നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നേർച്ച


നേർച്ച
* * * *
പത്ത് മണിക്ക് മീൻകാരൻ സുലൈമാൻ കാക്ക തൊണ്ട പൊട്ടിക്കുന്നത് കേട്ടാണ് ഭാര്യ എന്റടുത്തേക്ക് കൈയും നീട്ടി വന്നത്. 
"പഴ്സിൽ നിന്നെടുത്തോ..." 
"പഴ്സെവിടെയാ..?" 
"എന്റെ നെറും തലേല്.. ഹല്ലാ പിന്നെ.പഴ്സ് സാധാരണ ആ പാന്റിന്റെ പോക്കറ്റിലല്ലേയുണ്ടാവാറ്.. " "അതെനിക്കറിയാം..പക്ഷേ രാവിലെ ഒരു നൂറ് രൂപയുടെ ആവശ്യം വന്നപ്പോ ഞാനെല്ലായിടത്തും നോക്കിയതാ.. പോക്കറ്റിലൊന്നും കണ്ടില്ല അതോണ്ടാ ചോദിച്ചത്.." 
"നൂറ് രൂപാ എന്തിനായിരുന്നു..?"
"ഫോണിൽ നെറ്റ് കയറ്റാൻ... എനിക്കും പറ്റുമല്ലോ ഫേസ് ബുക്കും വാട്സപ്പുമൊക്കെ.. ഇപ്പഴല്ലേ എനിക്ക് ഒരു ഫോണ് ഒത്തു കിട്ടിയത്..." 
അളിയൻ വക ഒരു ലൊക്കട ടെച്ച് ഫോൺ കിട്ടിയിട്ടുണ്ട്.. അതിന്റെ ഗമയിലാണിപ്പോ... മകൻ എല്ലാം സെറ്റു ചെയ്തു കൊടുത്തിട്ടുമുണ്ട്... ഇനിയിപ്പൊ നോക്കണ്ട.. 
" പൈസ തരീൻ മീനിപ്പോ പോകും.."
"ആ കുട്ടയിലുള്ള മീനല്ലേ.. അത് ചത്തതാ എങ്ങും പോകില്ല.. " 
"കോമഡി കോമഡി... അതൊക്കെ ഫെസ്ബുക്കിലിട്ടാ മതി..എന്റടുത്തേക്ക് തളളണ്ട...തൽക്കാലം എന്റെയടുത്ത് നിന്ന് എടുത്തോളാം എന്തെങ്കിലും കറി വെക്കണ്ടേ..."
" എവിടുന്ന് എടുത്താലും എന്റടുത്ത് നിന്ന് ഇസ്കിയതല്ലേ..." 
"അതു കൊണ്ട് ഇങ്ങനെ കുടുങ്ങുമ്പാൾ കാര്യങ്ങൾ നടക്കുന്നു .... കഥ പറഞ്ഞ് നിക്കാതെ പഴ്സെവിടെയെന്ന് നോക്കി മനുഷ്യാ... " 
പെഴ്സെവിടെപ്പോകാൻ.. ഇനി പോയോ.. ഏയ്... എന്റെ ദൈവമേ... ആകെയുള്ള ആയിരം രൂപയാ...ഞാൻ ചാടിയെണീറ്റു.ഭാര്യ തിരഞ്ഞിട്ട് കണ്ടില്ലെന്ന് പറഞ്ഞാൽ അപ്പൊ അത് പോയിയെന്ന് കൂട്ടാം. അതിലെ കാശ്, എ ടി എം കാർഡ്, വിസിറ്റിംഗ് കാർഡുകൾ... 
പാൻ‌സിന്റെ പോക്കറ്റിൽ നോക്കി,കാണുന്നില്ല.. അലമാരയിലും ബാഗുകളിലുമെല്ലാം നോക്കി... അവിടെയും സാധനമില്ല.. 
മീൻകാരി വന്നപ്പോൾ ബേജാറു പിടിച്ച എന്റെ മുഖം കണ്ടു ചോദിച്ചു.. 
"എവിടെപ്പോയി കൈയിലെ കോമഡിയൊക്കെ.." 
"എടീ പഴ്സ് കാണുന്നില്ല.. " 
"അത് തന്നെയല്ലേ നിങ്ങളോട് ഞാൻ മലയാളത്തിൽ പറഞ്ഞത് " 
"ഇന്നലെയുച്ചക്ക് കടയിൽ പോയപ്പോഴൊക്കെ ഉണ്ടായിരുന്നതാണല്ലോ. പിന്നെയെവിടെപ്പോയി.." 
"അതിന് ശേഷം രാത്രി എവിടെയെങ്കിലും പോയിരുന്നോ.. ഒന്നോർത്തു നോക്കിക്കേ...ആർക്കെങ്കിലും എന്തെങ്കിലും കഴിഞ്ഞ ശേഷം പൈസ കൊടുക്കാനായി പഴ്സെടുത്തിരുന്നോന്ന്...ഇനി അവിടെയെങ്ങാനും മറന്നു വെച്ചോ.. പറയാൻ പറ്റില്ലല്ലോ... " 
"എന്റെ വായിൽ നിന്നൊന്നും കേക്കാൻ നിക്കണ്ട "
"എത്ര പൈസയുണ്ടായിരുന്നു പഴ്സിൽ...." 
ആയിരത്തിനടുത്തേയുണ്ടായിരുന്നുള്ളൂ... പക്ഷേ കുറെ വിസിറ്റിംഗ് കാർഡുകളും മറ്റുമൊക്കെയുള്ളത് കൊണ്ട് പഴ്സിനെ കണ്ടാൽ ഏഴ് മാസം ഗർഭമുള്ളത് പോലെ തോന്നും.. മോശമാക്കേണ്ടെന്ന് കരുതി ഞാനവളോടൊരു കാച്ചു കാച്ചി.. 
"കാശ് കുറച്ചേയുണ്ടായിരുന്നുള്ളു .. അയ്യായിരം..പക്ഷേ അതല്ല പ്രശ്നം. അതിൽ വില പിടിപ്പുള്ള കുറെ പേപ്പറുകളുണ്ടായിരുന്നു.. " 
"പടച്ചോനെ... എന്നിട്ടാണോ നിങ്ങളിങ്ങനെ അട്ടവും നോക്കിയിരിക്കുന്നത്.. എവിടെയെങ്കിലുമൊക്കെയൊന്ന് തിരഞ്ഞ് നോക്കി മനുഷ്യാ... " 
"എടീ ഞാൻ കുറെ തിരഞ്ഞതാ... നാളെ മീൻ വാങ്ങണമെന്നുണ്ടെങ്കിൽ ഇനി നീ പോയി തിരയ്..." 
"അല്ലേലും പഴ്സല്ലേ പോയത്.. മൊബൈലല്ലോ... അതെങ്ങാനുമാണെങ്കിൽ കാണാമായിരുന്നു... " 
അതും പറഞ്ഞ് എന്നെയൊരു നോട്ടവും നോക്കി അവളും തിരച്ചിൽ തുടങ്ങി.തിരച്ചിലെന്ന് പറഞ്ഞാൽ ഒടുക്കത്തെ തിരിച്ചൽ.. ഞാൻ ആയിരത്തിനും അവർ അയ്യായിരത്തിനും... 
ഞങ്ങളുടെ വെപ്രാളം കണ്ടാണ് അതുവരെ ടാബിൽ ഗെയിം കളിച്ചു കൊണ്ടിരുന്ന എട്ടു വയസുകാരി മകൾ കാര്യമന്വേഷിച്ചത്.. പ്രശ്നമറിഞ്ഞപ്പോൾ അവൾ പറയുന്നു. ജാവ സിമ്പിളാണെന്ന്..അതവിടെ അലമാരയിൽ ഡ്രസിനിടയിൽ ഞാനിപ്പൊ കണ്ടതേയുള്ളൂന്ന്...
ഞങ്ങളിത് വരെ അരിച്ച് പെറുക്കിയിട്ടും കാണാത്ത സാധനം കുറച്ച് മുമ്പുവരെ അവൾ കണ്ടത്രെ.. ഞങ്ങളുടെ അരിപ്പക്ക് ഓട്ടയോ..?ഏതായാലും സങ്ങതി കൈയിൽ കിട്ടി.. ഉടൻ തന്നെ മീൻ വാങ്ങാനെടുത്ത അമ്പത് രൂപ പഴ്സിൽ നിന്നെടുത്ത് ഭാര്യക്ക് കൊടുത്തു അവളുടെ കടം വീട്ടി. ഇനി സമാധാനമായിട്ടിരിക്കാമല്ലോ എന്നു കരുതിയിരിക്കുമ്പോഴാണ് ചങ്കുപിളർക്കുന്ന അവളുടെ അടുത്ത ചോദ്യം വന്നത്..
" ഇനിയൊരു രണ്ടായിരം കൂടി തരണം.."
" രണ്ടായിയിരമോ..? എന്തിന്....?"
"അതെ...പഴ്സ് തിരിച്ച് കിട്ടിയാൽ രണ്ടായിരം രൂപ പള്ളിയിലേക്ക് കൊടുക്കാമെന്ന് ഞാൻ നേർച്ച നേർന്നിരുന്നു.. ന്നാലും ബാക്കി മുവായിരം കൈയിലില്ലേ.. പിന്നെ വില പിടിപ്പുള്ള ആ പേപ്പറുകളും..ക്കൈ കിട്ടിയില്ലെ... സന്തോഷായില്ലേ.."
ഗമയ ടിക്കാനിട്ട അയ്യായിരം ഇങ്ങനെ പള്ളക്കടിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല..വില പിടിപ്പുള്ള പേപ്പറായിട്ട് അതിലുണ്ടായിരുന്നത് ആകെയുള്ള ആയിരം രൂപയായിരുന്നെന്ന് ഞാനെങ്ങനെയാണാവോ ഇനി ഇവളെ പറഞ്ഞ് മനസിലാക്കുന്നത്. ഇതിലും നല്ലത് ഈപഴ്സിന് ഞങ്ങളുടെയൊന്നും കണ്ണിൽ പെടാതെ എങ്ങോട്ടെങ്കിലും നാടുവിട്ടു കൂടായിരുന്നോ....
__________________________
എം.പി.സക്കീർ ഹുസൈൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot