Slider

ഒടുക്കത്തെ വിശപ്പ്. (നർമ്മകഥ)

0

ഒടുക്കത്തെ വിശപ്പ്. (നർമ്മകഥ)
വൈകുന്നേരം എന്റെ ഭാര്യ തന്ന ചായ കുടിച്ചിട്ടും കുടിച്ചിട്ടില്ലാ കുടിച്ചിട്ടില്ലാ എന്നൊരു തോന്നല്. എന്തോ ഒരു ഇത് മാതിരി. ഒരു അസ്വസ്ഥത. ഒന്നുകൂടി കുടിച്ചാലോ എന്നും അത് ഇനി നാശ്ത ആയാലും കുഴപ്പമില്ലാ എന്നുമൊക്കെ ഒരു തോന്നൽ.
വീട്ടിൽ നിന്നിറങ്ങി അങ്ങാടിയിലേക്ക് എത്താനായപ്പോഴേക്കും ചായ എന്നതിൽ നിന്ന് നാശ്ത എന്നതിലേക്ക് എന്റെ ആശ ശക്തിപ്പെട്ടിരുന്നു.
അങ്ങാടിയിലെത്തിയതും ഒരു സ്നേഹിതന്റെ ഫോൺ കോള്. അവന് ഒരു നോട്ടീസെറക്കാൻ മാറ്റർ വേണമത്രെ. ഹാവൂ സമാധാനായി. നാശ്ത കഴിക്കണംന്ന് ആഗ്രഹിച്ചപ്പോഴേക്കും പടച്ചോൻ ഓരോ അവസരങ്ങൾ ഉണ്ടാക്കിത്തരണ കണ്ടില്ലെ..
അധികം താമസിച്ചില്ല അവൻ ബുക്കും പേനയുമായി ഹാജറായി. ഒഴിഞ്ഞ ഒരു സ്ഥലം നോക്കി ഞങ്ങൾ നടന്നു. നടത്തത്തിനിടയിൽ ഹോട്ടലിന്റെ അടുത്തെത്തുമ്പോൾ അറിയാതെ സ്പിഡ് കുറഞ്ഞു പോകും. ഒന്നും ഉണ്ടായിട്ടല്ല. ആ ചൂരും മണവും മൂക്കിലേക്ക് അടിച്ചു കേറി അവനെങ്ങാൻ വിശന്നാലോ..?
രക്ഷപ്പെടുമല്ലൊ.
പക്ഷെ അവനതൊന്നും ശ്രദ്ധിക്കുന്നേയില്ല. അവനോടങ്ങോട്ട് ചായ കുടിക്കുകയല്ലെ എന്ന് ചോദിച്ചാലൊ..
വേണ്ട. അവന്റെ കാശും ഞാൻ കൊടുക്കേണ്ടി വരും.
ഹൊ.. ചെകുത്താനും കടലിനും ഇടയിലായിപ്പോയല്ലൊ.
ഒരു വിധം ഉദ്ദേശിച്ച സ്ഥലത്ത് തന്നെ പോയിരുന്നു. മാറ്റർ എഴുതാനുള്ള വിഷയം അവൻ പറഞ്ഞപ്പോൾ സംഗതി വളരെ നിസ്സാരം. പത്ത് മിനിറ്റു വേണ്ട എഴുതിത്തീർക്കാൻ.
പക്ഷെ പത്ത് മിനിറ്റുകൊണ്ട് എഴുതിത്തിർക്കാൻ ഉദ്യേശമില്ലായിരുന്നു. ഒരു നാശ്ത കിട്ടണമെങ്കിൽ ഒന്ന് പ്രയാസപ്പെടണം. അതു കൊണ്ട് ഓരോ വാചകങ്ങളും വളരെ ശ്രദ്ധിച്ച് ആലോചിച്ച് എഴുതുകയാണ് ഞാൻ. ഇടയ്ക്ക് അവന്റെ മുഖത്തേക്ക് നോക്കും. കൺവെട്ടത്തുള്ള ഹോട്ടലിലേക്കും ഒന്ന് എത്തി നോക്കും.
ഈ പഹയന് വിശപ്പും ദാഹവും ഒന്നും ഇല്ലെ?. ഒരു ചായ പോലും കുടിക്കാത്ത... ഇവനെയൊക്കെ എന്താ പറയാ..
നാശ്ത ഇല്ലെങ്കി ഒരു ചായ. അതും ഇല്ലെങ്കി ഒരു ലൈമ്.. അതുമല്ലെങ്കിൽ ഒരു കടല പായ്ക്കറ്റെങ്കിലും.. ഒന്നുമില്ല സൂർ ത്തുക്കളെ. നിരാശ മാത്രമാണ് നിരാശ മാത്രം.
മഗ് രിബ് ബാങ്ക് കൊടുക്കുന്നത് വരെ ചിന്തിച്ചും ആലോചിച്ചും ഒരു വിധം ഒപ്പിച്ചു. അവസാനം അവൻ ബുക്കും വാങ്ങി പാഞ്ഞു.പ്ളിംഗിതനായ ഞാൻ നേരെ പള്ളിയിലേക്ക്.
നിസ്കാരം കഴിഞ്ഞ് വേഗം പുറത്തിറങ്ങി നാല് പാടും നോക്കി. ഒന്നുമല്ല പരിചയക്കാരാരെങ്കിലും ഏതെങ്കിലും ഹോട്ടലിൽ കയറുന്നുണ്ടോ എന്നറിയാനാ.. അങ്ങാടിയിൽ ഒരു സമ്പ്രദായമുണ്ട്. ചായ കുടിക്കാൻ സംഘമായി കയറുമ്പോൾ പരിചയക്കാരെ ക്ഷണിക്കേണ്ട ആവശ്യമില്ല. കണ്ടറിഞ്ഞ് കൂടെ കയറുക. അതു കൊണ്ട് തന്നെ പലരും നാശ്ത കഴിക്കാൻ അഞ്ച് കിലോമീറ്റർ അപ്പുറമുള്ള പുത്തനത്താണിയിലേക്കാണ് പോകാറ്. അവിടെയാണെങ്കിൽ ആരും കാണില്ലല്ലോ,
അങ്ങേത്തലക്കൽ പരിചയക്കാരുടെ ചെറിയ ഒരു കൂട്ടം കാണാനുണ്ട്.ഞാൻ വേഗം അങ്ങോട്ട് വച്ചുപിടിച്ചു. ഭാഗ്യം! രക്ഷപ്പെട്ടു! അവർ ഹോട്ടലിൽ കയറുന്നു. പിന്നാലെ ഞാനും കയറി ഹോട്ടലിലേക്ക്.
ഹാവൂ!എന്താ മണം! വായിലൊക്കെ വെള്ളം നിറയുന്നു.കൈ കഴുകാൻ പോകാതെ വേഗം സീറ്റിലിരുന്നു.മറ്റുള്ളവരൊക്കെ കൈ കഴുകാൻ പോയ തക്കത്തിന് ഒരു പഴംപൊരി എടുത്ത് വായിലിട്ടിരുന്നു.
കൈ കഴുകാൻ പോയവർ വരുന്നതിനു മുമ്പെ ഒരു അടയാളവും ബാക്കി വയ്ക്കാതെ പഴംപൊരി അകത്താക്കണം എന്നതായിരുന്നു ഞമ്മളെ പ്ളാൻ.
പക്ഷെ അവരെ കാണുന്നില്ലല്ലോ.. ഞാൻ എണീറ്റ് കൈ കഴുകുന്നിടത്തേക്ക് പോയി നോക്കി. അവരെ കാണാനില്ലല്ലോ.. പ്ളിം ഗിതനായോ താൻ?. അടുക്കള വാതിലിലൂടെ അവർ പുറത്തിറങ്ങീട്ടുണ്ടാവും.
അടുക്കള വാതിലിലൂടെത്തന്നെ ഞാനും പുറത്തിറങ്ങി. എന്റെ ഇറക്കം കണ്ട് മുതലാളിക്ക് ഒരു ചെറിയ ശങ്ക.. ഇവന് വയറിന് എന്തെങ്കിലും പറ്റിയോ. പഴംപൊരിക്ക് കുഴപ്പം എന്തെങ്കിലും ഉണ്ടാവോ?.കാരണം ഞാൻ കക്കൂസിലേക്കാണെന്നാണ് ആ പാവം തെറ്റിദ്ധരിച്ചിരിക്കുന്നെ.
പുറത്തിറങ്ങിയപ്പോഴുണ്ട് നമ്മുടെ ആൾക്കാർ അപ്പുറത്ത് കൂട്ടം കൂടി നിൽക്കുന്നു.
സത്യത്തിൽ അവരെ കണ്ടപ്പോൾ എനിക്ക് ചമ്മലാണോ വന്നത്, സങ്കടമാണോ വന്നത്, ദേഷ്യമാണോ വന്നത് എന്ന കാര്യത്തിൽ എനിക്ക് തന്നെ പിടിയില്ല.
ഞാൻ ഒഴിഞ്ഞു പോകാൻ നിന്നപ്പോൾ അവരിലൊരാൾ എന്നെ വിളിച്ചു പറയുവാ.. ഹോട്ടലിൽ കയറിയാ എന്തെങ്കിലും തിന്നിട്ടെ ഇറങ്ങൂ അല്ലെ എന്ന്. അവന്റെ മോന്തക്കിട്ട് ഒന്നു കൊടുക്കണംന്ന് തോന്നിയതാ.. പക്ഷെ വേണ്ടാന്ന് വച്ചു.കാരണം അവന്റെ കൈയിൽ കുറച്ച് നോട്ടുകൾ. ഇനി വേറെ ഏതെങ്കിലും ഹോട്ടലിൽ കയറാനായിരിക്കുമോ?.
"എന്താ പരിപാടി?"എന്റെ ചോദ്യം.
"അങ്ങേത്തലക്കൽ ഒരു പെമ്പിറന്നോൾ നാട്ടിൽ പോകാൻ പൈസയില്ലാതെ നിന്ന് കരയുന്നുണ്ട്. കുറച്ച് പൈസ പിരിച്ച് അതിനെ ഒരു വണ്ടി പിടിച്ച് പറഞ്ഞയക്കണം".
ആൾക്കൂട്ടത്തിലെ തലവൻ പറഞ്ഞു.
"അയ്ക്കോട്ടെ. നമ്മക്ക് പിരിക്കണം.അതിനെന്താ നല്ല കാര്യല്ലെ?". ഞാനും വലിയ ആളാവാൻ നോക്കി.
അങ്ങിനെ പിരിവ് തുടങ്ങി ജോറായി പിരിച്ചു. എന്റെ വിശപ്പൊക്കെതൽക്കാലം മറന്നു. പിരിവു കഴിഞ്ഞാൽ അസ്സലായി നാശ്ത കിട്ടാൻ സാദ്ധ്യതയുണ്ട്. അതിനല്ലെ നമ്മൾ മുന്നിട്ടിറങ്ങിയെ..
അവസാനം അറുനൂറ്റിമുപ്പത്തിരണ്ട് രൂപഭംഗിയായി ഞങ്ങളെല്ലാരും കൂടി പിരിച്ചെടുത്തു. അപ്പുറത്തുള്ള സ്ത്രീക്ക് പണം കൊടുക്കാൻ എന്നെത്തന്നെയാ ചുമതലപ്പെടുത്തിയത്. പെമ്പിറന്നോൾ ചെറുപ്പക്കാരിയാണെങ്കിൽ നമ്മളോട് വല്ല സിമ്പതിയും തോന്നിയാലോ..
സ്ത്രീയുടെ അടുത്ത് എത്തും തോറും കൂടെയുള്ളവർ ഓരോരുത്തരായി പിൻവലിഞ്ഞിരുന്നു. അവസാനം ഞാനൊറ്റക്കായി. പറഞ്ഞ സ്ഥലത്തെത്തിയതും ആ സ്ത്രീയെ കണ്ട് ഞാനാകെ തരിച്ചുപോയി സൂർ ത്തുക്കളെ.ആ ടെക്സ്റ്റയിൽസിൽ അന്ന് പുതുതായി കൊണ്ട് വന്ന ബൊമ്മയായിരുന്നു അത് സൂർത്തുക്കളെ. നല്ല ഒരു അപായയും, തട്ടവും, മഫ്തയും ഒക്കെ ധരിപ്പിച്ച് ഒരു മൊഞ്ചത്തിനെപ്പോലെ നിൽക്കുന്ന ബൊമ്മ. ഞാനാകെ വിയർത്തു. സങ്കടവും ദേഷ്യവും ഒരു പോലെ വന്നു.
അപ്പൊഴുണ്ട് ഞമ്മക്ക് ഒരു ഫോണ് കോള് .
ആ പൈസ കൊട്ത്തോന്നാ ചോദ്യം. ഇല്ലെങ്കി എന്നോട് പുഴുങ്ങിത്തിന്നാന്.. എന്റെ ആർത്തിയും വിശപ്പും അങ്ങട്ട് തീരട്ടേന്ന്.
അതിന് ശേഷം ഇന്നേവരെ ഞമ്മള് ആരാന്റെ തിന്നാന് ആശ വച്ചിട്ടില്ല സൂർത്തുക്കളെ.
ഹുസൈൻ എം കെ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo