നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഗ്രേറ്റ് ഫാദർ


ഗ്രേറ്റ് ഫാദർ
........................
വീടിനടുത്തുള്ള ഊടുവഴിയിലൂടെ ധൃതിയിൽ നടക്കുകയാണ് ബ്രോക്കർ കോയ
"കോയക്കാ .. എടോ കോയക്കാ... ഡോ.... "
പരീദിന്റെ വിളി കേട്ട കോയ ഒന്നു നിന്നതിന് ശേഷം
കോയ : ഒന്നുകിൽ ഇജ്ജ് ഞമ്മളെ കോയാന്ന് വിളിക്കീൻ.. അല്ലേല് കോയക്കാന്ന് വിളിക്ക്... ഓൻ വിളിച്ചത് കേട്ടില്ലേ.. ഡോ കോയക്കാന്ന്.അന്റെ വാപ്പാന്റെ പ്രായെല്ലൊടോ ഞമ്മള്.
പരീദ് : അല്ലാ ങ്ങള് എങ്ങോട്ടാ പാഞ്ഞ് പോണത്..??
കോയ : ഇന്ന് ഞമ്മളെ ഗംഗാധരൻ മാഷ്ടെ മോളെ കല്യാണം വാക്ക് കൊടുക്കാൻ പോവുകയാണ്.. ചെക്കൻ അങ്ങ് കണ്ണൂരാ..... പത്ത് മണിക്ക് ഇവിടുന്ന് വണ്ടി പുറപ്പെടും..
പരീദ്: ഒടുവിൽ ആ കുട്ടീടെ കല്യാണം ശരിയാവാൻ പോവണ് അല്ലേ???പത്ത് മുപ്പത് വയസ്സില്ലേ ആ കുട്ടിക്ക്?
കോയ : ഒന്നും പറേണ്ട പരീദേ ഈ ചെക്കനെ പടച്ചോൻ സഹായിച്ച് ആ ഗംഗാധരൻ മാഷിന് ഇഷ്ടപ്പെട്ടു. ഞമ്മള് കൊണ്ടുപോയ ഒരു നൂറ് ആലോചനകൾ അയാള് ഓരോ കാരണം പറഞ്ഞ് മുടക്കിയിരിക്കണ്.
പരീദ് : അതെന്ത് പറ്റി ?
കോയ : അഹംഭാവം അല്ലാണ്ടെന്ത് പറയാനാ ... ചെറുക്കൻ വക്കീലാണെങ്കിൽ അയാള് പറയും എൻജിനീയർ മതീന്ന്..... ഇനി കഷ്ടപ്പെട്ട് എൻജിനീയറെ കാണിച്ചു കൊടുത്താൽ പറയും ഡോക്ടറെ മതീന്ന്.. വന്ന് വന്ന് കുട്ടിക്ക് പത്ത് മുപ്പത് വയസ്സായി. ഇന്ന് ഏതായാലും വാക്ക് കൊടുക്കാൻ പോവാണ്.
പരീദ് : എന്നാ... ശരി ങ്ങള് പോയ്ക്കോളീ
കോയ : ഡാ... ഞമ്മളെ ഫോണ് കുറച്ച് കാലമായി എന്തോ ഒരു സ്പീഡ് കിട്ടണില്ല.. മൊത്തം ഒരു മന്ദത..
പരിദ് : ഹാ.... ങ്ങള് ആ ഫോണിന്റെ ഫാക്ടറി റിസെറ്റ് ചെയ്യപ്പാ..... എല്ലാം ശറിയാവുന്ന്.....
കോയ : ഇതാ ഇപ്പൊ നന്നായെ ഇല്ലാത്ത പൈസ കൊടുത്ത് ഫോണ് മേടിച്ചതു പോര ഇനി ഞമ്മള് അതിന്റെ ഫാക്ടറീലും പോണോ...? വേണേല് മമ്മദിന്റെ കടയിൽ കൊടുക്കാം..
പരീദ് : വല്യ വെലേന്റെ ഫോണും കൊണ്ട് നടക്കുകയും ചെയ്യും ഒന്നും ഒട്ട് അറിഞ്ഞും കൂടതാനും..ങ്ങള് ഇങ്ങനെ വിവരമില്ലാത്ത ആളായിപ്പോയല്ലോ.....
കോയ : അന്റെ വാപ്പാക്ക് ഇല്ലാത്ത വിവരം ഞമ്മക്കും വേണ്ട ട്ടോ ..... ഇജ്ജ് പണിക്ക് പോവുകയല്ലേ... പടച്ചോനോട് പ്രാർത്ഥിക്ക് ചെലപ്പോ അനക്ക് നാളെയും പണി കിട്ടും...... ഞമ്മളെ നാക്ക് കരിനാക്കാണ്.
കോയ ഗംഗാധരൻ മാഷുടെ വീട്ടിലേക്കോടി.....
ഗംഗാധരൻ മാഷ് : താനിതെവിടെയായിരുന്നെടോ കോയാ..? വേഗം വന്ന് വണ്ടിയിൽ കയറ്.
കോയയേയും ഗംഗാധരൻ മാഷെയും പിന്നെ കുറച്ച് ചങ്ങായിമാരെയും വഹിച്ച് വണ്ടി ചെറുക്കന്റെ വീട്ടിലേക്ക് കുതിച്ചു.
പോണ വഴിയിൽ കൂട്ടത്തിൽ ഒരുവന്റെ കമന്റ്
'' അല്ല മാഷേ ങ്ങള് എത് പെർഫ്യൂമാ അടിച്ചത് നല്ല മണം"
ഗംഗാധരൻ മാഷ് : ഇത് എന്റെ ഒരു സുഹൃത്തിന്റെ മകൻ ഗൾഫീന്ന് വന്നപ്പോ തന്നതാണ്''.
" ങ്ങക്ക് മോളെ ഒരു ഗൾഫ് കാരന് കെട്ടിച്ചു കൊടുത്തൂടേ മാഷേ"
ഇത് കേട്ടകോയ : "ഇജ്ജ് ഒന്ന് മിണ്ടാണ്ടിരിക്കെടാ.... കൊരങ്ങന്റെ മനസ്സാണിയാൾക്ക്.. എപ്പൊളാ മനസ്സ് മാറിപ്പോവ്വാന്ന് പറയാൻ പറ്റില്ല .. "
ഗംഗാധരൻ മാഷ് : എടോ കോയേ താൻ എന്നെ വല്ലാതങ്ങ് കൊച്ചാക്കല്ലേ.. ഒന്നുല്ലേലും നമ്മൾ ഒരു കൂട്ടർക്ക് വാക്ക് കൊടുക്കാൻ പോവുകയല്ലേ..... ഈ ഗംഗാധരന് ഒരു വാക്കേ ഉള്ളൂ..
" പതിവായി ഞാൻ അവളെ കാണാറുണ്ടല്ലോ...................
പതിവായി ഞാനവളെ കാണാറുണ്ടല്ലോ........"
പെട്ടെന്നാണ് ഗംഗാധരൻ മാഷിന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങിയത്.
ഗംഗാധരൻ മാഷ് : ഹലോ...... ങാ,,,, എത് നമ്മുടെ പി. ഡെബ്ല്യു ഡി ഓഫീസിലെ പയ്യനോ... അഞ്ചു മിനിറ്റ് ...ഞാനങ്ങോട്ട് തിരിച്ചുവിളിച്ചോളാം.....
ഗംഗാധരൻ മാഷ് ഫോൺ കട്ട് ചെയ്തു.
മാഷ് : വണ്ടി നിർത്ത് ,വണ്ടി നിർത്ത് ഡോ വണ്ടി നിർത്താനാ പറഞ്ഞത്.
ഡ്രൈവർ വണ്ടി സൈഡിലേക്ക് ഒതുക്കി നിർത്തി.
കോയ : എന്താണ് മാഷേ?
മാഷ് : നമ്മൾ ഈ യാത്ര ഇവിടെ അവസാനിപ്പിക്കുന്നു. നമ്മൾ അവർക്ക് തൽക്കാലം വാക്ക് കൊടുക്കുന്നില്ല.
കോയ : ങ്ങളിതെന്ത് ഭ്രാന്താണ് മാഷേ പറേണത് .
മാഷ് :എടോ കോയേ നല്ലൊരു ആലോചന വന്നിട്ടുണ്ട് .ചെറുക്കൻ പി ഡെബ്ള്യൂ ഡി ഓഫീസിലാന്ന്.
കോയ : ബിഎംഡെബ്ള്യു യോ?? കാറിന്റെ കമ്പനിയല്ലേ അത്?
മാഷ്: ബിഎംഡെബ്ല്യൂ അല്ലെടോ പിഡെ ബ്ള്യുഡി
കോയ : എന്ത് കുന്തായാലും വേണ്ടീല ഇന്ന് ഒറപ്പ് കൊടുത്തേ പറ്റൂ.....
മാഷ് : എന്റെ മകളുടെ കാര്യം ഞാൻ തീരുമാനിക്കും .ഡ്രൈവറേ വണ്ടി വീട്ടിലേക്ക് തിരിച്ച് വിട്.
കോയ : മാഷേ ചെറുക്കന്റെ വീട്ടുകാർ ഭക്ഷണവും തയ്യാറാക്കി നമ്മളെയും കാത്തിരിക്കയാണ് ട്ടാ...
മാഷ് : ഒന്നും പറയണ്ട ഈ കൂട്ടർക്ക് നമ്മൾ വാക്ക് കൊടുക്കുന്നില്ല... ഡ്രൈ വറേ വണ്ടി തിരിച്ച് വീട്ടിലേക്ക് വിട്
കോയ : മാഷേ ങ്ങള് തീക്കളിയാണ് കളിക്കണത്. കണ്ണൂര് കാരോടാണ് കളി. കഴുത്തിന് മുകളിൽ തലകാണൂല.. ഡ്രൈവറേ ങ്ങള് വണ്ടി കണ്ണൂരേക്ക് വിട്.
മാഷ് : കണ്ണൂര് കാരായാലും ശരി കാസർഗോഡ് കാരായാലും ശരി. താനല്ലേ ബ്രോക്കറ്. അപ്പോ താൻ തന്നെ അവരോട് സമാധാനം പറഞ്ഞാമതി.
വണ്ടി വീട്ടിലോട്ട് തിരിച്ച് വിട് ഡ്രൈറേ..
ഡ്രൈവർ : അല്ല അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ ഞാനിപ്പോ എങ്ങോട്ടേക്കാ വണ്ടി എടുക്കേണ്ടത്. ??
മാഷ് : .ഹാ.... താൻ തിരിച്ച് വീട്ടിലോട്ട് വിടെടോ...
ഡ്രൈവർ വണ്ടി ഗംഗാധരൻ മാഷിന്റെ വീട്ടിലേക്ക് തിരിച്ചു. വീടിന്റെ മുന്നിലെത്തിയ ഗംഗാധരൻ മാഷും കോയയും ഒന്നു ഞെട്ടി. ഗംഗാധരൻ മാഷിന്റ വീട്ടിനു മുന്നിൽ ചെറിയൊരാൾക്കൂട്ടം..
മാഷും ബ്രോക്കർ കോയയും വീട്ടിലേക്ക് ഓടിക്കയറി.
മാഷ് : എന്താ? എന്താ പ്രശ്നം. എന്താണിവിടെ ഒരാൾക്കൂട്ടം?
'പെട്ടെന്ന് കയ്യിൽ ഒരു കത്തുമായി മാഷിന്റെ ഭാര്യ സുധാമണി ടീച്ചർ കരഞ്ഞുകൊണ്ട് മാഷിന്റെ അടുത്തെത്തി.
മാഷ് ഭാര്യയുടെ കയ്യിൽ നിന്ന് കത്ത് വാങ്ങി വായിച്ചു.ഒളികണ്ണിട്ട് കോയയും കത്ത് വായിക്കാൻ തുടങ്ങി.
"പ്രിയപ്പെട്ട അച്ഛന്
ഇന്നത്തെകല്യാണഉറപ്പുകൊടുക്കലിൽ എനിക്ക് യാതൊരു ഉറപ്പും ഇല്ലാത്തതിനാൽ ഞാൻ പോവുന്നു. പെണ്ണുകാണാൻ വരുന്നവർക്ക് ചായകൊടുത്ത് മടുത്തു. ഇനി അച്ഛൻ തന്നെ കൊടുത്താൽ മതി ചായ.
അച്ഛന്റെ ആഗ്രഹത്തിനൊത്ത ചെറുക്കനെ കണ്ടെത്താൻ എനിക്ക് പറ്റിയിട്ടില്ല. ഞാൻ ഇറങ്ങിപ്പോണത് ഒരു ഓട്ടോക്കാരന്റെ കൂടെയാണ്.
നാളെ എനിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവുമെന്ന് കരുതി വിഷമിക്കണ്ട. കാരണം എനിക്ക് വേണ്ടി വാങ്ങി വച്ച സ്വർണ്ണം മുഴുവൻ ഞാൻ എടുത്തിട്ടുണ്ട്.'
അച്ഛൻ അമ്മയെ നന്നായി നോക്കുമെന്ന കാര്യത്തിൽ എനിക്ക് യാതൊരു ഉറപ്പുമില്ല. എന്നാലും ഞാൻ പോവ്വാ...
എന്ന് സ്വന്തം മകൾ
കത്ത് വായിച്ചതും മാഷ് ബോധംകെട്ട് വീണതും ഒരുമിച്ചായിരുന്നു.
കോയ :മാഷേ എണീക്ക് മാഷേ
കോയ നിലത്ത് വീണ മാഷിനെ താങ്ങിയെടുത്തു. പെട്ടെന്ന് മാഷ് കണ്ണ് തുറന്നു.
മാഷ് പതിയെ പറഞ്ഞു
" ഞാൻ ചത്തിട്ടില്ലെടോ കോയേ മോളുടെ കത്ത് വായിച്ചപ്പോൾ ചെറുതായി ഒന്ന് ബോധംപോയതാ.താ നീ കാണിക്കുന്ന സ്നേഹം പോലും എന്റെ മോൾക്ക് ഇല്ലാതെ പോയെല്ലോടോ?
കോയ : അതല്ല ഒരു നിമിഷം ഞമ്മള് ഞെട്ടിപ്പോയി ഇങ്ങളങ്ങാനും തട്ടിപ്പോയിരുന്നേൽ ആ കണ്ണൂര്കാരുടെ വരാനിരിക്കുന്ന ഇടി മുഴുവൻ ഞമ്മള് ഒറ്റയ്ക്ക് വാങ്ങണല്ലോന്ന് ചിന്തിച്ചതാ..
മാഷ് : ഫാ!... ഇറങ്ങേടോ കോയേ എന്റെ വീട്ടീന്ന്..
കോയയെ ആട്ടിയിറക്കിയ ഉടനെ മാഷിന്റെ ബോധം പിന്നെയും പോയി.
മിഥുൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot