ശ്രീകോവിലിനുള്ളിൽ തെളിയുന്ന വിളക്കുകൾക്ക് മുന്നിൽ സർവ്വാഭരണ വിഭൂഷയായിരിക്കുന്ന ദേവിയെ മനസ്സറിഞ്ഞു തൊഴുത് തിരിഞ്ഞപ്പോഴാണ് കണ്ടത് തന്റെ നേർക്ക് നീണ്ടിരിക്കുന്ന ആ കരിനീലക്കണ്ണുകളുടെ നോട്ടം.ആ കണ്ണുകളെ തിരിച്ചറിയാൻ അധികനേരം വേണ്ടി വന്നില്ല. പണ്ട് ആൾക്കാർ കറ്റ മെതിക്കുന്നതിനിടയിൽ കൂടി ഓടിക്കളിമ്പോൾ ആരുടെയോ കറ്റയിൽ നിന്നു തെറിച്ചു വന്ന ഒരു നെൻ മണിയുടെ പതിരിന്റെ കഷ്ണം ആ കണ്ണിൽ സ്ഥാനം പിടിച്ചപ്പോൾ ഉള്ളിലെ ശ്വാസം ഉപയോഗിച്ചു ആ കരടൊന്നു നീക്കി. അന്ന് ഉറങ്ങാൻ കിടക്കുമ്പോൾ മനസ്സിൽ ആദ്യമായ് ആ കണ്ണുകൾ സ്ഥാനം പിടിച്ചു. പിന്നീടുള്ള എല്ലാ ദിവസങ്ങളിലും ഉറങ്ങാനും ഉണരാനും ആ കണ്ണുകളിലെ നോട്ടം മനസ്സിൽ സൂക്ഷിക്കേണ്ടി വന്നു.
പിന്നീട് അമ്പലക്കുളത്തിൽ ചാടിത്തിമിർക്കുമ്പോൾ, ദീപസ്തംഭത്തിൽ തിരിതെളിക്കുമ്പോൾ, പറമ്പിലെ പൊടിമണ്ണിൽ ഫുട്ബോൾ കളിക്കുമ്പോളെല്ലാം ആ കണ്ണുകൾ തന്നെ നേർക്ക് നീളുന്നത് അറിയുന്നുണ്ടായിരുന്നു. ആദ്യമായ് മുഴുപ്പാവാടയണിഞ്ഞ് മുന്നിലെത്തിയപ്പോൾ ആ കണ്ണിൽ തെളിഞ്ഞത് നാണത്തിന്റെ പൂത്തിരികളായിരുന്നു.പിന്നീടുള്ള കാഴ്ചകളിൽ പരസ്പരം കണ്ണുകൾ രചിച്ചത് അനുരാഗ കാവ്യങ്ങളായിരുന്നു.
പ്രദക്ഷിണവഴിയിൽ തൊട്ടുപുറകിലെത്തിയപ്പോൾ അവളൊന്നു തിരിഞ്ഞു. കണ്ണുകൾ തമ്മിലുടക്കി. പക്ഷേ പഴയതുപോലെ ചിരിക്കാൻ കഴിഞ്ഞില്ല. കുറച്ച് നേരം രണ്ടാളും പരിസരം മറന്നു നിന്നോ എന്നൊരു സംശയം.
"അമ്മേ... ഇതാരാ അമ്മേ... "
പെട്ടെന്നു ഒരു നാലു വയസ്സുകാരിയുടെ ശബ്ദം ചിന്തകളെ കീറിമുറിച്ചു.
" ഇത്.. ഇതൊരു മാമനാണ് മോളെ.."
എന്നു പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറിയിരുന്നോ.. അറിയില്ല.
നാലു വയസ്സുകാരിയുടെ തലയിൽ തഴുകി രണ്ടാളെയും നോക്കി പുഞ്ചിരിച്ചെന്നു വരുത്തി ഞാൻ തിരിഞ്ഞു നടക്കുമ്പോൾ ഞാൻ കാണുന്നുണ്ടായിരുന്നു അവളുടെ കണ്ണിൽ മുമ്പൊരിക്കൽ ഒരു കതിർ മണ്ഡപത്തിൽ വെച്ച് തന്റെ നേർക്ക് നോക്കിയപ്പോൾ ഉണ്ടായിരുന്ന അതേ കണ്ണുനീർ തുള്ളി....ആ ഒറ്റ തുള്ളിയിലൊഴുക്കിക്കളഞ്ഞ ഒരു പാട് സ്വപ്നങ്ങളും...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക