നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചില വീട്ട് വിശേഷങ്ങള്‍.


മൊബൈല്‍ ഫോണും കയ്യില്‍ പിടിച്ച് അലമാരയിലും മേശ വലിപ്പിലും എന്തൊ തിരയുന്നതിനിടയില്‍ രമാ ദേവി വിളിച്ചു ചോദിച്ചു,
"രാധേട്ടാ... ഞാനിവിടെ വച്ചിരുന്ന മീറ്റര്‍ കണ്ടോ"?
ഉമ്മറത്തെ പടിക്കെട്ടില്‍ പത്രം വായിച്ചു കൊണ്ടിരുന്ന രാധാകൃഷ്ണനെന്ന രാധേട്ടന്‍, പത്രത്തില്‍ നിന്നും കണ്ണെടുക്കാതെ ഉച്ചത്തില്‍ മറുപടി പറഞ്ഞു
"നീയെന്തിനാ രാവിലെ മീറ്റര്‍ തപ്പുന്നെ? അത് ചുവരിലില്ലയൊ? വെറുതെ അതിലൊന്നും പോയി പിടിക്കണ്ട ഇന്നലത്തെ മഴയില്‍ ചുവരൊക്കെ നനഞ്ഞ് കിടക്കാണു, ഷോക്കടിക്കും". പിന്നെ ആത്മഗതമെന്നോണം 'വെറുതെ മോഹിപ്പിക്കയാണു, രാവിലെ '.
"ഓഹ്, അതല്ല രാധേട്ട! മീറ്റര്‍ , മീറ്റര്‍" രമ അകത്ത് നിന്നും വിളിച്ചു പറഞ്ഞു.
"മെഷര്‍‌മെന്റ് ടേപ്പ് അച്ഛ! അതാണു അമ്മ തിരക്കുന്നത്?" വനിത വായിച്ച് കൊണ്ടിരുന്ന മോളാണു മറുപടി നല്കി യത്.
"അങ്ങനെ പറ! മീറ്റര്‍ മീറ്റര്‍ എന്നു പറഞ്ഞാല്‍..." രാധേട്ടന്‍ മറുപടി പറഞ്ഞു.
"ഹ ..ഹ.. അച്ഛനറിയില്ലെ, അമ്മയ്ക്ക് എല്ലാ ടൂത്ത് പേസ്റ്റും കോള്‍‌ഗേറ്റാണു, എല്ലാ വാഷിങ്ങ് പൗഡറും സര്‍ഫാണു, അളക്കുന്നതെന്തും മീറ്ററാണു".
"ഓഹ്.. എന്നെ തിരുത്താന്‍ എന്തൊരു ഉത്സാഹം, ഇത് നിന്റെ പരീക്ഷ പേപ്പറില്‍ കാണിച്ചിരുന്നെങ്കില്‍ ഇയര്‍ ഔട്ട് ആയി വനിതയും വായിച്ച് വീട്ടിലിരിക്കണ്ടായിരുന്നു".
"നിനക്കെന്തിനാ ഇപ്പോള്‍ മെഷര്‍‌മെന്റ് ടേപ്പ്"? അകത്തേക്ക് കയറീ വന്ന രാധേട്ടന്‍ തിരക്കി
"അത്, ഇന്നലെ രാത്രി സണ്ണി കാവുവിള ഒരു പോസ്റ്റ് ഇട്ടു, അതിന്റെ നീളമൊന്നു അളക്കാനാ”
"നീ എന്തിനാ രാവിലെ പോസ്റ്റിന്റെ നീളമളക്കുന്നെ, സാധാ പോസ്റ്റ് ആറു മീറ്റര്‍, 11KV കൂടി ഉണ്ടെങ്കില്‍ ഒന്പത് മീറ്റര്‍"
"ഈ ബുദ്ധി തക്കസമയത്ത് പ്രവര്‍ത്തിച്ചിരുന്നു എങ്കില്‍ സസ്പെഷനും മേടിച്ച് കട്ടന്‍ ചായയും കുടിച്ച് പത്രോം വായിച്ച് വീട്ടിലിരിക്കേണ്ടി വരില്ലായിരുന്നു. ഇലക്ട്രിക് പോസ്റ്റ് അല്ല മനുഷ്യ, എഫ് ബി യിലെ പോസ്റ്റിന്റെ കാര്യമാണു".
"എഫ് ബി യിലെ പോസ്റ്റിന്റെ നീളമളക്കാനോ? അതെങ്ങനെ?"
"അതൊക്കെയുണ്ട്, ഞങ്ങള്‍ എഫ് ബി ജിവികള്‍ക്കറിയാം"
"എന്നാത്തിനാ രമെ നീ പോസ്റ്റ് അളന്ന് വായിക്കുന്നെ"?
"ഹും... അവന്റെ കഴിഞ്ഞ പോസ്റ്റ് വായിച്ച കഥയൊന്നും പറയണ്ട, അന്നാണു ഞാന്‍ ഒരു ഉച്ചക്ക് ഒരോട്ടയില്‍ ഇവിടെ വന്നിറങ്ങിയത്"
"അന്നു നീ പറഞ്ഞത്, നിന്റെ അമ്മയ്ക്ക് പെട്ടെന്ന് വയ്യാതായി, നീ നിന്റെ വീട്ടില്‍ പോയിട്ട് വന്നു എന്നല്ലെ?"
"അത് പിന്നെ, അന്ന് അങ്ങനെ പറഞ്ഞന്നെയുള്ളു..സത്യം അതല്ല. അന്നും നിങ്ങള്ക്ക് ചായയും തന്നു മുറ്റത്ത് ഉലാത്തി കൊണ്ട് സണ്ണി കാവുവിളയുടെ പോസ്റ്റ് വായിച്ച് തുടങ്ങിയതാണു. വായനയില്‍ മുഴുകി ഗേറ്റും കടന്ന് കല്ലമ്പലം ജംഗ്ഷനിലെത്തി, അവിടെന്ന് പിന്നേയും പോയി... പോസ്റ്റ് വായിച്ചു തീര്‍ന്നപ്പോള്‍ ഞാന്‍ ആറ്റിങ്ങല്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്ഡി്നു മുന്നില്‍ നില്ക്കുന്നു."
"എന്നിട്ട്" രാധേട്ടന്‍ അവിശ്വസനീയതയോടെ ചോദിച്ചു.
'എന്നിട്ടെന്താ ഒരോട്ടോ പിടിച്ച് ഞാനിങ്ങ് പോന്നു"
"നീന്നെയൊക്കെ തല്ലി കൊല്ലേണ്ട കാലം കഴിഞ്ഞു. വേറേ ഒരു ജോലിയുമില്ലെ നിനക്കൊന്നും? എപ്പോഴും ഫെയ്സ് ബുക്കെന്നും പറഞ്ഞ് മൊബൈലില്‍ കുത്തി കൊണ്ടിരിക്കാതെ"
"നിങ്ങള്‍ ഇരുപത്തി നാലു മണിക്കൂറും പത്രവും വായിച്ച് ന്യൂസ് ചാനലും നോക്കി ഇരിക്കുന്നതൊ? അതിനു കുഴപ്പമില്ലെ"
"അത് പോലാണൊ ഫെയ്സ് ബുക്ക്? പത്രത്തിലും ടി വി യിലുമൊക്കെ ലോക വിവരങ്ങളറിയാം, ഓഹ് നിനക്കെന്ത് ലോക വിവരം"
"രാധേട്ടാ, കളിയാക്കണ്ട. ഞങ്ങള്‍ ഫെയ്സ് ബുക്ക് ജീവികളാണു ലോകത്തിലെ എല്ലാ വാര്‍ത്തകളും ആദ്യം അറീയുന്നതും പ്രതികരിക്കുന്നതും. നിങ്ങള്‍ക്ക് വായിക്കാനും കേള്‍ക്കാനുമല്ലെ കഴിയൂ? ഞങ്ങള്‍ക്ക് പ്രതികരിക്കനും പ്രതിഷേധിക്കാനും കഴിയും. സൗമ്യക്കും, ജിഷക്കും എങ്ങനാ നീതി കിട്ടിയതെന്നറിയോ"
"എങ്ങനാ? ഇവിടെ പോലീസും നിയമവും നീതിയുമുള്ളത് കൊണ്ട്"
"ഒലക്കേടെ മൂട്, എന്റെ രാധേട്ടാ! ഞങ്ങള്‍ ഫെയ്സ് ബുക്കില്‍ ഹാഷ് ടാഗിട്ട് പ്രതിഷേധിച്ചത് കൊണ്ടാണു, അല്ലെങ്കില്‍ കാണാമായിരുന്നു.. അധികാര വര്‍ഗ്ഗത്തെ ചൊല്പടിയില്‍ നിര്ത്താന്‍, എന്തു അക്രമങ്ങള്‍ക്കും അഴിമതിക്കുമെതിരെ ഞങ്ങള്‍ ഹാഷ് ടാഗിട്ട് പ്രതിഷേധിക്കും പ്രതികരിക്കും"
"ഹ ഹ.. എന്റെ രമേ... സ്വയം വിഡ്ഡിയാകല്ലെ. നിങ്ങളുടെ ഈ പ്രതിഷേധം ആരെങ്കിലും കാര്യമാക്കാറുണ്ടോ?"
"രാധേട്ടനു ലോക വിവരമില്ലെന്ന് പറ! ലോകത്ത് ഏതെങ്കിലുമൊരു സ്ത്രീ പീഡിപ്പിച്ചാല്‍ സകല ആണുങ്ങളെയും ഞങ്ങള്‍ പീഡനക്കാരായി ചിത്രീകരിച്ച് പോസ്റ്റിടും. മാനസിക വൈകല്യമുള്ള ഏതെങ്കിലുമൊരച്ഛന്‍, സ്വന്തം മകളുടെ ദേഹത്തൊന്നു നോക്കിയാല്‍ മതി, പിന്നെ ലോകത്തുള്ള ഒറ്റ തന്തമാരെയും ഞങ്ങള്‍ വെറുതെ വിടില്ല. അതിനി സ്വന്തം അപ്പനായാല്‍ പോലും"
"നിനക്കൊക്കെ മുഴു ഭ്രാന്താണു"
"രാധേട്ടനു അങ്ങനൊക്കെ തോന്നും, കഴിഞ്ഞയാഴ്ച ഞാനിട്ട ഒരു പോസ്റ്റിനു എഴുന്നൂറ് കമന്റും 1.5K ലൈക്സും കിട്ടി"
"ഒന്നര കിലൊ ലൈക്സോ? അത് നീ തൂക്കി നോക്കിയൊ"?
"ഹോ എന്റെ രാധേട്ടാ, ആയിരത്തി അഞ്ഞൂറ് ലൈക്സ്"
"എന്തായിരുന്നു നീ എഴുതിയ വിഷയം?"
"അത് നമ്മുടെ കൊച്ചു മോളു രണ്ട് ദിവസം ഇവിടെ വന്നു നിന്നിപ്പോള്‍, ഒരു ദിവസം നിങ്ങള്‍ ആവളെ കുളിപ്പിച്ചപ്പോള്‍, അവള്‍ ഇക്കിളികൊണ്ട് ചിരിച്ചില്ലെ? നിങ്ങള്‍ വീണ്ടും വീണ്ടും അവളെ ഇക്കിളി പെടുത്താന്‍ അവളുടെ ദേഹത്ത് വെള്ളം കോരി ഒഴിക്കുകയും സോപ്പിടുകയും ഒക്കെ ചെയ്തു? അത് ഞാന്‍ പോസ്റ്റാക്കി, ആണുങ്ങള്‍ക്ക് സ്ത്രീ ശരീരമെന്നും ഒരു വിനോധോപാധി മാത്രമാണെന്ന്".
"എടി.. അവള്‍ നമ്മൂടെ മോളൂടെ മോളല്ലെ.. അവള്‍ക്ക് നാലു വയസ്സല്ലെയുള്ളു... ഞാനവളുടെ അപ്പുപ്പനല്ലെ? അവളെ കൊഞ്ചിച്ചും കളിപ്പിച്ചും കുളിപ്പിച്ചത് നീ എങ്ങനാ നോക്കി കണ്ടത്"
"അത് ഞാന്‍ നിഷേധിക്കുന്നില്ല രാധേട്ട! പക്ഷെ എന്നിലെ എഴുത്ത് കാരിക്ക്, ഫെയ്സ് ബുക്കിലെ ഉത്തരവാദിത്വപ്പെട്ട പ്രതിഷേധക എന്ന നിലയില്‍ നിങ്ങളേ ഒരു പുരുഷനാനും കുഞ്ഞിനെ ഒരു സ്ത്രീയായും മാത്രമെ കാണാന്‍ കഴിയുള്ളു. അവിടെ പ്രായമൊ ബന്ധമൊ വിഷയമല്ല.
"നിന്നെയൊക്കെ ചങ്ങലക്കിട്ടാല്‍ ആ ചങ്ങലക്ക് ഭ്രാന്ത് പിടിക്കും" രാധേട്ടന്‍ തലക്ക് കൈ കൊടുത്ത് അടുത്ത് കണ്ട കസേരയിലിരുന്നു, പിന്നെ പറഞ്ഞു "നീയൊരു ചായ കൂടി എടുക്ക്"
രമ ചായയുടെ ഓര്‍ഡര്‍ മകള്‍ക്ക് കൈമാറീയിട്ട് രധേട്ടന്റെ അടുത്തുള്ള കസേരയില്‍ ഇരുന്നു കൊണ്ട് തുടര്‍ന്നു ,
"രാധേട്ടനറീയൊ? പി. പി. അനഘയുടെ ലാസ്റ്റ് പോസ്റ്റിനു പത്ത് ലക്ഷത്തിനുമേല്‍ ലൈക്സ് കിട്ടി, അസൂയ തോന്നുന്നു അത് കണ്ടിട്ട്."
"എന്തായിരുന്നു വിഷയം, ആണുങ്ങളെ തെറി വിളീച്ചു കൊണ്ടായിരുന്നോ?"
"മൊത്തത്തില്‍ അങ്ങനെ പറയാന്‍ പറ്റില്ല, എന്നാലും അനു ജി പറയുന്നത്, സ്ത്രീ പുരുഷ ബന്ധം പ്രത്യുല്പാദനത്തിനു വേണ്ടിയുള്ളതാണു, സെക്സ് ഒരു പ്ലഷര്‍ ആയി കാണുമ്പോള്‍ സ്ത്രീ ശരീരത്തെ നിങ്ങള്‍ ആണുങ്ങള്‍ ഒരു ഉപഭോഗ വസ്തുവായി കാണുകയാണു".
രാധേട്ടാനു മിണ്ടാട്ടം മുട്ടി. ഏതോ ചിന്തയിലോട്ട് വീണു. പെട്ടെന്ന് രമ രാധേട്ടനെ ചിന്തയില്‍ നിന്നും വിളിച്ചുണര്‍ത്തി പറഞ്ഞു,
"രാധേട്ടന്‍ ചിന്തിക്കുന്നത് എനിക്ക് മനസ്സിലായി, പേര്‍‌സണലായിട്ട് ഞാനതിനെ സപ്പോര്‍ട്ട് ചെയ്യുന്നില്ല, എന്നാലും അനു ജിയുടെ പോസ്റ്റാകുമ്പൊള്‍ പിന്നെ ഒരു എഫ് ബി ആക്റ്റിവിസ്റ്റ് എന്ന നിലക്ക് ഒഴിഞ്ഞ് മാറാനാകില്ലല്ലൊ........."
"നീയൊക്കെ തോന്നിവാസം എഴുതി വിടുമ്പൊള്‍ അതിനെതിരെ പ്രതികരിക്കാനും നിനക്കൊക്കെ മറുപടി തരാനും അവിടെ ആണുങ്ങളാരും ഇല്ലെ?"
"ഇല്ലാതില്ല, നട്ടെല്ലുള്ള വളരെ കുറച്ച് പേരുണ്ട്, അവര്‍ വന്ന് ഞങ്ങളെപോലെയുള്ളവരെ പറയുന്നത്, ഇതൊന്നും ഞങ്ങളുടെ കുറ്റമല്ല, ഞങ്ങളൂടെ മൂന്ന് തലമുറയെങ്കിലും ചെയ്ത നികൃഷ്ടതയുടെ പരിണിത ഫലമാണു ഞങ്ങള്‍ എന്ന് പോലീസ് ഭാഷയില്‍ വ്യാഖ്യാനിക്കും."
"നിങ്ങളപ്പൊള്‍ ഇവരെയും തന്തക്ക് വിളിക്കുമായിരിക്കും അല്ലെ"
"ഇല്ല, ഞങ്ങള്‍ ഒന്നും പറയില്ല, ഞങ്ങളത്തരക്കാരെ ബ്ലോക്കും. ഞങ്ങളെ സഹായിക്കാന്‍ കുറെ നപുംസകങ്ങളുണ്ട്. അവന്മാര്‍ തമ്മില്‍ കൈകൊടുക്കും. അവരാണു നമ്മുടെ ശക്തിയും സപ്പോര്ട്ടും . ഒറ്റ പ്രശ്നമേയുള്ളു.. ഇവന്മാര്‍ പിന്നെ രാത്രിയില്‍ മെസേജ് ബോക്സില്‍ വന്ന് വിവരമന്വേഷിക്കും."
"നിനക്കും മെസേജ് ബോക്സില്‍ സപ്പോര്ട്ട് ഉണ്ടോ?"
"ഓഹ് പിന്നെ, ഒന്ന് പോ രാധേട്ടാ! ഇനിയിപ്പൊ ഈ വയസ്സാം കാലത്ത്, ഞാന്‍ കമന്റ് ബോക്സില്‍ മാത്രമെയുള്ളു".
"എഴുതുന്നവരുടേതൊക്കെ വായിച്ച് കമന്റിടാനുള്ള സമയവും ക്ഷമയും ഉണ്ടോ നിനക്ക്?"
"എന്റെ രാധേട്ടാ!!!! ഫെയ്സ് ബുക്കില്‍ വായനക്കാരെക്കാള്‍ കൂടുതല്‍ എഴുത്ത്കാരാണു, ഇവരുടേതെല്ലാം വായിക്കാനൊന്നും പറ്റുകേല, ഇന്നത്തെ കാലത്ത്, കൊള്ളാം, മനോഹരം, നന്നായി എഴുതി, വെല്‍ റിട്ടണ്‍ എന്നൊക്കെ പറഞ്ഞാല്‍ ആളുകള്‍ക്കറിയാം ഉടായിപ്പ് കമന്റാണെന്ന്. വായിച്ച് എന്നു തോന്നിപ്പിക്കുന്ന കമന്റ് എഴുതണം"
"വായിക്കാതെ അങ്ങനെ എഴുതാന്‍ കഴിയുമോ"?
"കഴിയും, അതിനു ചില ടെക്നിക് ഉണ്ട്. ഒരു പോസ്റ്റിലും ആദ്യം കയറി കമന്റിടരുത്. ഒരു പത്ത് പതിനഞ്ച കമന്റ് വന്ന ശേഷം ആ കമന്റുകള്‍ വായിക്കണം. അതിലൊരു അഞ്ചു കമന്റ് എഴുതിയ ആളിന്റെ ചങ്ക്കളായിരിക്കും, അതില്‍ നിന്നും വിഷയം മനസ്സിലാകും. പിന്നെ അത് വച്ച് ഒരു രണ്ട് വരി കാച്ചണം, പിന്നെ തമാശ എഴുതുന്നവരുണ്ട്, കദന കഥ എഴുതുന്നവരുണ്ട്, അനുഭമെഴുതുന്നവരുണ്ട്, ഇവരെയൊക്കെ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് കമന്റ് കൊടുക്കണം, ആദ്യത്തെ ബുദ്ധിമുട്ടെയുള്ളു പിന്നെ ശരിയായി കൊള്ളൂം."
രാധേട്ടന്‍ ഭാര്യയെ ബഹുമാനപൂര്‍‌വ്വം നോക്കിയിരുന്നു. എന്തോ ഒരു അത്ഭുത പ്രതിഭാസത്തെ കാണുന്ന പോലെ. എന്നിട്ട് മെല്ലെ ചോദിച്ചു,
"ഞാനൊരു ചായ വേണമെന്ന് പറഞ്ഞിരുന്നു, അതെന്തായി"?
"അത് ഞാന്‍ മോളോട് പറഞ്ഞിട്ടുണ്ട്, അവളിട്ടു തരും..കുറച്ച് നോട്ടിഫിക്കേഷന്‍ കിടപ്പുണ്ട്, ഞാനിട്ട പോസ്റ്റിന്റെ കമന്റുകളാണു.. അതിനു മറുപടി കൊടുക്കട്ടെ"
"ഠേ,,,,,,," ഒരു ശബ്ദം
രാധേട്ടന്റെ വലത്തെ കരം അതി വേഗതയില്‍ രമാദേവിയുടെ കവിളിലൂടെ ഒന്നുരസി പൂര്‍‌വ്വ സ്ഥാനത്ത് തിരിച്ചെത്തി. കണ്ണു തള്ളി .. വായ തുറന്ന് രമാദേവി ഇടത്തെ കവിളില്‍ അമര്‍ത്തി പിടിച്ചു.
"എടി നിന്നോട് ചായ എടുക്കാന്‍ പറഞ്ഞാല്‍ നീയെടുക്കണം. പോയി കൊണ്ട് വാടി ചായ"
നിമിഷങ്ങള്‍ക്കുള്ളില്‍ രാധേട്ടന്റെ മുന്നില്‍ ചായ ഇട്ട് വച്ചിട്ട്, രമ ബാത് റൂമില്‍ കയറീ കതകടച്ച് മൊബൈല്‍ ഫോണില്‍ ഫെയ്സ് ബുക്ക് തുറന്ന് അടുത്ത സ്റ്റാറ്റസിട്ടു.
'ചായ ഇട്ട് താടി എന്നാജ്ഞാപിക്കുന്ന ഭര്‍ത്താക്കന്മാരുടെ മുഖത്ത് നോക്കി, ആജ്ഞാപിക്കരുത്, അപേക്ഷിക്കു എന്നു പറയാനുള്ള ആര്‍‌ജ്ജവം നമ്മള്‍ സ്ത്രീകള്‍ക്ക് ഉണ്ടാകണം. സ്വയം ഒരു ചായ ഉണ്ടാക്കി കുടിച്ചാല്‍ ആകാശം ഇടിഞ്ഞ് വീഴില്ല. അധികാരവും അഹങ്കാരവും അന്തപുരത്തില്‍ വേണ്ടായെന്ന് ശഠിക്കാനുള്ള കരുത്താണു ഇന്ന് നമ്മള്‍ സ്ത്രീകള്‍ നേടേണ്ടത്.
സ്റ്റാറ്റസ് പോസ്റ്റ് ചെയ്ത്, ബാത് റൂമിലെ കണ്ണാടിയില്‍ നോക്കി. ഇടത്തെ കവിളില്‍ തിണര്‍ത്ത് കിടക്കുന്ന നാലു വിരലുകള്‍. പൊട്ടിക്കരഞ്ഞു പോയി.. ശബ്ദം പുറത്ത് വരാതിരിക്കാന്‍ വായ പൊത്തി പിടിച്ചു.
അശോക് വാമദേവന്‍

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot