Showing posts with label അജീഷ് കാവുങ്കൽ. Show all posts
Showing posts with label അജീഷ് കാവുങ്കൽ. Show all posts

സമർപ്പണം.. (കഥ )

സമർപ്പണം.. (കഥ )
___________________
തേയ്ക്കാത്ത ചുമരില്‍ ആണിയടിച്ചു തൂക്കിയിട്ടിരിക്കുന്ന ദേവിയുടെ ചിത്രത്തിനുമുന്നില്‍ തുളസി കൈകൂപ്പി തൊഴുത്‌ കണ്ണടച്ച് നിന്നു. അവളുടെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍ പൊടിഞ്ഞുകൊണ്ടിരുന്നു. വിറയ്ക്കുന്ന ചുണ്ടുകള്‍ക്കിടയില്‍ നിന്നും വാക്കുകള്‍ ചിതറി വീണു.
“ഉരുകുന്നെന്‍റെ ഉള്ളം ദേവിയേ... കുറ്റബോധത്താല്‍ നീറുന്നു മനം. എന്‍റെ മുന്നില്‍ ആടിയ ആട്ടത്തില്‍ കണ്ണന്‍ കതിവന്നൂര്‍ വീരനായതാണോ... അതോ.. കതിവന്നൂര്‍ വീരന്‍ കണ്ണനായതോ...
ആരാധനകൊണ്ടെന്‍ ഉള്ളം ത്രസിക്കുന്നു. അനുരാഗം കൊണ്ടെന്‍റെ മനം കുളിര്‍ക്കുന്നു... ഇതിനൊരു പ്രതിവിധി നീ തന്നെ കാണണം ന്‍റെ ദേവിയേ...”
കണ്ണുകളടച്ച് പ്രാര്‍ഥിച്ചുകൊണ്ടിരുന്ന തുളസിയുടെ മനസ്സിലേയ്ക്ക് ഓര്‍മ്മകള്‍ മലവെള്ളപ്പാച്ചില്‍ പോലെ ഒഴുകിയെത്തി.
രണ്ടാഴ്ച മുമ്പാണ് അമ്മ തന്നോട് പറഞ്ഞത്. ‘വാസുഎട്ടന്‍റെ മകന്‍ കണ്ണന് നിന്നെ കല്യാണം കഴിച്ചാ കൊള്ളാമെന്ന് അച്ഛനോട് പറഞ്ഞത്രേ.. നീ വലുതായ കാലം തൊട്ട് നിന്നെ ഇഷ്ടമാണെന്ന് പറയുന്നു. അച്ഛന് പകുതി സമ്മതമാണ്. നിന്നോട് ചോയ്ച്ചിട്ട് പറയാന്ന് പറഞ്ഞു. വല്യ കുഴപ്പൊന്നുല്ലാത്ത ചെക്കനാണ്.. ന്താ നിന്‍റെ അഭിപ്രായം...?’
കേട്ടതും തുളസിക്ക് ദേഷ്യമാണ് വന്നത്. ‘ആര്? ആ അമ്പലവാസിയോ?’ അങ്ങനെ ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല തുളസിക്ക്. അതിന് അവളെ കുറ്റം പറയാനും പറ്റില്ല. കാരണം കണ്ണന്‍ അങ്ങനെ തന്നെയായിരുന്നു.എല്ലാദിവസവും കണ്ണനെ കാണണമെന്നുണ്ടെങ്കില്‍ രാവിലെയും വൈകിട്ടും അമ്പലത്തില്‍ പോയാല്‍ മതി. ‘അതാണോ നീ കണ്ട കുറവ്’ എന്ന അമ്മയുടെ ചോദ്യത്തിന് മറുപടിയായ് തുളസി പറഞ്ഞു.
“അയാളുടെ ആ കുട്ടികളുടെപ്പോലെ ഉള്ള സംസാരവും തന്നെക്കാള്‍ ഇരട്ടിപ്രായമുള്ളവരുടെ കൂടെ ആ ആലിന്‍തറയിലുള്ള ഇരിപ്പും ഒക്കെ കണ്ടാല്‍ മതി. അയാള്‍ക്ക്‌ ഇപ്പോഴും നേരം വെളുത്തിട്ടില്ലാന്നാ തോന്നണത്.
ഇത്ര കാലം മിണ്ടിട്ടും എനിക്ക് അങ്ങനെ തോന്നിയില്ലാലോ അങ്ങനെ ഒരിഷ്ടം ആ മനസ്സിലുണ്ടെന്ന്... അമ്മ വേറെ ആരെയെങ്കിലും നോക്കിക്കോ.. കുളിയും വ്രതവും മാലകെട്ടലുo നാമജപം ഒക്കെയായി നടക്കുന്ന അയാളെ എനിക്ക് വേണ്ട..”
അതിന് അമ്മ പറഞ്ഞ മറുപടി കേട്ടപ്പോ ശരിക്കും ദേഷ്യമാണ് വന്നത്.
“അതൊന്നും കണ്ണന് ഒരു കുറവായിട്ട് ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല. നിന്‍റെ കാര്യം ഇപ്പോ തീരുമാനിക്കുന്നത് ഞങ്ങളാണ്. അവന്‍ അങ്ങനെയൊക്കെ ആണെങ്കിലും ഈ നാട്ടുകാര്‍ക്ക് മുഴുവന്‍ ഉപകാരിയാണ്. ഇന്നത്തെ കാലത്ത് അവനെപ്പോലുള്ള ചെറുപ്പക്കാരെ കാണുന്നത് തന്നെ അപൂര്‍വമാണ്. എന്തായാലും കാവിലെ ഉത്സവം തീരട്ടെ. നിന്‍റെ കാര്യത്തില്‍ ഒരു തീരുമാനം എടുത്തിരിക്കും.” എന്തൊക്കെ സംഭവിച്ചാലും ഇത് നടക്കില്ല എന്നു തീരുമാനിച്ച് താൻ തിരിഞ്ഞു നടന്നു.
പിന്നെ ആരോ പറഞ്ഞറിഞ്ഞു. ഇപ്രാവശ്യം വെറ്റിലയും അടയ്ക്കയും പണക്കിഴിയും സമ്മാനിച്ച് ആചാരപ്പേര് പറഞ്ഞ് കണ്ണന് അടയാളം കൊടുത്തത്രേ. ഇത്തവണ കതിവന്നൂര്‍ വീരന്‍ തെയ്യം ആടുന്നത് കണ്ണനാണത്രേ.. കേട്ടപ്പോ മനസ്സിലുണ്ടായ സംശയം, ഇത്രയും സാത്വികനും ശാന്തസ്വഭാവിയുമായ കണ്ണനെങ്ങനെ കതിവന്നൂര്‍ വീരനാവും. ഓര്‍മവെച്ച കാലം മുതല്‍ കേള്‍ക്കുന്ന തോറ്റം‌പാട്ടിലെ വീരന്‍.
കതിവന്നൂര്‍ വീരനെപ്പറ്റി മുന്‍പ് മുത്തശ്ശി ഉണ്ടായിരുന്നപ്പോള്‍ പറഞ്ഞ വീരകഥകള്‍ ഒരു ചിത്രംപോലെ മനസ്സില്‍ ഓടിയെത്തി.
കുമാരച്ചന്‍റെയും ചക്കിയമ്മയുടെയും മകനായ് മാങ്ങാട്ട് ജനിച്ച മന്ദപ്പന്‍. പണിക്കുപോകാന്‍ പറഞ്ഞ വീട്ടുകാരോട്
‘പണിയെടുക്കാന്‍ പണി പണ്ടാട്ടി പെറ്റില്ലെന്നെ..
തൊരമെടുക്കുവാൻ തുരക്കാരന്റെ മകനുമല്ല ഞാൻ.."
എന്ന് മറുപടി കൊടുത്ത താന്തോന്നി. തന്നേക്കാള്‍ താഴ്ന്നജാതിയായിട്ടും മോഹിച്ചപെണ്ണിനെ താലികെട്ടി കൂടെ കൂട്ടിയ പുരുഷന്‍. കഴിക്കാനിരുന്ന ചോറിനു മുന്നില്‍ ദുശകുനങ്ങള്‍ കണ്ടപ്പോഴും പടവിളി കേട്ടിട്ട് കഴിക്കുന്നത്‌ ഒരു വീരന് ചേര്‍ന്നതല്ലെന്ന് കരുതി പടയ്ക്ക് പോകാന്‍ തയ്യാറായ വീരന്‍. ഭര്‍ത്താവിനോടുള്ള സ്നേഹം കാരണം
"പടയ്ക്കിറങ്ങുമ്പോള്‍ ചോര കണ്ടാല്‍ മരണം തീര്‍ച്ച.
ആറു മുറിഞ്ഞ് അറുപത്താറ് ഖണ്ഡമാകും..
നൂറ് മറിഞ്ഞ് നൂറ്റി എട്ട് തുണ്ടമാകും
കണ്ട കൈതമേലും മുണ്ടമേലും മേനി വാരിയെറിയും കുടകൻ "
എന്ന ശാപവാക്കുകളെറിഞ്ഞ് പിന്തിരിപ്പിക്കാന്‍ നോക്കിയ ചെമ്മരത്തിയോട്, തളര്‍ന്ന ശബ്ദത്തില്‍ ‘നിന്‍റെ വാക്കും നാക്കും സത്യമായ് ഭവിക്കട്ടെ’ എന്നുപറഞ്ഞ് ഒരു കൊടുംകാറ്റുപോലെ പടി കടന്നുപോയി, കരിമ്പിന്‍ തോട്ടത്തിലിറങ്ങിയ കരിവീരനെപ്പോലെ കുടകപ്പടയെ അരിഞ്ഞുതള്ളി മലയാളത്താന്‍മാരെ രക്ഷിച്ച പോരാളി. ഉരുവിട്ടുപോയ ശാപവാക്കുകളോര്‍ത്ത് നെഞ്ചുനീറി, ജയിച്ചുവരുന്ന തന്‍റെ ഭര്‍ത്താവിന് ഭക്ഷണമൊരുക്കി കാത്തിരിക്കുന്ന ചെമ്മരത്തിയുടെ രൂപവും മനസ്സും അന്ന് മനസ്സില്‍ പതിഞ്ഞതാണ്. ഒടുവില്‍ കുടകപ്പട ചതിച്ച് അറുപത്താറു കഷ്ണമാക്കിയ കതിവന്നൂര്‍ വീരന്‍റെ ചിതയില്‍ ചാടി ജീവനൊടുക്കിയ ചെമ്മരത്തി ഒരുപാട് കാലം മനസ്സില്‍ നീറ്റലായ് കിടന്നു. സത്യത്തില്‍ അന്ന് ചെമ്മരത്തിയുടെ നാവില്‍നിന്നുയര്‍ന്നത്‌ ശാപവാക്കുകളായ് ഒരിക്കലും തനിക്ക് തോന്നിയിട്ടില്ല. ദുശകുനം കണ്ടിട്ടും പടയ്ക്ക് തയ്യാറായ ഭര്‍ത്താവിനുള്ള മുന്നറിയിപ്പായിരുന്നു അത്.
അന്ന് കാവില്‍ തെയ്യാട്ടം കാണാന്‍ പോകുമ്പോഴും കതിവന്നൂര്‍ വീരനായിരുന്നു മനസ്സില്‍. വെള്ളാട്ടം തുടങ്ങി പകുതി ആയപ്പോഴേ മനസ്സില്‍ മുഴുവന്‍ കതിവന്നൂര്‍ വീരന്‍ നിറഞ്ഞു. ഓരോ രംഗവും കണ്മുന്‍പില്‍ തെളിയുന്നപോലെ.. ചെമ്മരത്തിയുടെ ഭാഗം വരുന്ന പാട്ടിന്‍റെ വരി കാതിലെത്തിയതും തലയ്ക്ക് ഇടതുഭാഗത്ത്‌ ചെവിയുടെ മുകളില്‍ ഒരു മിന്നല്‍ പോലെ. പിന്നെ എല്ലാം ഒരു സ്വപ്നം പോലെ.. മുന്നിലുള്ളത് കണ്ണന്‍റെ മുഖമുള്ള കതിവന്നൂര്‍ വീരന്‍... അല്ല! അപ്പോ തന്‍റെ മനസ്സിലെ വീരന്‍ കണ്ണന്‍ തന്നെയായിരുന്നോ? വല്ലാത്തൊരു പാരവശ്യം... കതിവന്നൂര്‍ വീരന് കണ്ണന്‍റെ മുഖമല്ലാതെ വേറെ ഒന്നും മനസ്സില്‍ വരുന്നില്ല. അറിയാതെ മനസ്സിലൊരു കൊതി പടര്‍ന്നു കയറി. ആ വീരന്‍റെ ചാരത്ത് നില്‍ക്കാന്‍... മാറി നിന്ന് ആ ദേഹം മുഴുവന്‍ ഒന്നു നോക്കി കാണാന്‍.. ഇടയ്ക്കെപ്പോഴോ ചെമ്മരത്തിയോടുള്ള ഇഷ്ടം ആ കണ്ണില്‍ മിന്നിമറഞ്ഞപ്പോള്‍ കണ്ട പ്രണയഭാവം ഒന്നൂടെ ഒന്നുകാണാന്‍... അറിയാതെ ചുണ്ടുകള്‍ക്കിടയില്‍ നിന്ന് വാക്കുകള്‍ ചിതറിവീണു. ‘കതിവന്നൂര്‍ വീരന്‍ എന്‍റെ കണ്ണന്‍.’
കുടകപ്പടയുടെ ചതിയില്‍ കഷ്ണങ്ങളായ കതിവന്നൂര്‍ വീരന്‍റെ ചിതയില്‍ ചാടി ജീവനൊടുക്കുന്ന ചെമ്മരത്തിയുടെ വരികളെത്തുന്നതിനുമുന്‍പ്, താന്‍ അമ്മയുടെ ചെവിയില്‍ ‘വീട്ടില്‍ പോണം’ എന്നുപറഞ്ഞു. ‘ഒറ്റയ്ക്ക് പോകാന്‍ കഴിയുമോ’ എന്ന അമ്മയുടെ ചോദ്യത്തിന് ‘വഴി മുഴുവന്‍ വെളിച്ചവും ആള്‍ക്കാരുമുണ്ടല്ലോ ഞാന്‍ തനിയെ പൊയ്ക്കൊള്ളാം’ എന്ന് മറുപടി പറഞ്ഞ് വീട്ടിലെത്തിയതും സ്വപ്നം പോലെയാണ് തോന്നിയത്. അന്ന് കുറ്റബോധത്തോടെ കാത്തിരുന്ന ചെമ്മരത്തിയുടെ മനസ്സാണോ ഇപ്പോ തനിക്ക്.. കണ്ണനെ ഒന്നുകാണാന്‍ മനസ്സും ശരീരവും തുടിക്കുന്നു. ചിന്തകളില്‍ മുഴുകി തുളസി തുറന്ന ജനലിലൂടെ, പരന്നുകിടക്കുന്ന ഇരുട്ടിലേയ്ക്ക് നോക്കിനിന്നു.
വാതില്‍ തള്ളിത്തുറക്കുന്ന ശബ്ദം കേട്ടപ്പോള്‍, അമ്മയാണെന്ന് കരുതി തിരിഞ്ഞു നോക്കിയ തുളസി ഞെട്ടി രണ്ടടി പിന്നോട്ട് മാറി. ഭയവും അത്ഭുതവും കൊണ്ടവളുടെ മിഴികള്‍ വിടര്‍ന്നു. വാതില്‍ തുറന്ന് വന്നത് കണ്ണനായിരുന്നു. വേഷമഴിച്ച് വെച്ച് മുഖത്തെ ചായം പൂർണ്ണമായും മാറാതെ ..
തന്‍റെ മനസ്സറിഞ്ഞതുപോലെ കണ്ണനിപ്പോ എങ്ങനെ ഇവിടെ വന്നു. തന്‍റെ കാത്തിരിപ്പിനെ കുറിച്ച് കണ്ണനെ അറിയിച്ചത് കതിവന്നൂര്‍ വീരനോ അതോ ചെമ്മരത്തിയോ.. പതുക്കെ കണ്ണുകളില്‍ നിന്നും ഭയം വിട്ടകന്നു. ആരാധനയും ഭക്തിയും കൂടെ പ്രണയവും കലര്‍ന്ന ഒരു മന്ദസ്മിതം തുളസിയുടെ ചുണ്ടില്‍ വിരിഞ്ഞു. കോലമഴിച്ചുവെച്ച്, മുഖത്തും ശരീരത്തിലും പാതി ചായങ്ങളുമായ് നില്‍ക്കുന്ന കണ്ണനടുത്തേയ്ക്ക് തുളസി നടന്നടുത്തു. വിറയാര്‍ന്ന കൈകള്‍ കൊണ്ടവള്‍ ചായം കലര്‍ന്ന കണ്ണന്‍റെ താടിയില്‍ വിരലോടിച്ചു. തുളസി ചെമ്മരത്തിയായ് മാറുകയായിരുന്നു.
‘ഇത്രയും കാലം കാത്തിരുന്നത് ഈ രൂപവും ശബ്ദവും ഒന്നുകൂടി കാണാന്‍ വേണ്ടിത്തന്നെ ആയിരുന്നു.’ കണ്ണന് ചുറ്റും ഒരു നര്‍ത്തകിയെപ്പോലെ അവള്‍ വലംവെച്ചു.
‘വരാതിരിക്കാനാവില്ലല്ലോ, എന്നും കാണാതിരിക്കാനുമാവില്ലല്ലോ കാരണം കാലമെത്ര കഴിഞ്ഞാലും മനസ്സുമുഴുവന്‍ നീ ത്തന്നെയല്ലേ’ കണ്ണന്‍റെ ആ മറുപടിയില്‍ പുഞ്ചിരി പൊഴിച്ചവള്‍ പ്രണയം തിളങ്ങുന്ന അവന്‍റെ കണ്ണുകളിലേയ്ക്കുറ്റു നോക്കി.
‘ഞാനിപ്പോ അറിയുന്നുണ്ട് ചിന്തകളിലും കാണുന്ന കാഴ്ചകളിലും എന്നും മറഞ്ഞിരുന്ന തേജസ്സ് എന്‍റെ വീരന്‍റെ മുഖം തന്നെയായിരുന്നു. ഈ കവിളില്‍ ചുംബിക്കാന്‍ ഉള്ളം തുടിച്ചു കൊണ്ടേയിരുന്നു. ഈ വിരിമാറില്‍ തലചായ്ച്ചുറങ്ങിയിരുന്ന സ്വര്‍ഗ്ഗതുല്യമായ നിമിഷങ്ങള്‍ മറന്നിട്ടില്ലിന്നും. ഇങ്ങനെ എന്‍റെ മുന്നില്‍ നില്‍ക്കുമ്പോ ഇതുവരെ അറിയാന്‍ കഴിയാത്തൊരു അനുഭൂതി എന്‍റെ കാലിന്‍റെ പെരുവിരല്‍ മുതല്‍ ഉച്ചിവരെ അരിച്ചു കയറുന്നുണ്ട്.’
“ചെമ്മരത്തീ...”
കണ്ണന്‍ പോലുമറിയാതെ അവനില്‍ നിന്നൊഴുകിവന്ന ആ വാക്കില്‍ പ്രണയാതുരയായ് ഒന്ന് മൂളാതിരിക്കാന്‍ തുളസിക്കായില്ല.
‘ചെന്താമര വിടര്‍ന്നു നില്ക്കുംപോലുള്ള നിന്റെയീ മുഖം ഒന്നു കൈകുമ്പിളിലെടുക്കുവാന്‍ ഒരായിരം തവണ കൊതിച്ചിട്ടുണ്ട് ഞാന്‍.’ കണ്ണന്‍റെ നീട്ടിയ കൈകളിലേയ്ക്ക് ഒരു താമരവള്ളിപോലെ തുളസി വീണു. തുളസിയുടെ തലയില്‍ തഴുകിക്കൊണ്ടവന്‍ പറഞ്ഞു. ‘എള്ളെണ്ണ മണം വിതറും നിന്‍റെ തലമുടിക്കെട്ടിലെ പരിമളത്തിന് ഒട്ടും കുറവ് വന്നിട്ടില്ലിപ്പോഴും.’ പനിനീര്‍പ്പൂവ് പോലെ മൃദുലമായ, തുളസിയുടെ കാതിലേയ്ക്ക്‌ ചുണ്ട് ചേര്‍ത്തവന്‍ മൊഴിഞ്ഞു.
“ഇനിയൊരു കാലത്തിനും മായ്ക്കാനാവാത്തവിധം ഒന്നുചേരണം. നിന്‍റെ ചുണ്ടിലൂറുന്ന മധുരം കിനിയും തേന്‍കണo കൊണ്ട് എന്‍റെ ഒരുപാട് കാലത്തെ ദാഹവും ഇന്നവസാനിക്കണം.”
“കരിമഷി എഴുതിയ കണ്ണുകളും തുടുത്ത കവിളിണകളും നീണ്ട നാസികത്തുമ്പും മാനത്തെ അമ്പിളി തോറ്റുപോകുന്ന നിന്‍റെ മുഖം.. പെണ്ണേ.. നിനക്കിത്ര ചന്തമോ...?”
ചെറുതായ് വിയര്‍പ്പ് കിനിഞ്ഞു നില്‍ക്കുന്ന കണ്ണന്‍റെ കഴുത്ത് മുഴുവന്‍ ചുണ്ടുകളോടിച്ചുകൊണ്ട് തുളസി മെല്ലെ പറഞ്ഞു.
“ഇതെന്താണെന്ന് എനിക്കറിയില്ല... ഇഷ്ടമോ, പ്രണയമോ, ആരാധനയോ മാത്രമല്ല.. ഇനിയും എത്രപേര്‍ വാഴ്ത്തിപ്പാടിയാലും എത്രപേര്‍ അര്‍ത്ഥം ചികഞ്ഞാലും കണ്ടുപിടിക്കാനാവില്ലത്. അത് വീരനും ചെമ്മരത്തിയ്ക്കും മാത്രമറിയാവുന്ന ആത്മബന്ധം.”
തുളസിയുടെ നെറ്റിയിലമര്‍ന്ന കണ്ണന്‍റെ ചുണ്ട് മെല്ലെ താഴോട്ട് ഒഴുകിയിറങ്ങി. മാറിലെത്തിയപ്പോള്‍, കണ്ണന്‍റെ ശിരസ്സില്‍ ചേര്‍ത്തുവെച്ച അവളുടെ കൈ അറിയാതൊന്നു മുറുകി. അവളുടെ മുന്നിൽ മുട്ടുകുത്തി നിന്ന് അണിവയറില്‍ മുഖം ചേര്‍ത്തുകൊണ്ടവന്‍ പറഞ്ഞു.
“പിടിച്ചു നിര്‍ത്താനാവുന്നില്ല മനസ്സിനെ.. ഒരിക്കല്‍ ചിറക് കരിഞ്ഞുപോയ പോയ സ്വപ്‌നങ്ങള്‍ വീണ്ടും പറന്നുയരണം. ഒരു ശക്തിയ്ക്കും തടുക്കാനാവാത്ത വിധത്തില്‍.. ഇനിയെത്ര ജന്മമുണ്ടെങ്കിലും പിരിയുവാനാകാതെ...”
തുളസിയേയും ചേര്‍ത്തുപിടിച്ച് കണ്ണന്‍ തറയിലേയ്ക്കമര്‍ന്നു. കണ്ണന്‍റെ മുകളില്‍ തുളസിയുടെ ശരീരഭാരമമര്‍ന്നു. പരസ്പരമുള്ള ശ്വാസഗതി മാത്രമല്ലാതെ അവരൊന്നും അറിയുന്നുണ്ടായിരുന്നില്ല. തൊഴുത്‌ നില്‍ക്കുന്ന കൈപോലെ പരസ്പരം തിരിച്ചറിയാനാവാത്തവിധം അവരൊന്നായിത്തീര്‍ന്നു. അതൊരു സമര്‍പ്പണമായിരുന്നിരിക്കണം.. ഒരുപാട്കാലത്തെ കാത്തിരുപ്പിന് വിരാമമിട്ട് അന്യോന്യമുള്ള സമര്‍പ്പണം. പങ്കിട്ടെടുത്തത് ദേഹം മാത്രമല്ലായിരിക്കാം.. വീരനും ചെമ്മരത്തിയും ഒരുപാട് കാലമായ് കാത്തുവെച്ച ദേഹിയില്‍ തുടിക്കും പ്രണയം കൂടി ആയിരിക്കണം.

ഒരച്ഛന്റെ ചുംബനം


ഇന്റർനെറ്റിൽ കൂടി മാത്രം പ്രണയം അറിയുന്ന ഇനി വരുന്ന തലമുറക്കായ് ഞാൻ എന്റെ കണ്ണനെയും ദേവു നെയും സമർപ്പിക്കുന്നു.
___________________________________________
"ടാ കണ്ണന്‍കുട്ടിയേ, സമയം ആയല്ലോടാ.. ദാ വരുന്നുണ്ടല്ലോ നിന്‍റെ ദേവു. നീ എന്തായാലും ഭാഗ്യം ചെയ്തവനാടാ അതോണ്ടാ നിനക്ക് ഇവളെപ്പോലെ ഒരുത്തിയെ കിട്ടിയെ”
പാടത്തുനിന്നും ചേറ് വാരി വരമ്പിലേയ്ക്കിട്ട് കണ്ണന്‍ തിരിഞ്ഞുനോക്കി. ദൂരെനിന്നും ഒരു കൈയ്യില്‍ ചോറുപാത്രം പിടിച്ച് ഒരു കൈകൊണ്ട്‌ പൊങ്ങിനില്‍ക്കുന്ന വയറ് സാരി കൊണ്ട് മറച്ചുപിടിച്ച് ദേവു വരുന്നത് കണ്ടപ്പോള്‍ അവന്‍റെ മുഖത്തൊരു പ്രകാശം പരന്നു.
“നീ എന്തിനാണ്ടാ കണ്ണാ, ഈ നട്ടപ്ര വെയിലത്ത്‌ ഒരു വയറ്റിക്കാരിപെണ്ണിനെ ഇങ്ങനെ നടത്തിക്കുന്നത്? ഒന്നൂല്ലെങ്കിലും കടിഞ്ഞൂല്‍ അല്ലേടാ?”
കണാരേട്ടന്‍റെ പറച്ചില് കേട്ടപ്പോ കണ്ണന്‍ വിഷമത്തോടെ പറഞ്ഞു.
“എത്ര പറഞ്ഞാലും അവള് കേക്കില്ല കണാരേട്ടാ.. ഇന്ന് വെച്ച ചോറ് ഈ സമയം ആവുമ്പോഴേയ്ക്ക് കേടുവരും, അത് ഇങ്ങള് തിന്നണ്ടാ ഞാന്‍ കൊണ്ട് വരാംന്ന് പറഞ്ഞ് നിര്‍ബന്ധം പിടിക്കുമ്പോ ഞാന്‍ എന്താ ചെയ്യാ...”
കണ്ണന്‍ വിഷമത്തോടെ തലയില്‍ കെട്ടിയ തോര്‍ത്ത്‌ അഴിച്ച് വരമ്പത്തേയ്ക്കിരുന്നു.
“അല്ലെങ്കിലും നിനക്കിതിന്‍റെ വല്ല കാര്യം ഉണ്ടായിരുന്നോ കണ്ണാ.. രാജകുമാരിനെപോലെ ജീവിച്ച കുട്ടിയാണ്. ന്ന്ട്ട് ഇപ്പൊ നിന്‍റെ കൂരയില്‍ വന്ന് കഷ്ടപ്പെടാണ്. നാട്ടുകാര് മുഴുവന്‍ പറയണ്-ണ്ട്. ഞാന്‍ പറഞ്ഞത് കേട്ട് വിഷമിക്കണ്ട. ഈ കണാരേട്ടന് അറിയാലോ നിങ്ങളെ രണ്ടിനേം. സ്നേഹം ഉള്ളിടത്ത് എന്തു കഷ്ടപ്പാട് ല്ലേ... ന്നാ ഞാന്‍ ആ കുമാരന്‍റെ കടേ പോയി വരാം.. നീ കഴിക്ക്...”
കണാരേട്ടന്‍ ദേവൂനെ കടന്നുപോകുമ്പോള്‍ ഒരു കള്ളച്ചിരിയോടെ പറഞ്ഞു. “കാര്യമൊക്കെ കൊള്ളാം. ചോറ് കൊടുത്തിട്ട് വേഗം പൊക്കോണം. അടുത്തിരുന്ന് വര്‍ത്താനം പറഞ്ഞ് ചെക്കന് ഇടങ്ങേറുണ്ടാക്കിയ, ഈ വരമ്പ് ഇന്ന് തീരൂലാ.. വൈകിട്ട് ഞങ്ങക്ക് കൂലി കൊടുക്കാനുള്ളതാ..” കേട്ടതും ദേവൂന്‍റെ മുഖത്ത് നാണം വന്നു. ‘പോ കെളവാ, വേണ്ടാത്തത് പറയാതെ’ ന്ന്‍ പറഞ്ഞ്‌ ദേവു അയാളുടെ കൈയ്യില്‍ നുള്ളി.. അവളെ നോക്കി വാത്സല്യത്തോടെ ഒന്നുചിരിച്ച് അയാള്‍ നടന്നകന്നു.
അപ്പുറത്തെ തൊടിയില്‍ നിന്ന് വരമ്പത്തേയ്ക്ക് ചാഞ്ഞു നില്‍ക്കുന്ന ഒരു മാവിന്‍റെ കൊമ്പിനടിയില്‍ കണ്ണനും ദേവുവും ഇരുന്നു. അവന്‍റെ മുഖത്തും തലയിലും തെറിച്ച ചേറ് അവള്‍ സാരിത്തുമ്പാല്‍ തുടച്ചുകൊണ്ട് പറഞ്ഞു. ‘ഇതൊക്കെ ഇത്തിരി മെല്ലെ ചെയ്തൂടെ? തരുന്ന കൂലി നോക്കുമ്പോ ഇത്രേം ഒന്നും ചെയ്യേണ്ട കാര്യംല്ല.’
“പിന്നേ.. ഈ കണ്ടം നിന്‍റെ അപ്പന്‍റെ അല്ലേ? വെറുതെ ഇരുന്നാ എനിക്ക് കൂലി തരാന്‍”
കണ്ണന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. മുഖത്തൊരു ദേഷ്യം വരുത്തികൊണ്ട് ദേവു പറഞ്ഞു. “ഇങ്ങടെ കൂടെ വന്നതിന് ഞാനും എന്‍റെ അപ്പനും ഇപ്പോ ഇത്തിരി തല്ലാണ്. എന്നും കരുതി വെറുതെ ന്‍റെ അപ്പനെ പറഞ്ഞാലുണ്ടല്ലോ.. അല്ലെങ്കിലും ഏത് തന്തയാ സഹിക്കാ.. പുന്നാരിച്ച് വളര്‍ത്തിയ മകള് ഒരുത്തന്‍റെ കൂടെ ഇറങ്ങിപ്പോയാല്..”
കണ്ണന്‍റെ മനസ്സില്‍ക്കൂടി കഴിഞ്ഞകാലം ഒന്നു മിന്നി കടന്നുപോയി.. തന്നെ വെട്ടാന്‍ കൊടുവാളുമായ് വന്ന ദേവൂന്‍റെ അപ്പന്‍റെ മുന്നില്‍ വെച്ച് അവള് പറഞ്ഞത്. ‘ന്‍റെ കണ്ണേട്ടന്‍റെ ദേഹത്ത് തൊടണെങ്കില്‍ നിങ്ങക്ക് എന്നെ ആദ്യം കൊല്ലേണ്ടി വരുംന്ന്’ അന്നുമനസ്സിലായതാണ് ദേവൂന് തന്നോടുള്ള ഇഷ്ടം. പറഞ്ഞു പിന്തിരിപ്പിക്കാന്‍ കുറെ ശ്രമിച്ചതാണ്. അവളുടെ സ്നേഹം പത്തരമാറ്റാന്ന് അറിഞ്ഞപ്പോ വിട്ടുകളയാനും തോന്നിയില്ല. അവസാനം കൈപിടിച്ച് കൂടെക്കൂട്ടി. ഇത് ഇപ്പോ അവള്‍ക്ക് ഒമ്പതാംമാസം ആണ്. ഒരുപാട് സഹിക്കുന്നുണ്ട്.. പാവം. കണ്ണന്‍റെ കണ്ണില്‍ ഒരു നനവ് പടര്‍ന്നു.
“ദേവൂ, നാളെത്തൊട്ട് നീ ചോറു കൊണ്ടുവരണ്ടാ.. തലേദിവസത്തെ ആയാലും മതി രാവിലെ ഞാന്‍ കൊണ്ട് വന്നോളാം.. നീ ഇങ്ങനെ കഷ്ടപ്പെടണ കാണുമ്പോ ഉള്ളില് ഒരു പിടച്ചില്‍.. നീ വെറുതെ പെരേല് ഇരുന്നാ മതി. നിനക്ക് ആവശ്യമുള്ളതൊക്കെ ഞാന്‍ കൊണ്ടുവന്നോളാം.. നാട്ടുകാര് ഓരോന്ന് പറയുന്ന കേക്കുമ്പോ സഹിക്കാന്‍ പറ്റണില്ല”
ദേവു കണ്ണന്‍റെ താടി പിടിച്ച് തന്‍റെ മുഖത്തിനുനേരെ തിരിച്ചുകൊണ്ട് പറഞ്ഞു. “ഇങ്ങള് എന്തിനാണ് കണ്ണേട്ടാ നാട്ടുകാര് പറയണ കേക്കണത്..? ഈ പറയുന്ന നാട്ടുകാര് ആരെങ്കിലും ആണാ മ്മടെ വീടിന്‍റെ കാര്യം നോക്കണത്. കാക്കയ്ക്ക് ഇരിക്കാന്‍ തണലില്ലാത്ത ഈ കണ്ടത്ത് ഇങ്ങള് പെലച്ചാമ്പ തൊട്ട് മോന്തിയാവണ വരെ ഇങ്ങനെ പണിയെടുക്കണത്നോക്കുമ്പ ഞാന്‍ ചെയ്യണത് വല്ലതും കഷ്ടപ്പാടാണോ..? ഞാന്‍ വെച്ചുണ്ടാക്കിയത് ഇങ്ങള് വാരി തിന്നുമ്പോ ന്‍റെ ഉള്ളിലുള്ള സന്തോഷം അത് ഇങ്ങക്കറിയാഞ്ഞിട്ടാണ്. ഇങ്ങടെ സന്തോഷം അത് നിക്ക് വലുതല്ലേന്ന്; എന്‍റെ കണ്ണേട്ടന്‍റെ ഉള്ള് അത് പൊന്നാണെന്ന് അറിഞ്ഞിട്ട് തന്നെയാ ദേവൂ കൂടെ വന്നത്. തന്തേം തള്ളേം ഇല്ലാത്ത ഇങ്ങക്ക് അതിന്‍റെ കുറവ് ഇല്ലാണ്ടാക്കാനാ ദേവു ഇങ്ങനെ ഒക്കെ ചെയ്യണേ..ചാവും വരെ ഇതുപോലെ ഇങ്ങനെ കിടക്കണം ദേവൂന്.. നിക്ക് അത്രേ വേണ്ടൂ..”
ദേവു മെല്ലെ കണ്ണന്‍റെ തോളിലേയ്ക്ക്‌ ചാഞ്ഞു. കണ്ണന്‍ നീട്ടിയ കഞ്ഞിയുടെ വറ്റ് ദേവു സന്തോഷത്തോടെ ഇറക്കുകയും ചെയ്തു.
വൈകുന്നേരം പണി കഴിഞ്ഞ് കുറച്ച് പുഴമീനും കുമാരന്‍റെ ചായപീടികയിലെ ചില്ലുകൂട്ടിലുള്ള സകല പലഹാരങ്ങളും രണ്ടെണ്ണം വീതം വാങ്ങി കണ്ണന്‍ വീട്ടിലേയ്ക്ക് നടന്നു. പടിക്കലെത്തുമ്പോള്‍ തന്നെ അവന്‍ കണ്ടു, കുമ്പിട്ട്‌ നിന്ന് മടല് വെട്ടിക്കൊണ്ട് നില്ക്കുന്ന ദേവൂനെ. ഓരോ വെട്ട് കഴിയുമ്പോഴും അവള്‍ ആയാസപ്പെട്ട്‌ നിവര്‍ന്ന് നിന്ന് വയറില്‍ പിടിക്കുന്നുണ്ടായിരുന്നു. അതുകണ്ടതും അയാള്‍ക്ക്‌ ദേഷ്യമാണ് വന്നത്.
“ദേവൂ, ഇങ്ങനെ ആണെങ്കില്‍ ഇനി നമ്മള്‍ തമ്മില്‍ തെറ്റും. വലിയ പണിയൊന്നും എടുക്കണ്ടാന്ന് നിന്നോട് ആയിരം വട്ടം പറഞ്ഞതാ.. കൂടെ നിക്കാന്‍ ഇവിടെ ഒരാള് പോലും ഇല്ല. നിന്നെ ഇവിടെ തനിച്ചാക്കി പോമ്പോ ന്‍റെ നെഞ്ചില് കത്തണത് തീയാണ്. ഇതൊക്കെ ഞാന്‍ വന്നിട്ട് ചെയ്യില്ലേ.. ചോറും കൂട്ടാനും മാത്രം വെച്ചാ മതിന്ന് എത്ര പറഞ്ഞാലും കേള്‍ക്കില്ല.” സങ്കടവും ദേഷ്യവും കൊണ്ട് കണ്ണന് വാക്കുകള്‍ പുറത്തേയ്ക്ക് വന്നില്ല.
“ന്നെ ചീത്ത പറയണ്ടാ കണ്ണേട്ടാ.. ഇങ്ങള് പണികഴിഞ്ഞു വരുമ്പോ ഇത്തിരി ചായന്‍റെ വെള്ളം തരാംന്ന് വിചാരിച്ച് ചെയ്തതാണ്, ആ സമയം ഇത്തിരി മിണ്ടിം പറഞ്ഞും ഇരിക്കാലോന്ന് വിചാരിച്ചു. പിന്നെ ഈ സമയത്ത് നല്ലോണം പണിയെടുക്കണംന്നാ നാരായണിയേടത്തി പറഞ്ഞത്. അല്ലെങ്കിലും ഇങ്ങള് രാത്രി കാണിക്കണ പരാക്രമത്തിന്‍റെ കഷ്ടപ്പാടൊന്നും ഈ പണിക്കില്ല..” ദേവു അല്പം ദേഷ്യത്തോടെയും കൊഞ്ചലോടും കൂടി കണ്ണന്‍റെ മുഖത്തു നോക്കാതെ തല താഴ്ത്തിപ്പറഞ്ഞു. അത് കേട്ടതും കണ്ണന് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ആ ചിരി മായാതെ തന്നെ കണ്ണന്‍ അവളെ ചേര്‍ത്ത് പിടിച്ച് പറഞ്ഞു. “ഒമ്പതാം മാസത്തില്..... ന്നെ കൊണ്ട് ബാക്കി പറയിക്കല്ലേ ദേവൂ”
“അയ്യേ! ഇങ്ങനെ ഒരു നാണമില്ലാത്ത മനുഷ്യന്‍” എന്നു പറഞ്ഞ് കണ്ണന്‍റെ കൈയ്യിലിരിക്കുന്ന കവറിലേയ്ക്ക് നോക്കി ചോദിച്ചു.
“അല്ല കണ്ണേട്ടാ, ഇങ്ങള് കിട്ടണ പൈസ ഒക്കെ ഇങ്ങനെ ചിലവാക്കിയാ എങ്ങനെ ശരിയാവും?”
കണ്ണന്‍ മുണ്ടിന്‍റെ തലപ്പില് കെട്ടിയ പൈസ എടുത്ത് ദേവുന് കൊടുത്തിട്ട് പറഞ്ഞു.”ദാ.. കൂലി മുഴുവനുണ്ട്‌. പണി കഴിഞ്ഞു വരുമ്പോ ഗോപാലേട്ടന്‍റെ വീട്ടില് കേറി തേങ്ങയിട്ടു കൊടുത്തു. അവിടന്ന് കിട്ടിയ പൈസകൊണ്ടാ ഇതൊക്കെ വാങ്ങിയേ.. പിന്നെ നീ ഇപ്പോ തിന്നണത് മുഴുവന്‍ നിനക്ക് മാത്രം അല്ലാലോ.. ന്‍റെ അമ്മൂനും കൂടി ഉള്ളതല്ലേ..?”
“ഓഹോ, അത് മോളാണെന്നും ഉറപ്പിച്ച് അതിന് പേരും ഇട്ടോ..? അല്ല കണ്ണേട്ടാ ഇനി ആ മോള് വരുമ്പോ ന്നോടുള്ള സ്നേഹം ഇങ്ങക്ക് കുറയോ... അങ്ങനെ ഉണ്ടായാ അപ്പനേം മോളേം ഇവിടിട്ടിട്ട് ഞാന്‍ ന്‍റെ അപ്പന്‍റടുത്ത് പോകും നോക്കിക്കോ..” എന്ന ദേവുന്‍റെ ചോദ്യത്തിന് ‘പറയാന്‍ പറ്റില്ല ദേവൂ.. മിക്കവാറും നീ നിന്‍റെ അപ്പന്റടുത്ത് പോവണ്ടിവരും’ ന്ന് മറുപടി പറഞ്ഞ്‌ കണ്ണന്‍ പൊട്ടിച്ചിരിച്ചു.
“എന്താണ് കണ്ണന്‍കുട്ടി ഒറ്റയ്ക്കിരുന്ന് ചിരിക്കണത്. ദേവു ആയിട്ടുള്ള പഴയ റൊമാന്‍സ് ഓര്‍ത്താണോ.. കുറേ കേട്ടതാണെങ്കിലും എന്താന്ന് അമ്മൂനോടും കൂടി പറ..”
അമ്മുവിന്‍റെ ശബ്ദം കേട്ടതും കണ്ണന്‍ ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള തന്‍റെ ഓര്‍മയില്‍നിന്നുണര്‍ന്നു.
കണ്ണന്‍ അമ്മൂനെ നോക്കി ഒന്നു പുഞ്ചിരിച്ചു.
“അച്ഛന്‍ ഞാന്‍ പറഞ്ഞ കാര്യത്തിന് മറുപടി ഒന്നും പറഞ്ഞില്ലാ.. ഗിരീഷിനോട് ഞാന്‍ എന്താ പറയേണ്ടത്? നല്ല ആളാണ്‌ അച്ഛാ.. എന്നെപോലെ തന്നെയാണ് ചെറുപ്പത്തിലേ അമ്മ മരിച്ചതാണ്. മോശമായിട്ട് ആരും ഒന്നും പറഞ്ഞ്‌ കേട്ടിട്ടില്ല.” അവള്‍ പ്രതീക്ഷയോടെ കണ്ണനെ നോക്കി.
“മോളേ, നീ ആരെ കല്യാണം കഴിക്കണം ന്ന് തീരുമാനിക്കേണ്ടത് നീ തന്നെയാണ്. പരസ്പരം ഇഷ്ടപ്പെടുന്നത് ഒരു തെറ്റല്ല. ന്‍റെ ഒക്കെ ചെറുപ്പത്തില്‍ ഒരാളെ ഇഷ്ടപ്പെടാന്ന്‍ പറഞ്ഞാ അവരെ സ്വന്തമാക്കാന്‍ എന്തും ചെയ്യും. വെട്ടാന്‍ വന്ന കൊടുവാളിനിടയില്‍ക്കൂടിയാണ് നിന്റമ്മേടെ കൈയും പിടിച്ച് ഞാന്‍ വന്നത്. അതാണ് സ്നേഹത്തിന്‍റെ ശക്തി. ഇപ്പോ കാലം അങ്ങനെ അല്ലാലോ..? ഒരാളെ എത്രപേര് പ്രണയിക്കുന്നുണ്ടെന്നും, അവര് എത്ര ആളെ പ്രണയിക്കുന്നുണ്ടെന്നും പറയാന്‍ കഴിയില്ല. നിനക്ക് ഒരു വയസ്സുള്ളപ്പോ ഒരു കര്‍ക്കിടകത്തില് നമ്മളെ വിട്ടു പോയതാണ് ന്‍റെ ദേവു.. നീ ഇല്ലായിരുന്നെങ്കില്‍ അന്ന് കൂടെ ഞാനും പോയേനേ.. നമ്മളെ സ്നേഹിക്കാന്‍ എല്ലാര്‍ക്കും കഴിയും. പക്ഷേ, നമ്മളെന്താണെന്ന് മനസ്സിലാക്കി സ്നേഹിക്കാന്‍ കഴിയുന്നവരെ തിരിച്ചറിയാന്‍ കഴിയണം. നീ പഠിപ്പും വിവരവും ഉള്ള കുട്ടിയാണ്. ഞാന്‍ ഇനി എത്രകാലം ന്ന് അറിയില്ല.. ഒന്നും അറിയാത്ത ഒരാളെ പിടിച്ച് നിന്‍റെ തലയില്‍ അച്ഛന്‍ കെട്ടി വെക്കില്ലാ.. നിന്‍റെ ജീവിതം നീ തിരഞ്ഞെടുക്കുന്നതാണ്. ആണും പെണ്ണും തമ്മിലുള്ള ഏതു തരം സ്നേഹത്തിനും ഒരു പരിശുദ്ധിയുണ്ട്. ന്‍റെ കുട്ടീടെ ഒരു നിമിഷത്തെ തിരിച്ചറിവില്ലായ്മകൊണ്ട് ഒരു ജീവിതകാലം മുഴുവന്‍ വിഷമിക്കാണ്ടിരുന്നാ മതി. നിക്ക് അതേ വേണ്ടുള്ളൂ. എന്തായാലും ആ പയ്യനോട് വരാന്‍ പറ. അച്ഛനൊന്ന് കാണട്ടെ..” അതുകേട്ടതും അമ്മുവിന്‍റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.
അവള്‍ അയാളുടെ മാറത്തേയ്ക്ക് ചാഞ്ഞുകൊണ്ട് പറഞ്ഞു.
“അച്ഛാ, ഓര്‍മവെച്ചകാലം മുതല്‍ ഞാന്‍ കേട്ടു വളര്‍ന്ന ഒരു പ്രണയം ഉണ്ട്. ഈ നാട്ടുകാര് ഇപ്പോഴും പറഞ്ഞു നടക്കുന്ന കണ്ണന്‍കുട്ടിയുടെയും ദേവുന്റെയും പ്രണയം. അച്ഛന്‍ തന്നെ അതിന്‍റെ എല്ലാവിധമാന്യതയോടെ എനിക്ക് പറഞ്ഞ് തന്നിട്ടുമുണ്ട്. എന്‍റെ കൂട്ടുകാര് പറഞ്ഞു പുളകം കൊള്ളുന്ന ഇന്റര്‍നെറ്റ് പ്രേമം ഒരുതരത്തിലും എന്നെ ബാധിക്കാതിരുന്നത് എന്‍റെ അച്ഛന്റെയും അമ്മയുടേയും പരിശുദ്ധമായ പ്രണയം ന്‍റെ ഉള്ളില്‍ ഉള്ളതുകൊണ്ടാണ്. ഇക്കണ്ട കാലമത്രയും ന്‍റെ അച്ഛന്‍ എനിക്ക് വേണ്ടി അനുഭവിച്ച കഷ്ടപ്പാടൊക്കെ അമ്മൂന് അറിയാം. അതോണ്ട് എന്നെമാത്രം അല്ല ന്‍റെ കണ്ണന്‍കുട്ടിയെ കൂടി സ്നേഹിക്കാന്‍ മനസ്സുള്ള ഒരാളെയേ അമ്മു തിരഞ്ഞെടുക്കൂ. ഇനിയിപ്പോ കെട്ടുന്നവന്‍ എന്നെ ഇട്ടിട്ടു പോയാലും ഒറ്റയ്ക്ക് ജീവിക്കാനുള്ള അറിവും പരിചയവുമൊക്കെ എന്‍റെ അച്ഛന്‍ എനിക്ക് തന്നിട്ടില്ലേ.. മ്മടെ വീട് ഇപ്പോ ഉള്ളപോലെ എന്നും സ്വര്‍ഗം തന്നെയായിരിക്കും.”
കണ്ണന്‍ അവളെ ചേര്‍ത്ത് പിടിച്ചു. നെറ്റിയില്‍ ചുണ്ടുകള്‍ അമര്‍ന്നു. ഒരു മകള്‍ക്ക് കിട്ടുന്ന സ്നേഹത്തിന്‍റെ, ആശ്വാസത്തിന്റെ, വിശ്വാസത്തിന്‍റെ, സുരക്ഷിതത്വത്തിന്‍റെ ചുംബനം.. ഒരച്ഛന്റെ ചുംബനം....

കൊഴിയുമൊരു നിലാവിന്റെ മോഹം (കഥ)


കൊഴിയുമൊരു നിലാവിന്റെ മോഹം (കഥ)
ഒന്നുകൂടി ഞാൻ ലക്ഷ്മി അയച്ച മെസേജ് വായിച്ചു. " ഉണ്ണിയേട്ടാ അരുതെന്നു പറയരുത്. എനിക്കത് താങ്ങാനാവില്ല. ഏട്ടന് എന്നെ ഇഷ്ടമല്ലാഞ്ഞിട്ടാണ് അങ്ങനെ പറയുന്നതെങ്കിൽ ഞാൻ സഹിച്ചേനെ. ആ മനസ്സ് എനിക്ക് അറിയാം. ഉണ്ണിയേട്ടൻ ഇല്ലാത്ത ഒരു ജീവിതം ഇനി എനിക്ക് സങ്കൽപിക്കാൻ കൂടിവയ്യ. എന്തും സഹിക്കാൻ ഞാൻ തയ്യാറാണ്. എന്നെ കൈവിടരുത്.''. അറിയാതെ കണ്ണിൽ ഒരു നീർമണി പുഞ്ചിരിച്ചു. അവൾ പറഞ്ഞതു ശരിയാണ്. ഒരിക്കലും അവളെ ഇഷ്ടമല്ലാ എന്നു പറയാൻ കഴിയില്ല. അവൾ അങ്ങനെ ഒരു ഇഷ്ടം തോന്നാൻ പകുതി കാരണവും ഞാൻ തന്നെയാണ്. ഉള്ളിൽ ഒന്നും മറച്ചു പിടിക്കാതെ കുറച്ച് അടുത്തിടപഴകിപ്പോയി.പേരുകേട്ട തറവാട്ടിലെ സമ്പന്നതയിൽ ജീവിച്ചു വളർന്നവൾ. അവൾ തന്റെ ഒറ്റമുറി വീട്ടിൽ എങ്ങനെ ജീവിക്കും എന്നാണ് അറിയാൻ കഴിയാത്തത്. എന്നോട് ഉള്ള ഇഷ്ടം കൊണ്ട് അവളെല്ലാം സഹിച്ച് സന്തോഷം അഭിനയിക്കുന്നത് ഞാൻ കാണേണ്ടി വരും. പിന്തിരിപ്പിക്കാൻ പരമാവധി ശ്രമിച്ചതാണ്. ഉണ്ണിയേട്ടൻ നല്ലവനാണ്.നിക്ക് അതേ അറിയൂ. അതു മാത്രമേ വേണ്ടൂ.. എന്നാണ് അവൾ പറയുന്നത്. സത്യത്തിൽ ഞാൻ നല്ല വനാണോ അല്ല കുട്ടി... ഒരിക്കലുമല്ല. മനസ്സ് മറക്കാൻ ഇഷ്ടപ്പെടുന്ന ആ ഓർമകളിലേക്ക് പായാൻ തുടങ്ങി.
പത്താം ക്ലാസ് വരെ എല്ലാവരുടെയും കണ്ണിലുണ്ണി ആയിരുന്നു .പത്താം ക്ലാസിൽ ഉയർന്ന മാർക്കുണ്ടായിട്ടും പ്ലസ് ടു തോറ്റു. പകുതി തന്റെ കുഴപ്പവും പകുതി കാലം ചെയ്ത കുസൃതിയും. അവിടെ നിന്നും ജീവിതം മാറുകയായിരുന്നു.എങ്ങനെയെങ്കിലും പൈസ ഉണ്ടാക്കണമെന്ന ചിന്തയിൽ ചെയ്യാത്ത ജോലികളില്ല. ഒരു കുടുംബത്തിന്റെ പ്രതീക്ഷകളെല്ലാം ഇല്ലാതാക്കിയവൻ എന്നൊരു ചിന്ത എന്നും മനസ്സിലുണ്ടായിരുന്നു.കൂടെ പഠിച്ച സുഹൃത്തുക്കളെയും പഠിപ്പുമാഷ് മാരെയും കാണുമ്പോൾ ഓടിയൊളിക്കൽ പതിവായി. ജീവിതം നശിച്ചു എന്ന തോന്നൽ ശക്തമായപ്പോൾ എല്ലാവരെയും പോലെ തന്നെ അഭയം കണ്ടെത്തിയത് മദ്യത്തിലും മറ്റു ലഹരി വസ്തുക്കളിലും.
ചെയ്യുന്നത് തെറ്റാണെന്ന് മനസ്സു പറയുമ്പോഴും അത് വേറെ ആർക്കും ദ്രോഹമാകുന്നില്ല എന്ന ചിന്ത തെറ്റുകൾ ആവർത്തിക്കാൻ പിന്നെയും പ്രേരകമായ്.പക്ഷേ അതൊക്കെ തന്നെ മാത്രം ആശ്രയിച്ചു കഴിയുന്ന കുടുംബത്തോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം ആണെന്നു തിരിച്ചറിയുമ്പോഴേക്കും വൈകിപ്പോയിരുന്നു. സഹോദരങ്ങൾ അന്യ രോട് പെരുമാറുന്ന പോലെ തോന്നിയിട്ടും മനസ്സ് മാറാൻ തയ്യാറായില്ല. ഒരു നിരാശയുടെ പേരിൽ മദ്യപാനം തുടങ്ങി അവസാനം മദ്യപിക്കാൻ വേണ്ടി മാത്രം നിരാശകൾ സ്വയം സൃഷ്ടിച്ചു തുടങ്ങി. അമ്മയുടെയും അച്ഛന്റെയും കണ്ണിൽ നിന്നും അടർന്നു വീഴുന്ന കണ്ണീരിന് വെറും വെള്ളത്തിന്റെ വില മാത്രം നൽകാൻ എന്നിലെ മദ്യപാനിക്ക് കഴിഞ്ഞു.ഒരിക്കൽ അവനെ കണ്ടു പഠിക്ക് എന്ന പറഞ്ഞ നാട്ടുകാരൊക്കെ അവന്റെ കൂടെ നടക്കരുത് എന്നു പറയാൻ തുടങ്ങി. പലപ്പോഴും പലരുടെയും മുന്നിൽ ലഹരിക്കു വേണ്ടി യാചക വേഷം അണിയേണ്ടിവന്നു.എന്നിലെ മനുഷ്യത്വത്തെ മുഴുവൻ ലഹരി എന്ന വൈറസ് ഇല്ലാതാക്കി കളഞ്ഞു. മദ്യം കിട്ടാത്ത ദിവസങ്ങളിൽ എന്റെ മാനസികനില തെറ്റുകയായിരുന്നു.
അന്നു സംഭവിച്ചത് എന്താണെന്ന് ഇപ്പോഴും അറിയില്ല. പിന്നീട് ബോധം വരുമ്പോൾ ഏതോ ഒരു ഹോസ്പിറ്റലിൽ ആണ്.അരികിൽ ഏങ്ങിക്കരഞ്ഞു കൊണ്ട് അമ്മ.ജനാലയിൽ കൂടി പുറത്തേക്ക് നോക്കി തോർത്തു കൊണ്ട് ഇടക്ക് കണ്ണുകൾ തുടക്കുന്ന അച്ഛൻ. ഒരാളുപോലും വേറെ തിരിഞ്ഞു നോക്കിയില്ല. ബോധമില്ലാത്ത ദിവസങ്ങളിൽ ചെയ്തു കൂട്ടിയ പ്രവർത്തികൾ നേഴ്സുമാർ പറയുമ്പോൾ അപമാനം കൊണ്ട് തൊലി ഉരിയുകയായിരുന്നു. ഉടുത്തിരിക്കുന്ന മുണ്ടു പോലും അവരുടെ നേരെ വലിച്ചെറിഞ്ഞ കാര്യം പറഞ്ഞപ്പോൾ മരിക്കാൻ ആഗ്രഹിച്ചു പോയി.
അവിടെ നിന്നും ഒരു കാര്യം മനസ്സിലായ്. എന്തൊക്കെ ചെയ്താലും മാതാപിതാക്കൾ മക്കളെ ഒരിക്കലും ഉപേക്ഷിക്കില്ല എന്ന സത്യം .പതുക്കെ ഞാൻ മാറുകയായിരുന്നു. കുടുംബം മൊത്തം കൂടെ നിന്നപ്പോൾ ഒറ്റക്കല്ല എന്ന തോന്നലുണ്ടായത്.പണ്ടെങ്ങോ ഉപേക്ഷിച്ച ചിരിയും തമാശയും മെല്ലെ മെല്ലെ തിരിച്ചു വന്നു. സന്തോഷവും സങ്കടങ്ങളും മദ്യത്തിന്റെ സഹായമില്ലാതെ സമീപിക്കാൻ ശീലിച്ചു. നല്ല വരെന്നു തോന്നിയവരോട് മാത്രം സമയം ചിലവഴിക്കാൻ തുടങ്ങി. മനസ്സിനെ അലട്ടുന്ന എന്തു പ്രശ്നവും വീട്ടുകാരോട് മറച്ചു പിടിക്കാതെ പറയാൻ തുടങ്ങിയപ്പോൾ തന്നെ മദ്യത്തെ ഞാൻ പൂർണ്ണമായും മറന്നു.അന്ന് ആശുപത്രിയിൽ കിടക്കുമ്പോൾ നേർന്ന നേർച്ചകളൊക്കെ ഇന്ന് അമ്മയോടൊപ്പം ചെയ്തു മടങ്ങുമ്പോൾ മനസ്സിൽ ശാന്തത നിറയുന്നു. ഒരു സ്ഥിരം ജോലി അതു കിട്ടിയപ്പോഴാണ് ലക്ഷ്മിയെ ഞാൻ പരിചയപ്പെട്ടത്.
അവൾക്ക് എന്നോടുള്ള സ്നേഹം അതിന്റെ ആത്മാർത്ഥത എനിക്കു നന്നായി അറിയാൻ കഴിയുന്നുണ്ട്. ജീവിതകാലം മുഴുവൻ അവളോടൊപ്പം ജീവിക്കാനും ആഗ്രഹുണ്ട്. പക്ഷേവയ്യാ.. ഇത്രയൊക്കെ ചെയ്തു കൂട്ടിയ എനിക്ക് അവളെ ഒന്നു ആഗ്രഹിക്കാൻ കൂടി അർഹതയില്ല. നിന്നെ പോലെ ഒരു വൈഡൂര്യം പ്രകാശിക്കേണ്ടത് ഒരിക്കലും കുപ്പത്തൊട്ടിയില്ല. ഒരു പാട് കാലം ഞാൻ കരയിപ്പിച്ച എന്റെ കുടുംബത്തെ എനിക്ക് സന്തോഷിപ്പിക്കണം. എന്നോട് അവൾക്ക് പൊറുക്കുവാൻ കഴിയട്ടെ. അവളുടെ മനസ്സിന്റെ പരിശുദ്ധി അവൾക്ക് നല്ലതേ വരുത്തു. ഇനിയൊരിക്കൽ കൂടി ആഗ്രഹിച്ച് ജീവിതം വിഷമിപ്പിക്കാൻ എനിക്കാവില്ല. ഇങ്ങനെ ചിന്തകൾ മനസ്സിനെ കൊത്തിവലിക്കുന്നതിനിടയിൽ ഫോണിന്റെ ഡിസ്പ്ലേയിൽ തെളിഞ്ഞ ലക്ഷിയുടെ ഫോട്ടോ യിൽ രണ്ടു കണ്ണീർ പുഷ്പങ്ങൾ ഉമ്മ വെച്ചു.

ഒരു ഫേസ് ബുക്ക് കഥ...

Image may contain: 1 person, outdoor

ആദ്യമേ പറയട്ടെ ..ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ഇതിലെ പാത്രങ്ങൾക്ക് യാതൊരു ബന്ധവും ഇല്ല. ഇനി ഉണ്ടെങ്കിൽ എനിക്ക് ഒന്നും ചെയ്യാനും പറ്റില്ലാ.
അടച്ചിട്ടിരിക്കുന്ന ഹോട്ടലിനു മുന്നിൽ എന്തു ചെയ്യണമെന്നറിയാതെ രഘു ഒരു നിമിഷം നിന്നു. സാധാരണ കഴിക്കുന്ന ഹോട്ടൽ ആണ്. അമ്പത് രൂപക്ക് തരക്കേടില്ലാത്ത ഊണായിരുന്നു. ഇനി ഉള്ളതെല്ലാം കുറച്ച് വലിയ ഹോട്ടൽ ആണ്.രഘു തന്റെ പോക്കറ്റിലേക്ക് നോക്കി. ആകെ 60 രൂപയുണ്ട്. വേറെ ഹോട്ടലിൽ പോയ ഊണിനോടൊപ്പം പറയാതെ തന്നെ അവര് സ്പെഷലും കൊണ്ട് വെക്കും. വെയിലത്തു നിന്നുള്ള പണി ആയതു കൊണ്ട് നല്ല വിശപ്പുണ്ട്. തത്ക്കാലം ചെറുതായിട്ട് എന്തെങ്കിലും കഴിക്കാം എന്ന ഉദ്ദേശത്തോടെ അവൻ തൊട്ടടുത്തുള്ള ഒരു വലിയ ഹോട്ടലിലേക്ക് കയറി.
അകത്തു കേറി കഴിഞ്ഞപ്പോഴാണ് കേറണ്ടായിരുന്നു എന്ന വന് തോന്നിയത്.കാരണം ഉള്ളിലിരിക്കുന്നവരെല്ലാം നന്നായി ഡ്രസ് ചെയ്തു വന്നവരാണ്. രണ്ട് മൂന്ന് പേര് അവനെ സൂക്ഷിച്ചു നോക്കുന്നത് കൂടി കണ്ടപ്പോൾ അവൻ തന്റെ കാവി മുണ്ടിലേക്കും ചെളി പിടിച്ച ഷർട്ടിലേക്കും നോക്കി. സാധാരണ കഴിക്കുന്ന ഹോട്ടലിൽ എല്ലാവരും വർക്കിംഗ് ഡ്രസ്സിൽ തന്നെ ആണ് കഴിക്കാൻ വരുന്നത്. അതു കൊണ്ടാണ് അങ്ങനെ തന്നെ വന്നത്.ആ ഹോട്ടൽ പറയാതെ അടച്ചതിന് അയാളെ മനസ്സിൽ അവൻ കുറെ തെറിയും വിളിച്ചു.
തിരക്കൊഴിഞ്ഞ ഒരു കോണിൽ അവൻ ഇരുന്നു. വെയിറ്റർ വന്നു ചോദിക്കുന്നതിനും മുന്നേ അവൻ പറഞ്ഞു. "ചേട്ടാ രണ്ടു പൊറോട്ടയും ഒരു മുട്ടക്കറിയും."വെയിറ്റർ അവനെ നോക്കി പുഞ്ചിരിച്ച് തിരിച്ചു പോയി.ആൾക്ക് തന്റെ അവസ്ഥ മനസ്സിലായിട്ടുണ്ടാവും എന്ന വൻ ചിന്തിച്ചു.
വെയിറ്റർ പൊറോട്ട കൊണ്ട് വെച്ച് കഴിക്കാൻ തുടങ്ങുമ്പോഴാണ് ഏകദേശം ഇരുപത് വയസ്സ് പ്രായം തോന്നിക്കുന്ന രണ്ട് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും അവന്റെ എതിർവശത്ത് വന്ന് ഇരുന്നത്. അവരുടെ ഇംഗ്ലീഷിലുള്ള സംസാരം കേട്ടപ്പോ അവൻ തലയുയർത്തി നോക്കി. അതിലെ ഒരു പെൺകുട്ടിയെ എവിടെയോ വെച്ച് കണ്ടതുപോലെ നല്ല പരിചയം തോന്നി. അവൻപോക്കറ്റിൽ കിടന്ന മൊബൈൽ എടുത്ത് മെസെഞ്ചർ തുറന്നു.പുരികത്തിനു മേലെ കാക്കപ്പുള്ളിയുള്ള മുഖം അവൻ ഒന്നൂടെ നോക്കി ഉറപ്പിച്ചു.ഇത് അവള് തന്നെയാണ്. രാവിലെയും തനിക്ക് മെസേജ് അയച്ചിട്ടുണ്ട്.
എന്തെങ്കിലും സംസാരിച്ചാലോ എന്ന് തോന്നിയെങ്കിലും ഹോട്ടലിന് പുറത്ത് ഇറങ്ങി ആവാം എന്ന് ചിന്തിച്ച് അവൻ കഴിക്കാൻ തുടങ്ങി.അവൾ നോക്കുന്നുണ്ടോ എന്നറിയാൻ ഇടക്കിടെ അവനും നോക്കുന്നുണ്ടായിരുന്നു.
പെട്ടെന്നു അവളുടെ കൂടെ ഉണ്ടായിരുന്ന ഒരു പയ്യൻ അവനെ നോക്കി അവളോടെന്തോ പറഞ്ഞു. അവൾ അവനെ തിരിഞ്ഞു നോക്കി പക്ഷേ അവൾ പ്രതീക്ഷിച്ച ഒരു ഭാവം ആയിരുന്നില്ല അവൾക്ക്. പുച്ഛവും പരിഹാസവും സഹതാപവും കലർന്ന നോട്ടം.
പിന്നെ അവർ അഞ്ചുപേരും ഓരോരുത്തരായി അവനെ തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു. അവർക്ക് മുന്നിലുള്ള ന്യൂഡ്രിൽസ് അവർ സ്പൂണിൽ കോരി കഴിക്കുമ്പോഴും അടക്കിപിടിച്ചുള്ള ചിരിയും ഒച്ച താഴ്ത്തിയുള്ള സംസാരവും അവനെ കുറിച്ച് തന്നെയാണെന്ന് അവന് ഉറപ്പുണ്ടായിരുന്നു. അവൾ ഒന്നുകൂടി തിരിഞ്ഞ് നോക്കിയപ്പോൾ അവൻ ഒന്നു പുഞ്ചിരിച്ചു. പെട്ടന്ന് അവൾ വെറുപ്പോടെ മുഖം തിരിച്ച് അടുത്തിരിക്കുന്നവനോട് എന്തോ പറഞ്ഞു അവൻ തന്നെ ദേഷ്യത്തിൽ നോക്കി എഴുന്നെല്കാൻ ഭാവിക്കുന്നതും അവൾ അവനെ പിടിച്ചു ഇരുത്തുന്നതും കണ്ടപ്പോൾ രഖുവിനെന്തോ വല്ലാത്ത വിഷമം തോന്നി. ഉള്ളിലുണ്ടായിരുന്ന വിശപ്പ് കെട്ടുപോയതുപോലെ...
അവൻ എഴുന്നേറ്റു ബിൽ കൊടുത്തു പുറത്തേക്ക് നടന്നു
തിരിച്ചു പണി സ്ഥലത്ത് എത്തി അവൻ മൊബൈൽ എടുത്ത്‌ അവളയച്ചിരിക്കുന്ന മെസ്സേജുകൾ ഒന്നുകൂടി വായിച്ചുനോക്കിആദ്യത്തെ മെസ്സേജ് ഇങ്ങനെ ആയിരുന്നു
"ചേട്ടന്റെ എല്ലാ എഴുത്തും സൂപ്പെറാണുട്ടോ ... എല്ലാം വായിക്കാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ടായി ഇനിയും എഴുതണേ "
ഇതായിരുന്നു തുടക്കം "ഞാൻ എത്ര മെസ്സേജ് ആയി അയക്കുന്നു റിപ്ലൈ തരാൻ എന്താ മടി. ഒരുപാട് ഫാൻസ്‌ ഉണ്ടല്ലേ....
അപ്പൊ പിന്നെ നമ്മളെ ഒന്നും വേണ്ടാലോ" എന്ന അവളുടെ മെസ്സേജ് കണ്ടപ്പോൾ അവനു ചിരി വന്നു. ലാസ്റ്റ് അവൾ അയച്ച മെസ്സേജ് അവൻ ഒന്നുകൂടി നോക്കി " എനിക്ക് ഏറ്റവും ഇഷ്ടമായത് ചേട്ടന്റെ തടിയും മീശയും ആണ് നല്ല രസംണ്ട് കാണാൻ" അത് കണ്ടതും അവന് മൊബൈൽതാഴോട് എറിയാൻ തോന്നി.
പിന്നെയും ഒരു പാട് മെസേജുകൾ അതിനൊക്കെ റിപ്ലൈ ആയി താൻ കൊടുത്ത സ് ററിക്കേഴ്സും ഇമോജിയും. അവളുടെ കുറച്ച് ഫോട്ടോസ്. എല്ലാം നോക്കി അവൻ കുറച്ച് നേരം ചിന്തിച്ചിരുന്നു.അങ്ങനെ ആദ്യമായ് അവൾ അയക്കാതെ തന്നെ അവൻ അങ്ങോട്ടു മെസേജ് അയച്ചു.
"ഹായ് സുഖമാണോ.. "
അപ്പോ തന്നെ റിപ്ലെയും കിട്ടി.
"ചേട്ടാ ആളുമാറി അയച്ചതാണോ... ഇങ്ങോട്ട് മെസേജ്.എനിക്കു വിശ്വസിക്കാൻ പറ്റുന്നില്ല.". അല്ല എന്നവൻ മറുപടി കൊടുത്തു.
''ചേട്ടൻ ഈ സിറ്റിയിൽ ഉണ്ടെന്നല്ലേ പറഞ്ഞേ... ഞാൻഫ്രണ്ട്സ് ആയിട്ട് ഒന്നു കറങ്ങാൻ ഇറങ്ങിയതാ.. ചേട്ടൻ ഫ്രീ ആണെങ്കിൽ ഒന്നു കാണാൻ പറ്റുമോ.. "
മറുപടിയായി അവൻ ചോദിച്ചു. " മെസഞ്ചറിൽ കാൾ ചെയ്തു സംസാരിക്കാൻ ബുദ്ധിമുട്ടാവോ.."
ഇല്ല എന്നവൾ മറുപടി കൊടുത്തു. അടുത്ത നിമിഷം തന്നെ അവളുടെ മൈാബൈൽ റിംഗ് ചെയ്തു.ഫ്രണ്ട്സി നോട് ഒരു മിനിറ്റ് എന്ന് പറഞ്ഞവൾ മാറിനിന്ന് കോൾ എടുത്തു.
"ഹായ് ചേട്ടാ സുഖമാണോ... ഒന്നു കാണാൻ ഭയങ്കര ആഗ്രഹം ഉണ്ട്. ഇന്ന് വൈകുന്നേരം വരെ ഞാൻ ടൗണിൽ കാണും. ചേട്ടന് വരാൻ പറ്റുമോ.. "
" ഇനി അതിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. നീ എന്നെയും ഞാൻ നിന്നെയും കണ്ടു കഴിഞ്ഞു. "
" ഞാൻ കണ്ടെന്നൊ .. എപ്പോ എവിടെ വെച്ച്.." അവൾ അമ്പരപ്പോടെ ചോദിച്ചു.
" കുറച്ചു മുൻപ് ഹോട്ടലിൽ വച്ചു നിങ്ങൾ അഞ്ചുപേരുടെ മുന്നിൽ വച്ച് തല താഴ്ത്തി പൊറോട്ടയും മുട്ടക്കറിയും കഴിച്ചത് ഞാനാണ്‌ " എന്നെ കൊണ്ട് നിങ്ങൾക്ക് കുറച്ചു നേരം ചിരിക്കാൻ കഴിഞ്ഞതിലും ഒത്തിരി സന്തോഷമുണ്ട്
അവൾ ഷോക്കടിച്ചതുപോലെ മൊബൈൽ പിടിച്ചു തരിച്ചിരുന്നു. "ചേട്ടാ സോറി എനിക്ക് മനസിലായില്ല ശരിക്കും സോറി " അവൾ അവനോടു കരയുന്ന ശബ്ദത്തിൽ പറഞ്ഞു
"സോറി പറയേണ്ട ആവശ്യം ഒന്നുമില്ല നീ എന്നെ തിരിച്ചറിയാത്തതിൽ എനിക്ക് ഒരു വിഷമവും ഇല്ല അത്ര കളർ ഒന്നും ഇല്ലാത്ത ഞാൻ ഫേസ്ബുക്കിൽ എല്ലാ ഫോട്ടോയും എഡിറ്റ്‌ ചെയ്തു തന്നെയാണ് ഇടുന്നത്.പക്ഷെ ജീവിതത്തിൽ ഇത്തിരി താഴെക്കിടയിൽ ഉള്ളവരോടുള്ള നിന്റെയൊക്കെ പെരുമാറ്റം കണ്ടപ്പോൾ ശരിക്കും സങ്കടം വന്നു.നീ മെസ്സേജ് അയക്കുമ്പോഴൊക്കെ ഞാൻ റിപ്ലേ തന്ന് നിന്നോട് കൂടുതൽ അടുത്തിരുന്നുവെങ്കിലോ.....
ഞാൻ നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞാൽ നീ തിരിച്ചും പറയുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. എന്നിൽ നിനക്ക് ഇഷ്ടമായത് എന്റെ ഭാവനയെ മാത്രമാണ്. എന്റെ ജീവിതവും എഴുത്തും തമ്മിൽ ഒരു ബന്ധവുമില്ല എഴുതുന്നതിൽ 90% വും ഒരിക്കലും നടക്കാത്ത കാര്യമാണ്. ഞാൻ നിന്നോട് അടുത്തിട്ടാണ് എന്നെ നീ നേരിട്ട് കാണുന്നതെങ്കിലോ..നിനക്ക് ശരിക്കും നിരാശയാവും നീ പോവുകയും ചെയ്യും. പിന്നീട് എന്റെ കാര്യമോ? ഒരു കാര്യം മനസ്സിലാക്കണം ഈ ഫേസ്ബുക്കിൽ അങ്ങിനെ തകർന്നു പോയ ഒരുപാട് ആൺകുട്ടികൾ ഉണ്ട്. ഒന്നുനിർത്തി അവൻ ചോദിച്ചു " ഞാൻ സംസാരിക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ " ഇല്ല ചേട്ടൻ പറഞ്ഞോളൂ.. ഞാൻ കേൾക്കുന്നുണ്ട് എന്നവൾ മറുപടി പറഞ്ഞു.
" ഇനി ഞാൻ പറയുന്ന കാര്യങ്ങൾ നീ മനസ്സിലാക്കും എന്ന് എനിക്ക് ഉറപ്പുള്ളത് കൊണ്ടാണ് ഞാൻ പറയുന്നത്. മനസ്സിലാക്കിയില്ലെങ്കിൽ നിന്റെ ഭാവിയിൽ പല നഷ്ടങ്ങളും ഉണ്ടാവും... ഒരാളെ മനസ്സിലാക്കേണ്ടത് അയാളുടെ ജീവിത സാഹചര്യവും അപ്പോഴത്തെ അവസ്ഥയും പിന്നെ അയാളുടെ മനസ്സും കൂടി കണ്ടിട്ടാവണം. ഇന്ന് നീ എന്നെ കണ്ടവേഷത്തിൽ എന്റെ ജീവിതത്തിന്റെ സാഹചര്യം ഉണ്ടായിരുന്നു. മുന്നിലിരുന്ന ഭക്ഷണത്തിൽ എന്റെ അപ്പോഴത്തെ അവസ്ഥ ഉണ്ടായിരുന്നു. അതൊക്കെ നിങ്ങളെ ബാധിക്കാത്ത കാര്യമായിട്ടും അത് കണ്ട് നിങ്ങൾ പരിഹസിച്ചപ്പോ എന്റെ കണ്ണിൽ പെഴിഞ്ഞ കണ്ണീർ തുള്ളിയിൽ എന്റെ മനസ്സുമുണ്ടായിരുന്നു. ഒരു ചെറിയ മനുഷ്യനെ മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരു വലിയ മനുഷ്യനെ എങ്ങനെ മനസ്സിലാക്കും. ആരേയും വില കുറച്ച് കാണരുത്. 25000 രൂപയുടെ മൊബൈലിനെ ഒരു മഴയത്ത് രക്ഷിക്കാൻ 50 പൈസ വിലയുള്ള ഒരു പ്ലാസ്റ്റിക് കവർ മതിയാവും. ഇനി നമ്മൾ തമ്മിൽ യാതൊരു കോൺഡാക്റ്റുമില്ല. എനിക്ക് നിന്നോട്ട് ഒരു ദേഷ്യവുമില്ല. ഈ സംഭവം കുറച്ചു കാലം നീ ഓർക്കണം അതിനു വേണ്ടി മാത്രം ഞാൻ ബ്ലോക്ക് ചെയ്യാണ് .. നമ്മൾ ഇനിയും എവിടെ വെച്ചെങ്കിലും കാണും. നിന്റെ സ്വഭാവത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടെന്നു തോന്നിയാൽ ഞാൻ നിന്റെ അടുത്ത് വരുകയും ചെയ്യും.. "
അവൾ എന്തെങ്കിലും പറയുന്നതിനു മുമ്പേ അവൻ കോൾ കട്ടു ചെയ്തു. അവൾ മെസേജ് ടൈപ്പ് ചെയ്യുമ്പോഴേക്കും അവന്റെ വിരൽ ബ്ലോക്കിൽ അമർന്നിരുന്നു. അടുത്ത നിമിഷം തന്നെ അവന്റെ മൊബൈലിൽ ഒരു പുതിയ മെസേജ് വന്നു.
"ഹായ്... ചേട്ടാ..എഴുത്തൊക്കെ സൂപ്പർ ആണ് ട്ടാ.. എനിക്ക് ഭയങ്കര ഇഷ്ടമായ്.. "

എന്റെ ഭർത്താവ്...(കഥ)

Image may contain: 1 person, outdoor

വിറയ്ക്കുന്ന കൈകളോടെ സൗമ്യമൊബൈൽ എടുത്ത് ചെവിയിൽ ചേർത്തു. അങ്ങേ അറ്റത്ത് നിന്ന് തീയുണ്ടകൾ പോലെ മനോജിന്റെ വാക്കുകൾ അവളുടെ ചെവിയിൽ വീണു.
"എന്തു തീരുമാനിച്ചു നീ, എന്തായാലും ഒരു മറുപടി നീ ഇന്നു തരണം. നിനക്ക് നിന്റെ ഇപ്പോഴത്തെ ജീവിതം വേണമെന്നുണ്ടെങ്കിൽ ഞാൻ പറയുന്നത് നീ അനുസരിക്കും.മറിച്ച് പറ്റില്ല എന്നാണെങ്കിൽ നീ ഉറപ്പിച്ചോ, നിന്റെ ജീവിതം ഇവിടെ തീർന്നു ".
മറുപടിയായ് ഒരു പൊട്ടിക്കരച്ചിലാണ് മനോജ് കേട്ടത്.കൂടെ അവളുടെ ഏങ്ങലടിച്ചുള്ള സംസാരവും.
" മനോജ്, നിനക്ക് ഇനിയും മതി ആയില്ലേ, ഞാൻ നിന്റെ കാലു പിടിക്കാം, ഇനിയും എന്നെ ഉപദ്രവിക്കരുത്.ഞങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ.. കുറച്ച് മുമ്പായിരുന്നെങ്കിൽ നീ ഇങ്ങനെ പറഞ്ഞതെങ്കിൽ തീർത്തു കളഞ്ഞേ നേ എന്റെ ജീവിതം.ഇപ്പോൾ അതിനെനിക്ക് കഴിയില്ല. മനോജ് പ്ലീസ്..... "ബാക്കി പറയാൻ കരച്ചില് കൊണ്ടവൾക്ക് കഴിഞ്ഞില്ല.
" വേണ്ടാ, കൂടുതലൊന്നും പറയണ്ടാ.....". ഞാൻ പറഞ്ഞ രണ്ട് ആവശ്യങ്ങളും നിനക്ക് സമ്മതിക്കാവുന്നതേ, ഉള്ളൂ. ഒരിക്കൽ കൂടി എനിക്ക് നിന്റെ ശരീരം വേണം. ഇതു വരെ എന്റെ ജീവിതത്തിൽ കടന്നു പോയിട്ടുള്ള ഒരു പെണ്ണിനും നിന്റെ ഉടലഴക് ഞാൻ കണ്ടിട്ടില്ല. പിന്നെ ഞാൻ ചോദിച്ചത് കുറച്ച് പണമാണ്. അത് ഒരിക്കലും നിനക്ക് ഒരു വലിയ തുകയല്ലാന്ന് എനിക്കറിയാം.നിന്റെ ഭർത്താവിന്റെ ഒരു മാസത്തെ സാലറി അത്രേ ഉള്ളൂ. ഇതിനു നീ സമതിച്ചാൽ ഇപ്പോൾ കഴിയുന്നത് പോലെ നിനക്ക് ഹാപ്പിയായ് കഴിയാം, ഇല്ലെങ്കിൽ എല്ലാം അവസാനിച്ചിരിക്കും." അവൾ എന്തെങ്കിലും തിരിച്ച് പറയുന്നതിനു മുമ്പ് അവൻ ഫോൺ കട്ട് ചെയ്തു.ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞ് അവൾ തലയണയിൽ മുഖമമർത്തി പൊട്ടിക്കരഞ്ഞു. കുറച്ച് നേരത്തെ ആലോചനക്ക് ശേഷം അവൾ മനസിലുറപ്പിച്ചു - ആത്മഹത്യ ചെയ്താലും ശരി, അവൻ പറഞ്ഞതൊന്നും നടക്കാൻ പോകുന്നില്ല.
കോളേജിൽ പഠിക്കുന്ന സമയത്തുണ്ടായ പ്രണയമായിരുന്നു - മനോജുമായിട്ട്. കോളേജിലെ ഹീറോ യോട് തോന്നിയ ഒരു ആരാധന.ശരിയാണ്.... താനാണ് അവന്റെ പുറകിൽ നടന്ന് പ്രണയിച്ചത്.പിന്നീടെപ്പോഴോ അവനും പ്രണയിച്ചു.കല്യാണം കഴിച്ചോളാമെന്ന് ഒരിക്കലും അവൻ തന്നോട് പറഞ്ഞിരുന്നില്ല.ദിവ്യ പ്രണയം ഉണ്ടായിരുന്നത് തനിക്കു മാത്രമാണ്. സ്നേഹത്തിലൂടെ അവന്റെ മനസ്സ് മാറ്റിയെടുക്കാമെന്ന് വിചാരിച്ചു.അതിന് കൊടുക്കേണ്ടി വന്നത് സ്വന്തം ശരീരം ആയിരുന്നു'. അതിനായ് അവനൊരുക്കിയ കെണിയിൽ താൻ ചെന്നു വീഴുകയായിരുന്നു. ആദ്യം എതിർത്തെങ്കിലും അവൻ സ്നേഹംഅഭിനയിക്കുകയായിരുന്നു, ഒറ്റത്തവണ എന്നു പറഞ്ഞ്.." അവസാന നിമിഷം വരെ ശ്രമിക്കും ഞാൻ നിന്നെ വിവാഹം കഴിക്കാൻ, എന്നു പറഞ്ഞ് കരഞ്ഞ് ചേർത്ത് പിടിച്ചപ്പോൾ അതുവരെ കരുതി വെച്ചിരുന്ന ധൈര്യം ചോരു കയായിരുന്നു. ഒരു പുരുഷന്റെ കരവലയത്തിലകപ്പെട്ട ഒരു പെണ്ണ് മാത്രമായ് മാറുകയായിരുന്നു.
ഒടുവിൽ എല്ലാം കഴിഞ്ഞപ്പോൾ അവൻ കാലു മാറി. കണ്ടാൽ മിണ്ടാതായി. എന്നെ ചതിക്കരുതേയെന്ന് കാല് പിടിച്ച് പറഞ്ഞിട്ടും അവന്റെ മനസലിഞ്ഞില്ല." ഞാനല്ല, നിന്റെ പുറകെ നടന്നത്, നീയാണ് എന്റെ പുറകെ വന്നത്. പിന്നെ എന്റെ ജീവിതത്തിലെ ആദ്യത്തെ പെണ്ണ് നീയൊന്നുമല്ല -ഒരു കല്യാണം, കുടുംബ ജീവിതം ഇതൊന്നും ഞാൻ ആഗ്രഹിക്കുന്നുമില്ല. നിനക്ക് വേണമെങ്കിൽ ഇത് തുടരാം - പക്ഷേ കൂടുതൽ ഒന്നും നീ ആഗ്രഹിക്കരുത് " .ഇതായിരുന്നു അവന്റെ മറുപടി. അന്നു ആത്മഹത്യ മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്. ചാകാൻ വേണ്ടി തന്നെയാണ് ഓടിച്ചിരുന്ന സ്കൂട്ടർ പാലത്തിന്റെ മുകളിൽ നിന്ന് താഴോട്ട് ചാടിയത്. പക്ഷേ ആരൊക്കെയോ ചേർന്ന് രക്ഷിച്ചു. ഹോസ്പിറ്റലിലും വീടിലുമായി പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ ആറു മാസം.ആക്സിഡന്റിന്റെ ആഘാതമെന്ന് എല്ലാവരും കരുതി. പക്ഷേ സത്യം തനിക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ. പിന്നീടങ്ങോട്ട് സ്നേഹിക്കാൻ മാത്രം അറിയാവുന്ന വീട്ടുകാരും, കൂട്ടുകാരും, കൂടി തന്നെ മാറ്റി എടുക്കുകയായിരുന്നു. ഉപേക്ഷിച്ച കളിയും ചിരിയും മെല്ലെ ജീവിതത്തിലേക്ക് തിരിച്ചു വന്നു. അങ്ങനെയാണ് സതീഷേട്ടന്റെ അച്ഛൻ വിവാഹാലോചനയുമായി വീട്ടിലേക്ക് വന്നത്. എതിർക്കാവുന്നതിന്റെ പരമാവധി എതിർത്തു.അമ്മയുടേയും അച്ഛന്റെയും കണ്ണുനീരിനു മുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞതെല്ലാം മറന്ന് പുതിയൊരു ജീവിതത്തിനു താനും തയ്യാറായി.സതീഷേട്ടനുമായുള്ള വിവാഹം നടന്നു.
ആദ്യത്തെ ദിവസം തന്നെ മനസിലായി ഉള്ളിൽ സ്നേഹം മാത്രമുള്ള ഒരാളാണെന്ന്.തരുന്ന സ്നേഹത്തിന്റെ ആയിരം ഇരട്ടിതിരിച്ചു കൊടുത്ത് ഒരിക്കൽ പറ്റിയ തെറ്റിന് പ്രായശ്ചിത്തം ചെയ്തു കൊണ്ടിരിക്കുകയാണ് ഇന്നലെ വരെ. കല്യാണം കഴിഞ്ഞ് ഇത്രേം നാളായിട്ടും സതീഷേടനോട് ഒരു ചെറിയ കള്ളം പോലും പറഞ്ഞ് വഞ്ചന കാട്ടിയിട്ടില്ല. മനോജ് വിളിച്ച കാര്യം അറിഞ്ഞാൽ ഇത്രേം നാള് കൊണ്ടുണ്ടാക്കിയ ഈ സമാധാന ജീവിതം തകരുമെന്ന് ഉറപ്പാണ്.സതീഷേട്ടനില്ലാതെ ഇനി തനിക്ക് ജീവിക്കാനും കഴിയില്ല. ചെറുതായി വലുപ്പം വെച്ചു വരുന്ന വയറിൽ അവളൊന്ന് തടവി.
കുറച്ച് നേരത്തെ ആലോചനക്ക് ശേഷം അവൾ മൊബൈൽ എടുത്ത് മനോജിനെ വിളിച്ചു.
" മറ്റന്നാൾ രാവിലെ മനോജിന് എന്റെ വീട്ടിലേക്ക് വരാം. മറ്റെന്തിനേക്കാളും വലുത് ഇപ്പോ എനിക്കെന്റെ ജീവിതമാണ്. "
അവളുടെ ഉറച്ച സ്വരം കേട്ട് മനോജ് ഒന്നു പുഞ്ചിരിച്ചു.
"നീ സമ്മതിക്കും എന്ന് എനിക്കറിയാമായിരുന്നു. ഞാൻ വരും .. "
അവർ സംസാരിച്ചു തീരുമ്പോഴേക്കും കോളിംഗ് ബെൽ അടിക്കാൻ തുടങ്ങിയിരുന്നു. വേഗം മുഖം കഴുകിത്തുടച്ച് അവൾ വാതിൽ തുറന്നു.കൈയിൽ ബേക്കറി പലഹാരങ്ങളുടെ കവറുമായ് നിൽക്കുന്ന സതീഷ്.ഒരു പുഞ്ചിരിയോടെ അവളത് വാങ്ങി, അവളെയും ചേർത്ത് പിടിച്ച് അയാൾ ഉള്ളിലേക്ക് നടന്നു.
പറഞ്ഞ ദിവസം രാവിലെ 10 മണിയായപ്പോൾ മനോജിൻ്റെ ബെെക്ക് സൗമ്യയുടെ വീടിൻ്റെ ഗേറ്റ് കടന്ന് അകത്തേക്ക് വന്നു.ബെല്ലിൽ കെെ അമർത്തി അയാൾ പുറത്ത് നിന്നു.കുറച്ചു സമയം കഴിഞ്ഞപ്പോൾ വാതിൽ തുറന്ന് സൗമ്യ പുറത്തേക്കു വന്നു.അവൾ ഇപ്പോൾ കുളി കഴിഞ്ഞു വന്നതേയുള്ളുവെന്ന് അയാൾക്ക് മനസ്സിലായി.മുടി അവൾ തോർത്തോടുകൂടി പുറകിൽ കെട്ടിവെച്ചിരിക്കുന്നു.അവൾ എന്തിനും റെഡിയായി നിൽക്കുകയാണെന്ന് അയാൾക്ക് തോന്നി.മനോജിന് അകത്തോട്ടിരിക്കാം അവൾ പറഞ്ഞു.സൗമ്യയെ നോക്കി ഒന്നു പുഞ്ചിരിച്ച് അയാൾ ഉളളിൽ കടന്ന് സോഫയിൽ ഇരുന്നു ."നീ മുമ്പത്തേതിലും വെച്ച് സുന്ദരിയായിട്ടുണ്ട് ഇപ്പൊ നിന്നെ വിട്ടുകളഞ്ഞതിൽ എനിക്കിത്തിരി വിഷമം തോന്നുന്നുണ്ട്"സൗമ്യ അവനെ തിരെയിരുന്ന കസേരയിലിരുന്നു.അവൻ്റെ മുഖത്തേക്കുതന്നെ സൂക്ഷിച്ചുനോക്കീ. ഇവനെ കൊന്നു കളഞ്ഞാലോന്ന് അവൾക്ക് തോന്നി.
"കുറച്ചു പെെസക്ക് ആവശ്യം വന്നു.ഞാൻ നോക്കിയിട്ട് വേറെ വഴിയൊന്നും കണ്ടില്ല.പിന്നെ പഴയ കാര്യങ്ങൾ ഓർത്തപ്പോൾ മനസ്സിൽ വീണ്ടുമൊരു മോഹം."
അ വളെ നോക്കി കീഴ്ചുണ്ട് കടിച്ച് അവനൊന്നു പുഞ്ചിരിച്ചു.
"ഇവിടെ ബെഡ്റൂം മോളിലാണല്ലേ "എന്ന് അവൻ ചോദിച്ചു. അവനെ നോക്കി ചെറുതായൊന്ന് ചിരിച്ച് അവൾ പറഞ്ഞു."ബെഡ്റൂമിൽ പോവുന്നതിനു മുൻപ് മനോജിന് കുടിക്കാനെന്തെങ്കിലുമെടുത്താലോ..ഇത്രേം ദൂരം ബെെക്ക് ഓടിച്ച് വന്നതല്ലേ "ആവാം എന്നർത്ഥത്തിൽ അയാൾ തലയാട്ടി.
പെട്ടെന്നാണ് അടുക്കളയിൽ നിന്നും കെെയ്യിൽ ട്രേയുമായ് 3 ഗ്ലാസിൽൽ ജ്യൂസുമായി സതീഷ് ഹാളിലേക്ക് വന്നത്. കെെലി മുണ്ടും ഹാഫ് ബനിയനും ധരിച്ച ഒരു സാധാരണ മനുഷ്യൻ.മനോജിന് മുന്നിൽ ട്രേ വെച്ച് സതീഷ് അയാളുടെ നേർക്ക് കെെ നീട്ടികൊണ്ട് പറഞ്ഞു."ഞാൻ സതീഷ് സൗമ്യയുടെ ഭർത്താവാണ്. മനോജ് ന്നല്ലെ പേര്.സൗമ്യയുടെ മുൻപത്തെ കാമുകൻ.ഒന്ന് കാണണമെന്ന് പറഞ്ഞിരിക്കുകയായിരുന്നു.മനോജ് തന്നെ വന്നത് സന്തോഷം" .വിറക്കുന്ന കെെകളോടെ മനോജും കെെ നീട്ടി.അവൻ്റെ ഷർട്ട് വിയ്ർപ്പിൽ കുതിർന്നിരുന്നു.എന്തു ചെയ്യണമെന്ന് അവനൊരു പിടിയും കിട്ടിയില്ല.അവിടെ സതീഷ് കാണുമെന്ന് അയാൾ സ്വപ്നത്തിൽകൂടെ കരുതിയില്ല.എഴുന്നേറ്റ് ഓടിയാലോയെന്ന് അയാൾ ഒരു നിമിഷം ചിന്തിച്ചു.അയാളുടെ പരവേശം കണ്ടിട്ടാവണം സതീഷ് ഒരു ചെറുചിരിയോടെ അയാളെ നോക്കി പറഞ്ഞു"മനോജ് പേടിക്കൊന്നും വേണ്ട എനിക്ക് മനോജിനോട് ദേഷ്യമൊന്നുമില്ല അല്ലെങ്കിൽതന്നെ ദേഷ്യപ്പെടാൻ മനോജ് എന്നെയൊന്നും ചെയ്തില്ലല്ലോ.. ചെയ്യ്തതിവളെയല്ലേ.കുറേ കാലം പ്രണയം എന്ന് പറഞ്ഞ് ഇവളെ നീ പററിച്ചു എനിക്ക് ദേഷ്യമൊന്നുമില്ലെങ്കിലും ഇപ്പൊ മനോജിനോട് ഒരുപാട് നന്ദിയുണ്ട്. എന്തിനാന്ന് വെച്ചാൽ ഇവളെ ഇങ്ങനെ എനിക്കു തന്നതിന്. ഭാര്യ കന്യക ആയിരിക്കണം ന്ന് നിർബന്ധം പിടിക്കുന്ന ഒരു പഴഞ്ചൻ ഭർത്താവൊന്നും അല്ലെ ടോ ഞാൻഅല്ലെങ്കിൽ തന്നെ എന്തടിസ്ഥാനത്തിലാണ് അങ്ങനെ വാശി പിടിക്കുന്നത്. 90% പെൺകുട്ടികൾക്കും കല്യാണത്തിനു മുമ്പ് ഇങ്ങനെ സംഭവിക്കന്നത് നിന്നെപ്പോലെയുള്ള ചെറ്റകളെ വിശ്വസിച്ചിട്ടാണ്.പെട്ടു പോവുകയാണ് പാവങ്ങൾ. ഒരു നിമിഷത്തിൽ പറ്റിയ തെറ്റോർത്ത് അവർ ജീവിതകാലം മുഴുവൻ കരയണംന്ന് ഒരു നിർബന്ധവുമില്ല. ഒരിക്കൽ പറ്റിയ തെറ്റ് നീ ഒരു ഫ്രോഡാണെന്നറിഞ്ഞിട്ടും ഇവൾ ആവർത്തിച്ചെങ്കിൽ ഉറപ്പായും ഞാൻ പറയും ഇവൾ തെറ്റുകാരി ആണെന്ന്.
താൻ ഇവളെ ഭീഷണിപ്പെടുത്തിയല്ലോ.. എല്ലാം എന്നോട് പറയുംന്ന് പറഞ്ഞ്. അവിടെ ആണ് തനിക്ക് തെറ്റ് പറ്റിയത്, കല്യാണം കഴിഞ്ഞ ദിവസം തന്നെ ഇവളിതെല്ലാം എന്നോട് പറഞ്ഞതാണ്. അന്ന് ഞാൻ ഇവളോട് പറഞ്ഞത് ഇനി നിനക്കൊന്നും സംഭവിച്ചിട്ടില്ലാ എന്നിരിക്കട്ടെ ഇന്ന് രാത്രി കൊണ്ട് ഞാൻ മൂലം നീ കന്യക അല്ലാതാവും. എന്ന് കരുതി നാളെ എനിക്ക് നിന്നെ ഉപേക്ഷിക്കാൻ പറ്റുമോ, ഓമനിച്ചു വളർത്തുന്ന ഒരു പട്ടി യോ പൂച്ചയോ സ്നേഹത്തോടെ ഒന്നു കടിച്ചു. എന്താ ചെയ്യാവലിയ മുറിവ് ആണെങ്കിൽ ഡോക്ടറെ കാണണം. അല്ലെങ്കിൽ ഡെറ്റോൾ എടുത്ത്നല്ല പോലെ കഴുകി മരുന്നു വെക്കണം. ഇതും അങ്ങനെ കരുതിയാ മതി എന്നാണ്. ഇനി എനിക്കും വിശ്വാസം വരുന്ന രീതിയിൽ ജീവിക്കേണ്ടത് നീയാണ് അങ്ങനെ ആണെങ്കിൽ നമുക്ക് ഈ ബന്ധം തുടരാം എന്ന് പറഞ്ഞപ്പോൾ ആ രീതിയിൽ തന്നെ ഈ നിമിഷം വരെ ജീവിച്ചു കാണിച്ചതാണിവൾ.കാരണം അവൾക്കറിയാം ഒരിക്കൽ ചതിയിൽപ്പെട്ടത്. സ്നേഹം നിഷേധിക്കുമ്പോ ഉള്ള വേദന അറിയാൻ കഴിഞ്ഞത് കാരണം ഇപ്പോ ഞാൻ കൊടുക്കുന്ന ചെറിയ സ്നേഹം പോലും ഇവൾക്ക് വലുതാണ്. അതിന്റെ ആയിരം ഇരട്ടി എനിക്ക് തിരിച്ചു കിട്ടുന്നുമുണ്ട്. അതിന്റെ തെളിവാണ് ഇപ്പോ ഇവളുടെ വയറ്റിൽ വളരുന്ന ഞങ്ങളുടെ കുഞ്ഞ്.മനോജ് ചോദിച്ച രണ്ട് കാര്യത്തിൽ ഒന്നേ എനിക്ക് തരാൻ കഴിയൂ.. പൈസ മാത്രം. ചോദിച്ചതിന്റെ ഇരട്ടി ഞാൻ ഈ ചെക്കിൽ എഴുതിട്ടുണ്ട്. പിന്നെ ഇവളുടെ ശരീരം അത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സൗമ്യ തന്നെയാണ്.അത് അവളോട് ചോദിച്ചോളൂ.. എനിക്ക് കുറച്ച് പണി ഉണ്ട് ഞാൻ പോട്ടെ.."
മനോജിനെ നോക്കി ചിരിച്ച് സതീഷ് സ്റ്റെയർകേസ് കേറി മോളിലോട്ട് പോയി. പകുതി വഴി ആയപ്പോളെ അയാൾ കേട്ടു .പടക്കം പൊട്ടുന്ന പോലെ ഒരു ശബ്ദം. ഒന്നു പുഞ്ചിരിച്ച് അയാൾ തിരിഞ്ഞു നോക്കാതെ ബെഡ് റൂമിലേക്ക് കയറി. ചെവി പൊത്തിപ്പിടിച്ചിരിക്കുന്ന മനോജിനെ നോക്കി കൈയിലിരുന്ന ചെരുപ്പ് താഴോട്ട് ഇട്ട് സൗമ്യ പല്ലു ഞെരിച്ചുകൊണ്ട് പറഞ്ഞു.
"ഇറങ്ങിക്കോണം നാറി ഇവിടെ നിന്നും. നിന്നെ ഞാൻ ഇങ്ങോട്ട് വിളിച്ചു വരുത്തിയത് ആണ് എന്ന് പറഞ്ഞാ എന്താണെന്ന് നിന്നെ കാണിക്കാൻ വേണ്ടിയാണ്.ഒരിക്കൽ കൂടി നിന്റെ ശരീരത്തിൽ തൊടാൻ എനിക്ക് അറപ്പാണ്. അതു കൊണ്ടാണ് ചെരുപ്പ് കൊണ്ട് നിന്നെ അടിച്ചത്."
കത്തുന്ന കണ്ണുകളോടെ അവൾ പുറത്തേക്ക് വിരൽ ചൂണ്ടി... അപമാനം കൊണ്ട് ശവമായ് മാറിയ ശരീരവുമായ് ശിരസ്സ് താഴ്ത്തി മനോജ് പുറത്തേക്ക് നടന്നു...

നിയോഗം...(കഥ)

Image may contain: 1 person, closeup and outdoor

"സച്ചിയേട്ടാ ആ കാണുന്ന മലയിന്നല്ലേ ഈ പുഴ വരുന്നേ.. ന്നെ അവിടെ കൊണ്ടോവോ.. സച്ചിയേട്ടൻ ഒരിക്കൽ അവിടെ പോയിന്നല്ലേ പറഞ്ഞേ.ന്താ അവിടെ കാണാനുള്ളേ.. " പുഴയുടെ കരയിലുള്ള പാറയിൽ കിടക്കുന്ന സച്ചിദാനന്ദനോട് കിച്ചു ചോദിച്ചു.
എഴുന്നേറ്റ് ഇരുന്ന് സച്ചി പറഞ്ഞു.
" അങ്ങോട്ട് പെൺകുട്ടിയോൾക്ക് പോവാൻ പാടില്ല കിച്ചുവേ.. അവിടെ ശരിക്കും ഒരു പൂന്തോട്ടം പോലെയാണ്. ഗന്ധർവൻമാർ വിശ്രമിക്കുവാൻ വരുന്ന സ്ഥലത്രെ അത്. അവിടെ വെച്ച് പെൺകുട്ടിയോളെ കണ്ടാ അവര് മോഹിക്കും ത്രെ.. അതോണ്ട് ന്റെ കിച്ചു അങ്ങട് പോണ്ടാ.."
"അതെന്താ സച്ചിയേട്ടാ ഗന്ധർവ്വൻ മോഹിക്കാൻ മാത്രം ചന്തം നിക്കുണ്ടോ.. അതോ ഞാൻ ഗന്ധർവ്വ നെ കാണുമ്പോ കൂടെ പോവുംന്ന് തോന്നണുണ്ടോ.."
സച്ചിദാനന്ദന്റെ താടി പിടിച്ചുയർത്തി ഒരു കള്ളച്ചിരിയോടെ കിച്ചു ചോദിച്ചു.
അവളുടെ മുഖത്ത് രണ്ടു കൈയും ചേർത്ത് വെച്ച് സച്ചി പറഞ്ഞു.
"നിന്നെ കണ്ടാ ആരാ മോഹിക്കാത്തെന്റെ പെണ്ണേ.. നീ എനിക്ക് ഈ ജീവിതത്തിൽ കിട്ടിയ പുണ്യമല്ലേ.. " പതുക്കെ സച്ചിയുടെ ചുണ്ടുകൾ കിച്ചു വിന്റെ നെറ്റിയിൽ പതിഞ്ഞു.നിറഞ്ഞു തൂവിയ കണ്ണുകൾ കൊണ്ട് കിച്ചു സച്ചിയെ ഒന്നു നോക്കി. പിന്നെ മെല്ലെ അവന്റെ മാറിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു.
" ഗന്ധർവ്വ നല്ല സാക്ഷാൽ ശ്രീകൃഷ്ണൻ വന്നു വിളിച്ചാലും ന്റെ സച്ചിയേട്ടനെ വിട്ട് കിച്ചു എങ്ങട്ടും പോവില്ലാ.. "
പെട്ടെന്ന് അയാൾ കണ്ണു തുറന്ന് ചുറ്റും നോക്കി. എവിടെ കിച്ചു.മെല്ലെ അയാൾക്ക് പരിസരബോധം ഉണ്ടായി. താനിപ്പോ സ്നാനഘട്ടത്തിന്റെ പടിയിൽ കിടക്കാണ്. മുന്നിൽ ശാന്തയായ് ഒഴുകുന്ന ഗംഗാനദി. അയാൾ എഴുന്നേറ്റിരുന്നു.
വൈദ്യുതവിളക്കിന്റെ പ്രകാശം ചായം തേച്ച ഗംഗയിലെക്ക് നോക്കി അയാൾ ഇരുന്നു.
കേ ദാറിൽ നിന്ന് മന്ദാകിനിയായി പിന്നെ ഭഗീരഥി ആയി ബദരിനാഥിൽ അളകനന്ദയായി മാറി ദേവപ്രയാഗിൽ എത്തുമ്പോ ഗംഗ എന്ന പേരിൽ ഋഷികേശ് ഹരിദ്വാർ കടന്ന് കാശിയിലെത്തുന്ന പുണ്യ പ്രവാഹം. ഈ പുണ്യനദിയിൽ ഇപ്പോ തന്റെ അമ്മയുടെ ചിതാഭസ്മം അലിഞ്ഞു ചേർന്നിരിക്കണം. അമ്മയുടെ ആത്മാവിന് മോക്ഷം കിട്ടിക്കാണണം. മരിക്കുന്നതിന് ഒരു ദിവസം മുമ്പാണ് തന്റെ ചിതാഭസ്മം ഗംഗയിൽ ഒഴുക്കണമെന്ന് അമ്മ ആവശ്യപ്പെട്ടത്.അതിന്റെ കാരണവും ഇപ്പോ ഊഹിക്കാൻ കഴിയുന്നുണ്ട്. തന്നെപ്പോലെ ഒരു ശാപ ജന്മത്തിനെ പത്തു മാസം ചുമന്ന് നൊന്തു പ്രസവിച്ച് ഈ ഭൂമിക്ക് സമ്മാനിച്ച പാപം തീരണമെങ്കിൽ അതിൽ നിന്ന് മോക്ഷം കിട്ടണമെങ്കിൽ ഇതേ വഴിയുള്ളൂ എന്ന് അമ്മ ചിന്തിച്ചു കാണണം. ഓർത്തപ്പോൾ ആത്മനിന്ദയോടെ സച്ചി ഒന്നു പുഞ്ചിരിച്ചു.
എവിടെയാണ് സച്ചിദാനന്ദന് പിഴച്ചത്.കഴിഞ്ഞ 19 വർഷത്തെ ജീവിതം അതൊരു ജീവിതമായിരുന്നോ. ഓർത്തപ്പോൾ അയാൾക്ക് തന്നെ അദ്ഭുതം തോന്നി. കഴിഞ്ഞ കാലം ഒരു സിനിമ പോലെ അയാളുടെ മനസ്സിൽ കടന്നു വന്നു.
ഓർമ്മ വെച്ച കാലം തൊട്ട് എല്ലാം കിച്ചു വായിരുന്നു. കിച്ചു ജനിക്കുന്നതിനു മുന്നേ എല്ലാവരും തീരുമാനിച്ചിരുന്നു. പെണ്ണാണെങ്കിൽ അത് സച്ചിക്കുള്ളതാണെന്ന്. അതു കാരണം അവൾ ജനിച്ചതേ തനിക്കു വേണ്ടി ആണെന്നുള്ള ഒരു തോന്നൽ ഉണ്ടായിരുന്നു. ഇരുപത്തൊന്നു വയസ്സുവരെ തന്റെ എല്ലാ കാര്യങ്ങളും തുടങ്ങുന്നതും അവസാനിക്കുന്നതും മുറപ്പെണ്ണായകിച്ചു വിലായിരുന്നു.
പ്രണയമെന്തെന്ന് അറിയാത്ത കാലംതൊട്ട്പ്രണയിക്കാന്‍ തുടങ്ങിയവര്‍.അന്നത്തെ ആ ഒറ്റ ദിവസം അതിലാണ് എല്ലാം അവസാനിച്ചത്.സച്ചിദാനന്ദന്റെ സ്വപ്നങ്ങളും.കിച്ചു അവസാനമായി പറഞ്ഞ വാക്കുകള്‍ ഇന്നും ചെവിയില്‍ മുഴങ്ങുന്നു.
“സച്ചിയേട്ടാ ഞാന്‍ അഞ്ജനേടെ കൂടെ പുഴയില്‍ പോവാട്ടോ..കുറച്ച് കഴിഞ്ഞ് അങ്ങോട്ട്‌ വന്നേക്കണേ...”
കിച്ചുവിന്റെ അടുത്ത കൂട്ടുകാരി ആയിരുന്നു അഞ്ജു.ഓര്‍മവച്ച കാലം തൊട്ട് കിച്ചുവിന്റെ നിഴലായി അവള്‍ ഉണ്ടായിരുന്നു.കിച്ചുവിന്റെ വീട്ടിലെ കാര്യസ്ഥന്റെ മോള്.തന്റെയും കിച്ചുവിന്റെയും സ്നേഹം എന്താണെന്ന് ശരിക്കറിഞ്ഞവള്‍.ഞായറാഴ്ച്ച ദിവസങ്ങളില്‍ തുണി കുറേ കഴുകാനുണ്ടാകും അഞ്ജുവിന്.കിച്ചുവിന്റെ വീട്ടിലുള്ളവരുടെയും കാണും.കൂട്ടുകാരി അത് ഒറ്റയ്ക്ക് അലക്കുന്നതിലുള്ള വിഷമം കൊണ്ടാണ് കിച്ചു അവളെ സഹായിക്കാന്‍ പോകുന്നത്.
കിച്ചു പോയതിനുപിറകെ സോപ്പും തോര്‍ത്തുമായി പുഴയിലേക്ക് നടക്കുമ്പോഴാണ് അമ്പലത്തിനടുത്തെത്തിയതും പൂജാരി വിളിച്ചത്.രാവിലെ പാട്ടുവെക്കുന്ന ടേപ്പ്റിക്കാര്‍ഡര്‍ വര്‍ക്ക്‌ ആവുന്നില്ല ഒന്നു നോക്കാന്‍.അതു ശരിയാക്കി കഴിഞ്ഞ് പുറത്തിറങ്ങിയതും കണ്ടു.മാട് മേക്കുന്ന മണികണ്ഠന്‍ ഓടിവരുന്നത്.ദൂരെ നിന്നേ അവന്‍ നിലവിളിക്കുന്നുണ്ടായിരുന്നു.കുട്ട്യോള് രണ്ടാളും പുഴയില്‍ വീണേ...സച്ചിയേ...ഓടിവാടാന്ന്‍.
കേട്ടതും ഒരു നിമിഷം ഒന്ന് അമ്പരന്നെങ്കിലും പിന്നെ ഒരു കുതിപ്പായിരുന്നു പുഴയിലേക്ക്.അവിടെ എത്തിയതും നിറഞ്ഞൊഴുകുന്ന പുഴ.കരയില്‍ അലക്കി വച്ചിരിക്കുന്ന തുണി.പെട്ടെന്ന് കണ്ടു പുഴയുടെ നടുക്ക്ഒരു തല പൊങ്ങിയത്.പെട്ടെന്ന് അതുതാഴുകയും ചെയ്തു.നിറഞ്ഞൊഴുകുന്ന പുഴയിലേക്ക് ഒറ്റച്ചാട്ടമായിരുന്നു താൻ ..
(തുടരും..)

ഭാര്യ (കഥ)


ഭാര്യ (കഥ)
"ഇനി ഇപ്പോ വേണ്ടാ ഏട്ടാ.. എത്ര കട ആയി കേറുന്നു. അവളോട് പറയാം". ബൈക്ക് നിറുത്തിയപ്പോ ലക്ഷ്മി കണ്ണനോട് പറഞ്ഞു.
"സാരമില്ലെടീ ഇവിടെം കൂടി ഒന്നു നോക്കാം. ഇവിടെ കാണാതിരിക്കില്ല. ഒരു ചെറിയ കാര്യം അല്ലേ അവള് പറഞ്ഞേ.. നീ ഇവിടെ ഇരുന്നോ ഞാൽ വേഗം പോയിട്ട് വന്നോളാം."
ഇതിനു മറുപടി ആയി ലക്ഷ്മി പറഞ്ഞു.
" പിള്ളേരുടെ താളത്തിനൊത്തു തുള്ളിക്കോ.. രണ്ടും പെൺകുട്ടികളാ.. ഇപ്പോ തന്നെ പറയുന്നത് മുഴുവൻ സാധിച്ചു കൊടുക്കാൻ നിക്കണ്ടാ.."
ലക്ഷ്മിയെ ഒന്നു നോക്കി ചിരിച്ചിട്ട് കണ്ണൻ സൂപ്പർമാർക്കറ്റിന്റെ പടികൾ ഓടിക്കയറുന്നത് ലക്ഷ്മി പുഞ്ചിരിയോടെ നോക്കി നിന്നു.
സംഭവം ഇത്രേ ഉള്ളൂ. അവരുടെ മക്കൾ ഒരാൾ നാലാം ക്ലാസിലും ഒരാൾ രണ്ടാം ക്ലാസിലും പഠിക്കുന്നു. രണ്ടാംക്ലാസിൽ പഠിക്കുന്നവളുടെ കൂട്ടുകാരി അവളുടെ പിറന്നാൾ ദിവസം ക്ലാസിൽ എല്ലാവർക്കും ചോക്ലേറ്റ് കൊടുത്തു. അത് അവൾക്ക് ഭയങ്കര ഇഷ്ടമായി. അത് ചേച്ചിക്കും കൂടി കൊടുക്കണം ന്ന് ആഗ്രഹം. അതിന്റെ കവർ കണ്ണന്റെ കൈയിൽ കൊടുത്ത് ഇന്ന് വാങ്ങിട്ടു വരാംന്ന് സത്യം ചെയ്യിപ്പിച്ച് വിട്ടിരിക്കാണ്. ആ ചോക്ലേറ്റിന് വേണ്ടിയാണ് അയാൾ കട മുഴുവൻ കയറുന്നത്. സൂപ്പർ മാർക്കറ്റിൽ ഉണ്ടാവും എന്ന ഉറപ്പോടുകൂടിയാണ് അയാൾ ഇവിടെ ബൈക്ക് നിർത്തിയത്.
േചാക്ലേറ്റ് സെക്ഷനിൽ ഓരോ ചോക്ളേറ്റും കൈയിലെക്റ്റ് വെച്ച് ചെക്കു ചെയ്യുന്നതിനിടയിലാണ് അതേ മിഠായി ഒരു ഓരത്ത് ഇരിക്കുന്നത് കണ്ണൻ കണ്ടത്. അയാൾ ഒന്നു ആശ്വാസത്തോടെ നെടുവീർപ്പിട്ടു. ആ ബോക്സ് കൈയിൽ എടുക്കുമ്പോൾ അയാളുടെ ഉള്ളിൽ തെളിഞ്ഞത് മുമ്പിലെ രണ്ട് പല്ലില്ലാത്ത മകളുടെ മുഖത്തെ പുഞ്ചിരി ആയിരുന്നു'
ബോക്സുമായി ബിൽ സെക്ഷനിലേക്ക് നടക്കുമ്പോഴാണ് തൊട്ടപ്പറുത്തു നിന്നും റാക്കിലെ സാധനം എടുത്ത് ഒരു സ്ത്രീ പാസേ ജിലേക്ക് വന്നതും അവർ തമ്മിൽ കൂട്ടിയിടിച്ചതും.രണ്ടാളും പരസ്പരം കണ്ടില്ലായിരുന്നു. അവരുടെ കൈയിലുണ്ടായിരുന്ന സാധനം ഒരു വലിയ ശബ്ദത്തോടെ താഴെ വീണു. വീഴാൻ തുടങ്ങിയ അവരെ കണ്ണൻ താങ്ങിപ്പിടിച്ചു.ശബ്ദം കേട്ടതുകൊണ്ടാവണം സൂപ്പർ മാർക്കറ്റിലുള്ള സകല വരും അങ്ങോട്ടു നോക്കി. അവരെ പിടിച്ചു നേരെ നിർത്തി കണ്ണൻ പറഞ്ഞു.
"സോറി ഞാൻ കണ്ടില്ലായിരുന്നു .ഒന്നും പറ്റിയില്ലാലൊ അല്ലേ.. " പക്ഷേകണ്ണൻ പ്രതീക്ഷിച്ച ഒരു മുഖഭാവം ആയിരുന്നില്ല അവർക്ക് .
" മനപ്പൂർവ്വം വന്നിടിച്ചിട്ട് സോറി പറയുന്നോ. ഇത്തിരി തൊലി വെളുപ്പും കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളേം കണ്ടാ സകലവന്മാർക്കും തോന്നുന്ന ഒരു ഏനക്കേടാ ഇത്. തനിക്ക് നാണമുണ്ടോടൊ .. കണ്ടാൽ എന്തൊരു മാന്യൻ ഇതാണ് കൈയിലിരിപ്പ്. തന്നെപ്പോലെ ഉള്ളവൻമാർ കാരണം എന്നെപ്പോലത്തെ പെണ്ണുങ്ങൾക്ക് റോഡിൽ ഇറങ്ങി നടക്കാൻ പറ്റാണ്ടായി ."
അവർ ഭയങ്കര ശബ്ദത്തിൽ ഇത്രയും പറഞ്ഞപ്പോ അവിടെ ഉള്ള ആൾക്കാരെല്ലാം അവരുടെ ചുറ്റും കൂടി. അതിനിടയിൽ നിന്ന് ഒരു ആള് വിളിച്ചു പറഞ്ഞു. "ഇവനെപ്പോലുള്ളവരാണ് ഞങ്ങളെപ്പോലെ ഉള്ളവരുടെ പേരു പോലും കളയുന്നത്. അമ്മയെയും പെങ്ങളെയും കണ്ടാ തിരിച്ചറിയാത്തവൻ. ഇവനെയൊക്കെ കൈകാര്യം ചെയ്തു വിടുകയാണ് വേണ്ടത്. "
ഇത്രയും കേട്ടപ്പോഴേക്കും കണ്ണൻ അപമാനം കൊണ്ട് തളർന്നു പോയിരുന്നു'
സപ്പോർട്ട് ചെയ്യാൻ ആളുണ്ടായപ്പോൾ ആ സ്ത്രീക്ക് കുറച്ച് കൂടി ധൈര്യമായി. "തനിക്ക് അത്രക്ക് അസുഖം കൂടുതലാണെങ്കിൽ വല്ല മുള്ള് മുരിക്കിലും ചെന്ന് കേറെടോ.. കുറച്ചെങ്കിലും ആശ്വാസം കിട്ടും ".
ആ സ്ത്രീ അത് പറഞ്ഞു തീർന്നപ്പോഴേക്കും പിന്നെ എല്ലാവരും കേട്ടത് പടക്കം പൊട്ടുന്ന പോലെ ഉള്ള ഒരു സൗണ്ടാണ്.കവിളിൽ കൈവെച്ചു തിരിഞ്ഞ അവർ കണ്ടത് മുന്നിൽ ഭദ്രകാളിയെപ്പോലെ നിൽക്കുന്ന ലക്ഷ്മിയെ ആണ്. അവരെ നോക്കി പല്ലുരുമ്മി കൊണ്ട് ലക്ഷ്മി പറഞ്ഞു.
"ഒന്നു മുട്ടിയപ്പോഴേക്കും നിനക്ക് ഇത്രേം വലുതായ് ഫീൽ ചെയ്തങ്കിൽ നീയാണ് മുരിക്ക് മരത്തിൽ കേറേണ്ടത് അല്ലാതെ എന്റെ കണ്ണേട്ടനല്ലാ.. നിന്റെ നീ കോലം കണ്ട് കണ്ണേട്ടൻ നിന്നെ ശരിക്കും കേറിപ്പിടിച്ചാലും എനിക്ക് ഒന്നും തോന്നില്ല. ഇത് എന്റെ ഭർത്താവാണ്. കഴിഞ്ഞ പത്തു വർഷമായ് ഒരു ദിവസം പോലും പിരിഞ്ഞിരിക്കാതെ എന്റെ കൂടെ ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്ന ആള്. എനിക്കില്ലാത്ത എന്താടീ നിനക്കുള്ളത്. നീ ഇപ്പോകെട്ടിവരിഞ്ഞ് പുറത്തേക്ക് തള്ളി നിർത്തിയതിനേക്കാൾ കൂടുതൽ എനിക്കുണ്ട്. ഇത്രേം കാലമായിട്ടും എന്റെ സമ്മതമില്ലാതെ എന്റെ ദേഹത്ത് തൊടാത്ത എന്റെ ഭർത്താവ് ഈ പട്ടാപ്പകല് നിന്നെ കേറി പിടിച്ചു ന്നു പറഞ്ഞാ അത്യ കേട്ടു ഞാൻ മിണ്ടാതെ ഇരിക്കും ന്ന് നീ കരുതുന്നുണ്ടോ.. ഈ നിൽക്കുന്നത് എന്റെ വിശ്വാസം ആണ് 'ഇനിയെന്തെങ്കിലും നീ പറഞ്ഞാ ചിലപ്പോ നിന്നെ ഞാൻ കൊല്ലും."
ലക്ഷ്മി വെട്ടിത്തിരിഞ്ഞ് മുമ്പ് അവരെ സപ്പോർട്ട് ചെയ്ത് സംസാരിച്ച ആളുടെ മുന്നിലെത്തി വീണ്ടും പറഞ്ഞു.
" ഒരു പെണ്ണ് തെറ്റ് ചെയ്തു എന്നറിഞ്ഞിട്ടും അത് തിരുത്താതെ അവൾ പെണ്ണല്ലേ എന്നു കരുതി സപ്പോർട്ട് ചെയ്യുന്ന നിന്നെപ്പോലെ ഉള്ള വൻ മാരാടാ ആണുങ്ങൾക്ക് അപമാനം. അല്ലാതെ എന്റെ കണ്ണേട്ടനല്ലാ.. താൻ പറഞ്ഞില്ലേ അമ്മയേയും പെങ്ങളെയും കണ്ടാ തിരിച്ചറിയില്ലാന്ന്. അത് തിരിച്ചറിയാൻ കഴിയുന്നത് കൊണ്ട് ഇവര് ഇത്രേം പറഞ്ഞപ്പോഴും എന്റെ ഭർത്താവ് കേട്ടു നിന്നത്. താൻ ഒന്നു ചിന്തിച്ച് നോക്ക് എന്റെ കണ്ണേട്ടന്റെ ഒരടിക്ക് ഉണ്ടോ ഇവള് .എന്റെ മോൾക്ക് ഒരു പത്തു രൂപയുടെ ചോക്ളേറ്റിനു വേണ്ടിയാ എന്റെ ഭർത്താവ് ഇത്രേം കട കേറിയിറങ്ങിയത്.തനിക്ക് അതൊന്നും പറഞ്ഞാ മനസ്സിലാവില്ല. ആവണെങ്കിൽ ആണായാ പോരാ.. ആണുങ്ങളുടെ മനസ്സും ഉണ്ടാവണം.
എല്ലാം കേട്ടു നിന്ന കണ്ണന്റെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായി.ലക്ഷ്മിയേയും ചേർത്ത് പിടിച്ച് മുഖം താഴ്ത്തി നിൽക്കുന്ന സ്ത്രീയുടെ അടുത്തേക്ക് കണ്ണൻ ചെന്നു.
" പെങ്ങളെ എല്ലാവരെയും ഒരു പോലെ കാണരുത്. നിങ്ങളുടെ ഭർത്താവോ കുടുംബത്തിലുള്ളവരോ അങ്ങനെ ആയതു കൊണ്ടാവണം നിങ്ങൾ ഇങ്ങനെ പറയാൻ കാരണം. എന്നെപ്പോലെ ഉള്ളവർക്ക് വൈകുന്നേരം വരെ ജോലി ചെയ്തു വീട്ടിലെത്തുമ്പോ ഉള്ള ആശ്വാസവും സ്നേഹവുമാണ് എന്റെ കുടുംബം. എന്റെ പുണ്യം ആണ് എന്റെ മക്കൾ. ഈ വിശ്വാസവും സ്നേഹവും ഇല്ലാണ്ടാവുമ്പോ തകരുന്നത് എന്റെ കുടുംബമാണ്. എന്റെ സന്തോഷങ്ങളാണ്. എനിക്ക് പറയാൻ തോന്നിയ കാര്യങ്ങളൊക്കെ തന്നെയാണ് ഇവള് പറഞ്ഞത്.കാരണം എന്നെ ഭാര്യ എന്റെ മനസ്സാണ്. ഈ മനസ്സ് എന്റെ കൂടെയുള്ളിടത്തോളം കാലം എന്റെ സമാധാനവും സന്തോഷങ്ങളും ഒന്നും തീരാനും പോവുന്നില്ല."
ബില്ലടച്ച് ചോക്ളേറ്റ് പൊതിയുമായ് ലക്ഷ്മിയും കണ്ണനും ഇറങ്ങുമ്പോ അവിടെ കൂടി നിന്നവരെല്ലാം അവരെ ആരാധനയോടെ നോക്കുന്നുണ്ടായിരുന്നു. അവരുടെ മനസ്സിലപ്പോൾ ഉണ്ടായിരുന്നത് എന്റെ ഭാര്യ അല്ലെങ്കിൽ ഭർത്താവ് ഇങ്ങനെ ആയിരിക്കണേ എന്ന പ്രാർത്ഥന ആയിരുന്നു ...

സംഭവം കഥയാ...പേര് നിങ്ങള് തന്നെ ഇട്ടോ...


സംഭവം കഥയാ...പേര് നിങ്ങള് തന്നെ ഇട്ടോ...
രാവിലെ ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോ ഉള്ളില് പ്രാർത്ഥന ആയിരുന്നു."ദൈവമേ ഇന്നെങ്കിലും എല്ലാം ശരിയാവണെ, വിജയേട്ടൻ വീട്ടിൽ തന്നെ ഉണ്ടാവണന്ന് ". ഒരാഴ്ച ആയി വെയിലത്ത് അലയാൻ തുടങ്ങീട്ട്.ഒരു പുതിയ വീട് പണിയാൻ പോവാണ്. അതിന് പഞ്ചായത്താഫീസിൽ നിന്ന് പേപ്പർ കിട്ടണം. വീട് പണിയാൻ പോവുന്ന സ്ഥലം കൃഷിയിടമാണോ പുറമ്പോക്കാണോന്ന് ഒക്കെ അറിയണം ത്രേ.. അക്ഷയ വില്ലേജാഫീസ് പഞ്ചായത്താഫീസ് ന്നും പറഞ്ഞ് ഇപ്പോ ദിവസം കുറെ ആയി. പഠിപ്പ് കഴിഞ്ഞപ്പോ തന്നെ ബാംഗ്ലൂര് ജോലി കിട്ടിപ്പോയതാ ഞാൻ. പിന്നെ ലീവിന് വന്നാഏറിയ ഒരാഴ്ച ഇവിടെ വരും.അതുകൊണ്ട് ഈ വക കാര്യങ്ങളിൽ അത്ര അറിവും ഇല്ല.തന്റെ നടപ്പു കണ്ട് സഹതാപം തോന്നിത് കൊണ്ടായിരിക്കണം അടുത്ത വീട്ടിലെ മനോഹരൻ ചേട്ടൻ വിജയേട്ടനെ ചെന്ന് കാണാൻ പറഞ്ഞത്.വിജയേട്ടൻ ഏത് പാർട്ടിക്കാരനാണെന്ന് ആർക്കും അറിയില്ല. പക്ഷേ ആരു വിളിച്ചാലും കൂടെ പോവും. പറ്റുന്ന ഉപകാരം ചെയ്യും. മുമ്പ് പുറത്തെവിടെയോ ആയിരുന്നു. എന്തോ ഒരു ആക്സിഡണ്ടുയാതിനു ശേഷം പിന്നെ പോയിട്ടില്ല. വീട്ടിലെ കൃഷിപ്പണി ഒക്കെ നോക്കി നടക്കുന്നു. കൂടെ നാട്ടുകാരെ സഹായിക്കലും. അമ്മേടെ കൈയിൽ നിന്ന് ഫയല് വാങ്ങി ബൈക്കിൽ വെച്ച് വണ്ടി നേരെ വിജയേട്ടന്റെ വീട്ടിലേക്ക് വിട്ടു.
അവിടെ എത്തിയതും വിജയേട്ടൻ എന്നും കക്ഷത്തിൽ കരുതുന്ന ഒരു ചെറിയ ബാഗും പിടിച്ചു റെഡിയായ് നിൽപ്പുണ്ടായിരുന്നു. വെള്ളമുണ്ടും വെള്ള ഷർട്ടും ചുണ്ടിൽ മായാത്ത പുഞ്ചിരിയും. പോവാം എന്ന് പറഞ്ഞ് ആള് വണ്ടിയിൽ കയറി. വീട്ടിൽ ആരും ഇല്ലേന്ന് ചോദിച്ചപ്പോൾ "കെട്ടിയവളും മൂത്തവളും അടുക്കളയിലുണ്ടെടാ.. പിള്ളേര് രണ്ടും സ്കൂളിൽ പോയി, ഇനി നിന്നാ ചിലപ്പോ വൈകും ഇല്ലെങ്കിൽ നിന്നക്ക് ഒരു ചായ തരായിരുന്നു."അതൊന്നും സാരമില്ല വിജയേട്ടാ എന്നു പറഞ്ഞ് ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു.ചെന്നു നിന്നത് ആദ്യം അക്ഷയ കേന്ദ്രത്തിന്റെ മുന്നിലായിരുന്നു.പിന്നെ വില്ലേജാഫീസ് പഞ്ചായത്താഫീസ്. മൂന്നു മണി ആയപ്പോഴേക്കും സംഭവം എല്ലാം റെഡി. ഓരോ ഓഫീസർമാരും വിജയേട്ടനോട് സംസാരിക്കുന്നത് കേട്ടാൽ സ്വന്തം കുടുംബത്തിലുള്ള ഒരാളോട് പെരുമാറുന്ന പോലെയാണ് തോന്നിയത്. എല്ലാ പേപ്പറും ശരിയായ് കൈയിൽ കിട്ടിയപ്പോഴാണ് വിശപ്പ് അറിയാൻ തുടങ്ങിയത്.തിരക്കിനിടയിൽ ഒരു ഗ്ലാസ് വെള്ളം പോലും വിജയേട്ടന് വാങ്ങി കൊടുത്തില്ലാ എന്നോർത്തപ്പോൾ മനസ്സിൽ ഇത്തിരി ലജ്ജ തോന്നി.
തിരിച്ചു വരുന്ന വഴിക്ക് ടൗണിൽ ഉള്ള ഒരു വലിയ ഹോട്ടലിന്റെ മുന്നിൽ ബൈക്ക് നിർത്തി ഞാൻ പറഞ്ഞു " വിജയേട്ടാ ഭയങ്കര വിശപ്പ്.വിജയേട്ടൻ വാ.. ഈ വെയിലത്ത് ഒന്നും കഴിക്കാതെ പോയാൽ ഞാൻ തല ചുറ്റി വീഴും." അകത്ത് കയറി രണ്ട് ചിക്കൻ ബിരിയാണിക്ക് ഓർഡർ ചെയ്തപ്പോ വിജയേട്ടൻ തടഞ്ഞു. "എനിക്ക് ഒരു ഗ്ലാസ് നാരങ്ങ വെള്ളം മാത്രം മതി. ഇതൊന്നും ഞാൻ കഴിക്കാറില്ല. വീട്ടിൽ പോയി കഴിക്കുന്നതാണ് എനിക്കിഷ്ടം. നീ വേറെ ഒന്നും വിചാരിക്കരുത് നീകഴിച്ചോ ". ഇതു കേട്ടപ്പോ ഇത്തിരി വിഷമം ആയെങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല. നാരങ്ങ വെള്ളവും ബിരിയാണിയും ഒപ്പം കൊണ്ടുചെന്നു വെച്ചപ്പോൾ ആള് വേഗം ഗ്ലാസ് കാലിയാക്കി എഴുന്നേറ്റ് പറഞ്ഞു "ഇതിന് തൊട്ടപ്പുറത്ത് എന്റെ ഒരു കൂട്ടുകാരന്റെ കടയുണ്ട്. നീ കഴിച്ചു തീരുമ്പോഴേക്കും ഞാൻ അവനെ ഒന്നു കണ്ടിട്ടു വരാം.ഈ ബാഗ് ഇവിടെ ഇരുന്നോട്ടെ '" ആളെ ഇവിടെ ഇരുത്തി ഒറ്റക്ക് കഴിക്കേണ്ടി വരുന്ന എന്റെ വിഷമം മനസ്സിലാക്കിയിട്ടാവണം അങ്ങനെ പറഞ്ഞത് എന്ന് എനിക്കുറപ്പുണ്ടായിരുന്നു. ഞാൻ തലയാട്ടിയപ്പോൾ ആള് പുറത്തേക്ക് നടന്നു.
ബിരിയാണി കഴിച് തീരാറായപ്പോളാണ് മൊബൈൽ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടത്. നോക്കിയപ്പോൾ വിജയേട്ടന്റെ ബാഗിൽ നിന്നാണ് .ആദ്യത്തെ രണ്ട് പ്രാവശ്യം റിംഗ് ചെയ്ത് കട്ടായി .മൂന്നാമത്തെ പ്രാവശ്യം റിംഗ് ചെയ്തപ്പോൾ ആള് പുറത്തു പോയ് വരുമ്പോ വിളിക്കാൻ പറയാം എന്നു പറയാമെന്നു കരുതി ഫോണെടുത്തു. പക്ഷേ എന്തെങ്കിലും പറയുന്നതിനു മുമ്പേ തന്നെ വിജയേട്ടന്റെ ഭാര്യയുടെ ശബ്ദം എന്റെ കാതിൽ വീണു ." ആ കുട്ടപ്പൻ രണ്ട് വാഴക്കുല വെട്ടി കൊണ്ട് പോയിട്ടുണ്ട്. അതിന്റെ പൈസ വാങ്ങി രാത്രി കൂട്ടാൻ വെക്കാൻ വല്ലതും വാങ്ങിട്ടു വരണം. രാവിലെ ഉണ്ടായിരുന്ന മോരും ഇന്നലെത്തെ ബാക്കി ഉണ്ടായിരുന്ന പയറുമെഴുകു പുരട്ടിയും കൊണ്ടാ പിള്ളേര് സ്കൂളിൽ കൊണ്ടുപോയത്. ഞങ്ങള് രണ്ടാളും ഇന്ന് ഉച്ചക്ക് ഒന്നും കഴിച്ചിട്ടില്ല. എവിടെ ആണെങ്കിലും വേഗം വരാൻ നോക്ക്." പെട്ടെന്ന് ഫോൺ കട്ടാവുകയും ചെയ്തു.ഫോണ്ടും കൈയിൽ പിടിച്ചു ഞാൻ തരിച്ചിരുന്നു.വയറിലേക്കിറങ്ങിയ ബിരിയാണി മുഴുവൻ അവിടെ കിടന്നു പൊള്ളുന്നത് പോലെ തോന്നി.വിജയേട്ടൻ കഴിക്കാതിരുന്നതിന്റെ കാരണവും മനസ്സിലായി. സ്വന്തം ഭാര്യയും മകളും പട്ടിണി കിടക്കുമ്പോ ഇത്തിരി മനസാക്ഷി ഉള്ള ഒരാൾക്കും ബിരിയാണി കഴിക്കാൻ തോന്നില്ല. കൈയിൽ ഇത്തിരി പൈസയും വീട്ടിൽ അത്യാവശ്യം നല്ല ചുറ്റുപാടും തറവാട്ടു മഹിമയുമൊക്കെയുള്ള ഞാൻ ഓരാഴ്ച നടന്നിട്ടും കിട്ടാത്തതതാണ് അത്താഴപട്ടിണിക്കാരനായ വിജയേട്ടൻ സ്വന്തം സ്വഭാവം കൊണ്ട് ഒറ്റ ദിവസം നേടിത്തന്നത്. പുറത്തുള്ള ഒരാളുടെ നല്ല മനസ്സിനെ ഓർത്ത് ആദ്യമായ് എന്റെ കണ്ണു നിറഞ്ഞു.
ഹോട്ടലിൽ നിന്നറങ്ങുമ്പോൾ വിജയേട്ടൻ തിരിച്ചു വരുന്നുണ്ടായിരുന്നു. ബാഗ് കൈയിൽ കൊടുത്ത് ചേച്ചി വിളിച്ചിട്ടുണ്ടായിരുന്നു എന്ന് ഞാൻ പറഞ്ഞു. വേഗം ചെല്ലാനാ വിളിച്ചത് എന്നു പറഞ്ഞപ്പോൾ വിജയേട്ടനൊന്നു മൂളി.
ബൈക്ക് ഓടിക്കുമ്പോഴും എന്റെ ചിന്ത വിജയേട്ടനെ കുറിച്ചായിരുന്നു.പുറമേ ന്നു നോക്കുമ്പോൾ എല്ലാം തികഞ്ഞ മനുഷ്യൻ. പക്ഷേ സ്വന്തം കഷ്ടപ്പാടുകൾ ആരേയും അറിയിക്കാതെ എല്ലാവരെയും സഹായിക്കാൻ നടക്കുന്ന മനുഷ്യൻ.ഞാൻ കൂടുതൽ വിജയേട്ടന്നെ മനസ്സിലാക്കുവാൻ വേണ്ടി ഓരോന്ന് സംസാരിക്കാൻ തുടങ്ങി. എത്ര വലിയ സങ്കീർണ്ണത ഉള്ള കാര്യങ്ങളും വിജയേട്ടൻ നിസ്സാരവത്കരിച്ച് സംസാരിക്കുന്നത് കേട്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി. ഒരു ദിവസം നൂറു നുണയും പറഞ്ഞ് എണ്ണിയാൽ തീരാത്ത ചെറ്റത്തരവും പറഞ്ഞു നടക്കുന്ന ചില രാഷ്ട്രീയ നേതാക്കൻമാരെക്കാളും ഇന്നത്തെ തലമുറ ഇതുപോലെ നാട്ടിൻ പുറത്തുള്ള ഓരോ വിജയേട്ടൻമാരെ ആയിരുന്നെങ്കിൽ കേരളം ശരിക്കും ദൈവത്തിന്റെ നാടായി മാറിയേനെ.. വിജയേട്ടനുമായുള്ള ബന്ധം ഈ ഒറ്റ ദിവസം കൊണ്ട് തീരില്ല എന്നു മനസ്സിലുറപ്പിച്ചു.
ആളുടെ വീടിന്റെ മുറ്റത്ത് ബൈക്ക് നിർത്തിയതും ഒരു കോഴിയും അതിന്റെ പുറകെ ഒരു പെൺകുട്ടിയും ഓടി വന്നത് ഒരുമിച്ചായിരുന്നു. ഞങ്ങളെ കണ്ടതും അവളൊന്നു ചിരിച്ചു. "ഇതെന്റെ മൂത്ത മോളാണ്.ശ്രീലക്ഷ്മി.ആ പേരെ അവൾക്കു ചേരുന്ന് എനിക്ക് തോന്നി. അവളെ കണ്ടാ വേറെ ഒന്നും വിളിക്കാൻ തോന്നുകയുമില്ല. അവളെ നോക്കി ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു എന്തു ചെയ്യുന്നു. പി എസ് സി കോച്ചിംഗിനു പോവാന്ന് എന്നു പറഞ്ഞ് പറമ്പിൽ നിൽക്കുന്ന കോഴിടെ നേർക്ക് നടന്നു.
വിജയേട്ടന്റെ കൈ പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു. " എന്തി തരണ്ടേന്ന് എനിക്കറിയില്ല. നന്ദി മാത്രം പറയുന്നതും ശരിയല്ല."എന്റെ കൈയിൽ തിരിച്ചുപിടിച്ചു കൊണ്ട് ആളു പറഞ്ഞു. "നീ രാഘവന്റെ മകനല്ലേ... ന്റെ കൂട്ടുകാരനാ അവൻ. പിന്നെ നീയും ഞാനും ഇവിടെ ഒക്കെത്തന്നെ ഇല്ലേ. മനുഷ്യന് പരസ്പരം എപ്പോഴാ സഹായം വേണ്ടി വരാന്ന് പറയാൻ കഴിയില്ല. അങ്ങനെ ഒരു സന്ദർഭം വരും അപ്പോ ചെയ്ത മതി. ഇപ്പോ നീ പൊയ്ക്കോ ". എന്നു പറഞ്ഞ് വിജയേട്ടൻ വീടിനുള്ളിലേക്ക് കയറിപ്പോയി. ബൈക്ക് ഗേറ്റിനടുത്തെത്തിയപ്പോൾ നിർത്തി ഞാൻ ഒന്നു തിരിഞ്ഞു നോക്കി.പ്പറമ്പിൽ കോഴിയുടെ പുറകെ ഓടുന്ന ശ്രീലക്ഷ്മിയെ നോക്കിയപ്പോൾ അറിയാതെ ഒരു പുഞ്ചിരി എന്റെ ചുണ്ടില് വന്നു.
വീട്ടിൽ ചെന്ന് പറഞ്ഞപ്പോൾ വിജയന്റെ മോളാണെങ്കിൽ ഒന്നും നോക്കാനില്ല. നീ ധൈര്യമായിട്ടിരുന്നോ... ഇത് ഞങ്ങൾ നടത്തിത്തരാം എന്നായിരുന്നു അച്ഛന്റെ മറുപടി.വിജയേട്ടനെപ്പോലെ ഉള്ള " മനസ്സ്" ഉള്ള ഒരു മനുഷ്യനെ സഹായിക്കാന്ന് വെച്ചാ അത് സ്വന്തം ജീവിതം കൊണ്ട് ചെയ്യുന്നതല്ലേ ശരി.... നിങ്ങള് തന്നെ പറ അല്ലേന്ന്.
"സംസാരിച്ച് സമയം പോയതറിഞ്ഞില്ല. വീടുപണി, കല്യാണം അങ്ങനെ കുറച്ച് തിരക്കുണ്ട്. ഒക്കെ തീർത്തിട്ട് ഞാനും ലക്ഷ്മിയും കൂടി വരാട്ടോ... അനുഗ്രഹിച്ചേക്കണെ... "

കണ്ണുനീർ തുള്ളി


ശ്രീകോവിലിനുള്ളിൽ തെളിയുന്ന വിളക്കുകൾക്ക് മുന്നിൽ സർവ്വാഭരണ വിഭൂഷയായിരിക്കുന്ന ദേവിയെ മനസ്സറിഞ്ഞു തൊഴുത് തിരിഞ്ഞപ്പോഴാണ് കണ്ടത് തന്റെ നേർക്ക് നീണ്ടിരിക്കുന്ന ആ കരിനീലക്കണ്ണുകളുടെ നോട്ടം.ആ കണ്ണുകളെ തിരിച്ചറിയാൻ അധികനേരം വേണ്ടി വന്നില്ല. പണ്ട് ആൾക്കാർ കറ്റ മെതിക്കുന്നതിനിടയിൽ കൂടി ഓടിക്കളിമ്പോൾ ആരുടെയോ കറ്റയിൽ നിന്നു തെറിച്ചു വന്ന ഒരു നെൻ മണിയുടെ പതിരിന്റെ കഷ്ണം ആ കണ്ണിൽ സ്ഥാനം പിടിച്ചപ്പോൾ ഉള്ളിലെ ശ്വാസം ഉപയോഗിച്ചു ആ കരടൊന്നു നീക്കി. അന്ന് ഉറങ്ങാൻ കിടക്കുമ്പോൾ മനസ്സിൽ ആദ്യമായ് ആ കണ്ണുകൾ സ്ഥാനം പിടിച്ചു. പിന്നീടുള്ള എല്ലാ ദിവസങ്ങളിലും ഉറങ്ങാനും ഉണരാനും ആ കണ്ണുകളിലെ നോട്ടം മനസ്സിൽ സൂക്ഷിക്കേണ്ടി വന്നു.
പിന്നീട് അമ്പലക്കുളത്തിൽ ചാടിത്തിമിർക്കുമ്പോൾ, ദീപസ്തംഭത്തിൽ തിരിതെളിക്കുമ്പോൾ, പറമ്പിലെ പൊടിമണ്ണിൽ ഫുട്ബോൾ കളിക്കുമ്പോളെല്ലാം ആ കണ്ണുകൾ തന്നെ നേർക്ക് നീളുന്നത് അറിയുന്നുണ്ടായിരുന്നു. ആദ്യമായ് മുഴുപ്പാവാടയണിഞ്ഞ് മുന്നിലെത്തിയപ്പോൾ ആ കണ്ണിൽ തെളിഞ്ഞത് നാണത്തിന്റെ പൂത്തിരികളായിരുന്നു.പിന്നീടുള്ള കാഴ്ചകളിൽ പരസ്പരം കണ്ണുകൾ രചിച്ചത് അനുരാഗ കാവ്യങ്ങളായിരുന്നു.
പ്രദക്ഷിണവഴിയിൽ തൊട്ടുപുറകിലെത്തിയപ്പോൾ അവളൊന്നു തിരിഞ്ഞു. കണ്ണുകൾ തമ്മിലുടക്കി. പക്ഷേ പഴയതുപോലെ ചിരിക്കാൻ കഴിഞ്ഞില്ല. കുറച്ച് നേരം രണ്ടാളും പരിസരം മറന്നു നിന്നോ എന്നൊരു സംശയം.
"അമ്മേ... ഇതാരാ അമ്മേ... "
പെട്ടെന്നു ഒരു നാലു വയസ്സുകാരിയുടെ ശബ്ദം ചിന്തകളെ കീറിമുറിച്ചു.
" ഇത്.. ഇതൊരു മാമനാണ് മോളെ.."
എന്നു പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറിയിരുന്നോ.. അറിയില്ല.
നാലു വയസ്സുകാരിയുടെ തലയിൽ തഴുകി രണ്ടാളെയും നോക്കി പുഞ്ചിരിച്ചെന്നു വരുത്തി ഞാൻ തിരിഞ്ഞു നടക്കുമ്പോൾ ഞാൻ കാണുന്നുണ്ടായിരുന്നു അവളുടെ കണ്ണിൽ മുമ്പൊരിക്കൽ ഒരു കതിർ മണ്ഡപത്തിൽ വെച്ച് തന്റെ നേർക്ക് നോക്കിയപ്പോൾ ഉണ്ടായിരുന്ന അതേ കണ്ണുനീർ തുള്ളി....ആ ഒറ്റ തുള്ളിയിലൊഴുക്കിക്കളഞ്ഞ ഒരു പാട് സ്വപ്നങ്ങളും...

ഏട്ടൻ (കഥ)


ഏട്ടൻ (കഥ)
വർക് ഷോപ്പ് അടച്ച് ഹരികൃഷ്ണൻ വീട്ടിലെത്തുമ്പോൾ 8 മണി കഴിഞ്ഞിരുന്നു.എന്നും തന്നെ വീട്ടിന്റെ പൂമുഖത്ത് കാത്തു നിൽക്കാറുള്ള അനിയത്തി നീതുവിനെ കാണാതിരുന്നപ്പോൾ ഇവൾക്കിതെന്തു പറ്റി എന്ന ചിന്തയോടെ നേരെ അവളുടെ റൂമിലേക്ക് കയറി ചെന്നു. തുറന്നു കിടക്കുന്ന ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു അവൾ. "മോളേ " എന്നു വിളിച്ചതും ഞെട്ടി തിരിഞ്ഞ അവളോട് ഹരികൃഷ്ണൻ ചോദിച്ചു. "നിനക്കെന്തു പറ്റി, രണ്ടു മൂന്ന് ദിവസമായി ഒരു ഉഷാറില്ലല്ലോ?"ഒന്നുമില്ല ഏട്ടാ, ചെറിയ തലവേദന " അവൾ മറുപടി പറഞ്ഞു. "നേരത്തെ കിടന്ന്‌ ഉറങ്ങാത്തതിന്റെ യാ അത്, നീ കിടന്നോ ഞാൻ കുളിച്ചിട്ട് വരാം "എന്ന് പറഞ്ഞ് അയാൾ പുറത്തേക്ക് നടന്നു.
ശങ്കരൻ നായരുടേയും വിലാസിനി അമ്മയുടേയും മക്കളാണ് ഹരികൃഷ്ണനും, നീതുവും.ഹരിയേക്കാൾ 8 വയസ്സ് കുറവുണ്ട് നീതുവിന്. അയാൾക്ക് അവളെന്ന് വെച്ചാൽ ജീവനാണ്. അവൾക്ക് തിരിച്ചും. നീതുവിന്റെ ലോകം തന്നെ ഹരികൃഷ്ണനാണ് എന്ന് വേണമെങ്കിൽ പറയാം. അവർ തമ്മിൽ ഒരു രഹസ്യങ്ങളും ഇല്ല. കോളേജിൽ തന്റെ പുറകേ നടക്കുന്ന പൂവാലന്മാരുടെ കഥകൾ വരെ അവർ പരസ്പരം പറഞ്ഞ് ചിരിക്കാറുണ്ട്.അച്ഛനോടും, അമ്മയോടും ഉള്ളതിനേക്കാൾ കൂടുതൽ അടുപ്പം നീതുവിന് ഹരിയോടുണ്ട്.പൊതുവെ ഇത്തിരി ഗൗരവക്കാരനാണ് ഹരി. പ്രായത്തിൽ കവിഞ്ഞ പക്വത എല്ലാ കാര്യങ്ങളിലും കാണിക്കുന്നതു കൊണ്ട് നാട്ടുകാരുടെ പ്രിയപ്പെട്ടവനാണ് ഹരി.ഹരിയുടെ സമപ്രായക്കാർക്ക് പോലും ഭയം കലർന്ന ഒരു ബഹുമാനമാണ് ഹരിയോട്.ഹരി കുളിച്ച് വന്ന് ബാംതിരയുമ്പോൾ വിലാസിനിയമ്മ അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു " ഉം ചെല്ല്, മടിയിൽ കിടത്തി പുരട്ടി കൊടുക്ക് ഇപ്പോഴും ചെറിയ കുട്ടിയാണെന്നാ വിചാരം, അടുത്ത മാസം പെണ്ണിന് 21 വയസ്സാവും. ലോകത്ത് വേറെ ആർക്കും ഇതുവരെ തലവേദന വന്നിട്ടില്ലല്ലോ".'' ഈ അമ്മയ്ക്ക് ഇതെന്തിന്റെ കേടാ, തലവേദന വന്നു നോക്കണം, അപ്പോൾ അറിയാം അതിന്റെ വിഷമം." കൂടുതൽ ഒന്നും പറയണ്ട, അമ്മ ഇത്തിരി വെള്ളം ചൂടാക്ക്, അവൾക്ക് ആവി പിടിക്കണം. എന്ന് മറുപടി പറഞ്ഞ് ഹരി, നീതുവിന്റെ റൂമിലേക്ക് നടന്നു.
ഹരികൃഷ്ണൻ ചെല്ലുമ്പോൾ കണ്ണടച്ചു കിടക്കുകയായിരുന്നു നീതു അവളുടെ കൺപീലികൾക്കിടയിലൂടെ കണ്ണീർ ഒഴുകിയ പാട് അയാൾ ശ്രദ്ധിച്ചു.ആളനക്കം കേട്ട് അവൾ കണ്ണ് തുറന്നു. ഹരിയെ കണ്ട് അവളൊന്ന് പുഞ്ചിരിച്ചു. പക്ഷേ, എന്നുമുള്ള തിളക്കം അയാൾ ആ ചിരിയിൽ കണ്ടില്ല.അവളുടെ അടുത്ത് ചെന്നിരുന്ന് തലയെടുത്ത് മടിയിൽ വെച്ച് ബാംപുരട്ടി കൊണ്ട് ഹരി ചോദിച്ചു "നല്ല തലവേദനയുണ്ടോ മോളേ, നിന്റെ കണ്ണ് നിറഞ്ഞിട്ടുണ്ടല്ലോ, ഹോസ്പിറ്റലിൽ പോണോ ".
" വേണ്ട ഏട്ടാ അത്രയ്ക്കൊന്നുമില്ല, ഏട്ടന്റെ മടിയിൽ ഇങ്ങനെ കുറച്ച് നേരം കിടന്നാൽ മാറാത്ത ഏതസുഖമാ എനിക്കുള്ളത്, എനിക്കിങ്ങനെ കുറച്ച് നേരം കിടന്നാൽ മതി". അയാൾ അലിവോടെ അവളുടെ കവിളിൽ തലോടി. കുറച്ച് നേരം അങ്ങനെ കിടന്ന് നീതു മയങ്ങിയപ്പോൾ അയാൾ മെല്ലെ പുറത്തേക്ക് നടന്നു.ചോറ് വിളമ്പി വെച്ച് കഴിക്കാൻ വിളിച്ച അമ്മയോട് അയാൾ പറഞ്ഞു. "അമ്മ അത് അടച്ച് വെച്ച് പോയി കിടന്നോളൂ, അവൾ ഉറക്കമായി. കുറച്ച് കഴിഞ്ഞ് അവളും ഞാനും കൂടി കഴിച്ചോളാം. കുറച്ച് നേരം ഉറങ്ങുമ്പോൾ തലവേദന മാറിക്കോളും." വിലാസിനിയമ്മ ഹരികൃഷ്ണനെ ഒന്നു നോക്കി .ഞാൻ പാല് ചൂടാക്കി വെച്ചിട്ടുണ്ട്. കുറച്ച് കഴിഞ്ഞ് അവൾക്ക് അത് കൊടുക്ക് എന്ന് പറഞ്ഞ് വിലാസിനിയമ്മ കിടക്കുന്ന മുറിയിലേക്ക് പോയി.ഹരി ഹാളിൽ ഉള്ള സോഫയിലും കിടന്നു.
അയാൾ ചിന്തിച്ചത് മുഴുവൻ നീതുവിനെ കുറിച്ചായിരുന്നു. അവൾക്ക് ഉള്ളിലെന്തോ വിഷമം ഉണ്ട്. അവളെ തൊട്ടു നോക്കിയപ്പോൾ തനിക്ക് മനസിലായതാണ് അവൾക്ക് തലവേദന ഇല്ലായെന്ന്. ഇതു വരെ എന്തു കാര്യവും തന്നോട് പറഞ്ഞിട്ടുള്ളതാണ്. ഇന്ന് എന്താണാവോ തന്റെ കുട്ടിക്ക് പറ്റിയത്. എന്തായാലും നാളെ രാവിലെ ചോദിക്കാം എന്ന് വിചാരിച്ച് അയാൾ കിടന്നു. നീ തു ജനിച്ച അന്നു തൊട്ടുള്ള കാര്യങ്ങൾ ഒരു സിനിമ പോലെ അയാളുടെ മനസ്സിലൂടെ കടന്നു പോകുന്നുണ്ടായിരുന്നു. ചിന്തിച്ച് സമയം പോയതറിഞ്ഞില്ല. മുന്നിലെ ക്ലോക്കിൽ 11 മണി ആയപ്പോൾ അടുക്കളയിൽ ചെന്ന് പാലെടുത്ത് കൊണ്ട് നീതു വിന്റെ റൂമിലേക്ക് നടന്നു. വാതിലിനടുത്തെത്തിയപ്പോൾ അവൾ ഫോണിൽ ആരോടോ സംസാരിക്കുന്ന ശബ്ദം ഹരിയുടെ കാതിൽ വീണു.അയാൾ വാതിലിനോട് ചേർന്ന് നിന്ന് കാതുകൾ കൂർപ്പിച്ചു.
" വിനീ, നീ അവനെ പറഞ്ഞു മനസിലാക്കണം. എനിക്ക് അവനോട് ഒന്നും പറയാൻ കഴിയില്ല.അലെങ്കിലും ഞാൻ എന്തു കാരണം പറയും, അവനെ ഇഷ്ടമല്ല എന്ന് പറയാൻ. എന്നെക്കാൾ താഴ്ന്ന ജാതിക്കാരനെന്നോ, അതോ എന്നെക്കാൾ സാമ്പത്തികം കുറവാണെന്നോ, എനിക്കവനെ ഇഷ്ടമാണ് ശരിക്കും. പക്ഷേ എന്റെ വീട്ടുകാർ ഇതൊരിക്കലും അംഗീകരിക്കില്ല. എന്റെ ഏട്ടനെ ആലോചിക്കുമ്പോൾ തന്നെ എനിക്ക് സങ്കടം വരുന്നു. എനിക്ക് വേണ്ടി മാത്രമാണ് എന്റെ ഏട്ടൻ ജീവിക്കുന്നത് തന്നെ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്റെകുടുംബത്തെ മുഴുവൻ വിഷമിപ്പിച്ച് ജീവിതകാലം മുഴുവൻ സന്തോഷമായിരിക്കാൻ എനിക്ക് കഴിയും ന്ന് നിനക്ക് തോന്നുന്നുണ്ടോ? നീ വിഷ്ണുവിനോട് പറയണം.ഇനി എന്റെ മുന്നിൽ വരരുത് എന്ന്. അവൻ എനിക്കു തന്ന ആ ഗിഫ്റ്റും നീ തിരിച്ച് കൊടുക്കണം.എനിക്കുമുണ്ട് സങ്കടം. പക്ഷേ എത്ര വലിയ സങ്കടം വന്നാലും അത് മാറാൻഎനിക്ക്എന്റെ ഏട്ടനെ കെട്ടിപ്പിടിച്ചാൽ മതി.ഏട്ടൻ ഉറങ്ങിയിട്ടുണ്ടാവില്ല. നീ ഫോൺ വെച്ചോ. രണ്ടു ദിവസം കോളേജിലേക്ക് ഞാനില്ല.അവളുടെ സ്വരം ഇടറുന്നുണ്ടായിരുന്നു. അകത്തേക്ക് കടക്കാൻ തുടങ്ങിയ ഹരിതിരിച്ചു നടന്നു.പാൽ അടുക്കളയിൽ തിരിച്ച് കൊണ്ട് വെച്ച് അയാൾ റൂമിലേക്ക് നടന്നു.
ഫോൺ കട്ട് ചെയ്ത് കട്ടിലിലേക്ക് വീണ നീ തു തലയിണയിൽ മുഖമമർത്തി പൊട്ടിക്കരഞ്ഞു. അവളുടെ ഉള്ളിൽ വിഷ്ണുവിന്റെ മുഖമായിരുന്നു.കൂട്ടുകാരി വിനിയുടെ ചേട്ടന്റെ വിവാഹതലേന്നാണ് വിഷ്ണുവിനെ ആദ്യമായ് കാണുന്നത്. എല്ലാ കാര്യത്തിലും ഉത്സാഹിച്ച് നടക്കുന്ന അവനെ കണ്ടാൽ ആ കല്യാണം അവൻ ഒറ്റയ്ക്ക് നടത്തുന്നതാണെന്ന് തോന്നും. എല്ലാവരോടും സ്നേഹത്തോടെ മാത്രമുള്ള പെരുമാറ്റം. അവന്റെ ചുണ്ടിൽ നിന്ന് ചിരി മാഞ്ഞു കണ്ടിട്ടില്ല. പെട്ടെന്ന് തന്നെ പരിചയപ്പെട്ടു അതിനു ശേഷം അവനെ പല പ്രാവശ്യം കണ്ടു. സംസാരിച്ചു. പെട്ടെന്നൊരു ദിവസം തന്നോട് പ്രണയമാണെന്ന് പറഞ്ഞപ്പോൾ എന്തു പറയണമെന്ന് ഒരു പിടിയും കിട്ടിയില്ല. അവൻ അതു പറയുമ്പോൾ അവന്റെ കണ്ണുകളിലെ സ്നേഹവും ആത്മാർത്ഥതയും ശരിക്കും താൻ അറിഞ്ഞതാണ്. ഒരിക്കൽ പോലും തന്റെ പുറകേ വരുകയോ, ഫോൺ ചെയ്ത് ശല്യപ്പെടുത്തുകയോ ചെയ്തിട്ടില്ല. കാണുമ്പോഴുള്ള കുറച്ചു നേരത്തെ സംസാരം മാത്രം.വിഷ്ണുവിനെ മാത്രം കുറ്റം പറയാൻ കഴിയില്ല അവൻ തന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോഴാണ് താനും തിരിച്ചറിഞ്ഞത്. അവനോട് സംസാരിക്കുമ്പോൾ തന്നെ വാക്കുകളിൽ പ്രണയമുണ്ടായിരുന്നു എന്ന്. അവനെ സ്ഥിരമായി കാണാറുള്ള വഴിയിൽ കണ്ടില്ലെങ്കിൽ എവിടെയെങ്കിലും ഉണ്ടോയെന്ന് തേടുമ്പോൾ തന്റെ കണ്ണിലുണ്ടായിരുന്നത് അവനോടുള്ള പ്രണയമാണ്. പക്ഷേ അവന്റെ സ്നേഹം ലഭിക്കാനുള്ള യോഗം തനിക്കില്ല. തറവാട്ട് മഹിമയും സമ്പത്തും മുറുകെ പിടിക്കുന്ന അച്ഛനും ' അമ്മയും ഇതൊരിക്കലും അനുവദിക്കില്ല. താൻ ഇങ്ങനെയൊന്നു ചിന്തിച്ചു എന്നറിഞ്ഞാൽ ചേട്ടനും അത് താങ്ങാൻ കഴിയില്ല. ജീവിതകാലം മുഴുവൻ ഇത് മനസിലുണ്ടാകും എന്നറിയാം.എന്നാലും സാരമില്ലാ; തന്റെ കുടുംബത്തെ സങ്കടപ്പെടുത്തിട്ട് തനിക്ക് ഒന്നും വേണ്ട. അവളുടെ കണ്ണ് നിറഞ്ഞു കൊണ്ടിരുന്നു.
സ്വന്തം റൂമിൽ ഹരിയും ഇതു തന്നെയാണ് ആലോചിച്ച് കൊണ്ടിരുന്നത്. വിനിയെ ആണ് അവൾ വിളിച്ചതെന്ന് മനസ്സിലായി.വിഷ്ണു അതാരാണെന്ന് ഹരി ക്ക് മനസിലായില.. വിനീതയെ ഹരിക്ക് അറിയാം. നല്ല തന്റേടിയായ പെൺകുട്ടിയാണ് അവൾ.നല്ല സ്വഭാവവും. അവർടെ കൂടെ നീതുവിനെ എവിടെ വിടാനും വിശ്വാസമായിരുന്നു. അവൾ കൂടി അറിഞ്ഞിട്ടാണെന്ന് ഓർത്തപ്പോൾ ഹരിക്ക് വല്ലായ്മ തോന്നി.വിഷ്ണു എന്ന പേര് ഒരിക്കൽ കൂടി മനസിലുറപ്പിച്ച് രാവിലെ വിനിയെ ചെന്നു കാണാൻ അയാൾ തീരുമാനിച്ചു.
പുറകിൽ ഒരു ബുള്ളറ്റ് വന്ന് നിന്ന ശബ്ദം കേട്ടാണ് മുറ്റമടിച്ച് കൊണ്ടിരുന്ന വിനി തിരിഞ്ഞ് നോക്കിയത്. ബുള്ളറ്റിൽ ഹരിയെ കണ്ടതും അവളൊന്ന് ഞെട്ടി. ഇടുപ്പിൽ കുത്തിയിരുന്ന നൈറ്റി അഴിച്ചിട്ട് ചൂല് പുറകിലേക്ക് പിടിച്ച് അവൾ അയാളെ നോക്കി ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു. ഇവിടെ ആരുമില്ലേ എന്ന് അയാൾ ചോദിച്ചപ്പോൾ അച്ഛൻ പുറത്ത് പോയി, അമ്മയും ഏട്ടനും, ഏട്ടത്തിയും കൂടി അമ്പലത്തിൽ പോയി എന്നവൾ പറഞ്ഞു. "ആരാ ഈ വിഷ്ണു, അവനും നീതുവും തമ്മിലുള്ള ബന്ധം എന്താ? അവന്റെ വീട് എവിടെയാ? എന്നൊക്കെയുള്ള ഹരിയുടെ പരുക്കൻ മട്ടിലുള്ള ചോദ്യത്തിനു മുന്നിൽ അവളൊന്നു പതറി.ഹരി എല്ലാം അറിഞ്ഞിട്ടാണ് വന്നതെന്ന് അവൾക്ക് തോന്നി. നീതു പറഞ്ഞിട്ടില്ല എന്നുറപ്പാണ്. ഹരിയുടെ അപ്പോഴത്തെ മുഖഭാവം കണ്ടപ്പോൾ ഒന്നും മറച്ച് വെക്കാൻ വിനിക്ക് കഴിഞ്ഞില്ല. വിഷ്ണുവും നീതുവും ആദ്യമായി കണ്ടത് മുതൽ ഇന്നലെ വരെയുള്ള സംഭവങ്ങൾ അവൾ അയാളോട് തുറന്ന് പറഞ്ഞു. എല്ലാം കേട്ട ശേഷം അയാൾ ചോദിച്ചു "അവന്റെ വീട് എവിടെയാണ് ?". നേരെ കാണുന്ന വളവിലേക്ക് ചൂണ്ടി അവൾ പറഞ്ഞു " ആ വളവ് കഴിഞ്ഞാൽ ആദ്യം കാണുന്ന വീട്.ഹരി ഒന്നു അമർത്തി മൂളിയ ശേഷം അവളോട് ചോദിച്ചു. " അവൻ നീതൂന് കൊടുത്ത ഗിഫ്റ്റ എടുത്തിട്ട് വാ ". വിനി ഒന്നു സംശയിച്ചു നിന്ന ശേഷം വീടിനകത്തു പോയി ഒരു ഗിഫ്റ്റ് പാക്കറ്റ് എടുത്തു കൊണ്ടുവന്നു.
അതു വാങ്ങി വണ്ടിയുടെ മുന്നിൽ വെച്ച് സ്റ്റാർട്ട് ചെയ്യാൻ ഒരുങ്ങിയ അയാളെ നോക്കി അവൾ വിളിച്ചു - " ഹരിയേട്ടാ! ഹരി ചോദ്യഭാവത്തിൽ അവളെ നോക്കി. അവളുടെ മുഖത്തൊരു പേടി ഉണ്ടായിരുന്നു. ബൈക്കിന്റെ ഹാൻഡിലിൽ വെച്ചിരിക്കുന്ന അയാളുടെ കൈയിൽ കൈവെച്ചു കൊണ്ടവൾ പറഞ്ഞു - "വിഷ്ണുവിനെ ഒന്നും ചെയ്യരുത് അവൻ ഒരു പാവമാണ്. അവനോട് ഒന്നും സംസാരിക്കണ്ട എന്നു ഞാൻ പറയില്ല, പക്ഷേ ഒന്നും ചെയ്യരുത്. കാര്യങ്ങൾ പറഞ്ഞാൽ അവന് മനസിലാകും. വിഷ്ണുവിനെ എന്തെങ്കിലും ചെയ്താൽ വിഷമിക്കുന്നത് വിഷ്ണുവായിരിക്കില്ല, നീതുവായിരിക്കും. അവൾക്കും അവനെ ഇഷ്ട്ടമാണ്. പക്ഷേ അവൾ ഒരിക്കലും അവനോട് പറഞ്ഞിട്ടില്ല കാരണം അവൾക്ക് മറ്റെന്തിനേക്കാളും വലുത് നിങ്ങളാണ്.ഒന്നു ഞാൻ പറയാം, ഹരിയേട്ടൻ ഒന്നു മനസു മാറ്റി ചിന്തിച്ചാൽ ഒരു പക്ഷേ ഇതായിരിക്കും ഹരിയേട്ടൻ ഇത്രയും കാലം അവളോട് ചെയ്തതിൽ വെച്ച് ഏറ്റവും വലിയ കാര്യം. വിഷ്ണുവിനേക്കാൾ നല്ലൊരു സമ്മാനം ഇനി അവർക്ക് കൊടുക്കാൻ ചിലപ്പോൾ ഹരിയേട്ടന് കഴിഞ്ഞെന്നു വരില്ല. അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരി എന്ന നിലയ്ക്ക് ചില കാര്യങ്ങളിൽ ഹരിയേട്ടനെക്കാൾ കൂടുതൽ മനസിലാക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്.
ഹരി തന്റെ കൈയിൽ വെച്ചിരിക്കുന്ന അവളുടെ കൈയിലേക്കും, അവളുടെ മുഖത്തേക്കും മാറി മാറി നോക്കി. പെട്ടെന്ന് അവൾ കൈ വലിച്ചു താഴോട്ട് നോക്കി നിന്നു. "ഇനി നീ ആരെയെങ്കിലും പ്രേമിക്കുന്നുണ്ടോ ടീ" ഹരിയുടെ ചോദ്യം കേട്ടതും അവൾ ഞെട്ടി തലയുയർത്തി അയാളെ നോക്കി, ഇല്ലാ എന്നർത്ഥത്തിൽ തലയാട്ടി."നിനക്ക് കല്യാണം ഒന്നും വരുന്നില്ലേ, വേഗം കെട്ടിച്ച് വിടാൻ ഞാൻ നിന്റെ അപ്പനോട് പറയാം. നിന്റെയൊക്കെ മനസ് എന്തെന്ന് ദൈവത്തിന് പോലും അറിയില്ല ".
"എന്റെ മനസ് അങ്ങനെയൊന്നും മാറില്ല, എന്റെ അപ്പന്റെ കൈയിൽ പൈസ ഇത്തിരി കുറവാ, സ്ത്രീധനം വേണ്ടാന്നു പറഞ്ഞു ഒരുത്തൻ വന്ന് പറഞ്ഞാൽ ഞാൻ അവനെ അപ്പോ കെട്ടും "
എന്ന് മറുപടി പറഞ്ഞ് ദേഷ്യ ഭാവത്തിൽ ഹരിയെ ഒന്നു നോക്കി താഴെ കിടന്നിരുന്ന ചൂലുമെടുത്ത് വീടിന്റെ പുറകുവശത്തേക്ക് നടന്നു.അവളുടെ പോക്ക് നോക്കി എന്തോ ചിന്തിച്ചുറപ്പിച്ച ശേഷം ഹരിബൈക്ക് സ്റ്റാർട്ടാക്കി വിഷ്ണുവിന്റെ വീടിന്റെ നേർക്ക്ഓടിച്ചു. ബൈക്കിൽ നിന്നിറങ്ങി ഹരി വീടൊന്ന് നോക്കി. ചെറുതാണെങ്കിലും വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന വീട്. മുറ്റത്തും, തൊടിയിലുമായി നിറയെ മരങ്ങളും ചെടികളും"ഇവിടെ ആരുമില്ലേ?"എന്നു ഹരി വിളിച്ചു ചോദിച്ചപ്പോൾ, "ഉണ്ട് ചേട്ടോ ഇങ്ങോട്ട് നോക്ക് "എന്നൊരു ശബ്ദം ഹരിയുടെ ചെവിയിൽ വീണു.ശബ്ദം കേട്ട ഭാഗത്ത് നോക്കിയപ്പോൾ തലയിൽ തോർത്തും കെട്ടി, ഹാഫ് ബനിയനുമിട്ട് വാഴയ്ക്ക് തടമെടുക്കുന്നൊരാളെ ഹരി കണ്ടു. ഹരിയെ ഒന്നു സൂക്ഷിച്ച് നോക്കിയ ശേഷം അയാൾ തൂമ്പാ താഴെ വെച്ച് ഹരിയുടെ അടുത്തെത്തി.ഹരി ആ മുഖം എവിടെയോ കണ്ടിട്ടുള്ളതുപോലെ തോന്നി. ഓർത്തെടുക്കാൻ വലിയ പ്രയാസം ഉണ്ടായില്ല.ഒരു ദിവസം വയ്യാതെ കിടക്കുന്ന കൂട്ടുകാരനെ കാണാൻ ഹോസ്പിറ്റലിൽ പോയ ദിവസം, റോഡിൽ വെച്ച് സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിയെ വണ്ടി തട്ടി വീണപ്പോൾ അതിനെയുമെടുത്ത് ചോര പുരണ്ട വസ്ത്രങ്ങളുമായ് ഹോസ്പിറ്റലിലേക്ക് ഓടിക്കേറി വരുന്ന രൂപം. ചികിത്സിക്കാൻ വൈകിയെത്തിയ ഡോക്ടറുടെ കോളറിന് കേറി പിടിച്ചവൻ, അത് ഇവൻ തന്നെയായിരുന്നു. അയാളുടെ മുഖത്ത് സൂക്ഷിച്ച് നോക്കി ഹരി ചോദിച്ചു " വിഷ്ണു അല്ലെ, "അതെ' എന്നവൻ മറുപടി പറഞ്ഞു. "ആരാ മനസിലായില്ല " എന്നവൻ ചോദിച്ചപ്പോൾ, "ഞാൻ ഹരികൃഷ്ണൻ, നീതുവിന്റെ ഏട്ടൻ'' എന്ന് അയാൾ മറുപടി പറഞ്ഞു.ഹരികൃഷ്ണന്റെ കൈയിലിരിക്കുഗ്ഗിഫ്റ്റ് പാക്കറ്റ് നോക്കി കൊണ്ട് വിഷ്ണു, പറഞ്ഞു നീതുവിന് ഒരു ഏട്ടൻ ഉണ്ടെന്ന് അറിഞ്ഞപ്പോൾ, ഇങ്ങനെയൊരു കൂടിക്കാഴ്ച ഞാൻ പ്രതീക്ഷിച്ചതാണ്. " അകത്തേക്കിരിക്കാം, അത് പറയുമ്പോൾ വിഷ്ണുവിന്റെ മുഖത്ത് ഹരി പ്രതീക്ഷിച്ച ഭയമോ ആശങ്കയോ ഉണ്ടായിരുന്നില്ല. എന്തുവന്നാലും നേരിടാനുള്ള ഭാവമായിരുന്നു അവന്റെ മുഖത്ത്.
"ഞാൻ വന്നതെന്തിനാണെന്ന് മനസ്സിലായല്ലോ അല്ലേ?" ഹരികൃഷ്ണൻ അവന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി കൊണ്ട് ചോദിച്ചു. തലയിൽ കെട്ടിയിരുന്ന കോർത്ത് അഴിച്ച് മാറ്റി വിഷ്ണുമറുപടി പറഞ്ഞു " ഒന്നുകിൽ തല്ലാൻ അല്ലെങ്കിൽ ഭീഷണിപ്പെടുത്താൻ .ഇതിൽ എന്തു ചെയ്താലും ഞാൻ തിരിച്ച് ഒന്നും പ്രതികരിക്കില്ല.പക്ഷേ ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു, ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന്. ഒരു പെൺകുട്ടിയോട് ഇഷ്ടം തോന്നി. അത് അവളോട് പറഞ്ഞു.പെട്ടെന്നൊരു ദിവസം കൊണ്ടൊന്നുമല്ല ഞാനവളെ ഇഷ്ടമാണെന്ന് പറഞ്ഞത്. കുറെ നാളത്തെ പരിചയം ഇടപഴകലുകൾ, അവളുടെ ചെറിയ ചെറിയ ഇഷ്ടങ്ങൾ പോലും അറിഞ്ഞ് അവളുടെെ മനസ്സ് അറിഞ്ഞതിനു ശേഷമാണ് ഇങ്ങനെയൊരു ചിന്ത മനസിലുണ്ടായത്‌. ഏതൊരാണും ആഗ്രഹിക്കുന്നത് അവന്റെ കുറ്റങ്ങളും, കുറവുകളും മനസിലാക്കി സ്നേഹിക്കുന്ന പെണ്ണിനെയാണ്. നീതുവിന് ആ ഒരു മനസ്സുണ്ട്. അവൾക്ക് എന്നെയും എനിക്ക് അവളെയും ഏതൊരു ഉപാധിയും ഇല്ലാതെ പരസ്പരം മനസിലാക്കാൻ കഴിയും എന്നു തോന്നി. ഞാൻ വന്ന് നിങ്ങളുടെ വീട്ടിൽ ചോദിച്ചാൽ എന്റെ അവസ്ഥ വെച്ച് അപമാനിതനായി മടങ്ങേണ്ടി വരും എന്നറിയാവുന്നത് കൊണ്ടാണ് അവളോട് പറഞ്ഞത്. ഇതവൾക്ക് തീർക്കാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ.'. എന്നെയിഷ്ടമല്ല, ഇതിനൊന്നും താല്പര്യമില്ല എന്നൊരു വാക്ക് മതി, പിന്നെ അവളുടെ കൺവെട്ടത്ത് ഞാൻ പോകില്ല. അവൾ പറയാത്തിടത്തോളം കാലം ചേട്ടനല്ല ആരു പറഞ്ഞാലും ഞാൻ പിന്മാറില്ല.
"നിനക്കെന്താണ് ജോലി " ?ഹരി ചോദിച്ചു. ഇലക്ട്രിക്കലും, പ്ലംബിംഗുമാണെന്ന് വേണമെങ്കിൽ പറയാം. അതിനുള്ള ലൈസെൻസും ഉണ്ട്. പക്ഷേ എനിക്ക് രാവിലെ എഴുനേല്ക്കുന്നതു മുതൽ ചെയ്യുന്നതെല്ലാം ജോലികളാണ്. പശുവിനെ കുളിപ്പിക്കുന്നത് തൊട്ട് രാത്രി ഓട്ടോ ഓടിക്കുന്നത് വരെ.ഞാൻ ഇപ്പോഴും പറയുന്നു, നിങ്ങളെ ആരേയും വിഷമിപ്പിക്കണം എന്നെനിക്കില്ല. നീതുവിന്റെ തീരുമാനം എന്തായാലും, അത് തന്നെയാണ് എന്റെയും തീരുമാനം." ഇത്രയൊക്കെ സംസാരിക്കുമ്പോഴും അവന്റെ മുഖത്തെ പുഞ്ചിരി മായാത്തത് ഹരികൃഷ്ണൻ ശ്രദ്ധിച്ചു.വിഷ്ണു നല്ല വനാണെന്ന് അവന്റെ ഓരോ വാക്കും വിളിച്ച് പറയുന്നുണ്ടായിരുന്നു. നീതുവിനെ പറ്റി പറയുമ്പോൾ അവന്റെ മുഖത്തെ തെളിച്ചം, അവളെ അവന്എത്രത്തോളം ഇഷ്ടമുണ്ടെന്ന് ഹരിക്ക് മനസിലാവുന്നുണ്ടായിരുന്നു. അവനെ നോക്കി ഹരി പറഞ്ഞു
"നിന്നെ അവളൊരിക്കലും ഇഷ്ടമാണെന്ന് പറയില്ല, കാരണം ഞങ്ങളുടെ സ്നേഹം അത് എന്താണെന്ന് അവൾക്ക് ശരിക്കും അറിയാം. ഞങ്ങൾ പറയുന്ന ആളെത്തന്നെ അവൾ വിവാഹം കഴിക്കുകയും ചെയ്യും. പക്ഷേ നിന്നെയോർത്ത് അവൾ ജീവിതകാലം മുഴുവൻ മനസ്സിൽ കരയുന്നത് ഞാൻ കാണേണ്ടി വരും. വിനി പറഞ്ഞില്ലെങ്കിൽ ഒരിക്കലും ഞാൻ നിന്നെ അറിയാൻ ശ്രമിക്കില്ലായിരുന്നു. എനിക്കിഷ്ടമായ് നിന്നെ.പക്ഷേഏത് കാര്യത്തിലും അച്ഛന്റേയും അമ്മയുടേയും അനുഗ്രഹം വേണം, അതില്ലാതെ എന്ത് നേടിയിട്ടും കാര്യമില്ല. ആദ്യം അവരുടെ സമ്മതം വാങ്ങട്ടെ. ഞാൻ പറഞ്ഞാൽ അവർ സമ്മതിക്കും എന്നാണെന്റെ വിശ്വാസം. കൈയിലിരുന്ന ഗിഫ്റ്റ് പാക്കറ്റ് വിഷ്ണുവിന് നേരെ നീട്ടി ഹരി ചോദിച്ചു "ഇതിൽ എന്താ, സ്വർണ്ണമോ, മറ്റോ ആണോ, എന്തായാലും ഇതിവിടെ ഇരിിക്കട്ടെ." വിഷ്ണുവിന്റെ മുഖത്ത് പെട്ടെന്നൊരു ചമ്മൽ വന്നു. "സ്വർണ്ണമൊന്നുമല്ല ഇത് ,കഴിഞ്ഞ പ്രാവശ്യം ഗുരുവായൂർ പോയപ്പോൾ വാങ്ങിയ കുപ്പിവളകളും, മുത്തുമാലയുമൊക്കെയാണ് ".ഹരി അറിയാതെ ഒന്ന് ചിരിച്ചു പോയി.ഹരി അവന്റെ തോളിൽ കൈവെച്ച് കൊണ്ട് പറഞ്ഞു. "ഞങ്ങൾ നിനക്ക് തരാൻ പോകുന്നത് ഞങ്ങളുടെ ഒക്കെജീവനാണ് "നീ അവളെ കരയിക്കാതെ നോക്കില്ലേടാ ... "അതു പറയുമ്പോൾ അയാളുടെ കണ്ണുകൾ ചെറുതായ് നിറഞ്ഞിരുന്നു. "അവളെ പൊന്നുപോലെ നോക്കാം, രാജകുമാരിയെ പോലെ വാഴിക്കാം എന്നൊന്നും ഞാൻ പറയില്ല, എനിക്കെന്തൊക്കെയുണ്ടാകുമോ അതൊക്കെ അവൾക്കുമുണ്ടാകും. ഒരു വാക്ക് ഞാൻ തരാം, എന്റെ മരണത്തിനല്ലാതെ എന്റെ കാരണം കൊണ്ടൊരിക്കലും അവൾക്ക് മനസ്സറിഞ്ഞ് കരയേണ്ടി വരില്ല." എന്ന് പറഞ്ഞു വിഷ്ണു ഹരിയുടെ കൈയിൽ ചേർത്ത് പിടിച്ചു.അവനെ ഒന്നുകൂടി നോക്കി ഹരി ബുള്ളറ്റ് സ്റ്റാർട്ട് ആക്കി ഓടിച്ച് പോയി.
വീട്ടിലെത്തുമ്പോൾ അച്ഛനും അമ്മയും തൊടിയിൽ കിടക്കുന്ന തേങ്ങ പെറുക്കി കൂട്ടുകയായിരുന്നു. അയാൾ ബൈക്ക് നിർത്തി അവരുടെ അടുത്തേക്ക് ചെന്ന് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്, എന്നു പറഞ്ഞപ്പോൾ അവർ രണ്ടാളും ഹരിയെ ചോദ്യഭാവത്തിൽ നോക്കി. രണ്ടു പേരോടും ഹരി കാര്യങ്ങൾ വിശദമായ് പറഞ്ഞു. കേട്ടു കഴിഞ്ഞപ്പോൾ രണ്ടാളും കുറച്ച് നേരം ഒന്നും മിണ്ടിയില്ല. ഹരിയെ നോക്കി ശങ്കരൻ നായർ പറഞ്ഞു " കുട്ടികളായാൽ ഇങ്ങനെ ചില ഇഷ്ടങ്ങൾ ഒക്കെ ഉണ്ടായെന്നു വരും, അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക ,അത്രേ ഉള്ളൂ. നാലാള് ചോദിക്കുമ്പോൾ നമ്മളെന്ത് പറയും. നമ്മുടെ അന്തസ് നോക്കണ്ടെ ഹരി, അവൾക്ക് ഇതിനേക്കാളും നല്ലത് കിട്ടും. അതല്ലേ നല്ലത് ".
" ശരിയാണ് അച്ഛൻ പറഞ്ഞത്, നല്ലത് കിട്ടും.... ആർക്ക്, ?നമ്മൾക്ക് .എത്ര നല്ലതായാലും അവളുടെ മനസ്സിന് ഇഷ്ടമാകണ്ടേ അച്ഛാ. അന്തസ് നോക്കി അച്ഛൻ അവളെ ആർക്കാണ് കെട്ടിച്ച് കൊടുക്കാൻ പോകുന്നത്. ഏതോഒരു ബ്രോക്കർ കൊണ്ടുവരുന്ന നമുക്ക് ഒരു പരിചയവുമില്ലാത്ത ചെക്കനെയോ .. അവന്റെ ജോലിയുടെയും ശമ്പളത്തിന്റെയും കനം വെച്ച് നമ്മുടെ കുട്ടിക്ക് വിലയിടുന്ന അവന്റെ കുടുംബക്കാരുടെ ഇടയിലേക്കോ. നമുക്ക് വേണ്ടത് അവളുടെ സന്തോഷമല്ലേ. അതിനു അവൾക്കറിയാവുന്ന അവളെ അറിയാവുന്ന ഒരുത്തനെ കൊണ്ട് കെട്ടിക്കുന്നതല്ലേ നല്ലത്. വിഷ്ണുവിന്റെ കുടുംബം ഒരു സാധാരണ കുടുംബമാണ്. നീതു ആ വീട്ടിൽ ചെന്നാൽ അവർക്ക് അവളൊരു രാജകുമാരി ആയിരിക്കും തീർച്ച. ഇത്രേം കാലം അവൾക്ക് വേണ്ടി നല്ലത് ചെയ്തിട്ട് കല്യാണത്തിന്റെ കാര്യത്തിൽ ഒരു അബദ്ധം പറ്റിയാൽ നമുക്ക് സഹിക്കാൻ കഴിയോ.. വിഷ്ണു നല്ലവനാണ്.അധ്വാനിക്കാനുള്ള ഒരു മനസ്സുമുണ്ട് അവന്. വലിയ ജോലി ഉള്ള ഒരുത്തനെ കൊണ്ട് കെട്ടിച്ചാ നമുക്ക് എല്ലാവർക്കും അത് വലിയ കാര്യമായ് പറഞ്ഞു നടക്കാനെ പറ്റൂ.. നമ്മുടെ കുട്ടി നമുടെ കൺവെട്ടത്ത് സന്തോഷമായി ഇരിക്കുന്നതല്ലേ അച്ഛാ നല്ലത് "
ഹരി പ്രതീക്ഷയോടെ ഇരുവരെയും മാറി മാറി നോക്കി. ശങ്കരൻനായർ അൽപ നേരം കൂടി ആലോചിച്ചു നിന്ന ശേഷം വിലാസിനിയമ്മയോട് പറഞ്ഞു.
"ഹരി പറഞ്ഞതിലും കാര്യമുണ്ട്. നിന്റെ അഭിപ്രായം പറയൂ.. അതുപോലെ ചെയ്യാം."
വിലാസിനിയമ്മ ഹരിയുടെ മുടിയിൽ സ്നേഹത്തോടെ തലോടികൊണ്ട് പറഞ്ഞു.
" ഞാൻ അവളെ പ്രസവിച്ചു എന്നേ ഉള്ളൂ. വളർത്തിയതു മുഴുവൻ നീയാണ്. അവൾക്ക് നല്ലതു വരുത്തുന്നതേ മാത്രമേ നീ ചിന്തിക്കുള്ളൂന്ന് ഞങ്ങൾക്കുറപ്പുണ്ട്. നിന്റെ ഇഷ്ടം എന്താണോ അതുപോലെ ചെയ്യാം."
ഹരി അമ്മയെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്ത് അകത്തേക്ക് നടന്നു.
ഹരി ചെല്ലുമ്പോൾ നീതു കട്ടിലിൽ കിടക്കുക തന്നെ ആയിരുന്നു. മോളെ എന്നു വിളിച്ചപ്പോൾ അവൾ കട്ടിലിൽ നിന്ന് എഴുന്നേറ്റുനിന്ന് അയാളെ നോക്കി ചിരിച്ചു.ഹരി അവളുടെ അടുത്ത് ചെന്ന് പുറകിൽ മറച്ചു പിടിച്ചിരുന്ന ആ ഗിഫ്റ്റ് പാക്കറ്റ് എടുത്ത് അവൾക്ക് നേരെ നീട്ടി. അവൾ പേടിയോടെ അയാളെ ഒന്നു നോക്കി.
"നീ പേടിക്കണ്ട. ഇതു വാങ്ങിച്ചോ.. ഞാൻ വിഷ്ണുവിനെ കണ്ടിട്ടാണ് വരുന്നത്.പെങ്ങൻമാരുടെ മനസ്സറിയാൻ കഴിയാത്തവനെയൊക്കെ ആങ്ങളയാണെന്ന് പറയാൻ കഴിയോ.. നിന്റെ ഇഷ്ടം എന്താണോ അതേ നടക്കൂ.. "
ഹരി പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുമ്പേ നീതു അയാളെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങിയിരുന്നു.കരയുന്നതിനോടൊപ്പം ചിരിക്കുകയും ചെയ്യുന്ന അവളുടെ കാതിൽ മെല്ലെ പറഞ്ഞു.
" നിന്റെ ആ കൂട്ടുകാരി ഇല്ലേ കാന്താരി വിനിത. അവളെ സ്ത്രീധനം വാങ്ങാതെ തന്നെ ഞാൻ കെട്ടിക്കോട്ടെ എന്ന് ചോദിച്ചു നോക്ക്.. "
ഇതു കേട്ടതും നീതുവിന്റെ മുഖത്ത് കരച്ചിൽ മാറി ചിരി മാത്രം ആയി.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo