാസ് അവർ എനിക്കു നേരേ നീട്ടി .എൻ്റെ മനുഷ്യത്വത്തിനു നേരേയാണവർ ആ കടലാസ് ചൂണ്ടി വെല്ലുവിളിച്ചതെന്ന് തോന്നി. ആ കടലാസ് വാങ്ങാതെ തന്നെ ഞാൻ അവരുടെ കൂടെ പുറപ്പെട്ടു.
അങ്ങനെ വീട്ടിൽനിന്നു രക്ഷിച്ച് കോടതിയിലെത്തിച്ച പെൺകുട്ടിയുടെ വിസ്താരം ഏതാനും ദിവസങ്ങൾക്കു ശേഷം തുടങ്ങി. ഇതിനോടകം അഞ്ചു വയസുകാരിയെന്നുകരുതിയ പെൺകുട്ടി യഥാർത്ഥത്തിൽ ഒൻപതുവയസുകാരിയാണെന്നും ഭക്ഷണക്കുറവും ,നേരിട്ട പീഡനങ്ങൾക്കൊണ്ടും വളർച്ച മുരടിച്ചതാണെന്നും ഡോക്ടർ സാക്ഷ്യപ്പെടുത്തി .ശരീരം മുഴുനീളെ പാടുകളുമായി കോടതിയുടെ വിസ്താരക്കൂട്ടിലേക്ക് ആ പെൺകുട്ടി കയറ്റിനിറുത്തപ്പെട്ടു. അവളുടെ
പേര്, വയസ് , അച്ഛൻ, അമ്മ ,താമസസ്ഥലം, ദേഹത്ത് പാടുകളെങ്ങനെയുണ്ടായി തുടങ്ങിയ ചോദ്യങ്ങളൊക്കെ വക്കീൽ ചോദിച്ചിട്ടും പേടിച്ചരണ്ട പെൺകുട്ടി ഒന്നും മിണ്ടിയില്ല.
സൗമ്യമായ ശബ്ദത്തിൽ ജഡ്ജി ആ പെൺകുട്ടിയോട് അവളുടെ അനുഭവം വിവരിക്കുവാനാവശ്യപ്പെട്ടു. ആൾക്കൂട്ടത്തെ കണ്ട പരിഭ്രമത്തിൽ വിതുമ്പുന്ന ചുണ്ടുകൾ അനങ്ങിത്തുടങ്ങി.
" എൻ്റെ അപ്പനും ,അമ്മയും മരിച്ചു പോയി. എനിക്കെത്ര വയസ്സുണ്ടെന്നെനിക്കറിയില്ല. ഇപ്പോൾ താമസിക്കുന്നയിടത്തല്ലാതെ മറ്റെവിടെയെങ്കിലും താമസിച്ചതിൻ്റെ ഓർമ്മ എനിക്കില്ല.എല്ലാ ദിവസവും മമ്മ എന്നെ ചാട്ടവാറിനടിയ്ക്കും. എൻ്റെ ശരീരം നിറയെ നീലിച്ചതും ,കറുത്തതുമായ പാടുകളാണ് "
"മുഖത്തെ പാട് എങ്ങനെയുണ്ടായി?" ജഡ്ജി ചോദിച്ചു,
"മമ്മ കത്രികകൊണ്ട് മുറിച്ചതാണ് ." കോടതിയിലാകെ നെടുവീർപ്പിൻ ശബ്ദമുയർന്നു. ചില സ്ത്രീകൾ വിതുമ്പിക്കരഞ്ഞു.
"മോൾക്ക് ഇത് പറയുവാൻ ആരുമില്ലേ?"
" എന്നെയാരെങ്കിലും സ്നേഹിച്ചതോ,ഉമ്മവച്ചതോ ആയ ഓർമ്മകൾ എനിക്കില്ല .ആരോടും മിണ്ടുവാൻ ഞാൻ ധൈര്യപ്പെട്ടില്ല. മമ്മ എന്നെ ചാട്ടയ്ക്കടിക്കുവാൻ അതുമതി. എന്തിനാണെന്നെ അടിക്കുന്നതെന്ന് മമ്മ പറയാറില്ല. ഞാൻ ആദ്യമായാണ് മുറിക്കു പുറത്തിറങ്ങുന്നത് .എനിക്കിനി അങ്ങോട്ട് തിരിച്ചുപോകണ്ടാ" ഇത്രയും പറഞ്ഞുകൊണ്ടവളുടെ നാവുകൾ കുഴഞ്ഞു പൊട്ടിക്കരയുവാൻ തുടങ്ങി.
കേസന്വേഷണം നടത്തിയ ഉദ്യോഗസ്ഥൻ്റെ പേഴ്സണൽ ഡയറിയിൽനിന്നു കണ്ടെടുത്ത് കൂട്ടിച്ചേർക്കപ്പെട്ടത് എന്ന വാചകത്തോടെ കടലാസ്‌ താൾ അവസാനിക്കുകയാണ്‌ .പിന്നീട്‌ എന്തുണ്ടായെന്നറിയാൻ ആ യുവപോലീസുദ്ദ്യോഗസ്ഥ
അടുത്ത പേജിലേക്ക്‌ നോക്കി...അവിടെ കേസിന്റെ പരിണിതഫലം അനുബന്‌ഡമായി പോലീസ്‌ കേസ്‌ ഡയറിയിൽ കണ്ടെത്തിയ അവൾ വായന തുടർന്നു.
...ഒരു വർഷത്തെ നിയമനടപ ടികൾക്കുശേഷം മിഷനറിപ്രവർത്തക ആ പെൺകുട്ടിയെ ദത്തെടുക്കുകയും ,അവൾ പിന്നീട് വിവാഹിതയാവുകയും മറ്റൊരു കുട്ടിയെ ദത്തെടുക്കുകയും ചെയ്തു .92 വയസ് വരെ ജീവിച്ച ആ പെൺകുട്ടിയുടെ ബാല്യകാലദുരനുഭവങ്ങൾ കുട്ടികളുടെ നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമനിർമ്മാണത്തിന് ഭരണകൂടത്തിനെ പ്രേരിപ്പിക്കുകയും പിറ്റേവർഷം നിയമമായി വരികയും ചെയ്തു .
കേസ് ഡയറിയിലെ വിവരണങ്ങൾ അവസാനിക്കുകയാണ് ....
ഡയറിലെ മഞ്ഞക്കടലാസിനെ നനച്ചുകൊണ്ട് ഒരുതുള്ളി കണ്ണുനീർ തൻ്റെ മാതൃത്വം പൊഴിക്കുന്നതായി ആ യുവപോലീസുദ്യോഗസ്ഥയ്ക്കുതോന്നി.നൂറുവർഷത്തോളം പഴക്കമുള്ള കേസിൻ്റെ വിവരണങ്ങളടങ്ങുന്ന കേസ് ഫയൽ തിരികെവച്ചുകൊണ്ടവൾ തൻ്റെ ഓഫീസിലേക്കു നടന്നകന്നു ,പുതിയ മനുഷ്യമൃഗങ്ങളേയും തേടി...
::ധനിഷ്‌ ആന്റണി

പ്രതീക്ഷ

Image may contain: 1 person, smiling, selfie, closeup and outdoor

ഇത്തവണ നിങ്ങൾ നോക്കിക്കൊ ഉറപ്പായും ഇക്കാക്ക്‌ ഞനൊരു പെൺക്കുട്ടിയെ തരും പടച്ചോൻ നമ്മെ കൈവിടില്ല ഇക്കാന്റെ മുഖവും സന്തോഷത്താൽ ചുവന്നിരുന്നു....
നീണ്ട പന്ത്രണ്ട്‌ വർഷത്തെ കാത്തിരിപ്പാണു ഒരു കുഞ്ഞിനു വേണ്ടി പല തവണ ഗർഭം ധരിച്ചെങ്കിലും എല്ലാം പ്രസവത്തിനു മുമ്പെ അബോർഷൻ ചെയ്യേണ്ടി വന്നു...
വളരെ കരുതലൊടെ ശ്രദ്ധിച്ച്‌ ഒരു മുട്ടുസൂചി പോലും എടുക്കാതെ പ്രസവ കാലത്ത്‌ ഒരുപാട്‌ ലാളനയും കരുതലും തന്ന് ഇക്ക എന്റെ അരികിൽ നിന്ന് മാറാതെ കൂട്ട്‌ നിൽക്കും അവസാനം ലേബർ റൂമിലേക്ക്‌ മാസം തികയും മുമ്പേ എന്നെ കൊണ്ടു പോയി കുത്തികീറി മാംസ പിണ്ഡത്തെ പുറത്തെടുക്കും... ഒരു മനുഷ്യ കുഞ്ഞായി രൂപമാറ്റം വരുന്നതിനു മുന്നെ അതിനു പുറത്തേക്ക്‌ ഇറങ്ങണം ഒരുപാടു പേരുടെ സ്വപ്നങ്ങൾ തച്ചുടച്ച്‌ കൊണ്ട്‌...
ഒാപ്പറേഷനും കഴിഞ്ഞ്‌ തിരിച്ച്‌ ലേബർ റൂമിന്ന് പുറത്തിറങ്ങുബോൾ ഒറ്റ ചിന്ത മാത്രമെ മനസ്സിലുള്ളു...ഇക്കയെ എങ്ങനെ സമാധാനിപ്പിക്കും ആ പാവത്തിന്റെ ഒരു ആഗ്രഹം നടത്തികൊടുക്കാൻ എനിക്ക്‌ പറ്റുന്നില്ലല്ലൊ...
ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല എന്നെ ദൈവം തരുമ്പോൾ മതിയെന്ന് ചിരിച്ചു കൊണ്ട്‌ പറയും എന്റെ തലയിൽ തലോടി എന്നെ രണ്ട്‌ വാക്ക്‌ പറഞ്ഞ്‌ സന്തോഷിപ്പിക്കും..ഇത്‌ വരെ മുഖം കറുപ്പിച്ചൊരു വാക്ക്‌ പോലും പറഞ്ഞിട്ടില്ല ...ഇക്ക പറയും ഞാൻ എത്ര മാത്രം അനുഭവിക്കുന്നുണ്ടെന്ന് എനിക്ക്‌ അറിയം ഒരു പെണ്ണായ നീ ഇതൊക്കെ സഹിച്ച്‌ ഒരോ തവണയും എത്രമാത്രം സങ്കടം ഉള്ളിലൊതുക്കിയാണു കഴിയുന്നതെന്ന് എനിക്ക്‌ അലോചിക്കാൻ പറ്റും...
കല്ല്യാണം കഴിഞ്ഞു ആറുമാസം മുതൽ കേൾക്കുന്ന ചോദ്യാമാണു വിശേഷം ആയൊ എന്നുള്ളത്‌ ചോദ്യങ്ങൾ വന്ന് തറിക്കുന്നത്‌ എന്റെ ചങ്കിനുള്ളിലാണു .കരച്ചിലൊക്കെ ഞാൻ നിർത്തിയതാണു കണ്ണീരിനു പോലും മടുത്ത്‌ കുത്തിഴൊലിച്ചിട്ട്‌ ......
ചിലപ്പഴൊക്കെ ഞാൻ ഇക്കാനൊട്‌ പറയും നിങ്ങൾ വെറെ വിവാഹം കഴിച്ചൊ എനിക്ക്‌ ഒരു ഉമ്മയാവാൻ പറ്റുമെന്ന് തോന്നണില്ല ...ഇക്ക കണ്ണു വലുതാക്കി ചെവിക്ക്‌ പിടിച്ചൊരു ചോദ്യമുണ്ട്‌ ടീ പോത്തെ ഒരു കുട്ടി കുടുംബ ജീവിതത്തിലെ പ്രധാനം തന്നെയാണു അത്‌ എനിക്ക്‌ വേണം എന്നുണ്ടെങ്കിൽ അത്‌ നിന്നിലൂടെ മാത്രം മതി...ആ വലിയ മനുഷ്യന്റെ ആഗ്രഹം നടത്തി കൊടുക്കണം എന്ന ഒറ്റ ആഗ്രഹമെ ജീവിതത്തിലുള്ളു...
പ്രതീക്ഷകൾ ഇനിയുമുണ്ട്‌ ഞാനും ഒരു അമ്മയാകും മക്കളില്ലാത്ത ഒരുപാട്‌ പേരുണ്ട്‌ ചുറ്റിലും അവർക്ക്‌ സ്നേഹ നിധികളായ ഭർത്തക്കന്മാർ കൂടെയുണ്ടെങ്കിൽ എത്ര വലിയ പ്രതിസന്ധിയിലും നിവർന്ന് നിൽക്കാം..
ഞങ്ങളിന്നും നേർച്ചയും ചികിത്സയുമായി കാത്തിരിപ്പാണു ഒരു സ്വപ്നം പൂവണിയാൻ...
"അൻസാർ പെരിങ്ങത്തൂർ"

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo